2023, ഏപ്രിൽ 1, ശനിയാഴ്‌ച

ജീൻ 33: 3

1990 ഏപ്രിൽ. മനുഷ്യജനിതകരോഗപരിശോധനയുടെ പരിധി കൂടുതൽ ഉയർത്താനെന്നപോലെ,  നേച്ചർ മാസികയിലെ ഒരു ലേഖനം പുതിയൊരു സാങ്കേതികവിദ്യയുടെ പിറവി വിളംബരം ചെയ്തു.  ഈ വിദ്യ, സ്ത്രീശരീരത്തിലേക്ക് ഭ്രൂണത്തെ നിവേശിപ്പിക്കുന്നതിനു മുമ്പേ  അതിനെ ജനിതകപരിശോധനക്കു വിധേയമാക്കാൻ സഹായിക്കും. 

പ്രസ്തുത സങ്കേതം മാനവഭ്രൂണശാസ്ത്രത്തിലെ വിചിത്രമായൊരു സവിശേഷതയെ ആശ്രയിച്ചിരിക്കുന്നു. ശരീരത്തിന് പുറത്ത് (ഇൻ വിട്രോ) ബീജസങ്കലനം ചെയ്ത് (I VF വഴി) ഭ്രൂണമുണ്ടാക്കുമ്പോൾ, സ്ത്രീശരീരത്തിൽ സ്ഥാപിക്കുംമുമ്പ്, അതിനെ കുറേ ദിവസങ്ങളോളം ഇൻക്യുബേറ്ററിൽ സൂക്ഷിക്കും. ഈർപ്പമുള്ള ഇൻക്യുബേറ്ററിൽ, പോഷകസമൃദ്ധമായ ദ്രാവകത്തിൽ കുളിച്ചുകിടക്കുന്ന ഈ ഏകകോശഭ്രൂണം, വിഭജിച്ചുവിഭജിച്ച്, കോശങ്ങളുടെ തിളങ്ങുന്ന ഒരു കൊച്ചുഗോളമായ് മാറുന്നു. മൂന്നാം ദിവസത്തിന്റെ ഒടുവിൽ, ആദ്യം എട്ടു കോശങ്ങളും, പിന്നെ പതിനാറുകോശങ്ങളുമുണ്ടാകും. ആ ഭ്രൂണത്തിൽനിന്ന് കുറച്ചു കോശങ്ങൾ മാറ്റിയാൽ, അത്ഭുതമെന്നേ പറയേണ്ടൂ, ബാക്കി വരുന്ന കോശങ്ങൾ വിഭജിച്ച് മാറ്റപ്പെട്ട കോശങ്ങളുടെ വിടവു നികത്തും. ഭ്രൂണം, യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ, സാധാരണപോലെ വളരുന്നതു തുടരും. നമ്മുടെ ചരിത്രത്തിലെ ഈയൊരു നിമിഷത്തിൽ നാമൊരു പല്ലിയെ, കൃത്യമായിപ്പറഞ്ഞാൽ, പല്ലിയുടെ വാലുപോലെയാണ് - നാലിലൊന്ന് മുറിച്ചുകളഞ്ഞാലും പൂർണ്ണമായ പുനരുജ്ജീവനത്തിന് കഴിവുള്ളത്. 

ഈ ആദ്യഘട്ടത്തിൽ, അതുകൊണ്ട്, മനുഷ്യഭ്രൂണത്തിന്റെ ബയോപ്സി ചെയ്യാം - കുറച്ചു കോശങ്ങൾ അടർത്തിയെടുത്ത് ജനിതകപരിശോധനകൾക്കായി ഉപയോഗിക്കാം. പരിശോധനകൾ പൂർത്തിയായശേഷം, ശരിയായ ജീനുകളുള്ള ഭ്രൂണങ്ങളെ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഗർഭങ്ങളിൽ നിവേശിപ്പിക്കാം. ചില മാറ്റങ്ങളൊക്കെ വരുത്തി, ഒരു സ്ത്രീയുടെ അണ്ഡങ്ങളേയും, ബീജസങ്കലനത്തിനു മുമ്പ്, ജനിതകപരമായി പരിശോധിക്കാവുന്നതാണ്. ഈ സങ്കേതം "നിവേശപൂർവ്വജനിതകരോഗനിർണ്ണയപരിശോധന" - PGD - എന്നാണ് വിളിക്കപ്പെടുന്നത്. ധാർമ്മികഭാഗത്തുനിന്നു നോക്കുമ്പോൾ PGD ഒരു ചെപ്പടിവിദ്യയാണെന്ന് തോന്നാം. "ശരിയായ" ഭ്രൂണങ്ങളെ നിവേശിപ്പിക്കാനും, മറ്റുള്ളവയെ നശിപ്പിക്കാതെ ശീതീകരിച്ചു സൂക്ഷിക്കാനും നമുക്ക് കഴിഞ്ഞാൽ, ഭ്രൂണങ്ങളെ നമുക്ക് അലസിപ്പിക്കാതെ തെരഞ്ഞെടുക്കാൻ പറ്റും. ഇത് ഒരേസമയം ധനാത്മകവും ഋണാത്മകവുമായ, ഭ്രൂണഹത്യയില്ലാത്ത,  യൂജെനിക്സാണ് 

1989ലെ മഞ്ഞുകാലത്ത്, രണ്ടു ഇംഗ്ലീഷു ദമ്പതിമാരാണ് ഭ്രൂണങ്ങളെ തെരഞ്ഞെടുക്കാൻ ആദ്യമായി PGD ഉപയോഗിച്ചത്. അതിലൊരു കുടുംബത്തിന് X-ബന്ധമുള്ള ബുദ്ധിമാന്ദ്യത്തിന്റെ ചരിത്രമുണ്ടായിരുന്നു; മറ്റേ കുടുംബത്തിന് X-ബന്ധമുള്ള പ്രതിരോധന്യൂനതയുടെ ചരിത്രവും - രണ്ടും, ആൺകുട്ടികളിൽ മാത്രം കണ്ടുവരുന്ന, മാറാരോഗങ്ങൾ. തെരഞ്ഞെടുക്കപ്പെട്ടത് പെൺഭ്രൂണങ്ങളാണ്. രണ്ടു ദമ്പതിമാർക്കും ഇരട്ടപ്പെൺകുട്ടികൾ പിറന്നു. പ്രതീക്ഷിച്ചതുപോലെ, രണ്ടിരട്ടകളും രോഗവിമുക്തമായിരുന്നു. 

