2019, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

മാബലിച്ചിന്ത

മാബലിച്ചിന്ത

ഹ,
ഓണം!
ഉള്ളുപൊള്ളായ സുവർണ്ണ പ്രതീകം;
പ്രേതം.
അർത്ഥം അനാഥമാക്കിയ വചനം;
ജഡം.
പ്രാണൻ കൈവിട്ട ദേഹം;
മൃതം.
വർഷംപ്രതി (സ്)മൃതിപേടകത്തിൽനിന്നുയിർക്കും മമ്മി;
ഈ ഞാൻ.
മൃതമായത് സ്‌മൃതിയാൽ അമൃതമാകുമെന്ന
മൂഢവിശ്വാസത്തിൻ്റെ ശ്ലീലഹീനോത്സവത്തിലെ
അതിഥി.
പ്രണയവും പ്രേമവും നാടുനീങ്ങിയ
പ്രചണ്ഡമാരിയുടെ മഹാദേശത്തിലെ
പ്രളയപ്രദേശിലെ വിരുന്നുകാരൻ.

വിരുന്ന് വിമോഹനം തന്നെ.
മറുനാടനരിയും കായ്കറികളും
പൂക്കളും പുടവകളും.
സ്വന്തം വിയർപ്പിൻ്റെ ലവണരസമില്ലാത്ത
വ്യാജലാവണ്യങ്ങളുടെ പളപളപ്പ്.
പാട്ടും കൂത്തും ഒട്ടും കുറവില്ലാതെ തന്നെ.
ആഘോഷം ആഭാസസമ്പന്നം.
മാലോകരെല്ലാം ഒന്നുപോലെ തന്നെ.
വൈജാത്യമില്ലാത്ത, എല്ലാം ഒന്നെന്ന,
അദ്വൈതോത്സവം.
പാണനും പറയനും തച്ചനും നായർക്കും
എല്ലാർക്കും ഒരേയോണം.
ഏകത്വത്തിൻ്റെ ഉന്മാദോത്സവം

ഓ,
ഒന്നു മറന്നുപോയ്!
ഇതിപ്പോൾ God's Own Country ആണല്ലോ.
സാക്ഷരരുടെ ദൈവരാജ്യം.
ഒരസുരപ്പരിഷക്കിവിടെയെന്ത് കാര്യം?
So, bye!
P: S: ബായ്ക്ക് മുമ്പ്. . .
എങ്കിലും ചന്ദ്രികേ, നിങ്ങൾ കാണും
സങ്കൽപ്പലോകത്തിൽ നിന്നീ മമ്മിയെ
കത്തിച്ചുകളഞ്ഞേക്ക്.
അല്ലെങ്കിൽ, പടിയടച്ചു പിണ്ഡം വെച്ചേക്ക്.!

2019, ജൂലൈ 31, ബുധനാഴ്‌ച

ശ്രീ നാരായണയാ:ശ്രീ എം കെ ഹരികുമാറിൻ്റെ Mystic നോവലിനെക്കുറിച്ച് :

ശ്രീ എം കെ ഹരികുമാറിൻ്റെ  'ശ്രീനാരായണായ' എന്ന മിസ്റ്റിക് നോവലിനെ ക്കുറിച്ചൊരു കുറിപ്പ് 

എന്താണ് ജീവിതം?
ശ്രീ ഹരികുമാർ അതിനുത്തരമായ് പറയുക ഇങ്ങനെയായിരിക്കും:
ക്ഷണം പ്രതിയുള്ള നിരാസവും നിർമ്മിതിയുമാണ് ഏതു ജീവിതവും.
നിരാസവും നിർമ്മാണവും ബോധപൂർവം ആകണമെന്ന അർത്ഥത്തോടെ മാത്രമല്ല; ഇല്ലാതാവുകയും, ആയിത്തീരുകയും എന്ന അർത്ഥത്തോടും കൂടിയാണ് . കല്ലില്ലാതായി വെള്ളമായ് തീരുകയും, ജലമില്ലാതായ് അഗ്നിയാവുകയും, അഗ്നി ആകാശമാവുകയും, അങ്ങനെയങ്ങനെ
. . . Life is a flux, you cannot step into the same river twice എന്ന് ഹെരാക്ലിറ്റസ്‌ പറഞ്ഞതോർക്കുന്നു. . . നിരാസനിർമ്മിതികളുടെ കേളീഗൃഹമാകുന്നൂ പ്രപഞ്ചം. 'നേതി, നേതി' എന്ന നിഷേധത്തിലൂടെ ഉണ്മയെ സാക്ഷാൽക്കരിച്ച്, ആ ഉണ്മയും ഒരില്ലായ്മ ആണെന്ന് കണ്ടെത്തി, ഉണ്മയ്ക്കും  ഇല്ലായ്മയ്ക്കും മീതെയാണ് പരമസത്യമെന്ന് ഉപനിഷത്തുകൾ കണ്ടെത്തിയതു അനുഭവിച്ചറിഞ്ഞ ഗുരുവിൻ്റെ ആത്മപ്രപഞ്ചമാണ് ശ്രീ ഹരികുമാറിൻ്റെ 'ശ്രീനാരായണായ'  എന്ന നോവലിൻ്റെ വിഷയം. ഇതിവൃത്തം.
"നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയേ നീക്കി-
സായൂജ്യം നൽകുമാര്യനും"
എന്നു ഗുരു പാടിയതിലെ സായൂജ്യത്തിലേക്കുള്ള വഴികാട്ടിയെന്ന വിശേഷണവും ഈ നോവലിന് ചേരും.  

