2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

എലിനോർ:16:3

ബാലവേലയുടെ വ്യാപ്തിയും അധോഗതിയും എലിനോറിനെ കോപംകൊണ്ടും നിരാശകൊണ്ടും ഭ്രാന്തു പിടിപ്പിച്ചു. ഇംഗ്ലണ്ടിലെപ്പോലെ,   പുരുഷത്തൊഴിലാളികളെ യന്ത്രങ്ങൾക്കു മാറ്റാൻ പറ്റാത്തിടത്ത്, ബാലവേലകൊണ്ട് അവർ തുരത്തപ്പെട്ടു. കുടുംബം പോറ്റാനായി കുട്ടികളെ നന്നേ ചെറുപ്പത്തിലേ മില്ലുകളിലേക്കയക്കാൻ അപ്പനമ്മമാർ നിർബന്ധിതരായി. കുട്ടികളുടെ വേതനത്തെ ഉപജീവനത്തിനായി പല കുടുംബങ്ങളും ആശ്രയിക്കുകയാൽ, കായികാദ്ധ്വാനത്തിനു അവർക്കു പ്രാപ്തിയാകുന്നതോടെ, ശരാശരി പന്ത്രണ്ടും പതിനാലും പ്രായത്തിൽ, അവരെ സ്‌കൂളുകളിലേക്ക് അയക്കാതായി. ബാലവേലാനിയമങ്ങളെ മറികടക്കാൻ മാതാപിതാക്കളും മുതലാളിമാരും കുട്ടികളുടെ പ്രായത്തെപ്പറ്റി നുണകൾ പറഞ്ഞു. ഈ നിയമങ്ങൾ നിലവിലുണ്ടായിരുന്നുവെങ്കിലും, പ്രയോഗത്തിലില്ലായിരുന്നു. 

1879ൽ പല സംസ്ഥാനങ്ങളും നിർബന്ധവിദ്യാഭ്യാസനിയമങ്ങൾ   പാസ്സാക്കിയിരുന്നു. തൊഴിലാളികളുടെ ആൺകുഞ്ഞുങ്ങൾക്കും പെൺകുഞ്ഞുങ്ങൾക്കും പഠിക്കാവുന്ന, സർക്കാർ ധനസഹായമുള്ള, സ്റ്റെയ്റ്റ് സ്‌കൂളുകൾക്കുള്ള സ്തുത്യർഹമായ വ്യവസ്ഥകളും ഉണ്ടായിരുന്നു.  പക്ഷേ, എലിനോർ വിവരിച്ച പ്രകാരം,


"ആളുകൾ പട്ടിണി കിടക്കുമ്പോൾ, കുട്ടികൾക്കു പഠിപ്പു കിട്ടുന്നതിനു മുമ്പ്, അപ്പം കിട്ടേണ്ടതുണ്ട്. എല്ലാ കിഴക്കൻഫാക്റ്ററി പട്ടണങ്ങളിലും, മരക്കച്ചവടമുള്ള പ്രവിശ്യകളിലും, പല പടിഞ്ഞാറൻ നഗരങ്ങളിലും ഞങ്ങൾ കേട്ടത് ഒരേ കഥയാണ്: 'കുട്ടികൾ പണിക്കു പോകണം; അവർക്കു പഠിക്കാൻ പോകാൻ പറ്റില്ല'."


അദ്ധ്വാനത്തിൻ്റെ ഒരു ദീർഘദിനത്തിനു ശേഷം, പതിനാറും അതിനു മുകളിലും വയസ്സുള്ള ആയിരക്കണക്കിനു യുവാക്കളും യുവതികളും ഫാക്റ്ററിപ്പണിക്കൊപ്പം നിശാപാഠശാലകളിലൂടെ കുറച്ചു വിദ്യാഭ്യാസവും കൂടി നേടാൻ  പരിശ്രമിച്ചു. കാർഷികവേലയെടുക്കുന്നവർ പഠിക്കാനുള്ള ഒരവസരവുമില്ലാതെയാണ് വളർന്നു വലുതായത്. തൊഴിൽവ്യവസ്ഥയിലെ കുട്ടികളുടെ ജീവിതങ്ങളെയും, സാഹചര്യങ്ങളെയും, വേതനത്തെയും കുറിച്ചുള്ള സൂക്ഷ്മമായ വിശദാംശങ്ങളിലേക്കു എലിനോർ കടന്നു ചെല്ലുന്നുണ്ട്. പുകയിലവ്യവസായത്തിലെയും, ടെലഗ്രാഫ് വ്യവസായത്തിലെയും കുട്ടികളുടെ സ്ഥിതി, അവളുടെ വീക്ഷണത്തിൽ, പ്രത്യേകിച്ചു ഭീകരമായിരുന്നു. അതു അടിമത്തമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഈ കുട്ടികൾക്ക് വിദ്യാഭ്യാസമുണ്ടായിരുന്നില്ല. അവർ കളിച്ചിരുന്നില്ല. കൂടണയാൻ വീടുകളുണ്ടായിരുന്നില്ല. സംഘടിക്കാൻ മുതിർന്നവരെപ്പോലെ സാദ്ധ്യതയില്ലാത്ത കുട്ടിത്തൊഴിലാളികൾ അത്യന്തം അരക്ഷിതമായ ഒരു വിഭാഗമായിരുന്നു.


ബുദ്ധിയുള്ള തൊഴിലാളികൾ, റിപ്പോർട്ടുകൾ  പ്രകാരം, ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന, മൂന്നു മുഖ്യസംഗതികളിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ്  എലിനോർ തൻ്റെ വിശ്ലേഷണം അവസാനിപ്പിച്ചത്: ബാലവേലയുടെ ഉന്മൂലനം, എട്ടുമണിക്കൂർ ജോലിദിവസം, സംഘടനാസ്വാതന്ത്ര്യം.


