2023, ഏപ്രിൽ 15, ശനിയാഴ്‌ച

ജീൻ 34: 5

 1. ജീൻ പാരമ്പര്യസന്ദേശത്തിന്റെ അടിസ്ഥാന ഏകകമാണ്. അതു ജീവികളുടെ നിർമ്മാണത്തിനും, പരിപാലനത്തിനും, ജീർണ്ണോദ്ധാരണത്തിനുമുള്ള സന്ദേശം വഹിക്കുന്നു. മറ്റു ജീനുകൾക്കൊപ്പം സഹകരിച്ച്, പരിതസ്ഥിതി, നിമിത്തങ്ങൾ, ആകസ്മികത എന്നിവയിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ഒരു ജീവിയുടെ അന്തിമമായ രൂപവും ധർമ്മവും നിർമ്മിക്കുന്നു. 

2. ജനിതക കോഡ് സാർവ്വത്രികമാണ്. ഒരു നീലത്തിമിംഗലത്തിന്റെ ജീനെടുത്ത് സൂക്ഷ്മജീവിയായ ഒരു ബാക്റ്റീരിയത്തിൽ ചെലുത്തിയാലും, അതു കൃത്യമായി, ഏറെക്കുറെ പൂർണ്ണമായും സത്യസന്ധമായി, വായിച്ചെടുക്കപ്പെടും. 
ഒരനുബന്ധം: മനുഷ്യജീനുകൾക്ക് പ്രത്യേകിച്ചൊരു സവിശേഷതയുമില്ല. 

3. ജീനുകൾ രൂപം, വ്യവഹാരം, ഭാഗധേയം എന്നിവയെ സ്വാധീനിക്കുന്നു. പക്ഷേ, ഈ സ്വാധീനങ്ങൾ ഒന്നിനൊന്ന് എന്ന രീതിയിൽ നേരിട്ടുള്ളവയല്ല. മിക്ക മനുഷ്യലക്ഷണങ്ങളും ഒന്നിലധികം ജീനുകളുടെ ഫലമാണ്. അവയിൽ പലതും ജീനുകളും, പരിതസ്ഥിതികളും, ആകസ്മികതകളും തമ്മിലുള്ള സഹകരണങ്ങളുടെ ഫലമാണ്. ഈ പ്രതിപ്രവർത്തനങ്ങളിൽ പലതും വ്യവസ്ഥാബദ്ധമല്ല - അതായത്, അവയുണ്ടാകുന്നത് ജനോമും അപ്രതീക്ഷിത സംഭവങ്ങളും തമ്മിൽ സന്ധിക്കുമ്പോഴാണ്. ചില ജീനുകൾ പ്രവണതകളെയും വാസനകളെയും മാത്രമേ സ്വാധീനിക്കൂ. അതിനാൽ, ജീവികളിൽ ഒരുൾപ്പരിവർത്തനമോ, വ്യതിയാനമോ ഉണ്ടാക്കുന്ന അന്തിമഫലം എന്താണെന്ന് ജീനുകളുടെ ഒരു ചെറിയ ഉപഗണത്തിന്റെ കാര്യത്തിൽ മാത്രമേ വിശ്വസനീയമായ് പ്രവചിക്കാൻ കഴിയൂ. 

4. ജീനുകളിലെ വ്യതിയാനങ്ങൾ ഗുണങ്ങളിലും, രൂപങ്ങളിലും, പെരുമാറ്റങ്ങളിലുമുള്ള വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. നാടൻഭാഷയിൽ നാം നീലക്കണ്ണിനുള്ള ജീൻ, ഉയരത്തിനുള്ള ജീൻ  എന്നൊക്കെ പറയുമ്പോൾ, നാം സൂചിപ്പിക്കുന്നത് ഒരു വൈജാത്യത്തെ(അപരത്തെ)യാണ്. ഇത്തരം വൈജാത്യങ്ങൾ ജനോമിന്റെ തുച്ഛമായൊരു ഭാഗം മാത്രമാണ്. വ്യത്യാസങ്ങളെ വിപുലീകരിക്കുവാനുള്ള സാംസ്കാരികവും, ഒരു പക്ഷേ, ജൈവികവുമായ പ്രവണതകൾ കാരണമാണ് അവ നമ്മുടെ ഭാവനയിൽ പർവ്വതീകരിക്കപ്പെട്ടുകിടക്കുന്നത്. ആറടി ഉയരമുള്ള ഒരു ഡാനിഷുകാരനും നാലടി ഉയരമുള്ള ഒരു ഡെംബാക്കാരനുമുള്ളത് ഒരേ ശരീരഘടനയാണ്, ഒരേ ശരീരധർമ്മമാണ്, ഒരേ ജീരസതന്ത്രമാണ്. 

