2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

എലിനോർ:4. പുസ്തകത്തീറ്റ


          നവംബര്‍ 1860ല്‍ മോമിന്‍റെ ദേഹത്താകെ വസൂരിക്കുരു പൊങ്ങി. ജെന്നര്‍ തന്‍റെ വാക്സിന്‍ കണ്ടുപിടിച്ച് അറുപത്തിയഞ്ചുകൊല്ലം കഴിഞ്ഞിരുന്നുവെങ്കിലും, ഈ പകര്‍ച്ചവ്യാധി അപ്പോഴും കൊല്ലാന്‍ കഴിവുള്ളതായിരുന്നു. പാര്‍ലിമെന്‍റ്, 1853ല്‍, വസൂരിക്കുള്ള കുത്തിവെപ്പ് നിര്‍ബ്ബന്ധമാക്കിയിരുന്നു. അതുകൊണ്ട്, റ്റസ്സിക്കു കുത്തിവെപ്പു നടത്തിയിട്ടുണ്ടായിരുന്നു. അവളെയും സഹോദരിമാരെയും, കെട്ടും പെട്ടിയുമായി, തൊട്ടടുത്ത്, കെന്‍റിഷ് ഠൌണില്‍, താമസിക്കുന്ന ലീബ്നെക്റ്റുമാരുടെ വീട്ടിലേക്കു മാറ്റി. ക്രിസ്തുമസ്സു വരെ അവിടെയാണ് അവര്‍ തങ്ങിയത്.
     ലൈബ്രറിയുടെയും ഏണ്‍സ്റ്റൈനിന്‍റെയും കൂടെ അഞ്ചു വയസ്സുള്ള റ്റസ്സിക്കു സുഖമായിരുന്നു. പക്ഷെ, അച്ഛനമ്മമാരെക്കാണാതെ അവള്‍ വിഷമിക്കുകയുണ്ടായി. ലൈബ്രറിയുടെ വീട്ടുജാലകത്തിലൂടെ ഒരു ദിവസം അച്ഛനെ തെരുവില്‍ കണ്ടപ്പോള്‍, അവള്‍ വേട്ടക്കാരുടെ പരുഷ ശബ്ദത്തില്‍ കൂവി വിളിച്ചു: “എടോ, മൂപ്പരേ!” കുട്ടികള്‍, കാണപ്പെടുകയല്ലാതെ, ഒച്ചയിടരുതെന്ന വിക്റ്റോറിയന്‍ ശാസനം അവള്‍ക്കു ബാധകമല്ലായിരുന്നുവെന്ന് വ്യക്തം.
ലീബ്നെക്റ്റുമാരൊപ്പം താമസിക്കുന്നതു കൊണ്ടു, റ്റസ്സിക്കു രാവും പകലും അവളുടെ ഉറ്റചങ്ങാതിയായ ആലീസുമൊത്ത് കളിക്കാമെന്നായി. ആലീസും റ്റസ്സിയും തമ്മിലുള്ള, അവരുടെ രണ്ടമ്മമാരുടെയും അടുപ്പം നിഴലിപ്പിച്ച, സൗഹൃദം അവര്‍ മുതിര്‍ന്നപ്പോഴും തുടര്‍ന്നു.
ക്രിസ്തുമസ്സിനു സഹോദരിമാര്‍ വീട്ടിലേക്കു മടങ്ങിയപ്പോള്‍, അവിടത്തെ അന്തരീക്ഷം മൂകമായിരുന്നു. രോഗം മോമിനെ വിഷാദവതിയാക്കിയിരുന്നു. വസൂരിക്കലകള്‍ തന്‍റെ രൂപത്തെ വല്ലാതെ മാറ്റിയെന്നും, മുമ്പത്തെ യൌവ്വനലാവണ്യം നശിപ്പിച്ചുവെന്നും അവര്‍ വിശ്വസിച്ചു. പുറമേക്ക്, അവരതിനെപ്പറ്റി കളിയായാണ് സംസാരിച്ചത്. തന്‍റെ മുഖമിപ്പോഴും “വസൂരിക്കലകൊണ്ടും, ഇപ്പോള്‍ പരിഷ്ക്കാരത്തിലുള്ള ഒരിളം ചുവപ്പു നിറം {മജന്ത} കൊണ്ടും വികൃതമായിരിക്കുന്നു”വെന്ന് അവര്‍ ലൂയി വെയ്ദേമേയറിനെഴുതി.
പൊതുവേയുള്ള വിഷാദാന്തരീക്ഷത്തില്‍, റ്റസ്സിയുടെ ആറാം പിറന്നാള്‍ തിളക്കമുള്ളതാക്കാന്‍ അച്ഛനവള്‍ക്കൊരു സവിശേഷ സമ്മാനമേകി. “പുസ്തകത്തീറ്റ”യാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലിയെന്ന് മൂര്‍ എപ്പോഴും പറയുമായിരുന്നു. ഈയൊരു കഴിവിപ്പോള്‍ അദ്ദേഹം എലിനോറിലേക്ക് പകര്‍ന്നു. ജനുവരി 16 ബുധനാഴ്ച്ച, അവള്‍ ക്യാപ്റ്റന്‍ മാരിയറ്റിന്‍റെ “പീറ്റര്‍ സിമ്പിളി”ന്‍റെ സമ്പൂര്‍ണ്ണ സമാഹാരമടങ്ങുന്ന പൊതിയഴിച്ചു. അവള്‍ വായിക്കുന്ന ആദ്യത്തെ നോവലാണത്. നെപ്പോളിയന്‍റെ യുദ്ധങ്ങളില്‍ പങ്കെടുക്കാന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനായ സിമ്പിളിനൊപ്പം അവള്‍, മ്ലാനതയാര്‍ന്ന വടക്കന്‍ ലണ്ടന്‍ വിട്ട്, കടലിലൂടെ യാത്രയായി. വന്‍കപ്പലുകളെയും, കമ്പക്കയറിട്ടുകെട്ടിയ ഇരുപായകളുള്ള കപ്പലുകളെയും, നാവികരുടെ ഭാഷയെയും, പീരങ്കികളെയും, കപ്പലുകളുടെ വെടിയുതിര്‍ക്കുന്ന പാര്‍ശ്വങ്ങളെയും, കരിഞ്ചെള്ളുകളെയും, കപ്പലിലെ ബിസ്കറ്റുകളെയും, കഠാരികളെയും, മദ്യവീപ്പകളെയും അവള്‍ അനുധാവനം ചെയ്തു. നന്നായി വിറ്റഴിഞ്ഞിരുന്ന ഈ വിക്റ്റോറിയന്‍ നോവലില്‍ മുഴുകിയിരിക്കുമ്പോള്‍ റ്റസ്സി പെട്ടെന്നു പൊട്ടിച്ചിരിക്കും. പീറ്റര്‍ സിമ്പിളിന്‍റെ നാവികനേതാവായ, മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ രോഗം നടിക്കുന്ന, ക്യാപ്റ്റന്‍ കീര്‍ണ്ണിയുടെ അപഹാസ്യമായ, അടക്കാനാകാത്ത അതിശയോക്തികള്‍ വായിച്ചിട്ടാണീ ചിരി.
മാരിയറ്റാണ് നാവിക സാഹസിക കഥകളുടെ പിതാവ്. അവയില്‍നിന്നാണ്‌ പിന്നീട് ഇത്തരം ഇതര കഥകള്‍ പിറവിയെടുക്കുന്നത്. മാരിയറ്റെന്ന എഴുത്തുകാരനിലൂടെയാണ് റ്റസ്സി തന്‍റെ കടല്‍പ്രേമവും, തനിക്കുള്ളിലെ ആണ്‍വേഷം കെട്ടിയ നാവികനെയും കണ്ടെത്തുന്നത്.

മാരിയറ്റിന്‍റെ കടല്‍ക്കഥകളാല്‍ ആവേശം പൂണ്ട ആ കൊച്ചുകുട്ടി താനൊരു പോസ്റ്റ് ക്യാപ്റ്റനാകുമെന്നു (അതെന്തോയെന്തോ) പ്രഖ്യാപിച്ചുകൊണ്ടു അച്ഛനെ ഉപദേശത്തിനായി സമീപിച്ചു. “ഒരു യുദ്ധവീരനൊപ്പം ചേരുന്നതിനു ഒരാണ്‍കുട്ടിയായി വേഷമിട്ട് തനിക്കൊളിച്ചോടാമോ” എന്നു ചോദിച്ചു. അതു സാധിച്ചേക്കാം എന്നദ്ദേഹം ഉറപ്പുകൊടുത്തു. പദ്ധതികളെല്ലാം ശരിയാകുന്നതുവരെ, പക്ഷെ, സംഗതി ആരോടും പറയരുതെന്നുകൂടി പറഞ്ഞു.1

     ഫ്രഞ്ചു പടക്കപ്പലുകളോടും, ലാഭാക്കൊതിയന്‍മാരോടും പോരടിച്ചുകൊണ്ടുള്ള കടലിലെ ജീവിതമെന്ന പ്രലോഭനമാണ്‌ മാരിയറ്റ് വെച്ചു നീട്ടിയത്. റ്റസ്സിയുടെ അടുത്ത സാഹസിക കഥകള്‍ അവളെ പുതിയ ദേശമായ അമേരിക്കന്‍ വെസ്റ്റിലേക്കു കൊണ്ടുപോയി. മാരിയറ്റിനോടുള്ള  അവളുടെ ആവേശം കണ്ട്, മാർകസ്‌വൾക്കു, അമേരിക്കൻ സ്‌കോട്ടെന്നു അവൾ വിശേഷിപ്പിച്ച ജെയിംസ് ഫെനിമോർ കൂപ്പറെ പരിചയപ്പെടുത്തി താമസിയാതെ, റ്റസ്സിയുടെ ജീവിതം ആദിവാസിക്കൂടാരങ്ങളിലായി. അവൾ നാറ്റി ബംപോയ്ക്കും ചിംഗാംചൂക്കിനുമൊപ്പം സവാരി ചെയ്തു. ഖണ്ഡശ്ശയായി പുറത്തുവന്ന ചിംഗാംചൂക്കിന്‍റെ ജീവിതത്തിൽ തുകൽ കാലുറയിട്ടവനായും, വഴി കണ്ടുപിടിക്കുന്നവനായും, മാനിനെ കൊല്ലുന്നവനായും അയാൾ കെട്ടിയ പല വേഷങ്ങളെയും അവൾ പിന്തുടർന്നു. റെഡ് ഇന്ത്യാക്കാരുടെയും, മുഷ്ടി യുദ്ധത്തിന്‍റെയും, തല കൊയ്യുന്നതിന്‍റെയും ചെകുത്താൻ മഗ്വയുടെയും, ഉത്തമനായ ചിംഗാംചൂക്കിന്‍റെയും, വായാടികളായ ക്രിയോളുകളുടെയും, ക്വാഡ്രൂണുകളുടെയും ലോകമായിരുന്നു അത്.  
         അവളുടെ മൂർച്ചയേറിയതും സഹജവുമായ നിരീക്ഷണപ്രകാരം, ചിംഗാംചൂക്കും നാറ്റി ബപ്പോയും തമ്മിലുള്ള അനശ്വരബന്ധത്തിൽ അവളുടെ ദാദയെയും ഏംഗൽസിനെയും ഓർമ്മിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നോ? ഈ രണ്ടു മനുഷ്യര്‍ക്കുമിടയിലെ ഒരുമ, ഡി. എച്ച്. ലോറന്‍സ് പറഞ്ഞതുപോലെ, “സമ്പത്തിനെക്കാള്‍, പിതൃത്വത്തെക്കാള്‍, വിവാഹബന്ധത്തെക്കാള്‍, പ്രണയത്തെക്കാള്‍ ആഴമുള്ള” അവരുടെ ബന്ധം, ഒരു പുതിയ സമൂഹത്തിന്‍റെ കേന്ദ്രമായിട്ടാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. റ്റസ്സിയുടെ മാതാപിതാക്കളുടെ വളര്‍ച്ചയിലെത്ര പ്രാധാന്യം മാര്‍ക്സും ഏംഗല്‍സും തമ്മിലുള്ള ഒരുമക്കുണ്ടായിരുന്നോ, അത്ര തന്നെ പ്രാധാന്യം അതിനവളുടെ ബാല്യകാലവളര്‍ച്ചയിലുമുണ്ടായിരുന്നു.
