2023, ജൂൺ 14, ബുധനാഴ്‌ച

ഹാംലെറ്റ് II. 2

II. 2 

വാദ്യമേളം. 

രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.  

രാജാവ്: പ്രിയപ്പെട്ട റോസൻക്രാന്റ്സേ, ഗിൽഡൻസ്റ്റേണേ, സ്വാഗതം. നിങ്ങളെക്കാണാൻ എനിക്ക് കൊതിയായിരുന്നുവെന്നത് ശരി തന്നെ. പക്ഷേ, ഇപ്പോൾ നിങ്ങളെ പെട്ടെന്ന് ആളയച്ചു വിളിപ്പിച്ചത് ഒരടിയന്തിരാവശ്യത്തിനാണ്.  ഹാംലെറ്റിന്റെ രൂപാന്തരണത്തെക്കുറിച്ച് --- അവന്റെ അകവും പുറവും  ഇപ്പോൾ പഴയതുപോലെയല്ലാത്തതുകൊണ്ട്, അതെ, അതാണ് അതിനു പറ്റിയ വാക്ക് --- ചിലതൊക്കെ നിങ്ങളും അറിഞ്ഞിട്ടുണ്ടാകുമല്ലോ. അവനിങ്ങനെ മാറാൻ, അവന്റെ അച്ഛന്റെ മരണമല്ലാതെ, മറ്റൊരു കാരണവും ഞാൻ കാണുന്നില്ല. നിങ്ങളൊന്നിച്ച് കളിച്ചു വളർന്നവരായതുകൊണ്ടും,  അവനുമായടുത്തിടപഴകുന്നവരായതുകൊണ്ടും, കുറച്ചു കാലം നിങ്ങളീ കൊട്ടാരത്തിൽ കഴിയാൻ ദയവായി സമ്മതിക്കണമെന്ന് നാം യാചിക്കുകയാണ്. ഹാംലെറ്റിനൊപ്പം സമയം ചെലവഴിക്കുക; അവനെ ജീവിതമാസ്വദിക്കാൻ പ്രേരിപ്പിക്കുക; കൂട്ടത്തിൽ, നാമറിയാത്ത വല്ലതും അവനെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ, അതൊന്നറിയുക. അതറിഞ്ഞാൽ നമുക്കതിനുള്ള പരിഹാരമാരായാമല്ലോ. 

ഗർട്രൂഡ്: പൊന്നു മാന്യരേ, നിങ്ങളെക്കുറിച്ചവൻ ധാരാളം പറയാറുണ്ട്. നിങ്ങളോടുള്ളത്ര അടുപ്പം അവനു മറ്റൊരോടുമില്ലെന്ന് എനിക്കുറപ്പാണ്. കുറച്ചു കാലം ഞങ്ങൾക്കൊപ്പം ഇവിടെ കഴിച്ചുകൂട്ടി, ഞങ്ങളുടെ പ്രതീക്ഷകൾ പൂവണിയാനുള്ള ദയാദാക്ഷിണ്യം നിങ്ങൾ കാണിച്ചാൽ, ഒരു രാജാവിനുതകുന്ന കൃതജ്ഞത(2) ഞങ്ങളിൽനിന്ന് നിങ്ങൾക്ക് ലഭിച്ചിരിക്കും.

റോസൻക്രാന്റ്സ്:  നിങ്ങൾ, തമ്പുരാനും തമ്പുരാട്ടിയും, നിങ്ങളുടെ അധീനതയിലുള്ള ഞങ്ങളോട്  ആഗ്രഹമെന്തെന്ന് അപേക്ഷിക്കുന്നതിനു പകരം ആജ്ഞാപിച്ചാൽ നന്നായിരുന്നു.  

ഗിൽഡൻസ്റ്റേൺ: ഞങ്ങൾ രണ്ടുപേരും നിങ്ങളെ അനുസരിച്ചിരിക്കും. നിങ്ങളുടെ ആജ്ഞകൾ നിറവേറ്റാനായ്,  ഞങ്ങൾ ഞങ്ങളെ നിങ്ങൾക്ക് പരിപൂർണ്ണമായും സമർപ്പിച്ചിരിക്കുന്നു.    

രാജാവ്: നന്ദിയുണ്ട്, റോസൻക്രാന്റ്സേ, മാന്യനായ ഗിൽഡൻസ്റ്റേണേ.

രാജ്ഞി: നന്ദി,  റോസൻക്രാന്റ്സേ, മാന്യനായ ഗിൽഡൻസ്റ്റേണേ. ആകെമാറിപ്പോയ എന്റെ മകനെ നിങ്ങളിപ്പോൾത്തന്നെ പോയിക്കാണണമെന്നാണ്  എന്റെ അപേക്ഷ. (പരിചാരകരോട്) നിങ്ങളിൽ ചിലർ ഇവരുടെ കൂടെപ്പോകൂ; പോയി, ഹാംലെറ്റ് എവിടെയാണോ അവിടെയെത്തിക്കൂ. 

ഗിൽഡൻ: ഞങ്ങളുടെ സാന്നിദ്ധ്യവും സഹവർത്തിത്വവും അവനു സഹായകമാകാൻ ദൈവം തുണക്കട്ടെ. 

രാജ്ഞി: അതേ, അങ്ങനെയാകട്ടെ. 

റോസൻക്രാൻറ്സും ഗിൽഡൻസ്റ്റേണും, പരിചാരകർക്കൊപ്പം  നിഷ്ക്രമിക്കുന്നു. 

പൊളോണിയസ് പ്രവേശിക്കുന്നു. 

II. 2: (രംഗനിർദ്ദേശം): പരിചാരകർ വേദിയിൽ, വിളിച്ചാൽ വിളിപ്പുറത്തെന്ന മട്ടിൽ, മാറിനിൽക്കുകയായിരിക്കണം. രാജ്ഞി, പിന്നീട്, "നിങ്ങളിൽ ചിലർ കൂടെപ്പോകൂ' എന്നു പറയുന്നതിൽനിന്ന് അതു തെളിയുന്നുണ്ട്.

(1) റോസൻക്രാൻറ്സ് & ഗിൽഡൻസ്റ്റേൺ: ഇവർ രണ്ടു യുവപ്രഭുക്കളാണെന്നാണ് തോന്നുന്നത്; ഹാംലെറ്റ് രാജകുമാരന്റെ കുട്ടിക്കാലത്തെ കൂട്ടുകാർ.  

(2) തനിക്കു ലഭിക്കുന്ന സേവനത്തിന് രാജാവ്, അദ്ദേഹത്തിന്റെ നിലക്കനുസരിച്ചുള്ള, സമ്മാനം നൽകുന്നതായിരിക്കും. 


പൊളോണിയസ്: പൊന്നു തിരുമേനീ, നോർവേയിലേക്ക് പോയ ദൂതന്മാർ സന്തോഷത്തോടെ മടങ്ങി വന്നിരിക്കുന്നു(3). 

രാജാവ്: സദ്‌വാർത്തയാണല്ലോ നിങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. 

പൊളോണിയസ്: ആണല്ലേ, തിരുമേനീ? പ്രാണനെപ്പോലെ പരമപ്രധാനമാണ് എന്റെ ദൈവത്തിനോടും,കാരുണ്യവാനായ  എന്റെ രാജാവിനോടുമുള്ള  കർത്തവ്യം, പൊന്നു തമ്പുരാനേ. ഒരു കാര്യം കൂടി; ഹാംലെറ്റിന്റെ കിറുക്കിനുള്ള കാരണം എനിക്കു പിടികിട്ടിയെന്നാണ് എനിക്കു തോന്നുന്നത് --- അതല്ലെങ്കിൽ, പട്ടിയെപ്പോലെ മണം പിടിച്ച് അന്വേഷിക്കാനുള്ള എന്റെ സാമർഥ്യം പഴയതുപോലെ ഫലിക്കുന്നില്ലെന്നുവേണം കരുതാൻ. 

രാജാവ്: ഓഹോ, അതെന്താണെന്ന് പറഞ്ഞാട്ടെ. എനിക്കത് കേൾക്കാൻ അതിയായ ആകാംക്ഷയുണ്ട്. 

പൊളോണിയസ്: ആദ്യം, ദൂതന്മാർ എത്തിച്ചേരട്ടെ. അവരുടെ സദ്യ കഴിഞ്ഞാകാം എന്റെ മധുരപലഹാരം(4).

രാജാവ്: അവരെ നിങ്ങൾതന്നെ ചെന്ന് വിളമ്പാൻ കൂട്ടിക്കൊണ്ടു വരൂ(5).

പൊളോണിയസ് പുറത്തേക്കു പോകുന്നു. 


(3) I. 2നു ശേഷം, വോൾട്ടിമാൻഡും കോർണേലിയസ്സും എംബസിയിലേക്ക് പറഞ്ഞയക്കപ്പെട്ട ശേഷം, കാലം കടന്നുപോയതിന്റെ സൂചനയാണിത്. 

(4) അവരുടെ വാർത്ത കേട്ടശേഷമാകാം എന്റെ വാർത്ത കേൾക്കുന്നത്.

(5) പൊളോണിയസ്സിനെ പറഞ്ഞയക്കുന്നത് രാജാവിന് രാജ്ഞിയോട് സ്വകാര്യമായ് സംസാരിക്കാനുള്ള അവസരമൊരുക്കുന്നു. 


ഗർട്രൂഡേ, ഹാംലെറ്റിന്റെ രോഗത്തിന്റെ തലയും വേരും കണ്ടുപിടിച്ചെന്നാണ് അയാൾ പറയുന്നത്. 

രാജ്ഞി: കാരണം മറ്റൊന്നുമല്ലെന്ന് വ്യക്തമാണെന്നാണെന്റെ ആശങ്ക. അച്ഛന്റെ മരണം; പിന്നെ, തിടുക്കപ്പെട്ടു നടത്തിയ നമ്മുടെ വിവാഹം(6). 

രാജാവ്: നമുക്കയാളോട് കാര്യമായ് ചോദിച്ചു നോക്കാം. 

ദൂതന്മാരായ വോൾട്ടിമാൻഡും കോർണേലിയസ്സും പ്രവേശിക്കുന്നു; കൂടെ, പൊളോണിയസ്സും.

സ്വാഗതം, പ്രിയ സുഹൃത്തുക്കളേ. നോർവേയിലെ നമ്മുടെ സഹോദരൻ(7) എന്തു പറയുന്നു, വോൾട്ടിമാൻഡേ? 

(5) ഹാംലെറ്റിന്റെ തുടക്കത്തിലെ മാനസികാവസ്ഥ ഗർട്രൂഡ് മനസ്സിലാക്കിയിട്ടുണ്ട്; പക്ഷേ, കൊലപാതകത്തെക്കുറിച്ച് രാജ്ഞിക്കറിവില്ല.

(6) സഹോദരൻ: നോർവേയുടെ രാജാവ്; വിവിധ ദേശങ്ങളിലെ രാജാക്കന്മാരെ 'സഹോദരന്മാർ' എന്നാണ് വിളിക്കാറ്.   

വോൾട്ടി: വളരെ നല്ല അഭിവാദനങ്ങളും ആശംസകളും. ഞങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അദ്ദേഹം ആദ്യം തന്നെ തന്റെ മരുമകൻ നികുതിപിരിക്കുന്നത് തടയുകയുണ്ടായി. അത് പൊളാക്കുകൾക്കെതിരെയുള്ള(7) യുദ്ധസന്നാഹത്തിനെന്നെന്നാണ്, തുടക്കത്തിൽ അദ്ദേഹം കരുതിയത്. വാസ്തവത്തിൽ, യുദ്ധം അങ്ങേയ്ക്ക് നേരെയാണെന്ന് അദ്ദേഹത്തിന് പിന്നീട് മനസ്സിലായി. തന്റെ പ്രായത്തെയും, രോഗത്തെയും, ശേഷി ഇല്ലായ്മയെയും മരുമകൻ മുതലെടുക്കയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അസ്വസ്ഥനായ അദ്ദേഹം ഫോട്ടിൻബ്രാസിനെ വിളിച്ചു വരുത്തി ശകാരിച്ചു; ഇനിയൊരിക്കലും പൊന്നുതിരുമേനിക്കെതിരെ കയ്യുയർത്തില്ലെന്ന് ആണയിടീപ്പിച്ചു. കാര്യങ്ങൾ ഭംഗിയായ് കലാശിച്ചതിൽ സന്തോഷിച്ച് അദ്ദേഹം ഇളയ ഫോട്ടിൻബ്രാസിന് വാർഷികവരുമാനമായി മൂവായിരം വരാഹൻ നൽകി. സ്വരൂക്കൂട്ടിയ പട്ടാളക്കാരെക്കൂട്ടി പോളണ്ടിനെതിരെ പട നയിക്കാൻ അനുമതിയും നൽകി. ഈ അർത്ഥനാപത്രത്തിൽ കൂടുതൽ വിവരങ്ങളുണ്ട് (അയാൾ രാജാവിനൊരു കടലാസ് നൽകുന്നു). പോളണ്ടിലേക്കുള്ള ദൗത്യവുമായ് പോകുന്ന ഫോട്ടിൻബ്രാസിനെ അങ്ങയുടെ ദേശത്തിലൂടെ ശാന്തമായ് കടന്നുപോകാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയാണ് ഈ സന്ദേശത്തിലുള്ളത്; അങ്ങേയ്ക്ക് ആപത്തൊന്നുമുണ്ടകില്ലെന്ന ഉറപ്പും.

