2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

dunno 22

യന്ത്രവൽക്കരണത്തിൻ്റെ ഗുണം 

അടുത്ത ദിവസം രാവിലെ ധാന്യമണി ആശുപത്രിയിലേക്ക് പോയി. ആശുപ്രത്രിയിൽനിന്ന് പോന്ന ആൺകുട്ടികൾ കലഹിക്കുന്നില്ലെന്നും, ശല്യക്കാരല്ലെന്നും, മറിച്ച്, ആപ്പിളുകൾ പറിക്കാൻ സഹായിക്കുന്നുണ്ടെന്നും ശരിക്കും നന്നായ് പെരുമാറുന്നുണ്ടെന്നും അവൾ തേന്മൊഴിയോട് പറഞ്ഞു.  

"വളരെ സന്തോഷം," തേന്മൊഴി പറഞ്ഞു. "അവരെ ജോലിയിൽ വ്യാപൃതരാക്കി നിർത്താൻ നിങ്ങളൊരു വഴികണ്ടെത്തിയല്ലോ. പ്രോബ്‌ളിക്കും സ്കാറ്റർബ്രെയിനിനും കൂടി എന്തെങ്കിലും ജോലി കൊടുക്കണമെന്ന് ഞാൻ നിങ്ങളോട് വിനീതമായ് അപേക്ഷിക്കട്ടെ. അവരെ ഇന്ന് പുറത്തേക്ക് വിടും."

"മറ്റു ചിലരെക്കൂടി പറഞ്ഞയച്ചു കൂടെ?" ധാന്യമണി ചോദിച്ചു. "പ്രയോജനമുള്ള എന്തെങ്കിലും ചെയ്യുന്നതിനു പകരം അവരിങ്ങനെ ഇവിടെ അടയിരിക്കുന്നത് വളരെ മോശം."

"ഇന്നലെ സമയമാകുന്നതിന് മുമ്പു തന്നെ പ്രാപ്‍സിനെയും സ്വിഫ്റ്റിയെയും ഞാൻ നിങ്ങൾക്ക് വിട്ടു തന്നില്ലേ?" തേന്മൊഴി രസമില്ലാതെ പറഞ്ഞു. "അതു പോരേ?"

"പോരല്ലോ."

"എന്നാ, ശരി. മംസിനെ വിട്ടു തരാം. അതൊരു പാവത്താനാണ്. ചോദ്യങ്ങൾകൊണ്ട് അവനൊരിക്കലും എന്നെ ശല്യപ്പെടുത്താറില്ല."

"പിന്നെയാരെ?"

തേന്മൊഴി കണ്ണടയെടുത്തിട്ട് ലിസ്റ്റ് പരിശോധിച്ചു.

"റോളിപോളിയെയും ട്രീക്ലിസ്വീറ്ററെയും വിടാമെന്ന് തോന്നുന്നു. അവരും മര്യാദക്കാരാണ്. പക്ഷേ, ഒന്നാലോചിച്ചാൽ, ഒരുപാട് മധുപലഹാരങ്ങൾ തിന്നുന്നതു കാരണം റോളിപോളിയെ ഇവിടെ നിർത്തുന്നതാണ്  നല്ലത്. അവൻ്റെ ആ ശീലം മാറ്റാൻ എനിക്കു കഴിഞ്ഞിട്ടില്ല. തിന്നുക മാത്രമാണ് ചെയ്യുന്നതെങ്കിൽ കുഴപ്പമില്ലായിരുന്നു. അവനത് കീശകളിലും, എന്തിന്, തലയിണക്കടിയിൽപ്പോലും ഒളിപ്പിച്ചുവെക്കും. ഓ, ഒരു പക്ഷേ, ശുദ്ധവായു തട്ടുമ്പോൾ അവൻ്റെ ഈ കൊതി മാറിയേക്കും. ആവശ്യത്തിലധികം സിറപ്പും സോഡയും കുടിക്കുന്നതു കൊണ്ട് ട്രീക്ലിസ്വീറ്ററെയും ഇവിടെ കിടത്തേണ്ടതാണ്. പക്ഷേ, മര്യാദക്കാരായതു കൊണ്ട്, രണ്ടു പേരെയും പറഞ്ഞയച്ചേക്കാമെന്നാണ് തോന്നുന്നത്.

തേന്മൊഴി ഒരിക്കൽ കൂടി ലിസ്റ്റ് പരിശോധിച്ചു.

"ഷോട്ടിനെ വിടാറായിട്ടില്ല.," അവർ പറഞ്ഞു. "അയാളുടെ കണങ്കാലിൽ ഇപ്പോഴും വീർപ്പുണ്ട്. നിങ്ങൾക്കറിയാലോ, അയാളാണ് ശരിക്കും എൻ്റെ രോഗി.

