2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

എലിനോര്‍: 6: ഫെനിയന്‍ സഹോദരി

              മുന്നോട്ടു തന്നെയാണ് അവള്‍ പോയത്.

1866ല്‍, അവള്‍ക്കരിശമുണ്ടാക്കിക്കൊണ്ട്, പതിനൊന്നാമത്തെ വയസ്സില്‍, റ്റസ്സി സ്കൂളില്‍ പോകുന്നതു പതിവായി. താന്‍ ഏറ്റവുമധികം മാപ്പു കൊടുക്കുന്ന തിന്മ മടി പിടിക്കലും, താന്‍ ഏറ്റവും വെറുക്കുന്ന തിന്മ സ്കൂള്‍ പരീക്ഷയാണെന്നും റ്റസ്സി കുറുമ്പോടെ കുമ്പസരിച്ചത് രസകരമാണ്. അവളുടെ കുമ്പസാരത്തിലെ വെറുക്കപ്പെട്ട “ഈവിന്‍റെ പരിശോധകന്‍” ദൈവത്തെയോ, ചെകുത്താനെയോ കുറിച്ചുള്ള ആ കൊച്ചു നിരീശ്വരവാദിയുടെ നര്‍മ്മം നിറഞ്ഞ നിരീക്ഷണമല്ല. അതു, 1852ല്‍ പ്രസിദ്ധീകൃതമായ, നിര്‍ഭാഗ്യകരമായി നല്ലവണ്ണം വിറ്റഴിക്കപ്പെട്ടിരുന്ന പാഠപുസ്തകമായ, വേദചരിത്രത്തെയും, ഭൂമിശാസ്ത്രത്തെയും, അങ്കഗണിതത്തെയും, ഇംഗ്ലീഷ് വ്യാകരണത്തെയും സംബന്ധിച്ച പരീക്ഷക്കുള്ള നാലായിരം അഭ്യാസങ്ങളുള്‍ക്കൊള്ളുന്ന, ചാള്‍സ് ഈവിന്‍റെ “സ്കൂള്‍ പരിശോധകനെ”ക്കുറിച്ചുള്ളതാണ്.

1886ല്‍ പോള്‍ ഒരു മഹാത്ഭുതമുണ്ടാക്കി റ്റസ്സിയെ കോരിത്തരിപ്പിച്ചു. അയാള്‍, മോഡേനാ വില്ലക്കു പിറകിലെ പൂന്തോട്ടത്തില്‍, നനുത്ത, വെളുത്തതുകല്‍കൊണ്ടുള്ള, കൈകൊണ്ടുതുന്നിയുണ്ടാക്കിയ പിടികളും, ഇരിപ്പിടവുമുള്ള “സ്വാദിഷ്ടമായൊരൂഞ്ഞാലു” കെട്ടി. മടമ്പുകളൂന്നി ഉയരേക്കുയരേക്ക് ഊഞ്ഞാലാടിയപ്പോള്‍, സ്വന്തം വന്യപ്രകൃതവുമായി പൊരുത്തപ്പെടുന്ന, ഹാംപ്സ്റ്റെഡ് ഹീത്തിലെ വന്യമായ സമൃദ്ധി അവള്‍ക്കു ഗോചരമായി. ഊഞ്ഞാലിനെപ്പറ്റിപ്പറയാന്‍ അവള്‍ ആലീസിന് ആവേശത്തോടെ എഴുതി. അതിന്മേലിരിക്കേ, “സ്കൂളും, മറ്റെന്തും ഞാന്‍ സസന്തോഷം മറക്കും”.

മിസ്സ്‌ മാര്‍ക്സുമാരിലെ അനുസരണയില്ലാത്ത ഏറ്റവും ഇളയവളുടെ കാര്യത്തില്‍ തങ്ങളുടെ ജോലി എന്താണെന്ന്  സൌത്ത് ഹാംപ്സ്റ്റെഡ് വനിതാ കോളേജു നടത്തുന്ന മിസ്സ്‌ ബോയ്‌നെല്ലും മിസ്സ്‌ റെന്‍ഷും കണ്ടെത്തി. “സ്കൂളില്‍ ഒരു പാടു ചെയ്യാനുള്ളതു കൊണ്ട്” തനിക്കിപ്പോള്‍ സമയമേയില്ലെന്ന് ആലീസിനോട്‌ റ്റസ്സി മുറുമുറുത്തു.

            പതിവായ പഠിത്തം റ്റസ്സിക്ക് ഭാരമേറിയ അസ്വസ്ഥതയായി. അവള്‍ക്കു സാമാന്യം മോശമല്ലാതെ കണക്കു കൂട്ടാനറിയാമായിരുന്നു. ചിലപ്പോഴൊക്കെ അക്ഷരത്തെറ്റുണ്ടാക്കുമെങ്കിലും, അവള്‍ക്കുന്നതമായ സാക്ഷരതയുണ്ടായിരുന്നു; ചെസ്സിലും വ്യായാമത്തിലും അര്‍പ്പണഭാവത്തോടെയുള്ള താല്‍പ്പര്യവും. സൌത്ത് ഹാംപ്സ്റ്റെഡ് കോളേജ് കൂടുതലൂന്നല്‍ കൊടുത്തത്, പക്ഷേ, യുവതികള്‍ക്കു വേണ്ട നേരായ പെരുമാറ്റത്തിനും, മര്യാദക്കുമായിരുന്നു. പെണ്‍കുട്ടികള്‍ തുള്ളാനോ, മറിയാനോ, കൈകുത്തിനില്‍ക്കാനോ, തലകുത്തിനിൽക്കാനോ, വട്ടം കറങ്ങാനോ, മുമ്പോട്ടുരുളാനോ, രാഷ്ട്രീയ കാര്യങ്ങളില്‍ ഉറച്ച അഭിപ്രായമെടുക്കാനോ പാടുള്ളതല്ല. 


കടലിലെ വാഴ്വിനും, അതിര്‍ത്തിദേശ പര്യവേക്ഷണത്തിനും, ആഗോള രാഷ്ട്രീയത്തിനും വേണ്ട കഴിവുകള്‍ പഠിക്കാനുള്ള സാദ്ധ്യതകളെ പുറന്തള്ളുന്ന, "വനിത"യെന്ന സങ്കല്‍പ്പനം തന്നെ നാടോടി സ്വഭാവമുള്ള റ്റസ്സിക്ക് തര്‍ക്കവും ആശങ്കയുമുളവാക്കുന്നതായിരുന്നു.

      റ്റസ്സിക്കു സഹപാഠികളെ ഇഷ്ടമായി. അവളുടെ വിനോദഭാവവും, സാമൂഹികശ്രേണിയോടുള്ള അവജ്ഞയും അവളെ അവരുടെ പ്രിയപ്പെട്ട നേതാവും കളിക്കൂട്ടുകാരിയുമാക്കി. പക്ഷേ, പാഠ്യപരമായി അവള്‍ക്കു ബോറടിച്ചു. അദ്ധ്യാപകര്‍ക്കവള്‍ എളുപ്പത്തില്‍ നോട്ടമിടാവുന്നവളായി. ഗുണപരമായ കാര്യമെടുത്താല്‍, സ്കൂളില്‍ വര്‍ഗ്ഗപരമായ വിഭാഗീയത ഇല്ലായിരുന്നു. വിവിധ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളെ അതു മതവും ചരിത്രവും പഠിപ്പിച്ചു. കയ്യെഴുത്തഭ്യാസവും, അക്ഷരത്തെറ്റില്ലാതാക്കാനുള്ള പരിശീലനവും അവള്‍ക്കു വ്യക്തമായും രസമേകി. അവളുടെ അഭ്യാസപുസ്തകങ്ങള്‍ [അവയെല്ലാം അച്ഛന്‍റെ പഠനമുറിയില്‍നിന്നു കീറിയെടുത്തൊട്ടിച്ചവയാണ്] നിറയെ, താളുതോറും അടിവെച്ചു നീങ്ങുന്ന, അച്ചടക്കത്തോടെ, വെടിപ്പായെഴുതിയ അക്ഷരങ്ങളുടെ നിരകള്‍ക്കൊപ്പം, ഓരങ്ങളില്‍ മുഴുവന്‍ കുത്തിവരച്ചിരിക്കുന്നതു കാണാം.


“ആശീര്‍വ്വാദം”, ഉത്സാഹം”, “അഭിവൃദ്ധി”, സമചിത്തം”, “പരിഷ്‌കൃതം”. ഇവയൊക്കെ ഉത്തേജനമുണ്ടാക്കുന്ന വാക്കുകളാണ്. അടക്കം, തുന്നല്‍, സ്ത്രൈണനൈപുണ്യത്തെപ്പറ്റിയുള്ള   വിരസമായ സാരോപദേശപദ്യങ്ങളെന്നിവ അങ്ങിനെയല്ല. അവയെല്ലാം അവള്‍ ക്ഷണത്തില്‍ തള്ളിക്കളഞ്ഞു. അവയൊക്കെ വീട്ടിലെ ശിക്ഷണത്തിനും, അച്ഛനുമമ്മയും ഏംഗല്‍സും നല്‍കിയ മാര്‍ഗ്ഗദര്‍ശനത്തിനും കടകവിരുദ്ധമായിരുന്നു. ഇക്കാലമായപ്പോഴേക്കും, അവളുടെ വിദ്യാഭ്യാസത്തില്‍ ഏംഗല്‍സ് സജീവമായൊരു പങ്കു വഹിക്കാന്‍ തുടങ്ങി; അവള്‍ക്കു പുസ്തകങ്ങള്‍ അയക്കുന്നതു തുടരുകയും, അവളൊത്ത് അവയെക്കുറിച്ച് സംവദിക്കുകയും ചെയ്തു. 1866ല്‍, ഡേവിഡ്‌ ബെയ്റ്റ്സിന്‍റെ രോഷമുണ്ടാക്കുന്ന ഒരു പദ്യം, സാമ്പ്രദായിക സ്ത്രീത്വത്തിന്‍റെ ഒതുക്കമുള്ള യാഥാസ്ഥിതികതയും, മധുരസ്വരവും വളര്‍ത്തിയെടുക്കുന്നതിനു നിയോഗിക്കപ്പെട്ട വിക്റ്റോറിയന്‍ സ്കൂളദ്ധ്യാപര്‍ക്കു പ്രിയങ്കരമായ മധുരമിഠായിയായ ഒരു പദ്യം, കയ്യെഴുത്തു പരിശീലനത്തിനായി, പകര്‍ത്തിയെഴുതാനുള്ള കര്‍ത്തവ്യം അവളുടെ ക്ലാസിനുമേല്‍ ചുമത്തപ്പെട്ടു.

 മൊഴിയുക മൃദുവായ്!                                                                                  പേടിയല്ലല്ലോ പ്രേമം ഭരിക്കുന്നതല്ലേ ഭേദം                                              മൊഴിയുക മൃദുവായ്!                                                                               നാം ചെയ്യും നന്മകള്‍                                                                                     പരുഷവാക്കിനാല്‍ കെട്ടുപോകല്ലേ  

എന്നിങ്ങിനെ ഒരു പാടു വരികളില്‍ തുടര്‍ന്നു പോകുന്നതാണ് പദ്യം. ലൂയി കരോളിന്‍റെ, 1865ല്‍ പുറത്തിറങ്ങിയ, ഒന്നാം പതിപ്പു തന്നെ ക്ഷണത്തില്‍ വിറ്റുതീര്‍ന്ന, ആയിടെ പ്രശസ്തമായ, ആലീസിന്‍റെ അത്ഭുതലോകത്തിലുള്ള ഇതിന്‍റെ ഹാസ്യാനുകരണമായിരുന്നു റ്റസ്സിക്കേറെയിഷ്ടം: “പരുഷമായ് പറയൂ!” പന്നിക്കുഞ്ഞിനു പ്രഭ്വി പാടിക്കൊടുക്കുന്ന ഈ പാട്ടാണ് കുട്ടികളെ വളര്‍ത്തുന്നതിനുള്ള കുറേക്കൂടി കര്‍ക്കശമായ മാതൃക:


                            നിന്‍റെ കൊച്ചുകുഞ്ഞിനോട് പരുഷമായി സംസാരിക്കൂ                                         അവന്‍ തുമ്മുമ്പോള്‍ അവനെത്തല്ലൂ                                                                               ഉപദ്രവിക്കാനാണവനതു ചെയ്യുന്നത്                                                                             അതു നമ്മളെ അലട്ടുമെന്നവനറിയാം.


റ്റസ്സിയുടെ ഇക്കാലഘട്ടത്തിലെ സ്കൂളിലെ അഭ്യാസപുസ്തകങ്ങള്‍ നിറയെ അവളുടെ സഹോദരിമാരുടെ വിവാഹമൂടുപടവും മറ്റലങ്കാരങ്ങളുമുള്ള മുഖപാര്‍ശ്വങ്ങളുടെ രേഖാപടങ്ങളാണ്. ജെന്നിയും ലോറയും മൂപ്പെത്തി വീടു വിട്ടുപോയ 1866 മുതല്‍ 1870 വരെയുള്ള കാലഘട്ടത്തിലെ കുടുംബത്തിന്‍റെ മനോവ്യാപരമാണ് താളുകള്‍ക്കരികിലെ ഈ വരകള്‍ പ്രതിഫലിപ്പിക്കുന്നത്. ഒരാള്‍ വീടു വിട്ടത് ഗവര്‍ണ്ണസ്സാകാന്‍; മറ്റേയാള്‍ പോയത് ഭാര്യയായി. വളരെ അസാധാരണമായ കുടുംബത്തിലെ പെണ്മക്കള്‍ക്കുണ്ടായ അതിസാധാരണമായ ഒരു പരിണതി. ഋതുവാകാനിരിക്കുന്ന റ്റസ്സി ചേച്ചിമാരുടെ ജീവിതപരിണാമം നോക്കിനിന്നു; സ്വന്തം ജീവിതമെന്താകുമെന്ന് സന്ദേഹിച്ചു.

സാരോപദേശങ്ങള്‍ പകര്‍ത്തിയെഴുതുന്നതിനെക്കാള്‍ എളുപ്പമായിരുന്നു മാര്‍ഗേറ്റിലുള്ള അച്ഛനു കത്തെഴുതുന്നത്. അവിടെ, വൈദ്യോപദേശപ്രകാരം, മൂലധനം പൂര്‍ത്തിയാക്കിയതിന്‍റെ ആയാസത്തില്‍നിന്ന് ഒരു മാസമായി അദ്ദേഹം സുഖം പ്രാപിക്കുകയായിരുന്നു; കൂട്ടത്തിലതിന്‍റെ മിനുക്കുപണി നടത്തുകയും. താനും ചേച്ചിമാരും മാര്‍ച്ച് 22ന് ഒരുക്കുന്ന വിരുന്നില്‍ ഹാജരാകാന്‍ ലണ്ടനിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹത്തോട് റ്റസ്സി രാജകീയമായി കല്‍പ്പിച്ചു. “അപ്പൊഴേ, വഷളന്‍ തത്ത്വശാസ്ത്രക്കാരനായ ഡോ. മാര്‍ക്സേ, നിങ്ങള്‍ വക്കുപാലിക്കുമെന്നും, വ്യാഴാഴ്ച്ച വരുമെന്നും പ്രതീക്ഷിക്കട്ടെ.” അദ്ദേഹത്തിനതെങ്ങിനെ തിരസ്കരിക്കാനാകും?

സല്‍ക്കാരാനന്തരം, മൂറിനോപ്പം റ്റസ്സിയും മൂത്ത ചേച്ചിയും മാര്‍ഗേറ്റിലേക്കു പോയി. പഠിത്തത്തില്‍നിന്നുമൊഴിവായി, കുസൃതിയോടെ, അച്ഛനൊപ്പം കളിച്ചും, ഐസ്ക്രീമും, മിഠായിയും തിന്നും, നടന്നും, ആനന്ദമയമായ പത്തു ദിവസങ്ങളാണ് റ്റസ്സി അവിടെ ചെലവഴിച്ചത്.

ആഗസ്തില്‍, ഹെയ്സ്റ്റിംഗ്സിലെ ഒരു മിസ്സ്‌ ഡേവീസിന്‍റെ സ്ഥാപനത്തില്‍ റ്റസ്സിയെയും ലോറയെയും താമസിപ്പിച്ചു പഠിപ്പിക്കാനയച്ചപ്പോള്‍, ഔപചാരികവിദ്യാഭ്യാസമെന്ന മൊത്തം സംഗതി കൂടുതല്‍ വഷളായി. കുറച്ചു കാലത്തേക്ക് അവരെ ലണ്ടനില്‍നിന്നും അകലെ നിര്‍ത്താന്‍ മാതാപിതാക്കള്‍ വെമ്പല്‍കൊണ്ടിരുന്നു. “പരിഷ്ക്കരണനിയമ”ത്തെച്ചൊല്ലി ജൂലായ്‌ 23നുണ്ടായ ഹൈഡ് പാര്‍ക്ക് കലാപത്തെത്തുടര്‍ന്ന് നഗരത്തിലൊരു പ്രക്ഷോഭമുണ്ടായിരുന്നു. കൂടാതെ കോളറാ മഹാവ്യാധിയും. സ്വാഭാവികമായും, കോളറയാണ് മോമിനും മൂറിനും ആശങ്കയുണ്ടാക്കിയത്; പൊതുജനപ്രക്ഷോഭമല്ല. ഘട്ടംഘട്ടമായുള്ള 1866ലെ “പരിഷ്ക്കരണനിയമ”ത്തെ, അതു ബ്രിട്ടനിലെ സാര്‍വ്വത്രികപുരുഷവോട്ടവകാശത്തിനുള്ള പരിമിതമായൊരു നീക്കമായിരുന്നെങ്കിലും, മാര്‍ക്സുമാര്‍ ശക്തമായ് പിന്തുണച്ചിരുന്നു.

