2016, ജൂൺ 7, ചൊവ്വാഴ്ച

ഭാര്യാവിചാരം

ബ്രാഹ്മമുഹൂര്‍ത്തത്തിലെഴുന്നേല്‍ക്കും;
പരബ്രഹ്മം പോത്തായുറങ്ങും പതിദേവതയുടെ 
കാല്‍തൊട്ടു കണ്ണില്‍വെക്കും;
സ്വാപഭംഗം വന്ന കണവകണ്വന്‍ മാറില്‍ തൊഴിച്ചാലതു
ശ്രീവത്സമായണിഞ്ഞു സ്നാനഗൃഹം പൂകും.

പൈപ്പുനീരിലും കണ്ണുനീരിലും കുളിച്ച്
അടുക്കളയിലെത്തും.
അടുക്കളയില്‍നിന്നുമരങ്ങത്തേക്കെന്ന
ഫലിതം വെറുതേയോര്‍ക്കും.
മുട്ടോളം തുള്ളുന്ന ചെമ്മീന്‍ പിന്നെ
ചട്ടിയിലേക്കും തീന്മേശയിലേക്കുമെന്നപോല്‍
അടുക്കളയില്‍ക്കിടന്നൊരുമ്പെട്ടാല്‍
കിടപ്പറവരെയെന്നോര്‍ത്ത്
അടുപ്പില്‍ തീ തെളിക്കും.

ഒരുനാളിതേ തീതന്നെ
തന്നെ വിഴുങ്ങുമെന്നാശ്വാസിച്ച്
കാന്തന്‍ കോന്തുണ്ണിക്കുള്ള ചായ കാച്ചും;
തുടികൊട്ടിപ്പാടിയുണര്‍ത്തി
കണ്ണും കരളും തെളിയാന്‍ ചായ കൊടുക്കും;
ദന്തക്ഷാളനസാമഗ്രികളും സ്നാനസാധനങ്ങളും നിരത്തും.
സ്നാനാന്തരമണിയാനുള്ള തിരുവുടയാടകളും
തിരുവാഭരണങ്ങളുമൊരുക്കും.

ആടയാഭാരണങ്ങളണിഞ്ഞു പതിത്തെയ്യമെത്തുമ്പോഴേക്കും
പത്രവും പ്രാതലും.
പ്രാതലില്‍ ബാക്കിയായത് പ്രിയതമക്കു പ്രസാദം.

പതിബാധ പിന്നെ പടിയിറങ്ങുമ്പോള്‍
പുറവുമകവും തൂത്തുവാരാനായി നേരം.
പുത്തനച്ചിയല്ലത്തതിനാല്‍
പുരപ്പുറമൊഴികെ ബാക്കിയെല്ലാം തൂക്കുമ്പോഴേക്കും
അലക്കിനായി നേരം.
അലക്കൊഴിഞ്ഞെങ്കിലും കാശിക്കു പോകാമോ,
മരിക്കാനെങ്കിലും നേരമുണ്ടാകുമോ എന്നു സന്ദേഹിക്കെ
സൂര്യനുച്ചിയില്‍.

അടുക്കളയില്‍നിന്നരങ്ങത്തേക്കു വീണ്ടും
ചോറും കറിയും.
ഉച്ചമയക്കത്തിനിടയില്‍ കണവകണ്വനു മദംപൊട്ടിയാല്‍
അവനൊത്തു സഹശയനം.

അന്തിയിരുളുമ്പോള്‍
അവന്‍റെ കള്ളിനും കറിക്കും കൂട്ടുകാര്‍ക്കുമിടയില്‍
വിരസമെന്നുള്ളില്‍ പരിഹസിക്കുമെങ്കിലും സരസയായി.
കുട്ടികളായി ചാത്തന്മാരില്ലാത്തതു സുകൃതം.

പിന്നെ
ഈ നിദ്ര അന്ത്യനിദ്രയാകട്ടേയെന്നു പ്രാര്‍ഥിച്ച്
സ്വാപത്തിന്‍റെ അബോധത്തിലേക്ക്.
ഇതി ഭാര്യാപുരാണം സമാപ്തം.
ഇതു നിത്യം മൂന്നുനേരം പഠിച്ചാല്‍
ഏതു ഭാര്യക്കും മുക്തി ലഭ്യം, തീര്‍ച്ച. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...