മോഹനാംഗൻ എന്ന കല്പിത പത്രാധിപർ ഏകോപിപ്പിച്ച, പതിനഞ്ചു പേരുടെ, ആഖ്യാനങ്ങളുടെയും ഉപാഖ്യാനങ്ങളുടെയും സഞ്ചയമായ ഈ നോവലിൻ്റെ ഇതിവൃത്തം വികസിക്കുന്നത് സോക്രാറ്റിക്ക്  സങ്കേതത്തിലൂടെയാണ്. സോക്രട്ടീസിനു മുമ്പ് ഉപനിഷത്തിലുള്ള സങ്കേതം. കഴിഞ്ഞ നൂറ്റാണ്ടിൽ ജെ. കൃഷ്‌ണമൂർത്തി ആശയവിനിമയത്തിന് ഉപയോഗിച്ച സങ്കേതം. The dialogic method. പ്രസ്തുത സങ്കേതത്തിലൂടെ ഇവിടെ വിനിമയം ചെയ്യപ്പെടുന്നതും അതേ അസ്തിത്വരഹസ്യാന്വേഷണം തന്നെ; കൂടുതൽ വാപുല്യത്തോടെ.

പക്ഷേ, 'ശ്രീ നാരായണായാ' ഗുരുവിൻ്റെ ജീവചരിത്രമല്ല. ജീവചരിത്രം ഒരു ഭൂതകാലരേഖയാണ്. [മാനസികമായ്] ഭൂതകാലമില്ലാത്ത, വർത്തമാനത്തിൽ കൊഴിയുന്ന നിമിഷങ്ങളെ അപ്പോഴപ്പോൾത്തന്നെ നിരസിച്ച്, നിരന്തരം ചരിക്കുന്ന ഗുരുവിൻ്റെ ചരിത്രമറിഞ്ഞിട്ട് പ്രത്യേകിച്ച് എന്തു പ്രയോജനം! സ്വന്തമായ ഒരു സ്വത്വം നിർമ്മിച്ച് അതിൽ സ്ഥിരവാസമാക്കേണ്ടുന്നവർക്കേ ഭൂതത്തെകൊണ്ട് ഉപകാരമുള്ളൂ. അവർ സ്വന്തം നിഗമനങ്ങളിലെത്തി അവിടം നിത്യതാവളമാക്കുന്നു. അതവർ സ്വന്തം ലാവണങ്ങളായ് സംരക്ഷിച്ചു പോരുന്നു. ഞാൻ ഭാരതീയൻ. കേരളീയൻ. ഹിന്ദു. മാപ്പിള. കമ്മ്യൂണിസ്റ്റ്. ആത്മീയവാദി. ഇത്യാദി നിഗമനങ്ങൾ യാഥാർഥ്യമെന്നു നണ്ണി, അവരാ താവളങ്ങളിൽ ഇരുന്നു മരിക്കുന്നു. അവർക്കു പാരമ്പര്യവും ചരിത്രവുമില്ലാതെ, സ്വത്വബോധമില്ല. പരിവ്രാജകനും, അവധൂതനും താവളങ്ങളെ തള്ളി, നിത്യനൂതനത്വത്തിലേക്ക് സദാ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. അവരുടെ ചരിത്രം, ഭൗതിക ഭൂതകാലം അപ്രസക്തം. അവരുടെ അസ്തിത്വരഹസ്യാന്വേഷണമാണ് കാര്യം.  അത്തരമൊരു സഞ്ചാരിയുടെ അസ്തിത്വരഹസ്യത്തെക്കുറിച്ചുള്ള സത്യാന്വേഷണ സംത്രാസങ്ങളുടെ സംഗ്രഹമാണ് 'ശ്രീനാരായണായ'.   