കുറച്ചു അമേരിക്കന്‍ “വീരവനിതകളെ” മാറ്റിനിര്‍ത്തിയാല്‍, കൂപ്പറുടെ സ്ത്രീകളെല്ലാം, ഒന്നുകില്‍, പുണ്യവാളത്തികളും ഉള്‍വലിയുന്നവരുമായ ഗോതമ്പു നിറമുള്ള ലില്ലികളായിരുന്നു; അല്ലെങ്കില്‍, യുവതികളെക്കുറിച്ചുള്ള സ്ഥിരം മാതൃകകളില്‍നിന്നു വാര്‍ത്തെടുത്ത, മോഹിനികളായി മാറാവുന്ന, പതിയെ പുകയുന്ന ഇരുള്‍മുടിക്കാരികളായിരിക്കും. ഇവരെപ്പറ്റി ജെയിംസ് ലോവെല്‍ സ്മരണാര്‍ഹമായി തന്‍റെ  “വിമര്‍ശകര്‍ക്കുള്ള കഥ”യില്‍ ഇങ്ങിനെ പറഞ്ഞിട്ടുണ്ട്: 

ഒരേ മാതൃകയില്‍ നിന്നയാള്‍ വാര്‍ത്തെടുക്കുന്ന സ്ത്രീകള്‍ക്കു വൈവിധ്യമില്ല.          
എല്ലാം മേപ്പിളുകള്‍ പോലെ പാലു നിറഞ്ഞവയും പുല്‍മേടു പോലെ പരന്നതും.

നിറയെ പാലുള്ള മേപ്പിളുകളില്‍ റ്റസ്സിക്കു താല്‍പ്പര്യമില്ലായിരുന്നു. അവളുടെ ശ്രദ്ധ മുഴുവന്‍ പാപ്പാസ്സ് അണിഞ്ഞവരിലായതിനാല്‍, അവരവളുടെ കണ്ണില്‍പ്പെട്ടതേയില്ല2. ലോറന്‍സ്, വ്യക്തമായും രസകരമായി, പറഞ്ഞതു പോലെ, കൂപ്പറുടെ വൈല്‍ഡ് വെസ്റ്റില്‍ ഒരിക്കലും മഴ പെയ്യാറില്ല: അവിടെ തണുപ്പോ, ചെളിയോ, ഇരുട്ടോ ഇല്ല. ആര്‍ക്കും നനഞ്ഞ പാദങ്ങളില്ല; പല്ലുവേദനയില്ല. ഒരാഴ്ച്ച കുളിക്കാതിരുന്നാല്‍പോലും ആര്‍ക്കും മാലിന്യമനുഭവപ്പെടില്ല. “ദൈവത്തിനറിയാം,” ലോറന്‍സ് വിചാരപ്പെടുന്നു, “അവിടത്തെ പെണ്ണുങ്ങള്‍ കണ്ടാലെങ്ങിനെയിരിക്കുമെന്ന്‍. സോപ്പും, ചീര്‍പ്പും, തോര്‍ത്തുമില്ലാതെയല്ലേ കാട്ടിലൂടെയുള്ള അവരുടെ ഓട്ടം. രാവിലെ അവര്‍ ഒരു കഷണം ഇറച്ചി തിന്നാലായി. ഉച്ചക്കും, രാത്രിക്കും അതു തന്നെ തീറ്റ.”
     മുടി ചീകുന്നതും, ഇരുന്നു ഭക്ഷണം കഴിക്കാനുള്ള കൊച്ചു ലെന്നിന്‍റെ നിര്‍ദ്ദേശത്തെയും രൂക്ഷമായി എതിര്‍ത്തിരുന്ന റ്റസ്സിക്ക് ഈ ജീവിതരീതി ഇഷ്ടപ്പെടുമായിരുന്നുവെന്നു തോന്നുന്നു. അവളെ ഒരു പാത്രം പാലു ഒറ്റയിറക്കിനു കുടിപ്പിക്കാനും, ഒരു കഷണം റൊട്ടി കയ്യില്‍ പിടിപ്പിക്കാനും മാത്രമേ തനിക്കു കഴിയാറുള്ളൂവെന്നാണ് കൊച്ചു ലെന്‍ പരാതിപ്പെട്ടത്. റൊട്ടിയും കയ്യില്‍പ്പിടിച്ച്, കൂട്ടുകാരുമൊത്തു കളിക്കാന്‍ അവള്‍ തെരുവിലേക്കോടും. പിന്നീടവരെയെല്ലാം തിരിച്ചു വീട്ടിലേക്കു ഹാര്‍ദ്ദമായി ക്ഷണിച്ചു കൊണ്ടു വരും; വീടു കൂടുതല്‍ അലങ്കോലമാക്കാന്‍.  
     സാമ്പ്രദായികമായ ഉപചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മോമിനോ, മൂറിനോ താല്‍പ്പര്യമുണ്ടായിരുന്നില്ല. അംഗീകൃതമായ ചരിത്രാഭിപ്രായപ്രകാരം, ജെന്നി മാര്‍ക്സിനെ സാമൂഹികമായും, ലൈംഗികമായും ഒരു യാഥാസ്ഥിതികയായിട്ടാണ്, തെറ്റായി, ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍, അവര്‍ ഉദാരമതിയായ ഒരമ്മയായിരുന്നു. ശീലിച്ചെടുത്ത നാട്യങ്ങളോട് അവര്‍ക്കു പഥ്യമില്ലായിരുന്നു. തന്‍റെ സുഹൃത്തുക്കളില്‍ ചിലരുടെ മക്കളുടെമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടുള്ള തന്‍റെ വിയോജിപ്പ്‌ അവര്‍ ഏണ്‍സ്റ്റൈനിനു എഴുതി: “കുട്ടികള്‍ സദാ നിരീക്ഷണത്തിലാണ്. അവരോടെപ്പോഴും അച്ചടക്കം പാലിക്കാന്‍ ആവശ്യപ്പെടുകയാണ്: അവര്‍ തിന്നുന്നത് ശരിയായിരിക്കണം; അവര്‍ മിണ്ടുന്നത് നേരെയായിരിക്കണം. കല്‍പ്പനയനുസരിച്ച് ചെയ്യേണ്ടാത്ത ഒരേയൊരു കാര്യം കുടിയാണ്. തീന്മേശയില്‍ ബിയറോ, വീഞ്ഞോ ഇല്ലായിരുന്നുവെന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി...ഇതു വരെയായിട്ടും കുട്ടികള്‍ മദ്യം രുചിച്ചിട്ടില്ല.” തന്‍റെ അത്താഴം ആസ്വദിക്കാന്‍ പാടുപെടുന്ന ഒരു കുട്ടിയോട് അവര്‍ക്ക് അനുതാപമുണ്ടായി. “ഒരു താറാവിന്‍റെ കാലു കൈകാര്യം ചെയ്യാനാകാതെ അവന്‍ കുഴങ്ങുകയായിരുന്നു. അതില്‍നിന്ന് ഒരു ശകലം ഇറച്ചി കിട്ടാന്‍ അവന്‍ വല്ലാതെ കൊതിച്ചു. പക്ഷെ, ആ എല്ലിന്മേല്‍ ഒന്നു തൊടാന്‍പോലും അവന്‍ തന്‍റേടമുണ്ടായില്ല (ഗവര്‍ണ്ണസ്സുമാരുടെ കണ്ണുകളില്‍നിന്നു കുട്ടികള്‍ക്ക് രക്ഷയില്ല).”
     റ്റസ്സിയുടെ തിരക്കിട്ട ബാല്യകാലത്തില്‍ ഒരൊറ്റ ദിവസം പോലും സ്കൂള്‍ ശല്യപ്പെടുത്തിയില്ല. ഫ്രെഞ്ചും, സംഗീത ചിഹ്നങ്ങളും അവള്‍ സഹോദരിമാരില്‍നിന്നാണ് പഠിച്ചത്. സമകാലീന നാടകം അമ്മയില്‍നിന്നു പഠിച്ചു. പുസ്തകങ്ങളും, അച്ഛന്‍റെ പഠനമുറിയുമായിരുന്നു അവളുടെ ക്ലാസ്സുമുറി; മാര്‍ക്സ് അവളുടെ അദ്ധ്യാപകനും. മാരിയറ്റും കൂപ്പറും ആഹരിച്ചതിനു ശേഷം, സ്കോട്ടിനോടുള്ള ആവേശം കടലിലേക്കോ, അമേരിക്കയിലേക്കോ ഒളിച്ചോടിപ്പോകുന്നതില്‍നിന്നും അവളുടെ ശ്രദ്ധ തെറ്റിച്ചു. അയര്‍ലണ്ടിനെ ഇളക്കിമറിക്കാനും, യാക്കോബൈറ്റുകളായ “നാല്‍പ്പത്തിയഞ്ചുകാരെ” പുനരുജ്ജീവിപ്പിക്കാനുമുള്ള തന്ത്രങ്ങളായി അവളുടെ മനസ്സില്‍. കാംബെല്ലിന്‍റെ വെറുക്കപ്പെട്ട കുലത്തില്‍ ഭാഗികമായി അവള്‍ പെട്ടേക്കാമെന്ന സൂചനയോടെ മാര്‍ക്സ് അവളെ കളിയാക്കിയപ്പോള്‍ അവള്‍, പക്ഷേ, ശരിക്കും പേടിച്ചുപോയി.
സ്കോട്ടിനോടും, ബെല്‍സാക്കിനോടും, ഫീല്‍ഡിങ്ങിനോടുമുള്ള തന്‍റെ ഇഷ്ടവും ആദരവും മാര്‍ക്സ് എലിനോറിനു പകര്‍ന്നു കൊടുത്തു. അങ്ങേയറ്റം രസകരമായ രൂപത്തിലുള്ള, ചതുരനായ ഒരദ്ധ്യാപകനായ അച്ഛന്‍റെ കീഴിലുള്ള, വീട്ടില്‍വെച്ചുള്ള ഒരു പഠനമായിരുന്നു അത്.            
“ഇവയെപ്പറ്റിയും, മറ്റു നിരവധി പുസ്തകങ്ങളെപ്പറ്റിയും സംസാരിക്കുമ്പോള്‍, അവളറിയാതെയാണെങ്കിലും, പുസ്തകങ്ങളില്‍ നല്ലതും മേന്മയേറിയതും എവിടെ തിരയണമെന്ന് അദ്ദേഹം കാട്ടിക്കൊടുക്കും; ചിന്തിക്കാനും, അവനവനെ മനസ്സിലാക്കാനും അദ്ദേഹം അവളെ പഠിപ്പിക്കും... പക്ഷെ, തന്നെ പഠിപ്പിക്കുകയാണെന്നു അവള്‍ക്കൊരിക്കലും തോന്നിയിരുന്നില്ല; തോന്നിയിരുന്നെങ്കില്‍ അവളെതിര്‍ത്തേനേ...”
ഔപചാരിക വിദ്യാഭ്യാസം തനിക്കൊട്ടും കിട്ടിയില്ലെന്ന് പില്‍ക്കാലജീവിതത്തില്‍ റ്റസ്സി പരാതിപ്പെടും. വീട്ടിലെ, അച്ഛനുമൊത്തുള്ള,  അവളുടെ പഠിത്തമായിരുന്നൂ, സത്യത്തില്‍, അവളുടെ സഹോദരിമാരുടെ വിദ്യാഭ്യാസത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടത്. പെണ്‍കുട്ടികള്‍ക്കുള്ള ലൈസന്‍സില്ലാത്ത വിവിധ വിദ്യാലയങ്ങളിലാണ് അവര്‍ പഠിച്ചത്. ലോറയും ജെന്നിയും അളവില്‍ക്കൂടുതല്‍ സമയം വിദ്യാലയങ്ങളില്‍ ചെലവിട്ടു പഠിച്ചത് പാടാനും, തുന്നാനും, ചിത്രം വരക്കാനും, പിയാനോ വായിക്കാനും, മാന്യവനിതകളായി പെരുമാറാനുമാണ്. റ്റസ്സിയാകട്ടെ, പരപ്പിലും, ആഴത്തിലും വായിച്ചു; അക്കാലത്തെ ഏറ്റവും മഹത്തായ മനീഷികളിലൊരാളുമായി എല്ലാം വിശദമായി ചര്‍ച്ചചെയ്തു.
