2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

എലിനോര്‍: 5: അബ്രഹാം ലിങ്കണിന്‍റെ ഉപദേശി


     1864ലെ തണുത്ത ഒരു ശനിയാഴ്ച “മുഴുവന്‍ കള്ളക്കൂട്ടത്തെയും” കൂട്ടി ജെന്നി വെസ്റ്റ്‌ എന്‍ഡിലേക്കു പോയി . . . അമേരിക്കന്‍ നടി കേയ്‌റ്റ് ബെയ്റ്റ്മന്‍ അഭിനയിക്കുന്ന ഉപേക്ഷിക്കപ്പെട്ട ലിയായെ കാണാന്‍. അറ്റ്ലാന്‍റിക്കിനിരുപുറത്തും അവരെ പ്രശ്സ്തയാക്കിക്കൊണ്ടിരുന്ന ഒരു വേഷമായിരുന്നു അത്. അമേരിക്കന്‍ നാടകവേദിയില്‍ ഒരു യഹൂദസ്ത്രീയായി ആദ്യമായി അഭിനയിച്ച നടിയായി മാറിയിരുന്നു ബെയ്റ്റ്മന്‍ തലേ വര്‍ഷം1. ബാള്‍ട്ടിമോറില്‍ ജനിച്ച ഈ ഇരുപത്തിയൊന്നുകാരി നടി ഒരു നാടകക്കമ്പനി മാനേജരുടെ മകളാണ്. പി. ടി. ബാര്‍ന്നത്തിനൊപ്പം യാത്ര ചെയ്തുകൊണ്ടാണ് അവര്‍ അഭിനയജീവിതം ആരംഭിച്ചത്. ന്യൂയോര്‍ക്കിലെ വിമര്‍ശകര്‍ നാടകത്തെ നിലംപരിശാക്കി. പക്ഷെ, നാടകപ്രേമികള്‍ക്ക് അതിഷ്ടമായി. തുടക്കത്തിലേ അതു വന്‍വിജയമായി. 1863ലെ ശീതകാലത്ത്, അതങ്ങിനെ ലണ്ടനിലെത്തി.

     എലിനോറിനെ ഉപേക്ഷിക്കപ്പെട്ട ലിയാ വിമോഹിതയാക്കി. അവള്‍ക്കത് പുതിയതരം നാടകത്തിന്‍റെ പുത്തനനുഭവങ്ങളിലൊന്നായിരുന്നു. കേയ്‌റ്റ് ബെയ്റ്റ്മന്‍റെ രൂപവും ഭാഷയും അവരെ അവളുടെ സഹോദരിമാരാണെന്നു തോന്നിപ്പിച്ചു. ഒരു പക്ഷേ, ഭാവിയില്‍ താനും ഇതുപോലെയായേക്കാമെന്നും. ബൈബിളിലെ, യാക്കൊബിന്‍റെ ഭാര്യമാരായ, ലിയായുടെയും റാഖേലിന്‍റെയും കഥ റ്റസ്സിക്കറിയാമായിരുന്നു. ആതിനാല്‍, നാടകത്തിലെ മാരകമായ ജൂതവിരോധം അവള്‍, ജന്മവാസനകൊണ്ടുതന്നെ, തിരിച്ചറിഞ്ഞു. വെനീസിലെ വ്യാപാരിയിലെ ഷൈലോക്കിന്‍റെ ഭാഷണവും അവള്‍ക്കു മുമ്പേ അറിയുമായിരുന്നല്ലോ. 

     ലിയാ അക്കാലത്തെ മുന്‍നിര നടികള്‍ക്ക് താരപദവിയേറാനുള്ള മാദ്ധ്യമമായി. അടുത്ത മൂന്നു ദശകങ്ങളിലും അതു അരങ്ങു വിടാതെ നിന്നു. റ്റസ്സിയുടെ ജീവിതകാലത്ത് ആ നാടകം നാലു തവണ നിര്‍മ്മിക്കപ്പെടുകയുണ്ടായി. അവര്‍ അവ നാലും കാണുകയുണ്ടാകും. 1892ല്‍, യഹൂദതാരമായ സാറാ ബേണ്‍ഹാര്‍ഡ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നാടകമാണ് പ്രത്യേകിച്ചും സ്മരണാര്‍ഹമായത്.

ഹാര്‍പ്പേഴ്സ് വീക്കിലിയുടെ രാഷ്ട്രീയ പത്രാധിപരായ ജോര്‍ജ്ജ് കേര്‍റ്റിസ് നാടകത്തിലെ ജൂതപീഡനത്തിന്‍റെ ചിത്രീകരണവും കോണ്‍ഫെഡറസിയിലെ കറുത്തവരുടെ പീഡനവും തമ്മിലൊരു സാദൃശ്യം സ്ഥാപിച്ചു. യുദ്ധമദ്ധ്യേ, കേര്‍റ്റിസ് എഴുതി: “ലിയാ പോയിക്കാണൂ. അതിലെ സന്ദേശം മനസ്സില്‍ തീകൊണ്ടു കുറിച്ചിടൂ. രാജ്യത്തിന്‍റെ ആരോഗ്യവും മനസ്സും സംരക്ഷിക്കാന്‍ അതു സഹായിച്ചേക്കും.” ലിയായുടെ ലണ്ടന്‍ പ്രീമിയര്‍ തരിച്ചിരുന്നു കണ്ട റ്റസ്സിയുടെ മനസ്സില്‍, ജൂതവിരോധവും അടിമത്തവും തമ്മിലുള്ള ഈ സാദൃശ്യം തോന്നാന്‍ സാദ്ധ്യതയില്ല. എങ്കിലും, നാടകവേദികളിലേക്കുള്ള യാത്രകളിലൂടെ അക്കാലഘട്ടത്തിന്‍റെ വിചാരവികാരചൈതന്യം [zeitgeist] ധാരാളമായ്‌ അവള്‍ സ്വാംശീകരിച്ചു. 

     ഈ സന്തോഷകരമായ സഞ്ചാരം അവസാനിക്കുക വീട്ടിലേക്കൊരു ടാക്സിയില്‍ മടങ്ങുകയെന്ന അപൂര്‍വ്വമായ ഒരുല്ലാസത്തിലാണ്. ഈ സ്ത്രീകള്‍ക്ക്, മറ്റു രീതിയില്‍ കഠിനമായ, മരവിപ്പിക്കുന്ന ശൈത്യകാലത്ത്, ഇതായിരുന്നു പ്രമുഖമായ കാര്യം. ക്രിസ്മസും, തന്‍റെ ഒമ്പതാം പിറന്നാളും റ്റസ്സി അച്ഛനില്ലാതെയാണ് ആഘോഷിച്ചത്. സുമാറൊരു രണ്ടുമാസമായി അദ്ദേഹം അകലെയായിരുന്നു. ലയണമ്മാവനൊപ്പം അദ്ദേഹം അമ്മയുടെ സ്വത്തുവകകള്‍ക്കൊരു തീരുമാനമുണ്ടാക്കുകയായിരുന്നു; അമ്മാവിമാരൊത്തു അനുശോചനത്തില്‍ പങ്കു കൊള്ളുകയും. അച്ഛനെ കാണാതെ റ്റസ്സി വിഷമിച്ചു. അദ്ദേഹത്തിന്‍റെ തിരിച്ചു വരവ്‌ ആകാംക്ഷയോടെ പ്രതീക്ഷിച്ചു. മൂറിനത് മോം വര്‍ണ്ണിക്കുകയുണ്ടായി:



നീ വീട്ടില്‍ വരുന്നത് കാത്തിരിക്കാന്‍ പോലും  ഈ കൊച്ചു കുഞ്ഞിനു കഴിയുന്നില്ല. എന്‍റെ ദാദാ ഇന്നു വരുമെന്ന്‍ അവളെന്നും പറയുന്നു. അവധിക്കാലം അവള്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. അവള്‍ക്കൊരു ക്രിസ്മസ് മരമില്ലാത്തതിനാല്‍, ചേച്ചിമാര്‍ അവള്‍ക്ക് പല വിധ വസ്ത്രങ്ങളുള്ള ഇരുപതിലേറെ പാവകളുണ്ടാക്കിക്കൊടുത്തു. അവയില്‍ ഏറ്റവും വിചിത്രമായ ഒന്ന്‍, റൂയി ബ്ലാസ് എന്ന വാള്‍പ്പയറ്റുകാരനാണ്. മറ്റൊന്ന്, റ്റസ്സിയുടെ മുടികൊണ്ട് കുട്ടികളുണ്ടാക്കിയ വാല്‍ കുയി കുയിയുടെ കഷണ്ടിയിലൊട്ടിച്ചുണ്ടാക്കിയഒന്നാന്തരമൊരു ചീനക്കാരനാണ്.

ചാള്‍സ് രണ്ടാമന്‍റെ ഭരണകാലം പശ്ചാത്തലമാക്കി വിക്റ്റര്‍ ഹ്യൂഗോ എഴുതിയ ദുരന്ത നാടകത്തിലെ, നീചജാതിയില്‍പ്പെട്ട കവിയായ, റൂയി ബ്ലാസ് സ്പെയ്നിലെ രാജ്ഞിയെ പ്രേമിക്കാന്‍ ധൈര്യപ്പെട്ടവനാണ്. ഒരു സാധാരണ കൂലിവേലക്കാരനായ അയാളുടെ പ്രേമം വന്യമായ രീതിയില്‍ മര്യാദ കെട്ടതാണ്. റ്റസ്സിയുടെ പാവകള്‍പോലും വിപ്ലവകാരികളായിരുന്നു.

     വസന്തമതിന്‍റെ ജോലി ചെയ്യുകയുണ്ടായി. അതു പുതിയ തുടക്കങ്ങള്‍ കുറിച്ചു. 1864ല്‍, ഹെന്‍ റീറ്റയുടെ പൈതൃകസ്വത്തിന്‍റെ ബലത്തില്‍, ആ കുടുംബം പുതിയൊരു വീട്ടില്‍ താമസമായി. 1 മോഡേനാ വില്ല, മെയ്റ്റ്ലാന്‍ഡ് പാര്‍ക്ക് റോഡ്‌, ഹാംപ്സ്റ്റെഡ്. വലുതും, സ്വതന്ത്രവുമായ വീട്. മുമ്പ് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത ആര്‍ഭാടങ്ങളുള്ളത്. ഒരു വലിയ പൂന്തോട്ടവും, ലതാഗൃഹവും, മൂറിനു പാര്‍ക്കിലേക്കു തുറക്കുന്ന ഒരു എഴുത്തുമുറിയും. കൊട്ടാരമെന്നാണ് മോം പുഞ്ചിരിയോടെ ആ വീടിനെ വിളിച്ചത്. വീടൊരുക്കുന്നതിലുള്ള ആവേശവും, ഭാഗധേയത്തിലുണ്ടായ അഭിലഷണീയമായ മാറ്റവും അവരെ ഊര്‍ജ്ജസ്വലയാക്കി. മുറികള്‍ അലങ്കരിക്കാനും, പുതിയ ഗൃഹസാമഗ്രികള്‍ വാങ്ങിക്കാനും അവര്‍ അമിതമായി ചെലവിട്ടു; സ്ഥലത്തെ ലേലങ്ങളില്‍ പതിവുകാരിയായി. പൂക്കള്‍കൊണ്ടും, വള്ളികള്‍കൊണ്ടും  കൊച്ചു ജെന്നി ലതാഗൃഹം അലങ്കരിച്ചു. ചെടികള്‍ വളര്‍ത്തുന്നതില്‍ പാടവമുണ്ടായിരുന്ന അവളുടെ കൈകളാല്‍ അവ സമൃദ്ധമായി വളര്‍ന്നു. എല്ലാറ്റിലുമുപരി, “പ്രവാസത്തിന്‍റെ  മെദീന”, അഥവാ, ഏംഗല്‍സ് കളിയായി വിളിച്ചതു പോലെ, “മെയ്ഡേനാ [പെണ്‍കുട്ടികളുടെ]   വില്ല”യില്‍ മൂന്നു സഹോദരിമാര്‍ക്കോരുത്തര്‍ക്കും വെവ്വേറെ കിടപ്പു മുറികളുണ്ടായിരുന്നു. റ്റസ്സിക്കിതാദ്യമായി സ്വന്തമായ ഒരു മുറിയായി.


     പട്ടിക്കുട്ടികളുടെയും, പൂച്ചക്കുട്ടികളുടെയും, പക്ഷികളുടെയും ഒരു കൂട്ടം പുതിയ കൊട്ടാരത്തില്‍ പാര്‍പ്പു തുടങ്ങി. അവക്കു പേരിടാനുള്ള തീര്‍പ്പ്‌, ഏറ്റവും ഇളയവളായതിനാല്‍, റ്റസ്സിക്കായിരുന്നു. പുതിയ സ്ഥലത്തേക്കു വളരുന്നുവെന്നു തോന്നിക്കുമ്പോലെ അവള്‍ പെട്ടെന്നങ്ങ് “ഉയരം വെച്ചു”. ആത്മസംതൃപ്തിയോടെ അവളുടെ അമ്മ ഏണ്‍സ്റ്റൈന്‍ ലീബ്നെക്റ്റിനു റിപ്പോര്‍ട്ടു ചെയ്തു: അവളിപ്പോള്‍ “ഒരു ലാഭവുമില്ലാത്ത ഉദ്യമങ്ങളില്‍ വ്യാപരിക്കുന്നു”. മറ്റു നിരവധി കാര്യങ്ങളിലെന്നതു പോലെ, ഇതിലും അവള്‍ വ്യക്തമായും അച്ഛനെ അനുകരിക്കുകയായിരുന്നു.

