2023, ഫെബ്രുവരി 21, ചൊവ്വാഴ്ച

ജീൻ 29 [6]

 അത്ര അസാധാരണമായ കാര്യമൊന്നുമായിരുന്നില്ലാ ഡേവിഡ് റെയ്മറിന്റേത്. 1970കൾക്കും '80കൾക്കും മദ്ധ്യേ, ഇത്തരം മറ്റു ലൈംഗിക പുനർനിയോഗങ്ങൾ ( മാനസികവും സാമൂഹികവുമായ പരുവപ്പെടുത്തലിലൂടെ ക്രോമസോം പ്രകാരം ആൺകുട്ടികളായവരെ പെൺകുട്ടികളാക്കി മാറ്റാനുള്ള ശ്രമം) വർണ്ണിക്കപ്പെട്ടിട്ടുണ്ട്. അവയിലോരോന്നും സംഘർഷഭരിതവും, സംഘർഷം ഉളവാക്കുന്നതുമാണ്. അവയിൽ ചിലതിലൊക്കെ ലിംഗത്വപരമായ ഡിസ്‌ഫോറിയ(6), ഡേവിഡിന്റെ കാര്യത്തിലുണ്ടായിരുന്നത്ര തീവ്രമായിരുന്നില്ല. എങ്കിലും, ഇരകളായ സ്ത്രീ/പുരുഷന്മാരെ ആകുലതയും, കോപവും, അസംതൃപ്തിയും, അസ്വസ്ഥതയും, ദിശാബോധമില്ലായ്മയും, പ്രായപൂർത്തിയാകുന്നതുവരെ, കൂടെക്കൂടെ വേട്ടയാടിയിരുന്നു. വളരെ പ്രസക്തമായൊരു സംഭവം ഉദാഹരിക്കാം. ഒരു സ്ത്രീ (അവരെ C എന്നു വിളിക്കാം) മിനസോട്ടയിലെ റോച്ചെസ്റ്ററിലുള്ള ഒരു സൈക്കയാട്രിസ്റ്റിനെ കാണാനെത്തി. തൊങ്ങലുകൾ വച്ചുപിടിപ്പിച്ച, പൂക്കളുള്ള ബ്ലൗസും, പശുത്തോലുകൊണ്ടുള്ള പരുപരുക്കൻ ജാക്കറ്റും ധരിച്ചാണ് ആ സ്ത്രീ വന്നത്. "തുകലും നാടകളും ചേർന്ന രൂപം"  എന്നാണ് അവൾ തന്നെത്തന്നെ വിശേഷിപ്പിച്ചത്. തന്റെ ദ്വന്ദാവസ്ഥയിലെ പലതിനെച്ചൊല്ലിയും അവൾക്ക് അസ്വസ്ഥതകളില്ലായിരുന്നു. പക്ഷേ, "അടിസ്ഥാനപരമായ് താനൊരു സ്ത്രീ" ആണെന്നതിനോട് പൊരുത്തപ്പെടാൻ  അവൾക്കു വിഷമമുണ്ടായിരുന്നു.  1940കളിലാണ് അവളുടെ ജനനം. വളർത്തപ്പെട്ടത് പെൺകുട്ടിയായിട്ടാണ്. സ്‌കൂളിൽ താനൊരു മരംകേറ്റക്കാരിയായിരുന്നുവെന്ന് അവൾ ഓർക്കുന്നുണ്ട്. ശാരീരികമായ് താനൊരു ആണാണെന്ന ചിന്ത ഒരിക്കലും അവൾക്കുണ്ടായിരുന്നില്ലെങ്കിലും, ആണുങ്ങളുമായ് ഒരു ബന്ധുത്വമുണ്ടെന്ന് അവൾക്ക് പലപ്പോഴും തോന്നിയിരുന്നു ("ഒരു പുരുഷന്റെ തലച്ചോറാണെനിക്കുള്ളതെന്ന് എനിക്കു തോന്നാറുണ്ട്"). പ്രായം ഇരുപതുകളിലെത്തിയപ്പോൾ, അവൾ ഒരു പുരുഷനെ വിവാഹം കഴിച്ചു;  അവനൊപ്പം താമസിച്ചു --- മറ്റൊരു സ്ത്രീയും ഭർത്താവും അവളും ഉൾപ്പെട്ട ഒരു പ്രണയത്രയം യാദൃച്ഛികമായ് ഉണ്ടാകുന്നതു വരെ. അതവളിൽ സ്ത്രീകളെക്കുറിച്ചുള്ള വന്യസ്വപ്നങ്ങളുടെ സുഫ്‍രണങ്ങൾ ഉണർത്തി. അവളുടെ ഭർത്താവ് അപരയായ സ്ത്രീയെ വിവാഹം കഴിച്ചപ്പോൾ, C അവനെ വിട്ടു; നിരവധി സ്വവർഗ്ഗ (ലെസ്ബിയൻ) ബന്ധങ്ങളിലേർപ്പെട്ടു. അവൾ ഒരു പള്ളിയിൽ ചേർന്നു; അവിടെ, പരിപോഷകമായ ഒരു ആത്മീയ സമുദായം കണ്ടെത്തി. പക്ഷേ, പള്ളിയിലെ അച്ചൻ അവളെ, സ്വവർഗ്ഗരതിയുടെ പേരിൽ, ആക്ഷേപിച്ചു; "നേർവഴിക്ക് വരാൻ" ചികിത്സ തേടണമെന്ന് ഉപദേശിച്ചു.   

