2018, ജനുവരി 28, ഞായറാഴ്‌ച

എലിനോർ 17:4

ചാൻസറി ലെയ്‌നിലെ തൻ്റെ മുഷിഞ്ഞ ഫ്ലാറ്റ് മിനുക്കിയെടുക്കുന്നതിൽ ആ  അവധിക്കാലത്ത് അവൾ വ്യാപൃതയായി. "വീടു ചായമടിക്കുന്നതിൽ എനിക്കു നല്ല പ്രതിഭയുണ്ടെന്നാണ് എൻ്റെ വിശ്വാസം," അവൾ ചേച്ചിയോട് തമാശയായി പറഞ്ഞു. "ഇവിടിപ്പോ ഏറ്റവും ഉജ്ജ്വലമായ ഇനാമലുണ്ട്. . .അതെനിക്ക് അമൂല്യമായിട്ടാണ് തോന്നുന്നത്. കസേരകൾക്കും, മേശകൾക്കും, തറകളിലും, എല്ലാറ്റിലും ഞാൻ ഇനാമലടിച്ചു. അന്തരീക്ഷസ്ഥിതി അനുകൂലമായിരുന്നെങ്കിൽ, ഞാൻ  എന്നെത്തന്നെ ഇനാമൽ പൂശിയേനെ." തനിക്കും എഡ്വാർഡിനുമെതിരെ "ബ്ലാങ്ക് വാറണ്ടുകൾ" പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവൾ ലോറയെ ധരിപ്പിച്ചു. "പോലീസിനു തോന്നുമ്പോൾ  ഞങ്ങളുടെ മേക്കിട്ടു കയറാൻ വേണ്ടി." പക്ഷേ, പോലീസിൻ്റെ നിരുപാധികമായ വാറണ്ടിനെക്കാൾ അവളുടെ മനസ്സിനെ ഭരിച്ചത് ആധുനികമായ ഇനാമൽ കൊണ്ട് സ്വന്തം പ്രണയജീവിതത്തിലെ വിള്ളലുകളെ ചായമടിച്ചു മറക്കുന്നതെങ്ങിനെയെന്ന കാര്യമാണ്.

1888ൻ്റെ തുടക്കത്തിൽ എലിനോർ ഒരു ആത്മഹത്യാശ്രമം നടത്തിയെന്ന് ഹാവ്‌ലക് എല്ലിസ് അവകാശപ്പെടുന്നുണ്ട്. അവൾ വലിയ തോതിൽ കറുപ്പു കഴിച്ചുവെന്നാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. കടുപ്പം കൂടിയ കാപ്പി കൊടുത്ത് അവളെ ഛർദ്ദിപ്പിക്കുകയും, മുറിയിലങ്ങോട്ടുമിങ്ങോട്ടും നടത്തിക്കുകയും വഴി താൻ  --- ഒലീവും കൂടെയുണ്ടെന്ന സൂചനയോടെ --- അവളെ രക്ഷിച്ചുവെന്നാണ് അദ്ദേഹത്തിൻ്റെ പ്രസ്താവം. "ഗാർഹികജീവിതത്തിലെ ഏതു സവിശേഷ സംഭവമാണ് അവളെ ഈ ശ്രമത്തിലേക്ക് നയിച്ചതെന്ന് ഞാൻ ഒരിക്കലും അറിഞ്ഞില്ല. അവളുടെ സുഹൃത്തുക്കൾ ഖേദിച്ചു; എന്നാൽ, അവർക്കതിൽ അത്ഭുതമൊന്നുമുണ്ടായില്ല." എഡ്വാർഡ് അപ്പോഴും ടോർക്കിയിലായിരുന്നു. അവനിൽനിന്നും എന്നന്നേക്കുമായി പിരിയാൻ ഒലീവ് തൻ്റെ സ്നേഹിതയോട് യാചിച്ചു. പക്ഷെ, അതിൽ അവർക്കു വിജയമുണ്ടായില്ല. സാഹിതീയവും ബൗദ്ധികവുമായ കടുത്ത ജോലി നൽകി റ്റസ്സിയെ സഹായിക്കാൻ ഹെൻറിയും ഒലീവും രഹസ്യമായി പദ്ധതിയിട്ടു. 'നമുക്കു മേലെ നിപതിക്കുന്ന, നമ്മുടെ സഹനശേഷിക്കു താങ്ങാനാവുന്നതിലധികം വേദന നൽകുന്ന അസ്തിത്വദു:ഖത്തിൽനിന്നും' അതവളെ എന്നും അകലേക്ക് കൊണ്ടുപോയിരുന്നല്ലോ എന്നാണു തൻ്റെ മുപ്പത്തിമൂന്നാം പിറന്നാളിന് ഒരാഴ്ചക്കു ശേഷം ഡോളിയോട് അവർ പച്ചയായി പറഞ്ഞത്.

ഇബ്സന്‍റെ ഇംഗ്ലീഷിലുള്ള നാടകങ്ങളുടെ ആദ്യവാല്യം എഡിറ്റു ചെയ്യാന്‍ എല്ലിസിനെ വിസറ്റെലി അപ്പോള്‍ നിയോഗിച്ചു കഴിഞ്ഞതേയുള്ളൂ. അദ്ദേഹം ഉടന്‍തന്നെ എലിനോറിനെ ജനങ്ങളുടെ  ഒരു ശത്രു (അഥവാ, അവളുടെ ശൈലിയില്‍, ഒരു ഗണശത്രു ) അഞ്ചു പൌണ്ടെന്ന ഉജ്ജ്വലമായ ഒരു തുകക്കു, പരിഭാഷപ്പെടുത്താന്‍ നിയുക്തയാക്കി. പ്രേതങ്ങളും, സമുദായസ്തംഭങ്ങളുമായിരുന്നു ആ നാടകത്രയത്തിലുണ്ടായിരുന്ന മറ്റു രണ്ടു രചനകള്‍. "ഏറെ അവിവേകമാര്‍ന്ന ഒരു തിരഞ്ഞെടുക്കലായിപ്പോയി " ഈ നാടകങ്ങളെന്നാണ് റ്റസ്സിക്കു തോന്നിയത്. ഹെൻറിയുടെ ഗംഭീരമായ ആമുഖത്തെ  അവള്‍ പ്രശംസിച്ചുവെങ്കിലും, സമാഹാരത്തില്‍ നോറ ഉള്‍പ്പെടാത്തതിലുള്ള തന്‍റെ ഖേദം അവള്‍ തുറന്നു പറഞ്ഞു: "ഇബ്സന്‍റെ ഏതു ഒന്നാം വാല്യത്തിലും അതുണ്ടായിരിക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്." പിന്നീട്, ഹെൻറി തന്നെ സമ്മതിച്ചതു പോലെ, ഒരു പാവവീടിൻ്റെ ഭാവിവിജയം അവൾ ശരിയായിരുന്നുവെന്ന് തെളിയിച്ചു. 

തീവ്രമായ സാഹിത്യസപര്യയുടെ വർഷമായിരുന്നൂ 1888. പോയവർഷം എല്ലിസ്സ് അവൾക്കു നൽകിയിരുന്ന മാർലോപദ്ധതിയുടെ ഭാഗമായ എ വാണിംഗ്  ടു ഫെയർ വിമൻ  അവൾ എഡിറ്റു ചെയ്യുന്നതു തുടർന്നു. ബോദ്‌ലിയനിലുള്ള മൂലകയ്യെഴുത്തുപ്രതി പരിശോധിക്കുന്നതിന്  ഓക്സ്ഫോർഡിലേക്കു പോയിവരാനുള്ള പത്തുഷില്ലിംഗ് വിസറ്റെലി വഹിച്ചു. "പിഴുവുകളെന്ന് തോന്നുന്ന പല ഖണ്ഡികകളും പകർപ്പെഴുത്തുകാരുണ്ടാക്കിയ തെറ്റുകൾകൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്." പരിഭാഷയിൽ പരിശീലനം കിട്ടിയ ഒരാൾ ഇത് പറയുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നില്ല. പക്ഷെ, സർവ്വകലാശാല വിദ്യാഭ്യാസം പോയിട്ട്, സ്‌കൂളിൽ തന്നെ ശരിക്കു പോയിട്ടില്ലാത്ത എലിനോറാണിതു പറയുന്നത്.  

