2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

Gene:12

ആ പൊട്ടൻ തന്മാത്ര 

മണ്ടത്തരത്തിൻ്റെ ശക്തിയെ ... ഒരിക്കലും വിലകുറച്ചു കാണരുത്
                                            --- റോബർട്ട് ഹെയ്ൻലെയ്ൻ

ഫ്രഡറിക് ഗ്രിഫിത്തിൻ്റെ  രൂപാന്തരണ പരീക്ഷണത്തെക്കുറിച്ച് 1933ൽ കേൾക്കുമ്പോൾ ഓസ്വാൾഡ് അവേരിക്ക് അമ്പത്തിയഞ്ച് വയസ്സായിരുന്നു. ഉള്ളതിൽക്കൂടുതൽ പ്രായം തോന്നിപ്പിക്കുന്ന രൂപമുണ്ടായിരുന്ന ഒരാൾ: ദുർബ്ബലനും, കുള്ളനും, കഷണ്ടിത്തലയനും, കണ്ണടയിട്ടവനും, പക്ഷികളുടേതുപോലുള്ള ശബ്ദമുള്ളവനും, ശിശിരത്തിലെ ചുള്ളിക്കമ്പുകളെപ്പോലെ തൂങ്ങിനിൽക്കുന്ന കൈകാലുകളുള്ളവനുമായ അവേരി, ന്യൂ യോർക്കിലെ റോക്ഫെല്ലർ സർവ്വകലാശാലയിലെ പ്രഫസറായിരുന്നു. അവിടെ അദ്ദേഹം ബാക്റ്റീരിയയെ --- വിശേഷിച്ച് ന്യൂമോകോക്കസ്സിനെ --- പഠിച്ച് ഒരായുഷ്‌ക്കാലം മുഴുവൻ ചിലവഴിച്ചു. ഗ്രിഫിത് തൻ്റെ പരീക്ഷണത്തിൽ സാരമായൊരു പിഴവ് വരുത്തിയിരുന്നുവെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഒരു കോശത്തിൽനിന്ന് മറ്റൊന്നിലേക്ക് രാസാവശിഷ്ടങ്ങൾക്കെങ്ങനെ ജനിതകവിവരമെത്തിക്കാനാകും?

സംഗീതജ്ഞരെപ്പോലെ, ഗണിതശാസ്ത്രജ്ഞരെപ്പോലെ, ശ്രേഷ്ഠരായ
കായികതാരങ്ങളെപ്പോലെ, ശാസ്ത്രജ്ഞന്മാരും ചെറുപ്പത്തിലേ മികവിൻ്റെ കൊടുമുടിയിലെത്തും; താമസിയാതെ തളരുകയും ചെയ്യും. ക്ഷയിക്കുന്നത് സർഗ്ഗശക്തിയല്ല, സഹനശേഷിയാണ്: സഹനശേഷിയാവശ്യമായ കളിയാണ് സയൻസ്. ജ്ഞാനപ്രകാശം പരത്തുന്ന ഒരു പരീക്ഷണത്തിനു വേണ്ടി, ഒരായിരം വിഫലപരീക്ഷണങ്ങളെ ചവറ്റുകുട്ടയിലെറിയേണ്ടി വരും. പ്രകൃതിയും പിടിച്ചുനിൽക്കാനുള്ള കരുത്തും തമ്മിലുള്ള ഒരു പോരാട്ടമാണത്. സമർത്ഥനായ ഒരു അണുജീവിശാസ്ത്രജ്ഞനായി അവേരി സ്വയം സ്ഥാപിച്ചു കഴിഞ്ഞിരുന്നു; പക്ഷേ, ജീനുകളുടേയും ക്രോമസോമുകളുടേയും ലോകത്തിലേക്ക് കാലെടുത്തു വെക്കാൻ അദ്ദേഹം ഒരിക്കലും ആലോചിച്ചിട്ടുണ്ടായിരുന്നില്ല. 'ഫെസ്' (പ്രഫസർ എന്നത് ചുരുക്കി 'ഫെസ്' എന്നാണ് അദ്ദേഹത്തെ വിദ്യാർത്ഥികൾ സ്നേഹത്തോടെ വിളിച്ചിരുന്നത്) നല്ലൊരു ശാസ്ത്രജ്ഞനായിരുന്നു; പക്ഷേ, വിപ്ലവകാരിയായൊരു ശാസ്ത്രജ്ഞനാകാൻ സാദ്ധ്യതയില്ലാത്തൊരാൾ. ഗ്രിഫിത്തിൻ്റെ പരീക്ഷണം ജനിതകശാസ്ത്രത്തെ ഒരു വഴിക്കുമാത്രം പോകുന്ന ഒരു ടാക്സിയിലേറ്റി, അപരിചിതമായൊരു ഭാവിയിലേക്ക് പരക്കം പായാൻ വിട്ടുവെങ്കിലും, ആ വണ്ടിയിൽ കയറാൻ അവേരി ശങ്കിച്ചു.