മോമിനും മൂറിനും പോള്‍ ലഫാര്‍ഗെയെയും ലോറയെയും വേര്‍പിരിച്ചുനിര്‍ത്തണമെന്നുമുണ്ടായിരുന്നു. അവര്‍ക്കിടയിലെ അടുപ്പം അവര്‍ക്കിഷ്ടമായില്ല. പോളാകട്ടേ, ക്ഷണിക്കാതെതന്നെ, വീട്ടംഗമായിക്കഴിഞ്ഞിരുന്നു. ഏംഗല്‍സിനോട് മാര്‍ക്സ് പരാതിപ്പെട്ടു, “പോള്‍ ഞങ്ങള്‍ക്കൊപ്പം കഴിയുന്നതിനു തുല്യമാണ്. അതു ചെലവു കാണത്തക്കവിധം വര്‍ദ്ധിപ്പിക്കുന്നു.” തന്‍റെ ഏകമകനായ പോളിനു ലോറയെ വിവാഹം ചെയ്യാനുള്ള അനുമതിയേകണമെന്നപേക്ഷിച്ചുകൊണ്ട് പോളിന്‍റെയച്ഛന്‍     ബോര്‍ദോയില്‍നിന്ന് മാര്‍ക്സിനെഴുതിയിരുന്നു. മയമുള്ള കത്തായിരുന്നുവതെങ്കിലും അച്ഛന്‍ലഫാര്‍ഗെക്ക് മാര്‍ക്സ് നേരിട്ടു മറുപടി കൊടുത്തില്ല; പകരം, മകന്‍ലഫാര്‍ഗെയോടു ദൃഢവും ഢംഭുമാര്‍ന്ന തിരസ്കാരത്തോടെ പ്രതികരിച്ചു.

മിസ്സ്‌ ഡേവീസിന്‍റെ ബോര്‍ഡിംഗ്‌ സ്കൂളിലെ ഭക്ഷണത്തിന്‍റെ ക്രമബദ്ധമായ ആവര്‍ത്തനത്തെ വിധിയുടെ പ്രയാണത്തോടാണ് ലോറ ഉപമിച്ചത്. ഭക്ഷണം അവരെ പ്രേതത്തെപ്പോലെ വേട്ടയാടി: “ആ നാലു ഭീകരര്‍ --- പ്രാതലും, ഉച്ചയൂണും, ചായയും, അത്താഴവും --- വേതാളങ്ങളെപ്പോലെ മുമ്പിലും പിറകിലും നിഴല്‍ വിരിച്ചു.” നിരന്തരമായ മഴയുടെ തടവുകാരായി, അവര്‍, അടച്ചുപൂട്ടിയ ജാലകങ്ങള്‍ക്കു പിറകില്‍, മുറിക്കകത്തു കുടുങ്ങിക്കിടന്നു; വിദ്യാര്‍ത്ഥികള്‍ ശ്രുതി പോയ പിയാനോയിലിടിച്ചു തകര്‍ക്കുന്നതിന്‍റെ കര്‍ണ്ണപീഡക്കു വിധേയരായി.

ഈ സഹോദരിമാര്‍ പ്രതിഷേധിച്ചു. റ്റസ്സിയും താനും ഞായറാഴ്ച്ചകളില്‍ പള്ളിയില്‍ പോകില്ലെന്നും, നിത്യേനയുള്ള 9 p. m. കര്‍ഫ്യൂ പാലിക്കില്ലെന്നും മിസ്സ്‌ ഡേവീസിനോട് ലോറ അറിയിച്ചു. അച്ഛനമ്മമാരെ കാര്യം ധരിപ്പിക്കുമെന്ന ഡേവീസിന്‍റെ ഭീഷണി മാനിക്കാതെ ലോറയും റ്റസ്സിയും തടവു ചാടി; ഹെയ്സ്റ്റിംഗ്സിലെ കടല്‍ത്തീരത്തു കറങ്ങി; അവര്‍ക്കുണ്ടായിരുന്ന അഞ്ചു പൌണ്ടു പോക്കറ്റു മണി ടാക്സി സവാരിക്കും, കടല്‍ക്കുളിക്കും, ഉത്സവചന്തകളിലുമായി ചിലവാക്കി; കൊച്ചുലെന്‍ കൊടുത്തയച്ച എരിവു ബിസ്കറ്റ് ചവച്ചുകൊണ്ട്, അവര്‍ക്കു തോന്നിയ നേരത്ത്, തിരിച്ചു വന്നു. അരിശംപൂണ്ട മിസ്സ്‌ ഡേവീസിനു അവരെ സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അഞ്ചു പൌണ്ട് തീര്‍ന്നപ്പോള്‍ അവര്‍ മാതാപിതാക്കളോട് കുറച്ചു കൂടി ആവശ്യപ്പെട്ടു. വേറൊരു മൂന്നു പൌണ്ട് ഉടനെ എത്തിച്ചേര്‍ന്നു. ഉള്ളതില്‍ കൂടുതല്‍ ചിലവാക്കാനുള്ള വീട്ടുപാരമ്പര്യം അവര്‍ക്കു കിട്ടിയിരുന്നുവെന്നത് സ്പഷ്ടം.

                വിചാരണയില്ലാത്ത ഈ തടവിനു ശേഷം, വീട്ടിലെ പഠനത്തിനു പകരമായുള്ള,  ഔപചാരികവിദ്യാഭ്യാസത്തോട് റ്റസ്സിക്കു കൂടുതല്‍ മുഷിപ്പുണ്ടായതില്‍ അത്ഭുതമില്ല. ലോറയും ഒരു പുനര്‍ചിന്തക്കു തയ്യാറായില്ല. ലഫാര്‍ഗെയുമായുള്ള കല്യാണത്തിന് അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാനുള്ള ശ്രമത്തിനവള്‍ ആക്കം കൂട്ടി. അവള്‍ ദാമ്പത്യത്തിലേക്കാണ് രക്ഷപ്പെടാന്‍ നോക്കിയത്; റ്റസ്സി തന്‍റെ ഊഞ്ഞാലിലേക്കും.


ലോറയുടെയും പോളിന്‍റെയും വാശികൊണ്ടു മടുത്ത്, പോളിന്‍റെ തീക്ഷ്ണതയെയും, ആവേശപ്പ്രകൃതത്തെയും, അക്ഷമയെയും മാര്‍ക്സ് ശകാരിച്ചു. ഇതിനൊക്കെ ഹേതു അയാളുടെ “ക്രിയോള്‍ പ്രകൃത”മാണെന്നു പറഞ്ഞു; കൂടുതല്‍ പിരി മുറുകിയപ്പോള്‍, വംശവിദ്വേഷമാര്‍ന്ന ആക്രമണം നടത്തി. “നീഗ്രോ ഗോത്ര”ത്തിനു പൊതുവായുള്ള കുറവുകളാല്‍ അയാള്‍ ദൂഷിതനാണെന്നു പറഞ്ഞു: “ഒരു ലജ്ജയുമില്ല, അതായത് സ്വയം വിഡ്ഢിയാകുന്നതിനു യാതൊരു നാണവുമില്ല.” വിളക്കുകാലുകളെ പിടിച്ചുലച്ച സ്വന്തം യുവത്വവും, ജെന്നിയോടുള്ള അഭിനിവേശത്തിന്‍റെ കടിഞ്ഞാണില്ലാത്ത പുഷ്പിക്കലും മാര്‍ക്സ് മറന്നതു പോലെ തോന്നി.

എന്‍റെ ഭാഗധേയം മുഴുവന്‍ ഞാന്‍ വിപ്ലവസമരത്തിനു അടിയറ വെച്ചതാണെന്നു നിനക്കറിയാമല്ലോ. എനിക്കതില്‍ ഖേദമില്ല. നേരെ മറിച്ചാണ് കാര്യം. ഇനിയൊരു ജീവിതമുണ്ടെങ്കില്‍, ഞാന്‍ ഇതു തന്നെയാണ് വീണ്ടും ചെയ്യുക. പക്ഷെ, കല്യാണം കഴിക്കില്ല. എന്‍റെ മകളെ, അവളുടെ അമ്മയുടെ ജീവിതം ഏതു പാറകളില്‍ത്തട്ടി തകര്‍ന്നുവോ, ആ പാറകളില്‍നിന്നും രക്ഷിക്കാന്‍ ഞാനെന്‍റെ കഴിവിന്‍റെ പരമാവധി പ്രയോഗിക്കും.  
  
ഈ ഈഡിപ്പല്‍പ്പൊട്ടിത്തെറി ആ യുവകമിതാക്കളെ ഉത്തേജിപ്പിക്കുകയാണ് ചെയ്തത്. ഒരു മാസം കഴിഞ്ഞ്, പോളുമായുള്ള വിവാഹനിശ്ചയം ലോറ ഔപചാരികമായി പരസ്യമാക്കി. റ്റസ്സി നല്ല സന്തോഷത്തിലായി. പക്ഷേ, ചേച്ചി വീടു വിടുമെന്ന കാര്യം അവളെ അലട്ടി. ഭാവി മരുമകന്‍റെ “ഇരുണ്ട ഒലീവു നിറമുള്ള ചര്‍മ്മത്തിന്‍റെ കാന്തിയും അസാധാരണമായ കണ്ണുകളും” മോമിനെ ഒട്ടു വീഴ്ത്തിക്കളഞ്ഞിരുന്നു. അവയവരെ തന്‍റെ പഴയ കാട്ടു പന്നിയെ ഓര്‍മ്മിപ്പിച്ചു.

ബോര്‍ദോയില്‍നിന്ന് അച്ഛന്‍ലഫാര്‍ഗെ മാര്‍ക്സിനെഴുതി; മകനെ ധനപരമായി സഹായിക്കുന്നതു തുടരുമെന്ന് ഉറപ്പുകൊടുത്തു; വിവാഹത്തിനുമുമ്പ് അവന്‍ വൈദ്യപരീക്ഷ പാസ്സാകണമെന്നും പറഞ്ഞു. മോമിനാശ്വാസമായി. അവര്‍ ലോറയെപ്പ്രതി മനക്കോട്ടകള്‍ കെട്ടി: എന്തായാലും, പോളിന്‍റെ മാതാപിതാക്കള്‍ ധനികരാണല്ലോ. സാന്തിയാഗോവിലും ബോര്‍ദോയിലും അവര്‍ക്ക് സ്വന്തമായി തോട്ടങ്ങളും ഭൂമിയുമുണ്ട്. പോളാണെങ്കില്‍ ഒരേയൊരു സന്താനവും. അവര്‍ക്കു ലോറയെ ഇഷ്ടമാണു താനും. ഊഷ്മളമായാണ് അവരവളെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തത്.

ഇത്തരമൊരു വികാരധോരണി ഏറെ ചേരുക ഒരു മിസ്സിസ് ബെന്നെറ്റി1നാണ്; യൂറോപ്പിലെ അതിവിപ്ലവകാരിയായ ഒരമ്മക്കതു ചേര്‍ന്നതല്ല. എങ്കിലും, തനിക്കുണ്ടായ യാതനയും, താന്‍ സഹിച്ചതും, തന്‍റെ നിശ്ശബ്ദമായ മോഹഭംഗങ്ങളും, ലോറക്കുണ്ടാകില്ലെന്ന്  ആശിക്കാതിരിക്കാന്‍ അവര്‍ക്കാകില്ലല്ലോ.

തന്‍റെ യാഥാസ്ഥിതകരല്ലാത്ത മാതാപിതാക്കളുടെ സാമ്പ്രദായികമര്യാദക്കെതിരായ പെരുമാറ്റം ലോറക്ക്‌ ചമ്മലുണ്ടാക്കുന്നതിന്‍റെ സൂചനകളുണ്ടായി. കൂട്ടുകാരുമൊത്ത് താന്‍ പാര്‍ലറിലിരുന്നു ചായ കുടിക്കുമ്പോള്‍ അമ്മ അവിടേക്കു കടന്നുവന്നത് തന്നെ മരവിപ്പിച്ചുകളഞ്ഞെന്ന് അവള്‍ ചേച്ചിയോട് പറഞ്ഞു: “ബൂട്ടിടാതെയാണ് അമ്മ വന്നത്. അത്യാവശ്യത്തിനു മാത്രമേ ഉടുപ്പുണ്ടായിരുന്നുള്ളൂ. തീര്‍ത്തും നഗ്നമായല്ല, എന്നാല്‍ മറയ്ക്കുന്നതിനെക്കാള്‍ കൂടുതല്‍ വെളിപ്പെടുത്തുന്ന മട്ടിലായിരുന്നു ഉടുപ്പിട്ടിരുന്നത് ... ഞാന്‍ കണ്ണുകളടച്ചുകളഞ്ഞു. നാണിച്ചു ചുവക്കാതെയും, വിളറി വെളുക്കാതെയും നോക്കാന്‍ കഴിയാത്തിടത്തേക്ക് ഞാന്‍ നോക്കിയില്ല.”


പോളിന്‍റെയും ലോറയുടെയും ആദര്‍ശങ്ങള്‍ക്കു പൊരുത്തമുണ്ടെന്നതിന്‍റെ പ്രാധാന്യം മോം മനസ്സിലാക്കി: “പ്രത്യേകിച്ച് മതപരമായ കാര്യത്തില്‍. അവളുടേതുപോലുള്ള വിശ്വാസങ്ങളുള്ള ഒരു പെണ്‍കുട്ടിക്കു ബൂര്‍ഷ്വാ സമുദായത്തിലനുഭവിക്കേണ്ടി വരുന്ന അനിവാര്യമായ സംഘര്‍ഷങ്ങളില്‍നിന്നും സങ്കടങ്ങളില്‍നിന്നും അവള്‍ക്കു വിട്ടു നില്‍ക്കാമല്ലോ.” മാര്‍ക്സിന്‍റെ ഭാര്യയെന്ന നിലയില്‍ അവര്‍ക്കതു മനസ്സിലാകും.

ലോറയുടെയും പോളിന്‍റെയും വിവാഹനിശ്ചയം റ്റസ്സിയുടെ ലോകത്തിന്‍റെ അതിരുകള്‍ തുറന്നു. പുതിയ പരിഷ്കാരമായ റോയന്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ വേനലവധിക്കാലം ചിലവഴിക്കാന്‍ പോളിന്‍റെ മാതാപിതാകള്‍, 1867 ആദ്യം, മൂന്നു സഹോദരിമാരെയും ക്ഷണിച്ചു. വലിയ പ്രതീക്ഷയോടെയാണ്, വിദേശത്തെ ആദ്യത്തെ, ഈ അവധിക്കാലം റ്റസ്സി ഉറ്റു നോക്കിയത്. ശൈത്യകാലം ഉന്മേഷം കെടുത്തിയിട്ടുണ്ടായിരുന്നു. 1866 അവസാനം ലയണമ്മാവന്‍ മരിക്കുകയുണ്ടായി. പന്ത്രണ്ടാമത്തെ പിറന്നാളിന് അവള്‍ക്കു അഞ്ചാംപനി പിടിപെടുകയുമുണ്ടായി. രോഗം പിടിച്ചാല്‍ സ്കൂളില്‍ പോകേണ്ടാ എന്നൊരു മെച്ചമുണ്ടെന്നത് ശരി. പക്ഷെ, അവളുടെ കണ്ണുകള്‍ വേദനിച്ചു. വായനകൊണ്ട്‌ അവളവയെ കൂടുതല്‍ കഴപ്പിച്ചു. ഈ രോഗവേളയില്‍ അവളെഴുതിയ ചില കത്തുകളില്‍ ഈ കണ്‍കഴപ്പിന്‍റെ ലക്ഷണങ്ങള്‍ കാണാം: വടിവില്ലാത്ത, ചിലന്തിയെപ്പോലുള്ള, കയ്യെഴുത്ത്; മഷി വീണുണ്ടായ പാടുകള്‍. ആലീസിനു വേണ്ടി അവള്‍ കുമ്പസാരക്കളി ഏറെ പ്രിയത്തോടെ പകര്‍ത്തിയെഴുതി; അവള്‍ക്കും അതു കളിക്കാമല്ലോ. ആലീസിന്‍റെ പപ്പക്കും മമ്മക്കും സ്നേഹമേകിയാണ്   കത്തവസാനിപ്പിച്ചത്: “ഞാനൊരു കൊച്ചുകത്ത് ഉടനെ അവര്‍ക്കെഴുതുമെന്നു പറയണേ.” പക്ഷേ, അതിനുള്ള അവസരം അവള്‍ക്കു കിട്ടിയില്ല. ഏപ്രിലില്‍ ആലീസിന്‍റെ അമ്മ ഏണ്‍സ്റ്റൈന്‍ അന്തരിച്ചു. ഒരമ്മയില്ലാതിരിക്കുന്നത് റ്റസ്സിക്ക് ചിന്തിക്കാന്‍പോലും പറ്റാത്തതായിരുന്നു.

അവളുടെ അച്ഛനെ സംബന്ധിച്ചിടത്തോളം, 1867 മുഴുവന്‍ മൂലധനത്തിന്‍റെ പ്രസിദ്ധീകരണത്തെപ്പറ്റിയുള്ളതായിരുന്നു. അതായത്, വര്‍ഷത്തില്‍ ഭൂരിഭാഗവും അദ്ദേഹം ദൂരെയായിരുന്നു. ഏപ്രിലില്‍, അന്തിമ പ്രൂഫുമായി, മാര്‍ക്സ് സ്വയം ഹാംബര്‍ഗിലെ പ്രസാധകന്‍റെ അടുത്തു പോയി. വേദനയാര്‍ന്ന സ്നേഹത്തോടെ റ്റസ്സി അദ്ദേഹത്തിനെഴുതി:      “ പതിവായി ചെയ്യാറുള്ളതുപോലെ ഞാന്‍ നിങ്ങള്‍ കിടക്കയിലുണ്ടോയെന്നു നോക്കിയില്ല. പക്ഷേ, ഞാന്‍ ഇടവിടാതെ പാടുന്നുണ്ട്, ‘ഓ! ഞാനൊരു പറവയായിരുന്നെങ്കില്‍, നിനക്കരികിലേക്കു പറന്നെത്തി, എനിക്കെത്രയും പ്രിയങ്കരനായവനോടൊരു വാക്കുരിയാടാമായിരുന്നല്ലോ’.” അതേ മാസം 27ന്, തന്‍റെ വൃത്തികെട്ട വ്യാപാരം താന്‍ ഉപേക്ഷിക്കുകയാണെന്ന് ഏംഗല്‍സ് പ്രഖ്യാപിച്ചു. മാര്‍ക്സിന്‍റെ മഹാകൃതിയുടെ ഒന്നാം ഭാഗത്തിന്‍റെ പ്രസിദ്ധീകരണം, തന്‍റെ കാശില്ലാത്ത സഖാവിനെ പേനയുടെ ബലത്തില്‍ ജീവിക്കാന്‍ പ്രാപ്തമാക്കുമെന്ന അകാലത്തിലുള്ള ആത്മവിശ്വാസമായിരുന്നിരിക്കണം ഇതിനു ഹേതു.