നാൽപ്പത്തിയെട്ടാമത്തെ വയസ്സിൽ, കുറ്റബോധവും ഭയവും പ്രേരിപ്പിക്കുകയാൽ, അവൾ ഒടുവിൽ മാനസിക ചികിത്സ തേടി. വൈദ്യപരിശോധനാവേളയിൽ, അവളുടെ കോശങ്ങളെ ക്രോമസോം പരിശോധനക്കയച്ചു. അവളുടെ കോശങ്ങളിലുണ്ടായിരുന്നത് XY ക്രോമസോമുകളായിരുന്നു. ജനിതകാത്മകമായ് പറയുകയാണെങ്കിൽ, C ആണായിരുന്നു. ക്രോമസോം പ്രകാരം ആണായിരുന്നുവെങ്കിലും, താൻ ജനിച്ചത് അസ്പഷ്ടവും അവികസിതവുമായ ജനനേന്ദ്രിയത്തോടെയായിരുന്നുവെന്ന് അവൾ പിന്നീട് മനസ്സിലാക്കി. അവളെ പെണ്ണാക്കുന്നതിനുവേണ്ടി അവളുടെ അമ്മ ഒരു പുനർനിർമ്മാണ ശസ്ത്രക്രിയക്ക് സമ്മതിച്ചതാണ്. ആറു വയസ്സുള്ളപ്പോൾ അവളുടെ ലൈംഗിക പുനർനിയോഗം ആരംഭിച്ചു.  പ്രായപൂർത്തിയായപ്പോൾ, അവൾക്ക്, "ഹോർമോൺ അസന്തുലിതാവസ്ഥ" നീക്കാനെന്ന നാട്യേന, ഹോർമോണുകൾ നൽകി. ബാല്യത്തിലോ, കൗമാരത്തിലോ തന്റെ ലിംഗസ്വത്വത്തെക്കുറിച്ച് Cക്ക് സംശയത്തിന്റെ ഒരു പൊടിപോലുമുണ്ടായിരുന്നില്ല. 