*
പരാങ്മുഖനായ ഒരു ശാസ്ത്രജ്ഞനായിരുന്നൂ ഫെസെങ്കിൽ, വൈമനസ്യമുള്ളൊരു 'ജീൻ തന്മാത്ര' യായിരുന്നൂ DNA. ഗ്രിഫിത്തിൻ്റെ  പരീക്ഷണങ്ങൾ ജീനിൻ്റെ തന്മാത്രാരൂപത്തെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങൾ ജനിപ്പിച്ചിരുന്നു. 1940കളോടെ, ജീവരസതന്ത്രജ്ഞർ കോശങ്ങളെ വിഭജിച്ച് അവയുടെ രാസഘടകങ്ങൾ വെളിപ്പെടുത്തുകയും, ജീവവ്യവസ്ഥകളിലെ വിവിധ തന്മാത്രകളെ കണ്ടെത്തുകയും ചെയ്തു. എങ്കിലും, പാരമ്പര്യത്തിൻ്റെ കോഡ് വഹിക്കുന്ന തന്മാത്ര അജ്ഞാതമായിത്തന്നെ തുടർന്നു.

ജീനുകൾ വസിക്കുന്ന ജൈവരൂപമായ ക്രൊമാറ്റിൻ രണ്ടു തരത്തിലുള്ള രാസദ്രവ്യങ്ങളാൽ നിർമ്മിതമാണെന്ന്  അറിയപ്പെട്ടതാണ്: പ്രോട്ടീനുകളാലും, ന്യൂക്ലിക് അമ്ലങ്ങളാലും. ക്രൊമാറ്റിനിൻ്റെ രാസഘടനയെപ്പറ്റി ആർക്കുമൊന്നുമറിയില്ലായിരുന്നു; ആർക്കുമൊരു ധാരണപോലുമില്ലായിരുന്നു. ആഴത്തിലിഴചേർന്നിരിക്കുന്ന ഈ രണ്ടു ഘടകങ്ങളിലൊന്നായ പ്രോട്ടീനിനെ ജീവശാസ്ത്രജ്ഞന്മാർക്ക് നല്ല പരിചയമുള്ളതാണ്. അത് പല കഴിവുകളുള്ളതാണ്. ജീൻ വാഹകരായിരിക്കാൻ ഏറെ സാദ്ധ്യത അവയ്ക്കാണ്. കോശത്തിലെ ഒരു കൂട്ടം പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് പ്രോട്ടീനുകളാണെന്നത്  അറിയപ്പെടുന്ന കാര്യവുമാണ്. രാസപ്രവർത്തനങ്ങളെ ആശ്രയിച്ചാണ് കോശങ്ങളുടെ ജീവനിരിക്കുന്നത്: ഉദാഹരണത്തിന്, ശ്വസനവേളയിൽ പഞ്ചസാര ഓക്സിജനുമായ് സംയോജിച്ച് കാർബൺ ഡയോക്സൈഡും ഊർജ്ജവും ഉൽപ്പാദിക്കുന്നു. ഈ പ്രതിപ്രവർത്തനങ്ങളൊന്നും സഹജമായ്‌ സംഭവിക്കുന്നതല്ല (ആയിരുന്നെങ്കിൽ, നമ്മുടെ ദേഹം കരിഞ്ഞ പഞ്ചസാരയുടെ മണത്താൽ നിരന്തരം ജ്വലിക്കുമായിരുന്നു). കോശങ്ങളിലെ അടിസ്ഥാനപരമായ ഈ പ്രവർത്തനങ്ങളെ പാട്ടിലാക്കി നിയന്ത്രിക്കുന്നത് പ്രോട്ടീനാണ്.  അത് ചിലതിനെ ത്വരിതപ്പെടുത്തുന്നു; മറ്റു ചിലതിനെ മന്ദമാക്കുന്നു ... ജീവിക്കുന്നതുമായ് പൊരുത്തപ്പെടാൻ വേണ്ട മാത്രയിൽ രാസപ്രവർത്തങ്ങളുടെ ഗതി നിയന്ത്രിക്കുന്നു. ജീവൻ രസതന്ത്രമായിരിക്കാം; പക്ഷേ, അതു രസതന്ത്രത്തിലെ ഒരു സവിശേഷ സാഹചര്യമാണ്. സാദ്ധ്യമായ രാസപ്രവർത്തങ്ങൾ ഹേതുവായല്ല, ജീവജാലങ്ങൾ നിലനിൽക്കുന്നത്; സാദ്ധ്യത വിരളമായ രാസപ്രവർത്തനങ്ങൾ ഹേതുവായാണ്. പരിധിവിട്ട പ്രതിപ്രവർത്തനങ്ങൾ ഉണ്ടായാൽ, നാം സ്വമേധയാ കത്തിപ്പോകും; പരിധിയിലേറെക്കുറഞ്ഞാലോ, നാം മരവിച്ചു ചത്തുപോകും. സാദ്ധ്യത തീരെക്കുറവായ ഈ രാസപ്രവർത്തനങ്ങളെ സജ്ജമാക്കുന്നത് പ്രോട്ടീനുകളാണ്. അവ, അങ്ങനെ, രാസപരമായ അവ്യവസ്ഥയുടെ അതിരിൽ ജീവിക്കാൻ --- അപകടകരമായ അനിശ്ചിതത്വത്തോടെ തെന്നിനീങ്ങാൻ, എന്നാൽ, ഒരിക്കലും വീണുപോകാതിരിക്കാൻ ---നമ്മെ അനുവദിക്കുന്നു.