     ലോറയും ജെന്നിയും സൌത്ത് ഹാംപ്സ്റ്റെഡ് കോളേജ് വിട്ടതിനു ശേഷവും ഫ്രെഞ്ചിനും, ഇറ്റാലിയനും, ചിത്രം വരയ്ക്കും, സംഗീതത്തിനും വേണ്ടി ക്ലാസുകള്‍ക്ക് പോയി. ബോയ്നെല്ലും റെന്‍ഷും എന്ന മിസ്സുമാരുടെ സ്കൂളിലെ വിദ്യാഭ്യാസസംബന്ധമായ കുറവുകള്‍ ബ്രിട്ടീഷ് വിദ്യാഭ്യാസസമ്പ്രദായത്തില്‍ സാധാരണമായിരുന്നു. കിട്ടാവുന്നതില്‍വെച്ച് ഏറ്റവും നല്ലതു നല്‍കിയത് സ്വകാര്യസ്ഥാപനങ്ങളായിരുന്നു. അവ നടത്തിയിരുന്നത് പ്രതിബദ്ധരായ സെമിപ്രൊഫഷണലുകളും. വിദ്യാഭ്യാസയോഗ്യതയോ, വ്യക്തമായ പാഠ്യപദ്ധതിയോ ഇല്ലാത്ത പശ്ചാത്തലത്തില്‍, അവര്‍ പെണ്‍കുട്ടികള്‍ക്ക് വല്ല വിധേനെയും ചിട്ടപ്പെടുത്തിയ ഒരു വിദ്യാഭ്യാസമേകാന്‍ തങ്ങളാലാവതു ചെയ്തു. സ്ത്രീകള്‍ക്കു വിദ്യാഭ്യാസം സാധ്യമാക്കുന്ന ആദ്യ പരിഷ്കരണങ്ങള്‍ വരാന്‍ ഇനിയുമൊരു ദശാബ്ദം കാത്തിരിക്കണം. 1870ല്‍, ആദ്യത്തെ വിദ്യാഭ്യാസനിയമം [ഫോസ്റ്റെഴ്സ് ആക്റ്റ്] പാസ്സാക്കപ്പെടുമ്പോള്‍ റ്റസ്സിക്ക് വയസ്സ് പതിനഞ്ചാകും. ഇതാണ് പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് പ്രാഥമികവിദ്യാഭ്യാസം നല്‍കുന്നതിനായി ശ്രമിച്ച ആദ്യത്തെ നിയമപരിഷ്കരണം. ഫീസായി കുറച്ചു കാശ് ഈടാക്കിയിരുന്നു. ദാരിദ്ര്യമേറിയവര്‍ക്ക് ഇളവുണ്ടായിരുന്നു. അതേവര്‍ഷം, ലണ്ടനില്‍ പ്രാഥമികവിദ്യാലയങ്ങള്‍ തുടങ്ങാന്‍, ലണ്ടന്‍ സ്കൂള്‍ ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു. 1869ല്‍, സ്ത്രീ വോട്ടവകാശവാദിയായ എമിലി ഡേവിസ്സും, വിദ്യാഭ്യാസവിദഗ്ദ്ധയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ ബാര്‍ബ്ബറാ ലെയ് സ്മിത്ത് ബോഡിഷോണും കൂടി  കേംബ്രിജില്‍ ഗെര്‍റ്റണ്‍ കോളേജ് സ്ഥാപിച്ചു. ഒരു ദശാബ്ദത്തിനു ശേഷം, 1879ലാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഒരു സ്ത്രീയെ ബിരുദധാരിയാകാന്‍ ആദ്യമായി അനുവദിക്കുന്നത്. കേംബ്രിജ് സ്ഥാപിക്കപെടുന്നത് 1223ല്‍; ഓക്സ്ഫോര്‍ഡ് 1187ലും. അങ്ങിനെ, ഈ രണ്ടു സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനവകാശമുള്ള മനുഷ്യരാണ് സ്ത്രീകളുമെന്ന നടുക്കുന്ന ആശയം പിടികിട്ടാന്‍ ഏഴു നൂറ്റാണ്ടുകളോളം വേണ്ടിവന്നു.
     തനിക്കൊപ്പം അടുത്ത നൂറ്റാണ്ടിലേക്ക് കടന്ന വെര്‍ജീനിയ വുള്‍ഫിനെപ്പോലുള്ള മഹാന്മാരായ നിരവധി കലാകാരന്മാരെയും, എഴുത്തുകാരെയും, ധൈഷണികജീവികളെയും, രാഷ്ട്രീയക്കാരെയും പോലെ, റ്റസ്സിക്കും ഔദ്യോഗിക വിദ്യാഭ്യാസത്തിനു വഴിയില്ലായിരുന്നു. പെണ്മക്കളുടെ വിദ്യാഭ്യാസത്തിനു പണം മുടക്കുന്നതില്‍ വിശ്വാസമില്ലായിരുന്ന, സമ്പന്നനും ചരിത്രവിദ്വാനുമായിരുന്ന സര്‍ ലെസ്ലി സ്റ്റീഫന്‍റെ മകളായ വുള്‍ഫിന്‍റെ കാര്യത്തിനു വിപരീതമായി, റ്റസ്സിയുടെ കാര്യത്തില്‍,  നിര്‍ദ്ധനനായ ചരിത്രകാരന്‍ പിതാവിനു സ്ത്രീകളുടെ വിദ്യാഭ്യാസത്തോട് പ്രതിജ്ഞാബദ്ധതയുണ്ടായിരുന്നു. നേട്ടമുണ്ടാക്കിയ ആണ്മക്കളുള്ള, സ്വത്തും പണവുമുള്ള ലെസ്ലി സ്റ്റീഫന്‍ പെണ്മക്കള്‍ വിദ്യാഭ്യാസത്തിനു വേണ്ടി കഷ്ടപ്പെടുന്നതോര്‍ത്ത് ഉറക്കം കളഞ്ഞില്ല. എന്നാല്‍, ദരിദ്രനായ കുടിയേറ്റക്കാരന്‍ ബുദ്ധിജീവി മാര്‍ക്സ് വിദ്യാഭ്യാസ പുരോഗതിയാഗ്രഹിക്കുന്ന എല്ലാ വര്‍ഗ്ഗത്തിലുമുള്ള പെണ്‍മക്കള്‍ അനുഭവിക്കുന്ന ഭൌതിക പരിമിതികള്‍ മനസ്സിലാക്കി. പാതി വിദുഷിയും, പാതി കൌബോയിയും, പാതി ബഹളക്കാരിയും, വളര്‍ന്നു വരുന്ന തീര്‍ത്തുമൊരു നിഷേധിയുമായ റ്റസ്സിക്ക് കിട്ടിയത്, ജീവിതത്തോടുള്ള തന്‍റെ പില്‍ക്കാല സമീപനത്തില്‍ നിര്‍ണ്ണായകമായ ചിന്താ സ്വാതന്ത്ര്യത്തിനുള്ള,  സാമ്പ്രദായികമല്ലാത്ത, കണിശമായ ധൈഷണിക വിദ്യാഭ്യാസമായിരുന്നു.     വായനക്കൊപ്പം റ്റസ്സി ആറാം വയസ്സിലേ എഴുത്തും തുടങ്ങി. അവള്‍ ആദ്യം കത്തെഴുതുന്നത് സഹോദരിമാര്‍ക്കാണ്; അവരുടെതന്നെ കടലാസും, കവറും, പേനയും കവര്‍ന്ന്. “മിസ്സ്‌ എല്‍ മാര്‍ക്സിനു മിസ്സ്‌ ഈ മര്‍കസില്‍നിന്നും” എന്നിങ്ങനെ വിശദമായ അഡ്രസ്സോടെയുള്ള കവറുകള്‍  അവള്‍  അവരുടെ എഴുത്തുമേശമേല്‍ നിക്ഷേപിച്ചു. കുടുംബത്തിനു പുറത്തും അവള്‍ക്കു ഗംഭീരരായ കത്തെഴുത്തുകാരുണ്ടായിരുന്നു. ആ നൂറ്റാണ്ടിലെ ഉഗ്രന്മാരായ ചിലര്‍ക്ക് ഇത്രയും ഉത്സാഹത്തോടെയും, ആയാസമില്ലാതെയും കത്തെഴുതാന്‍ അവസരം കിട്ടിയ അധികം കുട്ടികളുണ്ടാവില്ല. അവളുടെ ആദ്യ കത്തുകളിലൊന്നു ലൈബ്രറിക്കുള്ളതായിരുന്നു. കുസൃതിയോടെ “നീമാന്ദ്” [ആരുമല്ലാത്തവള്‍] എന്നാണ് അവളതില്‍ ഒപ്പിട്ടത്.
     അവളുടെ ആദ്യത്തെ അന്തര്‍ദേശീയ കത്ത്, നെതര്‍ലന്‍ഡ്‌സില്‍നിന്നും ഒരു ഡച്ച് പാവ അയച്ചു കൊടുത്തതിനു നന്ദി പറഞ്ഞു കൊണ്ട്, അമ്മാമനായ ലയണ്‍ ഫിലിപ്സിനു 1861ല്‍ അയച്ചതാണ്. വിശദമായ, മനസ്സിലാക്കാന്‍ പറ്റാത്ത, ചൈനീസ് അക്ഷരങ്ങളെന്നു അവളവകാശപ്പെട്ട, ചിത്രലിപികളുള്ള മറ്റൊരു കത്തും അതിനുള്ളിലുണ്ടായിരുന്നു. ലയണമ്മാവന്‍ കല്യാണം കഴിച്ചത് മാര്‍ക്സിന്‍റെ അമ്മായി സോഫിയെയായിരുന്നു; അദ്ദേഹത്തിന്‍റെ അമ്മ ഹെന്‍റീറ്റയുടെ സഹോദരിയെ. വിധവയായ ഹെന്‍റീറ്റയുടെ സ്വത്തു അവര്‍ക്കു വേണ്ടി നോക്കിനടത്തിയത് ലയണമ്മാവനാണ്. ഭീമമായ നേട്ടമുണ്ടാക്കിയ ഒരു പുകയില വ്യാപാരിയായിരുന്നു അദ്ദേഹം. റോയല്‍ ഫില്പ്സ് ഇലക്ട്രോണിക്സായി മാറിയ വ്യാപാരസാമ്രാജ്യത്തിന്‍റെ ജനയിതാവ്. അദ്ദേഹത്തിനു റ്റസ്സിയെ ഏറെ പ്രിയമായിരുന്നു.