നിരാകരിച്ചും, നിർമ്മിച്ചുമാണ് ഗുരുദേവൻ്റെ ജീവിതപ്രഗമനം.
പഴമയുടെ അഴുക്കും, മുൻവിധികളുടെ നാറ്റവുമുള്ള ദൈവം, ആത്മാവ്, എന്നീ സങ്കല്പങ്ങളെ നിരസിച്ച്, നവദൈവ, നവദൈവാലയ നിർമ്മിതിക്കൊരുങ്ങിയ ഗുരുദേവൻ നിരാസനിർമ്മാണങ്ങളുടെ പ്രയോക്താവായിരുന്നു. ദൈവമുണ്ടോ? ഇല്ല! ദൈവമില്ലേ? ഉണ്ടല്ലോ! എന്നിങ്ങനെ ശ്രീബുദ്ധനെപ്പോലെ ഉത്തരമരുളാനുള്ള  വിവേകശാലിയായിരുന്നൂ ഗുരു. ഓഷോയെപ്പോലെ കൃഷ്ണനെയും, ബുദ്ധനെയും, യേശുവെയും ഒരേപോലെ തിരസ്കരിക്കാനും സ്വീകരിക്കാനും, സത്യം ഈ ദ്വൈതങ്ങൾക്കു മീതയാണെന്ന് അനുഭവിപ്പിക്കാനും കഴിഞ്ഞ ഗുരുവിൻ്റെ സത്തയും സത്യവും അറിയാനും അനുഭവിക്കാനുമുള്ള പര്യവേക്ഷണമാണ് ഹരികുമാറിൻ്റെ 'ശ്രീനാരായണായ'. നിരാസ, നിർമ്മാണങ്ങളുടെ ഒരു ലാവണ്യോത്സവം.

എന്താണ് ജീവിതം എന്ന ചോദ്യത്തോടൊപ്പം, എന്താണ് ലോകമെന്നും 'ശ്രീനാരായണായ' ആരായുന്നു. ഡോ. വില്യമിൻ്റെ ഗുരുകഥക്ക് പവിത്രം എൻ.  കുന്നുമ്പാറ  എന്ന കവയിത്രി എഴുതിയ വ്യഖാനത്തിലൂടെ അതിനുള്ള സമാധാനം വെളിപ്പെടുന്നുണ്ട്: "ഏതു വസ്തുവിനെയും നാം സൃഷ്ടിക്കുന്നു. എങ്ങിനെ? മനസ്സിൽ വരുന്ന വ്യാജചിന്തകൊണ്ടു തന്നെ. നിമിഷം തോറും മാറുന്ന ചിന്തകൊണ്ട് നാം ഈ സാങ്കൽപ്പിക, നശ്വര, പ്രതീതി ലോകത്തെ പണിയുന്നു." കാര്യമിങ്ങനെയെങ്കിൽ, ഈ ലോകം നാം ഓരോരുത്തരുടെയും പ്രതീതി മാത്രമാകുന്നു. അതിനാൽ, ലോകത്തെ മാറ്റുന്നതിന് മനസ്സ് [ചിന്ത] മാറ്റിയാൽ മതിയാകും. മനസ്സു മാറുന്നതിനനുസൃതമായി ലോകവും മാറിമറിയും. ഇന്നത്തെ ലോകമാകില്ലാ, നാളത്തെ ലോകം. മനസ്സു കരുണാമയമാകുമ്പോൾ ലോകവും കരുണാമയമാകുന്നു. "ഒരു പീഡയെറുമ്പിനും വരാ" എന്ന പ്രാർത്ഥന യാഥാർഥ്യമാകാനുള്ള സാദ്ധ്യത സംജാതമാകുന്നു.  പവിത്രത്തെ തന്നെ ഉദ്ധരിക്കട്ടെ: "സ്ഥലത്തിൻ്റെയും, കാലത്തിൻ്റെയും, ഭാവനയുടെയും, സമ്മിശ്രമായ ചേർച്ചയിലൂടെ നാം സംവേദനങ്ങളുടെ പുതിയ ആഭ്യന്തര, ബാഹ്യപ്രപഞ്ചങ്ങൾ മെനഞ്ഞെടുക്കുന്നു."