കോശത്തിൻ്റെ ഘടനാപരമായ ഭാഗങ്ങളെ രൂപപ്പെടുത്തുന്നതും പ്രോട്ടീനുകളാണ്: മുടി, നഖങ്ങൾ, തരുണാസ്ഥിതുടങ്ങിയവയെ. കോശങ്ങളെ കെണിയിലാക്കിത്തളക്കുന്ന മൂശകൾ ഉണ്ടാക്കുന്നതും പ്രോട്ടീനുകൾ തന്നെ. മറ്റു രൂപങ്ങളായ് മാറ്റപ്പെട്ട്, അവ റിസപ്റ്ററുകളെയും, ഹോർമോണുകളെയും, കോശങ്ങൾക്ക് പരസ്പരം ആശയം കൈമാറാൻ സഹായിക്കുന്ന, സൂചനനൽകുന്ന തന്മാത്രകളെയും രൂപപ്പെടുത്തുന്നു. കോശങ്ങളുടെ മിക്കവാറുമുള്ള എല്ലാ പ്രവർത്തനങ്ങൾക്കും --- ഉപാപചയം, ശ്വസനം, കോശവിഭജനം, സ്വയപ്രതിരോധം, മാലിന്യനിർമ്മാർജ്ജനം, സ്രവണം, സൂചന നൽകൽ, വളർച്ച, കോശമൃത്യു തുടങ്ങിയവക്കെല്ലാം ---  പ്രോട്ടീൻ ആവശ്യമാണ്.

ജീവരസതന്ത്രലോകത്തെ പിടികിട്ടാപ്പുള്ളികളാണ് ന്യൂക്ലിക് അമ്ലങ്ങൾ. 
ബ്ര് ണോ സൊസൈറ്റിയിൽ മെൻഡൽ തൻ്റെ പ്രബന്ധം അവതരിപ്പിച്ച് നാലു കൊല്ലങ്ങൾക്ക് ശേഷം, 1869ൽ, സ്വിസ്സുകാരനായ ജീവരസതന്ത്രജ്ഞൻ ഫ്രഡറിക് മീഷറാണ് ഈ പുതിയ തരം തന്മാത്രകളെ കോശങ്ങളിൽ കണ്ടെത്തുന്നത്. തൻ്റെ ജീവരസതന്ത്രജ്ഞരായ മറ്റ് സഹപ്രവർത്തകരെപ്പോലെ മീഷറും, കോശങ്ങളെ വിഭജിച്ച്, അവ പുറത്തുവിടുന്ന രാസദ്രവ്യങ്ങളെ വേർതിരിച്ച്, കോശങ്ങളുടെ തന്മാത്രാഘടകങ്ങളെ വർഗ്ഗീകരിക്കാൻ ശ്രമിക്കുകയായിരുന്നു. വ്യത്യസ്തങ്ങളായ ഈ ഘടകങ്ങളിൽ ഉണ്ടായിരുന്ന ഒരു രാസപദാർത്ഥം അദ്ദേഹത്തിൽ പ്രത്യേകമായ ജിജ്ഞാസ ഉണർത്തി. ശസ്ത്രക്രിയക്കു വിധേയരായ മനുഷ്യരുടെ വ്രണം പൊതിഞ്ഞ തുണിയിലെ പഴുപ്പിൽനിന്ന് വേർതിരിച്ചെടുത്ത ശ്വേതരക്തകോശങ്ങളിൽനിന്ന്, കട്ടിയേറിയ ചുഴലുന്ന നാരുകളായാണ് അദ്ദേഹം അതിനെ ഊറ്റിയെടുത്തത്. സാമൺ ബീജങ്ങളിലും ഇതേ രാസപദാർത്ഥത്തിൻ്റെ വെൺചുരുളുകൾ അദ്ദേഹം കണ്ടിരുന്നു. കോശത്തിലെ ന്യൂക്ലിയസ്സിലാണ് അത് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന കാരണത്താൽ, അദ്ദേഹം ആ തന്മാത്രയെ ന്യൂക്‌ളീൻ എന്നു വിളിച്ചു. ആ രാസ വസ്തുവിന് അമ്ലഗുണമുള്ളതിനാൽ, പിന്നീടതിന് ന്യൂക്ലിക് അമ്ലം എന്ന പേരു വീണു --- പക്ഷേ, ന്യൂക്ളീനിൻ്റെ ധർമ്മമെന്തെന്നത് അജ്ഞാതമായിത്തന്നെ തുടർന്നു.

