2020, ഡിസംബർ 3, വ്യാഴാഴ്‌ച

dunno 28

ഡന്നോയെ മാപ്പാക്കുന്നു.  

അടുത്ത ദിവസമായിരുന്നു ദീർഘകാലമായ് അവർ കാത്തിരുന്ന നൃത്തവിരുന്ന്. പ്രസാദമാർന്ന പന്തലുകൾ നൃത്തവേദിയെ ചൂഴ്ന്നു നിന്നു. അവ യക്ഷിക്കഥകളിലെ വീടുകളെപ്പോലെ തിളക്കമുള്ളവയും വർണ്ണപ്പകിട്ടാർന്നവയുമായിരുന്നു. വർണ്ണക്കൊടികളും റാന്തലുകളും കോർത്തിട്ട ചരടുകൾ  നൃത്തവേദിക്കു കുറുകെ കെട്ടിയിട്ടിരുന്നു. മരങ്ങളിൽ തൂങ്ങി നിൽപ്പുണ്ടായിരുന്ന കൊടികളും റാന്തലുകളും അവയെ ക്രിസ്മസ് മരങ്ങളെന്ന് തോന്നിപ്പിച്ചു. 

പത്ത് പെൺമൈറ്റുകളുള്ള ഒരു സംഗീതസംഘം പൂക്കൾ കൊണ്ടലങ്കരിച്ച ഒരു തട്ടിനു മുകളിൽ ഇരിപ്പുറപ്പിച്ചു. ഓരോ പെൺകുട്ടിയും ഒരു വയലിൻ വായിച്ചു. ചില വയലിനുകൾ കയ്യിലൊതുങ്ങുന്നത്ര ചെറുതായിരുന്നു. മറ്റു ചില വയലിനുകൾ, ഒരൽപ്പം വലുതായതിനാൽ, മുട്ടിനു കുറുകേ വെക്കേണ്ടി വന്നു.  ഇനിയും ചിലവ നിലത്ത് കുത്തിനിർത്തേണ്ടി വന്നു. അവയിലൊരു വയലിൻ വായിക്കാൻ വേണ്ടി വാദകന്  ഒരു കൊച്ചേണി വെച്ചു കയറേണ്ടതായ് വന്നു. അത്ര വലുതായിരുന്നൂ ആ വയലിൻ.  

പട്ടംപട്ടണത്തിൽനിന്നുള്ള തങ്ങളുടെ അതിഥികളെക്കാത്ത് പെൺമൈറ്റുകൾ നൃത്തവേദിക്കു ചുറ്റും കൂടി നിന്നപ്പോൾ വൈകുന്നേരമായിട്ടുണ്ടായിരുന്നില്ല. ആദ്യം എത്തിച്ചേർന്നത് നെയിൽസ് ആയിരുന്നു. അവൻ കുളിച്ചു, ചീകി, നല്ല വൃത്തിയുള്ള ഒരു കുപ്പായമിട്ടിരുന്നു. ഒരു മുടിച്ചുരുൾ തലയുടെ നേരെ മുകളിലേക്ക് നീണ്ടു നിന്നിരുന്നുവെന്നത് ശരി തന്നെ. പക്ഷേ, മുടിയുടെ കാര്യത്തിൽ അവനേറെ ശ്രദ്ധാലുവായിരുന്നുവെന്നത് ആർക്കും കാണാമായിരുന്നു.                                                                                                        "നീയിപ്പോ നല്ലൊരു കുഞ്ഞു മൈറ്റായി," കിറ്റി പറഞ്ഞു. "ഇങ്ങനെ വൃത്തിയും വെടിപ്പുമായിരിക്കുന്നതിൽ നിനക്കു സ്വയം സന്തോഷം തോന്നുന്നുണ്ടാകണം, അല്ലേ?"                                                                                                  "പിന്നില്ലാതെ," തൻ്റെ ഷർട്ടൊന്ന് പിടിച്ചു വലിച്ചുകൊണ്ട് നെയിൽസ് പറഞ്ഞു. 

പിന്നീട് വന്നത് ടാപ്‌സും പ്രെറ്റ്സലുമാണ്. അവർക്കു പിറകേ മറ്റുള്ളവരുമെത്തി. ആരും അവരെ ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. പഴങ്ങൾ തന്നതിന് പെൺകുട്ടികൾക്ക് നന്ദി പറയാൻ എത്തിയതാണെന്നാണ് ഓരോരാളും പറഞ്ഞത്. ഉടൻ തന്നെ അവരെല്ലാം നൃത്തവിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടു. 