5. ചില മനുഷ്യഗുണങ്ങൾക്ക്, അല്ലെങ്കിൽ ധർമ്മങ്ങൾക്ക്, "ഉള്ള ജീൻ" കണ്ടെത്തിയതായ് നാം അവകാശപ്പെടുമ്പോൾ, അതിനു കാരണം നാം ആ ലക്ഷണത്തെ/ധർമ്മത്തെ സങ്കുചിതമായ് നിർവ്വചിക്കുന്നതു കൊണ്ടാണ്. 
രക്തത്തിന്റെ തരത്തിനുള്ള ജീനുകൾ, ഉയരത്തിനുള്ള ജീനുകൾ എന്നൊക്കെ പറയുന്നതിൽ കാര്യമുണ്ട്; കാരണം, ഇത്തരം ജീവലക്ഷണങ്ങൾ സഹജമായ്ത്തന്നെ സങ്കുചിത നിർവ്വചനങ്ങളുള്ളവയാണ്. പക്ഷേ, ലക്ഷണത്തിനുള്ള നിർവ്വചനത്തെത്തന്നെ ലക്ഷണമായി പരിഗണിക്കുകയെന്നത് ജീവശാസ്ത്രത്തിലെ പഴയൊരു പാപമാണ്. നീലനേത്രങ്ങളുള്ളതാണ് (നീലനേത്രങ്ങൾ മാത്രം) "സൗന്ദര്യ"ത്തിന്റെ നിർവ്വചനമെന്ന് നാം തീരുമാനിച്ചാൽ, "സൗന്ദര്യത്തിനുള്ള ജീൻ" നാം, വാസ്തവത്തിൽ, കണ്ടെത്തിയിരിക്കും. ഒരേയൊരു തരം പരീക്ഷയിലെ, ഒരേയൊരുതരം ചോദ്യത്തിനുള്ള ഉത്തരമാണ് "ബുദ്ധി"യെന്ന് നാം നിർവ്വചിച്ചാൽ, "ബുദ്ധിക്കുള്ള ജീനും" നാം കണ്ടെത്തിയിരിക്കും. മനുഷ്യഭാവനയുടെ വിശാലതയ്ക്ക്, അല്ലെങ്കിൽ സങ്കുചിതത്വത്തിനുള്ള കണ്ണാടിയാണ് ജനോം. അത് നാർസിസസ്സിന്റെ പ്രതിഫലനമാണ്(5).

