2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

DUNNO 24

കഴിവളക്കാനുള്ള ബ്ലോബ്‌സിൻ്റെ മാനദണ്ഡം 

ആപ്പിളുകളും പേരക്കകളും ശേഖരിക്കുന്നത് അടുത്തദിവസം മുഴുവനും തുടർന്നു. സഹായത്തിന് മൂന്നാമതൊരു കാറു കൂടെ എത്തി. ടാപ്‌സിൻ്റെ എട്ടു ചക്രമുള്ള  ആവിവണ്ടി.

സംഭവിച്ചതിതാണ്.

പ്രെറ്റ്സലിനെ കാണാതായപ്പോൾ പട്ടംപട്ടണ നിവാസികൾ പരിഭ്രമിച്ചു. അവൻ തൻ്റെ കാറിൽ ബെൻഡമിനെയും ട്വിസ്റ്റമിനെയും ഗ്രീൻവില്ലിലേക്ക് തിരിച്ചു കൊണ്ടു പോയത് അവർക്കറിയാമായിരുന്നു. അവൻ മടങ്ങി വരാതായപ്പോൾ, എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമെന്ന് അവർ ഭയപ്പെട്ടു. അങ്ങനെ, ടാപ്‌സിനോടവർ വണ്ടിയെടുത്ത് അവിടെ പോയി നോക്കാൻ ആവശ്യപ്പെട്ടു. ടാപ്സ് അതനുസരിച്ചു. പ്രെറ്റ്സൽ കാറിൽ ആപ്പിൾ കയറ്റിക്കൊണ്ടു പോകുന്നതു  കണ്ടപ്പോൾ, അവനും അങ്ങനെ ചെയ്താൽ കൊള്ളാമെന്നു തോന്നി. താമസിയാതെ, അവനും മറ്റുള്ളവർക്കൊപ്പം ജോലിയിൽ ഭാഗഭാക്കായി.

പട്ടംപട്ടണത്തിലെ അവൻ്റെ സുഹൃത്തുക്കൾ ആ ദിവസവും, അതിനടുത്ത ദിവസവും അവനെ കാത്തിരുന്നു. അവനും കൂടി മടങ്ങിവരാതായപ്പോൾ അതിഭീകരമായ അപവാദങ്ങൾ പടരാൻ തുടങ്ങി. രണ്ടു പട്ടണങ്ങളുടെയും നടുക്കുള്ള റോഡരികിൽ തമ്പടിച്ചിരിക്കുന്ന ബാബാ യാഗാ എന്ന വൃദ്ധ ദുർമന്ത്രവാദിനി അതു വഴി പോകുന്നവരെ പിടിച്ചു തിന്നാറുണ്ടെന്ന് ചിലർ പറഞ്ഞു. അതു ബാബാ യാഗയല്ല,  മരണമില്ലാത്ത രാക്ഷസനായ കാഷ്‌ചെയ്‌ ആണെന്നാണ് മറ്റു ചിലർ പറഞ്ഞത്. രാക്ഷസന്മാരെന്നത് ഇല്ലാക്കഥയാണെന്നും, ഗ്രീൻവില്ലിൽ മൂന്നുതലയുള്ള വ്യാളി വന്നതാണെന്നും ഇനിയും ചിലർ പറഞ്ഞു.  ദിവസത്തിൽ ഒരു പെൺകുട്ടിയെ വീതം ഈ വ്യാളി തിന്നും. എങ്ങാനും ഒരു ആൺകുട്ടി കണ്ണിൽപ്പെട്ടാൽ, പെൺകുട്ടിക്കു പകരം അവനെ തിന്നും. പെൺകുട്ടികളേക്കാൾ ആൺകുട്ടികൾക്ക് രുചി കൂടുമല്ലോ.

