2023, ഏപ്രിൽ 17, തിങ്കളാഴ്‌ച

Gene 35: 2







 അച്ഛനും ഞാനും മണിയുടെ കൊൽക്കത്തയിലുള്ള ആതുരാലയത്തിൽനിന്ന് മടങ്ങുകയായിരുന്നു. താൻ വളർന്നുവന്ന വീടിനുമുമ്പിൽ --- ഉന്മാദത്തിന്റെ തീവ്രവേദനയിലായിരുന്ന, ഒരു കാട്ടുപക്ഷിയെപ്പോലെ കുതറുന്ന, രാജേഷിനെ തിരികെ കൊണ്ടുവന്ന ആ സ്ഥലത്ത് ---  അച്ഛന്‌ ഒരിക്കൽക്കൂടിയൊന്നു നിൽക്കണമെന്ന് തോന്നി.  അദ്ദേഹത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിനു ചുറ്റും ഒരു മുറിയുടെ ചുവരുകൾ രൂപപ്പെടുത്തിയിരുന്നു. ഞങ്ങൾ ഹായത് ഖാൻ തെരുവിലെ മൂലയിൽ കാറു നിർത്തി; അടഞ്ഞു കിടക്കുന്ന വഴിയിലേക്ക് നടന്നു പോയി.  അപ്പോൾ വൈകുന്നേരം ഒരാറുമണിയായിക്കാണണം . വീടുകളെല്ലാം ചെരിഞ്ഞിരിക്കുന്ന, ധൂസരമായ പ്രകാശത്തിൽ മങ്ങിനിന്നിരുന്നു. അന്തരീക്ഷത്തിൽ മഴയുടെ ഭീഷണിയുണ്ടായിരുന്നു. 

"ബംഗാളികളുടെ ചരിത്രത്തിൽ ഒരേയൊരു സംഭവമേയുള്ളൂ: (ഇന്ത്യാ)വിഭജനം," അച്ഛൻ പറഞ്ഞു. ഉയരത്തിൽ തള്ളിനിൽക്കുന്ന ബാൽക്കണികളിലേക്ക് ഉറ്റുനോക്കി അദ്ദേഹം പഴയ അയൽവാസികളുടെ പേരുകൾ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു: ഘോഷ്, താലൂക്ദാർ, മുഖർജി, ചാറ്റർജി, സെൻ. ഒരു ചാറ്റൽ മഴ ഞങ്ങളിലേക്ക് പതിയേ ഇറങ്ങിവന്നു. അതോ, അത് വീടുവീടാന്തരം കെട്ടിയിരുന്ന അയലുകളിൽ തിങ്ങിവിരിച്ചിട്ടിരുന്ന അലക്കിയ തുണികളിൽനിന്നുള്ള തുള്ളികളായിരുന്നോ? "ഈ നഗരത്തിലെ ഓരോ പുരുഷനും സ്ത്രീയ്ക്കും വിഭജനം ഒരു നിർണ്ണയാക മുഹൂർത്തമായിരുന്നു," അച്ഛൻ പറഞ്ഞു. "ഒന്നുകിൽ ആൾക്കാർക്ക് സ്വന്തം വീടു നഷ്ടപ്പെട്ടു; അല്ലെങ്കിൽ, സ്വന്തം വീട് മറ്റുള്ളവർക്കുള്ള അഭയസ്ഥാനമായി." ഞങ്ങളുടെ തലക്കുമുകളിലുള്ള ജാലകനിരകളിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി. "ഇവിടെയുള്ള ഓരോ കുടുംബത്തിലും മറ്റൊരു കുടുംബം താമസിച്ചിരുന്നു." വീടുകൾക്കുള്ളിലെ വീടുകൾ; മുറികൾക്കുള്ളിലെ മുറികൾ; സൂക്ഷ്മലോകങ്ങൾക്കകത്ത് നിവസിക്കുന്ന സൂക്ഷ്മലോകങ്ങൾ. 