നാടകത്തിൻ്റെ സമ്പ്രദായങ്ങൾ ആഴത്തിലറിയാവുന്ന അവൾ ആ നാടകത്തെ അഞ്ച് അങ്കങ്ങളായി ചിട്ടപ്പെടുത്തി. ദൃശ്യങ്ങളുടെ സ്ഥലത്തിനനുസരിച്ചുള്ള  രംഗനിർദ്ദേശങ്ങൾ എഴുതിച്ചേർത്തു. നാടകത്തിനൊപ്പം 1593ലെ പഴയൊരു മാപ്പുകൂടി അച്ചടിക്കണമെന്ന് നിർദ്ദേശിച്ചു: "അതെല്ലാത്തിനെയും രസകരവും കൗതുകകരവുമാക്കുന്നു."  ഒരു നാടകം കൂടി തരാനൊക്കുമോ എന്ന് അവൾ എല്ലിസ്സിനോടാരാഞ്ഞു. "ഈ വിഷയത്തിൽ,                                      മൊത്തമായി, എനിക്ക് താൽപ്പര്യം കൂടിയിരിക്കുകയാണ്. ഒറ്റക്കൊറ്റക്ക് ഈ നാടകങ്ങളെ 
എനിക്കു നന്നായറിയാമായിരുന്നു. "രേഖകൾ" എന്ന നിലയിൽ അവയ്ക്കുള്ള മൂല്യം ഞാൻ മുമ്പ് മനസ്സിലാക്കിയിരുന്നുവെന്ന് തോന്നുന്നില്ല. 

അവളുടെ രചന വിസറ്റെലിയിലും എല്ലിസ്സിലും മതിപ്പും സന്തോഷവുമുളവാക്കി. പൂർത്തിയായ കയ്യെഴുത്തുപ്രതി എലിനോർ സമർപ്പിച്ചതിനു തൊട്ടുപിന്നാലെ, പക്ഷേ, വിസറ്റലി, സോളയുടെ നോവൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതിന്, വിചാരണചെയ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ വിചാരണയും, തടവും, തുടർന്നുള്ള മരണവും എലിനോറിൻ്റെ കൃതിയുടെ പ്രസിദ്ധീകരണത്തെ തടഞ്ഞു. പ്രസിദ്ധീകരണത്തിന് അടുത്ത നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. പ്രസിദ്ധീകൃതമായതിനുശേഷം അത് ആധികാരികമായ പതിപ്പായി 1950വരെ നിലനിന്നു. 

ആ വർഷത്തിലെ ആദ്യപാതിയിൽ, യൂണിയൻ കമ്മറ്റികൾ സംഘടിപ്പിച്ചും, എട്ടുമണിക്കൂർ ദിവസത്തിനു വേണ്ടി പോരാടിയും എലിനോർ ഈസ്റ്റ് ലണ്ടനിലെ കപ്പൽത്തുറത്തൊഴിലാളികളുമായാണ് കൂടുതൽ സമയം പങ്കിട്ടത്:

"കപ്പൽത്തുറയിലേക്ക് പോയാൽത്തന്നെമതി ഭ്രാന്തുപിടിക്കാൻ. ആണുങ്ങൾ ഉന്തുന്നതും തള്ളുന്നതും തല്ലുകൂടുന്നതും ജന്തുക്കളെപ്പോലെയാണ് - മനുഷ്യരെപ്പോലെയല്ല - അതും മണിക്കൂറിന് മൂന്നോ നാലോ ഡൈം കിട്ടാൻ! കശപിശയുടെ കടുപ്പം കാരണം   "അധികാരികൾ"ക്ക്  ചില ഇരുമ്പു വേലികൾക്ക്  പകരം മരവേലികൾ  വെക്കേണ്ടി വന്നു - ബലക്കുറവുള്ളവർ കശപിശക്കിടയിൽ വേലിയിൽ തറഞ്ഞു ചാകുന്നുണ്ടായിരുന്നു! . . ഇതൊക്കെ കാണുകയും അനുഭവിക്കുകയും ചെയ്ത ഒരാൾക്ക് ഇതേപ്പറ്റി ചിന്തിക്കാതിരിക്കുവാനാകില്ല."

ചൂടുകാലത്ത് ഡോഡ് വെല്ലിലേക്ക് മടങ്ങിയാൽ തനിക്കാശ്വാസമുണ്ടാകുമെന്ന് അവളാശിച്ചു. പക്ഷേ, കപ്പൽത്തുറയിലെ അതിജീവനത്തിനായുള്ള കടുത്ത സമരം സമ്മാനിച്ച അനുഭവത്തിനു ശേഷം, വ്യവസായികയുഗത്തിന് മുമ്പുള്ള ഷേക്‌സ്‌പിയർ ഭാവനയിലെ ഉദ്യാനങ്ങൾ അവൾക്ക് സാന്ത്വനമേകിയില്ല. ഇടവിടാതെ പെയ്യുന്ന മഴയിലൂടെ  അവളിപ്പോൾ കണ്ടത് ചെറുകിട കർഷകരുടെയും കൃഷിത്തൊഴിലാളികളുടെയും ദുരിതമാണ്. വൈക്കോലൊക്കെ നശിച്ചു പോയി. ഉരുളക്കിഴങ്ങുകൾ ചീഞ്ഞു പോയി.  വൈക്കോലുണക്കാൻ കാതങ്ങളോളം നടന്നു തളർന്നു വന്ന സ്ത്രീപുരുഷന്മാരും കുട്ടികളുമാണ് നാട്ടുമ്പുറത്തെ വഴികളിൽ നിറയെ. അവർക്കിനി പട്ടിണിയോടെ തിരിച്ചു ഇഴഞ്ഞുനടക്കണം."

അവൾക്കു മുഖം തിരിക്കാൻ കഴിഞ്ഞില്ല. ദു:സ്വപ്നങ്ങളും ഉറക്കമില്ലായ്മയും തന്നെ മാറിമാറി വലക്കുകയാണെന്ന് അവൾ ലോറയോട് സ്വകാര്യമായി പറഞ്ഞു: "ഒരു മുറി എന്നെ വല്ലാതെ വേട്ടയാടുന്നു. മുറിയേ! ഇരുണ്ട ഒരു നിലവറ. അതിൽ, വൈക്കോലിനു മുകളിൽ ഏതോ ഒരു ചാക്കിലൊരു സ്ത്രീ കിടക്കുന്നു. അവരുടെ മുല പാതിയും അർബ്ബുദം കാര്‍ന്നു തിന്നിട്ടുണ്ട്. .. കാലുകള്‍ക്കു മുകളിലിട്ട പഴയൊരു ചുകന്ന തൂവാലക്കഷണവും പായക്കഷണവുമൊഴിച്ചാല്‍ ആ സ്ത്രീ നഗ്നയാണ്‌. ചുറ്റിനും നാലു കുട്ടികളും ഒരു ശിശുവും. എല്ലാം അപ്പത്തിനുവേണ്ടി മുറവിളിയാണ്. അവളുടെ ഭര്‍ത്താവാകട്ടെ, വല്ല ചില്ലറയും തടയുമോ എന്നു നോക്കി തുറയിലാണ്." എലിനോര്‍ ആ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു; കുട്ടികളെ അയല്‍ക്കാരുടെ കയ്യിലേല്‍പ്പിക്കാന്‍ അവരെക്കൊണ്ടു ഏറെ ബുദ്ധിമുട്ടി നിര്‍ബന്ധിച്ചു സമ്മതിപ്പിച്ചതിനു ശേഷം. "പക്ഷേ, വല്ലാതെ വൈകിപ്പോയി --- ഇത് ആയിരമായിരങ്ങളില്‍ ഒന്നു മാത്രമാണ്."