മൂന്നു സഹോദരിമാരും, ജൂലായ്‌ 21ന്, ഫ്രഞ്ച് അത്ലാന്തിക്ക് തീരത്തേക്ക് കപ്പല്‍ കയറി. സപ്തംബര്‍ പത്തു വരെ അവര്‍ അവിടെയായിരുന്നു. അച്ഛനുമമ്മയുമില്ലാതെ അവിവാഹിതകളായ മൂന്നു സഹോദരിമാരുമൊരുമിച്ചു ചിലവിടുന്ന ആദ്യത്തെയും അവസാനത്തെയും അവധിക്കാലമായിരുന്നു അത്. അവര്‍ നീന്തി; തീരം മുഴുവന്‍ ചികഞ്ഞു; പുസ്തകക്കടകളില്‍ കയറിയിറങ്ങി; തുറമുഖസമീപത്തെ ഗ്രാമങ്ങളിലലഞ്ഞു. റ്റസ്സിക്ക് ഫ്രഞ്ച് നല്ല വശമായതിനാല്‍, അവള്‍ പ്രാദേശിക പത്രങ്ങളും, ദേശീയ പത്രങ്ങളും, ജേണലുകളും വായിച്ചു; പ്രശസ്ത നവകവിയും, ഭാവികമ്മ്യൂണാര്‍ഡുമായ പോള്‍ വെര്‍ലേയ്നിനെക്കുറിച്ചുള്ള സംവാദങ്ങളെ പിന്തുടര്‍ന്നു. തന്നെ വിവാദപരമായ സാഹിത്യ താരപദവിയിലേക്കുയര്‍ത്തിയ, അദ്ദേഹത്തിന്‍റെ ആദ്യ കവിതാസമാഹാരമായ, പൂയംസ് സാറ്റൂണിയോ [ഇരുണ്ട കവിതകള്‍] പോയ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്.

ആതിഥേയരെന്ന നിലയില്‍ ലഫാര്‍ഗെമാര്‍ ഉദാരമതികളായിരുന്നു. സഹോദരിമാര്‍ ഷാഹോന്തേയില്‍നിന്നുള്ള  തണ്ണിമത്തനുകളും, സ്ഥലത്തെ വിശപ്പുണ്ടാക്കാനുള്ള വീഞ്ഞും, അതിനേക്കാള്‍ കടുപ്പമുള്ള, വിശ്വവിഖ്യാതമായ, അതിൻ്റെ  മച്ചുനിയനായ കോഞ്ഞ്യാക്കും  ആസ്വദിച്ചു. എല്ലാറ്റിലുമുപരി നല്ല കാര്യം, അവരൊരുപാട് കടലാഹാരം കഴിച്ചുവെന്നതാണ്. റ്റസ്സിയുടെ ഇഷ്ട ഭക്ഷണം.

സഹോദരിമാര്‍ ലണ്ടനിലേക്കു മടങ്ങി നാലു ദിവസങ്ങള്‍ക്കു ശേഷം, മൂലധനം വാല്യം 1 ജര്‍മ്മനിയില്‍ പ്രകാശിതമായി. മൂലധനത്തിന്‍റെ ആദ്യ രൂപരേഖ മാര്‍ക്സുണ്ടാക്കിയത് 1857ലായിരുന്നു. അതിന്‍റെ അവസാന രൂപം, ഏകദേശം ഒരു ദശാബ്ദത്തെ ഗവേഷണത്തിനു ശേഷം, പൂര്‍ത്തിയായത് 1866ലും. ഇരുപതാം നൂറ്റാണ്ടില്‍ മാര്‍ക്സിന്‍റെ മഹദ്ഗ്രന്ഥം ഏറ്റവും നാന്നായി വില്‍ക്കപ്പെടും. പക്ഷേ, 1867ല്‍, ബൈബിളുപോലെ, ഷേയ്ക്സ്പിയറെപ്പോലെ സ്വന്തം പേരിനൊപ്പം അറിയപ്പെടുന്ന, പുസ്തകത്തിന്‍റെ ഒന്നാം ഗഡു, മാര്‍ക്സിന്‍റെ കുടുംബവും, കൂട്ടുകാരും, ഏറ്റവുമടുപ്പമുള്ള രാഷ്ട്രീയക്കാരുമൊഴിച്ച്, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി. തുടര്‍ന്നുള്ള വാള്യങ്ങളുടെ പ്രസിദ്ധീകരണത്തിന് വ്യക്തമായൊരാസൂത്രണം വേണമെന്ന്  ഏംഗല്‍സ് അങ്ങേയറ്റം ആഗ്രഹിച്ചു. പക്ഷേ, മാര്‍ക്സിന്‍റെ രചനാ രീതി, സമയബന്ധിതമായ ഒരു പദ്ധതിയിലുറച്ചു നില്‍ക്കുന്നത് അസാദ്ധ്യമാക്കി. വാല്യം രണ്ടും മൂന്നും 1867 അവസാനിക്കും മുമ്പ് കൊടുക്കാമെന്ന് മാര്‍ക്സേറ്റു. പക്ഷേ, പ്രസിദ്ധീകരണ ചരിത്രത്തിലെ സമയപരിധി പാലിക്കാത്ത അതിപ്രശസ്ത സംഭവങ്ങളിലൊന്നായി അതു മാറി. ഒന്നാം വാല്യം മാത്രമാണ് അദ്ദേഹത്തിന്‍റെ ജീവിതകാലത്തു പ്രകാശിതമായ മൂലധനത്തിന്‍റെ ഒരേയൊരു ഭാഗം. അദ്ദേഹത്തിന്‍റെ ആയുഷ്ക്കാലത്ത് ഒരൊറ്റ ഇംഗ്ലീഷു പതിപ്പുപോലും ലഭ്യമായതുമില്ല. മാര്‍ക്സ് മരിച്ചു രണ്ടു കൊല്ലങ്ങള്‍ കഴിഞ്ഞ്, 1885ല്‍, ഏംഗല്‍സ് രണ്ടാം വാല്യമിറക്കി; മൂന്നാമത്തെയും അവസാനത്തെയുമായ വാല്യം മൂന്ന്  1894ലും. 


ലോറയും പോളും വസന്തത്തില്‍ വിവാഹിതരായി. ഏംഗല്‍സാണ് വിവാഹച്ചെലവു വഹിച്ചത്. ഏംഗല്‍സ് നിരന്തരം വേട്ടയാടിയതിന്‍റെ ഫലമായി വിവാഹത്തിനു മാര്‍ക്സു കീഴടങ്ങുകയാണുണ്ടായത്. സെന്‍റ് പാങ്ക്രാസ് രജിസ്ട്രാപ്പീസില്‍ന്നു വരുന്ന  [അവിടെവെച്ചാണ് മാര്‍ക്സും ഏംഗല്‍സും അവരുടെ മതേതര വിവാഹത്തിനു സാക്ഷിയായത്] നവദമ്പതികളായ ശ്രീമാന്‍ ലഫാര്‍ഗെയെയും അയാളുടെ ശ്രീമതിയെയും കാത്ത്, ഏപ്രില്‍ രണ്ടിന്, റ്റസ്സി മോഡേനാ വില്ലയിലെ സ്വീകരണമുറിയുടെ ജാലകത്തിനരികെ നിന്നു.

മോമും, കൊച്ചുലെന്നും, ജെന്നിയും കൂടി മോഡേനാ വില്ലയില്‍ ധാരാളിത്തമുള്ള ഒരുച്ച വിരുന്നൊരുക്കി. മദ്യപിക്കുകയായിരുന്ന ഏംഗല്‍സ്, ആസന്നമായ അവളുടെ കന്യകാത്വനഷ്ടത്തെക്കുറിച്ചു ലോറയെ കളിയാക്കി. വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍ദ്രതയോടെ അവളതോര്‍ക്കുന്നുണ്ട്: “[അദ്ദേഹം] ഒരു പൊട്ടിപ്പെണ്ണിന്‍റെ പേരിലൊരു പാടു പൊട്ടത്തമാശകള്‍ പൊട്ടിച്ച് അവളെ കരയിച്ചു.” വധൂവരന്മാര്‍ മധുവിധുവിനു പോയത് പാരീസിലേക്കാണ്‌. താമസിയാതെ അവര്‍ക്ക് മൂറിന്‍റെ, “നിങ്ങള്‍ക്കുവേണ്ടി മായികമായൊരുങ്ങുന്ന വെയിലും, വസന്തവും, കാറ്റും, പാരീസിലെ   ഉല്ലാസങ്ങളു”മെന്നു പറഞ്ഞു പുകഴ്ത്തിയ  ഒരു കത്തു കിട്ടി. മധുവിധുക്കാലത്ത് സമയം കിട്ടുമ്പോള്‍ ശേഖരിക്കാന് ലോറയോടു, ഒരല്‍പ്പം ലജ്ജയോടെ, പറഞ്ഞുകൊണ്ടുള്ള പുസ്തകങ്ങളുടെയും, ജേണലുകളുടെയും, ലേഖനങ്ങളുടെയും നീണ്ടയൊരു പട്ടികയും ഒപ്പമുണ്ടായിരുന്നു. വിവാഹത്തോട് സുഖകരമായ രീതിയില്‍ അദ്ദേഹം രാജിയായെന്നു തോന്നും. തന്‍റെ അമ്പതാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ദമ്പതികള്‍ കാലവിളംബമില്ലാതെ എത്തിച്ചേര്‍ന്നപ്പോള്‍ അദ്ദേഹം ശരിക്കും സന്തോഷിക്കുകയുണ്ടായി.



        നവദമ്പതികളായ ശ്രീമാന്‍ ലഫാര്‍ഗെയും ശ്രീമതി ലഫാര്‍ഗെയും ഒക്റ്റോബറില്‍ പാരീസിലേക്കു പോയി. അവിടെയെത്തിയപ്പോഴാണ്, [ഇംഗ്ലീഷ്] ചാനലിനക്കരെ പോളിന്‍റെ ഇംഗ്ലീഷു വൈദ്യബിരുദം അംഗീകരിക്കപ്പെടുകയില്ലെന്നു അവര്‍ക്കു മനസ്സിലാവുന്നത്‌. ഫ്രാന്‍സില്‍ ജോലി ചെയ്യാനുള്ള യോഗ്യത കിട്ടാന്‍ അയാള്‍ക്കിനിയും ഒരു പറ്റം പുതിയ പരീക്ഷകള്‍ എഴുതേണ്ടതുണ്ട്. ഈയൊരു സംഭവപരിണാമം നവദമ്പതികളെ പണത്തിനു വേണ്ടി മാതാപിതാക്കളെ ആശ്രയിക്കുന്നതിനു നിര്‍ബ്ബന്ധിതരാക്കി; വീട്ടു ചെലവിനു തന്‍റെ വക സംഭാവന നല്‍കുന്നതിനു ഒരു ജോലി എത്രയും വേഗം കണ്ടെത്തുന്നതിനു കൊച്ചുജെന്നിക്കു പ്രേരണയായി.
അതേ മാസം അവൾ  രഹസ്യമായി ഒരു ജോലി നേടി; മണ്‍റോ എന്നു പേരുള്ള ഒരു സ്കോട്ടിഷ്  കുടുംബത്തിലെ കുട്ടികളുടെ ഗവര്‍ണ്ണസായി. സംഗതി പരസ്യമായപ്പോള്‍, കൊച്ചു ജെന്നിയുടെ രഹസ്യ നീക്കം മാതാപിതാക്കളെ വിഷമിപ്പിച്ചു. ഡോ. മണ്‍റോ രാഷ്ട്രീയമായി ഒരു യാഥാസ്ഥിതികനായിരുന്നു.  അതിനാല്‍, തന്‍റെ കുടുംബത്തെപ്പറ്റി കൊച്ചു ജെന്നി ഒന്നും മിണ്ടിയിരുന്നില്ല. ജര്‍മ്മനിയില്‍ ആയിടെ മാത്രമാണ് മൂലധനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതെങ്കിലും, ബ്രിട്ടനിലെ പൊതുജനം അതേക്കുറിച്ച് ബോധവാന്മാരാകാന്‍ ഇനിയും ഒരു പാടു കാലമെടുക്കുമെങ്കിലും, 1867 ആയപ്പോഴേക്കും, I W M A യുടെ വിപ്ലവകാരിയായ സ്ഥാപകനും, നേതാവും, പത്രപ്രവര്‍ത്തകനുമായി  മാര്‍ക്സ് നന്നായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു.

          കൊച്ചു ജെന്നി ഗവര്‍ണ്ണസ്സ് ആയതു മൂലം, അവള്‍ക്കു അച്ഛനെ ബ്രിട്ടീഷു മ്യൂസിയത്തിലെ വായനശാലയിലെ പുസ്തക ത്തീറ്റയില്‍ സഹായിക്കാന്‍ വേണ്ടത്ര സമയമില്ലാതായി. ആ സ്ഥാനം റ്റസ്സി ഏറ്റെടുത്തു. ഗവേഷണവും, അദ്ദേഹത്തിന്‍റെ സെക്രട്ടറി പദവും അവള്‍ കയ്യാളി. ആദ്യത്തെ ആറു മാസം കൊച്ചുജെന്നിയുടെ  വരുമാനമൊന്നും വീട്ടിലെത്തിയില്ല; മൺറോമാര്‍ ശമ്പളം കൊടുക്കാത്തതു കാരണം. ഒടുവില്‍ മാര്‍ക്സ് ഇടപെട്ടു. ശമ്പളം കൊടുക്കാന്‍ അവരെ നിര്‍ബ്ബന്ധിച്ചു. എന്നിട്ടും, അവര്‍ക്ക് അദ്ദേഹമാരെന്നു പിടികിട്ടിയില്ല. 

ലോറയെയും പോളിനെയും കാണാതെ റ്റസ്സി വിഷമിക്കുന്നുണ്ടാകുമെന്നു കരുതി, ഏംഗല്‍സ്  അവള്‍ക്കുന്മേഷമുളവാക്കുന്ന ഒരു കത്തും, കുറച്ചു സ്റ്റാമ്പുകളും അയച്ചു. താനും ലിസ്സി ബേണ്‍സും അവളുടെ ചേട്ടത്തിയുടെ വിവാഹം ആഘോഷിക്കുന്നതു തുടരുകയാണെന്നും, ആ ആവേശത്തില്‍ മാഞ്ചെസ്റ്ററിലേക്ക് മടങ്ങിയപ്പോള്‍, അവിടെ സോഫയില്‍  ഉറങ്ങുകയായിരുന്ന “നേരായ മാന്യനെ”ന്നു പേരുള്ള  വളര്‍ത്തുമൃഗം ഹെഡ്ജ്ഹോഗിനു മീതെ, മദ്യലഹരിയിൽ, അബദ്ധവശാൽ, ഇരുന്നുപോയിയെന്നും അദ്ദേഹം റിപ്പോര്‍ട്ടു ചെയ്തു. “മദ്യപിച്ചു വീണ്ടും കൂത്താടുന്നതിനു” ഏംഗല്‍സിനെ റ്റസ്സി ശകാരിച്ചിരിക്കണം. ടാക്സിഡെര്‍മിസ്റ്റില്‍ നിന്നു തിരിച്ചെത്തുന്ന “നേരായ മാന്യനെ” ഇനി പഞ്ഞിയും ചകിരിയും നിറച്ചേ കാണാനാകുള്ളൂ എന്നത് അവള്‍ക്കു സങ്കടമുണ്ടാക്കി.

                ജൂണില്‍, കൊച്ചുലെന്‍ നല്‍കിയ പാഥേയവുമായി, റ്റസ്സിയും അച്ഛനും, കിംഗ്സ് ക്രോസ്സില്‍ വെച്ച്, മാഞ്ചെസ്റ്ററിലേക്ക് പോകുന്ന “ഗ്രേയ്റ്റ് നോര്‍ത്തേണ്‍” തീവണ്ടി കയറി.  അതൊരു ദിവസത്തെ യാത്രയായിരുന്നു. ഡെര്‍ബീഷെയര്‍ കുന്നുകളുടെ മങ്ങിയ രൂപം,കല്‍ക്കരിപ്പൊടി പുരണ്ട ജനലുകളിലൂടെ, റ്റസ്സി കണ്ടു.  മാഞ്ചസ്റ്ററില്‍, ഏംഗല്‍സിനും ലിസ്സി ബേണ്‍സിനുമൊപ്പം, രണ്ടാഴ്ച്ചയാണ് അവര്‍ കഴിഞ്ഞത്. ആ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റ്റസ്സി ഒരു ഫെനിയന്‍ ആയി. 