ജനിതകവും ലിംഗത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കരുതലോടെ ചിന്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് C യുടെ സംഭവം ഉദാഹരിക്കുന്നത്. ഡേവിഡ് റെയ്മറിന്റേതിൽ നിന്ന് വ്യത്യസ്തമാണ് C യുടെ സംഗതി. ലിംഗത്വസംബന്ധമായ തന്റെ ധർമ്മത്തെക്കുറിച്ച് അവൾക്ക് ആശയക്കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പൊതുസ്ഥലങ്ങളിൽ അവൾ പെണ്ണുടുപ്പുകൾ ധരിച്ചു; ഒരു പുരുഷനുമൊത്താണ് വിവാഹജീവിതം നിലനിർത്തിയത് (തൽക്കാലത്തേക്കാണെങ്കിലും); നാല്പത്തിയെട്ടാം വയസ്സു വരെ, സാംസ്കാരികവും സാമൂഹികവുമായ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഒരു സ്ത്രീയെന്ന നിലയിൽ വർത്തിച്ചു പോന്നത്. എങ്കിലും, തന്റെ ലൈംഗികതയെക്കുറിച്ച് കുറ്റബോധമുണ്ടായിട്ടുകൂടി, അവളുടെ സ്വത്വത്തിന്റെ നിർണ്ണായകമായ വശങ്ങൾ (ബന്ധുത്വം, മനോരാജ്യം, കാമന, പ്രണയാവേഗം) ആണത്വവുമായി കെട്ടുപിണഞ്ഞു നിന്നു. സാമൂഹികമായ പ്രവൃത്തികളിലൂടെയും അനുകരണങ്ങളിലൂടെയും താൻ ആർജ്ജിച്ച ലിംഗത്വത്തിന്റെ പ്രധാനലക്ഷണങ്ങളെല്ലാം പഠിക്കാൻ Cക്ക് കഴിഞ്ഞുവെന്നത് ശരിയാണ്. പക്ഷേ, തന്റെ ജനിതകസ്വത്വത്തിന്റെ മാനസിക-ലൈംഗിക ചോദനകൾ മറക്കാൻ അവൾക്കു കഴിഞ്ഞില്ല. 

ജനന സമയത്ത് ജനനേന്ദ്രിയം ഘടനാപരമായ് അവികസിതമായതിനാൽ, സ്ത്രീ ലിംഗത്വം നൽകപ്പെട്ട, എന്നാൽ "ജനിതകമായ് ആണുങ്ങളായ"വരെ (അതായത്, XY ക്രോമസോമുകളോടെ ജനിച്ച കുട്ടികളെ) ക്കുറിച്ചുള്ള ദീർഘമായൊരു പഠനത്തിലൂടെ, 2005ൽ, കൊളംബിയാ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ ഇത്തരം കേസുകൾ സ്ഥിരീകരിച്ചു.  ചില കേസുകളൊന്നും റെയ്‌മറുടേയോ, Cയുടേയോ അത്ര വേദനാജനകമായിരുന്നില്ല. എങ്കിലും, സ്ത്രീലിംഗത്വം ചുമത്തപ്പെട്ട ഭൂരിഭാഗം ആണുങ്ങളും, ബാല്യകാലത്തിൽ തങ്ങൾക്ക് മിതമായതു മുതൽ തീവ്രമായതു വരെയുള്ള ലിംഗത്വസംബന്ധിയായ ഡിസ്‌ഫോറിയ അനുഭവപ്പെട്ടിരുന്നുവെന്ന് പറഞ്ഞു. പലർക്കും ഉൽക്കണ്ഠാരോഗമുണ്ടായി; വിഷാദരോഗം പിടിപെട്ടു; ആശയകുഴപ്പങ്ങളുണ്ടായി. പലരും കൗമാരത്തിൽ, അല്ലെങ്കിൽ യൗവ്വനത്തിൽ, ആൺലിംഗത്വത്തിലേക്ക് സ്വേച്ഛയാ തിരിച്ചു പോന്നു. അവ്യക്തമായ ജനനേന്ദ്രിയത്തോടെ പിറന്ന,  "ജനിതകപരമായ് ആണുങ്ങളായവർ, ആൺകുട്ടികളായ്, പെൺകുട്ടികളായല്ല, വളർത്തപ്പെട്ടപ്പോൾ, അവരിലൊരാൾക്കും ലിംഗത്വപരമായ ഡിസ്‌ഫോറിയയുള്ളതായോ, യൗവ്വനത്തിൽ അവർ ലിംഗത്വം മാറിയതായോ പറഞ്ഞുകേട്ടിട്ടില്ലാ എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.  

