2023, മേയ് 2, ചൊവ്വാഴ്ച

ഹാംലെറ്റ്

 

I. 1

പട്ടാളക്കാരായ രണ്ടു കാവൽക്കാർ, ഫ്രാൻസിസ്‌കോ & ബർണാർഡോ, പ്രവേശിക്കുന്നു. (1)

ബർണാർഡോ: അതാരാ അവിടെ?(2)

ഫ്രാൻസിസ്കോ: നിൽക്കൂ; ആദ്യം എനിക്കുത്തരം താ. ആരാ നീ?(3)

ബർണാർഡോ: രാജാവ് നീണാൾ വാഴട്ടെ.

ഫ്രാൻസിസ്കോ: ബർണാർഡോയാണോ?

ബർണാർഡോ: അതെ, അവൻ തന്നെ. 

ഫ്രാൻസിസ്കോ: നീ കൃത്യസമയത്തുതന്നെ കരുതലോടെ വന്നു.

ബർണാർഡോ: സമയം പന്ത്രണ്ടടിച്ചു(4). നീ പോയുറങ്ങൂ, ബർണാർഡോ.

ഫ്രാൻസിസ്കോ: എനിക്കു വിടുതൽ തന്നതിനു നന്ദി. ഇവിടെ കടുത്ത തണുപ്പാണ്. പോരാത്തതിന് മനഃസുഖവുമില്ല(5). 

ബർണാർഡോ: കാവൽ സ്വസ്ഥമായിരുന്നോ(6)?

ഫ്രാൻസിസ്‌കോ: ഒരെലിപോലും അനങ്ങിയില്ല(7)

ബർണാർഡോ: എന്നാ, ശരി. രാത്രി നന്നായിരിക്കട്ടെ. എന്റെ കാവൽപ്പങ്കാളികളെ, ഹൊറേഷ്യോയേയും മാസെലസ്സിനേയും കണ്ടാൽ ഒന്നു വേഗം വരാൻ പറയണേ. 

ഹൊറേഷ്യോയും മാസെലസ്സും പ്രവേശിക്കുന്നു.

ഫ്രാൻസിസ്കോ: അവർ വരുന്നുണ്ടെന്നു തോന്നുന്നു. നിൽക്കൂ; ആരാദ്?

ഹൊറേഷ്യോ: ഈ ദേശത്തിന്റെ(8) മിത്രങ്ങൾ.

മാസെലസ്സ്: രാജാവിന്റെ വിശ്വസ്തർ(9).

ഫ്രാൻസിസ്കോ: രണ്ടു പേർക്കും നല്ല രാത്രി നേരുന്നു.

മാസെലസ്സ്:  അങ്ങനെയാകട്ടെ, നേരുള്ള പട്ടാളക്കാരാ. ആരാ നിങ്ങൾക്കു പകരം?

ഫ്രാൻസിസ്കോ: ബർണാർഡോ. ശുഭരാത്രി(10)രംഗം വിടുന്നു.

മാസെലസ്സ്: ഹലോ, ബർണാർഡോ!

ബർണാർഡോ: ഹ - ആര് - ഹൊറേഷ്യോയാണോ അത്(11)?

ഹൊറേഷ്യോ: അതെ. അവന്റെ ശരീരം. 

ബർണാർഡോ: വരൂ, ഹൊറേഷ്യോ. വരൂ, പൊന്നു മാസെലെസ്സേ.

മാസെലെസ്സ്: എന്താ, അതീ രാത്രി വീണ്ടും വന്നോ(12)?

ബർണാർഡോ: ഞാനൊന്നും കണ്ടില്ലേ.

മാസെലസ്സ്: ഇതു നമ്മുടെ തോന്നലാണെന്നാ ഹൊറേഷ്യോ പറയുന്നത്. നമ്മളീ ഭീകര സംഭവം രണ്ടു വട്ടം കണ്ടിട്ടും, അവൻ വിശ്വസിക്കാൻ തയ്യാറല്ല. അതുകൊണ്ടാണ് ഈ രാത്രി നമ്മുടെ കൂടെ കാവലിരിക്കാൻ ഞാനവനെ ക്ഷണിച്ചത്. ആ പ്രേതം വീണ്ടും വരികയാണെങ്കിൽ, അവൻ നമ്മൾ കണ്ടത് സമ്മതിക്കുമല്ലോ. അതിനോടവന് സംസാരിക്കുകയുമാകാം. 

ഹൊറേഷ്യോ: ഏയ്, അതൊന്നും വരലുണ്ടാവില്ല.

ബർണാർഡോ: നീയൊന്നിരുന്നാട്ടെ. ഞങ്ങൾ രണ്ടു ദിവസമായി കണ്ട കാര്യം കേൾക്കാൻ കൂട്ടാക്കാത്ത നിന്റെ ചെവിയിലിട്ട്  ഒരിക്കൽക്കൂടി അത്‌ പൊട്ടിക്കട്ടെ(13).

ഹൊറേഷ്യോ: എന്നാലിതാ, ഇരുന്നു. ബർണാർഡോ പറയുന്നത് കേൾക്കാം. 

ബർണാർഡോ: ഇന്നലെ രാത്രി, ധ്രുവനക്ഷത്രത്തിൽ നിന്ന് പടിഞ്ഞാട്ടായി കാണുന്ന അതേ നക്ഷത്രം, ഇപ്പൊ ആകാശത്തെത്തിളക്കി കത്തി  നിൽക്കുന്നിടത്തേക്ക് നീങ്ങിയ നേരം(14)മണി ഒന്നടിച്ചപ്പോ, മാസെലസ്സും ഞാനും  - - -

പ്രേതം പ്രവേശിക്കുന്നു(14).

