2022, ജൂൺ 11, ശനിയാഴ്‌ച

ജീൻ 26: ഭൂമിശാസ്ത്രജ്ഞന്മാർ

ഭൂമിശാസ്ത്രജ്ഞന്മാർ


അങ്ങനെ, ഭൂശാസ്ത്രജ്ഞർ 
കാടന്മാരുടെ ചിത്രം കൊണ്ട്  
ആഫ്രി[ക്കാ]യുടെ ഭൂപടത്തിലെ 
കാലിയിടങ്ങൾ കുത്തിനിറച്ചു;
ആവാസത്തിനു പറ്റാതുള്ളൊരു 
ആസ്‌ത്രേലിയിലെ പട്ടണമില്ലാ സ്ഥലികളിലെല്ലാം 
ആനകൾ കൊണ്ടും കുത്തിനിറച്ചു.  
--- ജൊനാഥൻ സ്വിഫ്റ്റ്, "കവിതയെപ്പറ്റി"

മനുഷ്യരാശിയുടെ മഹത്തായ സംരഭങ്ങളിലൊന്നെന്ന് വിശ്വസിക്കപ്പെടുന്ന മാനവജനോം പദ്ധതി ചെളിയിലുള്ള ഒരു ഗുസ്തിമത്സരം  പോലെ , കൂടുതൽക്കൂടുതൽ, മാറിക്കൊണ്ടിരിക്കുകയാണ്.
--- ജസ്റ്റിൻ ഗിലിസ്, 2000 

മാനവജനോംപദ്ധതിക്കുണ്ടായ ആദ്യത്തെ അത്ഭുതത്തിന് ജീനുകളുമായ് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് പറയുന്നതിൽ തെറ്റില്ല. 1989ൽ, വാട്സണും സിൻഡറും സഹപ്രവർത്തകരും ജനോംപദ്ധതിക്ക് പ്രാരംഭം കുറിക്കവേ, N I Hലെ  അത്രയൊന്നും അറിയപ്പെടാത്ത ഒരു നാഡീജീവശാസ്ത്രജ്ഞൻ, ക്രെയ്‌ഗ്‌ വെൻ്റർ ജനോംശ്രേണീനിർണ്ണയത്തിന് ഒരു കുറുക്കു വഴി മുന്നോട്ടു വച്ചു.  

വെൻ്റർ കലഹപ്രിയനാണ്. ദൃഢനിശ്ചയമുള്ളവൻ. കലാപകാരി. ഇടത്തരം നിലവാരമുള്ള, പരാങ്മുഖനായ വിദ്യാർത്ഥി. സമുദ്രയാനത്തിലും, തിരസവാരി ചെയ്യുന്നതിലും കമ്പമുള്ളവൻ. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തിരുന്ന, പഴയ, പട്ടാളക്കാരൻ. തനിക്കു പിടിയില്ലാത്ത കാര്യപരിപാടികളിലേക്ക് എടുത്തു ചാടുന്നതിന് വെൻ്റർക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. നാഡീജീവശാസ്ത്രത്തിലാണ് അയാൾക്ക് പരിശീലനം കിട്ടിയിരുന്നത്. തൻ്റെ ശാസ്ത്രപരമായജീവിതത്തിൽ കൂടുതലും അയാൾ ചിലവഴിച്ചത് അഡ്രിനാലിനെക്കുറിച്ച് പഠിക്കാനാണ്. എൺപതുകളുടെ നടുവിൽ, N I Hൽ ജോലി ചെയ്യുമ്പോൾ, വെൻ്റർ മനുഷ്യമസ്തിഷ്കത്തിൽ പ്രകടമാകുന്ന ജീനുകളുടെ ശ്രേണീകരണത്തിൽ തൽപ്പരനായി. ലിറോയ് ഹുഡിൻ്റെ അതിവേഗശ്രേണീനിർണ്ണയയന്ത്രത്തെക്കുറിച്ച് അയാൾ 1986ൽ കേട്ടിരുന്നു; അതിൻ്റെയൊരു ആദ്യകാല പതിപ്പു തൻ്റെ പരീക്ഷണശാലക്കു വേണ്ടി വാങ്ങാൻ തിടുക്കപ്പെട്ടിരുന്നു. അതെത്തിച്ചേർന്നപ്പോൾ അയാളതിനെ, "പെട്ടിയിലാക്കിയ എൻ്റെ ഭാവി" എന്നാണ് വിശേഷിപ്പിച്ചത്. അയാൾക്കുണ്ടായിരുന്നത് ഒരു എഞ്ചിനീയറുടെ തഴക്കമാർന്ന കൈകളാണ്. സെമിആട്ടോമാറ്റഡ് ശ്രേണീകരണയന്ത്രമുപയോഗിച്ച് ജനോംശ്രേണീനിർണ്ണയം അതിവേഗം സാധിക്കുന്നതിൽ, ചുരുങ്ങിയ മാസങ്ങൾകൊണ്ട്, സാമർത്ഥ്യം നേടിയവൻ. 