ലാഭമില്ലാത്ത ഈ  ഉദ്യമങ്ങളിൽ, അവളുടെ ഒമ്പതാം വയസ്സിൽ,  മുഖ്യമായത് ചതുരംഗത്തോടും വ്യായാമമുറയോടുമുള്ള അവളുടെ കമ്പമാണ്. സ്വീഡിഷുകാര്‍ തുടങ്ങിവെച്ച വ്യായാമമുറ യൂറോപ്പിലാകെ പ്രചുരപ്രചാരം നേടിയത്, പ്രധാനമായും, പട്ടാളത്തിനുള്ള ഒരു കായിക പരിശീലന സമ്പ്രദായമായിട്ടാണ്. 1820മുതല്‍, ആണ്‍കുട്ടികള്‍ക്കെന്നപോലെ, പെണ്‍കുട്ടികള്‍ക്കും കായിക പരിശീലനത്തിന്‍റെ മേന്മ ലഭ്യമാക്കാനായി വ്യായാമമുറയുടെ അഗ്രഗാമികള്‍ പ്രചാരണ പ്രവര്‍ത്തനത്തിനിറങ്ങി. 1860ല്‍, ജര്‍മ്മന്‍ പ്രവാസികള്‍ ബ്രിട്ടനിലെ ആദ്യത്തെ ജിം ക്ലബ്ബു തുറന്നു. 1860ല്‍, ബ്രിട്ടീഷ് പട്ടാളക്കാര്‍ എത്ര വഷളാംവണ്ണം കൊള്ളാ ത്തവരാണെന്നു ക്രിമിയന്‍ യുദ്ധം വെളിവാക്കിയതിനു ശേഷമാണ്, വ്യായാമമുറയില്‍ ബ്രിട്ടനു താല്‍പ്പര്യമുണ്ടാകുന്നത്. വ്യായാമാമുറയുടെ ഒരു സ്ത്രൈണ വകഭേദമായ ലളിതവ്യായാമങ്ങള്‍ [calisthenics] സൃഷ്ടിക്കപ്പെട്ടത് പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല കായികാഭ്യാസം എന്ന വാദത്തെ നേരിടാനാണ്. റ്റസ്സി, പക്ഷെ, കൈകുത്തിനിൽക്കുന്നതിലും, മുമ്പോട്ടുരുളുന്നതിലും, വട്ടം കറങ്ങുന്നതിലുമധികം ചെയ്യുന്നുണ്ടായിരുന്നു.  തൊട്ടടുത്ത സെന്‍റ് പാന്‍ക്രാസില്‍ 1865ല്‍, തുടങ്ങിയ ജര്‍മ്മന്‍ ജിംനാസിയത്തിലെ റ്റസ്സിയുടെ വ്യായാമപഠനത്തിനുള്ള 15 പൌണ്ട് ഫീസടക്കാന്‍, 1868ല്‍, അവളുടെ അച്ഛന്‍ ഏംഗല്‍സിനോടു  അപേക്ഷിക്കുന്നുണ്ട്. 



ചതുരംഗത്തില്‍ റ്റസ്സി മറ്റുള്ളവരെ അതിശയിച്ചു. മൂറിന്‍റെ പഠനമുറിയില്‍ എപ്പോഴും അവര്‍ തമ്മില്‍ കളിക്കുന്നുണ്ടാകും. “അവളൊരൊന്നാന്തരം ചെസ്സുകളിക്കാരിയാണ്‌.” മോം വീമ്പിളക്കി. “എതിരാളിയോട് കളിയിലമ്പേ തോറ്റതു കൊണ്ട്, ശ്രീമാന്‍ വില്യം പീപ്പര്‍ക്ക് അരിശമുണ്ടായി.” പണിക്കു കൊള്ളാത്ത പീപ്പറിനെച്ചൊല്ലി ക്ഷമകെട്ടിരുന്ന മോമിന് റ്റസ്സിയുടെ വിജയം കൂടുതല്‍ മധുരമുള്ളതാക്കിയിരിക്കണം. തന്‍റെ ചതുരംഗത്തിലുള്ള പ്രാഗത്ഭ്യം അച്ഛനും അരിശമുണ്ടാക്കുന്നതു റ്റസ്സിയെ രസിപ്പിച്ചു: “എന്‍റെ ചെസ്സ്‌ വളരെ നന്നായി പുരോഗമിക്കുന്നുണ്ട്,” അവള്‍ ലയണമ്മാവനെ ധരിപ്പിച്ചു. “മിക്കവാറുമെപ്പോഴും ഞാനാണ് ജയിക്കുക. അപ്പൊ, പപ്പയ്ക്ക് ദേഷ്യം വരും.” കൊച്ചു ലെന്നില്‍നിന്നും മൂറിനെ തോല്‍പ്പിക്കാനുള്ള ചില അടവുകള്‍ റ്റസ്സി തീര്‍ച്ചയായും പഠിച്ചെടുത്തിരിക്കണം.

പട്ടാളസമരങ്ങളാലും, ഗറില്ലാ പോരാട്ടങ്ങളാലും, കടല്‍ക്കൊള്ളയാലും നിറഞ്ഞ സാഹസകഥകളും, യക്ഷിക്കഥകളും, ചരിത്രങ്ങളും, ഷേക്സ്പിയറുടെ ചരിത്രകഥകളോടുള്ള അവളുടെ കമ്പവും ചതുരംഗക്കളത്തിലെ തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ അവളെ നന്നായി സജ്ജമാക്കി. ഏംഗല്‍സില്‍നിന്നും അവള്‍ ചെസ്സിന്‍റെ ഉത്ഭവത്തിന്‍റെ കഥ അറിഞ്ഞിരുന്നു2. ഫിര്‍ദൌസിയുടെ ഷാ നാമാ  [രാജാക്കന്മാരുടെ ജീവചരിത്രങ്ങള്‍] അദ്ദേഹം, ബഹുകാണ്ഡങ്ങളുള്ള ഇത്രയും നീണ്ട  ഗ്രന്ഥം വായിച്ചു തീര്‍ക്കാന്‍ പണിപ്പെടുമെന്നു കളിയാക്കിക്കൊണ്ട്, അവള്‍ക്കു കൊടുത്തിരുന്നു. ചതുരംഗം ഇന്ത്യയില്‍നിന്നാണ് പേര്‍ഷ്യയിലേക്കു വന്നതെന്ന്‍ ഫിര്‍ദൌസിയുടെ കഥകളുടെ ആമുഖത്തില്‍നിന്ന്‍ റ്റസ്സി മനസ്സിലാക്കി. മദ്ധ്യപൌരസ്ത്യ ദേശവും ഇന്ത്യാ ഉപഭൂഖണ്ഡവും, ചൈനയെപ്പോലെ, റ്റസ്സിയുടെ ഭാവനയിലെ ഭൂമിശാസ്ത്രത്തില്‍ നേരത്തേ ഇടം പിടിച്ചു. ലോകത്തിലെ ഈ ഭൂവിഭാഗങ്ങളെല്ലാം തന്നെ അവളുടെ യൌവ്വനത്തിലെ രാഷ്ട്രീയത്തിലും താല്‍പ്പര്യത്തിലും ഒരു പ്രധാന പങ്കു വഹിക്കും. എങ്കിലും, അവയില്‍ ഏറ്റവും വ്യക്തമായി വേറിട്ടു നില്‍ക്കുക മദ്ധ്യപൌരസ്ത്യ ദേശവും പലസ്തീനുമായിരിക്കും. 


പക്ഷേ, 1864ല്‍, റ്റസ്സിയുടെ നോട്ടം പടിഞ്ഞാറോട്ടായിരുന്നു. അമേരിക്കന്‍ ആഭ്യന്തരയുദ്ധം 1861ല്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുതല്‍, അവളുടെ അച്ഛനും ഏംഗല്‍സും അതേക്കുറിച്ച് വ്യാപകമായി എഴുതുന്നുണ്ടായിരുന്നു.  ഇപ്പോള്‍, റ്റസ്സിയും അതില്‍ പങ്കെടുത്തു. പ്രസിഡണ്ടുമായി തന്‍റെ അഭിപ്രായങ്ങള്‍ നേരിട്ടു പങ്കു വെക്കണമെന്ന ശക്തമായൊരു തോന്നല്‍ അവള്‍ക്കുണ്ടായി:  “ഞാന്‍ ഓര്‍ക്കുന്നു. യുദ്ധത്തെക്കുറിച്ചുള്ള എന്‍റെ ഉപദേശം അബ്രഹാം ലിങ്കണ് അത്യാവശ്യമാണെന്ന പൂര്‍ണ്ണ ബോദ്ധ്യം എനിക്കുണ്ടായി. അദ്ദേഹത്തിനു ഞാന്‍ നീണ്ട കത്തുകളെഴുതും. അവയെല്ലാം, പറയാതെതന്നെ, മൂര്‍ വായിക്കണം; പോസ്റ്റു ചെയ്യണം.”  വാസ്തവത്തില്‍, മൂര്‍ ഒരിക്കലും ആ കത്തുകളയച്ചില്ല. പകരം അവ ഏംഗല്‍സിനെ കാണിച്ചു. രണ്ടു പേരെയും അവ ഏറെ രസിപ്പിച്ചു.

അബ്രഹാം ലിങ്കണിന്‍റെ, ലണ്ടനിലെ സ്വയം അവരോധിക്കപ്പെട്ട, ഉപദേഷ്ടാവ് യുദ്ധത്തിന്‍റെ നടത്തിപ്പിനെച്ചൊല്ലിയുള്ള തന്‍റെ വീക്ഷണങ്ങള്‍ ലയണമ്മാവനുമായും പങ്കു വെച്ചു: “എന്‍റെ പൊന്നമ്മാവാ ... അമേരിക്കയിലെ കാര്യങ്ങളെക്കുറിച്ച് അങ്ങെന്തു കരുതുന്നു? ഫെഡറലുകള്‍ സുരക്ഷിതാരാണെന്നാണ് ഞാന്‍ കരുതുന്നത്. ഇടക്കിടെ കോണ്‍ഫെഡറേറ്റുകള്‍ അവരെ ആട്ടിയോടിക്കുന്നുണ്ടെങ്കിലും, ഒടുവിലവര്‍ ജയിക്കുമെന്ന് എനിക്കുറപ്പാണ്.” വ്യാപാരക്കപ്പലുകള്‍ കവരുന്ന,  ബ്രിട്ടീഷ് പിന്തുണയുള്ള, കോണ്‍ഫെഡറേറ്റുകളുടെ ,അലബാമയെ USS കീര്‍സേജ് ചെര്‍ബോര്‍ഗ്ഗിനരികിലെ കടലില്‍  മുക്കി ആറു ദിവസം കഴിഞ്ഞ്, റ്റസ്സി വിജയാഹ്ളാദത്തോടെ അമ്മാവനു വീണ്ടുമെഴുതി: “അലബാമയുടെ കാര്യം അങ്ങയെ ആനന്ദിപ്പിച്ചില്ലേ? അങ്ങേയ്ക്ക് അതേക്കുറിച്ചെല്ലാം അറിയാമെന്നറിയാം; എന്തുവന്നാലും, അങ്ങയെപ്പോലൊരു രാഷ്ട്രീയക്കാരന്‍ അറിയേണ്ടതാണല്ലോ.”


ആ  ഇളം മനസ്സ് എത്ര വ്യക്തമായാണ് ബ്രിട്ടനു  അടിമക്കച്ചവടത്തിലുള്ള രഹസ്യപങ്ക് ഗ്രഹിച്ചിരുന്നതെന്ന് ലയണമ്മാവനുള്ള റ്റസ്സിയുടെ കത്തു വിശദമാക്കുന്നു; ഒപ്പം യൂനിയന്‍റെ ലക്ഷ്യത്തോടുള്ള അവളുടെ സഹജമായ കൂറും. അലബാമയുടെ കടല്‍സാഹസികത അവളുടെ രണ്ടു പ്രിയപ്പെട്ട പ്രമേയങ്ങളെയാണ് ഒന്നിച്ചു ചേര്‍ത്തത്: ഫെനിമോര്‍ കൂപ്പറുടെ അമേരിക്കന്‍ രക്തബന്ധങ്ങളുടെ പ്രമേയവും, ക്യാപ്റ്റന്‍ മാരിയറ്റിന്‍റെ കച്ചവടക്കപ്പലുകളും, കൂലിക്കപ്പലുകളും, നാവികക്കപ്പലുകളും തമ്മിലുള്ള മാത്സര്യമാര്‍ന്ന കടല്‍പ്പോരാട്ടങ്ങളുടെ പ്രമേയവും.

അമേരിക്കന്‍ യുദ്ധത്തിലുള്ള അവളുടെ താല്‍പ്പര്യത്തിനൊപ്പം, ഇറ്റാലിയന്‍ റിസോര്‍ജിമെന്തോയുടെ റിപ്പബ്ലിക്കന്‍ നേതാവായ ഗ്യുസെപ്പേ ഗരിബാള്‍ഡിയുടെ വസന്തകാലത്തെ ലണ്ടന്‍സന്ദര്‍ശനത്തിലും റ്റസ്സി ആകൃഷ്ടയായി. തെക്കേ അമേരിക്കയില്‍നിന്നും, ന്യൂയോര്‍ക്കില്‍നിന്നും തിരിച്ചുപോകുമ്പോള്‍, 1854ല്‍, റ്റൈന്‍സൈഡില്‍ അദ്ദേഹം ഒരു മാസം തങ്ങിയിരുന്നു. അന്നേ, വടക്കന്‍ ബ്രിട്ടീഷു നഗരങ്ങളിലെ തൊഴിലാളികളായ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ അദ്ദേഹം കീര്‍ത്തി നേടിയിരുന്നു. മഹാനായ ആ ഇറ്റലിക്കാരനെ ആഹ്ളാദാവേശത്തോടെയാണ് ലണ്ടനിലെ തൊഴിലാളി വര്‍ഗ്ഗങ്ങള്‍ ഇത്തവണ എതിരേറ്റത്. തലസ്ഥാനത്തെ തെരുവുകളിലേക്ക് പ്രവഹിച്ചത് ഭീമമായ ആള്‍ക്കൂട്ടങ്ങളായിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്‍റെ പരിഹാസ ഭാഷയില്‍, “തൊഴില്‍സമൂഹങ്ങളുടെ ഉച്ഛിഷ്ടങ്ങളും, ബഹളമയമായ, ഗര്‍ജ്ജിക്കുന്ന വാദ്യമേളവും” തെരുവുകളില്‍ അണിനിരന്നു.

