2022, മാർച്ച് 13, ഞായറാഴ്‌ച

ജീൻ 21

ഭാഗം നാല് 

"മനുഷ്യനെ പഠിക്കുന്നതാണ്  മനുഷ്യരാശിയെപ്പഠിക്കാനുചിതം" 

മാനവജനിതകം 

(1970 - 2005)
*

"അതിനാൽ, അവനവനെ അറിഞ്ഞാലും; 
ദൈവത്തെ പഠിക്കാമെന്ന ധാർഷ്ട്യം വേണ്ട .
മനുഷ്യനെ പഠിക്കുന്നതാണ് മനുഷ്യരാശിയെപ്പഠിക്കാനുചിതം."
        --- അലക്‌സാണ്ടർ പോപ്പ്, മനുഷ്യനെപ്പറ്റിയുള്ള പ്രബന്ധം

 എത്ര മനോഹരമീ മനുഷ്യരാശി! 
ഇത്തരം ആളുകളുള്ളഎൻ്റെ ധീരനൂതനലോകമേ!
     ---- വില്യം ഷേക്സ്പിയർ, ചക്രവാതം, അങ്കം 5, രംഗം 1.

*
അച്ഛൻ്റെ കഷ്ടപ്പാടുകൾ 

ആൽബനി: എങ്ങനെയാണ് നിങ്ങൾ നിങ്ങളുടെ അച്ഛൻ്റെ യാതനകൾ മനസ്സിലാക്കിയത് ?
എഡ്‌ഗാർ: അവയെ പരിചരിക്കുക വഴി, പ്രഭോ.
              .... വില്യം ഷേക്സ്പിയർ, രാജാവ് ലിയർ, അങ്കം 5, രംഗം 3 

2014ലെ വസന്തർത്തു. എൻ്റെ അച്ഛനൊന്ന് വീണു.  സ്ഥലത്തെ ആശാരിയെക്കൊണ്ടുണ്ടാക്കിച്ച വിലക്ഷണവും കാലു നേരെയില്ലാത്തതുമായ, തനിക്ക് പ്രിയപ്പെട്ട, ആട്ടുകസേരയിൽ ഇരിക്കുകയായിരുന്നപ്പോഴാണ് അദ്ദേഹം പിറകോട്ടു മറിഞ്ഞു വീണത് (കസേര ചാഞ്ചാടാൻ വേണ്ടിയൊരു സൂത്രം ആശാരി രൂപപ്പെടുത്തിയിരുന്നു; പക്ഷേ, കസേര ആടി മറിയാതിരിക്കാനുള്ള സൂത്രം ഘടിപ്പിക്കാൻ അയാൾ മറന്നുപോയിരുന്നു). അമ്മ വന്നു നോക്കുമ്പോൾ അദ്ദേഹം വരാന്തയിൽ മൂക്കും കുത്തി കിടപ്പായിരുന്നു; തൻ്റെ കൈ, ഒടിഞ്ഞ ചിറകുപോലെ, അസ്വാഭാവികമായ് ദേഹത്തിനടിയിലായിരുന്നു. വലതു ചുമൽ ചോരയിൽ കുളിച്ചിരുന്നു. അമ്മയ്ക്ക് അദ്ദേഹത്തിൻ്റെ കുപ്പായം തലയ്ക്കു മീതേക്കൂടി ഊരിയെടുക്കാനായില്ല. അതിനാൽ അവർ കത്രിക കൊണ്ടു വന്നു. അച്ഛൻ മുറിവിൽ നിന്നുള്ള വേദനകൊണ്ടും, ഒരു കുഴപ്പവുമില്ലാതിരുന്ന കുപ്പായം തൻ്റെ കൺമുമ്പിൽ വച്ച് കഷണം കഷണമാക്കുന്നതിലെ ഖേദം കൊണ്ടും
നിലവിളിച്ചു കൊണ്ടിരുന്നു. "നിനക്കത് കീറാതിരിക്കാമായിരുന്നു," പിന്നീട്, എമർജൻസി റൂമിലേക്കു തിരക്കവേ, അദ്ദേഹം മുറുമുറുത്തു. അത് പുരാതനമായൊരു വഴക്കാണ്: അദ്ദേഹത്തിൻ്റെ (അഞ്ചു മക്കൾക്ക് ഒരേ നേരത്ത് കൊടുക്കാൻ ഒരിക്കലും അഞ്ചു കുപ്പായങ്ങളില്ലാതിരുന്ന) അമ്മയായിരുന്നെങ്കിൽ ആ കുപ്പായം കീറാതിരിക്കാൻ ഒരു വഴി കണ്ടേനെ. വിഭജനത്തിൽനിന്ന് ഒരാളെ പുറത്തെടുക്കാം; എന്നാൽ, വിഭജനത്തെ അയാളിൽനിന്ന് പുറത്തെടുക്കാനാകില്ല.   

