2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഓണവിചാരം


മാവേലി വാഴുന്ന ദേശമല്ലെങ്കിലും
മാനുഷര്‍ക്കൊന്നെന്ന ബോധമില്ലെങ്കിലും
ഓണം വരുമ്പോള്‍ മൃദുവായ് മനസ്സിലൊ-
രീണം മുഴങ്ങുമിപ്പോഴും.

തുമ്പി തന്‍ വര്‍ണങ്ങള്‍;തുമ്പ തന്‍ പാല്‍ച്ചിരി;
ആകെച്ചിരിച്ചുകുഴഞ്ഞു കണ്ണീര്‍വന്നു
നാണിച്ചുനില്ക്കുന്ന താമരത്താരുകള്‍;
ഒച്ച വെച്ചെങ്ങും പറക്കുന്ന പക്ഷികള്‍;
ഒച്ചയില്ലാതെ പൊഴിയുന്ന തൂമഴ-
യപ്പൊഴും പൊന്‍കാന്തി പോകാതിളംവെയില്‍.

ആമ്പല്‍ച്ചിരിയുള്ള തണ്ണീര്‍ത്തടങ്ങളും
പച്ചക്കരയുള്ള തോടും കുളങ്ങളും
ചാണക മുറ്റത്തെ വര്‍ണക്കളങ്ങളും 
സ്വര്‍ണഭാരത്താല്‍ത്തളര്‍ന്ന നെല്‍പ്പാടവും
പുത്തനുടുപ്പിന്റെ ഹൃദ്യമാം ഗന്ധവും

കൂട്ടുകാരൊത്തു കളിച്ചുചിരിച്ചതു-
മോണക്കളികളില്‍ മത്സരിച്ചാര്‍ത്തതും
ഉച്ചയ്ക്കു വയറുനിറയെക്കഴിച്ചതും 
അങ്ങകലത്തുള്ള കൊട്ടകയില്‍പ്പോയി 
പ്രേംനസീര്‍ച്ചിത്രങ്ങള്‍ കണ്ടുരസിച്ചതും 
രാത്രിയിലോണനിലാവുണ്ട് തൃപ്തിയായ് 
നീര്‍ത്തിയ പായയില്‍ നീണ്ടുകിടന്നതും

ഓണംവരുമ്പോള്‍ മനസ്സിലൊരായിരം
ഓര്‍മകള്‍ ഓണമായെത്തു,മന്നൊക്കെ-
യോണം സമൃദ്ധിതന്‍ഹര്‍ഷപ്രതീകം.


കാലം കൃഷിയുഗ, മന്നുള്ള ജീവിതം

കൂട്ടുകുടുംബത്തിലല്ലോയധിഷ്ഠിതം.
ഇന്നു വിജ്ഞാനയുഗമെല്ലാറ്റിനും
പേപിടിപ്പിക്കുന്ന വേഗവും താളവും.
തങ്ങളില്‍ത്തങ്ങളില്‍ നേരിട്ടുകാണാതെ
ബന്ധപ്പെടുന്നവരായ് വിശ്വമാനവര്‍.
വെബ്ബിലൂടെത്തുന്ന രൂപവും ഭാഷയും
വ്യക്തം നിഴല്‍ക്കൂത്തുപോലായി ജീവിതം .

മായയാമീമഹാവിശ്വത്തിലതിലേറെ
മായമായ് മാറി മനുഷ്യ ന്റെജീവിതം.
ഇന്നന്യരാജ്യം സ്വദേശം, സ്വരാജ്യമോ
അന്യദേശംപോലോരവ്യക്ത ഭൂപടം.
എങ്കിലുമോണം വരുംപോഴൊരായിരം
ഓര്‍മകളൊന്നിച്ചുണരുന്നു മാനസേ.
ലക്കുകേട്ടോടുന്ന ജീവിതംപെട്ടെന്ന്‌
നിശ്ചലമായൊരുമാത്ര നിന്നുപോം.

സംവല്‍സരത്തിലൊരിക്കലാണെങ്കിലും
സന്തോഷ മേകാന്‍വരും തിരുവോണമേ
മുങ്ങിക്കുളിച്ചുതൊഴുന്നൂ സവിസ്തരം
ഭംഗിമങ്ങാതെയിരിക്കട്ടെയോര്‍മകള്‍.