തന്‍റെ സ്വയംസന്നദ്ധരായ ചുകപ്പുകുപ്പായപ്പടയുമൊത്ത് സിസിലി കീഴടക്കിയ 1860 മെയ്‌ മുതല്‍, ഗരിബാള്‍ഡിയെ മാര്‍ക്സും ഏംഗല്‍സും മുറയ്ക്ക് പിന്തുടര്‍ന്നിരുന്നു. സിസിലി കീഴടക്കിയതിനെക്കുറിച്ചും, റോം പിടിച്ചടക്കാനുള്ള അദ്ദേഹത്തിന്‍റെ 1862ലെ ഉദ്യമത്തെപ്പറ്റിയും അവരൊരു രാഷ്ട്രീയ ലേഖനമെഴുതി: റോമാ ഓര്‍ മോര്‍ത്തെ --- റോം അല്ലെങ്കില്‍ മരണം. കാല്‍പ്പനിക നായകന്‍റെ സത്തായ ഗരിബാള്‍ഡിയാണ് റ്റസ്സിയുടെ ആദ്യത്തെ വിപ്ലവാരാധനാവിഗ്രഹം. അബ്രഹാം ലിങ്കണിനും യൂനിയന്‍റെ ലക്ഷ്യത്തിനും അവള്‍ പിന്തുണ കൊടുത്തതു വെച്ചുനോക്കുമ്പോള്‍, US പടയോടു പൊരുതുമെന്ന ഗരിബാള്‍ഡിയുടെ പരസ്യമായ വാഗ്ദാനത്തെ അവള്‍ അഭിനന്ദിച്ചിരിക്കണമെന്നതിനു സംശയമില്ല.

റ്റസ്സി ചതുരംഗക്കളിയില്‍ കൂടുതല്‍ പ്രാവീണ്യം നേടുകയും, എയ്ബ് ലിങ്കണിനു ഉപദേശം വിളമ്പുകയും, വ്യായാമമുറകള്‍ പരിശീലിക്കുകയും ചെയ്യുമ്പോള്‍, മോം മോഡേനാ വില്ല മോടിപിടിപ്പിക്കുന്നതു തുടരുകയായിരുന്നു. അവര്‍ കൂടു സജ്ജമാക്കുകയായിരുന്നു. 
“ മുമ്പത്തെപ്പോലെ ഏറ്റവും പിശുക്കി ഒരുക്കുന്നതിനു നിര്‍ബ്ബന്ധിതമാകാതെ, ഇത്തവണ, മരസ്സാമാനങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും വേണ്ടി കുറച്ചു മാറ്റിവെക്കുവാനായി,” അവര്‍ ഏണ്‍സ്റ്റെനിനോട് പറഞ്ഞു. “ആരെങ്കിലും വന്നാല്‍, ചമ്മലില്ലാതെ സ്വീകരിക്കാമല്ലോ. അതിനുവേണ്ടി പണം ചെലവാക്കുന്നതാണ് നല്ലതെന്ന്  എനിക്കു തോന്നി, അല്ലാതെ നിസ്സാര സംഗതികള്‍ക്കു വേണ്ടി കുറേശ്ശെക്കുറേശ്ശെയായി പാഴാക്കാനല്ല,” സ്നേഹപുരസ്സരം അവര്‍ കൂട്ടിച്ചേര്‍ത്തു. ജെന്നിയുടെയും ലോറയുടെയും ബാല്യകാലത്തെ ഇല്ലായ്മക്ക് അച്ഛനുമമ്മയും അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യുകയാണെന്നു തോന്നും.

ഇപ്പോള്‍ പത്തൊമ്പതും, ഇരുപത്തിയൊന്നും വയസ്സായ തങ്ങളുടെ പെണ്മക്കളുടെ സാമൂഹിക ചക്രവാളം വിശാലമാക്കാന്‍ കാളും ജെന്നിയും ദൃഢമായി നിശ്ചയിച്ചു. മോഡേനാ വില്ലയിലൊരു നൃത്തവിരുന്നു [ball] സംഘടിപ്പിക്കാന്‍ അവരൊരുങ്ങി. തങ്ങളുടെ സുഹൃത്തുക്കളില്‍ ഒരമ്പതു പേര്‍ക്കവര്‍ ക്ഷണമയച്ചു. അങ്ങിനെ, ഒക്ടോബര്‍ 12ന്, പുതിയ വീട്  യുവാക്കളെ, ഒരു ഗംഭീര സല്‍ക്കാരത്തിനുവേണ്ടി, സ്വാഗതം ചെയ്തു. യുവാക്കളാകട്ടെ, പുലരി കഴിഞ്ഞും നൃത്തം ചെയ്തു. ബാക്കിയായ പലഹാരങ്ങള്‍കൊണ്ട് റ്റസ്സി അടുത്ത ദിവസം കുട്ടികള്‍ക്കായി തന്‍റേതായൊരു പാര്‍ട്ടി നടത്തി; മുതിര്‍ന്നവര്‍ക്കൊപ്പം തലേരാത്രി മുഴുവന്‍ അവള്‍ തീര്‍ച്ചയായും ഉണര്‍ന്നിരിന്നിട്ടുണ്ടായിട്ടുകൂടി. സല്‍ക്കാരം സംഘടിപ്പിച്ചതിനു പിന്നിലെ ജെന്നിയുടെ ലക്ഷ്യം വ്യക്തമാണ്‌. അവരത് ഏണ്‍സ്റ്റെനിനോട് പറയുകയുണ്ടായി: “മാനവും മര്യാദയുമുള്ള ഒരിടം പെണ്‍കുട്ടികള്‍ക്കു നല്‍കാനിപ്പോള്‍ സാദ്ധ്യമായി; അവരുടെ ഇംഗ്ലീഷു ചങ്ങാതിമാരെ നാണവും പേടിയും കൂടാതെ ഇടക്കിടെ ക്ഷണിക്കുന്നതിനു പറ്റിയൊരിടം. ഞങ്ങളവരെ വ്യാജമായ ഒരു നിലയിലാണാക്കിയിരുന്നത്. അതുകൊണ്ടവരിപ്പോഴും, തൊലിക്കട്ടിയില്ലാത്ത, ലോലമനസ്കരാണ്‌.”

മൊത്തം കുടുംബത്തിന്‍റെയും ആരോഗ്യവും ഉണര്‍വ്വും ഈ വിനോദപരിപാടി വീണ്ടെടുത്തു. പ്രായോഗികമായി നോക്കിയാല്‍, ഏറെ ആരോഗ്യദായകവും, ഉയര്‍ന്ന പ്രദേശത്തുള്ളതുമാണ് മോഡേനാ വില്ല. സ്വതന്ത്രമായി നിലകൊള്ളുന്നത്. നന്നായൊരുക്കിയ ഒരു പൂന്തോട്ടമുണ്ട്. ഹാംപ്സ്റ്റെഡ് ഹീത്തിലേക്ക് തടസ്സമില്ലാത്ത കാഴ്ച്ച കിട്ടും. കെന്‍റിഷ്ഠൌണിലും, സോഹോയിലുമുള്ളതിനേക്കാള്‍ ഉന്മേഷം തരുന്ന വായു. എങ്കിലും, അവരുടെ മൊത്തം ചിലവ്, പുതിയ വീടിന്‍റെ മൂന്നു വര്‍ഷത്തെ വാടക ഒഴിവാക്കിയാല്‍ക്കൂടി, മാര്‍ക്സിന്‍റെ മാതൃസ്വത്തില്‍നിന്നു കിട്ടിയ ആകത്തുകയെക്കാള്‍ ഏറെ കവിഞ്ഞു പോയി. അവരുടെ ഉറ്റമിത്രമായ ല്യൂപോസ് [വില്‍ഹേം വോയിഫ്] മരിച്ചില്ലായിരുന്നെങ്കില്‍, കൊല്ലം കഴിയുന്നതിനു മുമ്പേ, അവര്‍ തെരുവിലാകുമായിരുന്നു. 


സംസാര സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയതിനു നാലു കൊല്ലം ഒരു പ്രഷ്യന്‍ ജയിലില്‍ കഴിഞ്ഞ ല്യൂപസ് ഒരു കൃഷീവലപുത്രനും വിദ്യാര്‍ത്ഥീ വിപ്ലവകാരിയുമായിരുന്നു. 1845ല്‍ ബ്രസ്സല്‍സിലെ കമ്മ്യൂണിസ്റ്റു ലീഗില്‍ വെച്ചാണ് അയാള്‍ മാര്‍ക്സുമാരെ കണ്ടുമുട്ടിയത്. 1864 മെയ്‌ ഒമ്പതിന്, തലച്ചോറില്‍ രക്തസ്രാവമുണ്ടായി, മരിക്കുന്നതു വരെ അയാള്‍ അവരുമായും ഏംഗല്‍സുമായും “ഏറ്റവും അടുപ്പത്തിലാ”യിരുന്നു. “അവനൊപ്പം, മാര്‍ക്സിനും എനിക്കും നഷ്ടമായത് ഞങ്ങളുടെ ഏറ്റവും കൂറുള്ള ഒരു ചങ്ങാതിയാണ്; ജര്‍മ്മന്‍ വിപ്ലവത്തിനു നഷ്ടമായതോ, പകരം വെക്കാനില്ലാത്ത ഗുണമുള്ള ഒരു മനുഷ്യനും,” ല്യൂപസിനെക്കുറിച്ചുള്ള  ജീവചരിത്രത്തില്‍ ഏംഗല്‍സ് എഴുതി.

വിദ്യാഭ്യാസത്തിലൂടെയുള്ള വിമോചനത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ല്യൂപസ്, പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്മാറിയ ശേഷം, തന്‍റെ ജീവിതം സമര്‍പ്പിച്ചത്, ബ്ലാക്ക്ബേണില്‍, സ്വകാര്യ അദ്ധ്യാപനത്തിനാണ്. അമേരിക്കയിലേക്കു കുടിയേറാനുള്ള ഉപായങ്ങളൊന്നും ഫലിക്കാതായപ്പോള്‍, 1850ല്‍, അയാള്‍ അങ്ങോട്ടു പോയതാണ്. കുട്ടികളില്ലാതിരുന്ന ല്യൂപസിനു കുട്ടികളെ ഇഷ്ടമായിരുന്നു. മാര്‍ക്സ് സഹോദരിമാരെ, വിശിഷ്യ, വലിയ കാര്യമായിരുന്നു. റ്റസ്സി അയാള്‍ക്കെഴുതിയ കത്തുകള്‍, തന്‍റെ  അവസാന രോഗവേളയില്‍ അയാള്‍ക്കൊരു പാടു ഉന്മേഷം നല്‍കി.

അന്ത്യം വരെ ല്യൂപസ് അദ്ധ്യാപനം തുടര്‍ന്നു. അറുപതു പൌണ്ടു വാര്‍ഷിക വരുമാനത്തില്‍നിന്നു പിശുക്കി കരുതിവെച്ച സമ്പാദ്യമെല്ലാം മാര്‍ക്സുമാര്‍ക്കു ഒസ്യത്തില്‍ നീക്കി വെച്ചു. 825 പൌണ്ടോളം വരുന്ന നല്ലൊരു സ്വത്താണ് അയാള്‍ ആ കുടുംബത്തിനു നല്‍കിയത് --- മാര്‍ക്സിനു അമ്മയില്‍നിന്നു കിട്ടിയ 580 പൌണ്ടിന്‍റെ ഏകദേശം മൂന്നിലൊന്നധികം. വോയ്ഫിനാണ് മൂലധനം, വാല്യം I സമര്‍പ്പിക്കപ്പെട്ടത്: “എന്‍റെ മറക്കാന്‍ പറ്റാത്ത സുഹൃത്തിന്; തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ ധീരനും, കൂറുള്ളവനും, ഉത്തമനുമായ മുഖ്യപോരാളിക്ക്.” ല്യൂപസിന്‍റെ മഹാമനസ്കത, മാര്‍ക്സ് കുടുംബത്തിന്‍റെ ഒരു നിര്‍ണ്ണായക മുഹൂര്‍ത്തില്‍ സഹായിക്കുക വഴി, ആ പുസ്തകം പൂര്‍ത്തിയാകുന്നത് ഉറപ്പാക്കിയതിനുള്ള ഉചിതമായ നന്ദിപ്രകടനമായിരുന്നൂ ആ സമര്‍പ്പണം.