ആ രണ്ടു കേസുകളുമുണ്ടാക്കിയ ധാർമ്മികമായ തലകറക്കം രൂക്ഷമായിരുന്നു. ഈ സാങ്കേതികവിദ്യയ്ക്കു നിയന്ത്രണമേർപ്പെടുത്താൻ പല രാജ്യങ്ങളും ഉടനടി മുന്നോട്ടു വന്നു. PGDക്കുമേൽ അത്യന്തം കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്, ഒരുപക്ഷേ, പ്രതീക്ഷിച്ചതുപോലെ, ജർമ്മനിയും ഓസ്ട്രിയയുമായിരുന്നു - വംശവിവേചനത്തിന്റെ, കൂട്ടക്കൊലകളുടെ, യൂജെനിക്സിന്റെ പൈതൃകങ്ങളാൽ വ്രണിതമായ രാഷ്ട്രങ്ങൾ. ലിംഗവിവേചനത്തിന്റെ ഉപസംസ്കാരം നാണമില്ലാതെ സ്പഷ്ടമായ്  കുടിയിരിക്കുന്ന പലയിടങ്ങളുമുള്ള ഇന്ത്യയിൽ, കുട്ടിയുടെ ലിംഗം 'പരിശോധിക്കുവാൻ' PGD ഉപയോഗിക്കുവാനുള്ള ശ്രമങ്ങൾ 1995മുതൽക്കേ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ആണ്കുട്ടികൾക്കുവേണ്ടി ഏതു രീതിയിലുമുള്ള ലിംഗനിർണ്ണയം അന്നുമിന്നും ഇന്ത്യാഗവണ്മെന്റ് നിരോധിച്ചിട്ടുണ്ട്. ലിംഗനിർദ്ധാരണത്തിനുള്ള PGDയും താമസംവിനാ നിരോധിക്കപ്പെട്ടു. പക്ഷേ, സർക്കാർ നിരോധനം പ്രശ്നമൊഴിവാക്കിയതായി തോന്നുന്നില്ല. ഇന്ത്യാക്കാരും, ചൈനാക്കാരും ഒരൽപ്പം ഉളുപ്പോടെ, തെല്ലു സമചിത്തതയോടെ ഒരു കാര്യം ശ്രദ്ധിച്ചാൽ കൊള്ളാം: മാനവചരിത്രത്തിലെ അതിബൃഹത്തായ "നിഷേധാത്മകയൂജെനിക്സ്" പദ്ധതി, 1930കളിൽ ഓസ്ട്രിയയിലും ജർമ്മനിയിലുമുണ്ടായ യഹൂദരുടെ വ്യവസ്ഥാപിതമായ നരഹത്യയല്ല. ഭീകരമായ ആ പദവിയുടെ ഭൂഷണം ഇന്ത്യക്കും ചൈനക്കുമുള്ളതാണ്. ശിശുഹത്യയിലൂടെ, ഗർഭച്ഛിദ്രത്തിലൂടെ, അവഗണനയിലൂടെ 10മില്യൺ പെൺകുട്ടികളാണ്, ഇവിടങ്ങളിൽ, പ്രായപൂർത്തിയെത്താതെ പോയിരിക്കുന്നത്. യൂജെനിക്സിന് - ഉൽക്കർഷമായജീനുകളുടെ നിർദ്ധാരണത്തിന് - ധാർമ്മികച്യുതി ബാധിച്ച ഏകാധിപതികളോ, ഹിംസാസ്വഭാവമുള്ള ഭരണകൂടങ്ങളോ വേണമെന്നില്ല. ഇന്ത്യയുടെ കാര്യമെടുക്കൂ. ഇവിടെ, തീർത്തും "സ്വതന്ത്രരായ" പൗരന്മാർ, അവരെ അവരുടെ പാട്ടിനു വിട്ടാൽ, - സ്ത്രീകൾക്കെതിരെയുള്ള, സർക്കാർ അനുമതിയില്ലാത്ത  - അതിവിലക്ഷണമായ യൂജെനിക്സ് പദ്ധതികൾ നടപ്പിലാക്കാൻ കഴിവുള്ളവരാണ്.    