രാജാവ്: നമുക്കു സന്തോഷമായി. ഒഴിവു കിട്ടുമ്പോൾ ഞാനിത് സൂക്ഷ്മമായ്‌ പഠിച്ച് മറുപടി തരുന്നതാണ്. ഇപ്പോൾ, നാം നിങ്ങളുടെ ആത്മാർത്ഥ പരിശ്രമത്തിന് കൃതജ്ഞത രേഖപ്പെടുത്തുകയാണ്. ഇനി നിങ്ങൾ പോയി വിശ്രമിക്കൂ. രാത്രി അത്താഴം നമുക്കൊരുമിച്ചാകാം. ഒരിക്കൽക്കൂടി, സ്വദേശത്തേക്ക് സ്വാഗതം! 

ദൂതന്മാർ  സ്ഥലം കാലിയാക്കുന്നു.

പൊളോണിയസ്: അപ്പൊ, അക്കാര്യം ഭംഗിയായി. എന്റെ പൊന്നു തമ്പുരാനേ, തമ്പുരാട്ടീ, രാജാവെങ്ങനെയാകണം, കർത്തവ്യമെന്താകണം, പകല് പകലും, രാത്രി രാത്രിയുമായിരിക്കുന്നതെന്തുകൊണ്ടാണെന്നൊക്കെ വിശദീകരിക്കാൻ തുനിയുന്നത് രാവും പകലും കാലവും പാഴാക്കുന്നതിന് തുല്യമാണ്. കാര്യം ചുരുക്കിപ്പറയുന്നതാണ് ബുദ്ധി എന്നുള്ളതുകൊണ്ടും, വാഗ്ധോരണിയും ഉപമാലങ്കാരങ്ങളും മടുപ്പുളവാക്കുമെന്നുള്ളതുകൊണ്ടും, ഞാൻ സംഗതി ചുരുക്കിപ്പറയാം. അങ്ങയുടെ മാന്യസന്തതിക്ക് ഭ്രാന്താണ്. ഭ്രാന്തെന്നാണ് ഞാൻ അതിനെ വിളിക്കുക. കാരണം, ശരിക്കുമുള്ള ഭ്രാന്തിനെ ഭ്രാന്തെന്നല്ലാതെ മറ്റെന്താണ് വിളിക്കുക(8)? അതു വേറെ കാര്യം; അതവിടെ കിടക്കട്ടെ. 

രാജ്ഞി: അലങ്കാരങ്ങൾ കളഞ്ഞ് കാര്യത്തിലേക്ക് കടക്കൂ. 

പൊളോണിയസ്: എന്നാണെ, പൊന്നു റാണീ, ഞാൻ അലങ്കാരങ്ങൾ ഉപയോഗിക്കുന്നവനല്ല. രാജകുമാരന് ഭ്രാന്താണെന്ന് ഞാൻ പറഞ്ഞത് നേരാണ്. കഷ്ടമാണ് കാര്യമെന്നതും നേരാണ്; അത് നേരാണെന്നത് കഷ്ടമാണു താനും. പറഞ്ഞുപറഞ്ഞു മണ്ടത്തരം പറയുകയാണ്. അതു വിടൂ. ഇനി അലങ്കാരമില്ലാതെ പറയാം. അയാൾക്ക് കിറുക്കാണെന്ന് നമുക്കാർക്കും സംശയമില്ലല്ലോ. ഇനി വേണ്ടത്, ഈ കിറുക്കിന് ഹേതുവെന്തെന്ന് കണ്ടുപിടിക്കുകയാണ്. കിറുക്കല്ലെങ്കിൽ, ഈ വൈകല്യത്തിന്റെ കാരണം. കാരണം, ഏതു വൈകല്യത്തിനും ഒരു കാരണമുണ്ടാകുമല്ലോ. അതാണിനി ബാക്കി; ബാക്കിക്കൂടി കേൾക്കൂ(9). ഇക്കാര്യം ഗൗരവമായ് പരിഗണനയിലെടുക്കണേ. എനിക്കൊരു മകളുണ്ട്. അതായത്, അവൾ കല്യാണം കഴിഞ്ഞു പോകുന്നതുവരെ എന്റെ മകളാണല്ലോ. എന്നോടുള്ള കടമയും അനുസരണയുംകൊണ്ട്, നോക്കൂ, അവളെനിക്കീ കുറിപ്പു തന്നു (അയാൾ കത്തെടുത്ത് വായിക്കുന്നു).

എന്റെ ആത്മാവിലെ സ്വർഗ്ഗീയ വിഗ്രഹവും അതിമനോഹരമാക്കപ്പെട്ടവളുമായ(10) ഒഫീലിയയ്ക്ക് ---  എന്തൊരു വൃത്തികെട്ട പദം, ചീത്ത വാക്ക്, 'മനോഹരമാക്കപ്പെട്ടവൾ' ചീത്ത വാക്കാണ്. എന്നാലും, നിങ്ങളിത് കേൾക്കണം. ഇതാ:

(അയാൾ വീണ്ടും വായിക്കുന്നു)

തന്റെ ശ്രേഷ്ഠമായ മാറിടത്തിൽ ഈ സന്ദേശം, അങ്ങനെയങ്ങനെ(11).

രാജ്ഞി: ഇത് ഹാംലെറ്റ് അവൾക്കെഴുതിയതാണോ? 

(7) പൊളാക്കുകൾ: പോളണ്ടിലെ നിവാസികൾ

(8) ഭ്രാന്തിനെ നിർവ്വചിക്കാൻ ശ്രമിക്കുന്നതേ ഭ്രാന്താണെന്നാണ്, ഒരു പക്ഷേ, പൊളോണിയസ് ഉദ്ദേശിച്ചത്. മനഃപൂർവ്വമായ ഒരു രസഭംഗം (anticlimax) ആണിത്. പൊളോണിയസ് ഭ്രാന്തിനെ നിർവ്വചിക്കാൻ ശ്രമിച്ച് പരാജയപ്പെടുകയാണ്. 

(9) മറ്റൊരർത്ഥത്തിൽ, പൊളോണിയസ്സിന്റെ വാഗ്വിലാസത്തിന്റെ പരാവർത്തനമിതാണ്: "പരിതസ്ഥിതി ഇതാണ്; ഇതാണ് പരിഹാരം."

(10) ഷേക്‌സ്‌പിയർ 'beautified' എന്ന വാക്കാണ് ഉപയോഗിച്ചത്. 'beautiful' (മനോഹരി) എന്നതിനു പകരം അനുചിതമായ 'beautified' (മനോഹരമാക്കാപ്പട്ടവൾ) ഉപയോഗിച്ചതുകൊണ്ടാകാം പൊളോണിയസിന് രുചിക്കാതെ വന്നത്.   

(11) 'മാറിടം' എന്നുള്ള വാക്കു സൂചിപ്പിക്കുന്ന ശ്ലീലമല്ലാത്ത പദങ്ങൾ പൊളോണിയസ് 'അങ്ങനെയങ്ങനെ' എന്നു പറഞ്ഞ് ഒഴിവാക്കിയതാകാം; അതല്ലെങ്കിൽ, അസംഗതമായ കാര്യങ്ങൾ കണ്ണോടിച്ച് വിട്ടതാകാം. 

പൊളോണിയസ്: എന്റെ പൊന്നു മഹാറാണീ, ഒന്നു ക്ഷമിക്കൂ. ഞാനൊന്നും വിട്ടുകളയില്ല. (അയാൾ വീണ്ടും വായിക്കുന്നു)
(12)താരം തീയാണെന്ന് നിനക്കു തോന്നിയേക്കാം; 
സൂര്യൻ ചലിക്കുന്നുവെന്നും
നേരു നുണയാണെന്നും തോന്നിയേക്കാം;
പക്ഷേ, എന്റെ പ്രേമത്തെ നീയൊരിക്കലും  സംശയിക്കൊല്ലേ. 
പ്രിയപ്പെട്ട ഒഫീലിയാ, 
കവിതയെഴുതാൻ ഞാനാളല്ല.
എന്റെ വിലാപങ്ങൾ വാക്കിലാക്കാനെനിക്കാവില്ല. 
പക്ഷേ, നിന്നെ ഞാൻ അങ്ങേയറ്റം പ്രേമിക്കുന്നു;
ആരെക്കാളുമങ്ങേയറ്റം. 
എന്നെ വിശ്വസിച്ചാലും. 
വിട തരൂ. 
എന്ന്, 
ഈ ദേഹമാകുന്ന യന്ത്രം, എന്റെ പ്രിയതമേ, ഏതുവരെ എന്റേതാണോ അതുവരേക്കും നിന്റേതായ,
ഹാംലെറ്റ്. 
എന്റെ മകൾ എന്നെ അനുസരണയോടെ കാണിച്ചതാണിത്. ഇതല്ലാതെ,  അയാളെന്റെ മകളോട് എപ്പോഴൊക്കെ, എവിടെവച്ചൊക്കെ, എങ്ങനെയൊക്കെ പ്രേമയാചന നടത്തിയിട്ടുണ്ടെന്നും അവളെന്നെ ധരിപ്പിച്ചിട്ടുണ്ട്. 

രാജാവ്: അവളെങ്ങനെയാണ് ഇതിനൊക്കെ മറുപടി കൊടുത്തത്?  

പൊളോണിയസ്: എന്നെപ്പറ്റി എന്താണങ്ങയുടെ അഭിപ്രായം?

രാജാവ്: നിങ്ങൾ വിശ്വസ്തനും ബഹുമാന്യനുമാണ്. 

പൊളോണിയസ്: അങ്ങനെയാണെന്ന് തെളിയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.  ഈ കിടിലൻ പ്രേമം ചിറകുവിരിക്കാൻ തുടങ്ങിയപ്പൊഴേ - - - നിങ്ങളോട് നേരു പറയാമല്ലോ, എന്റെ മകളതെന്നോട് പറയുന്നതിനുമുമ്പേ ഞാനത് മണത്തിരുന്നു. അറിഞ്ഞിട്ടും ഞാൻ മരം പോലെ മിണ്ടാതിരുന്നിരുന്നുവെങ്കിൽ, അതല്ലെങ്കിൽ, കണ്ടിട്ടും കണ്ണടിച്ചിരുന്നിരുന്നുവെങ്കിൽ,  സംഗതി  തുടരാൻ മിണ്ടാതെ അനുവദിച്ചിരുന്നിരുന്നുവെങ്കിൽ, അവിടുത്തെ അമ്മമഹാറാണി എന്നെക്കുറിച്ചെന്തു വിചാരിക്കുമായിരുന്നു?  അങ്ങെന്തു വിചാരിക്കുമായിരുന്നു? അതൊന്നുമല്ല ഞാൻ ചെയ്തത്. എന്തെങ്കിലും ചെയ്തേപറ്റൂ എന്നാണെനിക്ക് തോന്നിയത്. ഞാനെന്റെ മകളെ വിളിപ്പിച്ചു. എന്നിട്ടവളോടു പറഞ്ഞു: "ഹാംലെറ്റ് പ്രഭു ഒരു രാജകുമാരനാണ്. നിന്റെ നക്ഷത്രത്തിനപ്പുറത്താണ്(13). ഇത് അരുതാത്തതാണ്." പിന്നീട് ഞാനവാളോട് ചിലതാജ്ഞാപിച്ചു. അയാൾ വരുമ്പോൾ വാതിലടച്ച് അകത്തിരിക്കാൻ പറഞ്ഞു; അയാളുടെ ദൂതന്മാരെ കാണരുതെന്ന് പറഞ്ഞു; ഉപഹാരങ്ങൾ സ്വീകരിക്കരുതെന്നും. അവളാ ഉപദേശം സ്വീകരിച്ചു. ചുരുക്കിപ്പറഞ്ഞാൽ, തിരസ്കൃതനായ ഹാംലെറ്റ് വിഷാദമഗ്നനായി; നിരാഹാരിയായി; നിദ്രാവിഹീനനായി; ബലം ക്ഷയിച്ചവനായി; ബുദ്ധിഭ്രമം ബാധിച്ചവനായി; പടിപടിയായി, ഒടുവിലയാൾ ഇന്നത്തെ പിച്ചുംപേയും പറയുന്ന ഉന്മാദാവസ്ഥയിലായി. നമ്മളെല്ലാം അയാളെയോർത്ത് വിലപിക്കാറുമായി.  

(12) ഈ കവിത, 1590കളിലെ കാവ്യപ്രവണതകളിൽ ചിലതിന്റെ മാതൃകയാണ്. പ്രേമം ചിത്രീകരിക്കാൻ പ്രാപഞ്ചികബിംബാവലിയും, കോപ്പർനിക്കസ്‌സിന്റെ ആശയവും, നൈതികവിരോധാഭാസങ്ങളും അന്ന് ഉപയോഗിക്കപ്പെട്ടിരുന്നു.

(13) നിന്റെ നിലയ്ക്കും വിലയ്ക്കുമപ്പുറത്താണ്. 


രാജാവ്: (രാജ്ഞിയോട്) നിനക്കെന്തു തോന്നുന്നു? ഇതായിരിക്കുമോ സംഗതി?

രാജ്ഞി: ആകണം. അതിനാണ് സാദ്ധ്യത. 

പൊളോണിയസ്: ഞാനെന്നെങ്കിലും ആധികാരികമായി 'ഉവ്വ്' എന്നു പറഞ്ഞൊരു കാര്യം 'അല്ല' എന്നായിട്ടുണ്ടോ? അല്ല, അതൊന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. 

രാജാവ്: എന്റെ അറിവിലില്ല. 

പൊളോണിയസ്: (സ്വന്തം ശിരസ്സും ചുമലുകളും കാട്ടിക്കൊണ്ട്) ഇക്കാര്യവും  മറിച്ചാണെങ്കിൽ, ഇതിൽനിന്ന് ഇതെടുത്തോളൂ(14). സാഹര്യത്തെളിവുകൾക്കു പിന്നാലെ പോയി, സത്യം ഞാൻ കണ്ടുപിടിച്ചിരിക്കും; അതേത് പാതാളത്തിൽ ഒളിച്ചിരിപ്പാണെങ്കിലും. 