തനിക്കൊരു കാഴ്ചപ്പാടരുളിത്തരാന്‍ അവള്‍ ചങ്ങാതികളോട് അപേക്ഷിച്ചു. തന്‍റെ വിവരമില്ലായ്മക്ക് മാപ്പുപറഞ്ഞുകൊണ്ട്, മനുഷ്യയാതനയുടെ ഭീമമായ വേദനയും തോതും അവരൊക്കെ എങ്ങിനെ നേരിടുന്നുവെന്ന് ചോദിച്ചു:

"എനിക്കിതൊരു ദു:സ്വപ്നമാണ്. എനിക്കത് തള്ളിക്കളയാനാകുന്നില്ല. ഞങ്ങളുടെ പച്ചപ്പാടങ്ങളും, മരങ്ങളും, എല്ലാ പൂക്കളുമുണ്ടായിട്ടും പകല്‍ ഞാനത്  കാണുന്നു. രാത്രികളില്‍ അതു തന്നെ സ്വപ്നം കാണുന്നു. ചുറ്റുമുള്ള ഈ യാതനകള്‍ക്കൊപ്പം എങ്ങിനെ ഒരാള്‍ക്ക്‌ ജീവിതം തുടരാന്‍ കഴിയുന്നുവെന്ന് ഞാന്‍ പലപ്പോഴും അത്ഭുതം കൂറാറുണ്ട്." 

ഇക്കാലത്തായിരുന്നെങ്കില്‍, "ഹൃദയത്തില്‍ ഇത്രയും വേദന" തനിക്കനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്നത് വാക്കിലൂടെ പ്രകടിപ്പിക്കാന്‍ ശ്രമിച്ച റ്റസ്സിക്ക് വിഷാദരോഗമാണെന്ന് നിര്‍ണ്ണയിക്കപ്പെടുമായിരുന്നു.  
    
ദ സ്കാര്‍ലെറ്റ് ലെറ്ററിനു താനുണ്ടാക്കിയ നാടകഭാഷ്യത്തിനു കിട്ടിയ സ്വീകരണത്താല്‍ ഉത്തേജിനായി എഡ്വാര്‍ഡ് അമേരിക്കന്‍ നാടകവേദി കീഴടക്കുകയെന്ന ഭാഗ്യം പരീക്ഷിക്കാനായി ഒരു കൈ നോക്കാമെന്നു വിചാരിച്ചു. തന്‍റെ മൂന്നു നാടകങ്ങള്‍ അവതരിപ്പിക്കുന്നതിന് തനിക്കു ക്ഷണം കിട്ടിയിട്ടുണ്ടെന്ന് അവന്‍ എലിനോറിനോടു പറഞ്ഞു. ന്യൂയോര്‍ക്കിലും, ഷിക്കാഗോയിലും, ജനറല്‍ പറഞ്ഞപോലെ, "ദൈവത്തിനറിയാം പിന്നെയെവിടെയോ". തനിക്കു വേദിയില്‍ വിജയം സാദ്ധ്യമായാല്‍ റ്റസ്സി എത്രയും തീവ്രമായി അഭിലഷിക്കുന്ന കുഞ്ഞിനെ സ്വന്തമാക്കാമെന്ന് എഡ്വാര്‍ഡ് അവള്‍ക്കു വാക്കു കൊടുത്തു. "എഡ്വാര്‍ഡിന്‍റെ നാടകങ്ങള്‍ ഭംഗിയായി നടക്കുകയാണെങ്കില്‍ ജോണിയെ എന്നെന്നേക്കുമായി ഞങ്ങള്‍ക്കൊപ്പം കൂട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു." 

അമേരിക്കയിലേക്കുള്ള എഡ്വാര്‍ഡിന്‍റെയും റ്റസ്സിയുടെയും യാത്രയും, റ്റസ്സി കൊച്ചുന്നാളിലേ ജോളി മീയര്‍ എന്നു വിളിച്ചിരുന്ന കാള്‍ സ്കോര്‍ലെമ്മറുമൊത്ത് അമേരിക്കയില്‍ അവധിക്കാലം ചെലവഴിക്കാനുള്ള ജനറലിന്‍റെ സ്വന്തം പരിപാടിയും ഒരേ സമയത്തായിരുന്നു. ജനറലിനു  കാലില്‍ വാതമുണ്ടായിരുന്നു; കൂടുതലും മാര്‍ക്സിന്‍റെ കയ്യെഴുത്തുപ്രതികള്‍ പകര്‍ത്തിയെഴുതുകയെന്ന അദ്ധ്വാനം കൊണ്ടുണ്ടായ കടുത്ത നേത്രരോഗവും. അതിനാല്‍ അദ്ദേഹത്തിന് വിശ്രമം വേണ്ടിയിരുന്നു. അമേരിക്കയെക്കുറിച്ച് അദ്ദേഹവും മാര്‍ക്സും വിശാലമായി ചിന്തിക്കുകയും എഴുതുകയും ചെയ്തിരുന്നുവെങ്കിലും ഏംഗല്‍സ് ഒരിക്കലും അമേരിക്കയില്‍ പോയിരുന്നില്ല. അവിടമൊന്നു നേരില്‍ കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു; പ്രത്യേകിച്ച്, അദ്ദേഹം പറയുകയുണ്ടായി, അമേരിക്കന്‍ തൊഴിലാളിവര്‍ഗ്ഗങ്ങള്‍ അവരുടെ ബ്രിട്ടീഷ് സഹോദരീസഹോദരന്മാരെക്കാള്‍ "ഊര്‍ജ്ജത്തോടെ" വര്‍ഗ്ഗബോധത്തിലേക്കും സംഘടിക്കുന്നതിലേക്കും പരിണമിക്കുന്നതുകൊണ്ട്.

"അവസാനത്തെ ബൂര്‍ഷ്വാ സ്വര്‍ഗ്ഗവും ഒരു പാപമോചകനരകമായി മാറുകയാണ്. അതിനെ യൂറോപ്പിനെപ്പോലെയൊരു തീ നരകമായി മാറുന്നതില്‍നിന്നു തടയാന്‍ അമേരിക്കയിലെ പുത്തന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ വികാസത്തിന്‍റെ പുരോഗമനവേഗത്തിനു മാത്രമേ കഴിയൂ. ഇതു കാണാന്‍ മാര്‍ക്സ് ഉണ്ടായിരുന്നെങ്കിലെന്നു മാത്രമാണ് എന്‍റെ ഒരേയൊരാഗ്രഹം!"

"ന്യൂയോര്‍ക്കിലെ ജര്‍മ്മന്‍ സോഷ്യലിസ്റ്റ് എക്സിക്യുട്ടീവ്‌ മുതലായവയുടെ സൂക്ഷ്മശ്രദ്ധ" ഒഴിവാക്കാനായി ഏംഗല്‍സും, സ്കോര്‍ലെമ്മറും അവരുടെ പരിപാടികള്‍ രഹസ്യമാക്കി വെച്ചു. "തനിക്കു കാണുകയാണ്, പ്രസംഗിക്കുകയല്ല ആവശ്യം" എന്നാണ് ഏംഗല്‍സു പറഞ്ഞത്. 