"നാലു ഉരുക്കുപെട്ടികളും, കൈക്കലാക്കാൻ കഴിഞ്ഞ ചില്ലറ സാമഗ്രികളുമായി ഞങ്ങൾ ബരിസാലിൽ എത്തിയപ്പോൾ, ഒരു പുതിയ ജീവിതത്തിന് തുടക്കമായിയെന്നാണ് ഞങ്ങൾ കരുതിയത്. ഞങ്ങളൊരു ദുരന്തത്തിലൂടെ കടന്നുപോയതായിരുന്നു. പക്ഷേ, അതൊരു പുതിയ തുടക്കം കൂടിയായിരുന്നു." ആ തെരുവിലെ ഓരോ വീടിനും ഉരുക്കു പെട്ടികളുടെയും, നഷ്ടാവശിഷ്ടങ്ങളുടെയും അവയുടേതായ കഥകളുണ്ടെന്ന് എനിക്കറിയാമായിരുന്നു. അവിടുത്തെ സർവ്വനിവാസികളും   സമന്മാരാക്കപ്പെട്ടതുപോലെയായിരുന്നു -  ഹേമന്തകാലത്തെ പൂന്തോട്ടത്തിലെ  മൂടറ്റം വെട്ടിയൊതുക്കിയ ചെടികളെപ്പോലെ.

അച്ഛനടക്കമുള്ള സഹോദരസംഘത്തിന് പൂർവ്വബംഗാളിൽനിന്ന് പശ്ചിമബംഗാളിലേക്കുള്ള പ്രയാണം ഘടികാരങ്ങളുടെ സമൂലമായൊരു പുനഃസജ്ജീകരണമായിരുന്നു. വർഷം, വീണ്ടും, പൂജ്യത്തിൽനിന്ന് തുടങ്ങി.  കാലം രണ്ടായ്പ്പിരിഞ്ഞു; ദുരന്തത്തിനു മുമ്പും, പിമ്പുമുള്ള കാലങ്ങളായി -  വി. മു. (വിഭജനത്തിന് മുമ്പ്), വി. പി. (വിഭജനത്തിനു പിമ്പ്). ചരിത്രത്തിന്റെ ഈ വിച്ഛേദനം --- വിഭജനത്തിന്റെ വിഭജനം --- വിചിത്രമായൊരു സംഘർഷാത്മക അനുഭവമുണ്ടാക്കി. അച്ഛന്റെ തലമുറയിലെ സ്ത്രീപുരുഷന്മാർ തങ്ങളെ സഹജമായൊരു പരീക്ഷണത്തിലെ പങ്കാളികളായി സ്വയം കണ്ടു. ഘടികാരം വീണ്ടും പൂജ്യത്തിലേക്ക് തിരിച്ചു വെച്ചപ്പോൾ, മനുഷ്യരുടെ ജീവിതങ്ങളും, വിധികളും, തീരുമാനങ്ങളും തുടക്കത്തിന്റെഏതോ ഒരു കവാടത്തിൽനിന്നെന്നപോലെ, അല്ലെങ്കിൽ കാലത്തിന്റെ തുടക്കത്തിൽനിന്നെന്ന പോലെ, നിരീക്ഷിക്കാമെന്നായി. എന്റെ അച്ഛൻ ഈ പരീക്ഷണം അനുഭവിച്ചത് ഏറെ തീവ്രമായാണ്. അദ്ദേഹത്തിന്റെ ഒരു സഹോദരൻ ഉന്മാദത്തിലേക്കും വിഷാദത്തിലേക്കും ആണ്ടുപോയി. മറ്റൊരു സഹോദരന്റെ യാഥാർഥ്യബോധം തവിടുപൊടിയായി. എന്റെ മുത്തശ്ശിയാകട്ടേ, എല്ലാ തരത്തിലുമുള്ള മാറ്റങ്ങളോട് ആയുഷ്കാലം മുഴുവൻ സന്ദേഹം പുലർത്തുന്ന ശീലം ആർജ്ജിച്ചു. അച്ഛനോ, അച്ഛൻ സാഹസികതയിൽ അഭിരുചി കണ്ടെത്തി. വ്യതിരിക്തമായ ഭാവികൾ ഓരോ വ്യക്തിയിലും - ഹോമൻക്യുലസ്സിലെന്നപോൽ - പിന്നീടു വിടർന്നുവികസിക്കാൻ കത്തിരിക്കുകയായിരുന്നുവെന്നു തോന്നി.   