1920കളുടെ ആദ്യത്തോടെ ന്യൂക്ലിക് അമ്ലങ്ങളുടെ ഘടനയെപ്പറ്റി  ജീവരസതന്ത്രജ്ഞർ  ആഴത്തിൽ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ഈ രാസപദാർത്ഥം രണ്ടു രൂപത്തിലാണ് കാണപ്പെട്ടത് --- RNA , DNA എന്നിങ്ങനെ രണ്ടു തന്മാത്രാസോദരർ. രണ്ടും 'ബേസുകൾ 'എന്നു വിളിക്കപ്പെടുന്ന നാലു ഘടകങ്ങൾ കൊണ്ടുണ്ടാക്കപ്പെട്ടവയാണ്. നാരുപോലുള്ള അല്ലെങ്കിൽ നട്ടെല്ലു പോലുള്ള ഒരു മാലയിൽ അവ കൊരുക്കപ്പെട്ടു കിടക്കുന്നു. ആ നട്ടെല്ലിൽനിന്ന് ഈ നാലു ബേസുകളും, ഒരു വള്ളിച്ചെടിയുടെ പല്ലവത്തിൽ നിന്നുള്ള ഇലകളെപ്പോലെ, തള്ളിനിൽക്കുന്നു. D N A യിലുള്ള ഈ നാലു 'ഇലകൾ' (അതായത് ബേസുകൾ) അഡിനീൻ, ഗ്വാനീൻ, സൈറ്റസീൻ, തൈമീൻ എന്നിവയാണ് ---- ചുരുക്കത്തിൽ, A, G, C, T. തൈമീനിനു പകരം R N A യിൽ യുറാസിൽ ആയതിനാൽ അത് A, G, C, U ആയിരിക്കുന്നു*. ഈ അടിസ്ഥാന വിവരങ്ങൾക്കപ്പുറത്ത് D N Aയുടെയും R N Aയുടെയും ഘടനയേയോ ധർമ്മത്തെയോ കുറിച്ചുള്ള ഒന്നും ആർക്കും അറിയില്ലായിരുന്നു.  

റോക്ഫെല്ലർ യൂണിവേഴ്സിറ്റിയിൽ അവേരിയുടെ സഹപ്രവർത്തകനായിരുന്ന ജീവരസതന്ത്രജ്ഞൻ ഫീബസ് ലെവീനിന് DNAയുടെ പരിഹാസ്യമാം വിധം ലളിതമായ രാസഘടന --- ഒരു മാലയിൽ കൊരുത്ത നാലു ബേസുകൾ --- അത്യന്തം 'സരളമായ' ഒരു ഘടനയായാണ് തോന്നിയത്: ദീർഘവും ഏകതാനവുമായ ഒരു പോളിമർ ആയിരിക്കണം DNA എന്നായിരുന്നു ലെവീനിൻ്റെ യുക്തി. നിശ്ചിതമായ ഒരു ക്രമത്തിൽ ആവർത്തിക്കപ്പെടുന്നവയായിരുന്നൂ ലെവീനിൻ്റെ മനസ്സിൽ ആ നാലു ബേസുകളും ... AGCT- AGCT-  AGCT-  AGCT എന്നിങ്ങനെ അനന്തമായ് നീളുന്ന ക്രമം. ആവർത്തിക്കപ്പെടുന്നതും, താളാത്മകവും, ക്രമബദ്ധവും, കർക്കശവുമായിരുന്നൂ ഈ രാസവസ്തുവിൻ്റെ, ജീവരസതന്ത്രത്തിലെ ഈ നൈലോണിൻ്റെ, വാഹകപ്പട്ട,  മാക്സ് ഡെൽബ്രക് എന്ന ശാസ്ത്രജ്ഞൻ അതിനെ ഒരു 'പൊട്ടൻ തന്മാത്ര' എന്നാണ് വിളിച്ചത്.

ലെവീൻ നിർദ്ദേശിച്ച DNAയുടെ ഘടന, ഒറ്റ നോട്ടത്തിൽത്തന്നെ, ജനിതകവിവരവാഹകനാകാൻ അയോഗ്യമാണെന്ന് കാണപ്പെട്ടു. പൊട്ടൻ തന്മാത്രകൾക്ക് സമർത്ഥമായ വിവരങ്ങൾ എത്തിക്കാൻ കഴിയില്ലല്ലോ. ഷ്രോഡിങ്ങറുടെ ഭാവനയിലുണ്ടായിരുന്ന രാസവസ്തുവിൽനിന്ന് ഏറെ വ്യത്യസ്തമായ, അങ്ങേയറ്റം ഏകതാനമായ, ഒന്നായി DNA കാണപ്പെട്ടു --- വെറുമൊരു പൊട്ടൻ തന്മാത്ര മാത്രമല്ല, അതിലേറെ മുഷിപ്പുളവാക്കുന്ന ഒന്ന്. അതിനേക്കാൾ പ്രോട്ടീനുകളാണ് ജീൻ വാഹകരെന്ന നിലയിൽ അത്യന്തം ആകർഷണീയം --- വ്യത്യസ്‍തരും, വായാടികളും, ബഹുമുഖരും,  സെലീഗുകളെപ്പോലെ** രൂപഭാവങ്ങൾ മാറാൻ കഴിവുള്ളവരുമായ പ്രോട്ടീനുകൾ. മോർഗൻ പറഞ്ഞതു പോലെ ക്രൊമാറ്റിൻ ഒരു മുത്തുമാലയെങ്കിൽ, പ്രോട്ടീനുകളായിരിക്കണം അതിലെ സജീവ ഘടകം അഥവാ മുത്തുകൾ; DNA ആ മാലച്ചരടായിരിക്കാനാണ് സാദ്ധ്യത. ഒരു ജീവരസതന്ത്രജ്ഞൻ പ്രതിപാദിച്ചതുപോലെ, ക്രോമസോമിലെ ന്യൂക്ലിക് അമ്ലങ്ങൾ വെറും 'ഘടന നിർണ്ണയിക്കുന്ന, ആലംബപദാർത്ഥം' മാത്രമായിരിക്കണം --- ജീനുകൾക്കുള്ള മഹത്വവൽക്കരിക്കപ്പെട്ട ഒരു തന്മാത്രാമഞ്ചം മാത്രം. പാരമ്പര്യത്തിൻ്റെ ശരിയായ പദാർത്ഥം പ്രോട്ടീനുകളാണ് പേറുന്നത്; നിറസാധനം മാത്രമാണ് DNA
  