ഇക്കാലത്ത്, സിസ്റ്റിക് ഫൈബ്രോസിസ്, ഹണ്ടിങ്‌ടൺ രോഗം, ടേ-സാക്‌സ് തുടങ്ങിയ ഏകജീൻഹേതുവായ രോഗങ്ങങ്ങൾ വഹിക്കുന്ന ഭ്രൂണങ്ങൾക്കെതിരായ നിർദ്ധാരണത്തിനാണ് PGD ഉപയോഗിക്കപ്പെടുന്നത്. പക്ഷേ, തത്വത്തിൽ, ഏകജീൻരോഗങ്ങളിലേക്കുമാത്രമായി ജനിതകപരിശോധന പരിമിതമാകുന്നില്ല. അത്തരമൊരാശയം എത്രമാത്രം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് GATTACA പോലുള്ള ഒരു സിനിമ നമ്മെ ഓർമ്മിപ്പിക്കേണ്ടതില്ല. കുട്ടികളുടെ ഭാവി, സാദ്ധ്യതകളായി അപഗ്രഥിക്കുന്ന,  ഭ്രൂണത്തെ പിറവിക്കുമുമ്പേ പരിശോധിക്കുന്ന, ഗർഭധാരണത്തിനുമുമ്പേ  ഭ്രൂണം "പ്രിവൈവർ"ആകുന്ന ഒരു ലോകത്തെ മനസ്സിലാക്കാനുള്ള രൂപകങ്ങളോ മാതൃകകളോ നമുക്കില്ല. 'പരി'(dia)ശോധന'(gnosis) എന്ന വാക്കിന് "വേറിട്ട് അറിയുക" എന്നാണ് ഗ്രീക്കുഭാഷയിൽ അർത്ഥം. പക്ഷേ, "വേറിട്ട് അറിയുക" എന്നതിന്, വൈദ്യത്തെയും ശാസ്ത്രത്തെയും അതിവർത്തിക്കുന്ന, ധാർമ്മിക, ദാർശനിക പ്രത്യാഘാതങ്ങളുണ്ട്. നമ്മുടെ ചരിത്രത്തിലുടനീളം, വേറിട്ട് അറിയാനുള്ള സാങ്കേതികവിദ്യകൾ  രോഗികളെ തിരിച്ചറിഞ്ഞ്, പരിചരിച്ച്, സുഖപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. പ്രസ്തുത വിദ്യകൾ, അവയുടെ കാരുണ്യരൂപത്തിൽ, പരിശോധനകളിലൂടെയും നിരോധനമാർഗ്ഗങ്ങളിലൂടെയും ഉചിതമായ രോഗനിവാരണത്തിനും രോഗനിരോധനത്തിനും സഹായകമായിട്ടുണ്ട് (ഉദാഹരണം, സ്തനാർബ്ബുദനിരോധനത്തിനുള്ള BRCA1ജീനിന്റെ ഉപയോഗം). അതേസമയം, അവ "അസാധാരണത"യുടെ അടിച്ചമർത്തുന്ന നിർവ്വചനങ്ങൾക്കും കാരണമായിട്ടുണ്ട്. അവ ശക്തരെ ദുർബ്ബലരിൽനിന്ന് അകറ്റിനിർത്തിയിട്ടുണ്ട്. അവയുടെ അതിഭീകര വകഭേദങ്ങൾ യൂജെനിക്സിന്റെ അതിക്രമങ്ങളിലേക്ക് നയിച്ചിട്ടുമുണ്ട്. മാനവജനിതകശാസ്ത്രത്തിന്റെ ചരിത്രം നമ്മെ വീണ്ടും വീണ്ടും ഒന്നോർമ്മിപ്പിക്കുന്നു: "വേറിട്ട് അറിയുക" എന്നതിൽ  തുടക്കത്തിലെ ഊന്നൽ "അറിയുക" എന്നതിലാണെങ്കിലും, അത് അവസാനിക്കുന്നത് "വേറിട്ട്" എന്നതിലൂന്നിയാണ്. നാസി ശാസ്ത്രജ്ഞന്മാരുടെ നരമാപനപദ്ധതികൾ (താടിയുടെ വലുപ്പം, തലയുടെ ആകൃതി, മൂക്കിന്റെ നീളം, ഉയരം എന്നിവയൊക്കെ  അളക്കാനുള്ള കമ്പം), മനുഷ്യരെ "വേറിട്ട് അറിയാനുള്ള" ശ്രമങ്ങളായ് ഒരിക്കൽ ന്യായീകരിക്കപ്പെട്ടത് യാദൃച്ഛികമല്ല. 

രാഷ്ട്രമീമാംസകനായ ഡസ്മണ്ട് കിംഗ് ഒരിക്കൽ പറഞ്ഞു: "ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ നാമെല്ലാം 'ജീൻനിർവ്വഹണ' വ്യവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെടും; അടിസ്ഥാനപരമായ് ഉൽക്കർഷജീനുകളെ സംബന്ധിച്ച ജീൻനിര്വഹണത്തിലേക്ക്. ഇതെല്ലാം, ജനസമൂഹത്തിന്റെ പൊതുവായ ആരോഗ്യത്തിന്റെ പേരിലല്ല, വ്യക്തികളുടെ ആരോഗ്യത്തിന്റെ പേരിലാകും. ഇതിന്റെ നിർവ്വാഹകരോ, ഞാനും നിങ്ങളുമായിരിക്കും; നമ്മുടെ ഡോക്റ്റർമാരും സർക്കാറുമായിരിക്കും. വ്യക്തിതാൽപ്പര്യത്തിന്റെ അദൃശ്യകരങ്ങളാകും ജനിതകപരിവർത്തനം നിർവ്വഹിക്കുന്നത്.  അതിന്റെയെല്ലാം ഫലം ഒന്നായിരിക്കും: വരാനിരിക്കുന്ന അടുത്ത തലമുറയുടെ ജീനുകളെ 'ഉൽക്കർഷമാക്കാനുള്ള' ഒരേകോപിതശ്രമം."   