പ്രകൃതി, കാലം, മനുഷ്യൻ, ശരീരം, ആത്മാവ്, ജ്ഞാനം, അനാത്മജ്ഞാനം, ഈശ്വരൻ എന്നിത്യാദികളെക്കുറിച്ചുള്ള ജ്ഞാനവ്യവഹാരങ്ങളിലൂടെയുള്ള ഭാവനാപ്രയാണമായ ഈ നോവൽ അറിവെന്തെന്നറിവാക്കിത്തരുന്നുണ്ട്. ഒരു വസ്തുവിനെയറിയാൻ, ആ വസ്‌തുതന്നെയാകുക. പൈക്കളെ മേയ്ക്കാൻ പോയ മുനികുമാരൻ പശുവിനെയറിയാൻ പശുവായതുപോലെ. മുള വരക്കാൻ പണ്ടൊരു ചിത്രകാരൻ മുളയായ് തീർന്നതു പോലെ. അനാത്മജ്ഞാനമാണ് ജാതിഭേദത്തിനും മതദ്വേഷത്തിനും കാരണമെന്ന് ഗുരു പറയുമ്പോൾ, അവയില്ലാതാവാൻ അവനവൻ അപരനായി തീർന്നാൽ മതിയെന്നതാണീ അറിവിൻ്റെ വിസ്മയം. അവനവൻ ആത്മസുഖത്തിനായ് ആചരിക്കുന്നവയെല്ലാം അപരന് ഹിതമായിരിക്കണമെന്നു പറഞ്ഞതിന് അപ്പോൾ പുതിയൊരു അർത്ഥതലം അറിവിനെക്കുറിച്ചുള്ള ഈയറിവ് പ്രദാനം ചെയ്യുന്നു. 

മനുഷ്യൻ എന്താണ് എന്ന ചോദ്യവും പ്രസക്തമാണ്. ഒരാൾ ഒരാളല്ല. പല ആളുകളാണ്. വിഭിന്നദിശകളിലേക്ക് വിരുദ്ധ ചോദനകൾ വലിച്ചുകൊണ്ട് പോകുന്ന വികേന്ദ്രീയമായ പല ആളുകളാണ് ഒരാൾ. രാഗം/ ദ്വേഷം; ക്രൗര്യം/ കരുണ; ഹിംസ/ അഹിംസ എന്നിങ്ങനെയുള്ള ദ്വന്ദങ്ങൾ ഒരേ ശക്തിയുടെ വിഭിന്ന ഭാവങ്ങളെന്ന് അനുഭവിച്ച് [ധൈഷണികമായ് മനസ്സിലാക്കിയല്ല], എല്ലാം ഒരു ഊർജ്ജത്തിലേക്കു വിലയിപ്പിച്ച്, ആ ഊർജ്ജം കരുണയാണെന്നു [പ്രേമമെന്നും, അഹിംസയെന്നും അതിനെ വിളിക്കാം.] അനുഭവച്ചറിഞ്ഞയാളാണ് ഗുരുദേവൻ. ഓരോ യുഗത്തിലും ഓരോ വാക്കിനും വരുന്ന അർത്ഥച്യുതി മനസ്സിലാക്കി, പ്രേമത്തിനു  കരുണയെന്ന് പേരിട്ട ഗുരുദേവൻ. ആ പ്രേമത്തിൻ്റെ കാവ്യസൗന്ദര്യമാണ് നമ്മൾ ആശാൻ്റെ കവിതകളിൽ കണ്ടത്.

ആരാണ് ഗുരു? അതു ഞാൻ തന്നെ. ഇതുവരേക്കും ഞാൻ അനുഭവമായറിയാതിരുന്ന ഞാൻ. അതറിയുന്നതോടെ, അനുഭവിക്കുന്നതിലൂടെ, അപ്രയത്നമായ ആത്മനിരാസത്തിലൂടെ ഞാനില്ലാതാകുന്നു; ഗുരുവും. കബീർ പാടിയതുപോലെ തുള്ളി കടലിലെന്നല്ല, കടൽ തുള്ളിയിൽ സമാഹൃതമാകുന്നു.
ഗുരുസത്ത പ്രപഞ്ചസത്തയാകുന്നു.

ഗുരുസത്തയിലേക്കു തുറന്നുവച്ച പതിനഞ്ചു വാതായനങ്ങളുടെയും, ഉപകവാടങ്ങളുടേയും സംഘാതമാണ് 'ശ്രീനാരായണായ'. ഈ കവാടങ്ങളിലൂടെ ലഭ്യമാകുന്ന ദർശനത്തിലൂടെ, ഗുരുദേവൻ്റെ സത്ത ആത്മീയ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ തലങ്ങളിലൂടെ ബഹുമാനങ്ങൾ കൈവരിക്കുന്നു. ഗുരുവിനെ ഒരു സ്ഥലത്തു കുറ്റിയടിച്ച്  സ്ഥാപിക്കാൻ പറ്റുന്ന വിഗ്രഹമാക്കുന്നത് അസാദ്ധ്യവും അസംബന്ധവുമാക്കുന്നു.