കിട്ടിയ അവസരങ്ങളിലെല്ലാം ഏവ്ലിംഗ് നാടകശാലകളിലേക്കു പോയി. ജോലിയിൽനിന്നും യോഗങ്ങളിൽനിന്നും വിടുതൽ കിട്ടിയപ്പോഴൊക്കെ എലിനോറും അയാൾക്കൊപ്പം കൂടി. അതു പതിവായിരുന്നില്ല. അയാളുടെ ചെലവുകൾ മറ്റുള്ളവർ നോക്കിയതിനാലും, അവളുടേത് അങ്ങിനെയല്ലാത്തതുകൊണ്ടും, പ്രത്യക്ഷത്തിൽ, ഇതു ന്യായം തന്നെ. പക്ഷേ, ഒരു കാര്യമുണ്ടായിരുന്നു. എഡ്വാർഡ് തൻ്റെ നാടകശീട്ടുകളെല്ലാം പണം അവകാശപ്പെടാൻ കരുതിവെച്ചുവെങ്കിലും, സാറ്റർഡേ റീവ്യൂവിൻ്റെയും മറ്റു കലാമാസികകളുടെയും നാടകനിരൂപകനാണ് താനെന്ന്  അവകാശപ്പെട്ടുകൊണ്ട്, പത്രക്കാർക്കുള്ള സൗജന്യശീട്ടുകൾ വഴിയാണ് അയാൾ മിക്ക നാടകങ്ങളും കണ്ടതെന്ന് പിന്നീടു വെളിവായി. 



അമേരിക്കയിൽ, മറ്റുള്ളവരുടെ ചിലവിൽ, നന്നായൊന്നു ജീവിക്കുവാനുള്ള അവസരങ്ങൾ എഡ്വാർഡിനു ഇഷ്ടമായെന്നത് തീർച്ചയാണ്. താമസിക്കാൻ മുന്തിയ ഹോട്ടലുകൾ വേണമെന്ന് അയാൾ വാശി പിടിച്ചു; തീവണ്ടികളിലും, പറ്റാവുന്നിടത്തൊക്കെ,  മുന്തിയ സൗകര്യങ്ങൾ വേണമെന്ന് വാദിച്ചു;റോഡ്  മദ്യനിരോധനമുള്ള സംസ്ഥാനങ്ങളിൽ ആ നിയമം ലംഘിക്കുന്നതിൽ ആനന്ദിച്ചു. റോഡ് അയലണ്ടിലായിരുന്നപ്പോൾ അയാൾ ഒരു കുപ്പി ഷാമ്പെയ്ൻ ആവശ്യപ്പെടാനുള്ള കുരുത്തക്കേടു കാട്ടി: "പറഞ്ഞയുടൻ, പത്തു നിമിഷങ്ങൾക്കുള്ളിൽ, വിലകൂടിയ ഒരു കുപ്പി ഷാമ്പെയ്ൻ എൻ്റെ മുമ്പിലെത്തി; ഉടനെ എനിക്കകത്തും." മദ്യം നിരോധിക്കപ്പെട്ട അയോവയിലൂടെ തീവണ്ടിയിൽ പോകവേ, മറ്റു യാത്രാക്കാരുടെ മുമ്പിൽ വെച്ച്, താൻ രഹസ്യമായി കരുതിവെച്ചിരുന്ന വെള്ളവീഞ്ഞിൻ്റെ കുപ്പി, വളരെ സമയമെടുത്ത്, തുറന്നു കുടിച്ചത്  റ്റസ്സിയിലൊരേ സമയം ചിരിയും  അസ്വസ്ഥതയുമുളവാക്കി. അവളാ നേരത്ത് ജാലകത്തിലൂടെ പുറത്തേക്കു നോക്കി, ഭൂമിയുടെ വിലയെപ്പറ്റി കുറിപ്പുകളെഴുതുകയായിരുന്നു: "ചെറ്റക്കുടിലുകൾ മൂക്കറ്റം പണയത്തിലാകും വിധം ക്രൂരമായ തോതിൽ വിലകൂടിയവ."  

ധാരാളിത്തത്തിൻ്റെ മാനസികാവസ്ഥയിലായിരുന്ന എഡ്വാർഡ്, റ്റസ്സിക്കു വലിക്കാൻ ഒന്നാന്തരം വെർജീനിയാപുകയില വാങ്ങി. ഒരു പക്ഷേ, അതുണ്ടാക്കിയത് അവൾ മുഖാമുഖം നടത്തിയ ബാലവേലക്കാരിൽ ഒരാളായിരുന്നിരിക്കാം. ഒരവസരത്തിൽ, അയാൾക്കൊപ്പം അവൾ നാടകം കാണാൻ പോയപ്പോൾ, വസ്ത്രത്തിൽ കുത്തിവെക്കാൻ അയാൾ അവൾക്കു വലിയൊരു പുഷ്പഹാരം സമ്മാനിച്ചു. ലളിതമായ അവളുടെ രുചിക്കു ചേർന്നതായിരുന്നില്ലാ അതെങ്കിലും, അയാളുടെ അഭിനിവേശത്തിൻ്റെ അടയാളമെന്ന നിലയിൽ അതു സ്വാഗതാർഹമായിരുന്നു. 

അവർക്കൊപ്പം ലൈബ്രറി വന്നുചേർന്നു. നവംബറിൻ്റെ തുടക്കത്തിൽ ഈ മൂവർസംഘം മിഡ് വെസ്റ്റിലെത്തി. എഡ്വാർഡും ലൈബ്രറിയും കുക്ക് കൗൺടി ജയിലിൽ ശിക്ഷിക്കപ്പെട്ടു കിടക്കുന്ന ഷിക്കാഗോ അരാജകവാദികളെ സന്ദർശിച്ചു. അവരുടെ സന്ദർശനമൊരുക്കിയത് "ശാരീരികമായും മാനസികമായും ഭീമനായ" കാപ്റ്റൻ വില്യംസ് പെർകിൻസ് ബ്ലാൿക്കും, അദ്ദേഹത്തിൻ്റെ "അജയ്യയായ" കൊച്ചു ഭാര്യയും (റ്റസ്സി പരാമർശിച്ചതു പ്രകാരം, പൊക്കത്തിൽ മാത്രമാണ് കൊച്ച്; ആവേശത്തിൻ്റെ കാര്യത്തിലല്ല) ആയിരുന്നു.  അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്തു കീർത്തിമുദ്രകൾ നേടിയ അനുഭവസമ്പന്നനും വീരനായകനുമായ ബ്ലാൿ സ്വന്തമായി വ്യവഹാരം നടത്തുന്ന ഒരു കോർപ്പറേറ്റു വക്കീലായിരുന്നു. ഇക്കാലത്ത്, അദ്ദേഹം ഹേമാർക്കറ്റിലെ കലാപത്തിൻ്റെ കേസ് ഏറ്റെടുത്തിരിക്കുകയായിരുന്നു.  ബ്ലാക്കിൻ്റെ ആതിഥേയത്വത്തിൽ ആ നഗരത്തിൽ താമസിച്ച നാലു ദിവസങ്ങളിൽ, റ്റസ്സി,  ആ സുപ്രധാനസംവത്സരത്തിനിടയിൽ  ഷിക്കാഗോയിൽ ഭൂകമ്പമുണ്ടാക്കിയ സംഭവങ്ങളുടെ വിശദാംശങ്ങൾ മനസ്സിലാക്കുന്നതിനിടയായി. 

