2023, ജനുവരി 2, തിങ്കളാഴ്‌ച

ജീൻ 28 (4)

 ഇനി, ഇരുനൂറു പെണ്ണുങ്ങളുള്ള ഒരു പുരാതന ഗോത്രത്തെ സങ്കൽപ്പിക്കുക; അവരിൽ ഓരോരാൾക്കും ഒരു കുഞ്ഞു വീതം ഉണ്ടെന്നും. അതൊരു പെൺകുഞ്ഞാണെങ്കിൽ, അതിൻ്റെ അമ്മ കർത്തവ്യപൂർവ്വം അവരുടെ മൈറ്റോകോൺഡ്രിയയെ അടുത്ത തലമുറയിലേക്ക് പകരും; പിന്നെ, മകളുടെ മകളിലൂടെ മൂന്നാം തലമുറയിലേക്കും. എന്നാൽ, ഈ അമ്മയ്ക്ക് മകൾക്കു പകരം ഒരു മകൻ മാത്രമാണുള്ളതെങ്കിൽ, അവരുടെ മൈറ്റോകോൺഡ്രിയാ പാരമ്പര്യം ഒരടഞ്ഞ അദ്ധ്യായമാകും. അതു സമ്പൂർണ്ണ വിനാശത്തിൽ അവസാനിക്കും (ബീജത്തിന് മൈറ്റോകോൺഡ്രിയയെ ഭ്രൂണത്തിലേക്ക് പകരാൻ കഴിയാത്തതു മൂലം, ആൺമക്കൾക്ക് അവരുടെ കുട്ടികൾക്ക് മൈറ്റോകോൺഡ്രിയാജനോം പകർന്നു കൊടുക്കാൻ കഴിയില്ല).

ആ ഗോത്രത്തിൻ്റെ പരിണാമ മാർഗ്ഗത്തിൽ എവിടെയോ വച്ച് പതിനായിരക്കണക്കിന് അത്തരം മൈറ്റോകോൺഡ്രിയാ പൈ(മാ)തൃകങ്ങൾ, യദൃച്ഛയാ, ഇങ്ങനെ പാരമ്പര്യപരമായ ഒരു പ്രതിസന്ധിയിൽ എത്തിച്ചേരുകയും, അവസാനിക്കുകയും ചെയ്യും. ഇവിടെയാണ് സംഗതിയുടെ മർമ്മം കിടക്കുന്നത്: ഒരു വംശത്തിൻ്റെ സ്ഥാപക ജനസംഖ്യ തീരെ ചെറുതെന്നിരിക്കട്ടെ; കാലം കുറേ കഴിഞ്ഞെന്നുമിരിക്കട്ടെ. അങ്ങനെ വരുമ്പോൾ, അതിജീവിക്കുന്ന മാതൃ പാരമ്പര്യം ചുരുങ്ങിച്ചുരുങ്ങി വരികയും വളരെ കുറച്ചു മാത്രമായ് അവശേഷിക്കുകയും ചെയ്യും.  നമ്മുടെ ഈ ഗോത്രത്തിലെ പാതി സ്ത്രീകൾക്ക് ആൺമക്കൾ മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ, ഒരു നൂറു മൈറ്റോകോൺഡ്രിയാ പൈ(മാ)തൃകങ്ങൾ ആൺപാരമ്പര്യത്തിൻ്റേതു മാത്രമായ സ്ഫടികഫലകങ്ങളിൽ വീണുടയുകയും, അടുത്ത തലമുറയിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും. മറ്റൊരു പാതിയാകട്ടെ, രണ്ടാം തലമുറയിൽ ആൺകുട്ടികൾക്ക് മാത്രം ജന്മം നൽകുന്ന ഗതികേടിലാകും. കുറേ തലമുറകൾ കഴിയുമ്പോൾ, ആ ഗോത്രത്തിലെ ആണും പെണ്ണുമായ എല്ലാവരുടെയും മൈറ്റോകോൺഡ്രിയാ പാരമ്പര്യം ചുരുക്കം ചില സ്ത്രീകളിൽ നിന്നാണ് വരുന്നതെന്ന് കാണാറാകും. 

