2016, മേയ് 11, ബുധനാഴ്‌ച

അഞ്ചു വിലക്ഷണ ദിവസങ്ങൾ: ഒരു നോവൽ

മൂന്നാം ദിവസം


1. ജേക്കബ്ബ് 

ബുധനാഴ്ച്ച. രാവിലെ. മറ്റൊരു തിരക്കുപിടിച്ച ദിവസത്തിലേക്ക് സുഖചികിത്സാലയം ഉണര്‍ന്നിരിക്കുന്നു. റ്റബ്ബുകളിലേക്ക് വെള്ളം ധാരധാരയായി ഒഴുകി വീഴുന്നു. ഉഴിച്ചിലുകാര്‍ നഗ്നമായ പുറങ്ങള്‍ ഉഴിയുന്നു. പാര്‍ക്കിംഗ് സ്ഥലത്ത് ഒരു സ്വകാര്യ കാര്‍, ഇതാ ഇപ്പോള്‍, വന്നുനിന്നതേയുള്ളൂ. തലേദിവസം അതേയിടത്തുണ്ടായിരുന്ന വലിയ വെളുത്ത ആഡംബര സെഡാന്‍ അല്ല. ഈ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന ഒരു സാധാരണ കാര്‍. ചക്രത്തിനു പിറകിലിരിക്കുന്നയാള്‍ക്ക് ഒരു നാല്‍പ്പത്തിയഞ്ചായിക്കാണും. അയാള്‍ ഒറ്റക്കാണ്. പിറകിലെ ഇരിപ്പിടത്തില്‍ സ്യൂട്ക്കേസുകൾ കൂട്ടിയിട്ടിരിക്കുന്നു. 
     ആ മനുഷ്യന്‍ പുറത്തിറങ്ങുന്നു. വാതിലുകള്‍ പൂട്ടുന്നു. പാര്‍ക്കിംഗ് പരിചാരകനു ഒരഞ്ചു ക്രൌണ്‍ നല്‍കുന്നു. നേരെ കാള്‍മാര്‍ക്സ് ഹൌസിലേക്ക് നടക്കുന്നു. ഡോ. സ്ക്രേറ്റയുടെ പേരെഴുതിയ വാതിലിലെത്തുംവരെ ഇടനാഴിയിലൂടെ നടക്കുന്നു. അയാള്‍ കാത്തിരിപ്പുമുറിയില്‍ കടക്കുന്നു. ആപ്പീസ്സുവാതിലില്‍ മുട്ടുന്നു. ഒരു നഴ്സ് പ്രത്യക്ഷപ്പെടുന്നു. അയാള്‍ സ്വയം പരിചയപ്പെടുത്തുന്നു. അപ്പോള്‍, അയാളെ അഭിവാദനം ചെയ്യാന്‍ ഡോ. സ്ക്രേറ്റ പുറത്തേക്കു വരുന്നു: “ജേക്കബ്ബേ! നീ എപ്പോ വന്നു?”
     “ഇപ്പൊ.”
     “ഗംഭീരം! നമുക്കൊരുപാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. നോക്കൂ...” അല്‍പ്പം ചിന്തിച്ച് അയാള്‍ പറയുന്നു, “എനിക്കിപ്പൊ വരാന്‍ പറ്റില്ല. എന്‍റെ കൂടെ പരിശോധനാമുറിയിലേക്കു വരൂ. ഞാന്‍ നിനക്കൊരു കോട്ടു തരാം.”

     ജേക്കബ്ബ് ഒരു വൈദ്യനായിരുന്നില്ല. മുമ്പൊരിക്കലും ഒരു ഗൈനക്കോളജിസ്റ്റിന്‍റെ പരിശോധനാമുറിയില്‍ കയറിയിട്ടുമില്ല. പക്ഷെ, ഡോ. സ്ക്രേറ്റ അയാളുടെ കൈ പിടിച്ച്, ഒരു വെളുത്ത മുറിയിലേക്കു നയിച്ചു കഴിഞ്ഞിരുന്നു. അവിടെ, പരിശോധനാമേശമേല്‍, കാലുകള്‍ അകറ്റിവെച്ച് തുണിയുരിഞ്ഞ ഒരു സ്ത്രീ കിടപ്പുണ്ടായിരുന്നു.

     “ഡോക്റ്റര്‍ക്കൊരു കോട്ടു കൊടുക്കൂ,” സ്ക്രേറ്റ നഴ്സിനോട് പറഞ്ഞു. അവള്‍ ഒരു ക്യാബിനറ്റു തുറന്ന് ജേക്കബ്ബിനു ഒരു വെളുത്ത കോട്ടു കൊടുത്തു.

     “വന്നൊന്നു നോക്കൂ. എന്‍റെ ഡയഗ്ണോസിസ് ശരിയാണോ എന്നു നോക്കു,” രോഗിക്കരികിലേക്ക് വരാന്‍ ക്ഷണിച്ചുകൊണ്ട് അയാള്‍ ജേക്കബ്ബിനോടു പറഞ്ഞു. കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതുവരേക്കും ഒരൊറ്റ പിന്‍ഗാമിയെയും സൃഷ്ടിച്ചിട്ടില്ലാത്ത തന്‍റെ അണ്ഡാശയങ്ങളുടെ രഹസ്യം രണ്ടു വൈദ്യവിശാരദര്‍ പരിശോധിക്കുവാന്‍ പോകുന്നുവെന്ന ചിന്ത രോഗിയെ സന്തുഷ്ടയാക്കി.

     ഡോ. സ്ക്രേറ്റ രോഗിയുടെ ഗര്‍ഭാശയം തൊട്ടുനോക്കുന്നതു തുടര്‍ന്നു. ചില ലത്തീന്‍പദങ്ങള്‍ ഉച്ചരിച്ചു. ജേക്കബ്ബ് അതിനു മറുപടിയായി അനുകൂലമായി മുരടനക്കി. പിന്നീട്, ഡോ. സ്ക്രേറ്റ ചോദിച്ചു: “നീയിവിടെ എത്രനാളുണ്ട്?”

     “ഒരു ദിവസം.”
     “ഒരു ദിവസമോ? അതു പരിഹാസ്യമാംവിധം വളരെക്കുറവല്ലേ; നമുക്കൊന്നും ചര്‍ച്ച ചെയ്യാനാവില്ല.”
     “നിങ്ങളങ്ങിനെ തൊടുമ്പോള്‍ വേദനിക്കുന്നു,” കാലുപൊക്കിവെച്ചിരുന്ന സ്ത്രീ പറഞ്ഞു.
     “കുറച്ചു വേദനിക്കണം. പേടിക്കണ്ട,” സുഹൃത്തിനു രസമുണ്ടാകാന്‍ ജേക്കബ്ബ് പറഞ്ഞു.
     “ഉവ്വ്, ഡോക്റ്റര്‍ പറഞ്ഞതു ശരിയാണ്,” സ്ക്രേറ്റ പറഞ്ഞു. “അതൊന്നുമില്ല. സ്വാഭാവികം മാത്രം. ഞാന്‍ ഒരു പറ്റം ഇന്‍ജെക്‍ഷന്‍ എഴുതിത്തരാം. എന്നും രാവിലെ ആറുമണിക്ക് ഇവിടെ വരിക. ഈ നഴ്സ് കുത്തിവെച്ചോളും. ഇപ്പോള്‍ എഴുന്നേറ്റു വസ്ത്രം ധരിച്ചോളൂ.”
     “ഞാന്‍ ശരിക്കും വന്നത് നിങ്ങളോടു യാത്രപറയാനാണ്,” ജേക്കബ്ബ് പറഞ്ഞു.
     “എന്നുവെച്ചാ?”
     “ഞാന്‍ വിദേശത്തേക്കു പോവുകയാണ്. എനിക്കു കുടിയേറിപ്പാര്‍ക്കാനുള്ള അനുമതി കിട്ടി.”
     സ്ത്രീ വസ്ത്രം ധരിച്ചു. ഡോ. സ്ക്രേറ്റയോടും കൂട്ടുകാരനോടും യാത്ര പറഞ്ഞു.
     “എന്തൊരത്ഭുതം! ഞാനിതു തീരെ പ്രതീക്ഷിച്ചതല്ല! ഡോ. സ്ക്രേറ്റ വിസ്മയപ്പെട്ടു. “എന്നോടു യാത്രപറയാനാണ് നീ വന്നതെന്നതിനാല്‍ ഞാനീ സ്ത്രീകളെ തിരിച്ചയക്കുകയാണ്.”
     “ഡോക്റ്റര്‍,” നഴ്സ് ഇടപെട്ടു. “ഇന്നലെയും നിങ്ങളവരെ തിരിച്ചയച്ചു. ആഴ്ച്ചയൊടുവില്‍ നമുക്കൊരുപാടു ജോലി ബാക്കിയാകും!”
     “എന്നാ, ശരി, അടുത്തയാളെ വിളിക്കൂ,” ഒരു നെടുവീര്‍പ്പിട്ടു ഡോ. സ്ക്രേറ്റ പറഞ്ഞു.
     അടുത്തയാളെ നഴ്സ് അകത്തേക്കു വിട്ടു. രണ്ടുപേരും അവളെ അശ്രദ്ധമായി നോക്കി. പോയവളെക്കാള്‍ സുന്ദരിയാണ് വന്നവളെന്നു ശ്രദ്ധിച്ചു.
               ജലചികിത്സ തുടങ്ങിയതുമുതല്‍ എങ്ങിനെയുണ്ടെന്ന് ഡോ. സ്ക്രേറ്റ അവളോടു ചോദിച്ചു. അതിനുശേഷം വിവസ്ത്രയാകാന്‍ ആവശ്യപ്പെട്ടു.
     “പാസ്പോര്‍ട്ട് കിട്ടാന്‍ ഒരുപാടു നാളെടുത്തു. പക്ഷെ, അതിനുശേഷം, രണ്ടുദിവസത്തിനുള്ളില്‍ സ്ഥലം വിടാന്‍ ഞാന്‍ തയ്യാറായി. എനിക്കാരോടും യാത്രപറയാന്‍ തോന്നിയില്ല.”
     “അതുകൊണ്ടുതന്നെ, നിങ്ങളെന്നെക്കാണാന്‍ വന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്,” ഡോ. സ്ക്രേറ്റ പറഞ്ഞു. അതിനുശേഷം, യുവതിയോടു പരിശോധനാമേശമേലേക്ക് കയറാന്‍ പറഞ്ഞു. അയാള്‍ റബ്ബറുകൊണ്ടുള്ള കയ്യുറ ധരിച്ചു. രോഗിയിലേക്കു കൈ കടത്തി.
     “നിന്നെയും ഓള്‍ഗയേയുമൊഴിച്ച് എനിക്കാരെയും കാണേണ്ട,” ജേക്കബ്ബ് പറഞ്ഞു. “അവള്‍ക്കു കുഴപ്പമൊന്നുമില്ലെന്നു വിചാരിക്കുന്നു.”
     “ഒക്കെ നന്നായിരിക്കുന്നു, വളരെ നന്നായിരിക്കുന്നു,” സ്ക്രേറ്റ പറഞ്ഞു. പക്ഷെ, താന്‍ ജേക്കബ്ബിനോടു പറയുന്നതെന്താണെന്ന് അയാള്‍ക്കു ബോധമില്ലെന്നു അയാളുടെ സ്വരത്തില്‍നിന്നു വ്യക്തമായിരുന്നു. അയാളുടെ ശ്രദ്ധ മുഴുവന്‍ രോഗിയിലായിരുന്നു: “നമ്മള്‍ ചെറിയൊരു നടപടിയെടുക്കാന്‍ പോവുകയാണ്,” അയാള്‍ പറഞ്ഞു. “പേടിക്കാനൊന്നുമില്ല. നിങ്ങള്‍ക്കൊന്നും അനുഭവപ്പെടില്ല.” പിന്നീട്, അയാള്‍ ഒര്രു ക്യാബിനറ്റിന്‍റെ ചില്ലുവാതില്‍ തുറന്നു. ഒരു ഹൈപ്പോഡെര്‍മിക്‍ സിറിഞ്ചെടുത്തു. അതിനറ്റത്ത് സൂചിയല്ല, പ്ലാസ്റ്റിക്കിന്‍റെ ഒരു കൊച്ചുകുഴലായിരുന്നു.
     “എന്താ അത്?” ജേക്കബ്ബ് ചോദിച്ചു.
     “വൈദ്യം പരിശീലിക്കുന്ന നിരവധി വര്‍ഷങ്ങള്‍ക്കിടയില്‍, അങ്ങേയറ്റം ഫലപ്രദമായ പല നൂതന വിധികളും ഞാന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിങ്ങള്‍ ഞാന്‍ സ്വാര്‍ത്ഥനാണെന്നു പറഞ്ഞേക്കാം. പക്ഷെ, തല്‍ക്കാലത്തേക്ക് ഞാനവ രഹസ്യമാക്കി വെക്കുകയാണ്.”
     “വേദനിക്കില്ലല്ലോ?” കാലകറ്റിവെച്ചു കിടക്കുന്ന സ്ത്രീ, പേടിയിലുപരി ശൃംഗാരം കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
     “ഒട്ടുമില്ല,” ഡോ. സ്ക്രേറ്റ, അതീവകരുതലോടെ താന്‍ കൈകാര്യം ചെയ്യുന്ന, ഒരു റ്റെസ്റ്റ്യൂബിലേക്കു സിറിഞ്ചു താഴ്ത്തിക്കൊണ്ടു പറഞ്ഞു. പിന്നെ അയാള്‍ സ്ത്രീയുടെ സമീപത്തേക്കു വന്നു. അവളുടെ കാലുകള്‍ക്കിടയില്‍ സിറിഞ്ചു കടത്തി. പ്ലഞ്ചര്‍ താഴേക്കമര്‍ത്തി.
     “വേദനിച്ചോ?”
     “ഇല്ല,” രോഗി പറഞ്ഞു.
     “റ്റാബ്ലെറ്റ് തിരിച്ചു തരാനും കൂടിയാണ് ഞാനിവിടേക്കു വന്നത്.”
     ഡോ. സ്ക്രേറ്റ ജേക്കബ്ബിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചതേയില്ല. അയാള്‍ അപ്പോഴും രോഗിയില്‍ വ്യാപൃതനായിരുന്നു. ഗൌരവവും ആലോചനാഭരിതവുമായ ഒരു ഭാവത്തോടെ അയാള്‍ അവളെ അടിമുടി നോക്കി: “നിങ്ങളുടെ കാര്യത്തില്‍ ഒരു കുട്ടിയുണ്ടാകാതിരിക്കുന്നത് ശരിക്കും ഒരപമാനമായിരിക്കും. നിങ്ങള്‍ക്കു നീണ്ട കാലുകളുണ്ട്. പരിപുഷ്ടമായ ഇടുപ്പുണ്ട്. സുന്ദരമായ വാരിയെല്ലിന്‍കൂടുണ്ട്. കൂടാതെ, പ്രസന്നമായ നല്ല മുഖവും.”
     അയാള്‍ രോഗിയുടെ മുഖം തൊട്ടു. താടി തട്ടി. പിന്നെ, പറഞ്ഞു: “നല്ല താടി. ഉറപ്പുള്ള, നല്ല രൂപമുള്ളത്.”
     പിന്നീടയാള്‍ അവളുടെ തുട പിടിച്ചു: “അത്ഭുതകരമായത്ര ഉറപ്പുള്ള എല്ലുകളാണ് നിങ്ങളുടേത്. പേശികള്‍ക്കടിയില്‍ അവ തിളങ്ങുന്നതായി തോന്നുന്നു.”
     അവളുടെ ശരീരം കൈകാര്യം ചെയ്യുന്നതിനിടയില്‍ അയാള്‍ അവളെ പുകഴ്ത്തുന്നതു കുറച്ചു നേരം തുടര്‍ന്നു. അവളിപ്പോള്‍ പ്രതിഷേധിക്കുന്നതും അടക്കിച്ചിരിക്കുന്നതും നിര്‍ത്തി. കാരണം, അവളിലുള്ള വൈദ്യന്‍റെ താല്‍പ്പര്യത്തിന്‍റെ ഗൌരവം, അയാളുടെ സ്പര്‍ശനങ്ങളെ നിര്‍ലജ്ജതയുടെ ഇങ്ങേപ്പുറത്താക്കിയിരുന്നു.
ഒടുവിലയാള്‍ അവളോടു വസ്ത്രം ധരിക്കാന്‍ ആംഗ്യം കാട്ടി. പിന്നീടു സുഹൃത്തിനു നേരെ തിരിഞ്ഞു: “എന്താ പറഞ്ഞുവന്നത്?”
     “റ്റാബ്ലെറ്റ് തിരിച്ചുതരാനാണ് ഞാന്‍ വന്നതെന്ന്‍.”
     “ഏതു റ്റാബ്ലെറ്റ്?”
     വസ്ത്രം ധരിക്കുമ്പോള്‍ സ്ത്രീ പറഞ്ഞു: “ഡോക്റ്റര്‍, എന്തെങ്കിലും ആശക്കു വകയുണ്ടോ?”
     “എനിക്കു നല്ല തൃപ്തിയുണ്ട്,” ഡോ. സ്ക്രേറ്റ പറഞ്ഞു. “കാര്യങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുവെന്നാണ് എനിക്കു തോന്നുന്നത്. നമുക്ക്, എനിക്കും നിങ്ങള്‍ക്കും, വിജയം പ്രതീക്ഷിക്കാം.”
     അയാള്‍ക്കു നന്ദിപറഞ്ഞ് ആ സ്ത്രീ പരിശോധനാമുറി വിട്ടു. അപ്പോള്‍ ജേക്കബ്ബ് പറഞ്ഞു: “മറ്റെല്ലാവരും എനിക്കു തരാന്‍ മടിച്ച ആ റ്റാബ്ലെറ്റ്, വര്‍ഷങ്ങള്‍ക്കുമുമ്പ് നിങ്ങളെനിക്കു തന്നു. ഇപ്പോള്‍, ഞാന്‍ യാത്രയാകുന്നതിനാല്‍, എനിക്കിനിയതിന്‍റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഞാനതു നിങ്ങള്‍ക്കു തിരിച്ചു തരേണ്ടിയിരിക്കുന്നു.”
     “അതു വെച്ചോളൂ! ഇവിടെയെന്നപോലെ എവിടെയും അതുപയോഗപ്പെട്ടേക്കും.”
     “വേണ്ട, വേണ്ട. ഈ നാടിന്‍റെ ഭാഗമാണ് ആ റ്റാബ്ലെറ്റ്. ഇവിടത്തെയെല്ലാം ഈ നാട്ടില്‍ത്തന്നെ എനിക്കു വിട്ടുപോകണം,” ജേക്കബ്ബ് പറഞ്ഞു.
     “ഡോക്റ്റര്‍, ഞാന്‍ അടുത്തയാളെ പറഞ്ഞയക്കുകയാണ്,” നഴ്സ് പറഞ്ഞു.
     “ആ പെണ്ണുങ്ങളെയെല്ലാം വീടുകളിലേക്കു മടക്കൂ,” ഡോ സ്ക്രേറ്റ പറഞ്ഞു. “എന്‍റെ ഇന്നത്തെ ജോലി കഴിഞ്ഞു. നീ കണ്ടോ, അവസാനം വന്നവള്‍ക്കു കുട്ടിയുണ്ടാകും. ഒരുദിവസത്തേക്ക് അതു പോരെ?”
               നഴ്സ് ഡോക്റ്ററെ അലിവോടെ നോക്കി. എങ്കിലും, അയാളെ അനുസരിക്കുന്നതിനുള്ള യാതൊരു ലക്ഷണവും കാട്ടിയില്ല.
     ഡോ.സ്ക്രേറ്റക്കു നോട്ടത്തിന്‍റെ പൊരുളു മനസ്സിലായി: “ശരി, അവരെ പറഞ്ഞയക്കണ്ട. ഞാന്‍ അരമണിക്കൂറിനുള്ളില്‍ വരുമെന്നറിയിച്ചാല്‍മതി.”
     “ഡോക്റ്റര്‍, ഇന്നലെയും അരമണിക്കൂറെന്നാണ് നിങ്ങള്‍ പറഞ്ഞത്. എന്നിട്ട് എനിക്കു നിങ്ങളുടെ പിന്നാലെ വഴിയില്‍ ഓടേണ്ടി വന്നു.”
     “വേവലാതിപ്പെടാതെ പൊന്നേ, ഞാന്‍ അരമണിക്കൂറില്‍ വരും,” സ്ക്രേറ്റ പറഞ്ഞു. അതിനുശേഷം സുഹൃത്തോട് നഴ്സിനു കോട്ടു മടക്കികൊടുക്കാന്‍ പറഞ്ഞു. പിന്നെയവര്‍ കെട്ടിടം വിട്ടു. നേരെ പാര്‍ക്കിനപ്പുറത്തുള്ള റിച്മണ്ട് ഹോട്ടലിലേക്കു പോയി.


2. ജേക്കബ്ബും ഡോ. സ്ക്രേറ്റയും 

അവര്‍ രണ്ടാം നിലയിലേക്കു പോയി. ഇടനാഴിയുടെ അറ്റം വരെ നീണ്ട ചുകപ്പു പരവതാനി അവസാനിക്കുന്നതുവരെ. ഡോ. സ്ക്രേറ്റ ഒരു വാതില്‍ തുറന്നു. സുഹൃത്തിനൊപ്പം ഇടുങ്ങിയ, എന്നാല്‍ പ്രസന്നമായ, ഒരു മുറിയിലേക്കു കയറി.
     “ഇവിടെ എന്നും എനിക്കൊരു മുറി ഒരുക്കിവെക്കുന്നത്,” ജേക്കബ്ബ് പറഞ്ഞു, “നിങ്ങളുടെ നല്ല മനസ്സാണ്.”
     “ഇടനാഴിയുടെ ഈ അറ്റത്ത് എന്‍റെ പ്രത്യേക രോഗികള്‍ക്കായി ചില മുറികള്‍ ഇപ്പോള്‍ മാറ്റി വെച്ചിട്ടുണ്ട്. നിന്‍റെ റൂമിനരികില്‍, പണ്ടു കാലത്ത് ക്യാബിനറ്റ് മിനിസ്റ്റര്‍മാരും വ്യവസായികളും താമസിച്ചിരുന്ന മനോഹരമായൊരു കോര്‍ണ്ണര്‍ സ്വീറ്റുണ്ട്. അവിടെ ഞാനെന്‍റെ ഏറ്റവും മുന്തിയ രോഗിയെ താമസിപ്പിച്ചിരിക്കുകയാണ്. ഒരു അമേരിക്കക്കാരന്‍. അയാളുടെ കുടുംബത്തിന്‍റെ സ്വദേശം ഈ നാടാണ്. അയാളിപ്പോള്‍ എന്‍റെ ഒരു സുഹൃത്തു മാതിരിയായിട്ടുണ്ട്.”
     “ഓള്‍ഗ എവിടെയാണ് താമസം?”
     “എന്നെപ്പോലെ മാര്‍ക്സ് ഹൌസില്‍. പേടിക്കാനൊന്നുമില്ല. അവള്‍ക്കവിടെ സുഖമാണ്.”
     “നീ അവളെ പരിപാലിക്കുന്നുവെന്നതാണ് മുഖ്യമായ കാര്യം. അവള്‍ക്കെങ്ങിനെയുണ്ട്?”
     “തരളമായ ഞരമ്പുകളുള്ള സ്ത്രീകള്‍ക്കുണ്ടാകാവുന്ന പതിവു പ്രശ്നങ്ങളേ അവള്‍ക്കുള്ളൂ.”
     “അവളുടെ അനുഭവങ്ങളെക്കുറിച്ച് ഞാന്‍ നിനക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നു.”
     “ഉര്‍വ്വരത കൈവരിക്കാനാണ് മിക്ക സ്ത്രീകളും ഇവിടെ വരുന്നത്. നിന്‍റെ സംരക്ഷണയിലുള്ള ഈ സ്ത്രീ അവളുടെ അവന്ധ്യത മുതലെടുക്കാതിരിക്കുന്നതാണ് ഭംഗി. നീ അവളെ എന്നെങ്കിലും നഗ്നയായി കണ്ടിട്ടുണ്ടോ?”
     “ദൈവമേ! ഒരിക്കലുമില്ല!”
     “ശരി, അവളെ ഒന്നു കണ്ടുനോക്കൂ! നെഞ്ചില്‍നിന്നു തൂങ്ങിനില്‍ക്കുന്ന രണ്ടു പ്ലം പഴങ്ങളെപ്പോലെയാണ് അവളുടെ മുലകള്‍. അവളുടെ വാരിയെല്ലുകള്‍ പുറത്തേക്കു കാണാം. ഇന്നുമുതല്‍ നീ അവളുടെ വാരിയെല്ലിന്‍കൂട് സൂക്ഷ്മമായി ശ്രദ്ധിക്കൂ. ശരിയായ ഒരു നെഞ്ചിന്‍കൂട് ഉത്സാഹസ്വഭാവമുള്ളതാകണം; പുറത്തേക്കു തള്ളിനില്‍ക്കുന്നത്. ആകാവുന്നത്ര സ്ഥലമുള്‍കൊള്ളാനെന്ന മട്ടില്‍ അതു വികസിക്കണം. മറിച്ച്, ലോകത്തില്‍നിന്നു പിന്‍വലിയുന്നതുപോലെ പ്രതിരോധപരമായ എല്ലിന്‍കൂടുകളുമുണ്ട്. ഒരാള്‍ക്കു ചുറ്റും കൂടുതല്‍ക്കൂടുതല്‍ മുറുകിവന്ന്, ഒടുവിലയാളെ ശ്വാസം മുട്ടിക്കുന്ന ഒരു കടുംകുപ്പായം പോലെയാണത്. അതാണവളുടെ കാര്യത്തിലുള്ളത്. അവളോടത്‌ കാട്ടിത്തരാന്‍ പറയൂ.”
     “ഞാനൊരിക്കലും അതു ചെയ്യില്ല.”
     “അതു കണ്ടാല്‍ അവളെ നിന്‍റെ ആശ്രിതയായിക്കരുതാന്‍ നിനക്കാവില്ലെന്നു നീ ആശങ്കിക്കുന്നു.”
     “മറിച്ചാണ് കാര്യം,” ജേക്കബ്ബ് പറഞ്ഞു. “എനിക്കവളോടുള്ള സഹതാപം കൂടുമെന്നാണ് എന്‍റെ പേടി.”
     “ഇടക്കുപറയട്ടെ, ചങ്ങാതീ,” സ്ക്രേറ്റ പറഞ്ഞു, “ശരിക്കുമൊരു വിചിത്ര ജീവിയാണ് ഈ അമേരിക്കക്കാരന്‍.”
     “എനിക്കവളെ എവിടെ കാണാന്‍ പറ്റും?” ജേക്കബ്ബ് ചോദിച്ചു.
     “ആരെ?”
     “ഓള്‍ഗയെ.”
     “ഇപ്പോള്‍ പറ്റില്ല. അവള്‍ ചികിത്സയിലാണ്. രാവിലെ മുഴുവന്‍ അവള്‍ പൊയ്കയില്‍ത്തന്നെ കഴിയണം.”
     “എനിക്കവളെ കാണണമെന്നുണ്ട്. അവളെ ഫോണ്‍ ചെയ്യാമോ?”
     സുഹൃത്തോടുള്ള സംഭാഷണം നിര്‍ത്താതെ, ഡോ. സ്ക്രേറ്റ ഫോണെടുത്തു. ഒരു നമ്പര്‍ കറക്കി: “ഞാന്‍ അയാളെ നിനക്കു പരിചയപ്പെടുത്താം. എനിക്കുവേണ്ടി നീ അയാളെ പൂര്‍ണ്ണമായും അപഗ്രഥിക്കണം. മന:ശാസ്ത്രപരമായി നീ കുശാഗ്രബുദ്ധിയാണല്ലോ. നിനക്കയാളെ ശരിക്കും മനസ്സിലാക്കാന്‍ പറ്റും. അയാളെസംബന്ധിച്ച് എനിക്കു ചില പ്ലാനുകളുണ്ട്.”
     “എന്തു പ്ലാന്‍?” ജേക്കബ്ബ് ചോദിച്ചു. പക്ഷെ, അപ്പോഴേക്കും, ഡോ. സ്ക്രേറ്റ ഫോണില്‍ സംസാരം തുടങ്ങിക്കഴിഞ്ഞിരുന്നു: “റൂസേനയല്ലേ? സുഖമല്ലേ?. . . വിഷമിക്കാനൊന്നുമില്ല. നിന്‍റെ അവസ്ഥയില്‍ മനംപിരട്ടല്‍ സ്വാഭാവികമാണ്. എന്‍റെ ഒരു രോഗി ഇപ്പോളവിടെ പൂളിലുണ്ടോ എന്നാണ് എനിക്കറിയേണ്ടത്. നിന്‍റെ തൊട്ടടുത്തമുറിയിലെ അയല്‍ക്കാരി. . . ഉവ്വോ? നന്നായി. തലസ്ഥാനത്തുനിന്നും അവള്‍ക്കൊരു സന്ദര്‍ശകനുണ്ടെന്നു പറയൂ. എവിടേക്കും പോകരുതെന്നു അവളോടു പ്രത്യേകം പറയണം. . . അതെ, അവള്‍ക്കുവേണ്ടി അയാള്‍ ഉഷ്ണാലയത്തിനു മുമ്പില്‍ ഉച്ചക്കു കാത്തുനില്‍ക്കും.”
     സ്ക്രേറ്റ ഫോണ്‍ താഴെ വെച്ചു. “ശരി, നീ കേട്ടല്ലോ. ഉച്ചക്കു നിനക്കവളെ വീണ്ടും കാണാം. നാശം, നമ്മളെന്താണ് പറഞ്ഞുവന്നത്?”
     “അമേരിക്കക്കാരനെപ്പറ്റി.”
     “ഉവ്വല്ലോ,” സ്ക്രേറ്റ പറഞ്ഞു. “അതീവ വിചിത്ര കഥാപാത്രം. അയാളുടെ ഭാര്യയെ ഞാന്‍ സുഖപ്പെടുത്തിയതാണ്. അവര്‍ക്കു കുട്ടികളില്ലായിരുന്നു.”
     “അയാള്‍ ഇവിടെ വന്നതെന്തിനാണ്‌?”
      “ഹൃദ്രോഗം.”
     “അയാളെവെച്ച് നിനക്കു ചില പദ്ധതികളുണ്ടെന്നു പറഞ്ഞു.”
     “ഈ നാട്ടില്‍ ഒരു ഡോക്റ്റര്‍ക്ക്‌ മാന്യമായ ഒരുപജീവനമുണ്ടാകാന്‍ അയാള്‍ എന്തൊക്കെ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നുവെന്നത് അപമാനകരമാണ്.” ഡോ. സ്ക്രേറ്റ കുപിതനായി. "ക്ലീമ, പ്രശസ്തനായ ആ കുഴലൂത്തുകാരന്‍, ഇവിടെ വരുന്നുണ്ട്. അയാള്‍ക്കുവേണ്ടി ഞാന്‍ ഡ്രം വായിക്കണം!”
     സ്ക്രേറ്റ കാര്യമായാണ് പറയുന്നതെന്ന് ജേക്കബ്ബിനു തോന്നിയില്ല. പക്ഷെ, അയാള്‍ അത്ഭുതം നടിച്ചു: “എന്ത്, നീ ഡ്രം വായിക്കുമെന്നോ?”
 “ഉവ്വെന്‍റെ ചങ്ങാതീ! എനിക്കൊരു കുടുംബമുണ്ടാകാന്‍ പോകുന്ന സ്ഥിതിക്ക്, എനിക്കെന്തു ചെയ്യാന്‍ പറ്റും?”
     “എന്ത്?” ജേക്കബ്ബ് അത്ഭുതപ്പെട്ടുപോയി. ഇത്തവണ ശരിക്കും. “കുടുംബം? നീ വിവാഹിതനാണെന്നാണോ നീ പറയുന്നത്?”
     “അതെ,” സ്ക്രേറ്റ പറഞ്ഞു.
     “സൂസിയെ?”
വര്‍ഷങ്ങളായി സ്ക്രേറ്റയുടെ സ്ത്രീസുഹൃത്തായിരുന്നു സുഖചികിത്സാലയത്തിലെ ഒരു ഡോക്റ്ററായ സൂസി. പക്ഷെ, എപ്പോഴും, അവസാനനിമിഷത്തില്‍, വിവാഹം കഴിക്കുന്നതില്‍നിന്നു ഒഴിഞ്ഞു മാറുന്നതില്‍ അയാള്‍ വിജയിച്ചിരുന്നു. 
               “അതെ, സൂസിയെത്തന്നെ,” സ്ക്രേറ്റ പറഞ്ഞു. “നിനക്കറിയാമല്ലോ, എല്ലാ ഞാറാഴ്ച്ചയും അവളുമൊത്ത് ഞാന്‍ പ്രകൃതിതിദൃശ്യം കാണാന്‍ മലകയറുന്ന കാര്യം.”
     “ഒടുവില്‍ നീ വിവാഹിതനായി,” ജേക്കബ്ബ് വിഷാദത്തോടെ പറഞ്ഞു. 
     “ഓരോ തവണയും ഞങ്ങള്‍ അവിടെ കയറിയെത്തിയാല്‍,” സ്ക്രേറ്റതുടര്‍ന്നു, “ഞങ്ങള്‍ വിവാഹിതരാകേണ്ടതാണെന്നു സൂസി എന്നെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കും. കയറ്റം എന്നെ വല്ലാതെ ക്ഷീണിപ്പിച്ചിരിക്കുന്ന ആ സമയത്ത് എനിക്കു വയസ്സായെന്നും, എനിക്കിനി കല്യാണം കഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും തോന്നും. പക്ഷെ, അവസാനമാകുമ്പോള്‍, ഞാന്‍ സ്വയം നിയന്ത്രിക്കുമായിരുന്നു. പ്രകൃതി ദൃശ്യം ആസ്വദിച്ചു തിരിച്ചെത്തിയാല്‍, എനിക്കു ആത്മബലം വീണ്ടും കൈവരും. അപ്പോള്‍, കല്യാണം വേണമെന്ന ചിന്തയില്ലാതാകും. എന്നാല്‍, ഒരുദിവസം സൂസി എന്നെ ഒരു വളഞ്ഞവഴിയിലൂടെ കൊണ്ടുപോയി. മലകയറാന്‍ ഒരു പാടു നേരം പിടിച്ചു. മുകളിലെത്തുന്നതിനുമുമ്പു തന്നെ ഞാന്‍ വിവാഹത്തിനു സമ്മതിച്ചു. ഇപ്പോള്‍, അവള്‍ ഗര്‍ഭിണിയാണ്. എനിക്കു അല്‍പ്പം കാശിനെപ്പറ്റി ചിന്തിച്ചേ പറ്റൂ. ആ അമേരിക്കക്കാരന്‍ മതപരമായ ചിത്രങ്ങളും വരക്കും. അതും ഒരു പാടു കാശുണ്ടാക്കാനുള്ള വഴിയാണ്. എന്താണ് നിന്‍റെ അഭിപ്രായം?”
     “മതാത്മക ചിത്രങ്ങള്‍ക്കു മാര്‍ക്കറ്റുണ്ടെന്ന് വിചാരിക്കുന്നുണ്ടോ?”
     “നല്ല ഗംഭീരന്‍ മാര്‍ക്കറ്റുണ്ട്! തീര്‍ത്ഥാടനകാലത്ത് പള്ളിക്കരികില്‍ ഒരു തട്ടുകട തട്ടിക്കൂട്ടിയാല്‍ മതി. ചിത്രമൊന്നിനു ഒരു ക്രൌണ്‍ വെച്ചു കിട്ടിയാല്‍ത്തന്നെ നല്ലൊരു തുകയുണ്ടാക്കാം! വില്‍പ്പന ഞാനേറ്റെടുക്കും. ലാഭം പപ്പാതിയായി വീതിക്കും.”
     “മൂപ്പരെന്തു പറയുന്നു?”
     “എന്തുചെയ്യണമെന്നറിയാന്‍ വയ്യാത്തത്ര പണമുണ്ട് അയാളുടെ കയ്യില്‍. ഞാനുമായി കച്ചവടത്തിലേര്‍പ്പെടാന്‍ അയാളെ പ്രേരിപ്പിക്കാന്‍ എനിക്കാവില്ലെന്നു നല്ല ഉറപ്പുണ്ട്,” ഒരു ശാപവാക്കോടെ സ്ക്രേറ്റ പറഞ്ഞു.


3. ഓൾഗ 

പൊയ്കയുടെ തീരത്തുനിന്ന്‍ റൂസേനാ നഴ്സ് തനിക്കു നേരെ കൈവീശുന്നത്‌ വ്യക്തമായി കണ്ടുവെങ്കിലും, ഓള്‍ഗ അവളെ കണ്ടില്ലാ എന്ന നാട്യത്തോടെ നീന്തുന്നതു തുടര്‍ന്നു.
     ആ രണ്ടു സ്ത്രീകള്‍ക്ക് പരസ്പരം ഇഷ്ടമില്ലായിരുന്നു. റൂസേനയുടെ മുറിക്കരികിലെ ഒരു കൊച്ചു മുറിയിലാണ് ഓള്‍ഗയെ ഡോ. സ്ക്രേറ്റ താമസിപ്പിച്ചിരുന്നത്. റേഡിയോ ഉച്ചത്തില്‍വെക്കുന്ന ഒരു ശീലമുണ്ട് റൂസേനക്ക്. ഓള്‍ഗക്കാകട്ടെ മൌനമാണ് പ്രിയം. അവള്‍ പലതവണ ചുമരില്‍ ഇടിക്കുകയുണ്ടായിട്ടുണ്ട്. ഒച്ച കൂട്ടിവെക്കുക മാത്രമായിരുന്നു അതിനുള്ള നഴ്സിന്‍റെ പ്രതികരണം.
     റൂസേന കൈവീശുന്നത് നിര്‍ത്തിയില്ല. തലസ്ഥാനത്തു നിന്നുള്ള ഒരു സന്ദര്‍ശകന്‍ അവളെ ഉച്ചക്കു കാണാനെത്തുമെന്ന്‌, ഒടുവില്‍, അവള്‍ക്കു രോഗിയോടു പറയാന്‍ സാധിച്ചു.
     അതു ജേക്കബ്ബായിരിക്കുമെന്ന് ഓള്‍ഗ മനസ്സിലാക്കി. അവള്‍ക്കു ഭീമമായ ആനന്ദം അനുഭവപ്പെട്ടു. എന്നാല്‍, ഉടന്‍തന്നെ, ഈ ആഹ്ലാദം അവളെ വിസ്മയിപ്പിക്കുകയും ചെയ്തു: അദ്ദേഹത്തെ വീണ്ടും കാണുമെന്ന ചിന്ത തനിക്കിത്ര സന്തോഷം തരുന്നതെന്തുകൊണ്ട്?
     ഒരേസമയം ജീവിതം ജീവിക്കുന്നവരായും, അതേസമയം അതു  നിരീക്ഷിക്കുന്നവരായും അനായാസം സ്വയം വിഭജിക്കുവാന്‍ കഴിയുന്ന ചില ആധുനിക മഹിളകളില്‍ ഒരുവളായിരുന്നു വാസ്തവത്തില്‍ ഓള്‍ഗ.
     പക്ഷെ, ജീവിതം നിരീക്ഷിക്കുന്ന ഓള്‍ഗ പോലും ആഹ്ലാദിക്കുകയായിരുന്നു. കാരണം, ഇങ്ങിനെ കരുതലില്ലാതെ ആഹ്ലാദിക്കുന്നത് അവളെസംബന്ധിച്ച് (ജീവിതം ജീവിക്കുന്ന ഓള്‍ഗയെ സംബന്ധിച്ച്)  തീര്‍ത്തും ധാരാളിത്തമാര്‍ന്ന കാര്യമാണെന്ന് അവള്‍ക്കു നന്നായി അറിയാമെങ്കിലും, അവളുടെ (ജീവിതം നിരീക്ഷിക്കുന്ന ഓള്‍ഗയുടെ) കുറുമ്പ് ആ ധാരാളിത്തം അവള്‍ക്കു സുഖപ്രദമാക്കി. തന്‍റെ ആനന്ദത്തിന്‍റെ രൂക്ഷതയറിഞ്ഞാല്‍ ജേക്കബ്ബ് വിരണ്ടുപോകുമെന്നോര്‍ത്ത് അവള്‍ പുഞ്ചിരിച്ചു.
     പൊയ്കക്കു മുകളിലെ ഘടികാരത്തിന്‍റെ കൈകള്‍ പന്ത്രണ്ടിനു കാമണിക്കൂറുണ്ടെന്നു കാട്ടി. ജേക്കബ്ബിന്‍റെ കഴുത്തില്‍ കൈചുറ്റി, അദ്ദേഹത്തെ വികാരവായ്പ്പോടെ ചുംബിച്ചാല്‍ അദ്ദേഹം എങ്ങിനെ പ്രതികരിക്കുമെന്ന്‍ അവള്‍ ആശങ്കിച്ചു. അവള്‍ പൊയ്കയുടെ കരയിലേക്കു നീന്തിക്കയറി. തുണിമാറാന്‍ അറയിലേക്കു പോയി. കുറച്ചു നേരത്തേ ജേക്കബ്ബ് വരുന്ന വിവരമറിയിക്കാതത്തില്‍ അവള്‍ക്കു നേരിയ വിഷമം തോന്നി. അങ്ങിനെയെങ്കില്‍, ഒരല്‍പ്പം നന്നായി അണിഞ്ഞൊരുങ്ങാമായിരുന്നു. ഇപ്പോളവള്‍ ധരിച്ചിരിക്കുന്നത് ചാരനിറമുള്ള വിരസമായ ഒരുടുപ്പാണ്. അതവളുടെ നല്ല മനസ്സു മുഷിപ്പിച്ചു.
     തന്‍റെ രൂപം പൂര്‍ണ്ണമായും വിമ്സരിക്കപ്പെടുന്ന ചില വേളകള്‍, അല്‍പ്പനിമിഷങ്ങള്‍ക്കുമുമ്പ് പൊയ്കയില്‍ നീന്തുമ്പോഴുണ്ടായതുപോലെ, അവള്‍ക്കുണ്ടാകാറുണ്ടായിരുന്നു. പക്ഷെ, ഇപ്പോളവള്‍ അറയിലെ കൊച്ചു കണ്ണാടിയില്‍ ചാരനിറത്തിലുള്ള ഉടുപ്പിട്ടു തന്നെ കാണുകയാണ്. ജേക്കബ്ബിന്‍റെ കഴുത്തില്‍ കയ്യെറിഞ്ഞു ആവേശത്തോടെ അയാളെ ചുംബിക്കുന്നതാലോചിച്ച്, ഒരല്‍പ്പംമുമ്പ്, അവള്‍ കുസൃതിയോടെ മന്ദഹസിച്ചതായിരുന്നു. പക്ഷെ, ആ ചിന്തയുണ്ടായത് പൊയ്കയില്‍ വെച്ചായിരുന്നു; ദേഹമില്ലാതെ, അശരീരിയായ ഒരാശയം പോലെ, നീന്തുമ്പോള്‍. ഇപ്പോള്‍, പൊടുന്നെ, ഒരു ശരീരവും ഉടുപ്പും കിട്ടിയപ്പോള്‍, ആനന്ദമയമായ ആ വന്യഭാവനയില്‍നിന്നും അവള്‍ അകന്നു. തനിക്കു കടുത്ത ദേഷ്യമുണ്ടാക്കുന്നവിധം  ജേക്കബ്ബ് എന്നും തന്നെ എങ്ങിനെയാണോ കാണുന്നത്, താന്‍ തീര്‍ത്തും അങ്ങിനെതന്നെയാണെന്ന് അവള്‍ക്കു ബോദ്ധ്യമായി: ദയയര്‍ഹിക്കുന്ന ഗതിയില്ലാത്ത ഒരു കൊച്ചു പെണ്‍കുട്ടി.
     ഓള്‍ഗ അത്ര വലിയ മണ്ടിയല്ലായിരുന്നുവെങ്കില്‍, അവള്‍ ശരിക്കും സുന്ദരിയാണെന്ന് സ്വയം കണ്ടെത്തിയേനെ. പക്ഷെ, ബുദ്ധിയുള്ള പെണ്‍കുട്ടിയായതിനാല്‍, ശരിക്കുമുള്ളതിനേക്കാള്‍ വിരൂപയാണ് താനെന്നു അവള്‍ സ്വയം കണക്കാക്കി. ശരിക്കു പറഞ്ഞാല്‍, അവള്‍ വിരൂപയോ സുന്ദരിയോ അല്ല. സാധാരണ സൌന്ദര്യ മാനദണ്ഡങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ഏതൊരു പുരുഷനും, പക്ഷെ,  അവള്‍ക്കൊപ്പം സന്തോഷത്തോടെ ഒരു രാത്രി പങ്കിടാന്‍ തയ്യാറാകും.
     രണ്ടായി സ്വയം വിഭജിക്കുന്നതില്‍ ആനന്ദിക്കുന്നവളാണ്  ഓള്‍ഗയെന്നതിനാല്‍, ജീവിതം നിരീക്ഷിക്കുന്നവള്‍, ഇപ്പോള്‍, ജീവിതം ജീവിക്കുന്നവളെ തടഞ്ഞു: താന്‍ ഇങ്ങിനെയായാലും അങ്ങിനെയായാലും എന്താണു കുഴപ്പം? കണ്ണാടിയിലെ പ്രതിരൂപത്തിന്‍റെ പേരില്‍ എന്തിനു കഷ്ടപ്പെടണം? ആണ്‍കണ്ണുകള്‍ക്കുള്ള വെറുമൊരു വസ്തുവെന്നതിലുപരി താന്‍ ചിലതല്ലേ? ചന്തയില്‍ വില്‍പ്പനക്കുവെച്ച ചരക്കിനെക്കാള്‍ കൂടുതലെന്തോ ഒന്നല്ലേ? സ്വന്തം രൂപത്തില്‍നിന്നു സ്വതന്ത്രയായിക്കഴിയാന്‍, ചുരുങ്ങിയത് ഒരു പുരുഷനു സ്വതന്ത്രനാകാന്‍ പറ്റുന്നത്രയെങ്കിലും, തനിക്കു കഴിയില്ലേ?
     അവള്‍ ഉഷ്ണാലയത്തിനു പുറത്തു വന്നപ്പോള്‍, സ്നേഹവും അലിവുമുള്ള ഒരു മുഖം കണ്ടു. തനിക്കു നേരെ കൈ നീട്ടുന്നതിനു പകരം അയാള്‍, ഒരു കൊച്ചു പെണ്‍കുട്ടിയോടെന്നപോലെ, തന്‍റെ തല തലോടുകയാണ് ചെയ്യുകയെന്ന്‍ അവള്‍ക്കറിയാമായിരുന്നു. നിശ്ചയമായും, അതുതന്നെയാണ് അയാള്‍ ചെയ്തത്.
     “ഉച്ചഭക്ഷണം എവിടെയാകാം?” അയാള്‍ ചോദിച്ചു. രോഗികളുടെ ഊണുമുറിയിലാകാമെന്നു അവള്‍ പറഞ്ഞു. അവിടെ അവളുടെ മേശക്കരികില്‍ ഒഴിഞ്ഞ ഒരിടമുണ്ട്.
     വിശാലമായിരുന്നു രോഗികളുടെ ഊണുമുറി. നിറയെ മേശകള്‍. ആളുകള്‍ തിങ്ങിയിരുന്നു തിന്നുകയാണ്. ജേക്കബ്ബും ഓള്‍ഗയും ഇരുന്നു. ഒരു പരിചാരിക വന്നു സൂപ്പു വിളമ്പാന്‍ നേരം ഒരുപാടെടുത്തു. അവരുടെ മേശക്കരികില്‍ മറ്റു രണ്ടുപേരുണ്ടായിരുന്നു. രോഗികളുടെ സൌഹൃദസ്വഭാവമുള്ള കുടുംബത്തിലെ ഒരംഗമായി ജേക്കബ്ബിനെ  തരം തിരിച്ചതുകൊണ്ട്, അവര്‍ അയാളുമായി സംസാരിക്കാന്‍ ശ്രമിച്ചു. അതിനാല്‍, മേശക്കരികിലെ പൊതുവേയുള്ള സംസാരത്തിനിടക്ക്‌, വ്യാവഹാരികമായ ചില വിശദാംശങ്ങള്‍ മാത്രമേ ജേക്കബ്ബിനു ഓള്‍ഗയോടു ചോദിക്കാനായുള്ളൂ: അവള്‍ക്കവിടത്തെ ഭക്ഷണം ഇഷ്ടമായോ? ഡോക്റ്ററെ ഇഷ്ടമായോ? ചികിത്സ ഇഷ്ടപ്പെട്ടോ? താമസസ്ഥലത്തെക്കുറിച്ചാരാഞ്ഞപ്പോള്‍, തന്‍റെ അയല്‍വാസി ഒരു ഭീകരിയാണെന്ന് അവള്‍ മറുപടി നല്‍കി. അടുത്തൊരു മേശക്കരികിലിരുന്നുണ്ണുന്ന റൂസേനക്കു നേരെ അവള്‍ തലകൊണ്ടു ആംഗ്യം കാട്ടി.
     മേശക്കരികിലെ സഹാഭോജികള്‍ യാത്രയായപ്പോള്‍, റൂസേനയെനോക്കി ജേക്കബ്ബ് പറഞ്ഞു: “യവനമുഖങ്ങളെക്കുറിച്ചു ഹെഗെലിന്‍റെ വിചിത്രമായ ഒരു ചിന്തയുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, മൂക്കും പുരികവും ഒരേ രേഖയില്‍ വരുന്നതു ഹേതുവായി മേധയുടെയും ചിത്തത്തിന്‍റെയും ആസ്ഥാനമായ തലയുടെ ഉപരിഭാഗത്തിനു പ്രാമുഖ്യമുണ്ടാകുന്നതുകൊണ്ടാണ് യവനമുഖത്തിനു സൌന്ദര്യമുണ്ടാകുന്നത്. എന്നാല്‍, നിന്‍റെ അയല്‍വാസിയെ നോക്കുമ്പോള്‍, അവളുടെ മുഖമാകെ വായയില്‍ കേന്ദ്രീകരിച്ചതായിട്ടാണ് ഞാന്‍ കാണുന്നത്. എത്ര ഉഗ്രമായാണ് അവള്‍ ചവക്കുന്നതെന്നു നോക്കൂ. അതേസമയം, എത്ര ഉച്ചത്തിലാണ് അവള്‍ സംസാരിക്കുന്നത്. കീഴ്ഭാഗത്തിന്, മുഖത്തിന്‍റെ ജന്തുഭാഗത്തിന്, ഇത്രയും പ്രാധാന്യം കൊടുക്കുന്നതു ഹെഗെലിനു അറപ്പുണ്ടാക്കിയേനെ. എങ്കിലും, ഞാന്‍ വെറുക്കുന്ന ഈ പെണ്‍കുട്ടി മനോഹരിയാണ്.”
     “അങ്ങിനെയാണോ നിങ്ങളുടെ വിചാരം?” ഈര്‍ഷ്യ വെളിപ്പെടുത്തുന്ന സ്വരത്തില്‍ ഓള്‍ഗ ചോദിച്ചു.
     അതുകൊണ്ടാണ് ജേക്കബ്ബ് ധൃതിയില്‍ കൂട്ടിച്ചേര്‍ത്തത്: “എന്തായാലും, ചര്‍വ്വിതചര്‍വ്വണംചെയ്യുന്ന അവളുടെ വായ എന്നെ തുണ്ടുതുണ്ടാക്കുമെന്നാണ് എന്‍റെ പേടി.” അയാള്‍ വീണ്ടും കൂട്ടിച്ചേര്‍ത്തു: “ഹെഗെലിനു നിന്നിലാവും കൂടുതല്‍ തൃപ്തി. നിന്‍റെ മുഖത്തെ ഭരിക്കുന്നത്‌ പുരികമാണ്. അതെല്ലാവര്‍ക്കും തല്‍ക്ഷണം നിന്‍റെ ബുദ്ധിയെ വ്യക്തമാക്കും.”
     “ഇത്തരം വാദം എന്നെ ശുണ്ഠിപിടിപ്പിക്കും,” ഓള്‍ഗ പരുഷമായി പറഞ്ഞു. ഒരു മനുഷ്യന്‍റെ മുഖലക്ഷണം അവന്‍റെ ആത്മാവില്‍ മുദ്രണംചെയ്യപ്പെട്ടിരിക്കുന്നുവെന്ന്‍ തെളിയിക്കാനാണ് അതു ശ്രമിക്കുന്നത്. ശുദ്ധ അസംബന്ധം. ദൃഢമായ കീഴ്ത്താടിയും, വികാരവായ്പ്പുള്ള ചൊടികളുമുള്ളതായിട്ടാണ് ഞാനെന്‍റെ ആത്മാവിനെ വിഭാവനം ചെയ്യാറ്. എന്നാല്‍, എന്‍റെ താടി ചെറുതാണ്. അതുപോലെതന്നെ വായും. ഞാനൊരിക്കലും എന്നെ കണ്ണാടിയില്‍ കണ്ടില്ലായിരുന്നെങ്കില്‍, ഉള്ളിലുള്ള എന്നെക്കുറിച്ചുള്ള എന്‍റെ അറിവുവെച്ച് എന്‍റെ ബാഹ്യരൂപം വര്‍ണ്ണിക്കേണ്ടിവന്നാല്‍, ആ ഛായാചിത്രം ഒട്ടും എന്നെപ്പോലിരിക്കില്ല! കാണുന്നതുപോലെയുള്ള ആളല്ലേയല്ല ഞാന്‍!”

