2020, ജൂൺ 30, ചൊവ്വാഴ്ച

പൂമ്പട്ടണത്തിലെ കുഞ്ഞികൾ

പൂമ്പട്ടണത്തിലെ മൈറ്റുകൾ   


പണ്ടു പണ്ടൊരുകാലം, മായാലോകത്തിലെ ഒരു പട്ടണത്തിൽ, മൈറ്റുകൾ എന്നു പേരായ ഒരു പറ്റം ആളുകൾ പൊറുത്തിരുന്നു. തീരെ കുഞ്ഞായിരുന്നതിനാലാണ് അവരെ മൈറ്റുകളെന്നു വിളിച്ചത്. അവരിൽ ഏറ്റവും വലിയവർക്കു പോലും ഒരു കശുവണ്ടിയുടെ വലുപ്പം പോലുമുണ്ടായിരുന്നില്ല. 

അവരുടെ പട്ടണമോ, വളരെ മനോഹരമായിരുന്നു. ഓരോ വീടിനു ചുറ്റും ചെമ്പരത്തികളും, പനിനീർച്ചെടികളും, മുല്ലവള്ളികളും വളർന്നു നിന്നിരുന്നു. അവരുടെ തെരുവുകൾക്കെല്ലാം പൂക്കളുടെ പേരായിരുന്നു: നീലമണിത്തെരുവ്; മുക്കുറ്റിപ്പാത; പനിനീർനടപ്പാത... അതുകൊണ്ടെന്തായീ, അവരുടെ പട്ടണത്തിന് പൂമ്പട്ടണമെന്ന പേരായി. ഒരു കുഞ്ഞരുവിയുടെ കരയിലാണീ പൂമ്പട്ടണം. മൈറ്റുകളതിനെ വെള്ളരിപ്പുഴയെന്ന് വിളിച്ചു. അതിൻ്റെ കരയിൽ ധാരാളം വെള്ളരി വളർന്നിരുന്നേ.

അരുവിക്കങ്ങേക്കരയിൽ ഒരു കാടായിരുന്നു. മൈറ്റുകൾ മരപ്പട്ട കൊണ്ട് തോണിയുണ്ടാക്കി അരുവി കടക്കും; കാട്ടിൽപ്പോയി കായും, കനിയും, കൂണും ശേഖരിക്കാൻ. മൈറ്റുകൾ കുഞ്ഞല്ലേ. അതുകൊണ്ട്, കനികൾ പറിക്കാൻ അവർക്ക് വല്ലാത്ത പ്രയാസമുണ്ടായി.

കായ പറിക്കാൻ മരത്തിൽക്കയറി അറക്കവാളുകൊണ്ട് അവർക്കവ തണ്ടോടെ അരിഞ്ഞെടുക്കേണ്ടി വന്നു. കൈകൊണ്ട് കായ പറിക്കാൻ അവർക്കാവില്ലല്ലോ.

കൂണുകളും അവർ അറുത്തെടുത്തു; നിലത്തോട് ചേർത്തരിഞ്ഞു. പിന്നെ അവ കഷണം കഷണമാക്കി, മരത്തടിപോലെ ചുമലിൽ ചുമന്ന് വീട്ടിലെത്തിച്ചു.

രണ്ടു തരം മൈറ്റുകളുണ്ടായിരുന്നു: ആൺമൈറ്റുകളും, പെൺമൈറ്റുകളും. ആൺമൈറ്റുകൾ ട്രൗസറുകൾ ധരിക്കും; അല്ലെങ്കിൽ പട്ടയുള്ള കാലുറകൾ. പെൺമൈറ്റു കളണിഞ്ഞതോ, തിളങ്ങുന്ന തുണികൾകൊണ്ടുള്ള ഉടുപ്പുകളും. ആൺമൈറ്റുകൾ മുടി ചീകാൻ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ടെന്താ, അവരവരുടെ മുടി വെട്ടിച്ചെറുതാക്കി. എന്നാൽ പെൺമൈറ്റുകളോ, മുടി നീട്ടി വളർത്തി. പല പല സുന്ദര രീതികളിൽ അവർ മുടി ചീകി വച്ചു. ചിലരത് പട്ടുനാട ചേർത്ത്  നീളത്തിൽ മെടഞ്ഞു; മറ്റു ചിലരോ, മുകളിൽ വില്ലുകെട്ടി, ചുമലിൽ ഊഞ്ഞാലാടാൻ വിട്ടു.      

ആൺമൈറ്റുകൾക്ക് തങ്ങൾ ആൺകുട്ടികളാണെന്ന കാര്യത്തിൽ വല്ലാത്ത അഭിമാനമായിരുന്നു. അതുകൊണ്ടെന്താ, അവർ പെൺമൈറ്റുകളുമായ് കൂട്ടുകൂടിയതേയില്ല. പെൺമൈറ്റുകൾക്കും തങ്ങൾ പെങ്കുട്ടികളാണെന്ന കാര്യത്തിൽ ഗർവ്വുണ്ടായിരുന്നു. അതിനാലവരോ, ആൺമൈറ്റു കളുമായ് ചങ്ങാത്തത്തിന് പോയതേയില്ല. വഴിയിലൊരു ആൺമൈറ്റിനെ കണ്ടാൽ പെൺമൈറ്റ് എന്ത് ചെയ്യുമെന്നറിയാമോ. അവൾ അപ്പുറത്തേക്ക് വഴി മാറും. അതിനവളെ കുറ്റം പറയല്ലേ. കാരണം, ചില ആൺമൈറ്റുകൾ വളരെ മോശക്കാരായിരുന്നു. അവരവളെ തള്ളിയിട്ടേക്കും; മുടി പിടിച്ച് വലിച്ചേക്കും; അല്ലെങ്കിൽ, ചീത്ത വിളിച്ചേക്കും.

എല്ലാവരും അങ്ങനെയെന്നല്ലാ പറഞ്ഞുവരുന്നത്. അവരെങ്ങനെയാണെന്ന്, പക്ഷേ, നോക്കിപ്പറയാൻ പറ്റില്ലലോ. അതാ, പെൺമൈറ്റുകൾ എപ്പോഴും വഴി മാറിയത്. വെറുതേ, കുഴപ്പം ക്ഷണിച്ച് വരുത്തേണ്ടല്ലോ. ചിലപ്പോൾ ഒരു പെൺമൈറ്റിനെ ആൺമൈറ്റ് "പൊങ്ങച്ചക്കാരീ" എന്ന് വിളിക്കുന്നത് കേൾക്കാം. പെൺമൈറ്റ് തിരിച്ച്, "പോടാ, തെമ്മാടി" എന്ന് തിരിച്ചു വിളിക്കുന്നതും കേൾക്കാം. അതല്ലെങ്കിൽ, അതുപോലൊരു മര്യാദകേട്.

നിങ്ങളിത് വിശ്വസിക്കുമോ, എന്തോ. ഇതൊന്നും യഥാർത്ഥ ജീവിതത്തിൽ സംഭവിക്കില്ലെന്നാകാം നിങ്ങളുടെ വിചാരം. യഥാർത്ഥജീവിതമൊരു കാര്യം. യക്ഷിക്കഥയിലെ ജീവിതം മറ്റൊന്നല്ലേ? യക്ഷിക്കഥകളിൽ എന്തുമാകാലോ?

നീലമണിപ്പൂത്തെരുവിലെയൊരു വീട്ടിൽ, പതിനാറ് ആൺമൈറ്റുകൾ  താമസിച്ചിരുന്നു. അവരിൽ പ്രധാനിയുടെ പേരറിയേണ്ടേ: ഡുനോ ... (do know) അവനെല്ലാമറിയാമായിരുന്നതുകൊണ്ടാണ് ആ പേരു വീണത്. എപ്പോഴും പുസ്തകങ്ങൾ വായിക്കുന്നതുകൊണ്ടാണ് അവനെല്ലാം അറിയാനായത്. അവൻ്റെ കിടക്കമേലും, കിടക്കടിയിലും പുസ്തകങ്ങളോ പുസ്തകങ്ങൾ ആയിരുന്നു. പുസ്തകമില്ലാത്ത ഒരിടവും അവൻ്റെ മുറിയിൽ കാണില്ല.

പുസ്തകങ്ങളിൽനിന്ന് അവൻ പഠിക്കാത്ത കാര്യങ്ങളില്ല. അതുകൊണ്ടെന്താ, എല്ലാവരും അവനെ ആരാധിച്ചു; അവൻ പറഞ്ഞതനുസരിച്ചു. അവനെന്നും കറുപ്പാണ് ഉടുത്തത്. കണ്ണടയുമിട്ടവൻ മേശക്കരികിലിരുന്നാൽ ആരും അവനൊരു പ്രഫസർ ആണെന്നേ വിചാരിക്കൂ.

ഇതേ വീട്ടിൽ താമസിച്ചിരുന്ന മറ്റൊരാളുണ്ടായിരുന്നു: ഡോക്റ്റർ പിൽമൻ. മൈറ്റുകൾക്ക് രോഗം വന്നാൽ നോക്കുന്നയാൾ. മൂപ്പരെന്നും ഒരു വെള്ളക്കോട്ടാണിടുക; അതിനൊപ്പം തൊങ്ങൽവച്ച ഒരു തൊപ്പിയും. ഇതേ വീട്ടിൽ രണ്ടു പേർ കൂടിയുണ്ടായിരുന്നു: പേരുകേട്ട മൂശാരി ബെൻഡമും, അയാളുടെ സഹായി ട്വിസ്റ്റമും. ചക്കരപ്പാവിട്ട് പതപ്പിച്ച വെള്ളം പ്രാണനായിരുന്ന ട്രീക്ലി സ്വീറ്ററും  പൊറുതി അവിടെയായിരുന്നു. മൂപ്പരൊരു മര്യാദക്കാരനായിരുന്നു. നാട്ടുകാർ ചക്കരമധുരക്കാരൻ എന്ന് വിളിക്കുന്നത് മൂപ്പർക്ക് വല്യ ഇഷ്ടമാണ്; മധുരക്കാരനെന്ന് മാത്രം വിളിച്ചാലോ, അങ്ങോരുടെ മുഖം വാടും.

ഇവരെക്കൂടാതെ അവിടെയൊരു വേട്ടക്കാരനുമുണ്ടായിരുന്നു. ഷോട്ട്. അയാൾക്കൊരു കുഞ്ഞുനായ. പേര് ഡോട്ട്. ഡോട്ടിനെക്കൂടാതെ ഒരു തോക്കുമുണ്ടായിരുന്നു; കുപ്പിയടപ്പുകൾ വെടിവച്ചിടാൻ. ഇവരുമാത്രമല്ല, ബ്ലോബ്സ് എന്നുപേരുള്ള ഒരു കലാകാരനും ട്രിൽസ് എന്നു    പേരുള്ള ഒരു പാട്ടുകാരനുമുണ്ടായിരുന്നു. പിന്നെയുള്ളവരുടെ പേരാണ് സ്വിഫ്റ്റി, ക്രംപ്‌സ്, മംമ്സ്, റോളിപോളി, സ്കാറ്റർബ്രെയിൻ, പ്രാപ്സ് , പ്രോബ്‌ളി എന്ന സഹോദരർ. പക്ഷേ, ഇവരെക്കാളെല്ലാം പേരുകേട്ട വേറൊരു മൈറ്റുണ്ടായിരുന്നു: ഡന്നോ (Don't Know). അവന് എല്ലാ കാര്യങ്ങളും അറിയാത്തതു കൊണ്ടാണീ പേരു വീണത് --- സത്യം പറഞ്ഞാൽ, അവനൊന്നും അറിയില്ലായിരുന്നു.

 ഡന്നോ കടുംനീലത്തൊപ്പിയണിയും; കടുംമഞ്ഞ ട്രൗസറും, കടുത്ത ഓറഞ്ചു കുപ്പായവും, കടുംപച്ച ടൈയ്യും.  കടുംനിറങ്ങൾ അവന് വലിയ ഇഷ്ടമായിരുന്നു. കടുംനിറത്തിലുള്ള കുപ്പായങ്ങളിട്ട് അവൻ വഴിനീളെ അലയും. ഓരോരോ കഥകളുണ്ടാക്കി, കാണുന്നവരോടെല്ലാം അതു  പറഞ്ഞു നടക്കും. പെൺമൈറ്റുകളെ കളിയാക്കുന്നത് അവനൊരു വിനോദമായിരുന്നു. വഴിയലവൻ്റെ ഓറഞ്ചു കുപ്പായം കാണേണ്ട താമസം, പെൺമൈറ്റുകൾ തിരിച്ച് വീട്ടിലേക്കോടും. 

ഡന്നോയ്ക്ക് ഒരു ചങ്ങാതിയുണ്ടായിരുന്നു. മുക്കുറ്റിപ്പാതക്കരികിൽ താമസിക്കുന്ന ഗങ്കി.  ഈ രണ്ടുപേരും മണിക്കൂറുകളോളമിരുന്നുസംസാരിക്കും.  ദിവസത്തിൽ ഒരിരുപതു വട്ടമെങ്കിലും ഇവർ കലഹിക്കും. എന്നാലും, ഒടുവിൽ, അവരിണങ്ങിയിരിക്കും.

ഒരു ദിവസമൊരു സംഗതയുണ്ടായി. അതോടെ ഡന്നോ പട്ടണത്തിലെ സംസാരവിഷയമായി. കളിസ്ഥലത്തൂടെ ഒറ്റക്ക് നടക്കാൻ പോയതായിരുന്നൂ ഡന്നോ. പെട്ടെന്നൊരു കരിവണ്ട് പറന്നുവന്നവൻ്റെ തലയ്ക്കു പിന്നിലിടിച്ചു. വായുവിൽ കുട്ടിക്കരണം മറിഞ്ഞ്, അവൻ നിലത്ത് കമിഴ്ന്നടിച്ച് വീണു. കരിവണ്ടോ, പറന്നുപറന്ന്, താമസിയാതെ, കാഴ്ചക്ക് പുറത്തായി. ആരാ, എന്താ ഇടിച്ചതെന്ന് നോക്കാൻ ഡന്നോ ചാടിയെണീറ്റ് ചുറ്റും പരതി. പക്ഷേ, അവിടെയെങ്ങും ഒന്നുമുണ്ടായിരുന്നില്ല.
"എന്തായിരിക്കാം എന്നെ ഇടിച്ചത്?" അവനാലോചിച്ചു. "എന്തോ എൻ്റെ മേലെ വന്നുവീണിരിക്കണം."
അവൻ ആകാശത്തേക്ക് നോക്കി. അവിടേയും ഒന്നുമുണ്ടായിരുന്നില്ല; മിന്നിത്തിളങ്ങുന്ന സൂര്യനല്ലാതെ.
"അത് സൂര്യൻ തന്നെ," അവനുറപ്പിച്ചു. "ഒരു കഷണം പൊട്ടി എൻ്റെ തലയിൽ വീണതാണ്."

അവൻ വീട്ടിലേക്ക് തിരിച്ചു നടന്നു. വഴിയിൽ അവനൊരു ചങ്ങാതിയെ കണ്ടു. ഗ്ലാസ് ഐയെ . കേൾവികേട്ടൊരു ജ്യോതിർശാസ്ത്രജ്ഞനാണ് ഗ്ലാസ് ഐ. കുപ്പിച്ചില്ലിൽനിന്ന് മൂപ്പർക്ക് ഭൂതക്കണ്ണാടിയുണ്ടാക്കാനറിയാം. ഈ കണ്ണാടിയിലൂടെ നോക്കിയാൽ എന്തും വലുതായിക്കാണും. അതുപോലുള്ള കുറേ ഒന്നിച്ചുവച്ച് ആ വിദ്വാനൊരു കുഴൽക്കണ്ണാടി ഉണ്ടാക്കിയിരുന്നു; ചന്ദ്രനെയും സൂര്യനെയും പഠിക്കാൻ.

"ഗ്ലാസ്‌ ഐ ," ഡന്നോ  പറഞ്ഞു, "വല്ലാത്തൊരു സംഭവമുണ്ടായെടോ. സൂര്യനിൽ നിന്നൊരു കഷണമടർന്നുവീണ്, എൻ്റെ തലയിലിടിച്ചെടോ."
"നീയെന്തായീപ്പറയുന്നേ!" ഗ്ലാസ് ഐക്ക് ചിരിയടക്കാനായില്ല. "സൂര്യൻ്റെ കഷ്ണം നിന്നെയിടിച്ചാ, നീ തവിടുപൊടിയാവില്ലേ? സൂര്യനേ, വളരെ വളരെ വലുതാ. നമ്മുടെ ഭൂമിയേക്കാളും വളരെ വലുത്."
"അത് കള," ഡന്നോ പറഞ്ഞു. "അതിനൊരു തളികയുടെ വലുപ്പമേയുള്ളൂ."
"അത് വളരെ ദൂരത്തായതുകൊണ്ട് തോന്നുന്നതാ. സൂര്യനൊരു വളരെ വലിയ തീപ്പന്താണ്‌. ഞാനെൻ്റെ കുഴൽക്കണ്ണാടിയിലൂടെ കണ്ടതല്ലേ. അതിൻ്റെ ചെറിയൊരു ചീളു വീണാ മതി, നമ്മുടെ ഈ പട്ടണം പൊടിപൊടിയാകാൻ."
"എന്തത്ഭുതം!" ഡന്നോ പറഞ്ഞു."ഇത്ര വലുതാണ് സൂര്യനെന്ന് ഞാനറിഞ്ഞോ? ഞാനിതെല്ലാവരോടും പോയിപ്പറയട്ടെ. അവരും കേട്ടിട്ടുണ്ടാകില്ല. എന്നാലും, നീയാ കുഴൽക്കണ്ണാടിവച്ച് ഒന്നൂടെ സൂര്യനെ നോക്ക്. ചിലപ്പോ, ഒരു കഷ്ണം വീണിട്ടുണ്ടെങ്കിലോ?"

അജ്ഞൻ വീണ്ടും വീട്ടിലേക്ക് വിട്ടു. വഴിയിൽ കണ്ടവരോടെല്ലാം അവൻ പറഞ്ഞു: "നിങ്ങളാരെങ്കിലും സൂര്യനെക്കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മുടെ മുഴുവൻ ഭൂമിയേക്കാളും വലുതാ അത്. ഭയങ്കരമായ മറ്റൊരു കാര്യം കൂടിയുണ്ട്. അതിൻ്റെ ഒരു കഷ്ണം പൊട്ടി താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. എപ്പൊ വേണമെങ്കിലും അത് താഴെ വീണ് നമ്മളെയെല്ലാം തവിടുപൊടിയാക്കും. എന്നെ വിശ്വാസമില്ലെങ്കിൽ, പോയി സ്ഫടികക്കണ്ണനോട് ചോദിച്ചോ."

എല്ലാവരും അവനെ കളിയാക്കി ആർത്തുചിരിച്ചു. എപ്പോഴും കഥ കെട്ടിച്ചമക്കുന്നവനാണ് അവനെന്ന് അവർക്കറിയാമല്ലോ. പക്ഷേ, അജ്ഞൻ വീട്ടിലേക്കോടുമ്പോൾ വിളിച്ചു കൂവിക്കൊണ്ടേയിരുന്നു:
"എല്ലാരും ഓടി രക്ഷപ്പെട്ടോ. സൂര്യൻ്റെ ഒരു കഷ്ണം താഴേക്ക് വീഴുന്നുണ്ടേ."
"എന്തിൻ്റെ കഷണം?"
"സൂര്യൻ്റെ. വേഗം വേണം. ഏതു നിമിഷവുമത് വീഴാം. അതോടെ നമ്മുടെ കഥ കഴിയും. സൂര്യനെപ്പറ്റി നിങ്ങൾക്കാർക്കുമൊരു ചുക്കുമറിയില്ല. അത് ഭൂമിയേക്കാളും വലുതാ."
"വിവരക്കേട്!"
"വിവരക്കേടൊന്നുമല്ല. എന്നോട് സ്ഫടികക്കണ്ണൻ പറഞ്ഞല്ലോ. കുഴൽക്കണ്ണാടിയിലൂടെ മൂപ്പർ കണ്ടതാ."

എല്ലാവരും പുറത്തിറങ്ങി സൂര്യനെ നോക്കി. നോക്കിനോക്കി കണ്ണിൽ വെള്ളം വന്നു. കുറേ നോക്കിയപ്പോൾ അതിൽ നിന്ന് ഒരു കഷണം പോയതായ് അവർക്കും തോന്നി.

"രക്ഷപ്പെട്ടോ!" അജ്ഞൻ വിളിച്ചു പറഞ്ഞു."എങ്ങനേലും രക്ഷപ്പെട്ടോ!"

കുഞ്ഞികൾ അവരുടെ സാധനങ്ങളെടുക്കാൻ ഓടി. തുള്ളി അവൻ്റെ ചായവും ബ്രഷും ധൃതിയിലെടുത്തു. കമ്പൻ കൊമ്പും, കുഴലും, ഓടക്കുഴലുമെടുത്തു. ഡോക്റ്റർ ഗുളികൻ മറന്നു വച്ച മരുന്നുപെട്ടി വീടുമുഴുവൻ വെപ്രാളപ്പെട്ട് തപ്പി. ഉരുളൻ അവൻ്റെ കുടയും ബൂട്ടും ധൃതിയിലെടുത്ത് ഗേറ്റിലൂടെ ഓടുമ്പോൾ, ജ്ഞാനി അവനെ തടഞ്ഞു:
"നിക്കെടോ! എന്തിനേയാ നീ പേടിക്കുന്നത്? അജ്ഞൻ ഒരു മരമണ്ടനാണെന്ന് നിനക്കറിയില്ലേ? ഇതും അവൻ്റെയൊരു തട്ടിപ്പല്ലേ?"
"തട്ടിപ്പോ?" അജ്ഞൻ അലറി. "പോയി സ്ഫടികക്കണ്ണനോട് ചോദിച്ചു നോക്ക്."

എല്ലാവരും സ്ഫടികക്കണ്ണനടുത്തേക്കോടി. സത്യത്തിൽ, എല്ലാം അജ്ഞൻ്റെ കെട്ടുകഥ മാത്രമാണെന്ന് മനസ്സിലാക്കി.  എല്ലാവരും എത്ര ചിരിച്ചു കുഴഞ്ഞെന്നോ!
"ഈ പൊട്ടത്തരം നമ്മളെങ്ങിനെ വിശ്വസിച്ചു!" അവർ പറഞ്ഞു.
"അതാണ് ഞാനും ചോദിക്കുന്നത്." അജ്ഞനും പറഞ്ഞു."ഞാൻ പോലും എന്നെ വിശ്വസിച്ചു പോയി."

അങ്ങനെയൊരു രസികനായിരുന്നൂ അജ്ഞൻ. 
*******************************************************************

2020, ജൂൺ 24, ബുധനാഴ്‌ച

8: gene

രണ്ടാം ഭാഗം 

"അംശങ്ങളുടെ സങ്കലനത്തിലുള്ളത് അംശങ്ങൾ മാത്രമാണ്"

         പാരമ്പര്യത്തിൻ്റെ പ്രക്രിയാപ്രവർത്തനത്തെ ഭേദിക്കൽ
                                          (1930 - 1970)                                        
                                                             
                                                                                Ø

"ഒരൊറ്റ വാക്കിൻ്റെ രൂപങ്ങളല്ല വാക്കുകൾ.
അംശങ്ങളുടെ സങ്കലനത്തിൽ അംശങ്ങളേയുള്ളൂ.
ലോകത്തെ അളക്കേണ്ടത് കണ്ണുകൊണ്ടാണ്." 
ഞാനിത് പറഞ്ഞപ്പോഴാണ് . . . 
                            --- വാലസ് സ്റ്റീവൻസ്, "വീട്ടിലേക്കുള്ള വഴിയിൽ" ‌ 
                                                      
                                                                                      Ø
                                   

                            "അഭേദം"

പ്രകൃതവും ലക്ഷണങ്ങളും ശ്‌മശാനം വരെ നീളും. 
                                                                       --- സ്പാനിഷ് മൊഴി  
                                                             
 ഞാനാണ് കുടുംബമുഖം:
ശരീരം ചീയും; ഞാൻ തുടരും;
വിസ്‌മൃതിക്കുമേലെ 
കാലകാലാന്തരങ്ങളിലൂടെ 
ദേശദേശാന്തരങ്ങളിലൂടെ
ഗുണവും ലക്ഷണവും പ്രക്ഷേപിച്ചുകൊണ്ട്.
                          --- തോമസ് ഹാർഡി, "പാരമ്പര്യം"  

മണിയെ കാണുന്നതിന് തലേന്ന് ഞാനും അച്ഛനും കൊൽക്കൊത്തയിലൂടെ ഒന്നു നടന്നു. സീൽദാ തീവണ്ടിയാപ്പീസിന് സമീപത്തുനിന്നാണ് ഞങ്ങൾ നടന്നു തുടങ്ങിയത്. അഞ്ച് ആൺകുട്ടികളുടേയും, നാല് ഉരുക്കു  പെട്ടികളുടേയും അകമ്പടിയോടെ, 1946ൽ, ബരിസലിൽനിന്നുള്ള തീവണ്ടിയിൽനിന്ന് എൻ്റെ മുത്തശ്ശി ഇറങ്ങിയ സ്ഥലം. തീവണ്ടിയാപ്പീസിൻ്റെ അതിരിൽനിന്ന് ഞങ്ങളവരുടെ പാതയിലൂടെ വീണ്ടും നടന്നു. പ്രഫുല്ലചന്ദ്രാ റോഡിലൂടെ, ഇടതു വശത്ത് തുറസ്സലിരിക്കുന്ന തിരക്കേറിയ മീൻ-പച്ചക്കറി പന്തികളും, വലത്തുള്ള കുളവാഴക്കുളങ്ങളും കടന്ന്‌, ഞങ്ങൾ ഇടത്തോട്ട് തിരിഞ്ഞു; നഗരത്തെ ലക്ഷ്യമാക്കി വീണ്ടും വലത്തോട്ടും. പെട്ടെന്ന് റോഡ് രൂക്ഷമായ് ചുരുങ്ങി. ആൾക്കൂട്ടമോ കനത്തു. തെരുവിനിരുവശത്തും, ഏതോ ക്രുദ്ധമായ ജൈവീകശക്തിയാലെന്നപോലെ, വലിയ ഗേഹസമുച്ചയങ്ങൾ വാടകമുറികളായ് വിഭജിക്കപ്പെട്ട് കണ്ടു --- ഒരു മുറി രണ്ടായും, രണ്ട് നാലായും, നാല് എട്ടായും. തെരുവുകൾ സിരാപടലങ്ങൾ പോലെ വിന്യസിച്ചു; ആകാശം അപ്രത്യക്ഷമായി. പാചകം ചെയ്യപ്പെടുന്നതിൻ്റെ കിലുകിലാരവം;കൽക്കരിപ്പുകയുടെ ധാതുഗന്ധവും. ഒരു മരുന്നുകടയെത്തിയപ്പോൾ, ഞങ്ങൾ ഹായത്ത് ഖാൻ തെരുവിലേക്കുള്ള കുഞ്ഞുവഴിയിലേക്ക് തിരിഞ്ഞു; എൻ്റെ അച്ഛനും കുടുംബവും താമസിച്ചിരുന്ന വീട്ടിലേക്ക് നടന്നു. പലതലമുറകളിലുള്ള വന്യശുനകരെ പെറ്റിടുന്ന ചവറുകൂന അപ്പോഴും അവിടെയുണ്ടായിരുന്നു. വീടിൻ്റെ മുൻവാതിൽ ഒരു കൊച്ചുതൊടിയിലേക്കാണ് തുറക്കുക. കോങ്കത്തികൊണ്ടൊരു തേങ്ങയുടെ തലവെട്ടാനായുന്ന ഒരു സ്ത്രീ താഴത്തെ നിലയിലെ അടുക്കളയിലുണ്ടായിരുന്നു.

"ബിഭൂതിയുടെ മകളാണോ?"അച്ഛൻ, പൊടുന്നനെ, ബംഗാളിയിൽ ചോദിച്ചു. ബിഭൂതി മുഖോപാദ്ധ്യായ വീട്ടുടമസ്ഥനായിരുന്നു. അദ്ദേഹമാണ് മുത്തശ്ശിക്കീ വീട് വാടകക്ക് കൊടുത്തിരുന്നത്. അദ്ദേഹമിപ്പോഴില്ല. പക്ഷേ, അച്ഛന് രണ്ടു മക്കളെയും ഓർമ്മയുണ്ട് --- ഒരു മകൻ, ഒരു മകൾ.

ആ സ്ത്രീ അച്ഛനെ സംശയത്തോടെ നോക്കി. അദ്ദേഹം വാതിലും കടന്ന്, അടുക്കളയിൽനിന്ന് അൽപ്പമടി ദൂരമുള്ള, ഉയർത്തിക്കെട്ടിയ വരാന്തയിലേക്ക് കയറിക്കഴിഞ്ഞിരുന്നു.
"ബിഭൂതിയുടെ കുടുംബം ഇപ്പോഴുമിവിടെ താമസമുണ്ടോ?"
ഔപചാരികമായ ആമുഖമൊന്നുമില്ലാത്ത ചോദ്യം. അദ്ദേഹത്തിൻ്റെ ഉച്ചാരണത്തിൽ മന:പൂർവ്വമായ മാറ്റമുള്ളതായ് ഞാൻ ശ്രദ്ധിച്ചു.വാക്കുകളിലെ വ്യഞ്ജനങ്ങളിൽ മൃദുവായൊരു സീൽക്കാരം.  പടിഞ്ഞാറൻ ബംഗാളികളുടെ 'ച്ഛ് ', പൂർവ്വബംഗാളികളുടെ സീൽക്കാര 'സ്സ്'' ആയി മർദ്ദവപ്പെട്ടതുപോലെ. കൊൽക്കൊത്തയിൽ ഓരോ ഉച്ചാരണവും ഒരു സൂക്ഷ്മാന്വേഷണമാണെന്ന് എനിക്കറിയാം. ബംഗാളികൾ അവരുടെ സ്വരങ്ങളും വ്യഞ്ജനങ്ങളും പുറത്തേക്ക് വിടുന്നത് ഒരു പരിശോധനാവിമാനമായിട്ടാണ് --- അവരുടെ ശ്രോതാക്കളെ തിരിച്ചറിയാനും, അവരുടെ സഹാനുഭൂതികൾ മണത്തറിയാനും, അവരുടെ വിശ്വാസ്യത സ്ഥിരീകരിക്കാനും.
"അല്ല. ഞാൻ അദ്ദേഹത്തിൻ്റെ സഹോദരൻ്റെ മരുമകളാണ്," ആ സ്ത്രീ പറഞ്ഞു. "ബിഭൂതിയുടെ മകൻ മരിച്ചന്നു മുതൽ ഞങ്ങൾ ഇവിടെയാണ് താമസം."

പിന്നീട് നടന്നത് വർണ്ണിക്കുക പ്രയാസം --- അഭയാർഥികളുടെ ചരിത്രങ്ങളിൽ മാത്രം സംഭവിക്കാറുള്ള ഒരു മുഹൂർത്തമെന്ന് പറയാമെന്നതൊഴിച്ച്. സുഗ്രാഹ്യതയുടെ ഒരു മിന്നലാട്ടം അവർക്കിടയിലൂടെ കടന്നുപോയി. അച്ഛനെ അവർ തിരിച്ചറിഞ്ഞു. അവരൊരിക്കലും കണ്ടിട്ടില്ലാത്ത യഥാർത്ഥ മനുഷ്യനെയല്ല. പക്ഷേ, ആ മനുഷ്യൻ്റെ രൂപം: വീട്ടിലേക്ക് മടങ്ങിവരുന്ന ആ കുട്ടിയെ. കൊൽക്കൊത്തയിൽ --- ബെർലിനിൽ, പേഷവാഡിൽ, ഡെൽഹിയിൽ, ധാക്കയിൽ --- ഇതുപോലുള്ള മനുഷ്യർ എല്ലാ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്; എവിടെനിന്നെന്നില്ലാതെ, തെരുവുകളിൽനിന്ന്. പ്രവേശനകവാടം അലക്ഷ്യമായ് മുറിച്ചുകടന്ന് ഭൂതകാലത്തിലേക്ക് ചുവടു വെക്കുന്നവർ.     