വ്യാളിയെക്കുറിച്ചുള്ള കഥ വളരെ ഭയങ്കരമായിരുന്നതിനാൽ, ഗ്രീൻവില്ലിൽ പോയി കുഴപ്പമെന്താണെന്ന് കണ്ടു പിടിച്ചു വരാൻ ആൺകുട്ടികളിലൊരാൾക്കും ധൈര്യമുണ്ടായില്ല. വീട്ടിൽ കാത്തിരിക്കുന്നതാണ് ബുദ്ധിയെന്നാണ് അവരെല്ലാം തീരുമാനിച്ചത്. എന്നാൽ,  ഒടുവിൽ, നിവാസികളിലൊരാൾ തനിക്കൊരു വയസ്സൻ വ്യാളിയേയും പേടിയില്ലെന്നും, താൻ പോയി അന്വേഷിച്ചു വരാമെന്നും                                          പ്രഖ്യാപിക്കുകയുണ്ടായി. ആ പറഞ്ഞത് കുപ്രസിദ്ധി നേടിയ നമ്മുടെ നെയിൽസ് ആയിരുന്നു. വിശന്നിരിക്കുന്ന വ്യാളിയുടെ തുറന്ന വായിലേക്ക് സ്വയം ചാടി വീഴാൻ മടിയില്ലാത്ത ഒരൊരുമ്പെട്ടവനാണ് നെയിൽസ് എന്നത്  എല്ലാവർക്കുമറിയാം. അവരവനെ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കി. ഗ്രീൻവില്ലിലെ പെൺകുട്ടികളെ വല്ലാതെ ശല്യപ്പെടുത്തിയതിൽ തനിക്ക് തീർത്താൽത്തീരാത്ത ലജ്ജയുണ്ടെന്ന് അവൻ പറഞ്ഞു. അവർക്കുണ്ടായ എല്ലാ നഷ്ടത്തിനും താനിപ്പോൾ പരിഹാരം ചെയ്യാൻ പോവുകയാണ്. ഗ്രീൻവില്ലിലേക്ക് പോയി താനാ വ്യാളിയുടെ വാലിൽ തുപ്പും. അതോടെ ആ വ്യാളി ചുരുണ്ടുകൂടി ചത്തു പോകും. അങ്ങനെ ആ പെൺകുട്ടികൾ രക്ഷപ്പെടും. വ്യാളിയുടെ വാലിൽ തുപ്പിയാൽ അത് ചുരുണ്ടുകൂടി ചത്തു പോകുമെന്ന ചിന്ത അവനു എവിടുന്നു കിട്ടിയതാണാവോ!

എന്തായാലും, അവൻ പുറപ്പെട്ടു. ആൺകുട്ടികളിൽ പലരും അവൻ പോകുന്നതിൽ വിഷമിച്ചു; അവൻ നഷ്ടമാകുമെന്നോർത്ത് മുൻകൂട്ടി അനുശോചിച്ചു. വ്യസനിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് മറ്റു ചിലർ പറഞ്ഞത്. അവനില്ലാതായാൽ കുഴപ്പക്കാരിൽ ഒരാൾ കുറയും. അവനില്ലാതെ ജീവിതം കുറച്ചുകൂടി സുഗമമാകും.

"പക്ഷേ, അവനെ നന്നാക്കാൻ പറ്റാഞ്ഞത് നമ്മുടെ കുഴപ്പമാണ്," അനുശോചകർ പറഞ്ഞു.

"അവനെ നന്നാക്കുകയോ?" മറ്റുള്ളവർ പറഞ്ഞു. "അവൻ ചത്താലേ നന്നാകൂ!"

നെയിൽസിൻ്റെ അടവുകൾ അനുഭവിച്ചിട്ടില്ലാത്തവരാണ് അവനെയോർത്ത് വ്യസനിച്ചതെന്നും, അവ നന്നായ് അനുഭവച്ചിവരാണ് അവനെയോർത്ത് ഖേദിക്കാതിരുന്നതെന്നും വ്യക്തം.

പ്രതീക്ഷിച്ചതു പോലെ, നെയിൽസ് പട്ടംപട്ടണത്തിലേക്ക് മടങ്ങി വന്നില്ല. ഗ്രീൻവില്ലിൽ വ്യാളിയുണ്ടെന്ന് അതോടെ ഉറപ്പായി. അതേക്കുറിച്ചുള്ള              അതിവിചിത്രമായ കഥകൾ നാട്ടിൽ പാട്ടായി. ഓരോ കഥക്കൊപ്പവും വ്യാളിക്ക് ഓരോ തല കൂടി വന്നു. ഒടുവിൽ, മൂന്നു തലകളുണ്ടായിരുന്ന വ്യാളി നൂറു തലകളുള്ളതായി.

കഥകൾ, അറിയാമല്ലോ, കെട്ടിച്ചമച്ചവയായിരുന്നു. നെയിൽസ് മടങ്ങി വരാതിരുന്നത് എന്തുകൊണ്ടെന്ന് ഇത്തിരി തലച്ചോറുള്ള ആർക്കും എളുപ്പത്തിൽ ഊഹിക്കാവുന്നതേയുള്ളൂ. എന്തായാലും. അവനെ വ്യാളി വിഴുങ്ങിയതൊന്നുമില്ല. കാരണം, വ്യാളി ആരെയും ഇതുവരെ വിഴുങ്ങിയിട്ടില്ലെന്നതു തന്നെ. വ്യാളിയെന്ന ഒന്ന് ഇല്ലല്ലോ. നെയിൽസ് ആപ്പിൾ പറിക്കുന്നതിൽ അത്ര വ്യാപൃതനായതിനാൽ മടങ്ങിപ്പോകാൻ മറന്നു പോയതാണ്. ഗ്രീവില്ലിൽ എത്തിയയുടൻ, എന്തു വില കൊടുത്തും  ഒരറക്കവാളു സംഘടിപ്പിച്ച് മരത്തിൽ കയറണമെന്ന് അവൻ തീരുമാനിച്ചുറപ്പിച്ചു. മരം കയറ്റം രസമുള്ള കാര്യമല്ലേ; കൂടാതെ സാഹസമാർന്നതും. സാഹസങ്ങളിലേർപ്പെടുന്നതിഷ്ടപ്പെടാത്ത                              ആൺകുട്ടികളുണ്ടോ?