ഒരിക്കല്‍ക്കൂടി ഇന്മാന്‍റെ എസ് എസ് സിറ്റി ഓഫ് ബെര്‍ലിന്‍ എന്ന യാത്രാക്കപ്പല്‍ വഴി ഈ നാല്‍വര്‍ സംഘം ആഗസ്ത് ഒമ്പതിന് ക്വീന്‍സ് ഠൌണില്‍നിന്നു യാത്ര തിരിച്ചു: "ഞങ്ങള്‍ക്കൊപ്പം ധാരാളം അച്ചന്മാരും പാതിരിമാരുമുണ്ട്; പിന്നെ, കുറച്ചു ശിശുക്കളും, നിലക്കാത്ത അമേരിക്കൻ സ്വരങ്ങളും," റ്റസി ലോറയോട് പറഞ്ഞു. "നമ്മുടെ രണ്ടു കിഴവന്മാരും നന്നായി സ്വയം ആസ്വദിക്കുകയും, തിന്നുകയും, കുടിക്കുകയും, ആകാവുന്നത്ര ഉല്ലാസമായി ഇരിക്കുകയുമാണ്." കാലാവസ്ഥ എങ്ങനെയായാലും റ്റസ്സിയെ ജനറൽ ഡെക്കിൽ നടക്കാനും, ഒന്നിച്ചൊരു ബിയറു കുടിക്കാനും ക്ഷണിക്കും. "ഒരു കീറാമുട്ടിയെ ഒഴിവാക്കി നടക്കുകയല്ല, മറിച്ച്, അതിനു മുകളിലൂടെ കയറുകയോ, തുള്ളുകയോ ആണ്  മൂപ്പരുടെ അനങ്ങാപ്പാറാ നയങ്ങളിലൊന്ന്." 

ന്യൂയോര്‍ക്കും, ബോസ്റ്റണും, നയാഗ്രയും, പിറ്റ്സ്ബര്‍ഗ്ഗും സന്ദര്‍ശിച്ച് കാനഡയിലേക്ക് പോവുക എന്നതായിരുന്നൂ "യാങ്കീ ദേശ"ത്തേക്കുള്ള അവരുടെ പര്യടനത്തിലെ കാര്യക്രമം. അതിനു ശേഷം ജനറലും ജോളീമിയറും യൂറോപ്പിലേക്ക് മടങ്ങും. റ്റസ്സിയും എഡ്വാര്‍ഡും അലെക് നെല്‍സണിന്‍റെ ഒരു നാടകത്തിന്‍റെ നിര്‍മ്മാണത്തിനായി ഷിക്കാഗോ സന്ദര്‍ശിക്കും. യാത്രയുടെ  തുടക്കത്തില്‍ത്തന്നെ ഏംഗല്‍സില്‍നിന്നും വര്‍ഷങ്ങള്‍ അടര്‍ന്നു വീണു. പക്ഷേ, ജോളീമിയറിന് ഉത്സാഹമുള്ളതായി തോന്നിയില്ല. "അദ്ദേഹം ഇപ്പോള്‍ സാഡ് മിയറാണ്. അദ്ദേഹം ആകെ തകര്‍ന്നിരിക്കുന്നു. വീണ്ടും പഴയപടിയാകുമോ എന്നെനിക്കു സംശയമാണ്."

മാര്‍ക്സ്-ഏവ്ലിംഗുമാര്‍, അല്ല, മാര്‍ക്സ്-നെല്‍സണ്‍മാര്‍ ന്യൂയോര്‍ക്കിലെ വിലകുറഞ്ഞ ഒരു ബോര്‍ഡിംഗ് ഹൌസിലാണ് ചേക്കേറിയത്. ജനറലും പഴയ ജോളീമിയറും സുഹൃത്തുക്കള്‍ക്കൊപ്പം തങ്ങി. വിലകുറഞ്ഞ താമസസ്ഥലം തന്‍റെ പ്രതിച്ഛായക്കു പറ്റിയതാണെന്ന് എഡ്വാര്‍ഡ് കരുതിയില്ല. പ്രശസ്തിയിലേക്കുയര്‍ന്നുവരുന്ന ഒരു നാടകകൃത്തിന് കൂടുതല്‍ അനുയോജ്യമായ ബ്രോഡ് വേക്കടുത്തുള്ള മെച്ചപ്പെട്ടൊരു ഹോട്ടലിലേക്കു മാറാന്‍ അവന്‍ വാശി പിടിച്ചു. ഹോട്ടല്‍ച്ചിലവ് തന്‍റെ നാടകത്തെ പിന്തുണക്കുന്നവര്‍ വഹിച്ചോളുമെന്ന് അവന്‍ എലിനോറിനോട് പറഞ്ഞു. തന്‍റെ റിഹേര്‍സലുകള്‍ നോക്കാനായി എഡ്വാര്‍ഡ് ദിവസം മുഴുവന്‍ മാറിനിന്നപ്പോള്‍, എലിനോര്‍ നഗരം നടന്നു കണ്ടു:

"എന്നത്തേക്കാളും ബീഭത്സമായിട്ടാണ് എനിക്കീ അനീതികളുടെ നഗരം അനുഭവപ്പെടുന്നത്. എങ്കിലും, അതു വളരെ മനോഹരവുമാണ്. ന്യൂയോര്‍ക്കുപോലെ ഇത്രയും തീവ്രമനോഹരമായ രീതിയില്‍ സ്ഥിതിചെയ്യുന്ന വേറൊരു വന്‍പട്ടണം ലോകത്തുണ്ടെന്ന് എനിക്കു തോന്നുന്നില്ല. പക്ഷേ, വാണിജ്യം അതിനെ ശരിക്കുമൊരു നരകമാക്കിയിരിക്കുന്നു."  

ഏംഗല്‍സു അഭിപ്രായപ്പെട്ടതു പോലെ, മുതലാളിത്ത ഉല്‍പ്പാദനത്തിന്‍റെ കേന്ദ്രത്തിനു പറ്റിയ  അതിഗംഭീരമായ സ്ഥലമാണ് ന്യൂയോര്‍ക്കെന്നുള്ള സവിശേഷമായ ഈ വീക്ഷണങ്ങള്‍ക്കൊപ്പം, അമേരിക്കക്കാരോടു പൊതുവേയും, അവരുടെ ഇംഗ്ലീഷു ഭാഷാപ്രയോഗത്തോടു പ്രത്യേകിച്ചും എലിനോറിനുണ്ടായ ആവേശവും ആരാധനയും നിലനിന്നു പോന്നു. 

ന്യൂയോര്‍ക്കില്‍ അലെക് നെല്‍സണ്‍ എന്നറിയപ്പെട്ടിരുന്നയാള്‍ "തന്‍റെ റിഹേര്‍സല്‍ കാണാന്‍ പോകുന്നതിനെ" ചൊല്ലി വലിയ കോലാഹലമുണ്ടാക്കി. തന്‍റെ നാടകനിര്‍മ്മാണത്തിന്‍റെ പേരില്‍ കുടുംബാംഗങ്ങളെ കുറച്ചധികം ദിവസങ്ങള്‍ കൂടി ആ നഗരത്തില്‍ കാത്തിരിക്കാന്‍ അവന്‍ നിര്‍ബന്ധിച്ചു. അതിനുശേഷം ഒരാവിക്കപ്പല്‍ വഴി ഹഡ്സണ്‍ പുഴയിലൂടെ ആൽബനിയിലേക്കും ലേയ്ക്ക് ജോർജ്ജിലേക്കും തിരിച്ചു. അവിടെനിന്ന് പിന്നീട് ബോസ്റ്റണിലേക്കും നയാഗ്രാ വെള്ളച്ചാട്ടത്തിലേക്കും പോയി. അവൻ്റെ തിക്കും തിരക്കുമാർന്ന പരിശീലന പരിപാടി വെച്ചുനോക്കുമ്പോൾ അവനു തങ്ങളുടെ കൂടെ വരാൻ പറ്റിയെന്നത് ഏംഗൽസിനും റ്റസ്സിക്കും ആശ്ചര്യമുളവാക്കി.

