2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ക്രിസ്തുവിചാരം

അപ്പനൗസേപ്പൊരു മരപ്പണിക്കാരൻ . 
അമ്മച്ചി മേരി ഒരു കുഞ്ഞാടും . 
മറ്റു കുഞ്ഞാടുകൾക്ക് പിന്നീട് ഞാൻ  ഇടയനായത് 
അമ്മച്ചി അജജന്മമായതിനാലാവാം . 

ദേഹിയിൽ  ദരിദ്രയെങ്കിലും   
ദേഹത്തിൽ  മറിയാമ്മ സമ്പന്നയായി . 
കന്യയായിരിക്കെ ദേവഗർഭയായി . 

അപ്പനല്ല അപ്പനെന്നു അപ്പനാദ്യം പറഞ്ഞപ്പോൾ  
വീഞ്ഞു കുത്തിയതായിരിക്കുമെന്നു കരുതി. 
അപ്പനപ്പൂപ്പന്മാർക്കും അപ്പനായവനാണപ്പനെന്നറിവായപ്പോൾ  
അവനായി പിന്നെ ജീവന്‍റെ അപ്പവും വീഞ്ഞും. 
അമ്മ ഒന്നാണെങ്കിലും അപ്പനാർക്കും രണ്ടാകാമെന്നുമറിവായി. 
രണ്ടായവരെ ഒന്നായിക്കാണാനുമായി. 

ഒന്നേയുള്ളുവെങ്കിലും ഉലക്കക്കിടിച്ചു വളർത്തണമെന്ന പഴഞ്ചൊല്ല് 
അപ്പനു പതിരായിരുന്നു . 
കൂരയും പണിപ്പുരയും നിറഞ്ഞു ഞാൻ  
തെരുവിലേക്കും ദേവാലയത്തിലെക്കും വളർന്നു . 
ഉളികൊണ്ടു ചെത്തിയും, മുട്ടികൊണ്ടു മേടിയും 
അപ്പൻ  മരങ്ങളെ മെരുക്കിയപ്പോൾ  
കഥയും കടങ്കഥയും പറഞ്ഞു ഞാൻ  
മർത്ത്യരെ  മെരുക്കി. 
അപ്പൻ  മരങ്ങളെ ചിന്തേരിട്ടുമിനുക്കി ചെന്താമാരകളാക്കി . 
ഇരിക്കാൻ  കസേരകളും, 
ഇരുന്നുണ്മാൻ  പലകകളും മേശകളും പണിഞ്ഞപ്പോൾ , 
കിടന്നുറങ്ങാൻ  കട്ടിലുകൾ  കൂട്ടിയപ്പോൾ , 
മനുഷ്യപുത്രർക്കു തലചായ്ക്കാൻ കൂരകൾ  കെട്ടിപ്പൊക്കിയപ്പോൾ  
രോഗികൾക്കും തെണ്ടികൾക്കും വേശ്യകൾക്കുമിടയിൽ  
ന്‍റെ മാംസവും രക്തവുമായിത്തീർന്ന 
വചനത്തിന്‍റെ  അപ്പവും 
മൌനത്തിന്‍റെ വീഞ്ഞും ഞാൻ  പങ്കുവെച്ചു . 

വാളുകൊണ്ടു വാഴുന്നവൻ  വാളാൽ  വീഴുമെന്നതുപോലെ
വാക്കിന്‍റെ കാറ്റുവിതച്ച ഞാൻ  
വൈരികളിൽ  കൊടുങ്കാറ്റുയർത്തി . 
വിവരദോഷികളുടെ വാക്കുകൾക്കു മുമ്പിൽ  
മൌനത്തിന്‍റെ മരക്കുരിശ്ശായി . 

മരിക്കുന്നതു മരക്കുരിശിലായാലും, 
മരുഭൂമിയിലായാലുമെന്ത് ! 
മരുഭൂവിൽ  വനരോദനം ചെയ്തവനെന്നോടു പറഞ്ഞല്ലോ : 
വിത്തു മരിച്ചാലല്ലേ വിളയായ്‌ വളരൂ! 
ദേഹമഴിഞ്ഞാലല്ലേ  ദേഹിക്കുയരാനാകൂ!! 
യേശു മരിച്ചാലല്ലേ ഈശോയ്ക്കുയിർക്കാനാകൂ!!! 