     എലിനോര്‍ കണ്ടുപിടിച്ച ചിത്രലിപികള്‍ അവളുടെ ചീനപ്രേമത്തിന്‍റെ ഭാഗമാണ്. 1861ല്‍ അവള്‍ മഞ്ഞപ്പിത്തം പിടിച്ചു കിടക്കുകയും, അച്ഛനും ഏംഗല്‍സും കൂടി സ്വര്‍ഗ്ഗീയസാമ്രാജ്യ [Celestial Empire] ത്തെപ്പറ്റി നിരന്തരം എഴുതുന്നതും ഒരുമിച്ചായപ്പോള്‍ സംഭവിച്ചതാണിത്. “എനിക്കു നല്ല ഓര്‍മ്മയുണ്ട്. ഞാനാകെ മഞ്ഞയായതായിക്കണ്ട്, ഞാനൊരു ചീനക്കാരനായിയെന്നു ഞാന്‍ പ്രസ്താവിച്ചു. എന്‍റെ തലമുടി പന്നിവാലുപോലെ പിരിച്ചു കെട്ടാന്‍ വാശി പിടിച്ചു.” 1853മുതല്‍ മാര്‍ക്സും ഏംഗല്‍സും ആ മഹാസാമ്രാജ്യത്തിലെ രാഷ്ട്രീയത്തെയും, സാമ്പത്തികസ്ഥിതിയെയും, സമൂഹത്തെയും, അതിനു ലോകത്തിലുള്ള പങ്കിനെയും കുറിച്ച് എഴുതുന്നുണ്ടായിരുന്നു. അതില്‍ ഭൂരിഭാഗവും ട്രിബ്യൂണിനു വേണ്ടിയിട്ടായിരുന്നു. ചൈനയെ സംബന്ധിച്ച ഏതു കാര്യവും മാര്‍ക്സിന്‍റെ വീട്ടിലെ ചര്‍ച്ചാവിഷയമായിരുന്നു. റ്റസ്സിയുടെ മുടി പിടിച്ച് ഒരു വരിയാക്കിക്കെട്ടി. അവളുടെ കൊച്ചുകൈകള്‍ ചീനപ്പെട്ടിപോലുള്ള കുപ്പായക്കൈകളിലായി. ചേച്ചി ജെന്നിയെ പിന്‍പറ്റി അവള്‍ സാമ്രാജ്യത്തിന്‍റെ സിംഹാസനമേറി; ചീന റാണിയുടെ പിന്തുടര്‍ച്ചക്കാരിയായി. വീടു ഭരിക്കുന്നതിലുള്ള റ്റസ്സിയുടെ പരമമായ കഴിവിനെ ശ്ലാഘിച്ചുകൊണ്ട് മാര്‍ക്സ് ഭാര്യക്കെഴുതി: “എല്ലാറ്റിലുമുപരി, വിശേഷിച്ച്, ചൈനീസ് പിന്തുടര്‍ച്ചക്കാരിക്ക് എന്‍റെ ഒരായിരം ഉമ്മ നല്‍കണേ.”
     അവളുടെ ചീനപ്രേമം നിലനിന്നു. സാമ്രാട്ടായി തന്നെ ആരോഹണം ചെയ്യിച്ച മഞ്ഞപ്പിത്തം കഴിഞ്ഞ് എട്ടു കൊല്ലത്തിനു ശേഷം, മാഞ്ചസ്റ്ററില്‍നിന്നു വലിയൊരുരുള ചീനനൂലു വേണമെന്ന്‍ ഏംഗല്‍സിനോടു റ്റസ്സി ആവശ്യപ്പെട്ടു: “ഈ പിത്തലാട്ടക്കാരിക്ക് എല്ലാ ചീനച്ചടങ്ങുകളും ഇഷ്ടമാണ്.”
     താന്‍ കണ്ടുപിടിച്ച ചിത്രലിപികളെ മാറ്റിനിര്‍ത്തിയാല്‍, റ്റസ്സിയുടെ ആദ്യ കത്തുകളെല്ലാം പ്രധാനമായും ഇംഗ്ലീഷിലായിരുന്നു. വിചിത്രമെന്നു പറയട്ടെ, അവളുടെ കുടുംബത്തിലെ പ്രഥമ ഭാഷ ഇംഗ്ലീഷ് ആയിരുന്നു. അവള്‍ക്കു ജര്‍മ്മന്‍ നന്നായി പറയാനും വായിക്കാനുമാകും. പക്ഷെ, അതിലെഴുതുന്നതില്‍ മോശമായിരുന്നു. പാരീസിലും ബെല്‍ജിയത്തിലുമായി ജനിച്ചു വളര്‍ന്ന ചേച്ചിമാരില്‍നിന്ന്‍ അവള്‍ ഫ്രെഞ്ച് വായിക്കാനും, എഴുതാനും, പറയാനും പഠിച്ചു. ഹോളണ്ടിലെ കുടുംബവുമായി നല്ല പരിചയത്തിലാകാന്‍വേണ്ടി, ഡച്ചു പഠിക്കാന്‍ അവള്‍ താല്‍പ്പര്യപ്പെട്ടു. കൌമാരപ്രായത്തില്‍, ഏംഗല്‍സിന്‍റെ സ്വാധീനത്താല്‍, പഴയ ഐസ്ലാണ്ട് ഭാഷയിലും, പഴയ നോഴ്സിലും, ഡാനിഷിലും, ക്ലാസിക്കല്‍ അറബിക്കിലും അവള്‍ സാഹിത്യപരമായ വാസന വികസിപ്പിച്ചു.
     തന്‍റെ ബാല്യകാലശബ്ദത്തിന്‍റെയും, ഭാവനാമേഖലകളുടെയും സ്വരവിന്യാസവും, സ്പന്ദനങ്ങളും പേറുന്നതാണ് റ്റസ്സിയുടെ ആദ്യകാലരചനകള്‍. 1863ലെ ശീതകാലത്തെപ്പോഴോ അമ്മാവന്‍ ലയണ്‍ ഫിലിപ്സിന് എഴുതിയ ഒരു കത്തില്‍ ഇതിന്‍റെ ഒരു ആദ്യകാല ദൃഷ്ടാന്തം കേള്‍ക്കാം.
         പ്രിയപ്പെട്ട അമ്മാമാ,
ഞാന്‍ അങ്ങയെ കണ്ടിട്ടില്ലെങ്കിലും, എനിക്കങ്ങയെ അറിയുമെന്നു തോന്നിക്കും വിധം അങ്ങയെക്കുറിച്ച് ഞാന്‍ ഒരു പാടു കേട്ടിട്ടുണ്ട്. എനിക്കങ്ങയെ കാണാനിടയില്ലാത്തതിനാല്‍, അങ്ങെങ്ങിനെയിരിക്കുന്നുവെന്ന് ചോദിക്കാനാണ് ഞാനീ വരികള്‍ കുറിക്കുന്നത്. അങ്ങേയ്ക്കു സുഖമല്ലേ? എനിക്കു സുഖമാണ്. വര്‍ഷത്തിലെ ഏറ്റവും രസകരമായ  കാലമായ ക്രിസ്മസു വേളയില്‍ എപ്പോഴും അങ്ങിനെയാണ്. ഞാനങ്ങേക്ക് സന്തോഷകരമായ പുതുവര്‍ഷം നേരുന്നു. പഴയ കൊല്ലം ഒഴിവായിക്കിട്ടുന്നതില്‍ എന്നെപ്പോലെതന്നെ അങ്ങേയ്ക്കും ആഹ്ലാദമുണ്ടെന്ന് എനിക്കുറപ്പാണ്. അങ്ങൊരു വലിയ രാഷ്ട്രീയക്കാരനാണെന്നാണ് പപ്പാ പറയുന്നത്. അപ്പൊ, നാം തമ്മില്‍ നല്ല യോജിപ്പായിരിക്കുമെന്നുറപ്പാണ്. പോളണ്ടിന്‍റെ കാര്യത്തില്‍ അങ്ങയുടെ അഭിപ്രായമെന്താണ്? കൊച്ചു ധീരന്മാരായ ആ പോളുകള്‍ക്കു വേണ്ടി ഞാനെന്നും എന്‍റെ ഒരു വിരല്‍ ഉയര്‍ത്തിപ്പിടിക്കും. അങ്ങേയ്ക്ക് എ. ബി [അഗസ്റ്റ് ബ്ലാങ്ക്വി] യെ ഇഷ്ടമാണോ? മൂപ്പരെന്‍റെ വലിയൊരു ചങ്ങാതിയാണ്.
പക്ഷെ, ഇപ്പോള്‍, എനിക്കു വിട പറയേണ്ടിയിരിക്കുന്നു. ഞാന്‍ വീണ്ടുമെഴുതുമെന്ന് ഉറപ്പു പറയട്ടെ.
കൊച്ചുനെറ്റിനും ദാദായ്ക്കും എന്‍റെ സ്നേഹം നല്‍കണേ.
പ്രിയപ്പെട്ട അമാവാ, ഗുഡ്ബൈ.

ഇത്
അങ്ങയുടെ സ്നേഹം നിറഞ്ഞ
എലിനോര്‍ മാര്‍ക്സ്.



നല്ല ഒഴുക്കോടെ, മുമ്പോട്ടു ചെരിയുന്ന, കലാപരമായ വലിയ അക്ഷരങ്ങളിലാണ് കത്തെഴുതിയിരിക്കുന്നത്. പോളണ്ടുകാര്‍ക്കു വേണ്ടി വിരലുയര്‍ത്തുമെന്ന റ്റസിയുടെ പരാമര്‍ശം, 1863 മുതല്‍, പോളണ്ടിലെ പൊതുജനപ്രതിഷേധം റഷ്യക്കാര്‍ മാരകമായി അടിച്ചമര്‍ത്തുകയായിരുന്നുവെന്നു ഓര്‍മ്മിപ്പിക്കുന്നതാണ്. ആ സമയത്ത് കലാപം എന്നേക്കുമായി അടിച്ചമര്‍ത്തപ്പെട്ടിരുന്നില്ല. റഷ്യന്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോളണ്ടിനൊപ്പം റ്റസ്സി ഉറച്ചു നിന്നു. 1863 നവംബറില്‍, പോളിഷ് വിമോചനത്തിനായി ലണ്ടന്‍ ട്രെയ്ഡ്സ് കൌണ്‍സില്‍ പ്രചാരണം നടത്തി. സ്വാതന്ത്ര്യത്തിനായുള്ള പോളണ്ടിന്‍റെ സമരത്തെ പിന്തുണക്കാന്‍ ഇംഗ്ലണ്ടിന്‍റെയും ഫ്രാന്‍സിന്‍റെയും ഗവണ്മെണ്ടുകളോട് ആഹ്വാനം ചെയ്തു. ഇന്‍റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍റെ, 1864 ഒക്ടോബറിലെ, ഉല്‍ഘാടനപ്രഭാഷണത്തിലൂടെ, “നാണംകെട്ട സമ്മതിയോടെ, പേരിനുമാത്രമുള്ള സഹതാപത്തോടെ, അല്ലെങ്കില്‍, മൂഢമായ നിര്‍മ്മമതയോടെ യൂറോപ്പിലെ ഉപരിവര്‍ഗ്ഗങ്ങള്‍ പോളണ്ടിനെ റഷ്യ കൊല്ലുന്നത് നോക്കിനില്‍ക്കുന്നതിനെ” മാര്‍ക്സ് അപലപിച്ചു. പോളണ്ടു വിഷയത്തെച്ചൊല്ലിയുള്ള മാര്‍ക്സിന്‍റെ രചനകള്‍, പ്രസിദ്ധീകരിക്കപ്പെടാതെ, കയ്യെഴുത്തുപ്രതിയുടെ രൂപത്തില്‍ത്തന്നെ ഒരു നൂറ്റാണ്ടോളം നിലനിന്നു. റ്റസ്സിയാകട്ടെ, ആറാമത്തെ വയസ്സിലേ അതേപ്പറ്റി എഴുതുന്നുണ്ടായിരുന്നു.
