2020, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

DUNNO 25

ഷോട്ട് സുഖപ്പെടുന്നു.

ഗ്രംപ്‌സും ഡോ. പിൽമനും ചാടിപ്പോയതിൽപ്പിന്നെ, എല്ലാ നഴ്‌സുമാരും ആസ്പത്രി ജീവനക്കാരും അവശേഷിച്ച ഒരേ ഒരു രോഗിയെയാണ് പരിചരിച്ചത് --- ഷോട്ടിനെ. ശ്രദ്ധിച്ചുശ്രദ്ധിച്ച് അവർ അയാളെ വഷളാക്കി. ഒരു തവണ അയാൾ അവരോട് മിഠായി കൊണ്ട് സൂപ്പുണ്ടാക്കാൻ ആവശ്യപ്പെട്ടു.; ജാം കൊണ്ട് കഞ്ഞിയുണ്ടാക്കാനും. ഇനിയൊരു തവണ അയാൾ ആവശ്യപ്പെട്ടത് ഞാവൽപ്പഴം കൊണ്ടുള്ള ഇറച്ചിക്കേക്കും കൂൺ അച്ചാറുമാണ് (ഞാവൽപ്പഴം കൊണ്ട്                ഇറച്ചിക്കേക്കുണ്ടാക്കാനാകില്ലെന്ന് എല്ലാവർക്കും അറിയാം). മറ്റൊരു തവണ അയാൾ ആപ്പിൾ മസാല വേണമെന്ന് പറഞ്ഞു. അതു കൊണ്ടുവന്നപ്പോൾ താൻ ചോദിച്ചത് പുഴുങ്ങിയ സബർജില്ലിയാണെന്ന് അയാൾ പറഞ്ഞു. സബർജില്ലി പുഴുങ്ങിക്കൊണ്ടുവന്നപ്പോഴോ, അതിന് സവാള മണമോ, അതു പോലെ അസുഖകരമായ മറ്റെന്തോ മണമോ ഉണ്ടെന്ന് പരാതിപ്പെട്ടു.  

അയാളുടെ  തോന്ന്യാസങ്ങളൊക്കെ തൃപ്തിപ്പെടുത്താൻ നോക്കി പാവം നഴ്‌സുമാർ വലഞ്ഞു ക്ഷീണിച്ചു. അവർ, ഇങ്ങനെയൊരു രോഗിയെ  ജീവിതത്തിൽ കണ്ടിട്ടേയില്ലെന്ന് പറഞ്ഞു; അയാളെ പരിചരിക്കുക ഒരു ശിക്ഷയാണെന്നും. അയാൾ വേഗം സുഖപ്പെടുമെന്നു പ്രതീക്ഷിക്കുക മാത്രമേ അവർക്കു ചെയ്യാനുണ്ടായിരുന്നുള്ളൂ.

എന്നും രാവിലെ ഡോട്ടിനെ കണ്ടുപിടിക്കാൻ അയാളൊരു നഴ്‌സിനെ പറഞ്ഞുവിടും. അവൾ നടന്നു തളരുന്നതുവരെ ഗ്രീൻവില്ലിലെ തെരുവുകളിലൂടെ പട്ടിയെ തേരാപ്പാരാ തിരഞ്ഞലയും. പട്ടിയുടെ കാര്യം ഷോട്ട് മറന്നിരിക്കുമെന്നു കരുതി അവൾ ആശുപത്രിയിലേക്ക് മടങ്ങിയാൽ അയാൾ അവളോട് ഉറപ്പായും ചോദിക്കും:                                                                        "ആട്ടെ, അവനെ കണ്ടുകിട്ടിയോ?"                                                                                               "ഇല്ല," അവൾ പറയും.                                                                                                                          "അപ്പൊ നീ നോക്കിയിട്ടുണ്ടാവില്ല"                                                                                      "നോക്കി. എല്ലായിടത്തും നോക്കി."                                                                                            "നീ അവനെ വിളിക്കുന്നത് ഞാൻ പിന്നെ എന്തുകൊണ്ട് കേട്ടില്ലാ? പോയി വീണ്ടും നോക്ക്."  