മാസെലസ്സ്: മിണ്ടല്ലേ, നീയൊന്ന് നിർത്ത്. നോക്കൂ, അതു വീണ്ടും വരുന്നു. 

ബർണാർഡോ: മരിച്ചുപോയ രാജാവിന്റെ തനി സ്വരൂപം(15).  

മാസെലസ്സ്:  അതിനോട് സംസാരിക്ക് ഹൊറേഷ്യോ. നീ വിദ്വാനല്ലേ(16)?

ബർണാർഡോ: നോക്ക് ഹൊറേഷ്യോ, രാജാവിനെപ്പോലെയില്ലേ?

ഹൊറേഷ്യോ: ശരിക്കും. അതെന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്; അത്ഭുതപ്പെടുത്തുന്നുമുണ്ട്.. 

ബർണാർഡോ: അതിന് സംസാരിക്കണമെന്നുണ്ട്(17).

മാസെലസ്സ്:  സംസാരിക്ക്, ഹൊറേഷ്യോ. 

ഹോറേഷ്യോ: മരിച്ചു മണ്ണടിഞ്ഞ ഡെന്മാർക്ക് രാജാവിന്റെ അതേ പടച്ചട്ടയണിഞ്ഞ്, രാത്രിയിലീ നേരത്ത് വലിഞ്ഞു കയറിവരുന്ന നീ ആരാണ്? ദൈവത്തെ സാക്ഷിയാക്കി ഞാൻ കൽപ്പിക്കുകയാണ്, ഉത്തരം പറയൂ. 

മാസെലസ്സ്: അതിനു വിഷമമായി. 

ബർണാർഡോ: നോക്കൂ, അതു പതുങ്ങിപ്പോകുന്നു.

ഹൊറേഷ്യോ: നിൽക്ക്.  സംസാരിക്കാൻ, സംസാരിക്കാൻ. ഞാൻ ആജ്ഞാപിക്കുന്നു, സംസാരിക്കൂ. 

പ്രേതം നിർഗ്ഗമിക്കുന്നു.

മാസെലസ്സ്: അതു പോയി. ഉത്തരം തരാതെ.

ബർണാർഡോ: ഇപ്പോഴെന്തു പറയുന്നൂ, ഹൊറേഷ്യോ? നീയാകെ വിറക്കുന്നല്ലോ. വിളറിയിട്ടുമുണ്ട്. ഇത് മനോരാജ്യമൊന്നുമല്ലല്ലോ? എന്തു പറയുന്നു?

ഹൊറേഷ്യോ: ദൈവത്താണെ, എന്റെ കണ്ണുകൊണ്ട് കണ്ടില്ലായിരുന്നെങ്കിൽ, നേരിട്ടനുഭവിച്ചില്ലായിരുന്നെങ്കിൽ, ഞാനിത് വിശ്വസിക്കില്ലായിരുന്നു. 

മാസെലസ്സ്: കണ്ടാലത് രാജാവിനെപ്പോലെയില്ലേ?

ഹൊറേഷ്യോ: നീ എങ്ങനെ നിന്നെപ്പോലിരിക്കുന്നുവോ, അതുപോലെ. ആർത്തിമൂത്ത നോർവേരാജാവിനെ നേരിട്ടപ്പോൾ(17) ഇതേ പടച്ചട്ടയാണ് അദ്ദേഹം അണിഞ്ഞിരുന്നത്. പണ്ട്, ചൂടുപിടിച്ച ഒരു വാഗ്വാദത്തിനിടയിൽ മഞ്ഞിൽ കോടാലികൊണ്ട് കൊത്തിയപ്പോൾ, അദ്ദേഹം ഇതുപോലെയാണ് നെറ്റി ചുളിച്ചിരുന്നത്(18). വിചിത്രമായിരിക്കുന്നു.

മാസെലസ്സ്: ഇതിനു മുമ്പ് രണ്ടു തവണ, കൃത്യം ഇതേ നട്ടപ്പാതിരയ്ക്ക്, ഞങ്ങൾ കാവലിരിക്കുമ്പോൾ അദ്ദേഹമിങ്ങനെ പട്ടാളച്ചിട്ടയിൽ നടന്നുപോയിട്ടുണ്ട്.  

ഹൊറേഷ്യോ: എന്താ പറയേണ്ടതെന്ന് എനിക്കൊരു രൂപവുമില്ല. പൊതുവേ പറയുകയാണെങ്കിൽ, നടുക്കുന്ന ചില സംഭവങ്ങൾ നമ്മുടെ രാജ്യത്തുണ്ടാകാനുള്ള സൂചനയാണിത്.  