നൃത്തവിരുന്ന് തുടങ്ങുന്നതു വരേക്കും ഡന്നോ പൂച്ചെടികൾക്കിടയിൽ ഒളിച്ചിരിക്കുക തന്നെ ചെയ്തു. അതായത്, അവൻ അവക്കിടയിൽ ഉറങ്ങി. എന്നാൽ, ആൺമൈറ്റുകളുടെ വരവിൻ്റെ ഘോഷം കേട്ടതോടെ അവൻ പുറത്തേക്കിഴഞ്ഞു വന്ന് നൃത്തവേദി നോക്കി വച്ചുപിടിച്ചു.                            "ആഹാ, നുണയനും എത്തിയല്ലോ," അവനെ കണ്ടപ്പോൾ അവർ ഒച്ചവെച്ചു. "എടോ, നുണയാ, ബലൂണിൽ നീ തലകുത്തനെ സവാരി ചെയ്തതൊന്ന് പറഞ്ഞു തരാമോ?"                                                                                                                                    "അല്ലെങ്കിൽ, സ്ട്രാബറി ഐസ്ക്രീമിനു പകരം മേഘങ്ങളെ തിന്നതെങ്ങനെയെന്ന് പറ," അവനരികിലേക്ക് ഓടിക്കൊണ്ട്  റോളി പോളി കൂട്ടിച്ചേർത്തു.                                                                                                                          ഡന്നോക്ക് വല്ലാതെ നൊന്തു. നിന്നനിൽപ്പിൽ അവൻ വട്ടം കറങ്ങി നടന്നു പോയി. അവൻ്റെ ചങ്ങാതിമാർ പൊട്ടിച്ചിരിച്ച്, അവനെ തിരികേ വിളിച്ചു. എന്നാൽ, അവൻ വിളി കേൾക്കാൻ കൂട്ടാക്കിയില്ല. 

സങ്കടം കൊണ്ട് താൻ എങ്ങോട്ടാണ് പോകുന്നതെന്ന് ഡന്നോയ്ക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. നടന്നു നടന്ന് അവൻ പട്ടണത്തിൻ്റെ അറ്റത്തെത്തി ഒരു വേലിയിൽ തലയിടിച്ചു നിന്നു. അവൻ്റെ തല വല്ലാതെ വേദനിച്ചു പോയി. മുകളിലേക്ക് നോക്കിയപ്പോൾ, അവൻ വേലിയിൽ എഴുതി വെച്ചത് കണ്ടു: "ഡന്നോ ഒരു മണ്ടനാണ്."                                                                                                അവരെന്നെപ്പറ്റി വേലിയിലും എഴുതാൻ തുടങ്ങിയിരിക്കുന്നു, വാൻ നിരാശയോടെ ചിന്തിച്ചു. ആ നേരം അവനവനോട് തോന്നിയത്ര  ഖേദം ജീവിതത്തിലിന്നേവരെ അവനു മറ്റാരോടും തോന്നിക്കാണില്ല. വേലിയിൽ ചാരിനിന്ന അവൻ്റെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി.

ഞാനെന്തൊരു പാവം, അവൻ വിചാരിച്ചു. എന്തൊരു പാവമാണ് ഞാൻ! എല്ലാർക്കും എന്നോട് പുച്ഛമാണ്.  ആർക്കും എന്നെ ഇഷ്ടമല്ല --- ലോകത്തിലാർക്കും!

വേലി ചാരി അവനവിടെ അങ്ങനെ കുറേനേരം നിന്നു. ഹൃദയം നുറുങ്ങും പോലെ കരഞ്ഞു. പൊടുന്നനെ, ആരോ തൻ്റെ ചുമലിൽ മൃദുവായ് തൊട്ടതായ് അവനു തോന്നി. ആരോ ആർദ്രതയോടെ പറയുന്നതവൻ കേട്ടു,"കരയാതെ, ഡന്നോ!"                                                                                                                                            മുകളിലേക്ക് നോക്കിയപ്പോൾ അവൻ കണ്ടതോ, ധാന്യമണിയെ.                      "കരയല്ലേ," അവൾ ആവർത്തിച്ചു.                                                                                    ഡന്നോ മുഖം തിരിച്ചു; വേലി മുറുക്കിപ്പിടിച്ചു; കൂടുതൽ കടുപ്പത്തിൽ കരഞ്ഞു. ധാന്യമണി ഒരക്ഷരം മിണ്ടാതെ അവൻ്റെ ചുമലിൽ തഴുകിക്കൊണ്ടിരുന്നു. അവളുടെ കൈ വിടുവിക്കാൻ ഡന്നോ തൻ്റെ ചുമലിളക്കി; ഒരു തൊഴിയും വച്ചുകൊടുത്തു. 