ഭാവം പകർന്ന് അവർ കാണാൻപറ്റുന്നവിധത്തിൽ ഊഷ്‌മളയായി:
"ഒരിക്കലിവിടെ താമസിച്ചിരുന്ന കുടുംബത്തിലേയല്ലേ? ഒരുപാട് ചേട്ടാനിയന്മാരുണ്ടായിരുന്നില്ലേ?" അവരത് ചോദിച്ചത് വസ്തുതാപരമായിട്ടായിരുന്നു; ഈ സന്ദർശനം എന്നോ നടക്കേണ്ടിയിരുന്നൂ എന്നതുപോലെ.

അവരുടെ പന്ത്രണ്ടു വയസ്സുള്ള മകൻ ഒരു പാഠപുസ്തകവുമായ്‌ മുകളിലെ ജാലകത്തിലൂടെ ഒളിഞ്ഞുനോക്കി. ഞാനാ ജനൽ തിരിച്ചറിഞ്ഞു. തൊടിയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് ജഗ്ഗു അവിടെ ദിവസങ്ങളോളം ഇരിക്കുമായിരുന്നു.
"കുഴപ്പമൊന്നുമില്ല," അവർ മകനോട് കൈ ഇളക്കിക്കൊണ്ട് പറഞ്ഞു. അവൻ അകത്തേക്കോടിപ്പോയി. അവർ അച്ഛനു നേരെ തിരിഞ്ഞു. "വേണമെങ്കിൽ മുകളിലേക്ക് പോകാം. നടന്നു നോക്കിക്കോളൂ. പക്ഷേ, ഷൂസ് ഗോവണിക്കു താഴെ ഊരിവെച്ചോളൂ."

ഞാൻ ഷൂസഴിച്ചു. തൽക്ഷണം, എനിക്ക് കാലടികളിലാ നിലം അടുപ്പമുള്ളതായനുഭവപ്പെട്ടു. . . ഞാനെക്കാലവും അവിടെ ജീവിച്ചിരുന്നതുപോലെ.

  Ø

എനിക്കൊപ്പം അച്ഛൻ വീടു മുഴുവൻ ചുറ്റിനടന്നു. ഞാൻ വിചിരിച്ചിരുന്നതിനേക്കാൾ ചെറിയ വീട്. കടംകൊണ്ട ഓർമ്മകളിൽനിന്ന് പുനരാവിഷ്കരിക്കപ്പെടുന്ന സ്ഥലികൾ അനിവാര്യമായും അങ്ങനെയാണല്ലോ. മാത്രമല്ല, അതു വിചാരിച്ചതിലുമധികം മങ്ങിയതും പൊടിപൂണ്ടതുമായിരുന്നു. ഓർമ്മകൾ പോയകാലത്തെ മൂർച്ചയുള്ളതാക്കും. യാഥാർഥ്യമാണ് കെട്ടുപോകുന്നത്. പടികളുടെ ഒരിടുങ്ങിയ വഴി കടന്ന് ഞങ്ങൾ ഒരു ജോഡി മുറികളിലെത്തി. രാജേഷ്, നകുൽ, ജഗ്ഗു, എൻ്റെ അച്ഛൻ എന്നീ നാലനിയന്മാർ, ഇവയിലൊരു മുറി പങ്കിട്ടവരാണ്. മൂത്ത കുട്ടി രത്തനും --- മണിയുടെ അച്ഛൻ --- എൻ്റെ മുത്തശ്ശിയും അടുത്ത മുറി പങ്കിട്ടിരുന്നു. പക്ഷേ, ജഗ്ഗുവിൻ്റെ മനസ്സ് സങ്കോചിച്ചതോടെ, അവർ രത്തനെയും സഹോദരന്മാരെയും പുറന്തള്ളി; ജഗ്ഗുവിനെ ഉള്ളിലാക്കി. ജഗ്ഗു പിന്നീടൊരിക്കലും അവരുടെ മുറി വിട്ടില്ല.

ഞങ്ങൾ മേൽക്കൂരയിലെ മുകപ്പിലേക്ക് കയറി. ഒടുവിൽ ആകാശം വിസ്തൃതമായി.ഭൂമിയുടെ വളവ്‌ സൂര്യനിൽനിന്ന് വലിഞ്ഞു മാറുന്നത് അറിയാൻപറ്റുമെന്നു തോന്നും വിധം, സന്ധ്യ വേഗം വരികയായിരുന്നു. അച്ഛൻ തീവണ്ടിയാപ്പീസിലെ വെളിച്ചങ്ങളിലേക്ക് കണ്ണയച്ചു. ഉപേക്ഷിക്കപ്പെട്ട് ഏകാകിയായ ഒരു പക്ഷിയെപ്പോലെ ദൂരത്തൊരു തീവണ്ടി ചൂളം വിളിച്ചു. ഞാൻ പാരമ്പര്യത്തെക്കുറിച്ച് എഴുതുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാം.
"ജീനുകൾ," നെറ്റി ചുളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"അതിനൊരു ബംഗാളിപ്പേരുണ്ടോ?" ഞാൻ ചോദിച്ചു.
അദ്ദേഹം മനസ്സിലെ നിഘണ്ടുവിൽ പരതി. അങ്ങിനെയൊരു വാക്കില്ല. പക്ഷേ, പകരമൊന്ന് കണ്ടെത്താനായേക്കാം.
"അഭേദ്" അദ്ദേഹം നിർദ്ദേശിച്ചു. അദ്ദേഹം ആ വാക്കുപയോഗിക്കുന്നത് ഞാനൊരിക്കലും കേട്ടിട്ടില്ല. "അവിഭാജ്യം", "അഭേദ്യം" എന്നാണതിനർത്ഥം. "സ്വത്വ"വുമായും അതിന് അയഞ്ഞൊരു ബന്ധമുണ്ട്. ആ വാക്ക് തെരെഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ വിസ്മയിച്ചു. നിരവധി
അനുരണനങ്ങളുണ്ടാക്കുന്ന മുറിപോലൊരു വാക്ക്. മെൻഡലോ, ബേയ്റ്റ്സണോ ആസ്വദിക്കുമായിരുന്ന നിരവധി അനുരണനങ്ങൾ: അവിഭാജ്യം; അഭേദ്യം; അഭിന്നം; അനന്യം.

മണിയേയും, രാജേഷിനേയും, ജഗ്ഗുവിനേയും കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്ന് ഞാൻ അച്ഛനോട് ചോദിച്ചു.
"അഭേദേർ ദോഷ്," അദ്ദേഹം പറഞ്ഞു.
സ്വത്വത്തിലെയൊരു ന്യൂനത; ഒരു ജനിതകരോഗം; സ്വത്വത്തിൽനിന്ന് ഭിന്നമാക്കാനാകാത്തൊരു ദോഷം. എല്ലാ അർത്ഥങ്ങളേയും പേറുന്ന ഒരു വാക്യം. അതിൻ്റെ അവിഭാജ്യതയുമായ് അദ്ദേഹം സന്ധിയിലായിരിക്കുന്നു.

Ø

ജീനുകളും പാരമ്പര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, 1920കളുടെ അവസാനം, എത്രയോ ചർച്ചകൾ നടന്നിട്ടും, സ്വന്തമായൊരു സ്വത്വമില്ലാത്തതാണ് ജീനെന്ന് തോന്നി. എന്തു കൊണ്ടുണ്ടാക്കിയതാണ് ജീൻ, അതിൻ്റെ ധർമ്മമത് നിർവ്വഹിക്കുന്നതെങ്ങനെ, കോശത്തിലെവിടെയാണ് അതിൻ്റെ വാസം എന്നൊക്കെ ഒരു ശാസ്ത്രജ്ഞനോട് ചോദിച്ചിരുന്നുവെങ്കിൽ, തൃപ്തികരമായ ഉത്തരം കിട്ടുമായിരുന്നില്ല. നിയമത്തിലും സമൂഹത്തിലുമുള്ള സമ്പൂർണ്ണമായ മാറ്റങ്ങളെ ന്യായീകരിക്കാൻ ജനിതകശാസ്ത്രം ഉപയോഗിക്കപ്പെട്ടപ്പോഴും, ജീൻ സ്വയം പിടിവാശിയുള്ള ഒരമൂർത്ത സ്വത്വമായ്ത്തന്നെ മരുവി. ജീവയന്ത്രത്തിലൊളിച്ചിരിക്കുന്ന ഒരു പ്രേതം. ആരും പ്രതീക്ഷിക്കാത്തൊരു ജീവിയിൽ ഗവേഷണം നടത്തുകയായിരുന്ന, ആരും വിചാരിക്കാത്തൊരു   ശാസ്ത്രജ്ഞനാണ്, ജനിതകപഠനത്തിലെ ഈ കരിമ്പെട്ടി യാദൃച്ഛികമായ് തുറന്നത്. മെൻഡലിൻ്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് സംസാരിക്കാൻ 1907ൽ വില്യം ബേയ്റ്റ്സൺ അമേരിക്കയിലേക്ക് പോയപ്പോൾ, കോശശാസ്ത്രജ്ഞനായ തോമസ് ഹണ്ട് മോർഗനെ കാണാൻ അദ്ദേഹം ന്യൂയോർക്കിൽ തങ്ങുകയുണ്ടായി. പ്രത്യേകിച്ചൊരു മതിപ്പൊന്നും
ബേയ്റ്റ്സണ് തോന്നിയില്ല. "മോർഗൻ ഒരു മരത്തലയനാണ്," അദ്ദേഹം ഭാര്യക്കെഴുതുകയുണ്ടായി. "മൂപ്പരെപ്പോഴുമൊരു കറക്കത്തിലാണ് --- വളരെ സജീവം; ബഹളമുണ്ടാക്കാനുള്ള പ്രവണതയുള്ളയാൾ."

 തോമസ് മോർഗൻ കൊളംബിയാ സർവ്വകലാശാലയിലെ ജീവശാസ്ത്രപ്പ്രഫസർ ആയിരുന്നു: ബഹളക്കാരൻ; പരിശ്രമശാലി; ചിന്താനിരതൻ; കിറുക്കൻ. അദ്ദേഹത്തിൻ്റെ മനസ്സ് ഒരു
ഡെർവീഷീനെപ്പോലെ* ഒരു ശാസ്ത്രീയപ്രശ്നത്തിൽനിന്ന് മറ്റൊന്നിലേക്ക് കറങ്ങിക്കൊണ്ടേയിരിക്കും. അദ്ദേഹത്തിൻ്റെ മുഖ്യതാൽപ്പര്യം
ഭ്രൂണശാസ്ത്രത്തിലായിരുന്നു. പാരമ്പര്യഏകകങ്ങൾ എന്നൊന്നുണ്ടോ, ഉണ്ടെങ്കിൽ അവ എങ്ങനെയാണ്, എവിടെയാണ് സമാഹരിക്കപ്പെട്ടിരിക്കുന്നതെന്നതിലൊന്നും മോർഗന് ആദ്യമൊന്നും കൗതുകമേ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ പ്രധാന താൽപ്പര്യം വളർച്ചയെ സംബന്ധിച്ച പ്രശ്നമായിരുന്നു. ഒരേകകോശത്തിൽനിന്ന് എങ്ങിനെയാണൊരു ജീവി ആവിർഭവിക്കുന്നത്?

മെൻഡൽസിദ്ധാന്തത്തെ മോർഗൻ, തുടക്കത്തിൽ, തടുത്തിരുന്നു. സങ്കീർണ്ണമായ ഭ്രൂണസന്ദേശങ്ങൾ വ്യതിരിക്തമായ ഏകകങ്ങളായ് കോശത്തിൽ സമാഹൃതമായിരിക്കുക അസാദ്ധ്യമെന്നാണ് അദ്ദേഹം വാദിച്ചത് (അതിനാലാണ് ബേയ്റ്റ്‌സൺ "മരത്തലയൻ" എന്ന് വിളിച്ചത്). ഒടുവിൽ, പക്ഷേ, ബേയ്റ്റ്സണിൻ്റെ തെളിവുകൾ മോർഗന് ബോദ്ധ്യമായി. വിവരങ്ങളുടെ പട്ടികപ്പടങ്ങളുമായ് വന്ന മെൻഡലിൻ്റെ "ശൂരശുനകനോട്" വാദിച്ചു ജയിക്കുക കഠിനമാണ്. എന്നിട്ടും, ജീനുകളുണ്ടെന്നത് അംഗീകരിച്ചതിനുശേഷവും, അവയുടെ ഭൗതീകരൂപത്തെപ്പറ്റിയുള്ള  മോർഗൻ്റെ ആശയക്കുഴപ്പം നിലനിന്നു. ശാസ്ത്രജ്ഞനായിരുന്ന ആർതർ കോൺബർഗ് ഒരിക്കൽ പറയുകയുണ്ടായി: കോശജീവശാസ്ത്രജ്ഞർ നിരീക്ഷിക്കും; ജനിതകശാസ്ത്രജ്ഞർ എണ്ണും; ജീവരസതന്ത്രജ്ഞർ വൃത്തിയാക്കും. നേരു പറഞ്ഞാൽ, സൂക്ഷ്മദർശിനികൾ ആയുധമാക്കിയ കോശജീവശാസ്ത്രജ്ഞർക്ക്, കോശങ്ങൾക്കകത്ത് കാണാവുന്ന ഘടകങ്ങൾ തിരിച്ചറിയാനാകുന്ന ധർമ്മങ്ങൾ നിർവ്വഹിക്കുന്ന, കോശലോകവുമായാണ് പരിചയം. പക്ഷേ, അന്നേവരേക്കും, ഒരു സ്ഥിതിവിവരക്കണക്കെന്ന അർത്ഥത്തിൽ മാത്രമാണ് ജീൻ  "ദൃശ്യ"മായിരുന്നത്. പാരമ്പര്യത്തിൻ്റെ ഭൗതീകാടിസ്ഥാനം വെളിക്കുകൊണ്ടുവരിയാകയായിരുന്നൂ മോർഗന് വേണ്ടിയിരുന്നത്."പാരമ്പര്യത്തിൻ്റെ ഗണിതപരമായ 
രൂപവൽക്കരണത്തിലല്ല ഞങ്ങളുടെ പ്രാഥമികമായ താൽപ്പര്യം," അദ്ദേഹമെഴുതി. "കോശത്തെ, ബീജാണ്ഡങ്ങളെ സംബന്ധിച്ച
പ്രശ്നത്തിലാണ്."

പക്ഷേ, കോശങ്ങളിൽ എവിടെയാണ് ജീനുകളെ കണ്ടെത്താനാകുക? ജീനിനെ കാണാൻ ഏറ്റവും സാദ്ധ്യതയുള്ള സ്ഥലം ഭ്രൂണമാണെന്ന് ജീവശാസ്ത്രജ്ഞന്മാർ പണ്ടേ, സഹജാവബോധത്തോടെ, അനുമാനിച്ചിരുന്നു. 1890കളിൽ, നേപ്പിൾസിൽ, കടൽച്ചൊറികളിൽ ഗവേഷണം നടത്തുകയായിരുന്ന ജർമ്മനിക്കാരൻ ഭ്രൂണശാസ്ത്രജ്ഞൻ തിയഡോർ ബോവേരി, കോശകേന്ദ്രത്തിൽ സ്പ്രിങ്ങുകളെപ്പോലെ ചുരുണ്ടുകിടക്കുന്ന, അനിലിൻ** തട്ടിയാൽ നീലയാകുന്ന നൂലുപോലുള്ള നാരുകളായ      ക്രോമസോമുകളിൽ  ആയിരിക്കണം ജീനുകളുടെ വാസമെന്ന് അഭിപ്രായപ്പെട്ടിരുന്നു (ബോവേരിയുടെ സഹപ്രവർത്തകൻ വിൽഹെം വോൺ വാൾഡെയർ - ഹാർട്സ് ഇട്ട പേരാണ് ക്രോമസോം).

വേറെ രണ്ട് ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങൾ ബോവേരിയുടെ പരികൽപ്പനയെ സ്ഥിരീകരിച്ചു. കാൻസാസിലെ പുൽമേടുകളിൽ പച്ചക്കുതിരകളെ ശേഖരിച്ചു നടന്നിരുന്ന കർഷക ബാലൻ വാൾട്ടർ സട്ടൺ, പച്ചത്തുള്ളനെ ശേഖരിക്കുന്ന ന്യൂയോർക്കിലെ ശാസ്ത്രജ്ഞനായ് വളർന്നു വലുതായിരുന്നു. 1902ൽ, പച്ചക്കുതിരകളുടെ ബീജാണ്ഡകോശങ്ങളിൽ (അവയിലെ ക്രോമസോമുകൾ പ്രത്യേകിച്ചും ഭീമമാണ്) ഗവേഷണം നടത്തേ, ക്രോമസോമുകളിൽ ജീനുകൾ കായീകമായിത്തന്നെ വഹിക്കപ്പെടുന്നുണ്ടെന്ന് സട്ടണും അവകാശപ്പെട്ടിരുന്നു. അതേ സമയം, ബോവേരിയുടെ വിദ്യാർത്ഥിയും ജീവശാസ്ത്രകാരനുമായ നെട്ടീ  സ്റ്റീവൻസ്  ലിംഗനിർണ്ണയത്തിൽ തൽപ്പരനായി. 1905ൽ, സാധാരണ മണ്ണിരകളുടെ കോശങ്ങൾ ഉപയോഗിച്ച് സ്റ്റീവൻസ്, ആൺഭ്രൂണങ്ങളിൽ മാത്രമുള്ളതും പെൺഭ്രൂണങ്ങളിൽ ഒരിക്കലും കാണാത്തതുമായ അനന്യമായ ഒരു ഘടകമാണ് --- Y ക്രോമസോമാണ് --- ഇരയിലെ "ആണത്തത്തെ" നിർണ്ണയിക്കുന്നതെന്ന് തെളിയിച്ചു (X ക്രോമസോമിനെക്കാൾ കുറുകിയതും ചെറുതുമാണെന്നതൊഴിച്ചാൽ, സൂക്ഷ്മദർശിനിയിൽ മറ്റേതൊരു ക്രോമസോമിനേയും പോലെയാണ് Y ക്രോമസോമും --- നല്ല നീലനിറം പിടിക്കുന്ന D N A യുടെ ഒരു ചുരുൾ ---  കാണപ്പെടുക). ലിംഗവാഹകജീനിൻ്റെ  സ്ഥാനം ഒരേക ക്രോമസോമിലാണെന്ന് കൃത്യമായ് അടയാളപ്പെടുത്തിയ സ്റ്റീവൻസ്, എല്ലാ ജീനുകളുടേയും വാഹകർ ക്രോമസോമുകളാകാമെന്ന് നിർദ്ദേശിച്ചു.

Ø

ബൊവേരിയുടെയും, സട്ടണിൻ്റെയും, സ്റ്റീവൻസിൻ്റെയും ഗവേഷണങ്ങളെ തോമസ് മോർഗൻ ആദരിച്ചു. എന്നാലും, ജീനിനെക്കുറിച്ചുള്ള കൂടുതൽ മൂർത്തമായ ഒരു വിവരണത്തിനായ് അദ്ദേഹം അപ്പോഴും ദാഹിച്ചു. ജീനുകളുടെ ഭൗതീകവസതിയായ് ക്രോമസോമുകളെ ബോവേരി തിരിച്ചറിഞ്ഞുവെന്നത് ശരി. പക്ഷേ, ജീനുകളുടെയും ക്രോമസോമുകളുടെയും ആഴത്തിലുള്ള ഘടന അപ്പോഴും അവ്യക്തമായിരുന്നു. ക്രോമസോമുകളിൽ ജീനുകൾ എങ്ങിനെയാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്?  ക്രോമസോംനാരുകളിൽ അവ കോർത്തിരിക്കപ്പെട്ടിരിക്കുകയാണോ --- മാലയിൽ മുത്തുമണികൾ പോലെ?
ഓരോ ജീനിനും സവിശേഷമായൊരു ക്രോമസോം"മേൽവിലാസ"മുണ്ടോ? ജീനുകൾ അതിവ്യാപിക്കാറുണ്ടോ? ഒരു ജീനിന് മറ്റൊന്നുമായ് ഭൗതീകമോ, രാസപരമായോ ബന്ധമുണ്ടോ?

ഈ ചോദ്യങ്ങളെ മോർഗൻ സമീപിച്ചത് ഇനിയും മറ്റൊരു മാതൃകാജീവിയെ പഠിച്ചുകൊണ്ടാണ് --- പഴമീച്ചകളെ. ഏതാണ്ട് 1905നോടടുത്താണ് അദ്ദേഹം ഈച്ചകളെ വളർത്തിത്തുടങ്ങിയത് (മസാച്ചുസെറ്റ്സിലെ വുഡ്‌സ് ഹോളിലുള്ള പഴം-പച്ചക്കറിക്കടയിലെ ചീഞ്ഞ പഴക്കൂമ്പാരത്തിനു മുകളിലുള്ള ഈച്ചപ്പറ്റത്തിൽനിന്നാണ് അദ്ദേഹത്തിൻ്റെ ആദ്യശേഖരം വന്നതെന്ന് മോർഗൻ്റെ ചില സഹപ്രവർത്തകർ പിന്നീട് അവകാശപ്പെട്ടു. അതല്ലാ, ന്യൂയോർക്കിലെ ഒരു സഹപ്രവർത്തകനിൽനിന്നാണ് അദ്ദേഹത്തിൻ്റെ ആദിയീച്ചകൾ വന്നതെന്നാണ്  മറ്റു ചിലർ സൂചിപ്പിച്ചത്). കൊല്ലം ഒന്ന് കഴിഞ്ഞപ്പോൾ, കൊളംബിയാ സർവ്വകലാശാലയിലെ മൂന്നാം നിലയിലുള്ള പരീക്ഷണമുറിയിൽ, ചീഞ്ഞപഴങ്ങളിട്ട കുപ്പികളിൽ അദ്ദേഹം ആയിരക്കണക്കിന് പുഴുക്കളെ വളർത്തുകയായിരുന്നു***. പഴുപ്പ് കൂടിയ വാഴപ്പഴങ്ങൾ വടികളിൽ തൂങ്ങിക്കിടന്നു. പുളിച്ച പഴങ്ങളുടെ മണം ബോധം കെടുത്തുന്നതായിരുന്നു. മോർഗൻ നീങ്ങുമ്പോഴൊക്കെ, മുരളുന്ന ഒരു മുഖപടം പോലെ, പലായനം ചെയ്യുന്ന ഈച്ചകളുടെയൊരു മേഘം മേശകളിൽനിന്ന് ഉയർന്നുപൊങ്ങി. വിദ്യാർത്ഥികൾ ആ പരീക്ഷണശാലയെ "ഈച്ചമുറി"യെന്നാണ് വിളിച്ചത്. അതിൻ്റെ വലുപ്പവും ആകൃതിയും മെൻഡലിൻ്റെ പൂന്തോട്ടത്തിന് സമമായിരുന്നു. കാലാന്തരത്തിലതും, ജനിതക ശാസ്ത്രചരിത്രത്തിൽ, അതേപോലൊരു ഐതിഹാസികസ്ഥലിയായ് മാറും.

മെൻഡലിനെപ്പോലെ മോർഗനും പരമ്പരാഗതക്ഷമമായ ഗുണങ്ങളെ തെരഞ്ഞെടുത്തുകൊണ്ടാണ് തുടങ്ങിയത് --- തലമുറകളിലൂടെ പിന്തുടരാൻ പറ്റുന്ന, കാണാനാകുന്ന വൈജാത്യങ്ങളെ. 1900ങ്ങളിലെ ആദ്യവർഷങ്ങളിൽ അദ്ദേഹം ഹ്യൂഗോ ഡ വ്രീസിൻ്റെ ആംസ്റ്റർഡാമിലുള്ള തോട്ടം സന്ദർശിച്ചിരുന്നു. ഡ വ്രീസിൻ്റെ മറുസസ്യങ്ങളിൽ [mutants] അദ്ദേഹം പ്രത്യേക താല്പര്യമെടുക്കുകയുണ്ടായി. പഴമീച്ചകളിലും ഉൾപ്പരിവർത്തനമുണ്ടോ? ആയിരക്കണക്കിന് ഈച്ചകളെ സൂക്ഷ്മദർശിനിയിലൂടെ അടയാളപ്പെടുത്തി, നിരവധി മറുശലഭങ്ങളെ  അദ്ദേഹം ഇനം തിരിച്ചു. പൊതുവേ ചുകപ്പുകണ്ണനായ ഈച്ചകൾക്കിടിയിൽ അപൂർവ്വമായൊരു വെള്ളക്കണ്ണൻ സഹജമായ്‌ പ്രത്യക്ഷപ്പെട്ടു. ചില മറുശലഭങ്ങൾക്ക് രണ്ടായിപ്പിരിഞ്ഞ മീശകണ്ടു; ചിലതിന് കാർനിറമാർന്ന ശരീരം; ചിലതിന് വട്ടക്കാലുകൾ; വളഞ്ഞ വവ്വാൽച്ചിറകുകൾ; വിഭക്തമായ ഉദരങ്ങൾ; വികലമായ കണ്ണുകൾ .... വിചിത്രജീവികളുടെയൊരു പൈശാചികമേള.

ഒരു പറ്റം വിദ്യാർത്ഥികൾ അദ്ദേഹത്തോടൊപ്പം ന്യൂയോർക്കിൽ ചേർന്നു.  സ്വകീയമായ വിചിത്രസ്വഭാവമുള്ളവർ. അമേരിക്കയിലെ വടക്കുനിന്നുള്ള,  കരുതലും പരിശ്രമശീലവും കൃത്യതയുള്ളവനുമായ ആൽഫ്രഡ്‌
സ്റ്റർട്ടെവണ്ട്. അതിബുദ്ധിമാനും, ഗംഭീരനും, കെട്ടുപാടില്ലാത്ത പ്രേമത്തെയും ലൈംഗീക അരാജകതയേയും വന്യസ്വപ്‌നം കാണുന്ന കാൽവിൻ ബ്രിഡ്ജസ്. മോർഗൻ്റെ ശ്രദ്ധയിൽപ്പെടാൻ തിടുക്കപ്പെട്ട, സംശയരോഗിയും, വിചാരരോഗിയുമായ മുള്ളർ ഹെർമൻ. ബ്രിഡ്ജസിനോടുള്ള തൻ്റെ ഇഷ്ടം മോർഗൻ പരസ്യമായ് പ്രകടിപ്പിച്ചു. ബിരുദവിദ്യാർത്ഥിയെന്ന നിലയിൽ കുപ്പികൾ കഴുകാൻ നിയോഗിക്കപ്പെട്ട ബ്രിഡ്ജെസാണ് നൂറുകണക്കിന്
കുങ്കുമക്കണ്ണനീച്ചകൾക്കിടയിലുള്ള മറുഈച്ചയെ കണ്ടെത്തിയത്. ഈ ഈച്ചയാണ്, പിന്നീട്, മോർഗൻ്റെ പല നിർണ്ണായകപരീക്ഷണങ്ങൾക്കും അടിത്തറയായത്. സ്റ്റർട്ടെവണ്ടിൻ്റെ അച്ചടക്കത്തേയും, കർമ്മനിരതയേയും മോർഗൻ ബഹുമാനിച്ചു. മുള്ളറെ അദ്ദേഹത്തിന് അത്ര ഇഷ്ടമായിരുന്നില്ല. കപടതയുള്ളവനും, മിതഭാഷിയും, ലാബിലെ മറ്റുള്ളവരുമായ് അകലം പാലിക്കുന്നവനുമായിട്ടാണ് അവനെ അദ്ദേഹം കണ്ടത്. കാലാന്തരത്തിൽ ഈ മൂന്നു പേരും രൂക്ഷമായ് കലഹിക്കും; ജനിതകശാസ്ത്രവിഷയത്തിലൂടെ കത്തിക്കയറിക്കടന്നുപോയ അസൂയയുടെയും നാശത്തിൻ്റെയുമൊരു ചാക്രികാവൃത്തിയെ കെട്ടഴിച്ചു വിടും. പക്ഷേ, ഈ കാലത്ത്, ഈച്ചകളുടെ മുരളിച്ചകൾ ആധിപത്യം നേടിയ തരളശാന്തിയിൽ, അവർ ജീനുകളുടെയും ക്രോമസോമുകളുടെയും പരീക്ഷണങ്ങളിൽ സ്വയം നിമഗ്നരായി. മറുശലഭങ്ങളുമായ് സാധാരണ ഈച്ചകളെ സങ്കലനം ചെയ്ത് --- ഉദാഹരണമായ്, വെള്ളക്കണ്ണൻ ആണിനെ ചുകപ്പുകണ്ണൻ പെണ്ണുമായ്‌ ഇണ ചേർത്ത് --- മോർഗനും, അദ്ദേഹത്തിൻ്റെ ശിഷ്യർക്കും ഗുണങ്ങളുടെ, ധാരാളം തലമുറകളിലൂടെയുള്ള, പാരമ്പര്യസഞ്ചാരം പിന്തുടരാൻ പറ്റി. മറുജീവികൾ, ഒരിക്കൽ കൂടി, ഈ പരീക്ഷണങ്ങൾക്ക് നിർണ്ണായകമെന്ന് വന്നു: വിജാതീയർക്കേ സ്വാഭാവികപൈ[മാ]തൃകത്തിൻ്റെ പ്രകൃതിക്കുമേൽ വെളിച്ചം തൂകാനാകു.

Ø

മോർഗൻ്റെ  കണ്ടുപിടുത്തത്തിൻ്റെ ഗൗരവം ഗ്രഹിക്കാൻ നാം മെൻഡലിലേക്ക് മടങ്ങേണ്ടതുണ്ട്. മെൻഡലിൻ്റെ പരീക്ഷണങ്ങളിൽ ഓരോ ജീനും സ്വതന്ത്രമായൊരു സ്വത്വമായാണ് പെരുമാറിയത് --- ഒരു സ്വതന്ത്രവാഹകനായി. ഉദാഹരണത്തിന്, പൂനിറത്തിന് വിത്തിൻ്റെ ഇഴയടുപ്പവുമായോ, തണ്ടിൻ്റെ നീളവുമായോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഓരോ ഗുണവവും പാരമ്പര്യസിദ്ധമായത് സ്വതന്ത്രമായാണെന്ന് മാത്രമല്ല, ഗുണങ്ങളുടെ ഏതു രീതിയിലുള്ള സംയോജനവും സാദ്ധ്യമായിരുന്നു. ഓരോ സങ്കരണത്തിൻ്റെയും പരിണതിയൊരു സമ്പൂർണ്ണ ജനിതകപകിടകളിയായിരുന്നു: ഊതപ്പൂക്കളുള്ള, ഉയരം കൂടിയ ഒരു ചെടിയെ വെള്ളപ്പൂക്കളുള്ള, നീളം കുറഞ്ഞ ഒരു ചെടിയുമായ് സങ്കലനം ചെയ്‌താൽ, ഒടുവിൽ കിട്ടുക സർവ്വതരത്തിലുമുള്ള മിശ്രിതങ്ങളെയാണ് --- വെള്ളപ്പൂക്കളുള്ള നീളൻ ചെടികൾ, ഊതപ്പൂക്കളുള്ള കുള്ളൻ ചെടികൾ, അങ്ങനെയങ്ങനെ.

എന്നാൽ, മോർഗൻ്റെ പഴമീച്ച ജീനുകൾ എപ്പോഴും സ്വതന്ത്രമായല്ല പെരുമാറിയത്. ആയിരത്തിത്തൊള്ളായിരത്തിപ്പത്തിനും പന്ത്രണ്ടിനുമിടയിൽ മോർഗനും അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളുമൊത്ത് ആയിരക്കണക്കിന് മറുഈച്ചകളെ പരസ്പരം ഇണചേർത്ത്, പതിനായിരക്കണക്കിന് ഈച്ചകളെ ഉൽപ്പാദിപ്പിച്ചു. ഓരോ സങ്കലനത്തിന്റേയും ഫലങ്ങൾ സൂക്ഷ്മമായ്‌ രേഖപ്പെടുത്തപ്പെട്ടു: വെള്ളക്കണ്ണുകളുള്ളവ, കാർനിറമുള്ളവ, മീശകളുള്ളവ, കുഞ്ഞൻചിറകുകളുള്ളവ. നിരവധി നോട്ടുബുക്കുകളിൽ പട്ടികയിലാക്കിയ
ഈ സങ്കരങ്ങളെ മോർഗൻ വിശകലനം ചെയ്തപ്പോൾ, അദ്ദേഹം   അത്ഭുതകരമായൊരു വിന്യാസം കണ്ടു: ചില ജീനുകൾ പരസ്പര "ബന്ധ"മുള്ളതുപോലെ പെരുമാറുന്നു. വെളുത്ത കണ്ണുണ്ടാക്കുന്നതിന് ഉത്തരവാദിയായ ജീൻ (വെള്ളക്കണ്ണൻ എന്ന് വിളിക്കപ്പെട്ടത്), ഉദാഹരണത്തിന്, Y ക്രോമസോമുമായ് അഭേദ്യമായ് ബന്ധപ്പെട്ടിരിക്കുന്നു. ഈച്ചകളെ മോർഗൻ എങ്ങനെയൊക്കെ സങ്കലനം ചെയ്താലും വെള്ളക്കണ്ണെന്ന ഗുണം ആ ക്രോമസോമിലേ കണ്ടെത്താനാകൂ. അതേപോലെ, കാർനിറത്തിൻ്റെ ജീൻ, ചിറകിൻ്റെ ആകൃതി നിശ്ചയിക്കുന്ന ജീനുമായ് ബന്ധപ്പെട്ടിരിക്കുന്നു.