തലേ വര്‍ഷം മേരി മരിച്ചപ്പോള്‍ ഏംഗല്‍സിനോടവള്‍ക്കുണ്ടായിരുന്ന സഹജമായ അതേ സഹാനുഭൂതി ല്യൂപസിന്‍റെ മരണവേളയില്‍ റ്റസ്സി പ്രകടിപ്പിച്ചു. മറ്റുള്ളവരോടുള്ള തന്‍റെ ആര്‍ദ്രതയുടെ സന്നദ്ധശക്തി, അവളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ഒരു ഘടകമായ്, ഒമ്പതാമത്തെ വയസ്സിലേ, വ്യക്തമായി രൂപമെടുക്കാന്‍ തുടങ്ങുകയായിരുന്നു. റ്റസ്സിയുടെ, മാരകമായ ദൌര്‍ബല്യമടങ്ങിയിരിക്കുന്ന, ഏറ്റവും വലിയൊരു ശക്തിയുടെ സജീവ വൈരുദ്ധ്യം ഇവിടെയാണ്‌ --- സഹാനുഭൂതിക്കുള്ള അതിവര്‍ദ്ധിതമായ കഴിവും, ആവശ്യത്തിലേറെ ആര്‍ദ്രതയും. ആത്മരക്ഷണത്തിനും, ആ പഴയ നല്ല ഡാര്‍വീനിയന്‍ സ്വാര്‍ത്ഥതക്കുമുള്ള അവളുടെ പ്രാകൃതികവാസന, ആത്മത്യാഗവും ആത്മനിഷേധവും സ്ത്രീകളിലടിച്ചേല്‍പ്പിക്കുന്ന ഒരു സംസ്കാരത്തിന്‍റെ സമാലീന ചരിത്രാവസ്ഥകളുമായി, പൊരുത്തപ്പെടാത്തവണ്ണം, കൂട്ടുചേര്‍ന്നു. അവളതു മനസ്സിലാക്കും മുമ്പേ, അവളുടെ അച്ഛനമ്മമാരതു തിരിച്ചറിഞ്ഞിരിക്കണം.


പ്രകൃത്യാ നല്ലവളെങ്കിലും, റ്റസ്സിയൊരു ഇള്ളക്കുട്ടിയായിരുന്നില്ല. അരോഗദൃഢഗാത്രിയും, അപകടത്തിലെത്തിക്കാവുന്ന ധൈര്യവുമുണ്ടായിരുന്ന അവളുടെ സഹാനുഭൂതി മറയില്ലാത്തതും, ഹൃദയവിശാലതയാര്‍ന്നതും, തീര്‍ത്തും ആര്‍ജ്ജവമുള്ളതുമായിരുന്നു. ഒന്നും കഷ്ടപ്പെടുന്നതു കാണാന്‍ അവള്‍ക്കിഷ്ടമായിരുന്നില്ല. തന്‍റെ പാവക്കുട്ടികളെയും, ഏഴു വളര്‍ത്തു മൃഗങ്ങളെയും അവള്‍ കരുതലോടെ സംരക്ഷിച്ചു.

റ്റസ്സിയുടെ അധികനന്മയെ തടഞ്ഞതും, നിയന്ത്രണമില്ലാത്ത വൈകാരിക സ്വഭാവത്തെ മെരുക്കിയതും അവളുടെ മൂര്‍ച്ചയേറിയ നര്‍മ്മവും, ഹാസ്യബോധവുമാണ്. പറ്റാവുന്ന ഒരു തമാശയും അവള്‍ വിട്ടുകളയില്ല.  ശ്ലേഷത്തിനുള്ള ഏതവസരവുമുപയോഗിക്കും. അവളുടെ അക്ഷരത്തെറ്റുകള്‍, അബദ്ധ പദപ്രയോഗങ്ങളുടെയും, ഉദ്ദേശിക്കാത്ത കാവ്യാത്മക ഭാവം കൈവരിക്കുന്ന വാക്കുകളുടെയും ഒരു നിരന്തര പ്രവാഹത്തിനു വഴിയൊരുക്കും. തന്‍റെ പൂച്ചക്കുട്ടികളോടും, പട്ടിക്കുട്ടികളോടും, പാവകളോടും, സ്റ്റാമ്പു ശേഖരത്തോടും കളിക്കുന്ന അതേ അനായാസതയോടെയാണ് അവള്‍ വാക്കുകളെക്കൊണ്ട് കളിച്ചത്.

നാട്യക്കാരെ റ്റസ്സി പെട്ടെന്നു മണത്തറിയും. വിഡ്ഢികളെ അവള്‍ക്കു സഹിക്കാനാവില്ല. മൂറിന്‍റെ പഴയൊരു സുഹൃത്തായിരുന്ന ഫെര്‍ഡിനാന്‍‌ഡ് ലസാലിന്‍റെ ചരമത്തോടുള്ള അവളുടെ നര്‍മ്മപ്പ്രതികരണം ഒരു ഉദാഹരണമാണ്. മാര്‍ക്സിന്‍റെ ഒരു ദീര്‍ഘകാല സഖാവും കുടുംബ സുഹൃത്തുമായിരുന്നു ലസാല്‍. പണംകൊണ്ട് കൈയയച്ചു സഹായിക്കുമായിരുന്ന ഒരാള്‍. പക്ഷെ, വളര്‍ന്നു വന്ന രാഷ്ട്രീയ വിയോജിപ്പുകളുടെയും, ലസാലിന്‍റെ, പരിഹാസ്യമെന്നു മാര്‍ക്സിനു തോന്നിയ, സ്വാര്‍ത്ഥതാല്‍പ്പര്യത്തിന്‍റെയും ആഗ്രഹങ്ങളുടെയും പേരില്‍, 1862ല്‍, ഇരുവരും എന്നെന്നേക്കുമായി തെറ്റിപ്പിരിഞ്ഞു. എങ്കിലും, പെണ്ണുങ്ങളുടെ പേരിലുണ്ടായ നിരവധി ദ്വന്ദയുദ്ധങ്ങളിലൊന്നില്‍, ലസാലിനു മാരകമായ മുറിവേറ്റുവെന്ന വാര്‍ത്ത മാര്‍ക്സിനു ഖേദമുണ്ടാക്കി. ലസാലിന്‍റെ പ്രേമപരമ്പര കുടുംബത്തിനറിയാമായിരുന്നു; ഏതു പെണ്ണിനോടും തനിക്കാറാഴ്ച്ച മാത്രമേ അവളെ പ്രേമിക്കാന്‍ പറ്റുള്ളൂവെന്ന് അയാള്‍ പ്രഖ്യാപിക്കുമെന്ന്  ലോറ പ്രസ്താവിച്ചിട്ടുണ്ടായിരുന്നു. അതിനു ഉല്ലാസവതിയായ റ്റസ്സി പ്രതികരിച്ചു: “അപ്പൊ, അയാളെ ആറാഴ്ച്ചത്തേക്കേ ആവശ്യമുള്ളൂ.”


മുതലാളിത്തത്തിന്‍റെയും ദേശീയവാദത്തിന്‍റെയും ശക്തികളെ നേരിടുന്നതിനു തൊഴിലാളികളുടെ ഒരു അന്തര്‍ദ്ദേശീയ സംഘടന സ്ഥാപിക്കേണ്ടതിന്‍റെ അടിയന്തരാവശ്യകതയുണ്ടെന്ന മാര്‍ക്സിന്‍റെയും ഏംഗല്‍സിന്‍റെയും വിശ്വാസത്തിനു കടകവിരുദ്ധമായിരുന്നു ലസാലിന്‍റെ ദേശീയമായ അഹങ്കാരബ്ഭ്രാന്ത്. അന്തര്‍ദ്ദേശീയ (ആണ്‍)തൊഴിലാളി സംഘടന [I W M A] യുടെ സ്ഥാപക സമ്മേളനത്തില്‍ പങ്കുചേരാന്‍ മാര്‍ക്സ് 1864 സപ്തംബര്‍ 28ന് ലോംഗ് ഏക്കറിലെ സെന്‍റ് മാര്‍ട്ടിന്‍ ഹാളില്‍ ചെന്നു. താല്‍ക്കാലികമായ ഒരു നിയമാവലിയും ഭരണഘടനയുമുണ്ടാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരു കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു. ഇരുപത്തിയൊന്നു ഇംഗ്ലീഷുകാരും, പത്തു ജര്‍മ്മന്‍കാരും, ഒമ്പതു ഫ്രെഞ്ചുകാരും, ആറു ഇറ്റലിക്കാരും, രണ്ടു പോളണ്ടുകാരും, രണ്ടു സ്വിസ്സുകാരും അടങ്ങുന്നതായിരുന്നു കമ്മറ്റി.  ആദ്യ I W M A യുടെ താല്‍ക്കാലിക കമ്മറ്റി 1864 നവംബര്‍ 1ന് അംഗീകരിക്കുകയും, അതേ മാസം പത്രങ്ങളിലും, ലഖുലേഖയായും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത, താല്‍ക്കാലിക നിയമാവലി മാര്‍ക്സാണെഴുതിയത്. അദ്ദേഹം ഇംഗ്ലീഷിലെഴുതിയ ഈ നിയമാവലി സംഘടനയുടെ ഉദ്ദേശ്യത്തിന്‍റെയും ലക്ഷ്യത്തിന്‍റെയും ഒരു  സംക്ഷിപ്ത പ്രസ്താവമാണ്:

തൊഴിലാളി വര്‍ഗ്ഗങ്ങളുടെ വിമോചനം തൊഴിലാളിവര്‍ഗ്ഗങ്ങള്‍ തന്നെ പിടിച്ചെടുക്കണമെന്നതുകൊണ്ടും; തൊഴിലാളി വര്‍ഗ്ഗങ്ങളുടെ വിമോചനത്തിനുള്ള സമരം കൊണ്ടര്‍ത്ഥമാക്കുന്നത്, വര്‍ഗ്ഗപരമായ പ്രത്യേകാവകാശങ്ങള്‍ക്കും കുത്തകകള്‍ക്കും വേണ്ടിയുള്ള സമരമല്ല, തുല്യമായ അവകാശങ്ങള്‍ക്കും കര്‍ത്തവ്യങ്ങള്‍ക്കും വേണ്ടിയും, ഏതു വര്‍ഗ്ഗത്തിന്‍റെയും ആധിപത്യം ഉന്മൂലനം ചെയ്യാനുമുള്ളതാണെന്നതുകൊണ്ടും; സാമൂഹികയാതനയുടെയും, മാനസികജീര്‍ണ്ണതയുടെയും, രാഷ്ട്രീയാശ്രിതത്വത്തിന്‍റെയും, എല്ലാ രൂപത്തിലുമുള്ള അടിമത്തത്തിന്‍റെയും അടിയില്‍ക്കിടക്കുന്നത് തൊഴിലുപാധികളുടെ, അതായത്, ജീവന സ്രോതസ്സുകളുടെ, കുത്തകക്കാരനു കീഴിലുള്ള തൊഴിലാളിയുടെ സാമ്പത്തികമായ പരാധീനതയാണെന്നതുകൊണ്ടും; ആയതിനാല്‍, തൊഴിലാളി വര്‍ഗ്ഗങ്ങളുടെ സാമ്പത്തിക മോചനം ഒരു മഹാലക്ഷ്യവും, അതിനുള്ള ഉപാധിയായി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിനു കീഴിലായിരിക്കണമെന്നുള്ളതുകൊണ്ടും; ഓരോ രാജ്യത്തെയും നിരവധി തൊഴിലാളി വിഭാഗങ്ങള്‍ക്കിടയിലെ ഐക്യമില്ലായ്മയാലും, വിവിധ രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ സഹോദരബന്ധമില്ലാത്തിനാലും ആ മഹാലക്ഷ്യം ഉന്നമാക്കിയുള്ള ഇതുവരെയുള്ള എല്ലാ പ്രയത്നങ്ങളും പരാജയപ്പെട്ടതുകൊണ്ടും; തൊഴില്‍വിമോചനം പ്രാദേശികമോ, ദേശീയമോ ആയൊരു പ്രശ്നമല്ല, ആധുനിക സമൂഹം മരുവുന്ന എല്ലാ ദേശങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹിക പ്രശ്നമായതിനാലും, അതിനുള്ള പരിഹാരം അതിവികസിത രാജ്യങ്ങളുടെ, സൈദ്ധാന്തികവും പ്രായോഗികവുമായ, ഒരുമയെ ആശ്രയിച്ചിരിക്കുന്നുവെന്നതുകൊണ്ടും; യൂറോപ്പിലെ അത്യന്തം വ്യവസായവല്‍ക്കരിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലെയും തൊഴിലാളി വര്‍ഗ്ഗങ്ങളുടെ ഇപ്പോഴത്തെ പുനരുത്ഥാനം, പുതിയ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ടെങ്കില്‍ക്കൂടി, പഴയ തെറ്റുകളിലേക്ക് വഴുതിവീഴുന്നതിനെതിരെ ഗൌരവമായ താക്കീതു നല്‍കുകയും, വിഘടിച്ചു നില്‍ക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും ഉടനൊന്നിക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്നതു കൊണ്ടും; ഈ കാരണങ്ങളെല്ലാം കൊണ്ട് --- ലണ്ടനിലെ സെന്‍് മാര്‍ട്ടിന്‍ ഹാളില്‍ വെച്ച് 1864 സപ്തംബര്‍ 28നു കൂടിയ പൊതുയോഗത്തിലെ തീരുമാനം അധികാരപ്പെടുത്തിയ, താഴെ ഒപ്പു വെച്ചിരിക്കുന്ന, അംഗങ്ങള്‍ ഒരു അന്തര്‍ദ്ദേശീയ തൊഴിലാളി സംഘടന സ്ഥാപിക്കുന്നതിനാവശ്യമായ നടപടികളെടുത്തിരിക്കുന്നു; അവര്‍, ഈ അന്തര്‍ദ്ദേശീയ സംഘടനയില്‍ പക്ഷം ചേരുന്ന എല്ലാ സമൂഹങ്ങളും വ്യക്തികളും അന്യോന്യവും, മറ്റു മനുഷ്യരോടുമുള്ള പെരുമാറ്റത്തിന്‍റെ അടിസ്ഥാനം, വര്‍ണ്ണ, വിശ്വാസ, ദേശ ഭേദമെന്യേ, സത്യവും, നീതിയും, ധാര്‍മ്മികതയുമായിരിക്കുമെന്ന് ഏറ്റുപറയണമെന്ന്  പ്രഖാപിക്കുന്നു. അവനവനു മാത്രമല്ല, കര്‍ത്തവ്യമനുഷ്ഠിക്കുന്ന ഏതൊരു പൌരനും വേണ്ടി, ഒരു മനുഷ്യനെന്ന നിലയിലും പൌരനെന്നനിലയിലുമുള്ള അവകാശങ്ങള്‍ ആവശ്യപ്പെടേണ്ടത് ഏതൊരു മനുഷ്യന്‍റെയും കര്‍ത്തവ്യമാണെന്ന് അവരുറച്ചു വിശ്വസിക്കുന്നു. കര്‍ത്തവ്യമില്ലാതെ അവകാശങ്ങളില്ല; അവകാശങ്ങളില്ലാതെ കര്‍ത്തവ്യങ്ങളും.