      റ്റസ്സിയുടെ 150 കൊല്ലം പഴക്കമുള്ള, ബ്രിട്ടീഷ് കടലാസില്‍, ഉണങ്ങിയ മഷിയിലുള്ള കത്തുകള്‍ കയ്യില്‍പ്പിടിക്കുമ്പോള്‍ ഇപ്പോഴുമവ ഊര്‍ജ്ജസ്വലതകൊണ്ടു മര്‍മ്മരമുതിര്‍ക്കുന്നുവെന്നു തോന്നും. ഉദാരമായ വലുപ്പമുള്ള, സത്യസന്ധതയുടെ മാനമുള്ളവയാണ് അവരുടെ അക്ഷരങ്ങള്‍. ആ വീട്ടില്‍ കടലാസിനും മഷിക്കും പഞ്ഞമില്ലായിരുന്നുവെന്നു നമുക്കു തോന്നും. ആര്‍ഭാടങ്ങളായല്ല, കളിക്കോപ്പും, ഉപകരണവുമായിട്ടാണ് റ്റസ്സി അവയെ കണ്ടത്. അവളുടെ കുടുംബത്തില്‍ ആഹാരത്തിനും, ഇന്ധനത്തിനും, ഉടുപ്പുകള്‍ക്കും, ചെരിപ്പുകള്‍ക്കും, മരസാമനങ്ങള്‍ക്കും, മരുന്നിനും മിക്കപ്പോഴും ക്ഷാമമായിരുന്നു. പക്ഷേ, മഷിയുടെയോ, കടലാസിന്‍റെയോ പഞ്ഞം പറഞ്ഞുള്ള പരാതികള്‍ ഒരിടത്തും കാണാനാവില്ല. ഒരു ത്രിഭാഷാ കുടുംബത്തില്‍ വളര്‍ന്നതിനാല്‍, അവര്‍ക്ക് സൂക്ഷ്മമായ ശ്രവണശേഷിയുണ്ടായി. ചെറുപ്പത്തില്‍ അക്ഷരത്തെറ്റുകളുണ്ടാക്കിയതിനാല്‍, പിശകുകളും അനുചിതപദപ്രയോഗങ്ങളും വെളിവാക്കുന്ന  നാനാര്‍ത്ഥങ്ങളും, കാവ്യപരമായ പദമാറ്റങ്ങളും, ശ്ലേഷങ്ങളും അവര്‍ക്ക് അതിവേഗം തിരിച്ചറിയാനായി.
      1861ന്‍റെ തുടക്കത്തില്‍, ന്യൂയോര്‍ക്ക് ഡെയ് ലി ട്രിബ്യൂണ്‍ അതിന്‍റെ ശ്രദ്ധ ആസന്നമായ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിലേക്കു തിരിച്ചു. യൂറോപ്പില്‍നിന്നുള്ള വാര്‍ത്തകളതു വെട്ടിക്കുറച്ചു. മാര്‍ക്സിനുള്ള പ്രതിഫലം പകുതിയാക്കി. അതോടെ കുടുംബവരുമാനം പാതി കുറഞ്ഞു. തന്‍റെ പാരമ്പര്യസ്വത്തിനുമേല്‍ കടം വാങ്ങാനായി മാര്‍ക്സ് ട്രയറിലുള്ള അമ്മയെയും, സാള്‍ട്ട്ബൊമ്മലിലെ ലയണമ്മാവനെയും സന്ദര്‍ശിച്ചു. ഹെന്‍ റീറ്റ സഹായിക്കാന്‍ വിസമ്മതിച്ചു. ഒരു പ്രയോജനവുമില്ലാതെ പണത്തെക്കുറിച്ചെഴുതുന്നതിനു പകരം മകനതു സമ്പാദിക്കുന്നതാണ് അവനു നല്ലതെന്ന പരാതിയില്‍ അവര്‍ ഉറച്ചുനിന്നു. മാര്‍ക്സിനു ഭാവിയില്‍ കിട്ടാനുള്ള പൈതൃകസ്വത്തിന്‍റെ ബലത്തില്‍ തല്‍ക്കാലമൊരു കടം കൊടുക്കാന്‍ സമ്മതിച്ചുകൊണ്ട് മരുമകന്‍റെ പണപ്പ്രശ്നം ലയണമ്മാവന്‍ പരിഹരിച്ചു.
      അച്ഛന്‍റെ, ഏകദേശം മൂന്നു മാസത്തെ അഭാവം, തന്‍റെ ദാദയെ ഇത്രയും കാലം താമസിപ്പിച്ച ഡച്ചു ബന്ധുക്കളെക്കുറിച്ചറിയാനുള്ള റ്റസ്സിയുടെ കുതൂഹലത്തെ ഉണര്‍ത്തി. തന്‍റെ ഡച്ചു പാരമ്പര്യത്തെ ക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ അവരെഴുതി: “പീഡനത്താല്‍ ഹോളണ്ടിലേക്കു വരേണ്ടിവന്ന പഴയൊരു ഹംഗേറിയന്‍ യഹൂദകുടുംബത്തിലേതാണ് എന്‍റെ മുത്തശ്ശി ... പ്രസ്‌ബര്‍ഗ് എന്നാണവര്‍ അറിയപ്പെടുന്നത്; ശരിക്കുമത് അവരുടെ ജന്മനാടിന്‍റെ പേരാണ്. ഈ പ്രസ്ബര്‍ഗ്ഗുകള്‍, തീര്‍ച്ചയായും, പരസ്പരം വിവാഹം കഴിക്കുന്നവരാണ്‌. പിന്നീട്, എന്‍റെ മുത്തശ്ശിയുടെ തറവാട്ടുപേര് ഫിലിപ്സെന്നായി.”
1879ല്‍, ലയണമ്മാവന്‍റെ പേരക്കുട്ടികളായ ജെറാര്‍ഡ് ഫിലിപ്പും ആന്‍റണ്‍ ഫിലിപ്പും തോമസ്‌ എഡിസണ്‍ തെളിയിച്ച ധവളപ്രഭയുള്ള വിളക്കുകളില്‍ ആകൃഷ്ടരായി. അവര്‍ വൈദ്യുതവെളിച്ചംകൊണ്ടുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു. വ്യാപാരാവശ്യത്തിനായി അതിനെ വികസിപ്പിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വ്യാപാരപ്രമുഖനായിരുന്ന മുത്തച്ഛനില്‍നിന്നു കിട്ടിയ പണംകൊണ്ട് ഈ സഹോദരന്മാര്‍ ആദ്യത്തെ ഫിലിപ്സ് ഫാക്റ്ററി കെട്ടിപ്പൊക്കി. വൈദ്യുതബള്‍ബുകള്‍ക്കായുള്ള, വൈദ്യുതിവിപണനം തുടങ്ങിയപ്പോളുണ്ടായ,  വര്‍ദ്ധിച്ചുവന്ന ആവശ്യം നിറവേറ്റാനായി, 1891ല്‍, ഐന്‍ഡ്ഹോവനില്‍, ഈ കുടുംബം ഫിലിപ്സ് ലാമ്പ്സ് എന്ന കമ്പനി സ്ഥാപിച്ചു. ഇന്നും ആ കമ്പനി ഫിലിപ്സ് എന്നു തന്നെയാണ് അറിയപ്പെടുന്നത്. റ്റസ്സിയുടെ ഇരുപതുകളിലും, മുപ്പതുകളിലും അവളുടെ ഡച്ചു മച്ചുനിയന്മാര്‍ അദ്ധ്വാനിച്ചു സ്ഥാപിച്ച അന്തര്‍ദ്ദേശീയ ഇലക്ട്രോണിക്സ് കമ്പനി.
മൂര്‍ അകലെയായിരുന്നപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ കഷ്ടത്തിലായി. കൊച്ചുലെന്‍ രോഗിയായി. മോമിന്‍റെ കയ്യില്‍ കാശില്ലാതായി. മാര്‍ക്സ് തിരിച്ചു വരുന്നതു വരെ ഏംഗല്‍സില്‍നിന്നു കടം വാങ്ങാന്‍, നാണത്തോടെ, അവര്‍ നിര്‍ബന്ധിതയായി. സൂക്ഷ്മദൃക്കായ റ്റസ്സി അതിനു സാക്ഷിയായിരുന്നു. ട്രിബ്യൂണിനു മാര്‍ക്സ് ചെയ്തിരുന്ന ജോലി തീര്‍ത്തും നിലച്ചപ്പോള്‍, 1862ല്‍, അവരുടെ സാമ്പത്തികനില കൂടുതല്‍ വഷളായി. റ്റസ്സി തന്‍റെ സാഹസികനോവലുകളിലേക്കു പൂഴ്ന്നു; അമ്മയും കൊച്ചുലെന്നും തങ്ങളുടെ വേലക്കാരിയായ മാരിയന്‍ ക്രൂസിനെക്കുറിച്ച് എന്താണ് അടക്കിപ്പിടിച്ച് ചര്‍ച്ചചെയ്യുന്നതെന്ന് ആശ്ചര്യപ്പെട്ടു. കൊച്ചു ലെന്നിന്‍റെ സഹോദരിയോ മച്ചുനത്തിയോയെന്നു വിശ്വസിക്കപ്പെട്ട മാരിയന്‍, 1860ല്‍, ഗ്രാഫ്റ്റണ്‍ റ്റെറസിലെ വീട്ടില്‍ വന്നുചേര്‍ന്നിരുന്നു. നിലവിലുള്ള ചുറ്റുപാടില്‍ താങ്ങാന്‍പറ്റാത്ത ഒരാഡംബരമായിരുന്നു ഒരു വീട്ടുവേലക്കാരി. വാസ്തവത്തില്‍, അവര്‍ മാരിയന്‍റെ വേണ്ടാത്തൊരു ഗര്‍ഭം ഒളിപ്പിക്കുന്നതിനു തുണയ്ക്കുകയായിരുന്നു. വീട്ടുവാടക ഒരു കൊല്ലത്തോളം കടമായിക്കിടക്കുന്ന കാലമാണത്. മോമാകട്ടെ, ഒരു വിഷാദരോഗവുമായി പൊരുതുകയായിരുന്നു. ഡോ. അലന്‍, സമര്‍ത്ഥമായി, അതു സമ്മര്‍ദ്ദം മൂലമുണ്ടായ രോഗമാണെന്ന് പരിശോധിച്ചു പറഞ്ഞു. മാര്‍ക്സിനും മോമിനുടിയില്‍ അതു സംഘര്‍ഷമുണ്ടാക്കി.
ഗാര്‍ഹികപ്രശ്നങ്ങളുടെയിടയിലും, മൂലധനത്തിന്‍റെ ഒന്നാം വാല്യത്തിന്‍റെ ആദ്യകരടുരൂപമുണ്ടാക്കുന്നതിനുള്ള മാര്‍ക്സിന്‍റെ പ്രയത്നം പുരോഗമിച്ചതായി തോന്നുന്നു. പക്ഷെ, ഈ സന്ദര്‍ഭത്തില്‍, കുടുംബം ഇല്ലായ്മയിലേക്ക്‌ വഴുതുകയാണെന്ന് അദ്ദേഹത്തിനു പോലും സമ്മതിക്കേണ്ടി വന്നു. ഒരു ഇംഗ്ലീഷ് തീവണ്ടിക്കമ്പനിയില്‍ ക്ലാര്‍ക്കിന്‍റെ ജോലിക്കു താന്‍ അപേക്ഷിച്ചിരിക്കുന്നുവെന്നറിയിക്കുന്ന മാര്‍ക്സിന്‍റെ ഒരു കത്ത് കിട്ടിയത് ഏംഗല്‍സിനെ വല്ലാതെ ചിരിപ്പിച്ചു. കുടുംബം നോക്കാന്‍ ശരിയായൊരു ജോലി കണ്ടെത്തണമെന്ന അമ്മയുടെ ആവലാതി മാര്‍ക്സിന്‍റെ മന:സാക്ഷിയെ കുത്തിയെന്നു തോന്നുന്നു. അദ്ദേഹത്തിന്‍റെ മനസ്സിലാക്കാന്‍ വിഷമമുള്ള കയ്യെഴുത്തു ഹേതുവായി, ഭാഗ്യവശാല്‍, മൂലധനം ചരിത്രത്തിന്‍റെ ഒരരികിലേക്ക് തള്ളപ്പെടുന്നതില്‍നിന്നും ഒഴിവായി. ജോലിക്കുള്ള മാര്‍ക്സിന്‍റെ അപേക്ഷ വായിക്കാന്‍ പറ്റാത്തതിനാല്‍ തീവണ്ടിക്കമ്പനി അതു നിരസിച്ചു.