മോർഗനെ സംബന്ധിച്ച്, ഈ ജനിതകബന്ധത്തിന് ഒരർത്ഥമേ ഉണ്ടായിരുന്നുള്ളൂ: ജീനുകൾ പരസ്പരം കായീകമായ് ബന്ധിക്കപ്പെട്ടവയാകണം. ഈച്ചകളിൽ, കാർനിറത്തിനുള്ള ജീൻ ഒരിക്കലും കുഞ്ഞൻചിറകിനുള്ള ജീനിൽനിന്ന് സ്വതന്ത്രമായ് പരമ്പരാഗതസിദ്ധമാകില്ല (ഉണ്ടെങ്കിൽ അതത്യപൂർവ്വമാണ്); കാരണം, അവ രണ്ടിനേയും വഹിക്കുന്ന ക്രോമസോം ഒന്നാണ്. ഒരു മാലയിലാണ് രണ്ടു മുത്തുകളുമെങ്കിൽ, അവ രണ്ടും എന്നുമെന്നും പരസ്പരബന്ധിതമായിത്തന്നെയിരിക്കും; മാലകളെ സംയോജിപ്പിക്കുകയും ഇണക്കുകയും ചെയ്യാൻ ഏതു രീതിയിൽ പരിശ്രമിച്ചാലും. ഒരേ ക്രോമസോമിലെ രണ്ടു ജീനുകൾക്ക് ഇതേ  പ്രമാണമാണ് ബാധകം: പിളർപ്പൻമീശക്കുള്ള ജീനിനെ ചർമ്മനിറത്തിനുള്ള ജീനിൽനിന്ന് അടർത്തിമാറ്റാനുള്ള ലളിതവിദ്യകളൊന്നുമില്ല. ലക്ഷണങ്ങളുടെ ഈ അഭേദ്യതക്ക് പദാർത്ഥപരമായൊരു അടിസ്ഥാനമുണ്ട്: ചിലജീനുകളെ എന്നെന്നേക്കുമായ് കോർത്തിട്ട ഒരു "ചരടാണ്" ക്രോമസോം.

Ø

മെൻഡൽനിയമങ്ങൾക്കുള്ള പ്രധാനമായൊരു നവീകരണമാണ് മോർഗൻ കണ്ടുപിടിച്ചത്. ഒറ്റയ്‌ക്കൊറ്റക്കല്ലാ ജീനുകളുടെ സഞ്ചാരം; പറ്റമായാണ്. വിവരപ്പൊതികൾ തന്നേയും കെട്ടുകളായിരിപ്പാണ് --- ക്രോമസോമുകളിൽ, അന്തിമമായ്, കോശങ്ങളിൽ. ആ കണ്ടുപിടുത്തത്തിന്, പക്ഷേ, കൂടുതൽ പ്രാധാന്യമുള്ള മറ്റൊരു പരിണതഫലമുണ്ടായി: ആശയപരമായി, മോർഗൻ ബന്ധിപ്പിച്ചത് ജീനുകളെ മാത്രമല്ല; രണ്ടു പഠനമേഖലകളെക്കൂടിയാണ് --- കോശശാസ്ത്രത്തേയും ജനിതകശാസ്‌ത്രത്തേയും. ജീൻ "വെറുമൊരു സാങ്കൽപ്പിക ഏകക"മല്ല. അതൊരു പ്രത്യേകയിടത്തിൽ, പ്രത്യേകരൂപത്തിൽ ജീവിക്കുന്ന ദ്രവ്യവസ്തുവാണ്. "നാമിപ്പോഴവ [ജീനുകൾ]  ക്രോമസോമുകളിലാണെന്ന് കണ്ട നിലയ്ക്ക്, അവയെ, തന്മാത്രകളേക്കാൾ ഉയർന്ന പദവിയിലുള്ള രാസഭാഗമായ്, ദ്രവ്യ ഏകകങ്ങളായ് നാമവയെ പരിഗണിക്കുന്നതിൽ ന്യായമില്ലേ?"

Ø

ജീനുകൾ തമ്മിലുള്ള ബന്ധം സ്ഥാപിതമായത് രണ്ടാമത്തേയും, മൂന്നാമത്തെയുമൊരു കണ്ടുപിടുത്തത്തിന് കാരണമായി. ഒരേ ക്രോമസോമിൽ കായീകമായ് പരസ്പരബന്ധിതമായിരിക്കുന്ന ജീനുകൾ ഒരുമിച്ചാണ് പാരമ്പര്യസിദ്ധമാകുകയെന്നത് മോർഗൻ
സ്ഥാപിച്ചെടുത്തുവല്ലോ.  നീലനേത്രങ്ങളുണ്ടാക്കുന്ന ജീൻ (അത് B എന്നിരിക്കട്ടെ) സ്വർണ്ണമുടിയുണ്ടാക്കുന്ന ജീനുമായ് (Bl) ബന്ധിതമെങ്കിൽ, സ്വർണ്ണമുടിയുള്ള കുട്ടികൾക്ക്, അനിവാര്യമായും, പൈ/മാതൃകമായ്   നീലനയനങ്ങളുണ്ടാകാനുള്ള പ്രവണതയുണ്ടായിരിക്കും (ഉദാഹരണം സാങ്കൽപ്പികമാണ്; പക്ഷേ, ഉദാഹരിക്കപ്പെടുന്ന തത്ത്വം വാസ്തവമാണ്).

പക്ഷേ, ഈ ബാന്ധവത്തിന് ഒരു അപവാദമുണ്ട്. വല്ലപ്പോഴും, വളരെ വല്ലപ്പോഴും, ഒരു ജീൻ അതിൻ്റെ പങ്കാളിയിൽനിന്ന് പിരിഞ്ഞുവെന്ന് വരാം; പിതൃക്രോമസോമിൽനിന്ന് മാതൃക്രോമസോമിലേക്ക് കാലുമാറിയെന്ന് വരാം. അങ്ങനെ, വളരെ വിരളമായ്, നീലക്കണ്ണുള്ള ഒരിരുൾമുടിക്കുട്ടിയോ, അതല്ലെങ്കിൽ, തിരിച്ച്, ഇരുണ്ടകണ്ണുകളുള്ള സ്വർണ്ണമുടിക്കുട്ടിയോ ഉണ്ടായെന്നിരിക്കാം. മോർഗൻ ഈ പ്രതിഭാസത്തെ "കാലുമാറ്റം" [crossing over]  എന്ന് വിളിച്ചു. കാലാന്തരത്തിൽ, ഈ കാലുമാറ്റം ജീവശാസ്ത്രത്തിൽ ഒരു വിപ്ലവത്തിന് തുടക്കമിടുന്നത് നമുക്കു കാണാറാകും; ജനിതകവിവരങ്ങളെ കൂട്ടിക്കുഴക്കാനും, പൊരുത്തപ്പെടുത്താനും, കൈമാറാനും കഴിയുമെന്ന സിദ്ധാന്തം സ്ഥാപിതമാകും --- സഹോദരക്രോമസോമുകൾ തമ്മിൽ മാത്രമല്ല, വംശങ്ങൾക്കിടയിലും.

മോർഗൻ്റെ ഗവേഷണത്താൽ പ്രേരിതമായ അന്തിമകണ്ടുപിടുത്തം "കാലുമാറ്റ"ത്തെക്കുറിച്ചുള്ള ക്രമബദ്ധപഠനത്തിന്റേയും കൂടി ഫലമാണ്. ചില ജീനുകൾ കാലുമാറാനാകാത്തവിധം മുറുകേ ബന്ധിതമാണ്. ഇവ ക്രോമസോമുകളിൽ ശാരീരികമായ് പരസ്പരം അടുത്തിരിക്കുന്നുവെന്ന് മോർഗൻ്റെ വിദ്യാർത്ഥികൾ പരികൽപ്പിച്ചു. ബന്ധിതമായ മറ്റു ജീനുകൾ പിരിയാനുള്ള പ്രവണത കൂടുതലുള്ളവയാണ്. ക്രോമസോമുകളിൽ അവ അകന്നിരിക്കുന്നവയാണ്. യാതൊരുവിധ പരസ്പരബന്ധവുമില്ലാത്ത ജീനുകൾ തീർത്തും വ്യത്യസ്തമായ ക്രോമസോമുകളിലായിരിക്കും. ചുരുക്കത്തിൽ, ക്രോമസോമിലെ ജീനുകളുടെ സമീപാവസ്ഥയാണ്  ജനിതകബന്ധത്തിൻ്റെ അടുപ്പമുണ്ടാക്കുന്നത്: രണ്ടു ലക്ഷണങ്ങൾ --- സ്വർണ്ണമുടിയും നീലക്കണ്ണും -- എത്രയാവൃത്തി ബന്ധിതമോ അല്ലയോ എന്ന് നിർണ്ണയിക്കുക വഴി, ക്രോമസോമിലെ ആ ജീനുകുകളുടെ ദൂരം നിർണ്ണയിക്കാനാകും.

1911ലെ ഒരു ഹേമന്തസന്ധ്യയിൽ, മോർഗൻ്റെ ലാബിലെ ബിരുദവിദ്യാർത്ഥി സ്റ്റർട്ട് വണ്ട്, ഡ്രോസോഫില[പഴമീച്ച]യുടെ ബന്ധങ്ങളെക്കുറിച്ചുള്ള ലഭ്യമായ പരീക്ഷണവിവരങ്ങൾ തൻ്റെ മുറിയിലേക്ക് കൊണ്ടുവന്നു. തൻ്റെ ഗണിതഗൃഹപാഠം അവഗണിച്ച്, അയാൾ ഈച്ചകളിലെ ജീനുകളുടെ ആദ്യപടം നിർമ്മിച്ചുകൊണ്ട് രാത്രി കഴിച്ചു. Aയ്ക്കു Bയുമായ് അടുത്തതും, Cയുമായ് അകന്നതുമായ ബന്ധമുണ്ടെങ്കിൽ, ക്രോമസോമിൽ ആ മൂന്നു ജീനുകളും ആ ക്രമത്തിലും അകലത്തിലുമായിരിക്കും സ്ഥാനസ
                                                                  
                                                             A . B ......... C 

മടക്കുചിറകുകളുണ്ടാക്കുന്ന ഒരപരം [N], കുറുമീശയുണ്ടാക്കുന്ന ഒരപരത്തോടുകൂടി [SB] പരമ്പരാഗതസിദ്ധമായാൽ, ആ രണ്ടു ജീനുകളും, N &SB, ഒരേ ക്രോമസോമിലായിരിക്കണം. അതേസമയം, നേത്രനിറമേകുന്ന ബന്ധിതമല്ലാത്ത ജീൻ മറ്റൊരു ക്രോമസോമിലായിരിക്കണം. വൈകുന്നേരമായപ്പോഴേക്കും, സ്റ്റർട്ട് വണ്ട്, ഒരു ഡ്രോസഫിലാ ക്രോമസോമിലെ അരഡസൻ ജീനുകളുടെ ആദ്യജനിതകനേർരേഖാചിത്രം വരച്ചു കഴിഞ്ഞിരുന്നു. 

1990കളിലെ മാനവജനിതകവ്യവസ്ഥയിലെ ജീനുകളെ രേഖപ്പെടുത്താനുള്ള വിശാലവും വിശദവുമായ പരിശ്രമങ്ങളുടെ മുന്നോടിയാണ്, സ്റ്റർട്ട് വണ്ടിൻ്റെ ലളിതജനിതകപടം. ക്രോമസോമുകളിലെ ജീനുകളുടെ ആപേക്ഷികസ്ഥാനങ്ങൾ നിർണ്ണയിക്കാനുള്ള ബന്ധങ്ങൾ സ്ഥാപിക്കുക വഴി, സ്റ്റർട്ട് വണ്ട് അടിത്തറയിട്ടത്, സ്തനാർബുദം, ബഹുമുഖവ്യക്തിത്ത്വം, ആൾസെയ്‌മേഴ്‌സ്‌ എന്നീ സങ്കീർണ്ണകുടുംബരോഗങ്ങളുമായ് കെട്ടുപിണഞ്ഞിരിക്കുന്ന ജീനുകളുടെ ഭാവിയിലുള്ള ഒട്ടിക്കലിനാണ്  [cloning]യാണ്. വെറും പന്ത്രണ്ടു മണിക്കൂറുകളിൽ, ന്യൂയോർക്കിലെ ഒരു കൂട്ടുകിടപ്പുമുറിയിലിരുന്ന്, മാനവജനിതകഘടനാഗവേഷണത്തിന് [Human Genome Project] അയാൾ അടിസ്ഥാനമിട്ടു.    

Ø

1905നും 1925നുമിടയിൽ കൊളംബിയായിലെ "ഈച്ച മുറി" ജനിതകശാസ്ത്രത്തിൻ്റെ പ്രഭവകേന്ദ്രമായി. പുതിയ ശാസ്ത്രത്തിനുള്ള ഉൽപ്രേരകമുറി. പരമാണുക്കൾ പരമാണുക്കളെ വിഭജിച്ചു പോകുമ്പോലെ, ആശയങ്ങളിൽനിന്ന് ആശയങ്ങൾ തെന്നിത്തെറിച്ചുകൊണ്ടിരുന്നു. ജനിതകശാസ്ത്രം പിറക്കുകയല്ല, അസ്തിത്വത്തിലേക്ക് കെട്ടിയിറക്കപ്പെടുകയാണെന്ന പ്രതീതി ജനിപ്പിക്കും വിധം   അതിരൂക്ഷമായാണ്, കണ്ടുപിടുത്തങ്ങളുടെ ശൃംഖലാ പ്രതിപ്രവര്‍ത്തനം --- ബന്ധനവും, കാലുമാറ്റവും, ജനിതകപടങ്ങളുടെ നേർരേഖീയതയും, ജീനുകൾക്കിടയിലെ ദൂരവും --- പുറത്തേക്ക് പൊട്ടിത്തെറിച്ചത്. പിന്നീടുള്ള ദശാബ്ദങ്ങളിൽ ആ മുറിയിലെ അന്തേവാസികൾക്കുമേൽ നൊബേൽ സമ്മാനങ്ങളുടെ തൂമഴ പെയ്യും: മോർഗനും, അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളും, ആ വിദ്യാർത്ഥികളുടെ വിദ്യാർത്ഥികളും,എന്തിന്, അവരുടെ വിദ്യാർത്ഥികളും അവരുടെ കണ്ടുപിടുത്തത്തങ്ങളുടെ പേരിൽ സമ്മാനിതരാകും.

പക്ഷേ, ബന്ധനങ്ങൾക്കും ജീൻപടങ്ങൾക്കുമപ്പുറത്ത്, മോർഗനുപോലും ജീനുകളെ ഒരു  ദ്രവ്യരൂപത്തിൽ വർണ്ണിക്കാനും, സങ്കൽപ്പിക്കാനും പ്രയാസമുണ്ടായി. ഏത് രാസദ്രവ്യത്തിനാണ് "ചരടുകളിലും", "പടങ്ങളിലും" വിവരങ്ങൾ വഹിക്കുവാനാവുക? അമൂർത്തതകളെ സത്യമായ് അംഗീകരിക്കാനുള്ള ശാസ്ത്രജ്ഞരുടെ പ്രാപ്‌തിക്കുള്ള സാക്ഷ്യമാണ്,  മെൻഡലിൻ്റെ പ്രബന്ധപ്രസിദ്ധീകരണം കഴിഞ്ഞ്, അമ്പത് കൊല്ലങ്ങൾക്കു ശേഷവും --- 1865 മുതൽ 1915 വരെ --- ജീവശാസ്ത്രകാരന്മാർ  ജീനുകളെ  അവയുൽപ്പാദിപ്പിക്കുന്ന ലക്ഷണങ്ങളിലൂടെ മാത്രമേ അറിഞ്ഞുള്ളൂവെന്നത്: ജീനുകൾ ലക്ഷണങ്ങളെ നിർണ്ണയിക്കുന്നു; ജീനുകൾക്ക് ഉൾപരിവർത്തനം സംഭവിക്കുകയും,അതുവഴി, മറുലക്ഷണങ്ങൾ നിർണ്ണയിക്കപ്പെടും ചെയ്യാം; ജീനുകൾ ഭൗതീകമായോ, രാസപരമായോ പരസ്പരബന്ധിതങ്ങളാവാം. അവ്യക്തമായ്, ഒരു മൂടുപടത്തിലൂടെയെന്നപോൽ, ജനിതകശാസ്ത്രകാരന്മാർ വിന്യാസങ്ങളും, പ്രതിപാദ്യങ്ങളും വിഭാവനം ചെയ്യുകയായിരുന്നു: നാരുകൾ, ചരടുകൾ, പടങ്ങൾ, കാലുമാറ്റങ്ങൾ, വിഭക്തവും അവിഭക്തവുമായ നിരകൾ, ഗുപ്തഭാഷയിലേക്ക് ഹ്രസ്വമാക്കപ്പെട്ട വിവരങ്ങൾ വഹിക്കുന്ന ക്രോമസോമുകൾ. പക്ഷേ, ശരിക്കുമൊരു ജീനിനെ ആരും കണ്ടിട്ടുണ്ടായിരുന്നില്ല; അതിൻ്റെ പദാർത്ഥപരമായ സത്തയെന്തെന്ന് അറിഞ്ഞിട്ടുണ്ടായിരുന്നില്ല. പാരമ്പര്യപഠനത്തിൻ്റെ കേന്ദ്രലക്ഷ്യം, സ്വന്തം ഛായകളിലൂടെ മാത്രം ദൃശ്യമാകുന്ന ഒരു വസ്‌തുവെപ്പോലെയാണെന്ന പ്രതീതിയുണ്ടാക്കി; ശാസ്ത്രത്തിനത്, കൊതിപ്പിച്ച് പൊറുതികെടുത്തും വിധം അദൃശ്യമായ് മരുവി.    

Ø

കടൽച്ചൊറികളും, മണ്ണിരകളും, പഴമീച്ചകളും, മനുഷ്യലോകത്തുനിന്ന് വളരെ വിദൂരമെന്ന് തോന്നിയെങ്കിൽ --- മെൻഡലിന്റേയും മോർഗന്റേയും കണ്ടുപിടുത്തങ്ങളുടെ യഥാർത്ഥപ്രസക്തിയിൽ ആർക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ --- 1917ലെ അക്രമാസക്തവസന്തത്തിലെ സംഭവങ്ങൾ അതങ്ങനെയല്ലെന്ന് തെളിയിച്ചു. അക്കൊല്ലം മാർച്ചിൽ,  ന്യൂയോർക്കിലെ "ഈച്ചമുറി"യിലിരുന്ന് മോർഗൻ ജനിതകബന്ധനത്തെപ്പറ്റിലേഖനങ്ങളെഴുതുമ്പോൾ, റഷ്യയിലൂടെ മൃഗീയമായ ജനകീയവിപ്ലവങ്ങളുടെ ഒരു മലവെള്ളപ്പാച്ചിലുണ്ടായി. അത് ചക്രവർത്തിമാരുടെ സർവ്വാധിപത്യത്തിൻ്റെ തലയരിഞ്ഞു; ബോൾഷെവിക്ക് ഭരണകൂടം സ്രഷ്ടമാകുന്നതിൽ കലാശിച്ചു.

മുഖവിലക്കെടുത്താൽ, റഷ്യൻ വിപ്ലവവും ജീനുകളും തമ്മിൽ ഒന്നുമില്ല.  പട്ടിണികിടക്കുന്ന, പരിക്ഷീണരായ ഒരു ജനതയെ മഹായുദ്ധം അസംതൃപ്തിയുടെ ഘാതകമായ ഉന്മാദത്തിലേക്ക് തല്ലിയുണർത്തി.
ചക്രവർത്തി ദുർബ്ബലനും കഴിവുകെട്ടവനുമായ് കരുതപ്പെട്ടു. പട്ടാളവും കലാപത്തിലായി. ഫാക്റ്ററിത്തൊഴിലാളികൾ പകകൊണ്ടെരിഞ്ഞു. പണപ്പെരുപ്പം നിയന്ത്രണം വിട്ടു. 1917 മാർച്ചായപ്പോഴേക്കും നിക്കോളാസ് രണ്ടാമൻ ചക്രവർത്തി സിംഹാസനമൊഴിയാൻ നിർബന്ധിതനായി. ചക്രവർത്തിനി അലക്‌സാന്ദ്ര ഇംഗ്ലണ്ടിലെ വിക്റ്റോറിയാ രാജ്ഞിയുടെ പേരമകളായിരുന്നു. ആ പൈ/ മാതൃകത്തിൻ്റെ അടയാളങ്ങൾ
ചക്രവർത്തിനിക്കും ലഭിച്ചിരുന്നു: സ്തംഭാകാരമുള്ള കടഞ്ഞെടുത്ത നാസികയോ, ചർമ്മത്തിൻ്റെ ലോലമായ പളുങ്കുനിറമോ മാത്രമല്ല, ഹീമഫിലിയBക്കു ഹേതുവായ ഒരു ജീൻ കൂടിയാണവർക്ക് പരമ്പരാഗതമായത് --- വിക്റ്റോറിയായുടെ പിൻഗാമികളിലൂടെ നെടുകേയും കുറുകേയും സഞ്ചരിച്ച ഒരു എം മാരകരക്തസ്രാവരോഗം. ചോര കട്ടപിടിപ്പിക്കുന്ന ഒരു പ്രോട്ടീനിനെ നിർവീര്യമാക്കുന്ന ഉൾപ്പരിവർത്തിതമായ ഒരു ജീനാണ് ഹീമഫിലിയക്ക് ഹേതു. ഈ പ്രോട്ടീനിൻ്റെ അഭാവത്തിൽ രക്തം ഘനീഭവിക്കുന്നതിന് വിസമ്മതിക്കും.  ചെറിയൊരു പോറലോ, മുറിവോ മതി, മാരകമായൊരു രക്തസ്രാവ പ്രതിസന്ധിയിലേക്ക് കുതിക്കാൻ. രോഗത്തിൻ്റെ പേര്  ---- ഹൈമോ (രക്തം), ഫിലിയ (ഇഷ്ടം) എന്നീ ഗ്രീക്കു വാക്കുകളിൽനിന്നുള്ളത് --- ആ ദുരന്തത്തിനുള്ള ഒരു വികലവിവരണമാണ്: ഹീമഫിലിയക്കാർ ആവശ്യത്തിലധികം അനായാസമായ് രക്തം സ്രവിക്കാൻ ഇഷ്ടപ്പെടുന്നു.

ഹീമഫിലിയ --- ഈച്ചകളിലെ വെള്ളക്കണ്ണുകൾ പോലെ --- ലിംഗബന്ധമുള്ള ജനിതകരോഗമാണ്. സ്‌ത്രീകൾക്കതിൻ്റെ വാഹകരാകാം; അവർക്കത് പകരാനും സാധിക്കും. പക്ഷേ, രോഗം പൊതുവേ ബാധിക്കുന്നത് ആണുങ്ങളെയാണ്. രക്തസാന്ദ്രീകരണത്തെ ബാധിക്കുന്ന ഹീമഫിലിയ ജീനിലെ ഉൾപ്പരിവർത്തനം വിക്റ്റോറിയാ രാജ്ഞിയുടെ ജനനസമയത്ത് സ്വാഭാവികമായ് ആവിർഭവിച്ചിരിക്കാനാണ് സാദ്ധ്യത. അവരുടെ എട്ടാമത്തെ കുട്ടി, ലിയോപോൾഡ് മസ്‌തിഷ്‌ക്കരക്തസ്രാവം മൂലം മുപ്പതാം വയസ്സിൽ മരണമടയുകയുണ്ടായി. വിക്റ്റോറിയയിൽനിന്ന് ഈ ജീൻ അവരുടെ രണ്ടാമത്തെ കുട്ടിയായ ആലീസിലേക്കീ ജീൻ പകർന്നു --- ആലീസിൽനിന്ന് അവരുടെ മകളും റഷ്യയിലെ ചക്രവർത്തിനിയുമായ അലക്‌സാന്ദ്രയിലേക്കും.

1904ലെ ഗ്രീഷ്മത്തിൽ അലക്‌സാന്ദ്ര -- താൻ ജീൻവാഹകയാണെന്ന്
അപ്പോഴുമറിയാതെ --- ഭാവിയിൽ ചക്രവർത്തിയാകേണ്ട  അലക്സേയിയെ പ്രസവിച്ചു. അവൻ്റെ രോഗചരിത്രത്തെക്കുറിച്ച് ആർക്കും വളരെയൊന്നുമറിയില്ല. എങ്കിലും, അവൻ്റെ പരിചാരകർ എന്തോ കുഴപ്പമുണ്ടെന്ന് ശ്രദ്ധിച്ചിരിക്കണം: രാജകുമാരന് മുറിവേൽക്കാൻ വലിയ കാര്യമൊന്നും വേണ്ട. അവൻ്റെ മൂക്കിൽനിന്നുള്ള ചോരചൊരിയൽ പലപ്പോഴും നിലക്കാറില്ല. അവൻ്റെ രോഗത്തിൻ്റെ കൃത്യമായ പ്രകൃതം രഹസ്യമായ് വച്ചിരിക്കേ, അലക്സേയ്‌ വിളറിവെളുത്ത കുട്ടിയായ് തുടർന്നു. സ്വാഭാവികമായും, പതിവായും അവനിൽനിന്ന് രക്തം വാർന്നുകൊണ്ടേയിരുന്നു. കളിക്കുമ്പോഴുള്ള ഒരു വീഴൽ, അല്ലെങ്കിൽ, ചർമ്മത്തിലൊരു പോറൽ, അതല്ലെങ്കിൽ, കുലുക്കമുള്ള കുതിരസവാരി മതി, ദുരന്തം ത്വരിതമാക്കാൻ.

അലക്സേയ്‌ വളരാൻ തുടങ്ങിയപ്പോൾ, രക്തസ്രാവം പ്രാണന് കൂടുതൽ ഭീഷണിയായപ്പോൾ, അലക്‌സാന്ദ്ര ഒരു റഷ്യാക്കാരൻ സന്യാസിയെ ആശ്രയിച്ചു; ഐതിഹാസികമായ രീതിയിൽ അഴകൊഴമ്പനായിരുന്ന റാസ്‌പുട്ടിനെ. അയാൾ ഭാവിചക്രവർത്തിയെ സുഖപ്പെടുത്താമെന്ന് വാക്ക് നൽകി. വിവിധങ്ങളായ ഔഷധച്ചെടികളും, കുഴമ്പുകളും, തന്ത്രപ്രധാനമായ  പ്രാർത്ഥനകളാലും താൻ അലക്സേയിയുടെ ജീവൻ നിലനിർത്തിയെന്ന് റാസ്പുട്ടിൻ അവകാശപ്പെട്ടു. പക്ഷേ, അയാൾ അവസരവാദിയായ ഒരു വ്യാജനാണെന്നാണ് മിക്ക റഷ്യാക്കാരും കരുതിയത് (റാണിയുമായ് അയാൾക്ക് രഹസ്യബന്ധമുണ്ടെന്ന അപവാദമുണ്ടായിരുന്നു). രാജകുടുംബത്തിലെ അയാളുടെ നിരന്തര സാന്നിദ്ധ്യവും, അലക്‌സാന്ദ്രയുടെ മേൽ അയാൾക്കുള്ള വർദ്ധിതമായ സ്വാധീനവും, തകർന്നിടിയുന്ന രാജവംശത്തിന് മുഴുവട്ടായെന്നതിനുള്ള തെളിവായ് പരിഗണിക്കപ്പെട്ടു.

അലക്സേയിയുടെ ഹീമഫിലിയയേയെക്കാളും, റാസ്‌പുട്ടിൻ്റെ കുതന്ത്രങ്ങളേക്കാളും എത്രയോയേറെ സങ്കീർണ്ണമായിരുന്നൂ, പെട്രോഗ്രാഡിലെ തെരുവകളിൽ അഴിഞ്ഞാടുകയും, റഷ്യൻ വിപ്ലവത്തിന് പ്രാരംഭം കുറിക്കുകയും ചെയ്ത രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക ശക്തികൾ. ചരിത്രത്തെ രോഗസംബന്ധിയായ ജീവചരിത്രമായ് താഴ്ത്തിക്കെട്ടാനാകില്ല --- എന്നാൽ, അതിനു ബാഹ്യമായതിനെ നിൽക്കാനുമാകില്ല. ജീനുകളെക്കുറിച്ചുള്ളതല്ലായിരിക്കാം റഷ്യൻ വിപ്ലവം. പക്ഷേ, അത്, എന്തായാലും, പാരമ്പര്യത്തെ സംബന്ധിച്ചതായിരുന്നു. രാജകുമാരൻ്റെ അതീവ മാനുഷപരമായ ജനിതകപൈ/മാതൃകവും, അതീവ കുലീനമായ രാഷ്ട്രീയ പാരമ്പര്യവും തമ്മിലുള്ള വിടവ്, രാജാധികാരത്തിൻ്റെ വിമർശകർക്ക് പ്രത്യേകിച്ച് സ്പഷ്ടമായെന്ന് തോന്നി. അലക്സേയിയുടെ രോഗത്തിൻ്റെ പ്രതീകാത്മക പ്രബലതയും നിഷേധിക്കാൻ കഴിയുന്നതായിരുന്നില്ല. പ്രാർത്ഥനകളേയും, വ്രണംപൊതിയുന്ന തുണികളേയും ആശ്രയിച്ചിരിക്കുന്ന, ഉള്ളിൽ ചോര വാർന്നുകൊണ്ടിരിക്കുന്ന ഒരു രോഗാതുരസാമ്രാജ്യം. ഫ്രഞ്ചുകാർ പണ്ടൊരു കേയ്ക്ക് തിന്നുന്ന റാണിയെ വിചാരണ ചെയ്‌തിരുന്നു. നിഗൂഢമായൊരു രോഗത്തെ ചെറുക്കാൻ വിചിത്രമായ ഓഷധികളാഹരിക്കുന്ന രോഗാതുരനായൊരു രാജകുമാരനെ റഷ്യാക്കാർക്കും മടുത്തു.

1916 ഡിസംബർ മുപ്പതിന്, എതിരാളികൾ റാസ്‌പുട്ടിന് വിഷം കൊടുത്തു; വെടിവച്ചു; വെട്ടി; തല്ലി; ഒടുവിൽ മുക്കിക്കൊന്നു. റഷ്യൻരാഷ്ട്രീയകൊലപാതകങ്ങളുടെ ഏതു ഭീകരമാനദണ്ഡങ്ങൾ വച്ചു നോക്കിയാലും, അയാളയാളുടെ ശത്രുക്കളിൽ പ്രചോദിപ്പിച്ച സഹജവിദ്വേഷത്തിൻ്റെ സാക്ഷ്യമാണ് ഈ കൊലപാതകത്തിലെ മൃഗീയത. 1918 ഗ്രീഷ്മാദ്യം, രാജകുടുംബം എക്കാട്ടറിൻബർഗിലേക്ക് മാറ്റപ്പെട്ടു; അവരവിടെ വീട്ടുതടങ്കലിലായി. 1918 ജൂലായ് പതിനേഴിന് വൈകുന്നേരം, അലക്സേയിക്ക് പതിനാലു തികയുന്നതിന് ഒരു മാസം മുമ്പ്, ബോൾഷെവിക്കുകളുടെ തോക്കേന്തിയ ഒരു പട ചക്രവർത്തിയുടെ വീട്ടിലേക്ക് ഇടിച്ചുകയറി, കുടുംബത്തെ സമ്പൂർണ്ണമായ് വധിച്ചു. അലക്സേയിയുടെ തലയിലേക്ക് രണ്ടുവട്ടമാണ് നിറയൊഴിച്ചത്. കുട്ടികളുടെ ശരീരങ്ങൾ അവിടെയുമിവിടെയുമായ് കുഴിച്ചിടപ്പെട്ടുവെന്നാണ് വെപ്പ്. പക്ഷേ, അലക്സേയിയുടെ ശരീരം കണ്ടെത്തപ്പെട്ടില്ല.