ജീവിക്കാന്‍ വേണ്ടി പറ്റിയ വാക്കുകള്‍; അഥവാ, സ്വന്തം അച്ഛനെഴുതിയതെങ്കില്‍, പ്രതിഷേധിക്കാന്‍ ഉപയോഗിക്കാവുന്നവ.


I W M A യുടെ കാര്യപരിപാടി, “ഒരു മിനുക്കിപ്പണിയലായിരുന്നില്ല ആലോചിച്ചത്.” നാലു കൊല്ലങ്ങള്‍ക്കുശേഷം, ലണ്ടനിലെ ടൈംസില്‍ ഒരു നേതാവു പ്രസ്താവിച്ചു. “അതൊരു പുരുജ്ജീവനത്തില്‍ കുറഞ്ഞ ഒന്നുമായിരുന്നില്ല; അതും ഒരു രാഷ്ട്രത്തിന്‍റെ മാത്രമല്ല; മനുഷ്യരാശിയുടെതന്നെ. ഏതു സ്ഥാപനവും, ഒരു പക്ഷേ, തിരുസഭയൊഴിച്ച്, ഇന്നേവരെ വിഭാവനം ചെയ്ത ഏറ്റവും വിശാലമായ ലക്ഷ്യമായിരുന്നു, തീര്‍ച്ചയായും, അത്.” തിരുസഭയെ റ്റസ്സി ആറാമത്തെ വയസ്സിലേ ഉപേക്ഷിച്ചത് നാം കണ്ടതാണല്ലോ. I W M A യുടെ താല്‍ക്കാലിക നിയമാവലിയാണ് തന്‍റെ ജീവിതത്തെ നയിക്കാന്‍ അവള്‍ തിരഞ്ഞെടുത്തത്.

റ്റസ്സിയുടെ ജീവിതത്തിന്‍റെ ഹൃദയ ഭാഗത്തുണ്ടായിരുന്നത്  സാമൂഹികസമത്വത്തിന്‍റെ രൂപമാര്‍ന്ന അന്തര്‍ദ്ദേശീയതയെന്ന ആദര്‍ശമായിരുന്നു. 1860കളില്‍, വ്യവസായവല്‍ക്കൃത ലോകത്തിലെങ്ങും, തൊഴിലാളിവര്‍ഗ്ഗം പുന:സംഘടിച്ചു. തൊഴിലാളികളെന്നു പറഞ്ഞാല്‍ അന്നര്‍ത്ഥം ജനമെന്നായിരുന്നു --- കുലീന വര്‍ഗ്ഗത്തിലോ, അഭിജാത വര്‍ഗ്ഗത്തിലോ, ചുരുക്കത്തില്‍, ഭരണവര്‍ഗ്ഗങ്ങളില്‍ പെടാത്ത ആരും. I W M A യുടെ മാര്‍ക്സെഴുതിയ പ്രമാണങ്ങള്‍ വ്യക്തമാക്കിയതു പോലെ, തൊഴിലെടുക്കുന്ന അധോവര്‍ഗ്ഗങ്ങളനുഭവിച്ച സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങള്‍ വെറും പ്രാദേശികമോ, ദേശീയമോ ആയിരുന്നില്ല; ആധുനിക വ്യവസായവല്‍ക്കരണം നിലവിലുണ്ടായിരുന്ന എല്ലാ സമൂഹങ്ങളുടേതുമായിരുന്നു. 1840കള്‍ക്കും 1860കള്‍ക്കും മദ്ധ്യേ, ആധുനിക മുതലാളിത്തം ഒരു ആഗോള ശക്തിയായി വളര്‍ന്നിരുന്നതിനാല്‍, അതിന്‍റെ പരിണതഫലങ്ങളെ ചെറുക്കാനും, കൈകാര്യം ചെയ്യാനുമുള്ള സോഷ്യലിസ്റ്റു സംഘടനയും ആഗോളമാകേണ്ടാതാവശ്യമായിരുന്നു. മുതലാളിത്തം ഒരു രാജ്യത്തല്ലല്ലോ; സോഷ്യലിസവും ഒരു രാജ്യത്തു മാത്രം പോരാ;  സോഷ്യലിസമുള്ള നഗരഭരണകൂടങ്ങളും മതിയാവില്ല. ഇക്കാലഘട്ടത്തില്‍ മുതലാളിത്ത സമ്പദ് വ്യവസ്ഥ നിരവധി സാരമായ രീതികളില്‍ മാറിപ്പോയിരുന്നു. ആദ്യത്തെ വ്യവസായ വിപ്ലവത്തിനു പ്രേരകമായത് പുതിയ ഊര്‍ജ്ജ സ്രോതസ്സുകളായിരുന്നു: വൈദ്യുതിയും, എണ്ണയും, റ്റര്‍ബൈനും, ഇന്‍റേണല്‍ കമ്പസ്ചന്‍ എഞ്ചിനും. ഉരുക്കും മറ്റു ലോഹക്കലര്‍പ്പുകളുമടങ്ങിയ പുതിയ സാമഗ്രികളില്‍ അധിഷ്ഠിതമായ യന്ത്രങ്ങളും, രാസവ്യവസായങ്ങളെപ്പോലുള്ള, പുതിയ ശാസ്ത്രത്തെ ആധാരമാക്കിയ വ്യവസായങ്ങളുമുള്‍ക്കൊള്ളുന്ന പുതിയൊരു സാങ്കേതിക യുഗം, 1860കള്‍ മുതല്‍, ഇതിനെ കവച്ചു വെക്കാന്‍ തുടങ്ങി. അമേരിക്കയിലെ ജനപ്പെരുപ്പവും സാധാരണക്കാരുടെ വരുമാനത്തിലുണ്ടായ വര്‍ദ്ധനവും സ്വദേശീയമായ ഉപഭോഗ വിപണികള്‍ മുളപൊട്ടുന്നതിനു കാരണമായി. ഇതാണ് കേന്ദ്രീകൃതമായ, വന്‍തോതിലുള്ള, ഉല്‍പ്പാദനത്തിന്‍റെ കാലഘട്ടത്തിന്‍റെ ആരംഭം: ഉപഭോഗമുതലാളിത്തവും, വിപണിയുടെ ആഗോളവല്‍ക്കരണവും വന്നു ചേര്‍ന്നു.

എല്ലാ വ്യാവസായിക രാജ്യങ്ങളിലെയും  തൊഴിലാളികളും, അവരെ തുണക്കുന്നവരും കൂട്ടമായി സംഘടിക്കേണ്ടതിന്‍റെയും, അവരുടെ പ്രയത്നങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്‍റെയും ആവശ്യമുണ്ടായി. 1848 എല്ലാവര്‍ക്കും തെളിയിച്ചുകൊടുത്തതുപോലെ, വിഘടിച്ചു നില്‍ക്കുന്ന ദേശീയ പ്രസ്ഥാനങ്ങള്‍ക്ക്‌ വിജയിക്കാനാകാതെയായി. മുമ്പ്, സോഷ്യലിസത്താല്‍  പ്രചോദിതമായ സമരങ്ങളില്‍ പങ്കെടുത്തിരുന്ന ബ്രിട്ടനിലെ നിരവധിയാള്‍ക്കാര്‍ ഒരന്തര്‍ദ്ദേശീയ സോഷ്യലിസ്റ്റു പ്രസ്ഥാനമുണ്ടാക്കാനുള്ള ഈ പുതിയ ശ്രമത്തിന്‍റെ ഭാഗമായി. ബ്രിട്ടീഷു ചാര്‍ട്ടിസ്റ്റുകളും, യൂറോപ്പിലെ വിപ്ലവങ്ങളില്‍നിന്നുള്ള “നാല്‍പ്പത്തിയെട്ടുകാരും” അവരില്‍ മുഖ്യമായിരുന്നു. അതിന്‍റെ തലവനാകട്ടെ, എലിനോറിന്‍റെ പിതാവും --- ഒരു സംഘടനയെന്ന നിലയില്‍ I W M A  കാള്‍ മാര്‍ക്സിന്‍റെ “ഫസ്റ്റ് ഇന്‍റര്‍നാഷണല്‍” എന്നാണറിയപ്പെട്ടത്. ഇംഗ്ലീഷ് തൊഴിലാളി പ്രസ്ഥാനത്തിന്‍റെ നേതാക്കന്മാര്‍ മാര്‍ക്സിന്‍റെ വീട്ടിലെ പതിവു സന്ദര്‍ശകരായിരുന്നു. ഇവരിൽ പത്രപ്രവര്‍ത്തകനായ ഏണസ്റ്റു ജോണ്‍സും, 1840കളില്‍നിന്നുള്ള, ചാര്‍ട്ടിസ്റ്റും, സോഷ്യലിസ്റ്റും, പഴയ കുടുംബ സുഹൃത്തുമായ ജൂലിയന്‍ ഹാര്‍ണിയും, “സോഷ്യലിസത്തിന്‍റെ വൃദ്ധനായ പിതാമഹനായ” മഹാനായ റോബര്‍ട്ട്‌ ഒവനും പെടും.


വ്യവസായ യൂണിയനിസ്റ്റുകളുടെയും, നിലവിലുള്ള വ്യവസ്ഥിതിയെ പിന്താങ്ങുന്ന ഡമോക്രാറ്റുകളുടെയും, അതിനെതിരായ അരാജവാദികളുടെയും വിശാലമായ സഖ്യങ്ങളുണ്ടാക്കിയ, വ്യാപകമായ സാമൂഹിക, രാഷ്ട്രീയ, വ്യാവസായിക പ്രവര്‍ത്തനത്തിന്‍റെയും സാംസ്കാരിക വ്യവഹാരങ്ങളുടെയും ഒരു പൊട്ടിത്തെറിയായിരുന്നൂ  പ്രകൃതവശാല്‍ സോഷ്യലിസമെന്നതുകൊണ്ട്, ബ്രിട്ടീഷ് സോഷ്യലിസത്തിന്‍റെ അഥവാ സോഷ്യലിസമെന്നു വിളിക്കാന്‍ പറ്റിയതിന്‍റെ ഉറവിടത്തിന്‍റെയും ഉയര്‍ച്ചയുടെയും കൃത്യമായ കഥയൊന്നുമില്ല. ബ്രിട്ടീഷ് ചാര്‍ട്ടിസം സോഷ്യലിസമായി പരിണമിച്ചുവെന്ന് പൊതുവായ ഒരവലോകനമായിപ്പറയാം. യൂണിയനിസത്തിന്‍റെ തുടക്കം, ഭാഗിമായി, ആദ്യകാല സോഷ്യലിസ്റ്റ് ആദര്‍ശമുള്ള  സഹകരണ പ്രസ്ഥാനങ്ങളിലായിരുന്നുവെങ്കിലും, അതതിലൊതുങ്ങിയില്ല. പണ്ടു കൃഷിക്കാരായിരുന്നവരുടെ കൂട്ടത്തോടെയുള്ള നഗരവല്‍ക്കരണവും, നിയന്ത്രണങ്ങളില്ലാത്ത ആധുനിക ഫാക്റ്ററികളിലെ ഭീകരാവസ്ഥകളും കൂടി, വ്യത്യസ്ത താല്‍പ്പര്യങ്ങളുള്ള സംഘങ്ങളെ, 1860കളില്‍, അപ്പോഴും ദേശീയമായി ഏകോപിപ്പിക്കപ്പെട്ടിട്ടില്ലാത്ത ട്രെയ്ഡ് യൂണിയന്‍ സമരപ്രചാരണങ്ങളിലേക്ക് കൊണ്ടെത്തിച്ചു. രാജ്യാന്തര “സോഷ്യലിസ്റ്റ് ഇന്‍റര്‍നാഷണലും” അമേരിക്കയിലെയും, ഇന്ത്യ, ആസ്ത്രേലിയ തുടങ്ങിയ കോളണികളിലെയും സംഘടനകളുമായുള്ള  അതിന്‍റെ  കുടുംബബന്ധവും മൂലമാണ്, 1860കള്‍ മുതല്‍ 1880കള്‍ വരെ ബ്രിട്ടീഷ് ട്രെയ്ഡ് യൂണിയനിസം ഒരേകീകൃത പ്രസ്ഥാനമായത്.