ഓര്‍ക്കരുത്!



മഹാത്മാ എന്നു മൊഴിയുമ്പോള്‍
ഗുരുദേവിന്റെ ഗാന്ധിയെയോര്‍ക്കും;
ഫൂലെയെ ആരോര്‍ക്കും?
ഒക്ടോബര്‍രണ്ടു വരുമ്പോള്‍
ശാസ്ത്രിയെന്ന് ഓര്‍ക്കാറില്ലല്ലോ!
ഓര്‍ക്കരുത് !ഓര്‍ത്താല്‍ ദളിതനുംദരിദ്രനും മനം കലക്കും.

നാരായണാ എന്ന് നമസ്ക്കരിക്കുമ്പോള്‍
ഗുരു നാരായണനെയാരോര്‍ക്കാന്‍ ?
നരനാം നാരായണനെയും?ഓര്‍ക്കരുത്!
ഓര്‍ത്താല്‍ മനുഷ്യനായിപ്പോകും.
അയ്യപ്പാ എന്ന് ശരണം വിളിക്കുമ്പോള്‍
സഹോദരനെ ഓര്‍ക്കാറില്ലല്ലോ .
ഓര്‍ത്താല്‍ സെക്കുലര്‍സ്സ്വാമിയായിപ്പോകില്ലേ?

വിജയന്‍ എന്നുപറയുമ്പോള്‍
പിണറായിയെന്നല്ലാതെ
പാര്‍ത്ഥനെന്നുവരുമോ?
ഒവിയോ എമ്മനൊ ആകുമോ?
(എംഎന്‍ നമ്പ്യാരല്ല;നമ്പ്യാരെന്നാല്‍ കുഞ്ചനുമല്ല.)
ആകരുത്!
മറിച്ചായാല്‍ സഹൃദയനായിപ്പോകും.

പാഞ്ചാലിയെന്നാല്‍ പടുവേശ്യയെന്നല്ലാതെ
പതിവ്രതയെന്നു വിചാരിക്കരുത്.
വിചാരിച്ചാല്‍ പെണ്ണുങ്ങളെ വിശ്വസിച്ചുപോകും;
സ്നേഹിച്ചുപോകും.

തമ്പുരാനെന്നാദരിക്കുമ്പോള്‍
ശക്തനെയോര്‍ക്കാം;കുഞ്ഞിക്കുട്ടനെയരുത്.
സരസനായിപ്പോകും.

കുഞ്ഞാലിയെന്നോര്‍ക്കുമ്പോള്‍
കുട്ടിയെന്നല്ലാതെ
മരക്കാരെന്നേത് വിഡ്ഢിയോര്‍ക്കും?ഓര്‍ത്താല്‍ അഭിമാനിയായ് പ്പോകില്ലേ?

ഓര്‍മ്മകളിങ്ങനെ ചേറിപ്പെറുക്കി
കതിരും പതിരും തിരിക്കാന്‍കഴിയുന്നത്‌
ഭാഗ്യം!

കണ്ണാടിയും കണ്ണടയും.


കണ്ണടവെക്കുന്നത് അപരനെക്കാണാന്‍.
കണ്ണാടിനോക്കുന്നതോ
അവനവനെക്കാണാന്‍.

കണ്ണാടിനോക്കുമ്പോള്‍ കണ്ണടയരുത്.
അവനവനെ കേവലതയില്‍ കാണാന്‍
നേത്രം നഗ്നമായേ തീരു.
അതിനാലാണ് മഹാവീരന്‍
നേത്രം മാത്രമല്ലദേഹംതന്നെ നഗ്നമാക്കിയത്.

ആത്മദര്‍ശനം പോലല്ല
അപരദര്‍ശനം.
ആയതിന് കണ്ണടയനിവാര്യം.