ഈ കേസു റിപ്പോർട്ടുകൾ കൊണ്ട് ഒരു കാര്യത്തിൽ തീരുമാനമായി (ചിലർക്കിടയിൽ അതങ്ങനെയല്ലെങ്കിലും): പരിശീലനങ്ങളോ, സൂചനകളോ, പെരുമാറ്റശക്തീകരണമോ, സാമൂഹികവൃത്തികളോ, സാംസ്കാരിക ഇടപെടലുകളോ കൊണ്ട് ലിംഗത്വത്തെ സൃഷ്ടിക്കാനോ, അല്ലെങ്കിൽ കാര്യപരിപാടികളിലൂടെ സാധിച്ചെടുക്കുവാനോ പൂർണ്ണമായും, എന്തിന്, സാരമായ രീതിയിൽപ്പോലും സാദ്ധ്യമല്ല. ലൈംഗിക വ്യക്തിത്വവും, ലിംഗസ്വത്വവും രൂപപ്പെടുത്തുന്നതിൽ ജീനുകളാണ്, മറ്റേത് ഘടകങ്ങളേക്കാളും, പരാമപ്രധാനമെന്ന് ഇന്ന് വളരെ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട് --- ചില പരിമിത സാഹചര്യങ്ങളിൽ, സാംസ്‌കാരികവും, സാമൂഹികവും, ഹോർമോൺ സംബന്ധമായതുമായ കാര്യപരിപാടികളിലൂടെ ലിംഗത്വത്തിന്റെ ചില ലക്ഷണങ്ങൾ പിടിച്ചെടുക്കാമെങ്കിൽക്കൂടി. ഹോർമോണുകളും, അന്തിമമായി, ജീനുകളുടെ പരോക്ഷമോ പ്രത്യക്ഷമോ ആയ ഉൽപ്പന്നങ്ങളാണ്. അതിനാൽ, കേവലം പെരുമാറ്റ ചികിത്സകൊണ്ടും സാംസ്കാരികശക്തീകരണത്താലും ലിംഗത്വത്തെ പുനഃസൃഷ്ടിക്കാമെന്നത് വ്യാമോഹമാണ്. വാസ്തവം പറഞ്ഞാൽ, വൈദ്യശാസ്ത്രത്തിൽ ഇന്ന് വർദ്ധിച്ചു വരുന്ന ഒരു സമ്മതാഭിപ്രായമുണ്ട്: അത്യപൂർവ്വം കേസുകളൊഴിച്ചാൽ, കുട്ടികൾക്കു മേൽ, ശരീരഘടനാസംബന്ധിയായ് അവരിൽ എന്തു വൈജാത്യവും വ്യതിയാനവുമുണ്ടെങ്കിലും, ആരോപിക്കേണ്ടത് അവരുടെ ക്രോമസോമിലെ (ജനിതക) ലിംഗമാണ്; അവർക്കു, വേണമെങ്കിൽ, അതു ജീവിതത്തിൽ പിന്നീട് മാറ്റാവുന്നതാണ്. ഇതെഴുതുന്നതു വരെ, ഈ കുട്ടികളിലാരും അവരുടെ ജനിതക ലിംഗം ഇതേവരെ മാറ്റിയിട്ടില്ല. 
*
ഒരേയൊരു ജനിതക സ്വിച്ചാണ് മനുഷ്യസ്വത്വത്തിന്റെ അതിഗാഢമായ ദ്വന്ദങ്ങളിലൊന്നിനെ ഭരിക്കുന്നതെന്ന ഈ ആശയത്തെ, മനുഷ്യരുടെ ലിംഗസ്വത്വം വിടവുകളില്ലാത്ത ഒരു വർണ്ണരാജിയിട്ടാണ് യഥാർത്ഥ ലോകത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന വസ്തുതയുമായ് എങ്ങനെ സമരസപ്പെടുത്താൻ കഴിയും? വേറിട്ടു നിലകൊള്ളുന്ന കറുപ്പും വെളുപ്പുമായ അർദ്ധചന്ദ്രന്മാരായിട്ടല്ലാ (7), ആയിരമായിരം ധൂസരമായ നിറങ്ങളിലാണ് ലിംഗത്വം ഉള്ളതെന്ന് മിക്കവാറും എല്ലാ സംസ്കൃതികളും അംഗീകരിച്ചതാണ്. സ്ത്രീവിദ്വേഷത്തിന്റെ പേരിൽ കീർത്തി നേടിയ ഓസ്ട്രിയയിലെ തത്ത്വചിന്തകൻ ഓട്ടോ വെയ്‌നിംഗർ പോലും ഇക്കാര്യം സമ്മതിക്കുന്നു: "എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരും അന്യോന്യം കർക്കശമായ്  വേർതിരിഞ്ഞു നിൽക്കുന്നുവെന്നത് ശരിയായ സംഗതിയാണോ? ലോഹങ്ങൾക്കും അലോഹങ്ങൾക്കുമിടയിൽ അവസ്ഥാന്തര രൂപങ്ങളുണ്ട്;  അതുപോലെ, രാസസംയുക്തങ്ങൾക്കും മൂലകങ്ങൾക്കുമിടയിലുണ്ട്; ജന്തുക്കൾക്കും സസ്യങ്ങൾക്കുമിടയിലുണ്ട്; ക്രിപ്റ്റോഗാമുകൾക്കും ഫാനെറോഗാമുകൾ(8)ക്കുമിടയിലുമുണ്ട്; സസ്തനികൾക്കും പക്ഷികൾക്കുമിടയിലുമുണ്ട്. ഒരു വശത്തുള്ളതെല്ലാം പുല്ലിംഗവും, മറുവശത്തുള്ളതെല്ലാം സ്ത്രീലിംഗവും എന്ന തരത്തിലുള്ള വ്യതിരിക്തമായ ഒരു വിഭജനരേഖ പ്രകൃതിയിൽ കണ്ടെത്തുക ഒരു അസാദ്ധ്യതയാണെന്ന്, ഇതിനാൽ, പറഞ്ഞറിയിക്കേണ്ടതില്ല."  