സൂക്ഷ്മസംവേദനസ്പർശിനികൾ വികസിപ്പിച്ചെടുത്തിട്ടില്ലാത്തവരെ ഈ നോവൽ നിരാശപ്പെടുത്തിയേക്കും. നോവലിനു നിയതമായ ഒരു
നിർവ്വചനം രചിച്ചുവച്ചിരിക്കുന്നവരെ ഇതു പരിഭ്രമിപ്പിക്കും. കവിതയിലും കവിഞ്ഞ കവിതയാണ് ഉപനിഷത്തുക്കൾ എന്ന പോലെ, ഇതു നോവലിലും കവിഞ്ഞ നോവലാണ്. ഭാവിയിലെ നോവൽ കഥയും, കവിതയും, വാസ്തവ പ്രസ്താവങ്ങളും, റിപ്പോർട്ടുകളും, സങ്കരശൈലികളും നിറഞ്ഞതായിരിക്കുമെന്ന് അമിതാവ് ഘോഷ് പറഞ്ഞതായോർക്കുന്നു. അത്രയും സങ്കീർണ്ണമല്ലെങ്കിലും സാധാരണ കാണാത്ത ഒരു ആഖ്യാനസങ്കേതമാണ് ഈ നോവലിലുള്ളത്. കഥയുണ്ട്. കവിതയുണ്ട്. ദർശനദീപ്തിയുണ്ട്. സന്ദർഭോചിതമായ ഭാഷണഭേദമുണ്ട്. വസ്തുതകളും മിത്തുകളുമുണ്ട്.  ഉപമേയങ്ങളെ തീക്ഷ്ണമാക്കുന്ന ഉപമാനങ്ങളുണ്ട്. പുലർകാലഹിമകണങ്ങളെ വൈഡൂര്യമാക്കുന്ന പ്രതിഭയുടെ മനോജ്ഞ പ്രഭയുണ്ട്.

'ഖസാക്കി'ലാരംഭിച്ച്, 'ഗുരുസാഗര'ത്തിലൂടെ വളർന്ന്, 'മധുരം ഗായതി'യിലൂടെ പടർന്ന വിജയൻ്റെ ഭാഷാലാവണ്യം 'ശ്രീനാരായണാ'യിൽ പുഷ്ടിയും വ്യാപ്തിയും പ്രാപിച്ചു വിലസുന്നു.  ഒരു കൊച്ചുദാഹരണമിതാ: "മരുത്വാമലയുടെ നിശ്ശബ്ദതയിൽ മഴയ്ക്കും കാറ്റിനുമിടയിലൂടെ കാലത്തിൻ്റെ പൊരുൾ തേടാൻ ശ്രമിച്ച യുവാവ് ഒരു ഗുരുവായ് മാറുകയായിരുന്നു.ബോധത്തിനുള്ളിലെ സൂക്ഷ്മകോശങ്ങളിൽ മലയുടെയും മഹര്ഷിമാരുടെയും സംഭാഷണങ്ങൾ പ്രപഞ്ചാണുക്കളുടെ പുതിയ വഴിത്താര രൂപപ്പെടുത്തി. അതിലൂടെ അദൃശ്യവും വികേന്ദ്രീകൃത്യവുമായ ഒരു ജൈവധാരയുടെ സംഘനൃത്തം കടന്നുപോവുകയായി."   വിജയൻ്റെ ഭാഷയെ മാത്രമല്ല ഈ നോവൽ അതിശയിക്കുന്നത്. വിജയൻ്റെ അസ്തിത്വാന്വേഷണത്തെയും അതതിശയിക്കുന്നു.   വിജയൻ്റെ  അസ്തിത്വാന്വേഷണത്തെ അതിൻ്റെ ഉച്ചകോടിയിലെത്തിക്കുന്നു.  അസ്തിത്വത്തെക്കുറിച്ചുള്ള നൂതനമായ ഒരുൾക്കാഴ്ചയോ, ഇതുവരെ അനുഭവവേദ്യമാകാത്ത ഒരനുഭൂതിയോ അരുളാത്ത ഒരു നോവൽ മ്ലേച്ഛമാണെന്ന ഒരഭിപ്രായമുണ്ട്. പുതിയൊരുൾകാഴ്ച്ചയും നൂതനമായൊരനുഭൂതിയും, തീർച്ചയായും, ഈ നോവൽ അനുവാചകനിലേക്ക് പകരുന്നുണ്ട്.  