രാജാവ്: നിങ്ങളുടെ ഊഹം ഇനിയും പരീക്ഷിക്കുന്നതെങ്ങനെ?

പൊളോണിയസ്: ചിലപ്പോഴൊക്കെ അയാളീ പ്രവേശനശാലയിൽ ഒന്നിച്ചൊരു നാലുമണിക്കൂർ ഉലാത്താറുണ്ടെന്ന് അങ്ങേയ്ക്കറിയാമല്ലോ.

രാജ്ഞി: അതു ശരിയാണ്. 

പൊളോണിയസ്: ആ നേരത്ത് ഞാനെന്റെ മകളെ അയാൾക്കടുത്തേക്ക് കയറൂരി വിടാം(15). (രാജാവോട്) അങ്ങും ഞാനും ചിത്രയവനികയ്ക്കു(16) പിറകിൽ മറഞ്ഞിരിക്കും. മറഞ്ഞുനിന്ന് നമ്മളവരുടെ സമാഗമം നിരീക്ഷിക്കും. അയാൾക്കവളോട് പ്രേമമില്ലെന്ന് വന്നാൽ, ആ പ്രേമം അയാളെ ഭ്രാന്തനാക്കിയിട്ടില്ലെന്ന് വന്നാൽ, ഞാൻ പിന്നെ അങ്ങയുടെ സചിവനായിരിക്കുന്നതിൽ അർത്ഥമില്ല(17). പോയി വല്ല കൈക്കോട്ടു പണിയും ചെയ്യുന്നതാണ് ഭേദം. 

രാജാവ്: നമുക്ക് പരീക്ഷിച്ചു നോക്കാം. 

ഹാംലെറ്റ് പ്രവേശിക്കുന്നു(18).

(14) 'എന്റെ തല വെട്ടിക്കോളൂ' എന്നാണ് ഇവിടെ പൊതുവേ അർത്ഥമാക്കാറുള്ളത്. പക്ഷേ, 'എന്നെ മുഖ്യസചിവന്റെ സ്‌ഥാനത്തു നിന്നു നീക്കിക്കോളൂ" എന്നാകണം പൊളോണിയസ് ഉദ്ദേശിച്ചത്.  പൊളോണിയസ്സിന്റെ പിന്നീടുള്ള സംഭാഷണം അതിനെ പിന്തുണക്കുന്നുണ്ട്. 

(15) മകളെ . . . കയറൂരി വിടാം: ഇരയെ പാട്ടിലാക്കാൻ വിടുന്ന ബലിമൃഗത്തെപ്പോലെ എന്നു സാരം. 

(16) ചിത്രയവനിക (arras): എലിസബത്തൻ കാലത്തെ വലിയ  വീടുകളിൽ, ചുമരുകളെ മറച്ചുകൊണ്ട് തൂങ്ങിക്കിടക്കാറുള്ള തിരശ്ശീല. 

(17) നേരത്തെ പറഞ്ഞ 'തല വെട്ടിക്കോളൂ' (14) എന്നത് ഈ അർത്ഥത്തിലാണെന്ന് വെളിവാകുന്നു. 

(18) [രംഗനിർദ്ദേശം] ഹാംലെറ്റ് ഒരൽപ്പം മുമ്പേ പ്രവേശിച്ച് ഗൂഢാലോചനയെക്കുറിച്ചു ചിലതൊക്കെ മറഞ്ഞുനിന്ന് കേൾക്കേണ്ടതാണ്. അങ്ങനെവന്നാൽ, ഹാംലെറ്റ് പൊളോണിയസ്സിനോടും ഒഫീലിയയോടും പിന്നീട്‌ കാട്ടുന്ന നീരസത്തെ ന്യായീകരിക്കാൻ കഴിയും.  


രാജ്ഞി: നോക്കൂ, എന്തോ വായിച്ചുകൊണ്ട്(19) എത്ര ഗൗരവത്തോടെയാണ്  ആ  പാവം കടന്നു വരുന്നത്. 

പൊളോണിയസ്: പോകൂ, നിങ്ങൾ രണ്ടുപേരുമൊന്ന് ദയവായി പോയിത്തരൂ. ഞാനുടനടി അയാളോട് സംസാരിക്കുന്നുണ്ട്. എന്നോട് ക്ഷമിച്ചാലും(20).

പൊളോണിയസ് രാജാവിനെയും രാജ്ഞിയെയും യാത്രയാക്കുന്നു. 



(19) ഹാംലെറ്റിന്റെ വരവ്, ഒരു പുസ്തകവും വായിച്ചുകൊണ്ടാണ്. പ്രതികാരത്തോടുള്ള അവന്റെ ഉപേക്ഷാഭാവത്തിന്റെ പ്രതീകമാണ് വായനയെന്നത് ശ്രദ്ധേയമാണ്. 

(20) ക്ലോഡിയസ്സിനെയും  ഗർട്രൂഡിനെയും ധൃതിയിൽ ക്ഷമചോദിച്ചു പറഞ്ഞയക്കുകയാണ് പൊളോണിയസ്.  

നമ്മുടെ ഹാംലെറ്റ് പ്രഭു എന്തു പറയുന്നു?

ഹാംലെറ്റ്: സുഖമായിരിക്കുന്നു. നന്ദി. 

പൊളോണിയസ്: എന്നെ മനസ്സിലായല്ലോ, അല്ലേ?

ഹാംലെറ്റ്: പിന്നില്ലാതെ. താങ്കളൊരു മുക്കുവനാണല്ലോ(21). 

പൊളോണിയസ്: അല്ലല്ല, പ്രഭോ.

ഹാംലെറ്റ്: ഓ, താങ്കൾ ഒരു മുക്കുവനെപ്പോലെ മാന്യനായിരുന്നുവെങ്കിലെന്ന് ഞാൻ ആശിച്ചു പോവുകയാണ്. 

പൊളോണിയസ്: മാന്യനോ, പ്രഭോ?

ഹാംലെറ്റ്: ഉവ്വ്, ശ്രീമാൻ. നമ്മുടെയീ ലോകത്തിൽ പതിനായിരത്തിലൊരുവനേ മാന്യനായിട്ടുള്ളൂ.   

പൊളോണിയസ്: അതു വളരെ ശരിയാണ്, പ്രഭോ. 

ഹാംലെറ്റ്: സൂര്യൻ അതിന്റെ കിരണങ്ങൾ കൊണ്ട് ചത്ത പട്ടിയെ മുത്തിയാലും, അതിന് പുഴുക്കളെയല്ലേ ജനിപ്പിക്കാനാകൂ(22) --- താങ്കൾക്കൊരു മകളുണ്ടോ?  

പൊളോണിയസ്: ഉണ്ട്, പ്രഭോ. 

ഹാംലെറ്റ്: അവളെ വെയിലിൽ നടക്കാൻ വിടരുത്(23). ഗർഭധാരണം ഒരനുഗ്രഹമാണ്. പക്ഷേ, താങ്കളുടെ മകൾ ഗർഭം ധരിച്ചാൽ, ഒന്നോർത്തുനോക്കൂ, സുഹൃത്തേ.

പൊളോണിയസ്‌: (സ്വഗതം) എന്താണിതിന്റെ അർത്ഥം? ഇപ്പോഴും എന്റെ മകളെക്കുറിച്ചുതന്നെയാണ് പാടിക്കൊണ്ടിരിക്കുന്നത്. പക്ഷേ, ആദ്യം കണ്ടപ്പോൾ ഇയാളെന്നെ തിരിച്ചറിഞ്ഞില്ല. ഞാനൊരു മുക്കുവനാണെന്നാണ് പറഞ്ഞത്. ഇയാളുടെ കാര്യം പോക്കാണ്. വാസ്തവത്തിൽ, ചെറുപ്രായത്തിൽ, പ്രേമം ബാധിച്ച് ഞാനും ഏറെക്കുറേ, ഇത്ര തന്നെ വഷളായ അവസ്ഥ അനുഭവിച്ചിട്ടുള്ളതാണ്. ഇയാളോടൊന്നുകൂടി മുട്ടി നോക്കാം - (പ്രകാശം)  അങ്ങെന്താണ് വായിക്കുന്നത്, പ്രഭോ?

ഹാംലെറ്റ്: വാക്കുകൾ, വാക്കുകൾ, വാക്കുകൾ. 

പൊളോണിയസ്: വിഷയമെന്താണ്, പ്രഭോ? 

ഹാംലെറ്റ്: ആർക്കിടയിൽ?

പൊളോണിയസ്: പാഠ്യവിഷയത്തെക്കുറിച്ചാണ് ചോദിച്ചത്, പ്രഭോ. 

ഹാംലെറ്റ്: അപവാദങ്ങൾ, ശ്രീമൻ. ആക്ഷേപഹാസ്യമെഴുതുന്ന ഇയാൾ ഇതിൽ പറയുകയാണ്, വയസ്സന്മാർ നരച്ച താടിയുള്ളവരാണ്; അവരുടെ മുഖം ജരാജീർണ്ണമാണ്; കണ്ണുകൾ നിറയെ പീളയും തിമിരവുമാണ്. അവർക്ക് ബുദ്ധി തീരെയില്ലെന്നതുപോലെ, തുടകളിൽ ത്രാണിയുമില്ല. ഇതെല്ലാം ശരിയാണെന്നെനിക്കറിയാമെങ്കിലും, ഇതൊക്കെയിങ്ങനെ എഴുതിവെക്കുന്നത് മാന്യതയല്ലെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് താങ്കളുടെ കാര്യമെടുക്കൂ --- ഞണ്ടിനെപ്പോലെ പിറകോട്ടിഴയാൻ(24) കഴിഞ്ഞാൽ താങ്കൾക്കും എന്റെ അതേ വയസ്സാകാൻ പറ്റുമല്ലോ. 

പൊളോണിയസ്: (സ്വഗതം) പറയുന്നത് കിറുക്കാണെങ്കിലും, അതിലൊരു യുക്തിയുണ്ട്(25). (പ്രകാശം) പുറത്തെ വായുസഞ്ചാരത്തിൽനിന്ന് അകത്തേക്ക് വന്നുകൂടേ, പ്രഭോ(26)? 

ഹാംലെറ്റ്: വായു കിട്ടാതെ ചാകാനോ?   

പൊളോണിയസ്: വായുവില്ലെങ്കിൽ കാറ്റുപോകുമെന്നത് നേരുതന്നെ. (സ്വഗതം) ചിലപ്പോഴൊക്കെ പറയുന്നതെത്ര അർത്ഥഗർഭം! സ്ഥിരബുദ്ധിക്കും യുക്തിക്കും സാധിക്കാനാകാത്ത ഭാവനാവിഷ്കാരം,  ഭ്രാന്തിന് ചിലപ്പോൾ അനായാസേന സാധിക്കും(27). ഇയാളെ ഇപ്പോൾ ഇവിടെ വിട്ടിട്ടു പോകാം. എന്നിട്ട്, എന്റെ മകളെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതിനു തന്ത്രപരമായൊരു വഴിയൊരുക്കാം. (പ്രകാശം) ആദരണീയ പ്രഭോ, ഞാനങ്ങയോട് വിനയപുരസ്സരം  വിട ചോദിക്കുകയാണ്. 

ഹാംലെറ്റ്: ചോദിച്ചാൽ എനിക്കു തരാൻ വിട പോലെ പ്രിയപ്പെട്ട മറ്റൊന്നില്ല --- എന്റെ ജീവനൊഴികെ, ജീവനൊഴികെ, ജീവനൊഴികെ. 

പൊളോണിയസ്: അങ്ങ് നന്നായിരിക്കട്ടെ, പ്രഭോ. 

ഹാംലെറ്റ്: ഹോ, ഈ മടുപ്പിക്കുന്ന വയസ്സൻ വിഡ്ഢികൾ!

റോസൻക്രാന്റ്സും ഗിൽഡസ്‌റ്റേണും പ്രവേശിക്കുന്നു. 

പൊളോണിയസ്: ഹാംലെറ്റ് തിരുമേനിയെക്കാണാൻ വന്നതാണോ? ദാ, അദ്ദേഹമിവിടെയുണ്ട്. 

റോസ്: (പൊളോണിയസ്സിനോട്) കർത്താവ് അങ്ങയെ കാക്കട്ടെ.!

പൊളോണിയസ് നിർഗ്ഗമിക്കുന്നു. 

(21) പൊളോണിയസ്സിൽനിന്ന് വമിക്കുന്ന അഴിമതിയുടെ ദുർഗ്ഗന്ധത്തെ ഉദ്ദേശിച്ചാണിത്. 'സഭ്യതയില്ലാത്തവൻ' എന്ന അർത്ഥത്തിലും ഈ വാക്ക് പ്രയോഗിക്കപ്പെടാറുണ്ട്. ഇവിടെയാണ് പ്രേക്ഷകർ ആദ്യമായ് ഹാംലെറ്റ് കിറുക്ക് അഭിനയിക്കുന്നതായി കാണുന്നത്. സ്വന്തം കൗശലത്തെക്കുറിച്ച് ഗർവ്വുള്ള പൊളോണിയസ്സിനെ ഹാംലെറ്റ് കളിയാക്കുകയാണ്. 

(22) ഇവ, ഹാംലറ്റിന്റെ കയ്യിലുള്ള പുസ്തകത്തിലെ വരികളാകണം. വരികളുടെ അർത്ഥം മനസ്സിലാക്കാൻ പ്രയാസമുണ്ട്. ഹാംലെറ്റ് മനഃപൂർവ്വം പിച്ചും പേയും പറയുകയാണെങ്കിലും, ആ പേച്ചിൽ ഒരു യുക്തിയുണ്ട്. "സൂര്യ കിരണംപോലും  ശവത്തിൽ പതിച്ചാൽ, അതിൽ നിന്ന് കീടങ്ങളേ ജനിക്കുള്ളൂ. ലോകം അത്ര മലിനമാണ്," എന്നായിരിക്കണം ഹാംലെറ്റ് ഉദ്ദേശിക്കുന്നത്. 