ഏംഗല്‍സും മേരി ബേണ്‍സും കൂടി അവരുടെ സ്വതന്ത്ര വിവാഹത്തിനു പരസ്പരം സമ്മതിക്കുകയും, നഗരപ്പ്രാന്തത്തില്‍, ആര്‍ഡ്വിക്കിലെ, സ്റ്റോക്ക്‌പോര്‍ട്ട്‌ റോഡിലെ, 86 മോര്‍ണിംഗ്സ്‌റ്റൺ സ്ട്രീറ്റിലെ, ഏംഗല്‍സിന്‍റെ “അനൌദ്യോഗിക” വസതിയില്‍ താമസമുറപ്പിക്കുകയും ചെയ്ത 1850 മുതല്‍, ഏംഗല്‍സും മേരി ബേണ്‍സും ലിസ്സി ബേണ്‍സും ശാന്തമായ ഒരുമയോടെ വാഴുകയായിരുന്നു. 1863ല്‍ മേരി മരിച്ചു. അവള്‍ക്കു പകരം ലിഡിയ എന്ന ക്രിസ്ത്യന്‍ പേരുള്ള ലിസ്സി കുടുംബത്തിന്‍റെ ഭാരമേറ്റെടുത്തു; ഏംഗല്‍സിന്‍റെ സഹശായിനിയുമായി. മാഞ്ചസ്റ്ററിലേക്ക് റ്റസ്സി വിരുന്നു വരുന്നതിനു രണ്ടാഴ്ച്ച മുമ്പേ, ഏംഗല്‍സ് ഡോവര്‍ സ്ട്രീറ്റിലെ തന്‍റെ “ഔദ്യോഗിക” മാന്യ വസതി വിട്ടു; മദ്യവീപ്പകളടക്കം എല്ലാം കെട്ടിപ്പെറുക്കി മോര്‍ണിംഗ്റ്റണ്‍ സ്ട്രീറ്റിലേക്കു മാറി. ലിസ്സി ബേണ്‍സും, അവളുടെ എട്ടു വയസ്സുള്ള മരുമകള്‍ മേരി എലനും [എല്ലാവരും അവളെ പംപ്സ് എന്നാണ് വിളിച്ചിരുന്നത്] സാറാ പാര്‍ക്കറെന്ന വേലക്കാരിയുമാണ് വീട്ടിലുണ്ടായിരുന്നത്.

ലിസ്സി ബേണ്‍സ്, അവളുടെ ചേച്ചിയെപ്പോലെ തന്നെ, ഐറിഷ് റിപ്പബ്ലിക്കന്‍ പ്രസ്ഥാനത്തിന്‍റെ പ്രതിബദ്ധതയുള്ള ഒരു പ്രവര്‍ത്തകയായിരുന്നു; 86 മോര്‍ണിംഗ്സ്‌റ്റൺ സ്ട്രീറ്റ് ഫെനിയന്‍ പ്രവര്‍ത്തകര്‍ക്കു സമ്മേളിക്കാനുള്ള സുരക്ഷിതമായ ഒരു താവളവും. സ്വാതന്ത്ര്യ പ്രേമിയും, അടിവസ്ത്രമിടാത്തവളും, തീക്ഷ്ണ രാഷ്ട്രീയക്കാരിയും, പ്രസന്നമായ നര്‍മ്മബോധമുള്ളവളുമായ ലിസ്സി ബേണ്‍സ്, ശരിയായ നിയന്ത്രണമില്ലാതെ വന്നാല്‍ റ്റസ്സി എന്താകുമെന്ന് മിസ്സ്‌ ബോയ്നെല്ലും മിസ്സ്‌ റെന്‍ഷും ഭയപ്പെട്ടുവോ, അതൊക്കെ ആയിരുന്നു.

പോയ വര്‍ഷം, 1867ല്‍, കൌണ്ടി കെറിയിലും, പിന്നീട്, ഡബ്ലിനിലുമുണ്ടായ ഫെനിയന്‍ കലാപമായിരുന്നു, ഐറിഷ് റിപ്പബ്ലിക്കന്‍ പ്രസ്ഥാനത്തെ റ്റസ്സി പിന്തുണക്കാനിടയാക്കിയ പശ്ചാത്തലം. 1858ല്‍ ജെയിംസ്‌ സ്റ്റീഫന്‍ സ്ഥാപിച്ച  ഐറിഷ് റിപ്പബ്ലിക്കന്‍ സാഹോദര്യംഒരു ഐറിഷ് റിപ്പബ്ലിക്ക് സ്ഥാപിക്കുന്നതിന് പിന്‍ബലമായി, അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തില്‍ പരിചയസമ്പന്നരായവരെ സംഘടിപ്പിച്ചു. അമേരിക്കന്‍ സേനയിലെ ഐറിഷ്-അമേരിക്കന്‍ സൈനികരാല്‍ നയിക്കപ്പെട്ട കലാപം മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ടു. ഈ പരാജയത്തിനു പിന്നാലെ, റിപ്പബ്ലിക്കന്‍ സാഹോദര്യത്തിന്‍റെ ആ നേരത്തെ നേതാവായ, രാജ്യഭ്രഷ്ടനാക്കപ്പെട്ട കേണല്‍ തോമസ് കെല്ലി പ്രസ്ഥാനത്തെ പുന:സംഘടിപ്പിച്ചു; മാഞ്ചെസ്റ്റര്‍ അതിന്‍റെ ആസ്ഥാനമാക്കി. ഒട്ടും താമസിയാതെ, ഇംഗ്ലീഷ് അധികാരികള്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. അദ്ദേഹത്തെ രക്ഷിക്കാനുള്ള ഒരാസൂത്രണത്തിന്‍റെ ഫലമായി ഒരു പോലീസുകാരന്‍ മരിച്ചു. ഇരു രാഷ്ട്രങ്ങളിലും അതു രോഷാഗ്നി പടര്‍ത്തി. 

രാജ്ഞിയുടെ ഒരു ചാരനാണ് ഫെനിയന്‍ പട്ടാളക്കാരായ തോമസ്‌ കെല്ലിയെയും, തിമോത്തി ഡീസിയെയും കണ്ടു പിടിച്ചു ശിക്ഷക്കു വിധേയമാക്കിയത്. 1867 സപ്തംബറില്‍ അവരെ മാഞ്ചസ്റ്റര്‍ നഗരത്തിലെ ജയിലില്‍ റിമാണ്ടിലിട്ടു. സപ്തംബര്‍ 18ന് അവരെ ബ്രിഡ്ജ് സ്ട്രീറ്റ് കോടതിയില്‍ ഹാജരാക്കി കുറ്റം ചാര്‍ത്തി. കുതിരകള്‍ വലിക്കുന്ന ഒരു ബ്ലാക്ക് മാരിയായില്‍ അവരെ ബെല്‍ വ്യൂ ജയിലിലേക്ക്, ആയുധധാരികളായ കോണ്‍സ്റ്റബിള്‍മാരുടെ അകമ്പടിയോടെ, മടക്കി കൊണ്ടുപോയി.

ഹൈഡ് റോഡിലെ റെയില്‍വേ കമാനത്തിലൂടെ പോലീസു വാന്‍ കടന്നു പോകുമ്പോള്‍, ആയുധമേന്തിയ ഒരു പറ്റമാളുകള്‍ അതിനെ ആകസ്മികമായി ആക്രമിച്ചു; കുതിരകളെ അഴിച്ചു വിട്ടു; വാഹനത്തിന്‍റെ മേല്‍മൂടി വെട്ടിത്തുറന്നു; വാതിലുകളുടെ പൂട്ടിനു നേരെ വെടിയുതിര്‍ത്തു; കെല്ലിയെ മോചിപ്പിക്കുന്നതില്‍ വിജയിച്ചു. ഡീസിയും രക്ഷപ്പെട്ടു. ഇരുഭാഗത്തുനിന്നുമുള്ള വെടിവെപ്പില്‍, നിര്‍ഭാഗ്യവശാല്‍, ചാള്‍സ് ബ്രെറ്റ് എന്ന പോലീസു മേധാവി വെടിയേറ്റു മരിച്ചു. മുപ്പതിലധികം ഐറിഷുകാരെ ഇംഗ്ലീഷ് അധികാരികള്‍ അറസ്റ്റു ചെയ്തു. അതില്‍ അഞ്ചുപേര്‍ക്ക്, പിന്നീട്, വിചാരണ നേരിടേണ്ടി വന്നു.

അഞ്ചുപേരും ശിക്ഷിക്കപ്പെട്ടു. അതു ഹേതുവായി, നവംബര്‍ 1നു, ഇംഗ്ലീഷ് നഗരങ്ങളില്‍ പ്രകടനങ്ങളുണ്ടായി; പെറ്റിഷനുകള്‍ ശേഖരിക്കപ്പെട്ടു; പാര്‍ലിമെന്‍റില്‍ ക്ഷുബ്ധ സംവാദങ്ങളുണ്ടായി. ഒരാള്‍, നിബന്ധനകള്‍ക്കു വിധേയമായി, മാപ്പാക്കപ്പെട്ടു. മറ്റൊരാളുടെ ശിക്ഷ, അയാളൊരു അമേരിക്കന്‍ പൌരനായതിനാല്‍, കഠിനതടവായിച്ചുരുക്കി. മറ്റു മൂന്നുപേരെയും, നവംബര്‍ 23നു, മാഞ്ചസ്റ്ററില്‍ തൂക്കിക്കൊന്നു. അവസാനം വരെ അവരാരും, ബ്രെറ്റിന്‍റെ മരണത്തിനു കാരണമായ വെടിയുതിര്‍ത്ത, പീറ്റര്‍ റൈസ് എന്ന തങ്ങളുടെ സഖാവിനെ ഒറ്റിക്കൊടുത്തില്ല.

           ഈ രക്തസാക്ഷികളുടെ കൊലപാതകത്തെ മാഞ്ചസ്റ്ററിലെ കത്തോലിക്കാ പുരോഹിതന്മാര്‍ തങ്ങളുടെ പ്രഭാഷണമണ്ഡപങ്ങളില്‍വെച്ച് അപലപിച്ചു. ഇംഗ്ലണ്ട് മുഴുവന്‍ കൂട്ടപ്പ്രാര്‍ത്ഥനകളുണ്ടായി. ഹൈഡു പാര്‍ക്കില്‍ സമാധാനപരമായ ഒരു പ്രകടനത്തിന് ആളുകള്‍ കൂടി. ഇംഗ്ലണ്ടില്‍ നടന്ന പരസ്യമായ അവസാനത്തെ ഒരു തൂക്കിക്കൊലയായ മാഞ്ചസ്റ്റര്‍ രക്തസാക്ഷികളുടെ കൊല കാണാന്‍ ഏംഗല്‍സും ഉണ്ടായിരുന്നു. അദ്ദേഹം പ്രവചിച്ചതുപോലെ, ഈ സംഭവം, ഇംഗ്ലീഷു ദേശീയ  രാഷ്ട്രീയത്തിന്‍റെ ഹൃദയത്തിലേക്ക് ഐറിഷ് പ്രശ്നത്തെ കൊണ്ടു വന്നു. ഫെനിയന്മാര്‍ക്കിപ്പോള്‍ രക്തസാക്ഷികളെ കിട്ടി; കുട്ടികളെ തൊട്ടിലാട്ടുമ്പോള്‍ ഐറിഷ് പെണ്ണുങ്ങള്‍ക്കു പാടാന്‍ സഖാക്കളുടെ വീരകൃത്യത്തിന്‍റെ ഒരു കഥയും.

ഐറിഷ് വിമോചനത്തിന്‍റെ കേന്ദ്രപ്രാധാന്യം ആഴത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് മാര്‍ക്സ് വിചാരിച്ചത്; ഫെനിയന്‍ തീവ്രവാദവും, ജയില്‍ ചാട്ടവും, രക്തസാക്ഷിത്വവും പൊതുജനത്തിന്‍റെ തെറ്റിദ്ധാരണകളെ നീക്കാന്‍ സഹായകമാകില്ലെന്നും. പിന്നീട്, ഡിസംബറില്‍, ഭീകരന്മാരായ ബോംബേറുകാര്‍, രണ്ടു ഫെനിയന്‍ തടവുകാരെ മോചിപ്പിക്കുവാനുള്ള, പരാജയപ്പെട്ട ഒരു പരിശ്രമത്തില്‍,  ക്ലെര്‍ക്കെന്‍വെല്‍ ജയില്‍ തകര്‍ത്തു. ജയിലിനരികെയുള്ള ചില തൊഴിലാളി ഭവനങ്ങളും, അവയിലെ അന്തേവാസികളെയും സ്ഫോടനത്തിലൂടെ നശിപ്പിക്കാനാണ് അവര്‍ക്കാകെ സാധിച്ചത്. മാര്‍ക്സ് ഈ തന്ത്രത്തെ അതിനാടകീയ മൂഢതയെന്നാണ് അപലപിച്ചത്. റ്റസ്സിയുടെ പിതാവും ഏംഗല്‍സും ഐറിഷ് റിപ്പബ്ലിക്കന്‍ സാഹോദര്യത്തിന്‍റെ ലക്ഷ്യത്തോട് അനുഭാവമുള്ളവരായിരുന്നുവെങ്കിലും, സായുധസമരത്തെയും, ഗൂഢാലോചനയെയും, അക്രമത്തെയും അവര്‍ അധിക്ഷേപിച്ചു. റ്റസ്സി, പക്ഷേ, വിയോജിച്ചു.

1868ല്‍, മാഞ്ചസ്റ്ററില്‍നിന്ന് ലണ്ടനിലേക്ക് മടങ്ങി വന്നപ്പോള്‍, അവളുടെ ഭാഷയില്‍,“ശിക്ഷിക്കപ്പെട്ട രാഷ്ട്ര”ത്തിന്‍റെ പക്ഷപാതിയാണ് താനെന്നു അവള്‍ സഗൌരവം പ്രഖ്യാപിച്ചു. “പഴയ, ഉന്നതമായ, ചൈനീസ് കഥാപാത്രത്തില്‍നിന്നും മാറി അവളൊരു പ്രാദേശിക [ഐറിഷ്] ജീവിയായിപ്പോയെന്നും, അതിനാല്‍, ചക്രവര്‍ത്തിക്ക് അര്‍ഹമായ ആദരവു നല്‍കുന്നില്ലെന്നും കൊച്ചു ജെന്നി റ്റസ്സിയോടു പറഞ്ഞപ്പോള്‍ അവള്‍ തിരിച്ചടിച്ചു: “മുമ്പു ഞാന്‍ ഒരു മനുഷ്യനോടൊട്ടി; ഇപ്പോള്‍ ഞാനൊരു രാഷ്ട്രത്തോടൊട്ടിനില്‍ക്കുന്നു.”



“ഒരു ഐറിഷ് കത്തോലിക്കാ കടയില്‍നിന്ന്” അവള്‍ ഐറിഷ് മാൻ    വാങ്ങാന്‍ തുടങ്ങി. "ആ പെണ്ണ് എന്നും എന്നെ അനുഗ്രഹിക്കും. കാരണം, അവള്‍ പറയുന്നത്, എന്‍റെ പഴയ നാടിനോട് ഞാന്‍ കൂറുള്ളവനാണെന്നാണ്”. ഐറിഷ് ദേശീയ പ്രസ്ഥാനത്തിന്‍റെ മുന്‍നിര പ്രസിദ്ധീകരണമായിരുന്നു ഐറിഷ് മാൻ. റ്റസ്സിക്ക് പത്രങ്ങള്‍ വായിക്കാന്‍ ധാരാളം സമയമുണ്ടായിരുന്നു. അവള്‍ മാഞ്ചസ്റ്ററില്‍നിന്ന് മടങ്ങി വന്നപ്പോള്‍, അവളും കൊച്ചു ജെന്നിയും വിഷജ്വരം ബാധിച്ചു കിടപ്പിലായി. ഭാഗ്യമെന്നു പറയട്ടെ, അവരുടെ അയല്‍ക്കാരനും വൈദ്യനുമായ ഡോ. കോര്‍ക്ലോ വിഷജ്വരചികിത്സാവിദഗ്ദ്ധന്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ അനുഭാവിയായ ഒരു ഐറിഷുകാരന്‍ കൂടിയായിരുന്നു. വീഞ്ഞു ചാലിച്ച ബീഫ് റ്റീയായിരുന്നു ഡോ. കോര്‍ക്ലോ നിര്‍ദ്ദേശിച്ച ഭക്ഷണക്രമം. വീഞ്ഞാകട്ടെ, ഏംഗല്‍സ് ഉദാരമായി നല്‍കിയിരുന്നു താനും. 