'ശ്രീനാരായണായാ' ഒരു മിസ്റ്റിക്ക് നോവലാണ്. മലയാളത്തിലെ പ്രഥമ മിസ്റ്റിക്ക് നോവൽ. വൈക്കം ചന്ദ്രശേഖരൻ നായരുടെ 'സ്‌മൃതികാവ്യ'ത്തിന് ഒരു മിസ്റ്റിക് നോവലാകാനുള്ള സാധ്യതയുണ്ടായിരുന്നു. പക്ഷേ, അതു വിവിധ നാഗരികതകളുടെ, സംസ്കാരങ്ങളുടെ, ഓർമ്മക്കുറിപ്പുകളായ് ചുരുങ്ങുകയാണുണ്ടായത്.  യോഗാനുഭൂതിയുടെ കവിതകൾ മുമ്പ് മലയാളത്തിലുണ്ടായിട്ടുണ്ട്; ജിയുടെയും, പിയുടെയും ചില കവിതകൾ വിശേഷിച്ചും. കവിതകളിൽനിന്ന് യോഗാനുഭൂതി അപ്രത്യക്ഷമായിട്ട് ദശകങ്ങളായി. കവിതകളിൽനിന്ന് അപ്രത്യക്ഷമായ ആ അനുഭൂതി, ചേതനയുടെ പരിധിയെ വികസിപ്പിച്ചുകൊണ്ട്, അപരിമേയമായ ഭാഷാലാവണ്യത്തോടെ  'ശ്രീനാരായണായി'ൽ പ്രത്യക്ഷമായിരിക്കുന്നു.

******

2019, ജൂലൈ 27, ശനിയാഴ്‌ച

ഉപാസകീയം

ഉപാസകീയം

നാമരൂപധാരി നരൻ ഞാൻ
നാമരൂപങ്ങളില്ലാത്ത നിന്നെയെങ്ങനെ
ആരാധിക്കാൻ!

കാണാൻ വേണമൊരു രൂപം;
വിളിക്കാനൊരു പേരും.
രാമനെന്നോ, കൃഷ്‌ണനെന്നോ,
രമയെന്നോ, ഉമയെന്നോ,
രാധയെന്നോ, മീരയെന്നോ,
മഹേശ്വരനെന്നോ.

വെളിയിൽ നിന്നെയാരാധിക്കും
വെളിവില്ലാത്തയിവനുള്ളിൽ നീ
കളിയായ് ചിരിപ്പതു കേൾക്കാതെയല്ല.

കാണുന്നത് നിൻ രൂപമല്ലെന്നറിയാം;
വിളിക്കുന്നത് നിൻ പേരല്ലെന്നും;
എല്ലാം മായാലീലയല്ലേ!

ലീല,
നടക്കട്ടെ;
നാമരൂപങ്ങളില്ലാതെ ഞാൻ
നരനും നാരിയും നരിയുമല്ലാതാകും വരെ.

2019, മേയ് 21, ചൊവ്വാഴ്ച

ഈ നാൾ, പിറന്ന നാൾ;


ഈ  നാൾ, പിറന്ന നാൾ;
മറ്റുള്ളവർ പറഞ്ഞറിഞ്ഞു.

ഇതച്ഛൻ, അതമ്മ;
അതും മറ്റുള്ളവർ പറഞ്ഞറിഞ്ഞു.

ഇതു ബന്ധു, അതു ശത്രു:
അതു പറഞ്ഞു തന്നതും മറ്റുള്ളവർ.

ഇതു നിൻ ദൈവം, ,മതം, ജാതി, പാർട്ടി
ദേശം, ഭാഷ,  സംസ്...കാരം . ..
ഒക്കെയും മറ്റുള്ളവർ പകർന്നു തന്നയറിവ്.

ഉള്ളിൽ പിന്നീടങ്ങോട്ടു നിറഞ്ഞതൊക്കെയും
മറ്റുള്ളവർ പകർന്നയറിവ്.

അറിവുകളെല്ലാം തിരസ്കരിച്ച്
അറിവേയില്ലാത്തൊരജ്ഞനായി
രണ്ടാമതും ജനിക്കണം.
അഞ്ജനവും മഞ്ഞളും
വെള്ളിയായാലും, ഞായറായാലും
എനിക്കെന്തെന്ന് പറയുന്ന ഒരു ദ്വിജനായ്.     