"ഒരു അന്തര്‍ദ്ദേശീയ വസ്തുതയെന്ന നിലയില്‍, ബൂര്‍ഷ്വാസിയെപ്പോലെ, തൊഴിലാളി വര്‍ഗ്ഗവും ആശയമായി മാത്രമാണ് നിലനിന്നത്.” മാര്‍ക്സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെഴുതി, “തൊഴിലാളികള്‍ക്ക് ഒരു രാജ്യമില്ല.” എങ്കിലും, പലര്‍ക്കും, രാഷ്ട്രീയബോധം എപ്പോഴും, ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍, ദേശീയമായി നിര്‍ണ്ണയിക്കപ്പെട്ടതായിരുന്നു. അതേസമയം, തൊഴിലിന്‍റെയും, വിപണി സംഘാടനത്തിന്‍റെയും ചര്‍ച്ചചെയ്തു പരിഹരിക്കാവുന്ന പ്രായോഗിക വശങ്ങളുണ്ടായിരുന്നു. യൂണിയനുകളിലേക്കെത്തിച്ച ഈ പ്രശ്നങ്ങളില്‍ പലതും, എലിനോര്‍ ജനിക്കും മുമ്പു പ്രസിദ്ധീകൃതമായ, ഡിക്കന്‍സിന്‍റെ കഠിനകാലത്തി [Hard Times]ല്‍ പ്രശസ്തമാം വിധം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ചാര്‍ട്ടിസത്തിന്‍റെ 1840കളിലെ പതനവും, 1850കളിലെ കമ്മ്യൂണിസ്റ്റ് ലീഗിന്‍റെ പരാജയവുമുണ്ടായിട്ടും, ലോകത്തിലെ തൊഴിലാളി സംഘടനയുടെ ശക്തമായൊരു പാരമ്പര്യം ബ്രിട്ടനുണ്ടായിരുന്നു. ബ്രിട്ടനു പുറത്ത്, ഐക്യ നാടുകളിലും, ആസ്ത്രേലിയയിലും, യൂറോപ്പില്‍ ഭൂരിഭാഗത്തും, അതിന്‍റെ കോളണികളിലും ട്രെയ്ഡ് യൂണിയനുകളും സമരങ്ങളും നിയമപരമായി--- ഭരണകൂടത്താല്‍ --- നിരോധിക്കപ്പെട്ടിരുന്നു. അതിന്‍റെ ഫലമായി, ബ്രിട്ടനിലും അമേരിക്കയിലും വേതനത്തിനും മെച്ചപ്പെട്ട സാഹചര്യത്തിനും വേണ്ടി തൊഴിലാളികള്‍ പണിമുടക്കിയാല്‍, സമരം നിരോധിക്കപ്പെട്ട യൂറോപ്പില്‍നിന്നും കോളണികളില്‍നിന്നും തൊഴിലാളികളെ അടിയന്തിരമായി കപ്പലിലിറക്കും. ആഗോള തൊഴിലാളിപ്പടയുടെ വിഭജിച്ചു ഭരിക്കുകയെന്ന ഈ മനോഭാവത്തിനൊരറുതി വരുത്തുകയായിരുന്നു I W M A യുടെയും ഫസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെയും ഏറെ പ്രായോഗികമായ ലക്ഷ്യങ്ങളിലൊന്ന്.

I W M A യുടെ സ്ഥാപനവും, ഫസ്റ്റ് ഇന്‍റര്‍നാഷണലും, ലോകമെങ്ങും പുതിയ ട്രെയ്ഡ് യൂണിയനുകള്‍ ഉയര്‍ന്നു വന്നതും, 1848ലെ ദേശീയവാദികളുടെ വിപ്ലവങ്ങളുടെ അനുഭവങ്ങളില്‍നിന്നുള്ള  രാഷ്ട്രീയമായ പുരോഗമനമായിരുന്നു. പഴയ, പരാജയപ്പെട്ട, ഈ സാമൂഹിക കലാപത്തിലൂടെ അഭയാര്‍ത്ഥികളും പ്രവാസികളുമായ, മാര്‍ക്സിനെപ്പോലെയുള്ള, “നാല്‍പ്പത്തിയെട്ടുകാരാ”ല്‍ നയിക്കപ്പെട്ട പുരോഗമനം. I W M A സ്ഥാപിക്കുവാനുള്ള സമ്മേളനത്തിന് അച്ഛന്‍ പോകുമ്പോള്‍ ഒമ്പതു വയസ്സായിരുന്ന റ്റസ്സി, അവളുടെ വളര്‍ന്നു വരുന്ന പ്രായത്തില്‍, ആ അന്തരീക്ഷവും, സംഭാഷണങ്ങളും, സംഭവങ്ങളും ആഗിരണം ചെയ്തു. കൂട്ടായ്മയുടെയും, അന്തര്‍ദ്ദേശീയതയുടെയും ശിശുവാണവള്‍. ഈ ആദര്‍ശങ്ങള്‍ അവളുടെ ബാഹ്യജീവിതത്തെ മാത്രമല്ല, അവളുടെ മനസ്സിനെയും, വ്യക്തിത്വത്തെയുമാണ് രൂപപ്പെടുത്തിയത്. എലിനോറിന്‍റെ അന്തര്‍ദ്ദേശീയത തുടങ്ങിയത് അവരുടെ കുടുംബത്തില്‍നിന്നാണ്.

ഫസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ സ്ഥാപന കാലത്തുള്ള കൌതുകമുണര്‍ത്തുന്ന ഒരു ഫോട്ടോയുണ്ട്. മരങ്ങളുള്ള ഒരു പൂന്തോട്ടത്തിന്‍റെയും, വെള്ള മുളവേലിയുടെയും പശ്ചാത്തലത്തില്‍,  റ്റസ്സിയും, കൊച്ചു ജെന്നിയും, ലോറയും, മാര്‍ക്സും, ഏംഗല്‍സുമാണ് ചിത്രത്തില്‍. മൂറും, റ്റസ്സിയുടെ “രണ്ടാനച്ഛനു”മുണ്ടെകിലും, അവളുടെ രണ്ടമ്മമാരും ചിത്രത്തിലില്ല. അവരില്ലാത്ത ഈ കുടുംബചിത്രം അപൂര്‍ണ്ണമായ് കാണപ്പെടുന്നു. എത്രമാത്രം അപൂര്‍ണ്ണമാണെന്ന് ഇനിയുമൊരു മുപ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞേ റ്റസ്സിക്കു വ്യക്തമാകൂ. അന്ന്, ഫോട്ടോയുടെ പുറംചട്ട മറച്ച രഹസ്യങ്ങള്‍ ഈ അപൂര്‍വ്വ ചിത്രം വെളിപ്പെടുത്തും.

രംഗമദ്ധ്യത്തിലാണ് സോല്ലാസമായ ഒരു പുല്‍ത്തൊപ്പി ധരിച്ച റ്റസ്സി; ചേച്ചിമാര്‍ക്കിടയില്‍. അവരാകട്ടെ, പൊരുത്തമുള്ള പാവാടയും, പുഷ്പാലംകൃതമായ വഷളന്‍ തൊപ്പികളും ധരിച്ചിരിക്കുന്നു. അവര്‍ക്കു പിറകിലായി മാര്‍ക്സും ഏംഗല്‍സും. മാര്‍ക്സും, കൊച്ചു ജെന്നിയും, ലോറയും ക്യാമറയുടെ ഷട്ടറിലേക്കു നേരെ നോക്കുന്നു; റ്റസ്സിയും, ഏംഗല്‍സും അതില്‍നിന്നുമകലേക്കും. അവളെക്കണ്ടാല്‍ ഇപ്പോള്‍ സമനില വിടുമെന്ന മട്ടാണ്. അവളെ നിയന്ത്രിക്കാനെന്ന മട്ടില്‍, ലോറ അവളുടെ കൈ പിടിച്ചിരിക്കുന്നു. കണങ്കാല്‍വരെയെത്തുന്ന ബൂട്ടുകളും, കാലുകള്‍ നഗ്നമായും, കാണും വിധമാണ് അവളുടെ വസ്ത്രധാരണം. ഉടുപ്പിനു മുകളില്‍ ഏറെ വലിയൊരു ജാക്കറ്റുമുണ്ട്. വലുപ്പം കൂടിയ കുപ്പായക്കൈ കോമാളിത്തത്തോടെ ചുമലില്‍നിന്നു താഴേക്കൂര്‍ന്നുനില്‍ക്കുന്നു. അതിന്‍റെ വിശാലമായ അറ്റം അവളുടെ മെലിഞ്ഞ കണംകയ്യെ ചുറ്റി പറക്കുന്നു. ചീന ചക്രവര്‍ത്തിനിയുടെ ആചാരപ്രകാരമുള്ള വസ്ത്രമാക്കി മാറ്റിയെടുത്തതാണതെന്നതിന് സംശയമില്ല. റ്റസ്സിയുടെ മുഖത്ത് പ്രസരിപ്പാര്‍ന്ന ഒരു വിനോദഭാവവും, വ്യക്തമായ കുസൃതിയുമുണ്ട്.

അവളെ കണ്ടാല്‍ കുഴപ്പമാണെന്നു തോന്നും.


മൂന്നു സഹോദരിമാരും ഒരുമിച്ചുള്ള നിലവിലുള്ള ഈ ഒരേയൊരു ഫോട്ടോ റ്റസ്സിയും അവളുടെ മുതിര്‍ന്ന ചേച്ചിമാരും തമ്മിലുള്ള ഒരു ദശാബ്ദത്തിന്‍റെ പ്രായവ്യത്യാസം വിസ്മയിപ്പിക്കും വിധം വിശദമാക്കുന്നതാണ്. ലാഭമുള്ള ഒരു ജോലി നേടുകയെന്ന പ്രശ്നമായിരുന്നു ഇക്കാലത്ത് കൊച്ചുജെന്നിയുടെ മനസ്സിനെ ഭരിച്ചത്. അവള്‍, രഹസ്യമായി, ഗവര്‍ണ്ണസ്സായോ, സ്വകാര്യ സെക്രട്ടറിയായോ ജോലി കിട്ടാനുള്ള അവസരങ്ങള്‍ തിരഞ്ഞു. ഏറ്റവും മൂത്ത സഹോദരിയായതിനാല്‍, അച്ഛനമ്മമാരെ സഹായിക്കാന്‍ അവള്‍ വെമ്പല്‍കൊണ്ടു. സാമ്പത്തികാവസ്ഥയുടെ നെല്ലിപ്പടിമേല്‍ കുടുംബം നിരന്തരം ഉലഞ്ഞാടുന്നതിനെക്കുറിച്ചുള്ള തീക്ഷ്ണമായ ബോധം, മൂവരിലും വെച്ച്, അവള്‍ക്കായിരുന്നു. ഇക്കാലമായപ്പോഴേക്കും, ഗവേഷണത്തിലും പകര്‍ത്തിയെഴുത്തിലും മാര്‍ക്സിനെയും ലോറയെയും സഹായിക്കാന്‍ കൊച്ചു ജെന്നി അവരുടെ കൂടെ ബ്രിട്ടീഷ് മ്യൂസിയത്തിലെ വായനശാലയിലേക്ക് പോകുന്നുണ്ടായിരുന്നു. അവള്‍ക്കിഷ്ടമായ, സ്വയമേറ്റെടുത്ത ജോലി.

മക്കളെല്ലാം തന്‍റെ പാത പിന്തുടര്‍ന്നുവെങ്കിലും, മാര്‍ക്സൊരിക്കലും അവരിലാരെയും അതിനു നിര്‍ബ്ബന്ധിച്ചിരുന്നില്ല. ബ്രിട്ടീഷ് മ്യൂസിയത്തിലെ കൊച്ചുജെന്നിയുടെ തനിക്കൊപ്പമുള്ള പുസ്തകത്തീറ്റ അവളുടെ സാമൂഹിക ജീവിതത്തിന്‍റെ സാദ്ധ്യതകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം ആശിച്ചിരുന്നിരിക്കാം. മേയ് ഒന്നിനു ആഘോഷിച്ച അവളുടെ ഇരുപത്തിയൊന്നാം പിറന്നാള്‍  അവളുടെ സാമൂഹിക ജീവിതത്തിന്‍റെ പരിമിതി പകല്‍പോലെ വ്യക്തമാക്കിയിരുന്നു. അന്നുണ്ടായിരുന്ന അതിഥികളില്‍ ഭൂരിപക്ഷം അവളുടെ മാതാപിതാക്കളുടെ സ്നേഹിതരും, I W M A യിലെ രാഷ്ട്രീയ സമകാലീനരുമായിരുന്നു. ആ ആഘോഷത്തില്‍വെച്ചാണ്, ഖേദകരമായി, അവളുടെ അനിയത്തി ലോറയ്ക്ക്, തല്‍ക്ഷണം നിരസിക്കപ്പെട്ട, വിവാഹാഭ്യര്‍ത്ഥന ലഭിക്കുന്നത്.