മാസെലസ്സ്: ദയവായി ഇരുന്നാട്ടെ. എന്നിട്ട് അറിയുന്നവർ പറഞ്ഞാട്ടെ, രാത്രി തോറും നമ്മളെന്തിനാണ് ഇത്ര കർശനമായും സൂക്ഷ്മമായും കാവലിരിക്കുന്നത്? രാജ്യത്തിലെ പ്രജകൾ രാത്രിയിലും കഠിനാദ്ധ്വാനം ചെയ്യുന്നതെന്തിന്? ദിവസവും എന്തിനിത്രയും പീരങ്കിയുണ്ടകളുണ്ടാക്കുന്നു? മറുനാട്ടിൽനിന്ന് ആയുധങ്ങളെന്തിന് വാങ്ങിക്കൂട്ടുന്നുരാവും പകലും ഞായറാഴ്ചയും കപ്പലുണ്ടാക്കുന്നവരെ എന്തിനിങ്ങനെ നിർബന്ധിച്ച് പണിയെടുപ്പിക്കുന്നു? എന്തിനീ ചോരയും വിയർപ്പും? എന്തിനീ തിടുക്കംആർക്കിതിനുത്തരം തരാൻ പറ്റും

ഹൊറേഷ്യോ: എനിക്കു പറ്റും(19). ചുരുങ്ങിയത്, ഞാൻ കേട്ടതെങ്കിലും പറയാം. ഇപ്പൊ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പട്ട ആ രൂപമില്ലേ, ആ പൊന്നുതിരുമേനി നോർവേരാജാവായ ഫോട്ടിൻബ്രാസിന്റെ മാത്സര്യമാർന്ന അഹങ്കാരത്തെ പ്രകോപിപ്പിച്ചു.  അസൂയപൂണ്ട അയാൾ തിരുമേനിയെ ദ്വന്ദ്വയുദ്ധത്തിന് വെല്ലുവിളിച്ചു. ധീരനായ നമ്മുടെ ഹാംലെറ്റ് തിരുമേനി(20) --- നമ്മുടെ ദേശത്ത് അങ്ങനെയാണല്ലോ അദ്ദേഹം ആദരിക്കപ്പെടുന്നത് --- ഈ ഫോട്ടിൻബ്രാസിനെ വധിച്ചു(21). യുദ്ധത്തിന്റെ എല്ലാ നിയമങ്ങളും അനുസരിച്ച് അയാളൊരു ഉടമ്പടി ഒപ്പിട്ടിട്ടുണ്ടായിരുന്നു. അതു പ്രകാരം, അയാളുടെ ജീവനെപ്പോലെ, സ്വകാര്യസ്വത്തുക്കളും വിജയിയുടെ പിടിയിലായി. നമ്മുടെ തിരുമേനിയാണ് മരിച്ചിരുന്നതെങ്കിൽ, അതേ ഉടമ്പടിയനുസരിച്ച്, അദ്ദേഹത്തിന്റെ സ്വത്തും ഇതുപോലെ പോയേനെ. ഇപ്പൊ, ഫോട്ടിൻബ്രാസിന്റെ മകൻ, പക്വതയില്ലാത്ത യുവാവായ ഫോട്ടിൻബ്രാസ്(22), ചോരത്തിളപ്പോടെ, നോർവേയുടെ അതിർത്തിയിൽ അവിടെയുമിവിടെയുമായി നിയമമനുസരിക്കാത്ത തന്റേടികളായ കുറേയെണ്ണത്തിനെ കൂലിക്കെടുത്തിരിക്കുകയാണ്. തന്റെ അച്ഛനു നഷ്ടമായ സ്വത്തു മുഴുവൻ കയ്യൂക്കുകൊണ്ട് തിരിച്ചുപിടിക്കാനാണ് അയാളുടെ ശ്രമം. ഇതാണ് നമ്മുടെ സന്നാഹങ്ങൾക്കുള്ള മുഖ്യപ്രേരണ; നമ്മുടെ കാവലിന് കാരണം; നമ്മുടെ ദേശത്തെ ബഹളങ്ങളുടെ ഉറവിടം.

ബർണാർഡോ: അതു ശരിയാകാനാണ് സാദ്ധ്യത. ദുഃശകുനമാർന്ന ഈ രൂപം രാജാവിന്റെ അതേ രൂപത്തിൽ ആയുധമണിഞ്ഞുവരുന്നത് വെറുതേയല്ല(23). ഈ പോരാട്ടങ്ങൾക്കെല്ലാം അങ്ങേരും ഒരു കാരണമാണല്ലോ. 

ഹൊറേഷ്യോ: മനക്കണ്ണിനെ ശല്യപ്പെടുത്താൻ ഈ കരടു മതി(24). പ്രബലവും സമൃദ്ധവുമായിരുന്ന റോമാസാമ്രാജ്യത്തിൽ, അതിശക്തനായ ജൂലിയസ് വെട്ടിവീഴ്ത്തപ്പെടുംമുമ്പ്, ശവകുടീരങ്ങളിൽനിന്ന് ശവക്കച്ചയണിഞ്ഞ പ്രേതങ്ങൾ തെരുവുകളിലേക്ക് ഇറങ്ങിയോടി കൂവിയാർക്കുകയും ജൽപ്പനങ്ങൾ പുലമ്പുകയും ചെയ്‌തിരുന്നു(25). ആകാശത്തിൽ വാലിനു തീപിടിച്ച ധൂമകേതുക്കൾ ഓടിനടന്നു(26). ചോരനിറമാർന്നാണ് പുലരിമഞ്ഞ് പൊഴിഞ്ഞത്. സൂര്യനിൽ ദുഃശകുനങ്ങൾ(27) വെളിപ്പെട്ടു. സമുദ്രതരംഗങ്ങളെ സ്വാധീനിക്കുന്ന ഈർപ്പമുള്ള തിങ്കളാകട്ടെ, അന്ത്യന്യായവിധിദിനത്തിലെന്ന പോലെ, ഗ്രഹണബാധയാൽ പൂർണ്ണമായും മറഞ്ഞുപോയി(28). അതുപോലുള്ള ഭീകരദുഃശകുനങ്ങൾ നമ്മുടെ നാട്ടിലും നാട്ടുകാർ(29) കണ്ടിട്ടുണ്ട്. വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് നമുക്ക് ഭൂമിയുമാകാശവും ഒന്നിച്ചൊരു മുന്നറിയിപ്പു തരുമ്പോലെ. 