2007ൽ, അലക്സേയ്  കൊല്ലപ്പെട്ട വീട്ടിനരികിലെ ഒരുത്സവനെരിപ്പോടുള്ള   സ്ഥലത്തുനിന്നും, ഒരു പുരാവസ്തുഗവേഷകൻ പാതികരിഞ്ഞ രണ്ടസ്ഥികൂടങ്ങൾ കുഴിച്ചെടുത്തു. അവയിലൊന്ന് പതിമൂന്നു വയസ്സുള്ള ഒരു ബാലന്റേതായിരുന്നു. എല്ലുകളുടെ ജനിതകപരിശോധന അത് അലക്സേയിയുടേതാണെന്ന് സ്ഥിരീകരിച്ചു. അസ്ഥികൂടത്തിൻ്റെ മുഴുവൻ ജനിതകശ്രേണിയും വിശ്ളേഷിച്ചിരുന്നുവെങ്കിൽ, ഹീമഫിലിയBക്കു കാരണമായ ആ കുറ്റവാളി ജീനിനെ പരിശോധകർ കണ്ടിരുന്നേനെ --- ഒരു ഭൂഖണ്ഡവും, നാല് തലമുറകളും താണ്ടി, ഇരുപതാം നൂറ്റാണ്ടിലെ നിർണ്ണായകമായൊരു രാഷ്ട്രീയമുഹൂർത്തത്തിലേക്ക് സ്വയം നുഴഞ്ഞു കയറിയ ആ മറുജീനിനെ. 
  ----------------------------------------
* Dervish: വട്ടം കറങ്ങി നൃത്തമാടുന്ന സൂഫി സന്യാസി
** Aniline (നീല എന്ന സംസ്കൃത ധാതുവിൽനിന്ന്): കൃത്രിമച്ചായമുണ്ടാക്കാനുപയോഗിക്കുന്ന നിറമില്ലാത്ത, എണ്ണമയമുള്ള ദ്രാവകം. 
*** ഇവയിൽ ചില പരീക്ഷണങ്ങൾ അദ്ദേഹം നടത്തിയത് വുഡ്‌സ് ഹോളിൽ ആയിരുന്നു. എല്ലാ വേനൽക്കാലത്തും മോർഗൻ ലാബ് അവിടേക്ക് മറ്റുമായിരുന്നു.
***********************************************************************************************

2020, ജൂൺ 20, ശനിയാഴ്‌ച

7:"മൂഢരുടെ മൂന്നു തലമുറകൾ ധാരാളം"

"മൂഢരുടെ മൂന്നു തലമുറകൾ ധാരാളം"

ബലഹീനരെയും വികലാംഗരെയും നാം ജീവിക്കാനും പെറ്റുപെരുകാനും പ്രാപ്തരാക്കിയാൽ നമുക്ക് നേരിടേണ്ടി വരിക ജനിതകപരമായൊരു സായംസന്ധ്യയുടെ സാദ്ധ്യതയാണ്. സംരക്ഷിക്കുന്നതിനും സഹായിക്കന്നതിനും പകരം അവരെ സഹിക്കാനും മരിക്കാനും 
വിട്ടാൽ, നമുക്ക് നേരിടേണ്ടി വരിക ധാർമ്മികമായൊരു സന്ധ്യയായിരിക്കുമെന്നത് തീർച്ചയാണ്. 
                 ---- തിയോഡോസിയസ് ഗ്രിഗറിയോവിച് ഡോബ്ഷാൻസ്‌കി,  
                        പാരമ്പര്യവും, മനുഷ്യപ്രകൃതിയും

അങ്ങനെ, വൈകല്യമുള്ള [മാതാപിതാക്കളിൽ] നിന്ന് വൈകല്യമുള്ള  [സന്തതികൾ]  ജാതരാകുന്നു, മുടന്തരിൽ നിന്ന് മുടന്തരെന്ന പോലെ, അന്ധരിൽ നിന്ന് അന്ധരെന്ന പോലെ; മാത്രമല്ല, പ്രകൃതിവിരുദ്ധമായ ലക്ഷണങ്ങളോടാണ് പലപ്പോഴും അവർക്ക് പൊതുവേ സാദൃശ്യം; മുഴകളും കലകളും പോലുള്ള ചില സഹജചിഹ്നങ്ങൾ അവരിലുണ്ടായിരിക്കുന്നതുമാണ്. അത്തരം ലക്ഷണങ്ങളിൽ ചിലവ മൂന്നു [തലമുറകളിലേക്ക്] പകർന്നിട്ടുമുണ്ട്.
                       --- അരിസ്റ്റോട്ടിൽ, ജന്തുക്കളുടെ ചരിത്രം 

1920ലെ വസന്തത്തിൽ എമ്മെറ്റ് അഡാലിൻ ബക്ക് --- എമ്മ എന്ന് ചുരുക്കം -- 
ലിഞ്ച്ബർഗിലെ അപസ്മാരബാധിതർക്കും മന്ദബുദ്ധികൾക്കുമുള്ള  വിർജീനിയാ 
സ്റ്റേറ്റ് കോളണിയിലേക്ക് കൊണ്ടുവരപ്പെട്ടു. അവരുടെ നാകപ്പണിചെയ്യുന്ന ഭർത്താവ്, ഫ്രാങ്ക് ബക്ക് വീടുവിട്ട്  ഓടിപ്പോയതുകൊണ്ടോ , അപകടത്തിൽ മരിച്ചതു കൊണ്ടോ, എമ്മക്ക് കാരി ബക്കെന്ന തൻ്റെ കൊച്ചുമകളെ നോക്കേണ്ട ഭാരമുണ്ടായിരുന്നു. 

എമ്മയും കാരിയും മാലിന്യത്തിലാണ് ജീവിച്ചത്. ദരിദ്രമായ തങ്ങളുടെ ജീവിതശൈലി താങ്ങി നിർത്താൻ അവർ ധർമ്മസ്ഥാപനങ്ങളെയും, അന്നദാനങ്ങളെയും, അന്നന്നു കിട്ടുന്ന ജോലികളെയും ആശ്രയിച്ചു. എമ്മ പണത്തിനായ് സംഭോഗം ചെയ്തിരുന്നുവെന്നും, അവർക്ക് ഗുഹ്യരോഗം പിടിപെട്ടിരുന്നുവെന്നും, കിട്ടിയ കൂലി വാരാന്ത്യങ്ങളിൽ കുടിച്ചു തീർത്തിരുന്നുവെന്നുമാണ് കേൾവി. 

അക്കൊല്ലം മാർച്ചിൽ, അലഞ്ഞുതിരിഞ്ഞതിൻ്റെ പേരിലോ, വ്യഭിചാരത്തിൻ്റെ പേരിലോ അവർ തെരുവിൽവച്ച് പിടിക്കപ്പെട്ടു. അറസ്റ്റിലായ അവർ ഒരു മുനിസിപ്പൽ ജഡ്‌ജിക്ക്‌ മുമ്പിൽ ഹാജരാക്കപ്പെട്ടു. 1920 ഏപ്രിൽ ഒന്നിന് രണ്ടു ഡോക്റ്റർമാർ നടത്തിയ അശ്രദ്ധമായൊരു പരിശോധനക്കു പിന്നാലെ, അവർ "മന്ദബുദ്ധി"യാണെന്ന് തരംതിരിക്കപ്പെട്ടു. ലിഞ്ച്ബർഗിലെ കോളണിയിലേക്ക് ബക്കിനെ കെട്ടുകെട്ടിച്ചു.

മൂന്നു പ്രത്യേക രുചികളിലാണ്, 1924ൽ,  "ബുദ്ധിമാന്ദ്യം" എഴുന്നള്ളിയിരുന്നത്: മന്ദൻ, മണ്ടൻ, മൂഢൻ. അവയിൽ തരംതിരിക്കാൻ ഏറ്റവുമെളുപ്പം മന്ദനാണ് --- "മുപ്പത്തിയഞ്ചു മാസത്തിൽ കൂടാത്തത്ര മാനസികപ്രായമുള്ള, മനസ്സ് വികലമായ വ്യക്തി"യെന്നാണ് ആ പദത്തിനുള്ള യൂ. എസ്. ബ്യൂറോ ഓഫ് സെൻസസിൻ്റെ നിർവ്വചനം. പക്ഷേ, മണ്ടനും മൂഢനും അവ്യക്തമായ ഇനങ്ങളായിരുന്നു. കടലാസിൽ ആ വാക്കുകൾക്ക് ബുദ്ധിവൈകല്യത്തിൻ്റെ ഗൗരവം കുറഞ്ഞ പതിപ്പുകളെന്ന സൂചനയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഫലത്തിൽ ആ വാക്കുകൾ, വ്യത്യസ്ത ഗണങ്ങളിൽപ്പെട്ട സ്ത്രീപുരുഷന്മാരെ അത്യനായാസമായ് അകത്തേക്ക് കടത്തി വിടുന്ന, നാനാർത്ഥങ്ങളുടെ, തിരിവാതിലുകളായി. അവരിൽ ചിലർക്ക് മനോരോഗമേ ഉണ്ടായിരുന്നില്ല. വേശ്യകൾ, അനാഥർ, വിഷാദരോഗികൾ, തെണ്ടികൾ, കൊച്ചുകുറ്റവാളികൾ, ഉന്മാദികൾ, പദാന്ധതയുള്ളവർ, സ്ത്രീവിമോചനവാദികൾ, അനുസരണയില്ലാത്ത കൗമാരപ്രായക്കാർ --- എന്തിന്, അംഗീകൃതമാനദണ്ഡത്തിന് ബാഹ്യമായ പെരുമാറ്റവും, അഭിരുചിയും, അഭിലാഷവും, രൂപവുമുള്ള ഏതൊരാളും അവയിലകപ്പെട്ടു.

ബുദ്ധിമാന്ദ്യമുള്ള പെണ്ണുങ്ങൾ വിർജീനിയാ സ്റ്റേറ്റ് കോളണിയിൽ കരുതൽത്തടങ്കലിലാക്കപ്പെട്ടു. ഇനിയും പെറ്റുകൂട്ടി, കൂടുതൽ മണ്ടന്മാരെയും മൂഢന്മാരെയും കൊണ്ട് ജനസമൂഹത്തെ അവർ മലിനമാക്കില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നൂ ലക്ഷ്യം. കോളണി  എന്ന വാക്ക് അതിൻ്റെ ഉദ്ദേശ്യത്തെ വെളിക്കു കൊണ്ടുവന്നു. ആ സ്ഥലം ഒരാസ്പത്രിയോ, അഭയകേന്ദ്രമോ ആയി ഉദ്ദേശിക്കപ്പെട്ടതായിരുന്നില്ല. പകരം, തുടക്കം മുതലേ, അതൊരു നിയന്ത്രിത മേഖലയായ് രൂപപ്പെടുത്തിയതായിരുന്നു. ജെയിംസ് നദിയുടെ ചെളിത്തീരത്തുനിന്ന് ഏകദേശം ഒരു നാഴികയകലെ, ബ്ലൂ റിഡ്‌ജ് മലകളുടെ കാറ്റുപിടിക്കുന്ന ഛായയിൽ, ഇരുന്നൂറേക്കറിൽ പരന്നു കിടക്കുന്ന കോളണിക്ക് തപ്പാലാപ്പീസും, വൈദ്യുതകേന്ദ്രവും, കൽക്കരിമുറിയും, ചരക്കിറക്കാനുള്ള ഒരു കൊച്ചു തീവണ്ടിപ്പാതയും  സ്വന്തമായുണ്ടായിരുന്നു. കോളണിയിൽനിന്ന് പോകാനോ, അവിടേക്ക് വരാനോ പൊതുവാഹനങ്ങൾ ഉണ്ടായിരുന്നില്ല. അവിടം മനോരോഗത്തിനുള്ള ഹോട്ടൽ കാലിഫോർണിയാ* ആയിരുന്നു. പ്രവേശിക്കപ്പെട്ട രോഗി പിന്നൊരിക്കലും തിരിച്ചുപോകാത്തയിടം.

എമ്മാ ബാക്ക്  എത്തിയപ്പോൾ, അവരെ വൃത്തിയാക്കി; കുളിപ്പിച്ചു; അവരുടെ തുണികൾ ദൂരേക്കളഞ്ഞു; യോനിയെ രോഗാണുവിമുക്തമാക്കാൻ മെർക്കുറി കൊണ്ട് നനച്ചു. ഒരു മനോരോഗചികിത്സകൻ അവരിൽ വീണ്ടുമൊരു ബുദ്ധിപരീക്ഷ നടത്തി; "താഴ്ന്ന പദവിയിലുള്ള മണ്ടി"യാണെന്ന പഴയ നിഗമനം സ്ഥിരീകരിച്ചു. അവർ കോളണിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അതിൻ്റെ അതിരുകളിലാകും ഇനിയുള്ള അവരുടെ ആയുഷ്ക്കാലം.



1920ൽ സ്വന്തം അമ്മ ലിഞ്ച്ബർഗിലേക്ക് വണ്ടി കേറ്റപ്പെടുന്നതിനു മുമ്പ് കാരി ബക്കിൻ്റെ ബാല്യം, ദരിദ്രമെങ്കിലും, സാധാരണമായിരുന്നു. അവൾക്ക് പന്ത്രണ്ടു വയസ്സ് പ്രായമുള്ളപ്പോഴുള്ള, 1918ലെ സ്‌കൂൾ റിപ്പോർട്ടിൽ,  അവൾ "പെരുമാറ്റത്തിലും പഠനത്തിലും" "വളരെ നല്ലതാ"ണെന്ന രേഖ കാണാം. പ്രായത്തിൽക്കവിഞ്ഞ ഉയരമുള്ള, കൈമുട്ടുകളും കാൽമുട്ടുകളും മാത്രമേയുള്ളൂവെന്ന് തോന്നിപ്പിക്കുന്ന,നീണ്ടു മെലിഞ്ഞ, നെറ്റിക്കതിരായ് ഇരുണ്ട മുടിയുള്ള, ബഹളക്കാരിയായ, തുറന്ന ചിരിയുള്ള, ആണത്തമുള്ള അവൾക്ക് സ്‌കൂളിലെ ആൺകുട്ടികൾക്ക് കുറിപ്പുകളെഴുതാൻ പ്രിയമായിരുന്നു; സ്ഥലത്തെ കുളങ്ങളിൽനിന്ന് തവളകളെയും മീനുകളെയും ചൂണ്ടയിട്ട് പിടിക്കാൻ ഇഷ്ടമായിരുന്നു. പക്ഷേ, എമ്മ പോയപ്പോൾ അവളുടെ ജീവിതം താറുമാറായി. കാരി വളർത്തുകാരുടെ സംരക്ഷണയിലായി. വളർത്തുമാതാപിതാക്കളുടെ മരുമകൻ അവളെ ബലമായ് പ്രാപിച്ചു; താമസിയാതെ, ഗർഭവതിയാണ് താനെന്ന് അവൾ തിരിച്ചറിഞ്ഞു.

അങ്കലാപ്പ് മുളയിലേ നുള്ളിക്കളയാൻ കാരിയുടെ വളർത്തു മാതാപിതാക്കൾ, അവളുടെ അമ്മ എമ്മയെ ലിഞ്ച്ബർഗിലേക്കയച്ച അതേ മുനിസിപ്പൽ ജഡ്‌ജിക്ക്‌ മുമ്പിൽ അവളെയെത്തിച്ചു. കാരിയേയും ഒരു മൂഢയായ് മുദ്ര കുത്തുകയായിരുന്നൂ ലക്ഷ്യം: അവളൊരു വിചിത്ര മന്ദബുദ്ധിയായ് അധഃപതിക്കുകയാണെന്നാണ് പറയപ്പെട്ടത്. അവൾക്ക് "മതിഭ്രമവും, ക്രോധത്തിൻ്റെ ഇടവേളകളു"മുണ്ടാകുന്നു. കരുതലില്ലാത്തവൾ; ഉന്മാദി; ലൈംഗീകമായ് വകതിരിവില്ലാത്തവൾ. കാരിയുടെ വളർത്തുകാരുടെ സുഹൃത്തായിരുന്ന ജഡ്‌ജി, പ്രതീക്ഷിച്ചപോലെ, "ബുദ്ധിമാന്ദ്യം" എന്ന നിഗമനം ശരിവച്ചു: അമ്മ എങ്ങനെയോ, അങ്ങനെ തന്നെ മകളും. കോടതിയിൽ എമ്മ ഹാജരായ്‌ നാലു കൊല്ലങ്ങൾ തീരും മുമ്പ്,1924 ജനുവരി 23ന് കാരിയും കോളണിയിലേക്ക് നിയോഗിക്കപ്പെട്ടു.

ലിഞ്ച്ബർഗിലേക്കുള്ള സ്ഥാനമാറ്റം കാത്തിരിക്കേ, 1924 മാർച്ച് 28ന്, കാരി ഒരു മകളെ പ്രസവിച്ചു: വിവിയൻ എലൈനിനെ. ഭരണകൂടകൽപ്പനയനുസരിച്ച്, കുട്ടിയും വളർത്തു മാതാപിതാക്കളുടെ കരുതലിലായി. 1924 ജൂൺ നാലിന് കാരി വിർജീനിയാ സ്റ്റേറ്റ് കോളണിയിലെത്തി. "ഉന്മാദത്തിൻ്റെ യാതൊരു ലക്ഷണവുമില്ല; അവൾ വായിക്കുകയും, എഴുതുകയും, സ്വയം വൃത്തിയായിരിക്കുകയും ചെയ്യുന്നുണ്ട്,"  അവളെക്കുറിച്ചുള്ള റിപ്പോർട്ടതാണ് പറഞ്ഞത്. അവളുടെ പ്രായോഗികപരിജ്ഞാനവും, പാടവങ്ങളും സാധാരണമെന്നാണ് കണ്ടത്. എങ്കിലും, തെളിവുകളെല്ലാം എതിരായിരുന്നിട്ടും, അവൾ "മദ്ധ്യഗണത്തിൽപ്പെട്ട മണ്ടി"യെന്ന് ഇനം തിരിക്കപ്പെട്ടു.



1924 ആഗസ്തിൽ, ലിഞ്ച്ബർഗിൽ കാരി വന്ന് ചില മാസങ്ങൾക്കുശേഷം, ഡോ. ആൽബർട്ട് പ്രിഡി ആവശ്യപ്പെട്ടതനുസരിച്ച്, അവൾ ബോർഡ് ഓഫ് ദ കോളണിയുടെ മുമ്പിൽ  ഹാജരാകണമെന്ന് ആദേശിക്കപ്പെട്ടു. വിർജീനിയായിലെ കീസ് വില്ലായിരുന്നൂ ഇദ്ദേഹത്തിൻ്റെ സ്വദേശം. പക്ഷേ, 1920മുതൽക്കേ ആൽബർട്ട് പ്രിഡി കോളണിയുടെ മേലധികാരിയായിരുന്നു. രൂക്ഷമായൊരു രാഷ്ട്രീയപ്രചാരണത്തിൻ്റെ നടുക്കാണ് അദ്ദേഹമെന്ന കാര്യം എമ്മയ്‌ക്കോ, കാരിയ്ക്കോ അജ്ഞാതമായിരുന്നു. മൂപ്പരുടെ പുന്നാര പ്രവൃത്തി "മന്ദബുദ്ധികളുടെ യൂജെനിക്സ് വന്ധീകരണ"മായിരുന്നു. കോളണിക്കു മേൽ കേട്ട്സിനെപ്പോലെ** അസാധാരണമായ അധികാരം ലഭിച്ചിരുന്ന പ്രിഡി, "മാനസികവൈകല്യമുള്ളവരെ" കോളണിയിൽ തടവിലിടുന്നത്, അവർ "ചീത്തപാരമ്പര്യ"ത്തെ  വ്യാപിപ്പിക്കാതിരിക്കാനുള്ള താൽക്കാലിക പരിഹാരം മാത്രമാണെന്ന് പരിപൂർണ്ണമായ് വിശ്വസിച്ചു.
ഒരിക്കൽ പുറത്തെത്തിയാൽ ഈ മൂഢർ വീണ്ടുമിണചേരും; ജനിതകശേഖരം നാശകോശമാക്കും. വന്ധീകരണമാണ് കൂടുതൽ ഭദ്രമായ തന്ത്രം; മികച്ച പരിഹാരം. തീർത്തും യൂജെനിക്സിൻ്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയെ വന്ധീകരിക്കാനുള്ള പ്രാമാണ്യം തനിക്കേകുന്ന നിരുപാധികമായൊരു നിയമകൽപ്പനയാണ് പ്രിഡിക്ക് വേണ്ടിയിരുന്നത്. അത്തരം ഒരൊറ്റ മാതൃകാപരീക്ഷണം ആയിരങ്ങൾക്കുള്ള മാനദണ്ഡമായ് മാറും. അദ്ദേഹം നിയമ, രാഷ്ട്രീയ നേതാക്കൾക്ക് മുമ്പിൽ വിഷയമവതരിപ്പിച്ചു. അവർ, പൊതുവേ, അദ്ദേഹത്തിൻ്റെ ആശയത്തെ അനുകൂലിച്ചു. 1924 മാർച്ച് 29 ന്, പ്രിഡിയുടെ സഹായത്തോടെ, വിർജീനിയാ സെനറ്റ്, വന്ധീകരിക്കപ്പെടേണ്ട വ്യക്തി "മാനസികാരോഗ്യസ്ഥാപനങ്ങളുടെ ഭരണസമിതി"കളാൽ പരിശോധിക്കപ്പെട്ടിരിക്കണമെന്ന വ്യവസ്ഥയോടെ        ആ സംസ്ഥാനത്ത് യൂജെനിക് വന്ധീകരണം അംഗീകൃതമാക്കി. സപ്തംബർ പത്തിന്, വീണ്ടും പ്രിഡിയുടെ പ്രേരണയാൽ, വിർജീനിയാസ്റ്റേറ്റ് കോളണിയുടെ ഭരണസമിതി, പതിവുള്ളൊരു യോഗത്തിൽ ബക്കിൻ്റെ കാര്യം പുനഃപരിശോധിച്ചു. വിചാരണാവേളയിൽ കാരി ബക്കിനോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ: "നിങ്ങളിൽ നടത്താനിരിക്കുന്ന ശസ്ത്രക്രിയയെച്ചൊല്ലി നിങ്ങൾക്ക് വല്ലതും പറയാൻ താല്പര്യമുണ്ടോ?" രണ്ടു വാചകങ്ങൾ മാത്രമാണ് അവൾ പറഞ്ഞത്: "ഇല്ല, സാർ. അത് എൻ്റെ ആളുകൾ തീരുമാനിച്ചോട്ടെ." അവളുടെ ആളുകൾ, അവരാരായാലും, ബക്കിനെ പ്രതിരോധിക്കാൻ ഉയർന്നു വന്നില്ല. ബക്കിനെ വന്ധീകരിക്കാനുള്ള പ്രിഡിയുടെ അപേക്ഷ ഭരണസമിതി അംഗീകരിച്ചു.

യൂജെനിക് വന്ധീകരണം നേടാനുള്ള തൻ്റെ പരിശ്രമങ്ങളെ ഭരണകൂടവും സംസ്ഥാനക്കോടതികളും വെല്ലുവിളിക്കുമെന്ന് പ്രിഡി അപ്പോഴും ആശങ്കപ്പെട്ടു. പ്രിഡിയുടെ പ്രേരണയാൽ, ബക്കിൻ്റെ സംഗതി വിർജീനിയാ കോടതി സമക്ഷം അവതരിക്കപ്പെട്ടു. കോടതി ഈ പ്രവൃത്തിയെ ശരിവച്ചാൽ, യൂജെനിക്ക് ശ്രമങ്ങൾ കോളണിയിൽ തുടരാനും, കോളണിക്കു പുറത്തേക്കത് വ്യപിപ്പിക്കാനുമുള്ള സമ്പൂർണ്ണാധികാരം സ്വായത്തമാകുമെന്ന് പ്രിഡി വിശ്വസിച്ചു. ഈ നിയമവ്യവഹാരം --- ബക്ക് v. പ്രിഡി --- ആംഹേസ്റ്റ് പ്രവിശ്യയിലെ സർക്യൂട്ട് കോടതിയിൽ 1924 ഒക്റ്റോബറിലാണ് ബോധിപ്പിക്കപ്പെട്ടത്.

1925 നവംബർ പതിനേഴിന്, ലിഞ്ച് ബർഗിലെ കോടതിയിൽ, കാരി ബക്ക് വിചാരണയ്ക്ക് ഹാജരായി. പന്ത്രണ്ടോളം സാക്ഷികളെ പ്രിഡി ഒരുക്കിയിട്ടുണ്ടെന്ന് അവൾ കണ്ടു. ആദ്യം, ഷാർലറ്റ്സ് വില്ലിൽനിന്നുള്ള ഒരു ജില്ലാസ്പത്രി നഴ്‌സ് മൊഴി നൽകി: എമ്മയും കാരിയും വീണ്ടുവിചാരമില്ലാത്തവരാണ്; "മാനസികമായ്
ഉത്തരവാദിത്തമില്ലാത്തവരും. . . മന്ദബുദ്ധികളും". കാരിയുടെ കുഴപ്പം പിടിച്ച പെരുമാറ്റത്തിന് ഉദാഹരണം ആവശ്യപ്പെട്ടപ്പോൾ, ആ സ്ത്രീ, കാരി "ആൺകുട്ടികൾക്ക് കുറിപ്പുകളെഴുതാറുണ്ടെന്ന്" പറഞ്ഞു. വേറെ നാലു സ്ത്രീകൾ കൂടി എമ്മയേയും കാരിയേയും സംബന്ധിച്ച മൊഴിയേകി. പക്ഷേ, പ്രിഡിയുടെ സുപ്രധാനസാക്ഷി വരാനിരിക്കുകയായിരുന്നു. എമ്മയും കാരിയുമറിയാതെ, പ്രിഡി റെഡ് ക്രോസ്സിൽനിന്നുള്ള ഒരു സമാജസേവകയെ കാരിയുടെ എട്ടുമാസം പ്രായമുള്ള, വളർത്തുകാരുടെ സംരക്ഷണയിലുള്ള കുട്ടി വിവിയനെ പരിശോധിക്കാൻ വിട്ടിട്ടുണ്ടായിരുന്നു. വിവിയനും ബുദ്ധിമാന്ദ്യമുണ്ടെന്ന് തെളിഞ്ഞാൽ തൻ്റെ കാര്യം ഭംഗിയാകുമെന്ന് പ്രിഡി കണക്കുകൂട്ടി. ബുദ്ധിമാന്ദ്യം ബാധിച്ച മൂന്നു തലമുറകളിരിക്കേ --- എമ്മ, കാരി, വിവിയൻ ---, അവരുടെ മാനസികശേഷിയുടെ പാരമ്പര്യത്തിനെതിരേ വാദിക്കുക കഠിനമാകും.

പ്രിഡി വിചാരിച്ചപോലെ മൊഴി അത്ര സുഗമമായ് നീങ്ങിയില്ല. സമൂഹസേവക --- തയ്യാറാക്കിയ തിരക്കഥയിൽനിന്ന് തീർത്തും തെന്നിമാറി --- അവരുടെ നിർണ്ണയങ്ങളിൽ മുൻവിധികളുണ്ടാകാമെന്ന് സമ്മതിച്ചുകൊണ്ടാണ് തുടങ്ങിയത്:
"അമ്മയെക്കുറിച്ചെനിക്കറിയുന്നതുകൊണ്ട് എനിക്കൊരുപക്ഷേ,
പക്ഷപാതമുണ്ടാകാം."
വാദിഭാഗം വക്കീൽ : "കുട്ടിയെപ്പറ്റി നിങ്ങൾക്കെന്തെകിലും തോന്നലുകളുണ്ടോ?"
അവിടെ സമാജസേവക വീണ്ടും മടിച്ചു: "അത്ര ചെറിയ കുട്ടിയെന്താകുമെന്ന് പറയുക പ്രയാസം. . . അത്ര സാധാരണയല്ലാത്ത കുട്ടിയാണെന്നാണ് എൻ്റെ തോന്നൽ. . ."
"കുട്ടിയെ സാധാരണമെന്ന് നിങ്ങൾ വിധി പറയില്ലാ?"
"അത്ര സാധാരണമല്ലെന്ന് കണ്ടാൽ തോന്നിപ്പോകും. . . പക്ഷേ, അതെന്താണെന്ന് കൃത്യമായ് പറയുക വയ്യ"
കളിപ്പാട്ടങ്ങളില്ലാത്ത ഒരു വട്ടുകുട്ടിയെ കയ്യിൽക്കിട്ടിയ ഒരു നഴ്‌സിൻ്റെ തോന്നലുകളിലായിരിക്കും അമേരിക്കയിലെ യൂജെനിക് വന്ധീകരണത്തിൻ്റെ ഭാവിയെന്ന്, ഒരു നിമിഷം തോന്നിപ്പോയി.

ഉച്ചയൂണിനുള്ള ഇളവടക്കം, അഞ്ചുമണിക്കൂറാണ് വിചാരണ നീണ്ടത്.  വാദം ഹ്രസ്വവും, തീരുമാനം അറുത്തുമുറിച്ചതുമായിരുന്നു. കാരി ബക്കിനെ വന്ധീകരിക്കാനുള്ള പ്രിഡിയുടെ തീരുമാനത്തെ കോടതി സ്ഥിരീകരിച്ചു. "നിയമമുറക്കുള്ള പ്രക്രിയകൾ ആവശ്യപ്പെടുന്നതെന്തോ, അതിനനുസൃതമാണ്  ഈ പ്രവൃത്തി." " ഇതൊരു ശിക്ഷാനിയമമല്ല.  ഇവിടെ വാദിക്കപ്പെട്ടതുപോലെ, പ്രകൃത്യാലുള്ള വ്യക്തികളുടെ വർഗ്ഗത്തെ രണ്ടായ് വിഭജിക്കുന്നതാണീ പ്രവൃത്തിയെന്ന് പറയാൻ സാധിക്കില്ല.

ഈ തീരുമാനത്തെ ബക്കിൻ്റെ വക്കീലന്മാർ ചോദ്യം ചെയ്തു. കേസ്
വിർജീനിയായിലെ സുപ്രീം കോടതിയിലെത്തി. അവിടേയും, ബക്കിനെ വന്ധീകരിക്കാനുള്ള പ്രിഡിയുടെ അപേക്ഷ സ്ഥിരീകരിക്കപ്പെട്ടു. 1927 ലെ വസന്താരംഭത്തിൽ, വിചാരണ അമേരിക്കയിലെ സുപ്രീം കോടതിയിലെത്തി. പ്രിഡി മരിച്ചുപോയിരുന്നു. പക്ഷേ, അദ്ദേഹത്തിൻ്റെ പിൻഗാമി, കോളണിയുടെ പുതിയ മേലധികാരി ജോൺ ബെൽ പ്രതിഭാഗം വക്കീലായ് നിയമിതനായി.