 ജനോംശ്രേണീകരണത്തിനുള്ള വെൻ്ററുടെ തന്ത്രം വിപ്ലവകരമാം വിധം ലളിതമായിരുന്നു: മനുഷ്യജനോമിൽ ജീനുകളുണ്ടെന്നത് വാസ്തവം തന്നെ; പക്ഷേ, ജനോമിലെ വലിയൊരു ഭാഗം ജീനുകളില്ലാത്തതാണ്. ജീനുകൾക്കിടയിലെ DNAയുടെ വൻമേഖലകൾ [ജീനാന്തരDNAഎന്ന് വിളിക്കപ്പെടുന്നവ], കാനഡായിലെ പട്ടണങ്ങൾക്കിടയിൽ നീണ്ടുകിടക്കുന്ന രാജപാതകളോട് ഏറെക്കുറെ സാദൃശ്യമുള്ളവയാണ്. ഫിൽ ഷാർപ്പും റിച്ചാർഡ് റോബേർട്സും തെളിയിച്ചതു പോലെ, ജീൻ തന്നെയും, പ്രോട്ടീനിനെ കോഡിലാക്കുന്ന ശകലങ്ങൾക്കിടയിലുള്ള ഇൻട്രോൺ എന്ന് വിളിക്കപ്പെടുന്ന കാലിയിടങ്ങളോടുകൂടിയ പലഭാഗങ്ങളായ് വിഭജിക്കപ്പെട്ടതാണ്.

ജീനാന്തര DNAയും ഇൻട്രോണുകളും [ജീനുകൾക്കിടയിലെ ശൂന്യസ്ഥലികളും ജീനുകൾക്കുള്ളിലെ നിറസാമഗ്രികളും] പ്രോട്ടീനിനെക്കുറിച്ചുള്ള വിവരങ്ങൾ കോഡിലാക്കുന്നവയല്ല.* ഇവയിൽ ചില  നീണ്ട ഭാഗങ്ങൾ ജീനുകളുടെ സ്ഥലകാലങ്ങളിലുള്ള പ്രകാശനത്തെ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനുമുള്ള സന്ദേശം വഹിക്കുന്നവയാണ്. ജീനുകളുമായ് ചേർത്തിരിക്കുന്ന സുപ്ത/സജീവ സ്വിച്ചുകളെ ഇവ കോഡിലാക്കിയിരിക്കുന്നു. മറ്റു ഭാഗങ്ങളുടെ പ്രവർത്തനമെന്തെന്ന് ഇന്നും അജ്ഞാതമാണ്. താഴെ കൊടുത്തിരിക്കുന്ന വാചകവുമായ് മാനവജനോമിൻ്റെ ഘടനയെ താരതമ്യപ്പെടുത്താവുന്നതാണ്:
This ......  is the ...... str ... uc ...... ture ...,,,...of  ... your ...
(... genome ...)...