അദ്ദേഹത്തിൻ്റെ നെറ്റി പൊട്ടിയിരുന്നു; വലതു ചുമലും. ഒരു രോഗിയെന്ന നിലയിൽ അദ്ദേഹം എന്നെപ്പോലെതന്നെ മോശമാണ്: വീണ്ടുവിചാരമില്ലാത്ത, സംശയാലുവായ, കണ്ണുംചെവിടുമില്ലാത്ത, കിടന്നുപോകുമോ എന്ന ഉൽക്കണ്ഠയുള്ള, രോഗം ഭേദമാകില്ലെന്ന് പരിബ്ഭ്രമിക്കുന്ന ഒരാൾ. ഞാൻ അദ്ദേഹത്തെ കാണാൻ ഇന്ത്യയിലേക്ക് പറന്നു. വിമാനത്താവളത്തിൽനിന്ന് വീട്ടിലെത്തിയപ്പോൾ രാത്രി ഏറെ വൈകി. അദ്ദേഹം, മച്ചിലേക്ക് തുറിച്ചുനോക്കി, കിടപ്പായിരുന്നു.  അദ്ദേഹത്തിന് പ്രായം പൊടുന്നനെ കൂടിയതു പോലെ തോന്നി. ദിവസമേതാണെന്ന് ഓർമ്മയുണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. 
"ഏപ്രിൽ ഇരുപത്തിനാല്," അദ്ദേഹം കൃത്യമായ് പറഞ്ഞു.
"വർഷമോ?"
"ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിയാറ്," ആദ്യം അങ്ങനെ പറഞ്ഞെങ്കിലും, ഓർമ്മയിൽ പരതികൊണ്ട് അദ്ദേഹം തിരുത്തി. "രണ്ടായിരത്തിയാറല്ലേ?" 
ഓർമ്മ പിടികിട്ടാപ്പുള്ളിയായിരിക്കുന്നു. 
"2014," ഞാൻ പറഞ്ഞു. 
1946 മറ്റൊരു ദുരന്തത്തിൻ്റെ വർഷമായിരുന്നുവെന്ന് ഞാൻ സ്വകാര്യമായി കുറിച്ചിട്ടു. രാജേഷ് മരിച്ച കൊല്ലം. 

അടുത്ത ദിവസങ്ങളിൽ അമ്മ അദ്ദേഹത്തെ ശുശ്രൂഷിച്ച് ഭേദമാക്കി. അദ്ദേഹത്തിൻ്റെ ഓർമ്മക്ക് വ്യക്തത വന്നു; ചില ദീർഘകാലസ്മരണകൾ മടങ്ങിയെത്തി. എങ്കിലും, ഹ്രസ്വകാലസ്മരണകൾ സാരമായ പരുക്കോടെതന്നെയിരുന്നു. ആട്ടുകസേരാഅപകടം അത്ര നിസ്സാരമായിരുന്നില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. മൂപ്പർ മറിഞ്ഞു വീണതല്ല; കസേരയിൽനിന്ന് എഴുന്നേൽക്കാൻ നോക്കിയപ്പോൾ, ബാലൻസ് തെറ്റി, നിയന്ത്രണം വിട്ട് മുന്നോട്ട് വീണതാണ്. മുറിയിലൂടെ ഒന്നു നടന്നു നോക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നടക്കുമ്പോൾ നേരിയ ഒരു വലിയലുണ്ടെന്ന് എനിക്ക് മനസ്സിലായി. ചലനങ്ങളിൽ യന്ത്രമനുഷ്യൻ്റേതുപോലെ ഒരു പിടുത്തം; കാലുകൾ ഇരുമ്പുകൊണ്ട് ഉണ്ടാക്കിയതു പോലെ; തറയിൽ കാന്തമുള്ളതുപോലെയും. 
"പെട്ടെന്നൊന്ന് തിരിഞ്ഞാട്ടെ," ഞാൻ ആവശ്യപ്പെട്ടു.
അദ്ദേഹം വീണ്ടും മുന്നോട്ടു വീഴാൻ പോയി.    