1886 മേയ് 1നു  തൊഴിലാളികളുടെ ദേശവ്യാപകമായ ഒരു സമരം പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതിൻ്റെ ലക്ഷ്യം അമേരിക്കയിൽ എട്ടുമണിക്കൂർ ജോലി ദിവസം നടപ്പിലാക്കിക്കുകയായിരുന്നു. സാമുവേൽ ഗോമ്പേർസ് നയിച്ചിരുന്ന ലേബർ യൂണിയനുകളുടെയും, ഫെഡറേഷൻ ഓഫ് ഓർഗനൈസ്‌ഡ്‌ ട്രെയ്‌ഡിന്‍റെയും നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കപ്പെട്ടത്. സമരത്തിൽ പങ്കെടുക്കാത്ത യൂണിയനുകൾ അവരുടെ സഹോദരന്മാരെ സഹായിക്കാനുള്ളതെല്ലാം ചെയ്യുമെന്ന വ്യവസ്ഥയോടെ,  "തൊഴിലിൻ്റെ ചേകവർ" ഈ തീരുമാനത്തെ അംഗീകരിക്കുകയും പിന്താങ്ങുകയും ചെയ്തു. ആ സമയം വരെ "ചേവകർ", തത്ത്വത്തിൽ, മുതലാളിമാരുമായുള്ള ഒരു തുറന്ന സംഘർഷത്തെ നിരുത്സാഹപ്പെടുത്തുന്നവരായിരുന്നു. അവരുടെ നിയമാവലിയനുസരിച്ച് രാഷ്ട്രീയ സംവാദം നിഷിദ്ധമായിരുന്നു. പക്ഷേ, ഈ സന്ദർഭത്തിൽ അവർക്കു വീണ്ടുവിചാരമുണ്ടായി. 

മെയ് 1, ശനിയാഴ്ച. 11,000 വ്യാപാരവ്യവസായങ്ങളിൽനിന്നുള്ള 300,000ത്തിലധികം തൊഴിലാളികൾ അമേരിക്കയിലെ തെരുവുകളിൽ പ്രകടനം നടത്തി. ഷിക്കാഗോവിൽ നാൽപ്പതിനായിരം. പതിനൊന്നായിരം ഡിട്രോയിറ്റിൽ. ന്യൂയോർക്കിൽ 25,000 പേർ പന്തം കൊളുത്തി മദ്ധ്യമാൻഹട്ടനിലൂടെ, നഗരത്തിലെ  റൊട്ടിയുണ്ടാക്കുന്നവരുടെ നേതൃത്വത്തിൽ, ജാഥ നടത്തി.  എട്ടുമണിക്കൂർ സമരം "അമേരിക്കക്കു പറഞ്ഞതല്ല" എന്നാണ് ന്യൂയോർക്ക് ടൈംസ് പ്രസ്താവിച്ചത്. കമ്മ്യൂണിസ്റ്റു തൊഴിലാളിവർഗ്ഗ കലാപത്തിനും അമേരിക്കയിലെ "പാരീസു കമ്മ്യൂണിനുമുള്ള" തീയ്യതിയാണ് വാസ്തവത്തിൽ മെയ് ഒന്ന് എന്നു വിരണ്ടു പോയ വ്യവസായികളും മുതലാളിത്തത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളും വിളിച്ചു കൂവി. 

അമേരിക്കയിലെ ഇരുനൂറായിരത്തോളമുണ്ടായിരുന്ന തൊഴിലാളികൾക്കു എട്ടുമണിക്കൂർ ദിവസം തരപ്പെടുത്താനായി എന്നതാണ്  ഈ മെയ് ദിന സമരത്തിൻ്റെ വിജയകരമായ ഫലം. തങ്ങളുടെ വലിയൊരെണ്ണം വരുന്ന തൊഴിലാളികൾ സമരത്തിൽ ചേരുന്നതു തടയാനായി, ചില മുതലാളിമാർ സമരത്തിനു മുമ്പേ രാജിയായിരുന്നു. ട്രേഡ് യൂണിയൻ അംഗത്വം നാടകീയമായി കൂടി. അതേപോലെ, വിവിധ തൊഴിലാളി സംഘടനകൾക്കിടയിലെ ബന്ധവും ഐക്യവും വർദ്ധിച്ചു. രാജ്യവ്യാപകമായ പ്രക്ഷോഭത്തിൽ, പ്രത്യേകിച്ച് സോഷ്യലിസ്റ്റു ദുർഗ്ഗമായ ഷിക്കാഗോവിലെ പ്രകടനത്തിൽ, പോലീസും, മുതലാളിത്ത ചായ്‌വുള്ള പത്രങ്ങളും, പിങ്കർറ്റൺ കുറ്റാന്വേഷണ ഏജൻസിയും അന്ധാളിച്ചുപോയി. മെയ് ഒന്നിനു ഷിക്കാഗോ നഗരം സ്തംഭിച്ചു പോയിരുന്നു. 