*

1940ലെ വസന്തകാലത്ത് ഗ്രിഫിത്തിൻ്റെ പരീക്ഷണത്തിലെ മുഖ്യഫലം അവേരി സ്ഥിരീകരിച്ചു. മാരകവും മിനുസമാർന്നതുമായ ഇനത്തിൽ നിന്ന് അദ്ദേഹം പരുഷതയാർന്ന ബാക്റ്റീരിയാ അവശിഷ്ടങ്ങൾ വേർതിരിച്ചു; മാരകമല്ലാത്തതും പരുഷവുമായ ഇനത്തിലെ ജീവനുള്ള ബാക്റ്റീരിയയുമായ് അതിനെ കൂട്ടിച്ചേർത്തു; പിന്നീടാ മിശ്രിതം ചുണ്ടെലികളിൽ കുത്തിവെച്ചു. മിനുസമുള്ള ആവരണമാർന്ന, മാരകമായ ബാക്റ്റീരിയ യഥാക്രമം ആവിർഭവിച്ച് ചുണ്ടെലികളെ കൊന്നുകളഞ്ഞു. അങ്ങനെ 'രൂപാന്തരീകരണ തത്ത്വം" പ്രാവർത്തികമായി. മിനുസമായ ആവരണമുള്ള ബാക്റ്റീരിയ , രൂപാന്തരാനന്തരം, അവയുടെ മാരകസ്വഭാവം തലമുറകളോളം നിലനിർത്തുന്നതായി  ഗ്രിഫിത്തിനെപ്പോലെ അവേരിയും കണ്ടു. ചുരുക്കത്തിൽ, രണ്ടു ജീവികൾക്കിടയിൽ വിവരങ്ങൾ കൈമാറപ്പെടുന്നത് തീർത്തും രാസപരമായ രൂപത്തിലായിരിക്കണം --- പരുഷമായ ആവരണമുള്ളവയിൽനിന്ന് മിനുസമാർന്ന ആവരണമുള്ളവയിലേക്ക് ആ കൈമാറ്റം അനുവദിക്കപ്പെടുക വഴി. 

എന്നാൽ, ഏതാണാ രാസവസ്തു? ഒരു അണുജീവിശാസ്ത്രജ്ഞനു മാത്രം സാദ്ധ്യമാകുന്ന രീതിയിലാണ് അവേരി പരീക്ഷണവുമായി മല്ലിട്ടത് . . .  ബാക്റ്റീരിയയെ വിവിധ രീതികളിൽ വളർത്തിയും, ബീഫ്ഹാർട് ബ്രോത് ചേർത്തും, മായം ചേർന്ന പഞ്ചസാര മാറ്റിയും അദ്ദേഹം താലങ്ങളിൽ കോളണികളെ വളർത്തി. പരീക്ഷണങ്ങളിൽ അദ്ദേഹത്തെ സഹായിക്കാൻ രണ്ടു പേരുണ്ടായിരുന്നു --- കോളിൻ മക്ലിയോഡും, മക്ലിൻ മക്കാർട്ടിയും. തുടക്കത്തിലെ സാങ്കേതിക ബഹളങ്ങൾ നിർണ്ണായകമായിരുന്നു. ആഗസ്ത് ആദ്യത്തോടെ, മൂന്നു പേർക്കും ഒരു ഫ്‌ളാസ്‌കിൽ രൂപാന്തരണപ്രതിപ്രവർത്തനം നേടിയെടുക്കാനായി; 'രൂപാന്തരണ തത്ത്വത്തെ' അങ്ങേയറ്റം കാച്ചിക്കുറുക്കിയ രൂപത്തിൽ അവർ വാറ്റിയെടുത്തു. 1940 ഒക്ടോബറോടെ കുറുക്കിയെടുക്കപ്പെട്ട ബാക്റ്റീരിയാ അവശിഷ്ടങ്ങൾ അവർ ചിക്കിച്ചികഞ്ഞു; ഓരോ രാസഘടകവും അതീവ കരുതലോടെ തരം തിരിച്ചു; ഓരോ ഭാഗത്തിനും ജനിതകവിവരമെത്തിക്കാനുള്ള കഴിവുണ്ടോയെന്ന് പരീക്ഷിച്ചു. 