തീവണ്ടിക്കമ്പനിയുടെ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയില്‍നിന്നു വിരുദ്ധമായി, റ്റസ്സിക്ക്‌ അച്ഛന്‍റെ കയ്യെഴുത്തു വായിക്കാന്‍ പറ്റുമായിരുന്നു. അച്ഛനും മകള്‍ക്കുമിടയിലുള്ള ബന്ധത്തിലെ അസാധാരണമല്ലാത്ത ഈ കാര്യം, അതു ചരിത്രത്തിന്‍റെ ഗതി തിരിച്ചില്ലായിരുന്നുവെങ്കില്‍, നിസ്സാരമാണെന്നു തോന്നിയേക്കാം. മാര്‍ക്സിന്‍റെ എഴുത്തു വിശ്വസനീയമാംവിധം പകര്‍ത്തിയെഴുതാന്‍ കഴിഞ്ഞിരുന്ന മറ്റാളുകള്‍ അദ്ദേഹത്തിന്‍റെ ഭാര്യയും, ഏംഗല്‍സും മാത്രമായിരുന്നു. ഇതിനിടയില്‍, മാര്‍ക്സിന്‍റെ അതിമൂല്യമായ സ്വത്ത്, അദ്ദേഹത്തിന്‍റെ ഭീമന്‍ “മസ്തിഷ്കപേടകം”, ഉഗ്രമായ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അദ്ദേഹം, വിട്ടുമാറാത്ത കരള്‍രോഗമുണ്ടായിട്ടും, മോമിന്‍റെ പ്രതീക്ഷയാര്‍ന്ന ഭാഷയില്‍, “പൂര്‍ത്തിയാക്കുന്നതിലേക്കുള്ള ഭീമമായ ചുവടുവെക്കുക”യായിരുന്നു. ഗവേഷണത്തില്‍ മൂറിനെ തുണക്കാന്‍ ലോറ അദ്ദേഹത്തോടൊപ്പം ബ്രിട്ടീഷ് മ്യൂസിയത്തിലേക്കു പോകാന്‍ തുടങ്ങിയിരുന്നു. അതിനിടയില്‍, അവളുടെ സഹോദരി ജെന്നിയുടെ ആരോഗ്യം വല്ലാത്ത ആശങ്കയുണ്ടാക്കി. അവള്‍ അതിവേഗം മെലിയുകയായിരുന്നു.വിട്ടുമാറാത്ത ചുമയുമുണ്ടായിരുന്നു. മാര്‍ക്സിന്‍റെ പുകവലിയാകാം കാരണമെന്ന് ആരുടെ മനസ്സിലും ഓടിയില്ല.

ആരോഗ്യം വീണ്ടെടുക്കാന്‍ കൊച്ചുജെന്നിക്കു വേണ്ടത് കടല്‍ക്കരയിലെ അന്തരീക്ഷവും, കടലിലെ കുളിയുമാണെന്ന് ഡോ. അലന്‍ തറപ്പിച്ചു പറഞ്ഞു. പക്ഷെ, റിസോര്‍ട്ടുകളിലേക്ക് പോകാന്‍ പണമില്ലല്ലോ. എന്നാല്‍, ജൂലായ്‌ ആദ്യം, കുടുംബസുഹൃത്തായ ബെര്‍ത്താ മാര്‍ഖൈം വഴി അപ്രതീക്ഷിതമായ ഒരു ഭാഗ്യം അവര്‍ക്കു കൈവന്നു. 1852ല്‍, ഈ ജര്‍മ്മന്‍ എഴുത്തുകാരി അല്‍പ്പകാലം ലണ്ടനില്‍ ചിലവിട്ടപ്പോള്‍, ജെന്നിയും മാര്‍ക്സും അവരുടെ സ്നേഹിതരായിയിരുന്നു. അന്നവര്‍ ബെര്‍ത്താ ലെവിയാണ്. പ്രസിദ്ധ കവിയും, നോവലിസ്റ്റും, ഓപ്പറാ രചയിതാവുമായ ജൂലിയസ് റോഡന്‍ബര്‍ഗിന്‍റെ സഹോദരി. 1854ല്‍, ബെര്‍ത്താ വ്യാപാരിയും, വ്യായാമമുറകളുടെ അഗ്രഗാമിയുമായ, ജോസഫ് മാര്‍ഖൈമിനെ വിവാഹം ചെയ്തു. മാര്‍ക്സ് കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയറിഞ്ഞ ബെര്‍ത്താ ജെന്നിക്ക് സ്നേഹം നിറഞ്ഞ ഒരു കത്തും പോസ്റ്റലോര്‍ഡറുമയച്ചു. “താനൊന്നു ഓര്‍മ്മിപ്പിക്കാതിരിന്നിട്ടുകൂടി, സ്നേഹത്തോടെ, വിശ്വസ്തയോടെ, കരുണയോടെ” ബെര്‍ത്താ തന്നെക്കുറിച്ചു ചിന്തിക്കുന്നുണ്ടായിരുന്നുവല്ലോ എന്നോര്‍ത്ത് ജെന്നി അത്ഭുതം കൂറി. ഒഴിവുകാലം ചിലവഴിക്കാന്‍ കുട്ടികളെ റാംസ്ഗേറ്റിലേക്ക് കൊണ്ടുപോകാന്‍  ബെര്‍ത്തായുടെ ഔദാര്യം ജെന്നിയെ സഹായിച്ചു. മൂറാകട്ടേ, ധനസമ്പാദനാര്‍ത്ഥം, നെതര്‍ലാന്‍ഡ്‌സിലേക്കും റൈന്‍ലാന്‍ഡിലേക്കും പോയി. മാര്‍ഖൈമിന്‍റെ ഉദാരവൃത്തിക്കു തന്‍റെ ഭര്‍ത്താവാണ് രഹസ്യമായി പ്രേരണയായതെന്ന് ജെന്നി ഒരിക്കലുമറിഞ്ഞില്ല. 
റ്റസ്സിയുടെ രണ്ടാമത്തെ തീരപ്രദേശസന്ദര്‍ശനമായിരുന്നു ഇത്. അഞ്ചു വയസ്സുള്ളപ്പോള്‍, ഹേയ്സ്റ്റിംഗില്‍ ചിലവിട്ട മഴയുണ്ടായിരുന്ന രണ്ടാഴ്ച്ചയായിരുന്നു ആദ്യത്തേത്.  സാദ്ധ്യമായ ഏറ്റവും കുറഞ്ഞ ചെലവിലും വേഗതയിലും തെക്കന്‍ ലണ്ടനിലെ നാഗരികര്‍ക്ക് തീരപ്രദേശത്തേക്കു പോകാന്‍ പറ്റുന്ന തീവണ്ടിപ്പാതയായിരുന്നു, 1840കളില്‍ പണിത, ഇംഗ്ലണ്ടിലെ അതിപ്രഥമ റെയില്‍പ്പാതകളിലൊന്നായ, ലണ്ടന്‍-റാംസ്ഗേറ്റു പാത. അതവസാനിക്കുന്നത്, ഒരേസമയം പണിയിടവും വിനോദസ്ഥലിയുമായ,         തുറമുഖത്താണ്. ഉയര്‍ന്ന പാറക്കെട്ടുകളുടെയും, കൂറ്റന്‍ പാമരങ്ങളുടെ കിരീടമുള്ള വശ്യമായ സാഗരദൃശ്യത്തിന്‍റെയും ചട്ടക്കൂട്ടിലിട്ട, തുഴകളുള്ള ആവിക്കപ്പലുകളെയും, ചരക്കു തോണികളെയും, തോണിക്കാരെയും, വിളക്കുമാടങ്ങളെയുമാണ്, റ്റസ്സി ആദ്യം കണ്ടത്. നെപ്പോളിയന്‍റെ കാലത്ത് സൈനികര്‍ക്കുള്ള പാളയമായി വര്‍ത്തിച്ചിരുന്ന റാംസ്ഗേറ്റ് എന്ന പട്ടണം അന്നേ പ്രശസ്തമായിരുന്നു. റ്റസ്സിയുടെ അമ്മയുടെ ഭാഷയില്‍, “ആനന്ദദായകവും, മനോഹരമായി സ്ഥിതിചെയ്യുന്നതുമായ ഒരിടം”. എല്ലാത്തുറയിലുമുള്ള ആള്‍ക്കാര്‍ ഇവിടെ സന്ദര്‍ശകരായി എത്തുമായിരുന്നു. പ്രധാനികളായ സന്ദര്‍ശകരില്‍ കോളറിജ്ജും, വിക്റ്റോറിയാ രാജ്ഞിയും, പ്രധാനമന്ത്രി ലിവര്‍പ്പൂള്‍ പ്രഭുവും, ജോര്‍ജ്ജ് ക്യാനിംഗും പെടും.
സുഖദായകമായ ഉപ്പു കടലില്‍ വസൂരിക്കലകളെ കുളിപ്പിച്ചെടുക്കുന്നതിനു ജെന്നിയെ കൊച്ചുലെന്‍ പ്രോത്സാഹിപ്പിച്ചു3. “കടലിനരികിലോ, മീതെയോ, അതിനുള്ളിലോ ആണ് ഞങ്ങള്‍ സമയം ചെലവിട്ടത്,” ജെന്നി ബെര്‍ത്താക്കെഴുതി. നീന്തിയും, നടന്നും, കക്കകള്‍ തിരഞ്ഞും, എളമ്പക്കയുടെയും ഐസ്ക്രീമിന്‍റെയും കടലാസുകുമ്പിളുകള്‍ ചവച്ചും, വായിച്ചും, ആളുകളെ നിരീക്ഷിച്ചും അഞ്ചു പെണ്ണുങ്ങളും കൂടി ആഹ്ലാദകരമായ മൂന്നാഴ്ച്ചകള്‍ ആസ്വദിച്ചു. റാംസ് ഗേറ്റിലെ ഒഴിവു കാലമായിരുന്നു 1862ലെ പ്രമുഖ സംഗതി. ആഗസ്തില്‍ ലൈബ്രറിയും, ഏണ്‍സ്റ്റൈനും, കൊച്ചാലീസും, ഒരു വ്യാഴവട്ടത്തെ പ്രവാസം അവസാനിപ്പിച്ച്, ജര്‍മ്മനിയിലേക്കു തിരിച്ചുപോയി. റ്റസ്സിയും ആലീസും തൂലികാമിത്രങ്ങളായെങ്കിലും, പരസ്പരം കാണാന്‍ പറ്റാത്തതില്‍ രണ്ടു പേരും വിഷമിച്ചു.
പാരീസില്‍ത്താമസിക്കുമ്പോള്‍ കാളും മോമും ഒരു ബാങ്കറായ ശ്രീമാന്‍ അര്‍ബ്ബാബനേലിനെ പരിചയപ്പെട്ടിരുന്നു. അയാളോടു കുറച്ചു കാശു കടം വാങ്ങാമെന്നുവെച്ച് മോം പാരീസിലേക്കു പോയി. അവരവിടെയെത്തുന്നതിനു അല്‍പ്പം മണിക്കൂറുകള്‍ക്കുമുമ്പ് ശ്രീമാന്‍ അര്‍ബ്ബാബനേല്‍ പക്ഷാഘാതം വന്നു തളര്‍ന്നുപോയിരുന്നു. വെറുംകയ്യോടെ, ഡിസംബര്‍ 23നു, വീട്ടിലെത്തിയപ്പോഴാണറിയുന്നത്, മുമ്പ് ഡോ. അലന്‍ പരിശോധിച്ചു കണ്ടെത്തിയ ഹൃദയത്തകരാറു മൂലം, മാരിയന്‍ ക്രൂസ് മരിച്ചിരിക്കുന്നു. ക്രിസ്മസ് കഴിയുംവരെ അവളെ അടക്കാന്‍പറ്റില്ലെന്നതുകൊണ്ട്, ഡിസംബര്‍ 27 വരെ, അവളുടെ ശരീരം ഗ്രാഫ്റ്റണ്‍റ്റെറസ്സില്‍ത്തന്നെ കിടന്നു. സ്വീകരണമുറിയിലൊരു പ്രേതവും, പണത്തിനുള്ള പഞ്ഞവും ക്രിസ്മസ് മ്ലാനമാക്കി.