*
ഈയടുത്തകാലം വരെ, ജനിതകപരിശോധനയുടെയും ഇടപെടലിന്റെയും മേഖലയെ മൂന്നു മൂക നിയമങ്ങളാണ് നയിച്ചിരുന്നത്. ഒന്ന്,  രോഗനിർണ്ണയ പരിശോധനകൾ, ഒറ്റയ്ക്കു തന്നെ  ശക്തമായ വിധത്തിൽ രോഗത്തിന് നിർണ്ണായകമായ - അതായത്, അങ്ങേയറ്റം പ്രവേശനക്ഷമതയുള്ള, രോഗം വരാൻ നൂറു ശതമാനത്തോളം സാദ്ധ്യതയുള്ള - ജീൻവകഭേദങ്ങളിലേക്ക്,  പരിമിതപ്പെട്ടവയായിരിക്കും. ഡൌൺ സിൻഡ്രോം, സിസ്റ്റിക് ഫൈബ്രോസിസ്, ടേ-സാക്‌സ് തുടങ്ങിയ രോഗങ്ങൾ ഈ വകുപ്പിൽപ്പെടും. രണ്ട്, ഈ ഉൾപ്പരിവർത്തനങ്ങൾ കൊണ്ടുണ്ടാകുന്ന രോഗങ്ങൾ അസാധരണമായ യാതന നൽകുന്നവയായിരിക്കും; അതല്ലെങ്കിൽ, "സാധാരണ"ജീവിതം നയിക്കുന്നതിന് തടസ്സമായിരിക്കുന്നവയായിരിക്കും. മൂന്ന്, ന്യായമായ ഇടപെടലുകൾ - ഡൌൺ രോഗമുള്ള ഗർഭം അലസിപ്പിക്കാനുള്ള തീരുമാനം, BRCA1പരിവർത്തനമുള്ള ഒരു സ്ത്രീയെ ശാസ്ത്രക്രിയക്ക് വിധേയമാക്കുക തുടങ്ങിയത് - സാമൂഹികവും വൈദ്യപരവുമായ സമവായത്തിലൂടെ നിർവ്വചിക്കപ്പെടും. എല്ലാ ഇടപെടലുകളും തെരഞ്ഞെടുപ്പിനുള്ള പൂർണ്ണമായ സ്വാതന്ത്ര്യത്തോടുകൂടിയുള്ളതായിരിക്കും.  

ഈ ത്രികോണത്തിന്റെ മൂന്നു വശങ്ങളെ, മിക്ക സംസ്കൃതികളും ലംഘിക്കാൻ മടിക്കുന്ന, ധാർമ്മികരേഖകളായി നമുക്ക് വിഭാവനം ചെയ്യാം. ഉദാഹരണത്തിന്, ക്യാൻസറുണ്ടാക്കാൻ പത്തുശതമാനം മാത്രം സാദ്ധ്യതയുള്ള ജീൻ വഹിക്കുന്ന ഭ്രൂണത്തെ ഛിദ്രം ചെയ്യുന്നത് താഴ്ന്ന പ്രവേശനക്ഷമതയുള്ള ഉൾപ്പരിവർത്തനത്തിൽ ഇടപെടുന്നതിനെതിരെയുള്ള കൽപ്പനയ്ക്ക് വിരുദ്ധമാണ്. അതുപോലെ, ജനിതകരോഗമുള്ള ഒരാൾക്കു മേൽ സർക്കാർ അനുമതിയുള്ള ചികിത്സ അയാളുടെ സമ്മതമില്ലാതെ (ഭ്രൂണത്തിന്റെ കാര്യത്തിൽ അതിന്റെ മാതാപിതാക്കളുടെ സമ്മതമില്ലാതെ) അടിച്ചേൽപ്പിക്കുന്നത് സ്വാതന്ത്ര്യത്തിന്റേയും, സമ്മർദ്ദമില്ലായ്മയുടേയും അതിരുകൾ ലംഘിക്കലാണ്. 

പക്ഷേ, ഈ പരിധികളെല്ലാംതന്നെ ആത്മദൃഢീകരണത്തിന്റെ യുക്തിക്ക്  സഹജമായ്‌ വഴങ്ങുന്നതാണെന്ന കാര്യം നമ്മുടെ ശ്രദ്ധയിൽപ്പെടാതിരിക്കുന്നില്ല.  നാമാണ് "അസാധാരണ യാതന" എന്തെന്ന് തീരുമാനിക്കുന്നത്.  'സാധാരണത'യുടെയും 'അസാധാരണത'യുടെയും അതിർവരമ്പുകൾ തീർക്കുന്നതും നാമാണ്. നാം തന്നെയാണ് ഇടപെടാനുള്ള ചികിത്സാതീരുമാനങ്ങളെടുക്കുന്നത്. 'ന്യായമായ ഇടപെടലുകൾ' എന്തെന്ന് തീരുമാനിക്കുന്നതും നമ്മൾ  തന്നെ. ചില പ്രത്യേക ജനോമുള്ള  മനുഷ്യർ മറ്റൊരു തരം ജനോമുള്ള മനുഷ്യരെ നിർവ്വചിക്കാനും, അവരിൽ ഇടപെടാനും, എന്തിന്, അവരെ ഉന്മൂലനംചെയ്യാനുമുള്ള ഉത്തരവാദിത്വമുള്ളവരായിരിക്കുന്നു. ചുരുക്കത്തിൽ, "തീരുമാനം" എന്നത് ജീനുകൾ അതുപോലുള്ള ജീനുകളെ പ്രചരിപ്പിക്കുവാൻ വേണ്ടി ആസൂത്രണം ചെയ്ത ഒരു മായാജാലമാണെന്ന് തോന്നുന്നു. 