4. ജേക്കബ്ബും ഓൾഗയും 

ജേക്കബ്ബും ഓള്‍ഗയും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കുവാനുള്ള ഒരു വാക്കു കണ്ടെത്തുക പ്രയാസം. ഓള്‍ഗയുടെ, അവള്‍ക്കു ഏഴു വയസ്സുള്ളപ്പോള്‍ വധശിക്ഷക്കു വിധേയനായ, അച്ഛന്‍റെ ഒരു സുഹൃത്തായിരുന്നു ജേക്കബ്ബ്. അനാഥയായ ആ പിഞ്ചുകുഞ്ഞിനെ തന്‍റെ ചിറകിനു കീഴിലൊതുക്കാന്‍ അന്നു ജേക്കബ്ബ് തീരുമാനിച്ചതാണ്. അയാള്‍ക്കു മക്കളുണ്ടായിരുന്നില്ല. കടമയില്ലാത്ത അത്തരം പിതൃത്വം അയാള്‍ക്കിഷ്ടമായിരുന്നു താനും. അയാള്‍ കളിയായി ഓള്‍ഗയെ തന്‍റെ ആശ്രിതയെന്നു വിളിച്ചു.
     ഇപ്പോള്‍ അവര്‍ ഓള്‍ഗയുടെ മുറിയിലാണ്. അവളൊരു ഹോട്പ്ലേറ്റ് പ്ലഗ്ഗുമായി ഘടിപ്പിച്ചു. പരന്ന ഒരു ചട്ടിയില്‍ വെള്ളം ചൂടാക്കി.തന്‍റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്താൻ തനിക്കാവില്ലെന്ന് ജേക്കബ്ബ് അപ്പോള്‍ തിരിച്ചറിഞ്ഞു. വിടപറയാനാണ് താന്‍ വന്നതെന്ന് അവളോടു പറയാനുള്ള തന്‍റേടം അയാള്‍ക്കില്ലതായി. ആ വാര്‍ത്ത അമിതമായ ദയനീയമാനം കൈവരിക്കുമെന്നു ഭയപ്പെട്ടു. താന്‍ അനാവശ്യമെന്നു കരുതുന്ന ഒരു വികാരാന്തരീക്ഷം അതുണ്ടാക്കുമെന്ന്‍ ആശങ്കിച്ചു. അവള്‍ തന്നെ സ്വകാര്യമായി പ്രേമിക്കുന്നുണ്ടെന്ന്‍ അയാള്‍ക്കു പണ്ടേ ശങ്കയുണ്ടായിരുന്നു.
     ഓള്‍ഗ അലമാരയില്‍നിന്ന്‍ രണ്ടു കോപ്പകളെടുത്തു; അവയില്‍ സ്പൂണുകൊണ്ട് ഇന്‍സ്റ്റന്‍റ് കാപ്പിചേര്‍ത്തു; തിളച്ച വെള്ളം പകര്‍ന്നു. ജേക്കബ്ബ് ഒരു പഞ്ചസാരക്കട്ട ചേര്‍ത്തിളക്കുമ്പോള്‍   ഓള്‍ഗ പറയുന്നതു കേട്ടു: “ജേക്കബ്ബ്, എന്നോടു ദയവായി പറയൂ, എന്‍റെ അച്ഛന്‍ എങ്ങിനെയുള്ള ആളായിരുന്നു?”
     “എന്തേ, ചോദിക്കാന്‍?”
     “അദ്ദേഹം ശരിക്കും നിരപരാധിയായിരുന്നോ?”
     “നീ എന്താണു വിചാരിക്കുന്നത്?” ജേക്കബ്ബ് അമ്പരന്നു ചോദിച്ചു. അല്‍പ്പകാലം മുമ്പ് ഓള്‍ഗയുടെ അച്ഛന്‍റെ സല്‍പ്പേരു പുന:സ്ഥാപിക്കപ്പെട്ടിരുന്നു. മരണശിക്ഷകിട്ടി വധിക്കപ്പെട്ട ആ രാഷ്ട്രീയ വ്യക്തിത്വം നിര്‍ദ്ദോഷിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ടതുമാണ്. അയാളുടെ നിരപരാധിത്വത്തെ ആരും സംശയിച്ചിരുന്നില്ല.
     “അതല്ല ഞാനുദ്ദേശിച്ചത്,” ഓള്‍ഗ പറഞ്ഞു. “ഞാനുദ്ദേശിച്ചത് നേരെ വിപരീതമാണ്.”
“എനിക്കു മനസ്സിലാകുന്നില്ല,” ജേക്കബ്ബ് പറഞ്ഞു.
     “അദ്ദേഹത്തോട് എന്തു ചെയ്യുവോ, അതു തന്നെ അദ്ദേഹം മറ്റുള്ളവരോടു ചെയ്തിരുന്നില്ലേ എന്നു ഞാന്‍ ആശങ്കപ്പെടുകയായിരുന്നു. അദ്ദേഹവും അദ്ദേഹത്തെ തൂക്കുമരത്തിലേക്കയച്ചവര്‍ക്കും തമ്മില്‍ തരിമ്പും വ്യത്യാസമുണ്ടായിരുന്നില്ല. അവരുടെ വിശ്വാസങ്ങള്‍ ഒന്നായിരുന്നു. അവരെല്ലാവരും കടുംപിടുത്തക്കാരായിരുന്നു. നേരിയ ഭിന്നതപോലും വിപ്ലവത്തെ മാരകമായ അപകടത്തിലാക്കുമെന്ന് ഉറച്ചു വിശ്വസിച്ചവരാണ് അവരെല്ലാവരും. എല്ലാവരെയും അവര്‍ സംശയിക്കുകയും ചെയ്തു. താന്‍ സ്വയം വിശ്വസിച്ച പരിശുദ്ധമായ കാര്യങ്ങളുടെ പേരില്‍ത്തന്നെയാണ് അദ്ദേഹത്തെ അവര്‍ മരണത്തിലേക്കയച്ചത്. അതുകൊണ്ട്, അവര്‍ അദ്ദേഹത്തോടു പെരുമാറിയ അതേരീതിയില്‍ത്തന്നെ അദ്ദേഹവും അവരോടു പെരുമാറിയിട്ടുണ്ടാവില്ലെന്നില്ലല്ലോ?”
     “വിചാരിക്കാത്തത്ര വേഗത്തിലാണ് കാലം പറക്കുന്നത്. ഭൂതകാലം കൂടുതല്‍ക്കൂടുതല്‍ ദുർഗ്രാഹ്യമാകുന്നു,” ഒരുനിമിഷം മടിച്ചശേഷം ജേക്കബ്ബ് പറഞ്ഞു. നിനക്കു നിന്‍റെ അച്ഛനെക്കുറിച്ചെന്തറിയാം, കുറച്ചു കത്തുകളും, കനിവു തോന്നി അവര്‍ തിരിച്ചുതന്ന അവന്‍റെ ഡയരിയിലെ കുറച്ചു താളുകളും, അവന്‍റെ സുഹൃത്തുക്കളുടെ സ്വല്‍പ്പം ഓര്‍മ്മകളുമല്ലാതെ?”
     പക്ഷെ, ഓള്‍ഗ വാശിപിടിച്ചു: “നിങ്ങളൊഴിഞ്ഞുമാറുന്നതെന്തിന്? ഞാന്‍ തീര്‍ത്തും വ്യക്തമായ ഒരു ചോദ്യമാണ് ചോദിച്ചത്. എന്‍റെ അച്ഛന്‍ അദ്ദേഹത്തെ മരണത്തിലേക്കയച്ചവരെപ്പോലെതന്നെയായിരുന്നോ?”
     “ആയിരിക്കാനിടയുണ്ട്,” ജേക്കബ്ബ് ചുമലു കുലുക്കിക്കൊണ്ടു പറഞ്ഞു. 
     “അങ്ങിനെയെങ്കില്‍, അതേ ക്രൂരതകള്‍ ചെയ്യാന്‍ അദ്ദേഹത്തിനും എന്തുകൊണ്ടു സാധിക്കുമായിരുന്നില്ലാ?”
     “താത്ത്വികമായി,” ജേക്കബ്ബ് വളരെ മെല്ലെ മറുപടിപറഞ്ഞു, “മറ്റുള്ളവര്‍ അദ്ദേഹത്തോടു ചെയ്തത്, താത്ത്വികമായി, അതുപോലെതന്നെ അദ്ദേഹത്തിന് അവരോടു ചെയ്യാന്‍ കഴിയുമായിരുന്നു. ആപേക്ഷികമായി ലാഘവത്വമുള്ള ഹൃദയത്തോടെ തന്‍റെ സഹജീവിയെ മരണത്തിലേക്കു പറഞ്ഞയക്കാന്‍ കഴിവില്ലാത്ത ഒരു മനുഷ്യനും ഈ ലോകത്തിലില്ല. എന്തായാലും, അത്തരമൊരുവനെ ഞാന്‍ കണ്ടിട്ടില്ല. ഇക്കാര്യത്തില്‍ മനുഷ്യരിലൊരു മാറ്റമുണ്ടായാല്‍, അവരിലുള്ള ഒരടിസ്ഥാന മാനുഷികഗുണം ഇല്ലാതാവും. അവര്‍ പിന്നെ മനുഷ്യരാവില്ല. മറ്റൊരു ജീവിവര്‍ഗ്ഗമാകും.”
     “ഗംഭീരമനുഷ്യന്മാരാണ് നിങ്ങള്‍!” ഒരായിരം ജേക്കബ്ബുമാരോടെന്നപോലെ ഓള്‍ഗ ഒച്ചവെച്ചു. “എല്ലാവരെയും ഘാതകരാക്കിയാല്‍, സ്വന്തം കൊലപാതകം അപരാധമല്ലതാകുമല്ലോ. അതുവെറും അനിവാര്യമായ മാനുഷികസ്വഭാവമാകുമല്ലോ.”
               “വീടിനും ജോലിക്കുമിടയില്‍ മിക്ക മനുഷ്യരും ഉള്ളിലൊരു സ്വപ്നലോകത്താണ് നീങ്ങുന്നത്,” ജേക്കബ്ബ് പറഞ്ഞു. “നന്മതിന്മകള്‍ക്കതീതമായ ഒരു സുരക്ഷിതസ്ഥലിയിലാണ് അവരുടെ ജീവിതം. ഒരു കൊലപാതകിയെ അവര്‍ കാണുന്നത് നിര്‍വ്യാജമായ ഭയത്തോടെയാണ്. എന്നാല്‍, സുരക്ഷിതമായ ഈ പ്രദേശത്തുനിന്നവരെ മാറ്റിയാല്‍മാത്രംമതി, അവര്‍ സ്വയം ഘാതകരായിമാറാന്‍; അതെങ്ങിനെ സംഭവിച്ചുവെന്നു അവര്‍പോലുമറിയില്ല. ചരിത്രഗതിയില്‍ അപൂര്‍വ്വമായിമാത്രം ഉരുത്തിരിയുന്ന പരീക്ഷകളും, പ്രലോഭനങ്ങളുമുണ്ട്. അവയെ തടുക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷെ, ഇതേക്കുറിച്ചു സംസാരിക്കുന്നത് തീര്‍ത്തും വൃഥാവിലാണ്. താത്ത്വികമായി നിന്‍റെ അച്ഛനു എന്തു ചെയ്യാന്‍ കഴിയുമായിരുന്നൂ എന്നതല്ല നിന്‍റെ കാര്യത്തില്‍ പ്രധാനം. കാരണം, അതു തെളിയിക്കാന്‍ ഒരു തരത്തിലും മാര്‍ഗ്ഗമില്ല. അവന്‍ യഥാര്‍ത്ഥത്തിലെന്തു ചെയ്തുവെന്നതും ചെയ്തില്ലെന്നതുമാണ് നീ കണക്കിലെടുക്കേണ്ടത്. ആ അര്‍ത്ഥത്തില്‍, അവന്‍റെ മന:സാക്ഷി ശുദ്ധമായിരുന്നു.”
“നിങ്ങള്‍ക്കതു പൂര്‍ണ്ണമായും ഉറപ്പുണ്ടോ”
“പൂര്‍ണ്ണമായും. എന്നെപ്പോലെ അവനെയറിഞ്ഞ മറ്റൊരാളില്ല.”
“നിങ്ങളില്‍നിന്നിതു കേട്ടതില്‍ സന്തോഷമുണ്ട്,” ഓള്‍ഗ പറഞ്ഞു. “കാരണം, ഞാനീ ചോദ്യം ചോദിച്ചത് വെറുതെയല്ല. കുറച്ചു കാലമായി എനിക്കു പേരുവെക്കാത്ത കത്തുകള്‍ വരുന്നു. ഒരു രക്തസാക്ഷിയുടെ മകളുടെ വേഷം ഞാന്‍ കെട്ടുന്നത് തെറ്റാണെന്നാണ് അവ പറയുന്നത്. കാരണം, എന്‍റെ അച്ഛന്‍, വധിക്കപ്പെടുന്നതിനു മുമ്പ്, നിഷ്ക്കളങ്കരായ മനുഷ്യരെ, ലോകത്തെക്കുറിച്ചുള്ള അവരുടെ ആശയം അദ്ദേഹത്തിന്‍റേതില്‍നിന്നു വ്യത്യസ്തമായിപ്പോയിയെന്ന കുറ്റംകൊണ്ടു മാത്രം, ജയിലിലേക്കയച്ചുവത്രേ.”
“അസംബന്ധം,” ജേക്കബ്ബ് പറഞ്ഞു.
“അലിവില്ലാത്ത കടുംപിടുത്തക്കാരനായും ക്രൂരനായുമാണ് ഈ കത്തുകള്‍ അദ്ദേഹത്തെ ചിത്രീകരിക്കുന്നത്. ശരിയാണ്, അവ വിഷം നിറഞ്ഞ ഊമക്കത്തുകളാണ്. പക്ഷെ, അവ പ്രാകൃതരെഴുതിയതല്ല. അവയില്‍ അതിശയോക്തിയില്ല. മൂര്‍ത്തവും കുറിക്കുകൊള്ളുന്നതുമാണ്. ഞാനവയില്‍ ഏറെക്കുറെ വിശ്വസിക്കുമെന്ന സ്ഥിതിയിലായിരുന്നു.”
“എപ്പോഴുമിത് പഴയ അതേ പ്രതികാരം തന്നെ,” ജേക്കബ്ബ് പറഞ്ഞു. “ഞാന്‍ നിന്നോടു ഒരു കാര്യം പറയാം. അവര്‍ നിന്‍റെ അച്ഛനെ അറസ്റ്റുചെയ്ത് ജയിലിലാക്കിയപ്പോള്‍, ഭീകരതയുടെ ആദ്യത്തെ ആവേശത്തില്‍ വിപ്ലവം ജയിലിലെത്തിച്ചവരെക്കൊണ്ട് അവിടം നിറഞ്ഞിരുന്നു. പ്രശസ്തനായ ഒരു കമ്മ്യൂണിസ്റ്റുകാരനായി അവനെ അവര്‍ തിരിച്ചറിഞ്ഞു. കിട്ടിയ ആദ്യത്തെ അവസരത്തില്‍ത്തന്നെ അവരവനെ ആക്രമിച്ചു; തല്ലി ബോധം കെടുത്തി. പാറാവുകാര്‍, പരവേദനയാസ്വദിച്ചുകൊണ്ടു, ചിരിച്ചു നോക്കിനിന്നു.”
“അറിയാം,” ഓള്‍ഗ പറഞ്ഞപ്പോഴാണ്, അവള്‍ പലകുറികേട്ട കഥയാണ് താന്‍ പറഞ്ഞതെന്ന് ജേക്കബ്ബ് മനസ്സിലാക്കിയത്. ഇക്കാര്യങ്ങള്‍ ഇനിയൊരിക്കലും പറയില്ലെന്ന് താന്‍ പണ്ടേ തീരുമാനിച്ചുറപ്പിച്ചതായിരുന്നു; പക്ഷെ, ഒരിക്കലുമതു വിജയിച്ചില്ലെന്നു മാത്രം. വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് അതോര്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ.
“അറിയാം,” ഓള്‍ഗ ആവര്‍ത്തിച്ചു, “ എനിക്കതില്‍ അത്ഭുതമില്ല. വിചാരണയില്ലാതെ ജയിലിലടക്കപ്പെട്ടവരായിരുന്നല്ലോ തടവുകാര്‍. പലപ്പോഴും, ഒരു കാരണവുമില്ലാതെ. അപ്പോഴാണല്ലോ, ഇതിനൊക്കെ ഉത്തരവാദിയെന്ന് അവര്‍ കരുതുന്ന മനുഷ്യരിലൊരുവനെ അവര്‍ക്കു നേരിട്ടു കിട്ടുന്നത്!”
“ജയില്‍യൂണിഫോറം അണിഞ്ഞ നിമിഷം മുതല്‍ നിന്‍റെ അച്ഛനും തടവുകാരില്‍ ഒരാള്‍ മാത്രമായി. അപ്പോളവനെ ആക്രമിക്കുന്നതില്‍ യാതൊരൌചിത്യവുമില്ലായിരുന്നു; പ്രത്യേകിച്ച്, പാറാവുകാരുടെ അലംഭാവമുള്ള കണ്ണുകള്‍ക്കു കീഴെ. ഭീരുത്വമാര്‍ന്ന പ്രതികാരം മാത്രമായിരുന്നു അത്. രക്ഷയില്ലാത്ത ഒരിരയെ ചവിട്ടിത്തേക്കുവാനുള്ള ക്രൂരമായ ആഗ്രഹം. അത്തരം പ്രതികാരത്തിന്‍റെ ഫലം തന്നെയാണ് നിനക്കു കിട്ടിയ കത്തുകളും. കാലത്തേക്കാള്‍ ശക്തമാണീ പ്രതികാരവാഞ്ഛയെന്ന്‍  ഞാനിപ്പോള്‍ മനസ്സിലാക്കുന്നു.”
“പക്ഷെ, ജേക്കബ്ബ്! നൂറായിരം പേരാണ് ജയിലിലടക്കപ്പെട്ടത്‌! അതിലായിരങ്ങള്‍ തിരിച്ചു വന്നതുമില്ല! എന്നാലോ, ഉത്തരവാദികളായ ഒരൊറ്റയാളും ശിക്ഷിക്കപ്പെട്ടതുമില്ല! നീതിക്കുവേണ്ടിയുള്ള തൃപ്തമാകാത്ത ആഗ്രഹം മാത്രമാണ് സത്യത്തിലീ പ്രതികാരവാഞ്ഛ!”
“മകളിലൂടെ അച്ഛനോടു പ്രതികാരം നിര്‍വ്വഹിക്കുന്നതിനു നീതിയുമായൊരു ബന്ധവുമില്ല. അച്ഛന്‍ കാരണം നിനക്കു വീടു നഷ്ടപ്പെട്ടുവെന്നു നീ ഓര്‍ക്കണം. സ്വദേശം വിടാന്‍ നീ നിര്‍ബന്ധിതയായി. യൂണിവേഴ്സിറ്റിയില്‍ പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. നാമമാത്രമായി നിനക്കറിയാവുന്ന മരിച്ചുപോയ അച്ഛന്‍ കാരണം! ഇനി, നിന്‍റെ അച്ഛന്‍റെ പേരില്‍ നീ പീഡിപ്പിക്കപ്പെടുകയും വേണോ? എന്‍റെ ജീവിതത്തിലെ ഖേദതമമായ കണ്ടെത്തല്‍ പറയട്ടെ: പീഡിതര്‍ പീഡകരെക്കാള്‍ ഒട്ടും ഭേദമല്ല. ഈ രണ്ടു വ്യക്തിത്വങ്ങളും നേരെ വിപരീത ദിശകളിലാകുന്നതും എനിക്കെളുപ്പം ഊഹിക്കാനാകും. നിന്‍റെ അച്ഛന്‍റെ ഉത്തരവാദിത്തം, മനുഷ്യനെങ്ങിനെയോ അവനെ അങ്ങിനെയാക്കിയ, സ്രഷ്ടാവിന്‍റെ ചുമലിലേക്കു മാറ്റാനുള്ള ആഗ്രഹമായിരിക്കും ഈ വാദത്തില്‍ നീ കണ്ടേക്കുക. ഒരുപക്ഷെ, കാര്യങ്ങള്‍ അങ്ങിനെ കാണുന്നതായിരിക്കും നിനക്കു നല്ലത്. കാരണം, കുറ്റവാളികളും അവരുടെ ഇരകളും തമ്മില്‍ ഭേദമില്ലെന്ന നിഗമനത്തിലെത്തുകയെന്നാല്‍, എല്ലാ പ്രതീക്ഷകളും ഉപേക്ഷിക്കുകയെന്നാണ്. അതിന്‍റെ പേരാണ് കുട്ടീ, നരകം.”  


5. ഫ്രാന്‍റിസെൿ

റൂസേനയുടെ രണ്ടു സഹപ്രവര്‍ത്തകകളും അക്ഷമയില്‍ ഉരുകുകയായിരുന്നു. ക്ലീമയുമായുള്ള തലേനാളത്തെ കൂടിക്കാഴ്ച്ച എങ്ങിനെയുണ്ടായിരുന്നുവെന്ന്‍ അവര്‍ക്കറിയേണ്ടതുണ്ട്. പക്ഷെ, അവരുടെ ജോലി ഉഷ്ണാലയത്തിന്‍റെ മറ്റെ അറ്റത്തായിരുന്നു. മൂന്നുമണികഴിഞ്ഞാലേ അവര്‍ക്കു ചങ്ങാതിയെ സമീപിച്ചു  ചോദ്യങ്ങള്‍കൊണ്ടു വീര്‍പ്പുമുട്ടിക്കാനാകൂ.
     ഉത്തരം പറയാന്‍ റൂസേന മടികാട്ടി. ഒടുവില്‍, മടിച്ചുമടിച്ചു പറഞ്ഞു: “അവനെന്നെ സ്നേഹിക്കുന്നുവെന്നു പറഞ്ഞു; കല്യാണം കഴിക്കുമെന്നും.”
     “കണ്ടില്ലേ! ഞാന്‍ നിന്നോടു പറഞ്ഞതല്ലേ!” കൃശഗാത്രി പറഞ്ഞു. “അവന്‍ വിവാഹമോചനത്തിനു ശ്രമിക്കുന്നുണ്ടോ?”
 “ഉവ്വെന്നാണ് പറഞ്ഞത്.”
 “അവനതു ചെയ്യേണ്ടിവരും,” ഉല്ലാസത്തോടെ നാല്‍പ്പതുകാരി പറഞ്ഞു. “എന്തായാലും ഒരു കുഞ്ഞു കുഞ്ഞു തന്നെ. അവന്‍റെ ഭാര്യക്കോ, ഒന്നില്ല താനും.”
     ഇപ്പോള്‍ റൂസേനക്കു സത്യം തുറന്നു പറയേണ്ടി വന്നു. “എന്നെ പ്രാഗിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞു. അവിടെ എനിക്കവന്‍ ഒരു ജോലി കണ്ടെത്തും. ഇറ്റലിക്കൊരു ഉല്ലാസയാത്ര പോകാമെന്നും പറഞ്ഞു. പക്ഷെ, ഇപ്പോള്‍, അവനൊരു കുഞ്ഞു വേണമെന്നില്ല. അവന്‍റെ ഭാഗവും ശരിയാണ്. ആദ്യത്തെ വര്‍ഷങ്ങളല്ലേ ഏറ്റവും മനോഹരമായിട്ടുള്ളത്. ഒരു കുഞ്ഞുണ്ടായാല്‍, ഞങ്ങള്‍ക്കു പരസ്പരം ഏറെ ആസ്വദിക്കാന്‍ പറ്റില്ലല്ലോ.”
     നാല്‍പ്പതുകാരി ഞെട്ടി: “നീ ഗര്‍ഭം കലക്കാന്‍ പോവുകയാണോ?”
     റൂസേന തലകുലുക്കി.
     “നിനക്കു കിറുക്കാണ്!” മെലിഞ്ഞവള്‍ ഒച്ചവെച്ചു.
     “അവന്‍ നിന്നെ വിരലില്‍ ചുറ്റിക്കഴിഞ്ഞു,” നാല്‍പ്പതുകാരി പറഞ്ഞു. “കുട്ടിയെ കളയേണ്ട താമസം അവന്‍ നിന്നെ പറഞ്ഞയക്കും.”
     “എന്തിന്?”
     “നീ വാതുവെക്കാനുണ്ടോ?”
     “അവനെന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും?”
     “അവന്‍ നിന്നെ സ്നേഹിക്കുന്നുണ്ടെന്നു നിനക്കെങ്ങിനെ അറിയാം?” നാല്‍പ്പതുകാരി പറഞ്ഞു.
     “ഉണ്ടെന്ന് അവന്‍ പറഞ്ഞല്ലോ!”
     “അപ്പൊ, രണ്ടു മാസമായി നിനക്കവന്‍റെ ഒരു വിവരവുമില്ലാതിരുന്നതെന്തുകൊണ്ട്?”
     “അവനു സ്നേഹം ഭയമായിരുന്നു,” റൂസേന പറഞ്ഞു.
     “എന്ത്?”
     “ഞാനെങ്ങിനെ നിങ്ങളെപ്പറഞ്ഞു മനസ്സിലാക്കും? ഞാനുമായി പ്രേമത്തിലാകുന്നത് അവനു പേടിയായിരുന്നു.”
     “അതുകൊണ്ടാ അവന്‍ ജീവിച്ചിരിക്കുന്നതിന്‍റെ യാതൊരു ലക്ഷണവും കാണിക്കാതിരുന്നത്?”
     “അവന്‍ സ്വയം പരീക്ഷിക്കുകയായിരുന്നത്രേ. എന്നെ മറക്കാന്‍പറ്റില്ലെന്ന് അവനുറപ്പാക്കേണ്ടിയിരുന്നു. അതു മനസ്സിലാക്കാവുന്നതേയുള്ളൂ, അല്ലേ?”
     “അതു ശരി,” നാല്‍പ്പതുകാരി പറഞ്ഞു. “നിനക്കവന്‍ വയറ്റിലുണ്ടാക്കിയെന്നറിഞ്ഞപ്പോ, നിന്നെ മറക്കാന്‍പറ്റില്ലെന്നവനു പെട്ടെന്നു ബുദ്ധിയുണ്ടായി.”
     “ഞാന്‍ ഗര്‍ഭിണിയായതില്‍ സന്തോഷമുണ്ടെന്നവന്‍ പറഞ്ഞു. കുട്ടികാരണമല്ല, ഫോണ്‍ചെയ്തതു കൊണ്ട്. അതവനെ എന്നെയവന്‍ സ്നേഹിക്കുന്നുണ്ടെന്ന്‍ ഓര്‍മ്മപ്പെടുത്തി.”
     “കര്‍ത്താവേ! നീയെന്തൊരു മണ്ടിയാണ്!” കൃശഗാത്രി വിസ്മയിച്ചു.
     “ഞാന്‍ മണ്ടിയായത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല.”
     “എടീ, നിനക്കാകെയുള്ളത് ഈ കുഞ്ഞാണ്,” നാല്‍പ്പതുകാരി പറഞ്ഞു. “കുഞ്ഞിനെക്കളഞ്ഞാല്‍, നിനക്കു പിന്നെയൊന്നുമില്ല. അപ്പോളവന്‍ നിന്‍റെ മുഖത്തു തുപ്പും.”
     “കുഞ്ഞിന്‍റെ പേരിലല്ലാതെ, എന്‍റെ പേരില്‍ അവനെന്നെ ഇഷ്ടപ്പെടുകയാണ് എനിക്കു വേണ്ടത്.”
     “നീ ആരാണെന്നാ നിന്‍റെ വിചാരം? നിന്‍റെ പേരില്‍മാത്രം അവനെന്തിനു നിന്നെ ഇഷ്ടപ്പെടണം?”
     ഇക്കാര്യം അവര്‍ ആവേശത്തോടെ ഒരുപാടുനേരം ചര്‍ച്ചചെയ്തു. അവളുടെ കയ്യിലുള്ള ഒരേയൊരു തുറുപ്പുശീട്ട് കുഞ്ഞാണെന്നും, അതുപേക്ഷിക്കരുതെന്നും റൂസേനയോട് അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
     “ഞാനാണെങ്കില്‍ ഒരിക്കലും അബോര്‍ഷന്‍ ചെയ്യില്ല. നിന്നോടു ഞാന്‍ പറഞ്ഞേക്കാം. ഒരിക്കലും, മനസ്സിലായോ? ഒരിക്കലും,” കൃശശരീരി പ്രഖ്യാപിച്ചു.
     റൂസേനക്കു പെട്ടെന്ന്‍ താനൊരു കൊച്ചുകുട്ടിയാണെന്നു തോന്നി. അവള്‍ പറഞ്ഞു (ജീവിക്കുവാനുള്ള ത്വര തലേനാള്‍ ക്ലീമക്കു തിരിച്ചുനല്‍കിയ അതേ വാക്കുകള്‍): അപ്പൊ, ഞാനെന്തു ചെയ്യണമെന്നു പറയൂ.”
     “വഴങ്ങിക്കൊടുക്കരുത്,” നാല്‍പ്പതുകാരി പറഞ്ഞു. അവളൊരു വലിപ്പു തുറന്ന്‍ റ്റാബ്ലറ്റുകളുടെ ഒരു റ്റ്യൂബെടുത്തു.  “ഇതാ, ഇതിലൊന്ന് കഴിക്ക്! നീയാകെ തളര്‍ന്നിട്ടുണ്ട്. ഇതു നിനക്കാശ്വാസം തരും.”
     റൂസേന റ്റാബ്ലറ്റ് വായിലിട്ടിറക്കി.
     “ആ റ്റ്യൂബ് വെച്ചോ. ദിവസം മൂന്നുപ്രാവശ്യം. ശാന്തമാകണമെന്നു തോന്നുമ്പോള്‍ മാത്രം. മനസ്സു വിഷമിച്ചിരിക്കുമ്പോള്‍ നീയോരോ വിഡ്ഢിത്തം കാട്ടിക്കൂട്ടും. വഴുക്കിവഴുതിപ്പോകുന്ന ഒരു കക്ഷിയാണവന്‍. ഇതവന് ആദ്യത്തെത്തവണയൊന്നുമല്ല! പക്ഷെ, ഇത്തവണ അവന് അത്ര എളുപ്പത്തില്‍ ഊരിപ്പോകാന്‍ പറ്റില്ല!”
     ഒരിക്കല്‍ക്കൂടി അവള്‍ക്കെന്തു ചെയ്യണമെന്നു പിടിയില്ലാതായി. ഒരല്‍പ്പംമുമ്പുവരെ ഒരു തീരുമാനത്തിലെത്തിയതായി അവള്‍ക്കു തോന്നിയതായിരുന്നു. പക്ഷെ, ഇപ്പോള്‍, കൂട്ടുജോലിക്കാരികളുടെ വാദങ്ങള്‍ യുക്തിയുള്ളതാണെന്ന്‍ അവള്‍ക്കനുഭവപ്പെട്ടു. അവള്‍ വീണ്ടും അസ്വസ്ഥയായി. അനിശ്ചിതാവസ്ഥയില്‍, അവള്‍ കോണിപ്പടികളിറങ്ങി.
     കെട്ടിടത്തിലെ പ്രവേശനശാലയില്‍ പ്രക്ഷുബ്ധനും, മുഖം തുടുത്തവനുമായ ഒരു യുവാവ് അവള്‍ക്കു നേരെ കുതിച്ചു.
     “എന്നെക്കാത്ത് ഒരിക്കലും ഇവിടെ നില്‍ക്കരുതെന്ന് ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ളതല്ലേ,” ദ്വേഷത്തോടെ അവനെ നോക്കി അവള്‍ പറഞ്ഞു. “ഇന്നലത്തെ സംഭവത്തിനുശേഷം നിനക്കതിനുള്ള കരളുറപ്പുണ്ടായത് എനിക്കു വിശ്വസിക്കാനാവുന്നില്ല!”
     “ദേഷ്യപ്പെടാതെ, പ്ലീസ്!” ഗതിയറ്റ സ്വരത്തില്‍ ആയ യുവാവ് ഉച്ചത്തില്‍ പറഞ്ഞു.
     “ശ്ശ്!” അവള്‍ അലറി. “കഴിഞ്ഞതൊന്നും പോരാഞ്ഞ് ഇനി ഇവിടെയൊരു സീനുണ്ടാക്കണ്ട,” അവള്‍ പോകാനായി തുനിഞ്ഞു.
     “ഞാന്‍ സീനുണ്ടാക്കേണ്ടെങ്കില്‍, നീ അങ്ങിനെയങ്ങ് പോകരുത്!” 
     അവള്‍ക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. പ്രവേശനശാലയിലൂടെ രോഗികള്‍ വന്നും പോയുമിരിക്കുന്നു. വെള്ളക്കുപ്പായമിട്ട സ്റ്റാഫും കടന്നുപോകുന്നുണ്ട്. ശ്രദ്ധയാകര്‍ഷിക്കുന്നത് അവള്‍ ഇഷ്ടപ്പെട്ടില്ല. അതിനാല്‍, അവള്‍ അവിടെത്തന്നെ തങ്ങി. സഹജമായിരിക്കാന്‍ ശ്രമിച്ചു: “ശരി, നിനക്കെന്തു വേണം?” സ്വരമടക്കി അവള്‍ പറഞ്ഞു.
     “ഒന്നും വേണ്ട. നീ എന്നെ മാപ്പാക്കിയാല്‍മാത്രം മതി. ഞാന്‍ ചെയ്തതോര്‍ത്ത് എനിക്കു ശരിക്കും ഖേദമുണ്ട്. പക്ഷെ, എനിക്കും നിനക്കുമിടയിലൊന്നുമില്ലെന്നു നീ ആണയിട്ടു പറയണം.”
     “നമുക്കിടയിലൊന്നുമില്ലെന്ന്‍ ഞാന്‍ നേരത്തേ പറഞ്ഞതാണല്ലോ.”
     “എങ്കിലാണയിട്!”
     “ബാലിശമാകാതെ. അത്തരം മണ്ടത്തരങ്ങളൊന്നും ഞാന്‍ ആണയിടാറില്ല.”
     “അപ്പോള്‍ നിങ്ങള്‍ക്കിടയിലെന്തോ നടന്നിട്ടുണ്ട്.”
     “ഇല്ലെന്നു ഞാന്‍ പറഞ്ഞതാണ്. നിനക്കെന്നെ വിശ്വാസമില്ലെങ്കില്‍, പിന്നെ നമുക്കു സംസാരിക്കാനൊന്നുമില്ല. അയാള്‍ വെറുമൊരു സുഹൃത്താണ്. സുഹൃത്തുക്കളുണ്ടാകാനുള്ള അവകാശമില്ലേ എനിക്ക്? ഞാന്‍ അയാളെ ബഹുമാനിക്കുന്നു. അയാള്‍ എന്‍റെ സുഹൃത്തായത് എനിക്കു സന്തോഷം തരുന്നു.”
     “എനിക്കു മനസ്സിലാക്കാം. ഞാന്‍ നിന്നെ കുറ്റപ്പെടുത്തുന്നില്ല,” യുവാവു പറഞ്ഞു.   
     “അയാള്‍ നാളെയിവിടെ ഒരു കച്ചേരി നടത്തുന്നുണ്ട്. നീ എന്നെ ഒളിഞ്ഞുനിന്നു നിരീക്ഷിക്കില്ലെന്നു കരുതിക്കോട്ടെ.”
     “നിങ്ങള്‍ക്കിടയില്‍ യാതൊന്നുമില്ലെന്നു നീ വാക്കുതന്നാല്‍.”
     “അത്തരം കാര്യങ്ങള്‍ക്കു വാക്കുതന്ന് സ്വയം താഴാന്‍ ഞാനില്ലെന്നു നേരത്തേ പറഞ്ഞതാണ്. പക്ഷെ, ഒരു തവണ കൂടി നീ എന്നെ രഹസ്യമായി പിന്തുടര്‍ന്നാല്‍, പിന്നെ നീ ജീവിച്ചിരിക്കുംവരെ എന്നെ കാണില്ലെന്നു നിനക്കു ഞാന്‍ വാക്കു തരുന്നു.”
     “റൂസേനാ, അതു ഞാന്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ടാണ്,” യുവാവ് അസന്തുഷ്ടിയോടെ പറഞ്ഞു.
     “എനിക്കും സ്നേഹമുണ്ട്,” റൂസേന പരുക്കനായി പറഞ്ഞു. “പക്ഷെ, നിന്‍റെ പേരില്‍ ഞാന്‍ ഹൈവേയില്‍ സീനുണ്ടാക്കുന്നില്ലല്ലോ.”
     “അതു നീയെന്നെ സ്നേഹിക്കാത്തതുകൊണ്ടല്ലേ. ഞാന്‍ നിനക്കു നാണക്കേടാണ്.”
     “വിവരക്കേടു പറയാതെ!”
     “നീയൊരിക്കലും എന്‍റെ കൂടെ പുറത്തിറങ്ങാറില്ല. എനിക്കൊപ്പം മറ്റുള്ളവര്‍ നിന്നെ കാണുന്നത് നീ ഇഷ്ടപ്പെടുന്നില്ല. . .”
     “ശ്ശ്!” അവന്‍റെ ഒച്ച പോങ്ങിയതിനാല്‍ അവള്‍ ആവര്‍ത്തിച്ചു. “എന്‍റെ അച്ഛന്‍ എന്നെക്കൊല്ലും. എന്‍റെ മേലെപ്പോഴും അദ്ദേഹത്തിന്‍റെ ഒരു കണ്ണുണ്ടെന്നു ഞാന്‍ പറഞ്ഞതല്ലേ. ഇപ്പൊ, ദേഷ്യപ്പെടാതിരിക്കൂ. എനിക്കു ശരിക്കും പോയേപറ്റൂ.”
     യുവാവ് അവളുടെ കൈ കടന്നുപിടിച്ചു: “ഇപ്പൊഴേ പോകല്ലേ.”
     അശരണയായി റൂസേന മച്ചിലേക്കു കണ്ണുകളുയര്‍ത്തി.
     യുവാവു പറഞ്ഞു: “നമ്മുടെ വിവാഹം നടന്നാല്‍, എല്ലാം മാറും. അപ്പൊ, അവനൊന്നും പറയാനാവില്ല. നമുക്കൊരു കുട്ടിയുണ്ടാകും.”
     “എനിക്കൊരു കുട്ടിയും വേണ്ട,” പരുഷമായി റൂസേന പറഞ്ഞു. “കുട്ടിയുണ്ടാകുന്നതിലും ഭേദം ഞാന്‍ സ്വയം കൊല്ലുകയാണ്!”
     “എന്തിന്?”
     “എനിക്കു കുട്ടിവേണ്ട. അത്രതന്നെ.”
     “റൂസേനാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു,” ചെറുപ്പക്കാരന്‍ വീണ്ടും പറഞ്ഞു.
     അതിനു റൂസേന പ്രതികരിച്ചു: “അതുകൊണ്ടാണ്‌  നീയെന്നെ ആത്മഹത്യയിലേക്കു തള്ളിവിടുന്നത്, അല്ലെ?”
     “ആത്മഹത്യയോ?” അമ്പരന്ന്‍, അവന്‍ ചോദിച്ചു.
     “ഉവ്വ്! ആത്മഹത്യ!”
     “റൂസേനാ!” ചെറുപ്പക്കാരന്‍ പറഞ്ഞു.
     “നീയെന്നെ അതിലേക്കു തള്ളിവിടും, ഉറപ്പ്! നീ തീര്‍ച്ചയായും എന്നെ അതിലേക്കു തള്ളിവിടും!”
     “എനിക്കു നിന്നെ ഇന്നു വൈകുന്നേരം കാണാന്‍ പറ്റുമോ?” എളിമയോടെ അവന്‍ ചോദിച്ചു.
     “ഇല്ല, ഈ വൈകുന്നേരം പറ്റില്ല,” റൂസേന പറഞ്ഞു. പിന്നെ, അവനെ ശാന്തനാക്കേണ്ടതുണ്ടെന്നു മനസ്സിലാക്കി, അനുരഞ്ജനസ്വരത്തില്‍ പറഞ്ഞു: “നിനക്കെന്നെ ഇവിടേക്ക് ഫോണ്‍ചെയ്യാം ഫ്രാന്‍റിസെക്. പക്ഷെ, തിങ്കളാഴ്ച്ചക്കു മുമ്പല്ല.” അവള്‍ പോകാന്‍ തിരിഞ്ഞു.
     “നില്‍ക്കൂ,” യുവാവു പറഞ്ഞു. “നീ എനിക്കു മാപ്പുനല്‍കുന്നതിനുവേണ്ടി ഞാനൊരു കാര്യം കൊണ്ടുവന്നിട്ടുണ്ട്,” അവന്‍ അവള്‍ക്കു നേരെ ഒരു കെട്ടു നീട്ടി.
     അവളതു വാങ്ങി. വേഗം പുറത്തേക്കു പോയി.


6. ഗുളിക

“ഡോ. സ്ക്രേറ്റ ശരിക്കുമൊരു കിറുക്കനാണോ, അതോ നാട്യമാണോ?” ഓള്‍ഗ ജേക്കബ്ബിനോടു ചോദിച്ചു.
     “അയാളെ പരിചയപ്പെട്ട അന്നു മുതല്‍ ഞാനും എന്നോടു ഇതു തന്നെയാണ് ചോദിക്കുന്നത്,” ജേക്കബ്ബ് ഉത്തരം പറഞ്ഞു.
     “കിറുക്കന്മാര്‍ക്ക് ജീവിതം എളുപ്പമാകും, അവരുടെ കിറുക്ക്‌ മറ്റുള്ളവരെക്കൊണ്ടു ആദരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചാല്‍,” ഓള്‍ഗ പറഞ്ഞു. “വിശ്വാസം വരാത്തവണ്ണം മറവിക്കാരനാണ് ഡോ. സ്ക്രേറ്റ. സംഭാഷണത്തിനിടക്ക് താനെന്താണ്‌ പറയുന്നതെന്ന്‍ അദ്ദേഹം മറക്കും. ചിലപ്പോള്‍ അദ്ദേഹം വഴിവക്കില്‍ ആരോടെങ്കിലും സംസാരിച്ചു നില്‍ക്കും. പിന്നെ രണ്ടുമണിക്കൂര്‍ വൈകിയാകും ആപ്പീസിലെത്തുക. പക്ഷെ, ആരും അദ്ദേഹത്തിനെതിരെ തിരിയില്ല. കാരണം, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു കിറുക്കനാണദ്ദേഹം. അദ്ദേഹത്തിന്‍റെ കിറുക്കിനുള്ള അവകാശം പ്രാകൃതന്മാര്‍ മാത്രമേ ചോദ്യം ചെയ്യുള്ളൂ.”
     “കിറുക്കനോ, അല്ലയോ, അയാള്‍ നിന്നെ നന്നായി നോക്കുന്നുണ്ടെന്നാണ് എന്‍റെ വിശ്വാസം.”
     “ആയിരിക്കാം. ഒരു പാടു മറ്റു പ്രധാനപ്പെട്ട പദ്ധതികള്‍ക്കു  സ്വയം സമര്‍പ്പിക്കുന്നതിനു തടസ്സമാകുന്ന ഒരു രണ്ടാംതരം ജോലിയാണ് അദ്ദേഹത്തിനു രോഗചികിത്സയെന്നാണ് ഇവിടെയെല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത്. ഉദാഹരണത്തിന്, നാളെ അദ്ദേഹം ഡ്രം വായിക്കാന്‍ പോകുന്നു.”
     “ഒരു നിമിഷം,” ജേക്കബ്ബ് ഇടപെട്ടു. “അതു ശരിക്കുമുള്ളതാണോ?”
     “നേരായും! പ്രശസ്തനായ കുഴലൂത്തുകാരന്‍ ക്ലീമ നാളെയിവിടെ കച്ചേരി നടത്തുമെന്നും ഡോ. സ്ക്രേറ്റ ഡ്രം വായിക്കുമെന്നും അറിയിക്കുന്ന പോസ്റ്ററുകളെക്കൊണ്ട് സ്പാ മൊത്തം നിറഞ്ഞിരിക്കുകയാണ്.”
     “അവിശ്വസനീയം,” ജേക്കബ്ബ് പറഞ്ഞു. സ്ക്രേറ്റക്കു ഡ്രം വായിക്കാനുള്ള ഉദ്ദേശ്യമുണ്ടെന്നു കേട്ടിട്ട് എനിക്കത്ഭുതമൊന്നുമില്ല. ഞാനറിഞ്ഞവരില്‍വെച്ച് ഏറ്റവും വലിയ സ്വപ്നജീവിയാണ് സ്ക്രേറ്റ. പക്ഷെ, അയാളുടെ ഒരു സ്വപ്നവും സഫലമാകുന്നത് ഞാന്‍ കണ്ടിട്ടില്ല. യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. സ്ക്രേറ്റക്ക് കാര്യമായ കാശൊന്നുമുണ്ടായിരുന്നില്ല. അയാള്‍ എപ്പോഴും പാപ്പരായിരുന്നു. അതിനാല്‍, എപ്പോഴും പണമുണ്ടാക്കുനുള്ള പദ്ധതികള്‍ മെനഞ്ഞുകൊണ്ടിരിക്കും. ഒരിക്കല്‍ അയാള്‍ ഒരു വെല്‍ഷ് പെണ്‍വേട്ടപ്പട്ടിയെ കൈക്കലാക്കാന്‍ തീരുമാനിച്ചു. ആ ജനുസ്സില്‍പ്പെട്ട പട്ടിക്കുട്ടികള്‍ക്ക് ഓരോന്നിനും നാലായിരം ക്രൌണ്‍ വരെ കിട്ടുമെന്ന് ആരോ പറഞ്ഞതാണ് കാരണം. അയാള്‍ വേഗം കണക്കുകൂട്ടി. കൊല്ലത്തില്‍ പട്ടി രണ്ടുതവണ പെറും. ഓരോ പ്രസവത്തിലും അഞ്ചു വീതം കുട്ടികള്‍. ഇരഞ്ചു പത്ത്. പത്തു ഗുണം നാലായിരം, നാല്‍പ്പതിനായിരം. ഒരു കൊല്ലത്തില്‍. അയാളെല്ലാം ആലോചിച്ചിരുന്നു. ഒരു പാടു കഷ്ടപ്പെട്ട് യൂണിവേഴ്സിറ്റിയിലെ ഭോജനശാലയുടെ മാനേജരുടെ സഹായം അയാള്‍ നേടി. ദിവസവും ബാക്കിയാകുന്ന ഭക്ഷണം പട്ടിക്കു കൊടുക്കാമെന്നു അയാളേറ്റു. പട്ടിയെ നിത്യം നടത്തിക്കാന്‍കൊണ്ടുപോകാമെന്നു വാക്കുകൊടുത്ത രണ്ടു സ്ത്രീവിദ്യാര്‍ത്ഥികള്‍ക്കു സ്ക്രേറ്റ ടേം പേപ്പറുകള്‍ എഴുതിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോര്‍മിറ്ററിയില്‍ പട്ടികളെ അനുവദിക്കില്ലായിരുന്നു. അതിനാല്‍, അയാള്‍ ആഴ്ച്ചതോറും ഹൌസ്മദറിന് പനിനീര്‍പ്പൂക്കുലകള്‍ കൊണ്ടുക്കൊടുക്കുമായിരുന്നു; അയാളുടെ പട്ടിയുടെ കാര്യത്തില്‍ ഒരിളവ്‌ അനുവദിക്കുന്നതുവരെ. തന്‍റെ പെണ്‍പട്ടിക്കുവേണ്ടി സൌകര്യങ്ങളൊരുക്കാന്‍ അയാള്‍ രണ്ടു മാസങ്ങളാണ് ചെലവഴിച്ചത്. പക്ഷെ, അയാള്‍ക്കൊരിക്കലും അതിനെക്കിട്ടില്ലെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. അതിനെ വാങ്ങാന്‍ നാലായിരം ക്രൌണ്‍ വേണ്ടിയിരുന്നു. അയാള്‍ക്കതു കടംകൊടുക്കാന്‍ ആരും തയ്യാറായില്ല. ആരും അയാളെ ഗൌനിച്ചില്ല. എല്ലാവരും അയാളെ സ്വപ്നജീവിയായിക്കരുതി, തീര്‍ച്ചയായും സൂത്രശാലിയും സാഹസികനുമായ ഒരു സ്വപ്നജീവിയായി.”
     “വളരെ മനോഹരമായിരിക്കുന്നു. എങ്കിലും, നിങ്ങള്‍ക്കദ്ദേഹത്തോടുള്ള വിചിത്രമായ മമത എനിക്കു മനസ്സിലാകുന്നില്ല. അദ്ദേഹത്തെ വിശ്വസിക്കാന്‍പറ്റില്ല. കൃത്യസമയത്ത് വരാന്‍ അദ്ദേഹത്തിനു കഴിയില്ല. തലേന്നു തന്ന വാക്കെന്താണെന്ന് പിറ്റേന്നു അദ്ദേഹം മറക്കും.”
     “അതു മുഴുവനും ശരിയല്ല. ഒരിക്കല്‍ അയാള്‍ എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്. സത്യത്തില്‍, അത്രക്കെന്നെ ആരും സഹായിച്ചിട്ടില്ല.”
     ജേക്കബ്ബ് തന്‍റെ ജാക്കറ്റിന്‍റെ കീശയില്‍ കൈകടത്തി. മടക്കിവെച്ച ഒരു റ്റിഷ്യൂ പേപ്പര്‍ പുറത്തെടുത്തു. അതു തുറന്ന് ഇളംനീല നിറമുള്ള ഒരു റ്റാബ്ലെറ്റ് വെളിക്കുകാട്ടി.
     “എന്താണിത്?” ഓള്‍ഗ ചോദിച്ചു.
     “വിഷം.”
     ജേക്കബ്ബ് ഒരു നിമിഷം ആ യുവതിയുടെ ചോദ്യരൂപേണയുള്ള മൌനം ആസ്വദിച്ചു. പിന്നെ തുടര്‍ന്നു: “പതിനഞ്ചു കൊല്ലത്തിലധികമായി എന്‍റെ കയ്യിലീ റ്റാബ്ലറ്റ്. ജയിലിലെ എന്‍റെ ഒരു വര്‍ഷത്തിനു ശേഷം ഒരു കാര്യം എനിക്കു മനസ്സിലായി. ഒരു കാര്യമെങ്കിലും നമുക്ക് സുനിശ്ചിതമായതായിട്ടുണ്ടാകണം: സ്വന്തം മരണം. അതു നമ്മുടെതന്നെ  നിയന്ത്രണത്തിലുണ്ടാകണം. അതിന്‍റെ സമയവും രീതിയും തീരുമാനിക്കുവാനുള്ള പ്രാപ്തിയും നമുക്കുണ്ടാകണം. ആ ഒരുറപ്പുണ്ടെങ്കില്‍ ഒരുപാടു സംഗതികള്‍ നമുക്കു സഹിക്കാന്‍ പറ്റും. ആളുകളില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും മുക്തി നേടാനാകും.”
     “ഈ റ്റാബ്ലറ്റ് ജയിലില്‍ നിങ്ങളുടെ കയ്യിലുണ്ടായിരുന്നോ?”
     “നിര്‍ഭാഗ്യവശാല്‍, ഇല്ല! പക്ഷെ, പുറത്തുവന്നയുടന്‍ എനിക്കിതു കിട്ടി.”
     “എപ്പോഴാണ് ഇതു വേണ്ടായെന്നു തോന്നിയത്?”
     “ഈ നാട്ടില്‍ ഇതുപോലൊന്ന് എപ്പോള്‍ വേണ്ടിവരുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. മാത്രമല്ല, എനിക്കിതു താത്ത്വികമായ കാര്യമായിരുന്നു. പക്വതയെത്തുന്ന പ്രായത്തില്‍ എല്ലാവര്‍ക്കും ഒരു വിഷഗുളിക കൊടുക്കേണ്ടതാണ്. ആ അവസരത്തില്‍ ഔപചാരികമായ ഒരു ചടങ്ങും വേണം. ആത്മഹത്യക്ക് പ്രേരിപ്പിക്കാനല്ല, മറിച്ച്, കൂടുതല്‍ ശാന്തമായും സുരക്ഷിതമായും ജീവിക്കുവാനായി. സ്വന്തം ജീവിതവും മരണവും സ്വന്തം കയ്യിലാണെന്ന ബോധത്തോടെ ജീവിക്കാന്‍.”
     “ഈ വിഷം നിങ്ങള്‍ക്കെങ്ങിനെ കിട്ടി?”
     “ഒരു ലാബില്‍ ബയോകെമിസ്റ്റായിട്ടായിരുന്നു ഡോ. സ്ക്രേറ്റയുടെ തുടക്കം. ആദ്യം ഞാന്‍ മറ്റൊരാളോടാണ്  ചോദിച്ചത്. പക്ഷെ, എനിക്കു വിഷം തരാതിരിക്കേണ്ടത് തന്‍റെ ധാര്‍മ്മികമായ കര്‍ത്തവ്യമാണെന്ന് അവള്‍ കരുതി. സ്ക്രേറ്റതന്നെയാണ് യാതൊരു ചാഞ്ചല്യവുമില്ലാതെ ഗുളികയുണ്ടാക്കിത്തന്നത്.”
     “കിറുക്കനായതുകൊണ്ടാകണം.”
     “ആകാം. പക്ഷെ, മിക്കവാറും, അയാള്‍ എന്നെ മനസ്സിലാക്കിയതുകൊണ്ടാവണം. ആത്മഹത്യാക്കളി കളിക്കുന്ന ഒരു ഞരമ്പു രോഗിയല്ലാ ഞാനെന്ന് അയാള്‍ മനസ്സിലാക്കിയിരുന്നു. ഞാനെന്തു വിലകൊടുക്കുകയാണെന്നു അയാള്‍ക്കറിയാമായിരുന്നു. ഇന്നു ഞാന്‍ അയാള്‍ക്കീ റ്റാബ്ലറ്റ് തിരിച്ചു കൊടുക്കുകയാണ്. എനിക്കിനി ഇതിന്‍റെ ആവശ്യമില്ല.”
     “അപ്പൊ, അപകടങ്ങളെല്ലാം ഒഴിഞ്ഞോ?”
     “നാളെ രാവിലെ ഞാന്‍ നാടു വിടുകയാണ്. എന്നെന്നേക്കുമായി. ഒരു യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കാനുള്ള ക്ഷണം എനിക്കു കിട്ടിയിട്ടുണ്ട്. അധികാരികള്‍ എനിക്കു പോകാനുള്ള അനുമതിയും തന്നിരിക്കുന്നു.”
     ഒടുവില്‍, അയാളതു പറഞ്ഞിരിക്കുന്നു. ജേക്കബ്ബ് ഓള്‍ഗയെ നോക്കി. അവള്‍ മന്ദഹസിക്കുന്നതു കണ്ടു. അവള്‍ അയാളുടെ കൈ പിടിച്ചു: “ശരിക്കും? നല്ല വാര്‍ത്തയാണല്ലോ! എനിക്കു നിങ്ങളെച്ചൊല്ലി സന്തോഷമായി!”
     കൂടുതല്‍ പ്രസന്നമായ ഒരു ജീവിതം നയിക്കാന്‍ പറ്റുന്ന ഒരു വിദേശ രാജ്യത്തേക്ക് ഓള്‍ഗ പോവുകയാണെന്ന് താനറിയുമ്പോള്‍ തനിക്കുണ്ടായേക്കാവുന്ന അതേ നിര്‍മ്മമമായ ആനന്ദമാണ് അവള്‍ കാട്ടിയത്. ഇതപ്രതീക്ഷിതമായിരുന്നു. കാരണം,  തന്നോടവള്‍ക്കു വൈകാരികമായ ഒരാസക്തിയുണ്ടായിരുന്നുവെന്നു അയാള്‍ എപ്പോഴും ആശങ്കിച്ചിരുന്നു. അതങ്ങിനെയല്ലാത്തതില്‍ അയാള്‍ സന്തോഷിച്ചു. അതേസമയം, തന്‍റെ മനസ്സ് തെല്ലൊന്നിളകിയിരിക്കുന്നുവെന്നുകണ്ട് അത്ഭുതപ്പെടുകയും ചെയ്തു.
     ജേക്കബ്ബിന്‍റെ വെളിപ്പെടുത്തല്‍ ഓള്‍ഗയില്‍ വല്ലാത്ത ഉത്സാഹമുണ്ടാക്കിയാതിനാല്‍, അവര്‍ക്കിടയില്‍ റ്റിഷ്യൂപേപ്പറില്‍ കിടക്കുന്ന ഇളംനീലറ്റാബ്ലറ്റിനെക്കുറിച്ചു കൂടുതല്‍ ചോദിക്കുവാന്‍ അവള്‍ മറന്നു. തന്‍റെ ഭാവി ഉദ്യോഗത്തിന്‍റെ എല്ലാ വിശദാംശങ്ങളും ജേക്കബ്ബിനവളോടു പറയേണ്ടതായിവന്നു.
     “നിങ്ങള്‍ക്കിതു തരപ്പെടുത്താന്‍ കഴിഞ്ഞതില്‍ അതീവസന്തോഷം. ഇവിടെ നിങ്ങളെപ്പോഴും സംശയിക്കപ്പെടും. നിങ്ങളുടെ ജോലിചെയ്യാന്‍ പോലും അവര്‍ സമ്മതിച്ചില്ലല്ലോ. അതിനുംപുറമേ, അവര്‍ നിങ്ങളോടു രാജ്യസ്നേഹം പ്രസംഗിച്ചും സമയം കളയുന്നു. നിങ്ങളെ ജോലിചെയ്യാന്‍ വിടാത്ത ഒരു നാടിനെ എങ്ങിനെ സ്നേഹിക്കാന്‍? എന്‍റെ സ്വദേശത്തോടു എനിക്കൊരു സ്നേഹവുമില്ലെന്ന്‍ എനിക്കു നിങ്ങളോടു പറയാന്‍പറ്റും. അതെന്നെ മോശക്കാരിയാക്കുന്നുണ്ടോ?”
     “അറിയില്ല,” ജേക്കബ്ബ് പറഞ്ഞു. “സത്യമായും. എന്‍റെ കാര്യം പറഞ്ഞാല്‍, എനിക്കീ നാടിനോട് ഒരൊട്ടലുണ്ട്.”
               “ഒരു പക്ഷെ, അതെന്നെ മോശക്കാരിയാക്കുന്നുണ്ടാകാം,” ഓള്‍ഗ പറഞ്ഞുകൊണ്ടേയിരുന്നു. “എങ്കിലും, എനിക്കെന്തിനോടെങ്കിലും ഒട്ടലുള്ളതായി അനുഭവപ്പെട്ടിട്ടില്ല. ഇവിടെ എന്നെ കെട്ടിയിടാന്‍ എന്താണുള്ളത്?”
     “വേദനയുള്ള ഓര്‍മ്മകളും ബന്ധിപ്പിക്കുന്ന ഒരു കെട്ടാണ്.”
     “എന്തിനോടു ബന്ധിപ്പിക്കുന്നത്? ജനിച്ചനാട്ടില്‍ തങ്ങുന്നതിനോടോ? കഴുത്തില്‍ കിടക്കുന്ന കല്ലെടുത്തുമാറ്റാതെ, ആളുകള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നത് എനിക്കു മനസ്സിലാവില്ല. വളരാന്‍ പറ്റാത്തിടത്ത് ഒരു മരം  സ്വസ്ഥമാണെന്നതുപോലെ. വെള്ളം കിനിഞ്ഞിറങ്ങുന്ന മണ്ണിലല്ലാതെ ഒരു മരത്തിനും സ്വസ്ഥമാകാനാവില്ല.”
     “നിനക്കോ, നിനക്കിവിടെ വേണ്ടത്ര വെള്ളമുണ്ടോ?”
     “പൊതുവെ, ഉവ്വ്. ഒടുവില്‍, അവരെന്നെ പഠിക്കാന്‍ അനുവദിച്ചതിനാല്‍, എനിക്കു വേണ്ടതു കിട്ടിയിരിക്കുന്നു. ഞാന്‍ ജീവശാസ്ത്രം പഠിക്കാന്‍ പോകുന്നു. മറ്റൊന്നും എനിക്കു കേള്‍ക്കണ്ട. ഈ ഭരണകൂടം സ്ഥാപിച്ചത് ഞാനല്ല. അതിന്‍റെ ഒരു കാര്യത്തിനും എനിക്കുത്തരവാദിത്തമില്ല. അതുപോട്ടെ, എപ്പോഴാണ് നിങ്ങള്‍ ശരിക്കും പോകുന്നത്?”
     “നാളെ.”
     “ഇത്ര പെട്ടെന്നോ?” അവള്‍ അയാളുടെ കൈപിടിച്ചു. “ഇവിടെവന്ന്‍ എന്നോടു വിടപറയാന്‍ മാത്രം മര്യാദ കാണിച്ച സ്ഥിതിക്ക്, ഇത്ര ധൃതിവെക്കാതെ, പ്ലീസ്.”
     അയാള്‍ പ്രതീക്ഷിച്ചതില്‍നിന്നും വ്യത്യസ്തമായിത്തന്നെ കാര്യങ്ങള്‍ തുടരുകയാണ്. താനുമായി രഹസ്യപ്രേമത്തിലായ ഒരു യുവതിയെപ്പോലെയല്ല അവള്‍ പെരുമാറുന്നത്. എന്നാല്‍, തന്നോട് മാംസബദ്ധമല്ലാത്ത കുടുംബസ്നേഹം തോന്നുന്ന ഒരു ദത്തുമകളെപ്പോലെയുമല്ല അവളുടെ പെരുമാറ്റം. അവള്‍ വാചാലമായ മാര്‍ദ്ദവത്തോടെ അയാളുടെ കൈ പിടിച്ചിരിക്കുകയാണ്. അയാളുടെ കണ്ണുകളിലേക്കു നോക്കി ആവര്‍ത്തിക്കുകയാണ്: “ഇത്ര ധൃതി വെക്കാതെ! യാത്ര പറയാന്‍ അല്‍പ്പനേരം കൂടി നിങ്ങളിവിടെ തങ്ങാത്തതിനു എനിക്കൊരു യുക്തിയും തോന്നുന്നില്ല.”
     ഇതു ജേക്കബ്ബിനെ അല്‍പ്പം കുഴപ്പിച്ചു: “നോക്കട്ടെ,” അയാള്‍ പറഞ്ഞു. “കുറച്ചു നേരം കൂടി തങ്ങാന്‍ സ്ക്രേറ്റയും എന്നോടു പറഞ്ഞു.”
     “തീര്‍ച്ചയായും നിങ്ങള്‍ കുറച്ചു കൂടുതല്‍ നേരം തങ്ങിയേ പറ്റൂ,” ഓള്‍ഗ പറഞ്ഞു. “എന്തായാലും, നമുക്കു വളരെക്കുറച്ചു സമയമേ ഒന്നിച്ചു കിട്ടാറുള്ളൂ. ഇപ്പൊ, എനിക്കു സ്നാനത്തിനു പോകേണ്ടതുണ്ടല്ലോ. . .” പിന്നെ, ഒന്നു ചിന്തിച്ച്, ജേക്കബ്ബ് അവിടെയിരിക്കേ, താനെങ്ങും പോകുന്നില്ലെന്ന് അവള്‍ പ്രഖ്യാപിച്ചു.
     “അല്ലല്ല, നീ പോണം. ചികിത്സ മുടക്കരുത്. ഞാനും വരാം, കൂടെ.”
     “സത്യം?” ഓള്‍ഗ സന്തോഷത്തോടെ ചോദിച്ചു. അവള്‍ തുണിയലമാര തുറന്ന് എന്തോ തിരഞ്ഞുതുടങ്ങി.
     തുറന്നുവെച്ച കടലാസ്സില്‍ ഇളംനീല ഗുളിക അപ്പോഴും കിടപ്പുണ്ടായിരുന്നു. അതുണ്ടെന്ന കാര്യം ജേക്കബ്ബ് വെളിപ്പെടുത്തിയത്  ഓള്‍ഗയോടു മാത്രമാണ്. അവളാകട്ടെ, ആ വിഷത്തിനു പുറംതിരിഞ്ഞ് അലമാരയിലേക്ക് ചാഞ്ഞിരിക്കുന്നു. ഈ ഇളംനീലറ്റാബ്ലറ്റ് തന്‍റെ ജീവിതത്തിലെ നാടകമാണെന്ന് ജേക്കബ്ബ് വിചാരിച്ചു. അവഗണിക്കപ്പെട്ട, മിക്കവാറും മറന്നുപോയ, വിരസമായേക്കാവുന്ന നാടകം. ഈ ബോറന്‍ നാടകത്തെ കളയേണ്ട കാലമായിരിക്കുന്നുവെന്നു ജേക്കബ്ബ് സ്വയം പറഞ്ഞു. ക്ഷണത്തിലതിനോട് വിട പറഞ്ഞ്, അതിനെ പിറകില്‍ തള്ളണം. അയാള്‍ ഗുളിക ഒരു കടലാസ്സില്‍ ചുരുട്ടി. ജാക്കറ്റിന്‍റെ മുന്‍വശത്തെ കീശയിലിട്ടു.
     ഓള്‍ഗ അലമാരയില്‍നിന്ന്‍ ഒരു സഞ്ചിയെടുത്തു. അതിലേക്കൊരു തോര്‍ത്തു തിരുകി. അലമാരയുടെ വാതിലടച്ചു. ജേക്കബ്ബോടു പറഞ്ഞു.
“ഞാന്‍ തയ്യാര്‍.”