2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

ഒരു ദിവസം ഞാന്‍ പോകും





ഒരു ദിവസം ഞാന്‍ പോകും
ഇന്നിസ് ഫ്രീയിലേക്കു വില്ല്യം ബട്ളെര്‍ 
                                       യേയ്റ്റ്സെന്നപോലെ പോകും

പോകും ഓര്‍മ്മയുടെ കുണ്ടനിടവഴിയിലൂടെ 

                                            ചെരുപ്പില്ലാക്കാലുമായി
മണ്മതിലിലെ മഞ്ഞപ്പൂക്കളിലേക്കും  
മണ്ണെണ്ണവിളക്കിന്‍റെ മഞ്ഞയിലേക്കും   
മഴക്കുളിരും മരത്തണുപ്പുമുള്ള 
                                 മഷിപടരുന്ന കടലാസിലേക്കും പോകും

പോകും വിയര്‍പ്പു നാറുന്ന വെയിലിലേക്കും 

വയല്‍ച്ചെളിത്തണുപ്പിന്‍റെ ഇക്കിളിയിലേക്കും 
മഴക്കാലത്തവളക്കരച്ചിലിലേക്കും 
നെല്ലിക്കാച്ചവർപ്പിലേക്കും  
                                  നെന്മണിപ്പൊന്നിലേക്കും പോകും 

പോകും ഓര്‍മ്മയിലെ മനുഷ്യരിലേക്കും മധുരത്തിലേക്കും

ഇച്ചിരയിലേക്കും കുഞ്ഞിപ്പെണ്ണിലേക്കും
വക്കുപൊട്ടിയ ചട്ടിയിലെ മീഞ്ചാറിലേക്കും
ഓട്ടക്കലത്തില്‍  ചുട്ടെടുത്ത അണ്ടിപ്പരിപ്പിലേക്കുംപോകും 

പോകും പുകയിലവാസനയിലേക്കുംവെറ്റിലത്തളിരിലേക്കും

                                              ചുണ്ണാമ്പുനീറ്റലിലേക്കും
കൂമന്‍കരയുമിരുട്ടിലെച്ചൂട്ടുവെളിച്ചത്തിലെത്തെയ്യങ്ങളുടെ 
                                                  ഭൂതലാവണ്യങ്ങളിലേക്കും പോകും 

പോകും കാവിലേക്കും കുളത്തിലേക്കും 

                                          കാലിക്കടവിലെത്തുറസ്സിലേക്കും
നാഗവളപ്പിലെ കാലം കൊണ്ടുപോയ കളികളിലേക്കും  
തെക്കോട്ടുംവടക്കോട്ടുമൊരുപോലെപുരോഗമിക്കും 
തീവണ്ടിപ്പാതുടെ നൈശ്ചര്യശയനത്തിലേക്കും പോകും

പോയിപ്പോയിപ്പഴംമഞ്ഞപകര്‍ന്ന,
                                   വിരലൊന്നുമുട്ടിയാല്‍ പൊട്ടിപ്പൊടിയുന്ന പത്രത്താളുകള്‍പോലെ ഓര്‍മ്മയായ്പ്പെയ്തിറങ്ങും ഞാന്‍ നീരവം. 

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ഹാംലെറ്റ്


കലാശാലയിൽനിന്നു മടങ്ങിവന്നപ്പോൾ 
രാജ്യത്തൊരു പ്രേതം,
ഒരു രാജ്യദ്രോഹി,
തിടുക്കത്തിലൊരു കല്യാണം,
തിക്കും തിരക്കിയുമൊരു പ്രേമം. 

പിന്നെ ശങ്കകൾ, 

ആശങ്കകൾ.
സ്വയം നാടകമാടിയും 
മറ്റുള്ളവരെ നാടകമാട്ടിയും 
നേരിന്‍റെ കയ്പ്പുള്ള നടുവിലെത്താൻ..

ഒടുവിലെല്ലാറ്റിനും ഒടുക്കം.

ഏവർക്കും...ഒട്ടുമിക്കവർക്കും ഒടുക്കം.

