2016, ജൂൺ 16, വ്യാഴാഴ്‌ച

അനുരാഗമെന്തെന്ന് എനിക്കറിയില്ല.
പക്ഷെ, നിന്നെ കാണുമ്പോൾ എന്റെ കണ്ണു തിളങ്ങുന്നതറിയാം.
കേൾക്കുമ്പോൾ കാതു കുളിരുന്നതറിയാം.
നിന്റെ ചിരിയുടെ പുലർകാലവെയിലിൽ ഉരുകിയില്ലാതാകുന്നതറിയാം.
നീ തൊടുമ്പോൾ ഞാൻ സീത തൊട്ട അശോകമാകുന്നതറിയാം.
നിനക്കരികിലിരിക്കേ,
വാക്കുകൾക്കർത്ഥ മില്ലാതാകുന്നതും
മൗനം സാരഗർഭമാകുന്നതുമറിയാം.
പക്ഷെ, അനുരാഗമെന്തെന്ന് എനിക്കറിയില്ല.

2016, ജൂൺ 7, ചൊവ്വാഴ്ച

ഭാര്യാവിചാരം

ബ്രാഹ്മമുഹൂര്‍ത്തത്തിലെഴുന്നേല്‍ക്കും;
പരബ്രഹ്മം പോത്തായുറങ്ങും പതിദേവതയുടെ 
കാല്‍തൊട്ടു കണ്ണില്‍വെക്കും;
സ്വാപഭംഗം വന്ന കണവകണ്വന്‍ മാറില്‍ തൊഴിച്ചാലതു
ശ്രീവത്സമായണിഞ്ഞു സ്നാനഗൃഹം പൂകും.

പൈപ്പുനീരിലും കണ്ണുനീരിലും കുളിച്ച്
അടുക്കളയിലെത്തും.
അടുക്കളയില്‍നിന്നുമരങ്ങത്തേക്കെന്ന
ഫലിതം വെറുതേയോര്‍ക്കും.
മുട്ടോളം തുള്ളുന്ന ചെമ്മീന്‍ പിന്നെ
ചട്ടിയിലേക്കും തീന്മേശയിലേക്കുമെന്നപോല്‍
അടുക്കളയില്‍ക്കിടന്നൊരുമ്പെട്ടാല്‍
കിടപ്പറവരെയെന്നോര്‍ത്ത്
അടുപ്പില്‍ തീ തെളിക്കും.

ഒരുനാളിതേ തീതന്നെ
തന്നെ വിഴുങ്ങുമെന്നാശ്വാസിച്ച്
കാന്തന്‍ കോന്തുണ്ണിക്കുള്ള ചായ കാച്ചും;
തുടികൊട്ടിപ്പാടിയുണര്‍ത്തി
കണ്ണും കരളും തെളിയാന്‍ ചായ കൊടുക്കും;
ദന്തക്ഷാളനസാമഗ്രികളും സ്നാനസാധനങ്ങളും നിരത്തും.
സ്നാനാന്തരമണിയാനുള്ള തിരുവുടയാടകളും
തിരുവാഭരണങ്ങളുമൊരുക്കും.

ആടയാഭാരണങ്ങളണിഞ്ഞു പതിത്തെയ്യമെത്തുമ്പോഴേക്കും
പത്രവും പ്രാതലും.
പ്രാതലില്‍ ബാക്കിയായത് പ്രിയതമക്കു പ്രസാദം.

പതിബാധ പിന്നെ പടിയിറങ്ങുമ്പോള്‍
പുറവുമകവും തൂത്തുവാരാനായി നേരം.
പുത്തനച്ചിയല്ലത്തതിനാല്‍
പുരപ്പുറമൊഴികെ ബാക്കിയെല്ലാം തൂക്കുമ്പോഴേക്കും
അലക്കിനായി നേരം.
അലക്കൊഴിഞ്ഞെങ്കിലും കാശിക്കു പോകാമോ,
മരിക്കാനെങ്കിലും നേരമുണ്ടാകുമോ എന്നു സന്ദേഹിക്കെ
സൂര്യനുച്ചിയില്‍.

അടുക്കളയില്‍നിന്നരങ്ങത്തേക്കു വീണ്ടും
ചോറും കറിയും.
ഉച്ചമയക്കത്തിനിടയില്‍ കണവകണ്വനു മദംപൊട്ടിയാല്‍
അവനൊത്തു സഹശയനം.

അന്തിയിരുളുമ്പോള്‍
അവന്‍റെ കള്ളിനും കറിക്കും കൂട്ടുകാര്‍ക്കുമിടയില്‍
വിരസമെന്നുള്ളില്‍ പരിഹസിക്കുമെങ്കിലും സരസയായി.
കുട്ടികളായി ചാത്തന്മാരില്ലാത്തതു സുകൃതം.