7. വയസ്സന്മാരും  നായകളും  

പാര്‍ക്കിലെ ഒരു ബെഞ്ചില്‍ റൂസേന ഇരുന്നിട്ട് എത്ര നേരമായെന്ന് ദൈവത്തിനേ അറിയൂ. അവളുടെ, ഒരേയൊരു ബിന്ദുവില്‍ത്തന്നെ ഉറച്ചുപോയ, ചിന്തകളും നിശ്ചലമായതുകൊണ്ടാകണം അവള്‍ക്ക് അനങ്ങാന്‍ പറ്റാതെ പോയത്.
     ഇന്നലെ കുഴലൂത്തുകാരന്‍ പറഞ്ഞത് അവള്‍ വിശ്വസിച്ചതായിരുന്നു. അതു സുഖപ്രദമായതു കൊണ്ടുമാത്രമല്ല, എളുപ്പമായതുകൊണ്ടും കൂടിയായിരുന്നു: ഏതു പോരിനുള്ള കരുത്തു തനിക്കില്ലയോ ആ പോരു, ശുദ്ധമായ മന:സാക്ഷിയോടെ ഉപേക്ഷിക്കുവാന്‍, അതവള്‍ക്കൊരു വഴി തുറന്നു തന്നതായിരുന്നു. പക്ഷെ, കൂട്ടുകാരികളുടെ പരിഹാസത്തിനുശേഷം, അവള്‍ അവനെ വീണ്ടും സംശയിച്ചു. അവനെക്കുറിച്ചു വെറുപ്പോടെ വിചാരിച്ചു. അവനെ നേടാനുള്ള സാമര്‍ത്ഥ്യമോ, പിടിവാശിയോ തനിക്കില്ലെന്ന് ഉള്ളിലാഴത്തില്‍ ഭയപ്പെട്ടു.
     നിര്‍വ്വികാരമായി അവള്‍ ഫ്രാന്‍റിസെക് കൊടുത്ത കെട്ടു വലിച്ചുകീറിത്തുറന്നു. അതിനകത്ത് ഇളംനീളത്തുണിയിലുണ്ടാക്കിയ എന്തോ ഒന്നായിരുന്നു. അവന്‍ തനിക്കൊരു നിശാവസ്ത്രം സമ്മാനിച്ചിരിക്കുകയാണെന്ന് റൂസേന തിരിച്ചറിഞ്ഞു. അവള്‍ നിത്യം ധരിച്ചു കാണാന്‍ അവന്‍ ആഗ്രഹിച്ച ഒരു നൈറ്റ്ഗൌണ്‍; നിത്യം, നിരവധി ദിവസങ്ങളോളം, അവന്‍റെ ബാക്കിയുള്ള ജീവിതം മുഴുവന്‍. അവളാ ഇളംനീലത്തുണിയില്‍ കണ്ണുനാട്ടി. ആ നീലത്തുണി ഒഴുകിയൊഴുകി വിശാലമായ ഒരു കുളമാവുകയാണെന്ന് അവള്‍ക്കു തോന്നി; നന്മയുടെയും സമര്‍പ്പണത്തിന്‍റെയും ഒരു കുളം; ഒടുവിലവളെ പുതയുന്ന വിലകെട്ട പ്രേമത്തിന്‍റെ കുളം.
     ആരെയാണവള്‍ അധികം വെറുക്കുന്നത്? തന്നെ വേണ്ടാത്തവനെയോ, വേണ്ടവനെയോ?
     ഈ രണ്ടു വെറുപ്പുകളുമായി അവളാ ബെഞ്ചില്‍ വേരിറങ്ങിയിരുന്നു. ചുറ്റും നടക്കുന്നതൊന്നും അവളറിഞ്ഞില്ല. ഒരു കൊച്ചുബസ്സ്‌ പാര്‍ക്കിന്‍റെ ഓരത്തു വന്നുനിന്നു. പിന്നാലെ ഒരു പച്ചലോറിയും. അതിനകത്തുനിന്നു നായകള്‍ കരയുന്നതും ഓരിയിടുന്നതും റൂസേന കേട്ടു. ബസ്സിന്‍റെ വാതിലുകള്‍ തുറന്നു. കൈത്തണ്ടയില്‍ ചുകപ്പുനാട കെട്ടിയ ഒരു വയസ്സന്‍ പുറത്തേക്കു വന്നു. സ്തംഭനാവസ്ഥയിലെന്നപോലെ റൂസേന നേരെ നോക്കുകയായിരുന്നു. താന്‍ നോക്കുന്നതെന്താണെന്നറിയാന്‍ അവള്‍ക്കൊരു നിമിഷം വേണ്ടി വന്നു.
     ബസ്സിനു നേരെ വയസ്സന്‍ ഒരാജ്ഞ പുറപ്പെടുവിച്ചു. അപ്പോള്‍ മറ്റൊരു വൃദ്ധന്‍ പുറത്തിറങ്ങി. അയാളും ചുകപ്പുനാട ധരിച്ചിരുന്നു; അതുകൂടാതെ, അറ്റത്ത് വയറിന്‍റെ ഒരു വളയമുള്ള, മൂന്നുമീറ്റര്‍ നീളമുള്ള ഒരു വടിയുമേന്തിയിരുന്നു. കൂടുതലാളുകള്‍ പുറത്തു വന്നു; ബസ്സിനു മുമ്പില്‍ നിരനിരയായിനിന്നു. അവരെല്ലാം വയസ്സന്മാരായിരുന്നു. എല്ലാവരുടെ കയ്യിലും അറ്റത്തു വളയമുള്ള നീണ്ട വടികളുണ്ടായിരുന്നു.
     ആദ്യം വന്നയാള്‍ക്ക് വടിയില്ലായിരുന്നു. അയാളാണ് ഉത്തരവുകളിറക്കിയത്. വയസ്സായ മാന്യദേഹങ്ങള്‍, കുന്തമേന്തിയ വിലക്ഷണമായ ഒരു പടപോലെ ആദ്യം നിവര്‍ന്നുനിന്നു; പിന്നെ, അയഞ്ഞു നിന്നു. അപ്പോള്‍ ആദ്യത്തെയാള്‍ ഒരുത്തരവുകൂടി കൊടുത്തു. വൃദ്ധസേന പാര്‍ക്കു ലക്ഷ്യമാക്കി ഓടി. പാര്‍ക്കിലെത്തിയപ്പോള്‍ അവര്‍ വഴിപിരിഞ്ഞു. ഓരോരാളും ഓരോ ദിശയിലേക്കോടി. ചിലര്‍ പാതകളിലൂടെ. മറ്റുള്ളവര്‍ പുല്ലിലൂടെ. പാര്‍ക്കില്‍ നടക്കുന്ന രോഗികളും, കളിക്കുന്ന കുട്ടികളും, എല്ലാവരും പൊടുന്നനെ നിന്നു. നീണ്ട വടികളേന്തി ആക്രമണമാരംഭിക്കുന്ന വൃദ്ധമാന്യരെ അത്ഭുതത്തോടെ നോക്കി.
    എന്താണു നടക്കുന്നതെന്നു കാണാന്‍ റൂസേനയും ആലോചനയുടെ മയക്കത്തില്‍നിന്നും പുറത്തുവന്നു. വയസ്സായ മാന്യന്മാര്‍ക്കിടയില്‍ അവള്‍ അച്ഛനെ തിരിച്ചറിഞ്ഞു. അദ്ദേഹത്തെ വെറുപ്പോടെ, എന്നാല്‍ അത്ഭുതമൊന്നുമില്ലാതെ, നോക്കി.
     ഒരു ബെര്‍ച്ച് മരത്തിനു ചുറ്റും പുല്ലിലൂടെ ഒരു തെരുവുനായ പരക്കം പായുകയായിരുന്നു. വൃദ്ധരിലൊരാള്‍ അതിനു നേരെ ഓടാന്‍ തുടങ്ങിയപ്പോള്‍, നായ അയാളെ അമ്പരപ്പോടെ നോക്കി. വയസ്സന്‍ വടി വീശി. വയറുകൊണ്ടുള്ള കുരുക്ക് പട്ടിയുടെ തലക്കുമുമ്പിലെത്തിക്കാന്‍ പണിപ്പെട്ടു. വടി നീളമുള്ളതും കൈകള്‍ ബലമില്ലാത്തതുമായിരുന്നു. അതിനാല്‍, വയസ്സന് ഉന്നം തെറ്റി. കുരുക്കു പട്ടിയുടെ തലക്കു ചുറ്റും കിടന്നാടി. പട്ടി അതു കൌതുകത്തോടെ നോക്കിനിന്നു.
     മറ്റൊരു പെന്‍ഷന്‍കാരന്‍, ബലമേറിയ കൈകളോടുകൂടിയ ഒരാള്‍, അപ്പോഴേക്കും വയസ്സനെ സഹായിക്കാന്‍ ഓടിയെത്തി. താമസിയാതെ ആ കൊച്ചുപട്ടി കുരുക്കിന്‍റെ തടവിലായി. വയസ്സന്‍ വടി വലിച്ചു. കുരുക്ക് രോമം നിറഞ്ഞ കഴുത്തിലേക്കിറങ്ങി. പട്ടി നിലവിളിച്ചു. വയസ്സന്മാര്‍ രണ്ടും പൊട്ടിച്ചിരിച്ചുകൊണ്ട് പട്ടിയെ പുല്‍ത്തകിടിയിലൂടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കടുത്തേക്ക് വലിച്ചുകൊണ്ടുപോയി. അവര്‍ ലോറിയുടെ വലിയ വാതില്‍ തുറന്നു. കുരകളുടെ ഒരു വലിയ തരംഗം പുറത്തേക്കു വിക്ഷേപിക്കുന്ന ആ ലോറിയിലേക്ക് അവര്‍ നായയെ വലിച്ചെറിഞ്ഞു.
     റൂസേനക്ക് താന്‍ കാണുന്നത് സ്വന്തം കഥയിലെ ഒരു ഘടകം മാത്രമായിരുന്നു: രണ്ടുലോകങ്ങള്‍ക്കിടയില്‍ കുരുങ്ങിയ അസന്തുഷ്ടയായ ഒരു സ്ത്രീയാണവള്‍: ക്ലീമയുടെ ലോകം തന്നെ തിരസ്കരിക്കുന്നു. താന്‍ ഒഴിവാക്കാനാഗ്രഹിക്കുന്ന ഫ്രാന്‍റിസെക്കിന്‍റെ ലോകം (മടുപ്പിന്‍റെയും വിരസതയുടെയും ലോകം, തോല്‍വിയുടെയും കീഴടങ്ങലിന്‍റെയും ലോകം) ഇവിടെ, ഈ ആക്രമണസേനയുടെ വേഷത്തില്‍, തന്നെ കുരുക്കിട്ടു വലിച്ചുകൊണ്ടുപോകാനെന്നപോലെ, തന്നെയും തിരഞ്ഞെത്തിയിരിക്കുന്നു. 
     മണല്‍വിരിച്ച ഒരു പാതയില്‍, പത്തു വയസ്സു വരുന്ന ഒരു കുട്ടി കുറ്റിക്കാട്ടിലേക്ക് വഴിതെറ്റിപ്പോയ തന്‍റെ പട്ടിയെ പരവശതയോടെ വിളിക്കുകയായിരുന്നു. കുട്ടിക്കടുത്തേക്ക് ഓടിവന്നത് പട്ടിയല്ല, വടിയേന്തിയ  റൂസേനയുടെ അച്ഛനായിരുന്നു. ഉടന്‍തന്നെ കുട്ടി മിണ്ടാതായി. വയസ്സന്‍ പട്ടിയെ കൊണ്ടുപോകുമെന്നറിയാമായിരുന്ന അവന്‍ അതിനെ വിളിക്കാന്‍ പേടിച്ചു. അയാളില്‍നിന്നു രക്ഷപ്പെടാന്‍ അവനിറങ്ങിയോടി. പക്ഷെ, വയസ്സനും പിന്നാലെ ഓടി. ഇപ്പോള്‍ അവര്‍ ഒപ്പത്തിനൊപ്പം ഓടുകയാണ്. വടിയുമായി റൂസേനയുടെ അച്ഛനും, കരഞ്ഞുകൊണ്ട് കുട്ടിയും. പിന്നെ, കുട്ടി തിരിഞ്ഞോടാന്‍ തുടങ്ങി. റൂസേനയുടെ അച്ഛനും തിരിഞ്ഞോടി. വീണ്ടും, അവര്‍ ഒപ്പത്തിനൊപ്പം ഓട്ടമായി.
കുറ്റിച്ചെടികള്‍ക്കിടയില്‍നിന്ന്‍ ഒരു ഡാക്സ്ഹണ്ട് പുറത്തുവന്നു.     റൂസേനയുടെ അച്ഛന്‍ വടി അതിനുനേരെ നീട്ടി. പക്ഷെ, പട്ടി അതു ജാഗ്രതയോടെ ഒഴിവാക്കി, കുട്ടിയുടെ നേരെ ഓടി. അവന്‍ അതിനെയെടുത്തു പുല്‍കി. റൂസേനയുടെ അച്ഛനെ സഹായിക്കാന്‍ മറ്റു വയസ്സന്മാര്‍ വന്നു. കുട്ടിയുടെ കയ്യില്‍നിന്നു പട്ടിയെ പറിച്ചെടുക്കാന്‍ ശ്രമിച്ചു. കുട്ടി കരയുകയായിരുന്നു; ഒച്ച വെക്കുകയും അവരുമായി മല്ലിടുകയുമായിരുന്നു. അവരവന്‍റെ കൈ പിടിച്ചു തിരിച്ചു. അവന്‍റെ കരച്ചില്‍ വഴിപോക്കരുടെ ശ്രദ്ധ വല്ലാതെ ആകര്‍ഷിക്കുന്നതിനാല്‍, അവരവന്‍റെ വായ കൈകൊണ്ടു മൂടി. വഴിപോക്കരാകട്ടെ, കാഴ്ച്ച നോക്കിയെങ്കിലും, ഇടപെടാനുള്ള ധൈര്യം കാട്ടിയില്ല.
     റൂസേനക്കു അച്ഛനെയും കൂട്ടുകാരെയും കണ്ടുമതിയായി. പക്ഷെ, എങ്ങോട്ടു പോകും? ഇതുവരെ വായിച്ചു തീര്‍ന്നിട്ടില്ലാത്ത, അവള്‍ക്കു താല്‍പ്പര്യമില്ലാത്ത, ഒരു അപസര്‍പ്പകനോവല്‍ കിടക്കുന്ന തന്‍റെ കൊച്ചു മുറിയിലേക്കോ? അവള്‍ കണ്ടുകഴിഞ്ഞ സിനിമ കാണിക്കുന്ന സിനിമാക്കൊട്ടകയിലേക്കോ? റിച്മണ്ട് ഹോട്ടലിലെ, എപ്പോഴും ഒരു റ്റെലവിഷന്‍സെറ്റ് തുറന്നിരിക്കുന്ന, പ്രവേശനഹാളിലേക്കോ? അവള്‍ റ്റെലവിഷന്‍സെറ്റ് മതിയെന്നു തീരുമാനിച്ചു. ബെഞ്ചില്‍നിന്ന് എഴുന്നേറ്റു. വയസ്സന്മാരുടെ നാനാവശത്തുനിന്നും വന്നുകൊണ്ടിരുന്ന ബഹളത്തിനിടയില്‍, തന്‍റെ ഗര്‍ഭാശയത്തിലുള്ളതിനെക്കുറിച്ച് അവള്‍ക്കു വീണ്ടും തീവ്രമായ ബോധമുണ്ടായി. അതു വിശുദ്ധമായ ഒന്നാണെന്ന് അവള്‍ തന്നോടുതന്നെ പറഞ്ഞു. അതവളെ ആകെ മാറ്റി. അതവളെ കുലീനയാക്കി. നായ്ക്കളെ നായാടുന്ന ഭ്രാന്തന്മാരില്‍നിന്നും അതവളെ വ്യതിരിക്തയാക്കി. ഉപേക്ഷിക്കുവാനുള്ള അധികാരം, കീഴടങ്ങാനുള്ള അവകാശം, തനിക്കില്ലെന്ന് അവള്‍ സ്വയം പറഞ്ഞു. കാരണം, തന്‍റെ ഉദരത്തില്‍ താന്‍ പേറുന്നത് തന്‍റെ ഒരേയൊരു പ്രതീക്ഷയാണ്. ഭാവിയിലേക്കുള്ള അവളുടെ ഒരേയൊരു പ്രവേശന ശീട്ട്.
     പാര്‍ക്കിന്‍റെ ഓരത്തെത്തിയപ്പോള്‍, അവളുടെ കണ്ണില്‍ ജേക്കബ്ബ് പെട്ടു. സംഭവങ്ങള്‍ നോക്കിക്കൊണ്ട്‌ അയാള്‍ റിച്മണ്ട് ഹോട്ടലിനു മുന്നിലെ നടപ്പാതയില്‍ നില്‍പ്പായിരുന്നു. മുമ്പ് ഒരിക്കലേ അവളയാളെ കണ്ടിട്ടുള്ളൂ. ഉച്ചഭക്ഷണസമയത്ത്. പക്ഷെ, അവളയാളെ ഓര്‍ത്തിരുന്നു. റേഡിയോ സ്വല്‍പ്പം ഒച്ചകൂട്ടിവെച്ചാല്‍, അപ്പോള്‍ വാതിലിലിടിക്കുന്ന തന്‍റെ തല്‍ക്കാല അയല്‍ക്കാരിയായ രോഗി, അവള്‍ വളരെ രൂക്ഷമായി വെറുക്കുന്ന ഒരാളായിരുന്നു. അതിനാല്‍, ആ സ്ത്രീയെ സംബന്ധിക്കുന്നതെല്ലാം സശ്രദ്ധമായ വിദ്വേഷത്തോടെ അവള്‍ വീക്ഷിച്ചിരുന്നു.
     അയാളുടെ മുഖം അവളില്‍ വെറുപ്പുണ്ടാക്കി. അതു വിരോധാഭാസമുള്ളതു പോലെ തോന്നിച്ചു. അവള്‍ക്കാകട്ടെ, വിരോധാഭാസം വെറുപ്പായിരുന്നു. തന്‍റെ ഭാവിയുടെ പ്രവേശനദ്വാരത്തില്‍ നില്‍ക്കുന്ന, കണ്ണുകള്‍കൊണ്ട് തുരന്നുനോക്കി, ഒരു തലയാട്ടലിലൂടെ തന്നെ നിരസിക്കുന്ന ആയുധമേന്തിയ ഒരു പാറാവുകാരനെപ്പോലെയാണ് വിരോധാഭാസം (ഏതു രൂപത്തിലുമുള്ള വിരോധാഭാസം) എന്നാണു അവള്‍ എന്നും വിചാരിച്ചിരുന്നത്. അവള്‍ നെഞ്ചുന്തിനിന്നു. തന്‍റെ മുലകളുടെ പ്രകോപ്പിക്കുന്ന എല്ലാ അഹന്തയോടും, തന്‍റെ ഉദരത്തിന്‍റെ സര്‍വ്വാഭിമാനത്തോടെയും അയാള്‍ക്കു മുമ്പിലൂടെ കടന്നുപോകാന്‍ അവള്‍ തീരുമാനിച്ചു.
എന്നാല്‍, ആ മനുഷ്യനോ (അവള്‍ കണ്‍കോണിലൂടെ മാത്രമാണ് അയാളെ നോക്കിക്കൊണ്ടിരുന്നത്), പൊടുന്നെ, അലിവാര്‍ന്ന മന്ദസ്വരത്തില്‍ പറഞ്ഞു: “വരൂ, ഇവിടേക്കു വരൂ. . .”
     തന്നെ എന്തിനാണു വിളിക്കുന്നതെന്ന് ആദ്യം അവള്‍ക്കു മനസ്സിലായില്ല. അയാളുടെ സ്വരത്തിലെ മാര്‍ദ്ദവം അവളെ കുഴക്കി. എങ്ങിനെ പ്രതികരിക്കണമെന്ന് അവള്‍ക്കറിഞ്ഞില്ല. അവള്‍ തിരിഞ്ഞുനോക്കി. അപ്പോഴാണ്, മനുഷ്യരുടേതുപോലെ വിരൂപമായ മോന്തയുള്ള, ഒരു തടിയന്‍ പോരുകാരന്‍ പട്ടി തന്‍റെ പിന്നാലെ വരുന്നത് അവള്‍ കണ്ടത്.
ജേക്കബ്ബിന്‍റെ ശബ്ദം നായയെ ആകര്‍ഷിച്ചു. അയാള്‍ അതിന്‍റെ പട്ട പിടിച്ചു: “എന്‍റെ കൂടെ വാ. അല്ലെങ്കില്‍ നിന്‍റെ കാര്യം പോക്കാണ്.”
     പട്ടി അതിന്‍റെ വിശ്വാസം നിറഞ്ഞ തലയുയര്‍ത്തി. അതിന്‍റെ നാവ് ഉന്മേഷമുള്ള ഒരു കൊച്ചുപതാകപോലെ കിടന്നാടി.
     പരിഹാസ്യതയും, നിസ്സാരതയും, എന്നാല്‍, വ്യക്തമായ നാണക്കേടും നിറഞ്ഞ ഒരു മുഹൂര്‍ത്തം: അയാള്‍ തന്‍റെ പ്രകോപനപരമായ അഹന്തയോ, അഭിമാനമോ ശ്രദ്ധിച്ചിട്ടില്ല. തന്‍റെനേര്‍ക്കാണ് അയാള്‍ നടന്നടുക്കുന്നതെന്നാണ് അവള്‍ ധരിച്ചിരുന്നത്. പക്ഷെ, അയാള്‍ വന്നത് നായക്കടുത്തേക്കാണ്. അവള്‍ അയാള്‍ക്കു മുമ്പിലൂടെ കടന്നുപോയി. റിച്മണ്ട് ഹോട്ടലിന്‍റെ മുന്‍വശത്തെ വിശാലമായ പടികള്‍ക്കു മുമ്പില്‍ നിന്നു.
     വടിയേന്തിയ രണ്ടു കിഴവന്മാര്‍ പാര്‍ക്കിലൂടെ ജേക്കബ്ബിനടുത്തേക്ക്‌ ഓടിവന്നു. അവള്‍ വെറുപ്പോടെ ആ രംഗം നോക്കിനിന്നു. ആ വയസ്സന്മാരുടെ ഭാഗം ചേരാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല.
     പട്ടിയുടെ പട്ട പിടിച്ചുകൊണ്ട് ജേക്കബ്ബ് അതിനെ ഹോട്ടല്‍പ്പടികള്‍ക്കു നേരെ കൊണ്ടുപോവുകയായിരുന്നു. വയസ്സരിലൊരാള്‍ ഒച്ചവെച്ചു: “പട്ടിയെ വേഗം വിട്ടോ!”
     മറ്റേ വയസ്സന്‍: “നിയമത്തിന്‍റെ നാമത്തില്‍!”
     വയസ്സന്മാരെ കണ്ടില്ലെന്നു നടിച്ച്, ജേക്കബ്ബ് നടത്തം തുടര്‍ന്നു. പക്ഷെ, അയാള്‍ക്കു പിറകില്‍, അയാളുടെ ശരീരത്തിനരികിലൂടെ, ഒരു വടി മെല്ലെ താഴേക്കു നീങ്ങി. പോരുകാരന്‍ പട്ടിയുടെ തലക്കു മുകുളില്‍ വയറുകൊണ്ടുള്ള കുരുക്ക് അസമര്‍ത്ഥമായി ഉലഞ്ഞു.
     ജേക്കബ്ബ് വടിയറ്റം കടന്നുപിടിച്ചു. പരുഷമായി ഒരു വശത്തേക്കു തള്ളി.
     മൂന്നാമതൊരു വയസ്സന്‍ ഓടിവന്നു ആക്രോശിച്ചു: “ഇതു ക്രമസമാധാനലംഘനമാണ്! ഞാനിപ്പോള്‍ പോലീസിനെ വിളിക്കും!”
മറ്റൊരു വൃദ്ധന്‍ ഉച്ചസ്ഥായിയില്‍ പരാതിപ്പെട്ടു: “അവന്‍ പുല്‍ത്തകിടിയിലൂടെ ഓടിയതാണ്! കളിസ്ഥലത്തിലൂടെയും! അതൊക്കെ നിരോധിക്കപ്പെട്ടതാണ്! കുട്ടികളുടെ മണല്‍പ്പെട്ടിയില്‍ അവന്‍ മൂത്രമൊഴിച്ചു! കുട്ടികളെക്കാള്‍ ഇഷ്ടമാണോ നിങ്ങള്‍ക്കു പട്ടികളെ?”
     റൂസേന പടികള്‍ക്കു മുകളില്‍നിന്നു കാഴ്ച്ച കാണുകയായിരുന്നു. അല്‍പ്പംമുമ്പ് ഉദരത്തില്‍മാത്രം അനുഭവപ്പെട്ട അഭിമാനം അവളുടെ ശരീരമാകെ പ്രവഹിച്ചു. അതവളില്‍ നിഷേധത്തിന്‍റെ ശക്തി നിറച്ചു. ജേക്കബ്ബും നായയും അവള്‍ക്കരികിലെ പടികളിലെത്തിയപ്പോള്‍, അവള്‍ പറഞ്ഞു: “പട്ടികളെ ഉള്ളില്‍ കടത്തില്ല.”
     ജേക്കബ്ബ് അവളോടു ശാന്തമായി ഉത്തരം പറഞ്ഞു. പക്ഷെ, അവള്‍ക്കിനി പിന്തിരിയാനാവില്ലല്ലോ. കാലുകളകറ്റിവെച്ച്, റിച്മണ്ട് ഹോട്ടലിന്‍റെ വിശാലമായ വാതില്‍പ്പടിയില്‍ വേരുറപ്പിച്ചുനിന്നുകൊണ്ട്  അവള്‍ ശഠിച്ചു: “ഇതു രോഗികള്‍ക്കുള്ള ഹോട്ടലാണ്, പട്ടികള്‍ക്കുള്ളതല്ല.”
     “നിങ്ങളും കുരുക്കുകെട്ടിയ ഒരു വടിയെടുത്തു വരാത്തതെന്തേ,” വാതിലിലൂടെ പട്ടിക്കൊപ്പം അകത്തേക്കു കടക്കാന്‍ ശ്രമിച്ചുകൊണ്ട് ജേക്കബ്ബ് ചോദിച്ചു.
     ജേക്കബ്ബിന്‍റെ വാക്കുകളില്‍ താന്‍ ഏറെ വെറുത്തിരുന്ന വിരോധാഭാസം അവള്‍ ഗ്രഹിച്ചു. അതവളെ അവള്‍ വന്നയിടത്തേക്ക് തിരിച്ചയച്ചു; അവള്‍ തിരിച്ചുപോകാനിഷ്ടപ്പെടാത്തിടത്തേക്ക്. ക്രോധം അവളെ അന്ധയാക്കി. അവള്‍ പട്ടിയെ പട്ടയോടുകൂടി കയറിപ്പിടിച്ചു. ഇപ്പോള്‍ അവര്‍ രണ്ടു പേരും പട്ടിയെ പിടിച്ചിരിക്കുകയാണ്. ജേക്കബ്ബ് അകത്തേക്കും അവള്‍ പുറത്തേക്കും അവനെ വലിക്കുകയാണ്‌.
     ജേക്കബ്ബ് റൂസേനയുടെ കണങ്കൈ കയറിപ്പിടിച്ചു; അവളുടെ വിരലുകള്‍ പട്ടയില്‍നിന്നും അടര്‍ത്തിമാറ്റി. അതിന്‍റെ ആഘാതത്തില്‍ അവളുടെ കാലിടറിപ്പോയി.
     ‘നിങ്ങള്‍ക്കൊക്കെ തൊട്ടിലുകളില്‍ കുട്ടികളല്ല, പട്ടികളാണ് വേണ്ടത്!”
     അയാള്‍ക്കു പിറകെ അവള്‍ വിളിച്ചുകൂവി.
     ജേക്കബ്ബ് തിരിഞ്ഞു നിന്നു. അവരുടെ കണ്ണുകള്‍ പൊടുന്നനെ, മറയില്ലാത്ത വെറുപ്പോടെ, കൂട്ടിമുട്ടി. 

8. സ്ക്രേറ്റയുടെ സ്വപ്നം

അപകടത്തില്‍നിന്ന്‍ കഷ്ടിച്ച് രക്ഷപ്പെട്ടതിനെക്കുറിച്ചു ബോധമില്ലാതെ, പോരുകാരന്‍പട്ടി മുറിക്കുചുറ്റും കൌതുകത്തോടെ പരതിനടന്നു. അവനെ എന്തുചെയ്യണമെന്നാലോചിച്ചുകൊണ്ട് ജേക്കബ്ബ് പകലുറങ്ങുന്ന കിടക്കയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. പ്രസരിപ്പുള്ള, സത്സ്വഭാവിയായ ആ പട്ടിയെ അയാള്‍ക്കിഷ്ടമായി. പരിചയമില്ലാത്ത മുറിയില്‍ അല്‍പ്പനിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ സ്വന്തം വീടുപോലെ പെരുമാറാനും, അപരിചിതനായ ഒരാളുമായി സ്നേഹത്തിലാകാനും അവന്‍ കാണിച്ച കരുതലില്ലായ്മ സംശയാസ്പദമായിരുന്നു. മണ്ടത്തരത്തിന്‍റെ വക്കത്തോളമെത്തുന്ന കരുതലില്ലായ്മയാണതെന്നു തോന്നിപ്പോയി. മുറിയുടെ എല്ലാമൂലകളും മണത്തുനോക്കിയശേഷം, അവന്‍ കിടക്കയിലേക്കു ചാടിക്കയറി ജേക്കബിനരികില്‍ കിടന്നു. ജേക്കബ്ബ് ഒന്നു ഞെട്ടി; പക്ഷെ, ഈ സൗഹൃദസൂചന യാതൊരു ആശങ്കയുമില്ലാതെ സ്വാഗതം ചെയ്തു.  അയാള്‍ പട്ടിയുടെ പുറത്തു കൈവെച്ചു. ആ മൃഗത്തിന്‍റെ ഊഷ്മളത ആനന്ദത്തോടെ അനുഭവിച്ചു. അയാള്‍ക്കു പട്ടികളെ എന്നും ഇഷ്ടമായിരുന്നു. അവ പരിചിതരും, സ്നേഹമുള്ളവയും, അര്‍പ്പണമനോഭാവമുള്ളവരും, എന്നാല്‍, മനസ്സിലാക്കാന്‍ പ്രയാസമുള്ളവയുമായിരുന്നു. അജ്ഞേയമായ പ്രകൃതിയുടെ, ആത്മവിശ്വാസമുള്ള, സന്തുഷ്ടരായ ഈ പ്രതിനിധികളുടെ തലയിലൂടെയും ഹൃദയത്തിലൂടെയും എന്താണു കടന്നുപോകുന്നതെന്ന് നാമൊരിക്കലും അറിയില്ല.
     അയാള്‍ നായുടെ പുറം ചൊറിഞ്ഞു. അല്‍പ്പംമുമ്പ് താന്‍ സാക്ഷിയായ രംഗത്തെക്കുറിച്ചു ചിന്തിച്ചു. വടിയേന്തിയ വയസ്സന്മാര്‍ അയാളുടെ മനസ്സില്‍ ജയിലിലെ പാറാവുകാരുമായും, ന്യായാധിപന്മാരുമായും, അയല്‍ക്കാര്‍, ഷോപ്പിംഗ്‌ സമയത്ത്, രാഷ്ട്രീയം സംസാരിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്ന ചാരന്മാരുമായും ഒന്നായിത്തീര്‍ന്നു. ഇത്തരം ആളുകളെ അവര്‍ ചെയ്യുന്ന ക്രൂരമായ ജോലികളിലേക്ക് നയിക്കുന്ന പ്രേരണ എന്താണ്? വിദ്വേഷമാണോ? തീര്‍ച്ചയായും അതെ; അതേസമയം, ചിട്ടയോടുള്ള ആഗ്രഹവും. ക്രമീകരണത്തോടുള്ള അഭിനിവേശം മാനവലോകത്തെ കൃത്രിമമായ ഒരു ആധിപത്യവ്യവസ്ഥയിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നു; എല്ലാം സുഖമായി നീങ്ങുകയും, എല്ലാം വ്യക്തികളുടേതല്ലാത്ത  ഒരു ഇച്ഛാശക്തിക്കു വഴങ്ങി വര്‍ത്തിക്കുന്ന ഒരു വ്യവസ്ഥയിലേക്കു മാറ്റാന്‍. ചിട്ടയോടുള്ള ആഗ്രഹം, അതേസമയം, മരണത്തോടുള്ള ആഗ്രഹം കൂടിയാണ്. കാരണം, ചിട്ടയുടെ അനുസ്യൂതമായ ലംഘനമാണല്ലോ ജീവിതം. അഥവാ, തിരിച്ചു പറഞ്ഞാല്‍, മനുഷ്യനു മനുഷ്യനോടുള്ള വെറുപ്പ് അതിന്‍റെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്ന നല്ലൊരു കപടന്യായമാണ് ചിട്ടയോടുള്ള ആഗ്രഹം.
     അപ്പോള്‍ അയാള്‍ ആ സ്വര്‍ണ്ണമുടിക്കാരി യുവതിയെക്കുറിച്ചാലോചിച്ചു; പട്ടിയുമായി റിച്മണ്ട് ഹോട്ടലിലേക്കു കയറുന്നതില്‍നിന്നും തന്നെ തടഞ്ഞ ആ യുവതിയെക്കുറിച്ച്. അയാള്‍ക്കവളോടു വേദനകലര്‍ന്ന ഒരു വിദ്വേഷം തോന്നി. വടിയേന്തിയ വയസ്സന്മാരോട് അയാള്‍ക്കു അമര്‍ഷം തോന്നിയില്ല. അവരെ അയാള്‍ക്കു നന്നായി മനസ്സിലാക്കാം. അവരെ അയാള്‍ കണക്കില്‍പ്പെടുത്തിയതാണ്. അങ്ങിനെയുള്ളവരുണ്ടെന്നതില്‍ അയാള്‍ക്ക് ശങ്കയേയില്ല. അവരെന്നും ഉണ്ടായിരിക്കുമെന്നതിലും സംശയമില്ല. അവരെന്നും തന്‍റെ പീഡകരായിരിക്കുമെന്നതിലും ശങ്കയില്ല. പക്ഷെ, ആ യുവതി! അവള്‍ തന്‍റെ നിത്യപരാജയമായിരിക്കുന്നു. മനോഹരിയാണവള്‍. പീഡകയായിട്ടല്ല അവള്‍ പ്രത്യക്ഷപ്പെട്ടത്. കാഴ്ച്ചക്കാരിയായിട്ടാണ്. കാഴ്ച്ചയില്‍ ഹരം പിടിച്ച്, അവള്‍ പീഡകരുമായി ഒന്നായി. വധശിക്ഷ കണ്ടുനില്‍ക്കുന്നവര്‍ തൂക്കിലേറുന്നവനെ പീഡിപ്പിക്കുവാന്‍ തയ്യാറാകുന്നതോര്‍ത്ത് ജേക്കബ്ബ് എന്നും നടുങ്ങിയിട്ടുണ്ട്. കാരണം, കാലാന്തരത്തില്‍, ആരാച്ചാര്‍ പരിചയമുള്ള ഒരാളായിമാറുകയും, പീഡിതന്‍ അഭിജാതഗന്ധമുള്ള എന്തോ ഒന്നായിത്തീരുകയും ചെയ്തിരിക്കുന്നു. മുമ്പ്, ദീനരായ പീഡിതരുമായി ഐക്യം പ്രാപിച്ചിരുന്ന ആള്‍ക്കൂട്ടത്തിന്‍റെ ആത്മാവ്, ഇന്ന്, പീഡകരുടെ ദുരിതവുമായാണ് താദാത്മ്യം പ്രാപിക്കുന്നത്. കാരണം, നമ്മുടെ നൂറ്റാണ്ടില്‍ മനുഷ്യരെ വേട്ടയാടുകയെന്നാല്‍ അതു വിശിഷ്ടമനുഷ്യരെ വേട്ടയാടുകയെന്നാണ്: പുസ്തകം വായിക്കുന്നവരെ, അല്ലെങ്കില്‍, പട്ടികളെ പോറ്റുന്നവരെ വേട്ടയാടുകയെന്നാണ്.
     അയാള്‍ക്കു കരതലത്തില്‍ പട്ടിയുടെ ശരീരത്തിന്‍റെ ഊഷ്മളതയനുഭവപ്പെട്ടു. ഈ നാട്ടില്‍ താനൊരിക്കലും സ്നേഹിക്കപ്പെടുകയില്ലെന്നു, ഒരു രഹസ്യമുദ്രയിലൂടെ, പ്രഖ്യാപിക്കുവാനാണ് ആ സ്വര്‍ണ്ണമുടിക്കാരി യുവതി വന്നതെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അവള്‍, ജനങ്ങളുടെ ഈ ദൂതുകാരി, കുരുക്കുള്ള വടികളുമായി തന്നെ ഭീഷണിപ്പെടുത്തുന്ന മനുഷ്യര്‍ക്ക് നിവേദിക്കുവാനായി, തന്നെയെന്നും പീഡിപ്പിക്കുവാന്‍ തയ്യാറാകും. അയാള്‍ പട്ടിയെ മാറോടണച്ചു. അവനെയവിടെ അപകടത്തില്‍ വിടാന്‍ പറ്റില്ലെന്ന് അയാള്‍ വിചാരിച്ചു. ഈ നാട്ടില്‍നിന്ന്‍ വളരെയകലേക്ക് അവനെ തന്‍റെകൂടെ കൊണ്ടുപോകണം; പീഡനത്തിന്‍റെ ഒരു സ്മാരകമായി; രക്ഷപ്പെട്ടവരില്‍ ഒരുവനായി. പിന്നെ, പ്രസരിപ്പുള്ള ഈ പട്ടിയെ താന്‍, പോലീസില്‍നിന്ന് പലായനം ചെയ്യുന്ന ഒരു കുറ്റവാളിയെപ്പോലെ, ഒളിപ്പിക്കുകയല്ലേയെന്ന്‍ അയാള്‍ ചിന്തിച്ചു. ആ ചിന്ത അയാള്‍ക്കു ഹാസ്യജനകമായി തോന്നി.
ആരോ വാതിലില്‍ മുട്ടി. ഡോ. സ്ക്രേറ്റ കടന്നുവന്നു: “ഒടുവില്‍ നീയെത്തി. ഏകദേശം സമയത്തു തന്നെ. ഉച്ചക്കുശേഷം മുഴുവന്‍ ഞാന്‍ നിന്നെ തിരക്കുകയായിരുന്നു. എന്തെടുക്കുകയായിരുന്നു?”
     “ഞാന്‍ ഓള്‍ഗയെക്കാണാന്‍ പോയി. പിന്നെ. . .” അയാള്‍ പട്ടിയെപ്പറ്റി പറയാന്‍ പുറപ്പെട്ടു. പക്ഷെ, സ്ക്രേറ്റ ഇടയില്‍ക്കയറി:
     “ഞാന്‍ മനസ്സിലാക്കേണ്ടതായിരുന്നു. നമുക്കൊരുപാടു കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ളപ്പോള്‍ സമയമിങ്ങിനെ പാഴാക്കുന്നത്! നീ ഇവിടെയുണ്ടെന്ന് ഞാന്‍ ബെര്‍ട് ലേഫോടു പറഞ്ഞുകഴിഞ്ഞു. നമ്മെ രണ്ടുപേരെയും ക്ഷണിക്കാന്‍ ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.”
     ആ സമയത്ത് പട്ടി കിടക്കയില്‍നിന്നു ചാടി, ഡോക്റ്ററുടെ സമീപത്തേക്കു പോയി, പിന്‍കാലുകളില്‍നിന്നു മുന്‍കാലുകള്‍ സ്ക്രേറ്റയുടെ നെഞ്ചില്‍വെച്ചു. അയാള്‍ പട്ടിയുടെ പിന്‍കഴുത്തില്‍ ചൊറിഞ്ഞു. “ശരി, ശരി, ബോബ്, നീയൊരു നല്ല പട്ടി തന്നെ. . .” അതിനെ അവിടെ കണ്ടതില്‍ അയാള്‍ ഒരത്ഭുതവും കാണിച്ചില്ല.
     “ബോബെന്നാണോ ഇവന്‍റെ പേര്?”
     “ഉവ്വ്, ബോബെന്നു തന്നെ,” സ്ക്രേറ്റ പറഞ്ഞു. തൊട്ടടുത്തുള്ള കാട്ടിലുള്ള ഒരു സത്രമുടമസ്ഥന്‍റെ പട്ടിയാണതെന്നും പറഞ്ഞു. എല്ലായിടത്തും കറങ്ങിനടക്കുക കാരണം, എല്ലാവര്‍ക്കുമീ പട്ടിയെ അറിയാം.
     തന്നെപ്പറ്റിയാണ് അവര്‍ സംസാരിക്കുന്നതെന്ന് പട്ടിക്കു മനസ്സിലായി. അതവനെ സന്തോഷിപ്പിച്ചു. അവന്‍ വാലാട്ടി. ഡോ. സ്ക്രേറ്റയുടെ മുഖം നക്കാന്‍ ശ്രമിച്ചു.
     “മന:ശാസ്ത്രത്തില്‍ നിങ്ങള്‍ക്കു നല്ല പിടിയാണ്,” ഡോക്റ്റര്‍ പറഞ്ഞു. “എനിക്കുവേണ്ടി നിങ്ങളിന്നു ബെര്‍ട് ലേഫിനെ ആഴത്തില്‍ പഠിക്കണം. അയാളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് എനിക്കു പിടിയില്ല. അയാളെവെച്ച് എനിക്കു വലിയ വലിയ പദ്ധതികളുണ്ട്.”
     “അയാളുടെ മതപരമായ ചിത്രങ്ങള്‍ വില്‍ക്കാനോ?”
     “മതപരമായ ചിത്രങ്ങള്‍, അതൊരു വഹയാണ്,” സ്ക്രേറ്റ പറഞ്ഞു. “അതിനേക്കാളേറെ പ്രധാനപ്പെട്ടതാണിത്. അയാളെന്നെ ദത്തെടുക്കുകയാണ് എനിക്കു വേണ്ടത്.”
     “നിന്നെ ദത്തെടുക്കാനോ?”
     “മകനായി ദത്തെടുക്കാന്‍. എനിക്കതു പ്രാണപ്രധാനമാണ്. ഞാന്‍ അയാളുടെ ദത്തുമകനായാല്‍, സ്വാഭാവികമായും എനിക്കു അമേരിക്കന്‍ പൌരത്വം കിട്ടും.”
     “നീ കുടിയേറാന്‍പോവുകയാണോ?”
     “അല്ല. ഞാനിവിടെ ദീര്‍ഘകാല പരീക്ഷണങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ്. അതു തടസ്സപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇടക്കു പറയട്ടെ, അതേപ്പറ്റിയും എനിക്കു നിന്നോടു ചര്‍ച്ച ചെയ്യുവാനുണ്ട്. കാരണം, ഈ പരീക്ഷണങ്ങള്‍ക്ക് എനിക്കു നിന്‍റെ ആവശ്യമുണ്ട്. അമേരിക്കന്‍ പൌരത്വമുണ്ടായാല്‍, ലോകം മുഴുവന്‍ എനിക്കു സ്വതന്ത്രമായി സഞ്ചരിക്കാം. മറ്റുതരത്തില്‍ ഈ നാടു വിടാന്‍ ബുദ്ധിമുട്ടാണ്. എനിക്കാണെങ്കില്‍ ഐസ്ലാന്‍ഡിലേക്കു പോയേപറ്റൂ.”
     “എന്തേ, കൃത്യമായും, ഐസ്ലാന്‍ഡ്?”
     “സാമണ്‍മീന്‍ പിടിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലമാണത്,” സ്ക്രേറ്റ പറഞ്ഞു. അയാള്‍ തുടര്‍ന്നു: “ എന്നേക്കാള്‍ പതിനഞ്ചു വയസ്സു കൂടുതലേ ബെര്‍ട് ലേഫിനുള്ളുവെന്നതാണ് കാര്യങ്ങള്‍ കുഴപ്പിക്കുന്നത്. ദത്തു പിതൃത്വം നിയമപരമായ ഒരു നിലയാണെന്നും, അതിനു ജീവശാസ്ത്രപരമായ പിതൃത്വവുമായി ബന്ധമില്ലെന്നും, എന്നേക്കാള്‍ ചെറുപ്പമാണ് അയാളെങ്കില്‍ക്കൂടി, തത്ത്വത്തില്‍, അയാള്‍ക്കെന്‍റെ ദത്തുപിതാവാകാന്‍ പറ്റുമെന്ന് അയാളോടു വിശദീകരിക്കേണ്ടതുണ്ട്. അയാള്‍ ഇതു മനസ്സിലാക്കിയേക്കും; അയാളുടെ ഭാര്യ ഏറെച്ചെറുപ്പമാണെങ്കിലും. അവരെന്‍റെ ഒരു രോഗിയാണ്. മറ്റന്നാള്‍ അവരിവിടെ വരുന്നുണ്ട്. അവര്‍ വിമാനമിറങ്ങുമ്പോള്‍ കൂട്ടിക്കൊണ്ടുവരാന്‍ ഞാന്‍ സൂസിയെ പ്രാഗിലേക്കു പറഞ്ഞയച്ചിരിക്കുകയാണ്.”
     “നിന്‍റെ ഈ പദ്ധതി സൂസിക്കറിയുമോ?”
     “പിന്നേ! എന്തു വിലകൊടുത്തും ഭാവി അമ്മായിയമ്മയുടെ സ്നേഹം പിടിച്ചു പറ്റാന്‍ ഞാനവളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.”
     “അമേരിക്കക്കാരനോ? അയാളിതേപ്പറ്റിയെന്തു പറയുന്നു?”
     “അതു തന്നെയാണ് ഏറ്റവും പ്രയാസമുള്ള ഭാഗം. കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞാലേ അയാള്‍ക്ക് മനസ്സിലാകൂ. അതിനാണ് എനിക്കു നിന്നെ വേണ്ടത്. അയാളെ പഠിക്കൂ; എന്നിട്ട്, അയാളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നു പറയൂ.”
     സ്ക്രേറ്റ വാച്ചു നോക്കി. ബെര്‍ട് ലേഫ് തങ്ങളെ കാത്തിരിക്കുകയാണെന്ന് പറഞ്ഞു.
     “പക്ഷെ, ബോബിനെ നാമെന്തു ചെയ്യും?” ജേക്കബ്ബ് ചോദിച്ചു.
     “അവനെ നിങ്ങളെങ്ങിനെ ഇവിടെക്കൊണ്ടുവന്നു?” സ്ക്രേറ്റ പറഞ്ഞു.
     ജേക്കബ്ബ് പട്ടിയുടെ ജീവന്‍ രക്ഷിച്ച കഥ പറഞ്ഞു. പക്ഷെ, സ്ക്രേറ്റ ചിന്താമഗ്നനായതിനാല്‍, അശ്രദ്ധയോടെയാണതു കേട്ടത്. ജേക്കബ്ബ് പറഞ്ഞു നിര്‍ത്തിയപ്പോള്‍, അയാള്‍ പറഞ്ഞു: “സത്രമുടമയുടെ ഭാര്യ എന്‍റെയൊരു രോഗിയാണ്. രണ്ടുകൊല്ലംമുമ്പ്, അവളൊരു സുന്ദരനായ കുട്ടിയെ പ്രസവിച്ചു. അവര്‍ക്കു ബോബിനെ നല്ല ഇഷ്ടമാണ്. നാളെ നീ അവനെ അവരെ ഏല്‍പ്പിച്ചേക്കൂ. അതിനിടെ, നമുക്കവനൊരു ഉറക്കഗുളിക കൊടുക്കാം; നമ്മെ ശല്യപ്പെടുത്താതിരിക്കാന്‍.”
     അയാള്‍ കീശയില്‍നിന്നും ഒരു റ്റ്യൂബെടുത്തു. ഒരു ഗുളിക പുറത്തേക്കു കുലുക്കിയെടുത്തു. അയാള്‍ പട്ടിയെ തന്‍റെ അരികിലേക്കു വിളിച്ചു. അതിന്‍റെ വായ തുറന്നു. തൊണ്ടയിലൂടെ താഴോട്ടു ഗുളിക നിക്ഷേപിച്ചു.

     “ഒരു നിമിഷം. അവന്‍ സുഖമായുറങ്ങും,” അയാള്‍ പറഞ്ഞു. പിന്നെ, ജേക്കബ്ബുമൊത്ത് മുറി വിട്ടു.