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

മരണം

കരിയിലകൾക്കിടയിലൊരു കരിങ്കാക്ക. 
ഒരു മരിച്ച കരിങ്കാക്ക.

പ്രാർത്ഥനയിലെന്നപോലെ ചിറകുകൾ കൂമ്പി, 

പ്രണാമത്തിലെന്നപോലെ തല താഴ്ന്ന്, 
വാലു വിറങ്ങലിച്ചും 
കൊക്കു കോടിയും.

ചുറ്റിനും 

ഒന്നുമൊന്നിനും ഒരു മാറ്റവുമില്ല.

വെയിലു പതിവു പോലെ. 

മേലെ നീലാംബരം മേഘശൂന്യം.
മരങ്ങളിൽനിന്നു മരങ്ങളിലേക്ക് 
ഇക്കിളിയിട്ടു പോകുന്ന കാറ്റും പഴയ പോലെ. 

ഒന്നേ, രണ്ടേ, മൂന്നേ...

ഇറ്റിറ്റുപോകുന്നു സമയധാര.

ഉറുമ്പുകൾ വരുമായിരിക്കും 

ശവമെടുക്കാൻ.

2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ഒരാഗോളവൽകൃതന്‍റെ വിവാഹവിചാരധാര

വേണ്ടെനിക്കൊരു വിവാഹം.
മാസംപ്രതി നഗരകാന്താരങ്ങൾ മാറി മാറി തൊഴിലാളുന്നവന് 
അതൊരകല്യാണം.

രാമൻ കാട്ടിലെങ്കിൽ 
സീത രാവണൻകോട്ടയിൽ.
രാമൻ വീട്ടിലെങ്കിൽ 
സീത കൊടുംകാട്ടിൽ.

ഉവ്വ്, ശരിയാണ് 
കൃഷ്ണനങ്ങു പട്ടണക്കാട്ടിലെങ്കിലും 
ഇങ്ങു ഗോകുലത്തിലാണ് രാധയെങ്കിലും 
സ്കൈപ്പു സംഗമങ്ങളാകാം, 
കോശഭാഷിണി വഴി കുറുക്കെഴുത്തുകുത്തുകളാവാം,
ആപ്പു വഴി ചാറ്റാം,
ചാറ്റിംഗ് ഇണകളാകാം, 
ചാറ്റിച്ചാറ്റി ചാറ്റർജിമാരാകാം,
റ്റെലിപ്പതി വഴങ്ങും കണ്ണനു രാധയുമായി
റ്റെലിസെക്സുമാകാം നേരം പോക്കാൻ.

എങ്കിലും രാമനെന്നപോലെ കിഷനു 
സീതയാകില്ലല്ലോ രാധ;
രാധ മായാസീതയല്ലോ.
വേണ്ടെനിക്കൊരു വിവാഹം.

എങ്കിലും ഒരു ഭാര്യ?
വേണ്ട; ദൂരെ ദൂരെ നിന്നു ഭരിച്ച് 
ഭർത്താവാകുക ബഹുപ്രയാസം.

ഒരു സഹധർമ്മിണി?
ധർമ്മബന്ധമില്ലാത്ത കർമ്മം കയ്യാളുന്നവനു 
ആരെങ്ങിനെ സഹധർമ്മിണിയാകും?
അവൾ അധർമ്മിണിയാകും.

നഗരനഗരാന്തരം തൊഴിലാളുന്നവന്  
വേണ്ടതൊരു സഹശായിനി;
സഹധർമ്മിണി നഹി.
ഉപഭോഗാനന്ദത്തിൽ ഉലകാകെ മൂർച്ഛിക്കുമ്പോൾ 
രതിഭോഗവ്യവസ്ഥക്കൊരുപഭോക്ത.

2016, ഫെബ്രുവരി 10, ബുധനാഴ്‌ച

വയസ്സായാൽ...

വയസ്സായാൽ പണ്ടു വാനപ്രസ്ഥം.
നാടും വീടും കാട്.

