2018, ഏപ്രിൽ 6, വെള്ളിയാഴ്‌ച

തെയ്യം കാണുമ്പോൾ

മനമാകെ നീ
മധുരത്തീ.

ഒരു തീത്തെയ്യമായി
കമ്രകരുണകാന്തിമയീ നീ
നാലുദിക്കും നിറഞ്ഞു വരുന്നേരം
ചിത്തമൊരു തിറയാട്ടത്തറ.

വിണ്ടലം രാഗപൂരം
മൺമണ്ഡലം വെള്ളിച്ചിലമ്പൊലിമയം
രജതഖഡ്‌ഗരവഭരം
എണ്ണക്കരിമണം കാറ്റിൽ
തെങ്ങിൻപൂക്കുലകുളിരും

ഉലകാകെ നിൻ പൊന്നോലത്തിരുമുടി

നിൻനൃത്തവേഗത്തിൽ
ചടുലതാളത്തിൽ
നൂറായ് നുറുങ്ങുന്നു ഹൃത്തടം

എൻ്റെ ജീവൻ്റെ കോഴി നിൻ കയ്യി -
ലതിലൂറുന്ന ചോരയിൽ പ്രേമം
കൊന്നാലടങ്ങാത്ത ദാഹം

മധുരമാം തീയായി ദിക്കാകെ നിറയുന്ന
നീ മാത്രമാകുന്നു വിശ്വം

ചാമുണ്ഡി, ചണ്ഡികേ
നീയായുദിക്കുന്നു സൂര്യൻ
നീയായ്‌ച്ചിരിക്കുന്നു ചന്ദ്രൻ
നീ തന്നെ പാടും പുഴയും
നീ തന്നെ വീശുന്ന കാറ്റും
നീ തന്നെ ചണ്ഡിയീ വിശ്വം
ചാമുണ്ഡിയാകുന്നു വിശ്വം

 













    

വേഗവിസ്മയം

വേഗവിസ്മയം

പ്രകാശവേഗത്തിൽക്കറങ്ങും മാനവഭൂവിൽ
പ്രേമത്തിനും റ്റാക്കിയോൺ വേഗം.
അതു വെറുമൊരാവേഗം.  

കണ്ണുടക്കലും കരൾകൊരുക്കലും
പരിരംഭണവുമധരപാനവുമെല്ലാം സൂക്ഷ്മക്ഷണം.
ക്ഷണപ്രഭാവേഗം.
ആദ്യനോട്ടത്തിൻ്റെ ആദ്യപകുതിയിലേ തീരും
കാണലും കീഴടക്കലും
കൊടികുത്തലും.

കരിമ്പെടുത്തു വളച്ചു വില്ലാക്കി
കരിവണ്ടുകളുടെ ഞാൺകെട്ടി
മൂഢകാമൻ മുല്ലപ്പൂ തൊടുക്കും മുമ്പ്
രതിനിർവ്വേദിതരായ്, വിഷം വിസർജ്ജിച്ച്
ലാപ്റ്റോപ്പിലേക്കും പാംറ്റോപ്പിലേക്കും മടങ്ങി
ചെത്തു തുടങ്ങിയിരിക്കും പ്രതികൾ.

പയ്യെത്തിന്നാൽ പനയും തിന്നാം;
മെല്ലെത്തിന്നാൽ മുള്ളും തിന്നാം;
അതു പഴമൊഴി.
ഒരു നിമിഷത്തിൽ ഒരു പയ്യെയെങ്കിലും തിന്നണം;
ഇതു പുതു ട്വിറ്റർ മൊഴി, കണ്മണീ.

വാ കാണുംമുമ്പ് വയറ്റിലാക്കുന്ന
വേഗവിസ്മയഭൂവിൽ
നേരമ്പോക്കിനെവിടെ നേരം?
ഭോഗപൂർവ്വക്ക്രീഡകൾക്കെവിടെ സമയം? സൗകര്യം?
[വേണമെങ്കിൽ സിനിമാസ്‌ക്രീനിലാകാം]
മനക്കടൽ മഥിച്ചമൃതെടുക്കാൻ
മന്മഥനു കിട്ടുമോ തെല്ലും സാവകാശം!
[പല്ലുതേപ്പു തന്നെ കഷ്ടി,
പിന്നല്ലേ . . .]
 








  

2018, ഏപ്രിൽ 5, വ്യാഴാഴ്‌ച

A Nursery Rhyme


A NURSERY RHYME. For Adults Only.
No automatic alt text available.[Once underneath a time - sorry, Thomas Dylan -
at a railway station in a Maconda-like countryside called Chandera ...
reminiscing about commuting to and fro everyday]


രാവിലെ സൂര്യനുദിക്കുന്നൂ
രാവിൽ ചന്ദ്രനുദിക്കുന്നൂ
ഭൂമി നിരന്തരമുരുളുന്നൂ
ജീവിതമങ്ങിനെ നീങ്ങുന്നു

കാഴ്ച്ചകളനവധിയുണ്ടുലകില്‍
ഓർക്കുകിൽ വിസ്മയമോരോന്നും
തെല്ലിടനിന്നൊന്നവ കാണ്മാൻ
ഇല്ലാ സമയമൊരുത്തന്നും

രാവിലെനേരം പുലരുമ്പോൾ
ഓടിപ്പോകണമാപ്പീസിൽ
വൈകുന്നേരത്തെത്തുമ്പോൾ
വയ്യാ, ദേഹം തളരുന്നൂ
എന്തൊരു ജീവിതമെന്നോർക്കും
മുമ്പേ കണ്ണുകളടയുന്നൂ
പിന്നെയുറങ്ങിയെണീക്കുമ്പോൾ
പിന്നെയുമോടാനായ് നേരം

കൂകിപ്പായും തീവണ്ടീ
ആരുടെനേർക്കീ പരിഹാസം!
ഞാനും നീയുമൊരേപോലെ
പാളം തെറ്റാതോടുന്നു.