അങ്ങനെ, വേറെയെവിടെ നോക്കണമെന്ന് യാതൊരു പിടിയുമില്ലാതെ, പാവം നഴ്‌സ് വീണ്ടും പുറത്തിറങ്ങും.                                                                                                    "ഡോട്ട്! ഡോട്ട്! നീ ചത്തുകിട്ടിയാ മതിയായിരുന്നു!" അവളിടക്കിടെ വിളിച്ചു പറയും.

വിളിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് അവൾക്കറിയാമായിരുന്നു. എന്നാലും, തൻ്റെ ശബ്ദം ഷോട്ടിന്  തൃപ്തിയുണ്ടാക്കുമെന്ന് അവൾ വിശ്വസിച്ചു.

തൻ്റെ ചങ്ങാതിമാർ എന്തു ചെയ്യുന്നുവെന്നറിയാൻ അയാൾ മറ്റൊരു നഴ്‌സിനെ പറഞ്ഞു വിട്ടു. മൂന്നു നേരം തന്നെക്കണ്ട് റിപ്പോർട്ട് ചെയ്യണമെന്നും   അവരോടയാൾ ആവശ്യപ്പെട്ടു: രാവിലെയും, ഉച്ചഭക്ഷണത്തിനു ശേഷവും, വൈകുന്നേരവും. രാവിലെ മുതൽ രാത്രിവരെ തനിക്ക് കഥ പറഞ്ഞുതരാൻ അയാൾ ഇനിയുമൊരു നഴ്‌സിനെ നിർബന്ധിച്ചു. കഥ രസിച്ചില്ലെങ്കിൽ അയാൾ അവളെ പറഞ്ഞു വിടും. കഥ കൂടുതൽ രസകരമാക്കാനറിയുന്ന മറ്റൊരു നഴ്‌സിനെ ആവശ്യപ്പെടും. ചങ്ങാതിമാർ ആരും കാണാൻ വന്നില്ലെങ്കിൽ അയാൾക്ക് അരിശം വരും. ആരെങ്കിലും വന്നാലോ, അവരെ ആട്ടിയോടിക്കും; കാരണം കഥ തടസ്സപ്പെടുമല്ലോ. 

അയാൾ വളരെ വഷളായി വരികയാണെന്ന് തേന്മൊഴി മനസ്സിലാക്കി. ഗ്രംപ്‌സും ഡോ. പിൽമനും കൂടി ഇരുപതിരട്ടിയായാലുണ്ടാകുന്നതിനേക്കാൾ വഷളാണ് അയാൾ എന്നാണ് അവർ പറഞ്ഞത്. ഉടനെ വിട്ടയച്ചില്ലെങ്കിൽ അയാൾ നാശമാകും. പക്ഷേ,  കണങ്കാലിൻ്റെ കാര്യമുണ്ടല്ലോ. അയാളത് സ്വയം വഷളാക്കി വച്ചിരിക്കുകയാണ്.

ഒരു ദിവസം രാവിലെ അയാൾ ഉണർന്നപ്പോൾ, കാലിലെ വേദന പോയതായ് അയാൾ കണ്ടു. അയാൾ കിടക്കയിൽനിന്ന് ചാടിയെഴുന്നേറ്റ് മുറി കടന്നോടി. പത്തടി വെച്ചില്ല, അതിനു മുമ്പ് അയാളുടെ കണങ്കാൽ വീണ്ടുമുളുക്കി. അവർക്കയാളെ കിടക്കയിലേക്ക് ചുമക്കേണ്ടി വന്നു. വൈകുന്നേരത്തോടെ കണങ്കാൽ വീർത്തു; പനിച്ചു. കണ്ണിമചിമ്മാതെ, ഉറക്കമിളച്ച്, രാത്രി മുഴുവൻ തേന്മൊഴി അയാൾക്കരികിലിരുന്നു. അവരുടെ പരിശ്രമം കൊണ്ട് വീർപ്പിറങ്ങി. പക്ഷേ, ഈയൊരപകടം മൂലം അയാളുടെ ആശുപത്രി വാസം നീണ്ടു.