പ്രേതം പ്രവേശിക്കുന്നു.

ദാ, മിണ്ടല്ലേ, നോക്കൂഅതു വീണ്ടും വരുന്നൂ!

ഞാനതിനെ തടയാൻ പോവുകയാണ്. എന്നെ കൊന്നാലും വേണ്ടില്ല.  

 

അയാൾ കൈകൾ നീട്ടി വിടർത്തുന്നു(30).

 

മായാരൂപമേ, നിൽക്കൂ(31)

നിനക്കു ഒച്ചയുണ്ടക്കാനോ, സംസാരിക്കാനോ പറ്റുമെങ്കിൽ എന്നോട് സംസാരിക്കൂ. 

നിനക്ക് ശാന്തിയും എനിക്ക് അന്തസ്സും ലഭ്യമാക്കുന്ന എന്തെങ്കിലും എന്നാൽ സാദ്ധ്യമാണെന്ന് തോന്നുന്നുവെങ്കിൽ, എന്നോട് മിണ്ടൂ.  നിന്റെയീ ദേശത്തിന്റെ വിധിയെക്കുറിച്ചുള്ള എന്തെങ്കിലും രഹസ്യം നിനക്കറിയുമെങ്കിൽ അതെന്നോടു ദയവായി പറയൂ. മുൻകൂട്ടിയറിഞ്ഞാൽ അതൊഴിവാക്കാമല്ലോ. ഭൂഗർഭത്തിലെവിടെയെങ്കിലും നീ നിധിയൊളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിൽ അതും പറയാം. പ്രേതങ്ങൾ അതുകൊണ്ട് അസ്വസ്ഥരായി അലയാറുണ്ടെന്ന് ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്(32).

 

കോഴി കൂവുന്നു.

 

നിൽക്കാൻ, സംസാരിക്കാൻ! മാസെലസ്സേ, അതിനെ തടയൂ. 

 

മാസെലസ്സ്: ഞാനെന്റെ വടികൊണ്ടൊന്ന് കൊടുക്കട്ടേ

 

ഹൊറേഷ്യോ: നിന്നില്ലെങ്കിൽ കൊടുത്തോ. 

 

ബർണാർഡോ: ഇതാ, അതിവിടെയുണ്ട്.

 

ഹൊറേഷ്യോ: ഇവിടെ, ഇവിടെയാ. 

 

പ്രേതം നിർഗ്ഗമിക്കുന്നു.

മാസെലസ്സ്: അതു പോയി. കാറ്റിനെ തല്ലുന്നതുപോലെയാണ് അതിനെ തല്ലുന്നതെങ്കിലും, നമ്മുടെ തല്ലു നിന്ദ്യമായ പരിഹാസമെങ്കിലും, രാജപ്രൗഢിയുള്ള അതിനോട് അക്രമം കാട്ടുക വഴി തെറ്റാണ് നമ്മൾ ചെയ്തത്. 

ബർണാർഡോ: അതു സംസാരിക്കാൻ തുനിഞ്ഞതാണ്. അപ്പോഴാണ് കോഴി കൂവിയത്. 

ഹൊറേഷ്യോ: അതു കേട്ടപ്പോ, കോടതിയിലേക്ക്‌ വിളിക്കപ്പെട്ട കുറ്റവാളിയെപ്പോലെ അതൊന്നു ഞെട്ടി. പുലരിയുടെ ദൂതനായ കോഴി, കഠോരമായ തന്റെ കണ്ഠനാദത്താൽ പ്രഭാതദേവനെ വിളിച്ചുണർത്താറുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ആ തുയിലുണർത്തു കേൾക്കുന്നതോടെ, അതിരുവിട്ടലയുന്ന കുറ്റക്കാരായ പ്രേതങ്ങൾ, കടലിലായാലും, കരയിലായാലും, തീയിലായാലും, വായുവിലായാലും, അവരവരുടെ ലാവണങ്ങളിലേക്ക് മണ്ടും. അതിനുള്ള സാക്ഷ്യമാണ് നാമിപ്പോൾ കണ്ടത്. 

മാസെലസ്സ്: കോഴി കൂവിയപ്പോഴാണ് അത് തടിതപ്പിയത്. ഈ പുലർകാലപ്പക്ഷി നമ്മുടെ രക്ഷകന്റെ പിറന്നാൾക്കാലത്ത്, ആ പിറന്നാളും പ്രതീക്ഷിച്ച്, രാത്രി മുഴുവൻ കൂവുമെന്നു ചിലരൊക്കെ പറയാറുണ്ട്(33). ആ നേരം ഒരൊറ്റ പ്രേതം പോലും അതിന്റെ ലാവണം വിട്ട് പുറത്തിറങ്ങില്ലത്രേ. അക്കാലത്ത് രാത്രി ഭദ്രവും, ഗ്രഹങ്ങൾ ശാന്തവുമായിരിക്കും. യക്ഷികളുടെ മായാജാലം ഫലിക്കില്ല; ദുർമന്ത്രവാദിനികളുടെ മന്ത്രവും. ആ ഒരു സമയം അത്ര പവിത്രമാണ്; കാരുണ്യപൂർണ്ണമാണ്(34). 