മെയ് മൂന്നിന് തിരിച്ചടിക്കാനുള്ള ഒരവസരം താനേയുണ്ടായി. മക്കോർമ്മിക് ഹാർവെസ്റ്റർ ഫാക്റ്ററിയുടെ കവാടത്തിൽ അന്യായമായ പീസ് വർക്ക് സമ്പ്രദായത്തിനെതിരെപ്രതിഷേധിക്കാൻ തൊഴിലാളികൾ തടിച്ചുകൂടിയ ദിവസം. അന്നു വൈകീട്ട്, തൊഴിലാളികൾ ഗെയ്റ്റിനരികിൽ പിക്കറ്റു ചെയ്തു നിൽക്കുകയായിരുന്നു. അതേ ദിവസം രാവിലെ, പോലീസിൻ്റെയും പിങ്കർറ്റണിൻ്റെയും സുരക്ഷാ അകമ്പടിയോടെ, മുന്നൂറു കരിങ്കാലികൾ ജോലിക്കു കയറിയിരുന്നു.  പിങ്കർറ്റണിൻ്റെ സായുധരായ ആൾക്കാർക്കൊപ്പം ഈ സമരം മുടക്കികൾ പുറത്തു വന്നപ്പോൾ, ആൾക്കൂട്ടം അവരെ പരിഹസിക്കുകയും ഉന്തിത്തള്ളുകയും ചെയ്തു. പിങ്കർറ്റണിൻ്റെ ആൾക്കാർ വെടിവെച്ചു. സമരക്കാർ ഓടിയെങ്കിലും, ഏഴുപേർ കൊല്ലപ്പെട്ടു. ക്രുദ്ധരായ ഷിക്കാഗോ പൗരന്മാർ --- ആണുങ്ങളും, പെണ്ണുങ്ങളും, കുട്ടികളും --- സമരക്കാരെ കൊന്നതിൽ പ്രതിഷേധിക്കാൻ അടുത്ത ദിവസം ഹേമാർക്കറ്റ് സ്‌ക്വയറിൽ സമ്മേളിച്ചു. ഷിക്കാഗോയുടെ സോഷലിസ്റ്റുവിരുദ്ധ മേയർ കാർട്ടർ ഹാരിസൺ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധം ശാന്തവും സമാധാനപരവുമായ ഒരു കാര്യമായതിനാൽ, പോലീസുകാരോടു പിരിഞ്ഞു പോകണമെന്ന് അദ്ദേഹം, അത്താഴത്തിനു വീട്ടിലേക്കു പോകുന്നതിനു മുമ്പ്, പറഞ്ഞു. 

പോലീസുകാർ അതു വകവെച്ചില്ല. സായുധരായ ഒരിരുനൂറു പോലീസുകാർ ആൾക്കൂട്ടത്തിനു നടുവിലേക്ക് ഇടിച്ചു കയറി; സമ്മേളനം നിർത്താൻ കൽപ്പിച്ചു. ആ വൈകുന്നേരത്തെ അവസാനത്തെ പ്രാസംഗികനായിരുന്ന, ബ്രിട്ടീഷു പ്രവാസി, സാം ഫീൽഡൻ അതൊരു സമാധാനപരമായ സമ്മേളനമാണെന്ന് തിരിച്ചു വാദിച്ചു. അയാൾ അതു പറഞ്ഞതും, ഒരു ബോംബു പൊട്ടി. പോലീസുകാരിലൊരാളായ മതിയാസ്‌ ഡേഗൻ നിന്നനിൽപ്പിൽ കൊല്ലപ്പെട്ടു. വേറെ ആറു പോലീസുകാർക്കു മാരകമായി പരിക്കേറ്റു. അമ്പതുപേർക്ക് നിസ്സാരമല്ലാത്ത മുറിവുകളുമുണ്ടായി. പോലീസ് നേരെ ആൾക്കൂട്ടത്തിലേക്കു വെടിയുതിർത്തു; ഓടിപ്പോകുന്നവരുടെ നേർക്കും. നിരവധി പ്രതിഷേധക്കാർക്ക് ഗുരുതരമായ പരിക്കുണ്ടായി. കൊല്ലപ്പെട്ടവരുടെ സംഖ്യ, വിവാദവിഷമായിക്കൊണ്ട്,  അജ്ഞാതമായിരുന്നു.  

അന്നു രാത്രി നഗരത്തെ ഭയം ഗ്രസിച്ചു. കൂട്ടത്തോടെയുള്ള അറസ്റ്റുകളുണ്ടായി; വിചാരണയില്ലാതെ തടവിലാക്കപ്പെടലും. സംശയിക്കപ്പെട്ടവർ തല്ലിച്ചതക്കപ്പെട്ടു; പീഡനത്തിനു വിധേയരായി. ഒടുവിൽ, ഡേഗൻ്റെ കൊലപാതകത്തിൻ്റെ പേരിൽ എട്ടുപേരുടെ മേൽ കുറ്റം ചുമത്തപ്പെട്ടു. ഈ എട്ടുപേരിൽ, ബോംബെറിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്നത് സാം ഫീൽഡനും, അരാജകവാദത്തെ അനുകൂലിക്കുന്ന ജർമ്മൻ പത്രമായ ആർബേയ്റ്റർ സെയ്‌റ്റൂങ്ങിൻ്റെ പത്രാധിപർ ഓഗസ്ത് സ്പൈസും മാത്രമായിരുന്നു. 

വലിയ ജ്യൂറിക്കു മുമ്പിൽ നടന്ന വിചാരണ വെറും കാട്ടിക്കൂട്ടലായിരുന്നു. ന്യായാധിപനായ ജോസഫ് ഗാരി എട്ടു പ്രതികളും വിചാരണ ചെയ്യപ്പെടുന്നത് ഡേഗൻ്റെ കൊലയുടെ പേരിലാണെന്നു നടിക്കുകകൂടിയുണ്ടായില്ല. തങ്ങൾക്ക് എഴുതാനോ, വായിക്കാനോ അറിയാത്ത ഭാഷയിൽ അരാജകവാദസാഹിത്യം രചിച്ചതിനാണ് അദ്ദേഹം അവരിൽ കുറ്റം ചാർത്തിയത്. വാദം ഉപസംഹരിച്ചതിലും, ഡിസംബർ മൂന്നിനു കുറ്റവാളികളിൽ എഴുപേരെ തൂക്കാനുള്ള വിധി വായിച്ചപ്പോഴും ഭരണകൂടത്തിൻ്റെ വക്കീൽ ഇതു വ്യക്തമാക്കി: "അരാജകത്വമാണ് വിചാരണ ചെയ്യപ്പെടുന്നത്." സംഭവം നടന്ന വൈകുന്നേരം ഹേമാർക്കറ്റ് പരിസരത്തേയില്ലാതിരുന്ന എട്ടാമനു പതിനഞ്ചു കൊല്ലത്തെ കഠിനതടവു ശിക്ഷയായി കിട്ടി.

