2019, മേയ് 20, തിങ്കളാഴ്‌ച

ഹത്യ

ഹത്യ

തീൻമേശക്കു മുകളിലാണവൾ
തൂങ്ങിച്ചത്തത്.

കത്തിയും മുള്ളും കൊണ്ട് തീറ്റ
വായിലേക്ക് തള്ളുമ്പോഴാണ്
ഒരാശ്ചര്യ ചിഹ്നം ചോദ്യചിഹ്നമായ്
മോളിൽ തൂങ്ങിയാടുന്നത് കണ്ടത്.

ആട്ടത്തിനു പിന്നിൽ പശ്ചാത്തലമായ്
പാട്ടുണ്ടായിരുന്നു.

"കൊല്ല് . . .
തിന്ന് . . .
എന്നെ കൊന്നത് ഞാനെങ്കിലും
തൂക്കിലേറ്റിയത് നീയാ കള്ള ബടുവാ.

"കൊന്നില്ലേ...
ഇനി പാപം തീരാൻ തിന്നു തീർക്ക്.

"ആഹാരം ചാരമായും
ഉടുപുടവ ചാക്കു തുണിയായും
വീട് ശ്മശാനമായും  
മാറ്റിയതാര്?"

തൂങ്ങിയാടി ഒരൊറ്റ വിരലായ് ചൂണ്ടി
അവൾ, മൃത, പറയുന്നു:
"നീ.

"എൻ്റെ ഉറഞ്ഞു പോയ ചോര
വിറങ്ങലിച്ച മാംസം
നിൻ്റെ അത്താഴമാകട്ടെ .
ഭർർർത്താവേ
ഇതാ അത്താഴം.
ഇതെൻ്റെ രക്തം
ഇതെൻ്റെ മാംസം.
ഇത് നിൻ്റെ അവസാനത്തെ അത്താഴം.
ഇതിനു ശേഷം
ഞാൻ ഉയിർത്തു വരും
നിന്നെ അത്താഴമാക്കാൻ.
അതുവരെ
സ്വസ്തി,"
****


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...