ഹൊറേഷ്യോ:  ഞാനും അങ്ങനെ കേട്ടിട്ടുണ്ട്. അതിലെനിക്ക് സ്വൽപ്പം വിശ്വാസവുമുണ്ട്. ദാ, ചുവപ്പും ചാരവുമായ മേലങ്കിയുമിട്ട് ചന്ദ്രൻ  ആ കിഴക്കൻമലമുകളിലെ മഞ്ഞിലൂടെ നടന്നുവരുന്നതു നോക്കൂ(35). നമുക്കിനി കാവൽ മതിയാക്കാം; നാമിന്നു രാത്രി കണ്ട കാര്യങ്ങളൊക്കെയും യുവരാജാവ്(36) ഹാംലെറ്റിനെ ധരിപ്പിക്കാം. നമ്മളോടു മിണ്ടാത്ത പ്രേതം അദ്ദേഹത്തോട് മിണ്ടുമെന്ന്, എന്നാണെ, എനിക്കുറപ്പാണ്. അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിക്കണമെന്ന് നമ്മുടെ കർത്തവ്യവും സ്നേഹവും ആവശ്യപ്പെടുന്നില്ലേ? നിങ്ങളെന്തു പറയുന്നു?

മാസെലസ്സ്: അതു വേണം. ഈ പുലരിയിൽ അദ്ദേഹം എവിടെയുണ്ടാകുമെന്ന് എനിക്കറിയാം. 

എല്ലാവരും വേദി വിടുന്നു.

____________________________________________________________________________________________________

I .1: എൽസിനോറിലെ ഡാനിഷ് രാജദുർഗ്ഗത്തിലെ ഒരു മഞ്ചമാണ് --- തോക്കുകൾ ഏറ്റിവെക്കാനുള്ള തറയാണ് --- രംഗം. ചരിത്രപരമായി, കോട്ടയിലൊരു ആയുധവേദികയുണ്ടായിരുന്നു. അവിടെ, ഡെന്മാർക്കിനും ഇന്നത്തെ സ്വീഡനുമിടയ്ക്കുള്ള ബാൾട്ടിക് കടലിലേക്കുള്ള പ്രവേശനദ്വാരം ഭടന്മാരുടെ കൽപ്പനക്കു കീഴിലായിരുന്നു. കടന്നു പോകുന്ന കപ്പലുകളിൽനിന്ന് അവർ ചുങ്കം പിരിച്ചു പോന്നു. ബ്രിട്ടീഷു നാവികർക്ക് ഇത് സുപരിചിതമായിരുന്നു.

(1) (രംഗനിർദ്ദേശം) ഫ്രാൻസിസ്കോയും ബർണാർഡോയും, രണ്ടു കാവൽക്കാർ, പ്രവേശിക്കുന്നു. ഫ്രാൻസിസ്കോ ജോലിയിലാണ്; ഉലാത്തുകയാണെന്നു വേണം വിചാരിക്കാൻ. അയാൾക്കു പകരമായ് വരികയാണ് ബർണാർഡോ.

(2) അയാൾക്ക് പ്രേതത്തെ കണ്ടതുപോലെ തോന്നിയിരിക്കണം.

(3) ഫ്രാൻസിസ്‌കോയാണ് കാവൽ നിൽക്കുന്നത്. വരുന്നതാരായാലും അയാളെ നേരിടേണ്ടത് ഫ്രാൻസിസ്കോയുടെ കർത്തവ്യമാണ്: ബർണാർഡോയുടേതല്ല. വെല്ലുവിളി ആഗതന്റെ വായിൽ വച്ചുകൊടുത്ത് ഷേക്സ്പിയർ സംഘർഷം സൃഷ്ടിക്കുകയാണ്.

(4) പന്ത്രണ്ട്: പ്രേതങ്ങൾ ഇറങ്ങുന്ന സമയം (ഇത് I.4. 3-6നു മുന്നോടിയായുള്ള ഒരുക്കമാണ്).

(5) അത്ര പ്രാധാന്യമില്ലാത്ത ഒരു ഭടൻ ഇതു പറയുന്നത് വൈകാരികാന്തരീക്ഷത്തെ കൊഴുപ്പിക്കുന്നു; I-2. 129-59ലെ രാജകുമാരന്റെ ഹൃദയവേദനയ്ക്ക് നമ്മെ സജ്ജമാക്കുന്നു. അച്ചടക്കമുള്ള സൈനികരംഗത്തിന്, വിചിത്രമായ രീതിയിൽ, വിരുദ്ധമാണിത്.

(6) ഫ്രാൻസിസ്‌കോ 'മനഃസുഖമില്ല' എന്നു പറഞ്ഞതുകൊണ്ട് ബർണാർഡോ പ്രേതത്തെപ്പറ്റി ഓർത്തു. അവ്യക്തമായ ഈ ചോദ്യം അതുകൊണ്ടാണ്. 

(7) ഈ സാധാരണ കാവ്യബിംബം പട്ടാളക്കാരുടെ ഭാഷയ്ക്ക് യാഥാർഥ്യബോധം നൽകുന്നു; വരാനിരിക്കുന്ന അലൗകിക സംഭവങ്ങൾക്ക് നമ്മെ സജ്ജമാക്കുന്നു. പ്രേതത്തെക്കുറിച്ചുള്ള പ്രതീക്ഷാബോധമുണ്ടാകുന്നതിന്റെ തീവ്രമായ ധാരണയും, മൗനവും ഇതു ധ്വനിപ്പിക്കുന്നു.  

(8) ഡെന്മാർക്കിന്റെ.

