2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

DUNNO 27

ഒരപ്രതീക്ഷിത സമാഗമം 

നൃത്തവിരുന്നിനുള്ള ഒരുക്കങ്ങൾ പൊടിപൊടിച്ചു. ഓർക്കസ്ട്രക്കുള്ള തട്ടും, നൃത്ത വേദിക്കു ചുറ്റുമുള്ള പന്തലുകളും തയ്യാറായി. ഓർക്കസ്ട്രക്കുള്ള തട്ടിൽ ബ്ലോബ്സ് വിചിത്ര മനോഹരമായ ചിത്രപ്പണികൾ ചെയ്‌തു. മറ്റു ആൺമൈറ്റുകൾ പന്തലിന്റെ മേലാപ്പുകളിൽ മഴവിൽ വർണ്ണങ്ങൾ വരച്ചു വച്ചു. പെൺകുട്ടികളാകട്ടേ,  നൃത്തവേദി പൂക്കളാലും തോരണങ്ങളാലും വർണ്ണ റാന്തലുകളാലും അലങ്കരിച്ചു. ഡന്നോ പതിവുപടി ഉത്തരവുകളിറക്കിക്കൊണ്ട് ഓടിനടന്നു. പണി പതിയെയാകുന്നത് അവനത്ര രസിച്ചില്ല. അതിനാൽ അവൻ ഒച്ചവച്ചും ബഹളമുണ്ടാക്കിയും എല്ലാവരെയും അലോസരപ്പെടുത്തി. ആരും പറയാതെ തന്നെ എല്ലാം ചെയ്യാൻ എല്ലാവർക്കും അറിയാമായിരുന്നത് ഭാഗ്യമായി. 

നൃത്തവേദിക്കു ചുറ്റും ബെഞ്ചുകൾ ഒരുക്കിയാൽ നന്നായിരിക്കുമെന്ന് ഒരു മൈറ്റിനു തോന്നി. പക്ഷേ, ബെഞ്ചുകൾ ഉണ്ടാക്കാനുള്ളത്ര പലകകൾ ഇല്ലെന്ന സ്ഥിതി വന്നു. ഡന്നോയ്ക്ക് നല്ല  അരിശമുണ്ടായി.

"എന്ത്! വേണ്ടത്ര പലക വലിച്ചെത്തിക്കാതെയാണോ കാറുകൾ പട്ടം പട്ടണത്തിലേക്ക് മടക്കിയത്!" അവൻ പൊട്ടിത്തെറിച്ചു. "അങ്ങനെയെങ്കിൽ പന്തലുകളിലൊന്ന് പൊളിക്കേണ്ടി വരും."

"അപ്പറഞ്ഞത് ശരി!" അതും പറഞ്ഞ് പ്രാപ്സ് ഒരു മഴുവുമേന്തി തൊട്ടടുത്ത പന്തലിലേക്ക് വച്ചുപിടിച്ചു. 

"നീയെന്തായീ ചെയ്യുന്നേ?" ബ്ലോബ്സ് ഒച്ച വച്ചു. "ഇവയെല്ലാം കെട്ടിപ്പൊക്കി ചായമടിച്ചത് പൊളിച്ചടുക്കാനാ?"

"ഇതിൽ നിനക്ക് കാര്യമില്ല," പ്രാപ്സ് പറഞ്ഞു. "നമ്മൾക്കു ബെഞ്ചുകൾ വേണം, വേണ്ടേ?"

"അതിനു വേണ്ടി പന്തലു പൊളിക്കരുത്." 

"നിങ്ങൾ നിങ്ങളുടെ പണി നോക്ക്," ഡന്നോ പറഞ്ഞു. 'ഇവിടുത്തെ മേൽനോട്ടം ആർക്കാ, നിങ്ങൾക്കോ, എനിക്കോ? പൊളിക്കാൻ ഉത്തരവിട്ടിട്ടുണ്ടെങ്കിൽ, പൊളിച്ചിരിക്കണം."

ആ സമയത്ത് വിദൂരതയിലൊരു കാർ പ്രത്യക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ ഈ വഴക്ക് എങ്ങനെ കലാശിക്കുമായിരുന്നുവെന്ന് പറയാൻ വയ്യ.