പിന്നെ
ഈ നിദ്ര അന്ത്യനിദ്രയാകട്ടേയെന്നു പ്രാര്‍ഥിച്ച്
സ്വാപത്തിന്‍റെ അബോധത്തിലേക്ക്.
ഇതി ഭാര്യാപുരാണം സമാപ്തം.
ഇതു നിത്യം മൂന്നുനേരം പഠിച്ചാല്‍
ഏതു ഭാര്യക്കും മുക്തി ലഭ്യം, തീര്‍ച്ച. 

2016, ജൂൺ 6, തിങ്കളാഴ്‌ച

വരവിനു ശേഷം

വന്നതു വേനലിലായിരുന്നു.
വന്നപ്പോൾ വേനൽ വർഷമായി,
കുളിരായി,
ആഹ്ലാദമായി.

ത്രസിക്കും തണുപ്പിൻറെ  കൂടാരത്തിൽ തനിച്ചു രണ്ടുപേർ
മൌനത്തിൻറെ മധുരമുണ്ണുന്നു.

പുറംലോകത്തപ്പോഴും  കൊലവിളിയും നിലവിളിയും തന്നെ;
വെറിയുടെ നെറികേടു തന്നെ;
മദമാത്സര്യങ്ങളുടെ ഉത്സവവും.

ഇവിടെയീ ആരുംകാണാക്കൂടാരത്തിൽ
എല്ലാം ശാന്തം, മധുരം, ദീപ്തം.

മാറ്റം



പ്രേമം
കൌമാരത്തിലൊരു പനിയായിരുന്നു;
ദേഹം ചുട്ടു നീറുന്നൊരു കക്കയും.

യൌവ്വനത്തിലതൊരു കൊടുങ്കാറ്റ്.
മനം ക്ഷുബ്ധാംബരം, സ്വപ്നാക്രാന്തം.

ഇന്നതോ ഇളംകാറ്റ്.
വിശ്വത്തെയാകെയാശ്ലേഷിക്കുമൊരുമധുരമഴ ഹൃദയം.

ചുണ്ടില്‍നിന്നു ചിരി മായുന്നേയില്ല, മറയുന്നേയില്ല.
ചൂളംവിളി നില്‍ക്കുന്നേയില്ല;
മൂളിപ്പാട്ടും.

ശിവനേ!  

2016, ജൂൺ 5, ഞായറാഴ്‌ച

പാപി

പേനക്കു പകരം 
നീ എന്റെ കയ്യിൽ വെച്ചുതന്നത് 
പേനാക്കത്തി. 
കൂടെ ചില സുഭാഷിതങ്ങളും. 

"അക്ഷരം ഭക്ഷണത്തിനു പകരമാവില്ല. 
'അരി' എന്നെഴുതി ചട്ടിയിലിട്ടാൽ 
ചോറല്ല, ചേറാകും. 
കാക്ക കുളിച്ചാൽ കൊക്കാകില്ല. 
കുമ്പളം കുത്തിയാൽ മത്തൻ മുളക്കില്ല. 
ഗുണ്ടയുടെ മോൻ ഗുണ്ട തന്നെ." 

വളരും തോറും കത്തിയും വളർന്നു; 
കഠാരയായി. 
ഏറെ വളർന്നപ്പോൾ വാളായി. 
മൂർച്ചയുമേറി. 

അങ്ങാടിജന്തുക്കളെ മാത്രമല്ല 
ആശ്രമ മൃഗങ്ങളെയും 
വെട്ടി വിഴുങ്ങാമെന്നു നീയോതി; 
കൊന്നാൽ പാപം തിന്നാൽ തീരുമെന്നും. 

തിന്നാൽ തീരാത്ത പാപങ്ങളുമായി 
തീ തിന്നുകയാണിപ്പോൾ. 

വാളാൽ വാഴുന്നവൻ 
വാളാൽ വീഴുമെന്നു 
മറ്റൊരാൾ പറഞ്ഞു കേട്ടത് ഇന്നാണ്. 

ഹൃദയപൂർണ്ണൻ

ശുഭ്രമാകാശം; 
അതിനാൽ കടൽ നീലം. 

നീലയാകയാൽ കടൽ 
മരം പച്ചയായി. 

മരം പച്ചയാകയാൽ 
പൂക്കൾ പല നിറത്തിലായ് . 

നിറം നിരവധിയാകയാൽ 
കായ്കൾക്കുണ്ടായി രുചി ഭേദം. 

കിളികൾ ആകയാൽ പാട്ടുകാരായി; 
പശുക്കൾ ശ്രോതാക്കളും. 

ആകയാലായീ ഭുവനമെൻ ഭവനം; 
ഹൃദയം പൂർണവും. 

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...