(9) ഈ പട്ടാളക്കാർ സ്വദേശികളാണെന്നു വേണം കരുതാൻ; ഒരേകാധിപതിയുടെ വരത്തന്മാരായ അംഗരക്ഷകരല്ല. 

(10) ഫ്രാൻസിസ്‌കോ രക്ഷപ്പെടാനുള്ള ധൃതിയിലാണെന്ന് ഈ ആവർത്തനം സൂചിപ്പിക്കുന്നു. 

(11) നാം കാണുന്നത് ഒരു രാത്രിരംഗമാണെന്ന പ്രതീതി ഇതു വർദ്ധിപ്പിക്കുന്നു. 

(12) പട്ടാളക്കാരുടെ മനസ്സിൽ പൊങ്ങി നിൽക്കുന്ന ചോദ്യം മാസെലസ്സ് ഉടൻ തന്നെ ചോദിക്കുകയാണ്. "അത്" എന്ന പദം അവന്റെ പരിഭ്രാന്തിയാർന്ന ഭയാദരവിനെ സൂചിപ്പിക്കുന്നു.

(13) സൈനികബിംബമുള്ള ഈ ഭാഷ യോദ്ധാക്കൾക്ക് യോജിക്കുന്നതാണ്. 

(14)  പ്രേതം പ്രവേശിക്കുന്ന സ്ഥലത്തുനിന്നകലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ മാറ്റാനായി, ആകാശം കാണുന്ന സ്ഥലത്തേക്ക്, ബർണാർഡോ വിരൽ ചൂണ്ടുന്നതായി വിചാരിക്കാം. രാത്രിയിൽ കാവലിരിക്കുന്ന പട്ടാളക്കാർ, സമയം കടന്നുപോകുമ്പോൾ, നക്ഷത്രങ്ങളെയും അവയുടെ സ്ഥാനാന്തരത്തെയും ശ്രദ്ധിക്കാറുണ്ട്. ഈ രംഗത്തിലാകെ, ഷേക്സ്പിയർ, തണുപ്പുള്ള, തെളിഞ്ഞനക്ഷത്രദീപ്തമായ ഒരു രാത്രിയുടെ പ്രതീതിയാണ് നൽകുന്നത്. ‘തിളക്കി'’. ‘കത്തിനിൽക്കുന്നുഎന്ന പ്രയോഗങ്ങൾ  നക്ഷത്രം ഒരു ഗ്രഹമാണെന്ന് തോന്നിപ്പിക്കുന്നു. 

(15) ‘മരിച്ചുപോയ രാജാവിന്റെ തനിസ്വാരൂപം’:  ആവർത്തിക്കപ്പെടുന്ന ഈ സാദൃശ്യം, വന്നത് ഹാംലെറ്റ് രാജാവിന്റെ പ്രേതമാണെന്നും, അല്ലാതെ ഒരു പിശാചല്ലെന്നും പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നു. 

(16) ഹാംലെറ്റിന്റെ സഹപാഠിയാണ് ഹൊറേഷ്യോ. അതുകൊണ്ട്, അയാൾക്ക് ലത്തീൻ ഭാഷ വഴങ്ങും. പ്രേതങ്ങൾ, സാമ്പ്രദായികമായി, ലത്തീനിലാണ് സംഭാഷണം നടത്തുക (നാടകത്തിൽ ഇംഗ്ലീഷ് അനുവദനീയമാണ്). പ്രേതോച്ചാടനത്തിനുള്ള ഭാഷയും ലത്തീനാണ്. ഹാംലെറ്റ് ഒരിക്കൽ പ്രേതത്തോട് ലത്തീനിൽ സംസാരിക്കുന്നുണ്ട്.  

(17) മുപ്പതു കൊല്ലങ്ങൾക്കു മുമ്പ് നടന്ന ഈ സംഭവം നേരിട്ടു കണ്ട മാതിരിയാണ് ഹൊറേഷ്യോ സംസാരിക്കുന്നത്. ഇതുവച്ച് കാലം ഗണിക്കുകയോ, ഹൊറേഷ്യോയുടെ വയസ്സു കണക്കാക്കുകയോ ചെയ്യരുത്. 

(18) “അതിനു വിഷമമായിഎന്ന് മാസെലസ്സ് പറഞ്ഞതിനോട് ഇത് ബന്ധപ്പെട്ടിരിക്കുന്നു. ആ ഒരു സന്ദർഭത്തെ മാത്രമാണ് ഇത് സൂചിപ്പിക്കുന്നത്. നെറ്റിചുളിച്ചതായി കാണപ്പെട്ടോ? എന്ന്, പിന്നീട്, ഹാംലെറ്റ് ചോദിക്കുമ്പോൾ, ഹൊറേഷ്യോ പറയുന്നുണ്ട്: ദേഷ്യത്തിലല്ല, സങ്കടത്തിൽ.” 

(19) ഹൊറേഷ്യോ പ്രേക്ഷകർക്ക് സന്ദർഭം മനസ്സിലാക്കാനുള്ള വിവരങ്ങൾ തരികയാണ്. പക്ഷേ, അടുത്ത രംഗത്തിൽ, അയാൾ വിറ്റൻബർഗിൽനിന്ന് ആയിടെ വന്ന ഒന്നുമറിയാത്ത ഒരാളായാണ് പ്രത്യക്ഷപ്പെടുന്നത്. പിന്നീടയാൾ ഹാംലെറ്റിന്റെ വിശ്വസ്തനാകുന്നു; അയാളിൽനിന്ന് പ്രേക്ഷകർക്ക് വേണ്ട വിവരങ്ങൾ സ്വീകരിക്കുന്നു.  V.2ൽ അയാൾ ശരിക്കുമൊരു ഡാനിഷുകാരനാണ്. അയാളുടെ സ്വഭാവത്തിൽ സ്ഥിരതയുണ്ടെങ്കിലും, (കഥാ)പാത്രത്തിൽ  അതില്ല. 