(23) സ്പെൻസറുടെ ഫെയറി ക്വീൻ  (III - vi): വെയിലുകൊണ്ടുണ്ടായ ഗർഭത്തിൽനിന്ന് പിറന്നവരാണ് അമോറെറ്റും ബെൽഫീബുമെന്ന് ഇതിൽ പറയുന്നുണ്ട്. മഹഭാരതത്തിൽ കുന്തിയേയും സൂര്യൻ (വെയിൽ) ഗർഭിണിയാക്കുന്നുണ്ട്.   

(24) ഞണ്ടുകൾ പിറകോട്ടിഴയാറില്ലാ എന്നത് എല്ലാവർക്കുമറിയാവുന്നതാണ്; അവ വശങ്ങളിലേക്കാണ് നീങ്ങാറ്. 

(25) പക്ഷേ, എന്തെങ്കിലും കാര്യസാദ്ധ്യത്തിനാണ് ഹാംലെറ്റ് ഭ്രാന്ത് നടിക്കുന്നതെന്ന് പൊളോണിയസ് സംശയിക്കുന്നില്ല. 

(26) പുറത്തെ വായുവിൽനിന്ന് അകത്തുള്ള മറ്റേതെങ്കിലും മുറിയിലേക്കെന്നാവണം പൊളോണിയസ് ഉദ്ദേശിച്ചത്. വെളിസ്ഥലത്തുള്ള വായു രോഗികൾക്ക് ഹാനികരമാണെന്ന് കരുതപ്പെട്ടിരുന്നു. 

(27) "ഭ്രാന്തനും, കവിയും, കാമുകനും" ഒരുപോലെ ഭാവനാശക്തിയുള്ളവരാണ്" (A  Midsummer Night's Dream, V. i. 7)  

ഗിൽ: മാന്യപ്രഭോ!

റോസ്: ആദരണീയനായ തിരുമേനീ!

ഹാംലെറ്റ്: ഹാ, ശ്രേഷ്ഠ മിത്രങ്ങളേ! സുഖമല്ലേ, ഗിൽഡൻസ്റ്റേണേ? റോസൻക്രാന്റ്സേ? സുഖമല്ലേ, സുഹൃത്തുക്കളേ?

റോസ്: ഭൂമിയിലെ സാധാരണക്കാരായ എല്ലാവരെയും പോലെ സുഖമാണ്. 

ഗിൽ: മതിമറക്കുന്ന സന്തോഷമില്ലെന്ന സന്തോഷമുണ്ട്. ഭാഗ്യത്തിന്റെ നെറുകയിലെ പൊൻതൂവലല്ലാ ഞങ്ങൾ. 

ഹാംലെറ്റ്: എന്നാൽ, അവളുടെ കാലടിയിലുമല്ല, അല്ലേ(28)? 

റോസ്: അതേ, തിരുമേനീ. 

ഹാംലെറ്റ്: അപ്പൊ, നിങ്ങൾ ഭാഗ്യത്തിന്റെ അരക്കെട്ടിലാണ്, അല്ലേ? അവളുടെ അഭീഷ്ടത്തിനൊത്ത നടുവിൽ(29)? 

ഗിൽ: അവളുടെ സാമാന്യഭടന്മാരാണ് ഞങ്ങൾ. 

ഹാംലെറ്റ്: ഭാഗ്യത്തിന്റെ സാമാനത്തിൽ, അല്ലേ(30)? ഓ, അതു നേരാണല്ലോ; അവളൊരു കൂത്തിച്ചിയാണല്ലോ. ആട്ടെ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ?


(28) ഭാഗ്യം അവരെ ചവിട്ടിയരച്ചിട്ടുമില്ലെന്നു സാരം. 

(29) ലൈംഗികാഭീഷ്ടമാണ് ഉദ്ദേശിക്കപ്പെട്ടത്. 

(30) ഹാംലെറ്റ് സംസാരിക്കുന്നത് ലൈംഗികച്ചുവയോടെയാണ്.  ഗിൽഡൻസ്‌റ്റേൺ  സാമാന്യ ഭടന്മാർ (Privates) എന്നു പറഞ്ഞതിനെ ഹാംലെറ്റ് സാമാനം (private part - രഹസ്യഭാഗം) എന്നാക്കി വളച്ചൊടിക്കുന്നു. അവിടുന്നങ്ങോട്ട്, "തോന്നിയപോലെ ആർക്കും വഴങ്ങുന്ന അഭിസാരികയാണ് ഭാഗ്യം" (Fortune is a strumpet) എന്ന സാമാന്യതത്വത്തിലേക്ക് നീങ്ങുകയാണ് ഹാംലെറ്റ്. 

റോസ്: വിശേഷിച്ചുന്നുമില്ല, തിരുമേനീ; ലോകർ സത്യസന്ധരായിരിക്കുന്നുവെന്നതൊഴിച്ചാൽ. 

ഹാംലെറ്റ്: അപ്പൊ, ലോകാവസാനമടുത്തിരിക്കുന്നു. പക്ഷേ, ഈ വാർത്ത നേരാകാൻ തരമില്ല. ഒരു കാര്യം പ്രത്യേകമായ് ചോദിച്ചോട്ടെ. പ്രിയസുഹൃത്തുക്കളേ, ഈ കാരാഗൃഹത്തിലേക്ക് നിങ്ങളെ പറഞ്ഞയക്കാൻ മാത്രം ക്രുദ്ധയാക്കാൻ ഭാഗദേയത്തോട് നിങ്ങളെന്താണ് ചെയ്തത്?

ഗിൽ: കാര്യഗൃഹമോ, തിരുമേനീ?

ഹാംലെറ്റ്: ഡെന്മാർക്കൊരു കാരാഗൃഹമാണ്. 

റോസ്: അങ്ങനെനോക്കിയാൽ, ലോകം തന്നെ കാരാഗൃഹമാണ്. 

ഹാംലെറ്റ്: വലിയൊരു കാരഗൃഹം.നിരവധി അറകളും ഗുഹകളുമുള്ള ഒന്ന്. അതിലേറ്റവും വഷളായതാണ് ഡെന്മാർക്ക്. 

റോസ്: ഞങ്ങൾക്കങ്ങനെ തോന്നുന്നില്ല, പ്രഭോ. 

ഹാംലെറ്റ്: അപ്പൊ, നിങ്ങൾക്കത് ജയിലറയല്ല. കാരണം, ഒന്നും പ്രകൃത്യാ നല്ലതോ, ചീത്തയോ അല്ല; നമ്മുടെ ചിന്തയാണ് അതിനെ അങ്ങനെയൊക്കെയാക്കുന്നത്. എന്നെ സംബന്ധിച്ച്, ഡെന്മാർക്ക് തടവറയാണ്. 

റോസ്: അങ്ങയുടെ മഹത്വകാംക്ഷയാണ് അതിനെ തടവറയാക്കുന്നത്. അങ്ങയുടെ മനസ്സോളം വലുതല്ല ഡെന്മാർക്ക്. 

ഹാംലെറ്റ്: ചിപ്പിക്കകത്തൊളിച്ചിരുന്നും വിശാലമായ ദേശത്തിന്റെ രാജാവാണ് ഞാനെന്ന് എനിക്ക് സ്വപ്നം കാണാനാകുമായിരുന്നു; ദു:സ്വപ്നങ്ങളെന്നെ വേട്ടയാടിയില്ലായിരുന്നുന്നെങ്കിൽ. 

ഗിൽ: ആ സ്വപ്‌നങ്ങൾ വാസ്തവത്തിൽ മഹത്വകാംക്ഷകളാണ്. മഹത്വകാംക്ഷികൾക്ക് ലഭിക്കുന്നത് സ്വപ്നത്തിന്റെ വെറും ഛായ മാത്രമാണല്ലോ(31).

ഹാംലെറ്റ്: സ്വപ്നവും വെറും ഛായ മാത്രമാണ്. 

റോസ്: അതേ. എന്റെ അഭിപ്രായത്തിൽ, പക്ഷേ, മഹത്വകാംക്ഷ നിഴലിന്റെ നിഴൽ പോലെ ലോലമാണ്. 

ഹാംലെറ്റ്: അങ്ങനെയെങ്കിൽ,  യാചകന്മാരാണ് കായമുള്ളവർ; അവരുടെ ഛായകളാണ്  നമ്മുടെ രാജാക്കന്മാരും വീരന്മാരും(32). നമുക്ക് രാജസദസ്സിലേക്ക് പോയാലോ? സത്യമായും, ഈ യുക്തിസംവാദം തുടരാൻ എനിക്ക് ത്രാണിയില്ല. 

റോസ് & ഗിൽ: ഞങ്ങൾ അങ്ങയെ സേവിക്കാൻ സന്നദ്ധരായ് നിൽക്കുകയാണ്.   

ഹാംലെറ്റ്: അതു വേണ്ട. നിങ്ങളെ ഞാനെന്റെ പരിചാരകരുടെ ഗണത്തിൽപ്പെടുത്തില്ല. നേരു പറയട്ടെ, എന്റെ പരിചാരകർ പിടിപ്പുകെട്ടവരാണ്. പഴയ ചങ്ങാതികളായതുകൊണ്ട് ചോദിക്കട്ടേ, എൽസിനോറിൽ നിങ്ങൾക്കെന്താണ് കാര്യം? 

റോസ്: അങ്ങയെക്കാണാൻ. മറ്റൊരു കാര്യവുമില്ല. 

ഹാംലെറ്റ്: യാചകനായതിനാൽ, എന്റെ കൃതജ്ഞതയ്ക്കും വലിയ വിലയില്ല. എങ്കിലും, ഞാൻ നിങ്ങളോട് നന്ദി പറയുന്നു. നിങ്ങളെ ആരെങ്കിലും വിളിച്ചു വരുത്തിയതാണോ? അതോ, നിങ്ങൾ സ്വമേധയാ, വെറുതേ, വന്നതാണോ? പറയൂ, പറയൂ, എന്നോട് നേരു പറയൂ. അല്ല, പറയെടോ. 

ഗിൽ: എന്തു പറയാൻ, പ്രഭോ?

ഹാംലെറ്റ്: എന്തും; നേരിട്ടൊരുത്തരമായി. നിങ്ങളെ വിളിച്ചു വരുത്തിയതാണ്. നിങ്ങളുടെ മുഖത്തത്തെഴുതിവച്ചിട്ടുണ്ട്. ഉള്ളിലുള്ളത് മറച്ചുവെക്കാനുള്ള സൂത്രം നിങ്ങൾക്കറിയില്ല. എനിക്കറിയാം, പൊന്നു മഹാരാജാവും റാണിയും നിങ്ങളെ വിളിപ്പിച്ചതാണ്.

റോസ്: എന്തിന്, പ്രഭോ?

ഹാംലെറ്റ്: അതു പറയേണ്ടത് നിങ്ങളാണ്.  

(31)  മഹത്വകാംക്ഷിയായ ഒരാൾ, അയാൾ സാക്ഷാൽക്കരിക്കാൻ പുറപ്പെട്ടതിന്റെ നേരിയൊരു നിഴൽ മാത്രമേ യഥാർത്ഥത്തിൽ നേടുന്നുള്ളൂ. 

(32) മഹത്വകാംക്ഷയില്ലാത്തതിനാൽ, യാചകന്മാർക്ക് നിഴലുകളില്ല. അവർ ശരീരം മാത്രമാണ്. മഹത്വകാക്ഷ നിഴലായതുകൊണ്ട്, അതുള്ള  രാജാക്കന്മാർ നിഴലുകളാണ്. അതുകൊണ്ട്, ശരീരമാണ് (കായം) നിഴൽ (ഛായ) വീഴ്ത്തുന്നതെന്നതുകൊണ്ട്, രാജാക്കന്മാരെപ്പോലുള്ളവരെ യാചകരുടെ നിഴലുകളായ്‌ കാണാം. റോസൻക്രാന്റ്സും ഗിൽഡൻസ്റ്റേണും ഹാംലെറ്റിന്റെ നിഗൂഢമായ ഭാഷണം കേട്ട് കുഴക്കിലാകുന്നു. 

നമ്മുടെ സൗഹൃദമരുളുന്ന അവകാശത്തിന്റെ പേരിൽ, നമ്മുടെ ബാല്യകാലത്തെ ഒരുമയുടെ നാമത്തിൽ, പരസ്പരസ്നേഹം അവകാശപ്പെടുന്ന കർത്തവ്യത്തിന്റെ പേരിൽ, എന്നേക്കാൾ വാഗ്‌വിലാസമുള്ളൊരാൾ എങ്ങനെ അപേക്ഷിക്കുമോ, അങ്ങനെ ഞാൻ അപേക്ഷിക്കുകയാണ്, എന്നോട് വളച്ചുകെട്ടാതെ പറയൂ, നിങ്ങളെ വിളിപ്പിച്ചതാണോ, അല്ലയോ?

റോസ്: (ഗില്ലിനോട് സ്വകാര്യമായ്) നീയെന്തു പറയുന്നു?

ഹാംലെറ്റ്: (സ്വഗതം) വേണ്ടാ, നിങ്ങളുടെ മേലെനിക്കൊരു കണ്ണില്ലെന്ന് കരുതണ്ട. (പ്രകാശം) എന്നോട് സ്നേഹമുണ്ടെങ്കിൽ, പറയാതിരിക്കരുത്. 