6. "പ്രകൃതി ", "പരിപാലനം" എന്നിവയെക്കുറിച്ച് അമൂർത്തമായും കേവലമായും സംസാരിക്കുന്നത് അസംബന്ധമാണ്. പ്രകൃതിയോ - അതായത്, ജീൻ - പരിപാലനമോ - അതായത്, പരിതസ്ഥിതി - ഒരു ലക്ഷണത്തിനോ, ധർമ്മത്തിനോമേൽ പ്രബലമാകുന്നത് ആ ലക്ഷണത്തെയും അതിന്റെ  പശ്ചാത്തലത്തെയും ആശ്രയിച്ചിരിക്കുന്നു. SRYജീൻ ലിംഗഘടനയേയും ലിംഗധർമ്മത്തേയും, ശ്രദ്ധേയമായരീതിയിൽ, സ്വതന്ത്രമായ്ത്തന്നെ നിർണ്ണയിക്കുന്നു. ഇക്കാര്യത്തിൽ അതു പൂർണ്ണമായും പ്രകൃതി തന്നെ. ലിംഗസ്വത്വം, ലൈംഗികപരിഗണന, ലൈംഗികമാതൃകയുടെ തെരഞ്ഞെടുപ്പ് എന്നിവ നിർണ്ണയിക്കുന്നത്, പക്ഷേ, ജീനുകളുടെയും ചുറ്റുപാടുകളുടെയും സന്ധികളാണ് - അതായത്, പ്രകൃതിയും പരിപാലനവുമാണ്. ഇതിൽനിന്നൊക്കെ വിരുദ്ധമായി, "ആണത്വ"ത്തിനെതിരേ "പെണ്ണത്വം" എന്നത് സമൂഹത്തിൽ നിർവ്വഹിക്കപ്പെടുന്ന, അല്ലെങ്കിൽ  വീക്ഷിക്കപ്പെടുന്ന രീതി പൊതുവേ നിർണ്ണയിക്കുന്നത് പരിതസ്ഥിതിയും, സമൂഹസ്മൃതിയും, ചരിത്രവും, സംസ്കാരവുമാണ്. ഇവിടെ എല്ലാം പൂർണ്ണമായും പരിപാലനമാണ്.

7. മനുഷ്യരുടെ ഓരോ തലമുറയും വൈജാത്യങ്ങളെയും മറുജീനുകളെയും ഉൽപ്പാദിപ്പിക്കും. അതു നമ്മുടെ ജീവതന്ത്രത്തിന്റെ അവിഭാജ്യഭാഗമാണ്.  ഉൾപ്പരിവർത്തനം "അസാധാരണം" ആകുന്നത്  സ്ഥിതിവിവരക്കണക്കുപ്രകാരം മാത്രമാണ്: അതു സാമാന്യമായി അൽപ്പം കുറച്ചു കാണപ്പെടുന്ന വൈജാത്യമാണ്. സമജാതീയമാക്കുവാനും "സാധാരണമാക്കുവാനു"മുള്ള പ്രവണതയെ ജീവശാസ്ത്രപരമായ അനിവാര്യതയുമായി പ്രതിതുലനം ചെയ്ത് നാനാത്വവും അസാധാരണതയും നിലനിർത്തേണ്ടതാണ്. സാധാരണത ജീവപരിണാമത്തിന് വിരുദ്ധമാണ്.

8. ആഹാരക്രമം, സ്വാധീനങ്ങൾ, ചുറ്റുപാടുകൾ, ആകസ്മികതകൾ എന്നിവകൊണ്ടുണ്ടാകുന്നതെന്ന് മുമ്പു വിശ്വസിക്കപ്പെട്ടിരുന്ന പല രോഗങ്ങളും ജീനുകളുടെ ശക്തമായ സ്വാധീനത്താൽ, അല്ലെങ്കിൽ കാരണത്താലാണ് ഉണ്ടാകുന്നത്. ഇവയിൽ പലതും ബഹുജന്യമാണ് (നിരവധി ജീനുകളാൽ സ്വാധീനിക്കപ്പെടുന്നവ). അവ പാരമ്പര്യക്ഷമതയുള്ളവയാണ്  (ജീനുകളുടെ സവിശേഷമായ ഒത്തുമാറ്റത്തിലൂടെയുണ്ടാകുന്ന സന്ധിചേരൽ കാരണം); എന്നാൽ, അനായാസേന പാരമ്പരാഗതമായി ആർജ്ജിക്കാൻ കഴിയുന്നവയല്ല (അതായത്, തലമുറതോറും ജീനുകളുടെ പുനർമിശ്രണം നടക്കുന്നതിനാൽ, അടുത്ത തലമുറയിലേക്ക് പ്രസരിക്കാൻ സാദ്ധ്യതയില്ല). ഏകജന്യ (ഒറ്റ ജീൻ ഹേതുവായ) രോഗങ്ങൾ വളരെ വിരളമാണ്. എന്നാൽ, മൊത്തമായ് നോക്കുമ്പോൾ, അവ അത്ഭുതകരമാംവിധം സാമാന്യവുമാണ്. അത്തരം പതിനായിരത്തിലധികം രോഗങ്ങൾ, ഇതുവരെയായി, നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ഏകജന്യരോഗവുമായ് ജനിക്കുന്ന കുട്ടികൾ നൂറിലൊന്നോ, ഇരുനൂറിലൊന്നോ ആണ്.     