"നാടുകളിൽവെച്ച്  അത്യത്ഭുതകരമായ നയാഗ്രാ"യിൽനിന്ന് നാൽവരും നൗകവഴി ഒണ്ടാറിയോ ലേക്കിലേക്കു പോയി; പിന്നീട് ക്ഷുഭിതമായ ഗ്രെയ്റ്റ്‌ ലേക്‌സിലൂടെ ടൊറൻടോയിലേക്കും. "വിചിത്രമായൊരു നാട്. അവിടത്തെ ആൾക്കാരെല്ലാം കണ്ടാൽ ഇംഗ്ലീഷുകാരാണെന്നു തോന്നും. സെൻ്റ്  ലോറന്‍സ് നദിയിലൂടെയുള്ള വിഹാരം എലിനോറിനേറെ ഇഷ്ടമായി. ആ നദിക്ക് "യൂറോപ്പിലുള്ള നമുക്ക് ചിന്തിക്കാന്‍ പറ്റാത്തത്ര വലിപ്പമാണ്". ചെറുതും വലുതുമായ ദ്വീപുകളാല്‍ തടാകം എങ്ങിനെ ഖചിതമായിരിക്കുവെന്ന് അവള്‍ വര്‍ണ്ണിച്ചു. "ആയിരം ദ്വീപെന്നു വിളിക്കപ്പെടുന്നിടത്തു, അമേരിക്കയിലെ കോടീശ്വരന്മാര്‍ക്ക്, മുഖ്യമായും പണക്കാരായ കാലിഫോര്‍ണിയക്കാര്‍ക്ക്,  ഗ്രീഷ്മകാലവസതികളുണ്ട്. രാത്രികളില്‍ ഇവയൊക്കെ നൂറു കണക്കിനു വിളക്കുകളെക്കൊണ്ടും, ചീനവിളക്കുകളെക്കൊണ്ടും പ്രകാശത്തില്‍ കുളിച്ചു നില്‍ക്കും. അതുണ്ടാക്കുന്ന പ്രതീതി വിചിത്രവും സുന്ദരവുമാണ്."    

മോണ്ട്രിയലിന്‍റെ ഫ്രഞ്ചുസ്വഭാവവും അപ്രതീക്ഷിതമായ അതിന്‍റെ കലുഷതയും അവളെ വശീകരിച്ചു. "ഞാന്‍ കണ്ടത്തില്‍വെച്ചേറ്റവും ചളിയുള്ള, ഏറ്റവും പൊട്ടിപ്പൊളിഞ്ഞ പട്ടണം ... തെരുവുകളോ, എന്തൊരു കുഴികളും ചെളിയുമാണ്! യൂറോപ്പിലെ ഗ്രാമങ്ങള്‍പോലും അപമാനമെന്നു കരുതിയേക്കാവുന്നരീതിയില്‍ എല്ലാ അമേരിക്കന്‍ പട്ടണങ്ങളും  കല്ലോ ടാറോ പാകാത്തവയാണ്. അവയൊക്കെ കണ്ടിട്ടും ഇതു കാണുമ്പോള്‍ തരിച്ചു നിന്നു പോകും."എങ്കിലും, മലകളുള്ള അഡിറോണ്‍ഡാക്സ്‌ പശ്ചാത്തലമായുള്ള പട്ടണത്തിന്‍റെ ദൃശ്യം അവള്‍ക്കിഷ്ടമായി. അതിന്‍റെ ഭംഗിയാസ്വദിക്കാനായി അവള്‍ മോണ്ട്രിയലിനു ചുറ്റുമുള്ള കുന്നുകളുടെ ഉച്ചിയിലേക്ക് സവാരി ചെയ്തു. 

വിചിത്രമായ ഒരു കാര്യം സംഭവിക്കുകയുണ്ടായി. കാഴ്ചകള്‍ കാണാനുള്ള ഈ യാത്രയില്‍ എഡ്വാര്‍ഡും ഒപ്പം പോന്നു. മാത്രമല്ല, അവശേഷിച്ച അവധിക്കാലം മുഴുവന്‍ അവരുടെ കൂടെ തങ്ങി. തന്‍റെ റിഹേര്‍സലുകളെക്കുറിച്ചോ, നാടകങ്ങളെക്കുറിച്ചോ, അവതരണങ്ങളെക്കുറിച്ചോ പിന്നീടൊരു സൂചനപോലുമുണ്ടായില്ല. റ്റസ്സിയിലും ജനറലിലും എഡ്വാര്‍ഡിന്‍റെ ഉദിച്ചുവരുന്ന വിജയത്തിന്‍റെ പ്രതീക്ഷയുണ്ടാക്കിയ,  മാസങ്ങളോളം അവരില്‍ മതിപ്പുളവാക്കിയിരുന്ന അവന്‍ പൊക്കിപ്പിടിച്ച മൊത്തം പദ്ധതിയും കേവലം ആവിയായിപ്പോയി. അവര്‍ അമേരിക്കയിലേക്ക് വരുന്നതിനു മുമ്പ്, റ്റസ്സിയുടെ ഭര്‍ത്താവിന്‍റെ  പുരോഗമനത്തെക്കുറിച്ചും, എഡ്വാര്‍ഡിന്‍റെ അമേരിക്കന്‍ പര്യടനത്തിന്‍റെ ആസന്നവിജയത്തെക്കുറിച്ചും വീമ്പിളക്കിക്കൊണ്ടു ആളുകള്‍ക്ക് താനെഴുതിയ കത്തുകളിലൊന്നില്‍ ഏംഗല്‍സ് ഇങ്ങിനെ പരാമര്‍ശിച്ചിരുന്നു:"നാടകത്തിലുള്ള അവന്‍റെ വിജയം ഈ നിലക്കാണ്  പോകുന്നതെങ്കില്‍, അവന് അടുത്തവര്‍ഷം ആസ്ത്രേലിയക്കു പോകേണ്ടി വരും,ഏതെങ്കിലുമൊരു നാട്യസംഘാടകന്‍റെ ചിലവില്‍." അതോ, അവന്‍ ആത്മവിമോഹിതനായ ഒരു ചതിയനെന്നു വെളിപ്പെടുമ്പോള്‍,  കുറ്റവാളികള്‍ക്കുള്ള ഏതെങ്കിലുമൊരു  കപ്പലിലായിരിക്കുമോ ആസ്ത്രേലിയയിലെത്തുക? ജനറലിന്‍റെ ഈ എഴുത്തില്‍ എല്ലാമറിഞ്ഞ പരിഹാസത്തിന്‍റെ ഒരു മിന്നലാട്ടമില്ലേ? ജനറല്‍ തന്‍റെ പൊടുന്നനെയുള്ള വിനോദയാത്ര എഡ്വാര്‍ഡിന്‍റെ അമേരിക്കന്‍ നാടകപര്യടനത്തിനൊപ്പമാക്കിയത്, റ്റസ്സി ഒരിക്കല്‍ കൂടി ഒറ്റക്കാവരുതെന്നും, എഡ്വാര്‍ഡിന്‍റെ അവസരവാദത്താല്‍ അവഹേളിതയാകരുതെന്നും ഉറപ്പിക്കാനാണോ? 