അന്നു രാത്രി വൈകീട്ട് വേറൊരപമാനം സംഭവിച്ചു. അദ്ദേഹം കിടക്കയിൽ മൂത്രമൊഴിച്ചു. ഞാൻ കാണുമ്പോൾ അദ്ദേഹം കുളിമുറിയിലുണ്ട്; അടിക്കുപ്പായത്തിൻ്റെ വള്ളി മുറുകെപ്പിടിച്ചുകൊണ്ട്, പരിബ്ഭ്രമിച്ചും, ലജ്ജിച്ചും. ബൈബിളിൽ, ഹാമിൻ്റെ സന്തതികൾക്ക് ശാപം കിട്ടിയ, ഒരു കഥയുണ്ട്. വെള്ളമടിച്ച്, വെളിവും തുണിയുമില്ലാതെ, പുലരിയിലെ ഇളംവെയിലിൽ വയലിൽ കിടന്നുറങ്ങുന്ന പിതാവായ നോഹയുടെ ദേഹത്ത് ഹാം വന്ന് തട്ടിയതാണ് ശാപത്തിന് ഹേതുവായത്. ഇത് ആ കഥക്കുള്ള ആധുനിക ഭാഷ്യമാണ്: അഥിതികൾക്കുള്ള കുളിമുറിയിലെ അരണ്ടവെളിച്ചത്തിൽ നിങ്ങൾ നിങ്ങളുടെ വെളിവും, തുണിയും പോയ അച്ഛനെ കണ്ടുമുട്ടുന്നു; സ്വന്തം ഭാവിയിലെ ശാപം കണ്ണുനിറയെ കാണുന്നു.  

മൂത്രാശയസംബന്ധമായ ഈ പിഴവ് തുടങ്ങിയിട്ട് കുറച്ചു നാളായെന്ന് ഞാൻ കേട്ടു. തുടക്കത്തിൽ അത് അടിയന്തിരമെന്ന ഒരു തോന്നലായിരുന്നു: മൂത്രസഞ്ചി പാതി നിറയുമ്പോൾത്തന്നെ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ. പിന്നീടത്, കിടക്ക നനയുന്നതിലേക്ക് പുരോഗമിച്ചു.  ഇക്കാര്യം അദ്ദേഹം ഡോക്റ്റർമാരോട് പറഞ്ഞതാണ്. അവരത്, മൂത്രാശയവീക്കമാണെന്ന് പറഞ്ഞ്, നിസ്സാരമാക്കിത്തള്ളി. "ഒക്കെ, പ്രായത്തിൻ്റേതാണ്," അവർ അദ്ദേഹത്തോട് പറഞ്ഞു. എൺപത്തിരണ്ടായിരുന്നൂ അദ്ദേഹത്തിൻ്റെ പ്രായം. പ്രായം ചെന്നവർ വീഴും. അവർക്ക് ഓർമ്മയുണ്ടാകില്ല. അവർ കിടക്ക നനയ്ക്കും.  

ഇതെല്ലാത്തിനേയും ഏകോപിപ്പിക്കുന്ന രോഗകാരണം, അടുത്ത ആഴ്‌ചയിൽ, നാണക്കേടിൻ്റെ ഒരു മിന്നലോടെ ഞങ്ങൾക്ക് വെളിവായത് അദ്ദേഹത്തിൻ്റെ MRI എടുത്തപ്പോഴാണ്: മസ്തിഷ്ക്കത്തെ ദ്രാവകത്തിൽ കുളിപ്പിക്കുന്ന അറകൾ വീങ്ങി, വീർത്തിരിക്കുന്നു; മസ്‌തിഷ്‌ക്കചർമ്മം അതിൻ്റെ അതിരുകളിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. നോർമൽ പ്രഷർ ഹൈഡ്രോസെഫാലസ് (NPH) എന്നാണീ അവസ്ഥയുടെ പേര്. തലച്ചോറിനു ചുറ്റും ദ്രവങ്ങൾ അസാധാരണമായ രീതിയിൽ പ്രവഹിക്കുമ്പോൾ അതിൻ്റെ അറകളിലുണ്ടാകുന്ന സമ്മർദ്ദമാണ് ഇതിനു കാരണം.  "തലച്ചോറിലെ ഒരു തരം ഉച്ചസമ്മർദ്ദം," ഒരു നാഡീവിദഗ്ദ്ധൻ വിശദീകരിച്ചു. അവർണ്ണനീയമായ മൂന്നു  മാതൃകാലക്ഷണങ്ങളാണ് NPHന്: നടത്തത്തിലെ അസ്ഥിരത; മൂത്രമൊഴിക്കുന്നതിലെ അനിയന്ത്രണം; മറവിക്കുറവ്. അച്ഛൻ വീണത് വെറുതേയല്ല; അച്ഛൻ രോഗത്തിൽ വീണതാണ്.  