9. ജനിതക"രോഗം" ജീവിയുടെ ജനോമും പരിതസ്ഥിതിയും തമ്മിലുള്ള പൊരുത്തക്കേടാണ്. ചില കേസുകളിൽ, ഒരു ജീവിരൂപത്തെ "അനുയുക്തമാക്കാൻ" ചുറ്റുപാടുകളെ മാറ്റുന്നതായിരിക്കും (ജനിതകാവസ്ഥകൊണ്ടുള്ള ഹ്രസ്വകായത്വത്തിന് വാസ്തുവിദ്യാപരമായ ഇതര മാർഗ്ഗങ്ങൾ നിർമ്മിക്കുക; ഓട്ടിസമുള്ള കുട്ടികളുടെ  ഇതര  വിദ്യാഭ്യാസപശ്ചാത്തലങ്ങൾ വിഭാവനം ചെയ്യുക)            
 രോഗനിവാരണത്തിനുള്ള ഉചിതമായ വൈദ്യസഹായം. മറ്റുചില കേസുകളിൽ, ഇതിൽനിന്നു വിരുദ്ധമായി, പരിതസ്ഥിതിയുമായി അനുയുക്തമാകാൻ ജീനുകളെ മാറ്റാം. ഇനിയും ചില കേസുകളിൽ, ഇത്തരം ചേർച്ചകൾ അസാദ്ധ്യമാണ്. അടിസ്‌ഥാന ജീനുകൾ പ്രവർത്തനരഹിതമാകുമ്പോഴുണ്ടാകുന്ന മാരകമായ ജനിതക രോഗങ്ങൾ ഒരു പരിതസ്ഥിതിയോടും ഇണങ്ങില്ല. പരിതസ്ഥിതിയാണ് കൂടുതൽ വഴങ്ങുന്നതെന്നിരിക്കേ, രോഗത്തിനുള്ള ആധികാരികമായ പരിഹാരം പ്രകൃതിയെ - അതായത്, ജീനിനെ- മാറ്റുകയാണ് എന്നു സങ്കൽപ്പിക്കുന്നത് ആധുനികകാലത്തെ വിചിത്രമായൊരു വിഭ്രാന്തിയാണ്. 

10.  ജനിതക ചേർച്ചയില്ലായ്‌മ വളരെ ആഴത്തിലുള്ള അപൂർവ്വം കേസുകളിൽ, ജീൻ നിർദ്ധാരണം, ലക്ഷ്യോന്മുഖമായ ജനിതക ഇടപെലുകൾ തുടങ്ങിയ  അനിതരസാധാരണമായ നടപടികൾ കൈക്കൊള്ളാം. ജീൻ നിർദ്ധാരണത്തിന്റെയും ജനോം പരിഷ്കരണത്തിന്റെയും ഉദ്ദിഷ്ടമല്ലാത്ത ഫലങ്ങളെക്കുറിച്ചറിയുന്നതുവരെ, ഇത്തരം രോഗങ്ങളെ, സാമാന്യമെന്നു പരിഗണിക്കാതെ, അപവാദങ്ങളായിക്കാണുന്നതാണ് സുരക്ഷിതം. 