9.ചില തത്ത്വചിന്തകൾ 

ബെര്‍ട് ലേഫ് രണ്ടു സന്ദര്‍ശകരെയും സ്വാഗതം ചെയ്തു. ജേക്കബ്ബാകട്ടെ, മുറിയാകെ ഒന്നു കണ്ണോടിച്ചു. അതിനുശേഷം താടിക്കാരന്‍ പുണ്യവാളന്‍റെ ചിത്രത്തെ സമീപിച്ചു: “നിങ്ങള്‍ വരക്കുമെന്നു കേട്ടിട്ടുണ്ട്,” അയാള്‍ ബെര്‍ട് ലേഫിനോടു പറഞ്ഞു.
     “ശരിയാണ്,” ബെര്‍ട് ലേഫ് പറഞ്ഞു. “അതു ലസാറസ് പുണ്യവാളനാണ്. എന്‍റെ രക്ഷകപുണ്യവാളന്‍.
     “എന്തിനാണീ നീലപ്പ്രഭാവലയം വരച്ചിരിക്കുന്നത്?” വിസ്മയം പ്രകടിപ്പിച്ചുകൊണ്ട് ജേക്കബ്ബ് ചോദിച്ചു.
     “അതു ചോദിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. പൊതുവെ, ആള്‍ക്കാര്‍ ചിത്രം നോക്കുകയല്ലാതെ, അവരെന്താണ് കാണുന്നതെന്നുപോലും ഗ്രഹിക്കാറില്ല. പ്രഭാവലയം നീലയാക്കിയത്, സത്യത്തില്‍ എല്ലാ പ്രഭാവലയങ്ങളും നീലയായതു കൊണ്ടാണ്.”
     ജേക്കബ്ബ് വീണ്ടും വിസ്മയം കാട്ടി. ബെര്‍ട് ലേഫ് തുടര്‍ന്നു: “സവിശേഷമായ ശക്തിയുള്ള ഒരു പ്രേമത്തോടെ ദൈവത്തോട് ആസക്തിയുണ്ടാകുന്നവര്‍ക്ക് അവരുടെ മുഴുവന്‍ ആത്മാവിലൂടെയുമൊഴുകുന്ന പരിശുദ്ധമായൊരു ആനന്ദം അനുഭവപ്പെടും. ആത്മാവില്‍നിന്നത് പുറത്തേക്കു പ്രസരിക്കും. ഈ ദൈവികാനന്ദത്തിന്‍റെ വെളിച്ചം മൃദുവും ശാന്തവുമാണ്. അതിന്‍റെ വര്‍ണ്ണം ആകാശനീലിമയും.”
“ഒരു നിമിഷം,” ജേക്കബ്ബ് ഇടപെട്ടു. “ഒരു പ്രതീകത്തിലുപരിയാണ് പ്രഭാവലയങ്ങളെന്നാണോ നിങ്ങള്‍ പറയുന്നത്?”
     “തീര്‍ച്ചയായും,” ബെര്‍ട് ലേഫ് പറഞ്ഞു. “പക്ഷെ, പുണ്യവാളന്മാരുടെ തലയില്‍നിന്നും അവ നിരന്തരമായി പ്രസരിക്കുന്നുവെന്നും, സഞ്ചരിക്കുന്ന റാന്തലുകളെപ്പോലെ അവര്‍ ലോകത്തില്‍ വ്യവഹരിക്കുകയാണെന്നും  വിചാരിക്കരുത്. തീര്‍ച്ചയായും അങ്ങിനെയല്ല. തീവ്രമായ ആന്തരിക ആനന്ദത്തിന്‍റെ മുഹൂര്‍ത്തങ്ങളില്‍ മാത്രമാണ് അവരുടെ പുരികങ്ങള്‍ നീലിമയാര്‍ന്ന ഒരു വെളിച്ചം വമിപ്പിക്കുന്നത്. യേശുവിന്‍റെ മരണം കഴിഞ്ഞുള്ള ആദ്യ നൂറ്റാണ്ടുകളില്‍, നിരവധി പുണ്യവാളന്മാരും, അവരെ അറിഞ്ഞിരുന്ന നിരവധി ജനങ്ങളുമുണ്ടായിരുന്ന അക്കാലത്ത്, ആര്‍ക്കും പ്രകാശപരിവേഷത്തിന്‍റെ വര്‍ണ്ണത്തെക്കുറിച്ച് സംശയമുണ്ടായിരുന്നില്ല. അക്കാലത്തെ ചിത്രങ്ങളിലും, ചുമര്‍ചിത്രങ്ങളിലും പ്രഭാവലയങ്ങള്‍ നീലനിറത്തിലായിരുന്നുവെന്ന് നിങ്ങള്‍ക്കു കാണുവാനാകും. അഞ്ചാം നൂറ്റാണ്ടില്‍ മാത്രമാണ് ചിത്രകാരന്മാര്‍ കുറേശ്ശെയായി അവയെ മറ്റു നിറങ്ങളില്‍ ചിത്രീകരിക്കാന്‍ തുടങ്ങിയത്. ഉദാഹരണത്തിന്, മഞ്ഞയും, ഓറഞ്ചും. ഏറെക്കഴിഞ്ഞ്, ഗോഥിക് ചിത്രങ്ങളില്‍, പ്രഭാവലയങ്ങള്‍ സ്വര്‍ണ്ണനിറത്തില്‍ മാത്രമായി. ഇതു കൂടുതലും ആലങ്കാരികമായിരുന്നു. അതു ദ്യോതിപ്പിച്ചത് സഭയുടെ ഐഹികാധികാരവും മഹത്ത്വവുമായിരുന്നു. അക്കാലത്തെ സഭക്ക് ആദ്യകാല സഭയുമായി യാതൊരു സാദൃശ്യവുമില്ലാത്തതുപോലെ, ആ പ്രകാശപരിവേഷത്തിനു ശരിയായ പ്രഭാവലയവുമായി ഒരു സാമ്യവുമില്ല.”
     “അതെനിക്കറിയില്ലായിരുന്നു,” ജേക്കബ്ബ് പറഞ്ഞു. ബെര്‍ട് ലേഫ് മദ്യംവെച്ച വലിപ്പുപെട്ടിക്കടുത്തേക്കു പോയി. ഏതു മദ്യം കുടിക്കണമെന്നു തന്‍റെ രണ്ടു സന്ദര്‍ശകരുമായും അല്‍പ്പനേരം ചര്‍ച്ചയിലേര്‍പ്പെട്ടു. മൂന്നു ഗ്ലാസുകളില്‍ കോഞ്യാക് പകര്‍ന്നതിനു ശേഷം, അയാള്‍ വൈദ്യനു നേരെ തിരിഞ്ഞു: “അച്ഛനാകാന്‍ പോകുന്ന ദു:ഖിതനായ ആ മനുഷ്യനെ മറക്കരുത്, പ്ലീസ്. എന്നെ സംബന്ധിച്ച് അതു വളരെ പ്രധാനപ്പെട്ടതാണ്!”
     എല്ലാം ശുഭമായി കലാശിക്കുമെന്ന് സ്ക്രേറ്റ ബെര്‍ട് ലേഫിനുറപ്പു കൊടുത്തു. ജേക്കബ്ബ്, അപ്പോള്‍, അവരെന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നു ചോദിച്ചു. അവരയളോട് അക്കഥ പറഞ്ഞ ശേഷം (ജേക്കബ്ബ് മാത്രമാണ് അവരുടെ കൂടെയുള്ളതെങ്കിലും, അവരാരുടെയും പേരെടുത്തു പറഞ്ഞില്ല. അവരുടെ ഈ അലിവാര്‍ന്ന കരുതലിനെ നമുക്കാദരിക്കാം.) നിര്‍ഭാഗ്യവാനായ ആ ജനയിതാവിനോട് അയാള്‍ അനുകമ്പ പ്രകടിപ്പിച്ചു: “ഈ രക്തസാക്ഷിത്ത്വത്തിലൂടെ കടന്നുപോകാത്തവരാരുണ്ട്! ജീവിതത്തിലെ കൂറ്റന്‍ പരീക്ഷണങ്ങളിലൊന്നാണത്. സ്വന്തം ഇച്ഛക്കെതിരെ അച്ഛനാകാന്‍ കീഴടങ്ങുന്നവരെ, അവരുടെ തോല്‍വി നിത്യനാശത്തിലേക്കു തള്ളിയിടുന്നു. എല്ലാ പരാജിതരിലുമെന്നപോലെ, അവരില്‍ വിദ്വേഷം നിറയും. സ്വന്തം വിധി മറ്റുള്ളവര്‍ക്കുമുണ്ടാകട്ടേയെന്നു ആഗ്രഹിക്കും.”
     “സുഹൃത്തേ!” ബെര്‍ട് ലേഫ് വിസ്മയത്തോടെ പറഞ്ഞു. “സന്തുഷ്ടനായ ഒരച്ഛന്‍റെ മുമ്പിലാണ് നിങ്ങളിതു പറയുന്നത്! ഒന്നു രണ്ടു ദിവസം കൂടി നിങ്ങളിവിടെ നില്‍ക്കുകയാണെങ്കില്‍, നിങ്ങള്‍ക്കെന്‍റെ മകനെക്കാണാം. സുന്ദരനായൊരു കുട്ടി. ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞത് അപ്പോള്‍ നിങ്ങള്‍ തിരിച്ചെടുക്കും!”
     “ഞാനൊന്നും തിരിച്ചെടുക്കില്ല,” ജേക്കബ്ബ് പറഞ്ഞു. “കാരണം, നിങ്ങളുടെ ആഗ്രഹത്തിനെതിരായല്ല നിങ്ങള്‍ ഒരച്ഛനായത്.”
“തീര്‍ച്ചയായുമല്ല. സ്വയേച്ഛയോടെയാണ് ഞാന്‍ അച്ഛനായത്. ഡോ. സ്ക്രേറ്റയുടെ നന്മകൊണ്ടും.”
സംതൃപ്തമായ ഒരു ഭാവത്തോടെ ഡോക്റ്റര്‍ തലകുലുക്കി. ജേക്കബ്ബിന്‍റേതില്‍നിന്നും വ്യത്യസ്തമായ ഒരാശയമാണ് പിതൃത്വത്തെക്കുറിച്ചു തനിക്കുമുള്ളതെന്ന്‍ പ്രഖ്യാപിച്ചു. ഉദാഹരണത്തിന്, തന്‍റെ പ്രിയപ്പെട്ട സൂസിയുടെ അനുഗൃഹീതമായ സ്ഥിതി തെളിയിക്കുന്നതതാണ്. “പ്രത്യുല്‍പ്പാദനത്തെസംബന്ധിച്ച് എന്നെ കുഴപ്പിക്കുന്ന ഒരേയൊരു കാര്യം,” അയാള്‍ കൂട്ടിച്ചേര്‍ത്തു, “എത്ര ബോധമില്ലാതെയാണ് മാതാപിതാക്കള്‍ പരസ്പരം തിരഞ്ഞെടുക്കുന്നതെന്നതാണ്. എന്തു ബീഭത്സരൂപികളായ വ്യക്തികളാണ് പ്രജനനത്തിനു മുതിരുന്നതെന്നത് അവിശ്വസനീയമാണ്. തങ്ങളുടെ വൈരൂപ്യത്തിന്‍റെ ഭാരം, അവരുടെ പിന്‍ഗാമികളുമായി പങ്കുവെച്ചാല്‍, ലഘൂകരിക്കപ്പെടുമെന്നാവണം അവരുടെ വിചാരം.”
ഡോ. സ്ക്രേറ്റയുടെ വീക്ഷണം സൌന്ദര്യാത്മകമായ വംശവിദ്വേഷമാണെന്ന് ബെര്‍ട് ലേഫ് അഭിപ്രായപ്പെട്ടു. “സോക്രട്ടീസു പോലും കുരൂപിയായിരുന്നുവെന്ന്‍ മറക്കരുത്. മാത്രമല്ല, പല കാമുകിമാരും ശാരീരികപൂര്‍ണ്ണതകൊണ്ടു പ്രശസ്തരായവരല്ല. സൌന്ദര്യാത്മകവര്‍ണ്ണവിവേചനം അനുഭവരാഹിത്യത്തിന്‍റെ ലക്ഷണമാണ്. പ്രേമാനന്ദത്തിന്‍റെ ലോകത്തില്‍ ഏറെ ദൂരെ സഞ്ചരിക്കാത്തവരാണ് സ്ത്രീകളെ ബാഹ്യരൂപംകൊണ്ടുമാത്രം വിലയിരുത്തുന്നത്. പക്ഷെ, ഒരു സ്ത്രീക്കെന്തുനല്‍കാന്‍ കഴിയുമെന്നതിന്‍റെ നിസ്സാരമായ ഒരംശമേ കണ്ണുകള്‍ വെളിപ്പെടുത്തുന്നുള്ളൂവെന്ന്, സ്ത്രീകളെ ശരിക്കുമറിയുന്നവര്‍ക്കറിയാം. ദൈവം മനുഷ്യനോടു ഉര്‍വ്വരമാകാനും, പെറ്റുപെരുകാനും കല്‍പ്പിച്ചപ്പോള്‍, ഡോക്റ്ററേ, അവന്‍റെ മനസ്സില്‍ സുന്ദരന്മാര്‍ മാത്രമല്ല, വിരൂപരുമുണ്ടായിരുന്നു. ഞാന്‍ ഒന്നുകൂടി പറയട്ടെ, സൌന്ദര്യത്തിന്‍റെ മാനദണ്ഡം വരുന്നത് ദൈവത്തില്‍നിന്നല്ല, ചെകുത്താനില്‍നിന്നാണെന്ന് എനിക്കു നല്ല ബോദ്ധ്യമുണ്ട്. സൌന്ദര്യവും വൈരൂപ്യവും തമ്മില്‍ സ്വര്‍ഗ്ഗത്തില്‍ യാതൊരു വ്യത്യാസവുമുണ്ടായിരുന്നില്ല.”
ജേക്കബ്ബ് സംഭാഷണത്തിലേക്ക് വീണ്ടുമിറങ്ങി. പ്രത്യുല്‍പ്പാദനത്തോടു തനിക്കു തോന്നുന്ന വെറുപ്പിനു സൌന്ദര്യാത്മകമായ പരിഗണനകളൊന്നുമില്ലെന്ന്‍ വാദിച്ചു: “അച്ഛനാകാതിരിക്കാന്‍ മറ്റു പത്തു കാരണങ്ങള്‍ എനിക്കു നിരത്താനാകും.”
“ഏതാണവ? കേള്‍ക്കാന്‍ കൌതുകമുണ്ട്.”
“ഒന്നാമതായി, എനിക്കു മാതൃത്വം ഇഷ്ടമല്ല,” ജേക്കബ്ബ് പറഞ്ഞു. പിന്നെ, വിഷാദത്തോടെ നിർത്തി: “നമ്മുടെ നൂറ്റാണ്ട് എല്ലാ മിത്തുകളുടെയും മറനീക്കിക്കഴിഞ്ഞിരിക്കുന്നു. ബാല്യം നിഷ്കളങ്കതയുടെ കാലമല്ലാതായിട്ടു എത്രയോ കാലമായി. ഫ്രോയ്ഡ് ശൈശവലൈംഗികത കണ്ടെത്തി. ഈഡിപ്പസ്സിനെപ്പറ്റി നമ്മോടു പറഞ്ഞു. യൊക്കാസ്റ്റ മാത്രമാണ് തൊടാന്‍ പറ്റാതെയുള്ളത്. അവളുടെ മുഖപടം വലിച്ചുമാറ്റാന്‍ ആരും ധൈര്യപ്പെടില്ല. മാതൃത്വമാണ് അവസാനത്തെയും ഏറ്റവും ഭീമമായതുമായ വിലക്ക്. ഗുരുതരമായ ശാപം കുടികൊള്ളുന്ന വിശുദ്ധവിലക്ക്. അമ്മയെ കുട്ടിയോടു തളച്ചിടുന്ന കെട്ടിനെക്കാള്‍  ശക്തമായ മറ്റൊരു കെട്ടില്ല. ഈ ബന്ധനം കുട്ടിയുടെ ആത്മാവിനെ വികലമാക്കുന്നു. അമ്മയെ, മകന്‍ വളര്‍ന്നു കഴിയുമ്പോള്‍, സ്നേഹത്തിന്‍റെ ഖേദങ്ങളില്‍ ഏറ്റവും ക്രൂരാമായതിനുവേണ്ടി സജ്ജമാക്കുന്നു. മാതൃത്വം ഒരു ശാപമാണെന്നു ഞാന്‍ പറയും. അതിനു പങ്കാളിയാകാന്‍ ഞാനില്ല.”
“രണ്ടാമത്തതോ!” ബെര്‍ട് ലേഫ് പറഞ്ഞു.
“അമ്മമാരുടെ എണ്ണംകൂട്ടാന്‍ ഞാന്‍ തയ്യാറാകാത്തതിനു മറ്റൊരുകാരണം,” ഒരല്‍പ്പം ജാള്യതയോടെ ജേക്കബ്ബ് പറഞ്ഞു, “എനിക്കു സ്ത്രീശരീരം ഇഷ്ടമാണെന്നുള്ളതാണ്. എന്‍റെ പ്രിയതമയുടെ മാറിടം ഒരു പാല്‍സ്സഞ്ചിയാകുമെന്നോര്‍ക്കുമ്പോള്‍ എനിക്കു ജുഗുപ്സയുണ്ടാകുന്നു.”
“അടുത്തത്!” ബെര്‍ട് ലേഫ് പറഞ്ഞു.
“പ്രസവിച്ചവരോടുള്ളതിനേക്കാള്‍ രൂക്ഷമായാണ് ഡോക്റ്റര്‍മാരും നഴ്സുമാരും ഗര്‍ഭമലസി ആശുപത്രിയിലെത്തുന്നവരോട് പെരുമാറുന്നതെന്ന് ഈ ഡോക്റ്റര്‍ സ്ഥിരീകരിക്കും. അവരോടവര്‍ അല്‍പ്പം പുച്ഛം കാണിക്കും; ജീവിതത്തിലൊരിക്കലെങ്കിലും അത്തരമൊരു ഓപ്പറേഷനു അവര്‍ക്കു സ്വയം വിധേയമാകേണ്ടതുണ്ടെങ്കില്‍ക്കൂടി. പക്ഷെ, അവരുടെ കാര്യത്തിലത്, മറ്റേതൊരു ചിന്തയെക്കാളും ശക്തമായ, ഒരു സഹജ പ്രതികരണമാണ്. കാരണം, പ്രത്യുല്‍പ്പാദനമെന്ന വിശുദ്ധവ്യവസ്ഥ പ്രകൃതിയുടെ ഒരാവശ്യമാണ്. അതുകൊണ്ടാണ്, ജനനത്തിനനുകൂലമായ പ്രചരണങ്ങളില്‍ അല്‍പ്പമെങ്കിലും യുക്തിമത്തായ വാദം തിരയുന്നത് നിഷ്പ്രയോജനകരമാകുന്നത്. കൃസ്തീയസഭയുടെ ജനനാനുകൂല പ്രചരണത്തില്‍ കേള്‍ക്കുന്നത് യേശുവിന്‍റെ ശബ്ദമാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ജനനാനുകൂല പ്രചരണത്തില്‍ കേള്‍ക്കുന്നത് മാര്‍ക്സിന്‍റെ ശബ്ദമാണെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? വംശവര്‍ദ്ധനയ്ക്കുള്ള കാമനയാല്‍ പ്രേരിതരായി, മനുഷ്യവര്‍ഗ്ഗം ഈ ഗ്രഹത്തിനുമുകളില്‍ സ്വയം ശ്വാസംമുട്ടിയൊടുങ്ങും. പക്ഷെ, ജനനാനുകൂലപ്രചരണപ്രസ്ഥാനം മുമ്പോട്ടുതന്നെ നീങ്ങുകയാണ്. പൊതുജനമോ, മുഖം കൊണ്ടു കോക്രികാട്ടുന്ന ശിശുക്കളുടെയും, മുലയൂട്ടുന്ന അമ്മമാരുടെയും ചിത്രങ്ങള്‍കണ്ട് കണ്ണീരൊഴുക്കുന്നു. എന്നിലിത് ജുഗുപ്സയാണുണ്ടാക്കുന്നത്. മറ്റു ലക്ഷക്കണക്കിന്‌ ആളുകള്‍ക്കൊപ്പം, ഞാനും ഒരു വളിച്ച ചിരിയോടെ ഒരു തൊട്ടിലിനരികില്‍ കുനിഞ്ഞു നില്‍ക്കുന്നതോര്‍ക്കുമ്പോള്‍ പേടി തോന്നുന്നു.”
“അടുത്തത്!” ബെര്‍ട് ലേഫ് പറഞ്ഞു.
“തീര്‍ച്ചയായും, ഏതുതരം ലോകത്തേക്കാണ്‌ എന്‍റെ കുട്ടിയെ പറഞ്ഞയക്കുന്നതെന്നുകൂടി എനിക്കാലോചിക്കേണ്ടതുണ്ട്.താമസിയാതെ, സ്കൂള്‍ അവനെ കൊണ്ടുപോകും. ആയുഷ്ക്കാലം മുഴുവന്‍ ഞാന്‍ നിഷ്ഫലമായി ഏതു നുണകള്‍ക്കെതിരെയാണോ പൊരുതിയത് അതേ നുണകള്‍കൊണ്ടവന്‍റെ തല നിറയ്ക്കും. അവനൊരു വ്യവസ്ഥാനുകൂലിയായ മണ്ടനാകുന്നത് ഞാന്‍ കാണണോ? അതോ, എന്‍റെ ആശയങ്ങള്‍ അവനില്‍ കുത്തിവെച്ച് അവന്‍ യാതന തിന്നുന്നത് കാണണോ? കാരണം, ഞാനേര്‍പ്പെട്ട സംഘര്‍ഷങ്ങളിലേക്ക് അവനെയവ വലിച്ചിഴക്കും.”
“അടുത്തത്!” ബെര്‍ട് ലേഫ് പറഞ്ഞു.
“എന്നെക്കുറിച്ചും എനിക്കു ചിന്തിച്ചേ പറ്റൂ. ഈ ലോകത്ത് മാതാപിതാക്കള്‍ മക്കളുടെ നിഷേധത്തിനും മക്കള്‍ മാതാപിതാക്കളുടെ നിഷേധത്തിനും വിലകൊടുക്കേണ്ടതുണ്ട്. എത്ര ചെറുപ്പക്കാര്‍ക്കാണ്, അവരുടെ മാതാപിതാക്കള്‍ അപമാനിതരായതുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്? എത്ര മാതാപിതാക്കളാണ്, മക്കള്‍ക്കു ദ്രോഹമില്ലാതിരിക്കാന്‍വേണ്ടി, സ്ഥിരമായ ഭീരുത്വം തിരഞ്ഞെടുത്തിരിക്കുന്നത്? ഇവിടെ അല്‍പ്പമെങ്കിലും സ്വാതന്ത്ര്യം വേണമെന്നുള്ളവര്‍ കുട്ടികള്‍ വേണ്ടെന്നു വെക്കണം.”
“നിങ്ങളുടെ ദശകം പൂര്‍ത്തിയാക്കാന്‍ ഇനിയും അഞ്ചു കാരണങ്ങള്‍ ബാക്കിയുണ്ട്.”
“അടുത്ത കാരണം അഞ്ചുകാരണങ്ങള്‍ക്കു തുല്യമാകത്തക്ക പ്രാധാന്യമുള്ളതാണ്,” ജേക്കബ്ബ് പറഞ്ഞു. “ഒരു കുട്ടിയുണ്ടാക്കുകയെന്നത് മനുഷ്യവംശവുമായി പരിപൂര്‍ണ്ണമായ ഐക്യത്തിലാവുകയെന്ന് കാണിക്കുകയാകും. എനിക്കൊരു കുട്ടിയുണ്ടായാല്‍, അതിങ്ങിനെ പറയുന്നതിന്‌ സമമാകും: ഞാന്‍ ജനിക്കുകയും ജീവിതം രുചിക്കുകയും ചെയ്തു; പകര്‍പ്പുകളുണ്ടാക്കുന്നതിനുള്ളത്ര ഗുണമുള്ളവിധം നല്ലതാണതെന്ന് ഞാന്‍ വിളംബരം ചെയ്യുന്നു.”
“ജീവിതം നല്ലതാണെന്ന് നിങ്ങള്‍ക്കനുഭവപ്പെട്ടിട്ടില്ലേ?” ബെര്‍ട് ലേഫ് ചോദിച്ചു.
കൃത്യത പാലിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് ജേക്കബ്ബ് പറഞ്ഞു: “പുനരുല്‍പ്പാദിക്കപ്പെടാന്‍മാത്രം മനോഹരമായ ഒരു ജീവിയാണ് മനുഷ്യനെന്ന് പൂര്‍ണ്ണ ബോദ്ധ്യത്തോടെ എനിക്കൊരിക്കലും പറയാന്‍ കഴിയില്ലെന്നു മാത്രമേ എനിക്കറിയൂ.”
“ജീവിതത്തിന്‍റെ ഏറ്റവും വഷളായ വശം മാത്രമേ നീ കണ്ടിട്ടുള്ളൂ എന്നതാണതിനു കാരണം,” ഡോ. സ്ക്രേറ്റ പറഞ്ഞു. “ജീവിക്കേണ്ടതെങ്ങിനെയെന്നു ഒരിക്കലും നീ മനസ്സിലാക്കിയിട്ടില്ല. നിനക്കെപ്പോഴും, ആളുകള്‍ പറയാറുള്ളതുപോലെ, സംഭവങ്ങളുടെ ഒത്തനടുക്കു നില്‍ക്കണം. യാഥാര്‍ത്ഥ്യത്തിന്‍റെ കേന്ദ്രത്തില്‍. പക്ഷെ, നിന്‍റെ യാഥാര്‍ത്ഥ്യം എന്തായിരുന്നു? രാഷ്ട്രീയം. രാഷ്ട്രീയമാകട്ടെ, ജീവിതത്തിലെ പ്രാധാന്യമേറ്റവും കുറഞ്ഞ, മൂല്യമേറ്റവും കുറഞ്ഞയൊന്നും.  പുഴയുടെ ഉപരിതലത്തിലെ മലിനമായ നുരയാണ് രാഷ്ട്രീയം. ജീവിതമാകുന്ന പുഴയോ, വളരെ ആഴത്തില്‍ ജീവിക്കേണ്ടതാണുതാനും. ആയിരക്കണക്കിനു വര്‍ഷങ്ങളായി തുടര്‍ന്നുപോകുന്നതാണ് സ്ത്രീകളുടെ ഉര്‍വ്വരതയെക്കുറിച്ചുള്ള ഗവേഷണം. അധികാരത്തിലിരിക്കുന്നതു ഏതു ഗവര്‍മ്മെണ്ടാണൊന്നും അതിനു നോട്ടമില്ല. റബ്ബര്‍ഗ്ലവ്വിട്ട്‌ ഒരു സ്ത്രീയുടെ അവയവം പരിശോധിക്കുമ്പോള്‍, ഞാന്‍ ജീവന്‍റെ കേന്ദ്രത്തോട് നിന്നെക്കാള്‍, മനുഷ്യവംശത്തിന്‍റെ നന്മയെക്കുറിച്ച് വ്യാകുലപ്പെട്ടതുമൂലം ജീവനപകടത്തിലാക്കിയ നിന്നെക്കാള്‍, എത്രയോയേറെ അടുത്താണ്.”
പ്രതിഷേധിക്കുന്നതിനുപകരം, ജേക്കബ്ബ് സുഹൃത്തിന്‍റെ ശകാരം സ്വീകരിച്ചു. ഡോ. സ്ക്രേറ്റയാകട്ടെ, ഉത്തേജിതനായി, തുടര്‍ന്നു: “വൃത്തങ്ങള്‍ കൊണ്ടു ആര്‍ക്കിമിഡീസും, ശിലകള്‍കൊണ്ടു മൈക്കലാഞ്ചലോയും, ടെസ്റ്റ്യൂബുകള്‍കൊണ്ടു പാസ്ച്ചറും. . . അവര്‍, അവര്‍ മാത്രമാണ്, മനുഷ്യജീവിതത്തെ മാറ്റിയതും, ശരിയായ ചരിത്രമുണ്ടാക്കിയതും. രാഷ്ട്രീയക്കാരാകട്ടെ. . .” ഒന്നു നിര്‍ത്തി, സ്ക്രേറ്റ പുച്ഛത്തോടെ കൈവീശി.
“രാഷ്ട്രീയക്കാര്‍?” ജേക്കബ്ബ് ചോദിച്ചു; പിന്നെ, തുടര്‍ന്നു: “ഞാന്‍ പറയാം. കലയും ശാസ്ത്രവുമാണ് വാസ്തവത്തില്‍ ചരിത്രത്തിന്‍റെ നേരായ അരങ്ങുകളെങ്കില്‍, അതിനു വിപരീതമായി, മനുഷ്യവംശത്തിനുമേല്‍ അഭൂതപൂര്‍വ്വമായ പരീക്ഷണങ്ങള്‍ നടത്തുന്ന അടഞ്ഞ ഒരു ശാസ്ത്രപരീക്ഷണശാലയാണ് രാഷ്ട്രീയം. അവിടെ മനുഷ്യഗിനിപ്പന്നികള്‍ രഹസ്യവാതിലുകളിലൂടെ വലിച്ചെറിയപ്പെടുന്നു; കരഘോഷത്താല്‍ പ്രലോഭിപ്പിക്കപ്പെട്ടും, തൂക്കുമരങ്ങളെ ഭയപ്പെട്ടും, അപലപിച്ചും, അപലപിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടും, അരങ്ങിലേക്കവര്‍ വീണ്ടും ആനയിക്കപ്പെടുന്നു. ഈ ലാബില്‍ ഒരു സഹായിയായി ജോലിനോക്കിയവനാണു ഞാന്‍. അതേസമയം, പലതവണ, അവിടെ ഞാന്‍ ശാസ്ത്രക്രിയക്കു വിധേയനായിട്ടുമുണ്ട്. മൂല്യമുള്ളതൊന്നും ഞാന്‍ അവിടെ സൃഷ്ടിച്ചിട്ടില്ല (എന്‍റെ കൂടെ ജോലിചെയ്തവരേക്കാള്‍ കൂടുതലൊന്നും). മനുഷ്യനെന്തെന്നു മറ്റാരേക്കാളും, ഒരു പക്ഷെ, എനിക്കു മനസ്സിലാക്കാനായി.”
“എനിക്കു നിങ്ങളെ മനസ്സിലാകും,” ബെര്‍ട് ലേഫ് പറഞ്ഞു, “ആ പരീക്ഷണശാല എനിക്കും അറിവുള്ളതാണ്. ഞാനൊരിക്കലും അവിടെയൊരു സഹായിയായിരുന്നില്ല. എന്നും ഒരു ഗിനിപ്പന്നിയായിരുന്നു. യുദ്ധം പൊട്ടിപുറപ്പെട്ടപ്പോള്‍ ഞാന്‍ ജര്‍മ്മനിയിലായിരുന്നു. ഞാന്‍ പ്രേമിച്ച പെണ്ണ്‍ എന്നെ രഹസ്യപ്പോലീസിനു ഒറ്റിക്കൊടുത്തു. ഗെസ്റ്റപ്പൊ അവളെ കാണാന്‍ വന്നതായിരുന്നു. മറ്റൊരു പെണ്ണുമൊത്തു കിടക്കയിലിരിക്കുന്ന എന്‍റെ ഒരു ഫോട്ടോ അവരവളെ കാണിച്ചു. അതവളെ വേദനിപ്പിച്ചു. നിങ്ങള്‍ക്കറിയാലോ, പ്രേമം പലപ്പോഴും വെറുപ്പിന്‍റെ ലക്ഷണങ്ങള്‍ കാട്ടും. എന്നെ ജയിലിലേക്കെത്തിച്ചത് പ്രേമമാണെന്ന വിചിത്രവികാരത്തോടെയാണ് ഞാന്‍ അവിടേക്കു പോയത്. ഗെസ്റ്റപ്പൊയുടെ പിടിയിലാവുകയും, അതു, ആ വസ്തുത, അമിതമായി പ്രേമിച്ച ഒരാളുടെ വിശിഷ്ടാവകാശമാണെന്നു തിരിച്ചറിയുകയും ചെയ്യുന്നത് സുന്ദരമായ കാര്യമല്ലേ?”
ജേക്കബ്ബ്‌ മറുപടി പറഞ്ഞു: “മനുഷ്യവര്‍ഗ്ഗത്തോട് എനിക്കു പരിപൂര്‍ണ്ണമായ വെറുപ്പുണ്ടാകുന്നത്, അതിന്‍റെ ക്രൂരതക്കും, അതിന്‍റെ ഹീനതക്കും, അതിന്‍റെ ശുംഭത്തത്തിനും എങ്ങിനെ കാവ്യാത്മകമായ ഒരു മുഖപടമണിയാന്‍ കഴിയുന്നുവെന്നു കാണുമ്പോഴാണ്. അവള്‍ നിങ്ങളെ മരണത്തിനു വിട്ടുകൊടുക്കുന്നു. എന്നിട്ടതു വ്രണിതമായ പ്രണയത്തിന്‍റെ കാല്‍പ്പനികമായ സാഹസമായി അനുഭവിക്കുന്നു. നിങ്ങളോ, തനിക്കുവേണ്ടി ഷേക്സ്പിയര്‍ എഴുതിയ ഒരു ദുരന്ത നാടകത്തിലെ ഭാഗമഭിനയിക്കുന്നുവെന്നു വിചാരിച്ച്, സങ്കുചിതമനസ്കയായൊരു സാധാരണസ്ത്രീമൂലം തൂക്കുമരത്തട്ടു കയറുന്നു.”
“യുദ്ധത്തിനുശേഷം അവള്‍ കണ്ണീരില്‍മുങ്ങി എന്‍റെയടുത്തു വന്നു,” ജേക്കബ്ബിന്‍റെ എതിര്‍വാദം കേള്‍ക്കാത്തതുപോലെ ബെര്‍ട് ലേഫ് തുടര്‍ന്നു. “ഞാന്‍ അവളോടു പറഞ്ഞു: ‘ബെര്‍ട് ലേഫ് പ്രതികാരദാഹിയല്ല.’” 
“നിങ്ങള്‍ക്കറിയുമോ,” ജേക്കബ്ബ് പറഞ്ഞു, “ഞാനെപ്പോഴും ഹെരോദ് രാജാവിനെക്കുറിച്ച് ഓര്‍ക്കാറുണ്ട്. കഥ നിങ്ങള്‍ക്കറിയാം. യഹൂദരുടെ ഭാവിരാജാവിന്‍റെ പിറവിയെക്കുറിച്ചറിഞ്ഞപ്പോള്‍, തനിക്കു സിംഹാസനം നഷ്ടപ്പെടുമെന്ന് അദ്ദേഹം പേടിച്ചുവെന്നാണ് കഥ. അതിനാല്‍ എല്ലാ നവജാതരെയും അദ്ദേഹം കൊല്ലിച്ചു. വ്യക്തിപരമായി, ഞാന്‍ ഹെരോദിനെക്കാണുന്നത് വ്യത്യസ്തമായാണ്; അതു ഭാവനാമയമായ ഒരു കളിയാണെന്ന് എനിക്കറിയാമെങ്കില്‍ക്കൂടി. അഭ്യസ്തവിദ്യനും, വിവേകിയും, ഉദാരമതിയുമായ ഒരു രാജാവായിരുന്നു ഹെരോദ്. രാഷ്ട്രീയപരീക്ഷണശാലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച്, ജീവിതത്തെയും മനുഷ്യനെയും കുറിച്ച് ഏറെപ്പഠിച്ച ഒരാള്‍. മനുഷ്യനെ ഒരു പക്ഷെ സൃഷ്ടിക്കരുതായിരുന്നുവെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്‍റെ ഈ സംശയം നിന്ദ്യമോ, അനാവശ്യമോ ആയിരുന്നില്ലെന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ. എനിക്കു തെറ്റിയിട്ടില്ലെങ്കില്‍, കര്‍ത്താവിനുപോലും മനുഷ്യവംശത്തെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു; തന്‍റെ സൃഷ്ടിയിലെ ഈ ഭാഗം നശിപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു.”
“അതെ,” ബെര്‍ട് ലേഫ് യോജിച്ചു, “ അതു വരുന്നത് ഉല്‍പ്പത്തിപുസ്തകത്തിലെ ആറാം അദ്ധ്യായത്തിലാണ്: ‘ഞാനുണ്ടാക്കിയ മനുഷ്യനെ ഞാന്‍ നശിപ്പിക്കും. . . എന്തെന്നാല്‍, അവനെ ഉണ്ടാക്കിയതില്‍ ഞാന്‍ അനുതപിക്കുന്നു.’” മാനവചരിത്രം പുനരാരംഭിക്കാനായി, നോഹായ്ക്ക് പെട്ടകത്തില്‍ അഭയംതേടാന്‍ അനുമതിനല്‍കിയത് കര്‍ത്താവിന്‍റെ ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ ദൌര്‍ബ്ബല്യമായിരുന്നിരിക്കണം. ആ ദൌര്‍ബല്യത്തെച്ചൊല്ലി ദൈവമൊരിക്കലും പശ്ചാത്തപിച്ചിട്ടില്ലെന്നു നമുക്കുറപ്പിക്കാന്‍പറ്റുമോ? അനുതപിച്ചാലുമില്ലെങ്കിലും, അവനൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. തന്‍റെ തീരുമാനങ്ങള്‍ നിരന്തരം മാറ്റുക വഴി ദൈവത്തിനു സ്വയം പരിഹാസ്യനാകാന്‍ കഴിയില്ലല്ലോ. എന്നാല്‍, ആ ചിന്ത ഹെരോദിന്‍റെ തലയില്‍ കയറ്റിയത് അവനാണെങ്കിലോ? അങ്ങിനെയൊന്നു  പരിഗണിക്കാതിരിക്കാന്‍ പറ്റുമോ?”
ബെര്‍ട് ലേഫ്, ചുമലുകുലുക്കുകയല്ലാതെ, ഒന്നും പറഞ്ഞില്ല.
“ഹെരോദ് ഒരു രാജാവായിരുന്നു. അയാള്‍ക്കുണ്ടായിരുന്ന ഉത്തരവാദിത്തം തന്നോടു മാത്രമായിരുന്നില്ല. എന്നെപ്പോലെ, അയാള്‍ക്കു സ്വയം ഇങ്ങിനെ പറയാനാവില്ല: മറ്റുള്ളവര്‍ എന്തുവേണമെങ്കിലുമായിക്കോട്ടേ, ഞാന്‍ പ്രത്യുല്‍പ്പാദനം നടത്തില്ല. രാജാവായതിനാല്‍, തനിക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കുവേണ്ടിയുംകൂടി ഹെരോദിനു തീരുമാനമെടുക്കേണ്ടതായുണ്ടായിരുന്നു. അതിനാല്‍, മനുഷ്യനിനി പ്രത്യുല്‍പ്പാദിക്കേണ്ടതില്ലെന്ന്, മനുഷ്യര്‍ക്കെല്ലാവര്‍ക്കുംവേണ്ടി, അദ്ദേഹം തീരുമാനിച്ചു. ഇങ്ങിനെയാണ്‌ നവജാതശിശുക്കളുടെ കൂട്ടക്കൊലയുണ്ടായത്. ചരിത്രം അദ്ദേഹത്തിലാരോപിച്ചത്ര ക്രൂരമായിരുന്നില്ല അദ്ദേഹത്തിന്‍റെ പ്രേരണകള്‍. അവസാനമായി ലോകത്തെ മനുഷ്യവംശത്തിന്‍റെ പിടിയില്‍നിന്നു മോചിപ്പിക്കുവാനുള്ള ഉദാരമായ ഒരാഗ്രഹമായിരുന്നു ഹെരോദിനു പ്രേരണയായത്.”
“ഹെരോദിനെക്കുറിച്ചുള്ള നിങ്ങളുടെ വ്യാഖ്യാനം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു,” ബെര്‍ട് ലേഫ് പറഞ്ഞു. “ഇന്നുമുതല്‍, ‘നിര്‍ദ്ദോഷികളുടെ കൂട്ടക്കുരുതി’യെ നിങ്ങള്‍ കാണുന്നതുപോലെ ഞാനും കാണും. അത്രമാത്രം അതെന്നെ പ്രീതിപ്പെടുത്തിയിരിക്കുന്നു. പക്ഷെ, ഒരു കാര്യം മറക്കണ്ട. മനുഷ്യവര്‍ഗ്ഗത്തെ ഒടുക്കാന്‍ ഹെരോദ് തീരുമാനിച്ച അതേ കാലത്താണ്, രാജാവിന്‍റെ കത്തിയില്‍നിന്ന്‍ പിന്നീടു രക്ഷപ്പെട്ട ഒരു കൊച്ചുബാലന്‍ ബെത്ലഹേമില്‍ ജനിക്കുന്നത്. ആ ബാലന്‍ വളരുകയും, ജിവിതം ജീവിക്കാന്‍ അര്‍ഹതയുള്ളതാക്കാന്‍ ഒരേയൊരു കാര്യം മതിയെന്ന്‍ ആളുകളോടു പറയുകയും ചെയ്തു: പരസ്പരസ്നേഹം. ഹെരോദ് ഏറെ പഠിപ്പുള്ളവനും പരിചയസമ്പന്നനുമായിരുന്നിരിക്കാം. യേശു തീര്‍ച്ചയായും ഒരു ശിശുവായിരുന്നു; ജീവിതത്തെക്കുറിച്ച് ഏറെയൊന്നുമറിയാത്തവനായിരുന്നു. അവന്‍റെ സുവിശേഷങ്ങളെല്ലാം പരിചയക്കുറവിന്‍റെയും, ചെറുപ്പത്തിന്‍റെയും അടിസ്ഥാനത്തില്‍ വിശദീകരിക്കാമെന്നു തോന്നുന്നു; അവന്‍റെ നിഷ്കളങ്കതയുടെ അടിസ്ഥാനത്തില്‍, നിങ്ങള്‍ക്കതാണ് തോന്നുന്നതെങ്കില്‍. എങ്കിലും, അവന്‍റെ കയ്യില്‍ സത്യമുണ്ടായിരുന്നു.”
“സത്യം? ആരാണാ സത്യം തെളിയിച്ചിട്ടുള്ളത്?” ജേക്കബ്ബ് പരുഷമായി ചോദിച്ചു.
“ആരുമില്ല,” ബെര്‍ട് ലേഫ് പറഞ്ഞു. “ആരും അതു തെളിയിച്ചിട്ടില്ല. ആരുമതു തെളിയിക്കുകയുമില്ല. തന്‍റെ പിതാവിന്‍റെ സൃഷ്ടി മോശമാണെന്നു സമ്മതിക്കാതിരിക്കാന്‍മാത്രം യേശു തന്‍റെ പിതാവിനെ സ്നേഹിച്ചിരുന്നു. അവന്‍ തന്‍റെ നിഗമനത്തിലെത്തിയത് യുക്തിയിലൂടെയല്ല, സ്നേഹത്തിലൂടെയായിരുന്നു. അതിനാല്‍, ഹെരോദും യേശുവും തമ്മിലുള്ള കലഹം ഹൃദയത്തിലൂടെമാത്രമേ പരിഹരിക്കാനാകൂ. മനുഷ്യനായിരിക്കുന്നതില്‍ വല്ല മൂല്യവുമുണ്ടോ? ഉവ്വോ, ഇല്ലയോ? എനിക്കിതിന് തെളിവുകളില്ല. പക്ഷെ, യേശുവിനൊപ്പം എന്‍റെയും ഉത്തരം ഉവ്വെന്നാണ്.” അതും പറഞ്ഞു ഒരു പുഞ്ചിരിയോടെ അയാള്‍ ഡോ. സ്ക്രേറ്റക്കു നേരെ തിരിഞ്ഞു. “അതുകൊണ്ടാണ് ഞാനെന്‍റെ ഭാര്യയെ, ഡോ. സ്ക്രേറ്റയുടെ മേല്‍നോട്ടത്തില്‍, ഇവിടെ ചികിത്സക്കു പറഞ്ഞയച്ചത്. സ്ക്രേറ്റ, എന്‍റെ മനസ്സില്‍, യേശുവിന്‍റെ പരിശുദ്ധശിഷ്യരിലൊരാളാണ്. കാരണം, അയാള്‍ക്കു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകും. സ്ത്രീകളുടെ മരവിച്ച ഗര്‍ഭാശയങ്ങളെ പുനരുജ്ജീവിപ്പിക്കാനാകും. ഞാനയാളുടെ ആരോഗ്യത്തിനുവേണ്ടി കുടിക്കട്ടെ!”

10. ഒരു കൊച്ചു മാലാഖ 

എപ്പോഴും ഒരു പിതാവിന്‍റെ ഉത്തരവാദിത്തത്തോടെയാണ് ജേക്കബ്ബ് ഓള്‍ഗയോടു പെരുമാറിയിരുന്നത്. അയാള്‍ അവളുടെ “വയസ്സന്‍ പുമാന്‍” ആണെന്ന് കളിയായി സ്വയം വിശേഷിപ്പിക്കുമായിരുന്നു. എന്നാല്‍, അയാള്‍ക്കു മറ്റു പല സ്ത്രീകളുമുണ്ടെന്നും, അവരുടെ കാര്യം വ്യത്യസ്തമാണെന്നും അവള്‍ക്കറിയാം. അവരോടവള്‍ അസൂയപ്പെട്ടു. പക്ഷെ, ഇന്നു, ആദ്യമായി, ജേക്കബ്ബില്‍ ശരിക്കും വയസ്സായ എന്തോ ഒന്നുണ്ടെന്ന് അവള്‍ക്കു തോന്നി. അവളോടയാള്‍ പെരുമാറിയ രീതിയില്‍, അവള്‍ക്കൊരു പഴക്കം അനുഭവപ്പെട്ടു. പ്രായമേറിയവരില്‍നിന്നും പുതുതലമുറയിലേക്കു വമിക്കാറുള്ള പഴക്കത്തിന്‍റെ ഗന്ധം.  
ഗതകാലയാതനകളെക്കുറിച്ച് വീമ്പിളക്കുകയും, ആ യാതനകളുടെ ഒരു മ്യൂസിയമുണ്ടാക്കുകയും ചെയ്യുന്നതില്‍നിന്നും വയസ്സായ മനുഷ്യരെ തിരിച്ചറിയാന്‍പറ്റും (കഷ്ടം! കദനമാര്‍ന്ന ഈ മ്യൂസിയങ്ങളില്‍ സന്ദര്‍ശകര്‍ വളരെ വിരളം!) ജേക്കബ്ബിന്‍റെ മ്യൂസിയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജീവനുള്ള വസ്തു താനാണെന്ന് ഓള്‍ഗ തിരിച്ചറിഞ്ഞു; അവളോടുള്ള ജേക്കബ്ബിന്‍റെ വിശാലമായ ഉദാരത സന്ദര്‍ശകരെ കരയിക്കാനുള്ളതാണെന്നും.
ഇന്നാകട്ടെ, ആ മ്യൂസിയത്തിലെ അത്യമൂല്യമായ നിര്‍ജ്ജീവവസ്തു അവള്‍ക്കു വെളിപ്പെടുത്തിക്കിട്ടി: ആ ഇളംനീല ഗുളിക. അല്‍പ്പംമുമ്പ്, അവളുടെ മുമ്പില്‍വെച്ച് അയാള്‍ ഗുളികയുടെ പൊതിയഴിച്ചപ്പോള്‍, നേരിയൊരു വികാരംപോലുമില്ലാതിരുന്നതില്‍ അവള്‍ അത്ഭുതപ്പെട്ടിരുന്നു. കഷ്ടകാലത്ത് ആത്മഹത്യയെക്കുറിച്ച് ജേക്കബ്ബ് മനനം ചെയ്തത് അവള്‍ക്കു മനസ്സിലായെങ്കിലും, വിശുദ്ധഗൌരവത്തോടെ അയാളതവളോടു പറഞ്ഞത് അവള്‍ക്കു പരിഹാസ്യമായിത്തോന്നി. ആ ഗുളിക അമൂല്യമായൊരു വജ്രമെന്നു തോന്നിപ്പിക്കുംവിധം, വളരെക്കരുതലോടെ, അയാള്‍ കടലാസുപൊതി തുറന്നതും പരിഹാസ്യമായി തോന്നിയിരുന്നു. മുതിര്‍ന്ന ഓരോ മനുഷ്യനും ഏതു സാഹചര്യത്തിലും സ്വന്തം മരണത്തെ നിയന്ത്രിക്കേണ്ടതുണ്ടെന്നു പ്രസ്താവിച്ചതിനുശേഷം, യാത്രപോകുന്ന ദിവസം, ആ റ്റാബ്ലെറ്റ് ഡോ. സ്ക്രേറ്റയെ തിരിച്ചേല്‍പ്പിക്കുന്നതെന്തിനെന്ന്‍ അവള്‍ക്കു പിടികിട്ടിയില്ല. വിദേശത്തുവെച്ചു അയാള്‍ക്കു ക്യാന്‍സറോ മറ്റോ പിടിപെട്ടാല്‍, ആ ഗുളികയുടെ ആവശ്യം വരില്ലേ? അല്ല, ജേക്കബ്ബിനു ഗുളിക വെറും വിഷമല്ല. മതപരമായൊരു ചടങ്ങിലെ മഹാപുരോഹിതനു തിരിച്ചേകാനുള്ള പ്രതീകാത്മകമായ ഒരു വസ്തുവാണത്.
     അവള്‍ സ്നാനസ്ഥലി വിട്ടു. റിച്മണ്ടിലേക്ക് നീങ്ങി. മോഹഭംഗമാര്‍ന്ന വിചാരങ്ങളുണ്ടായിട്ടും, അവള്‍ ജേക്കബ്ബിനെ കാണാന്‍ കൊതിച്ചു. അയാളുടെ മ്യൂസിയം പങ്കിലമാക്കാന്‍ അവള്‍ വല്ലാതെ ആഗ്രഹിച്ചു; അവിടെ, ഇനിയും ഒരു വസ്തുവായിട്ടല്ല, ഒരു പെണ്ണായി വര്‍ത്തിക്കാനാഗ്രഹിച്ചു. അതിനാല്‍, ഡോ. സ്ക്രേറ്റയുടെയും ബെര്‍ട് ലേഫിന്‍റെയും കൂടെ അടുത്ത മുറിയില്‍ അവളെ കാത്തിരിക്കുന്ന അയാള്‍ക്കൊപ്പം ചേരാന്‍ പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പ് അയാളുടെ വാതിലില്‍ കണ്ടപ്പോള്‍ അവള്‍ നിരാശപ്പെട്ടു. മറ്റുള്ളവരുടെ കൂട്ടത്തിലാകുന്നത് അവളുടെ ധൈര്യം ചോര്‍ത്തി. പ്രത്യേകിച്ചും, ബെര്‍ട് ലേഫ് അവള്‍ക്കു അപരിചിതനായതിനാലും, ഡോ. സ്ക്രേറ്റ പൊതുവെ സൌഹൃദത്തോടെ, എന്നാല്‍ വ്യക്തമായ നിര്‍മ്മമതയോടെയാണ്, അവളോടു പെരുമാറാറുള്ളതെന്നതുകൊണ്ടും.   
ബെര്‍ട് ലേഫ്, ഒട്ടും താമസിക്കാതെ, അവളുടെ ലജ്ജയില്ലാതാക്കി. നന്നായി തല കുമ്പിട്ട്‌ അയാള്‍ സ്വയം പരിചയപ്പെടുത്തി. ഇത്രയും പ്രധാനപ്പെട്ട ഒരു സ്ത്രീയെ നേരത്തേ പരിചയപ്പെടുത്താതില്‍ ഡോ. സ്ക്രേറ്റയോടു പരിഭവിച്ചു.
ഈ യുവതിയെ സംരക്ഷിക്കാന്‍ ജേക്കബ്ബ് തന്നോടാവശ്യപ്പെട്ടിരുന്നുവെന്നു സ്ക്രേറ്റ പ്രതികരിച്ചു. ബെര്‍ട് ലേഫിനു പരിചയപ്പെടുത്താതിരുന്നത് കരുതിക്കൂട്ടിയാണ്. കാരണം, ഒരു സ്ത്രീക്കും ബെര്‍ട് ലേഫിനു വഴങ്ങാതിരിക്കാന്‍ പറ്റില്ല.
തൃപ്തിയാര്‍ന്ന ഒരു മന്ദസ്മിതത്തോടെ ബെര്‍ട് ലേഫ് ഈ കപടന്യായം സ്വാഗതം ചെയ്തു. പിന്നെ, ടെലഫോണെടുത്ത് അത്താഴം കൊണ്ടുവരാന്‍ പറഞ്ഞു.
“നല്ലൊരാഹാരം വിളമ്പാന്‍ പറ്റുന്ന ഒരൊറ്റ റസ്റ്ററണ്ടുപോലുമില്ലാത്ത ഈ ഗുദാമില്‍ നമ്മുടെ സുഹൃത്ത് എങ്ങിനെ ആഡംബരമായിക്കഴിയുന്നുവെന്നത് അവിശ്വസനീയം തന്നെ.” ഡോ. സ്ക്രേറ്റ പറഞ്ഞു.
ബെര്‍ട് ലേഫ്, ടെലഫോണിനരികിലെ, അരഡോളര്‍ നാണയങ്ങള്‍നിറഞ്ഞ,  തുറന്ന ഒരു ചുരുട്ടു പെട്ടിയില്‍ കയ്യിട്ടു: “ആര്‍ത്തി പാപമാണ്,” അയാള്‍ പറഞ്ഞു. പിന്നെ പുഞ്ചിരിച്ചു.
ഒരേസമയം ദൈവത്തില്‍ തീവ്രമായി വിശ്വസിക്കുകയും, അതേസമയം ജീവിതം ഇത്ര നന്നായി ആസ്വദിക്കുകയും ചെയുന്ന ഒരാളെ താനിതുവരെ കണ്ടിട്ടില്ലെന്ന് ജേക്കബ്ബ് അഭിപ്രായപ്പെട്ടു.
“അതിനു കാരണം, നിങ്ങളിന്നേവരെ ശരിയായ ഒരു ക്രിസ്ത്യാനിയെ കാണാത്തതുകൊണ്ടാവാം. സുവിശേഷവചനം, നിങ്ങള്‍ക്കറിയാമല്ലോ, ആനന്ദത്തിന്‍റെ ഒരു സന്ദേശമാണ്. ജീവിതാസ്വാദനമാണ് യേശുവിന്‍റെ സന്ദേശത്തില്‍ പരമപ്രധാനമായത്.  
സംഭാഷണത്തില്‍ പ്രവേശിക്കുവാനുള്ള അവസരമായി ഓള്‍ഗ ഇതിനെ കണ്ടു: “ക്രിസ്ത്യാനികള്‍ ഭൌമജീവിതം കണ്ണീരിന്‍റെ താഴ്വരയാണെന്നു കരുതുന്നവരാണെന്നും, മരണാനന്തരമാണ് ശരിയായ ജീവിതം തുടങ്ങുന്നതെന്നുള്ള ആശയത്തില്‍ ആഹ്ലാദിക്കുന്നവരാണെന്നും എന്‍റെ അദ്ധ്യാപകര്‍ പറഞ്ഞതായിട്ടാണ് ഞാന്‍ വിശ്വസിക്കുന്നത്.”
“എന്‍റെ പൊന്നു യുവതീ,” ബെര്‍ട് ലേഫ് പറഞ്ഞു, “അദ്ധ്യാപകരെ ഒരിക്കലും വിശ്വസിക്കരുത്.”
“പുണ്യവാളന്മാരെല്ലാം ചെയ്തതോ,” ഓള്‍ഗ തുടര്‍ന്നു, “ജീവിതത്തെ ത്യജിക്കലും. പ്രേമിക്കുന്നതിനു പകരം അവര്‍ തങ്ങളെത്തന്നെ ചാട്ടക്കടിച്ചു. എന്നെയും നിങ്ങളെയും പോലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ, ആശ്രമങ്ങളിലേക്കു വലിഞ്ഞു; ടെലഫോണെടുത്തു ഭക്ഷണം ഓര്‍ഡര്‍ ചെയ്യാതെ വേരുകള്‍ കടിച്ചു തിന്നു.”
“പുണ്യവാളന്‍മാരെക്കുറിച്ച് നിനക്കൊന്നുമറിയില്ല, എന്‍റെ പൊന്നേ. അവര്‍ക്കു ജീവിതസുഖങ്ങളോടു കടുത്ത ആസക്തിയായിരുന്നു. പക്ഷെ, അവരതു നേടിയത് മറ്റു മാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു. നിന്‍റെ അഭിപ്രായത്തില്‍, മനുഷ്യന്‍റെ പരമമായ സുഖം എന്താണ്? നിനക്കൂഹിക്കാന്‍ ശ്രമിക്കാം. പക്ഷെ, നീ സ്വയം വഞ്ചിക്കുകയായിരിക്കും ചെയ്യുക. കാരണം, നിനക്കു വേണ്ടത്ര ആര്‍ജ്ജവമില്ല. ഇതൊരു ശകാരമല്ല. ആര്‍ജ്ജവമുണ്ടാകാന്‍ ആത്മജ്ഞാനം വേണം. ആത്മജ്ഞാനമോ, പ്രായത്തിന്‍റെ ഫലവും.യുവത്വം പ്രസരിപ്പിക്കുന്ന നിന്നെപ്പോലൊരു ചെറുപ്പക്കാരിക്ക്‌ എങ്ങിനെ ആര്‍ജ്ജവമുള്ളവളാകാന്‍ കഴിയും? തന്‍റെ ഉള്ളിലെന്താണുള്ളതെന്നറിയാത്തവള്‍ക്ക് ആര്‍ജ്ജവമുള്ളവളാകാന്‍ കഴിയില്ല. അറിഞ്ഞാല്‍ത്തന്നെ, പരമമായ സുഖം ആരാധിക്കപ്പെടേണ്ടതാണെന്ന് എന്നോടൊപ്പം സമ്മതിക്കേണ്ടിവരും. നീ യോജിക്കുന്നോ?”
മഹത്തരമായ സുഖങ്ങള്‍ താന്‍ അറിഞ്ഞിട്ടുണ്ടെന്ന് ഓള്‍ഗ മറുപടി പറഞ്ഞു.
“ഇല്ല,” ബെര്‍ട് ലേഫ് പറഞ്ഞു. “ആ പ്രശസ്തനായ ഓട്ടക്കാരന്‍റെ കാര്യമെടുക്കൂ. മൂന്നു ഒളിമ്പിക് മത്സരങ്ങളില്‍ ജയിച്ചതിനാല്‍ അയാളെ ഏതു കുട്ടിക്കുമറിയും. അയാള്‍ ജീവിതം ത്യജിച്ചുവെന്നു നീ കരുതുന്നുണ്ടോ? എന്നിട്ടും, കൊച്ചുവര്‍ത്തമാനങ്ങളിലേര്‍പ്പെടാതെ, സംഭോഗമില്ലാതെ, നന്നായി ആഹാരം കഴിക്കാതെ, അയാള്‍ക്കു തീര്‍ച്ചയായും തന്‍റെ സമയം സ്റ്റേഡിയത്തിനു ചുറ്റും നിരന്തരമായി ഓടിത്തീര്‍ക്കേണ്ടി വന്നു. അയാളുടെ പരിശീലനം നമ്മുടെ ഏറ്റവും കീര്‍ത്തിമാന്മാരായ പുണ്യവാളന്മാര്‍ ചെയ്തതിനു സമമായിരുന്നു. മരുഭൂമിയിലായിരിക്കേ, അലക്സാണ്ട്രിയായിലെ മക്കാരിയോസ് പുണ്യവാളന്‍ നിത്യവും ഒരു ചാക്കില്‍ മണല്‍ നിറക്കുമായിരുന്നു. അതു ചുമലിലേറ്റി അന്തമില്ലാത്തത്ര ദൂരം നടക്കുമായിരുന്നു. ഓരോ ദിവസവും. ആകെത്തളര്‍ന്നു താഴെവീഴും വരെ. പക്ഷെ, നിന്‍റെയീ ഓട്ടക്കാരനും പുണ്യവാളനും, അവരുടെ ഭീമപ്രയത്നങ്ങള്‍ക്കു, മതിയായ പ്രതിഫലം തീര്‍ച്ചയായും കിട്ടിയിരുന്നു. ബൃഹത്തായ ഒരു ഒളിമ്പിക്സ്റ്റേഡിയത്തിലെ കയ്യടി കേള്‍ക്കുകയെന്നുവെച്ചാല്‍ അതെന്താണെന്ന് നിനക്കറിയുമോ? അതിനപ്പുറമൊരാനന്ദമില്ല! ചുമലിലൊരു ചാക്കു മണലേറ്റുന്നതെന്തിനെന്നു അലക്സാണ്ട്രിയായിലെ മക്കാരിയോസ് പുണ്യവാളന് അറിയാമായിരുന്നു. മരുഭൂമിയിലെ മാരത്തോണിന്‍റെ മഹത്വം വളരെ വേഗം ക്രിസ്തീയദേശങ്ങളില്‍ അറിയപ്പെട്ടു. നമ്മുടെ ഓട്ടക്കാരനെപ്പോലെയായി മക്കാരിയോസ് പുണ്യവാളന്‍. നിന്‍റെ ഓട്ടക്കാരനും ആദ്യം അയ്യായിരം മീറ്റര്‍ ഓട്ടത്തില്‍ ജയിച്ചു. പിന്നെ, പത്തായിരം മീറ്ററില്‍. ഒടുവില്‍, മാരത്തോണ്‍ ജയിക്കാതെ മതിയാവില്ലെന്നായി. ആരാധനക്കുള്ള അഭിനിവേശം തൃപ്തിപ്പെടുത്താനാവില്ല. മക്കാരിയോസ് പുണ്യവാളന്‍ സ്വയം വെളിപ്പെടുത്താതെ തീബ്സിലെ ഒരാശ്രമത്തിലേക്കു പോയി. തന്നെ ഒരു അംഗമാക്കണമെന്ന്‍ അപേക്ഷിച്ചു. പിന്നെ, വലിയനൊയമ്പിനുള്ള ഉപവാസകാലത്ത് അദ്ദേഹത്തിന്‍റെ മഹത്വത്തിന്‍റെ മുഹൂര്‍ത്തം സമാഗതമായി. എല്ലാ സന്യാസിമാരും ഇരുന്നുപവസിച്ചു. അദ്ദേഹമോ, നാല്‍പ്പതു ദിവസങ്ങള്‍ മുഴുവനും നിന്നാണ് ഉപവസിച്ചത്! എന്തൊരു വിജയമായിരുന്നൂ അതെന്ന് നിനക്കാലോചിക്കാൻപോലും പറ്റില്ല. അല്ലെങ്കില്‍, സിമിയോണ്‍ സ്റ്റൈലൈറ്റ്സ് പുണ്യവാളനെ ഓര്‍ത്തു നോക്കൂ! മരുഭൂമിയിലദ്ദേഹം ഒരു സ്തംഭമുണ്ടാക്കി; അതിനു മുകളിലൊരു തട്ടും. അവിടെ ഇരിക്കാന്‍ പറ്റില്ല; നിന്നേ പറ്റൂ. ബാക്കിയുള്ള ആയുസ്സു മുഴുവന്‍ അദ്ദേഹം അവിടെ നിന്നു. മനുഷ്യന്‍റെ പരിമിതികളെ ഉല്ലംഘിക്കുന്ന അദ്ദേഹത്തിന്‍റെ അവിശ്വസനീയമായ ഈ നേട്ടം ക്രിസ്ത്യാനികളെ ഒന്നടങ്കം ആവേശിതരാക്കി. അഞ്ചാം നൂറ്റാണ്ടിലെ ഗഗാറിനായിരുന്നു സിമിയോണ്‍ സ്റ്റൈലൈറ്റ്സ്. തന്നെക്കുറിച്ച് സിമിയോണ്‍ സ്റ്റൈലൈറ്റ്സ് കേട്ടിട്ടുണ്ടെന്നും, സ്തംഭത്തിനുമുകളില്‍നിന്ന് അദ്ദേഹം തന്നെ ആശീര്‍വ്വദിച്ചുവെന്നും പാരീസിലെ ഷെനെവേവ് പുണ്യവാളത്തി, ഒരു വെല്‍ഷ് വ്യാപാരി സംഘം വഴി, കേട്ടപ്പോള്‍ അവര്‍ക്കുണ്ടായ ആനന്ദം നിനക്കൂഹിക്കാനാകുമോ? അങ്ങിനെയൊരു നേട്ടമുണ്ടാക്കാന്‍ അദ്ദേഹം പുറപ്പെട്ടതെന്തിനാണെന്നറിയുമോ? ജീവിതത്തോടും മനുഷ്യവംശത്തോടും അദ്ദേഹത്തിനു മമതയില്ലാത്തതു കൊണ്ടാണോ? നീയിങ്ങിനെ പച്ചപ്പാവമാകരുത്! സിമിയോണ്‍ സ്റ്റൈലൈറ്റ്സ് ദുരഭിമാനിയാണെന്ന് സഭാപിതാക്കള്‍ക്കറിയാമായിരുന്നു. അവര്‍ അദ്ദേഹത്തെ പരീക്ഷിക്കുകയും ചെയ്തു. തങ്ങളുടെ ആത്മീയാധികാരത്തിന്‍റെ നാമത്തില്‍, സ്തംഭത്തില്‍നിന്നിറങ്ങാനും മത്സരമവസാനിപ്പിക്കാനും അവര്‍ ആജ്ഞാപിച്ചു. സിമിയോണ്‍ സ്റ്റൈലൈറ്റ്സിന് അതു കനത്തൊരടിയായിരുന്നു! എന്നാല്‍, അവരെ അനുസരിക്കാന്മാത്രം വിവേകമോ, അല്ലെങ്കില്‍, കൌശലമോ, അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം നേട്ടമുണ്ടാക്കുന്നതിന് സഭാപിതാക്കള്‍ എതിരായിരുന്നില്ല. പക്ഷെ, സിമിയോണ്‍ സ്റ്റൈലൈറ്റ്സിന്‍റെ ദുരഭിമാനം അദ്ദേഹത്തിന്‍റെ അച്ചടക്കബോധത്തെ കീഴടക്കരുതെന്ന്‍ അവര്‍ക്കു ഉറപ്പാക്കേണ്ടിയിരുന്നു. തട്ടില്‍നിന്നു സങ്കടത്തോടെ അദ്ദേഹം ഇറങ്ങുന്നതു കണ്ടയുടനെ, അവരദ്ദേഹത്തോട് തിരിച്ചു കയറാന്‍ ആവശ്യപ്പെട്ടു. സ്തംഭത്തിനു മുകളില്‍, ലോകത്തിന്‍റെ സ്നേഹത്തിലും ആരാധനയിലും പൂണ്ട്, സിമിയോണ്‍ സ്റ്റൈലൈറ്റ്സ് മൃത്യുവരിക്കുന്നത് അവര്‍ ഉറപ്പാക്കി.”
ഓള്‍ഗ എല്ലാം ശ്രദ്ധിച്ചു കേട്ടു. ബെര്‍ട് ലേഫിന്‍റെ അവസാനവാക്കുകള്‍ കേട്ടപ്പോള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
     “ആരാധനക്കുള്ള  മഹത്തായ ആ ആഗ്രഹത്തില്‍ പരിഹാസ്യമായൊന്നുമില്ല. എനിക്കതു ഹൃദയസ്പര്‍ശിയായാണ്‌ തോന്നുനത്,” ബെര്‍ട് ലേഫ് പറഞ്ഞു. “ആരാധന ആഗ്രഹിക്കുന്നവര്‍ സഹജീവികളോട് ആസക്തിയുള്ളവരാണ്; അവരോടു കരുണയുള്ളവരാണ്; അവരില്ലാതെ ജീവിക്കാന്‍ പറ്റാത്തവരാണ്. സിമിയോണ്‍ സ്റ്റൈലൈറ്റ്സ് പുണ്യവാളന്‍ മരുഭൂമിയില്‍, സ്തംഭത്തിനു മുകളിലെ ഒരുചതുരശ്രമീറ്ററില്‍, ഒറ്റക്കാണ്. എന്നാലോ, അദ്ദേഹം മുഴുവന്‍ മനുഷ്യവംശത്തിന്‍റെ കൂടെയുമാണ്! ലക്ഷക്കണക്കിനു കണ്ണുകള്‍ തനിക്കു നേരെ ഉയര്‍ന്നിരിക്കുന്നത് അദ്ദേഹം വിഭാവനം ചെയ്യുന്നു. ലക്ഷക്കണക്കിനു ചിന്തകളില്‍ അദ്ദേഹം സന്നിഹിതനായിരിക്കുന്നു. അതദ്ദേഹത്തെ ആനന്ദത്തിലാഴ്ത്തുന്നു. മനുഷ്യവംശത്തോടുള്ള സ്നേഹത്തിന്‍റെയും, ജീവിതപ്പ്രേമത്തിന്‍റെയും ഉത്തമോദാഹരണമാണിത്. നമ്മിലോരുരുത്തരിലും സിമിയോണ്‍ സ്റ്റൈലൈറ്റ്സ് എത്രമാത്രം ജീവിച്ചുകൊണ്ടേയിരിക്കുന്നുവെന്ന്, എന്‍റെ പൊന്നു യുവതീ, നിനക്കൊരൂഹവുമില്ല. നമ്മുടെ ആത്മാവിന്‍റെ ധ്രുവങ്ങളിലെ നല്ല ധ്രുവം അദ്ദേഹമാണ്, ഇന്നുവരെ.”
ആരോ വാതിലില്‍ മുട്ടി. ഭക്ഷണം നിറച്ച ഒരുന്തുവണ്ടി തള്ളിക്കൊണ്ട് ഒരു പരിചാരകന്‍ അകത്തേക്കു വന്നു. മുകളിലൊരു വിരിപ്പിട്ട് അവന്‍ തീന്മേശ സജ്ജമാക്കി. ബെര്‍ട് ലേഫ് ചുരുട്ടുപെട്ടിയില്‍ കയ്യിട്ടു. പരിചാരകന്‍റെ കീശയില്‍ ഒരുപിടി നാണ്യം നിറച്ചു. പിന്നെ, അവരെല്ലാവരും തീറ്റ തുടങ്ങി. പരിചാരകന്‍ പിറകില്‍നിന്നു വീഞ്ഞു പകരുകയും വിവിധയിനം വിഭവങ്ങള്‍ വിളമ്പുകയും ചെയ്തു.
ഓരോ വിഭവത്തിന്‍റെയും രുചിയെക്കുറിച്ച് ബെര്‍ട് ലേഫ് ആര്‍ത്തിയോടെ അഭിപ്രായം വിളമ്പിക്കൊണ്ടിരുന്നു. ഇത്ര നല്ല ഭക്ഷണം കഴിച്ചിട്ട് എത്രനാളായെന്നറിയില്ലെന്ന്‍ സ്ക്രേറ്റ അഭിപ്രായപ്പെട്ടു. “ഒരുപക്ഷെ, അവസാനമായിക്കഴിച്ചത്, എനിക്കുവേണ്ടി അമ്മ പാചകം ചെയ്തിരുന്നപ്പോഴാകണം. അപ്പോള്‍ ഞാന്‍ കൊച്ചുകുട്ടിയായിരുന്നു. അഞ്ചു വയസ്സിലേ ഞാന്‍ അനാഥനായി. അതിനുശേഷം എനിക്കു ചുറ്റുമുള്ള ലോകം വിചിത്രമായ ഒന്നായി. പാചകവും എനിക്കു വിചിത്രമായനുഭവപ്പെട്ടു. ഭക്ഷണപ്രേമം വരുന്നത് ബന്ധുക്കളോടും ചങ്ങാതിമാരോടുമുള്ള സ്നേഹത്തില്‍നിന്നാണ്.”
“വളരെ ശരി,” ചുണ്ടുകളിലേക്ക്‌ ഒരു വായ മാട്ടിറച്ചി ഉയര്‍ത്തിക്കൊണ്ട് ബെര്‍ട് ലേഫ് പറഞ്ഞു.
“അനാഥകുട്ടികള്‍ക്ക് വിശപ്പില്ലാതാകും,” സ്ക്രേറ്റ പറഞ്ഞു. ഈ ദിവസം വരെ, മാതാപിതാക്കളില്ലാത്തതിന്‍റെ വിഷമം എനിക്കുണ്ടെന്ന് വിശ്വസിച്ചാലും. ഇന്നുപോലും, എനിക്കിത്ര വയസ്സായിട്ടുകൂടി, എനിക്കൊരച്ഛനെകിട്ടാന്‍ ഞാനെന്തും ചെയ്യും. എന്നെ വിശ്വസിച്ചാലും.”
“കുടുംബബന്ധങ്ങള്‍ക്കു നിങ്ങള്‍ അമിതവില കൊടുക്കുകയാണ്,” ബെര്‍ട് ലേഫ് പറഞ്ഞു. “എല്ലാവരും നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അമ്മയുടെയും സഹോദരങ്ങളുടെയും അടുത്തേക്കു തിരികെ വിളിച്ചപ്പോള്‍, യേശു പറഞ്ഞതു മറക്കണ്ട. അവന്‍ ശിഷ്യന്മാരെ ചൂണ്ടി പറഞ്ഞു: ‘ഇവിടെയാണെന്‍റെ അമ്മയും സഹോദരന്മാരും.’”
“എന്നിട്ടും തിരുസഭ,” സ്ക്രേറ്റ പറയാന്‍ മുതിര്‍ന്നു, “കുടുംബം ഉന്മൂലനം ചെയ്യാനോ, അതിനു പകരം, എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു സമുദായമുണ്ടാക്കാനോ ആഗ്രഹിച്ചില്ല.”
“യേശുവും തിരുസഭയും തമ്മിൽ വ്യത്യാസമുണ്ട്. സെന്‍റ് പോള്‍ യേശുവിന്‍റെ പിന്‍ഗാമിയാണെന്നു മാത്രമല്ല, അവനെ തെറ്റായി ചിത്രീകരിച്ച ആളാണെന്നുകൂടിയാണ് ഞാന്‍ വിചാരിക്കുന്നത്. ഒന്നാമതായി, സോളില്‍നിന്ന്‍ പോളിലേക്കു ആകസ്മികമായ ഒരു മാറ്റമുണ്ട്! ഒരു രാത്രികൊണ്ട് മതം മാറുന്ന ഈ അത്യുന്മാദികളെക്കുറിച്ച് നമുക്ക് വേണ്ടത്ര അറിയാത്തതുപോലെ! സ്നേഹത്താല്‍ നയിക്കപ്പെടുന്നവരാണ് മതഭ്രാന്തന്മാരെന്ന്‍ എന്നോടാരും പറയരുതേ! ദശകല്‍പ്പനകള്‍ ഉരുവിടുന്ന സദാചാരഭ്രാന്തന്മാരാണവര്‍. പക്ഷെ, യേശു സദാചാരഭ്രാന്തനായിരുന്നില്ല. ശബ്ബത്ത് ആഘോഷിക്കാതിരുന്നതിനു അവര്‍ അവനെ ശകാരിച്ചപ്പോള്‍ അവന്‍ പറഞ്ഞതോര്‍ത്തുനോക്കൂ: ‘മനുഷ്യനു വേണ്ടിയുണ്ടാക്കിയതാണ് ശബ്ബത്ത്; മനുഷ്യന്‍ ശബ്ബത്തിനു വേണ്ടിയുണ്ടാക്കപ്പെട്ടതല്ല.’ സ്ത്രീകളെ സ്നേഹിച്ചവനാണ് യേശു! സെന്‍റ് പോളിനെ കാമുകഭാവത്തോടെ ഭാവന ചെയ്യാന്‍ കഴിയുമോ? ഞാന്‍ സ്ത്രീകളെ ഇഷ്ടപ്പെടുന്നതുകൊണ്ട് സെന്‍റ് പോള്‍ എന്നെ അപലപിക്കും. പക്ഷെ, യേശുവതു ചെയ്യില്ല. സ്ത്രീകളെ, ഒരുപാടു സ്ത്രീകളെ സ്നേഹിക്കുന്നതില്‍ ഞാനൊരു കുറവും കാണുന്നില്ല; സ്ത്രീകള്‍, ഒരുപാടു സ്ത്രീകള്‍ എന്നെ സ്നേഹിക്കുന്നതിലും.”ബെര്‍ട് ലേഫ് മന്ദഹസിച്ചു. ആ ചിരി വലിയൊരു ആത്മസംതൃപ്തിയാണ് വെളിവാക്കിയത്: “സുഹൃത്തുക്കളേ, ആയാസമില്ലാത്ത ജീവിതമായിരുന്നില്ല എന്‍റേത്. ഒന്നില്‍ക്കൂടുതല്‍ത്തവണ ഞാന്‍ മരണത്തിന്‍റെ കണ്ണില്‍ നോക്കിയിട്ടുണ്ട്. പക്ഷെ, ഒരു കാര്യത്തില്‍ ദൈവം എന്നോടു കരുണ കാട്ടി. ഒരുകൂട്ടം സ്ത്രീകളെ ഞാന്‍ അനുഭവിച്ചു. അവരോ, എന്നെ സ്നേഹിക്കുകയും ചെയ്തു.”
അതിഥികള്‍ തീറ്റ തീര്‍ത്തു. പരിചാരകന്‍ മേശ വൃത്തിയാക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ വാതിലില്‍ മറ്റൊരു മുട്ടു കേട്ടു. ദുര്‍ബ്ബലവും, വിശ്വാസക്കുറവുള്ളതുമായ, ഒരു മുട്ട്; പ്രോത്സാഹനത്തിനു യാചിക്കുന്നതുപോലെ. “വരൂ!” ബെര്‍ട് ലേഫ് പറഞ്ഞു.
വാതില്‍ തുറന്നു. ഒരു കുട്ടി അകത്തുകയറി. അതൊരു അഞ്ചുവയസ്സു വരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു. ചുളുങ്ങിയ ഒരു വെളുത്ത കുപ്പായമാണ് അവളിട്ടിരുന്നത്. വീതിയുള്ള വെളുത്ത ഒരു നാടകൊണ്ട് അവളതു പിറകില്‍, ഒരു ജോഡി ചിറകുകള്‍ പോലുള്ള, വില്ലുവെച്ചു കെട്ടിയിരുന്നു. അവളുടെ കയ്യിലൊരു  പൂവുണ്ടായിരുന്നു: ഒരു വലിയ ദാലിയ. മുറിയില്‍ ഒരു പാടു പേര്‍ അമ്പരന്നു തന്നെത്തന്നെ നോക്കിനില്‍ക്കുന്നതുകണ്ട്, മുമ്പോട്ടു നീങ്ങാന്‍ ധൈര്യപ്പെടാതെ, അവള്‍ നിന്നു.
പുഞ്ചിരിച്ചുകൊണ്ട്, ബെര്‍ട് ലേഫ് എഴുന്നേറ്റു. പിന്നെ, പറഞ്ഞു: “പേടി വേണ്ടാ, കുഞ്ഞുമാലാഖേ, ഉള്ളിലോട്ടു വരൂ.”
ബെര്‍ട് ലേഫിന്‍റെ പുഞ്ചിരിയില്‍ ശരണം കണ്ടെത്തിയതുപോലെ, കുട്ടി പൊട്ടിച്ചിരിച്ചു. ബെര്‍ട് ലേഫിനരികിലേക്കോടി. അയാള്‍ പൂവു സ്വീകരിച്ചു. അവളുടെ നെറ്റിയിലുമ്മവെച്ചു.
അതിഥികളും പരിചാരകനും അത്ഭുതത്തോടെ ഈ രംഗം നോക്കിനിന്നു. പിറകിലെ വലിയ വില്ലു ആ കുട്ടി ശരിക്കും ഒരു മാലാഖയാണെന്നു തോന്നിപ്പിച്ചു. കയ്യില്‍ ദാലിയയുമായി അവള്‍ക്കു മീതെ കുനിഞ്ഞുനില്‍ക്കുന്ന ബെര്‍ട് ലേഫാകട്ടെ, ആ നാട്ടിലെ കൊച്ചുപട്ടണങ്ങളില്‍ കാണുന്ന പുണ്യവാളന്മാരുടെ ബാരോക് പ്രതിമകളെ ഓര്‍മ്മിപ്പിച്ചു.
“പ്രിയചങ്ങാതിമാരേ,” അതിഥികൾക്കുനേരെതിരിഞ്ഞ് അയാള്‍ പറഞ്ഞു, “നിങ്ങളുമൊത്ത് ഞാന്‍ ചിലവഴിച്ച സമയം മനോഹരമായിരുന്നു. നിങ്ങളും സ്വയം സന്തുഷ്ടരാണെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. രാത്രി വൈകുംവരെ നിങ്ങള്‍ക്കൊപ്പം കഴിയാന്‍ എനിക്കാശയുണ്ട്. പക്ഷെ, നിങ്ങള്‍ക്കറിയാവുന്നതുപോലെ, എനിക്കതാവില്ല. എന്നെ കാത്തിരിക്കുന്ന ഒരാളുടെ സമീപത്തേക്കു കൊണ്ടുപോകാനാണ്‌ ഈ കൊച്ചുമാലാഖ വന്നിരിക്കുന്നത്. ഞാന്‍ പറഞ്ഞല്ലോ, ജീവിതം എന്നെ വിവിധ രീതിയില്‍ പ്രഹരിച്ചിട്ടുണ്ട്. പക്ഷെ, സ്ത്രീകളെന്നെ സ്നേഹിച്ചിട്ടുണ്ട്.”
ബെര്‍ട് ലേഫ് ഒരു കയ്യാല്‍ ദാലിയ നെഞ്ചോടടക്കി. മറുകയ്യാല്‍ കുട്ടിയുടെ ചുമലില്‍ തൊട്ടു. അതിഥികളുടെ കൊച്ചുസംഘത്തോടു തല വണങ്ങി. പരിഹാസ്യമാംവിധം നാടകീയമാണ്‌ അയാളെന്നു ഓള്‍ഗ വിചാരിച്ചു. അയാള്‍ പോകുന്നതു കണ്ട് അവള്‍ സന്തോഷിച്ചു. ഒടുവില്‍, ജേക്കബ്ബിനെ തനിക്കു ഒറ്റക്കു കിട്ടുമല്ലോ.
ബെര്‍ട് ലേഫ് തിരിഞ്ഞു നിന്നു. കുട്ടിയുടെ കൈപിടിച്ചു. വാതിലിലേക്കു നടന്നു. പക്ഷെ, മുറിവിടുന്നതിനുമുമ്പ്, ചുരുട്ടുപെട്ടിയില്‍നിന്നും ഒരു കുത്തു നാണയങ്ങള്‍ വാരി കീശ നിറച്ചു. 