സ്കൂളില്‍പോകേണ്ടാ എന്നതില്‍ സന്തോഷിച്ച്, റ്റസ്സി നോവലുകളിലും, ഐറിഷ്മാനിലും , കത്തെഴുത്തിലും മുഖം പൂഴ്ത്തി; ലിസ്സിക്ക് എലിനോര്‍ പതിവായി എഫ്. എസ്‌ [ഫെനിയന്‍ സഹോദരി] എന്നൊപ്പിട്ട കത്തുകളെഴുതി. ഈ വിപ്ലവ നാട്യത്തെ കുടുംബം കളിയാക്കി; അവള്‍ക്കു പുതിയൊരു ചെല്ലപ്പേരുമിട്ടു: “പാവം, അവഗണിക്കപ്പെട്ട, രാഷ്ട്രം.” റ്റസ്സി ഇപ്പോളെപ്പോഴും ആവര്‍ത്തിക്കുമായിരുന്ന ഒരു വാചകമായിരുന്നു അത്. ഈ “പാവം, അവഗണിക്കപ്പെട്ട, രാഷ്ട്രം” കിടക്കയിലിരുന്നു മുഷിയുമ്പോള്‍, തന്‍റെ ഏറ്റവും പുതിയ താല്‍പ്പര്യത്തെക്കുറിച്ചു  വായിച്ചു പഠിച്ചു; അച്ഛന്‍റെ ലേഖനങ്ങളും, പത്രവാര്‍ത്തകളും, ഐറിഷ് പ്രശ്നത്തെക്കുറിച്ചു  I W M Aക്കയച്ച വിവരങ്ങളുമടക്കം അവള്‍ക്കു കിട്ടാവുന്നവ മുഴുവനും. പകല്‍നേരം കിടക്കയിലിരുന്നു വീഞ്ഞു കുടിക്കുകയും, തീവ്രവാദച്ചുവയുള്ള ദേശീയപ്രസിദ്ധീകരണങ്ങള്‍ വായിക്കുകയും, വര്‍ത്തമാന സംഭവങ്ങളെപ്പറ്റി തിടുക്കത്തില്‍ കത്തെഴുതുകയും, ഫെനിയന്‍ സ്വാതന്ത്ര്യഗാനങ്ങള്‍ മൂളുകയും ചെയ്യുന്ന പതിമൂന്നു വയസ്സുള്ള മകള്‍ മാര്‍ക്സ് കുടുംബത്തില്‍ സാധാരണതയില്‍ കവിഞ്ഞ ഒന്നുമായിരുന്നില്ല.
റ്റസ്സി ലിസ്സിക്കെഴുതി. കണ്ണാടിക്കൂട്ടിലിരിക്കുന്ന സ്റ്റഫു ചെയ്തു വച്ചിരിക്കുന്ന  ‘നേരായ മാന്യന്‍റെ’ സാന്നിദ്ധ്യമുള്ള  ക്രോധാലയത്തിലിരുന്നു (സ്വന്തം വായനാമുറിയായ സ്വീകരണമുറിയെ ഏംഗല്‍സ്‌ അങ്ങിനെയാണ് വിളിച്ചത്) ഏംഗല്‍സ്‌ അതു വായിക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു. ജനാധിപത്യ രാഷ്ട്രീയം കയ്യാളാന്‍ ആവശ്യമായ കരുത്തിനെച്ചൊല്ലിയുള്ള തന്‍റെ നേരമ്പോക്ക് ലിസ്സിയുമായി റ്റസ്സി പങ്കു വെച്ചു: “ഫെനിയന്‍മാര്‍ ഒരു സമ്മേളനം നടത്തുകയായിരുന്നു. അവിടെ 19 മണിക്കൂറോളമാണ് അവര്‍ അനങ്ങാതെയിരുന്നത്! അതിനുശേഷം അവര്‍ തളര്‍ന്നിരിക്കണം എന്നാണ് എനിക്കു തോന്നുന്നത്.”

ആഗസ്തില്‍, മൂറും കൊച്ചുലെന്നുമൊഴിച്ച്, എല്ലാവരും റാംസ്ഗേറ്റിലേക്കു തടിതപ്പി. ലോറ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. പോള്‍ MRCS ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. തനിക്കു ജോലി ചെയ്യാന്‍ യോഗ്യതയായി എന്നയാള്‍ വിചാരിച്ചു. ഫ്രാന്‍സില്‍നിന്നു പോളിന്‍റെ അച്ഛനുമമ്മയും അവരുടെ കൂടെ കൂടി. ലൈബ്രറി വീണ്ടും വിവാഹം കഴിച്ചുവെന്ന വാര്‍ത്ത മാര്‍ക്സുമാര്‍ക്ക് ജര്‍മ്മനിയില്‍നിന്നു ലഭിച്ചു. കുട്ടി ആലീസിനിപ്പോള്‍ ഒരു രണ്ടാനമ്മയെക്കിട്ടി ... ആര്‍ദ്രതയുള്ള നഥാലി ലീബ്നെക്റ്റിനെ. മാര്‍ക്സുമാര്‍ ലൈബ്രറിയെ അനുമോദിച്ചു; നഥാലിയുമായി ഊഷ്മളമായ സൗഹൃദം പുലര്‍ത്തി. നഥാലി, താമസിയാതെ, ഭാവിയില്‍ റോസാ ലക്സംബര്‍ഗുമൊത്ത് സ്പാര്‍ട്ടാക്കസ് പ്രസ്ഥാനം ഒന്നിച്ചു നയിക്കാനുള്ള, കാള്‍ ലീബ്നെക്റ്റാകാന്‍ വിധിക്കപ്പെട്ട, കുഞ്ഞിനെ ഗര്‍ഭം ധരിച്ചു.

ക്രിസ്തുമസ്സായപ്പോഴേക്കും റ്റസ്സിക്കു ആരോഗ്യം പൂര്‍ണ്ണമായും വീണ്ടുകിട്ടി. അവള്‍ക്കൊരാഘോഷത്തിന്‍റെ മനോഭാവം കൈവന്നു. ഏതു തരം സല്‍ക്കാരവും ആസ്വദിക്കാന്‍ അവള്‍ സന്നദ്ധയായി. കുറച്ചു ഫ്രഞ്ച് സുഹൃത്തുക്കളുമായി ക്രിസ്തുമസ് പങ്കിടാന്‍ അവള്‍ക്കൊരു ക്ഷണം കിട്ടി. പക്ഷേ, “ വിരുന്നിനു താറാവും ടര്ക്കിയുമില്ല, വെറുമൊരു മുയലേയുള്ളൂ’” എന്ന വിവരം അവളെ നിരാശപ്പെടുത്തി.

 “അവഗണിക്കപ്പെട്ട പാവപ്പെട്ട രാഷ്ട്രത്തെ” കുറച്ചുകാലത്തേക്ക് അവഗണിച്ചതിനു ശേഷം റ്റസ്സി വീണ്ടും ഐറിഷ് പല്ലവി ആവര്‍ത്തിക്കാന്‍ തുടങ്ങി. ലിസ്സിക്കും അവരുടെ മരുമകള്‍ മേരി എലനും വേണ്ടി താനുണ്ടാക്കിയ ഉപഹാരങ്ങളെപ്പറ്റി അവള്‍ സഹോദരിയോടു പറഞ്ഞു. ലിസ്സിക്കു വേണ്ടി ഉണ്ടാക്കിയത് “പച്ച നാട കുത്തിവെച്ച ഒരു കൊച്ചു സാറ്റിന്‍ കോളറായിരുന്നു”. മേരി എലനു വേണ്ടി അവളൊരുക്കൂട്ടിയത് “പച്ച നാടയിലൊരു സ്റ്റീലിന്‍റെ കുരിശായിരുന്നു”. ഇവിടെ അവള്‍ ശരിക്കും അമ്മയുടെതന്നെ കുട്ടിയായി: ജെന്നി വോണ്‍ വെസ്റ്റ്ഫാലന്‍റെ വിപ്ലവകരമായ അരങ്ങേറ്റം തലമുടിയില്‍ ത്രിവര്‍ണ്ണം തിരുകിയിട്ടായിരുന്നല്ലോ. റ്റസ്സിയുടെ കാര്യത്തിലത്‌ ഐറിഷ് റിപബ്ലിക്കനിസത്തിന്‍റെ പച്ച നാടകളാണെന്ന ഭേദം മാത്രം.
ക്രിസ്തുമസ്സിനു താറാവും ടര്‍ക്കിയുമില്ലാത്തതിനു കാരണം, 1868ന്‍റെ അവസാനത്തോടെ, അച്ഛനുമമ്മയും നട്ടദാരിദ്ര്യത്തിലായിരുന്നതുകൊണ്ടാണെന്ന് റ്റസ്സിക്കറിയില്ലായിരുന്നു. ഒരു വായ്പ്പ ലഭിക്കുന്നതിലേക്കായി മാര്‍ക്സിനൊരു വൈദ്യപരിശോധനക്കു വിധേയനാകേണ്ടി വന്നു. അതിലദ്ദേഹം പരാജിതനായി. ഒരു വലിയ താറാവോ ടര്‍ക്കിയോ വാങ്ങാനുള്ള കാശുണ്ടാക്കാന്‍ ബോബ് ക്രാച്ചിറ്റിനെപ്പോലെ തന്നെ അദ്ദേഹവും കഴിവില്ലാത്തവനായി. ഏംഗല്‍സാകട്ടെ, എര്‍മന്‍ ആന്‍ഡ്‌ ഏംഗല്‍സില്‍നിന്നുള്ള തന്‍റെ ആസന്നമായ വിടവാങ്ങലിനുള്ള പ്രയത്നത്തിലായിരുന്നു. പ്രതിവര്‍ഷം 350 പൌണ്ടു കൊണ്ടു ഉപജീവിക്കാമോ എന്നദ്ദേഹം കാളിനോടും ജെന്നിയോടും ചോദിച്ചു. നിലവിലുള്ള കടമൊടുക്കാന്‍  തയ്യാറാക്കിയ കണക്കു പൂര്‍ത്തിയാക്കിയിരുന്നില്ലെങ്കിലും, അവരതിനു ഉടനടി സമ്മതം മൂളി. 1869 ജനുവരി 1 മുതല്‍ ലണ്ടനിലെ യൂണിയന്‍ ബാങ്കില്‍ ഓരോ മൂന്നു മാസവും പണം നിക്ഷേപിക്കാന്‍ ഏംഗല്‍സ്‌ ഏര്‍പ്പാടു ചെയ്തു. ലണ്ടനിലും ചാന്‍സെറി ലെയ്നിലും ശാഖകളുള്ള ഒരു വമ്പന്‍ സംയുക്ത സ്റ്റോക്ക് ബാങ്കായിരുന്നു യൂണിയന്‍ ബാങ്ക്.

ഒരു നാടകത്തോടു കൂടിയാണ് റ്റസ്സി 1868 അവസാനിപ്പിക്കുന്നത്. അവളതില്‍ സ്വയം കേന്ദ്രകഥാപാത്രമായി. ഉറ്റചങ്ങാതികളായ ലോര്‍മിയര്‍ സഹോദരന്മാരായിരുന്നു സഹനടന്മാര്‍. “ലൂയിയും, ല്യൂഡോവിച്ചും, ഞാനും ഒരു ലഘു നാടകം കളിക്കാന്‍ പോകുന്നു. ബ്യൂറ്റി ആന്‍ഡ്‌ ദ ബീസ്റ്റ് ആണ് എന്‍റെ മനസ്സില്‍. ലൂയിയായിരിക്കും ജന്തു; സുന്ദരി ല്യൂഡോവിച്ചും. രാജകുമാരന്‍ ഞാനായിരിക്കും.” ആണ്‍കഥാപാത്രം, സ്വാഭാവികമായും. സംവിധായകനും, നിര്‍മ്മാതാവും, രംഗനിര്‍വ്വാഹകനും, മുഖ്യകഥാപാത്രവും റ്റസ്സി തന്നെ. 1868 ഡിസംബറില്‍  1 മോഡേനാ വില്ലയില്‍ അരങ്ങേറിയ ബ്യൂറ്റി ആന്‍ഡ്‌ ദ ബീസ്റ്റായിരുന്നു റ്റസ്സിയുടെ, ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലുള്ള, ആദ്യത്തെ സമ്പൂര്‍ണ്ണ നാടകാവിഷ്കാരം. അവളുടെ പതിമൂന്നാം വര്‍ഷത്തിന്‍റെ ഉചിതമായ,  സാരഗര്‍ഭമായ പരിസമാപ്തി. 


1869 ജനുവരി 1നു റ്റസ്സി ഒരു അമ്മായിയായി. ചാള്‍സ് എറ്റീന്‍ ലഫാര്‍ഗ് പാരീസില്‍ പിറവിയെടുത്തു. കൊച്ചു ജെന്നിക്ക് ഈസ്റ്റര്‍ അവധിക്ക് ഗവര്‍ണ്ണസ്സ് ജോലിയില്‍നിന്ന്‍ ഇളവു കിട്ടി. അങ്ങിനെ, റ്റസ്സിയും അവളും കൂടി അവരുടെ സഹോദരിയെയും പുതിയ മരുമകനെയും കാണാന്‍ മാര്‍ച്ചവസാനം ലണ്ടന്‍ വിട്ടു. പാരീസ്, ആ സമയം, ചെയ്മ്പര്‍ ഓഫ് ഡെപ്യൂട്ടിസിന്‍റെ അന്വേഷണത്തിനു വിധേയമായിരുന്ന ഹോസ്മന്നിന്‍റെ,  സാമ്പത്തിക അതിക്രമങ്ങളെച്ചൊല്ലി കോലാഹലത്തിലായിരുന്നു.

ഹോസ്മന്‍ സാമ്പത്തിക അപവാദത്തിലായിരുന്നുവെങ്കിലും, അദ്ദേഹത്തിന്‍റെ നഗരനവീകരണവും, നഗരകേന്ദ്രത്തിന്‍റെ ആധുനികവല്‍ക്കരണവും പാരീസിനെ ശ്വാസം പിടിച്ചു നിര്‍ത്തുന്ന സൗന്ദര്യത്തിന്‍റെയും മഹിമയുടെയും ഒരിടമാക്കി മാറ്റിയിരുന്നു. അതേസമയം, നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍, തലസ്ഥാനത്തെ ജനങ്ങളില്‍ പാതിയിലധികം വരുന്ന ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ മലിനവും, ആളുകള്‍തിങ്ങിക്കൂടിയതുമായ ചേരികളില്‍ പട്ടിണികിടന്നു. പാരീസും, മരുമകനും റ്റസ്സിയെ ഒരുപോലെ വശീകരിച്ചു. അവള്‍ ഷ്നാപ്പിനെ, അഥവാ ഷ്നാപ്പിയെ, ആരാധിച്ചു; “അത്രക്കു സുന്ദരനായ ഒരു കുട്ടിയെ ഇതേവരെ കണ്ടിട്ടില്ലെന്നു” പ്രഖ്യാപിച്ചു. അവന്‍റെ സുന്ദര രൂപവും, ബുദ്ധി ദ്യോതിപ്പിക്കുന്ന നെറ്റിയും, മയമുള്ള പെരുമാറ്റവും, നേരത്തേ പല്ലു മൊട്ടിട്ടതും അവള്‍ക്കേറെയിഷ്ടമായി. അവനെ നോക്കേണ്ട ചുമതല അവള്‍ക്കായിരുന്നതിനാല്‍ അവളുടെയീ ഇഷ്ടം നല്ലൊരു കാര്യമായി. കൊച്ചു ജെന്നി ഏപ്രില്‍ പാതിയോടെ ലണ്ടനിലെ തന്‍റെ ജോലിയിലേക്കു മടങ്ങി. എന്നാല്‍, റ്റസ്സി സ്കൂളിലേക്കു മടങ്ങണമെന്ന്‍ ആര്‍ക്കും നിര്‍ബന്ധമുള്ളതായി തോന്നിയില്ല.    


റൂ ദു ഷെര്‍ഷ്-മിദിയിലെ ലഫാര്‍ഗിന്‍റെ കൊച്ചു വീട്ടില്‍ ഷ്നാപ്പിയുടെ ആയയായി റ്റസ്സി. അപ്പോഴും, പാരീസിലെ ആ എഴാഴ്ച്ചക്കാലത്തെ താമസത്തിനിടയില്‍, വിനോദിക്കാന്‍ അവള്‍ അവസരം കണ്ടെത്തി. നഗരമദ്ധ്യത്തിലവള്‍ ഒറ്റക്ക് “ബോക്കോമാനിംഗ്” ചെയ്തു. കാല്‍നടയായി അലസഗമനം ചെയ്ത് കാഴ്ചകള്‍ കാണുകയും, അതിനിടയില്‍, മുറക്ക്,  ബാറുകളിലും കഫേകളിലും കയറി ഇത്തിരി ബിയര്‍ മോന്തുന്നതിനും ലോറ കണ്ടു പിടിച്ച പദമാണ് “ബോക്കോമാനിംഗ്”. റ്റസ്സി പുകവലിയും പതിവാക്കി. വഴിവക്കിലെ കഫേയിലിരുന്ന്‍, പാരീസിലെ ജീവിതങ്ങള്‍ മുന്നിലൂടെ കടന്നുപോകുന്നതും നോക്കി, ഒരല്‍പ്പം തണുത്ത ബിയര്‍ നുണയുന്നതിന്‍റെയും സിഗരറ്റു കയ്യിലിട്ടുരുട്ടുന്നതിന്‍റെയും സുഖം അവള്‍ക്കു പ്രലോഭനമായിരുന്നിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ പാവക്കൂത്തുകളും അവള്‍ സന്ദര്‍ശിച്ചു. ജിംനാസിയിലെ സാര്‍ദൂസിന്‍റെ സെറാഫിനിലേക്കുള്ള യാത്രയും അവള്‍ ആസ്വദിച്ചു. വിനോദാഘോഷമൊരുക്കിയിരിക്കുന്നിടത്തും പോയി. “ചെവി വേദനിപ്പിക്കുന്ന ചന്ത”യെന്നാണവളതിനെ വിളിച്ചത്.

മാര്‍ക്സിനു അവളെ പിരിഞ്ഞിരിക്കുന്നതു വിഷമമായിരുന്നു. അദ്ദേഹം അവള്‍ക്കു പതിവായി കത്തുകളെഴുതി. ഐറിഷ്മാനിന്‍റെ പ്രതികള്‍ കൊച്ചു ലെന്‍ അവള്‍ക്കയക്കുമെന്നു അവള്‍ക്കു ഉറപ്പേകി; അവളുടെ വളര്‍ത്തു മൃഗങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അയച്ചു. അവളുടെ അഭാവത്തില്‍ അദ്ദേഹത്തിനായിരുന്നല്ലോ അവയുടെ ചുമതല. വിരസനായ ഒരു മാന്യനെപ്പോലെയാണ് ബ്ലാക്കി പെരുമാറുന്നതെന്ന വിവരം അദ്ദേഹമറിയിച്ചു; അവളുടെ നായയായ വിസ്കിയാകട്ടെ, അവളുടെ അഭാവത്തില്‍, കുലീനനായ ഒരാത്മാവിനു മാത്രം കഴിയുന്ന രീതിയില്‍ യാതന സഹിക്കുകയാണ്; റ്റോമി, സ്വന്തം പേരിലെ വൈരുദ്ധ്യവും മാല്‍ത്തൂസ് സിദ്ധാന്തത്തിന്‍റെ ശരിയും സ്ഥാപിച്ചു കൊണ്ട്, നിരവധി കുട്ടികളെ പ്രസവിച്ചിരിക്കുന്നു. ഡിക്കിയെന്ന അവളുടെ പക്ഷി തന്‍റെ കാതിനു ശല്യമാണെന്നും 
അദേഹം പരാതിപ്പെട്ടു: ലൂഥര്‍ പിശാചിനോടെന്ന പോലെയാണ് അവനെന്നോടു പെരുമാറുന്നത്.                      