എഡ്വാര്‍ഡ് അവധിക്കാലം മുഴുവന്‍ മറ്റുള്ളവരെ അനുഗമിച്ചു. ഷിക്കഗോവില്‍ കാലെടുത്തുകുത്തിയതേയില്ല. നാടകനടത്തിപ്പിനായി താന്‍ അമേരിക്കയില്‍ തങ്ങുമെന്ന പ്രഖ്യാപിത  ആസൂത്രണത്തിനു വിരുദ്ധമായി, അവന്‍ മറ്റുള്ളവരുടെ കൂടെ സപ്തംബര്‍ പത്തൊമ്പതിന് പുതിയ സവാരിക്കപ്പലായ സിറ്റി ഓഫ് ന്യൂയോര്‍ക്ക് വഴി ഇംഗ്ലണ്ടിലേക്കു മടങ്ങി. എഡ്വാര്‍ഡിന്‍റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട അമേരിക്കന്‍ നാടകവേദിയുടെ കീഴടക്കലിനെക്കുറിച്ച് റ്റസ്സി തീർത്തും മൂകയായി. 

ഈയടുത്തകാലത്തു വരെ എഡ്വാർഡിനു തീർത്തും പുച്ഛമായിരുന്ന ഒരു നാടകസമൂഹം പെട്ടെന്ന് മലക്കം മറിഞ്ഞു  അവനെ ഇരുകയ്യും നീട്ടി ക്ഷണിച്ചതെന്തിനെന്ന് ഏംഗൽസും എലിനോറും സ്വയം ചോദിച്ചിട്ടുണ്ടാകണം. അമേരിക്കയിലേക്കുള്ള അവരുടെ ആദ്യ സന്ദർശനത്തിനു ശേഷം എഡ്വാർഡ് ഡ്രമാറ്റിക് റീവ്യൂവിന് ഒരു അഭിമുഖം കൊടുത്തിരുന്നു. അതിലവൻ "അമേരിക്കൻ നാടകവേദിയോടുള്ള തൻ്റെ തീവ്രമായ ജുഗുപ്സ" പ്രകടിപ്പിച്ചതാണ്. "ഐക്യനാടിലെ എല്ലാ നാടകങ്ങളും ഇറക്കുമതികളാണെന്നാണ് അയാൾ പറയുന്നത്; യാങ്കികൾക്ക് അവരുടെ സ്വന്തം നാടകങ്ങൾ മാത്രമേയുള്ളുവെങ്കിൽ, അതിൻ്റെ ഫലം ആലോചിക്കുക ഏറെ വേദനാഭരിതമായിരിക്കുമെന്നും." അലെക് നെൽസണിൻ്റെ നാടകം ഇറക്കുമതി ചെയ്യുന്നതിനേക്കാൾ സ്വന്തം വേദനയാണ് മെച്ചമെന്ന് യാങ്കീനാടകവേദി കരുതിയെന്നത് വ്യക്തമാണ്. 

ജനറലിൻ്റെ ചങ്ങാത്തത്തിൽ ഒരു മാസത്തെ ഉചിതമായ ഉല്ലാസയാത്രക്കു ശേഷം റ്റസ്സി ഉന്മേഷവതിയായി; ഹൃദയഭാരം കുറഞ്ഞവളായി. യാത്ര അവളുടെ വിഷാദമുളവാക്കുന്ന ബാധകളെയും ദു:സ്വപ്നങ്ങളെയും കാറ്റില്‍പ്പറത്തി. ജനറല്‍ അവളെ അവളുടെ മുന്നോട്ടു പോകാനുള്ള ഉത്സാഹത്തിലേക്ക് തിരികെ കൊണ്ടുവന്നു. എങ്കിലും ഇംഗ്ലണ്ടിലേക്കുള്ള  മടക്കയാത്രയില്‍ അവളെ ഒരു കരിനിഴല്‍ പിടികൂടി. തന്‍റെ നാടങ്ങള്‍ അമേരിക്കയില്‍ വിജയിക്കുകയാണെങ്കില്‍, ലോംഗ്വേ സാമ്മതിക്കുകയാണെങ്കില്‍ (അതിപ്പോള്‍ സാദ്ധ്യതയുള്ളതാണ്), അവര്‍ക്ക് ജോണിയെ "എന്നെന്നേക്കുമായി" കൂടെ കൂട്ടാമെന്ന് എഡ്വാര്‍ഡ് വാഗ്ദാനം ചെയ്തിരുന്നുവല്ലോ. എഡ്വാര്‍ഡിന്‍റെ മറ്റു വാഗ്ദാനങ്ങളെപ്പോലെ ഇതും നിറവേറാതെ പോയി. തന്‍റെ നിയമപ്രകാരമുള്ള ഭാര്യ മരിച്ചാല്‍, ഒടുവില്‍ അവളെ താന്‍ വിവാഹം ചെയ്യുമെന്നും അവന്‍ വാഗ്ദാനം ചെയ്തിരുന്നു. സമയമാകുമ്പോള്‍ അവര്‍ക്കും കുട്ടികളാകാമെന്നും അവന്‍ വാക്കു കൊടുത്തിരുന്നു. നാടകരംഗത്ത് വിജയിച്ചാല്‍, അതല്ലെങ്കില്‍, തന്‍റെ പാഠപുസ്തകങ്ങളിലൊന്ന് വന്‍വിജയമായാല്‍ അവരുടെ കൂട്ടു വരുമാനത്തിന്‍റെ പാതി മുഴുവനും നല്‍കുമെന്ന് അവള്‍ക്കവന്‍ നിരന്തരം ഉറപ്പുകൊടുക്കുമായിരുന്നു. താന്‍ രാഷ്ട്രീയത്തില്‍ പ്രയോഗിച്ച അതേ നയം തന്നെ എലിനോര്‍ തന്‍റെ വ്യക്തിജീവിതത്തിലും അനുവര്‍ത്തിക്കേണ്ടാതായിരുന്നു: വാക്കുകളല്ല, പ്രവൃത്തി; നേരിട്ടുള്ള തെളിവ്; മൂര്‍ത്തമായ പ്രമാണം; വൈകാരികത ഒഴിവാക്കല്‍.

ജനറല്‍ വിശകലനം ചെയ്തതുപോലെ, എഡ്വാര്‍ഡ് വശ്യതയുള്ള, പണിക്കുകൊള്ളാത്ത, ഒരു സ്വപ്നജീവിയായിരുന്നു. കാര്യങ്ങള്‍ നടത്തിയത് റ്റസ്സിയാണ്. ഡോഡ്‌ വെല്ലിലെ വാടക വര്‍ഷത്തില്‍ അഞ്ചു പൌണ്ട്. 1888ല്‍ അവള്‍ ഉരുളക്കിഴങ്ങു വിറ്റ് മൂന്നു പൌണ്ടുണ്ടാക്കി. ബാക്കിയുള്ള രണ്ടു പൌണ്ട് തന്‍റെ "ഹാക്കിംഗി"ലൂടെ സമ്പാദിച്ചു. ലോറയുടെ ഫ്രഞ്ചു തോട്ടത്തിലെ വിള വിറ്റ് കുടുംബവരുമാനമുണ്ടാക്കാന്‍ റ്റസ്സി ചേച്ചിയോടു പറഞ്ഞു. മുമ്പ് അവരുടെ അമ്മയുടെ കാര്യത്തിലെന്നപോലെ, ഇരുവരും കാശില്ലാത്ത പുരുഷന്മാരാല്‍ കെട്ടപ്പെട്ടവരായിരുന്നു. എന്തായാലും, തന്‍റെ ഉരുളക്കിഴങ്ങുവിള വിറ്റോ, മറ്റുള്ളവര്‍ക്കു വേണ്ടി എഴുതിയോ, റ്റസ്സി എഡ്വാര്‍ഡിനെയും തന്നെയും പോറ്റി ഒരു വിധം കഴിഞ്ഞു പോന്നു: "പക്ഷേ, കടുകഠിനമാണ് കാര്യം! തൊഴിലെടുത്ത് സമ്പാദിക്കുന്ന ഒരു സ്ത്രീക്കു പകരം മ്യാവൂ എന്നു കരയുന്ന ഒരു പൂച്ചക്കുട്ടിയായാലോ എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്." 