ഇവരുടെ കാര്യമാണ് വില്യം പെർകിൻസ് ബ്ലാക്ക് വിശ്വസനീയമാം വിധം ,മേയിലെ സംഭവങ്ങൾ തുടങ്ങിയതു മുതൽ ഇക്കാര്യം അനുധാവനം ചെയ്യുകയായിരുന്ന,  എലിനോറിനു മുമ്പിൽ അവതരിപ്പിച്ചത്. ഈ മനുഷ്യരെയാണ് കുക്ക്കൗണ്ടി ജയിലിൽപ്പോയി ഏവ്ലിംഗും ലീബ്നെക്റ്റും കണ്ടത്. നവംബറിലെ അവരുടെ സന്ദർശനസമയത്താണ്,  തങ്ങളുടെ അപ്പീലിനുള്ള അപേക്ഷ നിരസിക്കപ്പെട്ടിരിക്കുന്നുവെന്ന വാർത്ത പ്രതികൾക്ക് കിട്ടിയത്. തളരാതെ, ബ്ലാക്ക്, പുനർവിചാരണക്കായി കാര്യങ്ങൾ നീക്കി.  

ഇംഗ്ലണ്ടിലെ പ്രസ്ഥാനത്തിനു അരാജകവാദം എത്ര മാത്രം നാശമുണ്ടാക്കിയോ, അത്രയും നാശം അതു അമേരിക്കയിലെ സാമൂഹിക, സാമ്പത്തിക ജനാധിപത്യ സംരംഭത്തിൻ്റെ വളർച്ചയ്ക്കുമുണ്ടാക്കി എന്നായിരുന്നു എലിനോറിൻ്റെ നിലപാട്. അവൾക്ക്  "അരാജകവാദത്തിൻ്റെ  മാർഗ്ഗങ്ങളോടും ലക്ഷ്യങ്ങളോടും തീർത്തും എതിർപ്പായിരുന്നു". എന്നാൽ, ഈ സന്ദർഭത്തിൽ, ഷിക്കാഗോയിലെ അരാജകവാദികൾ, പ്രശസ്തമാംവിധം, നീതിന്യായവ്യവസ്ഥയുടെ ഭീകരമായ അഴിമതിയുടെ ഇരകൾ ആയിരിക്കുകയാണല്ലോ. അതിനാൽ, എലിനോർ, വിയോജിപ്പുകൾ വകവെക്കാതെ, അവർക്കു വിട്ടുവീഴ്ചയില്ലാത്ത പിന്തുണ നൽകി:  

"ഷിക്കാഗോവിലെ ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്ന അരാജകവാദികളെ വീണ്ടും വിചാരണ ചെയ്യുന്നതിനനുകൂലമായി, അമേരിക്കയിൽ നടക്കുന്ന ഓരോ യോഗത്തിലും സംസാരിക്കുകയെന്നത് ഞങ്ങളുടെ കർത്തവ്യമാണ്; അതു ഞങ്ങൾ ഞങ്ങളുടെ ജോലിയാണ്." 

അമേരിക്കയിലെ തങ്ങളുടെ "സമര" സഞ്ചാരത്തിൻ്റെ ആരംഭം മുതലേ, എലിനോർ "പൊതുജനമദ്ധ്യത്തിലേക്കു മൂന്നു ബോംബുകൾ എറിയാൻ" ശ്രോതാക്കളെ അയാൾ പ്രോത്സാഹിപ്പിച്ചിരുന്നു: "സമരവും, പഠനവും, സംഘടിക്കലും". സോഷ്യലിസവും അരാജകവാദവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അവൾ നിശിതമായി നിർവ്വചിച്ചു: 

" ശരിയാണ്, അരാജകവാദികളും സോഷ്യലിസ്റ്റുകളും, രണ്ടു പേരും, ഇന്നത്തെ മുതലാളിത്തത്തെ ആക്രമിക്കുന്നുണ്ട്. പക്ഷെ, അരാജകവാദികളുടെ ആക്രമണം വൈയക്തികവും, യാഥാസ്ഥിതികവും, പ്രതിലോമപരവുമായ വീക്ഷണകോണിലൂടെയാണ്. സോഷ്യലിസ്റ്റുകളുടേത് കമ്മ്യൂണിസ്റ്റും, പുരോഗമനപരവുമായ നിലപാടിൽനിന്നുകൊണ്ടും. . . സോഷ്യലിസ്റ്റുകാരൻ സംഘടനയിൽ വിശ്വസിക്കുന്നു. അയാൾ രാഷ്ട്രീയ പ്രവർത്തനത്തിൽ വിശ്വസിക്കുന്നു. സമ്പൂർണ്ണ സാമ്പത്തികമോചനത്തിനുള്ള ഒരേയൊരു മാർഗ്ഗം തൊഴിലാളിവർഗ്ഗം രാഷ്ട്രീയ അധികാരം പിടിച്ചുപറ്റുകയാണെന്നു വിശ്വസിക്കുന്നു." 

അമേരിക്കയിൽ വന്നതു മുതൽ തനിക്കും, ഏവ്ലിംഗിനും, ലീബ്നെക്റ്റിനും എതിരെയുള്ള ആക്രമണങ്ങൾ വന്നത് അരാജകവാദികളായ എഴുത്തുകാരിൽനിന്നും പ്രഭാഷകരിൽനിന്നുമാണെന്നത് എത്ര സ്വാഭാവികമാണെന്ന്, 
സപ്തംബർ 19നു ന്യൂയോർക്കിൽ ചെയ്ത ഒരു പ്രസംഗത്തിൽ, എലിനോർ ചൂണ്ടിക്കാട്ടി. "ഷിക്കാഗോവിലെ മുതലാളിത്ത പത്രങ്ങൾക്കു, ഞങ്ങൾ കരയിൽ കാലുകുത്തിയപ്പോൾ, ഞങ്ങളെ തൂക്കിലേറ്റണമായിരുന്നു.  കരയിൽ കാലുകുത്തും മുമ്പുതന്നെ  കാണുന്നിടത്തു വെച്ച് ഞങ്ങളെ വെടിവെച്ചു കൊല്ലുകയായിരുന്നൂ ശ്രീമാൻ മോസ്റ്റിൻ്റെ പത്രമായ ദൈ ഫ്രേയ് ഹെയ്റ്റി നു വേണ്ടിയിരുന്നത്." പക്ഷേ, എലിനോർ പറയുകയുണ്ടായി, ഇവിടെ, ഇപ്പോഴത്തെ കാര്യം സോഷ്യലിസവും അരാജകവാദവും തമ്മിലുള്ള വിരോധമല്ല. 