ഒടുവിൽ, കുറച്ചുനേരത്തേക്ക് അയാളെ കിടക്കവിടാൻ അനുവദിക്കാമെന്നായി. ഊന്നുവടി കൊണ്ടും ചുമരു പിടിച്ചും അയാൾക്ക് നടക്കാമെന്ന് വന്നു.  അങ്ങനെ, കുറേശ്ശെ, കുറേശ്ശെ അയാൾ നടക്കാൻ പഠിച്ചു. അപ്പോൾ അവർ അയാളെ ഒരു നഴ്‌സിനൊപ്പം ആസ്പത്രി മുറ്റത്ത് ഒരു മണിക്കൂർ ചിലവഴിക്കാൻ അനുവദിച്ചു. മുറ്റത്തെ നടത്തം അയാളുടെ മുൻകോപത്തിന് തെല്ലു ശമനമുണ്ടാക്കി. കോപം ഒട്ടു തണുത്തുവെങ്കിലും, അകത്തേക്ക് കയറാൻ നഴ്സ് പറഞ്ഞാൽ അയാൾ ക്ഷുഭിതനാകും.

"ഇല്ല, ഞാൻ കയറില്ല," ഊന്നുവടി അവൾക്കു നേരെ ചൂണ്ടി അയാൾ അലറും. അവസാനം അവർക്ക് അയാളെ പൊക്കിയെടുത്ത് അകത്തേക്ക് കൊണ്ടുപോകേണ്ടതായ് വരും.

തേന്മൊഴിയും അവരുടെ സഹായികളും അയാളെ ഭംഗിയായ് പരിചരിച്ചതു കാരണം ഒരു ദിവസം അയാൾക്ക് ആസ്പത്രി വിടാമെന്നായി. ആ നല്ല വാർത്തകേട്ടപ്പോൾ എല്ലാ ആൺകുട്ടികളും പെൺകുട്ടികളും സന്തോഷിച്ചു.

അടുത്ത ദിവസം അവരെല്ലാവരും പൂക്കളും സമ്മാനങ്ങളുമായി ആസ്പത്രിക്കു മുന്നിലെത്തി.

"ഒടുവിൽ നമ്മളെല്ലാം ഒരുമിച്ചായി!" ഷോട്ട് ആഹ്‌ളാദത്തോടെ പറഞ്ഞു. "എല്ലാവരുമെന്നാൽ ഡുനോയും ഡോട്ടും ഒഴികെ."

"അതു സാരമില്ല," അവർ അയാളെ സമാധാനിപ്പിച്ചു. "ഡുനോയ്ക്കും ഡോട്ടിനും ഇനിയും വരാമല്ലോ."

"അവർ സ്വയം വരില്ല," ഷോട്ട് പറഞ്ഞു. "നമ്മൾ അവരെ തിരയേണ്ടി വരും."

"അതേ," ഡന്നോ പറഞ്ഞു. "ആ മണ്ടൻ ഡുനോയെ നമ്മൾ അന്വേഷിക്കണം. അല്ലെങ്കിൽ അവൻ സ്വയം വല്ലതും വരുത്തിവെക്കും."

"നീയെന്തിനാ അവനെ മണ്ടനെന്ന് വിളിക്കുന്നത്?" ഡോ. പിൽമൻ ചോദിച്ചു.

"അവൻ മണ്ടനായതു കൊണ്ട്. പോരാത്തതിന് അവനൊരു ഭീരു കൂടിയാണ്," ഡന്നോ പറഞ്ഞു.

"അവൻ ഭീരുവോന്നുമല്ല," ഗ്രംപ്സ് പറയാൻ തുടങ്ങി. പക്ഷേ. ഡന്നോ അവനെ തടഞ്ഞു.

"നീ നാവടക്കിക്കോ," അവൻ പറഞ്ഞു. "ആരാ ഇവിടെ നേതാവ്, നീയോ, ഞാനോ? അതോ, നിനക്ക് തിരിച്ച് ആസ്പത്രിയിലേക്ക് പോകണോ?"

ആസ്പത്രിയെന്ന് കേട്ടപ്പോൾ ഗ്രംപ്സ് മിണ്ടാതായി.