ഹിതാനുസരണേനപക്ഷെകണ്ണടകള്‍ മാറ്റിവെക്കാം.
ഗാന്ധിയുടെ ധര്‍മ്മക്കണ്ണടയാകാം.
നെഹ്രുവിന്റെ സോഷ്യലിസ്റ്റുകണ്ണടയാകാം.
മന്‍മോഹന്റെ സ്വതന്ത്രവിപണിയുടെ
ഉദാരക്കണ്ണടയാകാം.
കാരാട്ടിന്റെ ഇടതുകണ്ണടയോ
മേധയുടെ പെണ്‍കണ്ണടയോ വെക്കാം.

കണ്ണാടിനോക്കുമ്പോള്‍പക്ഷെകണ്ണട മാറ്റുക.

കണ്ണാടിയില്‍ തന്നെ പൂര്‍ണമായുംകണ്ടാല്‍
പിന്നെ കണ്ണട വേണ്ട.
അവനവനെകണ്ടാല്‍പ്പിന്നെ
അപരനിലും അവനവനെയേ കാണു.

അവനവനെക്കാണാന്‍ കണ്ണട വേണ്ടല്ലോ.

വർത്തമാനം



അതിരാവിലെ കാപ്പികളെല്ലാം കുടിച്ച് പത്രങ്ങളെല്ലാമെടുത്ത്
നടുനിവർത്തിനോക്കുമ്പോൾ  കാണുന്ന കാഴ്ചകളെന്തര് !
എവിടെത്തിരിഞ്ഞൊന്നു വായിച്ചാലും കിടുകിടിലൻ വാർത്തകള് !
കണ്ണുതള്ളിയിരിക്കാൻ  ബഹുരസം.

പെൺപണത്തിന്‍റെ  ബാക്കികിട്ടാത്തതിനു വരനൊരുത്തൻ 
വധുവിന്‍റെ  മൂക്കും മുലയും ചെത്തി
അവളെയവളുടെയച്ഛന്‍റെ ലങ്കയിലേക്ക് തിരിച്ചയച്ചത്രെ!
ചൊല്ലിയാലറിയാത്തവള്‍ പൊള്ളുമ്പോളറിയട്ടെ

നട്ടെല്ലില്ലാത്തനാവുള്ള നാട്ടുമക്കള് പറഞ്ഞതുകേട്ട്
വേറൊരുവല്ലഭനവന്‍റെ പെണ്ണിനെ തീയില്‍ ചാടിച്ചത്രെ!
സതിയാകാതെ ആ ശീലാവതി സീതയായ് തിരുമ്പി വന്താൾ.
തീതിന്നുന്നത്‌ തങ്ങൾക്കു പുത്തരിയോ തിരുവോണമോ
അല്ലെന്നാമക്കള് പുച്ഛിച്ചത്രെ.
പുല്ലും വില്ലാക്കുന്ന വല്ലഭാ, താനൊക്കെ വെറും പുല്ല്;
ഞങ്ങൾക്ക് പല്ലുംനഖവുമായുധം.


ഫീസൊടുക്കാതെ വിദ്യ നേടാൻ  തുനിഞ്ഞൊരു
ദളിതവിരുതന്‍റെ പെരുവിരല്‍
സാറന്മാരിലൊരാള്‍ തറിച്ചുകളഞ്ഞത്രെ!
ഇനിയിവനൊക്കെപ്പഠിച്ച്,കെ. ആർ. നാരായണനായിട്ടുവേണം
ഭാരതം ഭരിക്കാന്‍!

അഞ്ചുപേരുടെകൂടെ ഒന്നിച്ചുപൊറുക്കുന്നുവെന്നുപറഞ്ഞ്
മന്ത്രികളിലൊരുപുംഗവൻ നാല്‍ക്കവലയിൽവെച്ചൊരു
പെൺമക്കളുടെ ഉടുമുണ്ടുരിഞ്ഞെടുത്തത്രേ!
കണ്ടുനിന്ന മാന്യമക്കളിലൊരുത്തനും
ചൂണ്ടുവിരലുകളുപോയിട്ട്ചെറുവിരലുകളുപോലുമനക്കിയില്ലത്രെ.

