2016, മാർച്ച് 23, ബുധനാഴ്‌ച

ചന്തേര





നഗരത്തിലാണു നിൻ കരളിരിപ്പെങ്കിലും 
ഹൃദയത്തിലുണ്ടൊരു ഗൂഢ ഗ്രാമം. 
ഹൃദയത്തിലൊരു റെയിൽപ്പാതയതി ദീർഘമാം 
മുറിവുപോൽ നീറുന്ന ഗ്രാമഭൂമി. 
അതിലൂടെ തെക്കോട്ടു പോയവരെത്രയോ 
പതിത,രുന്മാദികൾ, പണ്ഡിതന്മാർ. 

അവിടത്തെ നെല്ലിയും നെല്ലും മണക്കുന്ന 
ഇടവഴികളിപ്പോഴുമോർമ്മയുണ്ട്. 
കശുമാവു പൂത്തതിൻ ഗന്ധം പരക്കുന്ന 
കനക നിലാവൊളി ഓർമ്മയുണ്ട്. 

ആകാശനീലിമയാകെ മറക്കുന്ന 
പ്ലാവുമിലഞ്ഞിയും ചെമ്പകവും 
ഉച്ചിയിൽ പൂവുള്ള സർപ്പങ്ങളിണ ചേരു- 
മുച്ച വെയിലിന്‍റെ മൌനങ്ങളും 
ആനന്ദ വിസ്മയമുള്ളിൽ നിറക്കുന്ന 
താമരച്ചിരികളും പൂത്താലിയും 
വേരൂന്നി നിൽപ്പുണ്ടു നിന്നിലിപ്പോഴുമാ 
ചേലെഴും കാവു മരങ്ങൾ പോലും. 

തെയ്യത്തറകളും കോഴിക്കുരുതിയും 
മേൽമെയ്യ് മറക്കാത്ത പെണ്ണുങ്ങളും 
കാക്കക്കറുപ്പുള്ള മലയനും വേലനും 
കാത്തിരിക്കും തുലാമാസങ്ങളും 
കുയിൽ പോലെ പാടും പുലയനാംപൊക്കന്‍റെ
പൊടിയരിക്കഞ്ഞിയും ഞാറ്റുപാട്ടും 
നുണയും, കുശുമ്പുകുന്നായ്മയും   
വിളയുമടുക്കളക്കോലായയും 

നേന്ത്രപ്പഴത്തിന്‍റെയുണ്ണിയപ്പത്തിന്‍റെ
ഫ്യൂഡൽച്ചുവയുള്ളയോണങ്ങളും 
ചോരച്ചുവയുള്ള കമ്മ്യൂണിസത്തിന്‍റെ
ചോരത്തിളപ്പും കുടിപ്പകയും. 

നഗരത്തിലാണു നിൻ വീടിപ്പൊഴെങ്കിലും 
ഹൃദയത്തിലുണ്ടു "ചന്തേര". 

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...