വ്യക്തികളായ മനുഷ്യരിലെ ഇത്ര വിശാലമായ വ്യത്യാസങ്ങളെ ഏതു ശക്തിക്കാണ്, ഏതു പ്രക്രിയാപ്രതിഭാസത്തിനാണ് വിശദീകരിക്കുവാൻ കഴിയുക? പതിനെട്ടാം നൂറ്റാണ്ടിൽ, ഒരു വ്യക്തിയുടെ വിധിയെ ദൈവത്താൽ കൽപ്പിക്കപ്പെട്ട ഒരു സംഭവപരമ്പരയായിട്ടാണ്, പൊതുവേ, വിശദീകരിച്ചിരുന്നത്. ഹിന്ദുക്കളുടെ വിശ്വാസപ്രകാരം, ഒരു വ്യക്തിയുടെ വിധി, അവന്റെ പൂർവ്വജന്മത്തിലെ പുണ്യപാപകർമ്മങ്ങളുടെ ഏതോ കണക്കെടുപ്പിലൂടെ, ഏറെക്കുറെ ഗണിതപരമായ കൃത്യതയോടെ, ലഭ്യമാകുന്നതെന്നാണ് (ദൈവം, ഈ പദ്ധതി അനുസരിച്ച്, ധാർമ്മികമായ നികുതിയുടെ കണക്കപ്പിള്ളയാണ്; ഭൂതകാലത്തിലെ നിക്ഷേപങ്ങളും നഷ്ടങ്ങളും അടിസ്ഥാനമാക്കി, മൂപ്പർ, കണക്കുകൾ ഒത്തുനോക്കി, സുവിധിയും ദുർവിധിയും പങ്കുവച്ചുകൊടുക്കും). അവർണ്ണനീയമായ കരുണയും, അത്രതന്നെ അവർണ്ണനീയമായ ക്രിസ്തീയ ദൈവമാകട്ടേ, അവർണ്ണനീയമായ കരുണയും, അത്രതന്നെ അവർണ്ണനീയമായ ക്രോധവുമുള്ള, ചപലനായ കണക്കപ്പിള്ളയാണ്.  പക്ഷേ, മൂപ്പരും, കൂടുതൽ ദുരൂഹതയുള്ളവനെങ്കിലും, വിധിയുടെ അവസാനത്തെ തീർപ്പുകാരനാണ്.  


പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ വൈദ്യശാസ്ത്രം വിധിയെക്കുറിച്ചും തെരഞ്ഞെടുപ്പുകളെകുറിച്ചുമുള്ള മതനിരപേക്ഷമായ ആശയങ്ങൾ മുന്നോട്ടു നീട്ടി. വിധിവിളയാട്ടങ്ങളിൽ, ഒരു പക്ഷേ, അത്യന്തം മൂർത്തവും സർവ്വത്രികവുമായ വസ്തുതതകളിൽ ഒന്നായ രോഗം ഭൗതികമായ പ്രക്രിയകളാൽ തീരുമാനിക്കപ്പെടുന്നതാണെന്ന് വിശദീകരിക്കുന്നതിന് സാദ്ധ്യമായി. അതു ദൈവികമായ പ്രതികാരത്തിന്റെ സ്വേച്ഛാപരമായ ആവിർഭാവമല്ല; അപകടസാദ്ധ്യതകളുടെ, സ്വാധീനങ്ങളുടെ, പ്രവണതകളുടെ, സാഹചര്യങ്ങളുടെ, പെരുമാറ്റങ്ങളുടെയൊക്കെ പരിണതഫലമാണ്. ഇരുപതാംനൂറ്റാണ്ട് പകുതിയായതോടെ, സ്വത്വം, ചേർച്ച, ചിത്തവൃത്തി, അഭിരുചി (എതിർലിംഗാനുരാഗം/ സ്വവർഗ്ഗാനുരാഗം, എടുത്തുചാട്ടം/ ജാഗ്രത) എന്നിവ മനസികാവേഗങ്ങളുടെയും, വ്യക്തിഗതചരിത്രങ്ങളുടെയും, യാദൃച്ഛികതകളുടെയും സന്ധിയിൽനിന്നുണ്ടാകുന്ന പ്രതിഭാസങ്ങളാണെന്ന് കൂടുതൽക്കൂടുതൽ വിശദീകരിക്കപ്പെട്ടു. വിധിയുടെ, തെരഞ്ഞെടുപ്പുകളുടെ ഒരു രോഗാരോഗ്യശാസ്ത്രം -- എപ്പിഡെമിയോളജി(3) - ജന്മം കൊണ്ടു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ ആദ്യദശകങ്ങളിൽ, നാം കാര്യകാരണബന്ധത്തെക്കുറിച്ചുള്ള പുതിയൊരു ഭാഷ സംസാരിക്കാൻ പഠിക്കുകയാണ്; സ്വത്വത്തിന്റെ (സത്തയുടെ) പുതിയൊരു രോഗാരോഗ്യശാസ്ത്രം നിർമ്മിക്കുകയാണ്. രോഗം, സ്വത്വം, ചേർച്ച, ചിത്തവൃത്തി, അഭിരുചി --- അന്തിമമായി, വിധിയും, തെരഞ്ഞെടുപ്പുകളും --- എന്നിവയെ നാം ജീനുകളെയും ജനോമുകളെയും ചേർത്ത്  വിവരിക്കുവാൻ തുടങ്ങുകയാണ്. നമ്മുടെ അടിസ്ഥാന പ്രകൃതവും, വിധിയും വീക്ഷിക്കുവാനുള്ള ഒരേയൊരു കാചം ജീനുകൾ മാത്രമാണെന്ന് ഇതുകൊണ്ട് നാം അസംബന്ധമായ് അവകാശപ്പെടുകയല്ല; നമ്മുടെ ചരിത്രത്തെയും  ഭാവിയെയും കുറിച്ചുള്ള അങ്ങേയറ്റം ഉദ്ദീപകമായ ഒരാശയത്തെ മുന്നോട്ടു നീട്ടുകയും, ഗൗരവമായ് പരിഗണിക്കുകയുമാണ്; നമ്മുടെ ജീവിതത്തിൽ, നമ്മുടെ സത്തകളിൽ ജീനുകളുടെ സ്വാധീനം നാം വിചാരിച്ചതിനേക്കാൾ സമ്പന്നവും ആഴമേറിയതും അസ്വസ്ഥമാക്കുന്നതുമാണെന്ന് പറയുകയാണ്. ജനോമുകളെ സസുദ്ദേശ്യം വായിക്കാനും, തിരുത്താനും, ചൂഷണം ചെയ്യാനും, അതുവഴി, ഭാവിവിധിയും തെരഞ്ഞെടുപ്പുകളും മാറ്റാനുള്ള കഴിവ് ആർജ്ജിക്കാനും നാം പഠി ക്കുന്നതോടെ , ഈ ആശയം കൂടുതൽ പ്രകോപനപരവും അസ്വസ്ഥജനകവുമാവുകയാണ്. 1919ൽ തോമസ് മോർഗൻ എഴുതി, "[പ്രകൃതി], എന്തായാലും, തീർത്തും പ്രാപിക്കാൻ കഴിയുന്ന ഒരുവളാണെന്നാണ് തോന്നുന്നത്. അവളുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ദുരൂഹത വെറും മായയാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു." നാമിപ്പോൾ മോർഗന്റെ നിഗമനങ്ങളെ വിപുലീകരിക്കുകയാണ് - പ്രകൃതിയിലേക്ക് മാത്രമല്ല, മനുഷ്യപ്രകൃതിയിലേക്കും. 