11. ജീനുകളിലോ ജനോമുകളിലോ രാസപരവും ജൈവപരവുമായ ചൂഷണത്തെ നേരിടാനുള്ള യാതൊന്നും പ്രകൃത്യാലില്ല.  "മിക്ക മനുഷ്യഗുണങ്ങളും സങ്കീർണ്ണമായ ജീൻ-പരിതസ്ഥിതി പ്രതിപ്രവർത്തനങ്ങളുടെ ഫലമാണെന്നും, അവയിൽ മിക്കവയും ബഹുജീനുകളുടെ ഫലമാണെന്നു"മുള്ള അംഗകീകൃതാശയം നൂറുശതമാനം ശരിയാണ്. ജീനുകളെ ചൂഷണം ചെയ്യാനുള്ള കഴിവിന് ഈ സങ്കീർണ്ണത തടയിടുന്നുണ്ടെങ്കിലും, ജീൻപരിവർത്തനത്തിനുള്ള ശക്തമായ മാർഗ്ഗങ്ങൾക്കു അവ അവസരവുമൊരുക്കുന്നുണ്ട്. മനുഷ്യജീവതന്ത്രത്തിൽ നിരവധി ജീനുകളെ സ്വാധീനിക്കുന്ന മഹാനിയന്ത്രകരുണ്ട്. ഒരൊറ്റ സ്വിച്ചുകൊണ്ട് (നിയന്ത്രകനെക്കൊണ്ട്)  നൂറുകണക്കിന് ജീനുകളുടെ അവസ്ഥ മാറ്റാനുള്ള ഒരുപരിജനിതകപരിവർത്തകനെ  ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞേക്കും. ജനോം, ഇത്തരം ഇടപെടലുകൾക്കുള്ള ഗ്രന്ഥികൾ കൊണ്ടു നിറഞ്ഞതാണ്..

11. മനുഷ്യരിൽ ഇടപെടാനുള്ള നമ്മുടെ ശ്രമങ്ങളെ, ഇതുവരേക്കും, മൂന്നു പരിഗണനകൾ തടയിട്ടിരിക്കുകയാണ് - അസാമാന്യ യാതനകൾ, അത്യന്ത പ്രവേശനക്ഷമതയുള്ള ജനിതകരൂപങ്ങൾ, ന്യായീകരിക്കാവുന്ന ഇടപെടലുകൾ. ('അസാമാന്യയാതന'യുടെയോ, 'ന്യായീകരിക്കാവുന്ന ഇടപെടലുകളുടെയോ' മാനദണ്ഡം മാറ്റുക വഴി) ഈ പരിഗണനാത്രികോണത്തിന്റെ അതിരുകൾ അയയുന്തോറും, ഏതൊക്കെ  ജനിതക ഇടപെടലുകൾ അനുവദിക്കാം, ഏതൊക്കെ തടയാം, ഏതു സാഹചര്യത്തിലാണ് ഈ ഇടപെടലുകൾ സുരക്ഷിതവും അനുവദനീയവുമെന്ന് നിശ്ചയിക്കാൻ, നമുക്ക് ജീവശാസ്ത്രപരവും, സാമൂഹികവും, സാംസ്കാരികവുമായ ചട്ടങ്ങൾ ആവശ്യമായി വരും.  

13. ചരിത്രം അവർത്തിക്കുന്നതിനു കാരണം, ഭാഗികമായി, ജനോം ആവർത്തിക്കുന്നതാണ്. ജനോം ആവർത്തിക്കുന്നതിനു കാരണം, ഭാഗികമായി, ചരിത്രം അവർത്തിക്കുന്നതാണ്.  മനുഷ്യചരിത്രത്തിന് ഗതിയേകുന്ന ആവേഗങ്ങളും, അഭിലാഷങ്ങളും, സ്വപ്നങ്ങളും, ആശകളും, ഭാഗികമായെങ്കിലും, മനുഷ്യജനോമിൽ കോഡിലാക്കപ്പെട്ടിരിക്കുന്നു.  അതേസമയം, മനുഷ്യചരിത്രമാകട്ടേ, ഈ ആവേഗങ്ങളെയും, അഭിലാഷങ്ങളെയും, സ്വപ്നങ്ങളെയും, ആശകളെയും വഹിക്കുന്ന ജനോമുകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ആത്മസാക്ഷാൽക്കാരത്തിന്റെ ഈ യുക്തിവൃത്തം നമ്മുടെ വർഗ്ഗത്തിന്റെ  അത്യുജ്ജ്വലവും വികാരോദ്ദീപകവുമായ ഗുണങ്ങൾക്ക് കാരണമായിട്ടുണ്ട്; അതേസമയം അത്യന്തം ജുഗുപ്സാവഹമായ ഗുണങ്ങൾക്കും. ഈ യുക്തിയുടെ ഭ്രമണപഥത്തിൽനിന്ന് രക്ഷപെടാൻ നമ്മോട് ആവശ്യപ്പെടുന്നത് അധികപ്രസംഗമായിരിക്കും. പക്ഷേ, ആ യുക്തിയുടെ സഹജമായ വർത്തുളത തിരിച്ചറിയുന്നതിലൂടെ, അതിന്റെ അതിക്രമത്തെ സംശയിക്കുന്നതിലൂടെ നമുക്ക് ദുർബ്ബലരെ ശക്തരുടെ താൽപ്പര്യങ്ങളിൽനിന്നും, "മറുജീവികളെ" "സാധാരണക്കാർ" ഉന്മൂലനം ചെയ്യുന്നതിൽനിന്നും സംരക്ഷിക്കാൻ കഴിഞ്ഞേക്കും. 