ആധുനിക മനുഷ്യരുടെ കാര്യത്തിൽ, ഈ സംഖ്യ ഒന്നിലേക്ക്  എത്തിച്ചേർന്നിരിക്കുകയാണ്: നമ്മുടെ ഓരോരുരുത്തരുടെയും മൈറ്റോകോൺഡ്രിയാ പൈ(മാ)തൃകം ഇരുനൂറായിരം കൊല്ലങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു സ്ത്രീയിൽ നിന്നാണെന്ന് കണ്ടെത്താൻ കഴിയുന്നതാണ്. അവരാണ് നമ്മുടെ വംശത്തിൻ്റെ  പൊതു മാതാവ്. അവരെ കണ്ടാൽ എങ്ങനെ ഇരിക്കുമെന്ന് നമുക്കറിയില്ല; എങ്കിലും, അവരുടെ ഇന്നത്തെ അടുത്ത ബന്ധുക്കളെ നമുക്കറിയാം: ബോട്സ്വാനയിലെ അല്ലെങ്കിൽ നമീബിയയിലെ സാൻ ഗോത്രവർഗ്ഗത്തിൽപ്പെടുന്ന സ്ത്രീകൾ. 

ഇത്തരമൊരു സ്ഥാപക മാതാവിനെക്കുറിച്ചുള്ള ആശയം എന്നെ വല്ലാതെ കോരിത്തരിപ്പിക്കുന്നുണ്ട്. മാനവജനിതകശാസ്ത്രത്തിൽ അവർക്ക് മനോഹരമായൊരു പേരുണ്ട്: "മൈറ്റോകോൺഡ്രിയാ ഹവ്വാ".

                                                                                      *

1994ലെ ഗ്രീഷ്മകാലം. രോഗപ്രതിരോധ വ്യവസ്ഥയുടെ ജനിതകപരമായ ഉറവിടത്തിൽ താൽപ്പര്യമുണ്ടായിരുന്ന ഞാൻ, കെന്യായിൽ നിന്ന്  റിഫ്ട് വാലിയിലൂടെ സിംബാബ്വേയിലേക്ക് യാത്രയായി; സാംബസി നദീ തടവും കടന്ന് ദക്ഷിണാഫ്രിക്കയിലെ സമതലത്തിലേക്ക്. ആ യാത്ര, മനുഷ്യൻ്റെ പരിണാമ യാത്രയിലേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു. ദക്ഷിണാഫ്രിക്കയിലെ, നമീബിയായിൽ നിന്നും ബോട്സ്വാനയിൽ നിന്നും ഏറെക്കുറെ സമദൂരത്തിലുള്ള വരണ്ട ഒരു പീഠഭൂമിയായിരുന്നൂ യാത്രയുടെ അവസാന ലക്‌ഷ്യം. ഇവിടെയാണ് സാൻ ഗോത്രവർഗ്ഗത്തിലുള്ള ചിലർ ഒരിക്കൽ ജീവിച്ചിരുന്നത്. ചന്ദ്രനിലെ വന്യമായ ഏകാന്തതക്കൊത്ത ഒരു ദേശം - പ്രതികാര ബുദ്ധിയുള്ള ഏതോ ഭൗമശക്തി തലവെട്ടിക്കളഞ്ഞ, സമതലത്തിനുമുകളിൽ ചേക്കേറിയിരിക്കുന്ന പരന്ന, വരണ്ട ഒരു പീഠഭൂമി. കൊള്ളയടിക്കപ്പെട്ടും, കൈമോശം വന്നും എൻ്റെ കയ്യിൽ തീരെ ഒന്നുമില്ലായിരുന്നു. ആകെയുണ്ടായിരുന്നത്‌ നാലു ജോഡി അടിവസ്ത്രങ്ങൾ. ഞാൻ അവ അരക്കാലുറകളായ് ഉപയോഗിച്ചു. കയ്യിൽ പിന്നെ ഉണ്ടായിരുന്നത് ഒരു കൂടു പ്രോട്ടീൻ തണ്ടുകളും ഒരു കുപ്പി വെള്ളവും മാത്രമായിരുന്നു. ബൈബിളിൽ പറയുന്നുണ്ടല്ലോ, നാം വരുന്നത് നഗ്‌നരായിട്ടാണെന്ന്. എൻ്റെ അവസ്ഥ ഏകദേശം അതു തന്നെയായിരുന്നു.      