1890ലെ ക്രിസ്തുമസ്സിനു, അവളുടെ മുപ്പത്തിയഞ്ചാം പിറന്നാളിനു തൊട്ടുമുമ്പ്,   ലോറയോടു റ്റസ്സി പറഞ്ഞു:

"പുതിയൊരു മാസികക്കു വേണ്ടി കീറിമുറിച്ച് തര്‍ജ്ജിമ (വളരെ മോശം) ചെയ്യുകയാണ് ഞാന്‍ ... എഡ്വാര്‍ഡ് എല്ലാ തരത്തിലുമുള്ളത് എഴുതുന്നു - കൊള്ളാവുന്നതും, അല്ലാത്തതും, വിരസമായവയും. ഞങ്ങള്‍ രണ്ടുപേര്‍ക്കും മീറ്റിംഗുകളുമുണ്ട്. ഒഴിവായിക്കിട്ടുന്ന ഓരോ മണിക്കൂറിലും അങ്ങിനെയെന്തെങ്കിലും പണിയുണ്ടാകും. ജീവിക്കാന്‍ പറ്റിയതാണോ ജീവിതം, അതോ, അതൊരിക്കലും മയപ്പെടാത്ത ശല്യമാണോ എന്നൊന്നും ചിന്തിക്കാനുള്ള സമയം വാസ്തവത്തിലില്ല." 

ഒലീവും എല്ലിസ്സും പ്രതീക്ഷിച്ചിരുന്ന പോലെ, ജോലി റ്റസ്സിയെ വിഷാദത്തിന്‍റെ അന്തമില്ലാത്ത ഗര്‍ത്തത്തില്‍നിന്നും തിരിച്ചുപിടിച്ചു.കവിതയും സഹായിച്ചു. പേര്‍സി ബൈഷീ ഷെല്ലിയായിരുന്നൂ, പ്രത്യേകിച്ച്, എലിനോറിന്‍റെ മനസ്സില്‍. അദ്ദേഹത്തിന്‍റെ രചനകള്‍ സൂക്ഷ്മപാരായണം ചെയ്തത് ഈ നിര്‍ണ്ണായക സമയത്ത്  അവളുടെ തല ശരിയാകുന്നതിനു ഗണ്യമായി സഹായിച്ചു. 1885ല്‍ ഫര്‍ന്നിണ്ണിവാള്‍ ഷെല്ലി സൊസൈറ്റി സ്ഥാപിച്ചപ്പോള്‍ എലിനോര്‍ അതില്‍ അംഗമായിരുന്നു. താമസിയാതെ, എഡ്വാര്‍ഡും അംഗത്വത്തിന് അപേക്ഷിച്ചിരുന്നു. എഡ്വാര്‍ഡിന്‍റെ അപേക്ഷയുണ്ടാക്കിയ കുഴപ്പം ഹെന്രി സാള്‍ട്ട് ഓര്‍ക്കുന്നുണ്ട്: " അതു - അയാളുടെ വൈവാഹികബന്ധത്തിന് ഷെല്ലിയുടേതുമായി സാമ്യമുള്ളതുകൊണ്ട് -  നിരസിക്കാനാണ് ഭൂരിപക്ഷവും തീരുമാനിച്ചത്. രാജിവെക്കുമെന്നു ഭീഷണിപ്പെടുത്തിയ ചെയര്‍മാന്‍ ഡബ്ല്യൂ. എം. റോസറ്റിയുടെ ഉറച്ച നിലപാടു കൊണ്ട് മാത്രമാണ് . .. ആ കീറാമുട്ടി മറികടക്കാനായത്." സൊസൈറ്റിയുടെ പേര്  "മാന്യന്മാരുടെ സമുദായം" എന്നു മാറ്റേണ്ടതില്ലേ  എന്നും സാള്‍ട്ട് ശങ്കിക്കുകയുണ്ടായി. 

സാള്‍ട്ടും റോസെറ്റിയും തര്‍ക്കിച്ചതുപോലെ, ഇക്കാര്യത്തില്‍ ഏവ്ലിംഗ് അന്യായമായി വിധിക്കപ്പെടുകയായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം "ഷെല്ലിയുടെ സോഷ്യലിസ"ത്തെപ്പറ്റി എഡ്വാര്‍ഡും എലിനോറും ഒരുമിച്ച് രണ്ടു പ്രഭാഷണങ്ങള്‍ നടത്തിയപ്പോള്‍, സാള്‍ട്ടിന്‍റെയും റോസെറ്റിയുടെയും പിന്തുണ അസ്ഥാനത്തായിരുന്നില്ല എന്നു തോന്നി. "രണ്ടു പ്രഭാഷണങ്ങള്‍" എന്ന് പൊതുവേ വിളിക്കപ്പെടുന്ന ഈ പ്രഭാഷണങ്ങള്‍  അവര്‍ 1888ല്‍  തിരുത്തുകയും, ഒരൊറ്റ കൊച്ചു പുസ്തകമായി,ഇരുപത്തിയഞ്ച് പ്രതികളായി,   സ്വന്തമായ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഷെല്ലിയെക്കുറിച്ചുള്ള എഡ്വാര്‍ഡിന്‍റെയും എലിനോറിന്‍റെയും രചന, പിന്നീട്, ഷെല്ലിയുടെ കവിതയുടെ "മാര്‍ക്സിസ്റ്റ് വിലയിരുത്തലാ"യി ചിത്രീകരിക്കപ്പെട്ടു. പക്ഷേ, ഏതു മാര്‍ക്സിന്‍റെ പേരിലാണോ ആ രചന ആ മാര്‍ക്സ്  അതിനെ അങ്ങിനെ വിളിച്ചില്ല. "ഷെല്ലി സോഷ്യലിസ്റ്റായിരുന്നുവോ, അല്ലയോ എന്നും, അദ്ദേഹത്തിന്‍റെ കവിതയിലെ വിപ്ലവോദ്ദേശ്യമെന്തെന്നു"മുള്ള  ഒരു സാഹിത്യപരിശോധനയെന്നാണ് ഈ രചനയെ എഡ്വാര്‍ഡും എലിനോറും വിശേഷിപ്പിച്ചത്. 

