2020, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

Dunno 26:

നെയിൽസിൻ്റെ മടങ്ങിവരവ്  

നെയിൽസ് മടങ്ങി വരാതായപ്പോൾ പട്ടം പട്ടണത്തിലെ മറ്റു നിവാസികളാരും തന്നെ ഗ്രീൻവില്ലിലേക്ക് തിരഞ്ഞുപോകാൻ ധൈര്യപ്പെട്ടില്ല. താമസിയാതെ നൂറു തലയൻ വ്യാളി എല്ലാ പെൺകുട്ടികളെയും തിന്നു തീർക്കുമെന്നും, ആൺകുട്ടികളെ തിന്നാനായി പട്ടം പട്ടണത്തിലെത്തുമെന്നായിരുന്നൂ കിംവദന്തി. സമയം കടന്നുപോയി. വ്യാളിയാകട്ടെ വന്നതുമില്ല. പക്ഷേ, ഒരു നല്ല പുലരിയിൽ ഒരപരിചിതൻ ആഗതനായി.  താനും സുഹൃത്തുക്കളും കൂടി ഒരു ബലൂണേറിപ്പോയെന്നും, ബലൂൺ താഴെ വീഴാറായപ്പോൾ, പാരഷ്യൂട്ടിട്ട് താഴേക്കു തുള്ളിയെന്നും ഈ അപരിചിതൻ പറഞ്ഞു. താൻ വീണത് ഒരു കൊടും കാട്ടിലായിരുന്നു. അപ്പോൾ മുതൽ സുഹൃത്തുക്കളേയും തിരഞ്ഞ് താൻ അലയുകയാണ്.

ഈ അപരിചിതൻ ആരാണെന്ന് ഊഹിക്കാൻ വലിയ പ്രയാസമൊന്നുമില്ല; ഡുനോ തന്നെ. പാരഷ്യൂട്ടിൻ്റെ സഹായത്തോടെ താഴേക്കിറങ്ങിയ ശേഷം അവൻ വീടു പിടിക്കുകയല്ല ചെയ്തത്; തൻ്റെ കൂട്ടുകാരെ തിരയാനിറങ്ങുകയാണ് ചെയ്തത്. 

കുറച്ചു ദിവസങ്ങൾക്കു മുമ്പ്, ഒരു ബലൂൺ തകർന്നു വീണ് ചില ആൺമൈറ്റുകൾ ഗ്രീൻവില്ലിൽ എത്തിയതായി പട്ടം പട്ടണനിവാസികൾ പറഞ്ഞു. ലോഹം വിളക്കാനുള്ള ഉപകരണവും തേടി അവരിൽ രണ്ടു പേർ പട്ടം പട്ടണത്തിൽ വന്നിരുന്നു. പ്രെറ്റ്സൽ എന്നൊരു ഡ്രൈവറാണ് അവരെ ഗ്രീൻവില്ലിൽ തിരിച്ചാക്കിയത്. ഈ രണ്ടു മൈറ്റുകളെപ്പറ്റി ഡുനോ അവരോട് ചില കാര്യങ്ങൾ ചോദിച്ചു. അവർ കണ്ടാലെങ്ങനെയിരിക്കുമെന്നും, അവർ തുകൽ ജാക്കറ്റ് അണിഞ്ഞിരുന്നുവെന്നും കേട്ടപ്പോൾ ഡുനോയ്ക്ക് അത് ബെൻഡമും ട്വിസ്റ്റമും ആണെന്ന് ഉടൻ പിടി കിട്ടി. ഈ അഭിമുഖ സമയത്ത് ചിലക്കും പെട്ടിയുമായി ഹാജരായിരുന്ന എഴുത്തുകാരൻ സ്ലിക് അവരുടെ പേരുകൾ ശരിക്കും ബെൻഡമും ട്വിസ്റ്റമും തന്നെയെന്ന് പറഞ്ഞു.