"ഗ്രംപ്സിൻ്റെ കാര്യമോ?" ധാന്യമണി ചോദിച്ചു.

"ഒരിക്കലുമില്ല! തലപോയാലും അവനെ ഞാൻ വിടില്ല," തേന്മൊഴി ദേഷ്യത്തോടെ അലറി. "വൃത്തികെട്ട ജന്തു! ഇപ്പോഴും മുറുമുറുപ്പും പരാതിയും.അവനെല്ലാവരെയും അരിശം പിടിപ്പിക്കും. വലിയ മുറുമുറുപ്പുകാരനല്ലേ, അവനിവിടെ കിടക്കട്ടെ. എൻ്റെ രീതികൾ തെറ്റാണെന്ന് എപ്പോഴും സ്ഥാപിക്കാൻ നടക്കുന്ന, സ്വയം ഡോക്റ്റർ ചമയുന്ന, സഹിക്കാൻ പറ്റാത്ത ആ പിൽമാനെപ്പോലെ അവനും ഒഴിവായിക്കിട്ടിയാൽ എനിക്ക് സന്തോഷമാകുമെന്നത് ശരിയാണ്."

"അത്ര ശല്യക്കാരാണവരെങ്കിൽ, പറഞ്ഞയച്ചേക്ക്," ധാന്യമണി പറഞ്ഞു. 

"ലോകം മുഴുവൻ തന്നാലുമില്ല! ആ വൃത്തികെട്ട പിൽമാൻ ഇന്നെന്നോട് പറഞ്ഞത് കേൾക്കണോ? ആൾക്കാരെ സുഖപ്പെടുത്തുന്നതിന് പകരം ഞാനവരെ രോഗികളാക്കുകയാണെന്ന്! എങ്ങനെയുണ്ട്? എത്ര കാലം അയാളെ ഇവിടെ കിടത്താമോ, അത്രയും കാലം കിടത്തിയിരിക്കും. ആ ഗ്രംപ്സിനെയും."

അങ്ങനെ, പ്രോബ്ലിക്കും സ്കാറ്റർബ്രെയിനിനുമൊപ്പം ധാന്യമണിക്ക് വിടുവിക്കാൻ സാധിച്ചത് മംസിനെയും, റോളിപോളിയെയും, ട്രീക്ലിസ്വീറ്ററിനെയും മാത്രമാണ്. ഗ്രംപ്സിനെയും പിൽമാനെയും, ഷോട്ടിനെപ്പോലെ,  അവിടെത്തന്നെ വിടേണ്ടി വന്നു. കാലിൽ അപ്പോഴും വേദനയുണ്ടായിരുന്നതിനാൽ ഷോട്ട് മുടക്കമായ് കമാന്നൊരക്ഷരം മിണ്ടിയില്ല. ഗ്രംപ്സിനും ഡോ. പിൽമാനും തലമുടി വലിച്ചുപറിച്ചു കളയാനുള്ളത്ര അരിശം വരുന്നുണ്ടായിരുന്നു. വൈകുന്നേരത്തിനുള്ളിൽ തങ്ങളെ വിട്ടില്ലെങ്കിൽ അവിടെ നിന്ന് ചാടിപ്പോകുമെന്ന് അവർ ഭീഷണിപ്പെടുത്തി.

അടുത്ത ദിവസം രാവിലെ സൂര്യനുദിക്കും മുമ്പേ ബെൻഡമും, ട്വിസ്റ്റമും, പ്രെറ്റ്സലും എഴുന്നേറ്റ് കാറിൻ്റെ പണി തുടങ്ങി. എഞ്ചിൻ ഒന്ന് മുരണ്ടു മുന്നോട്ടു നീങ്ങുന്നതിന് അവർ മണിക്കൂറുകളോളം വിയർത്തു. കാർ കുഴപ്പമില്ലാതെ ഓടാറായപ്പോൾ അവരതിനെ ഒരു പരീക്ഷണ യാത്രക്ക് വിധേയമാക്കി. പൊടിപടലങ്ങളുടെ മേഘമാലകൾ തീർത്ത് അവർ വീടിനു ചുറ്റും കാറോട്ടി; അതു കഴിഞ്ഞ്, ഗേറ്റിലൂടെ തെരുവിലേക്കിറക്കി. താമസിയാതെ, ആപ്പിൾ പറിക്കുന്ന മൈറ്റുകൾഅവരുടെ ദൃഷ്ടിപഥത്തിലെത്തി. ആപ്പിൾ മരത്തിനു മുകളിൽ സ്വിഫ്റ്റിയും, സ്കാറ്റർബ്രെയിനും, പ്രാപ്‌സും, പ്രോബ്ലിയും ഉണ്ടായിരുന്നു; ട്രിൽസും, മംസും, ഫ്ലിറ്റിയും പേരമരത്തിലും. പെൺമൈറ്റുകളാകട്ടെ, നാനാവശത്തുനിന്നും ആപ്പിളുകൾ ഉരുട്ടുകയായിരുന്നു. എല്ലാവർക്കും ഉത്തരവുകളിട്ടുകൊണ്ട് ഡന്നോ ഓടി നടപ്പുണ്ടായിരുന്നു.