"പ്രെറ്റ്സൽ മടങ്ങി വന്നിരിക്കുന്നു!'' എല്ലാവരും ആഹ്‌ളാദത്തോടെ ഒച്ചവച്ചു. "ഇനിയിപ്പോ, പന്തലു പൊളിക്കാതെ തന്നെ ആവശ്യത്തിനുള്ള പലക നമുക്കെത്തിക്കാനാകും."

കാറു വന്നു നിന്നപ്പോൾ, അതിൽ നിന്ന് പ്രെറ്റ്സൽ പുറത്തേക്കിറങ്ങി. അവനു പിറകിൽ മറ്റൊരു ആൺമൈറ്റു കൂടി പ്രത്യക്ഷപ്പെട്ടു. എല്ലാവരും അമ്പരന്ന് അവനെ തുറിച്ചു നോക്കി.

"കർത്താവേ, നമ്മുടെ ഡുനോയല്ലേ ഇത്!" ഡോ. പിൽമൻ ഒച്ചയിട്ടു.                       "ഡുനോ വന്നിരിക്കുന്നു!"  സ്കാറ്റർ ബ്രെയിനും ഒച്ച വെച്ചു. 

ക്ഷണനേരത്തിൽ ഡുനോയെ അവൻ്റെ സുഹൃത്തുക്കൾ വളഞ്ഞു. അവരവനെ കെട്ടിപ്പിടിച്ചു; ഉമ്മ വച്ചു. 

"ഒടുവിൽ ഞങ്ങൾ നിന്നെ കണ്ടെത്തി!" അവർ പറഞ്ഞു.

"നിങ്ങൾ എന്നെ കണ്ടെത്തിയെന്നോ!" ഡുനോ അത്ഭുതപ്പെട്ടു. "ഞാൻ നിങ്ങളെയല്ലേ കണ്ടെത്തിയത്?

"അത് ശരിയാ. നീ ഞങ്ങളെയാണ് കണ്ടെത്തിയത്. നീ എന്നെന്നേക്കുമായ് ഞങ്ങളെ വിട്ടു പോയെന്നാണ് ഞങ്ങൾ വിചാരിച്ചത്."  

"ഞാൻ നിങ്ങളെ വിട്ടുപോയെന്നോ?" ആശ്ചര്യത്തോടെ വീണ്ടും ഡുനോ ചോദിച്ചു. "നിങ്ങൾ എന്നെ വിട്ടുപോയെന്നാണ് എനിക്കു തോന്നിയത്."

"നീയാണല്ലോ പാരച്യൂട്ടുമെടുത്ത് തുള്ളി, ഞങ്ങളെ വിട്ടേച്ചു പോയത്," റോളി പോളി പറഞ്ഞു.   

"നിങ്ങളെന്തിനാ അവിടെത്തന്നെ നിന്നുകളഞ്ഞത്? എല്ലാവരോടും ഞാൻ ചാടാൻ പറഞ്ഞതാണല്ലോ. നിങ്ങൾ എനിക്ക് പിന്നാലെ ചാടേണ്ടതായിരുന്നു. ബലൂണിന് കൂടുതൽ നേരം യാത്ര ചെയ്യാൻ പറ്റില്ലായിരുന്നല്ലോ. നിങ്ങൾക്ക് കാലു വിറച്ചു പോയിരിക്കണം."

"അതെ, കാലു വിറച്ചു പോയിരുന്നു," അവർ സമ്മതിച്ചു. 

"അവർക്ക് ചാടാൻ പേടിയായിരുന്നു, " ഡന്നോ പറഞ്ഞു. " അതിരിക്കട്ടെ, ആർക്കാ ആദ്യം കാലു വിറച്ചത്?"

"ആദ്യം വിറച്ചതോ? നിനക്കു തന്നെ," പ്രോബ്‌ളി പറഞ്ഞു.

"എനിക്കോ?"

"അതെ.നിനക്കു തന്നെ," അവരെല്ലാവരും ആർത്തു പറഞ്ഞു. "നമ്മൾ ചാടാൻപാടില്ലെന്ന് ആരാ പറഞ്ഞത്, നീയല്ലേ?"