ഡുനോ സന്തോഷിച്ചു. അവന് ഉടനെ ഗ്രീൻവില്ലിൽ പോകണമെന്നായി. മൈറ്റുകളോടവൻ ഗ്രീൻവില്ലിലേക്കുള്ള വഴി കാട്ടാൻ അപേക്ഷിച്ചു. ആറ് കേട്ടപ്പോൾ അവർക്ക് വല്ലാത്ത സങ്കടമായി. ഗ്രീൻവില്ലിലേക്ക് പോവുക അസാധ്യമാണ്, കാരണം, അവിടെ നൂറു തലയുള്ള വ്യാളിയുണ്ട്. അതു  പെൺ മൈറ്റുകളെ തിന്നും; ആൺമൈറ്റുകളുടെ കാര്യം, പറയേ വേണ്ട. 

"പൂയ്! പൂയ്!" ഡുനോ പരിഹസിച്ചു. 'നൂറു തലയൻ വ്യാളി ശരിക്കുമുള്ളതു പോലെ!'                                                                                                "നിനക്കറിയാത്തതുകൊണ്ടാ!" ഒരു മൈറ്റ് തലകുലുക്കിക്കൊണ്ട് പറഞ്ഞു. "ആരാണ് പിന്നെ പ്രെറ്റ്സലിനെ തിന്നത്? അവൻ ബെൻഡമിനെയും ട്വിസ്റ്റമിനെയും ഗ്രീൻവില്ലിലേക്ക് കൊണ്ടു പോയിട്ട് ദിവസങ്ങളോളമായി. ഇതുവരെയായിട്ടും മടങ്ങിയെത്തിയിട്ടില്ല."                                                                   "ടാപ്‌സിനെ വിഴുങ്ങിയത് പിന്നെയാരാ?" മറ്റൊരുവൻ പറഞ്ഞു. 'പ്രെസ്റ്റലിനെ തിരഞ്ഞാണ് അവൻ ഗ്രീൻവില്ലിലേക്ക് പോയത്. അവനും തിരിച്ചു വന്നില്ല. എന്തു നല്ല പ്ലംബർ ആണവൻ! അവനു ചെയ്യാൻ പറ്റാത്തതായി ഒന്നുമുണ്ടായിരുന്നില്ല!"                                                                                                                    "നെയിൽസിനെ വിഴുങ്ങിയതാരാ?" മൂന്നാമതൊരുവൻ ചോദിച്ചു. "നേരാ, അവൻ്റെ കാര്യത്തിൽ വലിയ സങ്കടമൊന്നുമില്ല. അവനൊരു താന്തോന്നിയാണല്ലോ. എന്നാലും തിന്നുകളയുകയെന്നത് ഏറെ കഠിനമാണേ."

ഡുനോ ഒരു നിമിഷം ആലോചിച്ചു.                                                                                      "നൂറു തലയുള്ള വ്യാളിയെപ്പറ്റി ശാസ്ത്രത്തിനറിയില്ല," ഒടുവിൽ അവൻ പറഞ്ഞു. "അപ്പോൾ അങ്ങിനെ ഒന്നില്ലെന്ന് നമുക്ക് അനുമാനിക്കാം." "അങ്ങനെ ഒന്നില്ലായെന്നത് ശാസ്ത്രത്തിനും അറിയില്ലല്ലോ," സ്ലിക് ഇടപ്പെട്ടു. "അതിനാൽ അതുണ്ടെന്ന് നമുക്ക് ചിന്തിക്കാലോ. മൈറ്റുകൾ അതേക്കുറിച്ചു പറയുന്നുണ്ടെങ്കിൽ, അതുണ്ടായിരിക്കണം."                                                                  "പക്ഷേ, മൈറ്റുകൾ ബാബാ യാഗയെക്കുറിച്ചും പറയുന്നുണ്ടല്ലോ," ഡുനോ പറഞ്ഞു.                                                                                                                                           "അപ്പൊ, ബാബാ യാഗയിൽ നിനക്ക് വിശ്വാസമില്ലേ?"                                                     "തീർച്ചയായും ഇല്ല."                                                                                                 "അസംബന്ധം പറയാതെ."                                                                                               "നിങ്ങളുടെ ബാബാ യാഗയാണ് അസംബന്ധം."