അടുത്ത ചില മാസങ്ങളിൽ, ഈ അവസ്ഥയെക്കുറിച്ച് അറിയാൻ കഴിയുന്നതൊക്കെ ഞാൻ മനസ്സിലാക്കി. ഈ രോഗത്തിന് അറിയപ്പെടുന്ന ഒരു കാരണവുമില്ല. ഇത് കുടുംബങ്ങളിൽ കാണപ്പെടുന്നതാണ്. ഈ രോഗത്തിൻ്റെ ഒരു വകഭേദം ജനിതകപരമായ്‌ X ക്രോമസോമുമായ് ബന്ധപ്പെട്ടതാണ്; കൂടുതലും കണ്ടുവരുന്നത് പുരുഷന്മാരിലാണ്. ചില കുടുംബങ്ങളിൽ ഇരുപതും മുപ്പതും പ്രായമുള്ള ചെറുപ്പക്കാരിൽക്കൂടി ഇതു കണ്ടു വരുന്നു.മറ്റു ചില കുടുംബങ്ങളിൽ വൃദ്ധരെ മാത്രമാണിത് ബാധിക്കുന്നത്. ചിലവയിൽ, ഇതിൻ്റെ പരമ്പരാഗതരീതി ശക്തമാണ്. മറ്റു ചിലവയിൽ, ചിലർക്കു മാത്രമേ രോഗബാധയുണ്ടാകാറുള്ളൂ. പരമ്പരാഗതമായരോഗങ്ങളുടെ രേഖകൾ പ്രകാരം, ഏറ്റവും പ്രായം കുറഞ്ഞ രോഗികൾ നാലോ, അഞ്ചോ വയസ്സുള്ള കുട്ടികളാണ്. പ്രായം കൂടിയ രോഗികൾ എഴുപതുകളിലും, എൺപതുകളിലും ഉള്ളവരാണ്. 

ചുരുക്കത്തിൽ,  ഇതൊരു ജനിതകരോഗമാണ് --- "ജനിതകം" എന്നു പറയുന്നത് അരിവാൾഅനീമിയയുടേയോ, ഹീമഫിലിയയുടേയോ കാര്യത്തിലെന്നപോലെയല്ല. ഏതെങ്കിലും ഒരു ജീനിൻ്റെ നിയന്ത്രണം കൊണ്ടല്ല വിചിത്രമായ ഈ രോഗബാധയുണ്ടാകുന്നത്. അനവധി ക്രോമസോമുകളിലായി നീണ്ടു കിടക്കുന്ന നിരവധി ജീനുകളാണ്, വളർച്ചയുടെ ഘട്ടത്തിൽ, മസ്തിഷ്ക്കത്തിലെ ദ്രവനാളികളുടെ രൂപീകരണമെന്തെന്ന് നിർദ്ദേശിക്കുന്നത് --- നിരവധി ക്രോമസോമുകളിൽ നിരന്നിരിക്കുന്ന നിരവധി ജീനുകൾ ഒരു ഫലശലഭത്തിൻ്റെ ചിറകുകളുടെ ആവിഷ്കാരത്തിനുള്ള നിർദ്ദേശം നൽകുന്നത് പോലെ. ഇവയിൽ ചില ജീനുകൾ നാളികളുടെ ഘടന എങ്ങനെയിരിക്കണമെന്നും, അറകളിലെ സിരകൾ എങ്ങനെയിരിക്കണമെന്നും തീരുമാനിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കി (ഒരു താരതമ്യത്തിന് "മാതൃകാ-രൂപീകരണ" ജീനുകൾ ഫലശലഭങ്ങളിലെ അവയവങ്ങൾക്കും ഘടനകൾക്കുമുള്ള നിർദ്ദേശങ്ങൾ നൽകുന്ന കാര്യം പരിഗണിക്കാം). മറ്റു ചില ജീനുകളാകട്ടെ, അറകൾക്കിടയിൽ ദ്രവങ്ങൾ എത്തിക്കുന്ന തന്മാത്രാചാലുകൾക്കുള്ള കോഡുകൾ ഉണ്ടാക്കുന്നു. ഇനിയും ചില ജീനുകൾ തലച്ചോറിൽനിന്നുള്ള ദ്രവങ്ങൾ രക്തത്തിലേക്കും, തിരിച്ചും, ലീനമാക്കുന്ന പ്രോട്ടീനുകളുടെ കോഡ്‌ ഉണ്ടാക്കുന്നു. തലച്ചോറും അതിൻ്റെ നാളികളും തലയോടിലെ സുനിശ്ചിതമായൊരു മാളത്തിനകത്താണ് വളരുന്നതെന്നതുകൊണ്ട്, തലയോടിൻ്റെ ആകൃതിയും, വലുപ്പവും തീരുമാനിക്കുന്ന ജീനുകൾ, പരോക്ഷമായ്, ചാലുകളുടെയും, നാളികളുടെയും അനുപാതത്തെ സ്വാധീനിക്കും.    