ഇവിടെ വാക്കുകളാണ് ജീനുകൾ. ഒഴിവിടങ്ങൾ ശൂന്യസ്ഥലികളെയും നിറസമഗ്രികളെയും സൂചിപ്പിക്കുന്നു. ഇടക്കു കാണുന്ന വിരാമചിഹ്നങ്ങൾ ജീനുകളുടെ നിയന്ത്രകശ്രേണികളാണ്. 

*

മാനവജനോമിലെ ശൂന്യസ്ഥലികളും നിറസാമഗ്രികളും ഒഴിവാക്കുകയായിരുന്നൂ വെൻ്ററുടെ ആദ്യത്തെ കുറുക്കുവഴി. ഇൻട്രോണുകളും ജീനാന്തര DNAയും പ്രോട്ടീൻസന്ദേശങ്ങൾ വഹിക്കുന്നവയല്ല; അതിനാൽ, പ്രോട്ടീനിനെ കോഡിലാക്കുന്ന "സജീവ" ഭാഗങ്ങളിൽ ശ്രദ്ധയൂന്നിയാൽപ്പോരേ? അതായിരുന്നൂ അയാളുടെ യുക്തി. കറുക്കുവഴിക്കു മേൽ കറുക്കുവഴി കൂട്ടിയിട്ടുകൊണ്ട്, അയാൾ ഒന്നു കൂടി നിർദ്ദേശിച്ചു: ജീനുകളുടെ ശകലങ്ങളെ മാത്രം ശ്രേണീകരിക്കുകയാണെങ്കിൽ, ഈ സജീവഭാഗങ്ങളെ കൂടുതൽ വേഗതയിൽ വിലയിരുത്താൻ കഴിയും. ഈ ജീൻ-ശകല സമീപനം തനിക്ക് ബോദ്ധ്യമായതോടെ, മസ്തിഷ്കകലകളിൽനിന്നുള്ള അത്തരം നൂറുകണക്കിന് ജീൻ ശകലങ്ങളുടെ ശ്രേണീനിർണ്ണയം വെൻ്റർ തുടങ്ങിവച്ചു. 

ഇംഗ്ളീഷു വാക്യങ്ങളുമായുള്ള ജനോമുകളുടെ താരതമ്യം നാം തുടരുകയാണെങ്കിൽ, മാനവജനോമിലെ വാക്യത്തിൽ വാക്കുകളുടെ ശകലങ്ങൾ [stru, your, genome] കണ്ടുപിടിക്കാനാണ് വെൻ്റർ തീരുമാനിച്ചതെന്ന് തോന്നും. വാചകത്തിൻ്റെ അർത്ഥം, ഈ സമ്പ്രദായം കൊണ്ട്, പൂർണ്ണമായും ഗ്രഹിക്കാനാകില്ലെന്ന് അയാൾക്കറിയാമായിരുന്നു. എങ്കിലും മനുഷ്യജീനുകളുടെ അടിസ്ഥാനഘടകങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ മതിയായത്ര നിർദ്ധാരണം ചെയ്യാൻ ചീളുകളിൽനിന്ന്, ഒരു പക്ഷേ, തനിക്ക് കഴിഞ്ഞേക്കും.   