ഗിൽ: തിരുമേനീ, ഞങ്ങളെ വിളിപ്പിച്ചതാണ്. 

ഹാംലെറ്റ്: എന്തിനാണെന്ന് ഞാൻ പറയാം. രഹസ്യമാക്കിവെക്കാമെന്ന് രാജാവിനും റാണിക്കും നിങ്ങൾ വാക്കുകൊടുത്ത കാര്യം നിങ്ങളായിട്ട് വെളിവാക്കേണ്ടതില്ല. ഈയടുത്തകാലത്തായി, എന്തുകൊണ്ടാണെന്നറിയില്ല, എന്റെ എല്ലാ ഉത്സാഹവും നശിച്ചിരിക്കുന്നു; ശീലങ്ങളും, ദിനചര്യകളും ഞാൻ മറന്നുപോകുന്നു. വിശാലമായ ഈ ഭൂമിയൊരു മരുഭൂമിയായ് അനുഭവപ്പെടുംവിധം ഞാൻ വിഷാദത്തിലാഴ്ന്നു പോകുന്നു. ഉജ്ജ്വലമായ ഈ ആകാശത്തെ നോക്കൂ(33) --- വില്ലുപോലെ വളഞ്ഞിരിക്കുന്ന ഈ വിണ്ടലം, സുവർണ്ണവഹ്നിയാൽ അലംകൃതമായ ഈ അത്യുജ്ജ്വല ചന്ദ്രശാല, വെറും വ്യാധിഭരിതമായ വായുവ്യൂഹമായാണ്(34) എനിക്കനുഭവപ്പെടുന്നത്. എത്ര മഹത്തായ സൃഷ്ടിയാണ് മർത്ത്യൻ! എത്ര കുലീനമാണവന്റെ ചിന്ത! അവന്റെ കഴിവുകൾ എത്രയനന്തം! രൂപത്തിലും ഭാവത്തിലുമെത്ര മനോഹരം! കർമ്മങ്ങളിലെത്ര ദിവ്യം! വിവേകത്തിലെത്ര ദൈവികം! ലോകത്തിലെ അതിസുന്ദരമായ സൃഷ്‌ടി! മൃഗങ്ങളിലെ മഹാമാതൃക! എന്നാൽ, വെറും മണ്ണായ മനുഷ്യൻ(35) എനിക്കെന്താണ്? മനുഷ്യൻ എന്നെ ആനന്ദിപ്പിക്കുന്നില്ല; മനുഷ്യസ്ത്രീയും. പക്ഷേ, നിങ്ങൾ ചിരിക്കുന്നതുകണ്ടാൽ, നിങ്ങളെങ്ങനെ വിചിരിക്കുന്നതുപോലെ തോന്നുന്നു. 

റോസ്‌: അയ്യോ, തിരുമേനീ, ഞാനങ്ങനെയൊന്നും വിചാരിച്ചിട്ടില്ല.

ഹാംലെറ്റ്: പിന്നെ, 'മനുഷ്യനെന്നെ ആനന്ദിപ്പിക്കുന്നില്ലെ'ന്ന് ഞാൻ പറഞ്ഞപ്പോൾ, നീ ചിരിച്ചതെന്തിന്?

റോസ്: മനുഷ്യരങ്ങയെ ആനന്ദിപ്പിക്കുന്നില്ലെങ്കിൽ, വന്നിരിക്കുന്ന നാടകസംഘത്തെ അങ്ങ് എങ്ങനെ സ്വാഗതംചെയ്യുമെന്നോർത്ത് ചിരിച്ചുപോയതാണ്, പ്രഭോ. ഇങ്ങോട്ടു വരുന്ന വഴിക്ക് ഞങ്ങളവരെ കാണുകയുണ്ടായി. അവരങ്ങയെ രസിപ്പിക്കാൻ വരികയാണ്.

ഹാംലെറ്റ്: അക്കൂട്ടത്തിൽ ആര് രാജാവായ് അഭിനയിക്കുന്നുവോ, അവന് വിശേഷാൽ സ്വാഗതം. ആ മഹാരാജൻ എന്നാൽ സമ്മാനിതനാകും(36). സാഹസികനായ യോദ്ധാവ് വാളും പരിചയും ഉപയോഗിക്കണം. കാമുകനാകുന്ന നടന്റെ നിശ്വാസങ്ങളും വെറുതെയാകില്ല(37). രസികന്മാരെയെല്ലാം വിദൂഷകൻ ചിരിപ്പിക്കേണ്ടതാണ്. നായിക എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുള്ളവളായിരിക്കണം. അതല്ലെങ്കിൽ ഞാൻ നാടകം തടയുന്നതായിരിക്കും. ഇതേതു നാടകസംഘമാണ്?

റോസ്: അങ്ങ് പണ്ടിഷ്ടപ്പെട്ടിരുന്ന അതേ നാടകക്കാർ, ദുരന്തനാടകങ്ങൾ കളിക്കുന്ന, നഗരവാസികളായ, നടന്മാർ.  

ഹാംലെറ്റ്: അവരെന്തിനാണിങ്ങനെ സഞ്ചരിക്കുന്നത്? നഗരത്തിലാണല്ലോ അവർക്ക് പണവും പ്രശസ്തിയും?

റോസ്: നഗരത്തിലെ പുതിയ പരിഷ്‌കാരങ്ങൾ അവർക്കവിടെ പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 

ഹാംലെറ്റ്: ഞാൻ നഗരത്തിലുണ്ടായിരുന്നപ്പോൾ അവർക്കുണ്ടായിരുന്ന അതേ പ്രശസ്തി അവർക്കിപ്പോഴുമുണ്ടോ? അവരെക്കാണാൻ ആളുകളിപ്പോഴും തടിച്ചുകൂടുന്നുണ്ടോ?

റോസ്: അതില്ല; സത്യം പറയാമല്ലോ. 

ഹാംലെറ്റ്: എന്തേ? തുരുമ്പു പിടിച്ചുപോയോ?



(33) എലിസബത്തൻ നാടകവേദിയുടെ ചാഞ്ഞുനിൽക്കുന്ന മേൽക്കൂര 'ആകാശം'  ആയാണ് അറിയപ്പെട്ടിരുന്നത്. അവിടെ നക്ഷത്രങ്ങൾ വരച്ചുവെച്ചിട്ടുണ്ടാകണം. 

(34) വായുവാണ് രോഗങ്ങളെ വഹിക്കുന്നതും വ്യപിപ്പിക്കുന്നതുമെന്ന് അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു. 

(35) 'മനുഷ്യാ, നീ മണ്ണാകുന്നു; മണ്ണിലേക്കു തന്നെ തിരിച്ചുപോകും': ഉൽപ്പത്തിപുസ്തകം  3:19. 

(36) ഹാംലെറ്റ് രാജകുമാരൻ ആ രാജാവിന് വേതനം നൽകും. 

(37) ആ നടനും പണം ലഭിക്കും. 


റോസ്: ഹേയ്, ഇല്ല. അവരുടെ ഉദ്യമങ്ങൾ ആൾക്കാർ  പഴയതുപോലെതന്നെ  ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ, ഇപ്പോഴവർക്ക് എതിരാളികളുണ്ട്. പരുന്തു കുഞ്ഞുങ്ങളെപ്പോലുള്ള ഒരു കൂട്ടം കുട്ടികൾ. അവറ്റകൾ അവരുടെ സംഭാഷണങ്ങൾ ഉച്ചത്തിൽ വിളിച്ചു കൂവും;  അതിനു കിട്ടുന്ന കയ്യടിയോ, അയ്യോ, ഭീകരം!  ഇക്കാലത്ത് ഇതാണ് പരിഷ്കാരം. പൊതുനാടകവേദികളിൽ(38) അവരുടെ വാഴ്ചയാണിപ്പോൾ. ഈ കുട്ടികൾക്കു വേണ്ടി നാടകമെഴുതുന്നവർ എഴുതിക്കൂട്ടുന്ന പരിഹാസങ്ങൾ പേടിച്ച് മാന്യന്മാരായവരാരും പൊതുവേദികളിലെ നാടകങ്ങൾ കാണാൻ പോകാറില്ല(39).   

ഹാംലെറ്റ്: എന്ത്?  ശരിക്കും ബാലനടന്മാരോ? ആരാണിവരുടെ രക്ഷകർത്താക്കൾ? ഇവരെ സാമ്പത്തികമായ് സഹായിക്കുന്നതാര്? പ്രായപൂർത്തിയെത്തി ഈ കുട്ടികളുടെ സ്വരം മാറുമ്പോൾ, ഇവരഭിനയം നിർത്തുമോ? ഇനി, അഥവാ, അവർ വളർന്ന് വലിയ നടന്മാരായാൽത്തന്നെ, തങ്ങൾ ചെയ്യുന്ന തൊഴിലിനെ അപമാനിച്ചു സംസാരിക്കാൻ പ്രേരിപ്പിച്ചതിന്റെ പേരിൽ ഇവർ നാടകകൃത്തുക്കൾക്കെതിരേ തിരിയില്ലേ?

റോസ്: ഇതേച്ചൊല്ലി പ്രേക്ഷകർക്കിടയിൽ കൊണ്ടുപിടിച്ച തർക്കം  നടക്കുന്നുണ്ട്. ഇരുവശത്തും വാദങ്ങൾ ശക്തമാണ്. നടനും നാടകകൃത്തും തമ്മിലുള്ള അത്തരമൊരു വാഗ്വാദം നാടകത്തിലില്ലെങ്കിൽ, അതു കാണാൻ ആളുണ്ടാകില്ലെന്ന നിലവരെയുണ്ടായിട്ടുണ്ട്. 

ഹാംലെറ്റ്: അതേയോ?

ഗിൽ: തലകൾ കൂട്ടിയിടിക്കുന്ന ധാരാളം സന്ദർഭങ്ങളുണ്ടായിട്ടുണ്ട്(40).     

ഹാംലെറ്റ്: തർക്കത്തിൽ കുട്ടികൾക്കാണോ ജയം?

റോസ്: ഉവ്വ്, തിരുമേനീ. അവരാണിപ്പോൾ ഹെർക്കുലീസിനെപ്പോലെ നാടകലോകത്തെ തോളിലേറ്റുന്നത്(41). 

ഹാംലെറ്റ്: അതിലൊന്നും ഒരത്ഭുതവുമില്ല. എന്റെ അമ്മാവനാണ് ഇപ്പോൾ ഡെന്മാർക്കിന്റെ രാജാവ്.  എന്റെ അച്ഛനുള്ള കാലത്ത് അങ്ങേരെ നോക്കി കോക്രി കാട്ടിയിരുന്നവരിപ്പോൾ, അയാളുടെയൊരു ഛായാപടത്തിനുവേണ്ടി ഇരുപതോ, നാൽപ്പതോ, അമ്പതോ, എന്തിന്, നൂറോ വെള്ളിക്കാശ് കൊടുക്കാൻ തയ്യാറാണ്. കർത്താവേ! ഇതിലെന്തോ പന്തികേടുണ്ട്. എന്താണെന്ന് യുക്തിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞെങ്കിൽ!

നാടകസംഘത്തിന്റെ വരവു സൂചിപ്പിച്ചുകൊണ്ടുള്ള വാദ്യകോലാഹലം.

(38) കുട്ടികൾ നടന്മാരായുള്ള നാടകക്കമ്പനികൾ കളിക്കുന്ന വേദികൾ. 

(39) കുട്ടിനടന്മാരുടെ വിജയത്തെക്കുറിച്ചുള്ള ഈ ചർച്ച ഇവിടെ അനാവശ്യമാണ്. ഇത് ഷേക്‌സ്‌പിയറുടെ വ്യക്തിഗതമായ കടുത്ത പരിഭവമായിരിക്കണം.

(40) അത്തരം വാഗ്വാദങ്ങൾ ഒരു പാടുണ്ടായിട്ടുണ്ട്. 

(41) അറ്റ്ലസിനു പകരം, ഭൂഗോളത്തെ തോളിലേറ്റുന്ന ഹെർക്കുലീസാണ് "ഗ്ലോബ് തിയേറ്ററിന്റെ" ചിഹ്നം. കുട്ടിനാടകക്കമ്പനികളുടെ വിജയം ഷേക്സ്പിയറുടെ കമ്പനിയെ ബാധിച്ചതിന്റെ സൂചന ഇതിലുണ്ട്. 

ഗിൽ: നാടകക്കാർ, ഇതാ, എത്തിയിയിരിക്കുന്നൂ, പ്രഭോ.

ഹാംലെറ്റ്: ശ്രീമാന്മാരേ, നിങ്ങൾക്ക് എൽസിനോറിലേക്ക് സ്വാഗതം. വരൂ, കൈ തരൂ. വിധിയാംവണ്ണം സ്വാഗതം ചെയ്യുകയെന്നതാണല്ലോ ആചാരവും മര്യാദയും. അതിനാൽ, ആചാരോപചാരങ്ങൾ ഉചിതമായ് നടക്കട്ടെ(42). അഭിനേതാക്കൾക്ക് ഞാൻ കൊടുക്കുന്ന സ്വീകരണം കണ്ട് , നിങ്ങളെക്കണ്ടതിനേക്കാൾ സന്തോഷം അവരെ കാണുന്നതിലാണെന്ന് ആശങ്കിക്കരുത്. നിങ്ങൾക്കിവിടേക്ക് വീണ്ടും സ്വാഗതം. പക്ഷേ, എന്റെ അമ്മാവനായ അച്ഛനും, എന്റെ അമ്മയായ അമ്മാവിക്കും തെറ്റുപറ്റിപ്പോയി. 

ഗിൽ: എന്തു കാര്യത്തിൽ, പൊന്നുതിരുമേനീ? 