11. സക്രേറ്റയുടെ പ്രത്യുൽപ്പാദന ചിന്തകൾ 

പരിചാരകന്‍ ഉന്തുവണ്ടിയില്‍ എച്ചില്‍പ്പാത്രങ്ങളും കാലിക്കുപ്പികളും പെറുക്കിവെച്ചു. അവന്‍ മുറിയില്‍നിന്നു പോയപ്പോള്‍ ഓള്‍ഗ ചോദിച്ചു: “ഏതാണാ കൊച്ചുപെണ്‍കുട്ടി?”
“ഞാനവളെ മുമ്പ് കണ്ടിട്ടില്ല,” സ്ക്രേറ്റ പറഞ്ഞു.
“അവള്‍ ശരിക്കുമൊരു കൊച്ചുമാലാഖയാണെന്നുതന്നെ തോന്നി,” ജേക്കബ്ബ് പറഞ്ഞു.
“അയാള്‍ക്കു വെപ്പാട്ടികളെ എത്തിക്കുന്ന മാലാഖയോ?”
“അതെ,” ജേക്കബ്ബ് പറഞ്ഞു. “കൂട്ടിക്കൊടുപ്പുകാരിയും ഇടനിലക്കാരിയുമായ ഒരു മാലാഖ. അയാളുടെ രക്ഷകമാലാഖയെ ഞാന്‍ അങ്ങിനെയാണ് വിഭാവനം ചെയുന്നത്.”
“അവള്‍ മാലാഖയാണോ എന്നൊന്നും എനിക്കറിയില്ല,” സ്ക്രേറ്റ പറഞ്ഞു. “ഈ കൊച്ചുപെണ്‍കുട്ടിയെ ഇതിനുമുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ലെന്നതാണ് വിചിത്രമായ കാര്യം. എനിക്കാണെങ്കില്‍ ഈ ചുറ്റുവട്ടത്തുള്ള മിക്കവാറും എല്ലാവരെയും അറിയാം.”
“അങ്ങിനെയെങ്കില്‍ ഒരേയൊരു വിശദീകരണമേയുള്ളൂ,” ജേക്കബ്ബ് പറഞ്ഞു. “അവളീ ലോകത്തില്‍നിന്നുള്ളവളല്ല.”
“മാലഖയായാലും, വേലക്കാരിയുടെ മകളായാലും ഒരു കാര്യം ഉറപ്പാണ്,” ഓള്‍ഗ പറഞ്ഞു, “അയാള്‍ പോയത് ഒരു പെണ്ണിനെക്കാണാനൊന്നുമല്ല! പൊങ്ങച്ചക്കാരാനാണയാള്‍. വീമ്പിളക്കുക മാത്രമാണ് അയാളുടെ തൊഴില്‍.”
“ഇഷ്ടപ്പെടാന്‍ പറ്റിയ ഒരാളായിട്ടാണ് ഞാന്‍ അയാളെ കണ്ടത്,” ജേക്കബ്ബ് പറഞ്ഞു.
“ശരിക്കുമങ്ങിനെ ആയിരിക്കാം,” ഓള്‍ഗ പറഞ്ഞു. “പക്ഷെ, അങ്ങേയറ്റം ദുരഭിമാനമുള്ള ഒരു കക്ഷിയാണ് അയാളെന്നു ഞാനിപ്പോഴും ഉറപ്പിച്ചു പറയുന്നു. നമ്മള്‍ വരുന്നതിനു ഒരു മണിക്കൂര്‍ മുമ്പ്, ആ അരഡോളര്‍ നാണയങ്ങളില്‍ കുറച്ചു ആ പെണ്‍കുട്ടിക്കു നല്‍കി, ഒരു പ്രത്യേക സമയത്തു ഒരു പൂവും പിടിച്ചു വരാന്‍ അയാള്‍ അവളെ ഏര്‍പ്പെടുത്തിയിരുന്നുവെന്നു ഞാന്‍ വാതുവെക്കാന്‍ തയ്യാറാണ്. അത്ഭുതങ്ങള്‍ അരങ്ങേറ്റാന്‍ വിശ്വാസികള്‍ക്കു വലിയ മിടുക്കാണ്.”
“നീ ശരിയാണെന്ന് ഞാന്‍ നല്ലവണ്ണം കരുതുന്നു,” ഡോ. സ്ക്രേറ്റ പറഞ്ഞു. “കാരണം, ശ്രീമാന്‍ ബെര്‍ട് ലേഫ് വാസ്തവത്തിലൊരു രോഗിയാണ്. സംഭോഗത്തിന്‍റെ ഒരു രാത്രി അയാള്‍ക്കു  ഭീകരമായ അപകടത്തിനു വഴി തെളിക്കും.”
“കണ്ടില്ലേ, ഞാന്‍ ശരിയാണ്. സ്ത്രീകളെക്കുറിച്ചുള്ള അയാളുടെ എല്ലാ സൂചനകളും വെറും വായാടിത്തമാണ്.”
“എന്‍റെ പൊന്നു യുവതീ,” ഡോ. സ്ക്രേറ്റ പറഞ്ഞു, “ഞാന്‍ അയാളുടെ വൈദ്യനും ചങ്ങാതിയുമാണ്. എന്നിട്ടും, എനിക്കു വലിയ ഉറപ്പൊന്നുമില്ല. എനിക്കറിയില്ല.”
“അയാള്‍ അത്രക്കു രോഗിയാണോ?” ജേക്കബ്ബ് ചോദിച്ചു.
“ഒരുകൊല്ലത്തോളമായി അയാള്‍ പിന്നെ ഇവിടെയെന്തിനു കഴിയണം? മാത്രമോ, അയാള്‍ക്കു വളരെ പ്രിയമുള്ള യുവതിയായ ഭാര്യ അയാളെക്കാണാന്‍ ഇടക്കിടെമാത്രം വരാനെന്തേ?”
“അയാളില്ലാതെ വളരെ പെട്ടെന്ന് ഇവിടം ഒരല്‍പ്പം വിരസമായിപ്പോയി” ജേക്കബ്ബ് പറഞ്ഞു.
നേരാണ്, മൂവര്‍ക്കും പൊടുന്നനെ അനാഥത്വം അനുഭവപ്പെട്ടു. മുറിയിലവര്‍ സ്വസ്ഥരല്ലാതായി. അവിടെ ഇനിയും തങ്ങാന്‍ അവര്‍ക്കു താല്‍പ്പര്യമില്ലാതായി.
സ്ക്രേറ്റ കസേരയില്‍നിന്നെഴുന്നേറ്റു: “നീയും ഞാനും ഓള്‍ഗയെ വീട്ടിലാക്കും. പിന്നെ നമ്മളൊന്നു നടക്കാന്‍ പോകും. നമുക്കൊരുപാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്.”
ഓള്‍ഗ പ്രതിതിഷേധിച്ചു: “എനിക്കുറങ്ങാന്‍ ഇനിയും നേരമായില്ല!”
“നേരെമറിച്ച്, നേരം കഴിഞ്ഞിരിക്കയാണ്. നിന്‍റെ വൈദ്യനെന്ന നിലയില്‍ ഞാന്‍ കല്‍പ്പിക്കുകയാണ്,” സ്ക്രേറ്റ കര്‍ക്കശമായി പറഞ്ഞു.
അവര്‍ റിച്മണ്ട് വിട്ടു. പാര്‍ക്കു മുറിച്ചു കടന്നു. വഴിയില്‍ ജേക്കബ്ബിനോടു മൃദുവായി പറയാന്‍ ഓള്‍ഗ അവസരം കണ്ടെത്തി: “ഈ സായാഹ്നം എനിക്കു നിങ്ങളുടെകൂടെ ചിലവഴിച്ചാല്‍ കൊള്ളാമെന്നുണ്ട്...”
പക്ഷെ, ജേക്കബ്ബ് ചുമല്‍കുലുക്കുക മാത്രമേ ചെയ്തുള്ളൂ. കാരണം, സ്വയേച്ഛ രാജകീയമായി അടിച്ചേല്‍പ്പിക്കുന്നയാളാണ് ഡോ. സ്ക്രേറ്റ. കാള്‍മാര്‍ക്സ്ഹൌസ് വരെ അവര്‍  ഓള്‍ഗയ്ക്ക് അകമ്പടിയായി. സുഹൃത്തിന്‍റെ സാന്നിദ്ധ്യത്തില്‍, ജേക്കബ്ബ്, പതിവുപോലെ,  അവളുടെ തലയില്‍ തലോടുക പോലും ചെയ്തില്ല. അവളുടെ പ്ലം പോലുള്ള മുലകളോട് ഡോക്റ്റര്‍ക്കുള്ള അനഭിരുചി അയാളെ നിരുത്സാഹപ്പെടുത്തിയതാണ്. അയാള്‍ ഓള്‍ഗയുടെ മുഖത്തെ നിരാശ കണ്ടു. അവളെ വേദനിപ്പിച്ചതില്‍ അയാള്‍ തന്നോടുതന്നെ ദേഷ്യപ്പെട്ടു.
“അപ്പോള്‍, നീ എന്തു പറയുന്നു?” പാതയില്‍ സ്നേഹിതനൊപ്പം ഒറ്റക്കായപ്പോള്‍, സ്ക്രേറ്റ ചോദിച്ചു. എനിക്കൊരു അച്ഛന്‍ വേണമെന്ന്‍ ഞാന്‍ പറയുന്നത് നീ കേട്ടതാണല്ലോ. അതു കല്ലില്‍നിന്നുപോലും കണ്ണീരു വരുത്തുമായിരുന്നു. പക്ഷെ, അയാള്‍ പറഞ്ഞു തുടങ്ങിയതോ പോള്‍ പുണ്യവാളനെപ്പറ്റിയും! അതു മനസ്സിലാക്കാന്‍ അയാള്‍ക്കത്ര പ്രയാസമോ? രണ്ടുകൊല്ലമായി ഞാന്‍ അനാഥനാണെന്ന് അയാളോടു പറയാന്‍ തുടങ്ങിയിട്ട്. അമേരിക്കന്‍പാസ്പോര്‍ട്ടിന്‍റെ മേന്മകളെക്കുറിച്ച് രണ്ടുകൊല്ലമായി ഞാന്‍ സ്തുതിക്കുന്നു. വിവിധ ദത്തെടുക്കല്‍ കേസുകളെക്കുറിച്ച്, സന്ദര്‍ഭവശാല്‍, ഒരായിരം തവണ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ സൂചനകളെല്ലാം എന്നെ ദത്തെടുക്കാനുള്ള ചിന്ത പണ്ടേ അയാളിലുണ്ടാക്കിയിരിക്കണമെന്നാണ് ഞാന്‍ കണക്കു കൂട്ടിയത്.”
“തന്നില്‍ത്തന്നെ ആഴത്തില്‍ ആമഗ്നനാണയാള്‍,” ജേക്കബ്ബ് പറഞ്ഞു.
“അതു ശരിയാണ്,” സ്ക്രേറ്റ സമ്മതിച്ചു.
“അയാളുടെ രോഗം ഗുരുതരമാണെങ്കില്‍, അതിലത്ഭുതമില്ല,” ജേക്കബ്ബ് പറഞ്ഞു. “നിങ്ങള്‍ പറഞ്ഞതു പോലെ അയാള്‍ക്ക് അത്ര വലിയ രോഗമാണോ?”
“പറഞ്ഞതിനേക്കാള്‍ വഷളാണ് ശരിക്കും,” സ്ക്രേറ്റ പറഞ്ഞു. “ആറുമാസം മുമ്പ് അയാള്‍ക്കു രണ്ടാമത്തെയും, ഏറെ ഗുരുതരവുമായ ഹൃദയാഘാതമുണ്ടായി. അന്നു മുതല്‍ അയള്‍ക്കു ദൂരയാത്ര വിലക്കായി.ഒരു തടവുപുള്ളിയെപ്പോലെയാണ് അയാള്‍ ഇവിടെ തങ്ങുന്നത്. ഒരു നൂലില്‍ തൂങ്ങിനില്‍ക്കുകയാണ് അയാളുടെ ജീവന്‍. അയാള്‍ക്കതറിയുകയും ചെയ്യാം.”
“നോക്കൂ,”ജേക്കബ്ബ് പറഞ്ഞു, “കാര്യമിങ്ങനെയാണെങ്കില്‍, സൂചനാപ്രയോഗംകൊണ്ട് കാര്യമില്ലെന്ന്‍ വളരെമുമ്പേ നീ  മനസ്സിലാക്കേണ്ടിയിരുന്നു. കാരണം, ഏതു സൂചനയും അയാള്‍ക്കു തന്നെക്കുറിച്ചു മാത്രം ചിന്തിക്കാനേ കാരണമാകൂ. നീ നിന്‍റെ ആവശ്യം നേരിട്ടുതന്നെ പറയണം. അയാള്‍ തീര്‍ച്ചയായും സമ്മതിക്കും. കാരണം, ആളുകളെ പ്രീതിപ്പെടുത്തുന്നത് അയാള്‍ക്കിഷ്ടമാണ്. ആളുകളെ സന്തോഷിപ്പിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു.”
“നീയൊരു മഹാമനീഷിയാണ്!” നടത്തം നിര്‍ത്തി സ്ക്രേറ്റ ശബ്ദമുയര്‍ത്തിപ്പറഞ്ഞു. “ആലോചിച്ചാല്‍ കാര്യമെളുപ്പമാണ്. കൃത്യമായും ശരിയുമാണ്! അയാളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ, ഒരു മണ്ടനെപ്പോലെ, ഞാന്‍ രണ്ടുകൊല്ലം പാഴാക്കി! കാര്യം വളഞ്ഞ വഴിയിലൂടെ സാധിക്കാന്‍നോക്കി, എന്‍റെ ജീവിതത്തിലെ രണ്ടുകൊല്ലം ഞാന്‍ ചിലവഴിച്ചു. കുറ്റം നിന്‍റേതാണ്. നീയെന്നെ മുമ്പെ ഉപദേശിക്കേണ്ടാതായിരുന്നു!”
“നീയെന്നോട്‌ മുമ്പേ ചോദിക്കേണ്ടതായിരുന്നു!”
ഇരുണ്ട പാര്‍ക്കിലൂടെ രണ്ടു സുഹൃത്തുക്കളും, ശരത്ക്കാലത്തിന്‍റെ തുടക്കത്തിലെ ചുണയുള്ള വായു ശ്വസിച്ചുകൊണ്ട് അലസമായി നടന്നു.
“ഞാനാണ് അയാളെ ഒരു അച്ഛനാക്കിയത്!” സ്ക്രേറ്റ  പറഞ്ഞു. “അതുകൊണ്ട്, അയാളെന്നെ മകനാക്കുന്നത് ഞാന്‍ അര്‍ഹിക്കുന്നതാണ്!”
ജേക്കബ്ബ് യോജിച്ചു.
“ദൌര്‍ഭാഗ്യമെന്തെന്നോ,” ഒരു നീണ്ട നിശ്ശബ്ദതക്കു ശേഷം സ്ക്രേറ്റ തുടര്‍ന്നു. “ചുറ്റും വിഡ്ഢികളാണ്. എനിക്കുപദേശം തേടാന്‍പറ്റുന്ന ആരെങ്കിലും ഈ ഠൌണിലുണ്ടോ? ബുദ്ധിയുള്ളവനായി ജനിച്ചുപോയതുകൊണ്ടു മാത്രം ഒരാള്‍ പരിപൂര്‍ണ്ണമായും നിഷ്കാസിതനാക്കപ്പെടുകയാണ്. മറ്റൊന്നും ചിന്തിക്കാതെ, എന്‍റെ സവിശേഷപഠനം ഹേതുവായി, ഞാന്‍ എപ്പോഴും, ചിന്തിക്കുന്നതിതാണ്: അവിശ്വസനീയമാംവിധം അളവില്‍ മനുഷ്യവശം മണ്ടന്മാരെ സൃഷ്ടിക്കുന്നു. വ്യക്തി എത്ര മണ്ടനാണോ, അത്രയും അവന്‍ പ്രത്യുല്‍പ്പാദിക്കും. കുറ്റമറ്റ ജീവികള്‍ അങ്ങേയറ്റം ഒരൊറ്റ സന്തതിയെമാത്രമേ ഉല്‍പ്പാദിപ്പിക്കൂ. അവയിലേറ്റവും മികച്ചവയാകട്ടെ, നിന്നെപ്പോലെ, പ്രത്യുല്‍പ്പാദിക്കില്ലെന്നു തീരുമാനിക്കും. അതൊരു ദുരന്തമാണ്. ഞാനോ, അപരിചിതരുടെയിടയിലേക്കല്ലാതെ, സഹോദരരുടെ ഇടയിലേക്ക് മനുഷ്യന്‍ പിറന്നു വീഴുന്ന ഒരു ലോകം സ്വപ്നം കണ്ട് സമയം കഴിക്കുന്നു.”
സ്ക്രേറ്റയുടെ സംസാരത്തില്‍ വലിയ രസം കാണാതെ, ജേക്കബ്ബ് കേട്ടുകൊണ്ടിരുന്നു.
സ്ക്രേറ്റ തുടര്‍ന്നു: “വെറും വാക്കുകളാണവയെന്നു വിചാരിക്കരുത്!ഞാനൊരു രാഷ്ട്രീയക്കാരനല്ല, വൈദ്യനാണ്. ‘സഹോദരന്‍’ എന്ന വാക്കിനു, എന്നെ സംബന്ധിച്ച്, കൃത്യമായ അര്‍ത്ഥമുണ്ട്. ചുരുങ്ങിയതൊരച്ഛനോ അല്ലെങ്കിലൊരമ്മയോ പൊതുവായുള്ളവരാണ് സഹോദരങ്ങള്‍. സോളമന്‍റെ എല്ലാ മക്കളും, അവര്‍ക്കു വ്യത്യസ്തരായ ഒരു നൂറമ്മമാരുണ്ടായിരുന്നുവെങ്കിലും, സഹോദരന്മാരായിരുന്നു. വിസ്മയകരമായിരുന്നിരിക്കണം അത്! നിനക്കെന്തു തോന്നുന്നു?”
ചുണയുള്ള വായു ഉള്ളിലേക്കെടുത്തതല്ലാതെ, ജേക്കബ്ബിനൊന്നും പറയാന്‍ തോന്നിയില്ല.
“തീര്‍ച്ചയായും,” സ്ക്രേറ്റ തുടര്‍ന്നു, “സംഭോഗസമയത്തു ആളുകളോട് ഭാവിതലമുറയെക്കുറിച്ച് കരുതണമെന്നു നിര്‍ബന്ധിക്കാനാവില്ല. പക്ഷെ, അതല്ല ഇക്കാര്യം. യുക്തിസഹമായ സന്താനോല്‍പ്പാദനത്തിന്‍റെ പ്രശ്നത്തിനു, നമ്മുടെ നൂറ്റാണ്ടില്‍, ശരിക്കും മറ്റു പരിഹാരവഴികളുണ്ടാകേണ്ടതാണ്. പ്രേമവും പ്രത്യുല്‍പ്പാദനവും കൂട്ടിക്കുഴക്കുന്നത് നമുക്കെന്നെന്നേക്കുമായി തുടരാന്‍ കഴിയില്ല.”
ആ ആശയത്തെ ജേക്കബ്ബ് അംഗീകരിച്ചു.
“പ്രത്യുല്‍പ്പാദനത്തില്‍നിന്ന്‍ പ്രേമത്തെ അടര്‍ത്തിമാറ്റാനേ നിങ്ങള്‍ക്കു താല്‍പ്പര്യമുള്ളൂ,” സ്ക്രേറ്റ പറഞ്ഞു. “എനിക്കാകട്ടെ, പ്രേമത്തില്‍നിന്ന്‍ പ്രത്യുല്‍പ്പാദനത്തെ അടര്‍ത്തിമാറ്റുന്നതാണ് പ്രധാനം. നിനക്കൊരു പദ്ധതി ഞാന്‍ പരിചയപ്പെടുത്താന്‍ പോവുകയാണ്. ആ ടെസ്റ്റ്‌റ്റ്യൂബിലുണ്ടായിരുന്നത് എന്‍റെ രേതസ്സായിരുന്നു.”
ഇത്തവണ അയാള്‍ക്കു ജേക്കബ്ബിന്‍റെ ശ്രദ്ധ കിട്ടി.
“അതേപ്പറ്റി നീയെന്തു പറയുന്നു?”
“ഉഗ്രനാശയം,” ജേക്കബ്ബ് പറഞ്ഞു.
“അസാധാരണം!” സ്ക്രേറ്റ പറഞ്ഞു. “ഈ നടപടിവഴി ഞാന്‍ കുറച്ചു സ്ത്രീകളെ സുഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഭര്‍ത്താവു ഷണ്ഡനായതുകൊണ്ടാണ് പല സ്ത്രീകള്‍ക്കും കുട്ടികളില്ലാതിരിക്കുന്നതെന്നു മറക്കരുത്. രാജ്യത്താകമാനം എനിക്കു രോഗികളുണ്ട്. ഠൌണ്‍ക്ലിനിക്കിലെ ഗൈനക്കോളജി പരിശോധനളുടെ ചുമതല, നാലുകൊല്ലങ്ങളായി, എനിക്കാണ്. ഒരു ടെസ്റ്റ്‌റ്റ്യൂബില്‍നിന്നും സിറിഞ്ചു നിറച്ച്, പരിശോധിക്കപ്പെടുന്ന സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ ആ ബീജദ്രാവകം നിക്ഷേപിക്കാന്‍ വലിയ പാടൊന്നുമില്ല.”
“അപ്പോള്‍, നിനക്കെത്ര കുട്ടികളുണ്ട്?”
“കുറേ വര്‍ഷങ്ങളായി ഞാനിതു തുടങ്ങിയിട്ട്. ഏകദേശമൊരെണ്ണമേ പറയാനാകൂ. ഞാനാണ് അച്ഛനെന്നു എനിക്കെപ്പോഴുമുറപ്പിക്കാനാവില്ല. കാരണം, എന്‍റെ രോഗികള്‍ എന്നോടു, ഒരര്‍ത്ഥത്തില്‍, അവരുടെ ഭര്‍ത്താക്കന്മാരുമൊത്ത് വിശ്വാസവഞ്ചന കാട്ടുന്നവരാണ്. മാത്രമല്ല, അവര്‍ സ്വദേശത്തേക്കു തിരിച്ചുപോയാല്‍, എന്‍റെ ചികിത്സ വിജയിച്ചുവോ എന്നെനിക്കു കണ്ടുപിടിക്കാനാവില്ല. പ്രാദേശികരോഗികളുടെ കാര്യത്തില്‍ സംഗതികള്‍ കൂടുതല്‍ വ്യക്തമാണ്.”
സ്ക്രേറ്റ മൂകനായി. ജേക്കബ്ബ് മസൃണമായൊരു പകല്‍സ്വപ്നത്തിനു സ്വയം വശംവദനായി. സ്ക്രേറ്റയുടെ പദ്ധതി അയാളുടെ ഹൃദയത്തില്‍ തട്ടി. അതയാളെ ആനന്ദിപ്പിച്ചു. കാരണം, അതിലൂടെ അയാള്‍ തന്‍റെയാ പഴയ സ്നേഹിതനായ പിടിവാശിക്കാരന്‍ സ്വപ്നജീവിയെ തിരിച്ചറിഞ്ഞു: “ഇത്ര നിരവധി സ്ത്രീകളിലൂടെ കുട്ടികളുണ്ടാവുകയെന്നത് ഗംഭീരം തന്നെ,” അയാള്‍ പറഞ്ഞു.
“അവരെല്ലാമോ, സഹോദരരും,” സ്ക്രേറ്റ കൂട്ടിച്ചേര്‍ത്തു.
നല്ല മണമുള്ള വായു ശ്വസിച്ചുകൊണ്ട്, നിശ്ശബ്ദമായി, അവര്‍ നടത്തം തുടര്‍ന്നു. പിന്നെ സ്ക്രേറ്റ വീണ്ടും തുടങ്ങി: “നിനക്കറിയുമോ, നമുക്കിഷ്ടപ്പെടാത്ത പലതും ഇവിടെയുണ്ടെങ്കിലും, ഈ നാടിനു നാം ഉത്തരവാദിയാണെന്ന് ഞാനെന്നോടു പതിവായി പറയാറുണ്ട്. വിദേശത്ത് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പറ്റാത്തതില്‍ ഞാന്‍ കുപിതനാകാറുണ്ടെങ്കിലും, എന്‍റെ നാടിനെ ദുഷിക്കാന്‍ ഒരിക്കലുമെനിക്കാവില്ല. അതിനാദ്യം എനിക്കെന്നെ ദുഷിക്കേണ്ടി വരും. അല്ല, നമ്മളിലാരാണ് ഈ നാടു നന്നാക്കാന്‍വേണ്ടി എന്തെങ്കിലും ചെയ്തിട്ടുള്ളത്? ഇവിടെ ജീവിതം സാദ്ധ്യമാക്കാന്‍ നമ്മിലാരെങ്കിലും എന്തെകിലും ചെയ്തിട്ടുണ്ടോ? ഈ നാടു സ്വന്തമാണെന്നു തോന്നാന്‍? സ്വന്തം വീട്ടിലെപ്പോലെ സ്വസ്ഥമാണെന്നു തോന്നാന്‍ മാത്രമെങ്കിലും...” സ്ക്രേറ്റ ഇപ്പോള്‍ പതിയെ, മൃദുവായാണ് സംസാരിച്ചത്: “അവനന്‍റെ ആള്‍ക്കാര്‍ക്കിടയിലേ സ്വസ്ഥതയുണ്ടാകൂ. നീ  നാടുവിടുകയാണെന്നു പറഞ്ഞതുകൊണ്ട്, ഞാന്‍ നിന്നെ എന്‍റെ പദ്ധതി പറഞ്ഞു മനസ്സിലാക്കിക്കാമെന്നു വിചാരിച്ചു. നിനക്കുവേണ്ടി എന്‍റെ കയ്യിലൊരു ടെസ്റ്റ്‌റ്റ്യൂബുണ്ട്. നീ  വിദേശത്തായിരിക്കെ, നിന്‍റെ കുട്ടികള്‍ ലോകത്തിലേക്കു വരിക ഇവിടെയായിരിക്കും. ഒരു പത്തിരുപതു കൊല്ലത്തിനുള്ളില്‍ ഇതെത്ര മഹത്തായ രാജ്യമായിരിക്കുമെന്നു നീ കാണും!”
ആകാശത്തില്‍ വട്ടത്തിലുള്ള ഒരു ചന്ദ്രനുണ്ടായിരുന്നു (നമ്മുടെ കഥയിലെ അന്ത്യരാത്രിവരെ അതവിടത്തന്നെ ഉണ്ടാകും. അതിനാലീ കഥയെ ഒരു ചാന്ദ്രകഥ യെന്നു വിളിക്കാം). സ്ക്രേറ്റ ജേക്കബ്ബിനൊപ്പം റിച്മണ്ടിലേക്കു പോയി. “നീ നാളെ പോകണമെന്നില്ല,” അയാള്‍ പറഞ്ഞു.
“പോയെ പറ്റൂ. അവരെന്നെ കാത്തിരിപ്പുണ്ട്,” ജേക്കബ്ബ് പറഞ്ഞു. എങ്കിലും, തങ്ങാന്‍ പ്രേരിപ്പിക്കപ്പെടുന്നതു താന്‍ തടയില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.
“അസംബന്ധം!” സ്ക്രേറ്റ പറഞ്ഞു. “എന്‍റെ പദ്ധതി നിനക്കിഷ്ടമായതിലെനിക്കു സന്തോഷമുണ്ട്. നാളെ നമുക്കത് വിശദമായി സംസാരിക്കാം.








നാലാം ദിവസം



1. അസൂയ 

ശ്രീമതി ക്ലീമ പുറത്തേക്കുപോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അവളുടെ ഭര്‍ത്താവ് അപ്പോഴും കിടക്കുകയായിരുന്നു.
“നിങ്ങള്‍ക്കിന്നുപുറത്തുപോകാനുള്ളതല്ലേ?” അവളവനോടു ചോദിച്ചു. 
“ധൃതിയെന്തിന്? ആ മണ്ടന്മാരെക്കാണാന്‍ ഇനിയും ഒരുപാടു നേരമുണ്ട്,” ക്ലീമ മറുപടി പറഞ്ഞു. പിന്നെ, കോട്ടുവായിട്ട്, തിരിഞ്ഞുകിടന്നു.
താന്‍ പങ്കെടുത്ത പരിക്ഷീണിപ്പിക്കുന്ന യോഗത്തില്‍വെച്ച് അമച്ച്വര്‍സംഘങ്ങളെ സഹായിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും, അങ്ങിനെ, ജാസ്സു വായിക്കുന്ന ഒരു ഫാര്‍മസിസ്റ്റിന്‍റെയും ഡോക്റ്ററുടെയും കൂടെ വാഴാഴ്ച്ച വൈകുന്നേരം സുഖചികിത്സാനഗരത്തില്‍ ഒരു സംഗീതപരിപാടി അവതരിപ്പിക്കാമെന്നു തനിക്കു സമ്മതിക്കേണ്ടതായും വന്നുവെന്ന് രണ്ടു ദിവസം മുമ്പ്, ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി, അവളോടവന്‍ ഉണര്‍ത്തിച്ചിരുന്നുവല്ലോ. ദേഷ്യത്തില്‍, ഒച്ചയെടുത്താണ്, ഇതെല്ലാം അന്നു പറഞ്ഞത്. പകഷെ, ക്ലീമയുടെ ഭാര്യ അവന്‍റെ മുഖത്തേക്കു നേരെനോക്കുകയുണ്ടായി. കുപിതമായ വാക്കുകളെല്ലാം ആര്‍ജ്ജവമില്ലാത്തതാണെന്നു മനസ്സിലാക്കി. ഒരു സംഗീതപരിപാടിയുമില്ലെന്നും, തന്‍റെ രഹസ്യവേഴ്ച്ചക്ക് കുറച്ചുനേരം ഒഴിഞ്ഞുകിട്ടാന്‍ അവനതു കെട്ടിച്ചമച്ചതാണെന്നും അവള്‍ മനസ്സിലാക്കി. അവന്‍റെ മുഖത്തുനിന്ന്‍ അവള്‍ക്കെല്ലാം വായിച്ചെടുക്കാന്‍ കഴിയും. അവളില്‍നിന്നവനൊന്നും ഒളിക്കാനാവില്ല. ശപിച്ച്, കോട്ടുവായിട്ട്, അവന്‍ തിരിഞ്ഞുകിടന്നപ്പോള്‍, അതുറക്കം കൊണ്ടല്ല, താന്‍ അവന്‍റെ മുഖം നോക്കാതിരിക്കാനാണെന്ന് ആ നിമിഷം അവള്‍ തിരിച്ചറിഞ്ഞു.
കുറച്ചുകഴിഞ്ഞ്, അവള്‍ ജോലിക്കുപോയി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, അനാരോഗ്യം അവളെ രംഗവേദിയില്‍നിന്നും അടര്‍ത്തിമാറ്റിയ കാലത്ത്, ക്ലീമ ഒരു തിയറ്ററില്‍ അവള്‍ക്കു വേണ്ടി ഒരു സെക്രട്ടറിയുടെ ജോലി കണ്ടെത്തിയിരുന്നു. അത്ര അസുഖകരമല്ലാത്ത ഒരു ജോലി. എല്ലാ ദിവസവും അവള്‍ക്കു താല്‍പ്പര്യമുളവാക്കുന്ന മനുഷ്യരെ കാണാന്‍പറ്റും. ജോലിസമയം അവളുടെ ഇഷ്ടാനുസരണം മാറ്റാന്‍പറ്റും. 
       ആപ്പീസ്സിലവള്‍, ഇപ്പോള്‍, ചില കത്തുകളെഴുതാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവള്‍ക്കാകുന്നില്ല.
       അസൂയയെപ്പോലെ ആളുകളെ ഇത്രയും സമഗ്രമായി ആമഗ്നമാക്കുന്ന മറ്റൊന്നില്ല. ഒരുകൊല്ലംമുമ്പ് കമീലക്കു അമ്മ നഷ്ടമായത്, കുഴലൂത്തുകാരന്‍റെ  ശൃംഗാരസാഹസങ്ങളേക്കാള്‍, വലിയ ഒരു ദുരന്തമായിരുന്നു. എന്നിട്ടും, താന്‍ ഗാഢമായി സ്നേഹിച്ച അമ്മയുടെ മരണം അവളിലേറെ സങ്കടമുണ്ടാക്കിയില്ല. അവളുടെ കദനത്തിന്‍റെ വേദനക്ക്, ഹിതകരമായ, ബഹുവര്‍ണ്ണങ്ങളുണ്ടായിരുന്നു. അതില്‍ ദു:ഖവും, അഭിവാഞ്ഛയും, അലിവും, അനുതാപവും (കമീല അമ്മയെ വേണ്ടത്ര ശുശ്രൂഷിച്ചിരുന്നുവോ? അവള്‍ അവരെ അവഗണിക്കുകയുണ്ടായോ?) ഉണ്ടായിരുന്നു. എന്തിന്, അതില്‍ ശാന്തമായൊരു മന്ദഹാസം കൂടിയുണ്ടായിരുന്നു. ആ വേദന എല്ലാ ദിശകളിലേക്കും, സദയം, ചിതറിനീങ്ങി: കമീലയുടെ ചിന്തകള്‍ അമ്മയുടെ ശവമഞ്ചത്തില്‍ത്തട്ടി തിരിച്ചുവന്നു. അവ ഓര്‍മ്മകളിലേക്കു പറന്നുപോയി. അവളുടെ ബാല്യത്തിലേക്ക്. അവിടെനിന്നു പിന്നെയും ദൂരത്തിലേക്ക്. അവളുടെ അമ്മയുടെ കുട്ടിക്കാലത്തേക്ക്. ഒരു ഡസന്‍ ദൈനംദിന ആശങ്കകളിലേക്ക്. വിശാലമായ്ത്തുറന്നിരിക്കുന്ന ഭാവിയിലേക്ക്. അവിടെ, ഒരു സ്വാന്തനം പോലെ, ക്ലീമയുടെ (ഉവ്വ്, അസാധാരണമായ ആ ദിനങ്ങളില്‍ ഭര്‍ത്താവായിരുന്നൂ അവളുടെ സ്വാന്തനം)രൂപരേഖ തെളിഞ്ഞു നിന്നു.
അസൂയയുളവാക്കുന്ന വേദന, പക്ഷെ, അന്തരീക്ഷത്തിലങ്ങിനെ അലഞ്ഞുതിരിയില്ല. ഒരു തുരപ്പന്‍ യന്ത്രത്തെപ്പോലെ അതൊരേ ബിന്ദുവില്‍ തിരിഞ്ഞുകൊണ്ടിരിക്കും. നാലുപാടും ചിതറി അപ്രത്യക്ഷമാകുന്ന പ്രകൃതം അതിനില്ല. അമ്മയുടെ മരണം അവള്‍ക്കൊരു ഭാവിയുടെ (വ്യത്യസ്തവും, ഏകാന്തതയേറിയതും, കൂടുതല്‍ പക്വവുമായ) വാതില്‍ തുറന്നു കൊടുത്തുവെങ്കില്‍, അവളുടെ ഭര്‍ത്താവിന്‍റെ വഞ്ചനയേല്‍പ്പിച്ച യാതന ഒരു ഭാവിയും തുറന്നു തന്നില്ല. വിശ്വസിക്കാന്‍പറ്റാത്ത ഒരു ശരീരത്തിന്‍റെ (എന്നും സന്നിഹിതമായിരിക്കുന്ന) ഒരേയൊരു പ്രതിരൂപത്തില്‍, (നിരന്തരമായുള്ള) ഒരേയൊരു ദൂഷ്യത്തില്‍, എല്ലാം കേന്ദ്രീകരിക്കപ്പെട്ടു. അമ്മ മരിച്ചുകഴിഞ്ഞിട്ടും, കമീലക്കു സംഗീതമാസ്വദിക്കാനായിരുന്നു. എന്നാല്‍, അസൂയ പിടിപെട്ടപ്പോള്‍, അവള്‍ക്കൊന്നിനും കഴിവുണ്ടായില്ല.
തനിക്കു സംശയമുളവാക്കിയ സംഗീതക്കച്ചേരി വാസ്തവത്തിലുള്ളതാണോ എന്നാരായാന്‍ സുഖചികിത്സാകേന്ദ്രത്തിലേക്കു പോകണമെന്ന ചിന്ത അവള്‍ക്കു തലേന്നാളുണ്ടായിരുന്നു. പക്ഷെ, അതുടന്‍തന്നെ അവള്‍ ഉപേക്ഷിക്കുകയാണുണ്ടായത്. കാരണം, അവളുടെ അസൂയ ക്ലീമയെ പേടിപ്പെടുത്തും. അതങ്ങിനെ, അത്ര പച്ചയായി, വെളിവാക്കിക്കൂടാ. എങ്കിലും, കുതിച്ചുപായുന്ന ഒരു തീവണ്ടിയെപ്പോലെ, അവള്‍ക്കുള്ളില്‍ അസൂയ കിടന്നോടി. ഫോണെടുത്തു തീവണ്ടിയാപ്പീസ്സിലേക്കു വിളിക്കാതിരിക്കാന്‍ അവള്‍ക്കായില്ല. ആപ്പീസിലെ എഴുത്തുകുത്തുകളില്‍ ശ്രദ്ധവെക്കാന്‍ പറ്റാത്തതിനാല്‍, അശ്രദ്ധമായി, പ്രത്യേകിച്ചൊരു ഉദ്ദേശ്യവുമില്ലാതെയാണ്, ഫോണ്‍ചെയ്യുന്നതെന്ന് അവള്‍ സ്വയം ന്യായീകരിച്ചു.
പതിനൊന്നരക്കു വണ്ടി പോയെന്ന്‍ അവള്‍ക്കു അറിവ് കിട്ടി. പരിചയമില്ലാത്ത വഴികളിലൂടെ ക്ലീമയുടെ പോസ്റ്ററുകള്‍ അന്വേഷിച്ച് താന്‍ അങ്ങുമിങ്ങും നടക്കുന്നത് അവള്‍ ഭാവനയില്‍ കണ്ടു. തന്‍റെ ഭര്‍ത്താവു പങ്കെടുക്കുന്ന ഒരു സംഗീതക്കച്ചേരിയുണ്ടോയെന്നു ഒരു റ്റൂറിസ്റ്റു ബ്യൂറോയില്‍ ചെന്നന്വേഷിക്കുന്നതും, ഇല്ലെന്നറിഞ്ഞു വഞ്ചിതയും ദു:ഖിതയുമായി നിര്‍ജ്ജനമായ ഒരപരിചിത നഗരത്തില്‍ അലയുന്നതും അവള്‍ മനസ്സില്‍ക്കണ്ടു. പിറ്റേന്നു കച്ചേരിയെക്കുറിച്ചു ക്ലീമ പറയുന്നതും, താനവനോടു വിശദാംശങ്ങള്‍ ചോദിക്കുന്നതും അവള്‍ വിഭാവനം ചെയ്തു. താന്‍ അവന്‍റെ മുഖത്തു നോക്കിയിരിക്കും. അവന്‍റെ കെട്ടുകഥകള്‍ കേള്‍ക്കും. കയ്പുള്ള ആനന്ദത്തോടെ അവന്‍റെ നുണകളുടെ വിഷമദ്യം കുടിച്ചുതീര്‍ക്കും.
പക്ഷെ, തല്‍ക്ഷണം, ഈവിധം പെരുമാറരുതെന്നു അവള്‍ തന്നോടുതന്നെ പറഞ്ഞു. ചാരവൃത്തിനടത്തി തന്‍റെ അസൂയയെ പരിപുഷ്ടിപ്പെടുത്തി ദിവസങ്ങളും ആഴ്ച്ചകളും ഇങ്ങിനെ ചിലവഴിക്കാനാവില്ല. അവനെ നഷ്ടപ്പെടുമെന്ന് അവള്‍ വല്ലാതെ പേടിച്ചു. ആ പേടിമൂലംതന്നെ അവനെ അവള്‍ക്കു നഷ്ടമായെന്നും വരാം.  
ഉടന്‍തന്നെ മറ്റൊരു സ്വരം കൌശലമാര്‍ന്ന നിഷ്കളങ്കതയോടെ പ്രതിവചിച്ചു: അല്ല, താനവനുമേല്‍ ചാരപ്പണിചെയ്യുകയല്ല! കച്ചേരിക്കു പോവുകയാണെന്നാണല്ലോ ക്ലീമ പറഞ്ഞത്. താനത് വിശ്വസിക്കുന്നു! അസൂയപ്പെടാതിരിക്കാന്‍വേണ്ടിമാത്രമാണ് അവന്‍ പറയുന്നത് താന്‍ വിശ്വസിക്കുന്നത്! അവന്‍റെ പ്രസ്താവനകള്‍ സംശയമില്ലാതെ സ്വീകരിക്കുന്നത്! സന്തോഷമില്ലാതെയാണ് പോകുന്നതെന്ന് അവന്‍ പറഞ്ഞിരുന്നല്ലോ. അവിടെ ചിലവഴിക്കേണ്ട പകലും രാത്രിയും വളരെ വിരസമായിരിക്കുമെന്നും പറഞ്ഞിരുന്നു. അതിനാല്‍, അവനു ആനന്ദകരമായ ഒരമ്പരപ്പുണ്ടാക്കുവാനാണ് താന്‍ അവന്‍റെയടുത്തേക്കു പോകുന്നത്! കച്ചേരിക്കവസാനം, രംഗത്തുനിന്നും ക്ലീമ അവജ്ഞയോടെ വിടവാങ്ങുമ്പോള്‍, ക്ഷീണമേറ്റുന്ന മടക്കയാത്രയെക്കുറിച്ചവനോര്‍ക്കുമ്പോള്‍, അവള്‍ വേദിയുടെ കീഴെയെത്തും! അവന്‍ അവളെ കാണും! രണ്ടുപേരും പൊട്ടിച്ചിരിക്കും!
പ്രയാസപ്പെട്ടെഴുതിയ കത്തുകള്‍ അവള്‍ മാനേജരെ ഏല്‍പ്പിച്ചു. തിയറ്ററില്‍ അവളെക്കുറിച്ച് നല്ല മതിപ്പായിരുന്നു. പ്രശസ്തനായ ഒരു സംഗീതജ്ഞന്‍റെ ഭാര്യയുടെ സൌഹൃദത്തെയും സൌശീല്യത്തെയും അവര്‍ വിലമതിച്ചു. അവളില്‍നിന്നു പ്രസരിക്കുന്ന ശോകത്തിനു മറ്റുള്ളവരെ നിരായുധമാക്കാനുള്ള എന്തോ ഒരു കഴിവുണ്ടായിരുന്നു. അവള്‍ക്കെന്തെങ്കിലും നിഷേധിക്കാന്‍ മാനേജര്‍ക്കു കഴിയില്ല. വെള്ളിയാഴ്ച്ച വൈകി തിരിച്ചുവരാമെന്നും, അന്നു കൂടുതല്‍സമയം ജോലിചെയ്തു നഷ്ടപ്പെടുന്ന സമയത്തിന്‍റെ കടം വീട്ടാമെന്നും അവള്‍ വാക്കുകൊടുത്തു.

2. പടം പിടുത്തം.


പത്തു മണി. ഓള്‍ഗ പതിവു പോലെ റൂസേനയില്‍നിന്നു വലിയൊരു വെള്ളവിരിയും താക്കോലും വാങ്ങി. അറയിലേക്കു വലിഞ്ഞു. തുണിമാറി അയയില്‍ തൂക്കി. വെള്ളവിരി പുറംകുപ്പായംപോലെ ദേഹത്തില്‍ചുറ്റി. അറ പൂട്ടി. താക്കോല്‍ റൂസേനയെ തിരിച്ചേല്‍പ്പിച്ചു. ചെറുകുളമുള്ള അടുത്ത മുറിയിലേക്കു പോയി. വിരി കൈവരിമേല്‍ അഴിച്ചിട്ടു. വെള്ളത്തിലേക്കുള്ള പടികളിറങ്ങി. മറ്റു പെണ്ണുങ്ങള്‍ കുളി തുടങ്ങിയിരുന്നു. കുളത്തിനു വലിയ വലുപ്പമൊന്നുമില്ല. നീന്തല്‍ ആരോഗ്യത്തിനു അത്യാവശ്യമാണെന്ന ബോദ്ധ്യമുള്ളതിനാല്‍ ഓള്‍ഗ ഒന്നുരണ്ടു വരി നീന്തി. അപ്പോള്‍, ചിലച്ചുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ വായിലല്‍പ്പം വെള്ളം കയറി.
“നിനക്കെന്താ ഭ്രാന്താ?” അവള്‍ ഓള്‍ഗയോട് ക്ഷോഭത്തോടെ ഒച്ചവെച്ചു. “ഇതു നീന്തല്‍ക്കുളമല്ല.”
കുളത്തിന്‍റെ ചുമരോരത്ത് പെണ്ണുങ്ങള്‍ പോക്കാച്ചിത്തവളകളെപ്പോലെ ആഴമില്ലാത്ത വെള്ളത്തില്‍ കൂനിക്കൂടി ഇരിപ്പാണ്. ഓള്‍ഗയേക്കാള്‍ പ്രായമുള്ളവരാണ് എല്ലാവരും. അവളെക്കാള്‍ കൊഴുത്തവരും. അരോഗദൃഢഗാത്രികള്‍. അതിനാല്‍, അവള്‍ നിശ്ചലമായി തുറിച്ചുനോക്കിക്കൊണ്ട് അവര്‍ക്കിടയില്‍ ഒതുങ്ങിയിരുന്നു.
പെട്ടെന്ന്, അവള്‍ വാതിലിനരികില്‍ ഒരു ചെറുപ്പക്കാരനെ കണ്ടു. കീറിയ സ്വെറ്ററും നീലജീന്‍സുമിട്ട ഒരു കുള്ളനെ.
“അയാളിവിടെ എന്തെടുക്കുകയാണ്?”
ഓള്‍ഗ നോക്കുന്നിടത്തേക്ക് സ്ത്രീകളെല്ലാം നോക്കി. എല്ലാവരും ഒച്ചവെക്കാന്‍ തുടങ്ങി.
ആ സമയം റൂസേന മുറിയിലേക്കു വന്നു വിളിച്ചു പറഞ്ഞു: “നമുക്കു സന്ദര്‍ശകരുണ്ട്. വാര്‍ത്തയില്‍ക്കൊടുക്കാന്‍ നിങ്ങളുടെ പടമെടുക്കാന്‍ പോവുകയാണ്.”
ഈ വാര്‍ത്ത സ്ത്രീകള്‍ പൊട്ടിച്ചിരിയോടെ സ്വീകരിച്ചു. ഓള്‍ഗയാകട്ടെ, പ്രതിഷേധിച്ചു: “എന്താണിതൊക്കെ?”
“അവര്‍ക്കു അധികാരികള്‍ അനുവാദം കൊടുത്തിട്ടുണ്ട്,” റൂസേന പറഞ്ഞു.
“അധികാരികള്‍ പോയിത്തുലയട്ടെ! എന്നോടാരും അന്വേഷിച്ചിട്ടില്ല!” ഓള്‍ഗ നിലവിളിച്ചു.
കീറിയ സ്വെറ്ററിട്ട യുവാവ്‌ (അവന്‍റെ കഴുത്തില്‍ പ്രകാശമളക്കാനുള്ള ഒരുപകരണം തൂങ്ങുന്നുണ്ടായിരുന്നു) കുളത്തെ സമീപിച്ചു. ഓള്‍ഗക്ക് അശ്ലീലമെന്നുതോന്നിയ ഒരിളിയോടെ അവളെ നോക്കി: “മാഡം, നിങ്ങളെ സ്ക്രീനില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഉന്മാദലഹരിയുണ്ടാകും.”
സ്ത്രീകള്‍ വീണ്ടുമൊരു പൊട്ടിച്ചിരിയോടെ പ്രതികരിച്ചു. ഓള്‍ഗ കൈകള്‍കൊണ്ട് മാറു മറച്ചു (അതത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. പ്ലം പഴങ്ങളെപ്പോലുള്ളതാണ് അവളുടെ സ്തനങ്ങളെന്നു നമുക്കറിയാമല്ലോ). മറ്റു സ്ത്രീകള്‍ക്കു പിറകിലേക്ക് അവള്‍ ചുരുണ്ടുകൂടി.
നീലജീന്‍സിട്ട രണ്ടാളുകള്‍കൂടി കുളത്തിനടുത്തേക്കു വന്നു. അവരില്‍ ഉയരം കൂടിയവന്‍ പ്രസ്താവിച്ചു: “ദയവായി, ഞങ്ങള്‍ ഇവിടെയില്ലെന്നുകരുതി നിങ്ങള്‍ സ്വാഭാവികമായ രീതിയില്‍ വ്യാപരിച്ചാലും.”
തന്‍റെ വിരിയിരിക്കുന്ന കൈവരിയിലേക്ക് ഓള്‍ഗ കൈനീട്ടി. വെള്ളത്തില്‍നിന്നുകൊണ്ടുതന്നെ വിരി വാരിച്ചുറ്റി. പിന്നീട്, പടികയറി, തറയോടുകള്‍ക്കു മീതെ വെള്ളമിറ്റിച്ചുകൊണ്ടു നിന്നു.
“ഛെ! ഇപ്പൊഴേ പുറത്തു പോകല്ലേ!” കീറിയ സ്വെറ്ററിട്ട ചെറുപ്പക്കാരന്‍ വിളിച്ചുപറഞ്ഞു.
“ഇനിയും പതിനഞ്ചു മിനിട്ടു കുളത്തിലുണ്ടാകണം!”
റൂസേനയും വിളിച്ചുപറഞ്ഞു.
“അവള്‍ക്കു നാണമാണ്!” ഓള്‍ഗയുടെ പിറകില്‍നിന്ന്, കുളത്തില്‍നിന്നായിരുന്നു അട്ടഹാസം.
“അവളുടെ സൌന്ദര്യം ആരെങ്കിലും കട്ടുകൊണ്ടുപോകുമെന്നാണ്‌ അവളുടെ പേടി!” റൂസേന പറഞ്ഞു.
“നോക്കൂ, രാജകുമാരിയെ!” കുളത്തില്‍നിന്നൊരു സ്വരം.
“പടത്തില്‍ വരാന്‍ താല്‍പ്പര്യമിലാത്തവര്‍ക്ക് പോകാം,” ഉയരം കൂടിയവന്‍ ശാന്തമായി പറഞ്ഞു.
“ഞങ്ങള്‍ക്കു നാണമൊന്നുമില്ല! ഞങ്ങള്‍ സുന്ദരികളാണ്!” ഒരു തടിച്ചി മൂര്‍ച്ചയോടെ പറഞ്ഞു. ജലോപരിതലത്തില്‍ പൊട്ടിച്ചിരി അലകളിളക്കി.
“പക്ഷെ, ആ ചെറുപ്പക്കാരിയെ പോകാന്‍ സമ്മതിക്കരുത്! അവളിനിയും പതിനഞ്ചു മിനിട്ടുകൂടി കുളത്തിലുണ്ടാകണം!” വസ്ത്രം മാറുന്ന അറയിലേക്കു വാശിയോടെ നീങ്ങുന്ന റൂസേന ക്രുദ്ധയായി പറഞ്ഞു.