(20) ഇവിടെയാണ്, ആദ്യമായ്മരിച്ചുമണ്ണടിഞ്ഞ ഡെൻമാർക്കിന്റെ രാജാവിനെ തിരിച്ചറിയുന്ന തറവാട്ടുപേര് സൂചിപ്പിക്കപ്പെടുന്നത്. നാടകത്തിലുടനീളം മൂത്ത ഹാംലെറ്റിന്റെ നന്മ, ധൈര്യം, അന്തസ്സ്, കായബലം, ദേഹസൗന്ദര്യം എന്നിവയ്ക്ക് ഊന്നൽ കൊടുക്കുന്നുണ്ട്. ഹാംലെറ്റ് നമുക്കു മുമ്പിൽ അനാവൃതനാകേണ്ടതും വ്യവഹരിക്കേണ്ടതും അദ്ദേഹത്തിന്റെ ഗുണങ്ങളുടെ പശ്ചാത്തലത്തിലാണ്

(21) ഹാംലെറ്റ് രാജാവും ഫോട്ടിൻബ്രാസ് രാജാവും തമ്മിലുള്ള ഈ മൽപ്പിടിത്തം, ക്ളോഡിയസ്സ് രാജാവിന്റെ കാലത്തിൽനിന്ന് വ്യത്യസ്തമായ മറ്റൊരു കാലത്തേതാണെന്ന് തോന്നുന്നു.  ക്ളോഡിയസ്സ് തന്റെ പ്രതിനിധികളിലൂടെയാണ് കാര്യങ്ങൾ സാധിക്കുന്നത്. 

(22) അച്ഛനും മകനും തമ്മിലുള്ള ഈ സമാന്തരാവസ്ഥ മനഃപൂർവ്വമാണ്. ഡെൻമാർക്കിലെന്നപോലെ നോർവേയിലും, രാജാവിന്റെ മകനു പകരംസഹോദരനാണ് സിംഹാസനത്തിലേറുന്നത്. അച്ഛൻ ഹാംലെറ്റും മകൻ ഹാംലെറ്റും തമ്മിലുള്ള വൈരുദ്ധ്യം പോലെ മൂത്ത ഫോട്ടിൻബ്രാസും ഇളയഫോട്ടിൻബ്രാസും തമ്മിലും ഒരു വൈരുദ്ധ്യമുണ്ട്. മൂത്ത ഫോട്ടിൻബ്രാസ് അച്ഛൻ ഹാംലെറ്റിന് അനുയോജ്യനായ എതിരാളിയായിരുന്നു. അവർ ദ്വന്ദ്വയുദ്ധത്തിലാണേർപ്പെട്ടത്. ഇളയഫോട്ടിൻബ്രാസിന്റെ വ്യവഹാരനിയമങ്ങൾ വേറെയാണ്. അച്ഛൻ അഭിമാനപൂർവ്വം നഷ്ടമാക്കിയ സ്വത്ത്  അയാൾ കയ്യൂക്കോടെ തിരിച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. 

(23)  രാജാവിന്റെ മരണത്തിൽ എന്തെങ്കിലും ചതിയുള്ളതായി ഈ രംഗത്തിൽ യാതൊരു സൂചനയുമില്ല. 

(24)  ഈ പ്രേതം, എന്തായാലും, നിസ്സാരമായ ഒരു സംഗതിയാണ്. പക്ഷേ, കണ്ണിലൊരു കരടു വീണാൽ ശല്യമാകുന്നതുപോലെ, ഈ പ്രേതം നമ്മുടെ മനോദൃഷ്ടിയെ ശല്യപ്പെടുത്തുന്നു.

(25) 'ഹാംലെറ്റ്എഴുതുന്നതിന് തൊട്ടുമുമ്പ് ഷേക്സ്പിയർ എഴുതിയ 'ജൂലിയസ് സീസറി'ലെ ശകുനങ്ങളാണ് ഇവിടെ വർണ്ണിതമാകുന്നത്. പ്ലൂട്ടാർക്കിന്റെ 'ജൂലിയസ് സീസറിന്റെ ജീവിത'മാണ് ഈ വർണ്ണനയ്ക്ക് ആധാരം. റോമാചരിത്രത്തെക്കുറിച്ചുള്ള തന്റെ പാണ്ഡിത്യംകൊണ്ട് ഹൊറേഷ്യോ രണ്ടു കാവൽപട്ടാളക്കാരിലും മതിപ്പുളവാക്കുകയാണ്. ഒരു പക്ഷേ, താനൊരു അന്ധവിശ്വാസികൂടിയാണെന്ന് ഹൊറേഷ്യോ അറിയാതെ വെളിപ്പെടുത്തിയതുമാകാം. 

(26) ഇവിടെ വ്യാകരണം അത്ര വ്യക്തമല്ല. 

(27) ഗ്രഹണമോ, സൂര്യസ്ഫോടനമോ പോലുള്ള, ജ്യോതിഷസംബന്ധമായ സൂചനകൾ.  