നാടൊട്ടുക്ക് സദ്യവിളിച്ചിട്ട്
തന്നെമാത്രം ക്ഷണിക്കാത്തതിന് ഒരു പെൺകൊടി
അച്ഛൻവീട്ടിൽച്ചെന്നു, മാറുംമോറുംതല്ലി, സതിയായിപോൽ.
അതറിഞ്ഞവളുടെ കണവൻ 
അമ്മായിയപ്പനെയടിച്ച് അജപരുവമാക്കിപോൽ.
അങ്ങാടിക്കണക്കറിയാതെ, പുല്ലുകള് തിന്നും വെള്ളങ്ങള്കുടിച്ചും
ആട് മാടായിട്ടലയുന്നുപോല്‍...

അമ്മമാനെങ്കിലും അഹങ്കാരമേറിയാല്‍
അടിച്ച് തലപൊളിക്കണമെന്ന് പറഞ്ഞൊരു മരുമക്കള്
പുരയിൽ കയറി മാമനെയടിച്ചുകൊന്നത്രെ.

കോട്ടയത്തും കോഴിക്കോട്ടുമൊന്നും മക്കളാരും
ഐസ്ക്രീംകഴിക്കുന്നില്ലപോലും; 
പ്രത്യേകിച്ച് പെണ്മക്കള് .
പെറ്റുവീഴുന്ന മക്കൾക്കാർക്കുമിപ്പോള്‍
കുഞ്ഞാലിയെന്നൊ ജോസെഫെന്നോ പേരിടുന്നില്ല.
ഞാൻ  കുഞ്ഞാലിയല്ല, മരയ്ക്കാര്‍ മാത്രമാണെന്ന്
കുഞ്ഞാലിമരയ്ക്കാരും ഗാമയോടു കരഞ്ഞത്രെ.

താനൊരു കമ്മ്യൂണിസ്റ്റല്ലെടൊ എന്നാരോ
ഒരു സഖാവിനോട് ചോദിച്ചപ്പോള്‍,
താനേത് കോത്താഴത്തുകാരനാടോ,
ഞാനൊരു നവലിബറൽ  ഷെഗുവേരയാണെന്നയാള്‍ മറുപടിമൊഴിഞ്ഞത്രെ.

വൃത്താന്തങ്ങൾ  ഇനിയുമുണ്ട്;
അത് പ്രാതലിനാകാം.

ഭയചകിതം.



മുട്ടേണ്ട, വാതിൽ  തുറക്കില്ല

മുട്ടുന്നതാരെന്നറിയാതെ.

പേപിടിച്ചോടുന്ന കാറ്റോ,
പിശാചോ
പാതകം ചെയ്യാനൊരുങ്ങിപ്പുറപ്പെട്ട
കൂലിക്കെടുത്ത കൊലയാളിനായ്ക്കളോ,
പാത പിഴച്ചൊരു പാന്ഥനോ,
യാച്ചകപ്പരിഷയോ,
ചോരനോ,
ചോരനെത്തേടിയിറങ്ങിയ പോലിസുകാരനോ,
പക്കത്തെവീട്ടിലെപ്പാർ ട്ടിയോ,
വീതംപിരിക്കാനിറങ്ങിയ കടക്കാർഡു ബ്രോക്കറോ?

ജോലിയും ജാതിയും നാളും മുഹൂർത്തവും
യോജിച്ചുവന്നാൽ  കഴിക്കാം വിവാഹമെ-
ന്നൌദാര്യപൂർവ്വം മൊഴിഞ്ഞവൻ 
കാമുകൻ തെണ്ടിയോ?

ആൺകോയ്മതന്നഹങ്കാരം സഹിക്കാതെ
ആത്മാഹുതിചെയ്ത ലെസ്‌ബിയൻ മിത്രമോ?
കാവിയിൽ കാമമൊളിപ്പിച്ച സ്വാമിയോ?
ആരാണു മുട്ടുന്നു വാതിലിൽ?

കാലം കടുംകലികാലം;
കണ്ണിൽപ്പെടുന്നതും, കാലിൽത്തൊടുന്നതും
കാതിൽ വീഴുന്നതുമെല്ലാം
അപായം, 
ഭയാവഹം.