വാട്സണ് അമ്പരപ്പാണുണ്ടായത്. വെൻ്ററുടെ "ജീൻ-ശകല" തന്ത്രം വേഗതയേറിയതും ചിലവുകുറഞ്ഞതുമെന്നതിന് സംശയമില്ലെങ്കിലും, പല ജനിതകശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചും, അത് അസമർത്ഥവും അപൂർണ്ണവുമായിരുന്നു. കാരണം, അത് ജനോമിനെ സംബന്ധിച്ച ഭാഗീകമായ വിവരങ്ങൾ മാത്രമേ തരൂ**. അസാധാരണമായ ഒരു സംഭവം ഈ സംഘർഷത്തെ ആഴമുള്ളതാക്കി. 1999ലെ ഉഷ്ണകാലത്ത്, വെൻ്ററും കൂട്ടാളികളും മസ്തിഷ്കത്തിൽനിന്നുള്ള മാനവജനോമുകളുടെ ശ്രേണി കഷ്ടപ്പെട്ട് നിർണ്ണയിക്കവേ,  N I Hലെ സാങ്കേതികവിദ്യ നൽകുന്ന വിഭാഗം, പുതിയ ജീൻ ശകലങ്ങളുടെ പേറ്റൻ്റ്  ലഭ്യമാക്കുന്നതിന് വേണ്ടി വെൻ്ററുമായ് ബന്ധപ്പെട്ടു. വാട്സണെ സംബന്ധിച്ച് ഈ അലോസരം വല്ലായ്മ ഉണ്ടാക്കുന്നതായിരുന്നു: 
N I Hൻ്റെ ഒരു വിഭാഗം എന്താണോ കണ്ടുപിടിച്ച് സൗജന്യമായ് ലഭ്യമാക്കാൻ പരിശ്രമിക്കുന്നത്, ആ വിവരങ്ങൾക്കുള്ള അവകാശം തങ്ങൾക്ക് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അതിൻ്റെ തന്നെ മറ്റൊരുവിഭാഗം.  