ജനിതകപരമായി, പക്ഷേ, യാതൊരു വൈരുദ്ധ്യവും നിലവിലില്ല. പെരുമാറ്റത്തിന്റെയും, സ്വത്വത്തിന്റെയും, ശരീരധർമ്മത്തിന്റെയും അവിരാമമായ രേഖയുമായി പരിപൂർണ്ണ സാമഞ്ജസ്യത്തിലാണ് ജീനുകളിലെ മഹാ നിയന്ത്രകരും അവയുടെ ശ്രേണീ സംവിധാനവും. നിഷ്ക്രിയം/സക്രിയം എന്ന രീതിയിൽ SRY ജീൻ ലിംഗനിർണ്ണയത്തെ നിയന്ത്രിക്കുവെന്നതിൽ സംശയമില്ല. SRY സക്രിയമായാൽ, ശരീരഘടനയിലും ധർമ്മത്തിലും ജീവി ആണാകുന്നു; അത് നിഷ്ക്രിയമായാൽ ജീവി ശരീരഘടനാപരമായും ശരീരധർമ്മങ്ങളിലും പെണ്ണാകുന്നു.   

എന്നാൽ, ലിംഗത്വവും, ലിംഗസ്വത്വവും സാദ്ധ്യമാക്കുന്നതിന് SRYക്ക് മറ്റു നിരവധി ലക്ഷ്യങ്ങളെ സ്വാധീനിക്കേണ്ടതുണ്ട്. അവയെ സജീവവും നിർജ്ജീവവുമാക്കണം; ചില ജീനുകളെ സക്രിയമാക്കണം; ചിലവയെ ദമനം ചെയ്യണം. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വടി കൈമാറിക്കൊണ്ടുള്ള ഒരോട്ടമത്സരം പോലെയാണിത്. ലിംഗത്വം സൃഷ്ടിക്കുന്നതിനുവേണ്ടി ഈ ജീനുകൾ, അവയുടെ അവസരം വരുമ്പോൾ, വ്യക്തിയിൽ നിന്നും, പരിസ്ഥിതിയിൽ നിന്നുമുള്ള സന്ദേശങ്ങൾ (ഹോർമോണുകൾ, പെരുമാറ്റങ്ങൾ, സ്വാധീനങ്ങൾ, സാമൂഹിക വൃത്തികൾ, സാംസ്കാരികമായ നിർദ്ദിഷ്ട ജോലികൾ, ഓർമ്മകൾ) സമന്വയിപ്പിക്കേണ്ടതുണ്ട്. ലിംഗത്വം എന്നു നാം വിളിക്കുന്നത്, അപ്പോൾ, വിശദമായൊരു ജനിതക-വികാസ നിർഝരിയാണ്. ആ ശ്രേണിയുടെ ഏറ്റവും മുകളിൽ SRY ഇരിക്കുന്നു; അതിനു കീഴിൽ പരിവർത്തകർ, സംയോജകർ, പ്രേരകന്മാർ, വിവർത്തകർ എന്നിവരും. ഈ ജനിതക-വികാസ നിർഝരിയാണ് ലിംഗത്വം വ്യക്തപ്പെടുത്തുന്നത്. മുമ്പത്തെ ഒരുപമയിലേക്ക് തിരിച്ചു പോയാൽ, ലിംഗത്വം വ്യക്തമാക്കുന്ന പാചകചേരുവക്കുറിപ്പിലെ ഒറ്റ വരികളാണ് ജീനുകൾ. അതിലാദ്യത്തെ വരിയാണ് SRY. "നാലു കപ്പു മാവെടുത്തു കൊണ്ട് തുടങ്ങുക," എന്നു പറയുന്നതു പോലെ. മാവുകൊണ്ടു തുടങ്ങിയില്ലെങ്കിൽ, കേക്കുണ്ടാക്കാൻ പറ്റില്ല.  