ഒരുപക്ഷേ, നമ്മുടെ ഇരുപത്തിയൊന്നായിരം ജീനുകളിലെവിടെയോ ഈയൊരു സന്ദേഹവമുണ്ടാകണം. ഒരു പക്ഷേ, ആ സന്ദേഹം സാദ്ധ്യമാക്കുന്ന കാരുണ്യവും മനുഷ്യജനോമിൽ ശാശ്വതമായ് കോഡിലാക്കപ്പെട്ടിട്ടുണ്ടാകണം.  

ഒരു പക്ഷേ, അതായിരിക്കണം നമ്മെ,  ഭാഗികമായ്‌, മനുഷ്യരാക്കുന്നത്. 

1. Bonnie & Clyde: അമേരിക്കയിലുണ്ടായിരുന്ന കുറ്റവാളി ദമ്പതികൾ. ആ പേരിലൊരു സിനിമയുമുണ്ട്. 
2. TALEN എന്നു പേരുള്ള എൻസൈമിനെയും ജീൻ തിരുത്താൻ ഉപയോഗിക്കാം.
3. മുമ്പേ പരിശോധിക്കപ്പെട്ട, ഉദ്ദിഷ്ട പരിവർത്തനം വഹിക്കുന്ന, ESകോശങ്ങൾ മാത്രമേ ബീജമോ അണ്ഡമോ ആയി മാറ്റപ്പെടുകയുള്ളൂ.

ഉൾപരിവർത്തനം (mutation): DNAയുടെ രാസഘടനയിലെ ഒരു മാറ്റം.  മൂക(silent)മായ ഉൾപ്പരിവർത്തനങ്ങളുണ്ട്; അവ ജീവിയുടെ ധർമ്മങ്ങളെ ബാധിക്കില്ല. അല്ലാത്തവ, ജീവിയുടെ രൂപത്തെയും, വ്യവഹാരത്തെയും സ്വാധീനിക്കും.  

ന്യൂക്ലിയസ് (nucleus): സസ്യ, ജന്തു കോശങ്ങളിൽ കാണപ്പെടുന്ന, ബാക്റ്റീരിയാ കോശങ്ങളിൽ കാണാത്ത, ചർമ്മാവൃതമായ ഒരു കോശഘടകം. ജന്തുകോശങ്ങളിലെ ക്രോമസോമുകളും (ജീനുകളും) കോശത്തിനകത്ത് സ്ഥിതിചെയ്യുന്നു. ജന്തുകോശങ്ങളിലെ മിക്ക ജീനുകളും കോശത്തിനകത്താണ്; ചിലജീനുകൾ മൈറ്റോകോൺഡ്രിയ(mitochondria)യിലുമുണ്ട്. 

പ്രവേശനക്ഷമത (penetrance): സവിശേഷമായതും, അതിനനുബന്ധമായ ലക്ഷണം (പ്രതിഭാസരൂപം) പ്രകാശിപ്പിക്കുന്നതുമായ, മറുജീനിനെ,  വഹിക്കുന്ന ജീവികളുടെ അനുപാതം.  വൈദ്യജനതകശാസ്ത്രത്തിൽ പ്രവേശനക്ഷമത സൂചിപ്പിക്കുന്നത് രോഗലക്ഷണമായ് പ്രകാശിക്കുന്ന ഒരു ജനിതകരൂപം വഹിക്കുന്ന ആളുകളുടെ അനുപാതമാണ്. 