3. രണ്ടുതരം സ്ത്രീകള്‍


റൂസേനയെ ക്രുദ്ധയായ്പ്പോയതിന്‍റെ പേരില്‍ കുറ്റപ്പെടുത്താനാവില്ല. എങ്കിലും, ഓള്‍ഗ പടമെടുക്കാന്‍ വിസമ്മതിച്ചതിനു അവളെന്തിനു ശുണ്ഠിയെടുക്കണം? ചെറുപ്പക്കാരുടെ ആഗമനം ആനന്ദത്തിന്‍റെ ആക്രന്ദനങ്ങളാല്‍ സ്വാഗതംചെയ്ത സ്ഥൂലശരീരികളുടെ സംഘവുമായി അവളെന്തിനു താദാത്മ്യം പ്രാപിക്കണം?
അതിരിക്കട്ടെ, സ്ഥൂലശരീരികളായ ഈ സ്ത്രീകളെന്തിനിത്ര ആഹ്ലാദിക്കണം? ഈ ചെറുപ്പക്കാരെ തങ്ങളുടെ ലാവണ്യം കാണിച്ച് വശീകരിക്കാമെന്നിവര്‍ കരുതുന്നുണ്ടോ?
തീര്‍ച്ചയായുമില്ല. വശ്യലാവണ്യമൊന്നും തങ്ങളുടെ പക്കലില്ലായെന്ന ദൃഢവിശ്വാസത്തില്‍നിന്നാണ് അവരുടെ സ്പഷ്ടമായ ലജ്ജാരാഹിത്യം കൃത്യമായും ഉടലെടുത്തിരിക്കുന്നത്. അവരില്‍ നിറയെ യൌവ്വനത്തിളപ്പുള്ള സ്ത്രീകളോടുള്ള വിദ്വേഷമായിരുന്നു. മൈഥുനത്തിനുപയോഗമില്ലാത്ത തങ്ങളുടെ ശരീരത്തിന്‍റെ പ്രദര്‍ശനത്തിനു പെൺനഗ്നതയെ അപഹസിക്കാനും അപമാനിക്കാനുമാകുമെന്ന് അവരാശിച്ചു. തങ്ങളുടെ ശരീരത്തിന്‍റെ വികര്‍ഷണംകൊണ്ട് പെൺശരീരത്തിന്‍റെ മഹത്ത്വത്തോട് പ്രതികാരം ചെയ്യാനും അതിനെ ഇടിച്ചു തകര്‍ക്കുവാനും അവര്‍ ആഗ്രഹിച്ചു. ശരീരങ്ങളെല്ലാം, സുന്ദരമായവയുമല്ലാത്തവയും, അന്തിമമായി വ്യത്യാസങ്ങളില്ലാത്തവയാണെന്ന് അവര്‍ക്കറിയാം. സുന്ദരമായതിനെ വിരൂപമായതിന്‍റെ നിഴല്‍ ഗ്രസിക്കുമെന്നു, പുരുഷന്മാരുടെ കാതുകളില്‍ ഇങ്ങിനെ മന്ത്രിക്കുമ്പോള്‍, അവര്‍ക്കറിയാം: നോക്കൂ, നിങ്ങളെ വശീകരിക്കുന്ന ശരീരത്തിന്‍റെ സത്യമിത്രയേയുള്ളൂ! നോക്കൂ, ഈ ഇടിഞ്ഞ മുലകള്‍ തന്നെയാണ് നിങ്ങള്‍ ഉന്മാദത്തോടെ ആരാധിക്കുന്ന സ്തനങ്ങള്‍!
കുളത്തിലെ പെണ്ണുങ്ങളുടെ ആനന്ദമാര്‍ന്ന നാണമില്ലായ്മ യുവത്വത്തിന്‍റെ നശ്വരതക്കു ചുറ്റുമുള്ള ശവപ്രേമികളുടെ സംഘനൃത്തമായിരുന്നു. ബലിമൃഗമായി കുളത്തിലൊരു ചെറുപ്പക്കാരി ഉണ്ടായത് ആ സംഘനൃത്തത്തിന്‍റെ ഉല്ലാസം ഇരട്ടിപ്പിച്ചു. ഓള്‍ഗ വിരിപ്പു പുതച്ചപ്പോള്‍, അതിനെ തങ്ങളുടെ ക്രൂരമായ അനുഷ്ഠാനത്തെ അട്ടിമറിക്കുന്ന ഒരംഗവിക്ഷേപമായി അവര്‍ വ്യാഖ്യാനിച്ചു. അതുമൂലം അവര്‍ കോപിഷ്ഠരായി.
പക്ഷെ, തടിയുള്ളവളോ, പ്രായമുള്ളവളോ അല്ല റൂസേന. ഓള്‍ഗയേക്കാള്‍ സുന്ദരിയുമാണവള്‍! പിന്നെയെന്തുകൊണ്ടവള്‍ ഓള്‍ഗയോടു ഒരുമ കാട്ടിയില്ലാ?
ഗര്‍ഭമലസിപ്പിക്കാന്‍ സമ്മതിക്കുകയും, ക്ലീമക്കൊപ്പമുള്ള സന്തോഷം തന്നെ കാത്തിരിക്കുന്നുവെന്നുറപ്പാക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവളുടെ പ്രതികരണം തീര്‍ത്തും വ്യത്യസ്തമായിരുന്നേനെ. സ്നേഹിക്കപ്പെടുന്നുവെന്ന ബോധം ഒരു സ്ത്രീയെ സാമാന്യഗണത്തില്‍നിന്നും വേര്‍പെടുത്തുമല്ലോ. അനുപമമായ തന്‍റെ അനന്യതയുടെ അനുഭവം അങ്ങിനെ റൂസേനയെ മത്തുപിടിപ്പിക്കുമായിരുന്നു. ഈ തടിച്ചികളെ ശത്രുക്കളായും, ഓള്‍ഗയെ സഹോദരിയായും അവള്‍ കണ്ടേനെ. സൌന്ദര്യം സൌന്ദര്യത്തോടെന്നപോലെ, സ്നേഹം സ്നേഹത്തോടെന്നപോലെ, അവളവളുടെ സഹായത്തിനെത്തുമായിരുന്നു.
പക്ഷെ, കഴിഞ്ഞ രാത്രി റൂസേനയുടെ ഉറക്കം ശരിയായിരുന്നില്ല. ക്ലീമയുടെ പ്രേമത്തെ നമ്പാന്‍പറ്റില്ലെന്ന്‍ അവള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. സാധാരണസ്ത്രീകളില്‍നിന്ന് അവളെ വേര്‍തിരിച്ചു നിര്‍ത്തുന്നവയൊക്കെ വെറും മായയാണെന്ന്, അതിനാല്‍, അവള്‍ക്കു തോന്നി. ഉദരത്തിലതിവേഗം വളരുന്ന, സമൂഹത്താലും പാരമ്പര്യത്താലും സംരക്ഷിക്കപ്പെടുന്ന, ഒരു ഭ്രൂണം മാത്രമേ തനിക്കുള്ളൂ. തനിക്കുവേണ്ടി പൊരുതുമെന്നു വാഗ്ദാനം ചെയ്തിരിക്കുന്ന പെൺഭാഗധേയത്തിന്‍റെ മഹത്തായ സാര്‍വ്വത്രികത മാത്രമേ തന്‍റെകൂടെയുള്ളൂ.
സാര്‍വ്വത്രികമായ സ്ത്രീത്വത്തെയാണ് കുളത്തിലെ പെണ്ണുങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. നിരന്തരമായി പ്രസവിക്കുകയും, ശുശൂഷിക്കുകയും, ശുഷ്കിക്കുകയും ചെയ്യുന്ന സ്ത്രീത്വം. താന്‍ സ്നേഹിക്കപ്പെടുന്നുവെന്നും, ഉപമാതീതമായ ഒരു വ്യക്തിത്വമാണ് താനെന്നും ഒരു സ്ത്രീ വിശ്വസിക്കുന്ന ക്ഷണികമായ ഒരു നിമിഷമുണ്ടെന്നുള്ള ആശയത്തെ പരിഹസിക്കുന്ന സ്ത്രീത്വം.
അതുല്യയാണ് താനെന്നുറപ്പുള്ള ഒരു സ്ത്രീക്കും, സാര്‍വ്വത്രികസ്ത്രീഭാഗധേയത്തിൽപ്പുതഞ്ഞിരിക്കുന്ന സ്ത്രീകള്‍ക്കുമിടയില്‍ അനുരഞ്ജനം അസാദ്ധ്യം. ഭാരിച്ചചിന്തകളാര്‍ന്ന ഉറക്കമില്ലാത്ത ഒരു രാത്രിക്കു ശേഷം റൂസേന ഈ സ്ത്രീകളുടെ പക്ഷത്താണ് ചേര്‍ന്നത് (പാവം കുഴലൂത്തുകാരന്‍!).

4. സത്രത്തിലെ സല്‍ക്കാരം.


ജേക്കബ്ബ് വണ്ടിയോടിക്കുകയായിരുന്നു. മുന്‍സീറ്റില്‍ അയാളുടെകൂടെയിരിക്കുകയായിരുന്ന ബോബ് അയാളുടെ മുഖം നക്കുവാനായി കൂടെക്കൂടെ തലതിരിച്ചുകൊണ്ടിരുന്നു. നഗരത്തിലെ അവസാനവീടുകള്‍ക്കുമപ്പുറത്ത് അംബരചുംബികളായ അപ്പാർട്ടുമെന്‍റ് കെട്ടിടങ്ങള്‍ ഉയര്‍ന്നുനിന്നു. ഒരുവര്‍ഷം മുമ്പുവരെ അവ അവിടെയില്ലായിരുന്നു. ജേക്കബ്ബിനവ ബീഭത്സമായി കാണപ്പെട്ടു. പച്ചപ്പാര്‍ന്ന പ്രകൃതിദൃശ്യത്തില്‍ അവ ഒരു ചെടിച്ചട്ടിയിലെ ചൂലുകളെപ്പോലെ തോന്നി. ആ കെട്ടിടങ്ങള്‍ സംതൃപ്തിയോടെ നോക്കുകയായിരുന്ന ബോബിനെ ജേക്കബ്ബ് തലോടിക്കൊണ്ടിരുന്നു. സാരമേയങ്ങളുടെ ശിരസ്സിലേക്ക് സൌന്ദര്യത്തെക്കുറിച്ചുള്ള ഒരു ബോധവും കടത്തിവിടാതിരിക്കാന്‍ ദൈവം കരുണ കാണിച്ചുവെന്ന് അയാള്‍ വിചാരിച്ചു.
നായ വീണ്ടും അയാളുടെ മുഖം നക്കി (ജേക്കബ്ബ് തന്നെക്കുറിച്ചാണ് നിരന്തരം ചിന്തിക്കുന്നതെന്ന്, ഒരു പക്ഷെ, അവനു തോന്നിയിട്ടുണ്ടാകാം). തന്‍റെ നാട്ടില്‍ കാര്യങ്ങള്‍ നന്നാവുകയോ വഷളാവുകയോ അല്ല, പരിഹാസ്യമാവുകയാണെന്ന് ജേക്കബ്ബ് ചിന്തിച്ചു: നരനായാട്ടിനിരയായിരുന്നൂ ഒരിക്കല്‍ താന്‍. എന്നാല്‍, ഇന്നലെ താന്‍ സാക്ഷിയായത്, പുതിയ നടന്മാര്‍ നയിക്കുന്ന പഴയ നാടകം പോലുള്ള ഒരു പട്ടിവേട്ടക്കാണ്. ന്യായിധപന്മാരുടെയും തുറുങ്കുപാറാവുകാരുടെയും വേഷമിട്ടത് വാര്‍ദ്ധക്യകാലവേതനം പറ്റുന്ന ചിലരായിരുന്നു. രാഷ്ട്രീയത്തടവുകാരുടെ വേഷത്തിലോ, ഒരു പറപ്പട്ടിയും, ഒരു പോരുകാരന്‍പട്ടിയും, ഒരു ഡാക്സ്‌ഹണ്ടും.
കാലുകെട്ടപ്പെട്ടും, ആണിയടിക്കപ്പെട്ടും, നാവറുക്കപ്പെട്ടും തങ്ങളുടെ പൂച്ചയെ തന്‍റെ അയല്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വീട്ടുമുറ്റത്തു കണ്ടത് അയാളോര്‍ത്തു. അയലത്തെക്കുട്ടികള്‍ മുതിര്‍ന്നവരായി അഭിനയിച്ചതിന്‍റെ ഫലം. ജേക്കബ്ബ് ബോബിന്‍റെ തല തലോടി. സത്രമുറ്റത്തു കാറു നിര്‍ത്തി.
നായ തന്‍റെ വീട്ടിലേക്ക് ആഹ്ലാദത്തോടെ കുതിക്കുമെന്നാണ് ജേക്കബ്ബ് കാറില്‍നിന്നിറങ്ങുമ്പോള്‍ വിചാരിച്ചത്. പക്ഷെ, ബോബ് ഓടുന്നതിനുപകരം ജേക്കബ്ബിനു ചുറ്റും ചാടി. അവനു കളിക്കണമായിരുന്നു. എന്നാല്‍. “ബോബ്” എന്നൊരൊച്ചകേട്ടപ്പോള്‍, അവനൊരു വെടിയുണ്ടപോലെ വാതില്‍പ്പടിയില്‍ നിന്നിരുന്ന സ്ത്രീയുടെ സമീപത്തേക്കോടി.
“ഒരു വഹക്കുകൊള്ളാത്ത തെണ്ടി,” അവള്‍ പറഞ്ഞു. പിന്നീട്, ജേക്കബ്ബിനോട് നായ വല്ലാതെ ശല്യപ്പെടുത്തിയോയെന്നു ക്ഷമാപണത്തോടെ ആരാഞ്ഞു.
 രാത്രി മുഴുവന്‍ നായ തന്‍റെ കൂടെയായിരുന്നുവെന്നും, ഇപ്പോഴവനെ വണ്ടിയിലിട്ടു കൊണ്ടുവന്നതാണെന്നും ജേക്കബ്ബ് പറഞ്ഞു. അവള്‍ ബഹളത്തോടെ ധാരാളം നന്ദി പറഞ്ഞു. അകത്തു കടന്നിരിക്കാന്‍ നിര്‍ബന്ധിച്ചു. സത്രത്തിലെ സല്‍ക്കാരങ്ങള്‍ക്കുപയോഗിക്കുന്നതെന്നു തോന്നിയ ഒരു പ്രത്യേക മുറിയില്‍ അയാളെ ഇരുത്തി. പിന്നെ, ഭര്‍ത്താവിനെത്തിരക്കി പുറത്തേക്കിറങ്ങി.
കുറച്ചുകഴിഞ്ഞ്, ഒരു യുവാവിനൊപ്പം, അവള്‍ തിരികെ വന്നു. യുവാവ് ജേക്കബ്ബിനരികിലിരുന്നു. അയാളുടെ കൈപിടിച്ചു കുലുക്കി: “ബോബിനെ തിരിച്ചു തരാന്‍ ഇത്രയും ദൂരം കാറോടിച്ചു വന്ന നിങ്ങള്‍ ഒരു നല്ല മനുഷ്യനായിരിക്കണം. മണ്ടനാണവന്‍. ചുറ്റും ഓടിനടക്കാന്‍ മാത്രമറിയുന്നവന്‍. എങ്കിലും, ഞങ്ങള്‍ക്കവനെ ശരിക്കും ഇഷ്ടമാണ്. എന്തെങ്കിലും ഭക്ഷണം കഴിച്ചുകൂടെ?”
“ആവാം. വലിയ ഉപകാരം,” ജേക്കബ്ബ് പറഞ്ഞു. സ്ത്രീ അടുക്കളയിലേക്കോടി. ഒരു പറ്റം അടുത്തൂണ്‍കാരില്‍നിന്നും ബോബിനെ എങ്ങിനെ രക്ഷിച്ചുവെന്ന കഥ ജേക്കബ്ബ് വിസ്തരിച്ചു.
“തന്തയില്ലാത്തവന്മാര്‍!” യുവാവ് ആക്രോശിച്ചു. പിന്നീട്, അടുക്കളയിലേക്കു തിരിഞ്ഞ് ഭാര്യയോടു വിളിച്ചു പറഞ്ഞു: “വേരാ! ഇവിടെ വരൂ! ആ തന്തയില്ലാത്തവരവിടെ, ഠൌണില്‍, എന്താണു കാട്ടിക്കൂട്ടുന്നതെന്നു നീ കേട്ടോ!”
ആവിപാറുന്ന ഒരു പാത്രം സൂപ്പുമായി വേര മടങ്ങി വന്നു. അവളിരുന്നപ്പോള്‍, തലേദിവസത്തെ തന്‍റെ സാഹസകഥ ജേക്കബ്ബിന് ആവര്‍ത്തിക്കേണ്ടിവന്നു. മേശക്കുകീഴെ, തന്‍റെ ചെവിക്കു പിറകില്‍ ചൊറിയാന്‍ അനുവദിച്ചുകൊണ്ട്, നായയുമിരുന്നു.
ജേക്കബ്ബ് സൂപ്പുകുടിച്ച് എഴുന്നേറ്റപ്പോള്‍, ചെറുപ്പക്കാരന്‍ അടുക്കളയിലേക്കോടി ഒരു പാത്രം പൊരിച്ച പന്നിയിറച്ചിയും കുറുമയും കൊണ്ടു വന്നു.
ജനലിനരികിലങ്ങിനെയിരിക്കേ, ജേക്കബ്ബിന് ഉന്മേഷം തോന്നി. ചെറുപ്പക്കാരന്‍ താഴെ പട്ടണത്തിലെ ജനങ്ങളെ ശപിച്ചു (ജേക്കബ്ബിനു രസം പിടിച്ചു: ഈ യുവാവ് തന്‍റെ തീന്‍കടയെ ഉന്നതമായ ഒരു കൈലാസമായാണ് കരുതുന്നത്; ഉദാത്തവും ഏകാന്തസുന്ദരവുമായ ഒരു സ്ഥലമായി). സ്ത്രീ പുറത്തേക്കു പോയി. രണ്ടു വയസ്സുള്ള ഒരു ആണ്‍കുട്ടിയെ മുന്നില്‍നയിച്ചുകൊണ്ടു തിരിച്ചു വന്നു.
“ഈ സാറിനോടു നന്ദി പറ,” അവള്‍ പറഞ്ഞു. “ബോബിനെ തിരിച്ചുകൊണ്ടുവന്നത് ഇദ്ദേഹമാണ്.”
ജേക്കബ്ബിനു വേണ്ടി കുട്ടി വ്യക്തമല്ലാത്ത ചില വാക്കുകള്‍ ചിലക്കുകയും ചെറിയൊരു ചിരി പാസ്സാക്കുകയും ചെയ്തു. പുറത്ത് നല്ല വെയിലായിരുന്നു. മഞ്ഞയായ്‌ മാറുന്ന ഇലച്ചാര്‍ത്തുകള്‍ തുറന്ന ജനലിനു മുകളിലേക്ക് മന്ദമായി കുനിഞ്ഞു നിന്നു. എങ്ങുമൊരു ശബ്ദവുമില്ല. ലോകത്തിനെത്രയോ മുകളില്‍ത്തന്നെയാണ് ഈ സത്രം. ലഭ്യമാണ് ഇവിടെ സമാധാനം.
പ്രജനനതല്‍പ്പരനല്ലെങ്കിലും ജേക്കബ്ബിനു കുട്ടികളെ ഇഷ്ടമാണ്: “നല്ല ഭംഗിയുള്ളവനാണ് നിങ്ങളുടെ കുട്ടി,” അയാള്‍ പറഞ്ഞു.
“ലേശം ലക്ഷണക്കേടുണ്ടിവന്,” സ്ത്രീ പറഞ്ഞു. “കൊക്കുപോലെ വലിയ മൂക്ക് ഇവനെവിടുന്നു കിട്ടിയോ എന്തോ?”
ജേക്കബ്ബിനു ഓര്‍മ്മയില്‍ തന്‍റെ സുഹൃത്തിന്‍റെ മൂക്കു വന്നതു കൊണ്ടു പറഞ്ഞു: “നിങ്ങളെ പരിച്ചരിച്ചത് ഡോ. സ്ക്രേറ്റയാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്.”
“ഡോക്റ്ററെ നിങ്ങള്‍ക്കറിയുമോ?” ചെറുപ്പക്കാരന്‍ സന്തോഷത്തോടെ ചോദിച്ചു.
“ചങ്ങാതിയാണ്,” ജേക്കബ്ബ് പറഞ്ഞു.
“ഞങ്ങള്‍ക്കദ്ദേഹത്തോട് വലിയ കടപ്പാടുണ്ട്,” യുവതിയായ ആ അമ്മ പറഞ്ഞു. സ്ക്രേറ്റയുടെ ബീജോല്‍ക്കര്‍ഷപദ്ധതിയുടെ വിജയങ്ങളിലൊന്നാവണം ഈ കുട്ടിയെന്ന്‍ ജേക്കബ്ബ് വിചാരിച്ചു.
“ഡോക്റ്ററല്ല, മാന്ത്രികനാണദ്ദേഹം,” ചെറുപ്പക്കാരന്‍ ആരാധനയോടെ പറഞ്ഞു.
ജേക്കബ്ബ് ആലോചിച്ചു: ബെത്ലഹേമിലെ ശാന്തി നിറഞ്ഞിരിക്കുന്ന ഈ സ്ഥലത്ത് ഇവര്‍ മൂവരും ഒരു പരിശുദ്ധകുടുംബമാണ്. മനുഷ്യനായ പിതാവാലല്ല, ദൈവമായ സ്ക്രേറ്റയാല്‍ ജന്മമെടുത്തുവനല്ലോ ഈ കുട്ടി.
വലിയ മൂക്കുള്ള കുട്ടി വീണ്ടും അവ്യക്തമായി എന്തോ പുലമ്പി. സസ്നേഹം അവനെ നോക്കി യുവപിതാവ് ഭാര്യയോടു പറഞ്ഞു: “നിന്‍റെ ഏതു വിദൂര പിതാമാഹനാണ് വലിയ മൂക്കുണ്ടായിരുന്നതെന്ന് ഞാന്‍ ആലോചിക്കുകയാണ്.”
ജേക്കബ്ബ് ചിരിച്ചു. അയാള്‍ക്കു മനസ്സില്‍ രസകരമായൊരു ചോദ്യമുദിച്ചു: സ്വന്തം ഭാര്യയെ ഗര്‍ഭവതിയാക്കാനും ഡോ. സ്ക്രേറ്റ സിറിഞ്ചു തന്നെയാണോ ഉപയോഗിച്ചത്?
“ശരിയല്ലേ ഞാനാലോചിച്ചത്?” യുവപിതാവാരാഞ്ഞു.
“തീര്‍ച്ചയായും,” ജേക്കബ്ബ് പറഞ്ഞു. “ശവക്കുഴിയിലായിട്ടു കാലമെത്രയായാലും നമ്മുടെ മൂക്കുകള്‍ ഭൂമിയിലിങ്ങിനെ ഉലാത്തുമെന്നുള്ളത് ഒരാശ്വാസം തന്നെ.”
എല്ലാവരും ചിരിച്ചു. സ്ക്രേറ്റയായിരിക്കാം ഈ കുട്ടിയുടെ അച്ഛനെന്ന വിചാരം വെറും സ്വപ്നമാണെന്ന് ജേക്കബ്ബിനപ്പോള്‍ തോന്നി.


 5. ചാരന്‍


ഫ്രിജ്ജ് നേരെയാക്കിയ ശേഷം ഫ്രാന്‍റിസെക് അതിന്‍റെ ഉടമസ്ഥയില്‍നിന്നു കൂലി വാങ്ങി. പുറത്തിറങ്ങി. തന്‍റെ വിശ്വസ്തയായ മോട്ടോര്‍സൈക്കിളില്‍ പട്ടണത്തിന്‍റെ മറ്റേ അറ്റത്തേക്കു കുതിച്ചു. ആ ദിവസത്തെ രശീതുകള്‍ ഏല്‍പ്പിക്കാന്‍, മുഴുവന്‍ ജില്ലയിലെയും അറ്റകുറ്റപ്പണി കയ്യാളുന്ന, ആപ്പീസ്സിലെത്തി. അവന്‍റെ ജോലി രണ്ടുമണികഴിഞ്ഞ് അല്‍പ്പനേരത്തിനുശേഷം അവസാനിച്ചു. മോട്ടോര്‍സൈക്കിള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ച് അവന്‍ ഉഷ്ണാലയത്തിലേക്കു തിരിച്ചു. പാര്‍കിംഗ് സ്ഥലത്ത് അവനൊരു വലിയ വെള്ളക്കാറു കണ്ടു. മോട്ടോര്‍സൈക്കിള്‍ അതിനരികില്‍ സ്ഥാപിച്ച്, സ്തംഭാവലികള്‍ക്കു കീഴിലൂടെ, “പൊതുജനശാല”യിലേക്കു നടന്നു. കുഴലൂത്തുകാരന്‍ അവിടെയുണ്ടാകുമെന്ന് അവനൂഹിച്ചു.
തന്‍റേടമോ, അക്രമാസക്തിയോ അല്ല അവനു പ്രേരണയായത്. കുഴപ്പമുണ്ടാക്കാൻ അവനിപ്പോള്‍ താല്‍പ്പര്യമില്ല. മറിച്ച്, ആത്മനിയന്ത്രണം പാലിക്കുമെന്ന് അവന്‍ തീരുമാനിച്ചിരുന്നു. വഴങ്ങാന്‍, തീര്‍ത്തും കീഴടങ്ങാന്‍. എന്തും സഹിക്കാന്‍ ത്രാണി തരുന്നത്ര വലുതാണ്‌ തന്‍റെ സ്നേഹമെന്ന് അവന്‍ സ്വയം ധരിപ്പിച്ചു. തന്‍റെ രാജകുമാരിക്കു വേണ്ടി വ്യാളികളെ നേരിടാനും, കടലുകള്‍ താണ്ടാനും, എന്തു യാതനകള്‍ സഹിക്കാനും തയ്യാറാകുന്ന യക്ഷിക്കഥയിലെ രാജകുമാരനെപ്പോലെ എത്ര അസാമാന്യമായ അപമാനം സഹിക്കാനും അവന്‍ തയ്യാറായിരുന്നു.
ഈ സുഖചികിത്സാകേന്ദ്രത്തില്‍ അവനെന്തിനാണീ താഴ്മ? പ്രലോഭനീയമാംവിധം ധാരാളമായി സുലഭമായ ഏതെങ്കിലുമൊരു യുവതിയെ അവനു തിരഞ്ഞെടുത്താല്‍പ്പോരെ?
റൂസേനയേക്കാള്‍ ചെറുപ്പമാണ് ഫ്രാന്‍റിസെക്. നിര്‍ഭാഗ്യവശാല്‍, വളരെച്ചെറുപ്പം. കൂടുതല്‍ പക്വത നേടുമ്പോള്‍, എല്ലാം നശ്വരമാണെന്ന് അവന്‍ കണ്ടെത്തും. ഒരു പെണ്ണിന്‍റെ ചക്രവാളത്തിനപ്പുറത്ത്, ഇനിയും നിരവധി പെണ്ണുങ്ങളുടെ ചക്രവാളങ്ങള്‍ തുറന്നുവരുമെന്നു അവനു ബോദ്ധ്യമാകും. പക്ഷെ, കാലത്തെക്കുറിച്ച് ഫ്രാന്‍റിസെക്കിന് ഇപ്പോഴൊന്നുമറിയില്ല. സ്ഥിരവും മാറ്റമില്ലാത്തതുമായ ഒരു ലോകത്തിലാണ് ബാല്യംമുതല്‍ അവന്‍റെ ജീവിതം. നിശ്ചലമായ ഒരു തരം നിത്യതയില്‍. ഒരേ അച്ഛനും ഒരേ അമ്മയും തന്നെയാണ് അവനിപ്പോഴുമുള്ളത്. അവനെ ഒരു പുരുഷനാക്കിയ റൂസേനയാകട്ടെ, ആകാശത്തിന്‍റെ മൂടിപോലെയായിരുന്നു. അവനു ലഭ്യമായ ഒരെയോരാകാശത്തിന്‍റെ മൂടി. അവളില്ലാത്തൊരു ജീവിതം അവനു അചിന്തനീയം.
അവളെ രഹസ്യമായി പിന്തുടരുകയില്ലെന്ന് അവന്‍ തലേന്ന് അനുസരണയോടെ അവള്‍ക്കു വാക്കു കൊടുത്തതാണ്. അതേസമയത്തുതന്നെ, അവളെ ശല്യപ്പെടുത്താതിരിക്കാന്‍ സത്യസന്ധമായി തീരുമാനിക്കുകയും ചെയ്തിരുന്നു. കുഴലൂത്തുകാരനില്‍മാത്രമാണ് തനിക്കു താല്‍പ്പര്യമെന്നവന്‍ സ്വയം പറഞ്ഞു. അവനെ പിന്തുടരുന്നത് വാസ്തവത്തില്‍ വാഗ്ദാനലംഘനമാവില്ല. എന്നാല്‍, അതേസമയം, ഇതു വെറുമൊരു ഒഴിവുകഴിവുമാത്രമാണെന്നും അവനറിയാമായിരുന്നു. റൂസേന തന്‍റെ പെരുമാറ്റത്തെ അപലപിക്കും. പക്ഷെ, തനിക്കയാളെ കണ്ടേ പറ്റൂ. കുറച്ചു കൂടുതല്‍ നേരത്തേക്ക്. എല്ലാം അവസാനിപ്പിക്കാന്‍. മറ്റേതൊരു വിചാരത്തെക്കാളും ദൃഢനിശ്ചയത്തെക്കാളും അതിശക്തമായിരുന്നൂ ഈയൊരു ചിന്ത. മദ്യാസക്തിപോലെ തീവ്രം. തന്‍റെ പീഡകന്‍റെ മുഖത്തേക്കു തനിക്കു നോക്കണം. റൂസേനയുടെ ശരീരവുമായി, തനിക്കു അചിന്ത്യവും അഭാവനീയവുമായി തോന്നുന്ന, സംഗമത്തിലേര്‍പ്പെട്ട അവന്‍റെ ശരീരം തനിക്കു കാണണം. അവരുടെ രണ്ടു ദേഹങ്ങളും ഒന്നാകുന്നതു ചിന്തിക്കുവാന്‍ തനിക്കു സാദ്ധ്യമാണോ എന്നു സ്വന്തം കണ്ണുകൊണ്ട് സ്ഥാപിക്കുവാന്‍ തനിക്കവനെ നോക്കിയേ പറ്റൂ.
രംഗവേദിയില്‍ അവരുടെ മേളം തുടങ്ങിക്കഴിഞ്ഞിരുന്നു. സ്ക്രേറ്റ ഡ്രമ്മും, മെലിഞ്ഞ ഒരാള്‍ പിയാനോയും, കുഴലൂത്തുകാരന്‍ കുഴലും വായിക്കുകയായിരുന്നു. ചില ജാസ്സ് ആരാധകര്‍, റിഹേഴ്സല്‍ കാണാന്‍ പതുങ്ങിയെത്തി, ഹാളിലിരിപ്പുണ്ട്. തന്‍റെ വരവിന്‍റെ പ്രേരണ കണ്ടുപിടിക്കപ്പെടുമെന്ന ഒരു ഭയവും ഫ്രാന്‍റിസെക്കിനില്ലായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം, മോട്ടോര്‍സൈക്കിളിന്‍റെ തീക്ഷ്ണവെളിച്ചത്തില്‍, കുഴലൂത്തുകാരന്‍ തന്‍റെ മുഖം കണ്ടിരുന്നില്ലെന്ന് അവനുറപ്പുണ്ട്. റൂസേന കരുതലെടുക്കുന്നതുകൊണ്ട്, അവനുമായുള്ള ബന്ധത്തെക്കുറിച്ച് അത്ര വലിയ അറിവും കുഴലൂത്തുകാരനുണ്ടാകില്ല.
കുഴലൂത്തുകാരന്‍ സംഗീതജ്ഞരോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നീട്, മെലിഞ്ഞ മനുഷ്യനോടു, പിയാനോക്കടുത്തിരുന്ന്‍, താളക്രമം കാണിച്ചുകൊടുത്തു. ഫ്രാന്‍റിസെക് ഹാളിനു പിറകിലൊരു ഇരിപ്പിടത്തിലിരുന്നു. കുഴലൂത്തുകാരനെ പിന്തുടരുന്ന ഒരു നിഴലായി ആ ദിനം മുഴുവന്‍ അവന്‍ സാവധാനം മാറുകയായിരുന്നു.


               6. ജേക്കബ്ബിന്‍റെ വൈകാരികവൈരുദ്ധ്യം



വനസത്രത്തില്‍നിന്നും ജേക്കബ്ബ് വണ്ടി തിരിച്ചോടിക്കുകയായിരുന്നു. തന്‍റെ മുഖം നക്കിക്കൊണ്ടിരുന്ന ഉല്ലാസവാനായ നായ അരികെ ഇരിപ്പിടത്തിലില്ലാത്തതില്‍ അയാള്‍ ഖേദിച്ചു. ജീവിതത്തിലെ നാല്‍പ്പത്തിയഞ്ചു സംവത്സരങ്ങള്‍ ആ ഇരിപ്പിടം ഒഴിച്ചിടാന്‍ കഴിഞ്ഞത് ഒരത്ഭുതം തന്നെയെന്ന്‍ അപ്പോഴാണ്‌ അയാള്‍ക്കു തോന്നിയത്. അതുകൊണ്ടുതന്നെ, ഇപ്പോള്‍, ഭാരവും ഭാണ്ഡവുമില്ലാതെ, ഏകനായി, യുവത്വത്തിന്‍റെ വ്യാജവും (എന്നാല്‍ മനോഹരമായ) ഒരു വികാരത്തോടെ, ഭാവിക്കു തറക്കല്ലിടാന്‍ തുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥിയെപ്പോലെ, തനിക്കനായാസമായി ഈ ദേശം വിട്ടുപോകാന്‍ കഴിയുന്നു.
രാജ്യം വിടുകയാണെന്ന ചിന്ത മനസ്സില്‍ ദൃഢമായി ഉറപ്പിക്കാന്‍ അയാള്‍ പരിശ്രമിച്ചു. ഗതകാലജീവിതം ചിന്തയിലുണര്‍ത്താനും അയാള്‍ മിനക്കെട്ടു. പിന്തിരിഞ്ഞു നോക്കുന്ന ഒരു പ്രകൃതിദൃശ്യമായി അതിനെക്കാണുവാന്‍ കഠിനയന്തം ചെയ്തു; തലകറങ്ങുംവിധം വിദൂരസ്ഥമായ ഒരു പ്രകൃതിദൃശ്യമായി. പക്ഷെ, തനിക്കു പിറകില്‍, തന്‍റെ മനോനേത്രത്തില്‍, അയാള്‍ക്കു വിളിച്ചു വരുത്തുവാന്‍ കഴിഞ്ഞത് അടഞ്ഞുപോയ ചെറിയൊരു കിന്നരപ്പെട്ടി മാത്രമാണ്. താന്‍ ജീവിച്ചുതീര്‍ത്ത ഒരു ഭാഗധേയത്തിന്‍റെ വ്യാജരൂപം നല്‍കാന്‍ കഴിയുന്ന ഓര്‍മ്മകളുടെ ശകലങ്ങള്‍ ചികഞ്ഞെടുക്കാന്‍ അയാള്‍ക്കു വളരെ യത്നിക്കേണ്ടിവന്നു.
അയാള്‍ റോഡരികിലെ മരങ്ങളെ നോക്കി. അവയിലെ ഇലച്ചാര്‍ത്തുകള്‍ പച്ചയും ചുകപ്പും മഞ്ഞയും തവിട്ടുമായിരുന്നു. കാടുകള്‍ക്കു തീപിടിച്ചിരിക്കുന്ന, ഉജ്ജ്വലവും വികാരശൂന്യവുമായ ആ വനജ്വാലകള്‍ തന്‍റെ ജീവിതത്തെയും സ്മരണകളെയും ആഹരിക്കുന്ന, ഒരു നിമിഷത്തിലാണ് താന്‍ യാത്രയാകുന്നതെന്ന് അയാള്‍ ആലോചിച്ചു. വേദന തോന്നാത്തതിന്‍റെ പേരില്‍ താന്‍ വേദനിക്കേണ്ടതുണ്ടോ? ദു:ഖമനുഭവപ്പെടാത്തതിന്‍റെ പേരില്‍ താന്‍ ദു:ഖിക്കേണ്ടതുണ്ടോ?
അയാള്‍ക്കൊരു സങ്കടവും തോന്നിയില്ല. എന്നാല്‍, ധൃതി അനുഭവപ്പെട്ടതുമില്ല. വിദേശത്തുള്ള ചങ്ങാതിമാരുമായുള്ള ഏര്‍പ്പാടുകളനുസരിച്ച്, ഈ സമയമാകുമ്പോഴേക്കും അയാള്‍ അതിര്‍ത്തി കടന്നിരിക്കേണ്ടതാണ്. പക്ഷെ, കൂട്ടുകാര്‍ക്കിടയില്‍ നന്നായി അറിയപ്പെടുന്നതും പുച്ഛിക്കപ്പെട്ടതുമായ, അനിശ്ചിതമായ ആലസ്യത്തിനു അയാള്‍ വീണ്ടുമിരയായി. ചുറുചുറുക്കും ദൃഢനിശ്ചയവും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ത്തന്നെയാണല്ലോ അയാള്‍ ഈ ആലസ്യത്തിനു കീഴടങ്ങാറുള്ളത്. ഇന്നിവിടം വിടുമെന്നുള്ളതില്‍ അവസാനനിമിഷംവരെ താന്‍ ഉറച്ചുനില്‍ക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു. പക്ഷെ, വര്‍ഷങ്ങളായി, ചിലപ്പോള്‍ നീണ്ട ഇടവേളകള്‍ക്കുശേഷം, എന്നാലെപ്പോഴും ആഹ്ലാദത്തോടെ, തന്‍റെ സുഹൃത്തിനെക്കാണാന്‍ സന്ദര്‍ശിക്കുന്ന ആകര്‍ഷകമായ സുഖചികിത്സാനഗരത്തോടു യാത്ര പറയുന്ന നിമിഷം വൈകിക്കാന്‍ ചെയ്യാവുന്നതൊക്കെ ഇന്നു രാവിലെ മുതല്‍ താന്‍ ചെയ്യുകയായിരുന്നുവെന്നും അയാള്‍ക്കറിയാം.
    അയാള്‍ കാറു പാര്‍ക്കുചെയ്തു (അതെ, കുഴലൂത്തുകാരന്‍റെ വലിയ ആഡംബരക്കാറും ഫ്രാന്‍റിസെക്കിന്‍റെ മോട്ടോര്‍സൈക്കിളും മുമ്പേ അവിടെയുണ്ടായിരുന്നു). പിന്നീടയാള്‍ വീഞ്ഞുശാലയിലേക്കു പോയി. അരമണിക്കൂറില്‍ ഓള്‍ഗ അവിടെ അയാള്‍ക്കൊപ്പം ചേരും. പാര്‍ക്കിലെ ജ്വലിക്കുന്ന മരങ്ങള്‍ കാണാവുന്ന ഒരു ജാലകത്തിനടുത്ത് അയാള്‍ തനിക്കിഷ്ടപ്പെട്ട ഒരു മേശ കണ്ടു. പക്ഷെ, ഭാഗ്യമില്ലായ്മയെന്നു പറയട്ടെ, മുപ്പതിലെത്തിയ ഒരാള്‍ അവിടെ നേരത്തേ സ്ഥലം പിടിച്ചിരിക്കുന്നു. ജേക്കബ്ബ് അതിനരികിലൊരിടത്തിരുന്നു. അവിടെനിന്ന്‌ അയാള്‍ക്കു മരങ്ങള്‍ കാണുവാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍, അയാളുടെ താല്‍പ്പര്യം ആ മുപ്പതുകാരനിലായി. വാതിലില്‍നിന്നു കണ്ണുപറിക്കാതെ, കാലടിയാല്‍ താളം പിടിക്കുന്ന അവന്‍ വ്യക്തമായും സംഭ്രമത്തിലായിരുന്നു



                                           7. റൂസേനയുടെ വാശി


ഒടുവിലവളെത്തി. ക്ലീമ, കസേരയില്‍നിന്നു ചാടിയെഴുന്നേറ്റ്, അവളെ സ്വീകരിക്കാന്‍ മുമ്പോട്ടു നീങ്ങി. ജാലകസമീപത്തുള്ള മേശക്കരികിലേക്ക് അവനവളെ ആനയിച്ചു. അവര്‍ക്കിടയിലുള്ള ഉടമ്പടി ഇപ്പോഴും സാധുവാണെന്നു കാണിക്കാനുള്ള ശ്രമം പോലെ അവളെ നോക്കി മന്ദഹസിച്ചു. തങ്ങള്‍ ശാന്തരാണെന്നും, പരസ്പരവിശ്വാസമുള്ളവരാണെന്നും, ഒരുമയുള്ളവരാണെന്നും വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിക്കുന്നതു പോലെയായിരുന്നു അവന്‍റെ ആ മന്ദഹാസം. തന്‍റെ പുഞ്ചിരിക്ക് അനുകൂലമായ ഒരു പ്രതികരണഭാവം അവനവളുടെ മുഖത്തന്വേഷിച്ചു. പക്ഷെ, അങ്ങിനെയൊന്ന് അവിടെ കണ്ടെത്താനായില്ല. അവനെയതു പരിഭ്രമിപ്പിച്ചു. മനസ്സിലുള്ളതു തുറന്നു പറയാന്‍ ഭയപ്പെട്ടതിനാല്‍, അവനവളുമായി അനാകുലമായ ഒരന്തരീക്ഷം സൃഷ്ടിക്കാനുതകുന്ന കൊച്ചു വര്‍ത്തമാനത്തില്‍ മുഴുകി. എന്നിട്ടും, അവന്‍റെ വാക്കുകള്‍, ഒരു കല്‍ച്ചുമരില്‍ തട്ടിയാലെന്നപോലെ, അവളുടെ മൌനത്തില്‍ മുട്ടി തിരിച്ചു വന്നു.
കുറച്ചു കഴിഞ്ഞ് അവള്‍ അവനെ തടസ്സപ്പെടുത്തി: “എന്‍റെ മനസ്സു മാറിയിരിക്കുന്നു. കുറ്റമാണ് ചെയ്യുന്നത്. അതുചെയ്യാന്‍ നിനക്കാകുമായിരിക്കും. എനിക്കാവില്ല.”
തനിക്കുള്ളിലെല്ലാം ഇടിഞ്ഞു വീഴുന്നതായി കുഴലൂത്തുകാരന് അനുഭവപ്പെട്ടു. എന്തുപറയണമെന്നറിയാതെ അവന്‍ റൂസേനയെ ഭാവരഹിതമായി നോക്കിക്കൊണ്ടേയിരുന്നു. ഗതികെട്ട ക്ഷീണമല്ലാതെ മറ്റൊന്നും അവനുണ്ടായില്ല. റൂസേന ആവര്‍ത്തിച്ചു: “കുറ്റമാണ് ചെയ്യുന്നത്.”
അവളെ അങ്ങിനെ നോക്കിയിരിക്കേ, അവള്‍ അയഥാര്‍ത്ഥമാണെന്ന്‍ അവനു തോന്നി. ഏതു സ്ത്രീയുടെ മുഖമാണോ അകന്നിരിക്കുമ്പോള്‍ തനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റാത്തത്, ആ സ്ത്രീ ഇതാ, ഇപ്പോള്‍, തന്‍റെ ജീവിതത്തിലെ ശിക്ഷയായി മുമ്പിലിരിക്കുന്നു (ജൈവികമായി, പടിപടിയായി, ഉള്ളില്‍നിന്നും തന്‍റെ ജീവിതത്തിലേക്കു കടന്നുവരുന്നതിനെ മാത്രമേ ക്ലീമ, നാമേവരെയും പോലെ, യാഥാര്‍ത്ഥ്യമായി നണ്ണിയിരുന്നുള്ളൂ. വിചാരിക്കാതെ, ക്രമരഹിതമായി, പുറത്തുനിന്നു വരുന്നതെല്ലാം അയാഥാര്‍ത്ഥ്യത്തിന്‍റെ കടന്നുകയറ്റമായി അവന്‍ കണ്ടു. കഷ്ടം! ആ അയാഥാര്‍ത്ഥ്യത്തെപ്പോലെ യഥാര്‍ത്ഥമായി മറ്റൊന്നുമില്ലല്ലോ). 
രണ്ടുദിവസങ്ങള്‍ക്കുമുമ്പ് കുഴലൂത്തുകാരനെ തിരിച്ചറിഞ്ഞിരുന്ന പരിചാരകന്‍ അവരുടെ മേശയെ സമീപിച്ചു. ബ്രാണ്ടി നിറച്ച രണ്ടു ഗ്ലാസ്സുകള്‍ അവന്‍റെ  താലത്തിലുണ്ടായിരുന്നു. അവനുല്ലാസത്തോടെ പറഞ്ഞു: “കണ്ടില്ലേ, നിങ്ങള്‍ക്കെന്തു വേണമെന്ന്‍ നിങ്ങളുടെ കണ്ണുകളില്‍നിന്നു എനിക്കു വായിക്കാം.” റൂസേനയോടു അവന്‍ കഴിഞ്ഞതവണ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചു: “നോക്കിയിരുന്നോ. എല്ലാ പെണ്‍കുട്ടികള്‍ക്കും നിന്‍റെ കണ്ണു മാന്തിപ്പൊളിക്കാന്‍ തോന്നുന്നുണ്ട്.” അതിനുശേഷം അവന്‍ ഉറക്കെച്ചിരിച്ചു.
പരിചാരകന്‍റെ വചനങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍മാത്രം തന്നില്‍ത്തന്നെ ആമഗ്നനായിരുന്നു ക്ലീമ. ഒരിറക്കു ബ്രാണ്ടി മോന്തി, അവന്‍ റൂസേനക്കു നേരെ ചാഞ്ഞു: “എന്താണു കാര്യം? നമ്മളെല്ലാം തീരുമാനിച്ചുവെന്നാണ് ഞാന്‍ കരുതിയത്. നമുക്കിടയിലെല്ലാം തീരുമാനിക്കപ്പെട്ടതല്ലേ? പരസ്പരം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ ഒരഞ്ചുവര്‍ഷമെങ്കിലും വേണമെന്ന്‍, എന്നെപ്പോലെ, നീയും ചിന്തിച്ചിരുന്നല്ലോ റൂസേനാ! നമുക്കിടയിലെ സ്നേഹത്തിനു വേണ്ടിയാണ് നാമിതു ചെയ്യുന്നത്. നമുക്കു രണ്ടുപേര്‍ക്കും കൂടി ശരിക്കുമൊരു കുഞ്ഞു വേണമെന്നുള്ളപ്പോള്‍, ഒരു കുഞ്ഞുണ്ടാകാന്‍.”

8. ജേക്കബ്ബിന്‍റെ വന്യവിഭാവനം

  
ബോബിനെ വയസ്സന്മാരെ ഏല്‍പ്പിക്കാന്‍ ആഗ്രഹിച്ച ആ നഴ്സിനെ ജേക്കബ്ബ് ക്ഷണമാത്രയില്‍ത്തന്നെ തിരിച്ചറിഞ്ഞു. അവളും അവള്‍ക്കൊപ്പമുള്ള ചെറുപ്പക്കാരനും എന്താണു സംസാരിക്കുന്നതെന്നറിയാനുള്ള ജിജ്ഞാസയോടെ, വിലോഭിതനായി, അയാള്‍ അവളെ നിരീക്ഷിച്ചു. ഒരു വാക്കുപോലും തിരിച്ചറിയാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. സംഭാഷണം സംഘര്‍ഷഭരിതമാണെന്നു, പക്ഷെ, വ്യക്തമായി.
ചെറുപ്പക്കാരന്‍ കേട്ടത് അസ്വസ്ഥവര്‍ത്തമാനമാണെന്നു അയാളുടെ മുഖഭാവം വിളിച്ചുപറഞ്ഞു. വാക്കുകള്‍ കിട്ടാന്‍ അവനു കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. അവനവളോടു യാചിക്കുകയാണെന്നു അവന്‍റെ ആംഗ്യങ്ങള്‍ വ്യക്തമാക്കി. പക്ഷെ, ആ യുവതി ശാഠ്യത്തോടെ മൂകയായിരുന്നു.
ഏതോ ഒരു ജന്മം അപകടത്തിലാണെന്നു വിചാരിക്കാതിരിക്കാന്‍ ജേക്കബ്ബിനു കഴിഞ്ഞില്ല. വധിക്കപ്പെടുന്ന സമയത്ത് ഇരയെ അടക്കിനിര്‍ത്താന്‍ തയ്യാറെടുക്കുന്ന ഒരാളെപ്പോലെയാണ് സ്വര്‍ണ്ണമുടിയുള്ള യുവതിയെന്നു ഇപ്പോഴും അയാള്‍ക്കു തോന്നി. ആ യുവാവ് ജീവിതത്തിന്‍റെ പക്ഷത്തും, അവള്‍ മരണത്തിന്‍റെ പക്ഷത്തുമാണെന്ന് അയാള്‍ ഒരുനിമിഷം പോലും ശങ്കിച്ചില്ല. അവന്‍ ആരുടെയോ ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി സഹായമാഭ്യര്‍ത്ഥിക്കുകയാണവന്‍; സ്വര്‍ണ്ണമുടിക്കാരിയാകട്ടെ, ആ അഭ്യര്‍ത്ഥന നിരസിക്കുകയും. അവള്‍ മൂലം ഒരാള്‍ ഒരാള്‍ മരിക്കാന്‍ പോകുന്നു.
ചെറുപ്പക്കാരന്‍ വാശിപിടിക്കുന്നത് മതിയാക്കിയതായി, അല്‍പ്പം കഴിഞ്ഞ്, അയാള്‍ ശ്രദ്ധിച്ചു. അവനിപ്പോള്‍ പുഞ്ചിരിക്കുന്നു. യുവതിയുടെ കവിളില്‍ തലോടാനും അവന്‍ മടി കാണിക്കുന്നില്ല. അവരൊരു തീരുമാനത്തിലെത്തിയോ? ഹേയ്, തീരെയില്ല. മഞ്ഞമുടിക്കു കീഴിലുള്ള ആ മുഖം, അവന്‍റെ നോട്ടത്തെ വെട്ടിച്ച്, വാശിയോടെ, വിദൂരതയില്‍ കണ്ണു നട്ടിരിക്കുകയാണ്.
തലേനാള്‍മുതല്‍ ആരാച്ചാരുടെ സഹായിയായി മാത്രമല്ലാതെ തനിക്കു വിഭാവനംചെയ്യാന്‍ പറ്റാത്ത ആ യുവതിയില്‍നിന്നും കണ്ണു പറിച്ചെടുക്കുന്നതിനു ജേക്കബ്ബ് അശക്തനായി. മനോഹരവും, എന്നാല്‍ ശൂന്യവുമായ, ഒരു മുഖമാണവള്‍ക്കുള്ളത്; ഒരു പുരുഷനെ ആകര്‍ഷിക്കാന്‍മാത്രം സുന്ദരവും, എന്നാല്‍, അവന്‍റെ എല്ലാ അപേക്ഷകളെയും ഗ്രസിച്ച് അപ്രത്യക്ഷമാക്കാന്‍മാത്രം ശൂന്യവും. ആ മുഖത്ത് അഹന്തയായിരുന്നു. സൌന്ദര്യത്തിന്‍റെ പേരിലല്ല, ശൂന്യതയുടെ പേരിലാണ് ആ അഹന്തയെന്നും ജേക്കബ്ബ് അറിഞ്ഞു.
തനിക്കു നന്നായി അറിയാവുന്ന ഒരായിരം മുഖങ്ങള്‍ താനാ മുഖത്തു കാണുന്നുവെന്ന് ജേക്കബ്ബ് ആലോചിച്ചു. ആ മുഖവുമായുള്ള ധാരമുറിയാത്ത ഒരു സംഭാഷണമായിരുന്നൂ തന്‍റെ ജീവിതം മുഴുവനും. അതിനോടു താനെന്തെങ്കിലും വിശദീകരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ, ആ മുഖം വ്രണപ്പെട്ടുകൊണ്ടു തിരിഞ്ഞുകളയും. തന്‍റെ വാദങ്ങളോടു വേറെന്തെങ്കിലും പറഞ്ഞു പ്രതികരിക്കും. താനതിനോടു പുഞ്ചിരിക്കുമ്പോഴൊക്കെ, അല്‍പ്പത്തരത്തിന്‍റെ പേരില്‍, അതു ശകാരിക്കും. എന്തെങ്കിലുമൊന്നു ചെയ്യാന്‍ താനതിനോടു യാചിക്കുമ്പോഴൊക്കെ, ഉല്‍ക്കര്‍ഷബോധം കാണിക്കുകയാണെന്നു കുറ്റപ്പെടുത്തും. . . ഒന്നും മനസ്സിലാക്കാത്ത, എന്നാല്‍, എല്ലാം തീരുമാനിക്കുന്ന ആ മുഖം; മരുഭൂമിപോലെ ശൂന്യമായ, എന്നാല്‍ ആ ശൂന്യതയില്‍ അഹന്ത കൊള്ളുന്ന മുഖം.
        ആ മുഖത്തേക്ക് ഇതവസാനമായിട്ടാണ് താനിന്നു നോക്കുന്നതെന്ന് അയാള്‍ക്കു തോന്നി. അതിന്‍റെ സാമ്രാജ്യത്തില്‍നിന്ന്‍ നാളെ താന്‍ യാത്രയാവുകയാണല്ലോ. 



9. റൂസേനയുടെ സത്യം


റൂസേനയും ജേക്കബ്ബിനെ കണ്ടു തിരിച്ചറിഞ്ഞു. അയാളുടെ കണ്ണുകള്‍ തന്‍റെമേല്‍ തറച്ചിരിക്കുന്നതായി അനുഭവപ്പെട്ടു. അതവളെ അസ്വസ്ഥയാക്കി. നിശ്ശബ്ദമായ ഒരുപജാപത്തിലേര്‍പ്പെട്ട രണ്ടു പുരുഷന്മാരുടെ തോക്കിന്‍കുഴലുപോലുള്ള തുറിച്ചു നോട്ടങ്ങളാല്‍ ചൂഴ്ന്നിരിക്കപ്പെട്ടതായി അവള്‍ക്കു തോന്നി.
ക്ലീമ തന്‍റെ വാദങ്ങള്‍ നിരത്തുകയായിരുന്നു. അവനോടെങ്ങിനെ പ്രതികരിക്കണമെന്ന്‌ അവള്‍ക്കറിഞ്ഞില്ല. പിറക്കാനിരിക്കുന്ന ഒരു കുഞ്ഞിന്‍റെ കാര്യമാകുമ്പോള്‍, യുക്തിക്കല്ല, വികാരത്തിനാണ് സംസാരിക്കാനുള്ള അവകാശമെന്ന് തന്നോടുതന്നെ, വേഗത്തില്‍, ആവര്‍ത്തിക്കാനാണ് അവളിഷ്ടപ്പെട്ടത്.
ആ ഇരട്ടനോട്ടങ്ങളുടെ പരിധിയില്‍നിന്ന് നിശ്ശബ്ദമായി മുഖം തിരിച്ച്, അവള്‍ ജനലിനു പുറത്തേക്കു കണ്ണു നട്ടിരുന്നു. പിന്നീടൊരല്‍പ്പം ഏകാഗ്രത കിട്ടിയപ്പോള്‍, തെറ്റിദ്ധരിക്കപ്പെട്ട ഒരമ്മയുടെയും കാമുകിയുടെയും വ്രണപ്പെട്ട ഒരു ബോധം തന്നിലുറവെടുക്കുന്നതായി അവള്‍ക്കനുഭവപ്പെട്ടു. അവളിലാ ബോധം പുളിപ്പിച്ച മാവുപോലെ ഉയര്‍ന്നു വന്നു. വാക്കുകളിലേക്ക് ഈ ബോധം പകരാന്‍ കഴിയാത്തതിനാല്‍, പാര്‍ക്കിലെ ഒരു സ്ഥലത്ത് ദൃഷ്ടിയുറപ്പിച്ചു നിര്‍ത്തുന്നതിലൂടെ അതറിയിക്കാമെന്ന്‍ അവള്‍ ധരിച്ചു.
തന്‍റെ ദൃഷ്ടി തറച്ച അതേ സ്ഥലത്ത്, പൊടുന്നനെ, തനിക്കു പരിചയമുള്ള ഒരു രൂപം അവള്‍ കണ്ടു. അവള്‍ ഭയന്നു പോയി. ക്ലീമ പറയുന്നതെന്തെന്ന് കേള്‍ക്കാതായി. ഇപ്പോഴിതാ, മൂന്നാമതൊരു തുറുനോട്ടത്തിന്‍റെ തോക്കുകുഴല്‍ തനിക്കു നേരെ ചൂണ്ടിനില്‍ക്കുന്നു. മൂന്നിലുംവെച്ച് ഏറ്റവും വലിയ അപകടകാരി. തന്‍റെ ഗര്‍ഭത്തിന് ആരാണുത്തരവാദിയെന്ന്‍ റൂസേനക്കത്ര ഉറപ്പില്ലായിരുന്നല്ലോ. ആദ്യം അവള്‍ ആരെയാണോ സംശയിച്ചത്, അവനാണിപ്പോള്‍ രഹസ്യമായി ഒരു മരത്തിനു പിറകില്‍ പാതി മറഞ്ഞ് അവളെ നിരീക്ഷിക്കുന്നത്. പക്ഷെ, തുടക്കത്തില്‍ മാത്രമായിരുന്നു അങ്ങിനെയൊരു സംശയം. കാലം കഴിയെ, കുഴലൂത്തുകാരനാണു ജനയിതാവെന്നു തീരുമാനിക്കാനാണ് അവളിഷ്ടപ്പെട്ടത്. ഒടുവിലൊരുദിവസം അതു തീര്‍ച്ചയായും അവന്‍ തന്നെയെന്നു അവള്‍ ഉറപ്പിക്കുകയാണുണ്ടായത്. ഇവിടെ ഒരു കാര്യം തീര്‍ത്തും സ്പഷ്ടമാക്കട്ടെ: അവളവന്‍റെ തലയില്‍ കാപട്യത്തിലൂടെ ഗര്‍ഭം കെട്ടിവെക്കുകയായിരുന്നില്ല. കാപട്യമല്ലാ തീരുമാനത്തിലെത്താന്‍ അവള്‍ തിരഞ്ഞെടുത്തത്; സത്യമായിരുന്നു. സത്യമായും അതങ്ങിനെയാണെന്ന് അവള്‍ തീരുമാനിക്കുകയായിരുന്നു.
കൂടാതെ, ഗര്‍ഭം പരിശുദ്ധമായ ഒന്നാണല്ലോ. താന്‍ അവജ്ഞയോടെ കാണുന്ന ഒരുവനാണതിനു ഹേതുവാകുന്നതെന്നത് അസാദ്ധ്യമാണെന്നവള്‍ക്കു തോന്നി. താന്‍ ആശിക്കുകയും, ആദരിക്കുകയും, ആരാധിക്കുകയും ചെയ്യുന്ന ഒരു പുരുഷനാല്‍ മാത്രമേ ഗര്‍ഭവതിയാകൂ എന്നവള്‍ക്കുറപ്പായത്, യുക്തിയുക്തമായ അനുമാനത്താലല്ല, യുക്ത്യതീതമായ ഒരു വെളിപാടിനാലാണ്. പിന്നീട്, കുഞ്ഞിന്‍റെ പിതാവായി താന്‍ തിരഞ്ഞെടുത്തവന്‍ ഞെട്ടി, പേടിച്ച്, പിതൃദൌത്യമേറ്റടുക്കാന്‍ വിസമ്മതിക്കുന്നത്‌ ഫോണിലൂടെ കേട്ടപ്പോള്‍ എല്ലാം അന്തിമമായി നിര്‍ണ്ണയിക്കപ്പെട്ടു. ആ നിമിഷം മുതല്‍, തന്‍റെ സത്യത്തെ അവള്‍ സംശയിച്ചില്ലെന്നു മാത്രമല്ല, അതിനുവേണ്ടി പൊരുതാന്‍വരെ തയ്യാറായി.
നിശ്ശബ്ദം ക്ലീമ റൂസേനയുടെ കപോലങ്ങള്‍ തലോടി. അവള്‍ ചിന്തയില്‍നിന്നുമുണര്‍ന്നു. അവന്‍ പുഞ്ചിരിക്കുന്നതു കണ്ടു. വീഞ്ഞുമുറിയിലെ മേശ ഒരു മതിലുപോലെ തങ്ങളെ വേര്‍തിരിക്കുന്നുവെന്നും, അതിനാല്‍, നാട്ടിന്‍പുറത്തുകൂടെ ഒരു സവാരികൂടിയാകാമെന്നും അവന്‍ പറഞ്ഞു.
അവള്‍ പേടിച്ചു. വീഞ്ഞുമുറിയിലെ ജനലിന്മേല്‍ കണ്ണുംനട്ട് ഫ്രാന്‍റിസെക്കപ്പോഴും പാര്‍ക്കിലെ മരത്തിനു പിറകിലുണ്ട്. പുറത്തിറങ്ങുമ്പോള്‍ അവന്‍ വന്നു അലോസരപ്പെടുത്തിയാലെന്തു സംഭവിക്കും? ചൊവ്വാഴ്ച്ച നടന്നതുപോലെ അവനൊരു രംഗമുണ്ടാക്കിയാലെന്തുണ്ടാകും?
“ബ്രാണ്ടിയുടെ പണം പിടിച്ചോളൂ,” ക്ലീമ പരിചാരകനോടു പറഞ്ഞു. 
കൈസഞ്ചിയില്‍നിന്നു റൂസേന ഒരു സ്ഫടികറ്റ്യൂബെടുത്തു.
കുഴലൂത്തുകാരന്‍ പരിചാരകന് ഒരു നോട്ടു കൊടുത്തു. ബാക്കിവന്ന പണം ഉദാരതയോടെ നിരസിച്ചു.
റ്റ്യൂബു തുറന്ന്‍ റൂസേന കൈവെള്ളയിലേക്കൊരു റ്റാബ്ലറ്റ് കുലുക്കിയിട്ടു. പിന്നെ, അതു വിഴുങ്ങി.
അവള്‍ റ്റ്യൂബടക്കുമ്പോള്‍ കുഴലൂത്തുകാരന്‍ അവള്‍ക്കു നേരെ തിരിഞ്ഞു. അവളുടെ മുഖത്തേക്കു നോക്കി. രണ്ടു കൈകളും അവള്‍ക്കുനേരെ നീട്ടി. അവന്‍റെ വിരല്‍സ്പര്‍ശമേല്‍ക്കുന്നതിനുവേണ്ടി അവള്‍ റ്റ്യൂബു കയ്യൊഴിഞ്ഞു.
“വരൂ, നമുക്കിറങ്ങാം,” അവന്‍ പറഞ്ഞു. റൂസേന എഴുന്നേറ്റു. ജേക്കബ്ബിന്‍റെ വിദ്വേഷമാര്‍ന്ന തുറുനോട്ടം അവളുടെ കണ്ണില്‍പ്പെട്ടു. അവള്‍ തന്‍റെ കണ്ണുകള്‍ പിന്‍വലിച്ചുകളഞ്ഞു.
പുറത്തെത്തിയപ്പോള്‍, അവള്‍ ഉല്‍ക്കണ്ഠയോടെ പാര്‍ക്കിലേക്കു നോക്കി. ഫ്രാന്‍റിസെക് അവിടെ ഇല്ലായിരുന്നു. 