1927ലെ വസന്തത്തിലാണ് ബക്ക് v ബെൽ സുപ്രീം കോടതിയിൽ
വാദിക്കപ്പെട്ടത്. തുടക്കത്തിലേ, സ്പഷ്ടമായും, കേസ് ബക്കിനെതിരേയോ,
ബെല്ലിനെതിരേയോ ആയിരുന്നില്ല. അതൊരാവേശം ബാധിച്ച കാലമായിരുന്നു. രാഷ്ട്രം മൊത്തം അതിൻ്റെ ചരിത്രത്തേയും, പാരമ്പര്യത്തെയും കുറിച്ചുള്ള തീവ്രവേദനയിൽ പുകയുകയായിരുന്നു.  അമേരിക്കയിലേക്കുള്ള കുടിയേറ്റതിരയേറ്റത്തിൻ്റെ അന്തിമാഗ്രത്തിൽ "അലറുന്ന ഇരുപതുകളെ"ത്തിനിൽക്കുന്ന കാലം***. 1890നും 1924നുമിടയിൽ, ഏകദേശം പത്തു ദശലക്ഷം കുടിയേറ്റക്കാർ --- യഹൂദരും, ഇറ്റലിക്കാരും, ഐറിഷുകാരും, പോളണ്ടുകാരുമായ തൊഴിലാളികൾ --- ന്യൂയോർക്കിലേക്കും, സാൻ ഫ്രാൻസിസ്‌കോവിലേക്കും, ഷിക്കാഗോവിലേക്കും പ്രവഹിക്കുകയുണ്ടായി. അവർ തെരുവുകളിലും, വാടകമുറികളിലും തിങ്ങിഞെരുങ്ങിനിറഞ്ഞു; വ്യാപാരസ്ഥലികൾ വിദേശഭാഷകളുടെയും, ഭക്ഷണങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും പ്രളയത്തിലാണ്ടു (1927 ആയപ്പോഴേക്കും, ന്യൂയോർക്കിലേയും ഷിക്കാഗോവിലെയും ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തിലധികം പുതിയ കുടിയേറ്റക്കാരായി). 1890കളിൽ ഇംഗ്ലണ്ടിലെ യൂജെനിക് പരിശ്രമങ്ങൾക്ക് വർഗ്ഗപരമായ ആശങ്കകളാണ് പ്രേരണയായതെങ്കിൽ, 1920കളിൽ, അമേരിക്കയിലെ പ്രസ്തുത പരിശ്രമങ്ങൾക്ക് വംശീയാശങ്കകൾ ഇന്ധനമായി****.

നനയുംകുളിയുമില്ലാത്ത വലിയ ആൾക്കൂട്ടത്തെ ഗാൾട്ടൺ വെറുത്തിരുന്നിരിക്കാം. പക്ഷെ, നിസ്തർക്കമായും, അത് വൃത്തിയില്ലാത്തതെങ്കിലും മഹത്തായ ഇംഗ്ളീഷ് ജനക്കൂട്ടമായിരുന്നു. ഇതിനു വിരുദ്ധമായ്, അമേരിക്കയിലെ നനയും കുളിയുമില്ലാത്ത മഹാജനസമൂഹത്തിൽ വിദേശീയർ പെരുകി വരികയായിരുന്നു. അവരുടെ ജീനുകളോ, അവരുടെ ഉച്ചരാണങ്ങളെപ്പോലെ തിരിച്ചറിയാൻ കഴിയുംവിധം അപരിചിതമായിരുന്നു.

അമേരിക്കയിലെ പ്രവാസിപ്പ്രളയം "വംശീയമായ ആത്മഹത്യ"ക്ക് കാരണമാകുമെന്ന്, പ്രിഡിയെപ്പോലുള്ള ഉൽകൃഷ്ടജീൻശാസ്ത്രകാരന്മാർ ദീർഘകാലമായ് വേവലാതിപ്പെട്ടിരുന്നു. ശരിയായ ജനത്തെ തെറ്റായ ജനം പെരുകി മറികടക്കുകയാണെന്ന് അവർ വാദിച്ചു; ശരിയായ ജീനുകളെ തെറ്റായ ജീനുകൾ മലിനമാക്കുന്നു. ജീനുകൾ അടിസ്ഥാനപരമായ് അവിഭാജ്യങ്ങളെങ്കിൽ --- മെൻഡൽ തെളിയിച്ചത് പോലെ ---, ജനിതകദോഷം ഒരിക്കൽ പടർന്നു കഴിഞ്ഞാൽ പിന്നൊരിക്കലും തുടച്ചു മാറ്റാൻ കഴിയില്ല       ( "ഒരു ജൂതസങ്കരം[അതേത് വംശത്തിൽപ്പെട്ടയാളുമായിട്ടായാലും] ജൂതനായ്ത്തന്നെ നിലനിൽക്കും," മാഡിസൺ ഗ്രാൻഡ് എഴുതി). ഒരുൽകൃഷ്ടജനിതകവാദി വിവരിച്ചപോലെ, "ദോഷജനിതകദ്രവ്യ"ത്തെ നിർമ്മാർജ്ജനം ചെയ്യാനുള്ള ഏകമാർഗ്ഗം ആ ജനിതകദ്രവ്യം ഉൽപ്പാദിപ്പിക്കുന്ന അവയവത്തെ മുറിച്ചുകളയലാണ്. അതായത്, ജനിതകയോഗ്യതയില്ലാത്ത കാരിയേപ്പോലുള്ളവരിൽ നിർബന്ധവന്ധീകരണം നടത്തുക. "വംശീയജീർണ്ണതാഭീഷണി"ക്കെതിരെ രാജ്യത്തെ പ്രതിരോധിക്കാൻ സമൂലസാമൂഹികശസ്ത്രക്രിയയെ പ്രയോജനപ്പെടുത്തേണ്ടതാണ്. "[ഇംഗ്ലണ്ടിൽ] യൂജെനിക് കരിങ്കാക്കകൾ പരിഷ്കരണത്തിനായ് കാറുകയാണ്," മറയില്ലാത്ത വെറുപ്പോടെ ബേയ്റ്റ്സൺ 1926ൽ എഴുതി. അമേരിക്കയിലെ കരിങ്കാക്കകളാകട്ടെ ഒന്നുകൂടിയുച്ചത്തിൽ കാറി.

"വംശീയ ആത്മഹത്യ"ക്കും, "വംശീയജീർണ്ണത"ക്കും തുല്യവും, അവയെ തുലനം ചെയ്യുന്നതുമായ മറ്റൊരബദ്ധധാരണയായിരുന്നൂ വംശീയവും ജനിതകവുമായ ശുദ്ധി. ഇരുപതുകളുടെ ആദ്യവേളകളിൽ  കോടിക്കണക്കിന് അമേരിക്കക്കാർ ആർത്തിയോടെ വിഴുങ്ങിയ ഏറ്റവും ജനപ്രിയമായ നോവലുകളിൽ ഒന്ന്, എഡ്‌ഗാർ റൈസ് ബറോയുടെ "ടാർസൺ ഓവ് ദ എയ്‌പ്സ് " ആയിരുന്നു. ഈ ബോഡീസ്-റിപ്പിങ്***** ഇതിഹാസത്തിലെ നായകന്,  ആഫ്രിക്കയിലെ ആൾക്കുരങ്ങുകളാൽ പരിപാലിക്കപ്പെട്ട ഇംഗ്ളീഷ് കുലീനനായ അനാഥബാലനു കിട്ടുന്നത്, തൻ്റെ മാതാപിതാക്കളുടെ നിറവും, നടത്തവും, ശരീരപ്രകൃതിയും മാത്രമല്ല; അവരുടെ ധാർമ്മികാർജ്ജവവും, ആംഗ്ലോ-സാക്സൺ മൂല്യങ്ങളും, എന്തിന്, കത്തിയും മുള്ളുമുപയോഗിക്കാനുള്ള സഹജമായ കഴിവും കൂടിയാണ്. ടാർസൺ ---  "അവൻ്റെ നീണ്ടുനിവർന്നിരിക്കുന്ന കുറ്റമറ്റരൂപം ഏറ്റവും മുന്തിയ റോമായോദ്ധാക്കളുടേതെന്നപോലെ പേശീബലമാർന്നതാണ്" ---  ദൃഷ്ടാന്തീകരിച്ചത് പരിപാലനത്തിനു മീതെയുള്ള പ്രകൃതിയുടെ അന്തിമ വിജയമാണ്.കാട്ടുകുരങ്ങുകൾ പരിപാലിച്ച ഒരു വെള്ളക്കാരന് ഫ്‌ളാനൽ സൂട്ടിട്ട ഒരു വെള്ളക്കാരൻ്റെ സ്വഭാവം നിലനിർത്താമെങ്കിൽ,  തീർച്ചയായും, ഏതു സാഹചര്യത്തിലും വംശശുദ്ധി നിലനിർത്താൻ സാധിക്കും.

ഈ പശ്ചാത്തലത്തിൽ, ബക്ക് v ബെല്ലിൻ്റെ വിധിയിലെത്താൻ സുപ്രീം കോടതിക്ക് സമയമേ വേണ്ടി വന്നില്ല. 1927 മേയ് രണ്ടിന്, കാരി ബക്കിൻ്റെ ഇരുപത്തിയൊന്നാം പിറന്നാളിന് ചില ആഴ്ചകൾക്കു മുമ്പ്, സുപ്രീം കോടതി വിധി നൽകി. 8 - 1 ഭൂരിപക്ഷമുള്ള അഭിപ്രായം പകർത്തിക്കൊണ്ട്, ഒലിവർ വെൻഡൽ ഹോംസ് ജൂനിയർ ഇങ്ങനെ നിഗമനം ചെയ്തു: "ജീർണ്ണസന്തതികളെ കുറ്റത്തിൻ്റെ പേരിൽ വധശിക്ഷക്ക് വിധേയമാക്കുന്നതിനും, മൂഢതയുടെ പേരിൽ പട്ടിണികിടക്കാൻ അനുവദിക്കുന്നതിനും പകരം, വ്യക്തമായും അയോഗ്യതയുള്ളവരെ അവരുടെ ജാതി തുടർന്നുകൊണ്ടുപോകുന്നത് തടയാൻ സമൂഹത്തിന് കഴിയുമെങ്കിൽ സർവ്വലോകത്തിനും അതാണ് അഭികാമ്യം. നിർബന്ധിത കുത്തിവെപ്പ് സ്വീകാര്യമാക്കുന്ന നിയമം   അണ്ഡവാഹിനിക്കുഴലുകൾ ഛേദിക്കുന്നതുൾപ്പെടുത്താൻ മാത്രം വിശാലമാണ്. "

ഒരു ഡോക്റ്ററുടെ മകനും, മാനവികതാവാദിയും, ചരിത്രവിദ്വാനും, സാമൂഹികമായ വരട്ടു ചിന്തകളെക്കുറിച്ച് ശങ്കാലുവായതിന് വ്യാപകമായ് ശ്ലാഘിക്കപ്പെട്ടവനും, താമസിയാതെ, രാഷ്ട്രീയവും നീതിന്യായപരവുമായ കാര്യങ്ങളിൽ മിതത്വം വേണമെന്ന് ഉച്ചൈസ്തരം വാദിക്കുന്നവരിൽ രാജ്യത്തിലെ മുൻനിരക്കാരനാകാനിരിക്കുന്നവനുമായ ഹോംസിന് ബക്കുമാരെയും അവരുടെ കുട്ടികളെയുംകൊണ്ട് മതിയായെന്നത് വ്യക്തമാണ്. "മൂഡരുടെ മൂന്നുതലമുറകൾ തന്നെ ധാരാളം."



1927 ഒക്റ്റോബർ 19ന്, നാളീബന്ധനം വഴി കാരി വന്ധ്യയാക്കപ്പെട്ടു. അന്ന് രാവിലെ ഒരൊമ്പതു മണിക്ക് കോളണിയാശുപത്രിയിലേക്ക് അവൾ നീക്കപ്പെട്ടു. അവീനും അട്രോപിനും കൊണ്ട് മയങ്ങിയ അവൾ ശസ്ത്രക്രിയാമുറിയിലെ മഞ്ചലിൽ കിടന്നു. നഴ്‌സ് അവൾക്ക് അനസ്തേഷ്യ നൽകി. ബക്ക് ഉറക്കത്തിലേക്ക് വഴുതി വീണു. രണ്ടു ഡോക്റ്റർമാരും രണ്ടു നഴ്‌സുമാരുമാണ് ഹാജരായിരുന്നത് --- പതിവായൊരു പ്രക്രിയക്ക് അസാധാരണമായൊരു സംഗതി. പക്ഷേ, ഇതൊരു സവിശേഷ സംഗതിയായിരുന്നല്ലോ. മേലധികാരിയായ ജോൺ ബെൽ അവളുടെ വയർ നടുവേ കീറിത്തുറന്നു; രണ്ട് അണ്ഡവാഹിനീനാളികളുടേയും ഓരോ ഭാഗം നീക്കം ചെയ്‌ത്, നാളികളുടെ അഗ്രഭാഗങ്ങൾ കൂട്ടിക്കെട്ടി. കാർബോളിക് അമ്ലത്താൽ മുറിവുകളെ ചൂടാക്കിക്കരിച്ചു; മദ്യത്താൽ രോഗാണുവിമുക്തമാക്കി. ശസ്ത്രക്രിയാപരമായ സങ്കീർണ്ണതകളൊന്നുമുണ്ടായില്ല.

പാരമ്പര്യത്തിൻ്റെ കണ്ണി പൊട്ടിക്കപ്പെട്ടിരിക്കുകയാണ്. "വന്ധീകരണനിയമമനുസരിച്ചുള്ള ആദ്യശസ്ത്രക്രിയ",
ആസൂത്രണം ചെയ്തപോലെ തന്നെ നടന്നിരിക്കുന്നു. നല്ല ആരോഗ്യത്തോടെയാണ് രോഗിയെ മുക്തയാക്കിയത്. ബെൽ എഴുതി. കുഴപ്പങ്ങളൊന്നുമില്ലാതെ ബക്ക് അവളുടെ മുറിയിൽ സുഖം പ്രാപിച്ചു വന്നു. 



പയറുകളിലെ മെൻഡലിൻ്റെ പ്രാരംഭപരീക്ഷണങ്ങൾക്കും കാരി ബക്കിൻ്റെ കോടതിയധികാരപ്പെടുത്തിയ വന്ധീകരണവും തമ്മിൽ ആറു ദശാബ്ദങ്ങളുടേയും രണ്ടുസംവത്സരങ്ങളുടേയും വിടവുണ്ട് . . . കാലത്തിൻ്റെ ഒരു ഹ്രസ്വകടാക്ഷത്തിൽ കവിഞ്ഞതൊന്നുമല്ലായീ കാലയളവ്. എങ്കിലും,
ആറു ദശാബ്ദങ്ങളുടെ ഈ ക്ഷണപ്രഭയിൽ, സസ്യശാസ്ത്രപരീക്ഷണത്തിലെ ഒരമൂർത്ത സങ്കൽപ്പനമെന്നതിൽനിന്ന് ജീൻ സാമൂഹികനിയന്ത്രണത്തിനുള്ള പ്രബലമായ ഒരുപകരണമായ് പരിവർത്തിതമായി. 1927ൽ, ബക്ക് v. ബെൽ  സുപ്രീം കോടതിയിൽ വാദിക്കപ്പെടവേ, ജനിതകശാസ്ത്രത്തിൻ്റെയും യൂജെനിക്സിൻ്റെയും ഭാഷ അമേരിക്കയിലെ സാമൂഹ്യ, രാഷ്ട്രീയ, വ്യക്തിഗത വ്യവഹാരങ്ങളിലേക്ക് തുളഞ്ഞു കേറി."സ്ഥിരീകരിക്കപ്പെട്ട കുറ്റവാളികളേയും, വിഡ്ഢികളേയും, മൂഢരേയും, ബലാൽക്കാരികളേയും" വന്ധീകരിക്കാനുള്ള ഒരു പഴയ നിയമം, 1927ൽ,  ഇൻഡിയാനാ സംസ്ഥാനം  ഭേദഗതിചെയ്‌ത്‌ പാസ്സാക്കി. ജനിതകമേന്മയില്ലാത്ത ജനത്തെ തടവിലിടാനുള്ള കൂടുതൽ നിർദ്ദയമായ നടപടികളുമായ് മറ്റു സസ്ഥാനങ്ങളും അനുഗമിച്ചു.

രാജ്യമൊട്ടാകെ ഭരണകൂടസഹായത്തോടെയുള്ള വന്ധ്യംകരണ പദ്ധതികൾ വ്യാപിക്കുമ്പോൾ, ജനിതക തെരഞ്ഞെടുപ്പ് വ്യക്തിപരമാക്കാനുള്ള താഴേക്കിടയിലുള്ള ഒരു പ്രസ്ഥാനം ജനപ്രിയത നേടിവരികയായിരുന്നു. 1920കളിൽ, കോടിക്കണക്കിന് അമേരിക്കക്കാർ കാർഷികോത്സവങ്ങളിൽ തടിച്ചുകൂടുമായിരുന്നു. അവിടെ, പല്ലു തേപ്പ് പ്രദർശനങ്ങൾക്കും, ചോളപ്പൊരി യന്ത്രങ്ങൾക്കും, വൈക്കോൽവണ്ടിസവാരികൾക്കുമൊപ്പം, പൊതുജനം മേന്മയേറിയ പിള്ളകളുടെ മത്സരവും കണ്ടു: ഒന്നും രണ്ടും വയസ്സ് പ്രായമുള്ള കുട്ടികൾ, പട്ടികളേയോ, പൂച്ചകളേയോ പോലെ,     മേശമേലോ, പീഠത്തിലോ അഭിമാനത്തോടെ പ്രദർശിപ്പിക്കപ്പെടും.  വെള്ളക്കോട്ടിട്ട ഡോക്റ്റർമാരും, മനോരോഗചികിത്സകരും, പല്ലുവൈദ്യന്മാരും, നഴ്‌സുമാരും അവരുടെ കണ്ണും പല്ലും പരിശോധിക്കും; അവരുടെ തൊലി കുത്തിനോക്കും; ഉയരവും തൂക്കവും തലയോട്ടിയുടെ വലുപ്പവും,ചിത്തവൃത്തിയും അളക്കും. അവരിൽ ഏറ്റവും ആരോഗ്യവും യോഗ്യതയുമുള്ള വ്യത്യസ്തരായ പിള്ളകൾ തെരഞ്ഞെടുക്കപ്പെടും. ഈ "അതിയോഗ്യ" ശിശുക്കൾ ഉത്സവസ്ഥലികളിലൂടെ ഘോഷയാത്രയായ് പ്രദർശിപ്പിക്കപ്പെടും. ദേശീയയൂജെനിക്സ് പ്രസ്ഥാനത്തിനുള്ള മൗനപിന്തുണയുണ്ടാക്കിക്കൊണ്ട് ചുവർപരസ്യങ്ങളിലും, പത്രങ്ങളിലും, മാസികകളിലും അവരുടെ ചിത്രങ്ങൾ ശ്രദ്ധാർഹമായ് പ്രകാശിപ്പിക്കപ്പെട്ടു. ഡാവെൻപോർട്ട്, യൂജെനിക്സ് റിക്കാർഡ് ആപ്പീസ് സ്ഥാപിച്ച് പ്രശസ്തനായ, ഹാർവാർഡിൽനിന്ന് പരിശീലനം കിട്ടിയ ജീവശാസ്ത്രജ്ഞൻ അതിയോഗ്യശിശുക്കളെ നിർണ്ണയിക്കാനുള്ള മാതൃകാപരമായൊരു മൂല്യനിർണ്ണയഫാറം തയ്യാറാക്കി. കുട്ടികളുടെ വിധി നിർണ്ണയിക്കുന്നതിനു   മുമ്പ് അച്ഛനമ്മമാരെ പരിശോധിക്കേണ്ടതാണെന്ന് ഡാവെൻപോർട്ട് വിധികർത്താക്കളോട് നിർദ്ദേശിച്ചിരുന്നു: "പാരമ്പര്യത്തത്തിന് 50% മാർക്കുണ്ടായാലേ, കുട്ടികളെ പരിശോധിക്കാവൂ." "രണ്ടുവയസ്സുള്ള ഒരു സമ്മാനവിജയി പത്തുവയസ്സിൽ ചുഴലിദീനക്കാരനായേക്കാം." ഈ ഉത്സവപ്പറമ്പുകളിൽ പലപ്പോഴും "മെൻഡൽ ബൂത്തുകൾ" ഉണ്ടായിരുന്നു. അവിടെ, പാവക്കളിയിലൂടെ, ജനിതകശാസ്ത്രത്തിലെ തത്ത്വങ്ങളും പാരമ്പര്യനിയമങ്ങളും വിശദീകരിക്കപ്പെട്ടു.          

യൂജെനിക്സ് ഭ്രാന്തു പിടിച്ച മറ്റൊരു ഡോക്റ്റർ, ഹാരി ഹേയ്സെൽഡെന്നിൻ്റെ "നിങ്ങൾ വിവാഹത്തിന് യോഗ്യനാണോ?" എന്ന സിനിമ, 1927ൽ, അമേരിക്കയിലെങ്ങും നിറഞ്ഞ സദസ്സിൽ കളിച്ചു. "കറുത്ത കൊറ്റി"യെന്ന പഴയൊരു സിനിമയുടെ പുനരുജ്ജീവനം. ഒരു ഡോക്റ്ററുടെ കഥ. രാഷ്ട്രത്തെ "വൈകല്യമുള്ള കുട്ടികളിൽനിന്ന് തുടച്ചുവെടിപ്പാക്കാനുള്ള പരിശ്രമത്തിൽ പ്രാണരക്ഷാർത്ഥമുള്ള ശസ്ത്രക്രിയകൾ ചെയ്യാൻ വിസമ്മതിക്കുന്ന ഒരു ഡോക്റ്റർ. മാനസികവൈകല്യം ബാധിച്ച ഒരു ശിശുവിനെ ഗർഭം ധരിച്ചുവെന്ന് ദുഃസ്വപ്നം കാണുന്ന ഒരു സ്ത്രീയോടെ സിനിമ തീരുന്നു. അവൾ ഞെട്ടിയുണരുന്നു; താനും തൻ്റെ ഭാവിവരനും, തങ്ങൾക്ക് ജനിതകപ്പൊരുത്തമുണ്ടോ എന്നറിയാൻ, പരിശോധനക്ക് വിധേയമാകണമെന്ന് തീരുമാനിക്കുന്നു (1920കളിൽ, കുടുംബ ചരിത്രത്തിൽ മാനസികമാന്ദ്യം അപസ്മാരം, ബധിരത, അസ്ഥിരോഗങ്ങൾ, കുള്ളത്തം, അന്ധത എന്നിവയുണ്ടോയെന്ന വിലയിരുത്തലുകളടങ്ങുന്ന വിവാഹപൂർവ്വജനിതകപരിശോധനകൾ അമേരിക്കയിലെ പൊതുജനങ്ങൾക്കായ്, വ്യാപകമായ്, പരസ്യം ചെയ്യപ്പെട്ടിരുന്നു). അതിമോഹമെന്ന് പറയട്ടേ, ഈ സിനിമയെ "കമിതാക്കൾക്കുള്ള രാത്രി" ചിത്രമായ് വിപണനം ചെയ്യാനാണ് ഹേയ്സെൽഡെൻ ഉദ്ദേശിച്ചത്. അതിൽ എല്ലാമുണ്ടായിരുന്നു: പ്രേമം, സുഖാനുഭൂതി, ഉദ്വേഗം, നർമ്മം --- ഇടക്ക് ചില്ലറ ശിശുഹത്യയും.

 തടവിലിടുന്നതിൽ നിന്ന് വന്ധീകരണത്തിലേക്കും, അവിടെനിന്ന്
പച്ചക്കൊലപാതകത്തിലേക്കും അമേരിക്കയിലെ യൂജെനിക്സ് പ്രസ്ഥാനത്തിൻ്റെ മുൻനിര പുരോഗമിച്ചപ്പോൾ, യൂറോപ്പിലെ ഉൽകൃഷ്ടജീൻവിദഗ്ദ്ധർ ഈ ആരോഹണത്തെ ആവേശത്തോടെയും അസൂയയോടെയും നോക്കിനിന്നു. ബക്ക് v. ബെൽ കഴിഞ്ഞ് ഒരു ദശാബ്ദം തികയും മുമ്പ്, 1936 ൽ ആ ഭൂഖണ്ഡത്തെ, തീക്ഷ്‌ണമായൊരു മഹാമാരിപോലെ, ജനിതകഭാഷയേയും, പാരമ്പര്യഭാഷയേയും അവയുടെ ഏറ്റവും പ്രബലവും ഭീകരവുമായ രൂപത്തിലേക്ക് മാറ്റിക്കൊണ്ട്,    "ജനിതകശുദ്ധീകരണ"ത്തിൻ്റെ കൂടുതൽ വിഷരൂക്ഷമായൊരു രൂപം വിഴുങ്ങാനിരിക്കുകയായിരുന്നു.
------------------------------------------------------------------------------------------
* ഹോട്ടൽ കാലിഫോർണിയയെന്ന അമേരിക്കൻ അധോലോകത്തെക്കുറിച്ചുള്ള പാട്ടിൽ നിന്ന്. 
** Kurtz: കോൺറാഡിൻ്റെ "ഹാർട്ട് ഓവ് ഡാർക്‌നെസ്സി"ലെ ക്രൂരകഥാപാത്രം.   
*** The Roaring Twenties: മദ്യനിരോധനമെതിർക്കുകയും, നൃത്തത്തിൻ്റെ, വസ്ത്രധാരണത്തിൻ്റെ നവീനരീതികളിൽ അഭിരമിക്കുകയും, പരമ്പരാഗത സദാചാരമാനദണ്ഡങ്ങളിൽനിന്ന് വ്യതിചലിക്കുകയും ചെയ്ത തലമുറ. 
****നിശ്ചയമായും, അമേരിക്കയിലെ യൂജെനിക്സിനെ മുന്നോട്ടു നയിച്ചതിൽ അടിമത്തത്തിൻ്റെ ചരിത്രപൈതൃകത്തിനും ഒരു പ്രധാന പങ്കുണ്ട് . നീചജീനുകളുള്ള ആഫ്രിക്കനടിമകൾ വെള്ളക്കാരെ കല്യാണം കഴിക്കുകവഴി ജീൻശേഖരം മലിനമാകുമെന്ന് ഭയന്ന്, വെള്ളക്കാരായ ഉൽകൃഷ്ടജീൻവാദികൾ പണ്ടേ പേടിച്ചു വിറച്ചിരുന്നു. എന്നാൽ, 1860കളിൽ പ്രഖ്യാപിക്കപ്പെട്ട അന്തർവംശീയവിവാഹനിരോധനനിയമങ്ങൾ ഈ ഭീതികളെ മിക്കവാറും ശമിപ്പിച്ചിരുന്നു. വെള്ളക്കാരായ കുടിയേറ്റക്കാരെ , എന്നാൽ, തിരിച്ചറിഞ്ഞ് വേർതിരിക്കുക അത്ര അനായാസമായിരുന്നില്ല. അത്, 1920കളിൽ, വംശീയമലിനീകരണത്തേയും, അന്തർവംശീയവിവാഹത്തേയും കുറിച്ചുള്ള ആശങ്കകളെ വിപുലീകരിച്ചു. 
***** bodice-ripping: ഭൂതകാലത്തിലധിഷ്ഠിതമായ, ധാരാളം ലൈംഗീക രംഗങ്ങളുള്ള നോവലിനേയോ, സിനിമയേയോ വിശേഷിപ്പിക്കുന്നത്; ഒരാൾക്ക് നല്ലതെന്ന് തോന്നാത്തപ്പോഴാണ് ഈ വാക്കുപയോഗിക്കാറ്.
*************************************************************************************

2020, ജൂൺ 17, ബുധനാഴ്‌ച

6: യൂജെനിക്സ്

യൂജെനിക്സ്

പിറന്നു കഴിഞ്ഞ തലമുറയെ ഭേദപ്പെട്ട പരിതസ്ഥിതിയും വിദ്യാഭ്യാസവും മെച്ചപ്പെടുത്തിയേക്കാം. മെച്ചപ്പെട്ട രക്തം വരാനിരിക്കുന്ന തലമുറകളെ മുഴുവൻ മേന്മയേറിയവയാക്കും.  
                                        --- ഹെർബെർട് വാൾട്ടർ, ജെനിറ്റിക്സ് 
മിക്ക യൂജെനിസ്റ്റുകളും നയതന്ത്രശാലികളാണ്. ഹ്രസ്വവചനങ്ങൾ അവരെ വിഭ്രാന്തിപ്പെടുത്തുമെന്നും, ദീർഘവചനങ്ങൾ അവരെ സാന്ത്വനപ്പെടുത്തുമെന്നേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. ഒന്ന് മറ്റൊന്നിലേക്ക് പരിവർത്തിപ്പിക്കുന്നതിന് അവരൊട്ടും കെൽപ്പില്ലാത്തവരാണ്. . . . അവരോടിങ്ങനെ പറയൂ "പോയ തലമുറകളിലെ ദീർഘായുസ്സ്, പ്രത്യേകിച്ച് സ്ത്രീകളിൽ,  അതിരുകവിയുകയോ, അസഹനീയമാവുകയോ ചെയ്യരുതെന്ന് . . . ഒരു പൗരൻ ഉറപ്പാക്കണം"; അവരോടിതു പറയൂ; അവരപ്പോൾ മെല്ലെയൊന്നൂയലാടും. . . . "സ്വന്തം അമ്മയെ കൊല്ല്" എന്നവരോട് പറയൂ. അപ്പോഴവർ ഞെട്ടി എഴുന്നേറ്റിരിക്കും. 
                                  --- ജി കെ ചെസ്റ്റർട്ടൺ, യൂജെനിക്‌സും മറ്റു തിന്മകളും  

ചാൾസ് ഡാർവ്വിൻ മരിച്ച് ഒരു കൊല്ലം കഴിഞ്ഞ്, 1883ൽ ഡാർവ്വിൻ്റെ മാതുലയേനായ ഫ്രാൻസിസ് ഗാൾട്ടൺ പ്രകോപനപരമായൊരു പുസ്തകം പ്രസിദ്ധീകരിച്ചു --- മനുഷ്യശേഷിയിലേക്കും അതിൻ്റെ വികസനത്തിലേക്കുമുള്ള അന്വേഷണങ്ങൾ.  അതിൽ അദ്ദേഹം മനുഷ്യരാശിയുടെ മികവിനായുള്ള തന്ത്രപ്രധാനമായൊരു പദ്ധതി വരച്ചുവച്ചു. ഗാൾട്ടണിൻ്റെ ആശയം ലളിതമായിരുന്നു: അദ്ദേഹം പ്രകൃതിനിർദ്ധാരണപ്പ്രക്രിയ അനുകരിക്കും. അതിജീവനത്തിലൂടെയും നിർദ്ധാരണത്തിലൂടെയും മൃഗസമൂഹങ്ങളിൽ അസാമാന്യമായ ഫലങ്ങളുളവാക്കുന്നതിൽ പ്രകൃതിക്ക് വിജയിക്കാമെങ്കിൽ, മനുഷ്യൻ ഇടപെടുക വഴി മനുഷ്യനെ വിശിഷ്ടമാക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്താമെന്ന്  ഗാൾട്ടൺ  സ്വപ്നം കണ്ടു. യുഗങ്ങളിലൂടെ പ്രകൃതി എന്തിനാണോ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്, അത് ഒരൽപ്പം ദശാബ്ദങ്ങൾക്കുള്ളിൽ, അതിശക്തരും, അതിസമർത്ഥരും,"അതിയോഗ്യരു"മായ മനുഷ്യരെ വിവേചനാപൂർവ്വം വളർത്തിയെടുത്താൽ --- പ്രകൃത്യാലല്ലാത്ത നിർദ്ധാരണത്തിലൂടെ --- നേടിയെടുക്കാമെന്ന് ഗാൾട്ടൺ സങ്കൽപ്പിച്ചു. 