ആ ആദ്യ വരിയിൽ നിന്നാണ്  അനന്തമായ വ്യതിയാനങ്ങൾ ഉരുത്തിരിഞ്ഞു പടരുന്നത്   --- ഫ്രഞ്ചു ബേക്കറിയിലെ മൊരിഞ്ഞ റൊട്ടി മുതൽ ചൈനാട്ടൗണിലെ, ചന്ദ്രോത്സവത്തിന് തിന്നുന്ന, മുട്ടനിറഞ്ഞ കേക്കു വരെ.  

*
ഈ ജനിതക-വികാസ നിർഝരിക്കുള്ള പ്രബലമായ തെളിവാണ് ഭിന്നലിംഗ(വ്യക്തി)ത്വം. ശരീരഘടനയും ധർമ്മവും നോക്കിയാൽ, ലിംഗരൂപം തീർത്തും ദ്വിവിധമാണ്. ഒരേയൊരു ജീനാണ് ലിംഗ രൂപം നിർണ്ണയിക്കുന്നത്. തദ്‌ഫലമായി, ആണിനും പെണ്ണിനുമിടയിൽ നാം കാണുന്ന ഘടനാപരവും, ധർമ്മപരമായുമുള്ള തെളിവാർന്ന ദ്വിരൂപങ്ങൾ  സംജാതമാകുന്നു. എന്നാൽ, ലിംഗ(വ്യക്തി)ത്വവും, ലിംഗ സ്വത്വവും ദ്വിവിധമേയല്ല. SRYഓടുള്ള (അല്ലെങ്കിൽ, ഏതെങ്കിലും ആൺഹോർമോണിനോടോ, സൂചനയോടോ ഉള്ള) മസ്തിഷ്കത്തിന്റെ പ്രതികരണം നിയന്ത്രിക്കുന്ന ഒരു ജീനിനെ (അത്, TGY എന്നിരിക്കട്ടെ) സങ്കൽപ്പിക്കുക. TGYജീനിന്റെ, മസ്തിഷ്കത്തിനു മേലുള്ള SRYയുടെ സ്വാധീനത്തെ നന്നായ് ചെറുക്കുന്ന, ഒരു വകഭേദം ചിലപ്പോൾ ഒരു കുട്ടി പരമ്പരാഗതമായി ആർജ്ജിച്ചുവെന്നു വരാം. അതിൻഫലമായി, കുട്ടിയുടെ ശരീരം ആണിന്റേതായിരിക്കും; പക്ഷേ, അവന്റെ മസ്തിഷ്കത്തിന് ആ ആൺസൂചന വായിക്കാനോ, മനസ്സിലാക്കാനോ കഴിയില്ല. അത്തരമൊരു മസ്തിഷ്കം അതിനെ സ്വയം, മാനസികമായി, പെണ്ണാണെന്ന് മനസ്സിലാക്കിയേക്കും; അല്ലെങ്കിൽ, താൻ ആണുമല്ല, പെണ്ണുമല്ലായെന്ന് കരുത്തിയേക്കും; അതുമല്ലെങ്കിൽ, മൂന്നമതൊരു ലിംഗത്തിൽപെട്ടതാണെന്ന് സങ്കൽപ്പിച്ചേക്കും. 