ബന്ധുരവും അല്ലാത്തതുമായ ബന്ധബന്ധനങ്ങളെല്ലാം വിട്ട് 

മരിച്ചവരെ മറവുചെയ്യാൻ മരിച്ചവർക്ക് വിട്ട് 
കെട്ടും ഭാണ്ഡവുമില്ലാതെ 
ശിവനേയെന്നു വിളിച്ച് 
കാശിക്കു കൈവീശിയൊരു പോക്ക്;
കരിയില പോലെ 
കാറ്റിൽപ്പറന്നും മഴയിൽ നനഞ്ഞും.

അതു പണ്ട്.

ഇന്ന് 
വയസ്സായാൽ വൃദ്ധസദനം.
ബന്ധുക്കൾ കൈവിട്ടാലും 
ബന്ധുരാബന്ധുരസ്മരണകളയവിറക്കി 
എങ്ങുമെങ്ങും പോകാതെ
മണ്ണാങ്കട്ട പോലെ 
കാറ്റിൽപ്പൊടിഞ്ഞും 
മഴയിൽക്കുതിർന്നും... 

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

കൂടണയുമ്പോൾ

Mario Miranda's 90th birthday


മേൽ  മുഴുവൻ  പൊടിയും ചെളിയുമായി
മകൻ  യാത്രകഴിഞ്ഞു മടങ്ങിയെത്തുന്നു.
അമ്മ ഒരു കുളിനീർക്കുളമാകുന്നു.

അവൻ  അവളിൽ  മുങ്ങിനീരുമ്പോൾ 
കറതീർന്നൊരു കനകചന്ദ്രൻ .
അവളോ-
ചന്ദ്രോദയംകണ്ട കടൽ.


വഴിയിൽ  അവനടക്കിനിർത്തിയ വിശപ്പൊക്കെയും
പെരുവാ പിളർക്കുന്നു.
അമ്മ ഒഴിഞ്ഞാലുമൊഴിയാത്ത അക്ഷയപാത്രമാകുന്നു.
ഒരുകീറു ചീരയിലകൊണ്ടവൾ 
മകന്‍റെ ജഠരാഗ്നിയടക്കുന്നു.


പിന്നെ മകനുറങ്ങുമ്പോൾ 
അമ്മ ദു;സ്വപ്നങ്ങൾ കാണുന്നു.
വഴികളിലവൻ ക ണ്ട ചോരമുഴുവൻ 
കണ്ണീരു കൊണ്ടു കഴുകുന്നു.


രാപ്പകൽ  ചൂതാടുന്ന ഹസ്തിനപുരങ്ങൾ;
അച്ഛനമ്മമാരുടെ ആർത്തിതീർക്കാൻ 
ജരാനരകളേറ്റുവാങ്ങുന്ന മക്കൾ;
വാണിഭക്കാർ സ്വയംവില്‍ക്കുന്നചന്തകൾ;
തന്നെവിറ്റിട്ടും ചോറുകിട്ടാതെ
കുഞ്ഞുങ്ങളെ വിറ്റുതിന്നുന്ന ഗ്രാമങ്ങൾ;

ദൈവങ്ങളുടെ ചതുരംഗം;
കറുപ്പുംവെളുപ്പുമായി ചേരിതിരിയുന്ന കരുക്കൾ;
കളംതെറ്റുന്ന കളികൾ;
കരുക്കളുടെ ഭ്രാതൃഹത്യകൾ;
ആനയും തേരും കുതിരയും കാലാളും
കൊന്നുതീരുമ്പോൾ മാത്രം രാജിയാകുന്ന രാജാക്കൾ.


മകനുണരുമ്പോൾ
അമ്മ ഉറങ്ങുന്നു.
കൈതവത്തിന്‍റെ കടലിൽ 
ഒന്നുമറിയാത്ത പച്ചത്തുരുത്തുപോലെ
എന്നവൻ അനുതപിക്കുന്നു.
ചേരുമരക്കാടുകളിൽ  വഴിയറിയാത്ത കുട്ടിയെപ്പോലെ
എന്നമ്മ ഉറക്കത്തിൽ 
കർക്കിടകത്തിലെകടൽ പോലെ പുലമ്പുന്നു.


പിന്നെ മകനിറങ്ങുമ്പോൾ 
വെയിലിറങ്ങുന്നു.
സന്ധ്യയുമിരുട്ടും വീടണയുന്നു.
അമ്മ വിളക്കുവെക്കുന്നു.

"ദീപം, ദീപം."

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...