പഴം വിളവെടുക്കുന്ന ഈ വേളയിൽ ഗ്രീൻ വില്ലിൽ വീട്ടിലിരുന്ന ഒരേയൊരാൾ ബ്ലോബ്സ് ആയിരുന്നു. അയാൾ ഛായാപടങ്ങൾ തീർത്ത് സമയം മുഴുവൻ ചിലവഴിച്ചു. സ്വന്തം പടം വരക്കാൻ ആവശ്യപ്പെടാത്ത ഒരൊറ്റ പെൺകുട്ടി പോലും ഇല്ലായിരുന്നല്ലോ. ഓരോരുത്തിക്കും ഗ്രീവില്ലിലെ മികച്ച സുന്ദരിയാകേണ്ടിയിരുന്നു. അവരവരുടേതായ രീതിയിൽ ഓരോരാളും സുന്ദരിയാണെന്ന്, കുറിയ കണ്ണുകൾക്കു പോലും അതിന്റേതായ ഭംഗിയുണ്ടെന്ന്, ബ്ലോബ്സ് പറഞ്ഞു ഫലിപ്പിക്കാൻ നോക്കിയെങ്കിലും, ഫലമുണ്ടായില്ല. ഓ, പറ്റില്ല! എല്ലാവർക്കും വലിയ കണ്ണുകൾ വേണം; നീണ്ട കൺപീലികൾ വേണം; വില്ലു പുരികങ്ങൾ വേണം; കൊച്ചുവായകൾ വേണം. ഒടുവിൽ, ബ്ലോബ്സ് തർക്കിക്കാതായി; അവരാശ്യപ്പെട്ട പോലെ വരച്ചു കൊടുത്തു. എളുപ്പവഴി അതാണെന്ന് അയാൾ മനസ്സിലാക്കി. വരച്ചു കിട്ടിയ ചിത്രങ്ങളെപ്പറ്റി അവർക്ക് പരാതിപറയാനിടയില്ലാതായി. മാത്രമല്ല, അതു ബ്ലോബ്സിന് 'കഴിവിൻ്റെ ഒരു മാനദണ്ഡം' പരീക്ഷിക്കുന്നതിനുള്ള അവസരവുമൊരുക്കി. എല്ലാവർക്കും ഒരേ രീതിയിൽ വരച്ചു കിട്ടണമെന്നുള്ളതുകൊണ്ട് ബ്ലോബ്സ് 'സ്റ്റെൻസിൽ' എന്നൊരു സാധനമുണ്ടാക്കി. അയാൾ ഒരു കാഡ്ബോർഡെടുത്ത് അതിൽ രണ്ടു വലിയ കണ്ണുകളും, വില്ലുപോലുള്ള രണ്ടു പുരികങ്ങളും, ഒരു നീണ്ട മൂക്കും, ഒരു കൊച്ചു വായയും, നുണക്കുഴിയുള്ള  ഒരു കീഴ്ത്താടിയും, രണ്ടു കമനീയമായ ചെവികളും വെട്ടിയുണ്ടാക്കി. മുകളറ്റത്ത് അയാൾ മുടിനാരുകൾ വെട്ടിയുണ്ടാക്കി; കീഴെ മെലിഞ്ഞൊരു കഴുത്തും, അതിനു കീഴെയായി നീണ്ട വിരലുകളുള്ള രണ്ടു കൊച്ചു കൈകളും. 'സ്റ്റെൻസിൽ' തയ്യാറായപ്പോൾ അയാൾ 'കരടു' ചിത്രങ്ങളുണ്ടാക്കാൻ തുടങ്ങി.