"ഓ, ശരി. അത് ഞാനായിക്കോട്ടെ," ഡന്നോ പറഞ്ഞു. "പക്ഷേ, നിങ്ങളെന്തിനാ ഞാൻ പറഞ്ഞത് കേട്ടത്?"

"അത് ശരിയാ," ഡുനോ ചിരിച്ചു. "കേൾക്കാൻ പറ്റിയൊരാളേ! ഡന്നോ മണ്ടനാണെന്ന് നിങ്ങൾക്കറിയാത്തതല്ലല്ലോ."

"പറയാൻ പറ്റിയ നല്ല കാര്യം," ഡന്നോ ചുമലിളക്കിക്കൊണ്ട് പറഞ്ഞു. "ഞാനൊരു മണ്ടൻ, അല്ലേ?"

"ഭീരുവും കൂടിയാ," ട്രീക്ലിസ്വീറ്റർ കൂട്ടിച്ചേർത്തു.

"നുണയനും," റോളിപോളി പറഞ്ഞു.

"ഞാനെപ്പൊഴാണാവോ നുണ പറഞ്ഞത്?" ഡന്നോ ചോദിച്ചു. 

"ബലൂണുണ്ടാക്കിയത് ഞാനാണെന്ന് അവകാശപ്പെട്ടതാരാ?" റോളിപോളി ചോദിച്ചു. 

"നിനക്ക്‌ തെറ്റു പറ്റിയതാകും," ഡന്നോ ശ്വാസമടക്കിപ്പറഞ്ഞു ."ജീവിതത്തിലിന്നേവരെ ഞാനൊരു ബലൂണുണ്ടാക്കിയിട്ടില്ല. ഡുനോയാണല്ലോ ബലൂണുണ്ടാക്കിയത്."

"നീയാണിവിടെ മേൽനോട്ടക്കാരനെന്ന് പറഞ്ഞതാര്?" ട്രീക്ലിസ്വീറ്റർ ചോദിച്ചു. 

"ഞാനെങ്ങനെ മേൽനോട്ടക്കാരനാകും? ഞാൻ ആരുമല്ല. ആരുമേയല്ല," ഡന്നോ പറഞ്ഞു.

"ഇനിമുതൽ നീ അങ്ങനെത്തന്നെ ആയിരിക്കും," ട്രീക്ലിസ്വീറ്റർ പറഞ്ഞു. "ഡുനോയാണ് ഇനിമുതൽ മേൽനോട്ടക്കാരൻ."

ഇതൊക്കെ കേട്ടുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടികൾ പൊട്ടിച്ചിരിച്ചു. ഡന്നോ വെറുമൊരു വിടുവായനാണെന്ന് അവർക്ക് വ്യക്തമായി. ഡന്നോ ഒരു നുണയനാണെന്നും, അവനല്ല ഡുനോയാണ് ബലൂണുണ്ടാക്കിയതെന്നും മിന്നിയും വിന്നിയും ഓടിച്ചെന്ന് അവരുടെ എല്ലാ കൂട്ടുകാരോടും പറഞ്ഞു. 

ധാന്യമണി ഡന്നോയ്ക്കടുത്തു ചെന്ന് പരിഹാസത്തോടെ പറഞ്ഞു: "നീയെന്തിനാ ഞങ്ങളെ വിഡ്ഢികളാക്കിയത്? നിൻ്റെ വാക്കു വിശ്വസിച്ച് നീയൊരു ധീരനും, സമർത്ഥനും, സത്യസന്ധനുമാണെന്ന് ഞങ്ങൾ ധരിച്ചുപോയി. പക്ഷേ, നീയിപ്പൊ ഒരു ഭീരുവും നുണയാനുമാണെന്ന് വന്നിരിക്കുന്നു."

അവൾ ഗർവ്വോടെ അവനിൽനിന്നുമകന്ന്, മൈറ്റുകളുടെ കൂട്ടം പൊതിഞ്ഞിരിക്കുന്ന ഡുനോയ്ക്കടുത്തേക്ക് പോയി. എല്ലാവരും അവനു പറയാനുള്ളത് കേൾക്കാൻ ആഗ്രഹിച്ചു.   

"ആകാശത്തിലായിരുക്കുമ്പോ ഭൂമി ഒരപ്പകഷ്ണം പോലെ ചെറുതായിക്കാണുമെന്നത് നേരാണോ?" ചിപ്പി അവനോട് ചോദിച്ചു. 