ആദ്യമായി അവർ അവശിഷ്ടങ്ങളിൽനിന്ന് ബാക്റ്റീരിയയുടെ ആവരണങ്ങളുടെ അവശേഷിക്കുന്ന അംശങ്ങളെല്ലാം നീക്കം ചെയ്തു. അപ്പോഴും രൂപാന്തരണപ്രവർത്തനം കോട്ടമില്ലാതെ തുടർന്നു. അവർ ലിപിഡുകളെ മദ്യത്തിൽ ലയിപ്പിച്ചു. അപ്പോഴും രൂപാന്തരണത്തിൽ മാറ്റമുണ്ടായില്ല. അവശിഷ്ടത്തെ ക്ളോറോഫോമിൽ ലയിപ്പിക്കുക വഴി അവർ പ്രൊട്ടീനുകളെ ഉരിഞ്ഞു കളഞ്ഞു. രൂപന്ത്രണ തത്ത്വം അപ്പോഴും മാറ്റമില്ലാതെ നിലനിന്നു.  നാനാതരത്തിലുള്ള എൻസൈമുകളാൽ അവർ പ്രൊട്ടീനുകളെ ദഹിപ്പിച്ചു. എന്നിട്ടും പ്രവർത്തനത്തിന് മാറ്റമുണ്ടായില്ല. അവരാ അവശിഷ്ടത്തെ അറുപത്തിയഞ്ച് ഡിഗ്രിയോളം (മിക്ക പ്രോട്ടീനുകളും ചുരുങ്ങിച്ചുരുണ്ടു പോകുന്നത്ര ചൂട്) ചൂടാക്കി, പ്രോട്ടീനുകളെ കട്ടിപിടിപ്പിക്കാനായ്, അതിൽ അമ്ലങ്ങൾ ചേർത്തു. ജീനുകളുടെ സംപ്രേക്ഷണം അപ്പോഴും അങ്ങനെ തന്നെ നിലനിന്നു. സൂക്ഷ്മവും സമ്പൂർണ്ണവും ആധികാരികവുമായിരുന്നൂ അവരുടെ പരീക്ഷണങ്ങൾ. രൂപാന്തരണതത്ത്വം, അതിൻ്റെ രാസഘടകങ്ങൾ എന്തായിരുന്നാലും, പഞ്ചസാരകളും, ലിപിഡുകളും, പ്രോട്ടീനുകളും കൊണ്ടുണ്ടാക്കപ്പെട്ടതല്ല 

അപ്പോൾ, പിന്നെ എന്താണത്? അതിനെ ഘനീഭവിപ്പിക്കാം, ദ്രവിപ്പിക്കാം. മദ്യം അതിനെ ത്വരിത ഗതിയിൽ പ്രത്യക്ഷമാക്കും. ലായനിയിലത് വെളുത്ത ഒരു  'നാരി'ലാണ് അടിഞ്ഞു കൂടിയത് ... 'നൂൽക്കുഴയിൽ നിന്ന് ഒരു സ്ഫടിക ദണ്ഡിലേക്ക് ചുറ്റിവരിയുന്ന നൂലു പോലെ". ആ നാര് അവേരി രുചിച്ചിരുന്നുവെങ്കിൽ, അദ്ദേഹത്തിന് അമ്ലത്തിൻ്റെ നേരിയ പുളിപ്പു രസം അനുഭവപ്പെടുമായിരുന്നു; തൊട്ടുപിന്നാലെ പഞ്ചസാരയുടെ രുചിയും, ലവണത്തിൻ്റെ ലോഹരസവും .... 'അനാദിയായ കടലിൻ്റെ' രുചിയെന്നാണ് ഒരെഴുത്തുകാരൻ അതിനെ വിശദീകരിച്ചത്. RNAയെ സ്വാംശീകരിക്കുന്ന ഒരു എൻസൈമിന് യാതൊരു പ്രഭാവവും ഉണ്ടായിരുന്നില്ല. എല്ലാറ്റിലുമുപരി DNAയുടെ സങ്കീർണ്ണത കുറക്കുന്ന  ഒരു എൻസൈമിനെക്കൊണ്ട് പദാർത്ഥത്തെ സ്വാംശീകരിപ്പിക്കുക മാത്രമായിരുന്നൂ രൂപാന്തരണത്തെ ഇല്ലാതാക്കാനുള്ള ഏക മാർഗ്ഗം. 