ഈ വക സ്ത്രീപുരുഷന്മാർക്ക് സ്വത്വത്തിന്റേതായ  ഒരു തരം സ്വയർ ലക്ഷണമാണുള്ളത്.  അവരുടെ ക്രോമസോം ലിംഗത്വവും, ശരീരഘടനാലിംഗത്വവും ആൺ (അല്ലെങ്കിൽ, പെൺ) ലിംഗത്വമാണ്. എന്നാൽ, അവരുടെ ക്രോമസോമിന്റെ/ ശരീരഘടനയുടെ അവസ്ഥ അതിനു സമാനമായൊരു സൂചന തലച്ചോറിൽ ഉൽപ്പാദിപ്പിക്കുന്നില്ല.  എലികളിൽ, പെൺഭ്രൂണത്തിന്റെ മസ്തിഷ്കത്തിലെ ഒരു ജീൻ മാറ്റുക വഴി,  അത്തരമൊരവസ്ഥ സംജാതമാക്കാൻ കഴിയുമെന്നത് ശ്രദ്ധേയമാണ്. ഭ്രൂണത്തെ, തലച്ചോറിലേക്ക് "സ്ത്രീത്വം" സൂചിപ്പിക്കുന്നത് തടയുന്ന മരുന്നിന് വിധേയമാക്കിയാലും ഈ അവസ്ഥയുണ്ടാകും. ഇങ്ങനെ മാറ്റം വരുത്തിയ ജീനോടു കൂടിയ, അല്ലെങ്കിൽ അത്തരം മരുന്നു നൽകപ്പെട്ട, പെൺചുണ്ടെലികൾക്ക് "പെണ്ണത്വ"ത്തിന്റേതായ എല്ലാ ശാരീരികഘടനാ ലക്ഷണങ്ങളും, സ്ത്രീശരീരധർമ്മസംബന്ധിയായ ലക്ഷണങ്ങളും ഉണ്ടായി . പക്ഷേ, അവയുടെ പ്രവൃത്തികളെല്ലാം, പെണ്ണുമായ്‌ സംഭോഗത്തിലേർപ്പെടുന്നതടക്കം,  ആൺചുണ്ടെലികളുടേതായിരുന്നു. ഈ ജീവികൾ ശരീരം കൊണ്ട് പെണ്ണും, എന്നാൽ, പെരുമാറ്റത്തിൽ ആണുമാണ്. 

*   

ജീനുകളും പരിതഃസ്ഥിതികളും തമ്മിൽ പൊതുവായ  ബന്ധത്തെക്കുറിച്ചുള്ള സുപ്രധാനമായൊരു തത്ത്വത്തെയാണ് ഈ ജനിതകനിർഝരിയുടെ ശ്രേണീസംവിധാനം ഉദാഹരിക്കുന്നത്. അന്തമില്ലാത്ത ചർച്ചയാണ് കൊണ്ടുപിടിച്ച് നടക്കുന്നത്: പ്രകൃതിയോ, പരിപാലനമോ? ജീനുകളോ, ചുറ്റുപാടുകളോ? കടുത്ത ശത്രുതയോടെയുള്ള ഈ യുദ്ധം ദീർഘകാലമായ് നീണ്ടു പോവുകയാൽ, ഇരുവശങ്ങളും കീഴടങ്ങിയിരിക്കുകയാണ്.  സ്വത്വത്തെ  നിർണ്ണയിക്കുന്നത് പ്രകൃതിയും പരിപോഷണവും കൂടിയാണെന്നാണ് അവരിപ്പോൾ നമ്മോട് പറയുന്നത്; ജീനുകളും പരിസ്ഥിതിയും കൂടി; ആന്തരിക സന്ദേശങ്ങളും ബാഹ്യസന്ദേശങ്ങളും കൂടി. പക്ഷേ, ഇതും ഒരസംബന്ധമാണ് --- വിഡ്ഢികൾക്കിടയിലെ ഒരു സമാധാന സന്ധി.  ലിംഗസ്വത്വത്തെ നിശ്ചയിക്കുന്ന ജീനുകൾ ശ്രേണിയായിട്ടാണ് സംഘടിക്കപ്പെട്ടിട്ടുള്ളതെങ്കിൽ, --- ഏറ്റവും മുകളിൽ SRYയും, അതിനു കീഴെ സന്ദേശങ്ങളുടെ ആയിരക്കണക്കിനു കൊച്ചരുവികളുമായിട്ടാണ് സംവിധാനമെങ്കിൽ --- പ്രകൃതിയാണോ, പരിപോഷണമാണോ പ്രബലമായിരിക്കുന്നതെന്ന കാര്യം തീർത്തും ഉറപ്പിക്കാൻ പറ്റുന്നതല്ല. അതാ സംവിധാനത്തിന്റെ പരിശോധിക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന തട്ടേതാണെന്നതിനെയാണ് ആശ്രയിച്ചിരിക്കുന്നത്. 