"അല്ലേയല്ല," ഡുനോ പറഞ്ഞു. "ഭൂമി വളരെ വലുതായതുകൊണ്ട്   ഉയരത്തിലെത്തുന്തോറുംഅതു കൂടുതൽ വലുതായി കാണപ്പെടും. കാരണം, നമ്മുടെ കാഴ്‌ച വലുതായി വലുതായി വരും."

"മഴു കൊണ്ട് വെട്ടിപ്പോകേണ്ടത്ര കട്ടിയുള്ളവയാണ് മേഘങ്ങളെന്നത് നേരാണോ?" ധാന്യമണി ചോദിച്ചു. 

"അതും ശരിയല്ല," ഡുനോ പറഞ്ഞു.  "മഞ്ഞുകൊണ്ടുണ്ടാക്കപ്പെട്ടതിനാൽ അവ വായുപോലെ മൃദുലമാണ്. അവയിലൂടെ പോകാൻ മഴുകൊണ്ട് വെട്ടേണ്ട കാര്യമില്ല."

അവരവനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു: നീരാവികൊണ്ടാണോ ബലൂൺ വീർപ്പിച്ചെടുക്കുന്നത്? അതിനു തലകീഴായി പറക്കാൻ പറ്റുമോ? മേഘങ്ങൾക്ക് മുകളിലായിരുന്നപ്പോൾ തണുപ്പ് പൂജ്യത്തിനു കീഴെ ഒരായിരവും പത്തിൽ രണ്ടും ഡിഗ്രി ആയിരുന്നുവോ? അവയിലൊന്നും ഒരു നേരുമില്ലെന്ന് ഡുനോ പറഞ്ഞു. 

"ഈ അസംബന്ധങ്ങളൊക്കെ ആരാ പറഞ്ഞത്?" അവൻ ചോദിച്ചു.

"ഡന്നോയാണ്," ബേഡി കുലുങ്ങിച്ചിരിച്ചു പറഞ്ഞു.                                     എല്ലാവരും ഡന്നോയെ നോക്കി പൊട്ടിച്ചിരിച്ചു. അവൻ ബീറ്റ് റൂട്ടു പോലെ ചുകന്നു പോയി; ഭൂമി പിളർന്ന് തന്നെ വിഴുങ്ങിയെങ്കിലെന്ന് ആഗ്രഹിച്ചു പോയി. പൊടുന്നനെ, അവൻ ഓടിപ്പോയി ഒരു കുറ്റിക്കാട്ടിലൊളിച്ചു.

"എൻ്റെ കാര്യം അവർ മറക്കുന്നതു വരെ ഇവിടെ ഇരുന്നേക്കാം," അവൻ സ്വയം പറഞ്ഞു.

ഡുനോയ്ക്ക് ഗ്രീൻവിൽ കാണാൻ നല്ല കൗതുകമുണ്ടായിരുന്നു. അതിനാൽ ഹിമബിന്ദുവും, ധാന്യമണിയും, മറ്റു ചില പെൺകുട്ടികളും കൂടി അവനെ കാഴ്ചകൾ കാട്ടാൻ കൊണ്ടുപോയി. പൈപ്പുകൾ ഇട്ടിരിക്കുന്നതെങ്ങനെയെന്നും, വെള്ളം താഴോട്ടു പോകാതെ മേലോട്ടു കുതിക്കുന്ന രീതിയിൽ ജലധാരകൾ സ്ഥാപിച്ചതെങ്ങനെയെന്നും അവരവന് വിശദമായ് വിവരിച്ചുകൊടുത്തു. ഗ്രീൻവിൽ വൃത്തിയും വെടിപ്പുമായ് ഇരിക്കുന്നതു കണ്ട് അവനു സന്തോഷമായി. നടവഴികളിലും തെരുവകളിലും പരവതാനി വിരിച്ചതിന് അവൻ പെൺകുട്ടികളെ അഭിനന്ദിച്ചു. സന്തുഷ്ടരായ അവർ അവനെ വീടുകളുടെ ഉൾഭാഗങ്ങൾ സന്ദർശിക്കാൻ ക്ഷണിച്ചു. അവയും, പുറത്തെന്നതു പോലെ, വൃത്തിയും വെടിപ്പുമുള്ളതായിരുന്നു. ഒരു വീട്ടിൽ പുസ്തകങ്ങൾ വെച്ച ഒരു പുസ്തകയലമാര അവൻ കാണാനിടയായി. വീട്ടിലെത്തിയാൽ അത്തരമൊരു പുസ്തകയലമാര താനുമുണ്ടാക്കുമെന്ന് അവൻ പറഞ്ഞു.  