കൊട്ടിയടച്ചതാം വാതിലിനിപ്പുറം
മുട്ടുമാരെങ്കിലുമെന്ന ഭയപ്പാടിൽ 
മുട്ടുവിറച്ചിരിക്കുന്നു ഞാൻ, ഏകാകി...

മുട്ടേണ്ട, വാതിൽ തുറക്കില്ല
മുട്ടുന്നതാരെന്നറിഞ്ഞുവെന്നാകിലും.

2015, ജൂൺ 5, വെള്ളിയാഴ്‌ച

സ്വഗതം

വാഴ് വേ  
വളരുംതോറും 
പടിപടിയായി 
നീയെന്തൊക്കെയാണെന്നിൽനിന്നും 
കവർന്നത്!

എന്റെ ആർജ്ജവം; 

നേരും നെറിയും 
എന്റെ കളങ്കമില്ലായ്മയും വിസ്മയശേഷിയും 
ഭയമില്ലായ്മയും ഭൂതാനുകമ്പയും
സഹനശേഷിയും 
അപരരിലുള്ള എന്‍റെ വിശ്വാസവും.

പകരം നീയെനിക്കു തന്നതോ   

ആർത്തിയുമസൂയയുമവിശ്വാസവുമക്ഷമയുമഹങ്കാരവും.

ഇതാണു വളർച്ചയെങ്കിൽ, പിന്നെ,

വീഴ്ച്ചയെന്താണ്  വാഴ് വേ?
ഇതാണു വളർച്ചയെങ്കിൽ 
എനിക്കു തളർന്നാൽ മതി.

2015, മേയ് 30, ശനിയാഴ്‌ച

പടുകിഴവൻ കിസ്സ


വയസ്സാകുന്നതിനു മുമ്പ് വയസ്സേറെയായാൽ
വരും പ്രയാസമെന്നു ശങ്കിച്ചേൻ.
ശേഷി കുറയും;
ശേമുഷിയും.

വയസ്സിനു വൃദ്ധിയായാൽ ബോധം ക്ഷയിക്കും.

രാജയക്ഷ്മാവും പിടിപെടാം.
ശേഷക്രിയക്ക്‌ ഒരു എം സുകുമാരനെങ്കിലുമുണ്ടാകുമോ എന്നാശങ്കിക്കും.

വയസ്സേറെയായപ്പോൾ, പക്ഷെ, ഇതിലും വലിയ സുഖമില്ലെന്നായി.

തലയിൽ മുടിചൂടാമാനവനാകയാൽ താരനില്ല;
താരശല്യമില്ലെന്നും പറയാം.
താളി വേണ്ട.
നരച്ചു നരജന്മമാകുമെന്നും പേടിക്കേണ്ട.
ഡൈ ഒദ്ദു.
സോപ്പാകാം.
ചീർപ്പും കണ്ണാടിയും വേണ്ട.

ദുർബ്ബലം കണ്ണാകയാൽ രണ്ടായതെല്ലാം ഒന്നായിക്കാണാം.

ശത്രുവും മിത്രവും ഒരുപോലെ.
പാലിനും പാഷാണത്തിനും ഒരേ നിറം.
ഗദ്യത്തിനും പദ്യത്തിനും ഒരേ രസം;
മദ്യത്തിനും.
പകൽവെളിച്ചവും നിലാവെളിച്ചമായി.
നിലാവത്തിട്ട കോഴിയെക്കൂട്ടായി.
കൂവാൻ ഒച്ച പൊങ്ങില്ലെന്നു മാത്രം.

കാതുപതുക്കെയാകയാൽ നാദബ്രഹ്മത്തിന്‍റെ ശല്യമില്ല.

പരബ്രഹ്മത്തിനും പോത്തിനും ഒരേ നാദം.
അനാഹതശബ്ദം.
നാസികയുമനുഗ്രഹിച്ചു.
പൂവിനും പുരീഷത്തിനുമൊരേ മണം.
പണവും പിണവും സമാസമം.
സ്ഥിതപ്രജ്ഞൻ.

ഊണും ഉറക്കവും കമ്മി.

നടത്തം പമ്മിപ്പമ്മി.
എവിടെയെങ്കിലുമൊരു സ്വർഗ്ഗമുണ്ടെങ്കിൽ
അതിതല്ലെങ്കിൽപ്പിന്നെ ഇതെന്താണ്?