DNA? ജനിതക വിവരത്തിൻ്റെ വാഹനമാണോ DNA? ജീവശാസ്ത്രത്തിലെ അതിസങ്കീർണ്ണമായ വിവരം വഹിക്കുന്നത് ഈ 'പൊട്ടൻ തന്മാത്ര' ആയിരിക്കുമോ/? അവേരിയും, മക്ലിയോഡും, മക്കാർട്ടിയും പരീക്ഷണങ്ങളുടെ ഒരു പട തന്നെ അഴിച്ചുവിട്ടു. അവർ 'രൂപാന്തരണതത്ത്വം' UV വെളിച്ചമുപയോഗിച്ച് പരിശോധിച്ചു; രാസവിശ്ലേഷണം നടത്തി; ഇലെക്ട്രോഫോറെസിസ് നടത്തി. ഓരോ പരീക്ഷണത്തിലും ഉത്തരം സുവ്യക്തമായിരുന്നു: രൂപാന്തരണദ്രവ്യം നിസ്സംശയം DNA  തന്നെ. "ഇതിങ്ങനെയാകുമെന്ന് ആരു കണ്ടു?" 1943ൽ അവേരി മടിച്ചുമടിച്ച് തൻ്റെ സഹോദരനെഴുതി. "ഞങ്ങൾ ശരിയെങ്കിൽ ... അതിനിയും തെളിയിച്ചിട്ടില്ലെന്നത് ശരി തന്നെ ... ന്യൂക്ലിക് അമ്ലങ്ങൾ ഘടനാപരമായ് മാത്രം പ്രാധാന്യമുള്ളവയല്ല; അവ നിർവ്വഹണപരമായും സജീവമായ പദാർത്ഥങ്ങളാണ് ... കോശങ്ങളിൽ മുൻകൂട്ടി പ്രവചിക്കാനാകുന്നതും പാരമ്പര്യപരമായതുമായ മാറ്റങ്ങൾക്ക് പ്രേരണയാകുന്ന പദാർത്ഥങ്ങൾ." (അടിവരയിട്ട വാക്കുകൾ അവേരിയുടേതാണ്)

പരീക്ഷണഫലങ്ങൾ പുറത്തുവിടുന്നതിനു മുമ്പ് അവേരിക്ക് ഒന്നു കൂടി ഉറപ്പുവരുത്തേണ്ടിയിരുന്നു: "പൂർണ്ണമായും തയ്യാറെടുക്കാതെ പോകുന്നത് ആപത്താണ്. പറഞ്ഞത് പിന്നീട് തിരിച്ചെടുക്കേണ്ടി വന്നാൽ അത് ലജ്ജാകരമാണ്." എങ്കിലും, അദ്ദേഹത്തിന് തൻ്റെ ചരിത്രപ്രധാനമായ പരീക്ഷണത്തിൻ്റെ പരിണതഫലങ്ങളെപ്പറ്റി നല്ല ബോദ്ധ്യമുണ്ടായിരുന്നു. "പ്രശ്‌നം വിവക്ഷകൾ നിറഞ്ഞതാണ്.  --- ജനിതകശാസ്ത്രജ്ഞർ ഏറെ നാളായി സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ഒന്നാണിത്." ഒരു ഗവേഷകൻ പിന്നീട് വിശദീകരിച്ചതുപോലെ, "ജീൻ ഏതു പദാർത്ഥത്തിൽ  നിന്ന്  വരുന്നുവോ ആ പദാർത്ഥം അവേരി കണ്ടെത്തിയിരിക്കുകയാണ്" --- 'ജീൻ മുറിച്ചെടുക്കപ്പെടുന്ന തുണിത്തരം'. 

*
1944ലാണ് ഓസ്വാൾഡ് അവേരിയുടെ DNA ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത് . . . ജർമ്മനിയിൽ നാസി ഉന്മൂലനം അതിൻ്റെ ഭയാനക പാരമ്യത്തിലേക്ക് കയറിയ അതേ വർഷം. ഓരോ മാസവും നാടുകടത്തപ്പെട്ട ആയിരക്കണക്കിന് ജൂതന്മാരെ തീവണ്ടികൾ ക്യാമ്പുകളിലേക്ക് പുറംതള്ളിവിട്ടു. അവരുടെ എണ്ണം വീർത്തുവീർത്തു വന്നു. 1944ൽ മാത്രം ഓഷ്‌വിറ്റ്‌സിലേക്ക് അയക്കപ്പെട്ടത് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന ഏകദേശം 500,000 പേരായിരുന്നു. അനുബന്ധക്യാമ്പുകളും, പുതിയ ഗ്യാസ് ചേമ്പറുകളും, ശ്മശാനങ്ങളും നിർമ്മിക്കപ്പെട്ടു. കൂട്ടത്തോടെ മറവു ചെയ്യാനുള്ള ശവക്കുഴികൾ മരിച്ചവരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. 450,000 പേരാണ് അക്കൊല്ലം മാത്രം ഗ്യാസു കൊണ്ട് മരിച്ചത്. 1945 ആയപ്പോഴേക്കും, 900,000  ജൂതന്മാരും, 74, 000 പോളണ്ടുകാരും, 21,000 ജിപ്സികളും, 15, 000 രാഷ്ട്രീയത്തടവുകാരും കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. 