*
അങ്ങനെയാണെങ്കിലും, പരിധികളുടെ ഈ ത്രികോണം (കൂടിയ പ്രവേശനക്ഷമതയുള്ള ജീനുകൾ, അസാധാരണയാതന, സമ്മർദ്ദമില്ലാത്ത ന്യായമായ ഇടപെടലുകൾ) അംഗീകൃതമായ  ജനിതകഇടപെടലുകൾക്കുള്ള ഫലപ്രദമായ മാർഗ്ഗരേഖകളാണ്. പക്ഷേ, ഈ പരിധികൾ ഇപ്പോൾ ഉല്ലംഘിക്കപ്പെടുകയാണ്. സാമൂഹികനിർവ്വഹണതീരുമാനങ്ങൾക്ക് പ്രേരകമാക്കാൻ ഒരേകജീൻവകഭേദത്തെ ഉപയോഗിച്ച ഒരു പറ്റം അമ്പരപ്പിക്കുന്ന തരത്തിൽ പ്രകോപനപരമായ ഗവേഷണങ്ങളെ ഉദാഹരണമായെടുക്കാം. 1990കളിലാണ് 5HTTLPR എന്നൊരു ജീൻ മനസികസമ്മർദ്ദത്തോടുള്ള പ്രതികരണവുമായ് ബന്ധമുള്ളതാണെന്ന് കണ്ടെത്തപ്പെട്ടത്. ഈ ജീൻ മസ്തിഷ്കത്തിലെ ചില ന്യൂറോണുകൾ തമ്മിലുള്ള സൂചനകൾ ക്രമീകരിക്കുന്നതാണ്. ഇതിന് രണ്ടു തരം അപരങ്ങളുണ്ട് - ഒരു നീണ്ട വകഭേദവും, ഒരു കുറിയ വകഭേദവും. ഇതിന്റെ ചെറിയ വകഭേദം - 5HTTLPR/short - ജനസമൂഹത്തിന്റെ 40ശതമാനത്തിൽ കാണപ്പെടുന്നതാണ്. ഇതു സാരമായ രീതിയിൽ കുറഞ്ഞ അളവിൽ പ്രോട്ടീൻ ഉൽപ്പാദിപ്പിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഈ ചെറിയ വകഭേദത്തിന് ആശങ്ക, വിഷാദം, സംത്രാസം, മദ്യാസക്തി, അപകടസാദ്ധ്യതയുള്ള പെരുമാറ്റം എന്നിവയുമായ് ബന്ധമുണ്ടെന്ന് ആവർത്തിച്ചു കണ്ടെത്തപ്പെട്ടതാണ്. ബന്ധം പ്രബലമല്ലെങ്കിലും, വിശാലമാണ്. ജർമ്മൻമദ്യാസക്തരിൽ ഈ ചെറിയ അപരം വർദ്ധിച്ചു വരുന്ന ആത്മഹത്യാപ്രവണതയുമായ് ബന്ധപ്പെട്ടിരിക്കുന്നു; അമേരിക്കയിലെ കോളേജു വിദ്യാർത്ഥികളിൽ ഇത് വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു; നിയുക്ത ഭടന്മാരിൽ ഉയർന്ന തോതിലുള്ള PTSDയുമായി (മാനസികാഘാതാനന്തരസമ്മർദ്ദ രോഗവുമായി) ബന്ധപ്പെട്ടിരിക്കുന്നു  

2010ൽ, ഒരു സംഘം ഗവേഷകന്മാർ ഒരു ഗവേഷണപഠനത്തിന് പ്രാരംഭമിട്ടു: സ്ട്രോങ്ങ് ആഫ്രിക്കൻ അമേരിക്കൻ ഫാമിലീസ് പ്രോജക്റ്റ് - SAAF -  ജോർജിയയിലെ ദരിദ്രമായ ഒരു ഗ്രാമത്തിൽ.  ഞെട്ടിക്കുന്നതരത്തിൽ മ്ലാനമായ ഈ ദേശം ദുഷ്കൃതികളും, മദ്യാസക്തിയും, ഹിംസയും, മനോരോഗവും, മയക്കുമരുന്നു ദുരുപയോഗവും നിറഞ്ഞു കവിയുന്നതാണ്. മരപ്പട്ടികകൾ കൊണ്ടുള്ള, പൊട്ടിപ്പൊളിഞ്ഞ ജനാലകളുള്ള വീടുകളാണെങ്ങും. കുറ്റകൃത്യങ്ങൾ സമൃദ്ധമായുള്ളൊരിടം. ശൂന്യമായ പാർക്കിങ് ഇടങ്ങളിൽ കുത്തിവെക്കാനുള്ള സൂചികൾ ചിതറിക്കിടക്കുന്നതു കാണാം. പ്രായപൂർത്തിയായവരിൽ പാതിയും സ്‌കൂൾ വിദ്യാഭ്യാസമില്ലാത്തവരാണ്. പാതിയോളം കുടുംബങ്ങൾ ഭർത്താക്കന്മാരില്ലാത്ത അമ്മമാരുളളവയാണ്. 

ആദികൗമാരത്തിലുള്ള കുട്ടികളുള്ള അറുനൂറു ആഫ്രിക്കൻ-അമേരിക്കൻ കുടുംബങ്ങളെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്. ഈ കുടുംബങ്ങളെ, പ്രത്യേകിച്ചൊരു ക്രമവുമില്ലാതെ, രണ്ടു സംഘങ്ങൾക്കായ് വീതിച്ചുകൊടുത്തു. ഒരു സംഘത്തിൽ, കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഏഴാഴ്ചകളോളം തീവ്ര വിദ്യാഭ്യാസവും, ഉപദേശവും, വൈകാരികാലംബവും, മദ്യാസക്തി, ഭോഗാസക്തി, ഹിംസാവാസന, മയക്കുമരുന്നുപയോഗം എന്നിവ തടയാനുള്ള വ്യവസ്ഥാബദ്ധമായ ഇടപെടലുകളും ലഭിച്ചു. നിയന്ത്രണസംഘത്തിൽ, കുടുംബങ്ങൾക്ക് നിസ്സാരമായ ഇടപെടലുകളേ ലഭിച്ചുള്ളൂ. രണ്ടു സംഘത്തിലെയും കുട്ടികളുടെ 5HTTLPRജീൻ ശ്രേണീകരിക്കപ്പെട്ടു.