ഷിക്കാഗോ അരാജകവാദികൾക്ക്, റ്റസ്സി, അമേരിക്കൻ മണ്ണിൽ ചവിട്ടിയപ്പോൾത്തൊട്ട്,  നീതി ആവശ്യപ്പെട്ടു. അമേരിക്കയിലെ ഓരോ സമ്മേളനത്തിലും അവൾ തൂക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ പുനർവിചാരണയെ പിന്താങ്ങി സംസാരിച്ചു. നിയമവ്യവസ്ഥയുടെ ഉപാധികളെന്തൊക്കെയെന്നു പ്രാവീണ്യത്തോടെ മനസ്സിലാക്കിയും, കണിശമായുമാണ് അവൾ തൻ്റെ കേസ് അവതരിപ്പിച്ചത്. 

എലിനോർ അരാജകവാദത്തെ അപലപിച്ചു. അവളുടെ വിലയിരുത്തലനുസരിച്ച്, "അതു അന്തർദ്ദേശീയ മുന്നേറ്റത്തെ താറുമാറാക്കി. . . സ്പെയിനിലെയും, ഇറ്റലിയിലെയും, ഫ്രാൻസിലെയും പ്രസ്ഥാനങ്ങളെ വർഷങ്ങളോളം പിന്നോട്ടു തള്ളി. . .അമേരിക്കയിലതൊരു തടസ്സമാണെന്നു തെളിയിക്കപ്പെട്ടു. . .ഇംഗ്ലണ്ടിലാകട്ടെ നിസ്സംശയം ഒരു ശല്യവും". എങ്കിലും, ഷിക്കാഗോ അരാജകവാദികളുടെ കാര്യത്തിൽ, അവളുടെ പിന്തുണയിലും പ്രവർത്തനത്തിലും, രാഷ്ട്രീയമായോ, വ്യക്തിപരമായോ യാതൊരു പിശുക്കുമില്ലായിരുന്നു. നീതി നടത്തിയേ പറ്റൂ. 

താങ്ക്സ് ഗിവിങ് ദിവസമായ നവംബർ 25നു വില്യം ബ്ലാക്ക് വധശിക്ഷക്കു സ്റ്റേ തരപ്പെടുത്തി; തടവുകാരെ ഡിസംബർ മൂന്നിനു തൂക്കിലേറ്റില്ലെന്ന്‌ ഉറപ്പാക്കി. ന്യൂയോർക്കിലെ മേയറുടെ ഭരണകൂടത്തിൽ പുതിയ ലേബർ പാർട്ടിയുടെ നേതാവായ ഹെൻറി ജോർജ്ജുള്ളതു കൂടിയായപ്പോൾ, ഡിസംബറിൽ എലിനോറുടെയും എഡ്വാർഡിൻ്റെയും യാത്ര പരിസമാപിക്കുമ്പോഴേക്കും, പ്രതീക്ഷക്കു വകയുണ്ടെന്നു തോന്നിത്തുടങ്ങിയിരുന്നു. 

റ്റസ്സിയും എഡ്വാർഡും തുടങ്ങിയത് ന്യൂയോർക്കിലായിരുന്നു. അവരുടെ സമാപനവും അവിടെത്തന്നെയായിരുന്നു. നാടുതെണ്ടികൾക്ക്  വേലക്ക്  ആഹാരവും താമസസൗകര്യവും  നൽകുന്ന ഒരു സ്ഥാപനം തുടങ്ങുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനു വേണ്ടി  രണ്ടുപേരും ഡിസംബർ 21നു അവിടെ ഒരു പൊതു സമ്മേളനത്തിൽ പങ്കെടുത്തു. ഈ അവസാന നാളുകളിൽ,  എഡ്വാർഡ് നാടകവേദികൾ സന്ദർശിച്ചു. റ്റസ്സിയാകട്ടെ, യോഗങ്ങളില്ലാത്ത വേളകളിൽ, സ്ത്രീവോട്ടവകാശസമരക്കാരികളെ കണ്ടു; പുസ്തകക്കടകൾ സന്ദർശിച്ചു. ഡിസംബർ 23നു  അവർ ആതിഥേയരായ സോഷ്യലിസ്റ്റു ലേബർ പാർട്ടിയുടെ പൊതുയോഗത്തിൽ തങ്ങളുടെ 'സമരയാത്ര'യെക്കുറിച്ചുള്ള ഒരു റിപ്പോർട്ടു അവതരിപ്പിച്ചു. സാമൂഹിക പ്രസ്ഥാനത്തിൻ്റെ അവിഭാജ്യ ഘടകമാണ് സ്ത്രീകളുടെ സംഘടിക്കലെന്ന് എലിനോർ തൻ്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. 

ഇംഗ്ലണ്ടിലെ സ്ത്രീത്തൊഴിലാളികളുടേതിനേക്കാൾ മോശമായ അവസ്ഥയാണ് അമേരിക്കൻ പെൺതൊഴിലാളികളുടേതെന്നാണ് താൻ മനസ്സിലാക്കിയിരിക്കുന്നത്. എല്ലാ തൊഴിലിലും, വ്യാവസായിക പരിതസ്ഥിതികളിലും കണ്ടുവരുന്ന പൊതുവായൊരു പ്രശ്നമാണ് സ്ത്രീകളുടെയും കുട്ടികളുടെയും വേതനത്തിൻ്റെ കാര്യം. സ്ത്രീകളുടെ സംഘടന വേറിട്ടൊരു രാഷ്ട്രീയ സംഘടനയല്ല. അതങ്ങിനെ ആകയുമരുത്.  സ്ത്രീകൾ സമ്മേളനങ്ങളിൽ ഭാഗഭാക്കാകണം; നേതൃസ്ഥാനത്തിനു വേണ്ടി മത്സരിക്കണം; അവരുടെ, ഭൂരിഭാഗം സമയവും പണിയെടുക്കുന്ന, കുട്ടികളെ സമ്മേളനങ്ങളിലേക്കു കൂടെ കൊണ്ടുവരണം; യൂത്തുകൗൺസിലുകളിൽ അവരുടെ സ്വരമുയർത്തുന്നതിനു പ്രചോദിപ്പിക്കണം. കുട്ടികളെയും വീടും നോക്കുന്നതിൽ എല്ലാ തൊഴിലാളികൾക്കും സ്ത്രീകളെ സഹായിക്കുകയെന്ന കർത്തവ്യമുണ്ടെന്നും റ്റസ്സി പറഞ്ഞു. എങ്കിലേ,  സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാങ്ങളിലുള്ള അവരുടെ പങ്കാളിത്തത്തിനുള്ള മുഴുവൻ കഴിവും ഉറപ്പാക്കാൻ പറ്റുകയുള്ളൂ.  