"നിങ്ങളഞ്ചു പേരിവിടെ, മറ്റേയഞ്ചു പേരവിടെ!" അവൻ വിളിച്ചു പറഞ്ഞു. "മാറിനിക്ക്, നശിച്ചുപോകാൻ! ആ പേരക്ക വീഴാറായത് കണ്ടില്ലേ? എടോ, ആ മുകളിലുള്ള ചങ്ങാതീ! പേരക്ക വീഴുമ്പോ, ഞങ്ങളോടൊന്ന് വിളിച്ചു പറയണേ! വഴിയിൽനിന്നൊന്ന് മാറാൻ! ഇല്ലെങ്കിൽ പച്ചക്ക് നിൻ്റെ തൊലിയുരിക്കും!"

ഈ ഒച്ചയും ബഹളവുമൊന്നുമില്ലാതെ തന്നെ ജോലി ഭംഗിയായ്‌ നടക്കുമായിരുന്നു. പക്ഷേ, ഡന്നോയ്ക്ക് അങ്ങനെ തോന്നിയില്ല.

ട്രീക്ലിസ്വീറ്ററും റോളിപോളിയും കൂടി ഒരു പേരക്ക തള്ളുന്നുണ്ടായിരുന്നു. അത്, അവർക്കാവശ്യമായ വശത്തേക്കൊഴിച്ച്, എല്ലാ വശത്തേക്കും തിരിഞ്ഞു. ആപ്പിൾ പോലെയല്ല പേരക്ക എന്നെല്ലാവർക്കും അറിയാമല്ലോ. അതിനെ തള്ളിയാൽ അത് എല്ലായിടത്തേക്കും വട്ടം കറങ്ങും. അങ്ങനെയാണതിൻ്റെ ആകൃതി. ഈ പേരക്കയാകട്ടെ, വീഴ്ചയിൽ ചതഞ്ഞു പോയി, ചളിപിളിയായിരുന്നു. ട്രീക്ലിസ്വീറ്ററും റോളിപോളിയും കൂടി തള്ളുന്തോറും, അത് കൂടുതൽക്കൂടുതൽ ചളിപിളിയായി. അവരുടെ മേലാകെ ഒട്ടിപ്പിടിക്കുന്ന പഴച്ചാറായി. പേരക്ക തള്ളിനീക്കുന്നതിനേക്കാൾ കൂടുതൽ സമയം അവർ വിരലുകൾ ഈമ്പാനെടുത്തു.   

"നിങ്ങളെന്താ പേരക്ക കൊണ്ട് കളിക്കുകയാണോ?" ഡന്നോ വിളിച്ചു ചോദിച്ചു. "അതുകൊണ്ട്  സിറപ്പുണ്ടാക്കാനാ ഭാവം? സിറപ്പിൻ്റെ രുചി ഞാനിപ്പൊ കാണിച്ചു തരാം."

പഴം പെറുക്കികളെ നോക്കാനായ് ബെൻഡമും  ട്വിസ്റ്റമും കാർ നിർത്തി.

"ഡാ, ഡന്നോ!" ബെൻഡം ഉറക്കെ വിളിച്ചു. "നിനക്കീ ജോലി യന്ത്രവൽക്കരിച്ചാലെന്താ?"  

"യന്ത്രവൽക്കരണമില്ലാതെതന്നെ എനിക്ക് മറ്റു കഷ്ടപ്പാടുകളില്ലാത്തതു പോലെ!" ഡന്നോ മുഷിച്ചലോടെ പറഞ്ഞു. "എവിടന്നു കിട്ടുമീ യന്ത്രവൽക്കരണം?"

"ഇതായീയൊരു കാറു നിനക്കു വേണ്ടി വിട്ടു തരാം," പ്രെറ്റ്സൽ പറഞ്ഞു. 

"ഇതാണോ നീ പറഞ്ഞ യന്ത്രവൽക്കരണം --- യന്ത്രം കൊണ്ടുള്ള ജോലി?"