ഈ കൗശലത്തിന് ഗാൾട്ടണ് ഒരു പേരു വേണമായിരുന്നു. "അനുയോജ്യത അത്രയിലാത്തവയ്ക്കുപരി കൂടുതൽ അനുയോജ്യമായ വംശങ്ങൾക്ക് അല്ലെങ്കിൽ രക്തഗണങ്ങൾക്ക് അതിവേഗം അതിജീവിക്കുന്നതിന് മെച്ചപ്പെട്ടൊരവസരം നൽകാൻ (മൃഗ)ശേഖരങ്ങളെ മേന്മയേറിയതാക്കുന്ന ശാസ്ത്രത്തെ പ്രകാശിപ്പിക്കുന്ന ഒരു കുഞ്ഞുവാക്ക് നമുക്ക് വളരെ അത്യാവശ്യമാണ്," ഗാൾട്ടൺ എഴുതി. ഗാൾട്ടണ് യൂജെനിക്സ് [eugenics] എന്ന പദം ഉചിതമായ് തോന്നി ---- "ഒന്നുമില്ലെങ്കിലും വെടിപ്പുള്ളൊരു വാക്ക് . . . ഒരിക്കൽ ഞാൻ ഉപയോഗിക്കാൻ ഒരുമ്പെട്ട വീര്യപാലനം [viriculture] എന്നതിനേക്കാൾ ഭേദം." രണ്ട് ഗ്രീക്കു വാക്കുകളുടെ സംയുക്തം: നല്ലത് [eu-] എന്ന ഗ്രീക്ക് പൂർവ്വപ്രത്യയത്തെ ഉൽപ്പത്തി [genesis] യോട് ചേർത്തത്. "വംശത്തിൽപ്പെട്ട നല്ലവ, പാരമ്പര്യമായ് ശ്രേഷ്ഠഗുണങ്ങളുള്ളവ." സ്വന്തം പ്രതിഭയിൽ എന്നും സ്വയം അഹങ്കരിച്ചിരുന്ന ഗാൾട്ടണ് തൻ്റെ പദനിർമ്മാണത്തിൽ ആഴമേറിയ സംതൃപ്തിയുണ്ടായി. "അങ്ങേയറ്റം പ്രായോഗികപ്രാധാന്യമുള്ള ഒരു ശാസ്ത്രമായ് മാനവയൂജെനിക്സ് വൈകാതെ അംഗീകരിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നതിനാൽ . . . വ്യക്തിചരിത്രങ്ങളും കുടുംബചരിത്രങ്ങളും സമാഹരിക്കാൻ ഇനിയുമൊട്ടും വൈകിക്കൂടെന്നാണ് എനിക്ക് തോന്നുന്നത്."



1822ലെ ഹേമന്തത്തിലാണ് ഗാൾട്ടൺ ജനിച്ചത്. ഗ്രിഗർ മെൻഡൽ ജനിച്ച അതേ കൊല്ലം. മാതുലേയനായ ചാൾസ് ഡാർവ്വിൻ ജനിച്ച് പതിമൂന്ന് കൊല്ലങ്ങൾക്ക് ശേഷം. ആധുനിക ജീവശാസ്ത്രത്തിലെ രണ്ട്‌ ഭീമന്മാർക്കിടയിൽപ്പെട്ട ഗാൾട്ടണെ ശാസ്ത്രീയമായ അപര്യാപ്‌തതയെക്കുറിച്ചുള്ള തീവ്രമായ ബോധം അനിവാര്യമായും വേട്ടയാടിയിരുന്നു. ഈ അപര്യാപ്തത ഗാൾട്ടണെ  വിശേഷിച്ചും നീറ്റിയിരിക്കണം; കാരണം, അദ്ദേഹവും ഒരു ഭീമനാകുമെന്ന് കരുതപ്പെട്ടതായിരുന്നു. അദ്ദേഹത്തിൻ്റെ അച്ഛൻ ബർമിംഗ്ഹാമിലെ പണക്കാരനായൊരു ബാങ്കുകാരൻ ആയിരുന്നു; അമ്മ, ചാൾസ് ഡാർവ്വിൻ്റെ മുത്തശ്ശനായ, കവിയും വൈദ്യനുമായിരുന്ന ഇറാസ്മസ് ഡാർവ്വിൻ എന്ന ബഹുമുഖപ്രതിഭയുടെ മകളും. ബാലപ്രതിഭയായിരുന്ന ഗാൾട്ടൺ രണ്ടു വയസ്സിലേ വായിക്കാൻ പഠിച്ചു; അഞ്ചാം വയസ്സിൽ ഗ്രീക്കും ലത്തീനും വശമാക്കി; എട്ടാം വയസ്സിലേ വർഗ്ഗസമീകരണവാക്യങ്ങൾ തെളിയിച്ചു.  ഡാർവ്വിനെപ്പോലെ ഇദ്ദേഹവും വണ്ടുകളെ സമ്പാദിച്ചു. പക്ഷേ, അദ്ദേഹത്തിന് ഡാർവ്വിൻ്റെ ആയാസപ്പെടുന്ന, വർഗ്ഗീകരണശീലമുള്ള മനസ്സുണ്ടായിരുന്നില്ല. അദ്ദഹം വണ്ടുകളെ ശേഖരിക്കുന്നത് മതിയാക്കി; തീവ്രാഭിലാഷമാർന്ന മറ്റ് ഉദ്യമങ്ങളിലേക്ക് തിരിഞ്ഞു.  ആദ്യം അദ്ദേഹം വൈദ്യശാസ്ത്രം പഠിക്കാൻ ശ്രമിച്ചുവെങ്കിലും, പിന്നീട്, കേംബ്രിഡ്ജിൽ ഗണിതശാസ്ത്രത്തിലേക്ക് ചുവടു മാറ്റി. 1843ൽ അദ്ദേഹം ഗണിതശാസ്ത്രത്തിലുള്ള ഓണേഴ്‌സ് പരീക്ഷക്കിരിക്കാൻ തുനിഞ്ഞു; പക്ഷേ, മാനസികത്തളർച്ച പിടിപെട്ട് അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങേണ്ടതായ് വന്നു.

പരിണാമത്തെക്കുറിച്ചുള്ള തൻ്റെ ആദ്യസിദ്ധാന്തം ചാൾസ് ഡാർവ്വിൻ എഴുതിക്കൊണ്ടിരുന്ന 1844ലെ ഗ്രീഷ്മത്തിൽ ഗാൾട്ടൺ ഇംഗ്ലണ്ട് വിട്ട് ഈജിപ്തിലേക്കും സുഡാനിലേക്കും യാത്രയായി ---- ആഫ്രിക്കയിലേക്കുള്ള അദ്ദേഹത്തിൻ്റെ അനവധി യാത്രകളിൽ ആദ്യത്തേത്. 1830ൽ തെക്കേ അമേരിക്കയിലെ "ആദിവാസികളു"മായുണ്ടായ ഡാർവ്വിൻ്റെ മുഖാമുഖം മനുഷ്യർക്ക് പൊതുവായൊരു വംശപരമ്പരയുണ്ടെന്ന അദ്ദേഹത്തിൻ്റെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചുവെങ്കിൽ, ഗാൾട്ടൺ കണ്ടത് വ്യത്യാസങ്ങൾ മാത്രമാണ്. "ബാക്കിയുള്ള ആയുസ്സു മുഴുവൻ ചിന്തിക്കാൻ വേണ്ടത്ര സാമഗ്രികൾ ലഭിക്കാനുള്ളത്ര പ്രാകൃതവംശങ്ങളെ ഞാൻ കണ്ടിരിക്കുന്നു."

1859ലാണ് ഗാൾട്ടൺ ഡാർവ്വിൻ്റെ വംശോൽപ്പത്തി  വായിക്കുന്നത്. പുസ്തകം അദ്ദേഹം "വിഴുങ്ങി"യെന്നു വേണം പറയാൻ. അതദ്ദേഹത്തിനൊരു വൈദ്യുതാഘാതം പോലെയായിരുന്നു; ഒരേ സമയം മരവിപ്പിക്കുന്നതും ഉത്തേജിപ്പിക്കുന്നതും. അസൂയയും, അഭിമാനവും, ആരാധനയും അദ്ദേഹത്തിൽ തിളച്ചുപൊങ്ങി. "തീർത്തും പുതിയൊരു വിജ്ഞാന    പ്രവിശ്യയിലേക്ക് ഉപനയിക്കപ്പെട്ടിരിക്കുകയാണ്" താനെന്ന് അദ്ദേഹം ഡാർവ്വിന് ആരാധനയോടെ എഴുതി.   

ഗവേഷണം ചെയ്യാൻ ഗാൾട്ടണ് പ്രത്യേകം താൽപ്പര്യമുണ്ടായിരുന്ന "വിജ്ഞാന പ്രവിശ്യ" പാരമ്പര്യം ആയിരുന്നു. മാതുലേയന് തത്ത്വം ശരിയായ് പിടികിട്ടിയെങ്കിലും, പ്രക്രിയാവിദ്യ പിടികിട്ടിയില്ലെന്ന്, ഫ്‌ളീമിങ് ജെങ്കിനെപ്പോലെ, ഗാൾട്ടണും സത്വരം മനസ്സിലാക്കി: ഡാർവ്വിൻ്റെ                 സിദ്ധാന്തം ഗ്രഹിക്കാൻ പാരമ്പര്യാർജ്ജനത്തിൻ്റെ സ്വഭാവം നിർണ്ണായകമാണ്. പരിണാമത്തിൻ്റെ യാംഗിനുള്ള യിന്നാണ്* പാരമ്പര്യം. രണ്ടു സിദ്ധാന്തങ്ങളെയും, പരസ്പരം താങ്ങായും പരസ്പര പൂരകങ്ങളായും, ജനനാലേ ബന്ധിപ്പിക്കേണ്ടതാണ്. "മച്ചുനൻ ഡാർവ്വിൻ" പ്രഹേളികയുടെ പാതി പരിഹരിച്ചെങ്കിൽ, "മച്ചുനൻ ഗാൾട്ടൺ" മറുപാതി പരിഹരിക്കാൻ നിയോഗിക്കപ്പെട്ടവനാണ്. 

1860കളുടെ മദ്ധ്യേ ഗാൾട്ടൺ പാരമ്പര്യം പഠിക്കാൻ തുടങ്ങി. എല്ലാ കോശങ്ങളും പാരമ്പര്യനിർദ്ദേശങ്ങളെ പുറത്തേക്ക് തള്ളുകയും, അവ, പിന്നീട് , കുപ്പികളിലാക്കിയ ലക്ഷക്കണക്കിന് സന്ദേശങ്ങളെപ്പോലെ  രക്തത്തിൽ ഒഴുകിനടക്കുമെന്നുമുള്ള ഡാർവ്വിൻ്റെ "ജെമ്യൂൾ" സിദ്ധാന്തം, രക്ത രക്തസംക്രമണം ജെമ്യൂളുകളെ പകർന്നേക്കാമെന്നും, അതു വഴി, പാരമ്പര്യത്തെ മാറ്റാൻ കഴിഞ്ഞേക്കാമെന്നും സൂചിപ്പിക്കുന്നതായ് തോന്നി.
ജെമ്യൂളുകളെ പ്രക്ഷേപണം ചെയ്യാൻ ഗാൾട്ടൺ മുയലുകളിലേക്ക് മറ്റു മുയലുകളുടെ രക്തം സംക്രമിപ്പിക്കാനുള്ള പരിശ്രമത്തിലായി. പാരമ്പര്യ നിർദ്ദേശങ്ങളുടെ അടിസ്ഥാനമെന്തെന്ന് മനസ്സിലാക്കാൻ അദ്ദേഹം ചെടികളിലും പരീക്ഷണത്തിന് ശ്രമിച്ചു ---- അതും പയർച്ചെടികളിൽ. അദ്ദേഹം, പക്ഷേ, പരീക്ഷണകാര്യത്തിൽ ഏറെ മോശക്കാരനായിരുന്നു. ഡാർവ്വിൻ്റെ സഹജസ്പർശം അദ്ദേഹത്തിനുണ്ടായിരുന്നില്ല. മുയലുകൾ ഞെട്ടി മരിച്ചു; തോട്ടത്തിലെ വള്ളികൾ ഉണങ്ങിപ്പോയി. നിരാശബാധിച്ച ഗാൾട്ടൺ പഠനം മനുഷ്യരിലേക്ക് മാറ്റി. പാരമ്പര്യത്തിൻ്റെ പ്രക്രിയയെന്തെന്ന് വെളിപ്പെടുത്തുന്നതിൽ മാതൃകാജീവികൾ പരാജയപ്പെട്ടല്ലോ; പാരമ്പര്യവും  വൈജാത്യവും മനുഷ്യരിൽ അളക്കുന്നത് ആ രഹസ്യത്തിൻ്റെ പൂട്ട് എന്തായാലും തുറക്കുമെന്ന് ഗാൾട്ടൺ യുക്തിചിന്ത ചെയ്തു. ആ തീരുമാനത്തിൽ അദ്ദേഹത്തിൻ്റെ അത്യാഗ്രഹത്തിൻ്റെ മുദ്രയാണ്  പതിഞ്ഞിരിക്കുന്നത്: മുകളിൽ നിന്ന് താഴേക്കുള്ള ഒരു സമീപനം; ചിന്തിക്കാനാകുന്നതിൽ ഏറ്റവും സങ്കീർണ്ണവും വിജാതീയവുമായ (ബുദ്ധി, സ്വഭാവം, കായബലം, ഉയരം എന്നീ )ലക്ഷണങ്ങളെടുത്തുകൊണ്ടുള്ള തുടക്കം   ജനിതകശാസ്ത്രവുമായുള്ള തികഞ്ഞൊരു യുദ്ധത്തിലേക്ക് ആ തീരുമാനം അദ്ദേഹത്തെ വിക്ഷേപിച്ചു.

മനുഷ്യരിലെ വൈജാത്യങ്ങളെ ഗണിച്ച് മനുഷ്യപാരമ്പര്യത്തിൻ്റെ മാതൃകയു ണ്ടാക്കാൻ ശ്രമിച്ച ആദ്യത്തെ ആളല്ല ഗാൾട്ടൺ. 1830കളിലും നാൽപ്പതുകളിലും ബെൽജിയംകാരനായ അഡോൾഫ് ക്വറ്റ്‌ലെറ്റ് ---  ജീവശാസ്ത്രജ്ഞനായ് മാറിയ ജ്യോതിർശാസ്ത്രകാരൻ --- മനുഷ്യലക്ഷണങ്ങളെ ക്രമബദ്ധമായ് പഠിക്കുവാനും, സ്ഥിതിവിവരശാസ്ത്രരീതികൾ ഉപയോഗിച്ച് അപഗ്രഥിക്കുവാനും തുടങ്ങിയിരുന്നു. ക്വറ്റ്‌ലെറ്റിൻ്റെ സമീപനം കർക്കശവും സമ്പൂർണ്ണവുമായിരുന്നു. "ഇന്നേവരെ പഠിക്കപ്പെടാത്ത ചില നിയമങ്ങളനുസരിച്ച് ജനിക്കുകയും, വളരുകയും, മരിക്കുകയും ചെയ്യുന്നവനാണ് മനുഷ്യൻ," ക്വറ്റ്‌ലെറ്റ് എഴുതി. നിരപ്പായതും നിരന്തരവുമായ, മണിയാകാരമുള്ള ഒരു വളയത്തിലൂടെയാണ് നെഞ്ചളവും, ഉയരവും വീതിക്കപ്പെടുന്നതെന്ന് തെളിയിക്കാൻ ക്വറ്റ്‌ലെറ്റ് 5,738  പട്ടാളക്കാരുടെ ഉയരവും നെഞ്ചിൻ്റെ വീതിയും പട്ടികകളിലാക്കി. വാസ്തവത്തിൽ, ക്വറ്റ്‌ലെറ്റ് എവിടെയൊക്കെ നോക്കിയോ, അവിടെയെല്ലാം ആവർത്തിച്ചു വരുന്ന ഒരു വിന്യാസം കണ്ടു: മനുഷ്യലക്ഷണങ്ങൾ --- പെരുമാറ്റങ്ങളും --- വീതിക്കപ്പെടുന്നത് മണിയാകൃതിയിലുള്ള വക്രതയിലാണ്.

ക്വറ്റ്‌ലെറ്റിൻ്റെ അളവുകളാൽ പ്രചോദിതനായ് ഗാൾട്ടൺ മനുഷ്യവൈജാത്യങ്ങളുടെ അളവുകളിലേക്ക് കൂടുതലാഴത്തിൽ ഊഴ്ന്നിറങ്ങി. ബുദ്ധി, ബുദ്ധിപരമായ കഴിവുകൾ, സൗന്ദര്യം ഒക്കേയും ഒരേ ജാതി വൈജാത്യമാണോ? ഇത്തരം ലക്ഷങ്ങളെ അളക്കാനുള്ള സാധാരണ ഉപകരണങ്ങൾ നിലവിലില്ലെന്ന് ഗാൽട്ടണ് അറിയാമായിരുന്നു. പക്ഷേ, സൂത്രങ്ങളില്ലാത്തിടത്ത്, അദ്ദേഹം അവ നിർമ്മിച്ചെടുത്തു ("സാധിക്കുന്നേടത്തൊക്കെ, എണ്ണേണ്ടതാണ്," അദ്ദേഹമെഴുതി). ബുദ്ധിക്ക് പകരമായ് അദ്ദേഹം കേംബ്രിഡ്ജിലെ ഗണിതഓണേഴ്‌സ് പരീക്ഷയിലെ (രസകരമായ കാര്യം, അദ്ദേഹം തോറ്റുപോയിരുന്ന അതേ പരീക്ഷയിലെ) മാർക്കുകൾ കരസ്ഥമാക്കുകയും, പരീക്ഷകളിലുള്ള കഴിവും, ഏറ്റവും നന്നായ് മതിപ്പാക്കുമ്പോൾ, ഇതേ മണിയാകാരത്തിലാണ് വീതിക്കപ്പെടുന്നതെന്ന് തെളിയിക്കുകയും ചെയ്തു. സൗന്ദര്യം
പട്ടികയിലാക്കിക്കൊണ്ട് അദ്ദേഹം ഇംഗ്ലണ്ടിലൂടെയും സ്‌കോട്ലണ്ടിലൂടെയും നടന്നു; വഴിയിൽ കണ്ട സ്ത്രീകളെ "ആകർഷകം", "സാധാരണം", "വിരൂപം" എന്നിങ്ങനെ, കീശയിലൊളിപ്പിച്ച ഒരു കാർഡിലൊരു സൂചികൊണ്ട് കുത്തി അടയാളപ്പെടുത്തി. ഗാൾട്ടണിൻ്റെ വേർതിരിക്കുന്ന, വിലയിരുത്തുന്ന, ഗണിക്കുന്ന, പട്ടികയിലാക്കുന്ന കണ്ണിൽ നിന്ന് ഒരു മനുഷ്യലക്ഷണത്തിനും രക്ഷപ്പെടാനാവില്ലെന്ന് തോന്നും: "കാഴ്ച്ചയുടേയും കേൾവിയുടേയും സൂക്ഷ്മത; വർണ്ണബോധം; കണ്ണിൻ്റെ മതിപ്പ്; ശ്വസനശേഷി; പ്രതികരണസമയം; പിഴിയലിൻ്റെ ബലവും വലിവും; അടിയുടെ ആക്കം; കൈകളുടെ ചാൺ; ഉയരം . . . ഭാരം."

ഇത്രയുമായപ്പോൾ ഗാൾട്ടൺ അളവുകളിൽനിന്ന് പ്രക്രിയാപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. മനുഷ്യരിലെ ഈ വൈജാത്യങ്ങൾ പരമ്പരാഗതമോ? എങ്കിൽ, ഏതു രീതിയിൽ? വീണ്ടും, അദ്ദേഹം അസങ്കീർണ്ണമായ ജീവികളിൽനിന്ന് വഴി മാറി, നേരെ മനുഷ്യനിലേക്ക് ചാടിവീഴാമെന്ന് ആശിച്ചു. കുലീനമായ സ്വന്തം വംശാവലി തന്നെ --- മുത്തശ്ശനായ ഇറാസ്മസ്, മാതുലേയനായ ഡാർവ്വിൻ ---, കുടുംബങ്ങളിലാണ് പ്രതിഭ നിഹിതമായിരിക്കുന്നതെന്നതിനുള്ള തെളിവല്ലേ? കൂടുതൽ തെളിവുകൾ അണിനിരത്താൻ ഗാൾട്ടൺ പ്രഗത്ഭരായവരുടെ വംശാവലി പുനർനിർമ്മിച്ചു തുടങ്ങി. 1453നും 1853നുമിടയിൽ ജീവിച്ചിരുന്ന 605 വിശിഷ്ട വ്യക്തികളിൽ  102 പേർ കുടുംബബന്ധങ്ങളുള്ളവരായിരുന്നുവെന്ന്, ഉദാഹരണമായ്, അദ്ദേഹം കണ്ടെത്തി: സിദ്ധികളുള്ള ആറുപേരിൽ ഒരാൾ കുടുംബബന്ധമുള്ള ആളായിരുന്നു. വൈദഗ്ദ്ധ്യമുള്ള ഒരാൾക്കൊരു മകനുണ്ടെകിൽ ആ മകനും പ്രഗത്ഭനായിരിക്കാനുള്ള സാദ്ധ്യത പന്ത്രണ്ടിലൊന്നാണെന്ന് ഗാൾട്ടൺ നിർണ്ണയിച്ചു. അതിനു വിരുദ്ധമായി, "ക്രമരഹിതമായ്" തെരഞ്ഞെടുത്ത മൂവായിരം പേരിൽ ഒരാൾക്ക്‌ മാത്രമേ വൈശിഷ്ട്യപ്രാപ്തി കൈവന്നിരുന്നുള്ളൂ. പ്രാഗത്ഭ്യം പാരമ്പരാഗതമാണെന്ന് ഗാൾട്ടൺ വാദിച്ചു. പ്രഭുക്കന്മാർ പ്രഭുക്കളെ സൃഷ്ടിക്കുന്നു --- പ്രഭുപദവി പരമ്പരാഗതമായതുകൊണ്ടല്ല; ബുദ്ധി പരമ്പരാഗതമായതിനാൽ.


പ്രഗത്ഭർ പ്രഗത്ഭസന്തതികളെ സൃഷ്ടിക്കുമെന്ന സാദ്ധ്യത സ്പഷ്ടമാണെന്ന് ഗാൾട്ടൺ കരുതിയതിന് കാരണമുണ്ട്; "പുരോഗമനത്തിനുള്ള കൂടുതൽ അനുകൂലമായ സാഹചര്യത്തിലായിരിക്കുമല്ലോ" സന്തതി. സാഹചര്യത്തിൻ്റെ സ്വാധീനത്തെയും പാരമ്പര്യത്തെയും വിവേചിക്കാൻ പ്രകൃതിക്കെതിരെ പരിപോഷണം (nature versus nurture) എന്ന സ്മരണീയ വാക്യം നിർമ്മിച്ചത് ഗാൾട്ടനാണ്. പക്ഷേ, തൻ്റെ ഗോത്രത്തെയും
പദവിയെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആശങ്കകൾ ഏറെ അഗാധമായിരുന്നു. സവിശേഷമായ അവകാശത്തിൻ്റെയും അവസരത്തിൻ്റെയും ഉപോല്പന്നമാണ്  സ്വന്തം "ബുദ്ധി"യെന്ന ചിന്തപോലും അദ്ദേഹത്തിന് അസഹനീയമായിരുന്നു. ജീനുകളിൽ ഗുപ്‌തമായ് എഴുതപ്പെട്ടതായിരിക്കണം പ്രതിഭ. പ്രാഗത്ഭ്യത്തിൻ്റെ അത്തരം മാതൃകകൾക്കുള്ള ഉത്തരം തീർത്തും പാരമ്പര്യപ്രഭാവമാണെന്ന അതീവദുർബ്ബലമായ തൻ്റെ ബോദ്ധ്യത്തെ ശാസ്ത്രീയമായ എല്ലാ വെല്ലുവിളികൾക്കുമെതിരെ അദ്ദേഹം പ്രതിരോധിച്ചു.


ഈ വിവരങ്ങളുടെ ഭൂരിഭാഗവും ഗാൾട്ടൺ പ്രസിദ്ധീകരിച്ചു. ആകാശം തൊടാൻ അഭിലഷിക്കുന്ന, ശാഖാചംക്രമണസ്വാഭാവമുള്ള, പലയിടത്തും പൊരുത്തമില്ലാത്തൊരു ഗ്രന്ഥം --- "പരമ്പരാഗത പ്രതിഭ". അധികമാരുമത് വായിച്ചില്ല. പക്ഷേ, ഡാർവ്വിൻ വായിച്ചു; വിവർണ്ണമായൊരു പ്രശംസയോടെ അദ്ദേഹം മാതുലനെ വിമർശിച്ചു: " ഒരർത്ഥത്തിൽ നീ ഒരെതിരാളിയെ മാറ്റിയിരിക്കുകയാണ്; വിഡ്ഢികളെ ഒഴിച്ചു നിർത്തിയാൽ, ആവേശത്തിലും അത്യദ്ധ്വാനത്തിലുമല്ലാതെ മനുഷ്യർക്കിടയിൽ ബുദ്ധിപരമായ് വലിയ വ്യത്യാസമില്ലെന്നായിരുന്നൂ എൻ്റെ എന്നത്തേയും നിലപാട്." ഗാൾട്ടൺ സ്വന്തം അഹങ്കാരം വിഴുങ്ങി. മറ്റൊരു വംശാവലീഗവേഷണത്തിന് അദ്ദേഹം തുനിഞ്ഞില്ല.



തൻ്റെ വംശാവലീഗവേഷണത്തിൻ്റെ ആന്തരിക പരിമിതികൾ ഗാൾട്ടൺ തിരിച്ചറിഞ്ഞിരിക്കണം. കാരണം, ആ പദ്ധതി അദ്ദേഹം വൈകാതെ ഉപേക്ഷിച്ചു. പകരം, കൂടുതൽ ശക്തമായൊരു അനുഭാവാത്മക സമീപനം കൈക്കൊണ്ടു. 1880കളുടെ മദ്ധ്യേ, അദ്ദേഹം ആളുകൾക്ക് "സർവ്വേകൾ" തപ്പാൽവഴി അയച്ചുകൊടുത്തു. അദ്ദേഹം അവരോട് കുടുംബരേഖകൾ പരിശോധിക്കാനും, വിവരപ്പട്ടികകൾ ഉണ്ടാക്കാനും ആവശ്യപ്പെട്ടു; ഉയരം, തൂക്കം, നേത്രനിറം, ബുദ്ധി, മാതാപിതാക്കളുടെ സർഗ്ഗസിദ്ധികൾ, അപ്പൂപ്പനമ്മൂമ്മമാർ, കുട്ടികൾ തുടങ്ങിയ വിവരങ്ങൾ തപ്പാലിലയക്കാനും പറഞ്ഞു (ഗാൾട്ടണിൻ്റെ കുടുംബസ്വത്ത് --- അദ്ദേഹത്തിൻ്റെ ഏറ്റവും മൂർത്തമായ പൈതൃകം --- ഇവിടെയൊരു സൗകര്യമായി; തൃപ്തിയേകുന്ന സർവ്വേ തിരിച്ചയക്കുന്നവർക്ക് അദ്ദേഹം നല്ലൊരു തുക പ്രതിഫലമായ് വാഗ്ദാനം ചെയ്തു).  ഈ ശരിയായ സംഖ്യകളുടെ പിൻബലത്തോടെ, ദശാബ്ദങ്ങളായ് അമിതാവേശത്തോടെ താൻ വേട്ടയാടിയ, പിടി തരാത്ത "പാരമ്പര്യനിയമം", ഗാൾട്ടണിനി കണ്ടെത്താം.

അദ്ദേഹം കണ്ടെത്തിയതിലധികവും, ആപേക്ഷികമായ്, ഉള്ളറിവുകളായിരുന്നു --- ഒരു വഴിത്തിരിവോടെയാണെങ്കിലും. ഉയരമുള്ള മാതാപിതാക്കളുടെ സന്തതികൾ ഉയരമുള്ളവരായിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തി --- പക്ഷെ, ശരാശരിയനുസരിച്ച്. ഉയരമുള്ള ദമ്പതികളുടെ കുട്ടികൾ തീർച്ചയായും ജനസംഖ്യയിലെ ശരാശരി ഉയരത്തേക്കാൾ ഉയരമുള്ളവർ തന്നെ; എന്നാൽ, മണിയാകൃതിയിലുള്ള രേഖയിൽ അവരും വ്യത്യസ്തരായിരുന്നു; ചിലർക്ക് മാതാപിതാക്കളെക്കാൾ ഉയരം; മറ്റുചിലർക്ക് ഉയരക്കുറവും.** ഈ വിവരങ്ങൾക്ക് പിറകിലൊരു പാരമ്പര്യ നിയമം ഒളിച്ചിരിപ്പുണ്ടെങ്കിൽ അതിതായിരിക്കും: നിരന്തരമായ വക്രരേഖകളിലൂടെയാണ് മനുഷ്യലക്ഷണങ്ങൾ വീതിക്കപ്പെടുന്നത്; നിരന്തര വൈജാത്യങ്ങൾ നിരന്തര വൈജാത്യങ്ങളെ സൃഷ്ടിക്കുന്നു.

പക്ഷേ, ഒരു നിയമം --- ഒരു അന്തർനിഹിത മാതൃക --- വൈജാത്യോൽപ്പത്തിയെ ഭരിക്കുന്നുണ്ടോ? 1880കളുടെ ഒടുവിൽ, ഗാൾട്ടൺ തൻ്റെ നിരീക്ഷണങ്ങളെയെല്ലാം പാരമ്പര്യത്തെക്കുറിച്ചുള്ള തൻ്റെ ഏറ്റവും പക്വമായൊരു പരികൽപ്പനയായ് സംശ്ളേഷിച്ചു. മനുഷ്യനിലെ ഓരോ ഗുണവും --- ഉയരം, തൂക്കം, ബുദ്ധി, സൗന്ദര്യം --- പൂർവ്വീകപൈതൃകത്തിൻ്റെ പരിരക്ഷിതമായൊരു മാതൃക സൃഷ്ടിക്കുന്ന സമ്മിശ്രധർമ്മമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. സന്തതിക്ക് ഈ ഗുണങ്ങളിൽ, ശരാശരിയായ്, പകുതി മാതാപിതാക്കൾ നൽകുന്നു; നാലിലൊന്ന് അപ്പനമ്മൂമ്മമാർ; എട്ടിലൊന്ന് അവരുടേയും അപ്പനമ്മമാർ --- അങ്ങനെയങ്ങനെ അതിവിദൂരസ്ഥരായ പൂർവ്വികർ വരെ പിറകിലോട്ട്. എല്ലാ പങ്കുകളും  1/ 2 + 1/ 4 + 1/ 8 + . . . എന്ന പരമ്പരയാൽ വിവരിക്കാം ---- എല്ലാം കൂട്ടിയാൽ, സൗകര്യപ്രദമായ്, 1 കിട്ടും. ഗാൾട്ടൺ ഇതിനെ പാരമ്പര്യത്തിൻ്റെ പൂർവ്വീക നിയമം എന്ന് വിളിച്ചു.  അത് ഗണിതശാസ്ത്രപരമായ ഒരു തരം കുഞ്ഞുമനുഷ്യനായിരുന്നു --- പൈഥഗോറസിൽനിന്നും പ്ലേറ്റോയിൽനിന്നും കടമെടുത്ത ആശയം; പക്ഷേ, ഭിന്നസംഖ്യകളും, ഛേദങ്ങളും കൊണ്ടലങ്കരിച്ച, കേട്ടാൽ നവീനമെന്നു തോന്നുന്ന നിയമം.

പാരമ്പര്യത്തിൻ്റെ യാഥാർത്ഥമായൊരു മാതൃക കൃത്യമായ് പ്രവചിക്കാൻ ഈ നിയമത്തിന് കഴിയുന്നിടത്താണ് അതിൻ്റെ നേട്ടത്തിൻ്റെ സിംഹാസനാരോഹണമെന്ന് ഗാൾട്ടണ് അറിയാമായിരുന്നു. 1897ൽ അത് പരീക്ഷിക്കാൻ പറ്റിയ ശ്രേഷ്ഠമായൊരു സംഗതി അദ്ദേഹം കണ്ടെത്തി. ഇംഗ്ലീഷ് വംശാവലിയെക്കുറിച്ചുള്ള മറ്റൊരു കമ്പം --- പട്ടികളുടെ വംശാവലി--- മുതലെടുക്കവേ, ഗാൾട്ടണൊരു കയ്യെഴുത്തുപ്രതി കണ്ടെത്തി: ബാസെറ്റ് ഹൌണ്ട് ക്ലബ് റൂൾസ്; 1896ൽ സർ എവെററ്റ് മിലെയ്സ് പ്രസിദ്ധീകരിച്ച സമാഹാരം. അതിൽ അനവധി തലമുറകളോളമുള്ള  ബാസെറ്റ്  ഹൌണ്ടുകളുടെ***രോമാവരണവർണ്ണം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഓരോ തലമുറയിലെയും രോമാവണനിറം തൻ്റെ നിയമത്തിന് കൃത്യമായ് പ്രവചിക്കാൻ സാധിക്കുമെന്ന് കണ്ട ഗാൾട്ടണ് വലിയ ആശ്വാസമായി. അദ്ദേഹമൊടുവിൽ പാരമ്പര്യത്തിൻ്റെ കോഡ് വ്യക്തമാക്കിയിരിക്കുകയാണ്.