1863 ജനുവരി 6നു രാത്രി, ഏംഗല്‍സിന്‍റെ പ്രേയസി മേരി ബേണ്‍സും മരിച്ചു. ഒരു മുന്നറിയിപ്പുമില്ലാതെ. മാഞ്ചസ്റ്ററിലെ അവരൊന്നിച്ചു പങ്കിട്ടിരുന്ന വീട്ടില്‍നിന്ന് അടുത്തദിവസം, ഞെട്ടല്‍ മാറാതെ, ഏംഗല്‍സെഴുതി:
     പ്രിയപ്പെട്ട മൂര്‍,
മേരി മരിച്ചു. പോയരാത്രി അവള്‍ നേരത്തേ കിടന്നതായിരുന്നു. പാതിരാക്കു തൊട്ടുമുമ്പ് ലിസ്സി കിടക്കാന്‍ നോക്കുമ്പോള്‍, അവള്‍ മരിച്ചിരിക്കുന്നതായി കണ്ടു. തീര്‍ത്തും പൊടുന്നനെ. ഹൃദയസ്തംഭനമോ, ചുഴലിയുടെ ആഘാതമോ ആയിരിക്കണം. പുലരുംവരെ എന്നോടാരും പറഞ്ഞില്ല. എന്‍റെ ഉള്ളിലെന്താണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. എന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിച്ചവളാണ് ആ പാവം.
അങ്ങിനെ, 1842ല്‍ റ്റെക്സ്‌റ്റൈല്‍ വ്യവസായം പഠിക്കാന്‍ ഏംഗല്‍സിനെ അച്ഛന്‍ മാഞ്ചസ്റ്ററിലേക്കയച്ചപ്പോള്‍ തുടങ്ങിയ, അവരുടെ, രണ്ടു ദശാബ്ദക്കാലത്തെ ബന്ധം, പരിസമാപിച്ചു. തന്‍റെ വര്‍ഗ്ഗത്തോടുള്ള മേരിയുടെ സഹജമായ തീവ്രാനുകമ്പയെയും, അവളുടെ ഉറച്ച വിശ്വസ്തതയെയും ഏംഗല്‍സ് ആദരിച്ചിരുന്നു: “ബൂര്‍ഷ്വാസിയുടെ “eddicated”ഉം “senty-mental”ഉമായ പെണ്മക്കളുടെ മൃദുലമര്യാദകള്‍ക്കും പാണ്ഡിത്യനാട്ട്യങ്ങള്‍ക്കും ചെയ്യുവാന്‍ കഴിയുമായിരുന്നതിലേറെ, എല്ലാ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളിലും [അവള്‍] എനിക്കൊപ്പം ഉറച്ചു നിന്നു.”
     മേരിയും ഏംഗല്‍സും എങ്ങിനെ കണ്ടുമുട്ടിയെന്നതിനു തെളിവില്ല. അവളും ലിഡിയ [ലിസ്സി] യും മാഞ്ചസ്റ്ററിലെ എര്‍മന്‍ ആന്‍ഡ്‌ ഏംഗല്‍സ് മില്ലിലെ തൊഴിലാളികളായിരുന്നുവെന്നു തോന്നുന്നു. “അവര്‍ സുന്ദരിയും, നര്‍മ്മബോധമുള്ളവളും, പൊതുവേ വശ്യശക്തിയുള്ളവളുമായിരുന്നു”വെന്ന് റ്റസ്സി ഓര്‍ക്കുന്നുണ്ട്. വായിക്കാനും, കുറച്ചൊക്കെ എഴുതുവാനുമറിയാമായിരുന്ന, എന്നാല്‍, തീര്‍ത്തും അനഭ്യസ്തവിദ്യയായ ഒരു മാഞ്ചസ്റ്റര്‍ [ഐറിഷു] ഫാക്റ്ററിപ്പെണ്‍കുട്ടി.” മേരിയെ തന്‍റെ അച്ഛനുമമ്മയ്ക്കും “ഏറെ ഇഷ്ട”മായിരുന്നുവെന്നും, അവരെക്കുറിച്ച് “വലിയ സ്നേഹത്തോടെ”യാണ് സംസാരിച്ചിരുന്നതെന്നുമാണ് റ്റസ്സി പറഞ്ഞത്.
     മേരി ബേണ്‍സിന്‍റെ ജീവിതത്തെ പുന:സൃഷ്ടിക്കുന്നതിനും, അവരുടെ ചരിത്രപ്രാധാന്യത്തെ വീണ്ടെടുക്കുന്നതിനും റോയ് വിറ്റ്ഫീല്‍ഡിന്‍റെയും ട്രിസ്ട്ട്രം ഹണ്ടിന്‍റെയും സമീപകാല രചന ഏറെ സംഭാവന ചെയ്തിട്ടുണ്ട്.4 ഏംഗല്‍സിനെ രാഷ്ട്രീയക്കാരനാക്കിയതില്‍ അവര്‍ക്കുള്ള പങ്കു തെളിയിക്കപ്പെട്ടതാണ്. ഏംഗല്‍സ് മേരിയെ കിടക്കയിലേക്കു കൊണ്ടുപോയി; മേരി ഏംഗല്‍സിനെ കൊണ്ടുപോയതോ, ചേരികളിലേക്കും, മാഞ്ചസ്റ്ററിലെ ഐറിഷു കുടിയേറ്റ സമൂഹത്തിന്‍റെ ഹൃദയത്തിലേക്കും. അവള്‍ ഫാക്റ്ററിത്തൊഴിലാളികളുടെയും, ഗാര്‍ഹികത്തൊഴിലാളികളുടെയും അവസ്ഥകള്‍ ഏംഗല്‍സിനു കാട്ടിക്കൊടുത്തു; വിവരിച്ചുകൊടുത്തു. സമയം വഴികാട്ടുകയും, തര്‍ക്കിക്കുകയുമായിരുന്നു അവളുടെ ജോലി.
       മേരി ബേണ്‍സിനെ കണ്ടുമുട്ടി രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ്, 1844ല്‍, ഏംഗല്‍സ്  “ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ അവസ്ഥ” എഴുതി. “ബ്രിട്ടനിലെ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെയും അവരുടെ മദ്ധ്യവര്‍ഗ്ഗ എതിരാളികളുടെയും അവസ്ഥയെയും, യാതനകളെയും, സംഘര്‍ഷങ്ങളെയും കുറിച്ചുള്ള” വിശദമായ ഈ  സാമൂഹികാവലോകനമുണ്ടാക്കിയത് “സമകാലിക വര്‍ഗ്ഗവൈര്യങ്ങളുടെ കാരണത്തെക്കുറിച്ചുള്ള” ഖണ്ഡനവും മുതലാളിത്തത്തിന്‍റെ ദണ്ഡനവുമാണ്. തന്‍റെ രാഷ്ട്രീയാവബോധം മേരി ബേണ്‍സിനാല്‍ ഉത്തേജിക്കപ്പെട്ടും, അവള്‍ തന്നെ ആനയിക്കുകയും, വഴികാട്ടുകയും ചെയ്ത ലോകത്തിലെ അനുഭവത്താല്‍  പരിവര്‍ത്തനപ്പെട്ടുമാണ് ഏംഗല്‍സ് ഇംഗ്ലണ്ട് വിടുന്നത്. കുടുബവ്യാപാരം പഠിക്കാന്‍ മാഞ്ചസ്റ്ററിലേക്ക് തന്‍റെ അനുഭവമില്ലാത്ത മകനെ അയക്കുമ്പോള്‍ അച്ഛനേംഗത്സിന്‍റെ മനസ്സിലുണ്ടായിരുന്നത് ഇതായിരുന്നില്ല.

മേരി, പിന്നീട്, ബ്രസ്സല്‍സില്‍ ഏംഗല്‍സിനും മാര്‍ക്സിനുമൊപ്പം ചേര്‍ന്നു. അടുത്തടുത്ത വീടുകളിലാണ് ഈ ദമ്പതികള്‍ താമസിച്ചത്. അങ്ങിനെ, ജെന്നിയും മേരിയും ചങ്ങാതിമാരായി. ജെന്നി മേരിയെ ഇഷ്ടപ്പെട്ടു; എംഗല്‍സുമായുള്ള അവളുടെ സ്വതന്ത്രമായ ബന്ധത്തെ മാനിച്ചു. ബൂര്‍ഷ്വാ “മൃദുമര്യാദ”യുടെ ലൈംഗികമായ ഇരട്ടത്താപ്പുകളോടു പുച്ഛമുണ്ടായിരുന്ന ജെന്നി, ഉല്ലാസവാനും ശൃംഗാരിയുമായ ഏംഗല്‍സ് പൊതുപരിപാടികളിലേക്ക് പതിവായി ആനയിക്കാറുണ്ടായിരുന്ന വെപ്പാട്ടിമാരെയോ, ഏറ്റവും പുതിയ കാമുകിമാരെയോ, ആരെയുംതന്നെ അംഗീകരിക്കുകയോ, സ്വാഗതം ചെയ്യുകയോ ഇല്ലായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍, ജെന്നി മര്യാദരാമനായി അഭിനയിക്കുകയില്ലെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. ജെന്നിക്കു മേരിയോടുണ്ടായിരുന്ന വിശ്വസ്തത ഏംഗല്‍സിനു മാര്‍ക്സിനോടുണ്ടായിരുന്നത്ര ദൃഢമായിരുന്നു. ഏംഗല്‍സും മേരിയും പിന്നീട് ലണ്ടനിലേക്കു നീങ്ങിയപ്പോള്‍, അവര്‍ക്കു വേണ്ടി തന്‍റെ വീടിനാകാവുന്നത്ര സമീപം ഒരു വീടു തേടിപ്പിടിച്ചത് ജെന്നിയായിരുന്നു. മേരിയും, പിന്നീടു, ലിസ്സി ബേണ്‍സുമായുള്ള ഏംഗല്‍സിന്‍റെ ബന്ധം റ്റസ്സിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ ഒരു പങ്കു വഹിച്ചു.
     മേരിയുടെ മരണവാര്‍ത്തയോടുള്ള മാര്‍ക്സിന്‍റെ പ്രതികരണം അന്ധാളിപ്പിക്കും വിധം നിര്‍വ്വികാരമായിരുന്നുവെന്നത് പ്രശസ്തമാണ്. മൂര്‍ തന്‍റെ കത്തില്‍, തുടക്കത്തില്‍, അതിഝടുതിയില്‍, അനുശോചനം കുറിച്ചു: “അവള്‍ നല്ല പ്രകൃതമുള്ളവളും, നര്‍മ്മബോധമുള്ളവളും, നിന്നോട് ഏറ്റവും അടുപ്പമുള്ളവളുമായിരുന്നു.” കൂടുതല്‍ സാന്ത്വനവചനങ്ങളൊന്നുമില്ലാതെ, മൂര്‍ തന്‍റെ തല്‍സമയ ദുരന്തങ്ങളുടെ വിശദമായൊരു പട്ടിക നിരത്തി --- പണമില്ലായ്മ. കടംകിട്ടാനുള്ള പാട്, സ്കൂള്‍ ഫീസ്‌, വാടക, ജോലി പുരോഗമിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട്, കൊടുക്കാനുള്ള പണം, ഇടാനൊരു നല്ല ഉടുപ്പില്ലാത്തത്, പണയം വെച്ച ഷൂ. മേരി മരിക്കുന്നതിനേക്കാള്‍ ഭേദം, “ജീവിതത്തിന്‍റെ നല്ലൊരു പങ്കു  കഴിച്ചു കൂട്ടിയ”  തന്‍റെ അമ്മ മരിക്കുന്നതായിരുന്നുവെന്നു നാടകീയമായി പറഞ്ഞുകൊണ്ടാണ് കത്തവസാനിച്ചത്. “ഈ സമയത്ത് ഇത്തരം ഭീകരതകള്‍ നിന്നോടു പറയുന്നത് എന്‍റെ ഭീമമായ സ്വാര്‍ത്ഥതയാ”ണെന്നു മാര്‍ക്സ് സമ്മതിക്കുന്നുണ്ട്. “പക്ഷെ, ഇതൊരു തരം ഹോമിയോപ്പതി ചികിത്സയാണ്. ഒരു ദുരന്തം മറ്റൊരു ദുരന്തത്തിനു  പരിഹാരമാവുക. ആത്യന്തികമായി നോക്കിയാല്‍, എനിക്കെന്താണ് ചെയ്യാനാവുക? നിന്നെസംബന്ധിച്ച്, ഇതു കഠിനം തന്നെ. കാരണം, മാനുഷികമായ കുഴപ്പങ്ങളില്‍നിന്നൊക്കെ, നിനക്കു തോന്നുമ്പോഴെല്ലാം, മേരിയുമൊത്തു പിന്‍വലിയാന്‍ നിനക്കൊരു വീടുണ്ടായിരുന്നല്ലോ.”