ഡുനോ ഗ്രീൻവില്ലിലേക്ക് പോകാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നു. പട്ടം പട്ടണനിവാസികൾ കിണഞ്ഞു പരിശ്രമിച്ചിട്ടും അവനെയാ തീരുമാനത്തിൽനിന്ന് മാറ്റാനായില്ല. അങ്ങനെ, അവനെ നന്നായി ഊട്ടിയതിനു ശേഷം അവരവനെ പട്ടണാതിർത്തിയിലേക്ക് കൊണ്ടു പോയി ഗ്രീൻവില്ലിലേക്കുള്ള വഴി കാട്ടിക്കൊടുത്തു. മരണത്തിലേക്കാണ് അവൻ പോകുന്നതെന്ന് അവർക്കുറപ്പായിരുന്നു. അതിനാൽ, കണ്ണുനീരോടെയാണ് അവർ അവനെ പിരിഞ്ഞത്.

കൃത്യം ആ നേരത്ത് റോഡിൽ പൊടിപടലങ്ങളുടെ ഒരു മേഘം പ്രത്യക്ഷമായി. അടുത്തു വരുന്തോറും അതു വലുതായ് വലുതായി വന്നു. കാലുകൾക്ക്  എത്രവേഗത്തിലോടാനാകുമോ, അത്രയും വേഗത്തിൽ മൈറ്റുകൾ ഓടി. വീടുകളിലെത്തി സുരക്ഷിതരായപ്പോൾ അവർ ജനലുകൾ വഴി ഒളിഞ്ഞു നോക്കി. തങ്ങളെ പിടിച്ചുവിഴുങ്ങാൻ വന്ന നൂറു തലയൻ വ്യാളിയാണ് അതെന്ന് അവർക്കുറപ്പായിരുന്നു. പക്ഷെ, ഡുനോയ്ക്ക് ഒരു കുലുക്കവുമുണ്ടായില്ല. അവൻ വഴിമദ്ധ്യേ കാത്തു നിന്നു.

ഒന്നിനു പിറകേ ഒന്നായ് വന്ന മൂന്നു മോട്ടോർ കാറുകളാണ് പൊടിപടലങ്ങൾ ഉയർത്തിയതെന്ന് താമസിയാതെ എല്ലാവർക്കും മനസ്സിലായി. ഒന്നാമത്തെ കാറൊരു ചുവന്ന ആപ്പിൾ കൊണ്ടു വരികയായിരുന്നു. രണ്ടാമത്തേതിൽ പഴുത്ത പേരക്കയും, മൂന്നാമത്തേതിൽ ഒരു ഡസൻ മുന്തിരിയുമായിരുന്നു. ഒന്നാം കാർ ഡുനോയുടെ സമീപമെത്തിയപ്പോൾ നിന്നു. അതിൽനിന്ന് പ്രെറ്റ്സലും, ടാപ്‌സും, നെയിൽസും പുറത്തേക്കിറങ്ങി. ഉടൻ തന്നെ മൈറ്റുകളെല്ലാം വീടുകളിൽനിന്ന് ചാടിവന്ന്, നെയിൽസടക്കം മൂന്നു പേരെയും കെട്ടിപ്പിടിച്ചു. അവർ വ്യാളിയെക്കുറിച്ചാരാഞ്ഞു. വ്യാളിയില്ലെന്നും, ഒരിക്കലുമുണ്ടായിരുന്നില്ലെന്നും കേട്ടപ്പോൾ അവർക്ക് ആശ്ചര്യമായി.  

"പിന്നെ നിങ്ങൾ വൈകാനെന്താ കാരണം?" അവർ ആരാഞ്ഞു. "ഞങ്ങൾ പെൺകുട്ടികളെ പഴങ്ങൾ ശേഖരിക്കുന്നതിൽ സഹായിക്കുകയായിരുന്നു," നെയിൽസ് പറഞ്ഞു.                                                                                              അതെല്ലാവരെയും പൊട്ടിചിരിപ്പിച്ചു.                                                                        "നീ  സഹായിച്ചെന്നോ?" അവർ പരിഹസിച്ചു. "മറ്റുള്ളവർ സഹായിച്ചിരിക്കാം. "നീ എന്തായാലും വേലി ചാടുകയും ജനലു പൊട്ടിക്കലുമാണ് ചെയ്തിരിക്കുകയെന്നത് ഉറപ്പല്ലേ."                                                                 "ഞാനതൊന്നും ചെയ്തില്ല," വ്രണപ്പെട്ട് നെയിൽസ് പറഞ്ഞു. "ഞാനും പണിയെടുത്തു. ഞാൻ . . . എന്താ പറയുക . . . നന്നായി."