എലിനോറും എഡ്വാര്‍ഡും ഷെല്ലിയുടെ വ്യക്തിത്വത്തെയും,  അദ്ദേഹത്തിന്‍റെ  സ്വാധീനങ്ങളെയും, ദുഷ്പ്രഭുത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള    അദ്ദേഹത്തിന്‍റെ അമൂര്‍ത്താശയവും, ദുഷ്പ്രഭുത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ മൂര്‍ത്തമായ ആശയവും പരിശോധിച്ചു. ആ പ്രബന്ധത്തിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഭാഗങ്ങളിലൊന്ന് വാക്കുകളുടെ ശരിയായ അര്‍ത്ഥത്തെക്കുറിച്ചുള്ള ഷെല്ലിയുടെ ഗ്രാഹ്യത്തെക്കുറിച്ചുള്ള അവരുടെ ചര്‍ച്ചയാണ്. ഉദാഹരണത്തിന്, 'അരാജകത്വം', 'സ്വാതന്ത്ര്യം', 'സമ്പ്രദായം', 'കുറ്റം', 'സ്വത്ത്' എന്നിവ ചര്‍ച്ച ചെയ്യുന്നിടം. തങ്ങള്‍ പര്യവേക്ഷണം നടത്തിയ കവിതകളില്‍ ക്വീന്‍ മാബിലും ലവോന്‍ ആന്‍ഡ്‌ സിന്തിയായിലും അവര്‍ പ്രത്യേക ശ്രദ്ധ അര്‍പ്പിക്കുന്നുണ്ട്. ഇതില്‍ രണ്ടാമത്തേത് ഈ പ്രബന്ധത്തിലെ അവരുടെ ഫെമിനിസ്റ്റ് ഉദ്ദേശ്യം പ്രത്യേകമായി സൂചിപ്പിക്കുന്നു. ഷെല്ലിയുടെ മേല്‍ ഗോഡ് വിന്നിനുള്ള സ്വാധീനത്തെപ്പറ്റി ഏറെ കൊട്ടിഘോഷിച്ചിട്ടുണ്ടെങ്കിലും, "അദ്ദേഹത്തിനു മേല്‍ രണ്ടു മേരിമാര്‍ക്കുള്ള, മേരി വോള്‍സ്റ്റൺക്രാഫ്റ്റിനും മേരി ഷെല്ലിക്കുമുള്ള സ്വാധീനത്തെപ്പറ്റി അധികമൊന്നും പറയപ്പെട്ടിട്ടില്ല," എന്നാണവർ വാദിക്കുന്നത്. 

ആണും പെണ്ണും തുല്യരാണെന്നും, അവർ ഐക്യത്തിലിരിക്കണമെന്നുമുള്ളത്  ഷെല്ലിയുടെ "വ്യാമോഹങ്ങളല്ലാത്ത വ്യാമോഹങ്ങളിലൊന്നാ"ണെന്ന് ശ്രോതാക്കളെ ഓർമ്മിപ്പിച്ചുകൊണ്ട്  ഈ രണ്ടു സ്ത്രീകളുടെ കണ്ണുകളിലൂടെ ഷെല്ലി എത്ര മാത്രം കണ്ടിരുന്നുവെന്നതും സമൂഹത്തിലെ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആപേക്ഷികമായ തിരിച്ചറിവും അവർ പര്യവേക്ഷണം ചെയ്യുന്നു. "ചുരുക്കത്തിൽ, ഒരു വശത്ത് ഗോഡ് വിന്നിൻ്റെയും, മറുവശത്ത് ഈ രണ്ടു സ്ത്രീകളുടെയും ആപേക്ഷികമായ സ്വാധീനങ്ങളെ ലോകം പൊതുവേ കൈകാര്യം ചെയ്തത്, ഏറെക്കുറെ, പുരുഷന്മാരായ  ചരിത്രകാരന്മാരിൽനിന്ന് പ്രതീക്ഷിക്കാവുന്നതു പോലെ തന്നെ. സ്ത്രീ പ്രശ്നത്തിൽ തുടങ്ങി, പ്രവൃത്തിയിലല്ലെങ്കിലും ചുരുങ്ങിയത് ആശയത്തിൽ ഒരുമിച്ചു ചെയ്തതെന്നു  പറയാവുന്ന, അമേരിക്കയിലെ തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിലൂടെ തുടർന്ന തങ്ങളുടെ കൂട്ടുരചനാപരീക്ഷണം  എഡ്വാർഡും എലിനോറും ഷെല്ലിയുടെ സോഷ്യലിസത്തിലൂടെ  തുടർന്നു. ഒരുമിച്ചെഴുതി ഒരു ലേഖനം അവതരിപ്പിക്കുന്ന തങ്ങളുടെ പദ്ധതിയുടെ രസകരമായ ഒരു വിവരണത്തോടെയാണ് ഷെല്ലിയുടെ സോഷ്യലിസം തുടങ്ങുന്നത്:

"ഒരു പുരുഷന്‍റെയും ഒരു സ്ത്രീയുടെയും സഹകരണത്തില്‍ അധിഷ്ഠിതമാണ് ആ പദ്ധതി. അവരുടെ സഹാനുഭൂതി സദൃശമാണ്. എന്നാല്‍, അത്യനുകൂലമായ അവസ്ഥകളില്‍പ്പോലും, നമ്മുടെ കൃത്രിമവും രോഗാതുരവുമായ സമൂഹത്തിന്‍റെ സമ്മര്‍ദ്ദത്തിനടിയില്‍, ഇന്നത്തെ ആണിന്‍റെയും പെണ്ണിന്‍റെയും സ്ഥിതികള്‍ എത്ര വ്യത്യസ്തമാണോ അത്രയും വ്യത്യസ്തമാണ്
 അവരുടെ വീക്ഷണകോണുകളും വസ്തുതകളെ നോക്കിക്കാണുന്ന രീതികളും."

തുറന്നു സമ്മതിക്കപ്പെട്ട 'വീക്ഷണ കോണുകളും വസ്തുതകള്‍ നോക്കിക്കാണുന്ന രീതിയും' വെച്ചുള്ള,  വിലപിടിപ്പുള്ളതും, പ്രത്യക്ഷത്തില്‍ സദുദ്ദേശ്യപരവുമായ ഈ കൂട്ടുപരീക്ഷണങ്ങളാണ് റ്റസ്സി ആ ബന്ധത്തില്‍ തുടരാനുള്ള കാരണങ്ങളിലൊന്ന്. പുറത്തു നില്‍ക്കുന്നവരില്‍ വിരളമായവര്‍ക്കു മാത്രമേ  മനസ്സിലായിരുന്നുള്ളൂ. അവര്‍ ഷെല്ലി സൊസൈറ്റിയില്‍ ലേഖനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍,പരസ്പര സമ്മതത്തോടെ ഏവ്ലിംഗാണ് അവ വായിച്ചത്: "ഞാനാണ് വായിക്കുന്നതെങ്കിലും, ഞാന്‍ വായിക്കുന്നത് എന്നെപ്പോലെ തന്നെ, അല്ല, എന്നെക്കാളേറെ എന്‍റെ ഭാര്യയുടെ കൂടി രചനയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്." പ്രധാനമായ വിഷയങ്ങളുടെ പരിചരണത്തിന്‍റെ കാര്യത്തില്‍ അവരുടെ പൊതുജീവിതവും സ്വകാര്യജീവിതവും ഇഴചേര്‍ന്ന ഈ അമൂല്യ നിമിഷങ്ങളില്‍ എഡ്വാര്‍ഡും എലിനോറും തുല്യരും ഐക്യമുള്ളവരുമാണെന്നത്  പ്രത്യാശയോടെ മിന്നിമിന്നിത്തെളിഞ്ഞു. അതങ്ങേയറ്റം ഷെല്ലിയുടെ "വ്യാമോഹങ്ങളല്ലാത്ത വ്യാമോഹങ്ങളെ"പ്പോലെ ധ്വനിക്കുകയും കാണപ്പെടുകയും ചെയ്തു.        

പതിനേഴാം അദ്ധ്യായം സമാപിച്ചു. 

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...