പക്ഷേ, ജീനുകളെ [വെൻ്ററുടെ കാര്യത്തിൽ, ജീനുകളുടെ "സജീവ" ശകലങ്ങൾ] പേറ്റൻ്റ്  ചെയ്യാൻ എന്ത് യുക്തിയാണുള്ളത്? ജനിതകസങ്കരങ്ങളുണ്ടാക്കാൻ DNA ശകലങ്ങൾ "പുനഃസംയോജിപ്പിക്കുന്ന" സമ്പ്രദായം  സ്റ്റാൻഫോർഡിലെ ബോയറും  കോഹനും പേറ്റൻ്റ്  ചെയ്തത് ഓർക്കുന്നുണ്ടാകുമല്ലോ. ഇൻസുലിനെപ്പോലുള്ള പ്രോട്ടീനുകളെ ബാക്ടീരിയായിൽ പ്രകാശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രക്രിയ ജെനെൻടെക്കും പേറ്റൻ്റ് ചെയ്തിരുന്നു. 1984ൽ, ആംജെൻ , പുനഃസംയോജിത DNA ഉപയോഗിച്ച് എരിത്രോപ്രോട്ടീൻ എന്ന രക്തോൽപ്പാദന സ്രവത്തെ വേർതിരിച്ചെടുക്കുന്നത് പേറ്റൻ്റ് ചെയ്യുകയുണ്ടായി. പക്ഷേ, ആ പേറ്റൻ്റ് പോലും, സൂക്ഷ്മമായ്‌ വായിച്ചു നോക്കിയാൽ, ഒരു പ്രത്യേക ധർമ്മമുള്ള ഒരു പ്രത്യേക പ്രോട്ടീൻ നിർമ്മിക്കുന്നതിനുള്ള പദ്ധതിക്കാണ്. ഇന്നേവരെ ആരും ഒരു ജീൻ അല്ലെങ്കിൽ ജീൻ സന്ദേശം മാത്രമായി പേറ്റൻ്റ് ചെയ്തിട്ടില്ല; ശരീരത്തിലെ മറ്റേതൊരു അവയവവും പോലെയല്ലേ ജീൻ? മൂക്കോ, കയ്യോ പോലെ? അതുകൊണ്ടുതന്നെ, അതിനെ അടിസ്ഥാനപരമായ് പേറ്റൻ്റ് ചെയ്യാൻ പറ്റുമോ? അതോ, ഉടമസ്ഥതാവകാശത്തിനും പേറ്റൻ്റ്  ചെയ്യപ്പെടാനും അർഹതയുണ്ടാക്കാൻ പര്യാപ്‌തമായ വിധം പുതുമയുള്ളതാണോ പുതിയൊരു ജീനിൻ്റെ കണ്ടുപിടുത്തം? സൾസ്റ്റൺ, ഉദാഹരണത്തിന്, ജീൻപേറ്റൻ്റുകൾക്ക് തീർത്തും എതിരായ ഒരാളായിരുന്നു. "കണ്ടുപിടുത്തങ്ങളെ സംരക്ഷിക്കാനാണ് പേറ്റൻ്റുകൾ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത് [എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്]," അദ്ദേഹമെഴുതി. "[ജീൻ ശകലങ്ങൾ കണ്ടെത്തുന്നതിൽ ഒരു "കണ്ടുപിടുത്ത"വുമില്ല. പിന്നെയെങ്ങനെ അത് പേറ്റൻ്റു ചെയ്യാനാകും?" കാര്യം തട്ടിനീക്കിക്കൊണ്ട് ഒരു ഗവേഷകൻ എഴുതി, "ഇത് ധൃതിപ്പെട്ടു ചെയ്യുന്ന പറമ്പു കയ്യേറലാണ്."
--------------------------------------------------------------------------------------------------------------------    
* ഒരു ജീനുമായ് ബന്ധപ്പെട്ടിരിക്കുന്ന, ഉപകാരികൾ/ പ്രമോട്ടറുകൾ എന്ന് വിളിക്കപ്പെടുന്ന, DNA പരപ്പുകളെ ആ ജീനിനെ 'സജീവ'മാക്കുന്ന സ്വിച്ചിനോട് സദൃശപ്പെടുത്താം. ഇവ ഒരു ജീനിനെ എപ്പോൾ, എവിടെ സജീവമാക്കണമെന്നതിനുള്ള സന്ദേശത്തിൻ്റെ കോഡ് വഹിക്കുന്നു [അതു പ്രകാരം, ശോണരക്തകോശങ്ങളിൽ മാത്രം ഹീമോഗ്ലോബിൻ സജീവമാക്കപ്പെടുന്നു]. ഇതിനു വിപരീതമായി, DNAയുടെ മറ്റു ചില പരപ്പുകൾ ഒരു ജീനിനെ എപ്പോൾ, എവിടെ 'ഉറക്കണ'മെന്ന സന്ദേശത്തിൻ്റെ കോഡ്‌ വഹിക്കുന്നു [അതു പ്രകാരം, ലാക്ടോസ് മുഖ്യ ആഹാരമല്ലാത്ത ബാക്ടീരിയാ കോശത്തിലെ ലാക്ടോസ് ദഹിപ്പിക്കുന്ന ജീനുകൾ സുപ്തമാക്കപ്പെടുന്നു]. ആദ്യമായ് ബാക്ടീരിയായിൽ കണ്ടുപിടിക്കപ്പെട്ട, ജീൻ സ്വിച്ചുകളെ സുപ്തവും സജീവവുമാക്കുന്ന ഈ സംവിധാനം ജൈവലോകത്തിലുടനീളം പരിപാലിക്കപ്പെട്ടുപോകുന്നുവെന്നത് അത്ഭുതാവഹമാണ്.  
** പ്രോട്ടീനുകളെയും RNAയും കോഡിലാക്കുന്ന മനുഷ്യജനോമിൻ്റെ ശകലങ്ങളുടെ ശ്രേണി നിർണ്ണയിക്കുന്നതിനുള്ള വെൻ്ററുടെ തന്ത്രം, ഒടുവിൽ, ജനിതകശാസ്ത്രജ്ഞന്മാർക്ക് അമൂല്യമായൊരു സ്രോതസ്സായി. ജനോമിൽ "സജീവ"മായിരിക്കുന്ന ഭാഗങ്ങളെ ഇ സങ്കേതം വെളിപ്പെടുത്തി. അതു വഴി, ജനിതകകാരന്മാർക്ക് മുഴുവൻ ജനോമിൻ്റെയും പശ്ചാത്തലത്തിൽ ഈ സജീവഭാഗങ്ങളെ വിശദീകരിക്കാൻ കഴിഞ്ഞു.       
(ജീൻ 26 തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...