ഉത്തരം, എത്രതന്നെ തൃപ്തികരമായിരുന്നുവെങ്കിലും, അൽപ്പായുസ്സായിരുന്നു. 1901നും 1905നുമിടയിൽ ഗാൾട്ടൺ തൻ്റെ അതിഘോരനായ എതിരാളിയുമായ് കൊമ്പുകോർത്തു; മെൻഡൽ സിദ്ധാന്തത്തിൻ്റെ അമിതാവേശമാർന്ന മുന്നണിപ്പോരാളിയായിരുന്ന കേംബ്രിഡ്ജ് ജനിതകശാസ്ത്രകാരൻ വില്യം ബേയ്റ്റ്സണുമായ്. വിട്ടുവീഴ്ച്ചചെയ്യാത്തവനും, ആജ്ഞാശക്തി യുള്ളവനും, തൻ്റെ പുഞ്ചിരിയെ സദാ ക്രോധഭാവമായ് വക്രീകരിക്കുന്ന സൈക്കിൾപ്പിടിമീശയുമുള്ള ബേയ്റ്റ്സൺ സമവാക്യങ്ങൾ കൊണ്ടൊന്നും കുലുങ്ങിയില്ല. ബാസെറ്റ് വേട്ടനായയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നുകിൽ അസാധാരണമാണ് അല്ലെങ്കിൽ തെറ്റാണ്. അസുന്ദരമായ വസ്തുതകൾ പലപ്പോഴും മനോഹരമായ നിയമങ്ങളെ കൊല്ലാറുണ്ട്. ഗാൾട്ടണിൻ്റെ അനന്തമായ ശ്രേണി എത്രതന്നെ മനോഹരമായ് തോന്നിയാലും, ബേയ്റ്റ്സണിൻ്റെ സ്വന്തം പരീക്ഷണങ്ങൾ ഉറപ്പായും വിരൽ ചൂണ്ടുന്നത് മറ്റൊരു വസ്തുതയിലേക്കാണ്: പാരമ്പര്യനിർദ്ദേശങ്ങൾ വഹിക്കുന്നത് വിവരത്തിൻ്റെ വ്യതിരിക്തമായ ഏകകങ്ങളാണ്; അല്ലാതെ, പൂർവീകപ്പ്രേതങ്ങളിൽനിന്നുള്ള പാതിയുംകാലുമാക്കപ്പെട്ട സന്ദേശങ്ങളല്ല. അസാധാരണമായ ശാസ്ത്രപാരമ്പര്യമുള്ളയാളാണ്  മെൻഡലെങ്കിലും, വ്യക്തിപരമായ് വൃത്തിയില്ലാത്തയാളാണ്  ഡ വ്രീസെങ്കിലും, അവർ രണ്ടുപേരും ശരിയായിരുന്നു. സന്തതി ഒരു പൂർവ്വികമിശ്രം ആണ്: പക്ഷേ, അത്യന്തം ലളിതമായൊരു മിശ്രം: ഒരു പാതി അമ്മയിൽനിന്നും, മറുപാതി അച്ഛനിൽനിന്നും. മാതാവും പിതാവും ഓരോ നിർദ്ദേശഗണം സംഭാവന
ചെയ്യുന്നു; അവ ഡീകോഡ് ചെയ്യപ്പെട്ട് കുട്ടിയുണ്ടാകുന്നു.

ബേയ്റ്റ്സണിൻ്റെ ആക്രമണത്തിനെതിരെ ഗാൾട്ടൺ സ്വന്തം സിദ്ധാന്തത്തെ പ്രതിരോധിച്ചു. രണ്ട് ഉന്നത ജീവശാസ്ത്രജ്ഞന്മാരും --- വാൾട്ടർ വെൽഡൺ, ആർതർ ഡർബിഷയർ --- കാൾ പിയേഴ്‌സൺ എന്ന ഗണിതശാസ്ത്രപ്രഗത്ഭനും "പൂർവ്വീകനിയമ"ത്തിൻ്റെ പ്രതിരോധപരിശ്രമത്തിൽ പങ്കുചേർന്നു. വാദപ്രതിവാദം ക്ഷണത്തിലൊരു  തുറന്ന യുദ്ധത്തിലേക്ക് വഷളായ് വളർന്നു. ഒരിക്കൽ കേംബ്രിഡ്ജിൽ ബേയ്റ്റ്സണിൻ്റെ അദ്ധ്യാപകനായിരുന്ന വെൽഡൺ അദ്ദേഹത്തിൻ്റെ അതിപ്രബലനായ എതിരാളിയായി. ബേയ്റ്റ്സണിൻ്റെ പരീക്ഷണങ്ങൾ "തുലോം അപര്യാപ്‌ത"മെന്ന് അദ്ദേഹം മുദ്ര ചാർത്തി; ഡ വ്രീസിൻ്റെ ഗവേഷണങ്ങളിൽ വിശ്വസിക്കാൻ വിസമ്മതിച്ചു. പിയേഴ്‌സൺ, അതിനിടയിൽ, ഒരു ശാസ്ത്രമാസിക സ്ഥാപിച്ചു: ജീവപരിമാണം [Biometrika] --- ഗാൾട്ടണിൻ്റെ ജൈവപരിമാണം എന്ന ആശയത്തിൽനിന്ന് നേടിയ പേര് ---  അത് ഗാൾട്ടൺസിദ്ധാന്തത്തിൻ്റെ വക്കീലായ് പരിണമിച്ചു.

1902ൽ ഡർബിഷയർ പരീക്ഷണങ്ങളുടെ പുതിയൊരു ശരവർഷം എലികളിൽ തുടങ്ങി. മെൻഡൽ സിദ്ധാന്തം തെറ്റാണെന്ന് എന്നെന്നേക്കുമായ് തെളിയിക്കാം എന്നായിരുന്നൂ പ്രതീക്ഷ. ഗാൾട്ടൺ സിദ്ധാന്തം ശരിയാണെന്നു സ്ഥാപിക്കാനുള്ള ആശയോടെ അദ്ദേഹം ആയിരക്കണക്കിന് എലികളെ പോറ്റി. പക്ഷേ, ആദ്യതലമുറയേയും, സങ്കരസങ്കരങ്ങളേയും ഡർബിഷയർ വിശ്ലേഷണം ചെയ്തപ്പോൾ ലഭിച്ച ക്രമവിന്യാസംവ്യക്തമായിരുന്നു: തലമുറകളിലേക്ക് കുത്തനെ കടന്നു പോകുന്ന വ്യതിരിക്തമായ ലക്ഷണങ്ങൾക്ക് മെൻഡലിൻ്റെ പാരമ്പര്യത്തിന് മാത്രമേ ഉത്തരം പറയാനാകൂ. ഡർബിഷയർ ആദ്യമൊക്കെ തടുത്തുനിന്നു. പക്ഷേ, വസ്തുതകളെ നിഷേധിക്കാൻ അദ്ദേഹത്തിനായില്ല. അദ്ദേഹമൊടുവിൽ പരാജയം സമ്മതിച്ചു.

1905ലെ വസന്തത്തിൽ, റോമിലെ തൻ്റെ ഒഴിവുകാലദിനങ്ങളിലേക്ക്, വെൽഡൺ ബേയ്റ്റ്സണിൻ്റെയും ഡ വ്രീസിൻ്റെയും വിവരങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോയി. അവിടെയിരുന്ന്, കോപത്താൽ തിളച്ച്, അദ്ദേഹം ആ വിവരങ്ങളെ ഗാൾട്ടൺസിദ്ധാന്തവുമായ് പൊരുത്തപ്പെടുത്താൻ "വെറുമൊരു ഗുമസ്തനെപ്പോലെ" പരിശ്രമിച്ചു. തൻ്റെ അപഗ്രഥനത്തിലൂടെ ആ പഠനങ്ങളെ കീഴ്മേൽ മറിക്കാനുള്ള ആശയോടെ വേനൽക്കാലത്ത് അദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങിയെങ്കിലും, ന്യൂമോണിയ ബാധിച്ച അദ്ദേഹം വീട്ടിലിരുന്ന് പൊടുന്നനെ മരിച്ചുപോയി. അദ്ദേഹത്തിനപ്പോൾ പ്രായം വെറും നാൽപ്പത്തിയാറു മാത്രം. തൻ്റെ പഴയ ചങ്ങാതിയായ ഗുരുവിന് ബേയ്റ്റ്സൺ ഹൃദയസ്പർശിയായൊരു ചരമക്കുറിപ്പെഴുതി: "എൻ്റെ ജീവിതത്തിലെ പ്രമുഖമായ ഉണർച്ചയ്ക്ക് വെൽഡണോട് ഞാൻ കടപ്പെട്ടിരിക്കുന്നു," അദ്ദേഹം ഓർമ്മിച്ചു. "പക്ഷേ, ഇതെൻ്റെ ആത്മാവിൻ്റെ വ്യക്തിപരവും സ്വകാര്യവുമായ കർത്തവ്യമാണ്." 



ബേയ്റ്റ്സണിൻ്റെ "ഉണർച്ച" സ്വകാര്യമേ ആയിരുന്നില്ല. 1900ത്തിനും 1910നുമിടയിൽ, മെൻഡലിൻ്റെ "പാരമ്പര്യയേകകങ്ങൾ"ക്കുള്ള തെളിവു പെരുകിയപ്പോൾ, പുതിയ സിദ്ധാന്തത്തിൻ്റെ പ്രാഭവത്തെ ജീവശാസ്ത്രകാരന്മാർക്ക് നേരിടേണ്ടി വന്നു. വിവക്ഷകൾ ആഴമുള്ളവയായിരുന്നു. അരിസ്റ്റോട്ടിൽ പാരമ്പര്യത്തെ വിവരങ്ങളുടെ ഒഴുക്കായി പുനരാവിഷ്കരിച്ചതാണ് --- അണ്ഡത്തിൽനിന്ന് ഭ്രൂണത്തിലേക്കുള്ള കോഡുകളുടെ ഒരു നദി. നൂറ്റാണ്ടുകൾക്കു ശേഷം മെൻഡൽ ആ വിവരങ്ങളുടെ ഘടനയിൽ ചെന്നുതട്ടിയിരിക്കുകയാണ് --- കോഡിൻ്റെ അക്ഷരമാലയിൽ. തലമുറകളിലൂടെ ഒഴുകുന്ന വിവരത്തിൻ്റെ പ്രവാഹത്തെ അരിസ്റ്റോട്ടിൽ വിവരിച്ചുവെങ്കിൽ, മെൻഡൽ അതിൻ്റെ വ്യവസ്ഥ കണ്ടെത്തി.

പക്ഷേ, കൂടുതൽ മഹത്തായ മറ്റൊരു തത്ത്വം കൂടി പ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കാമെന്ന് ബേയ്റ്റ്സൺ തിരിച്ചറിഞ്ഞു: പാരമ്പര്യത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലാ ജൈവവിവരങ്ങൾ. മുഴുവൻ ജീവലോകത്തിലൂടെയും അത് പ്രവഹിക്കുകയാണ്. വിവരപ്രവാഹത്തിൻ്റെ ഒരു ദൃഷ്ടാന്തം മാത്രമാണ് പാരമ്പര്യഗുണങ്ങളുടെ പകർച്ച. പക്ഷേ, നമ്മുടെ സങ്കൽപ്പനനേത്രം ഒന്നു മുറുക്കിച്ചിമ്മി ആഴത്തിലേക്ക് നോക്കിയാൽ, ജീവലോകത്തിലാകെ സർവ്വവ്യാപകമായ് വിവരങ്ങളൊഴുകുന്നത് ഭാവന ചെയ്യാൻ എളുപ്പമാണ്. ഒരു ഭ്രൂണത്തിൻ്റെ വിടരൽ; സൂര്യപ്രകാശത്തിലേക്കുള്ള ചെടിയുടെ വലിയൽ; തേനീച്ചകളുടെ നൃത്തം --- ഓരോ ജീവധർമ്മവും ഗുപ്‌തഭാഷയിലുള്ള നിർദ്ദേശങ്ങളുടെ അനാവരണമാണ്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാന വ്യവസ്ഥയിലേക്ക് മെൻഡൽ തപ്പിത്തടഞ്ഞ് വീണുകഴിഞ്ഞിരുന്നോ? ഈ പ്രക്രിയകളെയെല്ലാം വിവരത്തിൻ്റെ ഏകകങ്ങൾ നയിക്കുകയായിരുന്നുവോ? "സ്വന്തം ഗവേഷണങ്ങളെ നോക്കിക്കാണുന്ന നാമോരുരുത്തരും, അവയിലെല്ലാം മെൻഡലിൻ്റെ സൂചനകൾ അന്തർലീനമായിരിക്കുന്നതായ് കാണുന്നു,"  ബേയ്റ്റ്സൺ പ്രസ്താവിച്ചു. "നമുക്ക് മുന്നിൽ നീണ്ടുകിടക്കുന്ന ആ രാജ്യത്തിൻ്റെ അതിരുകൾ മാത്രമാണ് നാം സ്പർശിച്ചിരിക്കുന്നത് . . . പാരമ്പര്യത്തെക്കുറിച്ചുള്ള പരീക്ഷണപഠനം, അതു  നൽകുന്ന ഫലങ്ങളുടെ പരിമാണത്തിൻ്റെ  കാര്യത്തിൽ . . . ഒരു ശാസ്ത്രശാഖയ്ക്കും പിറകിലല്ല."

"പുതിയ രാജ്യ"ത്തിന് പുതിയ ഭാഷ വേണ്ടതാണ്. മെൻഡലിൻ്റെ
"പാരമ്പര്യയേകകങ്ങൾക്ക്" ഒരു പേരിടണം. ആധുനികാർത്ഥത്തിലുള്ള ആറ്റം [പരമാണു] എന്ന വാക്ക് ശാസ്ത്രഭാഷയിലേക്ക് പ്രവേശിക്കുന്നത് 1808ലെ ജോൺ ഡാൾട്ടണിൻ്റെ നിബന്ധത്തിലൂടെയാണ്. കൃത്യം ഒരു നൂറ്റാണ്ട് കഴിഞ്ഞ്, 1909ലെ വേനലിൽ, ബോട്ടണിസ്റ്റായ വിൽഹെം യൊഹാൻസെൻ പാരമ്പര്യയേകകത്തെക്കുറിക്കുന്ന ഒരു വ്യതിരിക്തപദമുണ്ടാക്കി.  അദ്ദേഹമാദ്യം ഡ വ്രീസിൻ്റെ, ഡാർവ്വിനോടുള്ള ആദരസൂചകമായ,  സർവ്വജനിതകം [pangene] പരിഗണിച്ചു. പക്ഷേ, നേരു പറഞ്ഞാൽ, ഡാർവ്വിൻ ആ ആശയം തെറ്റായ് പരികൽപ്പന ചെയ്തതാണ്. അതിനാൽ, സർവ്വജനിതകമെന്നും ആ തെറ്റിദ്ധാരണയുടെ സ്മൃതി പേറുന്നതായിരിക്കും. യൊഹാൻസെൻ അതു കുറുക്കി ജീൻ എന്നാക്കി (ഉച്ചാരണപ്പിശക് ഒഴിവാക്കാമെന്ന് കരുതി, ജെൻ [gen] എന്നു വിളിക്കാനായിരുന്നൂ ബേയ്റ്റ്സൺ ആഗ്രഹിച്ചത് --- പക്ഷേ, ഏറെ വൈകിപ്പോയി. യൊഹാൻസെന്നിൻ്റെ നവവാക്കും, ഇംഗ്ലീഷിനെ മാന്തി വികൃതമാക്കുന്ന ശീലവും സ്ഥിരമായി).

ഡാൾട്ടണെയും  ആറ്റത്തെയും പോലെതന്നെ, ബേയ്റ്റ്സണോ, യൊഹാൻസെന്നിനോ എന്താണ്  ജീൻ എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമായുണ്ടായിരുന്നില്ല. അതിൻ്റെ ഭൗതികരൂപമോ, ഭൗതീക ഘടനയോ രാസഘടനയോ, ശരീരത്തിലോ കോശത്തിലോയുള്ള അതിൻ്റെ ഇടമോ, എന്തിന്, അതിൻ്റെ പ്രക്രിയാധർമ്മമോ അവർക്ക്‌ മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒരു ധർമ്മത്തെ സൂചിപ്പിക്കാൻ ഒരു വാക്ക് സൃഷ്ടിച്ചു. അതൊരമൂർത്തതയായിരുന്നു. ജീൻ എന്താണോ ചെയ്യുന്നത് അതിനാൽ ജീൻ നിർവചിക്കപ്പെട്ടു. അത് പാരമ്പര്യസന്ദേശവാഹനമാണ്. "ഭാഷ നമ്മുടെ സേവകൻ മാത്രമല്ല," യൊഹാൻസെൻ എഴുതി, "അത് നമ്മുടെ യജമാനൻ കൂടിയാകും. പുതിയതും പുനരാവിഷ്‌കൃതവുമായ ആശയങ്ങൾ എവിടയൊക്കെ സൃഷ്ടിക്കപ്പെടുന്നുവോ, അവിടയൊക്കെ പുതിയ സംജ്ഞകൾ വികസിപ്പിക്കുന്നത് അഭിലഷണീയമാണ്. അതിനാലാണ് ഞാൻ 'ജീൻ' എന്ന വാക്ക് നിർദ്ദേശിച്ചത്. പ്രായോഗികമായ ഒരു കൊച്ചുവാക്ക് മാത്രമാണ് 'ജീൻ'. ആധുനിക മെൻഡേലിയൻ ഗവേഷകർ തെളിയിച്ച . . . "ഏകഘടകങ്ങളെ" സൂചിപ്പിക്കാൻ അത് ഉപയുക്തമായേക്കാം."'ജീൻ' എന്ന വാക്ക് എല്ലാ 'പരികൽപ്പനകളി'ൽനിന്നും പരിപൂർണ്ണമായും വിമുക്തമാണ്," യൊഹാൻസെൻ പറഞ്ഞു. "അതുല്യവും, വ്യതിരിക്തവും, അതിനാൽ സ്വതന്ത്രവുമായ രീതികളിൽ ഇനം തിരിക്കപ്പെട്ടതാണ് ഒരു ജീവിയുടെ പല ലക്ഷണങ്ങളുമെന്ന സ്പഷ്ടമായ വസ്തുതയെ പ്രകാശിപ്പിക്കുക മാത്രമാണ് അത് ചെയ്യുന്നത്."

പക്ഷേ, ശാസ്ത്രത്തിൽ ഒരു വാക്ക് ഒരു പരികല്പനയാണ്. സാധാരണ ഭാഷയിൽ വാക്കുപയോഗിക്കുന്നത് ആശയവിനിമയത്തിനാണ്. പക്ഷേ, ശാസ്ത്രഭാഷയിൽ ഒരു വാക്ക് ഒരാശയത്തേക്കാൾ അധികം വിനിമയം ചെയ്യും --- ഒരു പ്രക്രിയയെ, ഒരു പരിണതഫലത്തെ, ഒരു പ്രവചനത്തെ. ഒരു ശാസ്ത്രനാമത്തിന് ഒരായിരം ചോദ്യങ്ങൾക്ക് തുടക്കമിടാനാകും. "ജീൻ" എന്ന ആശയവും അതു തന്നെയാണ് ചെയ്തത്. എന്താണ് ജീനിൻ്റെ ഭൗതീക, രാസ സ്വഭാവം? എങ്ങിനെയാണ് ഒരു ഗണം ജനിതകനിർദ്ദേശങ്ങൾ, ജനിതകരൂപം [geneotype] ഒരു ജീവിയുടെ യഥാർത്ഥ ശാരീരികരൂപത്തിലേക്ക്, പ്രതിഭാസരൂപ [phenotype] ത്തിലേക്ക് പരിവർത്തനപ്പെടുന്നത്? എങ്ങിനെയാണ് ജീനുകൾ പ്രക്ഷേപിക്കപ്പെടുന്നത്? എവിടെയാണ് അവയുടെ വാസം? എങ്ങിനെയാണ് അവ നിയന്ത്രിക്കപ്പെടുന്നത്? ഒരു ലക്ഷണത്തെ നിർദ്ദിഷ്ടമാക്കുന്ന വ്യതിരിക്ത പരമാണുക്കളാണ് ജീനുകളെങ്കിൽ, എങ്ങിനെയാണ് ഈ ഗുണത്തെ മനുഷ്യലക്ഷണങ്ങളുടെ സംഭവവുമായ്, ഉദാഹരണത്തിന്, ഉയരമോ, ചർമ്മനിറമോ, അഖണ്ഡമായ വളവുകളുമായോ ചേർച്ചയിലാക്കുന്നത്? ജീനുകൾ ഉൽപ്പത്തി അനുവദിക്കുന്നതെങ്ങനെ?

"ജനിതകശാസ്ത്രം അതിനൂതനമാകയാൽ . . . അതിൻ്റെ അതിരുകൾ നിർവ്വചിക്കുക അസാദ്ധ്യം," ഒരു സസ്യശാസ്ത്രകാരൻ 1914ൽ എഴുതി. "വാണിജ്യവ്യവഹാരത്തിലെന്ന പോലെ ഗവേഷണത്തിലും, പുതുതായ് കണ്ടുപിടിക്കപ്പെടുന്ന ഒരു താക്കോൽ നൂതനമേഖലകൾ തുറന്നിടുമ്പോഴാണ് ഉത്തേജനകാലം സമാഗതമാകുക."



റട്ട്ലൻഡ് ഗെയ്റ്റിലെ പരന്നു കിടക്കുന്ന പട്ടണവീട്ടിൽ ഏകാന്തവാസത്തിലായിരുന്ന ഫ്രാൻസിസ് ഗാൾട്ടണെ, വിചിത്രമെന്ന് പറയട്ടെ, '"ഉത്തേജനകാലം" ഉത്തേജിപ്പിച്ചതേയില്ല. മെൻഡലിൻ്റെ നിയമങ്ങളെ പുണരാൻ ജീവശാത്രജ്ഞന്മാർ പരക്കം പാഞ്ഞപ്പോൾ, ഗാൾട്ടൺ നിരുപദ്രവമായ നിർമ്മമത പുലർത്തി. പാരമ്പര്യയേകകങ്ങൾ വിഭാജ്യമോ അവിഭാജ്യമോ എന്നത് അദ്ദേഹത്തെ അലട്ടിയില്ല. അദ്ദേഹത്തെ ഉലച്ച കാര്യം, പാരമ്പര്യം പ്രായോഗികമോ  അല്ലയോ  എന്നതാണ്: മനുഷ്യപാരമ്പര്യത്തെ മനുഷ്യനന്മക്കായ് നിപുണതയോടെ കൈകാര്യം ചെയ്യാമോ എന്ന കാര്യം.

"ഗാൾട്ടണ് ചുറ്റും, വ്യവസായവിപ്ലവത്തിൻ്റെ സാങ്കേതികവിദ്യ  പ്രകൃതിക്കുമേലുള്ള മനുഷ്യൻ്റെ ആധിപത്യം സ്ഥാപിച്ചു," ചരിത്രകാരനായ ഡാനിയേൽ കെവ്‌ലെസ് എഴുതി. ഗാൾട്ടണ്  ജീനുകളെ കണ്ടുപിടിക്കാൻ പറ്റിയില്ല. പക്ഷേ, ജനിതക സാങ്കേതികവിദ്യകളെ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സ്വന്തം പരിശ്രമത്തിന് അദ്ദേഹമൊരു പേര് പണ്ടേ ഉണ്ടാക്കിയിരുന്നു: യൂജെനിക്സ് : ജനിതക ഗുണങ്ങളുടെ കൃത്രിമമായ തെരഞ്ഞെടുക്കലിലൂടെയും, മനുഷ്യവാഹകരെ വളർത്തുന്നതിനെ നിയന്ത്രിക്കുന്നതിലൂടെയുമുള്ള മനുഷ്യവംശത്തിൻ്റെ മെച്ചപ്പെടുത്തൽ. ഗാൾട്ടണ് ജനിതകശാസ്ത്രത്തിൻ്റെ വെറുമൊരു പ്രായോഗിക രൂപം മാത്രമായിരുന്നൂ യൂജെനിക്സ്; സസ്യശാസ്ത്രത്തിൻ്റെ ഒരു പ്രായോഗിക രൂപമാണ് കൃഷിപരിപാലനമെന്നപോലെ. "അന്ധമായും, മന്ദമായും, നിർദ്ദയമായും പ്രകൃതി ചെയ്യുന്നതെന്താണോ, അതു മനുഷ്യൻ ദീർഘദൃഷ്ടിയോടെയും, അതിവേഗവും, കരുണയാർന്നും ചെയ്യട്ടെ. അതവൻ്റെ ശേഷിയിലിരിക്കേ, ആ ദിശയിലേക്ക് പ്രവർത്തിക്കേണ്ടത് അവൻ്റെ ധർമ്മമാണ്," ഗാൾട്ടൺ എഴുതി. 1869ലേ, "പരമ്പരാഗതപ്രതിഭ"യിൽ അദ്ദേഹമീ ആശയം ആദ്യമായ്  മുന്നോട്ട് വച്ചതാണ് ---- മെൻഡൽ വീണ്ടും കണ്ടുപിടിക്കപ്പെടുന്നതിന് മുപ്പതു കൊല്ലങ്ങൾക്ക് മുമ്പ്. പക്ഷേ, അതിൽ പഠനം നടത്താതെ, അദ്ദേഹം പാരമ്പര്യത്തിൻ്റെ പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. "പൂർവീകപാരമ്പര്യ" മെന്ന ഗാൾട്ടണിൻ്റെ പരികല്പനയെ ബേയ്റ്റ്സണും ഡ വ്രീസും ഒന്നൊന്നായ് പൊളിച്ചടുക്കേ, ഗാൾട്ടൺ, വിവരണാത്മകമായ ഉൾപ്രേരണ വിട്ട്, നിർദ്ദേശാത്മകമായ ഉൾപ്രേരണയിലേക്ക് മാറി. മനുഷ്യപാരമ്പര്യത്തിൻ്റെ ജൈവീകാടിത്തറ താൻ തെറ്റായ് മനസ്സിലാക്കിയിരിക്കാം; പക്ഷേ, ചുരുങ്ങിയത്, അതു സംബന്ധിച്ച് എന്ത് ചെയ്യണമെന്ന്  താൻ മനസ്സിലാക്കിയിട്ടുണ്ട്. "ഇത് സൂക്ഷ്മദർശിനികൾക്കുള്ള സംഗതിയല്ല," അദ്ദേഹത്തിൻ്റെ ഒരു ശിഷ്യൻ എഴുതി --- ബേയ്റ്റ്സണും, മോർഗനും, ഡ വ്രീസിനുമെതിരെയുള്ള ഒരു രഹസ്യാസ്ത്രം. "സമൂഹങ്ങൾക്ക് മഹത്വം കൊണ്ടുവരുന്ന ശക്തികളുടെ . . . പഠനമാണ് അതിലുൾപ്പെട്ടിരിക്കുന്നത്."

1904ലെ വസന്തത്തിൽ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ, ഒരു പൊതു പ്രഭാഷണവേദിയിൽ, യൂജെനിക്സിന് വേണ്ടിയുള്ള തൻ്റെ വാദം ഗാൾട്ടൺ അവതരിപ്പിച്ചു. അത് ലക്ഷണമൊത്തൊരു ബ്ലൂംസ്ബറി
സായാഹ്നമായിരുന്നു. നഗരത്തിലെ, കുളിച്ച്, ക്ഷൗരം ചെയ്ത് മിനുങ്ങിയ, സുഗന്ധം പൂശിയ വിശിഷ്ട വ്യക്തികൾ ഗാൽട്ടണെ കേൾക്കാനെത്തി:   ജോർജ്ജ് ബെർണാഡ് ഷായും എച്ച്‌. ജി. വെൽസും; സമൂഹപരിഷ്ക്കർത്താവായ ആലീസ് ഡ്രിസ്‌ഡെയ്‌ൽ - വിക്കറി; ഭാഷാദാർശനികയായ ലേഡി വെൽബി; സാമൂഹ്യശാസ്ത്രജ്ഞനായ ബെന്യാമിൻ കിഡ്; മനോവിശ്ലേഷകനായ ഹെന്രി മോഡ്‌സ്ലെയ്.
ബേയ്റ്റ്സണും വെൽഡണും വൈകിയെത്തി. പരസ്പര അവിശ്വാസത്തിൽ പുകഞ്ഞ് അവർ വേറിട്ടിരുന്നു.

ഗാൾട്ടൺ പത്തു മിനുട്ടേ സംസാരിച്ചുള്ളൂ. യൂജെനിക്സ്," ഒരു നവീനമതമെന്നപോലെ ദേശീയബോധത്തിലേക്ക് നിവേശിക്കപ്പെടേണ്ടതാണ്," അദ്ദേഹം പ്രസ്താവിച്ചു. ഡാർവ്വിനിൽനിന്ന് കടമെടുത്തതാണ് അതിൻ്റെ സ്ഥാപകതത്ത്വങ്ങൾ --- പക്ഷേ, അവ പ്രകൃതിനിർദ്ധാരണത്തിൻ്റെ യുക്തിയെ മനുഷ്യസമൂഹവുമായ് ഒട്ടിച്ചു ചേർത്തു. "ജീവിതത്തിൽ രോഗത്തോടെയല്ലാ, ആരോഗ്യത്തോടെയിരിക്കുന്നതാണ്, ദുർബ്ബലമായല്ലാ, ബലമോടെയിരിക്കുന്നതാണ്, അനുയോജ്യമായിരിക്കയുന്നതാണ്, അനുയോജ്യമല്ലാതെയിരിക്കുന്നതിനേക്കാൾ നല്ലതെന്ന് ഏതു ജീവിയും സമ്മതിക്കും. ചുരുക്കിപ്പറഞ്ഞാൽ, തങ്ങളുടെ ഇനത്തിലുള്ളവയിൽ,
അതേതിനമായാലും, നല്ല മാതൃകകളായിരിക്കുന്നതാണ്, ചീത്തമാതൃകകളായിരിക്കുന്നതിനേക്കാൾ നല്ലത്. മനുഷ്യരുടെ കാര്യത്തിലും അതു തന്നെയാണ് ശരി." അനുയോജ്യമായതിനെ അനുയോജ്യമല്ലാത്തതിനുപരി, രോഗമുള്ളതിനുപരി അരോഗമായതിനെ തെരഞ്ഞെടുക്കന്നത് ത്വരിതപ്പെടുത്തുകയായിരുന്നൂ യൂജെനിക്സിൻ്റെ ഉന്നം. അതു സാധിക്കാനായ് ബലമുള്ളവരെ സവിശേഷമായ്
വളർത്തിയെടുക്കണമെന്ന് ഗാൾട്ടൺ നിർദ്ദേശിച്ചു. ഈയൊരു ലക്ഷ്യത്തിനായ് വിവാഹത്തെ അനായാസമായ് അട്ടിമറിക്കാമെന്ന് അദ്ദേഹം വാദിച്ചു ---- പക്ഷേ, അതിന് വേണ്ടത്ര സാമൂഹിക സമ്മർദ്ദം പ്രയോഗിക്കേണ്ടി വരും. "യൂജെനിക്സിൻ്റെ വീക്ഷണകോണിലൂടെയുള്ള അനുചിതമായ വിവാഹങ്ങൾ സാമൂഹികവുമായ് നിരോധിച്ചാൽ . . . വിരളമായ വിവാഹങ്ങളേ നടക്കൂ." ഗാൾട്ടണിൻ്റെ ഭാവനയനുസരിച്ച്, മികച്ച കുടുംബങ്ങളുടെ മികച്ച ലക്ഷണങ്ങളുള്ള ഒരു രേഖ സമൂഹത്തിന് സൂക്ഷിച്ചു വെക്കാനാകും ---- ഒരു തരം വിത്തുകാളപ്പുസ്തകം. ഈ "സുവർണ്ണപുസ്തക" [അദ്ദേഹം അങ്ങനെയാണതിനെ വിളിച്ചതേ] ത്തിൽനിന്ന് സ്ത്രീപുരുഷന്മാർ തെരഞ്ഞെടുക്കപ്പെടും. അവരിണചേർന്ന് മികച്ച സന്തതികളെ ഉൽപ്പാദിപ്പിക്കും; വേട്ടപ്പട്ടികളുടെയും കുതിരകളുടെയും കാര്യത്തിലെന്നപോലെ. 