ഈ നിർഝരിയുടെ മുകളറ്റത്ത് പ്രകൃതിയാണ് ശക്തമായും, ഏകപക്ഷീയമായും പ്രവർത്തിക്കുന്നത്. അവിടെ ലിംഗത്വം വളരെ ലളിതമാണ് --- ഒരു വിദഗ്ദ്ധ ജീൻ, അവിടെ, നിഷ്ക്രിയവും സക്രിയവുമാകുന്നു. ആ സ്വിച്ചിനെ നമുക്ക് തിരിക്കാനും മറിക്കാനും കഴിഞ്ഞാൽ --- ജനിതകപരമായോ, ഔഷധം വഴിയോ --- ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഉൽപ്പാദനത്തെ നമുക്ക് നിയന്ത്രിക്കാം. ആ മനുഷ്യർ  പൂർണ്ണമായ ആൺ/പെൺ സ്വത്വത്തോടെ ആവിർഭവിക്കും; അവരുടെ ശരീരത്തിലെ ഭൂരിഭാഗവും പൂർണ്ണമായിരിക്കും. എന്നാൽ, ഈ വ്യവസ്ഥയുടെ അടിഭാഗത്ത് തീർത്തും ജനിതകപരമായൊരു വീക്ഷണത്തിന് പ്രസക്തിയില്ല; അത്,  ലിംഗത്വത്തെയോ, ലിംഗസ്വത്വത്തെയോ സംബന്ധിച്ച സവിശേഷമായൊരു വികസിത ധാരണ നമുക്കു തരുന്നില്ല. ഇവിടെ, സന്ദേശങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പ്രവഹിക്കുന്ന ഈ അഴിമുഖസമതലത്തിൽ, ചരിത്രവും സമൂഹവും, സംസ്കാരവും ജനിതകവുമായ് തിരകളെപ്പോലെ കൂട്ടിയിടിക്കുകയാണ്. ചില തിരകൾ പരസ്പരം കൂട്ടിമുട്ടി ഇല്ലാതാകുന്നു; മറ്റു ചിലവ പരസ്പരം ശക്തിപ്പെടുത്തുന്നു. ഒരു ശക്തിയും ഒറ്റക്ക് അത്ര പ്രബലമല്ല --- പക്ഷേ, ഒന്നിച്ചുള്ള അവയുടെ ശക്തി, ഒരു വ്യക്തിയുടെ സ്വത്വമെന്ന് നാം വിളിക്കുന്ന, സവിശേഷവും തിരയിളകുന്നതുമായ ദൃശ്യത്തെ സൃഷ്ടിക്കുന്നു.  








   













 


















(6) dysphoria: ജീവിതത്തോട് പൊതുവായുള്ള അസ്വസ്ഥത, അല്ലെങ്കിൽ അസംതൃപ്തി.
(7) യിൻ-യാങ് (ആൺ-പെൺ ) ചൈനീസ്  പ്രതീകം. 
(8) cryptogam: വിത്തില്ലാത്ത, ആൽഗ പോലുള്ള ചെടികൾ; phanerogam: വിത്തുള്ള ചെടികൾ 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...