എലിനോറുടെ ഉപസംഹാരപ്രസംഗം, നിർവ്വിശങ്കം, സോഷ്യലിസ്റ്റു-ഫെമിനിസ്റ്റു പോരാട്ടത്തിനുള്ള ആഹ്വാനമായിരുന്നെങ്കിൽ, ഏവ്ലിംഗിന്‍റേത്, തന്ത്രപൂർവ്വം, വിവാദമുളവാക്കുന്നതായിരുന്നു.  സാഹസികമായി, ധീരമായി എഡ്വാർഡ് പ്രഖ്യാപിച്ചതു പ്രകാരം, "പ്രസ്ഥാനം, അതു വിജയിക്കണമെങ്കിൽ, ജർമ്മൻ സംസാരിക്കുന്നവരുടെ കയ്യിൽനിന്ന് ഇംഗ്ലീഷു സംസാരിക്കുന്നവരുടെ കയ്യിലേക്കു മാറേണ്ടതുണ്ട്". ആതിഥേയരായ പാർട്ടി നേതൃത്വത്തെ നേരിട്ടു വെല്ലുവിളിച്ചുകൊണ്ട് ഏവ്ലിംഗ്, തൻ്റെ കഴിഞ്ഞ മൂന്നു മാസങ്ങളിലെ അനുഭവത്തെ ആധാരമാക്കി, പ്രസ്താവിച്ചു: "ഇവിടെ താമസമാക്കിയ ഒരു തൊഴിലാളിയാണ് ഞാനെങ്കിൽ, ഞാൻ ചേരുക "തൊഴിലിൻ്റെ ചേവകരിലും" സെൻട്രൽ ലേബർ യൂണിയനിലുമായിരിക്കും; എൻ്റെ സോഷ്യലിസ്റ്റാദർശങ്ങൾ അവർക്കിടയിൽ പ്രചരിപ്പിക്കാൻ." ജർമ്മൻ പാർട്ടി അതു ചെയ്യുന്നില്ലെങ്കിൽ, അവർ രംഗം വിടുകയാണ് ഭംഗി എന്നു പറഞ്ഞുകൊണ്ട് അയാൾ തൻ്റെ ആശയം കൊള്ളേണ്ടിടത്തു കൊള്ളിച്ചു.  

ഏവ്ലിംഗിൻ്റെ അപ്രീതികരമായ ഈ നിർദ്ദേശം, യോഗത്തിലുള്ളവരിൽനിന്ന് വിദ്വേഷകരമായ പരാമർശങ്ങൾ ക്ഷണിച്ചു വരുത്തി. അത് എഡ്വാർഡ് വ്യക്തിപരമായി S L P സെക്രട്ടറിയായ വിൽഹെം റോസെൻബെർഗിനെ ആക്രമിക്കുന്നതിലേക്കു തരം താണു. റോസെൻബെർഗ് വിഡ്ഢിയും അഹങ്കാരിയുമാണെന്ന് അയാൾ പഴിച്ചു. പൊതുയോഗം ഇങ്ങിനെ വൈരത്തിൽ കലാശിച്ചതിനു ശേഷം, തൻ്റെ വരവു ചെലവു കണക്കു ബോധിപ്പിക്കാൻ, ഏവ്ലിംഗ് പാർട്ടി എക്സിക്യൂട്ടീവുമായി കൂടിക്കാഴ്ച നടത്തി. അതു നിർവ്വഹിക്കാൻ പറ്റിയ ഇതിനേക്കാൾ പരിതാപകരമായ മറ്റൊരു മുഹൂർത്തമില്ലായിരുന്നു.  "യാത്രകളുടെ ചിലവ് S L P പ്രതീക്ഷച്ചതിനേക്കാളേറെ വിഴുങ്ങിയിരിക്കുന്നുവെന്ന്"   റോസെൻബെർഗ്, റ്റസ്സി അറിയാതെ, ഏവ്ലിംഗിനെ ധരിപ്പിച്ചിരുന്നു. തദ്‌ഫലമായി, ന്യൂയോർക്കിലെ ഇംഗ്ലീഷു സംസാരിക്കുന്ന സോഷ്യലിസ്റ്റുകളുടെ, ഏവ്ലിംഗും ലീബ്നെക്റ്റും നിർദ്ദേശിച്ചിരുന്ന, സമ്മേളനം സംഘടിപ്പിക്കാൻ പണമില്ലെന്നും അയാൾ പറഞ്ഞിരുന്നു. 

യാത്ര ച്ചെലവ് പരിശോധിക്കാനിരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ  ഏവ്ലിംഗിൻ്റെയും റോസെൻബെർഗിൻ്റെയും പല്ലും നഖവും പുറത്തു വന്നു. എക്സിക്യൂട്ടീവ് "എൻ്റെ കണക്കുകൾ അപ്പാടെ അധികരിച്ചതാണെന്ന് അപലപിച്ചു"വെന്ന് ഏവ്ലിംഗ് പിറുപിറുത്തു. "ഞങ്ങൾ രണ്ടു പേരും തൊഴിലാളികളുടെ പണത്തെ ഉപജീവിക്കുന്ന, പാർട്ടിക്കു കൊള്ളാത്ത ഉപരിവർഗ്ഗക്കാരാണെന്നൊക്കെ ശകാരിച്ചു." 