മേയില്‍ മോം പാരീസിലേക്കു വന്നു. അവര്‍ രണ്ടു പേരും ഒരുമിച്ചാണ് വീട്ടിലേക്കു മടങ്ങിയത്. തിരിച്ചു വന്നു ഒരാഴ്ച കഴിഞ്ഞില്ല, അച്ഛനൊപ്പം റ്റസ്സി മാഞ്ചസ്റ്ററിലേക്കു തിരിച്ചു. അപ്പോഴും, അവള്‍ സ്കൂളിലേക്കു തിരിച്ചു പോകുന്നതിനെകുറിച്ചുള്ള ഒരു സംസാരവുമുണ്ടായില്ല. മേയ് 25ന് പുതിയ സെന്‍റ് പാന്‍ ക്രാസ് സ്റ്റേഷനില്‍നിന്നാണ് അവര്‍ ലണ്ടന്‍ വിട്ടത്. സര്‍ ജോര്‍ജ്ജ് ഗില്‍ബര്‍ട്ട് സ്കോട്ടിന്‍റെ ഭീമമായ ഈ നിര്‍മ്മിതി സ്ഫടികവും സ്റ്റീലും കൊണ്ടുള്ള ഒരു എന്‍ജിനിയറിംഗ് മഹാല്‍ഭുതമാണ്. 240 അടി വീഥി വരുന്ന സ്വര്‍ഗ്ഗീയവും സുതാര്യവുമായ ഈ അംബരചുംബി, ലോകത്തിലെ  ഏറ്റവും വലിയ അവിഭാജ്യസ്ഥലിയാണ്. ഗോഥിക് പുനരുത്ഥാന ശൈലിയിലുള്ള അന്നത്തെ വാസ്തുവിദ്യയുടെ ഒരു അത്യന്താധുനിക മാതൃക. ലോകത്തിലെ അത്തരത്തിലുള്ള ഏറ്റവും വലിയ കെട്ടിടം. റെയില്‍വേയുടെ ഭദ്രാസനപ്പള്ളിയായ, വെട്ടിത്തിളങ്ങുന്ന ഈ സംഗമസ്ഥലി വടക്കോട്ടു പോകുന്ന യാത്രികര്‍ക്ക് പൂക്കടകളും, ചായക്കടകളും, മാസികകളും പത്രങ്ങളും വിലകുറഞ്ഞ ജനപ്രിയ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഡബ്ല്യൂ. എച്. സ്മിത്ത് കടയും പ്രദാനം ചെയ്തു. ജെന്‍റില്‍മാന്‍സ് മാസികയിലെ വിക്റ്റര്‍ ഹ്യൂഗോയുടെ “രാജകല്‍പ്പനപ്രകാരം” എന്ന സീരിയല്‍ (1869 മേയ്) കടകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. നാട്ടിലെ ഏറ്റവും വേഗതയുള്ള തീവണ്ടികളിലൊന്നിലാണ് റ്റസ്സിയും അച്ഛനും കയറിയത്. മാഞ്ചസ്റ്ററിലേക്കുള്ള അതിവേഗ എക്സ്പ്രസ്സില്‍. കെന്‍റിഷ് ഠൌണും, ലെയ്സസ്റ്ററും വഴി യാത്രക്കാരെ മെട്രോപോളിറ്റന്‍ റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന, മാഞ്ചസ്റ്ററിലേക്കു സുമാര്‍ നൂറു നാഴികയുള്ള പാത ലോകത്തിലെ ഏറ്റവും ദീര്‍ഘമായ നോണ്‍സ്റ്റോപ്പ്‌ റെയില്‍പ്പാതയായിരുന്നു.
           
മാഞ്ചസ്റ്ററിലെ തൊഴിലാളി പ്രവിശ്യകളെ കാട്ടിക്കൊടുത്തുകൊണ്ട് റ്റസ്സിക്കു ലിസ്സി ചരിത്രത്തിത്തിലെയും രാഷ്ട്രീയത്തിലെയും പ്രായോഗിക പരിജ്ഞാനം നല്‍കി. ഫെനിയന്‍മാര്‍ക്കു പ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളിലും, റ്റസ്സി അപേക്ഷിച്ചതു പ്രകാരം, ലിസ്സി അവളെ കൂട്ടിക്കൊണ്ടുപോയി. അവള്‍ ചേട്ടത്തിക്ക് ഇപ്രകാരമെഴുതി: “ ശ്രീമതി ബേണ്‍സും ഞാനും മാര്‍ക്കറ്റു കാണാന്‍ പോയി. കെല്ലി കുടങ്ങള്‍ വിറ്റിരുന്ന സ്റ്റാള്‍ ശ്രീമതി ബേണ്‍സ് എനിക്കു കാട്ടിത്തന്നു; അദ്ദേഹം താമസിച്ചിരുന്ന വീടും. എല്ലാം വളരെ രസകരമായിരുന്നു. കെല്ലിയെയും ഡെയ്സിയെയും പറ്റി ഒരു പാടു കാര്യങ്ങള്‍ ശ്രീമതി ബി എനിക്കു പറഞ്ഞു തന്നു. അവരുടെ വീട്ടില്‍ പോയിരുന്നതു കൊണ്ടും, ആഴ്ചയില്‍ മൂന്നു നാലു തവണ അവരെ കണ്ടിരുന്നതു കൊണ്ടും ബീക്ക് അവരെ നന്നായി അറിയുമായിരുന്നല്ലോ.”

സാഹിത്യവും, തത്വശാസ്ത്രവും, രാഷ്ട്രീയ സിദ്ധാന്തവും, കാവ്യവുമടങ്ങുന്ന ഒരു തീവ്ര പാഠ്യപദ്ധതി എലിനോറിനായി  ഏംഗല്‍സ് ഒരുക്കി. അവള്‍ക്കു വായിക്കാന്‍ അദ്ദേഹം വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങള്‍ നല്‍കി. അവയില്‍, ഗഥെയും, ഐസ്ലാണ്ടിക് എഡ്ഡയും, ഡാനിഷ് ക്യാംപെവൈസറും, ഫിര്‍ദൌസിയും, സെര്‍ബിയന്‍ നാടന്‍പാട്ടുകളുടെ ജര്‍മ്മന്‍ തര്‍ജ്ജിമയും പെടും. അവള്‍ക്കു വിനോദത്തിനുള്ള അവസരവും അദ്ദേഹമൊരുക്കി. വര്‍ഷങ്ങള്‍ക്കു മുമ്പ് അവളുടെ അമ്മയുടെ അച്ഛന്‍ ട്രയറില്‍വെച്ചു അവളുടെ അച്ഛനോട് ചെയ്തതു പോലെ, മാഞ്ചസ്റ്ററിലും പച്ചപിടിച്ച പ്രാന്തപ്രദേശങ്ങളിലുമുള്ള കാല്‍നടസവാരികള്‍ക്കിടയില്‍ ഏംഗല്‍സ് അവളുമായി വര്‍ത്തമാനത്തിലേര്‍പ്പെട്ടു. അവളിപ്പോള്‍ അദ്ദേഹത്തെ മാലാഖയമ്മവാന്‍ (Uncle Angel) എന്നാണു വിളിക്കുന്നത്. എര്‍മന്‍ ആന്‍ഡ്‌ ഏംഗല്‍സിന്‍റെ വ്യാപാരകാര്യങ്ങളില്‍നിന്നു വിടുതല്‍ കിട്ടുമ്പോഴൊക്കെ ഈ മാലാഖ അവളുമോത്തു വിനോദിച്ചു. വ്യപാരത്തില്‍നിന്നു വേര്‍പിരിയാനുള്ള പ്രക്രിയയിലായിരുന്നു ഇക്കാലത്തദ്ദേഹം: “റ്റസ്സിയുമൊത്ത് ഞാന്‍ വളരെയേറെ നടക്കുന്നുണ്ട്. ഒപ്പം പ്രേരിപ്പിച്ചു കൂടെ കൂട്ടാന്‍ പറ്റുന്ന വീട്ടിലെ മറ്റു മനുഷ്യരും പട്ടികളുമുണ്ടാവും... റ്റസ്സി, ലിസ്സി, മേരി എലന്‍ (പംപ്സ്), ഞാന്‍, രണ്ടു നായകള്‍. ഊഷ്മളതുല്ല ഈ രണ്ടു വനിതകളും ഓരോ ഗ്ലാസ്സു ബിയറു കഴിച്ചിട്ടുണ്ടെന്നു പ്രത്യേകം പറയണമെന്നു എനിക്കു നിര്‍ദ്ദേശമുണ്ട്.”  
             
ജീവിതസര്‍വ്വകലാലയത്തിലെ ഈ സഞ്ചാരവിദ്യാഭാസം നല്ലതു തന്നെ. എന്നാല്‍ സ്കൂള്‍ വിദ്യാഭാസമോ? അച്ഛന്‍റെ തൃപ്തിയാര്‍ന്ന വിവരണപ്രകാരം അവള്‍ “പുഷ്പിക്കുകയാണ്”. “മാഞ്ചസറ്ററില്‍ കുറേക്കൂടി താമസിക്കുന്നത് അവള്‍ക്കു നല്ലതേ വരുത്തൂ” എന്നദ്ദേഹം വിചാരിച്ചു. സൌതാംപ്റ്റഡ് കോളേജിലേക്കുള്ള അവളുടെ അവശ്യമായ തിരിച്ചുപോക്കിന്‍റെ കാര്യത്തെച്ചൊല്ലി കൂടുതല്‍ സംവാദമുണ്ടായതിനു രേഖകളില്ല. അവള്‍ തിരിച്ചു പോയില്ല. അത്ര തന്നെ. റ്റസ്സിയെപ്പോലുള്ള തലതെറിച്ച ഒരു പതിനഞ്ചുകാരിയെ സൌതാംപ്റ്റഡ് കോളേജിനു എത്ര പഠിപ്പിക്കാന്‍ പറ്റുമോ അത്രയും കാസാ ഏംഗല്‍സിനു പ്രയോജനപ്രദമാംവണ്ണം  കഴിയുമെന്ന് മൂറും, മോമും, ഏംഗല്‍സും വിലയിരുത്തിയിരുന്നുവെന്നു വ്യക്തം. കൊച്ചു ജെന്നിയുടെയും ലോറയുടെയും സ്കൂള്‍പരിശീലനത്തിലെ മുതല്‍മുടക്ക് മദ്ധ്യവിക്റ്റോറിയന്‍ സ്ത്രീകളെന്ന നിലയിലുള്ള പൂര്‍വ്വനിശ്ചിതമായ അവരുടെ ജീവിതത്തിന്‍റെ പ്രഭാവത്തില്‍ മാറ്റമൊന്നുമുണ്ടാക്കിയില്ലല്ലോ. ഒരാള്‍ കല്യാണം കഴിഞ്ഞ് കുട്ടികളുണ്ടാക്കുകയാണ്; മറ്റേയാള്‍ തുച്ഛമായ വേതനത്തിനു ഗവര്‍ണ്ണസ്സെന്ന മടുപ്പിക്കുന്ന ദൈനംദിന ജോലിയിലും.

ജൂണിന്‍റെ തുടക്കത്തില്‍ മുഴുവന്‍ സംഘവും യോര്‍ക്ക്ഷയറിലെ ബോള്‍ട്ടണ്‍ അബേയിലേക്കു ഒരു മൂന്നുദിവസത്തെ ഉല്ലാസസവാരിക്കായി പുറപ്പെട്ടു. അവിടത്തെ പുകള്‍പെറ്റ ദേവണ്‍ഷയര്‍ ആംസിലാണ് അവര്‍ തങ്ങിയത്. അച്ഛന്‍റെയും ഏംഗല്‍സിന്‍റെയും അകമ്പടിയോടെ റ്റസ്സി ലിസ്സിക്കും, പംപ്സിനും സാറായ്ക്കുമൊപ്പം ബെല്‍ വ്യൂ ജയിലിലെ വെടിക്കെട്ടു കണ്ടു. ഓള്‍ഡ്‌ ട്രഫോര്‍ഡിലെ രാജകീയ കാര്‍ഷിക പ്രദര്‍ശനത്തില്‍വെച്ചു വെയ്ല്‍സ് രാജകുമാരിയെയും രാജകുമാരനെയും ഒരു നോക്കു കണ്ടു. “ഒരാളുടെ ഒരു പൈന്‍റ് കള്ളു കട്ടതിനു വെയ്ല്‍സ് രാജകുമാരന്‍ ബെല്‍ വ്യൂ ജയിലില്‍ എന്നു പാടിക്കൊണ്ടാകണം മാഞ്ചസ്റ്ററിലെ യുവത രാജകുമാരനെയും കുമാരിയെയും എതിരേല്‍ക്കണ്ടാതെന്ന്‍ എലിനോര്‍ സൂചിപ്പിച്ചു. രാഷ്ട്രീയ നാടകങ്ങളുടെ സംവിധായക രൂപപ്പെട്ടു വരുന്നതിന്‍റെ ലക്ഷണം.

മാലാഖയമ്മാമന്‍റെയും ലിസ്സിയുടെയും സ്ഥലം എപ്പോഴും ഒരു തുറന്നിട്ട വീടായിരുന്നു. ഇവിടെ വെച്ചാണ് സാം മൂറിനെയും സ്കോര്‍ലെമ്മറിനെയും റ്റസ്സി ആദ്യമായി കാണുന്നത്. ഇവരില്‍ രണ്ടാമന് മാര്‍ക്സ് ജോളിമീയര്‍ എന്ന ചെല്ലപ്പേരിട്ടു. അച്ഛന്‍റെയും ഏംഗല്‍സിന്‍റെയും ഉറ്റ ചങ്ങാതിമാരും സഖാക്കളുമായിരുന്ന ഈ രണ്ടു മനുഷ്യരും റ്റസ്സിയുടെ ഭാവിജീവിതത്തിലെ രാഷ്ട്രീയ സംഭാവനയില്‍ ഗൌരവമായ പ്രാധാന്യമുള്ളവരാണ്. ഇവരില്‍ മൂര്‍ ഒരു വക്കീലും, വ്യാപാരിയും, സമര്‍ത്ഥനായ ഒരു വിവര്‍ത്തകനുമാണ്. കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തതിദ്ദേഹമാണ്. എഡ്വാര്‍ഡ് ഏയ്‌വ് ലിംഗിനൊപ്പം മൂലധനം ഒന്നാം വാല്യവും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സ്കോര്‍ലെമ്മറാകട്ടെ, മാര്‍ക്സു കഴിഞ്ഞാല്‍, യൂറോപ്യന്‍ സോഷ്യലിസ്റ്റു പ്രസ്ഥാനത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു. പ്രഗല്‍ഭനായ ഒരു കെമിസ്റ്റായിരുന്ന ഇദ്ദേഹം മാഞ്ചസ്റ്ററിലെ അവന്‍സ് കോളേജില്‍ പഠിപ്പിച്ചു പോന്നു. അവിടെ, പിന്നീട്, അദ്ദേഹത്തിനുവേണ്ടി പ്രത്യേകമായി ജൈവരസതന്ത്രത്തിനുള്ള  അദ്ധ്യക്ഷപദവി സൃഷ്ടിക്കുകയുണ്ടായി.                     

സാം മൂറും ജോളിമിയറും പൊതു ജീവിതത്തില്‍ ഉന്നതരായിരുന്നു. പക്ഷേ, പരിവര്‍ത്തനമുണ്ടാക്കുന്ന ശ്രേഷ്ഠരായ എല്ലാവരുടെയും കാര്യത്തിലെന്ന പോലെ ഇവരിലും എലിനോര്‍ അവരുടെ മാനുഷിക ദൌര്ബ്ബല്യം കണ്ടു. അടക്കിച്ചിരിച്ചുകൊണ്ടു അവള്‍ സഹോദരിക്കെഴുതി: ഒരു രാത്രിയിലെ മദിരോത്സവത്തില്‍  ജോളിമിയര്‍ ‘കുടിച്ചു “പിപ്പിരിയായി”. അദ്ദേഹത്തിനു വേണ്ടി ഞങ്ങള്‍ക്കു കിടക്ക വിരിക്കേണ്ടി വന്നു. വീട്ടിലേക്കു പോകാന്‍ പറ്റാതെ അവിടെത്തന്നെ അദ്ദേഹം ഉറങ്ങിപ്പോയി.’ മത്തുപിടിക്കല്‍ പതിവായിരുന്നു. ഒരിക്കല്‍ മാലാഖയമ്മവാന്‍ ഒരു സവിശേഷ സല്‍ക്കാരം കഴിഞ്ഞ് “ഒരു കൂന്തലിനെപ്പോലെ” നാലു കാലിലാണ് വന്നത്. ലിസ്സിയും റ്റസ്സിയും ചേര്‍ന്നാണ് അദ്ദേഹത്തിന്‍റെ ബൂട്ടഴിച്ചു കിടക്കയില്‍ കിടത്തിയത്.