 ടാപ്‌സും പ്രെറ്റ്സലും അവൻ ശരിക്കും നന്നായെന്നും, അവൻ്റെ ജോലിയിൽ പെൺകുട്ടികൾക്ക് തൃപ്തി തോന്നിയെന്നും പറഞ്ഞു --- സത്യത്തിൽ, പട്ടംപട്ടണനിവാസികൾക്ക് ഉപഹാരമായി ആപ്പിളും, പേരക്കയും, മുന്തിരിയും കൊടുത്തയക്കാൻ തോന്നുന്നത്ര തൃപ്തിയുണ്ടായി. ഇതിനു                    മീതെയൊരു സന്തോഷം ആ ആൺകുട്ടികൾക്കുണ്ടാകാനില്ല. പഴങ്ങൾ അവർക്കത്ര ഇഷ്ടമായിരുന്നല്ലോ.

ഡുനോ ഗ്രീൻവില്ലിലേക്കാണെന്നു കേട്ട പ്രെറ്റ്സൽ അവനെ തൻ്റെ വണ്ടിയിൽ കൊണ്ടുവിടാമെന്ന് പറഞ്ഞു. അങ്ങനെ, അവർ രണ്ടും കൂടെ ഉടൻ പുറപ്പെട്ടു.

മുഖത്തു പുഞ്ചിരിയുമായ് പട്ടം പട്ടണത്തിലെ ആൺകുട്ടികൾ ചുറ്റി നടന്നു. വ്യാളിയില്ലായെന്ന കാര്യം അവരെ സന്തോഷിപ്പിച്ചു; പ്രെറ്റ്സലും ടാപ്‌സും തിരിച്ചു വന്നതും. എന്നാൽ, അവരെ ഏറെ സന്തോഷിപ്പിച്ചത് നെയ്ൽസിൻ്റെ മാറ്റമായിരുന്നു. അവൻ ശരിക്കും മാറിയോയെന്ന് ചിലർക്ക് സംശയമില്ലാതിരുന്നില്ലെന്നത് ശരിയാണ്. അതുകൊണ്ട്, ഏതു നേരത്തും അവനൊരു ജനലുടച്ചേക്കാമെന്ന ആശങ്കയോടെ, അവരവനെ സാകൂതം നിരീക്ഷിച്ചു. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ, അവൻ പുഴക്കരയിലിരുന്ന്   തുണിയലക്കുന്നതാണ് അവർ കണ്ടത്.

"ഇങ്ങനെ പെട്ടെന്ന് തുണിയലക്കാനെന്താ കാരണം?" അവർ ചോദിച്ചു.  "കാരണം, എനിക്ക് നാളെയൊരു നൃത്തവിരുന്നിന് പോകാനുണ്ട്," അവൻ പറഞ്ഞു. "മുടിചീകി, വൃത്തിയായ വസ്ത്രം ധരിച്ചു വേണം പോകാൻ." "എന്താ പെൺകുട്ടികൾ നൃത്തവിരുന്നൊരുക്കുന്നുണ്ടോ?"                                                    "ഉണ്ടേ. പ്രെറ്റ്സലും ടാപ്‌സും കൂടി വരുന്നുണ്ട്. അവർക്കുമുണ്ട് ക്ഷണം.      "നിന്നേയും അവർ ക്ഷണിച്ചെന്നാണോ നീ പറയുന്നത്?" അവർ വിശ്വാസം വരാതെ ചോദിച്ചു.                                                                                                            "തീർച്ചയായും."                                                                                                                 "ശ്...ശ്...ശ്ക്," മൈറ്റുകൾ തലയാട്ടിക്കൊണ്ടു പറഞ്ഞു. "പെൺകുട്ടികൾ നിന്നെ നൃത്തത്തിന് ക്ഷണിച്ചെങ്കിൽ നീ ശരിക്കും മാറിയിട്ടുണ്ടാകണം. ഇങ്ങനെയൊക്കെ വരുമെന്ന് ആരു വിചാരിക്കാൻ!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...