വളർന്നുവലുതായി ഒരു വൈദ്യനോ വക്കീലോ

ഒരു പോലീസെങ്കിലുമൊ ആകണമെന്നുറച്ചിരുന്നു.
വളർന്നു .
വലുതായി.
ഒന്നുമായില്ലെങ്കിലും വയസ്സനായി.
ഒരു കീറ്റ്സൊ ചങ്ങമ്പുഴയോ പോലെ നിത്യഹരിതനായില്ല.
ഭാഗ്യം!

കലിജന്മം.

നരച്ചുനരച്ചു നരജന്മമാകാതിരിക്കാൻ
കറുപ്പിച്ചുകറുപ്പിച്ചു
കലിജന്മമായി.

ഇനി കിട്ടണം ഒരു നളനെ!
കലികേറ്റാൻ.

അള്ളാഹുവിന്റെ ആത്മഗതം.

'God alters not what is with a people
until they alter themselves what is within them.'
                                                            Koran 13:11

ഇബനെപ്പടച്ച് ദുരിതത്തിന്‍റെ ഈ ദുനിയാവിലേക്ക് ബിട്ടപ്പോ

ക്നാക്കണ്ടത് എന്തെല്ലാർന്നൂന്‍റെ കോയാ!

ഇബൻ ബളരും.
ഇബൻബത്തൂത്തപോലെ ബല്യോരാളാകും.
സുജായിയാകും.
കിത്താബോതും.
കൽക്കണ്ടത്തിന്‍റെ ഖൽബുള്ളബനാകും.

മൂത്തുബരുമ്പോ മുരിങ്ങക്കാപോലൊരു മൊഞ്ചത്തിക്കു മാരനാകും.
നല്ലോരിണയും തുണയുമാകും.
ഉമ്മക്കും ബാപ്പക്കും ഉമ്മുമ്മാക്കും ആബതില്ലാക്കാലം അത്താണിയാകും.
കുട്ട്യോൾക്ക് ബലമാകും ബമ്പൻ.

ഇബൻ ഇബനെ മാത്രമല്ല ഇബന്‍റെ അയലോതിയെയും സ്നേഹിക്കും.
പൈദാഹമുള്ളോർക്ക് തണ്ണീരും ബിരിയാണിയുമാകും.


അള്ളാ!
(പടച്ചോനേ, 
ഞമ്മള് ഞമ്മളെത്തന്നെയാണല്ല് ബിളിച്ചു കേഴണത്!
അല്ല, അമനമനുണ്ടാക്കിയ കുരിശിക്കിടന്നു 
ബേറെയാരെ ബിളിച്ചു  കേഴും കോയാ!)

ബളരുംതോറും, പക്കേങ്കില്, ഇബൻ ചെർതായ് ചെർതായല്ലെ ബന്നത്!
അയലോതിക്കാർക്ക്, നമ്പൂരിച്ചൻ പറയുംബോലെ , ചതുർത്ഥിയായി.
കേട്ട്യോൾക്കും കുട്ടോൾക്കും ചങ്കിലെത്തീയായി.
തെയ്യത്തോടു പറയാനുള്ള ആവലാതിയും വേവലാതിയുമായി അലവലാതി.

കള്ളുപൊരക്ക്‌ കാവലായി കാഫറ്‌.
ഇടബയ്ക്കെ ബാല്യക്കാരത്തികൾക്ക് നടക്കാൻ പറ്റാണ്ടായി.
നായിക്കും പൂച്ചക്കും കണ്ടൂടാണ്ടായി  ഹമുക്കിനെ; കാക്കക്കും.
മൂലക്ക്കെടന്ന കോടാലി കാക്ക്‌ബെലിച്ചിട്ട ചേലായി.

പടച്ചുബിടാനല്ലേ കോയാ ഞമ്മക്കു പറ്റൂ.
ബർക്കത്തുള്ളോനാകാനും ബെടക്കാകാനും
ഈ ഇബിലീസിനു തന്നെ തോന്നണ്ടേന്ന്! 

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...