ഉല്ലാസമനോഭാവത്തിലാകാന്‍ ഏംഗല്സിനു നല്ല കാരണമുണ്ടായിരുന്നു. തന്‍റെ വ്യപാരപങ്കാളിയായ ഗോട്ട്ഫ്രീഡുമായി വേര്‍പിരിയല്‍ചര്‍ച്ച അദ്ദേഹം ഒരു തീരുമാനത്തിലെത്തിച്ചിരുന്നു. വ്യവസ്ഥകള്‍ അദ്ദേഹത്തിനു അനുകൂലമായിരുന്നില്ല. അതദ്ദേഹം തീരെ കാര്യമാക്കിയില്ല. ഇന്നത്തെ മൂലധനമൂല്യങ്ങള്‍ വെച്ചു നോക്കിയാല്‍ അദ്ദേഹം ഒരു കോടീശ്വരനായാണ് പുറത്തു വന്നത്. പക്ഷെ, അദ്ദേഹത്തിന്‍റെ വന്യമാംവിധം വിജയമാര്‍ന്ന ആഗോളവ്യാപാരത്തിന്‍റെ മൂല്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഏംഗല്സിനു കിട്ടിയത് വളരെ കുറവായിരുന്നു. ജൂലായ്‌ 1നു അദ്ദേഹം ഏംഗല്‍സ് ആന്‍ഡ്‌ എര്‍മെന്‍ വിട്ടു. സാരഗര്ഭമായ ആ ദിവസം റ്റസ്സി ഓര്‍ക്കുന്നു: 

‘ഏംഗല്‍സ് നിര്‍ബന്ധിത വേല അവസാനിപ്പിച്ച ദിവസം ഞാന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ആ വര്‍ഷങ്ങളില്‍ അദ്ദേഹമനുഭവിച്ചത് എന്തായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. രാവിലെ ആപ്പീസിലേക്കു പോകാനായി ബൂട്ടിടുമ്പോള്‍ “അവസാനമായി!” എന്നു വിളിച്ചു കൂവിയതിലെ വിജയാഹ്ലാദം ഞാന്‍ ഒരിക്കലും മറക്കില്ല. അല്‍പ്പമണിക്കൂറുകള്‍ കഴിഞ്ഞ് അദ്ദേഹത്തെ കാത്ത് ഞങ്ങള്‍ ഗേറ്റില്‍ കാത്തു നില്‍ക്കുകയായിരുന്നു. അദ്ദേഹം താമസിക്കുന്ന വീട്ടിനെതിരെയുള്ള മൈതാനത്തിലൂടെ അദ്ദേഹം കടന്നു വരുന്നത് ഞങ്ങള്‍ കണ്ടു. അദ്ദേഹം തന്‍റെ വടി വായുവില്‍ ചുഴറ്റുകയായിരുന്നു, പാടുന്നുന്നുണ്ടായിരുന്നു, മുഖം മന്ദഹസിക്കുന്നുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരാഘോഷത്തിനായി മേശയൊരുക്കി; ഷാംപെയ്ന്‍ കുടിച്ചു; സന്തുഷ്ടരായി.’

അടുത്തനാള്‍ മാലാഖയമ്മാമന്‍ സ്വാതന്ത്ര്യം കിട്ടിയതിലുള്ള ആനന്ദം സ്ഥിരീകരിച്ചു: “ബലേ! ഇന്നു മൃദുല വ്യാപാരത്തിന് അറുതിയായിരിക്കുന്നു. ഞാന്‍ ഒരു സ്വതന്ത്ര മനുഷ്യനായിരിക്കുന്നു.... മൈതാനങ്ങളില്‍ ദീര്‍ഘമായ സവാരി നടത്തി ഞാനും റ്റസ്സിയും ഇന്നു രാവിലെ എന്‍റെ ആദ്യത്തെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.” മൃദുല വ്യാപാരത്തില്‍നിന്നുള്ള ഏംഗല്‍സിന്‍റെ അന്തിമ നിര്‍ഗ്ഗമനവും റ്റസ്സിയുടെ മാഞ്ചസ്റ്ററിലെ അഞ്ചുമാസം നീണ്ട താമസവും ഒരുമിച്ചായത് അവള്‍ സ്കൂളിലേക്ക് തിരിച്ചു പോകാത്തതിന്‍റെ കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനത്തിലെത്തിച്ചു. ഒരു നല്ല കാലയളവോളം അവളുമൊത്ത് ചിലവഴിക്കാനും അവളെ പഠിപ്പിക്കാനും ഏംഗല്‍സിനിപ്പോള്‍ സമയമുണ്ടല്ലോ. വിദ്യാഭ്യാസത്തിനു വേണ്ട സാമ്പത്തികസമ്മര്‍ദ്ദവും അങ്ങിനെ പരിഹരിക്കപ്പെട്ടു.

ഏകദേശം മുഴുവനായും ഏംഗല്‍സു ഹേതുവായി, മദ്യം വെള്ളംപോലെ ഒഴുകിയ ഒരു കുടുംബത്തിലാണ് എലിനോര്‍ വളര്‍ന്നു വന്നത്. കുഞ്ഞു ബിയറും വീഞ്ഞും, റ്റസ്സിക്കേറ്റവുമിഷ്ടമുള്ള ഷാംപെയ്നും ആരോഗ്യത്തിനും വിരുന്നിനും നല്ലതാണെന്ന് കൊച്ചു ലെന്നും റ്റസ്സിയുടെ മാതാപിതാക്കളും ഉറച്ചു വിശ്വസിച്ചിരുന്നു. സോഹോയിലെ അവരുടെ വാസകാലത്ത് തെരുവു പൈപ്പുകളില്‍നിന്നുള്ള വെള്ളം കൂടുതലായി കുടിക്കുന്നതിനേക്കാള്‍ നല്ലതും സുരക്ഷിതവുമായിരുന്നൂ മദ്യപാനം. കുട്ടികള്‍ക്കു വീഞ്ഞു കൊടുക്കാത്ത മാതാപിതാക്കളെ ഒരല്‍പ്പം വിചിത്രമായാണ് മോം കണ്ടത്. അവര്‍ ക്രൂരരും നിന്ദ്യരുമാണെന്ന് അവര്‍ കരുതി. “ഐസ് ചേര്‍ത്തെടുക്കൂ” എന്ന ഏംഗല്‍സിന്‍റെ മുദ്രാവാക്യം ഉത്സാഹിയും കൂസലില്ലാത്തവളുമായ ലിസ്സി ഫലപ്രദമായി പ്രോത്സാഹിപ്പിച്ചു. വ്യാപാരിയായി ഇനിയും വേഷം കെട്ടേണ്ടതില്ലെന്നതുകൊണ്ട് ലിസ്സിയെ ഏംഗല്‍സ് പരസ്യമായും സ്നേഹത്തോടെയും “എന്‍റെ പ്രിയപ്പെട്ട ഭാര്യ”യെന്നു വിളിച്ചു തുടങ്ങിയിരുന്നു. 1868 ഒക്റ്റോബറില്‍ “എന്‍റെ പ്രിയപ്പെട്ട ശ്രീമതി ബേണ്‍സിനു”ള്ള കത്തിലെ പിന്കുറിപ്പായി റ്റസ്സിയെഴുതി:

“പോളും ലോറയും നാളെ പോകും. അവരുടെ ആരോഗ്യത്തിനായി ഞങ്ങളൊരു കുപ്പി ഷാമ്പെയിന്‍ കുടിക്കുകയായിരുന്നു. അതുകൊണ്ടു ഈ കത്തിലെ മഷിപ്പാടുകള്‍ നീ പൊറുക്കണം. ഷാമ്പെയിന്‍ (മഷിക്കറ) ഒരല്‍പ്പം (വീണ്ടും മഷിക്കറ) തലക്കു പിടിച്ചിട്ടുണ്ട്; കൈക്കും. അതുകൊണ്ടൊട്ടും എഴുതാന്‍ വയ്യ.

ഗുഡ് (മഷിക്കറ, മഷിക്കറ) ബൈ.”

ഒഴുക്കോടെ, സംസാരരൂപത്തിലുള്ള, നാലു താളുകള്‍ വരുന്ന ഈ കത്ത് തലക്കല്‍പ്പം മത്തായാലും കത്തെഴുതുന്നത് വിടില്ലെന്ന മാലഖയമ്മാമന്‍റെ നല്ല ശീലം റ്റസ്സിയും കൈവശമാക്കിയെന്നു തെളിയിക്കുന്നു.

1869ല്‍ മാഞ്ചസ്റ്ററിലേക്ക് വീണ്ടും വരുമ്പോഴേക്കും “എന്‍റെ പ്രിയപ്പെട്ട ശ്രീമതി ബേണ്‍സ്” “എന്‍റെ പ്രിയപ്പെട്ട ലിസ്സി”യായി മാറി. ലിസ്സിയാണ് എലിനോറിന്‍റെ ആദ്യ പെണ്ഗുരു. അവളുടെ ഊര്‍ജ്ജസ്വലമായ പരുഷതയാര്‍ന്ന പെരുമാറ്റത്തോടും, സ്വവര്‍ഗ്ഗത്തോടുള്ള സഹജമായ തീക്ഷ്ണ സ്നേഹത്തോടും റ്റസ്സി അനുകൂലമായി പ്രതികരിച്ചു. സ്ത്രീകള്‍ക്കു കിട്ടിയിരുന്ന രണ്ടാംതരം വിദ്യാഭ്യാസത്താല്‍ റ്റസ്സി “ലോലമനസ്കയും”, “ഹെഡിക്കേറ്റഡു”മായി മാറില്ലെന്നു ഉറപ്പുവരുത്താന്‍ മാര്‍ക്സും ഏംഗല്‍സും സ്പഷ്ടമായും ഗൂഢാലോചന ചെയ്തിരിക്കണം.

റ്റസ്സി, തിരിച്ച്, ലിസ്സിയെയും സഹായിച്ചു. അവള്‍ക്കു വായിച്ചു കൊടുത്തു; ഒരുമിച്ചേ നാടകങ്ങള്‍ കാണാവൂ എന്നു നിര്‍ദ്ദേശിച്ചു; പിയാനോ വായിക്കാന്‍ പഠിപ്പിച്ചു. കാള്‍ മാര്‍ക്സിന്‍റെ മകളോടു അത്യാദര വു കാട്ടുന്നതില്‍നിന്നും ഏവരെയും പിന്തിരിപ്പിക്കാനുള്ള വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും റ്റസ്സി ഉറച്ച നിലപാടെടുത്തു. ആദരവുകലര്‍ന്ന അടിമത്തസമമായ അനുസരണയിലെ അസംബന്ധം അവളില്‍ ഈര്‍ഷ്യ ഉണ്ടാക്കിയിരുന്നു. സ്വതസിദ്ധമായ നര്‍മ്മബോധത്തോടെയാണ് അവളീ പ്രശ്നം കൈകാര്യം ചെയ്തത്. “ഒരു വൈകുന്നേരം,” അവള്‍ സഹോദരിയോടു പറഞ്ഞു, “അവരെന്നെ മിസ്സ്‌ മാര്‍ക്സ് എന്നു വിളിച്ചു. അപ്പൊ ഞാന്‍ ആന്‍റി (ലിസ്സി) യെയും, മൂറിനെയും, ജോളിമീയറിനെയും, സാറയെയും ഒരു വരിയില്‍ നിര്‍ത്തി റ്റസ്സി എന്നു 24 പ്രാവശ്യം പറയിപ്പിച്ചു. . . എന്നെ ആരെങ്കിലും റ്റസ്സിയെന്നു വിളിച്ചാല്‍ അവര്‍ കസേരയില്‍ കയറിനിന്നു ആറു തവണ റ്റസ്സിയെന്നു പറയണമെന്ന നിയമവും ഞാനുണ്ടാക്കി; മിസ്സിസ് ബേണ്‍സ് എന്നു വിളിച്ചാല്‍ ഞാന്‍ ആന്‍റിയെന്നു പറയണമെന്നും.”


അവരെ അവള്‍ കസേരയില്‍ കയറ്റുന്നില്ലെങ്കില്‍, മറ്റെന്തെങ്കിലും കുസൃതി അവള്‍ ഒപ്പിക്കും. ജൂലായിലെ ചൂടുള്ള ഒരപരാഹ്നത്തില്‍ ഏംഗല്‍സ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, വീടൊരു പെണ്‍പട കയ്യടക്കിയതായിട്ടാണ് കണ്ടത്. റ്റസ്സിയും, ലിസ്സിയും, വീട്ടുവേലക്കാരി സാറയും മഹനീയമാംവിധം അലസരായിരുന്നു. “എല്ലാവരും കിടക്കുകയായിരുന്നു,” റ്റസ്സി കുറ്റസമ്മതം നടത്തുന്നു, “പകല്‍ മുഴുവന്‍ ബിയറും വീഞ്ഞുമൊക്കെ കുടിച്ച്, തറയില്‍ നീണ്ടു നിവര്‍ന്ന്‍... അടിവസ്ത്രമില്ലാതെ, ബൂട്ടില്ലാതെ, ദേഹത്തൊരു പരുത്തിത്തുണി മാത്രമായി.” നഗ്നരുടെ ഈ അന്തപ്പുരം കണ്ടാഹ്ലാദിച്ച ഏംഗല്‍സും നിസ്സംശയം അവര്‍ക്കൊപ്പം കൂടി.
തന്‍റെ മുതലാളിത്തജിവിതം വിട്ടതിനുശേഷമുള്ള ആദ്യത്തെ ജോലിയായി അയര്‍ലണ്ടിന്‍റെ ചരിത്രത്തെക്കുരിച്ചൊരു പുസ്തകമെഴുതാന്‍ ഏംഗല്‍സു ഉദ്ദേശിച്ചു. അങ്ങിനെ, വ്യാപരത്തില്‍നിന്നുള്ള തന്‍റെ മോചനത്തിന്‍റെ ആഘോഷമായി, ലിസ്സിക്കും എലിനോറിനുമൊപ്പം അദ്ദേഹം അയര്‍ലണ്ടിലേക്കു യാത്രയായി. ലിവര്‍പൂളില്‍നിന്ന് കടല്‍വഴിയാണ് അവര്‍ പോയത്. “അവഗണിക്കപ്പെട്ട, പാവം രാജ്യ”ത്തിലേക്കുള്ള ആദ്യയാത്ര റ്റസ്സിയിലുണ്ടാക്കിയ ആവേശം അടക്കിപ്പിടിക്കാന്‍ പറ്റാത്തതായിരുന്നു. അവര്‍ വിക്ലോ പര്‍വ്വതങ്ങളും, കില്ലാര്‍നെയും, കോര്‍ക്കും സന്ദര്‍ശിച്ചു. വറളി കത്തിച്ചുണ്ടാക്കിയ തീക്കാഞ്ഞുകൊണ്ട് ഗിന്നസ്സു മോന്തി. ഐറിഷ് മൂടല്‍മഞ്ഞില്‍ പരസ്പരം പ്രേതകഥകള്‍ പറഞ്ഞു. കടലും പാട്ടും, ഐറിഷ് കഥ പറച്ചിലും, കറിയുമെല്ലാം റ്റസ്സിയെ വിസ്മയിപ്പിച്ചു.
ഫെനിയന്‍ തടവുകാര്‍ക്ക് പൊതുമാപ്പു കൊടുക്കണമെന്ന ആവശ്യത്താല്‍ പ്രേരിതമായി, ദേശീയവിമോചനപ്രസ്ഥാനത്തിനു പുതിയൊരു പൊതുജന പിന്തുണയുണ്ടായ അതേ സമയത്താണ് അവളുടെ ആദ്യത്തെ അയര്‍ലണ്ടു സന്ദര്‍ശനം നടക്കുന്നത്. ഏകദേശം രണ്ടര ലക്ഷത്തോളം പേരാണ് ഡബ്ലിനിലും ലിമെറിക്കിലും പ്രകടനം നടത്തിയത്. പീഡിപ്പിക്കപെടുന്ന തടവുകാരെ മോചിപ്പിക്കാന്‍ ഇംഗ്ലീഷ് ഭരണകൂടത്തിനു പെറ്റിഷന്‍ നല്‍കപ്പെട്ടു. സേനകളും റോയല്‍ ഐറിഷ് പോലീസിനെയും കൊണ്ടു രാജ്യം സട കുടഞ്ഞു നില്‍ക്കുന്നതായാണ് ഏംഗല്‍സും റ്റസ്സിയും കണ്ടത്. ഡബ്ലിനു നടുവില്‍ പോലീസു റോന്തു ചുറ്റി. അയര്‍ലണ്ട്, ഫലത്തില്‍, സൈനിക സ്വേച്ഛാധിപത്യത്തിനു കീഴിലായി.

ഒക്റ്റോബറില്‍ റ്റസ്സി ലണ്ടനിലേക്കു മടങ്ങി. ഫെനിയന്‍ സഹോദരിയായ എലിനോര്‍ തന്‍റെ കുടുംബത്തിനുമേല്‍ പിടിമുറുക്കാന്‍ തുടങ്ങുകയും, അവരെ തന്‍റെ ചിന്താമാര്‍ഗ്ഗത്തിലേക്ക് കൊണ്ടു വരികയുമായിരുന്നു: “എന്നത്തേക്കാളും ഉറപ്പേറിയ ഒരു ഐറിഷുകാരനായിട്ടാണ് അയര്‍ലണ്ടില്‍നിന്നും റ്റസ്സി തിരിച്ചു വന്നിരിക്കുന്നത്.” മരതകദ്വീപില്‍നിന്നുള്ള അടുത്തകാലത്തെ മടക്കത്തിന്‍റെ ആവേശത്തില്‍, ഫെനിയന്‍ തടവുകാരുടെ പൊതുമാപ്പ് ആവശ്യപ്പെട്ടുകൊണ്ടു പതിനായിരങ്ങള്‍ ഹൈഡ് പാര്‍ക്കില്‍ നടത്തുന്ന പ്രകടനത്തില്‍ പങ്കുചേരാന്‍ റ്റസ്സി തീരുമാനിച്ചു. അവളുടെ കുടുംബം എതിര്‍ത്തു; ഒടുവില്‍, കീഴടങ്ങി. കുടുംബസുഹൃത്തായ, സമാദരണീയനായ ഗൈനക്കോളജിസ്റ്റായ, ഡോ. ലുദ്‌ വിഗ് കൂഗല്‍മന്നിനു കൊച്ചു ജെന്നിയെഴുതി: “മൂറും മോമും,  ഞാനും കൂടെപ്പോകാന്‍ സമ്മതിക്കുന്നതു വരെ അവള്‍ അടങ്ങിയില്ല.”