"എല്ലാവരും സുഖപ്പെട്ടത് ആഘോഷിക്കാൻ ഞായറാഴ്ച ഞങ്ങളൊരു നൃത്ത വിരുന്നൊരുക്കുന്നുണ്ട്," ഹിമബിന്ദു പറഞ്ഞു. "അതു കഴിഞ്ഞാകാം നിങ്ങളുടെ മണ്ടൻ ഡുനോയെ തിരയുന്നത്. അവനെ കണ്ടുകിട്ടിയാൽ വീണ്ടുമൊരു നൃത്ത വിരുന്നാകാം. അതൊരു നല്ല കാര്യമായിരിക്കില്ലേ?"

"ഗംഭീരം! ഗംഭീരം!" എല്ലാവരും ആർത്തു വിളിച്ചു.

ഡുനോയെ കണ്ടെത്തുന്നതോ, അതിൻ്റെ പേരിൽ നൃത്തവിരുന്നുണ്ടാകുന്നതോ, ഏതാണ് അവർക്ക് സന്തോഷമുണ്ടക്കിയതെന്ന് നിശ്ചയമില്ല.

പഴം വിളവെടുപ്പ് കഴിഞ്ഞു. നിലവറകൾ കവിഞ്ഞൊഴുകി. എന്നിട്ടും മരങ്ങളിൽ ഫലങ്ങൾ ബാക്കിയായി. അവ പട്ടം പട്ടണത്തിലെ ആൺകുട്ടികൾക്ക് ഉപഹാരങ്ങളായി നൽകാമെന്ന് തീരുമാനിക്കപ്പെട്ടു.

ഗ്രീൻവില്ലിലെ മൈറ്റുകൾക്ക് നൃത്തവിരുന്നിനെക്കുറിച്ചുള്ള വിചാരമേ ഉണ്ടായിരുന്നുള്ളൂ. ഒരുക്കുങ്ങൾക്കു വേണ്ടി എല്ലാവരും സഹകരിച്ചു. ചിലരൊക്കെ നൃത്തവേദിയാകാനുള്ള സ്ഥലത്തെ കളകൾ പറിച്ചു വൃത്തിയാക്കി. മറ്റു ചിലരാകട്ടെ, നിലം ചിവിട്ടി ഉറപ്പിച്ചെടുത്തു. സ്വിഫ്റ്റിയും മംമ്സും നെയിൽസും കൂടി കച്ചേരിക്കാർക്കുള്ള  രണ്ടു തട്ടുള്ള  ഒരി രിപ്പിടമുണ്ടാക്കി. സോഡയും ഐസ്ക്രീമും അതുപോലുള്ള മറ്റു ലഘു ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാനുള്ള പന്തലുകളും ഒരുങ്ങി. ഇവയൊക്കെയും സംഗീതത്തിൻ്റെ അകമ്പടിയോടെയാണ് നടന്നത്. കാരണം, പട്ടണത്തിലെ പത്തു മികച്ച വയലിൻ വാദകരുടെ ഒരു സംഗീതസംഘത്തെ ട്രിൽസ് സംഘടിപ്പിച്ചിരുന്നല്ലോ. അവരാകട്ടെ, രാപ്പകൽ പരിശീലിച്ചു കൊണ്ടിരുന്നു.  

ഏറ്റവുമധികം ആശ്ചര്യമുണ്ടാക്കിയ കാര്യം, നെയിൽസിൻ്റെ ആവേശമാർന്ന അദ്ധ്വാനമായിരുന്നു. പറഞ്ഞതെല്ലാം ഒരു ശല്യവുമുണ്ടാക്കാതെ അവൻ ചെയ്തു തീർത്തു. അവനാകെ ശരിക്കും മാറിപ്പോയിരുന്നു.

"ഇങ്ങനെ ഞങ്ങളെ നീ സഹായിക്കുന്നത് എത്ര നല്ല കാര്യമാണ്," കിറ്റി അവനോട് പറഞ്ഞു.

"എന്തേ സഹായിച്ചാൽ?" അവൻ ചോദിച്ചു. "നിങ്ങൾ പറയുന്നതൊക്കെ ഞാൻ അത്യദ്ധ്വാനം ചെയ്ത് തീർത്ത് തരും."

"ആരെങ്കിലും ഇങ്ങനെ അദ്ധ്വാനിക്കുന്നത് കാണുന്നത് എന്തൊരു രസമാണ്!" ബേഡി പറഞ്ഞു. "അദ്ധ്വാനിക്കാൻ ഇഷ്ടമാണല്ലേ?"