     ഒരു മറുപടി എഴുതാന്‍ ഏംഗല്‍സ് ഏകദേശം ഒരാഴ്ച്ചയെടുത്തു. നിത്യവും കത്തെഴുതുന്നവരായിരുന്നു ഈ സുഹൃത്തുക്കളെന്നതിനാല്‍, അദ്ദേഹത്തിന്‍റെ മൌനം വാചാലമായി; അതുപോലെ തന്നെ അസാധാരണമായ ഔപചാരിക സംബോധനയും.

           പ്രിയപ്പെട്ട മാര്‍ക്സ്,
എന്‍റെ സ്വന്തം ദുരന്തവും, അതോടുള്ള നിന്‍റെ തണുപ്പന്‍ പ്രതികരണവും, ഇത്തരുണത്തില്‍, അത്ര വേഗം നിനക്കു മറുപടി തരുന്നത് തീര്‍ത്തും അസാദ്ധ്യമാക്കിയതില്‍ പന്തികേടില്ലെന്നു മനസ്സിലാക്കാമല്ലോ. എന്‍റെ എല്ലാ സുഹൃത്തുക്കളും, പ്രാകൃതരായ പരിചയക്കാര്‍ പോലും, എന്നെ സര്‍വ്വപ്രകാരത്തിലും അഗാധമായി സ്പര്‍ശിക്കുന്ന ഈ സന്ദര്‍ഭത്തില്‍, ഞാന്‍ പ്രതീക്ഷിച്ചത്തിലുമധികം സ്നേഹവും സഹതാപവും തന്നു. നീയാകട്ടെ, നിന്‍റെ “മനസ്സിന്‍റെ വൈരാഗ്യവശ”ത്തിന്‍റെ മേന്മ സ്ഥാപിക്കാനുള്ള ശുഭമുഹൂര്‍ത്തമായാണ് ഇതിനെ കണ്ടത്. അതങ്ങിനെ ആയിരിക്കട്ടെ!

മാര്‍ക്സ് പശ്ചാത്താപവിവശമായ ഒരു പ്രതികരണമെഴുതി. അപൂര്‍വ്വമായ ആ ക്ഷമാപണം വിശാല ഹൃദയനായ ഏംഗല്‍സ് മടികൂടാതെ സ്വീകരിച്ചു. സൗഹൃദം നഷ്ടമായില്ലെന്നും, കാര്യങ്ങള്‍ പഴയപടിയാണെന്നും തെളിയിച്ചുകൊണ്ട്, മാര്‍ക്സിന്‍റെ ആസന്നമായ പണപ്പഞ്ഞമൊഴിവാക്കാന്‍, നൂറു പൌണ്ടിനുള്ള ചെക്ക് അയച്ചു. ആ സമയത്ത് ഏംഗല്‍സിന് കാശിനു മുട്ടായിരുന്നു. അതിനാല്‍, എര്‍മന്‍ ആന്‍ഡ്‌ ഏംഗല്‍സില്‍നിന്ന് കട്ടെടുത്താണ്, “എന്‍റെ ഭാഗത്തുനിന്നുമുള്ള അത്യന്തം തന്‍റേടമുള്ള നീക്ക”മെന്നു പറഞ്ഞ്, മാര്‍ക്സിനതു കൈമാറിയത്. രണ്ടുപേര്‍ക്കുമിടയില്‍ വിടവുണ്ടാകുമെന്ന ഭീഷണിയുണ്ടായ ആദ്യത്തെയും അവസാനത്തെയും സന്ദര്‍ഭം ഇതാണ്.
     മേരിയുടെ പ്രതീക്ഷിക്കാത്ത മരണമുണ്ടാക്കിയ വിഷാദമാര്‍ന്ന ശൂന്യത മയപ്പെടുത്തുന്നതില്‍, കുട്ടികള്‍ പൊതുവേ ചെയ്യാറുള്ളതുപോലെ, റ്റസ്സി മര്‍മ്മപ്രധാനമായ ഒരു പങ്കു വഹിച്ചു. 1860ലെ പല ചെറുപ്പക്കാരേയുംപോലെ, റ്റസ്സിക്കും പുതിയ പരിഷ്ക്കാരമായ സ്റ്റാമ്പുശേഖരണത്തില്‍ ആവേശം കയറി. ഏംഗല്‍സ് അവളുടെ ആല്‍ബത്തിലേക്ക് പുതിയ, പുതിയ സ്റ്റാമ്പുകള്‍ അയച്ചു കൊടുത്തു. അദ്ദേഹം അവളുടെ ഉത്സാഹം നിറഞ്ഞ thank-you കത്തുകള്‍ വായിച്ചു രസിച്ചു. മാര്‍ക്സിനെഴുതുമ്പോഴൊക്കെ, അദേഹം കൂടുതല്‍ സ്റ്റാമ്പുകള്‍ ഒപ്പം വെച്ചു. കൂട്ടത്തില്‍, അവ എവിടെനിന്നു കിട്ടുന്നുവെന്നും വെളിവാക്കി: “ഇപ്പൊ, ഓഫീസില്‍, ഈ സാധനത്തിന്‍റെ  ഒരു പാടു കളവു നടക്കുന്നുണ്ട്.”
     ഇവ്വിധം, റ്റസ്സിയുടെ എട്ടാം വയസ്സിന്‍റെ തുടക്കത്തിലുണ്ടായ മേരിയുടെ മരണം, തന്‍റെ “രണ്ടാമത്തെ അച്ഛനായ”, ഏംഗല്‍സുമായുള്ള അവളുടെ ബന്ധത്തെ ശക്തമാക്കി. അവരുടെ രണ്ടുപേരുടെയും ജീവിതത്തെയും, രാഷ്ട്രീയചരിത്രത്തെയും രൂപപ്പെടുത്തിയ അടുപ്പത്തിന്‍റെ സാരമായ ആരംഭമായിരുന്നൂ അത്.
     ദരിദ്രനായ തന്‍റെ മകനു അറുനൂറു പൌണ്ട് പൈതൃകമായി നീക്കിവെച്ചു കൊണ്ടു, നവംബര്‍ 30നു, ഹെന്‍ റീറ്റ മാര്‍ക്സ് മരിച്ചു. മാര്‍ക്സ് അനാഥനായി; റ്റസ്സി മുത്തച്ഛനും മുത്തശ്ശിയുമില്ലാത്തവളും.
_________________________________________________________________________________________
1.       തനിക്കു പോസ്റ്റ് ക്യാപ്റ്റനാകണമെന്നു റ്റസ്സി പറയുന്നത് മാരിയറ്റ് വായിച്ചിട്ടാണ്, ഓസ്റ്റനെ വായിച്ചിട്ടല്ല എന്നത്‌ അര്‍ത്ഥവത്താണ്. ഫാനി പ്രൈസിന്‍റെ പ്രിയ സഹോദരനായ വില്യം ഒരു പോസ്റ്റ് ക്യാപ്റ്റനാണെന്ന്മാന്‍സ്ഫീല്‍ഡ് പാര്‍ക്കിന്‍റെ ആരാധകര്‍ ഓര്‍ക്കുന്നുണ്ടാകും. റ്റസ്സി ആ നോവല്‍ വായിച്ചിരുന്നെങ്കില്‍, ഈ “താഴ്ന്ന പദവി”യോടുള്ള മിസ്സ്‌ ക്രാഫോര്‍ഡിന്‍റെ പുച്ഛം അതൊരു മേന്മയുള്ള നാവികോദ്യോഗമാണെന്ന് അവളെ തെര്യപ്പെടുത്തുമായിരുന്നു; കാലുറയിട്ട്, ആ പദവിയാളാനുള്ള അവളുടെ ആഗ്രഹത്തിനു മൂര്‍ച്ച കൂട്ടുമായിരുന്നു.
2.       കൂപ്പര്‍, ജെയിന്‍ മോര്‍ഗ്ഗന്‍ എന്ന തൂലികാ നാമത്തില്‍, കുറച്ചു കാലം മഷിനിറമുള്ള പാവാടയിട്ട് വനിതാവായനക്കാര്‍ക്കു വേണ്ടി പ്രണയകഥകളെഴുതിയിരുന്നു. റ്റസ്സി അദ്ദേഹത്തിന്‍റെ രചനകള്‍ കണ്ടെത്തുമ്പോഴേക്കും അദ്ദേഹം ട്രൌസറുകളിലേക്ക് മടങ്ങി, കൌബോയ്‌ കഥകളെഴുതുകയായിരുന്നു.

3.       നിയമസാധുതയോടെ കടലില്‍ തുണിയില്ലാതെ നീന്താന്‍ പറ്റിയ അവസാനത്തെ അവധിക്കാലമായിരുന്നൂ അതെന്ന് റ്റസ്സി വരും വര്‍ഷങ്ങളില്‍ ഓര്‍ക്കുന്നുണ്ട്. 1860വരെ ആണിനും പെണ്ണിനും നഗ്നമായി നീന്താമായിരുന്നു. റീജന്‍സിക്കാലത്ത്, പ്രത്യേകിച്ച്, ആരോഗ്യത്തിന്‍റെയും ശുചീകരണത്തിന്‍റെയും പേരിലും, ആള്‍ക്കാര്‍ക്ക് നല്ല മണമുണ്ടാകാനും വേണ്ടി ഇതിനു പ്രചാരം കൊടുത്തിരുന്നു. നഗ്നനീന്തല്‍ ഇഷ്ട വിനോദമായിരുന്ന പ്രിന്‍സ് റീജന്‍റ് അതൊരു പരിഷ്ക്കാരമാക്കി. പക്ഷെ, 1860ല്‍, ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ 60 അടി അകലം പാലിക്കണമെന്ന നിയമം വന്നു. നീന്തല്‍ സാമഗ്രികളുടെ ഉടമകള്‍ സ്ത്രീകള്‍ക്കു ഫ്ലാനല്‍ ഗൌണുകളും, പുരുഷന്മാര്‍ക്കു ട്രൌസറുകളും നീന്തുന്നതിനു നല്‍കണമെന്ന വ്യവസ്ഥയുണ്ടായി. ഇതു നീന്തലിനുള്ള ചെലവു വര്‍ദ്ധിക്കാനിടയാക്കി. ഫലത്തില്‍, ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ മാത്രമല്ല, ഉപരിവര്‍ഗ്ഗവും, അധോവര്‍ഗ്ഗവും തമ്മില്‍ വേര്‍തിരിക്കപ്പെടാനിടയായി.
4.“മുതലാളിത്ത സമൂഹത്തെക്കുറിച്ചുള്ള [ഏംഗല്‍സിന്‍റെ] വിലയിരുത്തലിനെ സമ്പന്നമാക്കിയ, അദ്ദേഹത്തിന്‍റെ അധോലോക പേഴ്സിഫോണ്‍” ആയിട്ടാണ് ട്രിസ്ട്ട്രം ഹണ്ട് ബേണ്‍സിനെ കാണുന്നത്. “ഏംഗല്‍സിന്‍റെ കമ്മ്യൂണിസ്റ്റു സിദ്ധാന്തത്തിനുള്ള ഭൌതിക യാഥാര്‍ത്ഥ്യം നല്‍കി സഹായിച്ചത് മേരിയാണ്.”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...