ആവിഷ്കാര/പ്രകാശനക്ഷമത (expressivity): ഒരേ ജനിതകരൂപമുള്ള രണ്ടു വ്യക്തികളിലെ പ്രതിഭാസരൂപങ്ങളിൽ കാണപ്പെടുന്ന വ്യത്യാസത്തെ സൂചിപ്പിക്കുന്ന പദമാണിത്. പ്രവേശനക്ഷമതയിൽനിന്ന് വ്യത്യസ്‍തമായി, പ്രകാശന(ആവിഷ്കാര)ക്ഷമത ജനിതകരൂപസമൂഹത്തിലെ വ്യക്തിഗതമായ വ്യതിയാനത്തെയാണ്, സ്ഥിതിവിവരപരമായ വ്യതിയാനത്തെയല്ല, വിവരിക്കുന്നത്. 

പ്രതിഭാസരൂപം (phenotype): ചർമ്മവർണ്ണം, നേത്രവർണ്ണം തുടങ്ങിയ ഒരു ജീവിയുടെ ജൈവ, ശാരീരിക, ധൈഷണിക ലക്ഷണങ്ങളുടെ ഗണം. ചിത്തവൃത്തി, വ്യക്തിത്വം തുടങ്ങിയ സങ്കീർണ്ണ ലക്ഷണങ്ങളും പ്രതിഭാസരൂപത്തിൽപ്പെടും. പ്രതിഭാസരൂപത്തെ നിർണ്ണയിക്കുന്നത് ജീനുകളും, ഉപരിജനിതക പരിവർത്തനങ്ങളും, പരിതസ്ഥിതിയും, ആകസ്മികതകളുമാണ്.

പ്രോട്ടീൻ (protein): ജീനുകളെ പരാവർത്തനം ചെയ്യുമ്പോൾ സൃഷ്ടിക്കപ്പെടുന്ന അമിനോഅമ്ലങ്ങളുടെ ശൃംഖല. കോശധർമ്മങ്ങളിലെ ഭൂരിഭാഗവും നിർവ്വഹിക്കുന്നത് പ്രോട്ടീനുകളാണ്. 

(ജീനുകളുടെ) പരാവർത്തനം (translation): ജനിതകസന്ദേശത്തെ   റൈബോസുമുകൾ RNA സന്ദേശത്തിൽനിന്നും പ്രോട്ടീനാക്കി മാറ്റുന്ന പ്രക്രിയ. 

റൈബോസോം (ribosome): പ്രോട്ടീനും RNAയും ചേർന്ന ഒരു കോശഘടകം. സന്ദേശവാഹകRNAയെ പ്രോട്ടീനാക്കേണ്ട ഉത്തരവാദിത്വം റൈബോസോമിനാണ്. 

വിപരീതപകർക്കൽ (reverse transcription): ഒരുRNA ശൃംഖല ഉപയോഗിച്ച് ഒരു എൻസൈം ഒരു DNA ഒരു ശൃംഖല നിർമ്മിക്കുന്ന പ്രക്രിയ. ഈ എൻസൈമിനെ വിപരീതപകർപ്പുകാരൻ (reverse transcriptase) എന്നു വിളിക്കുന്നു. 

RNA: റൈബോന്യൂക്ലിക് അമ്ലം. ഇരട്ടയിഴയായ് നിൽക്കുന്ന DNAയിൽനിന്ന് വ്യത്യസ്തമായി,  ഇതു കോശത്തിൽ ഒരൊറ്റ ഇഴയായ് സ്ഥിതിചെയ്യുന്നു. 

ഈ പദകോശം സമ്പൂർണ്ണമല്ല. താരതമ്യേന അപരിചിതമെന്നോ, പുതിയതെന്നോ തോന്നാവുന്ന പദങ്ങളെ പുസ്തകത്തിൽ അതാതിടങ്ങളിൽ വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്.     







 




















 








 


 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...