10. ഒരു മണ്ടനബദ്ധം


ജേക്കബ്ബെഴുന്നേറ്റു. പാതിനിറഞ്ഞ ഗ്ലാസ്സുമെടുത്ത് ഒഴിഞ്ഞുകിട്ടിയ മേശക്കരികിലിരുന്നു. പാര്‍ക്കിലെ ചുകപ്പുനിറമാണ്ടുവരുന്ന മരങ്ങളെ ജനലിലൂടെ തൃപ്തിയോടെ ഒന്നു നോക്കി. തന്‍റെ നാല്‍പ്പത്തിയഞ്ചു വര്‍ഷത്തെ ജീവിതത്തെ താനാഹുതിചെയ്യുന്ന അഗ്നിയെപ്പോലെയാണീ മരങ്ങളെന്നു വീണ്ടും വിചാരിച്ചു. പിന്നീട്, നോട്ടം മേശപ്പുറത്തേക്കു വഴുതി വീണു. ചാരപ്പാത്രത്തിനരികില്‍ റൂസേന മറന്നുവെച്ച സ്ഫടികറ്റ്യൂബു കണ്ടു. അയാള്‍ അതെടുത്തു പരിശോധിച്ചു: ലേബലില്‍ തനിക്കു പരിചയമില്ലാത്ത ഒരു മരുന്നിന്‍റെ പേരാണ്. പെന്‍സിലുകൊണ്ടവിടെ കുറിച്ചിരിക്കുന്നു: “ദിവസം മൂന്നുനേരം”. അകത്തുള്ള ഗുളികകള്‍ ഇളംനീല നിറത്തിലാണെന്നത് അയാള്‍ക്കു വിചിത്രമായിത്തോന്നി.
അയാള്‍ സ്വദേശത്തു ചിലവഴിക്കുന്ന അന്ത്യമുഹൂര്‍ത്തങ്ങളാണിവ. നിസ്സാരസംഭവങ്ങള്‍പോലും അസാധാരണമാംവിധം സാരഗര്‍ഭമാവുകയും അന്യാപദേശദൃശ്യങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുകയുമാണ്. നീലഗുളികകളുടെ ഒരു സ്ഫടികറ്റ്യൂബ് ഈ മേശപ്പുറത്ത്, ഇതേദിവസംതന്നെ, തനിക്കുവേണ്ടി ഇട്ടേച്ചുപോയതിന്‍റെ  പൊരുളെന്താകുമെന്ന് അയാള്‍ സ്വയം ചോദിച്ചു. അതും, രാഷ്ട്രീയപീഡനത്തിന്‍റെ അനന്തരാവകാശിയും, ആരാച്ചാരുടെ കയ്യാളുമായ ആ സ്ത്രീതന്നെ ഇതിവിടെ ഇട്ടേച്ചുപോയതെന്തിന്? ഇളംനീലഗുളികകളുടെ ആവശ്യം ഇനിയും തീര്‍ന്നിട്ടില്ലെന്ന് അവള്‍ തന്നെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുകയാണോ? അതല്ല, ജാക്കറ്റിന്‍റെ കീശയിലുള്ള റ്റാബ്ലറ്റ് വിഴുങ്ങുകവഴി താന്‍ പ്രകടമാക്കിയേക്കാവുന്ന കീഴടങ്ങല്‍തന്നെയാണ്, സ്വരാജ്യം വിടുകവഴി താന്‍ കാണിക്കുന്നതെന്നാണോ അവള്‍ തന്നോടു പറയാന്‍ ശ്രമിക്കുന്നത്?
അയാള്‍ കീശയില്‍ പരതി. സുതാര്യമായ കടലാസിന്‍റെ പൊതി പുറത്തെടുത്തു നിവര്‍ത്തി. മറന്നുവെച്ച റ്റ്യൂബിലെ ഗുളികകളെക്കാള്‍ ഒരല്‍പ്പം കടുത്ത നിറമാണ് തന്‍റെ ഗുളികക്കെന്ന്‍ അയാള്‍ക്കിപ്പോള്‍ തോന്നി. റ്റ്യൂബു തുറന്ന്‍ ഒരു റ്റാബ്ലറ്റ് അയാള്‍ തന്‍റെ കയ്യിലേക്കിട്ടു. ഉവ്വ്, തന്‍റേതിനു നിറം അല്‍പ്പം കൂടും. വലുപ്പം ഒരല്‍പ്പം കുറയും. ഒന്നിനു പിറകെ ഒന്നായി അയാള്‍ രണ്ടു റ്റാബ്ലറ്റുകളും സ്ഫടികറ്റ്യൂബിലേക്കിട്ടു. അവയെ ഒരുമിച്ചു നോക്കിയപ്പോള്‍, ഒറ്റ നോട്ടത്തില്‍ ആര്‍ക്കും വ്യത്യാസം കണ്ടുപിടിക്കാന്‍ കഴിയില്ലെന്നയാള്‍ കണ്ടു. നിരുപദ്രവകരമായ, ഒരു പക്ഷെ, തീരെ നിസ്സാരമായ ഏതോ രോഗത്തിനുള്ള ഗുളികകള്‍ക്കു മുകളില്‍ മരണം ഒളിഞ്ഞു കിടക്കുകയാണ്.
ആ സമയത്ത് ഓള്‍ഗ മേശക്കരികിലെത്തി. ജേക്കബ്ബ് ഉടനെ റ്റ്യൂബിന്‍റെ മൂടിയടച്ച്, ചാരപ്പാത്രത്തിനരികില്‍ വെച്ചു. അതിനുശേഷം തന്‍റെ ചങ്ങാതിയെ സ്വീകരിക്കാനെഴുന്നേറ്റു.
     “ക്ലീമയെ, പ്രശസ്തനായ ആ കുഴലൂത്തുകാരനെ, ഞാനിതാ, ഇപ്പോള്‍, കാണാനിടയായി! വിശ്വാസം വരുന്നില്ല!” അവള്‍, ജേക്കബ്ബിനരികിലിരുന്നുകൊണ്ട്, പറഞ്ഞു. “അവന്‍റെ കൂടെ ആ ഭയങ്കരിയുമുണ്ടായിരുന്നു! ഇന്നു കുളത്തില്‍ വെച്ച് അവളെന്നെ ശരിക്കും കഷ്ടപ്പെടുത്തി.
പക്ഷെ, പെട്ടെന്ന്‍, അവള്‍ സംസാരം നിര്‍ത്തി. കാരണം, റൂസേന ആ സമയത്ത് അവരുടെ മേശക്കരികിലെത്തിയിരുന്നു. അവള്‍ പറഞ്ഞു: “ഞാനെന്‍റെ ഗുളികകള്‍ ഇവിടെവെച്ച് മറന്നു.”
ജേക്കബ്ബ് മറുപടി പറയുന്നതിനു മുമ്പ്, ചാരപ്പാത്രത്തിനരികില്‍, അവള്‍ റ്റ്യൂബു കണ്ടു. അതെടുക്കാന്‍ അവള്‍ കൈ നീട്ടി.
എന്നാല്‍, അവളെക്കാള്‍ വേഗത്തില്‍ ജേക്കബ്ബ് അതു കൈവശപ്പെടുത്തി.
“അതിങ്ങു തരാന്‍!” റൂസേന പറഞ്ഞു.
“അതിലൊരെണ്ണം എനിക്കു തരാമോ?”
“ക്ഷമിക്കണം. എനിക്കു നേരമില്ല!”
“ഞാനും ഇതേ മരുന്നാണ് കഴിക്കുന്നത്. മാത്രമല്ല...”
“സഞ്ചരിക്കുന്ന ഫാര്‍മസിയല്ല ഞാന്‍,” റൂസേന പറഞ്ഞു.
ജേക്കബ്ബ് മൂടി ഊരാന്‍ നോക്കി. പക്ഷെ, അപ്രതീക്ഷിതമായി അതിനു നേരെ കൈനീട്ടി റൂസേന അയാളെ തടഞ്ഞു. ജേക്കബ്ബ് ഉടനെ റ്റ്യൂബ് മുഷ്ടിയിലൊതുക്കി.
“എന്താണിതൊക്കെ? എന്‍റെ ഗുളികകളെനിക്കു തരൂ!” യുവതി അയാളോടു ഒച്ചയിട്ടു. ജേക്കബ്ബ് അവളുടെ കണ്ണുകളിലേക്ക് നോക്കി. പിന്നീട്, സാവധാനം, തന്‍റെ കരം തുറന്നു.



11. കമീലയും സിനിമാക്കാരും


ശകടത്തിന്‍റെ കടകടാരവത്തില്‍ അവള്‍ക്കു തന്‍റെ യാത്രയുടെ വിഫലത വ്യക്തമാണെന്നു തോന്നി. സുഖചികിത്സാനഗരത്തില്‍ തന്‍റെ ഭര്‍ത്താവുണ്ടാകാന്‍ എന്തായാലും വഴിയില്ല. പിന്നെ എന്തിനു താന്‍ അങ്ങോട്ടു പോകുന്നു? നേരത്തേ തനിക്കറിയാവുന്ന കാര്യം കണ്ടെത്താനാണോ ഈ നാലുമണിക്കൂര്‍ തീവണ്ടി യാത്ര? യുക്തിയുള്ള ഉദ്ദേശ്യമല്ല തന്‍റെ പ്രവൃത്തിക്കു പിന്നില്‍. തിരിഞ്ഞുകൊണ്ടേയിരിക്കുന്ന, തനിക്കു തടുത്തു നിര്‍ത്താനാകാത്ത തനിക്കുള്ളിലുള്ള ഒരു യന്ത്രമാണതിനു പിന്നില്‍.
(അതെ, അന്ധമായ അസൂയയാല്‍ ദൂരത്തുനിന്നും നിയന്ത്രിക്കപ്പെടുന്ന___  പക്ഷെ, അന്ധതക്ക് എന്തു നിയന്ത്രണമാണ് നൽകാനാകുക___ രണ്ടു റോക്കറ്റുകളെപ്പോലെ, ഫ്രാന്‍റിസെക്കും കമീലയും ഈ സമയം കഥാസ്ഥലിയിലേക്കു വിക്ഷേപിക്കപ്പെടുകയാണ്.)
തലസ്ഥാനനഗരിക്കും സുഖചികിത്സാനഗരത്തിനും ഇടയിലുള്ള റെയില്‍ഗതാഗതം അത്ര ഋജുവല്ല. ക്ലീമയുടെ ഭാര്യക്ക് മൂന്നു വണ്ടികള്‍ മാറിക്കയറേണ്ടി വന്നു. സ്ഥലത്തെ ആരോഗ്യദായകമായ ജലപ്രവാഹങ്ങളെയും, അത്ഭുതശക്തിയുള്ള പശിമണ്ണിനെയും പ്രശംസിച്ചുകൊണ്ടുള്ള പരസ്യപ്പലകകള്‍നിറഞ്ഞ, ഗ്രാമീണലാളിത്യമുള്ള, സ്റ്റേഷനിലെത്തിയപ്പോഴേക്കും അവള്‍ പരിക്ഷീണയായി. സ്റ്റേഷനില്‍നിന്ന്‍ ഉഷ്ണജലാശയങ്ങളിലേക്കുള്ള, ഇരുവശവും പോപ്ലാര്‍മരങ്ങളുള്ള, നടവഴിയിലൂടെ അവള്‍ നടന്നു. സ്തംഭാവലികള്‍ക്കടുത്തെത്തിയപ്പോള്‍ അവള്‍ അമ്പരന്നുപോയി. കൈകൊണ്ടുവരച്ച ഒരു പോസ്റ്ററില്‍, ചുകന്ന അക്ഷരങ്ങളില്‍, അവള്‍ തന്‍റെ ഭര്‍ത്താവിന്‍റെ പേര് കണ്ടു. ആ പേരിനു കീഴെ മറ്റു രണ്ടാള്‍ക്കാരുടെ പേരുകള്‍കൂടി അവള്‍ വായിച്ചു. അവള്‍ക്കതു വിശ്വസിക്കാനായില്ല: ക്ലീമ നുണ പറഞ്ഞിട്ടില്ല! കാര്യങ്ങള്‍ കൃത്യമായും അവന്‍ പറഞ്ഞതുപോലെതന്നെ. കുറച്ചുനേരം അവള്‍ക്കു തീവ്രമായ ആനന്ദം അനുഭവപ്പെട്ടു. പണ്ടെന്നോ നഷ്ടമായിപ്പോയ വിശ്വാസം അവള്‍ക്കു വീണ്ടും അനുഭവവേദ്യമായി.
പക്ഷെ, ആനന്ദം അധികനേരം നീണ്ടുനിന്നില്ല. കച്ചേരിയുണ്ടെന്നുള്ളത് ഭര്‍ത്താവിന്‍റെ വിശ്വസ്തതക്കുള്ള തെളിവാകുന്നില്ലെന്ന് അവള്‍ക്കുടനെ ബോധമുണ്ടായി. ഒറ്റപ്പെട്ട ഈ ചികിത്സാനഗരത്തില്‍ കച്ചേരി നടത്താന്‍ അവന്‍ സമ്മതിച്ചത്, തീര്‍ച്ചയായും, ഏതോ ഒരു പെണ്ണുമായി സന്ധിക്കാന്‍തന്നെയാകണം. വിചാരിച്ചതിലുമേറെ വഷളാണ് സംഗതികളെന്ന്‍ അവള്‍ പെട്ടെന്ന്‍ തിരിച്ചറിഞ്ഞു. താന്‍ ഒരു കെണിയില്‍ വീണിരിക്കുകയാണ്.
തന്‍റെ ഭര്‍ത്താവ് വേറെവിടെയോ ആണെന്നു സ്ഥാപിക്കുവാനും, അങ്ങിനെ, അവന്‍ വിശ്വാസവഞ്ചകനാണെന്നു പരോക്ഷമായി (വീണ്ടുമൊരിക്കല്‍ക്കൂടി, ഒരു നൂറാമത്തെത്തവണ!) തെളിയിക്കാനുമാണ് താനിവിടെ വന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു. പച്ചനുണ പറയുന്നവനായിട്ടല്ല താനവനെ പിടികൂടാന്‍പോകുന്നത്. മറിച്ച്, വിശ്വാസവഞ്ചനചെയ്യുന്നവനായി, പ്രത്യക്ഷമായി, സ്വന്തം കണ്ണുകൊണ്ട്, താനവനെ പിടികൂടാന്‍പോവുകയാണ്. ഏതവളുടെ കൂടെയാണോ ക്ലീമ ഈ ദിവസം ചിലവഴിച്ചത്, ആ സ്ത്രീയെ താന്‍, ഇഷ്ടമായാലുമില്ലെങ്കിലും, കാണാന്‍ പോവുകയാണ്. ഈ വിചാരം അവളെ വിറയല്‍വരെ എത്തിച്ചു. എല്ലമറിയാമെന്ന്‍ കുറേക്കാലമായി അവള്‍ക്കുറപ്പുണ്ടായിരുന്നു. പക്ഷെ, ഇതേവരെ അവളൊന്നും, അവന്‍റെ ഒരൊറ്റ കാമിനിയെയും, കണ്ടിട്ടില്ലായിരുന്നു. നേരു പറഞ്ഞാല്‍ അവള്‍ക്കൊന്നും അറിയില്ല. അറിയാമെന്നു വിശ്വസിക്കുകമാത്രമാണ്. ഊഹാപോഹത്തിനു, എന്നാല്‍, അവള്‍ അസന്ദിഗ്ദ്ധതയുടെ മഹത്ത്വം നല്‍കി. വിശ്വാസി ദൈവമുണ്ടെന്നു വിശ്വസിക്കുന്നതുപോലെയാണ് അവള്‍ ഭര്‍ത്താവിന്‍റെ വിശ്വാസവഞ്ചനയില്‍ വിശ്വസിച്ചത്. പക്ഷെ, ദൈവമെപ്പോഴും അദൃശ്യനായിരുക്കുമെന്ന പൂര്‍ണ്ണനിശ്ചയത്തോടെയാണ് വിശ്വാസി തന്‍റെ ദൈവത്തില്‍ വിശ്വസിക്കുന്നത്. ഉച്ചയൂണിനു വരുന്നുണ്ടെന്നുള്ള ദൈവത്തിന്‍റെ ഫോണ്‍വിളി കിട്ടിയാല്‍ ഒരു വിശ്വാസിക്കുണ്ടാവാകുന്നത്ര കൊടുംഭീതിയാണ്, ക്ലീമയെ മറ്റൊരു പെണ്ണുമൊത്തു താനിന്നു കാണുമല്ലോ എന്ന ചിന്ത അവളിലുളവാക്കിയത്. 
അവളുടെ സര്‍വ്വാംഗങ്ങളെയും സംഭ്രമം കീഴടക്കി. അപ്പോള്‍, ആരോ അവളുടെ പേരു വിളിക്കുന്നതു കേട്ടു. തിരിഞ്ഞുനോകിയപ്പോള്‍, സ്തംഭാവലികള്‍ക്കു കീഴെ മൂന്നു യുവാക്കള്‍ നില്‍ക്കുന്നതു കണ്ടു. ചൂടുകുപ്പായവും ജീന്‍സുമിട്ടവര്‍. അവരുടെ യാഥാസ്ഥിതികമല്ലാത്ത ശൈലി, അരികിലൂടെ അലസമായി നടന്നുപോകുന്ന സുഖചികിത്സാലയത്തിലെ മറ്റു കക്ഷികളുടെ വിരസമായ വെടിപ്പില്‍നിന്നും വളരെ വ്യതിരിക്തമായിരുന്നു.
ചിരിച്ചുകൊണ്ടാണ് അവരവളെ എതിരേറ്റത്.
“എന്തൊരത്ഭുതം!” അവള്‍ ആഹ്ലാദത്തോടെ പറഞ്ഞു. സിനിമാക്കാരായിരുന്നൂ അവര്‍. സൂക്ഷ്മഭാഷിണിയുമായി അവള്‍ രംഗവേദിയില്‍ വിലസിയ കാലത്തെ സുഹൃത്തുക്കള്‍.
അവരിലുയരമേറിയവന്‍, ഒരു സംവിധായകന്‍, ഉടനെ അവളുടെ കൈ പിടിച്ചു: “ഞങ്ങള്‍ കാരണമാണ് നിങ്ങളിന്നിവിടെ വന്നതെന്നു വിചാരിക്കാന്‍ എന്തു സുഖമായിരുന്നേനെ...”
“പക്ഷെ, നിങ്ങളിവിടെ വന്നത് നിങ്ങളുടെ ഭര്‍ത്താവു കാരണമാണല്ലോ...” സഹാസംവിധായകന്‍ ശോകത്തോടെ പറഞ്ഞു.
“ഞങ്ങളുടെ പൊട്ടഭാഗ്യം!” സംവിധായകന്‍ പറഞ്ഞു.
“തലസ്ഥാനത്തെ ഏറ്റവും സുന്ദരിയായ സ്ത്രീ. ആ വൃത്തികെട്ട കുഴലൂത്തുകാരന്‍ പിടിച്ചു കൂട്ടിലാക്കിയതുമൂലം വര്‍ഷങ്ങളോളം അവരെ നമുക്കു കാണാന്‍പറ്റാതായി.”
“ഷിറ്റ്!” ഛായാഗ്രാഹകന്‍ (കീറിയ ചൂടുകുപ്പായമിട്ട കുള്ളന്‍ചെറുപ്പക്കാരന്‍) പറഞ്ഞു. “നമുക്കിതാഘോഷിക്കണം.”
പ്രകാശം പ്രസരിപ്പിക്കുന്ന ഒരു രാജ്ഞിക്കാണ് തങ്ങളുടെ നിറഞ്ഞൊഴുകുന്ന ആരാധന സമര്‍പ്പിക്കുന്നതെന്ന് അവര്‍ വിചാരിച്ചു; അടുത്തനിമിഷംതന്നെ, അവജ്ഞയോടെ നിരസിക്കപ്പെട്ട ഉപഹാരങ്ങളിരിക്കുന്ന മുളംകൂടയിലേക്ക്, അശ്രദ്ധമായി തങ്ങളുടെ ആരാധന എറിഞ്ഞുകളയുന്ന ഒരു രാജ്ഞിക്ക്. കമീലയാകട്ടെ, അലിവാര്‍ന്ന കൈകളില്‍ ആലംബം തേടിയ ഒരു മുടന്തിപ്പെങ്കുട്ടിയുടെ കൃതജ്ഞതയോടെ അവരുടെ വാക്കുകള്‍ സ്വീകരിച്ചുകൊണ്ടിരുന്നു. 



12. ഒരുനൂറു ചോദ്യങ്ങള്‍


അപരിചിതയായ  ഒരു യുവതിക്ക് ഒരല്‍പ്പംമുമ്പാണ് താന്‍ വിഷം നല്‍കിയതെന്ന് ജേക്കബ്ബ്, ഓള്‍ഗ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, ആലോചിച്ചുകൊണ്ടിരുന്നു. ഏതു നിമിഷവും അവളതു വിഴുങ്ങിയേക്കാം.
എല്ലാം പെട്ടെന്നായിരുന്നു. എന്താണു നടക്കുന്നതെന്നറിയുന്നതിനുമുമ്പ് എല്ലാം കഴിഞ്ഞു. തന്‍റെ അറിവില്ലാതെയാണതു നടന്നത്.
ഓള്‍ഗ സംസാരിച്ചുകൊണ്ടേയിരുന്നു.  ജേക്കബ്ബാകട്ടെ, മനസ്സില്‍, ന്യായീകരണങ്ങള്‍ പരതുകയായിരുന്നു. ആ യുവതിക്കു റ്റ്യൂബു നല്‍കാന്‍ താന്‍ ആഗ്രഹിച്ചതല്ല. അവള്‍, അവള്‍തന്നെയാണ്‌ തന്നെ അതിനു നിര്‍ബന്ധിച്ചത്.
ആര്‍ജ്ജവമില്ലാത്ത ഒരു ന്യായമാണതെന്ന്‍, ഉടനടി, അയാള്‍ക്കു ബോദ്ധ്യമായി. അവളെ അനുസരിക്കാതിരിക്കാന്‍ ഒരായിരം വഴികളുണ്ടായിരുന്നു. അവളുടെ ഗര്‍വ്വിനെ സ്വന്തം ഗര്‍വ്വുകൊണ്ടു നേരിടാമായിരുന്നു. റ്റ്യൂബിലെ ആദ്യത്തെ ഗുളിക ശാന്തമായി തന്‍റെ കൈവെള്ളയിലേക്കു വീഴ്ത്തി കീശയിലിടാമായിരുന്നു. അങ്ങിനെ ചെയ്യാനുള്ള മന:സാന്നിദ്ധ്യം തനിക്കില്ലായിരുന്നതുകൊണ്ട്, ആ യുവതിയുടെ പിന്നാലെയോടി, റ്റ്യൂബില്‍ വിഷമുണ്ടെന്നു ഏറ്റുപറയാമായിരുന്നു. അതെങ്ങിനെ സംഭവിച്ചുവെന്നു വിശദീകരിക്കാന്‍ അത്ര പ്രയാസമുണ്ടാകുമായിരുന്നില്ല.
പക്ഷെ, ഒന്നും ചെയ്യാതെ, ഓള്‍ഗ എന്തോ പറയുന്നതും നോക്കി, താന്‍ കസേരയിലിരിക്കുകയാണ്. ചാടിയെഴുന്നേറ്റ് ആ നഴ്സിനെ പിടികൂടുകയാണ് വേണ്ടത്. സമയം ഇനിയുമുണ്ട്. അവളുടെ ജീവന്‍ രക്ഷിക്കാന്‍ ചെയ്യവുന്നതൊക്കെ ചെയ്യേണ്ടത് തന്‍റെ കര്‍ത്തവ്യമാണ്. പിന്നെയെന്തുകൊണ്ടാണ് കസേരയില്‍ത്തന്നെ താനിരിക്കുന്നത്? എന്തുകൊണ്ടു താന്‍ അനങ്ങുന്നില്ല?
ഓള്‍ഗ സംസാരിക്കുകയായിരുന്നു. കസേരയില്‍ അനങ്ങാതെ താനെങ്ങിനെയിങ്ങനെയിരിക്കുന്നുവേന്നോര്‍ത്ത് അയാള്‍ അത്ഭുതപ്പെട്ടു.
ഉടനെഴുന്നേറ്റ് ആ നഴ്സിനെ തിരഞ്ഞേപറ്റൂവെന്ന് അയാള്‍ തീരുമാനിച്ചു. തനിക്കു പോകണമെന്ന് ഓള്‍ഗയെ എങ്ങിനെ പറഞ്ഞുമനസ്സിലാക്കുമെന്ന്‍ അയാള്‍ ആശങ്കിച്ചു. നടന്നതെന്താണെന്ന്  അവളോട് ഏറ്റുപറയണോ? അവളോടത്‌ ഏറ്റുപറയാന്‍ പറ്റില്ലെന്നയാള്‍ അനുമാനിച്ചു. അയാള്‍ നഴ്സിനടുത്തെത്തുംമുമ്പുതന്നെ അവളാ ഗുളിക കഴിച്ചിട്ടുണ്ടെങ്കിലോ? ജേക്കബ്ബ് ഒരു ഘാതകനാണെന്ന് ഓള്‍ഗ അറിയേണ്ടതുണ്ടോ? ഇനി, അഥവാ, സമയത്തുതന്നെ നഴ്സിനെ കണ്ടെത്തിയാലും, തന്‍റെ ഈ നീണ്ട വൈമനസ്യം ഓള്‍ഗയോടെങ്ങിനെ ന്യായീകരിക്കും? അവളെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും? ആ സ്ത്രീക്കു റ്റ്യൂബു നല്‍കിയതിന് എന്തു സമാധാനം പറയും? ഒന്നും ചെയ്യാതെയിരുന്ന ഈ നിമിഷങ്ങളുടെ പേരില്‍, കസേരയിലിങ്ങനെ വേരുറച്ചിരുന്നതിന്‍റെ പേരില്‍, ഇപ്പോള്‍ മുതല്‍, ഏവര്‍ക്കും തന്നെയൊരു ഘാതകനായി കാണേണ്ടിവരും.
ഇല്ല, ഓള്‍ഗയോട് കുറ്റസമ്മതം നടത്താന്‍പറ്റില്ല. പക്ഷെ, അവളോടു പിന്നെന്തു പറയും? പൊടുന്നനെ എഴുന്നേറ്റോടുന്നതിന് എന്തു സമാധാനം പറയും?
അവളോടെന്തു പറയുമെന്നതിന് എന്തു പ്രസക്തിയാണുള്ളത്? ഇത്തരം മണ്ടത്തരങ്ങളാലോചിച്ച് തനിക്കെങ്ങിനെയിങ്ങിനെ ഇരിക്കാന്‍ കഴിയുന്നു? ഒരു ജീവന്മരണപ്രശ്നത്തിന്‍റെ നേരത്ത്, തനിക്കെങ്ങിനെ, ഓള്‍ഗയെന്തു വിചാരിക്കുമെന്നോര്‍ത്ത് വ്യാകുലപ്പെടാനാകുന്നു?
അനാവശ്യമാണ് തന്‍റെ ചിന്തകളെന്ന്‍ അയാള്‍ക്കറിയാം. ശങ്കിച്ചുനില്‍ക്കുന്ന ഓരോ നിമിഷവും ആ നഴ്സിനു ഭീഷണിയായിരിക്കുന്ന അപകടത്തിന്‍റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. ഇപ്പോള്‍ത്തന്നെ, സത്യത്തില്‍, വളരെ വൈകി. അയാള്‍ ഇങ്ങിനെ ശങ്കിച്ചുകൊണ്ടിരിക്കേ, അവളും അവളുടെ കൂട്ടുകാരനും വീഞ്ഞുമുറിയില്‍നിന്ന് വളരെ ദൂരത്തെത്തിയിരുന്നു. ഏതു ദിശയിലാണ് അവരെ തിരഞ്ഞുപോകേണ്ടതെന്ന് ജേക്കബ്ബിനൊരു പിടിയുംകിട്ടിയില്ല. അവരെവിടെയാണ് പോയതെന്ന് തനിക്കൊന്നറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍! അവരെ എവിടെയാണു കണ്ടെത്താന്‍ കഴിയുക?
പക്ഷെ, ഉടന്‍തന്നെ, ഈ വാദം മറ്റൊരു ഒഴിവുകഴിവാണെന്ന്‍ അയാള്‍ സ്വയം ശാസിച്ചു. പെട്ടന്നവരെ കണ്ടുപിടിക്കുക പ്രയാസമാണെങ്കിലും, അതസാദ്ധ്യമൊന്നുമല്ലല്ലോ. പ്രവര്‍ത്തിക്കാന്‍ ഇനിയും അത്ര വൈകിയിട്ടില്ല. പക്ഷെ, ഉടന്‍ വേണം. അതല്ലെങ്കില്‍, കാര്യം വളരെവളരെ വൈകിപ്പോകും.
“ദിവസം തുടങ്ങിയതു തന്നെ വഷളായിട്ടാണ്,” ഓള്‍ഗ പറയുകയായിരുന്നു. “ഞാന്‍ കൂടുതല്‍ കിടന്നുറങ്ങി. പ്രാതലിനു വൈകിയാണു പോയത്. അതുകൊണ്ടവരൊന്നും തന്നില്ല. കുളത്തിലെത്തിയപ്പോള്‍, അവിടെ, ആ മണ്ടന്‍ സിനിമാക്കാരും. നിങ്ങളുമായി ഇവിടെ ചിലവഴിക്കുന്ന അവസാന ദിവസമാണിതെന്നതുകൊണ്ട്, ഈ ദിവസം എത്ര മനോഹരമായിരിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചതോര്‍ക്കുമ്പോള്‍. . . എനിക്കത്ര പ്രധാനമാണിത്. ജേക്കബ്ബ്, എത്രമാത്രം പ്രധാനപ്പെട്ടതാണിതെന്ന്‍ നിങ്ങള്‍ക്കു വല്ല പിടിയുമുണ്ടോ?”
മേശക്കു കുറുകെ ചാഞ്ഞുകൊണ്ട് അവളയാളുടെ കൈ  പിടിച്ചു.
“വിഷമിക്കേണ്ട. നിന്‍റെ ദിവസം ചീത്തയാക്കേണ്ട ഒരു കാര്യവുമില്ല,” വളരെ പ്രയാസപ്പെട്ട്‌ അയാള്‍ പറഞ്ഞു. ആ നഴ്സിന്‍റെ കൈസഞ്ചിയില്‍ വിഷമുണ്ടെന്നും, അവളുടെ ജീവനും മരണവും അയാളുടെ കയ്യിലാണെന്നും ഒരു സ്വരം അയാളെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. നിലക്കാതെ ശല്യംചെയ്യുന്ന ഒരു സ്വരം. പക്ഷെ, അതേസമയം, വിചിത്രമെന്നു പറയട്ടെ, വളരെ വിദൂരമായൊരാഴത്തില്‍നിന്നു വരുന്നതു പോലെ ആ സ്വരം ദുര്‍ബ്ബലമായി. 


13. ക്ലീമയുടെ പുതിയ തന്ത്രം


റൂസേനയുമൊത്ത് ഒരു കാട്ടുറോഡിലൂടെയാണ് ക്ലീമ വണ്ടി ഓടിച്ചു പോയത്. ആഡംബരക്കാറിലെ റൂസേനയുടെ സവാരി ഇത്തവണ തനിക്കൊരു പ്രയോജനവുമുണ്ടാക്കില്ലെന്നവന്‍ വൈകാതെ മനസ്സിലാക്കി. വാശിപൂണ്ട മൌനത്തില്‍നിന്നു റൂസേനയെ പുറത്തുകൊണ്ടുവരാന്‍ ഒന്നിനും കഴിഞ്ഞില്ല. കുറച്ചുകഴിഞ്ഞപ്പോള്‍, കുഴലൂത്തുകാരന്‍ കുറച്ചുനേരത്തേക്കൊന്നും മിണ്ടിയില്ല. മൌനത്തിനു ഏറെ ഭാരമേറിയപ്പോള്‍, അവന്‍ ചോദിച്ചു: “നീ കച്ചേരിക്കു വരുന്നുണ്ടോ?”
“അറിയില്ല,” അവളുത്തരമേകി.
“വരണം, പ്ലീസ്,” അവന്‍ പറഞ്ഞു.
സായാഹ്നത്തിലെ കച്ചേരിയെക്കുറിച്ചുള്ള സംഭാഷണം അവര്‍ക്കു  തങ്ങളുടെ കലഹത്തില്‍നിന്ന്‍ ശ്രദ്ധ തിരിക്കാനുള്ള ഒഴിവുകഴിവായി. ഡ്രം വായനക്കാരനായ ഡോക്റ്ററെക്കുറിച്ചു ക്ലീമ തമാശഭാവത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചു. റൂസേനയുമായുള്ള നിര്‍ണ്ണായകമായ ഏറ്റുമുട്ടല്‍ വൈകുന്നേരമാകുന്നതുവരെ നീട്ടിവെക്കാന്‍ അവന്‍ തീരുമാനിച്ചു.
“കച്ചേരിക്കു ശേഷം നീയെന്നെ കാത്തിരിക്കുമെന്നു പ്രതീക്ഷിക്കുന്നു,” അവന്‍ പറഞ്ഞു. “കഴിഞ്ഞ തവണത്തെപ്പോലെ.” ഈ വാക്കുകള്‍ ഉരുവിട്ടു കഴിഞ്ഞതും അതിന്‍റെ ആന്തരാര്‍ത്ഥം അവനു മനസ്സിലായി. “കഴിഞ്ഞ തവണത്തെപ്പോലെ”യെന്നാല്‍, മേളക്കു ശേഷം അവര്‍ സംഭോഗത്തിലേര്‍പ്പെടുമെന്നര്‍ത്ഥം. കര്‍ത്താവേ! അങ്ങിനെയൊരു സാദ്ധ്യത താനെന്തുകൊണ്ടോര്‍ത്തില്ല? 
അവളുടെകൂടെ താന്‍ കിടക്ക പങ്കിട്ടേക്കാമെന്ന ചിന്ത ഈ നിമിഷം വരെ അവന്‍റെ മനസ്സിലുണ്ടായിരുന്നില്ലെന്നത് വിചിത്രമാണ്. റൂസേനയുടെ ഗര്‍ഭം അവളെ പതിയെ, അദൃശ്യമായി, ഉല്‍ക്കണ്ഠയുടെ മാംസരാഗമില്ലാത്ത ഒരു ഭൂമിയിലേക്ക് തള്ളിനീക്കുകയായിരുന്നു. അവളോടാര്‍ദ്രത കാട്ടണമെന്നും, അവളെ ചുംബിക്കണമെന്നും, തലോടണമെന്നും, അവന്‍ സ്വയം പഠിപ്പിച്ചിരുന്നതാണ്. അതെല്ലാമവന്‍ ചെയ്യുകയും ചെയ്തു. പക്ഷെ, അവയെല്ലാം വെറും ആംഗ്യങ്ങള്‍ മാത്രമായിരുന്നു. മാംസാനുരാഗമില്ലാത്ത, ശൂന്യമായ, മുദ്രകള്‍.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താന്‍ ചെയ്ത ഏറ്റവും വലിയ അപരാധം റൂസേനയുടെ ശരീരത്തോടു കാണിച്ച ഈ അവഗണനയാണെന്ന്, ചിന്തിച്ചപ്പോള്‍, അവന്‍ തിരിച്ചറിഞ്ഞു. അതെ, അതവനിപ്പോള്‍ തികച്ചും സ്പഷ്ടമായി (താന്‍ ഉപദേശം തേടിയ സുഹൃത്തുക്കളിലാരും ഇക്കാര്യം തന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്നോര്‍ത്ത് അവനു ദേഷ്യമുണ്ടായി): അവളുടെകൂടെ കിടക്ക പങ്കിട്ടേ പറ്റൂ! ഈ യുവതിയില്‍ പൊടുന്നനെ ഉളവായ, തനിക്കു ഭേദിക്കാന്‍ പറ്റാത്ത, ഈ അകല്‍ച്ചയുടെ സൂക്ഷ്മമായ ഉറവിടം അവരുടെ ശരീരങ്ങളുടെ ഇപ്പോഴും നിലനില്‍ക്കുന്ന അന്യതാബോധം തന്നെയാണ്. റൂസേനയുടെ ഗര്‍ഭാശയത്തിലെ പുഷ്പമായ കുഞ്ഞിനെ നിരസിക്കുന്നത്, ഗര്‍ഭമേറുന്ന അവളുടെ ശരീരത്തെ വ്രണിതമാക്കുംവിധം തിരസ്കരിക്കലാണ്. അതിനാല്‍, അവളുടെ ഗര്‍ഭമില്ലാത്ത ശരീരത്തില്‍ താന്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചേ പറ്റൂ. കന്യാശരീരത്തെ തന്‍റെ കൂട്ടാളിയാക്കിക്കൊണ്ട്, ഉര്‍വ്വരശരീരത്തെ ചെറുത്തേ പറ്റൂ.
ഈ ഒരു ചിന്ത അവനില്‍ വീണ്ടും പ്രതീക്ഷ വളര്‍ത്തി. റൂസേനയുടെ ചുമലില്‍ കൈ ചുറ്റിക്കൊണ്ടവന്‍ അവളിലേക്കു ചാഞ്ഞു: “നമ്മിളിങ്ങിനെ കലഹിക്കുന്നതോര്‍ത്ത് എന്‍റെ ഹൃദയം നുറുങ്ങുകയാണ്. നോക്കൂ, നമ്മളൊരു പരിഹാരം കണ്ടെത്തിയിരിക്കും. നമ്മളൊരുമിച്ചുണ്ടാകും എന്നതാണ് പ്രധാനം. ഈ രാത്രി നമ്മളില്‍നിന്നു തട്ടിപ്പറിക്കാന്‍ നാം ആരെയും അനുവദിക്കില്ല. കഴിഞ്ഞ തവണത്തെപ്പോലെതന്നെ മനോഹരമായിരിക്കും ഈ രാത്രിയും.”
ഒരു കൈ സ്റ്റിയറിംഗ്ചക്രത്തിലും, മറുകൈ റൂസേനയുടെ ചുമലിലും പിടിച്ചിരിക്കുമ്പോള്‍, ആ യുവതിയുടെ നഗ്നമായ ചര്‍മ്മത്തിനു വേണ്ടിയുള്ള ഒരാഗ്രഹം ആഴത്തില്‍നിന്നുയര്‍ന്നു വരുന്നതായി വളരെ ആകസ്മികമായി അവനു തോന്നി. അതവനെ ആനന്ദിപ്പിക്കുകയും ചെയ്തു. കാരണം, അവള്‍ക്കുമവനും പൊതുവായി സംസാരിക്കാനുള്ള ഒരേയൊരു ഭാഷ നല്‍കാന്‍ കഴിയുന്നത് ആഗ്രഹത്തിനു മാത്രമാണല്ലോ
“നമ്മളെവിടെ സന്ധിക്കും?” അവള്‍ ചോദിച്ചു.
കച്ചേരിവിട്ട് താന്‍ ആര്‍ക്കൊപ്പമാണ് പോകുന്നതെന്ന് സ്പായിലുള്ള എല്ലാവരും കാണുമെന്ന് ക്ലീമക്കറിയാമായിരുന്നു. പക്ഷെ, അതൊഴിവാക്കാന്‍ പറ്റില്ല: “പരിപാടി കഴിഞ്ഞയുടന്‍, ബാന്‍ഡ്സ്റ്റാന്‍ഡിനു കീഴെ.”


14. റൂസേനയും കമീലയും


“സെന്‍റ് ലൂയി ബ്ലൂസും”, “വെന്‍ ദ സെയ്ന്‍റ്സ് ഗോ മാര്‍ച്ചിങ്ങ് ഇന്നും” അവസാനമായൊന്നുകൂടി പരിശീലിക്കാന്‍ ക്ലീമ “പൊതുജനശാല”യിലേക്ക് തിരിക്കിട്ടു പോകുമ്പോള്‍, റൂസേന ചുറ്റുപാടും ആകുലപ്പെട്ടു നോക്കുകയായിരുന്നു. ഒരല്‍പ്പം പിറകില്‍, ഫ്രാന്‍റിസെക് മോട്ടോര്‍സൈക്കിളില്‍ തങ്ങളെ പിന്തുടരുന്നത്, അല്‍പ്പംമുമ്പ്, കാറില്‍വെച്ച്, പിന്‍ദൃശ്യങ്ങള്‍ കാട്ടുന്ന കണ്ണാടിയില്‍,  റൂസേന പലവട്ടം കണ്ടിരുന്നു. എന്നാലിപ്പോള്‍ അവനെയെങ്ങും കാണാനില്ല.
കാലം പിന്തുടരുന്ന, പലായനം ചെയ്യുന്ന, ഒരു കുറ്റവാളിയാണ് താനെന്ന്‍ അവള്‍ക്കു തോന്നി. തനിക്കെന്തു വേണമെന്നത് നാളെയാകുമ്പോഴേക്കും അറിഞ്ഞിരിക്കണമെന്ന്‌ അവള്‍ക്കറിയാം. എന്നാലവള്‍ക്കോ ഒന്നുമറിയില്ലതാനും. ലോകത്തിലാകെ അവള്‍ക്കു വിശ്വാസമുള്ള ഒരാളുമില്ല. സ്വന്തം കുടുംബം പോലും അന്യമാണ്. ഫ്രാന്‍റിസെക് അവളെ സ്നേഹിക്കുന്നുണ്ട്. അതിനാല്‍ത്തന്നെയാണ് അവളവനെ അവിശ്വസിക്കുന്നതും (ഒരു മാന്‍പേട വേട്ടക്കാരനെ വിശ്വസിക്കാത്തതു പോലെ). അവള്‍ ക്ലീമയെയും അവിശ്വസിക്കുന്നു (വേട്ടക്കാരന്‍ മാന്‍പേടയെ വിശ്വസിക്കാത്തതു പോലെ). കൂട്ടുജോലിക്കാരെ അവള്‍ക്കിഷ്ടമൊക്കെത്തന്നെ. പക്ഷെ, അവള്‍ക്കവരെ അത്ര വിശ്വാസം പോരാ (ഒരു വേട്ടക്കാരന്‍ മറ്റു വേട്ടക്കാരെ അവിശ്വസിക്കുന്നതു പോലെ). ജീവിതത്തിലവള്‍ ഏകയാണ്. കഴിഞ്ഞ കുറച്ചാഴ്ച്ചകളായി, അവള്‍ തന്‍റെ ഗര്‍ഭത്തില്‍ പരിചയമില്ലാത്തൊരു ചങ്ങാതിയെ കൊണ്ടുനടക്കുകയാണ്. അതാണവളുടെ ഏറ്റവും നല്ല അവസരമെന്ന് ചിലര്‍ പറയുന്നു. മറ്റു ചിലര്‍ പറയുന്നത് അതിനു നേരെ വിപരീതമാണ്. അവള്‍ക്കാകട്ടെ, ആ ചങ്ങാതിയോട്‌ തോന്നിയത് നിര്‍മ്മമത മാത്രവും.
അവള്‍ക്കൊന്നുമറിയില്ല. അറിവില്ലായ്മ അവളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അവളെങ്ങോട്ടാണ് പോകുന്നതെന്നുകൂടി അവളറിഞ്ഞില്ല. 
സുഖചികിത്സാനഗരത്തിലെ “സ്ലാവിയ”യെന്ന ഏറ്റവും മോശമായ റസ്റ്ററണ്ട് കടന്നു പോവുകയായിരുന്നു അവള്‍. സ്ഥലവാസികള്‍ ബിയറു കുടിക്കാനും തറയില്‍ തുപ്പിനിറക്കാനുമെത്തുന്ന ഒരു വൃത്തികെട്ട കഫേയാണത്. പോയകാലത്ത്, അതൊരു പക്ഷെ, ഏറ്റവും മുന്തിയതായിരുന്നിരിക്കണം. അക്കാലം മുതല്‍ക്കേയുള്ള ഒരുദ്യാനമവിടെ ഇപ്പോഴുമുണ്ട്; അതില്‍ മൂന്നു ചുകന്ന മരമേശകളും അവക്കുള്ള കസേരകളും (അവയുടെ ചായം ഇളകിയിട്ടുണ്ട്), കസേരകളില്‍ ചാരിവെച്ച കുടകളും. തുറസ്സായ സ്ഥലത്തെ ബാന്‍ഡ് സംഗീതത്തിലും നൃത്തത്തിലുമുള്ള  ബൂര്‍ഷ്വാസുഖത്തിന്‍റെ ഒരു സ്മരണിക. പക്ഷെ, അവള്‍ക്ക്, യാതൊരു ചരിത്രസ്മരണയുമില്ലാത്ത വര്‍ത്തമാനത്തിന്‍റെ ഇടുങ്ങിയ നടപ്പാലത്തിലൂടെ ജീവിതം വെറുതേ നീക്കിനിരക്കുന്ന ഈ സ്ത്രീക്ക്, അക്കാലത്തെക്കുറിച്ചെന്തറിയാം? വിദൂരമായ കാലത്തുനിന്ന്‍ നമ്മിലേക്കാ ചുകന്ന കുടകള്‍ വീഴ്ത്തുന്ന നിഴല്‍ അവള്‍ കാണുന്നില്ല. അവളാകെ കണ്ടത്, ജീന്‍സിട്ട മൂന്നാണുങ്ങളെയും, സുന്ദരിയായ ഒരു പെണ്ണിനെയും, വിരിപ്പില്ലാമേശയുടെ നടുക്കുള്ള വീഞ്ഞുകുപ്പിയും മാത്രമായിരുന്നു.
പുരുഷന്മാരിലൊരാള്‍ അവളെ വിളിച്ചു. അവള്‍ തിരിഞ്ഞുനിന്നു. കീറിയ സ്വെറ്ററിട്ട കുറിയ ക്യാമറാക്കാരനെ അവള്‍ തിരിച്ചറിഞ്ഞു.
“വരൂ, നമുക്കല്‍പ്പം കുടിക്കാം!” അവന്‍ ഒച്ചയിട്ടു.
അവള്‍ അനുസരിച്ചു.
“ലാവണ്യവതിയായ ഈ യുവതി കാരണം, ഞങ്ങള്‍ക്കിന്നു രാവിലെ ഒരല്‍പ്പം അശ്ലീലമുള്ള പടം പിടിക്കാനായി,” അങ്ങിനെ പറഞ്ഞുകൊണ്ട് ക്യാമറാക്കാരന്‍ റൂസേനയെ അവരുടെ കൂടെയുള്ള സ്ത്രീക്കു പരിചയപ്പെടുത്തി. അവള്‍ കൈനീട്ടി, മനസ്സിലാകാത്തരീതിയില്‍ എന്തോ പിറുപിറുത്തു.
റൂസേന ക്യാമറക്കാരനു സമീപമിരുന്നു. അവന്‍ അവളുടെ മുമ്പിലൊരു ഗ്ലാസ്സു വെച്ചു. അതില്‍ വീഞ്ഞു നിറച്ചു.
എന്തെങ്കിലും നടക്കുന്നുണ്ടല്ലോ എന്നതില്‍ റൂസേനക്കു നന്ദി തോന്നി. എങ്ങോട്ടാണ് പോകുന്നതെന്നോ, എന്തു ചെയ്യണമെന്നോ ഇനിയും അവള്‍ക്കാലോചിക്കേണ്ടതില്ലല്ലോ. കുട്ടിയെ വേണോ, വേണ്ടയോയെന്ന്‍ ഇനി തീരുമാനിക്കേണ്ടതില്ല.


15. ജേക്കബ്ബിന്‍റെ വെപ്രാളം


അയാളൊടുവിലൊരു തീരുമാനത്തിലെത്തി. പരിചാരകനു പണം കൊടുത്തശേഷം, തനിക്കു പോകേണ്ടതുണ്ടെന്നു ഓള്‍ഗയോടു പറഞ്ഞു; കച്ചേരിക്കു മുമ്പ് വീണ്ടും കാണാമെന്നും പറഞ്ഞു.
എന്താണ് ചെയ്യാനുള്ളതെന്ന്‍ ഓള്‍ഗ അയാളോടു ചോദിച്ചു. ജേക്കബ്ബിനപ്പോള്‍ താന്‍ ചോദ്യംചെയ്യപ്പെടുകയാണെന്ന അസുഖകരമായ ഒരു തോന്നലുണ്ടായി. സ്ക്രേറ്റയെ കാണാനുണ്ടെന്നാണ് അയാള്‍ മറുപടി പറഞ്ഞത്.
“ശരി,” അവള്‍ പറഞ്ഞു. “പക്ഷെ, അതത്ര സമയമൊന്നുമെടുക്കില്ലല്ലോ ഞാനിവിടെ ആറിനുണ്ടാകും. ഞാന്‍ നിങ്ങളെ ഡിന്നറിനു ക്ഷണിക്കുകയാണ്.”
കാള്‍മാര്‍ക്സ് ഹൌസു വരെ ഓള്‍ഗയെ ജേക്കബ്ബ് അനുഗമിച്ചു. ഇടനാഴിയിലൂടെ അവള്‍ അപ്രത്യക്ഷമായപ്പോള്‍, അയാള്‍ വാതില്‍കാക്കുന്നവനോട് ചോദിച്ചു: “മിസ്സ്‌ റൂസേന അകത്തുണ്ടോയെന്നു പറയാമോ, പ്ലീസ്?”
“ഇല്ലല്ലോ,” കാവല്‍ക്കാരന്‍ പറഞ്ഞു. “ബോര്‍ഡില്‍ താക്കോല്‍ തൂങ്ങിക്കിടക്കുന്നു.”
“അടിയന്തിരമായ ഒരു കാര്യം അവളോടു പറയാനുണ്ട്,” ജേക്കബ്ബ് പറഞ്ഞു. “അവളെവിടെക്കാണുമെന്നു പറയാന്‍പറ്റുമോ?”
“എനിക്കറിയില്ല.”
“ഇന്നു വൈകുന്നേരം കച്ചേരി നടത്താന്‍പോകുന്ന കുഴലൂത്തുകാരനൊപ്പം ഒരല്‍പ്പം മുമ്പ് ഞാനവളെ കണ്ടതാണ്.”
“ഉവ്വ്, അയാളുടെ കൂടെ അവള്‍ പുറത്തുപോകുന്നുണ്ടെന്നു പറയുന്നത് ഞാനും കേട്ടതാണ്.” വാതില്‍കാക്കുന്നവന്‍ പറഞ്ഞു. “ ഇപ്പോളയാള്‍ “പൊതുജനശാല”യില്‍ റിഹേര്‍സല്‍ ചെയ്യുന്നുണ്ടാകും.”
തന്‍റെ ഡ്രമ്മുകളുടെ നിരക്കു പിന്നില്‍ സിഹാസനസ്ഥനായിരിക്കുന്ന ഡോ. സ്ക്രേറ്റ, ജേക്കബ്ബിനെ കണ്ടപ്പോള്‍, തല കുലുക്കി. ജേക്കബ്ബ് അയാളെ നോക്കിച്ചിരിച്ചു. ഒരു ഡസന്‍ ആരാധകരിരിക്കുന്ന (അതെ, കൂട്ടത്തില്‍, ക്ലീമയുടെ നിഴലായ ഫ്രാന്‍റിസെക്കും ഉണ്ടായിരുന്നു) ഇരിപ്പിടങ്ങളുടെ നിരകള്‍ പരിശോധിച്ചു. അതിനുശേഷം, ആ നഴ്സ് ഒടുവില്‍ വരുമെന്നാശിച്ചുകൊണ്ട്‌,  ജേക്കബ്ബ് ഇരുന്നു.
ഇനിയും അവളെ അന്വേഷിച്ച് എവിടെപ്പോകാനാണെന്നു അയാള്‍ ആകുലപ്പെട്ടു. തനിക്കൊരുപിടിയുമില്ലാത്ത ഒരു നൂറു വ്യത്യസ്ത സ്ഥലങ്ങളില്‍ ഈ നിമിഷം അവളുണ്ടായിരിക്കാം. കുഴലൂത്തുകാരനോടു ചോദിച്ചാലോ? പക്ഷെ, എങ്ങിനെ ചോദിക്കും? മാത്രമല്ല, റൂസേനക്കിപ്പോഴേ വല്ലതും പറ്റിയിട്ടുണ്ടെങ്കിലോ? അവള്‍ മരിച്ചുപോയാല്‍, അവളുടെ മരണം വിശദീകരണമില്ലാത്തതാകുമെന്നു ജേക്കബ്ബ് മുമ്പേ അനുമാനിച്ചുകഴിഞ്ഞിരുന്നു. പ്രേരണയില്ലാതെ കൊല്ലുന്ന ഒരുവനെ പിടിക്കാനാവില്ലല്ലോ. തന്നിലേക്കു ശ്രദ്ധ തിരയാന്‍വേണ്ടി താന്‍ വല്ലതും ചെയ്യേണ്ടതുണ്ടോ? തന്നിലേക്ക് സംശയം തിരിക്കാനായി വഴിവെച്ചു കൊടുക്കേണ്ടതുണ്ടോ?
അയാള്‍ സ്വയം നിയന്ത്രിച്ചു. ഒരു മനുഷ്യജീവന്‍ അപകടത്തിലാണ്. ഭീരുത്വമാര്‍ന്ന രീതിയില്‍ ഇങ്ങിനെ ചിന്തിക്കാന്‍ തനിക്കവകാശമില്ല. രണ്ടു പാട്ടുകള്‍ക്കിടയിലെ ഇടവേള മുതലെടുത്ത്‌ അയാള്‍ ബാന്‍ഡുവേദിയുടെ പിറകില്‍ കയറി. സ്ക്രേറ്റ അയാളെ നോക്കി വിശാലമായി ചിരിച്ചു. പക്ഷെ, ജേക്കബ്ബ് തന്‍റെ വിരല്‍ ചുണ്ടില്‍വെച്ചു; ഒരു മണിക്കൂര്‍മുമ്പ് വീഞ്ഞുശാലയില്‍ കുഴലൂത്തുകാരനൊപ്പമുണ്ടായിരുന്ന  നഴ്സ് എവിടെ കാണുമെന്നു അയാളോടു ചോദിക്കാന്‍ അടക്കിയ സ്വരത്തില്‍ ആവശ്യപ്പെട്ടു.  
“നിങ്ങളെല്ലാം അവളിലെന്താണിത്ര കാണുന്നത്?” സ്ക്രേറ്റ മുഷിപ്പോടെ മുറുമുറുത്തു. “റൂസേന എവിടെയാ?” അയാള്‍ കുഴലൂത്തുകാരനോട് വിളിച്ചു ചോദിച്ചു. അവനൊന്നു തുടുത്തു. അറിയില്ലെന്നു പറഞ്ഞു.
“പോട്ടെ!” ജേക്കബ്ബ് പറഞ്ഞു. അയാള്‍ താഴെ, സീറ്റിലേക്ക്, ഇറങ്ങി വന്നു. ഇപ്പോഴും താന്‍ തെറ്റായാണ് പെരുമാറുന്നതെന്ന് അയാള്‍ക്കറിയാം. റൂസേനയുടെ ജീവനു താന്‍ വില കല്‍പ്പിക്കുണ്ടെങ്കില്‍, ഭൂമിയും ആകാശവുമിളക്കി, അവളെ കണ്ടുപിടിക്കാന്‍ എല്ലാവരെയും താന്‍ ജാഗ്രതപ്പെടുത്തിയേനെ. പക്ഷെ, മന:സാക്ഷിക്കു മുമ്പിലൊരു ഒഴിവുകഴിവു നിരത്താന്‍വേണ്ടി മാത്രമാണല്ലോ, താന്‍ അവളെ തിരയാന്‍ തുനിയുന്നത്.
വിഷമടങ്ങിയ റ്റ്യൂബു അവള്‍ക്കു നല്‍കിയ നിമിഷം അയാള്‍ വീണ്ടുമോര്‍മ്മിച്ചു. തനിക്കു ബോധമുണ്ടാകുന്നതിനുമുമ്പ്, അത്രയും വേഗത്തിലല്ലേ അതു ശരിക്കും നടന്നത്? ശരിക്കും തന്‍റെ അറിവില്ലാതെയല്ലേ അതു സംഭവിച്ചത്?
അതു സത്യമല്ലെന്ന്‍ ജേക്കബ്ബിനറിയാമായിരുന്നു. അയാളുടെ മന: സാക്ഷി അടങ്ങിയിട്ടില്ല. സ്വര്‍ണ്ണമുടിക്കു കീഴിലെ ആ മുഖം അയാള്‍ വീണ്ടും മനസ്സിലേക്കാവാഹിച്ചു. യാദൃച്ഛികമായല്ല (മന: സാക്ഷിയെ ശാന്തമാക്കിയല്ല) താനാ വിഷമടങ്ങിയ റ്റ്യൂബ് ആ നഴ്സിനു നല്‍കിയതെന്ന്‍ അയാള്‍ തിരിച്ചറിഞ്ഞു. വര്‍ഷങ്ങളായി ഒരവസരം പാര്‍ത്തിരുന്ന ഒരു പഴയ ആഗ്രഹമായിരുന്നൂ അതെന്ന്‍ അയാള്‍ക്കു മനസ്സിലായി. അവസരം ഒടുവില്‍ അനുസരണയോടെ അതിനടുത്തേക്കു കുതിച്ചെത്തും വിധം ശക്തമായ ഒരു ആഗ്രഹം.
അയാള്‍ വിറപൂണ്ടു. ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റു. കാള്‍മാര്‍ക്സ് ഹൌസിലേക്ക് കുതിച്ചു. പക്ഷെ, റൂസേന അപ്പോഴും മടങ്ങിയിട്ടില്ലായിരുന്നു.