കാറ്റടിച്ചു പരത്തിയ ആ പീഠഭൂമിയെ ആധാരമാക്കി, തെല്ലു ഭാവനയോടു കൂടി,  നമുക്ക് മനുഷ്യരുടെ ചരിത്രം പുനർനിർമ്മിക്കാവുന്നതാണ്. കാലം തുടങ്ങുന്നത് ഏകദേശം ഇരുനൂറായിരം കൊല്ലങ്ങൾക്കു മുമ്പാണ്. അക്കാലത്താണ്  ആദ്യകാല ആധുനിക മനുഷ്യർ ഈ ദേശത്ത്, അതല്ലെങ്കിൽ അതിനരികെ, പാർക്കാൻ തുടങ്ങിയത്. (പരിണാമജനിതക ശാസ്ത്രജ്ഞരായ ബ്രെന്നാ ഹെന്നും മാർക്കസ് ഫെൽഡ്മനും, സാറാ ടിഷ്കോഫും മനുഷ്യരുടെ ദേശാന്തരഗമനത്തിൻ്റെ തുടക്കം കൃത്യമായി കുറച്ചു കൂടി പടിഞ്ഞാട്ടു നിന്നാണെന്ന്, നമീബിയാ നദീതടത്തിനടുത്താണെന്ന്,  കണ്ടെത്തിയിട്ടുണ്ട്.)  ഈ പുരാതന ഗോത്രത്തിൻ്റെ സംസ്കാരത്തെയോ, ശീലങ്ങളെയോ സംബന്ധിച്ച് നമുക്കൊരറിവുമില്ല. അവരുടേതായ യാതൊരുവസ്തുവും അവശേഷിച്ചിട്ടില്ല.  ഉപകരണങ്ങളോ, ചിത്രങ്ങളോ, താമസിച്ച ഗുഹകളോ കാണ്മാനില്ല. എന്നാൽ ഏറെ പ്രാധാന്യമുള്ള ഒരു അവശിഷ്ടമുണ്ട്: നമ്മുടെ ജീനുകളുമായ് അഭേദ്യമായ് ഇഴചേർന്നിരിക്കുന്ന അവരുടെ ജീനുകൾ. 

ഇവരുടെ ജനസംഖ്യ തുലോം ചെറുതായിരുന്നിരിക്കണം. ഇന്നത്തെ നിലവാരമനുസരിച്ച്, വളരെക്കുറവ്. ഒരു ആറായിരം പേര്, അല്ലെങ്കിൽ പത്തായിരം. വിവാദപരമായ ഒരു കണക്കു പ്രകാരം, വെറും ഏഴായിരം. ഒരു ഗ്രാമത്തിലോ, നഗരഖണ്ഡത്തിലോ ഉള്ളത്ര മനുഷ്യർ.  ഇവർക്കിടയിലായിരിക്കണം "മൈറ്റോകോൺഡ്രിയാ ഹവ്വാ" ജീവിച്ചിരുന്നത്. അവർക്ക്, ചുരുങ്ങിയത്, ഒരു പെൺകുഞ്ഞെങ്കിലും ഉണ്ടായിരുന്നിരിക്കണം; ഒരു പേരപ്പെൺകിടാവും. മനുഷ്യരുടെ മറ്റു പൂർവ്വികരുമായ് ഈ മനുഷ്യർ സംഭോഗത്തിലേർപ്പെടുന്നത് എപ്പോഴാണ്, എന്തിനാണ് നിർത്തിയതെന്നത് നമുക്ക് അജ്ഞാതമാണ്. പക്ഷേ, ഒരു കാര്യം നമുക്കിന്നറിയാം: ഒരു ഇരുനൂറായിരം വർഷങ്ങൾക്ക് മുമ്പ് അവർ, ഏറെക്കുറെ, തങ്ങളിൽത്തങ്ങളിൽ മാത്രമായ് സംഭോഗത്തിലേർപ്പെട്ടിട്ടുണ്ട്.  (കവിയായ ഫിലിപ് ലാർക്കിൻ ഒരിക്കലെഴുതി: '1963ലാണ് സംഭോഗം തുടങ്ങിയത്.' അദ്ദേഹം ഒരു ഇരുനൂറായിരം വർഷങ്ങൾ മാറ്റിനിർത്തിയാണ് ചിന്തിച്ചത്.) കാലാവസ്ഥാ വ്യതിയാനമാകണം ഈ മനുഷ്യരെ ഈ ദേശത്തിലേക്ക് ഒതുക്കി ഒറ്റപ്പെടുത്തിയത്. അതല്ലെങ്കിൽ, ഭൗമപരമായ പ്രതിബന്ധങ്ങളാകാം.  ഒരു പക്ഷേ, അവർ പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടതുകൊണ്ടുമാകാം. 

(തുടരും)

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...