"തീർച്ചയായും," നെയിൽസ് പറഞ്ഞു. "ജോലി ചെയ്യാൻ എനിക്കിഷ്ടമാണ്. ജോലിയില്ലാതിരിക്കുമ്പോ, എനിക്കെന്തോ പോലെ തോന്നും. അപ്പൊ, ചിലപ്പോ, ചെയ്യാൻ പാടില്ലാത്തതും ചെയ്തു പോകും. പലപ്പോഴും അതു കലഹത്തിൽ കലാശിക്കും. എനിക്ക് ചന്തിക്ക് നല്ല അടിയും കിട്ടും."

നെയിൽസ് ഉറക്കെ മൂക്കു ചീറ്റി; മുഷ്ടി കൊണ്ട് മൂക്ക് തുടച്ചു.

"എന്താ ഇതിൻ്റെ ഒരർത്ഥം?" കിറ്റി  ചോദിച്ചു.

"എൻ്റെ മൂക്ക് ആരോ ചീറ്റിച്ചു," നെയിൽസ് പറഞ്ഞു.

"അതെന്താണെന്നാ  ചോദിച്ചത്."

"എൻ്റെ മൂക്കിനൊരിടി കിട്ടി."

"പാവം," കിറ്റി പറഞ്ഞു. "ചെയ്യാൻ പാടില്ലാത്തവ ഇനി ചെയ്യേണ്ട. "ഞങ്ങളെ വന്നു കണ്ടാൽ നിനക്കെന്തെങ്കിലും പണി തന്നുകൊണ്ടേയിരിക്കാൻ പറ്റും... ഒരു വേലികെട്ടാനോ, ഒരു ജനല് നന്നാക്കാനോ."

"വലിയ ഉപകാരം," നെയിൽസ് പറഞ്ഞു.

"നൃത്ത വിരുന്നിനു വരുമോ?"

"വരാമോ"

"എന്താ സംശയം! ഒന്നു കുളിച്ച്  ഉടുപ്പൊക്കെ വൃത്തിയാക്കി വാ. എന്തായാലും വന്നിരിക്കണം."

"വരാൻ സന്തോഷമേയുള്ളൂ. വീണ്ടും നന്ദി."  

അവൻ നന്ദി പറഞ്ഞ രീതിയും, അവൻ്റെ പൊതുവേയുള്ള മര്യാദയും കിറ്റിയെ വല്ലാതെ സ്പർശിച്ചു. സന്തോഷം കൊണ്ടവൾ ചുകന്നു. ബേഡിയെ ഒരു വശത്തേക്കു വലിച്ച് അവൾ മന്ത്രിച്ചു:

"ഇവനെ നേരെയാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല."

"അവനെ കൂടെക്കൂടെ പുകഴ്ത്തിയാൽ മതി," ബേഡി പറഞ്ഞു. "അതവന് രസിക്കും. മോശക്കാരെ ശകാരിക്കണം; നല്ലവരെ പ്രശംസിക്കണം. പ്രശംസ കിട്ടുമെന്നറിഞ്ഞാൽ പിന്നെ അടുത്ത തവണയും അവർ നല്ലതേ ചെയ്യൂ. പക്ഷേ, നെയിൽസിൻ്റെ സ്വഭാവം ഇനിയും മാറാനുണ്ട്. അവൻ മൂക്ക് ചീറ്റിയപ്പോ പറഞ്ഞത് കേട്ടില്ലേ?"

"ഉവ്വ്. അവൻ്റെ ഭാഷ ഇനിയും നന്നാകാനുണ്ട്," കിറ്റി പറഞ്ഞു.  " 'അടി', 'ഇടി', 'പിടി' എന്നൊക്കെ നമ്മൊളരിക്കലും കേട്ടിട്ടില്ലല്ലോ?  അത്തരം വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നവനെ വിടുവിക്കണം."

പ്രശംസിക്കപ്പെട്ടതിൽ അതിപ്രീതനായ് നെയിൽസ് പരമാവധി ജോലി ചെയ്തു. അല്ലെങ്കിലും, ആർക്കാണ് പ്രശംസ ഇഷ്ടമല്ലാത്തത്!      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...