ഈ ക്രമരഹിതമായ പരീക്ഷണത്തിന്റെ ആദ്യഫലം മുൻപഠനങ്ങളിൽനിന്ന് പ്രവചിക്കാവുന്നതായിരുന്നു. നിയന്ത്രണസംഘത്തിൽ, കുറിയ ജീൻവകഭേദമുള്ള കുട്ടികൾ - അതായത്, കൂടുതൽ അപകടസാദ്ധ്യതയുള്ള ജീനുള്ളവർ - കൂടുതൽ അപായസാദ്ധ്യതയുള്ള പെരുമാറ്റങ്ങളിലേക്ക് തിരിയുന്നവരായിരുന്നു. കൗമാരപ്രായക്കാരായിട്ടും അവർ നിർത്താതെ മദ്യപിച്ചു; മയക്കുമരുന്നുപയോഗിച്ചു; ലൈംഗികഅരാജകത്വത്തിലാറാടി. ഈ ജനിതകഉപസംഘത്തിലുള്ളവരിൽ അപകടസാദ്ധ്യത കൂടുതലാണെന്ന, നേരത്തെയുള്ള, ഗവേഷണഫലത്തെ സ്ഥിരീകരിച്ചു. രണ്ടാമത്തെ ഫലമാണ് കൂടുതൽ പ്രകോപനപരമായത്: ഇതേ കുട്ടികൾതന്നെയാണ് സാമൂഹികമായ ഇടപെടലുകളോട് അങ്ങേയറ്റം പ്രതികരിക്കാനുള്ള സാദ്ധ്യത പ്രദർശിപ്പിച്ചത്. ഇടപെടലുകൾ നടത്തിയ സംഘത്തിലെ, ഉയർന്ന അപകടസാദ്ധ്യതയുള്ള അപരം വഹിക്കുന്ന, കുട്ടികൾ അങ്ങേയറ്റം ശക്തമായും വേഗത്തിലും "സാധാരണ"മാക്കപ്പെട്ടു. അതായത്, തീവ്രമായ് സ്വാധീനിക്കപ്പെട്ടവരാണ് ഏറ്റവും മെച്ചമായ് പ്രതികരിച്ചവർ. ഇതിനു സമാന്തരമായൊരു പഠനത്തിൽ,  5HTTLPRന്റെ കുറിയ വകഭേദമുള്ള അനാഥക്കുട്ടികൾ, അതിന്റെ നീണ്ട വകഭേദമുള്ള കുട്ടികളേക്കാൾ, കൂടുതൽ എടുത്തുചാട്ടക്കാരും, സാമൂഹികമായ് അസ്വസ്ഥരുമാണെന്ന് കണ്ടു. അതേസമയം, നല്ല പോഷണവും പാലനവുമുള്ള ചുറ്റുപാടുകളിൽ വളരുമ്പോൾ, ഇതേ കുട്ടികൾ തന്നെ മെച്ചപ്പെടാനുള്ള അങ്ങേയറ്റത്തെ സാദ്ധ്യതയും കണ്ടു.       

ഈ രണ്ടു കേസുകളിലും, മാനസികമായ സംവേദ്യതക്കുള്ള അമിതസജീവമായൊരു "സമ്മർദ്ദസ്പർശിനി"യെയും,  അതേസമയം, ഇതേ സംവേദ്യതയെ ഉന്നമാക്കുന്ന ഇടപെടലുകളോട് പ്രതികരിക്കാൻ അങ്ങേയറ്റം സാദ്ധ്യതയുള്ള മറ്റൊരു സ്പർശിനിയെയും കുറിയ വകഭേദം കോഡിലാക്കുന്നുണ്ട്. അങ്ങേയറ്റം തരളമായ മനസ്സുകളാണ് വേദനാജനകമായ ചുട്ടപുകാടുകളാൽ വികലമാകാൻ കൂടുതൽ സാദ്ധ്യതയുള്ളവ. അതുപോലെതന്നെ, ഇതേ മനസ്സുകൾക്കുതന്നെയാണ് സവിശേഷമായ ഇടപെടലുകളാൽ പൂർവസ്ഥിതിപ്രാപിക്കാനുള്ള സാദ്ധ്യതയുള്ളതും. പൂർവസ്ഥിതിപ്രാപിക്കാനുള്ള പ്രാപ്തി(resilience)ക്ക് ഒരു ജനിതകകേന്ദ്രമുള്ളതുപോലെയാണ് തോന്നുന്നത്. ചിലർക്ക് ജന്മനാതന്നെ പൂർവസ്ഥിതി പ്രാപിക്കാനുള്ള കഴിവുണ്ട് (എന്നാൽ, ഇടപെടലുകളോടുള്ള പ്രതികരണം കമ്മിയാണ്). മറ്റു ചിലർക്ക് ജന്മനാ സംവേദനക്ഷമതയുണ്ട് (ചുറ്റുപാടുകളിലെ മാറ്റങ്ങളോട് അവർ പ്രതികരിക്കാനുള്ള സാദ്ധ്യത കൂടും). 