എഡ്വാർഡ് തൻ്റെ എല്ലാ ചിലവുകളും ഒന്നിച്ചു കൂട്ടിയിടുകയാണുണ്ടായത്. പത്രപ്രവർത്തിനുണ്ടായ ചിലവുകളും, നാടകടിക്കറ്റുകളുടെ നിരക്കും, ലൈബ്രറിയും മകളും ബോസ്റ്റണിൽ  കൂടെയുണ്ടായിരുന്നപ്പോൾ അവരെ സൽക്കരിച്ചതിൻ്റെ ചിലവുകളും അയാൾ വേർതിരിക്കുകയുണ്ടായില്ല. റ്റസ്സിയുടെ തീവണ്ടിയാത്രയുടെ പണം കൊടുക്കാമെന്ന് എക്സിക്യൂട്ടീവ് സമ്മതിച്ചതായിരുന്നു; അതുപോലെ, അവളുടെ ഹോട്ടൽചിലവ് എഡ്വാർഡിൻ്റേതിനൊപ്പം  ചേർക്കാമെന്നും. പക്ഷേ, എഡ്വാർഡ് അലസതയോടെ എല്ലാ രശീതുകളും ഒന്നിച്ചു കൂട്ടി, " ഇതിൽ പാർട്ടിക്ക് ഉത്തരവാദിത്തമുള്ളതു തീരുമാനിച്ചു കൊള്ളുവാൻ"  പറഞ്ഞുകൊണ്ടുള്ള   ഒരു എഴുത്തോടുകൂടി S L P എക്സിക്യൂട്ടീവിനു അയച്ചു കൊടുക്കുകയാണ് ചെയ്തത്. അയാളുടെ ചിലവുകൾ ധാരാളിത്തം നിറഞ്ഞതായിരുന്നു. കണക്കുവെക്കുന്നതിലാകട്ടെ, കരുതലില്ലായ്മയും. ജർമ്മനിക്കാരോടാണ് കളിയെന്നത് മൂപ്പർ മറന്നുപോയി. 

സാമ്പത്തികമായ കെടുകാര്യസ്ഥതയുടെ പേരിൽ റോസെൻബെർഗ് ഏവ്ലിംഗിനെ കുറ്റപ്പെടുത്തി. ഈ നാണംകെട്ട സംഭവത്തിലുടനീളം റ്റസ്സി മിണ്ടാതെ അപമാനിതയായി ഇരുന്നു. പതിമൂന്നാഴ്ചകളിലെ യാത്രയുടെ ചെലവായി ഏവ്ലിംഗ് സമർപ്പിച്ച 1300 ഡോളർ കൊടുക്കാമെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി സമ്മതിച്ചു. പക്ഷെ, അതവർ കൊടുക്കുമെന്ന് അയാൾ അനുമാനിച്ചതിനെ അവർ അപലപിച്ചു. കുപ്പായത്തിൽ കുത്തിവെക്കാനുള്ള പൂക്കളുടെ വിലയായ 25 ഡോളർ ദേഷ്യത്തോടെ ഹെർമൻ വാൾതർ  ചൂണ്ടിക്കാട്ടിയതോടെ റ്റസ്സി അപമാനത്തിൻ്റെ അഗാധഗർത്തത്തിലായി. ":ഈ ചെലവു ന്യായമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?" എന്നാണ് അയാൾ എഡ്വാർഡിനോട് ഗർജ്ജിച്ചത്. യാത്രയിൽ എഡ്വാർഡിൽനിന്ന് അവൾക്കൊരു പുഷ്പഹാരം ലഭിച്ചിരുന്നു. പക്ഷേ, അതിനിത്രയും വലിയ വില വരുമായിരുന്നില്ല. എഡ്വാർഡ് ഈ പൂക്കൾ മറ്റു സ്ത്രീകൾക്കു വേണ്ടി വാങ്ങിയതാണെന്ന് അവൾ മൂകമായി അനുമാനിക്കാനേ കഴിഞ്ഞുള്ളൂ. 

ക്രിസ്തുമസ് ദിവസം രാവിലെ അവർ ന്യൂയോർക്ക് വിട്ടു. ഡെക്കിൽ മഞ്ഞുകാലത്തണുപ്പിൽ ആകെപ്പുതച്ചിരുന്ന്  റ്റസ്സി, കയ്യിൽ പന്തമുയർത്തി നിൽക്കുന്ന,151 അടി ഉയരമുള്ള, വെട്ടിത്തിളങ്ങുന്ന ചെമ്പു പ്രതിമയെ നോക്കി. ഒക്ടോബർ 28നു ലോകത്തെ ബോധവത്കരിക്കുന്ന സ്വാതന്ത്ര്യം  പ്രസിഡണ്ട് ക്ളീവ്ലൻഡ് അനാച്ഛാദനം ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിൻ്റെ വനിതയുടെ പാദപീഠത്തിൽ "നവ ഭീമൻ" എന്ന കവിത കൊത്തിവെച്ചിട്ടുണ്ടെന്ന് എലിനോർ പത്രത്തിൽ വായിച്ചിരുന്നു. അമേരിക്കൻ കവി എമ്മാ ലസാറസ് കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്ന കവിത:

"സ്വതന്ത്രമായി ശ്വസിക്കാൻ വീർപ്പുമുട്ടുന്ന  
പരവശരായ, പാവപ്പെട്ട ജനസാമാന്യത്തെ, 
ആൾത്തിരക്കാർന്ന നിങ്ങളുടെ തീരത്തെ പീഡിതരായ ചവറുകളെ, 
എനിക്കു തരൂ.
കൊടുങ്കാറ്റുലച്ച, അഭയമില്ലാത്ത, ഇവരെ എനിക്കു തരൂ.
സ്വർണ്ണകവാടത്തിനരികിലിതാ  ഞാനെൻ്റെ വിളക്കുയർത്തുന്നു." 


അമേരിക്കയുടെ വൈരുദ്ധ്യങ്ങൾ --- സ്വന്തം വൈരുദ്ധ്യങ്ങളെപ്പോലെ --- മടക്കയാത്രയിലുടനീളം അവളുടെ ചിന്തകളെ നിറക്കാൻ പര്യാപ്തമായിരുന്നു.

----------------------------------------------------------------------------------------------
1. ഡൈം മ്യൂസിയങ്ങൾ അമേരിക്കയിൽ, പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ഒടുവിൽ, പ്രചാരത്തിലുള്ളവയായിരുന്നു. തൊഴിലാളികളുടെ (ബുദ്ധി ജീവികളുടേതല്ലാത്ത) വിനോദത്തിനും സദാചാരവിജ്ഞാനത്തിനും വേണ്ടി രൂപകൽപ്പന ചെയ്ത ഈ മ്യൂസിയങ്ങൾ, ഉപരിമദ്ധ്യവർഗ്ഗങ്ങളുടെ (ബുദ്ധിജീവികൾക്കുള്ള) സാംസ്കാരിക സംഭവങ്ങളിൽനിന്ന് ഏറെ വിഭിന്നമായിരുന്നു.

2. വേലയെടുത്ത സമയം നോക്കാതെ, എത്ര ഉൽപ്പാദനമുണ്ടാക്കിയെന്നു മാത്രം നോക്കി കൂലി കൊടുക്കുന്ന രീതി.

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...