2016, ജൂൺ 5, ഞായറാഴ്‌ച

പാപി

പേനക്കു പകരം 
നീ എന്റെ കയ്യിൽ വെച്ചുതന്നത് 
പേനാക്കത്തി. 
കൂടെ ചില സുഭാഷിതങ്ങളും. 

"അക്ഷരം ഭക്ഷണത്തിനു പകരമാവില്ല. 
'അരി' എന്നെഴുതി ചട്ടിയിലിട്ടാൽ 
ചോറല്ല, ചേറാകും. 
കാക്ക കുളിച്ചാൽ കൊക്കാകില്ല. 
കുമ്പളം കുത്തിയാൽ മത്തൻ മുളക്കില്ല. 
ഗുണ്ടയുടെ മോൻ ഗുണ്ട തന്നെ." 

വളരും തോറും കത്തിയും വളർന്നു; 
കഠാരയായി. 
ഏറെ വളർന്നപ്പോൾ വാളായി. 
മൂർച്ചയുമേറി. 

അങ്ങാടിജന്തുക്കളെ മാത്രമല്ല 
ആശ്രമ മൃഗങ്ങളെയും 
വെട്ടി വിഴുങ്ങാമെന്നു നീയോതി; 
കൊന്നാൽ പാപം തിന്നാൽ തീരുമെന്നും. 

തിന്നാൽ തീരാത്ത പാപങ്ങളുമായി 
തീ തിന്നുകയാണിപ്പോൾ. 

വാളാൽ വാഴുന്നവൻ 
വാളാൽ വീഴുമെന്നു 
മറ്റൊരാൾ പറഞ്ഞു കേട്ടത് ഇന്നാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...