ഹാംലെറ്റ്: വടക്കുപടിഞ്ഞാട്ട് തിരിയുമ്പോഴേ എനിക്ക് കിറുക്കുള്ളൂ(43). കാറ്റ് തെക്കോട്ട് വീശുമ്പോൾ, എനിക്ക് പ്രാവിനെയും പ്രാപ്പിടിയനേയും തിരിച്ചറിയാം(44).

പൊളോണിയസ് പ്രവേശിക്കുന്നു.

പൊളോണിയസ്: മാന്യരേ, നിങ്ങൾക്ക് സുഖമെന്ന് വിശ്വസിക്കുന്നു.

ഹാംലെറ്റ്: ശ്രദ്ധിക്കൂ, ഗിൽഡൻസ്റ്റേണേ, നീയും റോസൻക്രാന്റ്സേ, കാതുകൂർപ്പിച്ചു കേൾക്കൂ. ഈ കാണുന്ന വലിയ കുട്ടിയുണ്ടല്ലോ, ആ കുട്ടിക്ക് മുലപ്പാൽമണം മണം മാറിയിട്ടില്ല. 

റോസ്: ഓ, അദ്ദേഹത്തിനിത് രണ്ടാമത്തെ ബാല്യമാണ്. വാർദ്ധക്യം രണ്ടാം ബാല്യമെന്നല്ലേ പറയാറ്. 

ഹാംലെറ്റ്: നാടൻമാരെക്കുറിച്ച് പറയാനാണ് അയാളുടെ പുറപ്പാടെന്നാണ് എനിക്കു തോന്നുന്നത്. നോക്കിക്കോ. (പൊളോണിയസ് പ്രവേശിക്കുമ്പോൾ, ഹാംലെറ്റ് ചങ്ങാതികളോട് സംസാരിക്കുന്നതായി നടിക്കുന്നു.) പറഞ്ഞത് ശരിയാണെടോ, തിങ്കളാഴ്ച രാവിലെ തന്നെ. 

പൊളോണിയസ്: പ്രഭോ, ഒരു വിശേഷമുണ്ട്. 

ഹാംലെറ്റ്: ഒരു വിശേഷമുണ്ട് പ്രഭോ. റോഷ്യസ്(45)  റോമിലെ നടനായിരിക്കുന്ന കാലത്ത് --- 

പൊളോണിയസ്: നാടകക്കാർ ഇവിടെ എത്തിച്ചേർന്നിരിക്കുന്നൂ, പ്രഭോ. 

ഹാംലെറ്റ്: ഛേ, ഛേ.

പൊളോണിയസ്: എന്നാണേ --- 

ഹാംലെറ്റ്: അങ്ങനെ ഓരോ നടനും ഇരുന്നുകൊണ്ട് പ്രവേശിച്ചിരിക്കുന്നു.  

പൊളോണിയസ്: ലോകത്തിലെ മഹാനടന്മാർ. (46)ദുരന്തനാടകമാകട്ടെ, ഹാസ്യനാടകമാകട്ടെ, ചരിത്രമാകട്ടെ, ഗ്രാമീണ നാടകമാകട്ടെ, ഗ്രാമീണഹാസ്യനാടകമാകട്ടെ, ഗ്രാമീണചരിത്രനാടകമാകട്ടെ, ദുരന്തചരിത്രനാടകമാകട്ടെ, ദുരന്തഹാസ്യഗ്രാമീണചരിത്രനാടകമാട്ടെ, ഇവരിതൊക്കെ അഭിനയിക്കും. രംഗമാറ്റമില്ലാത്ത നാടകങ്ങളും, കാവ്യനാടകങ്ങളും(47) ഇവർക്കു വഴങ്ങും.  

(42) സ്വാഗതം ചെയ്യാൻ ഹസ്‌തദാനം നൽകുക എന്ന ആചാരം.  

(43) തനിക്ക് ഭ്രാന്തില്ലെന്ന് പറയുമ്പോഴും ഭ്രാന്തുണ്ടെന്ന് മറ്റുള്ളവർ വിചാരിക്കണമെന്നാണ് ഹാംലെറ്റ് ഉദ്ദേശിക്കുന്നത്. "വടക്കുപടിഞ്ഞാട്ട് തിരിയുമ്പോഴേ എനിക്ക് കിറുക്കുള്ളൂ", അതായത്, "എനിക്ക്  ചില്ലറ ദിശാഭ്രമമേ ഉള്ളൂ."

(44) "ഞാൻ കിറുക്കനാണെങ്കിലും എനിക്ക് നല്ല ചങ്ങാതിമാരെയും കള്ളച്ചങ്ങാതികളെയും തിരിച്ചറിയാം."

(45) റോഷ്യസ് - റോസ്‌കിയസ്എന്നും പറയും - റോമിലെ പ്രശസ്തനായ ഹാസ്യനടൻ. മഹാനടന്മാരെ റോഷ്യസ് എന്ന് വിശേഷിപ്പിക്കാറുണ്ട്. ക്വിൻറ്റസ് റോഷ്യസ് ഗാലസ് എന്നാണ് പൂർണ്ണനാമം.  

(46)  യൂറോപ്യൻ നവോത്ഥാന കാലത്ത് നാടകങ്ങളെ തരംതിരിക്കുന്ന രീതിയെ കളിയാക്കുന്നതാണ് ഈ സംഭാഷണം. 

(47) സ്ഥലകാല ഏകത്വം പാലിക്കാത്ത, ഷേക്സ്പിയറുടേതു പോലുള്ള, നാടകങ്ങൾ. 

ഇവർക്ക് സെനക്കാ(48) അത്ര ഭാരിച്ച എഴുത്തുകാരനല്ല; പ്ലോട്ടസ്സ് (49) ലാഘവബുദ്ധിയുള്ളവനുമല്ല.   യാഥാസ്ഥിതിക നാടകങ്ങളയാലൂം(50), സ്വാതന്ത്ര നാടകങ്ങളായാലും(51), അഭിനയിക്കാൻ ഇവരെക്കഴിഞ്ഞേ ആളുള്ളൂ. 

ഹാംലെറ്റ്: ഇസ്രായേലിന്റെ ന്യായാധിപനായ, ഓ, ജെഫ്‌താ(52), നിനക്കുണ്ടായിരുന്നത് എന്തൊരു നിധിയായിരുന്നു!

പൊളോണിയസ്: എന്തായിരുന്നൂ അയാളുടെ നിധി, തിരുമേനീ? 

ഹാംലെറ്റ്: അതോ (പാടുന്നു)

നല്ലവളായൊരു മകൾ മാത്രം; 
ആരെക്കാളും കൂടുതലായ് 
അവളെ അയാൾ സ്നേഹിച്ചു
(54). 

പൊളോണിയസ്: (സ്വഗതം) എന്റെ മകളെ ഇപ്പോഴും വിടാതെ പിടിച്ചിരിക്കുകയാണ്. 

ഹാംലെറ്റ്: ഞാൻ പറഞ്ഞത് ശരിയല്ലേ, വയസ്സൻ ജെഫ്‌താ?

പൊളോണിയസ്: അങ്ങെന്നെ ജെഫ്‌താ എന്നു വിളിക്കുകയാണെങ്കിൽ, എനിക്കും, ആരേക്കാളും പ്രിയമുള്ള, ഒരു മകളുണ്ട്. 

ഹാംലെറ്റ്: അല്ല, അതങ്ങനെയല്ലല്ലോ(53).

പൊളോണിയസ്: പിന്നെങ്ങനെയാണ്, തിരുമേനീ?

ഹാംലെറ്റ്: അതോ,

യാദൃച്ഛികമായെന്നോണം 
ദൈവത്തിനതറിയാനായ്  

ആ വരികൾക്കു ശേഷം അതിങ്ങനെയാണ് .

ഉദ്ദേശിച്ചതുപോൽത്തന്നെ 
കാര്യം വന്നു ഭവിച്ചല്ലോ.

ബാക്കിയുള്ള വരികൾ  കിട്ടാൻ ദൈവികമായ ആ ഗാനത്തിന്റെ  ആദ്യ ഭാഗം  നോക്കിയാൽ മതി. ഇനി ചൊല്ലാൻ എനിക്കാവില്ല. ദാ, നോക്കൂ, എനിക്കുള്ള വിനോദവിരുന്നെത്തിക്കഴിഞ്ഞു. 

അഭിനേതാക്കൾ പ്രവേശിക്കുന്നു 


(48) സെനക്കയുടെ പത്തു ദുരന്തനാടകങ്ങൾ ഷേക്സ്പിയറുടെ കാലത്ത്, ഈസ്കിലസ്, സോഫോക്ളീസ്, യൂറിപ്പിഡീസ് എന്നിവരുടെ നാടകങ്ങളെക്കാൾ, പ്രസിദ്ധമായിരുന്നു. 

(49) പ്ലോട്ടസ് , ടെറൻസ് എന്നീ ഇറ്റലിക്കാരായ രണ്ടു ഹാസ്യ നാടകകൃത്തുക്കൾ എലിസബത്തൻ നാടകങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഷേക്സ്പിയറുടെ The Comedy of Errors പ്ലോട്ടസ്സിന്റെ നാടകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.  

(50) ബെൻ ജോൺസണിന്റേതുപോലുള്ള നാടകങ്ങൾ 

(51) ഷേക്സ്പിയറുടേതുപോലുള്ള നാടകങ്ങൾ 

(52) ഇസ്രായേലിന്റെ ന്യായാധിപൻ ജെഫ്‌ത, യഹോവയ്‌ക്ക് ഒരു വാക്കു കൊടുത്തിരുന്നു: അമനൈറ്റുകൾക്കു മേൽ വിജയം വരിച്ചാൽ, തന്നെ കാണാൻ ആദ്യമെത്തുന്ന ജീവിയെ താൻ ബലികഴിക്കും (ന്യായാധിപന്മാർ II.9 -40). ആദ്യം വന്നത് അയാളുടെ സ്വന്തം മകളായിരുന്നു. 

(53) താൻ ചൊല്ലിയ കവിതയിലെ അടുത്തവരി പൊളോണിയസ് പറഞ്ഞതുപോലെയല്ലെന്നാണ് ഹാംലെറ്റ് പറയുന്നത്.

(54) 1624ൽ പ്രത്യക്ഷപ്പെട്ട "ജെഫ്‌താ, ഇസ്രായേൽ ന്യായാധിപൻ" എന്ന കഥാഗീതത്തിലെ വരികൾ. 

ഹാംലെറ്റ്: സ്വാഗതം, ആശാന്മാരേ, സ്വാഗതം. എല്ലാവർക്കും സ്വാഗതം. (ഒരു നടനോട്) കണ്ടതിൽ വളരെ സന്തോഷം. (എല്ലാവരോടുമായി) പൊന്നു ചങ്ങാതിമാരേ, സ്വാഗതം. (മറ്റൊരു നടനോട്) ഓ, ഇതു നമ്മുടെ പഴയ സുഹൃത്തല്ലേ. അല്ലാ, ഞാൻ പണ്ടു കണ്ടപ്പോൾ ഈ താടിയില്ലായിരുന്നു.  ഡെന്മാർക്കിൽ വന്ന് എന്നെ താടി കാട്ടി പേടിപ്പിക്കാനെത്തിയതാണോ(55)? (സ്ത്രീവേഷ ധാരിയായ ബാലനടനോട്) കൊച്ചുപെൺകുട്ടി എന്തു പറയുന്നു? എന്റെ കന്യാമാതാവേ! ഞാനന്ന് കണ്ടതിനേക്കാൾ നീ,, ഉന്നതപാദുകമൊക്കെയിട്ട്(56),  ആകാശം മുട്ടി വളർന്നല്ലോ! പൊട്ടാത്ത പൊൻനാണയം പോലുള്ള നിന്റെ ശബ്ദം പരുക്കാനാകാതിരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം. (നാടകസംഘത്തോട് പൊതുവേ) അപ്പൊ, ആശാന്മാരേ, നിങ്ങൾ ഓരോരുത്തർക്കും സ്വാഗതം. കാര്യത്തിലേക്ക് കടക്കാം. ഫ്രഞ്ച് പക്ഷിവേട്ടക്കാരെപ്പോലെ എനിക്കും പ്രത്യേകമായ അഭിരുചിയില്ല(57).  മനസ്സിൽ പാറിപ്പറക്കുന്നതെന്തായാലും, അതു മതി. നേരെ, ഒരു സംഭാഷണത്തിലേക്ക് കടക്കൂ. തുടങ്ങിയാട്ടേ, നിങ്ങളുടെ ചാതുര്യം ഞാനൊന്നു കാണട്ടെ. വികാരത്തള്ളിച്ചയുള്ള ഒരു സംഭാഷണം ഇങ്ങു പോരട്ടേ. 

ഒന്നാമത്തെ നടൻ: ഏതു സംഭാഷണം, അങ്ങുന്നേ? 