“സ്വേച്ഛാധിപതികളോടുള്ള ധിക്കാരം ദൈവത്തോടുള്ള കര്‍ത്തവ്യമാണെ”ന്നു എഴുതിപ്പിടിപ്പിച്ച പ്ലക്കാര്‍ഡുകളുടെയും, ചുകപ്പു യാക്കോബിന്‍ തൊപ്പികളുടെയും ബാഹുല്യത്തില്‍, ആള്‍ക്കൂട്ടത്തിലൂടെ, ചുകപ്പിലും, വെളുപ്പിലും, പച്ചയിലുമുള്ള കൊടികള്‍ തിരയിളക്കി. മാര്‍സിയേസ് (ഫ്രെഞ്ചു ദേശീയഗാനം) പാടി റ്റസ്സി കുടുംബത്തെ നയിച്ചു. “ഞങ്ങളെല്ലാവരും തീര്‍ത്തും ഫെനിയന്മാരാണ്,” കൊച്ചുജെന്നി കൂഗല്‍മന്നിനോടു പറഞ്ഞു. ടിപ്പെറാറിയുടെ അംഗമായി തടവിലായിരുന്ന ഫെനിയന്‍ ഓ ഡൊണോവന്‍ റോസാ പാര്‍ലിമെന്‍റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു (ആ പദവി സ്വീകരിക്കാന്‍ അദ്ദേഹത്തിനു യോഗ്യതയുണ്ടായിരുന്നില്ല) വെന്നുള്ള വാര്‍ത്ത കേട്ട് “ഞങ്ങളെല്ലാവരും ആനന്ദംകൊണ്ടു നൃത്തം വെച്ചു,”വെന്നു സമ്മതിക്കുകയുമുണ്ടായി. “റ്റസ്സി ശരിക്കും നിയന്ത്രണം വിട്ടു!” ഏംഗല്‍സ് വിശദീകരിച്ചതു പോലെ, ഓ ഡൊണോവന്‍ റോസായ്ക്ക് താന്‍ നല്‍കിയ പിന്തുണയില്‍നിന്നു റ്റസ്സിക്കു വിലമതിപ്പുള്ള ഒരു പാഠം പഠിക്കുവാനുണ്ടായിരുന്നു: “ ഇതു ഫെനിയന്മാരെ, ഉപജാപകതന്ത്രങ്ങളും ചെറിയ അട്ടിമറികള്‍ അരങ്ങേറ്റുന്നതും ഉപേക്ഷിച്ച്, പ്രയോഗികപ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുന്നതിനു നിര്‍ബന്ധിതരാക്കും; അത്തരം പ്രവര്‍ത്തനങ്ങള്‍, നിയമപരമാണെന്നുതോന്നുമെങ്കിലും, അവരുടെ പരാജയപ്പെട്ട കലാപം മുതല്‍ അവരിന്നേവരെ ചെയ്ത മറ്റെന്തിനെക്കാളും, വിപ്ലവകരമാണ്.”

മിക്ക വിദ്യാര്‍ത്ഥികളും പ്രതിഷേധമുന്നേറ്റങ്ങളില്‍ പങ്കുചേരുന്നതു സര്‍വ്വകലാശാലകളിലെത്തുമ്പോഴാണ്. റ്റസ്സിയാകട്ടെ, ഏംഗല്‍സിന്‍റെയും ബേണ്സിന്‍റെയും മാഞ്ചസ്റ്ററിലെ സര്‍വ്വകലാശാലയില്‍നിന്നു തിരിച്ചെത്തിയത് പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു നിഷേധിയായിട്ടായിരുന്നു. രാഷ്ട്രീയനാടകീയതയ്ക്കു വശംവദനാകാതെതന്നെ, ശുഭാപ്തിവിശ്വാസത്തോടെ, മാര്‍ക്സ് സംഗതിയുടെ മുഖ്യസവിശേഷത ചൂണ്ടിക്കാട്ടി: “ ചുരുങ്ങിയത് ഇംഗ്ലീഷു തൊഴിലാളിവര്‍ഗ്ഗത്തിലെ ഒരു വിഭാഗമെങ്കിലും ഐറിഷുകാര്ക്കെതിരെയുള്ള മുന്‍വിധി വെടിഞ്ഞു... എന്നതാണ് പ്രകടനത്തിന്‍റെ മുഖ്യ സവിശേഷത.”

വര്‍ഷാന്ത്യത്തില്‍ റ്റസ്സി മറ്റൊരു തരത്തിലുള്ള പ്രതിഷേധത്തിനു സാക്ഷിയായി. നവംബര്‍ 6, ചൊവ്വാഴ്ച, വിക്റ്റോറിയാ റാണി പുതിയ ബ്ലാക്ക്ഫ്രയെര്‍സ് ബ്രിഡ്ജും ഹോള്‍ബോണ്‍ വയഡക്റ്റും ഉല്‍ഘാടനം ചെയ്യുകയുണ്ടായി. സൌത്ത് ബാങ്കില്‍നിന്നു തൈംസിന്‍റെ വടക്കേ കരയിലേക്കു റ്റസ്സി അതുവഴി പോവുകയായിരുന്നു. വണ്ടിയിലിരുന്നു ആള്‍ക്കൂട്ടത്തിനു നേരെ താന്‍  “കോപാക്രാന്തയായി, അതിപരുഷമായി തുറിച്ചുനോക്കി” യെന്നാണ് റ്റസ്സി തന്‍റെതന്നെ വാക്കുകളില്‍ പറഞ്ഞത്. ഒരു കലാപമുണ്ടാകുമെന്ന ഭീഷണി ചെറുക്കാന്‍ “എല്ലായിടവും,” റ്റസ്സി അച്ഛനോടു പറഞ്ഞു, “പോലീസുകാരുടെ അധീനതയിലായിരുന്നു, ഫ്രാന്‍സിലെന്നപോലെ.” ഉത്ഘാടനത്തിനു ആഴ്ചകള്‍ക്കു മുമ്പ്, കുറച്ചു കലാപകാരികള്‍ കബളിപ്പിക്കുന്ന ഒരു നോട്ടീസു വിതരണം ചെയ്തിരുന്നു. ഈസ്റ്റ് എന്‍ഡിലെ പട്ടിണികിടക്കുന്ന തൊഴിലാളികളോടു രാജ്ഞിയെ കൂട്ടമായി ചെന്നുകാണാനും, അവരെ കടന്നുപോകാന്‍ അനുവദിക്കരുതെന്നുമാണ് അതാവശ്യപ്പെട്ടിരുന്നത്.

നവംബറില്‍ മാര്‍ക്സ് എംഗല്‍സിനെഴുതി: “ഈയാഴ്ച റ്റസ്സിയും ഞാനും എന്‍റെ പണിപ്പുര ചിട്ടപ്പെടുത്താനായി മൂന്നു ദിവസങ്ങള്‍ നഷ്ടപ്പെടുത്തി. മുറി അന്തമില്ലാത്തവിധം കുഴഞ്ഞുമറിഞ്ഞിരിക്കുകയായിരുന്നു.” 1869 അവസാനത്തോടെ, മാര്‍ക്സിന്‍റെ സെക്രട്ടറിപദവിയും ഗവേഷണസഹായി എന്ന സ്ഥാനവും കൊച്ചു ജെന്നിക്കു പകരം റ്റസ്സി ഏറ്റെടുത്തതായി അംഗീകരിക്കപ്പെട്ടു.  അയര്‍ലണ്ടിനെക്കുറിച്ചുള്ള പുസ്തകത്തിനായുള്ള ഗവേഷണത്തില്‍ തന്നെ സഹായിക്കാമോ എന്ന്‍ ഏംഗല്‍സ് എഴുതിച്ചോദിച്ചു. റ്റസ്സി കുസൃതിയോടെ മറുപടിയെഴുതി: “ ആ വിജ്ഞാപനം എനിക്കയച്ചതിനു ഏറെ കടപ്പാടുണ്ട്. എനിക്കു പറ്റിയ പണിതന്നെയാണത്. അതുകൊണ്ട് സമയമൊട്ടും കളയാതെ  ഞാനതിനായി അപേക്ഷിക്കുന്നതാണ്. എനിക്കൊരു റഫറന്‍സ് നിങ്ങള്‍ തരുമെന്ന് ഉറപ്പുണ്ട്.” അയര്‍ലണ്ടിനെക്കുറിച്ചെന്തെങ്കിലും  കോബെറ്റിന്‍റെ പൊളിറ്റിക്കല്‍ രെജിസ്റ്ററില്‍ കാണുമെന്നുള്ളതുകൊണ്ട്, അതിലാദ്യം തിരയാനാണ് മാര്‍ക്സ് നിര്‍ദ്ദേശിച്ചത്.    
            
1876 നവവത്സരദിനം ലോറ തന്‍റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു കൃത്യം ഒരു വര്‍ഷത്തിനു ശേഷം. ജെന്നിയെന്നാണ് കുഞ്ഞിനു പേരിട്ടത്. ജൂലായില്‍ പ്രഷ്യയോടു ഫ്രാന്‍സ് യുദ്ധം പ്രഖ്യാപിച്ചു. മാര്‍ക്സും, ഏംഗല്‍സും, ലഫാര്‍ഗും, ഇടതു സോഷ്യലിസ്റ്റുകളും ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധം സോദരഹത്യയായിട്ടാണ് കണ്ടത്. ജര്‍മ്മനിക്കാരുടെ വിജയവും, “ബോണാപ്പാര്‍ട്ടിന്‍റെ സുനിശ്ചിത പരാജയവു”മായിരിക്കും ഇതിന്‍റെ സദ്‌ഫലമെന്ന് മാര്‍ക്സ് പ്രത്യാശിച്ചു. കാരണം, അതു ഫ്രാന്‍സില്‍ വിപ്ലവത്തിനു പ്രേരണയാകും. ജര്‍മ്മനിക്കാര്‍ തോറ്റാലോ, അതു മരിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്തിന്‍റെ ആയുസ്സു നീട്ടുന്നതിനിടയാക്കും. ഈയൊരു പ്രവചനം സത്യമായി.

ഈയൊരു യുദ്ധം റ്റസ്സിയുടെ കൌമാരത്തെ സാരമായി ബാധിച്ചു. ഏംഗല്‍സ് യുദ്ധക്കുറിപ്പുകളുടെ ഒരു പരമ്പര പാള്‍മാള്‍ ഗസറ്റില്‍ തുടങ്ങിവെച്ചു. അതിലദ്ദേഹം പ്രശസ്തവും കൃത്യവുമായ രീതിയില്‍ സെഡാന്‍ യുദ്ധത്തിന്‍റെ പരിണതഫലം പ്രവചിച്ചു. ഏംഗല്‍സിനെ ഉദ്ധരിക്കുമ്പോള്‍ ലേ ഫിറാഗോ, ഒരു വ്യക്തിയെയെന്നപോലെ, “ജെനറല്‍ സ്റ്റാഫ്” എന്നു സൂചിപ്പിച്ചതോടെ കൊച്ചു ജെന്നി അദ്ദേഹത്തിനു “ജെനറല്‍’” എന്നു പേരിട്ടു. ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധത്തിലെ സൈനികതന്ത്രത്തിന്‍റെ കുടുംബത്തിലെ വിദഗ്ദ്ധന്‍ ഏംഗല്‍സായിരുന്നു. “ഏംഗല്‍സ്, അന്തിമമായി, 1870നു ശേഷം, ഞങ്ങളുടെ ജെനറലായി,” റ്റസ്സി ഓര്‍ക്കുന്നു. പാള്‍മാള്‍ ഗസറ്റ് മാര്‍ക്സിനു തന്‍റെ ആദ്യ ലേഖനത്തിന്‍റെ ചെക്കയച്ചു. “തീക്ഷ്ണയായ പെണ്‍കുട്ടി” റ്റസ്സി അതു സ്വന്തമാക്കാന്‍ ശ്രമിച്ചു. “ദല്ലാള്‍പണമെന്ന നിലയില്‍ യുദ്ധത്തിന്‍റെ ആദ്യത്തെ കൊള്ളമുതല്‍ താനും കൊച്ചു ജെന്നിയും പിടിച്ചു പറ്റേണ്ടതാണ്” എന്നായിരുന്നു അവളുടെ അവകാശവാദം.

ആഗസ്തിലെ മൂന്നു വാരങ്ങള്‍ കുടുംബം റാംസ്ഗേറ്റില്‍ ചിലവിട്ടു. മടങ്ങിവന്നപ്പോള്‍, കൊച്ചു ലെന്നും ജെന്നിയും കൂടി എംഗല്‍സിന്‍റെ പുതിയവീടിന്‍റെ അറ്റകുറ്റപ്പണികളുടെയും  മുറികള്‍ മോടിപിടിപ്പിക്കുന്നതിന്‍റെയും മേല്‍നോട്ടത്തിലായി. ഏംഗല്‍സ് മാഞ്ചസ്റ്ററില്‍ നിന്നു വീടു മാറി വരികയായിരുന്നുവല്ലോ. ജെനറലിന്‍റെ ധനസഹായം ഹേതുവായുണ്ടായ തന്‍റെ വീട്, അദ്ദേഹത്തിന്‍റേതിനേക്കാള്‍ കേമമാണല്ലോ എന്നൊരു കുറ്റബോധം മോമിനുണ്ടായിരുന്നു. “എന്തായാലും, ഞങ്ങള്‍ താമസിക്കുന്നത് ശരിക്കുമൊരു കൊട്ടാരത്തിലല്ലേ. എന്‍റെ മനോനിലയനുസരിച്ച്, വലുതും വിലകൂടിയതുമായ ഒരു വീട്ടില്‍.” സപ്തംബര്‍ 20നു ഏംഗല്‍സും, ലിസ്സിയും, പംപ്സും 122 റീജന്‍റ്സ് പാര്‍ക്കു റോഡിലേക്കു വീടു മാറി. ഏംഗല്‍സിനു പ്രസ്തുത ഭവനം നന്നേ പിടിച്ചു. അവിടെനിന്നു മാറാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചതില്ല.

ചാനലിനക്കരെ ലഫാര്ഗുകള്‍ക്ക് കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല. അവരുടെ നവജാതയായ പെണ്‍കുഞ്ഞ് രണ്ടു മാസം തികച്ചു ജീവിച്ചില്ല. തന്‍റെ രണ്ടാമത്തെ മകളുടെ യാതനയോര്‍ത്ത് മോം തീത്തിന്നു. ലോറ, ഈ സമയത്ത്, വീണ്ടും ഗര്‍ഭിണിയായിരുന്നു. പട്ടാളം തമ്പടിച്ചിരിക്കുന്നതിനരികിലുള്ള ലുവാലുവാസ്-പെഹെയില്‍ ഒരു വാടകവീട്ടിലായിരുന്നു അവരുടെ താമസം. അതേതു സമയത്തും പൊളിച്ചു നീക്കാം എന്ന നിലയിലായിരുന്നു. നഗരത്തിലെ പട്ടാളത്താവളത്തിന്‍റെ വെടിവെപ്പുമാര്‍ഗ്ഗത്തിനു നേരെയായിരുന്നൂ അവര്‍. അതുകൊണ്ടുതന്നെ അവരുടന്‍ തലസ്ഥാനം വിടണമെന്ന് മാര്‍ക്സ് ആവശ്യപ്പെട്ടു. സെപ്തംബറാദ്യം അവര്‍ ബോര്‍ദോയിലെത്തിച്ചേര്‍ന്നു. പോള്‍ അവിടെ ഒരു പുതിയ മാസിക തുടങ്ങി: ലാ ഡിഫാസ് നാഷണാലേ. “ബോര്‍ദോയിലെ ഉറക്കംതൂങ്ങുന്ന നിവാസികളെ ഇളക്കിവിടുക” എന്നതായിരുന്നു ലക്ഷ്യം.

കൃത്യസമയത്താണ് അവര്‍ രക്ഷപ്പെട്ടത്. വില്‍ഹേം ഒന്നാമന്‍ സ്വയം പാരീസിനു പുറത്തു  റോത്ഷില്‍ഡ്സ് ഷാറ്റൂവില്‍ ആസ്ഥാനമുറപ്പിച്ചു. ഒക്റ്റോബറാദ്യം അദ്ദേഹത്തിന്‍റെ സൈന്യം നഗരത്തില്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. നവംബര്‍ ഏഴു മുതല്‍ നഗരം കൊട്ടിയടക്കപ്പെട്ടു. ആളുകള്‍ പോകുന്നതും വരുന്നതും നിരോധിക്കപ്പെട്ടു. നൂറ്റിമുപ്പത്തിയഞ്ചു ദിവസങ്ങള്‍ നീണ്ട ഉപരോധത്തിനു ശേഷം നഗരം കീഴടങ്ങി. ലൂയി നെപ്പോളിയന്‍റെ രണ്ടാം സാമ്രാജ്യം, “മെച്ചമില്ലായ്മയുടെയും, കാപട്യത്തിന്‍റെയും, ആര്‍ത്തിയുടെയും ഭരണം” ഇപ്പോള്‍ നിലംപരിശായി.

ഫ്രഞ്ചുചരിത്രത്തിലെ ഏറ്റവും ക്ഷുബ്ധമായ കാലഘട്ടങ്ങളിലൊന്നായിരുന്നു അത്. അതിന്‍റെ ഒത്ത നടുവിലേക്ക് കൂപ്പുകുത്താന്‍ തുടുങ്ങുകയാണ് റ്റസ്സി.

____________________________________________________________________________________            


1.      ജെയിന്‍ ഓസ്റ്റന്‍റെ പ്രൈഡ് ആന്‍ഡ്‌ പ്രെജുഡിസിലെ കഥാപാത്രമാണ് മിസ്സിസ് ബെന്നെറ്റ്.     


  


ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...