ഈ ജീനുകളിലുള്ള ഏതു വ്യതിയാനവും, ദ്രവനാളികളുടെയും അറകളുടെയും ഭൗതീകവ്യവസ്ഥയെ മാറ്റിയേക്കും. അത് ചാലുകളിലൂടെയുള്ള ദ്രവസഞ്ചാരരീതിയിൽ മാറ്റമുണ്ടാക്കും. പരിസ്ഥിതിവ്യതിയാനങ്ങൾ (പ്രായമാകലും, മസ്തിഷ്ക്കാഘാതവും മറ്റും) സങ്കീർണ്ണതകളുടെ കൂടുതൽ അടരുകൾ ഇതോടൊപ്പം കൂട്ടിച്ചേർക്കും.   ഇന്ന രോഗത്തിന് ഇന്ന ജീൻ എന്ന രീതിയിലുള്ള ഒരു പൊരുത്തവുമില്ല. ഒരാളിൽ NPHന് ഹേതുവാകുന്ന മുഴുവൻ ജീനുകളും നിങ്ങൾക്ക് പരമ്പരാഗതമായാലും, രോഗം നിങ്ങളിൽ "പ്രകാശിക്കണ"മെങ്കിൽ, ഒരപകടമോ, പരിസ്ഥിതിവിശേഷമോ നിമിത്തമായ് വർത്തിക്കേണ്ടതുണ്ട് (അച്ഛൻ്റെ കാര്യത്തിൽ പ്രായമായിരുന്നിരിക്കണം ആ നിമിത്തം). ജീനുകളുടെ ഒരു പ്രത്യേക ചേരുവയാണ് (ഉദാഹരണത്തിന്, ദ്രവം ആഗിരണം ചെയ്യുന്ന നിരക്ക് നിയന്ത്രിക്കുന്ന ജീനുകളും ദ്രവനാളികളുടെ പ്രത്യേക വലുപ്പം നിർണ്ണയിക്കുന്ന ജീനുകളും) നിങ്ങൾ പാരമ്പര്യമായ്‌ ആർജ്ജിക്കുന്നതെങ്കിൽ, രോഗം നിങ്ങളെ ബാധിക്കാനുള്ള സാദ്ധ്യത കൂടുന്നു.  രോഗത്തിൻ്റെ ഒരു ഡെൽഫിക് തോണിയാണിത് --- രോഗം തീരുമാനിക്കുന്നത് ഏതെങ്കിലുമൊരു ജീനല്ല; ജീനുകൾ തമ്മിലുള്ള ബന്ധമാണ്; ജീനുകളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധമാണ്.     

അരിസ്റ്റോട്ടിൽ പണ്ട് ചോദിക്കുകയുണ്ടായി: "ഒരു ജീവി എങ്ങനെയാണ്  രൂപധർമ്മങ്ങൾ സൃഷ്ടിക്കാൻ ആവശ്യമായ സന്ദേശം അതിൻ്റെ അണ്ഡത്തിലേക്കെത്തിക്കുന്നത്?"  പയറുകൾ, പഴശലഭങ്ങൾ, റൊട്ടിപ്പൂപ്പുകൾ തുടങ്ങിയ മാതൃകാജൈവരൂപങ്ങളുടെ നിരീക്ഷണത്തിലൂടെ  ഈ ചോദ്യത്തിന് കിട്ടിയ ഉത്തരമാണ് ആധുനികജനിതകശാസ്ത്രമെന്ന വിജ്ഞാനമേഖലക്ക് തുടക്കമിട്ടത്. ഒടുവിൽ, അതിൻ്റെ ഫലമായുണ്ടായതോ, ജൈവവ്യവസ്ഥകളിലെ സന്ദേശസഞ്ചാരത്തെക്കുറിച്ചുള്ള നമ്മുടെ അറിവിൻ്റെ അടിസ്ഥാനമായ,  ബൃഹത്തായ സ്വാധീനശക്തിയുള്ള ആ രേഖാചിത്രവും: 