പൂർവസ്ഥിതിപ്രാപിക്കാനുള്ള കഴിവിനു സഹായകമായ ജീൻ എന്ന സങ്കല്പനം സാമൂഹിക ആസൂത്രകന്മാരെ വിമോഹിപ്പിച്ചിട്ടുണ്ട്. പെരുമാറ്റമനഃശാസ്ത്രജ്ഞനായ ജേ ബെൽസ്കി, 2014ൽ, ന്യൂയോർക് ടൈംസിൽ എഴുതി: "ഇടപെടലുകളും, സേവനത്തിനുള്ള ധനവും വിരളമായിരിക്കേ, അതിതരളമനസ്കരായ കുട്ടികളെ തിരിച്ചറിഞ്ഞ്, അവരെ നാം ക്രമാതീതമായ് ഉന്നം വെക്കേണ്ടതുണ്ടോ? "ഉവ്വ്" എന്നാണ് ഉത്തരമെന്ന് ഞാൻ വിശ്വസിക്കുന്നു. ചില കുട്ടികൾ - പഴയൊരു രൂപക പ്രകാരം - ലോലമായ ഓർക്കിഡുകൾ പോലെയാണ്. സമ്മർദ്ദത്തിലും ദാരിദ്ര്യത്തിലും അവർ പെട്ടെന്ന് വാടിപ്പോകും; ശ്രദ്ധയും ആലംബവും നൽകിയാൽ പൂത്തുലയും. മറ്റു ചില കുട്ടികൾ കളകളെപ്പോലെയാണ്. കഷ്ടകാലത്തിൻ്റെ നിഷേധാത്മക സ്വാധീനത്തിൽനിന്ന് അവർ പൂർവ്വസ്ഥിതി പ്രാപിക്കും; പക്ഷേ, സകാരാത്മകമായ അനുഭവങ്ങളിൽനിന്ന് പ്രത്യേകിച്ചൊരു നേട്ടമുണ്ടാക്കില്ല." ജീനുകളെ തിരിച്ചറിഞ്ഞ് "ഓർക്കിഡുകളും/ കളകളുമായ" കുട്ടികളെ കണ്ടെത്തുക വഴി സമൂഹത്തിന്, വിരളമായ വിഭവത്തോടെ, കൂടുതൽ സമർത്ഥമായ ലക്ഷ്യപ്രാപ്തി നേടാമെന്നാണ് ബെൽസ്കി നിർദ്ദേശിക്കുന്നത്. "ഒരു പ്രാഥമിക വിദ്യാലയത്തിലെ എല്ലാകുട്ടികളുടെയും പ്രതിഭാസരൂപം മനസ്സിലാക്കി, അവരിൽ ആർക്കാണോ ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്നത്, അവർക്ക് ഏറ്റവും നല്ല അദ്ധ്യാപകരെ നൽകുന്നത് ഉറപ്പാക്കാൻ പറ്റുന്ന ഒരു ദിവസം വരുമെന്ന് നമുക്ക് വിചാരിക്കാം." 

പ്രാഥമികപാഠശാലയിലെ എല്ലാ കുട്ടികളുടേയും പ്രതിഭാസരൂപം കണ്ടുപിടിക്കുകയോ? ജനിതകരൂപരേഖയാൽ പ്രേരിതമായ പോഷണ, പരിപാലന തീരുമാനങ്ങളോ? കളകളും ഓർക്കിഡുകളുമോ? ജീനുകളെക്കുറിച്ചും പ്രവണതകളെക്കുറിച്ചുമുള്ള സംഭാഷണം ആദ്യകാലപരിധികൾ കവിഞ്ഞിരിക്കുകയാണ് --- ഉയർന്ന പ്രവേശനക്ഷമതയുള്ള ജീനുകളിൽനിന്ന്, അസാമാന്യ യാതനകളിൽനിന്ന്, ന്യായമായ ഇടപെടലുകളിൽനിന്ന് ജനിതകരൂപപ്രേരിതമായ സാമൂഹിക നിർവ്വഹണത്തിലേക്ക്. പ്രതിഭാസരൂപം വഴി ഒരു കുട്ടിക്ക് ഭാവിയിൽ ഏകധ്രുവമാർന്ന വിഷാദരോഗമോ, ഇരുധ്രുവമാർന്ന(ആനന്ദ-വിഷാദ)ഉന്മാദമോ വരുമെന്ന് കണ്ടാലെന്തുചെയ്യും? ഹിംസയ്ക്കും, കുറ്റവാസനക്കും, എടുത്തുചാട്ടത്തിനുമുള്ള ജീൻരൂപരേഖയുണ്ടാക്കുന്നതിനെക്കുറിച്ചെന്തു പറയുന്നു? എന്താണ് "അസാമാന്യമായ യാതന"? ഏത് ഇടപെടലുകളാണ് "ന്യായമായത്"? 

അതുപോലെ, "സാധാരണം" എന്നാൽ എന്താണ്? തങ്ങളുടെ കുട്ടികൾക്ക് "സാധാരണത" തെരഞ്ഞെടുക്കാൻ ജനയിതാക്കളെ അനുവദിക്കാമോ? മനഃശാസ്ത്രത്തിലെ ഒരു തരം ഹെയ്‌സൻബർഗ് തത്വമനുസരിച്ച് ഇടപെടൽ പ്രവൃത്തിതന്നെ അസാധാരണതയെ ദൃഢീകരിച്ചാലോ?   


ഈ പുസ്തകം തുടങ്ങിയത് ഒരു സ്വകാര്യ ചരിത്രത്തോടെയാണ്. പക്ഷേ, എന്റെ ആശങ്ക ഭാവിയെക്കുറിച്ചാണ്. സ്കിറ്റ്‌സഫ്രീനിയയുള്ള ഒരാളുടെ കുട്ടിക്ക്  അറുപത്തിലെത്തുമ്പോൾ ആ രോഗം ബാധിക്കാൻ 13 മുതൽ 30 ശതമാനം വരെ സാദ്ധ്യതയുണ്ടെന്ന് ഇന്ന് നമുക്കറിയാം. മാതാവിനും പിതാവിനും രോഗമുണ്ടെങ്കിൽ സാദ്ധ്യത 50 ശതമാനം വരെ ഉയരും. അമ്മാവന്മാരിൽ ഒരാൾക്കതുണ്ടെങ്കിൽ, കുട്ടികതുണ്ടാകാനുള്ള സാദ്ധ്യത, സാധാരണ ജനസമൂഹത്തിലുള്ളതിനേക്കാൾ മൂന്നോ, അഞ്ചോ ഇരട്ടിയാണ്. രണ്ടമ്മാവന്മാർക്കും ഒരു മച്ചുനിയനും (ജഗ്ഗു, രാജേഷ്, മണി) രോഗബാധയുണ്ടെങ്കിൽ, പൊതുവായുള്ള സാദ്ധ്യതയേക്കാൾ, ആ സംഖ്യ പത്തിരട്ടിയാകും. എന്റെ അച്ഛനും സഹോദരിക്കും, പിതൃഭാഗത്തുനിന്നുള്ള മച്ചുനിയന്മാർക്കും രോഗം വന്നാൽ (ആയുസ്സിൽ വൈകിയും ലക്ഷണങ്ങൾ തലപൊക്കാം), അപകടസാദ്ധ്യത ഇനിയും പല മടങ്ങാകും. കാര്യം, കാത്തിരുന്നു കാണേണ്ടതാണ് - വിധിയുടെ പമ്പരം വീണ്ടും വീണ്ടും കറങ്ങുന്നതും നോക്കി; എന്റെ ജനിതക സാദ്ധ്യത വീണ്ടും വീണ്ടും വിലയിരുത്തിനോക്കി.  