"അത്ര വഷളനാകണ്ട നീയ്യ്," അവൾ പതിവ് സൗമ്യതയോടെ പറഞ്ഞു. "നീ അങ്ങനെയൊരുവനല്ലെന്ന് എനിക്കറിയാം. നീ നല്ല നന്മയുള്ള ഒരു മൈറ്റാണ്. നീ നുണ പറഞ്ഞതും പൊങ്ങച്ചം പറഞ്ഞതുമൊക്കെ കൂടുതൽ നല്ലവനായ് കാണപ്പെടാനാണ്. എന്നാൽ, ഇനി നീ അങ്ങനെ ചെയ്യില്ല, ഉവ്വോ? ചെയ്യില്ലെന്ന് പറ."                                                                                                                                                        ഡന്നോ ഒന്നും പറഞ്ഞില്ല.                                                                                              "പറയില്ലെന്ന് പറയൂ. എത്ര നല്ലൊരു കൊച്ചു മൈറ്റാണ് നീ."                                           "അല്ല, ഞാനല്ല. ഞാൻ ചീത്തയാ."                                                                              "നിന്നേക്കാൾ വഷളന്മാർ എത്രയോ പേരുണ്ട്."                                                                       "ഇല്ല. തീരെയില്ല. ഞാനാണ് അതിവഷളൻ."                                                             "അതു നേരല്ല. നിന്നേക്കാൾ ചീത്തയായിരുന്നില്ലേ നെയിൽസ്. അവനുണ്ടാക്കിയത്ര കുഴപ്പം നീയുണ്ടാക്കിയിട്ടില്ല. എന്നിട്ടൊടുവിൽ അവനും നന്നായി. വിചാരിച്ചാൽ നിനക്കും നന്നാകാം. ഇനിയുമീ ചീത്തക്കാര്യങ്ങൾ ചെയ്യില്ലെന്ന് തീരുമാനിക്കുക. എല്ലാം പുതുപുത്തനായ് തുടങ്ങാം. പഴയ കാര്യങ്ങൾ ഞങ്ങൾ നിന്നെ ഓർമ്മിപ്പിക്കാതിരിക്കാം."                                                     "ശരി. ഇനി ഞാൻ അങ്ങനെയൊന്നും ചെയ്യില്ല," പ്രസന്നതയില്ലാത്ത മുഖത്തോടെ ഡന്നോ പിറുപിറുത്തു.                                                                                   "നല്ലത്!" ധാന്യമണി സന്തോഷത്തോടെ പറഞ്ഞു. "നീ ധൈര്യമുള്ള, നേരുള്ള, നന്മയുള്ള ഒരു മൈറ്റായിരുന്നാൽ മാത്രം മതി. സ്വയം ചീത്തയാകാതെ നോക്കിയാ മതി. അപ്പൊ, ഉള്ളതിനേക്കാൾക്കൂടുതൽ തനിക്ക് മെച്ചമായിരിക്കണമെന്ന് തോന്നില്ല. ശരിയല്ലേ?"                                                "ആണെന്ന് തോന്നുന്നു."                                                                                                                   അവൻ ധാന്യമണിയെ ഖേദത്തോടെ നോക്കി; കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ചു.                                                                                                                                    "വാ, നമുക്ക് മറ്റുള്ളവർക്കൊപ്പം കൂടാം," അവൻ്റെ കൈ പിടിച്ചുകൊണ്ട് ധാന്യമണി പറഞ്ഞു. 