ഇന്നേക്ക് ഒരമ്പതോ, നൂറോ വർഷങ്ങൾക്കു ശേഷമാണ് ജഗ്ഗുവും രാജേഷും ജനിച്ചിരുന്നതെങ്കിൽ, അവരുടെ ജീവിതഭ്രമണപഥങ്ങൾ എന്തായിരുക്കുമെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അവരുടെ ജീവിതത്തെ മുച്ചൂടും മുടിച്ച രോഗങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുവാൻ, അവരുടെ പാരമ്പരാഗതമാകാൻ കഴിവുള്ള ദോഷങ്ങളെ ക്കുറിച്ചുള്ള നമ്മുടെ അറിവ് ഉപയോഗിക്കപ്പെടുമോ? ആ അറിവുപയോഗിച്ച് അവരെ നാം "സാധാരണത"യിലേക്ക് കൊണ്ടുവരുമോ? അങ്ങനെയെങ്കിൽ, അത്തരമൊരു കർമ്മത്തിലുണ്ടായേക്കാവുന്ന ധാർമ്മികവും, സാമൂഹികവും, ജൈവികവുമായ അപകടങ്ങളെന്തൊക്കെയാണ്? അത്തരം അറിവുകൾ പുതിയ തരം സഹാനുഭൂതിയും സംവേദനവും സാദ്ധ്യമാക്കുമോ? അതോ, അവ നവരൂപങ്ങളിലുള്ള വിവേചനത്തെ കരുപ്പിടിപ്പിക്കുമോ? ആ അറിവുപയോഗിച്ച് 'പ്രകൃതസഹജം' എന്തെന്ന് നിർവ്വചിക്കപ്പെടുമോ?


എന്താണ്, പക്ഷേ, 'പ്രകൃതിസഹജം'? ഒരുവശത്ത്, വൈജാത്യം, ഉൾപ്പരിവർത്തനം, അസ്ഥിരത, വിഭാജ്യത, ചഞ്ചലത. മറുവശത്തോ, സ്ഥിരത, ശാശ്വതത്വം, അവിഭാജ്യത, വിശ്വസ്തത. ഭേദവും അഭേദവും. വൈരുദ്ധ്യങ്ങളുടെ തന്മാത്രയായ DNA വൈരുദ്ധ്യമാർന്നൊരു ജന്തുവിനെ കോഡിലാക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തേണ്ട കാര്യമില്ല. പാരമ്പര്യത്തിൽ നാം സ്ഥിരത തിരയുന്നു; കിട്ടുന്നതോ, അതിനു വിരുദ്ധമായ വൈജാത്യവും. നമ്മുടെ സ്വത്വങ്ങളുടെ സത്ത നിലനിർത്താൻ മറുജീനുകൾ ആവശ്യമാണ്. ഇഴകളെ അവയുടെ എതിരിഴകളോട് ഇണചേർത്ത്, ഭാവിയും ഭൂതവും മിശ്രണം ചെയ്ത്, ഓർമ്മയേയും ആശയേയും മുഖാമുഖം നിർത്തി, നമ്മുടെ ജനോമുകൾ  വൈരുദ്ധ്യമാർന്ന ശക്തികൾക്കിടയിൽ തരളമായൊരു സമതുലനാവസ്ഥ സംജാതമാക്കിയിരിക്കുന്നു.  നമുക്കുള്ള എല്ലാറ്റിലുംവച്ച് അങ്ങേയറ്റം മാനുഷികമായ ഒന്നാണ് ജനോം.   അതിന്റെ കാര്യസ്ഥതയായിരിക്കണം, മനുഷ്യവമശത്തിന്റെ അറിവിന്റെയും വിവേകത്തിന്റെയുംഅന്തിമപരീക്ഷണം.  










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...