ഒരു ജീവിയുടെ രൂപധർമ്മങ്ങളെയും ഭാഗധേയത്തെയും പാരമ്പര്യസന്ദേശം    എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാനുള്ള മറ്റൊരു കാചമാണ് അച്ഛൻ്റെ രോഗം, പക്ഷേ, നമുക്ക് നൽകുന്നത്. തൻ്റെ ജീനുകൾ കാരണമാണോ അച്ഛൻ വീണത്? ഉവ്വെന്നും, അല്ലെന്നും ഉത്തരമേകാം. ഒരു പരിണതഫലമുണ്ടാകാനുള്ള പ്രവണതയാണ് അദ്ദേഹത്തിൻ്റെ ജീനുകൾ സൃഷ്ടിച്ചത്; അല്ലാതെ ആ ഫലമല്ല. ചുറ്റുപാടുകളാണോ വീഴ്ചക്ക് കാരണം? ഉവ്വെന്നും അല്ലെന്നുമാണ് ഉത്തരം. രോഗം അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ തകിടം മറിക്കും മുമ്പ്, കഴിഞ്ഞ പത്തു വർഷങ്ങളിൽ എത്രയോ തവണ, ഒരപകടവുമില്ലാതെ, ആ കസേരയിൽ അദ്ദേഹം ഇരുന്നിട്ടുണ്ട്. അത് യാദൃച്ഛികമായിരുന്നോ? അതെ: ഒരു പ്രത്യേകകോണിലൂടെ നീങ്ങുന്ന ചില മരസാമഗ്രികൾ നിങ്ങളെ മുന്നോട്ടു തള്ളിയിടുമെന്ന് ആര് കണ്ടു? അതൊരപകടമായിരുന്നോ? ആണല്ലോ. പക്ഷേ, അദ്ദേഹത്തി ൻ്റെ ദേഹദൗർബ്ബല്യം വീഴ്ച ശരിക്കും ഉറപ്പാക്കി. 

അസങ്കീർണ്ണ ജീവികളിൽനിന്ന് മനുഷ്യജീവികളിലേക്ക് ജനിതകശാസ്ത്രം നീങ്ങിയതോടെ, പാരമ്പര്യത്തിൻ്റെയും, സന്ദേശസഞ്ചാരത്തിൻ്റെയും, ധർമ്മങ്ങളുടെയും, വിധിയുടെയും സ്വഭാവത്തെക്കുറിച്ചുള്ള പുതിയ ചിന്താരീതികൾ നേരിടേണ്ട വെല്ലുവിളി അതിനുണ്ടായി. സുഖാവസ്ഥയും അസുഖാവസ്ഥയുമുണ്ടാകാൻ ജീനുകൾ പരിതസ്ഥിതികളുമായ് സന്ധിക്കുന്നതെങ്ങനെയാണ്? വാസ്തവത്തിൽ, സ്വാഭാവികാവസ്ഥയും രോഗവും തമ്മിലെന്താണ് വ്യത്യാസം? എങ്ങനെയാണ് ജീനുകളിലെ വൈജാത്യങ്ങൾ മാനവരൂപധർമ്മവൈജാത്യങ്ങൾക്ക് ഹേതുവാകുന്നത്? നിരവധിജീനുകൾ എങ്ങനെയാണ് ഒരൊറ്റ പരിണതഫലമുണ്ടാക്കുന്നത്? മനുഷ്യരിൽ ഇത്ര ഏകത്വമിരിക്കേ, ഇത്രയും നാനാത്വമെങ്ങിനെ സാദ്ധ്യമാകുന്നു? ജീനുകളിലെ വകഭേദങ്ങൾക്ക്, ഒരേ സമയം പൊതുവായൊരു ശരീരവ്യവസ്ഥ നിലനിർത്താനും, ഏറെ സമയം പ്രത്യേക രോഗങ്ങൾ ഉൽപ്പാദിപ്പിക്കാനും കഴിയുന്നതെങ്ങനെ?

-----------------------------------------------------------------------------------------------------










ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...