"ഉറപ്പായുമതേ. നിൻ്റെ ആപ്പിളും പേരക്കയും ഞങ്ങൾ വലിച്ചോളാം."

"അതു കൊള്ളാമല്ലോ!" ഡന്നോ പറഞ്ഞു. "ഇതാ, വണ്ടിയീ മരത്തിനു കീഴെ കൊണ്ടുവരൂ. ഞങ്ങളൊരാപ്പിൾ നേരെ കാറിലേക്കിടാം."

"നിക്ക്‌,നിക്ക്.അതു പറ്റില്ല," ബെൻഡം പറഞ്ഞു. മരത്തിൽനിന്ന് കാറിലേക്ക് ആപ്പിളിട്ടാൽ, ആപ്പിൾ ചതയും; കാറു പൊളിയും."

"ഓരോ ആപ്പിളും ഞങ്ങൾ താഴേക്ക് ചുമന്നു കൊണ്ടു വരാനോ?"

"ചുമക്കുന്നതെന്തിന്? കയറുകെട്ടി താഴ്ത്താൻ വയ്യേ?"

"നല്ല കാര്യം!" ഡന്നോ ഉറക്കെ പറഞ്ഞുപോയി. "എടോ, ഒരു കയറു കൊണ്ട് വാ," അവൻ വിളിച്ചു കൂവി.

കയർ ഉടനെയെത്തി. ഡന്നോ അതെടുത്ത് എന്തു ചെയ്യണമെന്നറിയാതെ കയർ കയ്യിലിട്ടു തിരിക്കുകയും മറിക്കുകയും  ചെയ്ത് പരുങ്ങി. പൊടുന്നനെ, ഒരാശയം കിട്ടിയ പോലെ അവൻ്റെ മുഖം പ്രസന്നമായി. അവൻ കയർ ബെൻഡമിന് കൈമാറി  "ശരി, വേഗമാകട്ടെ," അവൻ പറഞ്ഞു.

ബെൻഡം കയറിൻ്റെ ഒരറ്റം ആപ്പിൾമരത്തിൻ്റെ ഒരു ശാഖക്കു                                      മീതെയെറിഞ്ഞു. എന്നിട്ട്, അതൊരാപ്പിളിൻ്റെ കടയ്ക്ക് കെട്ടാൻ സ്വിഫ്റ്റിയോടു പറഞ്ഞു. പിന്നെ, കയറിൻ്റെ മറ്റേയറ്റം അരികിലുള്ള പെൺകുട്ടികൾക്കു കൊടുത്ത് മുറുക്കിപ്പിടിക്കാൻ പറഞ്ഞു. 

"ഇനി തണ്ടറത്തോളൂ," അയാൾ സ്വിഫ്റ്റിയോട് പറഞ്ഞു. 

തണ്ടറുത്തപ്പോൾ ആപ്പിൾ കയറിൽ തൂങ്ങിനിന്നു. കാർ നേരെ ആപ്പിളിനു കീഴിലേക്ക് കൊണ്ടുവരാൻ പ്രെറ്റ്സലിനോട് ബെൻഡം ആവശ്യപ്പെട്ടു. അതു ചെയ്തു കഴിഞ്ഞപ്പോൾ പെൺമൈറ്റുകൾ കയറിലെ പിടി അയച്ചു. ആപ്പിൾ പതിയെ കാറിലേക്കിറങ്ങി. കയറഴിച്ചു കഴിഞ്ഞ ശേഷം, കാർ ആപ്പിളുമായ് വീട്ടിലേക്ക് പോയി.

"മറ്റേ കാറും കൊണ്ടു വരാം," പ്രെറ്റ്സൽ ബെൻഡമിനോട് അഭിപ്രായപ്പെട്ടു.

അവർ തങ്ങളുടെ കാറിൽക്കയറി വണ്ടിപ്പുരയിലേക്ക് നീങ്ങി.

അൽപ്പ നേരം കഴിഞ്ഞപ്പോൾ പഴം പെറുക്കുന്നവർക്ക് പണിയെടുക്കാൻ കാറുകൾ രണ്ടായി.

"യന്ത്രവൽക്കരണത്തിൻ്റെ ഗുണം കണ്ടില്ലേ?" ഡന്നോ ഗർവ്വോടെ പറഞ്ഞു."ഇത്രയും സമർത്ഥമായൊരു സംഗതി നിങ്ങൾ പെൺമൈറ്റുകൾക്ക് ഒരിക്കലും ചിന്തിക്കാൻ പോലുമാകില്ല!" 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...