മാര്‍ക്സിന്‍റെ പെണ്മക്കള്‍ ഒരു പുളിങ്കൊമ്പായിരുന്നു. അവര്‍ വളര്‍ന്നുവന്ന അസാധാരണമായ രീതിയും, സ്ത്രീധനം കിട്ടില്ലെന്ന സാദ്ധ്യതയും കണക്കിലെടുക്കുമ്പോള്‍, എന്തുകൊണ്ടെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ഏംഗല്‍സും മറ്റു സുഹൃത്തുക്കളും കുടുംബത്തെ ധനപരമായി സഹായിക്കുന്നുണ്ടെന്നത് അവരെ ഏറ്റവും അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ, വളരെക്കാലത്തേക്ക്, അറിയുമായിരുന്നുള്ളൂ. അമ്മയെപ്പോലെ സുന്ദരികളല്ല കൊച്ചു ജെന്നിയും ലോറയുമെങ്കിലും, അവരും ശ്രദ്ധ പിടിച്ചു പറ്റുന്നവരും ആത്മസംയമനമുള്ളവരുമായിരുന്നു. മാതാപിതാകളില്‍നിന്ന് അവര്‍ക്കു വശ്യതയും, വാക്സാമര്‍ത്ഥ്യവും, പ്രസരിപ്പും കിട്ടിയിരുന്നു. രണ്ടു പേരും നല്ല വായനക്കാര്‍. ബുദ്ധിശാലികള്‍. യൂറോപ്പിലെ, തീവ്രമായ് പ്രചോദിപ്പിക്കുന്ന, ഏറെ നിന്ദിതനായ, വിപ്ലവ ചിന്തകന്‍റെ സന്താനങ്ങള്‍. എവിടെനിന്നു നിങ്ങള്‍ നോക്കുന്നുവോ, അതിനനുസൃതമായി, ഈ ഗുണങ്ങള്‍ ഒന്നുകില്‍ താല്‍പ്പര്യമുളവാക്കും; അല്ലെങ്കില്‍, അവരെ വിവാഹത്തിനു തീര്‍ത്തും അയോഗ്യരാക്കും.
കുട്ടികളായിരിക്കുമ്പോഴേ മോമും മൂറും കണ്ടുമുട്ടിയിരുന്നതിനാല്‍, ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിന് ലോറയെയും  കൊച്ചു ജെന്നിയെയും സജ്ജമാക്കാനുള്ള പ്രയോജനപ്രദമായ അത്രയൊന്നും അനുഭവം അവര്‍ക്കുണ്ടായിരുന്നില്ല. വഴിവിട്ട സ്വന്തം യൌവ്വനത്തിലെ തെറ്റുകള്‍ അവര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ ഉല്‍ക്കണ്ഠപ്പെട്ടു.  മോഡേനാ വില്ലയിലെ ഒക്റ്റോബര്‍ സല്‍ക്കാരം പോലുള്ള സാമൂഹ്യതന്ത്രങ്ങള്‍ തങ്ങളുടെ പെണ്മക്കള്‍ക്കു വേണ്ടി തങ്ങളേക്കാള്‍ സുരക്ഷിതമായ ഒരു ഭാവിക്കു വഴി പാകുമെന്ന് അവര്‍ പ്രതീക്ഷിച്ചുവെങ്കില്‍, അതിലവര്‍ക്ക്‌ അമ്പേ നിരാശപ്പെടേണ്ടി വന്നു. നിര്‍ണ്ണായകമായ ഒരു കാര്യം മോമും  മൂറും മറന്നു: മക്കളെ സംബന്ധിച്ച്, ശരിക്കും വിജയകരമായ ഒരു ദാമ്പത്യമെന്ന, കൈവരിക്കാന്‍ വിഷമമായ, മനുഷ്യാവസ്ഥയുടെ മാതൃകോദാഹരണങ്ങളായ ആത്മമിത്രങ്ങളാണവരെന്ന കാര്യം.

താനും ചേച്ചിമാരുമൊത്ത് മോമിന്‍റെ പിറന്നാളിനു വൈകിയൊരുക്കുന്ന അപ്രതീക്ഷിതമായ ഒരു സല്‍ക്കാരത്തിനുവേണ്ടി കുറച്ചു കുപ്പി വെള്ളവീഞ്ഞും ചോന്നവീഞ്ഞും ദയവായി കൊടുത്തയക്കണമെന്നു അഭ്യര്‍ത്ഥിച്ചു കൊണ്ട്, 1865 ഫെബ്രുവരിയില്‍, റ്റസ്സി രഹസ്യമായി ഏംഗല്‍സിനെഴുതി. “മമ്മയുടെ സഹായമില്ലാതെ ഞങ്ങള്‍ തനിച്ചു നല്‍കുന്ന സല്‍ക്കാരമായതിനാല്‍, അതു ഗംഭീരമായി നടക്കണമെന്നാണ് ഞങ്ങളാഗ്രഹിക്കുന്നത്.” ഏംഗല്‍സില്‍നിന്നും റ്റസ്സി, കുശലതയോടെ, ഈ സാധനങ്ങളെത്തിക്കാന്‍ ആവശ്യപ്പെട്ടത് അമ്മയ്ക്കു വേണ്ടിയാണ്, അല്ലാതെ, ഏംഗല്‍സിന്‍റെ സ്വന്തം വാലന്‍ റ്റൈനു വേണ്ടിയല്ല. ഒട്ടും താമസിക്കാതെ ഏംഗല്‍സ് വീഞ്ഞെത്തിച്ചു. അടുത്ത ദിവസം അദ്ദേഹത്തിനു റ്റസ്സി ഒരു നന്ദിക്കുറിപ്പയച്ചു: “ഇന്നു രാത്രിക്കേക്കു വേണ്ട വീഞ്ഞും മറ്റെല്ലാമും തയ്യാറായാതിനാല്‍, ഞങ്ങളുല്ലാസത്തോടെ സമയം ചിലവിടും.”

മൂലധനത്തിന്‍റെ  ഒന്നാം വാല്യം പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദ്ദത്താല്‍ ആരോഗ്യവും സിരകളും വലിഞ്ഞു മുറുകി, 1865ലുടനീളം, മാര്‍ക്സ് രോഗിയായി. ഒരു ദശാബ്ദമായി അദ്ദേഹം അതിന്‍റെ പണിപ്പുരയിലായിരുന്നു. മുപ്പതോ അമ്പതോ താളുകളായിത്തുടങ്ങിയ പ്രബന്ധം വളരെ മുമ്പേ അദ്ദേഹത്തിന്‍റെ ആയുസ്സിലെ പുസ്തകമായി വളര്‍ന്നിരുന്നു. വര്‍ഷമൊടുങ്ങും മുമ്പ് ഒന്നാം ഭാഗം തീര്‍ക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു. ശരീരസുഖമില്ലാതിരുന്നിട്ടും, ആവേശവും, അഡ്രിനാലിനും, പുകയിലയും, ഉറക്കമില്ലായ്മയും, കുടുംബത്തിന്‍റെ ഉത്സാഹമേകുന്ന പ്രോത്സാഹനവും നല്‍കിയ ബലത്താല്‍ അദ്ദേഹത്തിന്‍റെ “മസ്തിഷ്കപേടകം” അധികസമയം പ്രയത്നിക്കുന്നുണ്ടായിരുന്നു.

ഡിസംബറില്‍, ഒന്നാം വാല്യം പൂര്‍ത്തിയായതായി അദ്ദേഹം പ്രഖ്യാപിച്ചു. പണമില്ലാത്തതിനാല്‍ ക്രിസ്മസ് ഇല്ലാതെ വന്നു. പക്ഷേ, “ആ നശിച്ച പുസ്തകം” പൂര്‍ത്തിയായത് അവര്‍ക്കാഗ്രഹിക്കാവുന്നതില്‍വെച്ച് ഏറ്റവും നല്ല ക്രിസ്മസ് വരവായിരുന്നു. മൂലധനത്തിന്‍റെ ഒന്നാം ഗഡുവിന്‍റെ പൂര്‍ണ്ണമായ പ്രതിയെഴുതുന്ന അതേ സമയം, ആ വര്‍ഷം ജൂണില്‍ I W M A യുടെ ജനറല്‍ കൌണ്‍സിലിനുള്ള തന്‍റെ പ്രഭാഷണവും അദ്ദേഹം എഴുതുന്നുണ്ടായിരുന്നു. ആ പ്രഭാഷണമാണ്, പിന്നീട്, മൂല്യവും, വിലയും, ലാഭവു [Value, Price and Profit] മായത്. അച്ഛന്‍റെ രചനയുടെ വളര്‍ച്ചയിലെ ഈ രണ്ടു നാഴികക്കല്ലുകള്‍ റ്റസ്സിയുടെ പത്താം വയസ്സിനൊപ്പമായിരുന്നു. അവളും, മൂലധനം വാല്യം ഒന്നും ഒരു ദശാബ്ദം ഒന്നിച്ചു കഴിച്ചു വളര്‍ന്നു. 


അക്കൊല്ലം, ലോറയുടെ ഭാവി വരന്‍റെ രൂപത്തിലെത്തിയ, മറ്റൊരു സംഭവവികാസം കൂടിയുണ്ടായി. 1865 ഫെബ്രുവരി പകുതിയില്‍, പ്രസന്ന സ്വഭാവിയും കാടുകയറിയ മുടിയുമുള്ള പോള്‍ ലഫാര്‍ഗെയെന്ന ഒരു യുവ വൈദ്യ വിദ്യാര്‍ത്ഥി ഫ്രാന്‍സില്‍നിന്ന് ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറി. 1848ലെ വിപ്ലവത്തിന്‍റെ ഫെബ്രുവരി 24ലെ വാര്‍ഷികാഘോഷം, തന്‍റെ ദേശത്തു നിന്നുള്ള കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കുമൊപ്പം കൊണ്ടാടാന്‍ തക്ക സമയത്താണ് അയാള്‍ ലണ്ടനിലെത്തുന്നത്. ഫ്രാന്‍സിലെ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയെക്കുറിച്ചുള്ള ഒരു വിവരണം അയാള്‍  I W M A യുടെ കമ്മറ്റിക്കു സമര്‍പ്പിച്ചു. ആറു മാസം കഴിഞ്ഞപ്പോള്‍, അയാള്‍ റ്റസ്സിയുടെ ഭാവി അളിയനായി.

സാന്തിയാഗോ ഡെ ക്യൂബയില്‍, 1842 ജൂണ്‍ 16നു ജനിച്ച പോള്‍ ലഫാര്‍ഗെ ധനികനായ ഒരു കാപ്പിത്തോട്ടമുടയുടെ ഏക സന്തതിയാണ്. ലഫാര്‍ഗുമാര്‍, അന്നത്തെ ഭാഷയില്‍, സങ്കരരക്തമുള്ളവരായിരുന്നു...mestizo... സങ്കരകുലത്തില്‍പ്പെട്ടവര്‍. ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍. സാമൂഹികമായി അരുകിലേക്കാക്കപ്പെട്ടവര്‍. 1851ല്‍, അയാളുടെ കുടുംബം ഫ്രാന്‍സിലേക്കു കുടിയേറി. അയാളുടെ അച്ഛന്‍ അവിടെ ബോര്‍ദോയില്‍ ഒരു മുതല്‍മുടക്കുകാരനും, വീഞ്ഞു വ്യാപാരിയുമായി. ഫ്രാന്‍സോയ് ലഫാര്‍ഗെ ഫ്രാന്‍സിലേക്കു നീങ്ങിയത് മുഖ്യമായും മകനു നല്ല അവസരങ്ങളൊരുക്കുവാനാണ്. പോളിന്‍റെ സ്കൂള്‍വിദ്യാഭ്യാസം റ്റുളൂസിലായിരുന്നു. വൈദ്യം പഠിക്കാന്‍ ചേര്‍ന്നത് പാരീസ് യൂണിവേഴ്സിറ്റിയിലും. വൈദ്യവകുപ്പ് ലത്തീന്‍ ക്വാര്‍ട്ടറിലായത് ഒരു സൌകര്യമായി. പോള്‍, താമസിയാതെ, വിദ്യാര്‍ത്ഥി രാഷ്ട്രീയവും രണ്ടാം സാമ്രാജ്യ [Second Empire] ത്തോടുള്ള പ്രതിഷേധവുമായി ഇഴുകിച്ചേര്‍ന്നു. 


1865 മാര്‍ച്ച് ആദ്യമാണ് ലഫാര്‍ഗെ ലണ്ടനിലെത്തുന്നത്. വാച്ചു നിര്‍മ്മാതാവും, കൌണ്‍സിലംഗവുമായ യൂജീന്‍ ദ്യൂപോങ്ങിന്‍റെ നാമനിര്‍ദ്ദേശത്തിലൂടെ  I W M A യുടെ ജനറല്‍ കൌണ്‍സിലിലേക്ക് അയാള്‍ തിരഞ്ഞെടുക്കപ്പെട്ടു. സഹവിദ്യാര്‍ത്ഥിപ്രവര്‍ത്തകനായ ചാള്‍സ് ലോംഗെയും കൌണ്‍സിലിലുണ്ടായിരുന്നു. ലഫാര്‍ഗു സ്പെയ്നിലെ തൊഴിലാളി പ്രസ്ഥാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ I W M Aയുടെ ഒരു ഘടകം സ്ഥാപിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. സ്പാനിഷ് നന്നായി വഴങ്ങുമായിരുന്ന പോള്‍, ആയിടെ സ്ഥാപിതമായ സ്പാനിഷ് തൊഴിലാളി ഫെഡറേഷന്‍റെ മുഖപത്രമായ, തൊഴിലാളി [El Obrero] ക്കുവേണ്ടി എഴുതി; മാസാവസാനത്തോടെ സ്പെയ്നിലെ I W M Aയുടെ സെക്രട്ടറിയായി. 1870വരെ അയാള്‍ ആ പദവിയിലിരുന്നു.

ലണ്ടനിലെത്തിയയുടന്‍ ലഫാര്‍ഗു മെയ്‌റ്റ്ലാന്‍ഡ്‌ പാര്‍ക്ക് റോഡില്‍പ്പോയി മാര്‍ക്സിനെ കണ്ടു. “എനിക്ക് 24 വയസ്സായിരുന്നു,” അയാള്‍ പിന്നെടെഴുതി. “ആ ആദ്യസന്ദര്‍ശനം എന്നില്‍പ്പതിപ്പിച്ച മുദ്ര ഞാന്‍ ജീവിച്ചിരിക്കുവോളം ഓര്‍മ്മിക്കും.” ആദ്യ സന്ദര്‍ശനത്തിന്‍റെ മറക്കാന്‍ പറ്റാത്ത ആ മുദ്രണത്തില്‍ ലോറയുമായുള്ള ആദ്യത്തെ കണ്ടുമുട്ടലും പെടും. ഇരു തവണയാണ് മനം മയക്കമുണ്ടായത്. “വശീകരിക്കപ്പെട്ടും, കീഴടക്കപ്പെട്ടു”മാണ് ലഫാര്‍ഗു മാര്‍ക്സിന്‍റെ വീടു വിട്ടത്. ആറു മാസം കഴിഞ്ഞ്, തങ്ങള്‍ പാതിവിവാഹനിശ്ചയത്തിലായെന്ന് ലോറയും പോളും പ്രസ്താവിച്ചു. അഭിന്ദനം മുഴുവനായും വേണോ, അതോ, പാതി മതിയോ എന്നു കളിയാക്കിക്കൊണ്ട് ഏംഗല്‍സ് അമ്പതു പൌണ്ടു ആഘോഷിക്കാന്‍ കൊടുത്തയച്ചു. പൂര്‍ണ്ണവിവാഹനിശ്ചയമായിരുന്നെങ്കില്‍, അദ്ദേഹം ഒരു നൂറു പൌണ്ട് കൊടുത്തയച്ചേനെ. 