കാഡ്ബോർഡിനു കീഴെ കടലാസു വിരിച്ചാണ് കരടുണ്ടാക്കിയത്.  വായ വെട്ടിയയിടത്ത് അയാൾ ചുകപ്പു ചായമൊഴിച്ചു; മൂക്കും, ചെവിയും, കയ്യുമുള്ളിടത്ത് ചർമ്മനിറമുള്ള ചായവും, മുടിയുള്ളിടത്ത് തവിട്ടോ, മഞ്ഞയോ നിറങ്ങളിലുള്ള ചായവുമൊഴിച്ചു;  കണ്ണുകളുളളിടത്ത്   നീലയോ, തവിട്ടോ ചായവും.

ബ്ലോബ്സ് ഇത്തരം നിരവധി കരടുകളൊരുക്കി. താൻ വരക്കുന്ന പെൺകുട്ടിക്ക് നീലക്കണ്ണും മഞ്ഞ മുടിയുമാണെങ്കിൽ, അയാൾ നീലക്കണ്ണിനും മഞ്ഞമുടിക്കുമുള്ള സ്റ്റെൻസിലെടുക്കും; കുട്ടിക്ക് തവിട്ടു കണ്ണും തവിട്ടു              മുടിയുമാണെങ്കിൽ, അതിനുവേണ്ട സ്റ്റെൻസിലെടുക്കും. സാദൃശ്യം വർദ്ധപ്പിക്കാൻ അയാൾ കുറച്ചു മിനുക്കു പണികളും ചെയ്യും. അതോടെ ഛായാപടം റെഡി!

ഇത്തരം അനവധിയനവധി സ്റ്റെൻസിൽ ചിത്രങ്ങൾ ബ്ലോബ്സ് വരച്ചു. അതയാളുടെ ജോലി വേഗമുള്ളതാക്കി. സ്റ്റെൻസിലുണ്ടാക്കിക്കഴിഞ്ഞാൽ ഏതു മൈറ്റിനും കരടുകളുണ്ടാക്കാമെന്ന് ബ്ലോബ്സ് തീരുമാനിച്ചു. അങ്ങനെ, അയാൾ പ്രാപ്‍സിനെ തൻ്റെ സഹായിയാക്കി. പ്രാപ്സ് ഉണ്ടാക്കിയ കരടുകളും ബ്ലോബ്സ് ഉണ്ടാക്കിയവയെപ്പോലെ തന്നെ ഭംഗിയുള്ളതായ് വന്നു. ഒന്നിച്ചു ജോലി ചെയ്തപ്പോൾ ബ്ലോബ്‌സിനും പ്രാപ്‍സിനും ഭീമമായ തോതിൽ ഛായാചിത്രങ്ങളുണ്ടാക്കാൻ പറ്റി. അതു നന്നായി താനും. കാരണം, ദിവസം കഴിയുന്തോറും, ചിത്രം വരക്കാൻ ആവശ്യപ്പെട്ടു വരുന്ന പെൺകുട്ടികളുടെ എണ്ണവും കൂടി വരുന്നുണ്ടായിരുന്നു.

 പുതിയ തൊഴിലിൽ പ്രാപ്‍സിന് നല്ല സംതൃപ്തിയുണ്ടായി. 'ഞങ്ങൾ കലാകാരന്മാർ' എന്നാണ് അഭിമാനപൂർവ്വം അവൻ ബ്ലോബ്‌സിനെയും തന്നെയും പറ്റി മറ്റുള്ളവരോട് പറഞ്ഞത്. ബ്ലോബ്സിനാകട്ടെ തീരെ തൃപ്തിയുണ്ടായിരുന്നില്ല. അതിനെ വെറും 'തല്ലിപ്പൊളിപ്പണി'യെന്നു പറഞ്ഞ്  അയാൾ തള്ളിക്കളഞ്ഞു. ഛായാപടങ്ങളെന്ന് വിളിക്കാൻ അർഹതയുള്ളവ ഹിമബിന്ദുവിന്റേയും, ധാന്യമണിയുടേയും ചിത്രങ്ങൾ മാത്രമാണെന്നാണ് അയാൾ പറഞ്ഞത് --- മറ്റെല്ലാം കറിച്ചട്ടികളും, പൂച്ചട്ടികളും പൊതിയാൻ കൊള്ളാം.

ഭാഗ്യവശാൽ, വരക്കാനിരുന്നു കൊടുത്തവർക്ക് ആ അഭിപ്രായമുണ്ടായിരുന്നില്ല. ചിത്രം ഭംഗിയായിരിക്കണമെന്നേ അവർക്കുണ്ടായിരുന്നുള്ളൂ. അതവരെപ്പോലെയിരിക്കുന്നുണ്ടോ, ഇല്ലയോ എന്നത് ആര് കാര്യമാക്കാൻ?

കാര്യങ്ങൾ നോക്കിക്കാണുന്നതിന്  വ്യത്യസ്ത രീതികളുണ്ടെന്ന് തോന്നുന്നു. 

* 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...