(28)  ചന്ദ്രന് സമുദ്രതരംഗങ്ങളുടെ മേലുള്ള സ്വാധീനം ഷേക്സ്പിയറുടെ കാലത്ത് സുപരിചിതവും കൃത്യമായ് ഗണിക്കപ്പെട്ടതുമായിരുന്നു; പക്ഷേ, ചന്ദ്രനും സമുദ്രങ്ങളും തമ്മിലുള്ള ബന്ധം അജ്ഞാതമായിരുന്നു. അന്ത്യന്യായവിധിദിനം: ന്യായവിധി ദിവസം, ക്രിസ്തുവിന്റെ രണ്ടാം വരവിനൊപ്പം, സൂര്യ,ചന്ദ്രഗ്രഹണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട് . ഈ സംഭാഷണത്തിനാകെ വേദഭാഷയുടെ (പ്രത്യേകിച്ച്, മത്തായി24-29; ലൂക്കോസ് 21.25-26; വെളിപാടു പുസ്തകം 6.12-13) ഒരു ചുവയുണ്ട്.

(29) 'നമ്മുടെ' എന്നതിനിവിടെ ഊന്നലുണ്ട്. ഇത്തരം ശകുനങ്ങൾ പുരാതന റോമാക്കാലത്തു മാത്രമല്ല, നമ്മുടെ നാട്ടുകാരുടെ  ചരിത്രത്തിലും സംഭവിച്ചിട്ടുണ്ട്. എലിസബത്തൻകാലത്തെ ചരിത്രത്തിലും അലൗകികമായ അനവധി മുന്നറിയിപ്പുകൾ കാണാം; അടുത്തകാലത്തും പല ഗ്രഹണങ്ങളും ഉണ്ടായിട്ടുണ്ട്. അന്ധവിശ്വാസികളായ പലരും (കിംഗ് ലിയറിലെ ഗ്ലൂസെസ്റ്ററെപ്പോലുള്ളവർ) അവയെ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. 

(30) പ്രേതത്തെക്കുറിച്ചുള്ള സംശയം ഹൊറേഷ്യോയ്ക്ക്, ഒരു പക്ഷേ, മാറിയിട്ടില്ല. 

 

(31). (രംഗനിർദ്ദേശം): ഹൊറേഷ്യോ കുരിശു പോലെയാണ് നിൽക്കുന്നത്. പ്രേതം പിശാചാണെങ്കിൽ കുരിശിനെ പേടിക്കും. 

 

(32)  ഹൊറേഷ്യോ പ്രേതം ഇറങ്ങിനടക്കാനുള്ള കാരണങ്ങൾ നിരത്തുകയാണ്:

(i) അതിനെന്തോ സാധിക്കാനുണ്ട്.

(ii) അതിനെന്തോ മുന്നറിയിപ്പ് താരനുണ്ട് (ഇതു നേരത്തെ ചർച്ച ചെയ്തതാണ്). 

(iii) കുഴിച്ചിട്ട നിധി അതിന്റെ മനസ്സിൽ ഭാരമായിരിപ്പുണ്ട്.

(iv) നാലാമത്തെ കാരണത്തിലേക്ക് ഹൊറേഷ്യോ എത്തുംമുമ്പ് കോഴി കൂവി. അതാണ് ശരിയായ കാരണം: കൊലപാതകത്തിനുള്ള പ്രതികാരം. 

(33) ഈയൊരു വിശ്വാസം എവിടെയും രേഖപ്പെടുത്തിയതായ് കാണുന്നില്ല. ഇതു നാടകത്തിനുവേണ്ടി ഷേക്സ്പിയർ മെനഞ്ഞെടുത്തതാകണം. തുടർന്നുള്ള ഹൊറേഷ്യോയുടെ പ്രതിവചനം ഈ വിശ്വാസത്തെ സാധൂകരിക്കുന്നു. 

(34) നാടകാന്തരീക്ഷം രാത്രിയിലെ പ്രേതഭീതിയിൽനിന്ന് ക്രിസ്തുമസ് രാത്രിയിലെ ശാന്തിയിലേക്കും കാരുണ്യത്തിലേക്കും, തുടർന്ന്, വീണ്ടെടുക്കപ്പെട്ട ധൈര്യത്തോടെ, നിശ്ചയദാർഢ്യത്തോടെ, പുത്തൻ പുലരിയിലേക്കും സംക്രമിക്കുകയാണ്.  

(35) ചുവപ്പും ചാരവുമായ: രംഗാദ്യത്തിലെ ഇരുട്ടിനും നിഴലിനും പകരം വെളിച്ചവും നിറവും പ്രത്യക്ഷമാകുന്നു.  

(36) നായകനെക്കുറിച്ചുള്ള ആദ്യസൂചന. നാടകത്തിന്റെ തുടക്കത്തിൽ അദ്ദേഹം സർവ്വകലാശാലാവിദ്യാർത്ഥിയാണ്; അവസാനമാകുമ്പോൾ അതിനേക്കാൾ പ്രായക്കൂടുതൽ കാണാം. നാടകത്തിലെ കാലക്രമം, യാഥാർത്ഥത്തിലുള്ളതാണെന്ന് ഇതിനർത്ഥമില്ല. ഹാംലെറ്റിന് പക്വത വന്നതായി ഷേക്സ്പിയർ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അതിനു മതിയായ കാലമില്ലെന്ന് പ്രേക്ഷകർ ശ്രദ്ധിക്കില്ലെന്നോ, പ്രതിഷേധിക്കില്ലെന്നോ ഷേക്സ്പിയർ കരുതിയിരിക്കണം.    



























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...