താമസിയാതെ അവർ നൃത്തവേദിക്കരികെ എത്തി. ധാന്യമണിക്കൊപ്പം ഡന്നോയെക്കണ്ട റോളി പോളി വലിയവായിലേ വിളിച്ചു പറഞ്ഞു, "നുണയൻ  ഡന്നോ! മണ്ടൻ ഡന്നോ!"                                                                                    "നീ മേഘങ്ങളെ വിഴുങ്ങിയതെങ്ങനെയാന്നാ പറഞ്ഞത്," ട്രീക്ലി സ്വീറ്റർ വിളിച്ചു ചോദിച്ചു.                                                                                                                               "നാണമില്ലല്ലോ നിങ്ങൾക്ക്!" ധാന്യമണി പറഞ്ഞു. "നിങ്ങളെന്തിന് അവനെ കളിയാക്കണം?"                                                                                                                                       "ഞങ്ങളെ കളിയാക്കാൻ അവനെന്ത് കാര്യം?" റോളി പോളി ചോദിച്ചു.  "അവൻ നിങ്ങളെയാണോ കളിയാക്കിയത്?" ധാന്യമണി അത്ഭുതപ്പെട്ടു . "അവൻ കളിയാക്കിയത് ഞങ്ങളെയല്ലേ. എന്നിട്ട് നിങ്ങളൊരക്ഷരം മിണ്ടിയോ? അതുകൊണ്ട് നിങ്ങളും അവനോളം തന്നെ വഷളാണ്."                               "അത്രതന്നെ വഷളാണ്," ഹിമബിന്ദു പറഞ്ഞു. "അവൻ നുണ പറയുന്നുവെന്നറിഞ്ഞിട്ടും, വീരസ്യം പറയുന്നതു കേട്ടിട്ടും, നിങ്ങളവനെ  തടഞ്ഞില്ല. അങ്ങനെ ചെയ്യരുതെന്ന് നിങ്ങളിലൊരാളും അവനോട് പറഞ്ഞില്ല. അവനേക്കാൾ  ഭേദപ്പെട്ടവരാണ് നിങ്ങളെന്ന് നിങ്ങൾക്കെങ്ങനെ തോന്നും?" "ഞങ്ങൾക്ക് തോന്നുന്നില്ല," റോളി പോളി പിറുപിറുത്തു.                         "അപ്പോപ്പിന്നെ, അവനെ കളിയാക്കാൻ നിങ്ങൾക്ക് യാതൊരവകാശവുമില്ല," കിറ്റി പറഞ്ഞു. "മറ്റു വല്ലവരുമായിരുന്നെങ്കിൽ, അവനെ സഹായിച്ചേനെ." റോളിപോളിക്കും ട്രീക്ലി സ്വീറ്ററിനും വല്ലാത്ത നാണക്കേടു തോന്നി. അവർ ഡന്നോയെ കളിയാക്കുന്നത് മതിയാക്കി. 

ബേഡി അവനരികിലേക്ക് വന്നു. അവൾ പറഞ്ഞു: "കരയുകയായിരുന്നൂ, അല്ലേ, പൊന്നേ, നീയ്യ്? എല്ലാരും നിന്നെ കളിയാക്കി, അല്ലേ? ഈ ആൺമൈറ്റുകൾ അങ്ങനെയാ. വരട്ടെ, ഇനിയും നിന്നെ കളിയാക്കാൻ ഞങ്ങൾ അവരെ സമ്മതിക്കില്ല,"  ഒന്നു രണ്ടടി നടന്ന ശേഷം, ബേഡി പെൺമൈറ്റുകളോട്  മന്ത്രിച്ചു: "നമ്മളവനോട് നല്ല കരുണ കാണിക്കണം. അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അവനു കിട്ടി. അവനതിൽ ഖേദമുണ്ട്. ഇനിയവൻ നന്നായിക്കോളും."              

"തീർച്ചയായും," കിറ്റി പറഞ്ഞു. "അവനെ കളിയാക്കുന്നത് ശരിയല്ല. അതവനെ കുപിതനാക്കും; പഴയതിനേക്കാൾ കൂടുതൽ അവൻ്റെ സ്വഭാവം വഷളാക്കും. അവനോട് നന്നായി പെരുമാറിയാലോ, അവൻ സ്വന്തം തെറ്റു മനസ്സിലാക്കി തിരുത്തും. 

പെൺകുട്ടികളെല്ലാം അവനു ചുറ്റും തടിച്ചു കൂടി തങ്ങളുടെ ഖേദം എത്രമാത്രമുണ്ടെന്ന് പ്രകടിപ്പിച്ചു. 

"എനിക്കൊരിക്കലും പെൺകുട്ടികളുടെ കൂടെ കളിക്കണമെന്ന് തോന്നിയിരുന്നില്ല," ഡന്നോ പറഞ്ഞു. "ആൺകുട്ടികളാണ് പെൺകുട്ടികളേക്കാൾ ഭേദമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അതു തെറ്റാണെന്ന് എനിക്കിപ്പൊ മനസ്സിലായി. ആൺകുട്ടികൾ എന്നെ കളിയാക്കി; പെൺകുട്ടികൾ എനിക്കൊപ്പം നിന്നു. ഇന്നു മുതൽ ഞാനിനി പെൺകുട്ടികൾക്കൊപ്പമാണ് കളിക്കുക."

*****

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...