ഹ്രസ്വമായിരുന്നൂ ഗാൾട്ടണിൻ്റെ പ്രഭാഷണം. പക്ഷേ, ആൾക്കൂട്ടം അസ്വസ്ഥരായിക്കഴിഞ്ഞിരുന്നു. പാരമ്പര്യത്തെക്കുറിച്ചുള്ള ഗാൾട്ടണിൻ്റെ അനുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട്, മനോവിശ്ലേഷകനായ ഹെന്രി മോഡ്‌സ്ലെയ് ആക്രമണത്തിന് ആരംഭം കുറിച്ചു. കുടുംബങ്ങളിലെ മനോരോഗങ്ങൾ പഠിച്ചയാളാണ് മോഡ്‌സ്ലെയ്. ഗാൾട്ടൺ മുന്നോട്ടുവച്ചവയേക്കാൾ കൂടുതൽ സങ്കീർണ്ണമാണ് പാരമ്പര്യക്രമവിന്യാസങ്ങൾ എന്ന നിഗമനത്തിൽ എത്തിച്ചേർന്നയാൾ. സാധാരണ പിതാക്കൾക്കും ഉന്മാദികളായ മക്കളുണ്ടാകുന്നുണ്ട്. സാമാന്യകുടുംബങ്ങളിലും അസാമാന്യസന്തതികളുണ്ടാകുന്നു. മിഡ്‌ലാൻഡ്സിൽനിന്നുള്ള ലോകമറിയാത്ത ഒരു കയ്യുറനിർമ്മാതാവിൻ്റെ ---
"അയൽക്കാരിൽനിന്ന് സവിശേഷവ്യതാസമൊന്നുമില്ലാത്ത മാതാപിതാക്കൾക്ക് പിറന്ന" --- മകന് ഇംഗ്ളീഷു ഭാഷയിലെ ഏറ്റവും പ്രമുഖനായ എഴുത്തുകാരനായ് വളരാനായി. "അദ്ദേഹത്തിന് അഞ്ചു സഹോദരന്മാരുണ്ടായിരുന്നു," മോഡ്‌സ്ലെയ് പരാമർശിച്ചു. "എന്നിട്ടും, ഒരു കുട്ടി, വില്യം, "മാത്രമാണ് അസാമാന്യശ്രേഷ്ഠതയിലേക്കുയർന്നത്. അദ്ദേഹത്തിൻ്റെ ഒരു സഹോദരനും ഒരു രീതിയിലും വിശ്രുതനായില്ല." 'ന്യൂനതയാർന്ന' പ്രതിഭകളുടെ പട്ടിക നീണ്ടുനീണ്ടു പോയി. ന്യൂട്ടൺ രോഗിയും അശക്തനുമായ കുട്ടിയായിരുന്നു. കടുത്ത ആസ്തമയുള്ളവനായിരുന്നൂ ജോൺ കാൽവിൻ. ഡാർവ്വിന് ശരീരം തളർത്തുന്ന അതിസാരമുണ്ടായിരുന്നു; ഉന്മാദത്തോളമെത്തുന്ന അവസാദവും. ഹെർബർട് സ്‌പെൻസർ --- 'അത്യർഹമായതിൻ്റെ അതിജീവനം' എന്ന വാക്യമുണ്ടാക്കിയ തത്ത്വചിന്തകൻ ---, അതിജീവനത്തിനുള്ള സ്വന്തം അർഹതയുമായ് മല്ലിട്ട്, ജീവിതത്തിൻ്റെ ഭൂരിഭാഗവും നിരവധി രോഗങ്ങൾ ഹേതുവായ് ശയ്യാവലംബിയായിരുന്നു.

പക്ഷേ, മോഡ്‌സ്ലെയ് കരുതൽ നിർദ്ദേശിച്ചപ്പോൾ, മറ്റുള്ളവർ തിടുക്കത്തിനാണ് പ്രേരിപ്പിച്ചത്. നോവലിസ്റ്റായ എഛ്. ജി. വെൽസിന് യൂജെനിക്സ് അപരിചിതമായിരുന്നില്ല. "ദ ടൈം മെഷീൻ" എന്ന തൻ്റെ 1895ലെ നോവലിൽ  അദ്ദേഹം ഒരു ഭാവിമനുഷ്യരാശിയെ ഭാവന ചെയ്യുന്നുണ്ട്. നിഷ്കളങ്കതയും നന്മയും അഭിലഷണീയമായ ഗുണങ്ങളായ് തെരഞ്ഞെടുത്ത  ഈ മനുഷ്യർ അവശതയെത്തുവോളം പരസ്പരം ഇണചേർന്ന് പെരുകുന്നു; യാതൊരുവിധ ജിജ്ഞാസയോ ഉത്സാഹമോ ഇല്ലാത്ത, വിളറിയ, ശിശുസമാനമായ ഒരു വംശമായ് ജീർണ്ണിക്കുന്നു. "യഥായോഗ്യമായ ഒരു സമൂഹത്തെ" വാർത്തെടുക്കാനുള്ള മാർഗ്ഗമായ് പാരമ്പര്യത്തെ സമർത്ഥമായ് കൈകാര്യം ചെയ്യുകയെന്ന ഗാൾട്ടണിൻ്റെ ഉൾവിളിയോട് വെൽസ് യോജിച്ചു. പക്ഷേ, വിവാഹം വഴിയുള്ള, ബന്ധുക്കൾ തമ്മിലുള്ള, സവിശേഷമായ ഇണചേരൽ, ഉദ്ദേശ്യത്തിനു വിപരീതമായ്,  കൂടുതൽ ദുർബ്ബലവും, ബുദ്ധിയില്ലാത്തതുമായ
തലമുറകളെ സൃഷ്ടിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് വെൽസ് വാദിച്ചു. അതിനുപകരം പരിഗണിക്കാവുന്ന ഭീകരമായ മറ്റൊരു പരിഹാരമാർഗ്ഗമുണ്ട്
--- ദുർബ്ബലരെ തെരഞ്ഞെടുത്ത് നിർമ്മാർജ്ജനം ചെയ്യുക. "ഇണചേർന്നാൽ വിജയിക്കുന്നവയെ തെരഞ്ഞെടുക്കന്നതിലല്ല, പരാജയങ്ങളെ വന്ധ്യംകരിക്കുന്നതിലാണ് മനുഷ്യരാശിയുടെ മേന്മയ്ക്കുള്ള സാദ്ധ്യതയിരിക്കുന്നത്."

ബേയ്റ്റ്സണാണ്‌ ഒടുവിൽ സംസാരിച്ചത്. ആ യോഗത്തിലെ ഏറ്റവുമിരുണ്ടതും, ശാസ്ത്രീയവുമായ സ്വരം. ഇണചേർക്കാനുള്ള മികച്ച മാതൃകകളെ തെരഞ്ഞെടുക്കാൻ ശാരീരികവും മാനസികവുമായ ഗുണങ്ങൾ [പ്രതിഭാസരൂപം] ഉപയോഗിക്കാനാണല്ലോ ഗാൾട്ടൺ നിർദ്ദേശിച്ചത്. പക്ഷേ, ശരിയായ വിവരമടങ്ങിയിരിക്കുന്നത് ഗുണങ്ങളിലല്ല, അവയെ നിർണ്ണയിക്കുന്ന ജീൻസംയുക്തത്തിലാണെന്ന് ബേയ്റ്റ്സൺ വാദിച്ചു --- അതായത് ജനിതകരൂപത്തിൽ. ഗാൾട്ടണെ വിമോഹിതനാക്കിയ കായീകമാനസിക ലക്ഷണങ്ങൾ --- തൂക്കവുമുയരവും ബുദ്ധിയും --- അടിത്തട്ടിലുള്ള ജനിതകഗുണങ്ങളുടെ വെറും ബാഹ്യഛായകൾ മാത്രമാണ്. യൂജെനിക്സിൻ്റെ യഥാർത്ഥ ശക്തി കുടികൊള്ളുന്നത് ജീനുകളുടെ സമർത്ഥമായ കൈകാര്യം ചെയ്യുന്നതിലാണ് --- ലക്ഷണങ്ങളെ തെരഞ്ഞെടുക്കുന്നതിലല്ല. പരീക്ഷണങ്ങളിൽ വ്യാപൃതരായ ജനിതകകാരന്മാരുടെ "സൂക്ഷ്മദർശിനി" ഗാൾട്ടണ് പരിഹാസ്യമായ് തോന്നിയിരിക്കാം. പക്ഷേ, ഗാൾട്ടൺ അനുമാനിച്ചതിനേക്കാൾ അതിശക്തമായ ഒരുപകരണമാണത്. കാരണം, അതിന് പാരമ്പര്യത്തിൻ്റെ പുറന്തോട് ഭേദിച്ച് അതിൻ്റെ പ്രക്രിയാധർമ്മത്തിലേക്കുതന്നെ   തുളഞ്ഞുകയറാൻ പറ്റും. പാരമ്പര്യം അനുസരിക്കുന്നത് "അസാമാന്യമാംവിധം ലളിതമായൊരു കണിശനിയമ"ത്തെയാണെന്ന്, താമസിയാതെ, തെളിയിക്കപ്പെടുമെന്ന് ബേയ്റ്റ്സൺ മുന്നറിയിപ്പ് നൽകി. ഈ നിയമങ്ങളെ ഉൽകൃഷ്ടജനിതകവിദഗ്ദ്ധൻ പഠിക്കുകയും --- പ്ലേറ്റോയുടെ മാതിരി --- അയാളതിനെ ഭേദിക്കുകയും ചെയ്താൽ, അയാൾക്ക് അഭൂതപൂർവ്വമായ ശക്തി ഉപലബ്ധമാകും. ജീനുകളെ സമർത്ഥമായ്
ഉപയുക്തമാക്കുന്നതിലൂടെ, ഭാവിയെ നിപുണതയോടെ കൈകാര്യം ചെയ്യാനാകും.

ഗാൽട്ടണിൻ്റെ പ്രഭാഷണം അദ്ദേഹം ഉദ്ദേശിച്ചത്ര ആവേശമാർന്ന അംഗീകാരമുണ്ടാക്കിയില്ലായിരിക്കാം --- തൻ്റെ ശ്രോതാക്കൾ "നാല്പതുകൊല്ലം പിറകിലാണ് ജീവിക്കുന്നതെന്ന്" അദ്ദേഹം പിന്നീട് പരാതിപ്പെടുകയുണ്ടായി. പക്ഷേ, അദ്ദേഹം തൊട്ടതൊരു പച്ചഞരമ്പിലായിരുന്നുവെന്നത് സ്പഷ്ടമാണ്. പല വിക്റ്റോറിയൻ കുലീനരെയും പോലെ, ഗാൽട്ടണും ചങ്ങാതിമാർക്കും വംശീയജീർണ്ണത ഒരു പേടിയായിരുന്നു. (വെള്ളക്കാരുടെ വംശശുദ്ധി നിലനിർത്തുകയും, വിജാതീയ വംശങ്ങളുമായുള്ള ഇണചേരലിനെതിരെ പ്രതിരോധിക്കണമെന്നും, "പ്രാകൃതവംശ"ങ്ങളുമായുള്ള ഗാൾട്ടണിൻ്റെ മുഖാമുഖം [പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ കൊളോണിയൽ സ്വദേശികളുമായുള്ള ബ്രിട്ടൻ്റെ നേരിട്ടുള്ള അനുഭവത്തിൻ്റെ ഒരു ലക്ഷണം]    അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയിരുന്നു. 1867ലെ ണ്ടാം രിഷ്കരണ നിയമം ബ്രിട്ടനിലെ ആൺതൊഴിലാളികൾക്ക് വോട്ടവകാശം നൽകിയിരുന്നു. 1906 ആയപ്പോഴേക്കും, ഏറ്റവും മെച്ചമായ് പരിരക്ഷിക്കപ്പെട്ടിരുന്ന രാഷ്ട്രീയദുർഗ്ഗങ്ങൾ പോലും കടപുഴക്കപ്പെട്ടു --- പാർലിമെന്റിലെ ഇരുപത്തിയൊമ്പത് സീറ്റുകൾ ലേബർ പാർട്ടിക്ക് കിട്ടി. ഇംഗ്ലീഷ് കുലീന സമൂഹത്തിലാകെ അത് ആശങ്കയുടെ വിറയലുകൾ പടർത്തി. തൊഴിലാളി വർഗ്ഗം ശക്തിപ്പെടുന്നത് അവരുടെ ജനിതകശക്തീകരണത്തിനുള്ള പ്രകോപനമാകുമെന്ന് ഗാൾട്ടൺ വിശ്വസിച്ചു: അവർ പറക്കണക്കിന് കുട്ടികളെയുണ്ടാക്കും; ജനിതകശേഖരത്തിൽ മേൽക്കൈ നേടും; രാഷ്ട്രത്തെ സാമാന്യനിലവാരത്തിലേക്ക് വലിച്ചിഴക്കും. സാധാരണ മനുഷ്യന് [homme moyen] ജീർണ്ണത ബാധിക്കും. "ശരാശരി മനുഷ്യൻ" കൂടുതൽ അധമമാകും.

"പ്രസന്നയും ലോലയുമായൊരു സ്ത്രീ നിന്നെപ്പോലുള്ള മണ്ടന്മാരെ പെറ്റുപോറ്റും, ലോകം കീഴ്മേൽ മറിയും വരെ," 1860ൽ, മിൽ ഓൺ ദ ഫ്ളോസിൽ ജോർജ്ജ് എലിയട്ട് എഴുതിയിരുന്നു. മന്ദബുദ്ധികളുടെ നിരന്തര സൃഷ്ടി, ഗാൾട്ടണെ സംബന്ധിച്ച്, രാജ്യത്തിനെതിരെയുള്ള  ഗൗരവമായൊരു   ഭീഷണിയായ് നിലകൊണ്ടു. "ദാരിദ്രവും, വൃത്തികെട്ടതും, മൃഗീയവും, കുറിയതുമായ" ഒരു പ്രാകൃതികാവസ്ഥയെച്ചൊല്ലി തോമസ് ഹോബ്‌സണും ആകുലപ്പെട്ടിരുന്നു. ദരിദ്രവും, വൃത്തികെട്ടതും, ബ്രിട്ടീഷുമായ --- കുറിയതും കൂടിയായ, ജനിതകമേന്മയില്ലാട്ടാത്തവരെക്കൊണ്ട് നിറഞ്ഞുകവിയുന്നൊരു ഭാവിരാഷ്ട്രത്തെക്കുറിച്ചാണ് ഗാൾട്ടൺ വേവലാതിപ്പെട്ടത്. ആധിപൂണ്ടിരിക്കുന്ന സാമാന്യജനം സന്താനോൽപ്പാദന  ജനം കൂടിയാണ്. അവരെ അവരുടെ വഴിക്കു വിട്ടാൽ, ബഹുലമായ, കുളിയും നനയുമില്ലാത്തൊരു വംശത്തെ ഉൽപ്പാദിപ്പിക്കപ്പെടും (ഈ പ്രക്രിയയെ അദ്ദേഹം ദുർജ്ജനിതകം [kakogenics ---"മോശം ജീനി"ൽനിന്ന്] എന്നാണ് വിളിച്ചത്.

ഗാൽട്ടണിൻ്റെ ആന്തരവലയത്തിൽപ്പെട്ടവർക്ക് ആഴത്തിൽ തോന്നിയതും, എന്നാൽ പറയാൻ തന്റേടമില്ലാതിരുന്നതിനുമാണ് അദ്ദേഹം സ്വരം നൽകിയത്. അതായത്, ശക്തമായവയുടെ സവിശേഷ വളർത്തലിനൊപ്പം (ധനാത്മകമായ യൂജെനിക്സിനൊപ്പം) അശക്തമായവയുടെ വന്ധീകരണം (ഋണാത്മക യൂജെനിക്സ്) കൂടി ചേർന്നാലേ യൂജെനിക്സ് കാര്യക്ഷമമാകൂ എന്ന കാര്യം. 1911ൽ ഹാവ്‌ലക് എലിസ്, വന്ധീകരണത്തോടുള്ള തൻ്റെ
ഉൽക്കടാഭിലാഷത്തിന് സേവ ചെയ്യാൻ, മെൻഡലെന്ന ഏകാകിയായ ഉദ്യാനപാലകൻ്റെ പ്രതിച്ഛായ വക്രീകരിച്ചു: "ജീവൻ്റെ മഹോദ്യാനത്തിലെ കാര്യങ്ങൾ, നമ്മുടെ പൊതുപൂങ്കാവുകളിൽനിന്ന് വ്യത്യസ്തമല്ല. ബാലിശവും മൂർഖവുമായ തങ്ങളുടെ ആശാപൂരണത്തിനായ് ചെടികൾ പിഴുതു മാറ്റുകയും, പൂക്കളെ ചവിട്ടിത്തേക്കുകയും ചെയ്യുന്നവരുടെ തോന്ന്യവാസം നാം അടിച്ചമർത്താറുണ്ടല്ലോ. അതുമൂലം നാം നേടുന്നത് ഏവർക്കുമുള്ള   സ്വാതന്ത്ര്യവും ആനന്ദവുമാണ്. . . ഒരു വ്യവസ്ഥാബോധം വളർത്തിയെടുക്കാനും, അനുതാപത്തെയും ദീർഘദൃഷ്ടിയെയും പ്രോത്സാഹിപ്പിക്കാനും, വംശീയമായ കളകളെ വേരോടെ പറിക്കാനുമാണ് ഞങ്ങൾ തുനിയുന്നത് . . . ഈ കാര്യത്തിൽ, ശരിക്കും, ഉദ്യാനത്തിലെ ഉദ്യാനപാലകൻ തന്നെയാണ് ഞങ്ങളുടെ ദൃഷ്ടാന്തവും മാർഗ്ഗദർശിയും."



ഗാൾട്ടൺ തൻ്റെ അവസാന സംവത്സരങ്ങളിൽ ഋണാത്മക യൂജെനിക്സുമായ് മല്ലിട്ടു. അതുമായ് അദ്ദേഹം ഒരിക്കലും സന്ധിയിലായില്ല. "പരാജയങ്ങളുടെ വന്ധീകരണം" --- മാനവജനിതാകോദ്യാനത്തിലെ കളകളയലും, വേർതിരിക്കലും ---,  അതുൾക്കൊള്ളുന്ന ധാർമ്മീകമായ സർവ്വചേതങ്ങളോടേയും അദ്ദേഹത്തെ വേട്ടയാടി. പക്ഷേ, അവസാനം, യൂജെനിക്സിനെ ഒരു "ദേശീയമത"മാക്കാനുള്ള അദ്ദേഹത്തിൻ്റെ അഭിലാഷം, നിഷേധാത്മക യൂജെനിക്സിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ മന:സാക്ഷിക്കുത്തിനെ മറികടന്നു. 1909ൽ അദ്ദേഹമൊരു മാസിക സ്ഥാപിച്ചു: യൂജെനിക്സ് റീവ്യൂ. അത് സവിശേഷ വളർത്തലിനെ മാത്രമല്ല, സവിശേഷ വന്ധീകരണത്തെയും ഔദ്യോഗികമായംഗീകരിച്ചു. 1911ൽ അദ്ദേഹം ഒരു ഭാവിസ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള വിചിത്രമായ ഒരു നോവലെഴുതി: "Kantsaywhere".**** അവിടെ,ഏകദേശം പാതിയോളം ജനം "അയോഗ്യം" എന്ന് മുദ്രയടിക്കപ്പെടുകയും, പ്രതുൽപ്പാദനത്തിൽനിന്ന് വിലക്കപ്പെടുകയും ചെയ്തവരാണ് . നോവലിൻ്റെ ഒരു പ്രതി അദ്ദേഹം മരുമകൾക്ക് കൊടുത്തിരുന്നു. അതു വായിച്ച് അങ്ങേയറ്റം ചമ്മിയ അവർ അതിൻ്റെ നല്ലൊരു ഭാഗം കത്തിച്ചു കളഞ്ഞു.

ഗാൾട്ടണിൻ്റെ മരണത്തിനു ശേഷം ഒരു കൊല്ലം കഴിഞ്ഞ്, 1912 ജൂലായ് 24ന്, ലണ്ടനിലെ സെസിൽ ഹോട്ടലിൽ, യൂജെനിക്സിൻ്റെ ഒന്നാം അന്താരാഷ്ട്രീയ സമ്മേളനത്തിന് തുടക്കമായി. പ്രതീകാത്മകമായിരുന്നൂ യോഗസ്ഥലം. എണ്ണൂറു മുറികൾ. തെയിംസിനെ അഭിമുഖീകരിക്കുന്ന ബൃഹത്തായ ഏകശിലാമുഖപ്പ്. യൂറോപ്പിലെ, ഏറ്റവും ഗാംഭീര്യമുള്ളതല്ലെങ്കിലും,  ഏറ്റവും വലുപ്പമുള്ള ഹോട്ടലായിരുന്നൂ സെസിൽ. സാധാരണയായ്, നയതന്ത്രപരമോ, രാഷ്ട്രസംബന്ധിയോ ആയ കാര്യങ്ങൾക്കായ് കരുതിവെക്കാറുള്ള ഒരിടം. സമ്മേളനത്തിൽ പങ്കുചേരാൻ പന്ത്രണ്ടു രാജ്യങ്ങളിൽനിന്ന് വിവിധ മേഖലകളിൽനിന്നുള്ള ഉജ്ജ്വല വ്യക്തികൾ ഹോട്ടലിൽ പറന്നിറങ്ങി: വിൻസ്റ്റൺ ചർച്ചിൽ; ലോർഡ് ബൽഫോർ; ലണ്ടനിലെ ലോർഡ് മേയർ; മുഖ്യന്യായാധിപൻ; അലക്സാണ്ടർ ഗ്രഹാം ബെൽ; ഹാർവാർഡ് സർവ്വകലാശാലാ പ്രസിഡണ്ടായ ചാൾസ് എലിയട്ട്; ഓക്സ്ഫോർഡിലെ വൈദ്യശാസ്ത്രപ്പ്രഫസർ വില്യം ഓസ്ലർ; ഭ്രൂണശാസ്ത്രകാരൻ ആഗസ്റ്റ് വെയ്‌സ്‌മൻ. ഡാർവ്വിൻ്റെ മകൻ ലിയോണാർഡ് ഡാർവ്വിൻ യോഗാദ്ധ്യക്ഷനായി. ചടങ്ങിൽ ഡാർവ്വിനൊപ്പം കാൾ പിയേഴ്‌സനാണ്   വളരെയടുത്ത് സഹകരിച്ചത്. താഴികക്കുടം ചൂടിയ, വെണ്ണക്കല്ലരികുകളുള്ള, ഗാൾട്ടണിൻ്റെ വംശാവലി ശ്രദ്ധാർഹമായ് പ്രദർശിപ്പിച്ച ശാലയിലൂടെ നടന്നു വന്ന ശ്രോതാക്കൾ, സമർത്ഥമായ ജനിതകനിർവ്വഹണത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളാൽ സൽക്കരിക്കപ്പെട്ടു: കുട്ടികളുടെ ശരാശരി ഉയരം വർദ്ധിപ്പിക്കൽ; അപസ്മാരത്തിൻ്റെ പാരമ്പര്യം; മദ്യാസക്തരുടെ സംഭോഗ മാതൃക; കുറ്റവാസനയുടെ ജനിതകസ്വഭാവം.

ഇവയിലെല്ലാത്തിലുംവച്ച്, രണ്ടവതരണങ്ങൾ, അവയുടെ നടുക്കുന്ന ഉത്സാഹം ഹേതുവായ്, വേറിട്ടു നിന്നു. അവയിലൊന്ന്, "വംശശുദ്ധി"യെ അംഗീകരിച്ചുകൊണ്ടുള്ള ജർമ്മനിക്കാരുടെ, ആവേശവും കൃത്യതയുമാർന്ന പ്രദർശനമായിരുന്നു ---- വരുംകാലത്തെക്കുറിച്ചുള്ള ഘോരമായൊരു പൂർവ്വസൂചന. വൈദ്യനും, ശാസ്ത്രജ്ഞനും, വംശശുദ്ധീസിദ്ധാന്തത്തെ ആവേശത്തോടെ അനുകൂലിക്കുന്നവനുമായ ആൽഫ്രഡ്‌ പ്ലീറ്റ്‌സ്, ജർമ്മനിയിൽ വംശശുദ്ധീകരണപരിശ്രമത്തിന് പ്രാരംഭം കുറിക്കുന്നതിനെപ്പറ്റി വികാരാധീനമായ് സംസാരിച്ചു. വ്യാപ്തിയിലും അഭിവാഞ്ഛയിലും  ഏറെ വലുതായ രണ്ടാമത്തെ പ്രഭാഷണം അവതരിപ്പിച്ചത് അമേരിക്കയിൽനിന്നുള്ള പ്രതിനിധിസംഘമായിരുന്നു. യൂജെനിക്സ് ജർമ്മനിയിൽ കുടിൽ വ്യവസായമായിരുന്നെങ്കിൽ, അമേരിക്കയിലത് പൂർണ്ണതയെത്തിയ ദേശീയവ്യവഹാരമായ് കഴിഞ്ഞിരിക്കുന്നു. അമേരിക്കയിലെ പ്രസ്ഥാനത്തിൻ്റെ പിതാവ് ഹാർവാർഡിൽ പഠിച്ച കുലീനനായ ജീവശാസ്ത്രജ്ഞൻ
ചാൾസ് ഡാവൻപോർട്ടായിരുന്നു. 1910 ൽ അദ്ദേഹം യൂജെനിക്സ് കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഗവേഷണകേന്ദ്രവും പരീക്ഷണ ശാലയും --- ദ യൂജെനിക്സ് റെക്കാർഡ് ഫീസ് ---  സ്ഥാപിച്ചിരുന്നു. ചാൾസ് ഡാവൻപോർട്ടിൻ്റെ 1911ലെ പുസ്തകമായ "യൂജെനിക്സുമായ് ബന്ധപ്പെട്ട പാരമ്പര്യം " പ്രസ്ഥാനത്തിൻ്റെ വേദപുസ്തകമായിരുന്നു. രാജ്യമെങ്ങുമുള്ള കാളേജുകളിൽ അത് ജനിതകശാസ്ത്രപാഠപുസ്തകമായ് വിനിയോഗിക്കപ്പെട്ടിരുന്നു.

1912ലെ യോഗത്തിൽ ഡാവൻപോർട്ട്  ഹാജരായിരുന്നില്ല.പക്ഷെ, അദ്ദേഹത്തിൻ്റെ അരുമ ശിഷ്യൻ, മേരിക്കൻ ബ്രീഡേഴ്സ് സോസിയേഷൻ്റെ യുവാദ്ധ്യക്ഷനായ ബ്ലീക്കർ  വാൻ വഗേനെൻ കരഘോഷമുയർത്തുംവിധം പ്രസംഗിച്ചു. വാൻ വഗേനെൻ്റെ സംസാരം നിറയെ അമേരിക്കൻ പ്രായോഗികത മുറ്റിനിന്നു. "ന്യൂനതയുള്ള ജാതികളെ" ഉന്മൂലനം ചെയ്യാൻ അമേരിക്കയിൽ നടക്കുന്ന പ്രവർത്തനശ്രമങ്ങളെപ്പറ്റി അദ്ദേഹം തീവ്രതയോടെ പറഞ്ഞു. ജനിതകപരമായ് അയോഗ്യരായവർക്കുള്ള തടങ്കൽപ്പാളയങ്ങൾക്കുള്ള  --- കോളണികൾക്കുള്ള  --- പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞു. അപസ്മാരരോഗികൾ, കുറ്റവാളികൾ, ബധിരമൂകന്മാർ, ദുർബ്ബലമനസ്സുള്ളവർ, നേത്രവൈകല്യമുള്ളവർ, എല്ലു വികലമായവർ, കുള്ളന്മാർ, ഉന്മാദികൾ, ബഹുവ്യക്തിത്വമുള്ളവർ, അവസാദബാധിതർ എന്നീ അയോഗ്യപ്പയലുകളെ വന്ധീകരിക്കുന്നത് പരിഗണിക്കുന്ന കമ്മറ്റികളും രൂപപ്പെട്ടു കഴിഞ്ഞു.

"പത്തുശതമാനത്തോളം ജനത --- രക്തഗുണമേന്മയില്ലാത്തവരാണ്," വാൻ വഗേനെൻ സൂചിപ്പിച്ചു. "പ്രയോജനമുള്ള പൗരന്മാരുടെ മാതാപിതാക്കളാകാൻ ഒട്ടും യോഗ്യതയില്ലാത്തവർ . . . ഐക്യനാടുകളിലെ എട്ടു സംസ്ഥാനങ്ങളിൽ വന്ധീകരണം ആവശ്യമാക്കുന്നതോ, അധികാരപ്പെടുത്തുന്നതോ ആയ നിയമങ്ങളുണ്ട്." "പെൻസിൽവാനിയായിൽ, ഇദാഹോവിൽ, വിർജീനിയായിൽ ഗണ്യമായ രീതിയിൽ വന്ധീകരിക്കപ്പെട്ട വ്യക്തികളുണ്ട് ... സ്വകാര്യമായും, സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന സർജന്മാർ ആയിരക്കണക്കിന് ശസ്ത്രക്രിയകൾ നടത്തിയിരിക്കുകയാണ്. നിയമമനുസരിച്ച്, ഈ ശസ്ത്രക്രിയകളെല്ലാം നടത്തപ്പെട്ടത് രോഗഹേതുവായാണ്. അതിനാൽ, ഈ ശസ്ത്രക്രിയകളുടെ ദൂരഫലങ്ങളുടെ സാധുവായ രേഖകൾ ലഭിക്കുക ബുദ്ധിമുട്ടാണെന്ന് വന്നിരിക്കുന്നു."

"ആശുപത്രിയിൽനിന്ന് വിട്ടയച്ചവരെ നിരീക്ഷിക്കാനും, സമയാസമയങ്ങളിൽ അവരുടെ വിവരം ശേഖരിക്കുവാനുമുള്ള ശ്രമത്തിലാണ് ഞങ്ങൾ," കാലിഫോർണിയാ സ്റ്റെയ്റ്റ് ഹോസ്പിറ്റലിൻ്റെ
പൊതുമേലധികാരി 1912ൽ ഉന്മേഷത്തോടെ പറഞ്ഞു."ഒരു ദോഷഫലവും ഞങ്ങളിതേവരെ കണ്ടിട്ടില്ല."
----------------------------------------------------------
*yin: സ്ത്രീതത്ത്വം; yang: പുരുഷതത്ത്വം 

** സത്യത്തിൽ, അസാധാരണ ഉയരമുള്ള പിതാക്കളേക്കാൾ, ശരാശരിയിൽ, ഒരൽപ്പം ഉയരക്കുറവുണ്ടാകാനുള്ള പ്രവണത അവരുടെ മക്കൾക്കുണ്ടായിരുന്നു -- ജനസംഖ്യയിലെ ശരാശരി ഉയരത്തോട് അടുത്തു നിൽക്കുന്ന ഉയരം. ഏതോ ഒരദൃശ്യബലം പരമാവധിപ്പരിധികളെ എപ്പോഴും കേന്ദ്രത്തിലേക്ക് വലിക്കുന്നതുപോലെ തോന്നും. ഈ കണ്ടുപിടുത്തം --- ശരാശരിയിലേക്കുള്ള കീഴ് ഗമനം എന്ന് വിളിക്കപ്പെട്ടത് --- അളവുകളുടെ ശാസ്ത്രത്തിനു മേലും, വൈജാത്യമെന്ന സങ്കൽപ്പനത്തിനു മേലും ശക്തമായ സ്വാധീനം ചെലുത്തും. സ്ഥിതിവിവരശാസ്ത്രത്തിനുള്ള ഗാൾട്ടണിൻ്റെ സുപ്രധാന സംഭാവനയായിരിക്കുമിത്.
***Basset hound: നീണ്ട തടിയും, കുറിയ കാലും, തൂങ്ങിനിൽക്കുന്ന നീളൻ ചെവിയുമുള്ള, കായബലമുള്ള ഒരിനം വേട്ടപ്പട്ടി. 
**** Kantsaywhere :"എവിടെയെന്ന് പറയാൻ കഴിയില്ല" എന്നായിരിക്കണം ഉദ്ദേശിക്കപ്പെട്ടത് . 

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...