"അപ്പൊ, അങ്ങനെയൊരു അലമാര അവിടെയില്ലേ?" പെൺകുട്ടികൾ ചോദിച്ചു.

"ഇല്ല" അവൻ ഏറ്റുപറഞ്ഞു. 

"അപ്പോൾ  പുസ്തകങ്ങൾ എവിടെ വെക്കും?"

കയ്യൊന്ന് മെല്ലെ വീശി അവനാ ചോദ്യം അവഗണിച്ചു. തൻ്റെ പുസ്തകങ്ങൾ മേശമേലും, അതിനിടയിലും, എന്തിന്, കിടക്കക്കടിയിലുമാണെന്ന് പറയാൻ അവന് ലജ്ജ തോന്നി. 

ഡുനോയ്ക്ക് തണ്ണിമത്തനിലും കൗതുകമുണ്ടായി. അവനോട് പെൺകുട്ടികൾ തിസിലിനെപ്പറ്റി പറഞ്ഞു. അവരെ കാണാൻ താൽപ്പര്യമുണ്ടെന്ന് അവൻ അറിയിച്ചു. അവരുടെ ജോലിയെപ്പറ്റി അവൻ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. പച്ചക്കറികളും പഴങ്ങളും താൻ വളർത്തുന്ന രീതിയെപ്പറ്റി അവർ പറഞ്ഞപ്പോൾ അവനതെല്ലാം സാകൂതം കേട്ടു; നോട്ടുപുസ്തകത്തിൽ കുറിച്ചെടുക്കുകകൂടി   ചെയ്തു. 

ഇതിടയിൽ, ഡന്നോയ്ക്ക് കുറ്റിക്കാട്ടിലൊളിച്ച് മടുത്തു കഴിഞ്ഞിരുന്നു. ഇടക്കിടക്ക് അവൻ പുറത്തേക്ക് ഇഴഞ്ഞു  വന്നു. നിരാശയായിരുന്നു  ഫലം. പെൺകുട്ടികൾ അവനെ കണ്ടതായേ  ഭാവിച്ചില്ല. അവൻ ജീവിച്ചിരിപ്പില്ലെന്ന മട്ടിലായിരുന്നൂ അവരുടെ പെരുമാറ്റം. എന്നാൽ ആൺകുട്ടികളാകട്ടേ, അവനു സ്വൈര്യമേ കൊടുത്തില്ല.

"നുണയനാണ് ഡന്നോ!" അവർ വിളിച്ചു കൂവി "ഭീരുവാണ് ഡന്നോ! വിടുവായനാണ് ഡന്നോ!"

"അവരൊന്നും മറന്നിട്ടേയില്ല," അവൻ സങ്കടത്തോടെ പറഞ്ഞു. "കുറ്റിക്കാട്ടിലേക്ക് തന്നെ മടങ്ങുന്നതാണ് ഭംഗി."

കുറച്ചു കഴിഞ്ഞ് അവൻ വീണ്ടും ഇഴഞ്ഞു പുറത്തേക്കു വന്നു. പക്ഷേ, കാര്യങ്ങൾ പഴയപടി  തന്നെ  തുടർന്നു.

"ഇനിയും പുറത്തേക്കിഴഞ്ഞു വരാൻ ഞാനില്ല," അവൻ തീരുമാനിച്ചു. "മനസ്സുറപ്പുണ്ടായേ പറ്റൂ. ഇവിടെ ഒരുപാടൊരുപാട് നേരം കഴിയേണ്ടി വരും - ഒരു പക്ഷേ, നാളെ രാവിലെ വരെ. നൃത്തവിരുന്ന് തുടങ്ങുന്നതു വരെ ഞാൻ പുറത്തേക്കില്ല."

***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...