2019, മേയ് 20, തിങ്കളാഴ്‌ച

ഹത്യ

ഹത്യ

തീൻമേശക്കു മുകളിലാണവൾ
തൂങ്ങിച്ചത്തത്.

കത്തിയും മുള്ളും കൊണ്ട് തീറ്റ
വായിലേക്ക് തള്ളുമ്പോഴാണ്
ഒരാശ്ചര്യ ചിഹ്നം ചോദ്യചിഹ്നമായ്
മോളിൽ തൂങ്ങിയാടുന്നത് കണ്ടത്.

ആട്ടത്തിനു പിന്നിൽ പശ്ചാത്തലമായ്
പാട്ടുണ്ടായിരുന്നു.

"കൊല്ല് . . .
തിന്ന് . . .
എന്നെ കൊന്നത് ഞാനെങ്കിലും
തൂക്കിലേറ്റിയത് നീയാ കള്ള ബടുവാ.

"കൊന്നില്ലേ...
ഇനി പാപം തീരാൻ തിന്നു തീർക്ക്.

"ആഹാരം ചാരമായും
ഉടുപുടവ ചാക്കു തുണിയായും
വീട് ശ്മശാനമായും  
മാറ്റിയതാര്?"

തൂങ്ങിയാടി ഒരൊറ്റ വിരലായ് ചൂണ്ടി
അവൾ, മൃത, പറയുന്നു:
"നീ.

"എൻ്റെ ഉറഞ്ഞു പോയ ചോര
വിറങ്ങലിച്ച മാംസം
നിൻ്റെ അത്താഴമാകട്ടെ .
ഭർർർത്താവേ
ഇതാ അത്താഴം.
ഇതെൻ്റെ രക്തം
ഇതെൻ്റെ മാംസം.
ഇത് നിൻ്റെ അവസാനത്തെ അത്താഴം.
ഇതിനു ശേഷം
ഞാൻ ഉയിർത്തു വരും
നിന്നെ അത്താഴമാക്കാൻ.
അതുവരെ
സ്വസ്തി,"
****


2019, മാർച്ച് 23, ശനിയാഴ്‌ച

യാചകർ

യാചകർ

അമ്പലമുറ്റത്തെ ആൽത്തറയിലിരുന്ന് നീ
എൻ്റെ നേരെ കൈ നീട്ടി.
നീട്ടിയ കയ്യിൽ 'ഒരു യാചകനെ'ന്നു
നിന്നെ ഇനം തിരിച്ച്
ഞാനൊരു നാണയത്തുട്ടെറിഞ്ഞു.

പിന്നെ, ഞാനമ്പലമകമേറി.
തൃപ്തി, ശാന്തിയിത്യാദികൾക്കായ് യാചിച്ചു.  

ആരെടോ പെരിയ യാചകൻ?
നീയോ, അവനവനോ?
നിൻ്റെ യാചന ഹീനവും
എൻ്റെ യാചന മാന്യവുമാക്കിയതാര്!

അമ്പലപ്പടിയിറങ്ങവേ കണ്ടേൻ
പൊയ്ച്ചിരിയിൽപ്പൂത്ത ഒരു കുട്ടി നേതാവ്
നിന്നോടു വോട്ടു തെണ്ടുന്നു.

ബോദ്ധ്യമായൊരു കാര്യം;
ലോകത്തൊരു വർഗ്ഗമേയുള്ളൂ;
യാചകർ.
ഏവരും സമന്മാർ.
പക്ഷേ, ചിലർ അതിസമന്മാർ;
അതിയാചകർ.
***


2019, ഫെബ്രുവരി 27, ബുധനാഴ്‌ച

വിരോധാഭാസം


വിരോധാഭാസം
ശാന്തിതാനഭികാമ്യ,മഹിംസാ പരമോ ധർമ്മം.
പ്രേമമാണഖില സാരവും ശക്തിയു, മെന്നാൽ
ഹേതുവൊന്നുമേയില്ലാതെയിടനെഞ്ചിൽക്കേറിയൊരുവ-
നാസുരനൃത്തംചെയ്തലറി വിളിക്കുമ്പോൾ
വൈരാഗ്യമേ സ്നേഹം,യുദ്ധമേ പ്രശാന്തി
ഹിംസ താനഹിംസാചാരം.

വെട്ടും പോത്തിൻ കാതിൽ വേദമോതുന്നതേ
മൗഢ്യ, മവിവേകം.
   