കുടുംബപരമായ സ്കിറ്റ്‌സഫ്രീനിയയെക്കുറിച്ചുള്ള ഐതിഹാസിക പഠനങ്ങളെ തുടർന്ന് എന്റെ ജനോം ശ്രേണീകരിക്കുന്നതിനെക്കുറിച്ച് ഞാൻ പലപ്പോഴും  ചിന്തിച്ചതാണ്; എന്റെ ചില, പ്രത്യേക, കുടുംബാംഗങ്ങളുടെയും. അതിനുള്ള സാങ്കേതികവിദ്യ ഇന്നുണ്ട്. ഭാഗ്യവശാൽ, എന്റെതന്നെ ലാബിൽ ജനോമുകളെ വേർതിരിച്ച്, ശ്രേണീകരിച്ച്, പരിഭാഷചെയ്യാനുള്ള സൗകര്യങ്ങളുണ്ട് (എന്റെ ക്യാൻസർരോഗികളുടെ ജീനുകൾ ശ്രേണീകരിക്കാൻ ഞാനീ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്). എന്നാൽ, അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന മിക്ക ജീൻവകഭേദങ്ങളും, അല്ലെങ്കിൽ അവയുടെ സംയുക്തങ്ങൾ, ഇപ്പോഴും തിരിച്ചറിയപ്പെടാതെ കിടക്കുകയാണ്. സംശയമില്ല, ഈ ദശകത്തിന്റെ അവസാനത്തോടെ, ഇവയിൽ പലതും തിരിച്ചറിയപ്പെടും; അവയുടെ അപകടസാദ്ധ്യതകൾ പരിമാണത്തിലാക്കപ്പെടും. എന്നെപ്പോലുള്ള കുടുംബങ്ങൾക്ക്, ജനിതകപരിശോധനയെന്ന സാദ്ധ്യത ഒരു അമൂർത്തതയല്ലാതാകും. പരിഗണകളുടെ ത്രികോണം - പ്രവേശനക്ഷമത, അതീവയാതന, ന്യായപൂർവ്വതീരുമാനം - ഞങ്ങളുടെ ഓരോരുത്തരുടെയും ഭാവിയിൽ ചിത്രീകൃതമാക്കപ്പെടും

ജനിതക "ആരോഗ്യം" (ത്രികോണത്തിന് അകത്താര്, പുറത്താര്) തീരുമാനിക്കാനുള്ള അധികാരം ഗവണ്മെന്റുകൾക്ക് നൽകുന്നതിലുള്ള അപകടമാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം നമ്മെ പഠിപ്പിച്ചത്. ഈ അധികാരം വ്യക്തികളിലേക്ക് വരുമ്പോൾ എന്താകുമെന്നതാണ് ഇപ്പോൾ നാം നേരിടുന്ന പ്രശ്നം. വ്യക്ത്യഭിലാഷങ്ങളും (അധികയാതനയില്ലാത്ത വിജയകരമായ ഒരു സുഖജീവിതം വാർത്തെടുക്കാനുള്ള ആഗ്രഹവും) സമൂഹാഭിലാഷങ്ങളും (രോഗബഭാരവും, വൈകല്യവ്യയവും തൽക്കാലത്തേക്ക് കുറച്ചേക്കാമെന്ന  ആഗ്രഹവും) സമതുലനം ചെയ്യേണ്ട ആവശ്യകത ഉൾക്കൊള്ളുന്ന ഒരു പ്രശ്നമാണിത്. പശ്ചാത്തലത്തിൽ നിശ്ശബ്ദരായ് വർത്തിക്കുന്ന മൂന്നാമതൊരുകൂട്ടം കക്ഷികളുമുണ്ട്: നമ്മുടെ ജീനുകൾ - നമ്മുടെ ആഗ്രഹങ്ങളും, നിർബന്ധങ്ങളും  അറിയാതെ പുതിയ വകഭേദങ്ങൾ പുനരുൽപ്പാദിപ്പിക്കുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നവർ. 1975ൽ സോർബണിൽ സംസാരിക്കുമ്പോൾ, സംസ്കാരചരിത്രകാരൻ മൈക്കേൽ ഫുക്കോ വാദിച്ചു: "ജ്ഞാനത്തിന്റെയും അധികാരത്തിന്റെയും  ചിട്ടയാർന്ന ഒരു ശൃംഖല സ്ഥാപിതമാകുന്ന കൃത്യമായ അതേ നേരത്താണ് അസാധാരണതയുള്ള വ്യക്തികളുടെ സാങ്കേതികവിദ്യ പ്രത്യക്ഷമാകുന്നത്."(7) "മനുഷ്യരുടെ വ്യവസ്ഥിതമായ ഒരു ശൃംഖല"യെന്നാണ് ഫുക്കോ ഉദ്ദേശിച്ചത്. പക്ഷേ, അത്, അനായാസം, ജീനുകളുടെ ശൃംഖലയുമാകാം. 
    
(7)"അസാധാരണ വ്യക്തികളുടെ ഒരു സാങ്കേതിക വിദ്യ": മൈക്കേൽ ഫുക്കോ, അസാധാരണത: കോളേജ് ഡെ ഫ്രാൻസിലെ പ്രഭാഷണങ്ങൾ , 1974-1975, വോ. 2 (ന്യൂയോർക്ക്, മക്‌മിലൻ, 2007) 















  






  

































   









     






















     











 











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...