ഹാംലെറ്റ്: ഒരിക്കൽ നിങ്ങളെനിക്കുവേണ്ടിയൊരു ഭാഗം ചൊല്ലിയഭിനയിച്ചതോർക്കുന്നു. വേദിയിൽ അവതരിപ്പിച്ചതല്ല. ഇനി, അഥവാ, അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ അതൊരു തവണ മാത്രമായിരിക്കണം. ആൾക്കൂട്ടത്തിന് ആ നാടകം തീരെ പിടിച്ചില്ലെന്നാണെന്റെ ഓർമ്മ. പാവം പൊതുജനത്തിന് അത് വിശിഷ്ടഭോജ്യം(58) പോലെയായിരുന്നു. പക്ഷേ, എനിക്കും, എന്നേക്കാൾ ഇക്കാര്യങ്ങളിൽ ആധികാരികസ്വരമുള്ള  മറ്റുചിലർക്കും അത് മികച്ചൊരു നാടകമായിരുന്നു. രംഗങ്ങളെല്ലാം സുഘടിതമായിരുന്നു; രചനയിൽ മിതത്വവും കൗശലവുമുണ്ടായിരുന്നു. കാര്യം രുചികരമാക്കാൻ വേണ്ടത്ര എരിവുള്ള നർമ്മം അതിലില്ലെന്ന് ഒരാൾ അഭിപ്രായപ്പെട്ടത് ഞാനോർക്കുന്നു; ഭാഷയിൽ പരിഷ്കാരമില്ലന്നും അയാൾ പറഞ്ഞു. എങ്കിലും, സത്യസന്ധമായ ഒരേർപ്പാടെന്നാണ് അയാളും അതേക്കുറിച്ചു പറഞ്ഞത്. മധുരപലഹാരം പോലെ സുഖദായകം; ആഡംബരമില്ലാത്തവിധം സുന്ദരം. അതിലെയൊരു സംഭാഷണശകലം എന്നെ പ്രത്യേകിച്ചും ഹഠാദാകർഷിച്ചു. ഡൈഡോയോട് ഐനിസ് കഥ പറയുന്ന ഭാഗം(59); വിശേഷിച്ച്, പ്രീമിന്റെ വധത്തെക്കുറിച്ചുള്ള സംഭാഷണം. നിങ്ങൾക്കതോർമ്മയുണ്ടെങ്കിൽ  അവിടെത്തുടങ്ങാം --- അതെങ്ങനെയാ തുടങ്ങുന്നത് ---നോക്കട്ടേ . . .  വ്യാഘ്രത്തെപ്പോലെ ഘോരനായ പിറസ് . . . അല്ല, അങ്ങനെയല്ല . . . പിറസ്സുകൊണ്ടാണ് തുടക്കമെന്നറിയാം.  ങാ,

ഘോരരൂപിയായ പിറസ് , തന്റെ കാമനപോലെ തന്നെ കറുത്ത പടച്ചട്ടയിട്ട്  അശ്വത്തിനകത്തുപവിഷ്ടനായപ്പോൾ (60), രാത്രിയെപ്പോലെതോന്നിച്ചു.  
ഘോരമായ തന്റെ പടച്ചട്ടയ്‌ക്കു മീതെ അതിലും ഘോരമായ കുലചിഹ്നങ്ങൾ  അവൻ പതിച്ചു. ഇപ്പോഴവൻ അടിമുടി രക്തവർണ്ണമായി; അച്ഛനമ്മമാരുടേയും ആൺപെൺമക്കളുടെയും ചോരകൊണ്ട്,  തെരുവുകളിലാളിയ തീക്കാറ്റേറ്റ് കട്ടപിടിച്ച ചോരകൊണ്ട്, രാജാവിന്റെ ശിരച്ഛേദത്തിന് വെളിച്ചം പകരുന്ന ഘോരമായ ആ നരകാഗ്നി കട്ടപിടിപ്പിച്ചചോരകൊണ്ട്, അലംകൃതനായി.  തീയിലും പകയിലും നീറി, ചോരയിൽപ്പുതഞ്ഞ്, മാണിക്യംപോലെ ചുവന്ന കണ്ണുകളുമായ്, നരകം ബാധിച്ച പിറസ്, അപ്പൂപ്പൻ പ്രീമിനെ തിരഞ്ഞുപോവുകയാണ്.   
   
ഇനിയങ്ങോട്ട് തുടങ്ങിക്കോളൂ. 

പൊളോണിയസ്: എന്റെ കർത്താവേ! നന്നയിരിക്കുന്നു, തിരുമേനീ. ഉച്ചാരണം കിറുകൃത്യം; അർത്ഥസമ്പുഷ്ടം.  

(55) 'Beard me in Denmark' എന്നത് 'beard the lion in his den ' എന്നതിന്റെ വകഭേദമാണ്. സിംഹത്തെ അതിന്റെ മടയിൽച്ചെന്ന് വെല്ലുവിളിക്കുക എന്നർത്ഥം. 

(56) വെനീഷ്യൻ ശൈലിയിലുള്ള, അടി ഉയരമുള്ള, പെൺപാദുകങ്ങൾ. 

(57)  ഫ്രഞ്ച് വേട്ടക്കാർ(falconers), ബ്രിട്ടീഷുകാരുടെ അഭിപ്രായത്തിൽ, വേട്ടപ്പക്ഷിക്ക് (falcon) വേട്ടയാടാൻ ഇന്ന ഇര വേണമെന്ന നിർബന്ധമുള്ളവരല്ല. ഹാംലറ്റും നടന്മാർ ഇന്ന സംഭാഷണം അവതരിപ്പിക്കണമെന്ന് നിർബന്ധിക്കുന്നില്ല.  

(58) Caviar = മത്സ്യമുട്ടകൾ കൊണ്ടുള്ള വിശിഷ്ടഭോജ്യം. ഷേക്സ്പിയറുടെ കാലത്താണ് ഇത് ഇംഗ്ലണ്ടിൽ പ്രചരിക്കുന്നത്. അതാസ്വദിക്കാനുള്ള  അഭിരുചി ആർജ്ജിക്കാത്തവർക്ക്, അത് അപ്രിയമായ് ഭവിക്കും. 

(59) വെർജിലിന്റെ അനിയഡ് (Aenid) 2 & 3:  അകിലീസിന്റെ(Achilles) മകൻ പിറസ്(Pyrrhus), പ്രീം(Priam) രാജാവിനെ കൊല്ലുന്ന കഥ. ഒരു മകൻ അച്ഛനു വേണ്ടി പ്രതികാരം ചെയ്യുന്ന കഥ.  വെർജിലിൽനിന്നും ഷേക്സ്പിയർ പലതും കടമെടുത്തിട്ടുണ്ട്. 

(60) അശ്വത്തിനകത്ത് - ട്രോയിയിലേക്ക് കടക്കാനുപയോഗിച്ച ട്രോജൻ കുതിരക്കകത്ത്.    

ഒന്നാം നടൻ: താമസം വിനാ അയാൾ യവനന്മാരെ വീഴ്ത്താൻ പണിപ്പെടുന്ന. പ്രീമിനെ കാണുകയാണ്. പഴക്കം ചെന്ന അദ്ദേഹത്തിന്റെ ഖഡ്‌ഗം, തന്റെ ആജ്ഞകളനുസരിക്കാൻ കൂട്ടാക്കാതെ, ഭാരം താങ്ങാനാകാത്ത കയ്യിൽനിന്നൂർന്നു നിലംപതിച്ചിക്കുന്നു. പ്രീമും പിറസ്സും --- തുല്യരല്ലാത്ത രണ്ടെതിരാളികൾ. പ്രീമിനെതിരെ പിറസ് കുതിക്കുകയാണ്, ക്രോധത്താൽ വെട്ടിയ വെട്ട് ലക്ഷ്യത്തിലെത്താതെ പോകുന്നു. എങ്കിലും, അയാളുടെ ഭീകരഖഡ്‌ഗത്തിന്റെ കാറ്റേറ്റ് വയസ്സൻ രാജാവ് വീണുപോകുന്നു. ആ   മാരകാഘാതം ഏറ്റതുപോലെ, ബോധമസ്തമിച്ച ട്രോയ് നഗരം അഗ്നിബാധയിൽ നിലമൊത്തുന്നു. ആ പതനത്തിന്റെ ആക്രന്ദനം പിറസിന്റെ ശ്രദ്ധ തിരിക്കുന്നു. ഇതാ, ഇപ്പോൾ, വൃദ്ധനായ ആദരണീയ പ്രീമിന്റെ ധവള ശിരസ്സിലേക്ക് ആഞ്ഞു വീഴാൻ തുനിയുന്ന അയാളുടെ  ഖഡ്‌ഗം വായുവിൽ നിശ്ചലമായ് നിലകൊള്ളുന്നു. ചിത്രത്തിൽ വരച്ചവച്ച ഒരുഗ്ര പീഡകനെപ്പോലെ(61) നിശ്ചലം മരുവുകയാണ് പിറസ്. തന്റെ ഇച്ഛയ്ക്കും ധർമ്മത്തിനുമിടയിൽ ആശങ്കപ്പെട്ട്  അയാൾ കർമ്മവിമുഖനായ് അങ്ങനെ നിലകൊണ്ടു(62).  പലപ്പോഴും നാം കാണാറില്ലേ, കൊടുങ്കാറ്റിനു മുമ്പുള്ള  ആകാശത്തിലെ ഘനഃ ശാന്തത. മേഘങ്ങൾ അനങ്ങാതിരിക്കും; കുതറുന്ന കാറ്റ് ശമിക്കും; ഭൂമി മൃതുവെപ്പോലെ മൂകമായിരിക്കും. പക്ഷേ, പൊടുന്നനെ, ഇടിവെട്ടുകൊണ്ട് വിണ്ടലം വിണ്ടുകീറും. അതുപോലെ, പിറസിന്റെ പ്രതികാരരോഷം പുനർജ്ജനിച്ചു. അയാൾ വീണ്ടും കർമ്മസന്നദ്ധനായി. പിറസിന്റെ രുധിരമിറ്റുന്ന ഖഡ്‌ഗം പ്രീമിനുമേൽ പതിച്ചു. രണദേവനു വേണ്ടി സൈക്ലോപ്സുകൾ(63) അവിനാശിയായ ആയുധമുണ്ടാക്കിയ കാലത്തുപോലും ചുറ്റിക ഇത്ര ക്രൂരമായ് വീണിരുന്നില്ല. കടന്നുപോകൂ, പോകൂ, അഭിസാരികയായ ഭാഗ്യദേവതേ! സർവ്വദേവതകളേ, നിങ്ങളെല്ലാം ചേർന്ന് ഈ അഭിസാരികയെ നിർവീര്യമാക്കിയാലും! അവളുടെ ഭാഗ്യചക്രത്തിലെ കമ്പുകളെല്ലാം തകർത്തുകളഞ്ഞ് (64) അതിനെ സ്വർഗ്ഗപർവ്വതത്തിൽനിന്ന് നരകകൂപത്തിലേക്ക് ഉരുട്ടിയിട്ടാലും. 

പൊളോണിയസ്: ഈ സംഭാഷണം വളരെ ദീർഘിച്ചതാണ്. 

ഹാംലെറ്റ്: ഇതും, നിങ്ങളുടെ താടിയും വെട്ടിച്ചുരുക്കാൻ ക്ഷുരകനെ ഏൽപ്പിക്കാം. ദയവായി, സംഭാഷണം തുടരൂ. ഹാസ്യനൃത്തമോ, രതിപ്രധാനരംഗമോ ഇല്ലെങ്കിൽ ഇങ്ങേർക്ക് ഉറക്കം വരും. നിങ്ങൾ തുടരൂ. ഹെക്യൂബയിലേക്ക് വരൂ(65)

(61) വെട്ടാൻ വാളോങ്ങിനിൽക്കുന്ന, എന്നാൽ വാൾ താഴേക്ക് പതിക്കാതെയുള്ള, പീഡകന്റെ ചിത്രത്തിലുള്ള അവസ്ഥാരീതി.  

(62) ഇവിടെ, ക്ഷണനേരത്തേക്ക്, പിറസ്സും ഹാംലെറ്റും തമ്മിലുള്ള സാമ്യം  നമുക്കു കാണാം. ഇച്ഛയ്ക്കും കർത്തവ്യത്തിനുമിടയിൽ കർമ്മവിമുഖനായ് നിലകൊള്ളുന്നവനാണല്ലോ ഹാംലെറ്റും. 

(63) സൈക്ലോപ്സുകൾ: ഒറ്റക്കണ്ണുള്ള അസുരവർഗ്ഗം. ഇവർ ദേവന്മാർക്ക് 

ആയുധമുണ്ടാക്കുന്നതിൽ രണദേവനെ (Mars) സഹായിച്ചവരാണ്. 

(64) ഭാഗ്യദേവത ഒരു ചക്രത്തിനുമേൽ സ്ഥിതിചെയുന്നതായാണ് സങ്കല്പം.  

(65) ഹെക്യൂബ: പ്രീമിന്റെ പത്നി. 


ഒന്നാം നടൻ: ഹാ, ഹാ! കഷ്ടം! മുഖപടമണിഞ്ഞ മഹാറാണി ---

ഹാംലെറ്റ്: മുഖപടമണിഞ്ഞ മഹാറാണിയോ?

പൊളോണിയസ്: അത് ഭേഷായി. 'മുഖപടമണിഞ്ഞ മഹാറാണി', ഭേഷ്. 

ഒന്നാം നടൻ: അവർ നഗ്നപാദയായ്, കിരീടമിരുന്ന ശിരസ്സിലൊരു ശകലം തുണിയുമായ്, പ്രസവപീഡയാൽ ക്ഷീണിച്ച ദേഹം(66) വെറുമൊരു കമ്പളംകൊണ്ട് പൊതിഞ്ഞ്, ധാരധാരയായുതിരുന്ന കണ്ണീരുകൊണ്ട് തീയണക്കാനെന്നപോലെഅങ്ങുമിങ്ങുമോടുന്നത് കണ്ടവരാരും ഭാഗ്യദേവതയെ വിഷലിപ്തമായ നാവുകൊണ്ട് ആക്രോശിച്ചു ശപിക്കാതിരിക്കില്ല. തന്റെ ഭർത്താവിന്റെ കരചരണങ്ങൾ ക്രൂരരസത്തോടെ പിറസ് ഇഞ്ചിഞ്ചായ് അരിഞ്ഞു തള്ളുമ്പോൾ അവർ ആർത്തലച്ചു കരയുന്നതു കണ്ടാൽ, താരകൾ പോലും തപ്തബാഷ്പമൊഴുക്കിയേനെ. മനുഷ്യരോട്  സഹാനുഭൂതിയുള്ളവരാണെങ്കിൽ ദേവതകളെങ്കിൽ, അവരും തപിച്ചേനെ.    