2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

രണ്ടു ദോഹ[കൾ] {ഖത്തർ പിന്നെപ്പോഴെങ്കിലും}

ദോഹ[കൾ]
{ഖത്തർ പിന്നെപ്പോഴെങ്കിലും}

 ഒന്നല്ല ചന്ദ്രനൊരായിരമുണ്ടെന്നീ
ചഞ്ചലനദീജലം കളിയായ്കാണിക്കുന്നു.
*
സത്യമൊന്നെങ്കിലും പലപലതരമെന്നീ
മിഥ്യയാം ഭുവനത്തിലെ മാനുഷരോതും പോലെ.

*
 ശൂന്യമാണെങ്കിലും ശൂന്യമേയല്ലെന്നപോൽ
ശീതളവായുവിലാകാശം ചിരിക്കുന്നു.

*
വിരിയും പൂവിനെക്കണ്ടാനന്ദിപ്പിതുപോലെ
കൊഴിയും പൂവിനെക്കണ്ടു കരയുന്നവൻ മർത്ത്യൻ.
*
രാവിലെയുണരാനും രാത്രയിലുറങ്ങാനും
യാതൊരുപ്രയാസവുമില്ലെങ്കിൽ നീ ഭാഗ്യവാൻ. 

2019, ഫെബ്രുവരി 21, വ്യാഴാഴ്‌ച

നാട്ടുജാതികൾ മുക്കാലും മുടിച്ച കാട്ടിൽനിന്നും
കാട്ടുജാതികളെയടിച്ചോടിക്കുമ്പോൾ
കരയാൻ കടപുഴകിയ കാടു മാത്രം.
നിലവിളിക്കാനാകാശം മാത്രം.

കാട്ടുകോഴിക്കെന്ത് ശനിയും സംക്രാന്തിയുമെന്നപോലെ 
കാട്ടുജാതികൾക്കെന്ത് നീതി!
ഏതു നിയമം!
അതൊക്കെ നാട്ടുജാതികൾക്കല്ലേ!

കാടും നാടുമില്ലാത്ത കാട്ടുജാതികൾക്കിനി
വായുവേ ശരണം.

തല്ലിയാൽ കരയാൻപോലും ത്രാണിയില്ലാത്ത
മധുവേപ്പോലുള്ളവരെത്തല്ലാൻ
നാട്ടുകോട[ത]ികൾക്കെന്തു സുഖം!

ഡാം മാൻ!
ദീസ് ആർ ബ്ലഡി ട്രൈബൽ നക്സൽസ് ലൈക് ദയാബായി.
നെരൂദയല്ല ഞാൻ;
ലോർക്കയും.
പൂയിഷുമല്ല, ഫ്യൂവെൻ്റിസും.
ദസ്തേയേവിസ്കിയോ, കസന്ദ്സാക്കീസുമോയല്ല.
രജനീഷല്ലാ.
ജെ കെയുമല്ല 
ഗുരുമാപോലുമല്ല.
ക്രിസ്തുവോ യൂദാസുവോ പോലുമല്ല.
ആരുമല്ല  ഞാൻ;
എന്നാൽ അവെരെല്ലാരുമാണ്.
ചരിത്രം തീർത്ത് വീർപ്പിച്ച താൾകച്ചോറുമായ
പ്രേതമായ്  വിഹരിക്കുന്നൊരു
അവ്യക്ത വ്യകതിത്വം. 

2019, ഫെബ്രുവരി 20, ബുധനാഴ്‌ച

നിശ്ചലം പൊയ്കാ ജലം സൂര്യരൂപത്തെയാവാഹിച്ചു
നിശ്ചിന്തചിത്തം പോലെ മലർന്നു കിടക്കുന്നു.
*
ഒന്നല്ല ചന്ദ്രനൊരായിരമുണ്ടെന്നീ
ചഞ്ചലനദീജലം കളിയായ്കാണിക്കുന്നൂ.
*
ശൂന്യമാണെങ്കിലും ശൂന്യമേയല്ലെന്നപോൽ
ശീതളവായുവിലാകാശം ചിരിക്കുന്നൂ.
*
മീതേ, മാങ്കൊമ്പിലാടിയുലയും പൂങ്കുലകളിൽ
മോഹനമകരന്ദം തിരയും തേനിച്ചകൾ;
താഴേ,  ചെമ്മണ്ണിൽച്ചത്ത പെരുച്ചാഴിയിൽ
ആർത്തിയോടാർത്താഹാരം തിരയും പൊന്നീച്ചകൾ.
* 

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...