1945ലെ വസന്താരംഭത്തിൽ, മഞ്ഞുറഞ്ഞ ഭൂഭാഗത്തിലൂടെ സോവിയറ്റ് റെഡ് ആർമിയിലെ പട്ടാളക്കാർ ഓഷ്‌വിറ്റ്സിലും ബെർക്കനൂവിലുമെത്തുമ്പോൾ, ഏകദേശം അറുപതിനായിരത്തോളം തടവുകാരെ നാസികൾ ക്യാമ്പുകളിൽനിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ തടവുകാരിൽ പലരും ഒഴിപ്പിക്കുന്നതിനിടയിൽ, ക്ഷീണം പിടിച്ചും, തണുപ്പു  പിടിച്ചും, ആഹാരമില്ലാതേയും മരിച്ചു പോയി. 1945 ജനുവരി 27ലെ പുലരിയിൽ സോവിയറ്റ് പട ക്യാമ്പുകളിൽ പ്രവേശിച്ചു; ബാക്കി വന്ന ഏഴായിരം തടവുകാരെ മോചിപ്പിച്ചു . . . ക്യാമ്പിൽ കൊല്ലപ്പെട്ടവരുടെയും മറവു ചെയ്യപ്പെട്ടവരുടെയും എണ്ണത്തേക്കാൾ എത്രയോ തുച്ഛമായിരുന്നൂ ഇവരുടെ എണ്ണം. ഇക്കാലമായപ്പോഴേക്കും യൂജെനിക്സിൻ്റെയും ജനിതകശാസ്ത്രത്തിൻ്റെയും ഭാഷ വംശ വിദ്വേഷത്തിൻ്റെ കൂടുതൽ ദ്വേഷമാർന്ന ഭാഷയുടെ ഉപാംഗമായികഴിഞ്ഞിരുന്നു. ജനിതക ശുദ്ധീകരണമെന്ന നാട്യത്തെ അതിൻ്റെ പുരോഗമനമായ  വംശീയ ശുദ്ധീകരണം വിഴുങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും, നാസി ജനിതകശാസ്ത്രത്തിൻ്റെ അടയാളങ്ങൾ നിലനിന്നുപോന്നു ... ഒരു മായാവ്രണം പോലെ. അന്ന് ക്യാമ്പിൽനിന്ന് പുറത്തുവന്ന പരിബ്ഭ്രാന്തരായ പട്ടിണിക്കോലങ്ങളിൽ കുള്ളന്മാരുടെ ഒരു കുടുംബവും, നിരവധി ഇരട്ടകളുമുണ്ടായിരുന്നു. . . മെംഗലയുടെ ജനിതക പരീക്ഷണങ്ങളെ അതിജീവിച്ച ചുരുക്കം ചിലർ.

*
ഇതാണ്, ഒരു പക്ഷേ, ജനിതകശാസ്ത്രത്തിനുള്ള നാസിസത്തിൻ്റെ  അന്ത്യ സംഭാവന: യൂജെനിക്‌സിനുമേൽ അവരെന്നെന്നേക്കുമായ് പതിപ്പിച്ച അപമാനത്തിൻ്റെ മുദ്ര. നാസി യൂജെനിക്സിൻ്റെ ഭയാനകത ഒരു കരുതലിനു പ്രേരണയായി... അവരുടെ ഉദ്യമത്തിനു പിറകിലെ അഭിലാഷത്തെ ആഗോളതലത്തിൽ പുനഃപരിശോധിക്കാൻ അതിടയാക്കി. ലോകമെമ്പാടും യൂജെനിക്സ് പദ്ധതികൾക്ക് നാണക്കേടോടെ ഒരവസാനമുണ്ടായി. 1939ൽ അമേരിക്കയിലെ യൂജെനിക്സ് റിക്കാർഡ് ഓഫീസിനു കിട്ടിക്കൊണ്ടിരുന്ന ധനസഹായം ഗണ്യമായി കുറഞ്ഞു; 1945നു ശേഷം അത് തീരെ ഇല്ലാതായി എന്നു തന്നെ പറയാം. അതിൻ്റെ  ആരാധകരിൽ പലരും ജർമ്മൻ യൂജിനിസിസ്റ്റുകളെ പ്രോത്സാഹിപ്പിച്ചതിലുള്ള തങ്ങളുടെ പങ്ക് സൗകര്യപൂർവ്വം കൂട്ടത്തോടെ മറന്ന്, ആ പ്രസ്ഥാനത്തെ  തീർത്തും കയ്യൊഴിഞ്ഞു. 
----------------------------------------------------------------
*D N A യുടെയും R N A യുടെയും നട്ടെല്ല് പഞ്ചസാരകളും ഫോസ്‌ഫേയ്റ്റുകളും കൊരുക്കപ്പെട്ടിരിക്കുന്ന ഒരു മാലകൊണ്ടുള്ളതാണ്. RNAയിലെ പഞ്ചസാര റൈബോസ് ആണ് --- ആയതിനാൽ  അത് റൈബോ ന്യൂക്ലിക് അമ്ലമായി (RNA); DNAയിലെ പഞ്ചസാര അൽപ്പം വ്യത്യാസമുള്ള ഒരു രാസവസ്തുവാണ്: ഡീഓക്സിറൈബോസ് --- ആയതിനാൽ അത് ഡീഓക്സിറൈബോ ന്യൂക്ലിക് അമ്ലമായി (DNA)
** Zelig: സാഹചര്യമനുസരിച്ച് രൂപഭാവങ്ങൾ മാറ്റാൻ കഴിയുന്ന വ്യക്തി. 


***************************

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...