പൊളോണിയസ്: നോക്കൂ, ഇദ്ദേഹത്തിന്റെ മുഖം വിളറിയിരിക്കുന്നു; കണ്ണുകളിൽ കണ്ണീരു വന്നിരിക്കുന്നു. ദയവായി, മതിയാക്കൂ. . 

(66) പ്രീമിന് തന്റെ ഭാര്യമാരിൽ ആകെ അമ്പത് കുട്ടികൾ പിറന്നുവെന്നാണ് കണക്ക്. അതിനാൽ, ഹെക്യൂബ പ്രസവിച്ചു തളർന്നവളാണെന്ന് സങ്കല്പം. 

ഹാംലെറ്റ്: (നടനോട്) നന്നായിരിക്കുന്നു. അധികം താമസിയാതെ ഞാൻ ബാക്കികൂടി കേൾക്കുന്നുണ്ട്. (പൊളോണിയസ്സിനോട്) തിരുമേനീ,  അഭിനേതാക്കൾക്ക് എല്ലാ സൗകര്യവും ഉറപ്പാക്കൂ.  കേൾക്കുന്നുണ്ടോ? അവരെ നന്നായ് പരിചരിക്കണം. അവർ കാലത്തിന്റെ സൂക്ഷിപ്പുകാരാണ്. ജീവിച്ചിരിക്കേ നിങ്ങളവരുടെ അപ്രീതിക്കു പാത്രമായാൽ, മരിച്ചുകഴിഞ്ഞാൽ നിങ്ങളെക്കുറിച്ച് നല്ലതു പറയാനുണ്ടാവില്ല. 

പൊളോണിയസ്: തിരുമേനീ, അവരർഹിക്കുന്ന രീതിയിൽ ഞാനവരെ നോക്കിക്കോളാം. 

ഹാംലെറ്റ്: കർത്താവേ! എടോ, മനുഷ്യാ, അവരർഹിക്കുന്നതിലും കൂടുതലായ്‌ക്കോട്ടെ. ഓരോരുത്തർക്കും അവരവർ അർഹിക്കുന്നതു മാത്രമായാൽ, അടികിട്ടാതെ രക്ഷപ്പെടുന്നവർ ആരുണ്ടാകും?  അവരർഹിക്കുന്നതുപോലെയല്ല, നമ്മുടെ അന്തസ്സിനും അഭിമാനത്തിനും ചേർന്ന് നിലയിൽ പരിചരിക്കൂ. അവരിൽ അർഹത എത്ര കുറയുന്നുവോ, അത്രയുമധികം നിങ്ങളുടെ  ഔദാര്യം കൂടുന്നതാണ് മേന്മ. അവരെ അകത്തേക്ക് കൊണ്ടുപോകൂ. 

പൊളോണിയസ്: വന്നാലും, മാന്യരേ. 

ഹാംലെറ്റ്: ഇദ്ദേഹത്തിനൊപ്പം പോയാലും, സുഹൃത്തുക്കളേ. നാളെ നമുക്കൊരു നാടകം കാണുകയാകാം. (ഒന്നാം നടനോട് സ്വകാര്യമായ്)  ചങ്ങാതീ, ഞാൻ പറയുന്നത് കേൾക്ക്. നിങ്ങൾക്ക് ഗോൺസാഗോയുടെ കൊലപാതകം(67) കളിക്കാമോ? 

നടൻ: ഉവ്വ്, തിരുമേനീ.

ഹാംലെറ്റ്: അതാകട്ടെ, നാളത്തെ നമ്മുടെ നാടകം. അതിൽ ഞാനൊരു പന്ത്രണ്ടോ പതിനാറോ വരികൾ എഴുതിച്ചേർക്കും. അതു പഠിച്ചു പറയാൻ പ്രയാസമുണ്ടാകില്ലല്ലോ? 

നടൻ: ഇല്ല, തിരുമേനീ.

ഹാംലെറ്റ്: അപ്പൊ, ശരി --- ആ തിരുമേനിക്കൊപ്പം പൊയ്‌ക്കോളൂ. അങ്ങേരെ  അനുകരിച്ച് പരിഹസിക്കാതിരിക്കാൻ നോക്കണം. 

പൊളോണിയസ്സും നടന്മാരും വേദി വിടുന്നു.

ഹാംലെറ്റ്: അപ്പൊ, സുഹൃത്തുക്കളേ, നമുക്ക് രാത്രി വീണ്ടും കാണാം. എൽസിനോറിലേക്ക് നിങ്ങൾക്ക് സ്വാഗതം.

റോസ്: അങ്ങനെയാകട്ടെ, തിരുമനസ്സേ.

ഹാംലെറ്റ്: ശരി. അപ്പൊ, രണ്ടുപേർക്കും വിട!

റോസൻക്രാന്റ്സും  ഗിൽഡൻസ്റ്റേണും നിഷ്ക്രമിക്കുന്നു. 



(67) അങ്ങനെയൊരു നാടകത്തെപ്പറ്റി ആർക്കുമറിവില്ല. 1538ൽ, ഇറ്റലിയിൽ, ഉർബിനോ പ്രഭുവിനെ കൊന്ന ഒരു ഗോൺസാഗോയുണ്ടായിരുന്നു. ആ കൊലപാതകമാകണം ഉദ്ദേശിക്കപ്പെട്ടത്.  

ഹാംലെറ്റ്: ഇപ്പോൾ ഞാൻ ഏകനായിരിക്കുന്നു. എന്തൊരു നീചനാണ് ഞാൻ! എത്ര നികൃഷ്ടൻ! വെറും കല്പനാസൃഷ്ടിയായൊരു നാടകം ചൊല്ലിയാടിയ ആ നടൻ പോലും ഹൃദയത്തെ വികാരഭാരംകൊണ്ടു നിറച്ച്, കണ്ണീരിൽക്കുളിച്ച് വിളറിവെളുത്തുപോയി. വികാരാധീനനായി അയാളുടെ സ്വരമിടറി. അഭിനയിച്ചു കാട്ടുന്ന വികാരത്തിനനുരൂപമാകുംവിധം  അയാളുടെ സ്വരൂപം പകർന്നു.  വെറുമൊരു നടനുപോലുമത് സാധിക്കുന്നുവെന്നത് ഭീകരമല്ലേ? അതോ, ഒക്കെയും ആർക്കുവേണ്ടി? ഒരു ഹെക്യൂബയ്ക്കു വേണ്ടി. ഇങ്ങനെ കണ്ണീരൊഴുക്കാൻ അയാൾക്ക്  ഹെക്യൂബ ആരാണ്? ഹെക്യൂബയ്ക്ക് അയാൾ ആരാണ്? എനിക്കുള്ള പ്രതികാര പ്രേരണ അയാൾക്കുണ്ടായിരുന്നെങ്കിൽ, അയാൾ എന്തു ചെയ്യുമായിരുന്നു? രംഗവേദി അയാൾ കണ്ണീരിൽ കുതിർത്തേനേ; കർണ്ണകഠോരമായ വാക്കുകളാൽ ശ്രോതാക്കളുടെ കാതുകൾ പിളർന്നേനേ; കുറ്റവാളികൾക്ക് ഭ്രാന്തു പിടിപ്പിച്ചേനേ; നിർദ്ദോഷികളിൽ  ഭീതി നിറച്ചേനേ; അറിയാത്തവരുടെ മനം കൽക്കിയേനേ; കണ്ണും കാതുമുള്ളവരെയെല്ലാം ഞെട്ടിത്തരിപ്പിച്ചേനേ. അതേ സമയം, ഞാനോ? മഹാമണ്ടനായ തെമ്മാടിയായ  ഞാൻ ദിവാസ്വപ്നമഗ്നനായ് മോങ്ങിയിരിക്കുന്നു; സ്വന്തം ലക്ഷ്യത്തിലെത്താൻ ഒരുപായവുമില്ലാതെ; ജീവനും രാജ്യവും ചിവിട്ടി മണ്ണിലാക്കപ്പെട്ട ഒരു രാജാവിനുവേണ്ടി ഒന്നുമുരിയാടാതെ; ഇത്ര ഭീരുവോ ഞാൻ? ആര് ? ആരാണെന്നെ  നീചനെന്ന് വിളിക്കുന്നത് ? ആരാണെന്റെ മുഖത്തടിക്കുന്നത് ? എന്റെ താടിമീശ  പറിച്ചെടുത്ത് മുഖത്തെക്കൂതുന്നത്(68)? എന്റെ മൂക്കിറുമ്മുന്നത് ? എന്നെ കല്ലുവച്ച നുണ പറയുന്നവനെന്ന് ആക്ഷേപിക്കുന്നത് ? ഇങ്ങനെയൊക്കെ എന്നോടു ചെയ്യാൻ ആരുണ്ടിവിടെ? കർത്താവിന്റെ തിരുമുറിവുകളാണേ, ഞാനിതൊക്കെ അർഹിക്കുന്നവനാണ്. പീഡയാലുള്ള  ക്രോധമുണർത്തിക്കാൻ പ്രാപ്തമായ പിത്തരസമില്ലാത്ത പ്രാവായിരിക്കണം ഞാൻ(69). അതല്ലെങ്കിൽ എന്നീ ഞാനാ നീചന്റെ കുടൽമാലകൾ ആകാശത്തിലെ പരുന്തുകൾക്ക് തീറ്റയായ് എറിഞ്ഞുകൊടുത്തേനേ. ഹോ, ദുഷ്ടരക്തരക്ഷസ്സ് !, കരുണയറ്റ, വഞ്ചകനായ വിഷയലമ്പടൻ! ഹാ, പ്രതികാരമേ! എന്തൊരു മരക്കഴുതയാണ് ഞാൻ! എന്തൊരു ധീരനാണ് ഞാനെന്ന് നോക്കൂ. വധിക്കപ്പെട്ട ഒരു പ്രിയപിതാവിന്റെ പുത്രൻ. സ്വർഗ്ഗവും നരകവും ഒരു പോലെ പ്രതികാരത്തിന് പ്രേരിപ്പിച്ചിട്ടും ഇവിടെയിരുന്നിങ്ങനെ മോങ്ങുന്നു; തെരുവു തേവിടിശ്ശികളെപ്പോലെ പുലഭ്യം പുലമ്പുന്നു. ഒരാൺതേവിടിശ്ശിയാണ് ഞാൻ. നശിച്ചുപോട്ടെ, എല്ലാം. ഒന്നു ചിന്തിക്കെന്റെ തലച്ചോറേ. ഹും . . . നാടകം കാണുന്ന കുറ്റവാളികൾ  തങ്ങളുടെ കുറ്റം നാടകീയമായ് രംഗത്തവതരിപ്പിക്കപ്പെടുമ്പോൾ, എഴുന്നേറ്റുനിന്ന് കുമ്പസരിക്കുന്നതായ് കേട്ടിട്ടുണ്ട്. കൊലപാതകത്തിന് നാവില്ലെങ്കിലും, മറ്റുരീതിയിൽ അതെന്തായാലും അത്ഭുതകരമായ്  വെളിപ്പെടാതിരിക്കില്ല. എന്റെ അച്ഛന്റെ കൊലപാതകം പോലൊരു രംഗം ഞാനീ അഭിനേതാക്കളെക്കൊണ്ട് അമ്മാവന്റെ മുമ്പിൽ അവതരിപ്പിക്കും. ആ നേരം ഞാൻ അമ്മാവന്റെ ഭാവമാറ്റം നിരീക്ഷിക്കും; അദ്ദേഹത്തിന്റെ ഹൃദയം നീറുന്നതുവരെ നോക്കിനിൽക്കും. അദ്ദേഹം ചൂളി,  വിളറിവെളുത്താൽ, പിന്നെ എന്തു ചെയ്യണമെന്ന് എനിക്കറിയാം. ഞാൻ കണ്ട പ്രേതം, ഒരു പക്ഷേ, ഏതെങ്കിലും പിശാചായിരിക്കാം. പിശാചുക്കൾക്ക് ആൾക്കാരെ പ്രീതിപ്പെടുത്താനുള്ള ഏതു രൂപവും ധരിക്കാമല്ലോ. അതേ. ഒരു പക്ഷേ, അതെന്റെ ദൗർബ്ബല്യം മുതലെടുത്തതാകാം. വിഷാദം കൊണ്ടു തളർന്നവരെ അത്തരം പ്രേതങ്ങൾക്ക് അനായാസേന സ്വാധീനിക്കാനാകും(70). എന്നെ നിത്യനരകത്തിലേക്ക് തള്ളാനാണ് അതിന്റെ ചിന്തയെങ്കിലോ? അനിഷേധ്യമായ തെളിവുകളാണ് എനിക്കാവശ്യം. രാജാവിന്റെ മനഃസാക്ഷിയെ കുരുക്കാൻ നാടകം തന്നെയാണ് പറ്റിയ സൂത്രം. 

(68) പതിനേഴാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ താടിമീശ വളർത്തുന്നത് യുവാക്കൾക്കിടയിൽ ഒരു പരിഷ്കരമായിരുന്നു. ഹാംലെറ്റും താടി വളർത്തിയിരിക്കണം. 

(69) പ്രാവുകൾക്ക്  (ക്രോധത്തിന്റെ കാരണമായ) പിത്തരസം ഉൽപ്പാദിപ്പിക്കാഉള്ള കഴിവില്ലെന്നാണ് വിശ്വാസം.

(70) വിഷാദരോഗമുള്ളവർക്ക് ഭ്രമകൽപ്പനകൾ ഉണ്ടാകുമെന്നാണ് എലിസബത്തൻ വിശ്വാസം. 



















ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...