രാവിലെ സ്റ്റേഷനിലെത്തുമ്പോ
കൂവിനീയെന്നെക്കളിയാക്കും
വൈകീട്ടിങ്ങു വരുമ്പോഴും
കളിയായെന്നെ നീ കൂവുന്നു.

ഒട്ടിടപോലും നിൽക്കാതെ
നിത്യവുമിങ്ങനെയോടീട്ടും
പാളംതെറ്റാതെങ്ങനെ നാം
ജീവിതമിങ്ങനെ നീക്കുന്നു!

ഓർത്താലത്തുമൊരു വിസ്മയമേ!
പാർത്തലമിതിലെജ്ജീവിതമേ!!

C M R

നെരൂദാ!

നെരൂദാ!

വഴികളിൽ മഴപോലെ ചോര. 
വരിക 
വരികെൻ്റെ 
സ്നേഹിതാാാ കാണുകീ - 
ത്തെരുവിലാർത്തൊഴുകുന്ന ചോരപ്പുഴ.

വരിക 
വരിക നീീീ
കാണുകീത്തെരുവിലെ 
നരപിശാചിൻ്റെയാഭാസതാണ്ഡവം! 

 

2018, ഏപ്രിൽ 4, ബുധനാഴ്‌ച

Statue of Buddha, Husain Sagar Lake, Hyderabad

An Evening at the Statue of Buddha,
Husain Sagar Lake, Hyderabad

രക്തരൂക്ഷിതം വാനം, താഴെത്തടാകത്തിൽ
നിശ്ചലം നിൽപ്പൂ ഭീമകായൻ മഹാബുദ്ധൻ.

ഇത്ര ഭീമനോ ബുദ്ധൻ? മർത്ത്യബുദ്ധികൾക്കെന്തും
രാക്ഷസാകാരം പൂണ്ടാൽ മാത്രമേ മതി വരൂ?

ചുറ്റിലും നഗരത്തിൻ്റെ കണ്ണീരുപോൽ ജലം
അസ്തമയത്തിൻ ചോരച്ചുകപ്പിൽ ത്രസിക്കുന്നൂ.

ഇപ്പൊഴീക്കാഴ്ച ഹൃദ്രമം, ബുദ്ധൻ തൻ്റെ ചുറ്റിലു -
മിളകുന്നോരലകളിൽ  കുലുങ്ങാതെ
ചിത്തശാന്തിതൻ മൂർത്തരൂപമായ് സംസാരത്തിൻ
നിത്യചാഞ്ചല്യത്തെ കരുണയാലീക്ഷിക്കുന്നൂ.

രാവണയുമ്പോൾ ബുദ്ധൻ കണ്ണുകളടയ്ക്കുന്നൂ
കേവലമൊരുകല്ലായ് കടുക്കുന്നൂ

നിത്യവുമിരുട്ടിലീത്തടാകം കയ്യേൽക്കുന്ന
ദു:സഹകദനം കണ്ടാലേതു ബുദ്ധനും കല്ലായ്ത്തീരും.

ഇത്ര പാപിയോ ബുദ്ധൻ, ദൈവമേ, യിരുട്ടിലീത്തടാകത്തിൽ
നിത്യവുമരങ്ങേറും കാഴ്ചകൾ കാണാൻ മാത്രം!

2018, ഏപ്രിൽ 3, ചൊവ്വാഴ്ച

പ്രാർത്ഥന

പ്രാർത്ഥന 

ദൈവമേ
നൽകുന്നു ഞാൻ നിനക്കെൻ ഹൃദയം
നൽകുക നീയെനിക്കാത്മബുദ്ധി

നീ സർവ്വശക്തൻ സഹിക്കുമെല്ലാ-
മതിനാൽത്തരുന്നു ഞാനീ ഹൃദയം.
കൊതിയിൽ കുതിർത്തതാണീ ഹൃദയം
പകയിൽ ഞാൻ പിന്നെ പൊരിച്ചെടുത്തു
അതു കഴിഞ്ഞൽപ്പമസൂയ ചേർത്തു.

പിന്നീടഹങ്കാര മധുവിൽ മുക്കി
അഹിത കാമത്തിൻ്റെയെരിവു കൂട്ടി
പുകയിലും തീയിലുമേറെ നേരം
എരിപൊരികൊണ്ടു കറുത്തു പോയി.

പണ്ടു പാലാഴിയിൽ കാളകൂടം
പൊങ്ങിയ നേരം കുടിച്ചവനേ
ഇതു ഞാൻ നിനക്കു തരുന്നു മോദാൽ
ഇതു സ്വീകരിച്ചെന്നെ മുക്തനാക്കൂ
ഇതു നീ പിഴിഞ്ഞു കുടിച്ചു കൊൾക
പകരമെനിക്കാത്മ ബുദ്ധി നൽക.

ഇതു ഭക്തിയല്ലെന്നെനിക്കറിയാം
ഇതു സ്വാർത്ഥലാഭമാണെന്നറിയാം
ഇതുമെൻ്റെ ഹൃദയത്തിലുള്ളതല്ലോ
ഇതു കൂടി നീയങ്ങെടുത്തുകൊൾക

സകലതും കണ്ടു സഹിച്ചവനേ
ഇവനെയുമൊന്നു സഹിച്ചു കൊൾക!
 



   

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...