1865ശരത്ക്കാലത്ത്, പാരീസ് യൂണിവേഴ്സിറ്റിയില്‍നിന്നും ലഫാര്‍ഗു പുറത്താക്കപ്പെട്ടു. ലെയ്ഷിലെ വിദ്യാര്‍ത്ഥീ ഇന്‍റര്‍നാഷണല്‍ കോണ്‍ഗ്രസ്സിലെ അയാളുടെ പങ്കായിരുന്നു കാരണം. അയാള്‍ ലണ്ടനിലേക്കു താമസം മാറ്റി. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഒരാശുപത്രിയായ സെന്‍റ് ബാര്‍ത്തലോമ്യൂവില്‍ --- ബാര്‍ട്ട്സില്‍ --- ചേര്‍ന്നു. ഒരു ഇംഗ്ലീഷ് വൈദ്യ ബിരുദം നേടാം എന്നായിരുന്നു ആശ. അയാളുടെ റ്റ്യൂറ്റര്‍, ഡോ. കഹിയെ വിപ്ലവകാരിയായ ഒരു അഭയാര്‍ത്ഥിയായിരുന്നു. ബഹിര്‍മുഖനായ ലഫാര്‍ഗുവിനു റ്റസ്സിയെ ക്ഷിപ്രം ഇഷ്ടമായി. “പ്രസന്നഭാവമാര്‍ന്ന ഒരു സുന്ദരിക്കുട്ടി,” എന്നാണു അയാള്‍ പറഞ്ഞത്. അവള്‍ക്കും അയാളെ ഏറെ ഇഷ്ടമായി; അവള്‍ക്കു സ്റ്റാമ്പു നല്‍കുന്ന ശ്രേഷ്ഠമനുഷ്യരില്‍ ചേരാന്‍ അയാളെ അനുവദിച്ചു. റ്റസ്സിയും പോളും ഉറ്റമിത്രങ്ങളായി. ലോറയുടെയും പോളിന്‍റെയും പ്രേമത്തിന്‍റെ ഇടക്കൊക്കെ ക്ഷുബ്ധമാകുമായിരുന്ന  പാതയില്‍ റ്റസ്സി മുഖ്യമദ്ധ്യസ്ഥയായി.     
  
പ്രിയങ്കരനായ ഒരു വല്ല്യേട്ടന്‍റെ ശ്രദ്ധ പോള്‍ റ്റസ്സിക്കു നല്‍കി; വളര്‍ത്തുമൃഗങ്ങളോടുള്ള അവളുടെ സ്നേഹത്തില്‍ ഭാഗഭാക്കായി. മാത്രമല്ലാ, സ്പാനിഷും, ലത്തീനമേരിക്കനുമായ എല്ലാ കാര്യങ്ങളിലുമുള്ള പോളിന്‍റെ രാഷ്ട്രീയമായ ഇടപെടല്‍, റ്റസ്സിയുടെ, അത്ര വിദൂരമല്ലാത്ത ഭാവിയിലുള്ള, രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കും, ആവേശഭരിതമായ, ചാരപ്രവര്‍ത്തനത്തിലേക്കുമുള്ള ചുവടുവെപ്പില്‍ നിര്‍ണ്ണായകമായി മാറുന്നതു കാണാം.

ഇപ്പോഴത്തേക്ക്, രാഷ്ട്രീയപ്രവര്‍ത്തനത്തിനു എത്രമാത്രം ഊര്‍ജ്ജം സമര്‍പ്പിച്ചുവോ, അത്രയും ഊര്‍ജ്ജം ലോറയെ വശത്താക്കുന്നതിനു പോള്‍ വിനിയോഗിച്ചു. ഊര്‍ജ്ജതന്ത്രവും, രസതന്ത്രവും പഠിക്കാന്‍ ബാര്‍ട്ട്സില്‍ അയാളെത്ര സമയം ചെലവാക്കിയെന്നത് ചിന്താവിഷയമാണ്. തന്നെപ്പോലെ പോളിനും ജനപ്രിയനോവലുകള്‍ ഇഷ്ടമാണെന്ന് റ്റസ്സി മനസ്സിലാക്കി. വാള്‍ട്ടര്‍ സ്കോട്ട്, പോള്‍ ഡീ കോക്ക്, അലക്സാന്ദ്രെ ഡ്യൂമാസ് സീനിയര്‍ എന്നിവരെക്കുറിച്ചു അവള്‍ അയാളോടു ചോദ്യങ്ങള്‍ ചോദിച്ചു; മൂര്‍ വീട്ടിലില്ലാത്തപ്പോള്‍, അദ്ദേഹത്തിന്‍റെ പഠനമുറിയിലെ സോഫയില്‍ അയാള്‍ക്കൊപ്പമിരുന്നു വായിച്ചു. അച്ഛന്‍ കൊടുത്ത പണം പോള്‍ ഉദാരമായി ചിലവാക്കി; കൃതജ്ഞതയാര്‍ന്ന റ്റസ്സിക്ക് പുതിയ പുസ്തകങ്ങള്‍ കൊടുത്തു സല്‍ക്കരിച്ചു. അങ്ങകലെ ജര്‍മ്മനിയിലായിരുന്ന അച്ഛന് അവളെഴുതി:

പോളെനിക്ക് സ്ഥിരമായി പുസ്തകങ്ങള്‍ തരുന്നു. കൂപ്പറുടെ മാന്‍കൊല്ലി, വീട്ടിലേക്ക്, എപ്പിംഗ്ഹാം ... ദു:ഖവെള്ളിയാഴ്ച്ച ഞാന്‍ കുരിശു വരച്ച 16 ചൂടു ബന്നു തിന്നു. ലോറയും ജെന്നിയും 8 തിന്നു. പോളും ലോറയും കൂടി മൂന്നുവട്ടം  കുതിരസവാരി പഠിച്ചു. സവാരിവേഷത്തില്‍ ലോറയെ കാണാന്‍ ഭംഗിയുണ്ട്. പോളിനു കുറച്ചു പരിഭ്രമമുണ്ട്.

കത്തു കിട്ടിയ മാര്‍ക്സിനെ റ്റസ്സിയുടെ റിക്കാര്‍ഡു ഭേദിക്കുന്ന ബന്നു തീറ്റി അത്ര അലട്ടിയിട്ടുണ്ടാവില്ല. അതിലേക്കാളേറെ അലട്ടിയത്, തന്‍റെ അഭാവത്തില്‍, ലഫാര്‍ഗു വീട്ടില്‍ താമസമാക്കിയതാകണം. കുടുംബത്തിലെ സ്ത്രീകള്‍ക്ക് പോളിനോടുള്ള ആരാധന വെച്ചുനോക്കുമ്പോള്‍, അവര്‍ അയാളെ ലാളിക്കുന്നുണ്ടാകണം. “ഈ ചെറുപ്പക്കാരന്‍ ആദ്യം എന്നോടടുത്തു. പക്ഷേ, താമസിയാതെ ഈ വയസ്സനെ വിട്ട്, എന്‍റെ മകളിലേക്ക് ശ്രദ്ധ മാറ്റി.”

മൂലധനത്തിന്‍റെ ഒന്നാം ഭാഗം പൂര്‍ത്തിയായതുകൊണ്ടും, ലഫാര്‍ഗു അവരുടെ ജീവിതത്തിലേക്കു വന്നതു കൊണ്ടും, അപ്പോഴും അല്ലലറിയാത്ത റ്റസ്സിക്ക് 1865 നല്ലൊരു കാലമായിരുന്നു. അവളുടെ പിറന്നാളു കഴിഞ്ഞ്  രണ്ടു മാസത്തിനു ശേഷം, കുടുംബവുമൊത്ത് അവള്‍ വിരുന്നുകളില്‍ ഹരമായിരുന്ന “കുമ്പസാരം” എന്ന കളിയിലേര്‍പ്പെട്ടു. അവള്‍ കളിക്കാനുപയോഗിച്ച കടലാസ്, പത്തുവയസ്സുള്ള അവളുടെ പ്രബലമായൊരു സ്വയം വിലയിരുത്തല്‍ നല്‍കുന്നുണ്ട്. ഇവയിലെ ഏതൊക്കെ താല്‍പ്പര്യങ്ങള്‍ അവള്‍ക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ തുടരുമെന്നും, മാറുമെന്നും കാലം വെളിപ്പെടുത്തും. മറ്റെല്ലാ ഇനങ്ങളും ആത്മവിശാസത്തോടെ പൂരിപ്പിച്ച മരംകേറി റ്റസ്സി വിട്ടു കളഞ്ഞത് സ്ത്രീകളില്‍ അവളിഷ്ടപ്പെടുന്ന ഗുണമാണെന്നത് രസകരമാണ്.

     ഇഷ്ട ഗുണം: സത്യം
     പുരുഷനില്‍ ഇഷ്ടപ്പെടുന്ന ഗുണം: ധൈര്യം
     സ്ത്രീകളില്‍ ഇഷ്ടപ്പെടുന്ന ഗുണം: _______
     മുഖ്യസ്വഭാവം: ജിജ്ഞാസ
     സന്തോഷമെന്നാല്‍: ഷാമ്പെയിന്‍
     ദു:ഖമെന്നാല്‍: പല്ലു വേദന
     ഏറ്റവുമധികം മാപ്പാക്കുന്ന തിന്മ: മടി പിടിക്കുന്നത്
     ഏറ്റവും വെറുക്കുന്നത്: ഈവിന്‍റെ പരിശോധകന്‍
     ഇഷ്ടമില്ലാത്തത്: തണുത്ത ആട്ടിറച്ചി
     ഇഷ്ട ജോലി: വ്യായാമം
     ഇഷ്ട കവി: ഷേക്സ്പിയര്‍
     ഇഷ്ട നോവലിസ്റ്റ്: ക്യാപ്റ്റന്‍ മാരിയറ്റ്
     ഇഷ്ട നേതാവ്: ഗരിബാള്‍ഡി
     ഇഷ്ട നായിക: ലേഡി ജെയിന്‍ ഗ്രേ
     ഇഷ്ട പുഷ്പം: എല്ലാ പൂക്കളും
     ഇഷ്ട നിറം: വെള്ള
     ഇഷ്ടപ്പെട്ട പേരുകള്‍: പേഴ്സി, ഹെന്‍ട്രി, ചാള്‍സ്, എഡ്വാര്‍ഡ്
     ഇഷ്ടപ്പെട്ട മുദ്രാവാക്യം: “മുന്നോട്ട്”     
   

1.       സലോമന്‍ വോണ്‍ മൊസെന്താളിന്‍റെ, വിയന്നയില്‍ അന്നു ജനപ്രിയമായിരുന്ന, അതിനാടകീയമായ നോവലിനെ ആസ്പദമാക്കിയ അഗസ്തിന്‍ ഡാലിയുടെ ഈ നാടകം, പതിനേഴാം നൂറ്റാണ്ടിലെ ജര്‍മ്മനിയുടെ പശ്ചാത്തലത്തില്‍, ഒരു ക്രിസ്ത്യന്‍ കര്‍ഷകനുമായി [റുഡോള്‍ഫ്] പ്രേമത്തിലാകുന്ന ഒരു യഹൂദപ്പെണ്‍കുട്ടിയുടെ [ലിയാ] കഥയാണ് പറയുന്നത്.

2. ഫിര്‍ദൌസിയുടെ വിവരണമനുസരിച്ച്, എല്ലാം തുല്യമായി പങ്കു വെച്ച്, ഒരുമിച്ച്, രാജ്യം ഭരിക്കണമെന്ന അമ്മയുടെ നിര്‍ദ്ദേശം പോരടിക്കുന്ന രണ്ടു രാജ സഹോദരന്മാര്‍ക്ക് സ്വീകാര്യമായില്ല. അവര്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തില്‍ വേവലാതി പൂണ്ട അമ്മ റാണി കൊട്ടാരം കത്തിച്ചു നിലം പൊത്തിച്ചു; ആചാര പ്രകാരം താന്‍ സതിയാകുമെന്ന് ഭീഷണി മുഴക്കി. വിജയിയായ, രാജിയാകാന്‍ സമ്മതമുണ്ടായിരുന്ന ഗവ് എന്ന മകന്‍ അവരുടെ സതി തടയാനും, സാന്ത്വനപ്പെടുത്താനും ഈ കളിയുണ്ടാക്കി; തേക്കുകൊണ്ടും ആനക്കൊമ്പുകൊണ്ടുമുള്ള, വിവിധ രീതികളില്‍ നീങ്ങുന്ന, കാലാളുകളും അശ്വാരൂഢരുമടങ്ങുന്ന രണ്ടു പടകളുള്ള ഒരു പോര്‍ക്കളത്തിന്‍റെ രൂപത്തില്‍, നൂറു കളങ്ങളായിത്തിരിച്ച എബണിയില്‍ത്തീര്‍ത്ത ഒരു പലകയുണ്ടാക്കി. കളിയുടെ നിയമമനുസരിച്ച്, ശത്രുക്കള്‍ രാജാവിനെ വളയുകയും, രക്ഷാമാര്‍ഗ്ഗമില്ലാതാക്കുകയും ചെയ്യും. അത്തരുണത്തില്‍, അയാള്‍ മരിക്കണമെന്ന കല്‍പ്പനയുണ്ടാകും --- ശഹമാത്ത് --- ചെക്ക്മേറ്റ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...