16. ഒരു രതി സായാന്ഹം


എന്തൊരു സ്വര്‍ഗ്ഗം! എന്തൊരാശ്വാസം! ഒരു നാടകത്തിനു നടുവില്‍, എന്തൊരിടവേള! മൂന്നു കാമാദേവന്മാരൊത്തുള്ള ഭോഗലാലസമായ എന്തൊരപരാന്ഹം!
     കുഴലൂത്തുകാരന്‍റെ രണ്ടു പീഡകര്‍, അവന്‍റെ രണ്ടു കഠിനതകള്‍, മുഖാമുഖമിരിക്കുകയാണ്. ഒരേ കുപ്പിയില്‍നിന്നും വീഞ്ഞു കുടിക്കുകയാണ്. രണ്ടു പേരും, അവരെവിടെയിരിക്കുന്നുവോ, അവിടെയിരിക്കുന്നതില്‍ ഒരു പോലെ തൃപ്തരാണ്. രണ്ടു പേര്‍ക്കും അവനെയൊഴിച്ച്, മറ്റെന്തു ചിന്തിക്കാനും സന്തോഷമേയുള്ളൂ. ഹൃദയസ്പൃക്കായ എന്തൊരു സഖ്യമാണിത്! എന്തൊരു ലയം!
     ശ്രീമതി ക്ലീമ മൂന്നാണുങ്ങളെയും നോക്കി. ഒരിക്കലവള്‍ അവരുടെ മണ്ഡലത്തിന്‍റെ ഭാഗമായിരുന്നു. തന്‍റെ ഇന്നത്തെ ജീവിതത്തിന്‍റെ ഒരു നെഗറ്റീവ് എന്നപോലെയാണ് അവളിപ്പോള്‍ അവരെ നോക്കിക്കാണുന്നത്. ആകുലതകളിലാമഗ്നയായി, അവളിവിടെ ശുദ്ധമായ അല്ലലില്ലായ്മയ്ക്കെതിരെ ഇരിക്കുകയാണ്. ഒരു പുരുഷനില്‍ ബന്ധിതയായ അവള്‍, വീര്യത്തിന്‍റെ അനന്തമായ വൈജാത്യത്തെ പ്രതിനിധാനം ചെയ്യുന്ന മൂന്നു കാമാദേവന്മാരെ അഭിമുഖീകരിക്കുന്നു.
കാമദേവന്മാരുടെ അഭിപ്രായപ്രകടനങ്ങള്‍ക്കു ലക്ഷ്യം ഒന്നേയുള്ളൂ: ഈ രണ്ടു സ്ത്രീകളുമൊത്തു രാത്രി പങ്കിടുക. അഞ്ചുപേരടങ്ങുന്ന ഒരു കാമരാത്രി. നടക്കാത്ത ഒരു ലക്ഷ്യമാണതെന്നവര്‍ക്കറിയാം. കാരണം, ശ്രീമതി ക്ലീമയുടെ ഭര്‍ത്താവ് അവിടെയുണ്ടുല്ലോ. പ്രാപിക്കാന്‍ പറ്റാത്തതാണെങ്കിലും, ആ ലക്ഷ്യത്തെ അവര്‍ പിന്തുടരുന്നു. അത്ര മനോഹരമാണാ ലക്ഷ്യം.
അവര്‍ക്കു വേണ്ടതെന്തെന്ന് ശ്രീമതി ക്ലീമക്കറിയാം. വെറും വന്യഭാവനയായ, വെറുമൊരു കളിമാത്രമായ, സ്വപ്നസമാനമായ വ്യാമോഹമായ ഈ ലക്ഷ്യത്തിന് അവള്‍ അനായാസമായി സ്വയം കീഴടങ്ങുന്നു. ദ്വയാര്‍ത്ഥമുള്ള അവരുടെ സംസാരം കേട്ട് അവള്‍ ചിരിക്കുന്നു. തന്‍റെ സഹായിയായ പേരറിയാത്ത സ്ത്രീക്കൊപ്പം, അവള്‍ ഉത്തേജനാത്മകമായ തമാശകള്‍ കൈമാറുന്നു. നാടകത്തിലെ ഈ ഇടവേള ആകാവുന്നത്ര നീണ്ടുപോകാന്‍ അവളാശിക്കുന്നു. അങ്ങിനെയായാല്‍, തന്‍റെ എതിരാളിയെ കണ്ട്, സത്യത്തിന്‍റെ മുഖം നോക്കുന്ന നിമിഷം ഇനിയും കൂടുതല്‍ വൈകിക്കാമല്ലോ.
വീണ്ടും ഒരു കുപ്പി വീഞ്ഞുകൂടി. എല്ലാവര്‍ക്കും നല്ല ഉല്ലാസം. എല്ലാവരും ഒരല്‍പ്പം മത്തിലാണ്. വീഞ്ഞുകൊണ്ടുള്ള ലഹരിയല്ല. ആ അന്തരീക്ഷത്തിന്‍റെ വൈചിത്ര്യം കൊണ്ടുള്ള ലഹരി. വളരെ വേഗം കടന്നുപോകുന്ന ആ നിമിഷത്തെ ദീര്‍ഘിപ്പിക്കുവാനുള്ള ആഗ്രഹംകൊണ്ടുണ്ടായ ലഹരി.
മേശക്കടിയില്‍, ഡയരക്റ്ററുടെ കാല്‍വണ്ണ തന്‍റെ ഇടതു കാലിലമരുന്നത് ശ്രീമതി ക്ലീമക്കനുഭവപ്പെട്ടു. അതു നന്നായി മനസ്സിലായെങ്കിലും അവള്‍ തന്‍റെ കാല്‍ പിന്‍വലിച്ചില്ല. അവര്‍ക്കിടയിലൊരു വിഷയാസക്തിയുടെ ബന്ധം സ്ഥാപിക്കുന്ന ഒരു സ്പര്‍ശനമാണത്. അതല്ലെങ്കില്‍, അതു തികച്ചും യാദൃച്ഛികമായി സംഭവിച്ചതാകാം. അതിന്‍റെ നിസ്സാരത കാരണം, അവളതു തീരെ ശ്രദ്ധിക്കാതെയുമിരിക്കാം. അതിനാല്‍, നിഷ്കളങ്കതയുടെയും നിര്‍ലജ്ജതയുടെയും അതിരിലുള്ള ഒരു സ്പര്‍ശനമാണത്. ആ അതിരു ഭേദിക്കാന്‍ കമീല തയ്യാറല്ല. എന്നാല്‍, ആ അതിരില്‍ (അപ്രതീക്ഷിതമായ സ്വാതന്ത്ര്യത്തിന്‍റെ ഈ നേര്‍വരമ്പില്‍) തങ്ങാന്‍ അവള്‍ക്കു സന്തോഷമേയുള്ളൂ. വാക്കുകള്‍കൊണ്ടുള്ള സൂചനകളിലേക്കും, മറ്റു സ്പര്‍ശങ്ങളിലേക്കും, ക്രീഡകളിലേക്കും, ആ മാന്ത്രിക രേഖ തെന്നിപ്പോവുകയാണെങ്കില്‍, അതവള്‍ക്കിനിയും സന്തോഷമേകും. മാറിമറിയുന്ന ഈ അതിര്‍വരമ്പിന്‍റെ നിഷ്കളങ്കമായ അസന്നിഗ്ദ്ധതയാല്‍ സംരക്ഷിതയായി, ദൂരെ, ഇനിയും ദൂരേക്ക്‌ പറന്നുപോകാന്‍ അവള്‍ ആഗ്രഹിച്ചു.
കമീലയുടെ അസ്വസ്ഥതയുളവാക്കുംവിധം പ്രകാശമാനമായ   സൌന്ദര്യം, തന്‍റെ ആക്രമണം കരുതലോടെയുള്ള മന്ദഗതിയിലാക്കുവാന്‍ ഡയരക്റ്ററെ പ്രേരിപ്പിച്ചുവെങ്കില്‍, റൂസേനയുടെ സാധാരണ ലാവണ്യം, ക്യാമറക്കാരനെ നേരെ, ശക്തമായി ആകര്‍ഷിക്കുകയാണുണ്ടായത്. അവന്‍ അവളുടെ ചുമലില്‍ കൈ ചുറ്റി. അവളുടെ മുലയില്‍ കരതലം ചേര്‍ത്തു.
കമീല നോക്കുകയാണ്. മറ്റുള്ളവരുടെ നാണമില്ലാത്ത ചേഷ്ടകള്‍ അവളിത്ര അടുത്തു കണ്ടിട്ട് കാലം കുറേയായി. ആ യുവതിയുടെ മുലയെ, കുപ്പായത്തിനുള്ളിലൂടെ കവരുകയും, കശക്കുകയും, ഞെക്കുകയും, തലോടുകയും ചെയ്യുന്ന അവന്‍റെ കൈ അവള്‍ നോക്കുകയാണ്. വിഷയലോലുപതയുടെ നിറമുള്ള, നിശ്ചലവും, നിഷ്ക്രിയവുമായ റൂസേനയുടെ മുഖവും അവള്‍ നിരീക്ഷിക്കുന്നു. കൈ മുല തലോടുകയാണ്. സമയം മധുരമായി കടന്നു പോവുകയാണ്. തന്‍റെ മറ്റേക്കാലില്‍ അസിസ്റ്റന്‍റിന്‍റെ മുട്ടമരുന്നത് കമീലക്കനുഭവപ്പെട്ടു.
ഇപ്പോള്‍ അവള്‍ പറയുന്നു: “ഈ രാത്രി ഞാന്‍ ശരിക്കും ജീവിച്ചു തകര്‍ക്കും.”   
“നിന്‍റെ കുഴലൂത്തുകാരന്‍ ഭര്‍ത്താവു പോയിത്തുലയട്ടെ!” ഡയരക്റ്റര്‍ പ്രതിവചിച്ചു.
“അതെ, പോയിത്തുലയട്ടെ!” സഹസംവിധായകന്‍ ആവര്‍ത്തിച്ചു.



17. റൂസേനയുടെ സങ്കടം


അപ്പോഴാണ്‌ റൂസേന അവളെ തിരിച്ചറിഞ്ഞത്. അതെ, കൂട്ടുകാരി തന്നെ കാണിച്ച ഫോട്ടോയിലെ അതേ മുഖം! അവള്‍ പൊടുന്നനെ ക്യാമറക്കാരന്‍റെ കൈ തട്ടി മാറ്റി.
“നിനക്കു കിറുക്കാണ്!” അവന്‍ പരാതിപ്പെട്ടു.
അവന്‍ വീണ്ടും അവളുടെ കഴുത്തില്‍ കയ്യിടാന്‍ നോക്കി. വീണ്ടും അവനെ അവള്‍ തള്ളി മാറ്റി.
“എന്തു ധൈര്യം നിനക്ക്!” അവളവനോട് കയര്‍ത്തു.
സംവിധായകനും സഹാസംവിധായകനും പൊട്ടിച്ചിരിച്ചു. “നീ ശരിക്കും അതു ഉദ്ദേശിച്ചോ?” സഹായി റൂസേനയോട് ചോദിച്ചു.
“ഉവ്വ്, ഉറപ്പായും,” അവള്‍ കര്‍ക്കശമായി പറഞ്ഞു.
സഹസംവിധായകന്‍ വാച്ചു നോക്കി. ക്യാമറക്കാരനോടു പറഞ്ഞു: “കൃത്യം ആറുമണി. ഓരോ ഇരട്ട മണിക്കൂറിലും നമ്മുടെ സുഹൃത്ത് പുണ്യവാളത്തിയാകുന്നതുകൊണ്ടാണ് ഈ തിരിച്ചടി സംഭവിക്കുന്നത്. അതുകൊണ്ട് നീ ഏഴു മണിയാകുംവരെ കാത്തിരിക്കണം.”
വീണ്ടും പൊട്ടിച്ചിരി. അപമാനംകൊണ്ട് റൂസേന ചുകന്നു. മുലയിലൊരു അപരിചിതന്‍റെ കയ്യുമായി താന്‍ പിടിക്കപ്പെട്ടിരിക്കുന്നു. തന്നെ തലോടുന്നത് കാണാന്‍ താന്‍ സ്വയം അനുവദിച്ചിരിക്കുന്നു. എല്ലാവരും തന്നെ കളിയാക്കുന്ന നേരത്ത്, തന്‍റെ ഏറ്റവും വലിയ എതിരാളിയാല്‍ പിടിക്കപ്പെടാന്‍ താന്‍ അനുവദിച്ചിരിക്കുന്നു.
സംവിധായകന്‍ ക്യാമറക്കാരനോടു പറഞ്ഞു: “ആറു ഒരൊറ്റയക്കമാക്കി മാറ്റാന്‍ നിനക്കൊരു പക്ഷെ, ഈ യുവതിയോട് അപേക്ഷിക്കാം.”
“താത്ത്വികമായി ആറിനെ ഒറ്റയക്കമാക്കാന്‍ പറ്റുമെന്നു കരുതുന്നുണ്ടോ?” സഹസംവിധായകന്‍ ചോദിച്ചു.
“ഉവ്വ്,” സംവിധായകന്‍ പറഞ്ഞു. “തന്‍റെ പ്രശസ്തമായ എലിമെന്‍റ്സില്‍ യൂക്ലിഡ് അങ്ങിനെ പറയുന്നുണ്ട്: ‘ചില പ്രത്യേക, നിഗൂഢ, സാഹചര്യങ്ങളില്‍, ഒറ്റയക്കങ്ങള്‍ ഇരട്ടയക്കങ്ങളെപ്പോലെ പെരുമാറും.’ അത്തരമൊരു നിഗൂഢ സാഹചര്യത്തിലാണ് നാമിപ്പോളെന്ന്‍ എനിക്കു തോന്നുന്നു.”
“അതുകൊണ്ട്, ആറു മണി ഒരൊറ്റയക്കമുള്ള മണിയാണെന്ന് നീ സമ്മതിക്കുന്നോ, റൂസേനാ?” സഹസംവിധായകന്‍ പറഞ്ഞു.
“സമ്മതിക്കുന്നോ?” അവള്‍ക്കു നേരെ ചാഞ്ഞുകൊണ്ട്, ക്യാമാറക്കാരനും ചോദിച്ചു.
“നമ്മുടെ യുവതി മിണ്ടുന്നില്ല,” സഹസംവിധായകന്‍ പറഞ്ഞു. “അതുകൊണ്ട്, അവളുടെ മൌനം സമ്മതമോ, വിസമ്മതമോ എന്നു തീരുമാനിക്കേണ്ടത് നമ്മളാണ്.”
“നമുക്കു വോട്ടിനിടാം,” ഡയറക്റ്റര്‍ പറഞ്ഞു.
“അതു ന്യായം,” സഹായി പറഞ്ഞു. “ഇക്കാര്യത്തില്‍ ആറു ഒറ്റയക്കമാണെന്നു റൂസേന സമ്മതിക്കുന്നുവെന്ന് അനുകൂലിക്കുന്നവരാരൊക്കെ? കമീലാ! നിന്‍റെ വോട്ടാണ് ആദ്യം!”
“റൂസേനക്കു പൂര്‍ണ്ണസമ്മതമാണെന്നാണ് ഞാന്‍ കരുതുന്നത്,” കമീല പറഞ്ഞു.
“നീയോ, ഡയറക്റ്റരേ?”
“എനിക്കുറപ്പാണ്,” സംവിധായകന്‍ തന്‍റെ മൃദുസ്വരത്തില്‍ മൊഴിഞ്ഞു. “ആറു ഒറ്റയക്കമായിക്കാണാന്‍ റൂസേനക്കു സമ്മതമാണ്.”
“തീവ്രതാല്‍പ്പര്യമുള്ളവനാണ് നമ്മുടെ ക്യാമറാമാന്‍. അതുകൊണ്ട് അവനു വോട്ടില്ല. ഞാന്‍ അനുകൂലിച്ചു വോട്ടു ചെയ്യുന്നു,” സഹസംവിധായകന്‍ പറഞ്ഞു. “എതിരില്ലാത്ത മൂന്നു വോട്ടായി നാമിതു തീരുമാനിക്കുന്നു. റൂസേനയുടെ മൌനം സമ്മതത്തിനു തുല്യമാണല്ലോ. അതിനാല്‍, ക്യാമാറക്കാരാ, നിനക്കു നിന്‍റെ ശൃംഗാരവേല തുടരാം.”
ക്യമാറക്കാരന്‍ റൂസേനക്കു നേരെ ചാഞ്ഞു. കൈ അവളുടെ ചുമലിലൂടെ ചുറ്റി. കരതലംകൊണ്ട് അവളുടെ മുല വീണ്ടും തൊട്ടു.
മുമ്പത്തെക്കാളേറെ ശക്തിയോടെ അവളവനെ തട്ടി മാറ്റി; ഒച്ചവെച്ചു: “നിന്‍റെ വൃത്തികെട്ട കൈ മാറ്റ്!”
കമീല ഇടപെട്ടു: “നോക്കൂ, റൂസേനാ, നിന്നെ അത്രക്കിഷ്ടമായതു കൊണ്ടല്ലേ, അവന്‍ നിസ്സഹായനാകുന്നത്. നാമെല്ലാവരും ഇത്രനേരം സന്തോഷത്തോടെയല്ലേ...”
അല്‍പ്പനിമിഷങ്ങള്‍ക്കുമുമ്പുവരെ റൂസേന തീര്‍ത്തും നിഷ്ക്രിയയായിരുന്നു. സംഭവഗതികള്‍ക്കവള്‍ വഴങ്ങിക്കൊടുക്കുകയായിയിരുന്നു; തന്‍റെ വഴിയിലേക്ക് യാദൃച്ഛികമായി വരുന്ന സംഭവങ്ങളില്‍ തന്‍റെ ഭാഗധേയം വായിച്ചെടുക്കാന്‍ പ്രതീക്ഷിക്കുന്നതു പോലെ. താനകപ്പെട്ടിരിക്കുന്ന അളമുട്ടിയ കെണിയില്‍നിന്നു രക്ഷപ്പെടാനായി, തന്നെ  വഹിച്ചുകൊണ്ടുപോകാന്‍, വശീകരിക്കപ്പെടാന്‍, ഏതു പ്രേരണക്കും വിധേയയാകാന്‍ അവള്‍ സ്വയം അനുവദിക്കുമായിരുന്നു.
പക്ഷെ, യാചനാപൂര്‍വ്വം ഏതവസരത്തിനു നേര്‍ക്കാണോ അവള്‍ കണ്ണുയര്‍ത്തിയത്, അതു പൊടുന്നനെ അവള്‍ക്കെതിരായി. എതിരാളിയുടെ മുമ്പില്‍ പരിഹാസ്യയായ, നോക്കുകുത്തിയായിമാറിയ റൂസേന, തനിക്കു സഘനമായ ഒരേയൊരാലംബമേയുള്ളൂവെന്ന്, ഒരേയൊരു സ്വാന്തനമേയുള്ളൂവെന്ന്, മോചനത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂവെന്ന്, തിരിച്ചറിഞ്ഞു: തന്‍റെ ഗര്‍ഭാശയത്തിലെ ഭ്രൂണം. അവളുടെ മുഴുവനാത്മാവും (ഒരിക്കല്‍ക്കൂടി! ഒരിക്കല്‍ക്കൂടി!) അവളുടെ ദേഹത്തിന്‍റെ ഉള്ളാഴത്തിലേക്കു നൂണ്ടിറങ്ങി. തനിക്കുള്ളില്‍ നിശ്ശബ്ദമായി, വേഗത്തില്‍, വളരുന്ന അവനില്‍നിന്നും താനൊരിക്കലും പിരിയില്ലെന്ന് അവള്‍ക്കിപ്പോള്‍ ഉറപ്പുവന്നു. ഇവരുടെ പൊട്ടിച്ചിരിക്കും, വൃത്തികെട്ട കൈകള്‍ക്കും മീതെ തന്നെ പൊക്കിനിര്‍ത്തുന്ന, രഹസ്യമായ, ഒരു തുറുപ്പുശീട്ടാണ് തനിക്കവന്‍. അതവരോടുറക്കെ നേരിട്ടു വിളിച്ചു പറയാനുള്ള, അവരുടെ പരിഹാസത്തിനു പ്രതികാരം ചെയ്യാനുള്ള, ആ സ്ത്രീയോടു, അവളുടെ അനാദരമാര്‍ന്ന അലിവിനോടു, പകരം വീട്ടാനുള്ള തീവ്രമായൊരു അഭിനിവേശം അവളിലുളവായി.
ശാന്തമാകൂ! അവള്‍ തന്നോടുതന്നെ പറഞ്ഞു. പിന്നെ, സഞ്ചിയില്‍ റ്റ്യൂബിനുവേണ്ടി തിരഞ്ഞു. അതു പുറത്തെടുക്കേണ്ടതാമസം, കൈത്തണ്ടയില്‍ ആരോ മുറുകെപ്പിടിക്കുന്നത് അവള്‍ക്കനുഭവപ്പെട്ടു. 
  

18. ബെര്‍ട് ലേഫും സിനിമാക്കാരും


അയാള്‍ വരുന്നത് ആരും കണ്ടിരുന്നില്ല. പൊടുന്നനെയാണ് അയാള്‍ പൊട്ടിവീണത്. റൂസേന മുഖമുയര്‍ത്തി. അയാള്‍ പുഞ്ചിരിക്കുന്നതു കണ്ടു.
അയാള്‍ അവളുടെ കയ്യിലെ പിടി വിട്ടില്ല. കൈത്തണ്ടയില്‍ അയാളുടെ വിരലുകളുടെ ശക്തമായ സ്പര്‍ശം റൂസേന അനുഭവിച്ചു. അവള്‍ അനുസരിച്ചു: കൈസഞ്ചിയുടെ അടിയിലേക്കു റ്റ്യൂബു തിരികെ വീണു.
“മാന്യകളെ, മാന്യന്മാരെ, നിങ്ങളുടെ മേശക്കരികെയിരിക്കാന്‍ എന്നെ അനുവദിച്ചാലും. ബെര്‍ട് ലേഫെന്നാണ് എന്‍റെ പേര്.”
ഈ കടന്നുകയറ്റക്കാരനെച്ചൊല്ലി ആര്‍ക്കുമൊരാവേശവുമുണ്ടായില്ല. ആരും സ്വയം പരിചയപ്പെടുത്തിയില്ല. കൂട്ടുകാരെ പരിചയപ്പെടുത്താനുള്ളത്ര സാമൂഹികമര്യാദ റൂസേനക്കുമുണ്ടായില്ല.
“അപ്രതീക്ഷിതമായ എന്‍റെ ആഗമനം നിങ്ങളെ അസ്വസ്ഥരാക്കിയെന്നു തോന്നുന്നു,” ബെര്‍ട് ലേഫ് പറഞ്ഞു. അടുത്തുള്ള മേശക്കരികില്‍നിന്ന്‍ അയാളൊരു കസേര വലിച്ചെടുത്തു. അവരുടെ മേശയുടെ ഒഴിഞ്ഞ ഭാഗത്ത് അതിട്ടിരുന്നു. അദ്ധ്യക്ഷസ്ഥാനത്ത് അയാളായി. അയാള്‍ക്കു വലതുവശം റൂസേനയും.
“മാപ്പാക്കണം,” അയാള്‍ തുടര്‍ന്നു. “കുറേ കാലമായി, വരികയല്ല, പ്രത്യക്ഷപ്പെടുകയാണ് എന്‍റെ ശീലം.”
“അങ്ങിനെയെങ്കില്‍,” സഹസംവിധായകന്‍ പറഞ്ഞു. “നിങ്ങളെ ഒരു പ്രേതമെന്നു നണ്ണി, ഞങ്ങള്‍ നിങ്ങളെ ശ്രദ്ധിക്കാതിരുന്നോളാം.”
“സന്തോഷം,” തെല്ലൊന്നു തല കുനിച്ച് ബെര്‍ട് ലേഫ് പറഞ്ഞു. “പക്ഷെ, ഞാനതിനു സമ്മതിച്ചാലും, നിങ്ങള്‍ക്കതിനാവില്ല.”
അതിനുശേഷം, അയാള്‍ സ്ലാവിയാക്കകത്തുള്ള ദീപ്തമാക്കപ്പെട്ട റസ്റ്ററണ്ടിനു നേരെ തിരിഞ്ഞു. കൈകൊട്ടി.
“നിങ്ങളെ ഇവിടേക്കാരാണ് ക്ഷണിച്ചത്, മൂപ്പരേ?” ക്യാമറക്കാരന്‍ ചോദിച്ചു.
“എനിക്കു സ്വാഗതമില്ലെന്നാണോ നിങ്ങള്‍ പറയുന്നത്? എനിക്കിപ്പോള്‍ത്തന്നെ, വേണമെങ്കില്‍, റൂസേനയെയും കൂട്ടി പോകാം. പക്ഷെ, ശീലം ശീലമാണല്ലോ. എല്ലാ വൈകുന്നേരവും ഒരു കുപ്പി വീഞ്ഞു കുടിക്കാന്‍ ഞാനീ മേശയിലെത്താറുണ്ട്.” അയാള്‍ മേശപ്പുറത്തെ വീഞ്ഞുകുപ്പിയുടെ ലേബല്‍ പരിശോധിച്ചു. “പക്ഷെ, തീര്‍ച്ചയായും, നിങ്ങള്‍ കുടിക്കുന്ന വീഞ്ഞിനെക്കാള്‍ മുന്തിയതരം.”
“ഈ ഗുദാമില്‍ നല്ല വീഞ്ഞെങ്ങിനെ കിട്ടും എന്നാണെന്‍റെ സംശയം,” സഹസംവിധായകന്‍ പറഞ്ഞു.
“മൂപ്പരേ, നിങ്ങള്‍ വല്ലാത്ത പൊങ്ങച്ചക്കരനാണെന്നു തോന്നുന്നു,” ഇടങ്കോലിടുന്നവനെ പരിഹസിക്കാന്‍, ക്യാമറാക്കാരന്‍ കൂട്ടിച്ചേര്‍ത്തു. “ഒരു പ്രായം കഴിഞ്ഞാല്‍, മറ്റൊന്നും ചെയ്യാനില്ലെന്നത് സത്യമാണ്.”
“അതു തെറ്റാണ്,”  ക്യാമറാക്കാരന്‍റെ  നിന്ദ കേള്‍ക്കാത്തതുപോലെ  ബെര്‍ട് ലേഫ് പറഞ്ഞു. “ഏറ്റവും ഗംഭീരമായ ഹോട്ടലുകളിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട കുറച്ചു കുപ്പികള്‍ ഇവിടെ ഇപ്പോഴും ഒളിച്ചിരിപ്പുണ്ട്.”
നേരത്തെ തീരെ കാണാതിരുന്ന, ഇപ്പോള്‍, ബെര്‍ട് ലേഫിനെ സ്വാഗതം ചെയ്യുന്ന, മാനേജരുടെ കൈപിടിച്ചു കുലുക്കുകയായിരുന്നു അയാള്‍. മാനേജര്‍ ബെര്‍ട് ലേഫിനോട് ചോദിച്ചു: “എല്ലാവര്‍ക്കുമായി മേശയൊരുക്കട്ടെ?”
“പിന്നല്ലാതെ,” ബെര്‍ട് ലേഫ് മറുപടി പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ നേരെ തിരിഞ്ഞു: “മഹതികളെ, മാന്യന്മാരെ, ഞാനൊരുപാടു തവണ ഇവിടെവെച്ചു കുടിച്ച മുന്തിയതരം വീഞ്ഞ്, എനിക്കൊപ്പം കുടിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.”
ആരും മിണ്ടിയില്ല. അപ്പോള്‍ മാനേജര്‍ പറഞ്ഞു: “ആഹാരപാനീയങ്ങളുടെ കാര്യത്തില്‍ ശ്രീമാന്‍ ബെര്‍ട് ലേഫിനെ പരിപൂര്‍ണ്ണമായും വിശസിക്കാമെന്നു ഞാന്‍ മാന്യന്മാര്‍ക്കും മഹതികള്‍ക്കും ഉറപ്പു തരുന്നു.”
“എന്‍റെ ചങ്ങാതീ,”  ബെര്‍ട് ലേഫ് മാനേജരോടു പറഞ്ഞു, “രണ്ടു കുപ്പിയും ഒരു പാത്രം പാല്‍ക്കട്ടിയും കൊണ്ടു വാ.” പിന്നെ മറ്റുള്ളവര്‍ക്കു നേരെ തിരിഞ്ഞ്: “നിങ്ങളുടെ വിമ്മിഷ്ടം അനാവശ്യമാണ്. റൂസേനയുടെ കൂട്ടുകാര്‍ എന്‍റേയും കൂട്ടുകാരാണ്.”
ഗ്ലാസ്സുകളും പാത്രങ്ങളുമുള്ള ഒരു താലവും, മേശവിരിപ്പുമായി, പന്ത്രണ്ടു വയസ്സുള്ള ഒരു പയ്യന്‍ റസ്റ്ററണ്ടില്‍നിന്ന്‍ ഓടി വന്നു. അടുത്തൊരു മേശയിലവന്‍ താലം നിക്ഷേപിച്ചു. പിന്നെ, വിരുന്നുകാരുടെ നേരെ ചാഞ്ഞ്, അവരുടെ പാതി നിറഞ്ഞ ഗ്ലാസ്സുകള്‍ ഒന്നൊന്നായി മാറ്റി. ഗ്ലാസ്സുകളും, തുറന്ന കുപ്പിയും അവന്‍ അടുത്തമേശയിലുള്ള താലത്തിനരികെ വെച്ചു. അതിനുശേഷം, പാത്രം തുടക്കുന്ന ഒരു തോര്‍ത്തുകൊണ്ട്, വ്യക്തമായും വൃത്തികേടായ, അവരുടെ മേശ തുടച്ചു. അതിനുമീതെ, കണ്ണഞ്ചിക്കുന്ന, ഒരു വെള്ളവിരിപ്പിട്ടു. പിന്നെ, അടുത്ത മേശയിലേക്കു പോയി, ഗ്ലാസ്സുകള്‍ കൊണ്ടുവന്ന്‍ ഗ്രാഹകര്‍ക്കു മുമ്പില്‍ നിരത്തി.
“ആ ഗ്ലാസ്സുകളും പുളിവെള്ളത്തിന്‍റെ കുപ്പിയും കൊണ്ടുക്കള,” ബെര്‍ട് ലേഫ് കുട്ടിയോടു പറഞ്ഞു. “നിന്‍റെ പപ്പാ ഞങ്ങള്‍ക്കു നല്ല വീഞ്ഞു കൊണ്ടുവരും.”
ക്യാമാറക്കാരന്‍ പ്രതിഷേധിച്ചു: “ഞങ്ങള്‍ക്കിഷ്ടമുള്ളതു കുടിക്കാന്‍ ഞങ്ങളെ അനുവദിക്കാനുള്ള കരുണ കാട്ടാമോ, മൂപ്പരെ?”
“നിങ്ങളുടെ ഇഷ്ടംപോലെ സാറേ,” ബെര്‍ട് ലേഫ് പറഞ്ഞു. “ആള്‍ക്കാരുടെ മേലെ സന്തോഷം അടിച്ചേല്‍പ്പിക്കുന്നതിനു ഞാന്‍ അനുകൂലമല്ല. മോശം വീഞ്ഞു മോന്താനും, മണ്ടത്തരത്തിനും, വൃത്തികെട്ട നഖങ്ങള്‍ക്കുമുള്ള അവകാശം ഏതൊരുവനുമുണ്ട്. നോക്കൂ, കുട്ടാ,” കുട്ടിയുടെ നേരെ തിരിഞ്ഞ് അയാള്‍ പറഞ്ഞു: “അവര്‍ക്കവരുടെ പഴയ ഗ്ലാസ്സുകളും കൂടെ ഒഴിഞ്ഞ പുതിയ ഗ്ലാസ്സുകളും നല്‍കൂ. മൂടല്‍മഞ്ഞിലുണ്ടാക്കിയ വീഞ്ഞു വേണോ, വെയിലില്‍പിറന്ന വീഞ്ഞു വേണോയെന്ന്‍ എന്‍റെ അതിഥികള്‍ക്കു തീരുമാനിക്കാം.”
അങ്ങിനെ ഓരോരുത്തര്‍ക്കും ഈരണ്ടു ഗ്ലാസ്സു വീതമായി. ഒഴിഞ്ഞ ഒന്നും, വീഞ്ഞുബാക്കിയായ മറ്റൊന്നും. രണ്ടു കുപ്പികളുമായി മാനേജര്‍ മേശയെ സമീപിച്ചു. അതിലൊന്ന് തുടകള്‍ക്കിടയിലിറുക്കി, ഗംഭീരമായൊരു ചേഷ്ടയോടെ, അതിന്‍റെ കോര്‍ക്കു വലിച്ചെടുത്തു. പിന്നീടയാള്‍ ബെര്‍ട് ലേഫിന്‍റെ ഗ്ലാസ്സിലൊരല്‍പ്പം വീഞ്ഞു പകര്‍ന്നു. ബെര്‍ട് ലേഫ് ഗ്ലാസ്സു ചുണ്ടിലേക്കുയര്‍ത്തി. ഒരിറക്കു കുടിച്ചു. മാനേജര്‍ക്കു നേരെ തിരിഞ്ഞു: “ഉജ്ജ്വലം! ഇരുപത്തിമൂന്നിലെയാണോ ഇത്?”
“ഇരുപത്തിരണ്ടിലെ,” മാനേജര്‍ തിരുത്തി.
“ഒഴിക്ക്!” ബെര്‍ട് ലേഫ് പറഞ്ഞു. മാനേജര്‍ മേശക്കു ചുറ്റും കുപ്പിയുമായി നടന്ന്‍ ഒഴിഞ്ഞ ഗ്ലാസ്സുകള്‍ നിറച്ചു.
ബെര്‍ട് ലേഫ് ഗ്ലാസ്സ് അതിന്‍റെ തണ്ടില്‍ പിടിച്ചുയര്‍ത്തി. “എന്‍റെ ചങ്ങാതിമാരേ, ഈ വീഞ്ഞു രുചിച്ചാലും. ഭൂതകാലത്തിന്‍റെ മധുരരസമാണിതിന്. ഉള്ളിലേക്കു ശ്വാസമെടുക്കുന്നതു പോലെ, മജ്ജ നിറഞ്ഞ ഒരു എല്ല് ഊമ്പിക്കുടിക്കുന്നതുപോലെ, പണ്ടു മറന്നുപോയ ഒരു ഗ്രീഷ്മത്തെ വലിച്ചുകുടിക്കുമ്പോലെ, ഇതിനെ ആസ്വദിച്ചാലും. ഈ പാനോപചാരം വഴി ഞാന്‍ ഭൂതത്തെ വര്‍ത്തമാനവുമായി ബന്ധിക്കുകയാണ്. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിരണ്ടിലെ സൂര്യനെ ഈ നിമിഷത്തെ സൂര്യനുമായി സന്ധിപ്പിക്കുകയാണ്.  റൂസേനയാണ് ആ സൂര്യന്‍. ഒരു രാജ്ഞിയാണ് താനെന്നു സ്വയമറിയാത്ത, നൂറുശതമാനം ലാളിത്യമുള്ള, സ്ത്രീ. ഈ സുഖചികിത്സാനഗരത്തിന്‍റെ പശ്ചാത്തലത്തില്‍, അവളൊരു യാചകന്‍റെ വസ്ത്രത്തിലുള്ള വജ്രമാണ്. പകലത്തെ വിളറിയ ആകാശത്തിന്‍റെ പശ്ചാത്തലത്തില്‍ വിസ്മൃതമായ തിങ്കള്‍ക്കല. മഞ്ഞില്‍ ചിറകനക്കുന്ന ഒരു പൂമ്പാറ്റയെപ്പോലെയാണവള്‍.
ക്യാമറക്കാരന്‍ പണിപ്പെട്ടൊന്നു ചിരിച്ചു: “ഇതു കുറച്ചു കൂടിപ്പോയില്ലേ, മൂപ്പരേ?”
“ഇല്ല. ഇതു അതിശയോക്തിയല്ല.” ബെര്‍ട് ലേഫ് പറഞ്ഞു. പിന്നെ, ക്യാമറക്കാരനെ അഭിസംബോധന ചെയ്തു: “പുളിവെള്ളത്തിന്‍റെ മനുഷ്യാകാരമുള്ള വീപ്പയായ നീ ആത്മാവിന്‍റെ അടിത്തട്ടില്‍മാത്രം  ജീവിക്കുന്നതു കൊണ്ടാണ്, നിനക്കങ്ങിനെ തോന്നുന്നത്! ഒരു ആല്‍കെമിസ്റ്റിന്‍റെ  കലത്തിലെന്നപോലെ, തിളച്ചു മറിയുന്ന അമ്ലങ്ങളാണ് നിന്‍റെയുള്ളില്‍ നിറയെ! നിന്‍റെതന്നെ ഉള്ളിലുള്ള വൈരൂപ്യം നിനക്കു ചുറ്റും കണ്ടെത്തുവാനാണ് നീ നിന്‍റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്. അങ്ങിനെ മാത്രമേ നിനക്കു ഈ ലോകവുമായി, നൈമിഷികമായെങ്കിലും, ശാന്തിയിലാകാനാകൂ. കാരണം, സുന്ദരമായ ഈ ലോകം നിന്നെ ഭയപ്പെടുത്തുന്നു, മടുപ്പിക്കുന്നു, നിരന്തരം അതിന്‍റെ കേന്ദ്രത്തില്‍നിന്നു നിന്നെ തള്ളിയകറ്റുന്നു. നിന്‍റെ കൈനഖങ്ങള്‍ക്കടിയില്‍ മാലിന്യമിരിക്കേ, ലാവണ്യവതിയായ ഒരു യുവതി അരികിലിരിക്കുന്നത് എത്ര അസഹനീയം! അതുകൊണ്ട്, അവളെ അനുഭവിക്കുംമുമ്പ് നിനക്കവളെ മലിനമാക്കണം, അല്ലെടോ? നീ മേശക്കടിയില്‍ കൈ ഒളിപ്പിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. നിന്‍റെ വിരല്‍നഖങ്ങളെക്കുറിച്ചു ഞാന്‍ സംസാരിച്ചത് തീര്‍ച്ചയായും ഉചിതമായി.”
“നിങ്ങളുടെ നല്ലമര്യാദകള്‍ക്കു ഞാന്‍ പിണ്ണാക്കിന്‍റെ വിലയേ കാണുന്നുള്ളൂ. നിങ്ങളെപ്പോലെ  വെള്ളക്കോളറും ടൈയും കെട്ടിയ കോമാളിയല്ല ഞാന്‍,” ക്യാമാറക്കാരന്‍ മൂര്‍ച്ചയോടെ പറഞ്ഞു.
“നിന്‍റെ വൃത്തികെട്ട നഖങ്ങളും, കീറിയ സ്വെറ്ററും, സൂര്യനു കീഴില്‍, പുതിയതൊന്നുമല്ല,” ബെര്‍ട് ലേഫ് പറഞ്ഞു. “വളരെ പണ്ടു, സമ്പ്രദായങ്ങളോടുള്ള തന്‍റെ പുച്ഛം പ്രകടമാക്കുക വഴി ഏവരുടെയും ആരാധന നേടാന്‍വേണ്ടി ദോഷൈകദൃക്കായ ഒരുദാര്‍ശനികന്‍ ഏതന്‍സിലെ തെരുവുകളിലൂടെ കീറിയ കുപ്പായമിട്ടു നടന്നിരുന്നു. ഒരിക്കല്‍ സോക്രട്ടീസ് അയാളെ കാണാനിടയായപ്പോള്‍ പറഞ്ഞു: ‘നിന്‍റെ കുപ്പായക്കീറലിലൂടെ എനിക്കു നിന്‍റെ ദുരഹങ്കാരം കാണാം.’ നിന്‍റെ മാലിന്യവും, സാര്‍, ദുരഹങ്കാരം തന്നെ. നിന്‍റെ ദുരഹങ്കാരമോ മലിനവും.”
റൂസേനക്കു ആശ്ചര്യത്തില്‍നിന്ന് മുക്തയാകാനായില്ല. രോഗിയെന്ന നിലയില്‍ തനിക്കല്‍പ്പം മാത്രം പരിചയമുള്ള ഒരു മനുഷ്യന്‍ തന്‍റെ സഹായത്തിനായി പൊടുന്നനെ മാനത്തുനിന്നു പൊട്ടിവീണിരിക്കുന്നു. അയാളുടെ പെരുമാറ്റത്തിലെ സഹജലാവണ്യവും, ക്യാമാറക്കാരന്‍റെ അപമര്യാദയെ മണ്ണുകപ്പിച്ച അയാളുടെ നിര്‍ദ്ദയമായ ആത്മവിശ്വാസവും അവളെ വശീകരിച്ചു. 
“നിന്‍റെ സംസാരശേഷി നശിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു,” ഒരു കൊച്ചു മൌനത്തിനു പിന്നാലെ ബെര്‍ട് ലേഫ് ക്യാമറക്കരനോടു പറഞ്ഞു. “പക്ഷെ, നിന്നെ വ്രണപ്പെടുത്താന്‍ എനിക്കുദ്ദേശ്യമില്ലായിരുന്നുവെന്നു നീ ദയവായി മനസ്സിലാക്കണം. ശന്തിയാണെനിക്കിഷ്ടം, കലഹമല്ല. എന്‍റെ വാഗ്വിലാസത്താല്‍ ഞാന്‍ സ്വയം മതിമറന്നുപോയെങ്കില്‍, മാപ്പാക്കണം.എനിക്കൊന്നേ വേണ്ടു. നിങ്ങളീ വീഞ്ഞു രുചിക്കുക. ആരെത്തിരഞ്ഞാണോ ഞാനിവിടെ വന്നത് ആ റൂസേനയുടെ പേരില്‍ പാനോപചാരം ചെയ്യുക.”
ബെര്‍ട് ലേഫ് ചഷകം ഉയര്‍ത്തി. പക്ഷെ, മറ്റാരും പങ്കുചേര്‍ന്നില്ല.
“ഹോട്ടലുകാരാ,” മാനേജരെ നോക്കി ബെര്‍ട് ലേഫ് പറഞ്ഞു, “എനിക്കൊപ്പം ഈ പാനോപചാരത്തില്‍ ഭാഗഭാക്കായാലും.”
“ഈ വീഞ്ഞുള്ളപ്പോള്‍, എപ്പോഴും.” മാനേജര്‍ പറഞ്ഞു. അരികത്തെ മേശയില്‍നിന്നു അയാള്‍ ഒഴിഞ്ഞ ഒരു ഗ്ലാസ്സെടുത്ത് അതിലേക്കു വീഞ്ഞു പകര്‍ന്നു. “ശ്രീമാന്‍ ബെര്‍ട് ലേഫിനു നല്ല വീഞ്ഞുകളെപ്പറ്റി എല്ലാമറിയാം. ദൂരത്തുള്ള കൂട് ഒരു കുരുവി കണ്ടെത്തുന്നതുപോലെ, ഒരു പാടു കാലം മുമ്പ്, എന്‍റെ വീഞ്ഞു കലവറ അദ്ദേഹം മണത്തു പിടിച്ചു.”
സ്വന്തം ആത്മാഭിമാനം പുകഴ്ത്തപ്പെട്ട ഒരുവനെപ്പോലെ ബെര്‍ട് ലേഫ് സന്തോഷലിപ്തമായ ഒരു ചിരി പാസ്സാക്കി.
“റൂസേനക്കു ഉപചാരമര്‍പ്പിക്കുന്നതില്‍ നിങ്ങള്‍ പങ്കു ചേരില്ലേ?”
“റൂസേനക്കൊ?” മാനേജര്‍ ചോദിച്ചു.
“അതെ. റൂസേനക്ക്,” ഒരു നോട്ടം കൊണ്ടു തനിക്കടുത്തിരിക്കുന്നവളെ ചൂണ്ടി ബെര്‍ട് ലേഫ് പറഞ്ഞു. “എന്നോളമിഷ്ടം നിനക്കവളോടുണ്ടോ?”
“നിങ്ങള്‍ക്കൊപ്പം, ശ്രീമാന്‍ ബെര്‍ട് ലേഫ്, സുന്ദരികള്‍ മാത്രമേ ഉണ്ടാകൂ. നിങ്ങള്‍ക്കടുത്താണ് അവളിരിക്കുന്നതെന്നതുകൊണ്ട്, അവളെയൊന്നു നോക്കുകയേവേണ്ടൂ അവള്‍ സുന്ദരിയാണെന്നറിയാന്‍.”
ബെര്‍ട് ലേഫ് വീണ്ടും ആനന്ദത്തിന്‍റെ ഒരു ചിരി പുറപ്പെടുവിച്ചു. വിചിത്രമെന്നു പറയട്ടെ, തുടക്കം മുതല്‍ ബെര്‍ട് ലേഫിനെ ഒരു രസികനായിക്കണ്ട, കമീല ചിരിയില്‍ പങ്കു ചേര്‍ന്നു. അപ്രതീക്ഷിതമായ ആ ചിരി, അത്ഭുതകരവും അവര്‍ണ്ണനീയുവുമാംവിധം, പകരുന്നതായി. തന്ത്രപരമായ ഐക്യത്തിന്‍റെ പേരില്‍ സംവിധായകന്‍ കമീലക്കൊപ്പം കൂടി. പിന്നെ, സഹസംവിധായകനും. ഒടുവില്‍ റൂസേനയും ആ ബഹുസ്വരമാര്‍ന്ന ചിരിയില്‍, മൃദുവായൊരാലിംഗനത്തിലേക്കെന്നപോലെ, ആണ്ടിറങ്ങി. അതവളുടെ അന്നത്തെ ആദ്യ ചിരിയായിരുന്നു. മറ്റുള്ളവരേക്കാള്‍ ഉച്ചത്തിലാണ് അവള്‍ ചിരിച്ചത്. ചിരിച്ചിട്ടും ചിരിച്ചിട്ടും അവള്‍ക്കു മതിയായില്ല.
ബെര്‍ട് ലേഫ് ഗ്ലാസ്സുയര്‍ത്തി: “റൂസേനക്ക്!”
മാനേജര്‍ തന്‍റെ ഊഴമായപ്പോള്‍ ഗ്ലാസ്സുര്‍ത്തി.  പിന്നെ, കമീല. അതിനു പിറകെ, സംവിധായകനും അയാളുടെ സഹായിയും. അവരെല്ലാം ബെര്‍ട് ലേഫിനെ മാതൃകയാക്കി ആവര്‍ത്തിച്ചു: “റൂസേനക്ക്!” ക്യാമറക്കാരന്‍ പോലും ഒടുവില്‍ ഗ്ലാസ്സുയര്‍ത്തി, മിണ്ടാതെ, ഒരിറക്കിറക്കി.
ഡയരക്റ്റര്‍ ഒരു കവിള്‍ രുചിച്ചു. “ഇതു ശരിക്കും ഒന്നാംതരം വീഞ്ഞു തന്നെ,” അയാള്‍ പറഞ്ഞു.
“ഞാന്‍ പറഞ്ഞതല്ലേ?” മാനേജര്‍ പറഞ്ഞു.
ഇതിനിടയില്‍, മേശക്കു നടുവില്‍, കുട്ടി ഒരു പാത്രം ചീസു നിരത്തി. ബെര്‍ട് ലേഫ് പറഞ്ഞു: “എടുത്തു കഴിക്കൂ. ഒന്നാന്തരമാണവ.”
സംവിധായകന്‍റെ കണ്ണു തള്ളിപ്പോയി: “എവിടുന്നു കിട്ടിയിത്? ഫ്രാന്‍സിലാണ് നമ്മളെന്നു തോന്നിപ്പോകും.”
പൊടുന്നനെ, എല്ലാ സംഘര്‍ഷങ്ങളും പൂര്‍ണ്ണമായും അയഞ്ഞു. അന്തരീക്ഷം ശാന്തമായി. അവര്‍ സംസാരം തുടങ്ങി. ചീസു തിന്നു. മാനേജര്‍ക്കിതു (വളരെച്ചുരുക്കം ജാതി ചീസു കിട്ടുന്ന ഈ നാട്ടില്‍) എവിടെനിന്നു കിട്ടിയെന്നു അത്ഭുതം കൂറി. ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറച്ചു.
കാര്യങ്ങള്‍ പരകോടിയിലെത്തിയപ്പോള്‍, ബെര്‍ട് ലേഫ് എഴുന്നേറ്റു. വിട വാങ്ങി: “നിങ്ങളുടെ കൂട്ട് എനിക്കിഷ്ടമായി. ഞാനതിനു നന്ദി പറയട്ടെ. എന്‍റെ ചങ്ങാതി ഡോ. സ്ക്രേറ്റ ഇന്നു വൈകീട്ട് ഒരു കച്ചേരി നടത്തുന്നുണ്ട്. എനിക്കും റൂസേനക്കും അവിടെ പോകേണ്ടതുണ്ട്.”


19. നിരാശാകാമുകന്മാര്‍


റൂസേനയും ബെര്‍ട് ലേഫും സന്ധ്യയുടെ കനംകുറഞ്ഞ മഞ്ഞില്‍ അപ്രത്യക്ഷരായി. കുടിയന്മാരുടെ കൂട്ടത്തെ കാമാതുരതയുടെ സ്വപ്നദ്ദ്വീപിലേക്കു കൊണ്ടുപോയ ആദ്യത്തെ ആവേഗം അപ്പാടെ ഇല്ലാതായിക്കഴിഞ്ഞിരുന്നു. ഇനിയൊന്നിനും അതു തിരിച്ചുകൊണ്ടുവരാനാകില്ല. ഏവരും നിരാശക്കു കീഴടങ്ങി.
ഒരു സ്വപ്നത്തില്‍നിന്നുണരുന്നതു പോലെയാണ് കമീലക്കു തോന്നിയത്; എന്തു വിലകൊടുത്തും താന്‍ തങ്ങാനാഗ്രഹിച്ച സ്വപ്നത്തില്‍നിന്നും. കച്ചേരിക്കു പോകേണ്ടി വരില്ലെന്നായിരുന്നു അവള്‍ വിചാരിച്ചു കൊണ്ടിരുന്നത്. ഭര്‍ത്താവിനെ തിരഞ്ഞു പിടിക്കാനല്ല, മറിച്ച്, ഒരു സാഹസകൃത്യത്തിനുവേണ്ടിയാണ് താനിവിടെ വന്നതെന്ന്‍ തിരിച്ചറിയുന്നത് എത്രമാത്രം മനോഹരമായ ഒരു വിസ്മയമായി മാറിയേനെ. ഈ മൂന്നു സിനിമാക്കാര്‍ക്കൊപ്പം തങ്ങിയ ശേഷം, നാളെ രാവിലെ, പതുങ്ങി വീട്ടിലെത്തുന്നത് എത്ര ഗംഭീരമായിരുന്നേനെ. അതാണു ചെയ്യേണ്ടതെന്ന് അവളുടെ കാതിലൊരു ആമന്ത്രണമുണ്ടായി. അതാണ് വേണ്ടത്; അതാണ് മോചനം; അതാണ് ചികിത്സ; ഒരു വ്യാമോഹത്തില്‍നിന്നു അങ്ങിനെയാണ് ഉണരേണ്ടത്.
പക്ഷെ, ഇപ്പോള്‍ അവള്‍ തികച്ചും നല്ല ബോധത്തിലാണ്. മായികമായതെല്ലാം പ്രവര്‍ത്തിക്കാതായിരിക്കുന്നു. അവളിപ്പോള്‍, തന്‍റെ ഭൂതകാലത്തോടൊപ്പം, തീവ്രവേദനയാര്‍ന്ന പഴയ ചിന്തകള്‍നിറഞ്ഞ തലയോടൊപ്പം, ഏകയാണ്. അല്‍പ്പായുസ്സായ ഈ സ്വപ്നം, ഒരല്‍പ്പം മണിക്കൂറുകള്‍കൂടി, നീണ്ടുപോകുന്നത് അവള്‍ക്കിഷ്ടമായേനെ. പക്ഷെ, പ്രഭാതത്തിലെ അരണ്ട വെളിച്ചം പോലെ, സ്വപ്നം വിളറാന്‍ തുടങ്ങിയത് അവള്‍ മനസ്സിലാക്കി.
“എനിക്കും പോയേപറ്റൂ,” അവള്‍ പറഞ്ഞു.
അവളെ പിടിച്ചിരുത്താനുള്ള ശക്തിയും ആത്മവിശ്വാസവുമില്ലെന്നറിഞ്ഞിട്ടും, അവരവളെ നിരുത്സാഹപ്പെടുത്താന്‍ നോക്കി.
“നാശം!” ക്യാമറക്കാരന്‍ പറഞ്ഞു. “ആരായിരുന്നൂ ആ പഹയന്‍?”
അവര്‍ മാനേജരോട് ചോദിക്കാന്‍ നോക്കി. പക്ഷെ, ബെര്‍ട് ലേഫ് പോയിക്കഴിഞ്ഞതിനാല്‍, വീണ്ടും, ആരുമവരെ ശ്രദ്ധിക്കാതായി. ബാക്കിയായ ചീസും വീഞ്ഞുമുള്ള മേശക്കു ചുറ്റും അവരങ്ങിനെ ഉപേക്ഷിക്കപ്പെട്ടിരിക്കേ, മത്തുപിടിച്ച ഇടപാടുകാരുടെ ബഹളം റസ്റ്ററണ്ടില്‍നിന്നും പുറത്തേക്കുവന്നു.
“ആരായാലും, അയാള്‍ നമ്മുടെ പാര്‍ട്ടി നശിപ്പിച്ചു. നമ്മുടെ സ്ത്രീകളിലൊരുവളെ കൊണ്ടുപോയി. മാറ്റവളാകട്ടെ ഒറ്റക്കുപോകാനിരിക്കുന്നു. വാ, നമുക്കു കമീലക്കൊപ്പം പോകാം.”
“വേണ്ട,” അവള്‍ പറഞ്ഞു. “നിങ്ങളിവിടെ ഇരിക്ക്. എനിക്കൊറ്റക്കാകാനാണ് താല്‍പ്പര്യം.”
അവളിപ്പോള്‍ അവരുടെ കൂടെയല്ല. അവരുടെ സാന്നിദ്ധ്യം അവളെ അലോസരപ്പെടുത്തുകയാണ്‌. അസൂയ, മരണത്തെപ്പോലെ, അവളെത്തേടി വന്നിരിക്കുന്നു. അതിന്‍റെ കരുത്തിനു കീഴിലാണവള്‍. മറ്റൊന്നും അവള്‍ ശ്രദ്ധിക്കുന്നില്ല. അല്‍പ്പം മുമ്പ് ബെര്‍ട് ലേഫും റൂസേനയും പോയവഴിയേ അവളും വെച്ചുപിടിച്ചു. ദൂരെനിന്നു ക്യാമറക്കാരന്‍ പറയുന്നതവള്‍ കേട്ടു: “നാശം...”

20. കച്ചേരി


കലാകാരന്മാരുടെ മുറിയില്‍വെച്ചു സ്ക്രേറ്റയെ അഭിവാദ്യം ചെയ്തശേഷം, ജേക്കബ്ബും ഓള്‍ഗയും ഹാളിലേക്കു പോയി. ബാക്കിയുള്ള സായാന്ഹം ജേക്കബ്ബുമൊത്തു ഒറ്റക്കു കഴിയാനായി, ഓള്‍ഗക്കു ഇടവേളസമയത്തു സ്ഥലം വിടണമെന്നുണ്ടായിരുന്നു. നേരത്തേ ഇറങ്ങിയാല്‍ ചങ്ങാതിക്കു ദേഷ്യമുണ്ടാകുമെന്നു ജേക്കബ്ബ് മറുപടി പറഞ്ഞു. അയാളതു ശ്രദ്ധിക്കുകപോലുമുണ്ടാവില്ലെന്ന് ഓള്‍ഗ വാശി പിടിച്ചു.
ഏകദേശം നിറഞ്ഞിരിക്കുകയായിരുന്നു ഹാള്‍. അവര്‍ രണ്ടു പേരുടെ ഇരിപ്പിടങ്ങള്‍ മാത്രമേ അപ്പോഴും ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നുള്ളൂ. 
“ആ സ്ത്രീ നമ്മളെ നിഴലുപോലെ പിന്തുടരുകയാണ്,” ഇരിക്കുമ്പോള്‍ ജേക്കബ്ബിനു നേരെ ചാഞ്ഞ് ഓള്‍ഗ പറഞ്ഞു.
ജേക്കബ്ബ് തല വെട്ടിച്ചു. ഓള്‍ഗക്കരികെ ബെര്‍ട് ലേഫിനെ കണ്ടു. അയാള്‍ക്കരികെ, കൈസഞ്ചിയില്‍ വിഷമുള്ള, നഴ്സിനെ കണ്ടു. അയാളുടെ ഹൃദയമിടിപ്പൊന്നു നിന്നു. പക്ഷെ, ആയുഷ്ക്കാലം മുഴുവന്‍ ഉള്ളിലുള്ളതു പുറത്തു കാണിക്കാതിരിക്കാന്‍ കഠിനമായ് പരിശ്രമിച്ച ശീലമുള്ളതിനാല്‍, പൂര്‍ണ്ണ ശാന്തതയോടെ പറഞ്ഞു: “ഈ നിരയിലുള്ള ടിക്കിറ്റുകളെല്ലാം സ്ക്രേറ്റ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൌജന്യമായി നല്‍കിയതായിരിക്കണം. അതിനാല്‍, അയാള്‍ക്കു നമ്മളെവിടെയുണ്ടാകുമെന്നറിയാം. സ്ഥലം കാലിയാക്കിയാല്‍ അയാള്‍ക്കു പിടികിട്ടും.”
“ശബ്ദസംവിധാനം ശരിയല്ലാത്തതിനാല്‍, ഇടവേളക്കു ശേഷം, പിന്നിലേക്കു മാറിയാതാണെന്നു പറയണം,” ഓള്‍ഗ പറഞ്ഞു.
അപ്പോഴേക്കും ക്ലീമ തന്‍റെ സ്വര്‍ണ്ണക്കുഴലുമായി ബാന്‍ഡിന്‍റെ വേദിക്കു മുന്നിലേക്കു വരികയായിരുന്നു. ആള്‍ക്കൂട്ടം കയ്യടി തുടങ്ങി. അയാള്‍ക്കു പിറകെ സ്ക്രേറ്റ വന്നപ്പോള്‍ കയ്യടിയുടെ ശക്തി കൂടി. ഹാളാകെ മര്‍മ്മരങ്ങള്‍ മുഴങ്ങി. ഡോ. സ്ക്രേറ്റ കുഴലൂത്തുകാരനു പിന്നില്‍ വിനീതനായാണ് നിന്നത്. തലസ്ഥാനത്തു നിന്നുള്ള അതിഥിയാണ് കച്ചേരിയിലെ ശരിക്കുള്ള താരമെന്ന് സൂചിപ്പിക്കുമാറ്, ഒരല്‍പ്പം ചമ്മലോടെ, അയാള്‍ കൈ വീശി. ആ ചേഷ്ടയിലെ ഭംഗിയുള്ള ചമ്മല്‍ മനസ്സിലാക്കിയ ശ്രോതാക്കള്‍ കൂടുതലുച്ചത്തില്‍ കയ്യടിച്ചു പ്രതികരിച്ചു. ഹാളിനു പിറകില്‍നിന്നും ആരോ ഒച്ചവെച്ചു: “ഡോ. സ്ക്രേറ്റ നീണാള്‍ വാഴട്ടെ!”
തീരെ ശ്രദ്ധയാകര്‍ഷിക്കാതെ വന്ന, ഏറ്റവും കുറച്ചു കയ്യടി കിട്ടിയ, പിയാനോ വായനക്കാരന്‍ ഒരു താഴ്ന്ന കസേരയില്‍ പിയാനോക്കു മുമ്പിലിരുന്നു. ഭീമമായ ഒരു പറ്റം ഡ്രമ്മുകള്‍ക്കു പിറകിലായി സ്ക്രേറ്റ സ്ഥാനം പിടിച്ചു. അനായാസമായ താളത്തോടെ കുഴലൂത്തുകാരന്‍ പിയാനോക്കാരനും സ്ക്രേറ്റക്കുമിടയില്‍ ചുവടു വെച്ചു.
കരഘോഷം നിലച്ചു. പ്രാരംഭമായി ഒരു സോളോയ്ക്കു വേണ്ടി പിയാനോക്കാരന്‍ കീബോര്‍ഡില്‍ കട്ടയമര്‍ത്തി. പക്ഷെ, തന്‍റെ സുഹൃത്ത് അസ്വസ്ഥനായി, അലോസരത്തോടെ, അങ്ങുമിങ്ങും നോക്കുന്നത് ജേക്കബ്ബ് ശ്രദ്ധിച്ചു. കുഴലൂത്തുകാരനും വൈദ്യരുടെ അസ്വസ്ഥത മനസ്സിലാക്കി അയാളെ സമീപിച്ചു. സ്ക്രേറ്റ അവനോടെന്തോ പിറുപിറുത്തു. രണ്ടു പേരും കുനിഞ്ഞു. അവര്‍ തറ പരിശോധിച്ചു. കുഴലൂത്തുകാരന്‍ പിയാനോയുടെ ചുവട്ടില്‍നിന്ന്‍ ഒരു ചെണ്ടക്കോല്‍ പെറുക്കി സ്ക്രേറ്റക്കു നീട്ടി.
ഈ രംഗം മുഴുവന്‍ സാകൂതം നോക്കിയിരുന്ന ശ്രോതാക്കള്‍ വീണ്ടും കയ്യടിച്ചു. തന്‍റെ സോളോയ്ക്കുള്ള കയ്യടിയാണതെന്നു ധരിച്ച പിയാനോക്കാരന്‍, അതു തല വണങ്ങി സ്വീകരിച്ചു വായന തുടര്‍ന്നു.
ഓള്‍ഗ ജേക്കബ്ബിന്‍റെ കരം ഗ്രഹിച്ചു. അയാളുടെ കാതില്‍ മന്ത്രിച്ചു: “ഇതു ഗംഭീരം തന്നെ! എന്‍റെ പൊട്ടഭാഗ്യം ഈ നിമിഷം മുതല്‍ ഇല്ലാതായെന്നു തോന്നിക്കും വിധം ഗംഭീരം!”
ഒടുവില്‍, കുഴലും ചെണ്ടയും കൂടെച്ചേര്‍ന്നു. കൊച്ചു ചുവടുകള്‍ വെച്ചു ക്ലീമ സമയത്തിനൊത്ത് കുഴലൂതി. അന്തസ്സും ഔജ്ജ്വല്യവുമുള്ള ഒരു ബുദ്ധനെപ്പോലെ സ്ക്രേറ്റ ഡ്രമ്മുകള്‍ക്കു പിറകില്‍ സിംഹാസനസ്ഥനായി.
കച്ചേരിക്കിടയില്‍, സ്ക്രേറ്റ ഡ്രമ്മില്‍ അടിച്ചു പൊളിക്കുമ്പോള്‍, ശ്രോതാക്കള്‍ കയ്യടിച്ചാര്‍ത്തലക്കുമ്പോള്‍, നഴ്സ് മരുന്നിനെക്കുറിച്ചോര്‍ക്കുന്നതും, അതു വിഴുങ്ങുന്നതും, ആകെ വിറക്കുന്നതും, ഇരിപ്പിടത്തില്‍ മരിച്ചു വീഴുന്നതും ജേക്കബ്ബ് ഭാവനയില്‍ക്കണ്ടു.
പൊടുന്നനെ, തന്‍റെ അതേ നിരയില്‍ ആ യുവതി ഇരിക്കാനുള്ള കാരണം അയാള്‍ക്കു വ്യക്തമായി: അല്‍പ്പം മുമ്പ് വീഞ്ഞുശാലയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടല്‍ ഒരു പ്രലോഭനമായിരുന്നു. ഒരു പരീക്ഷണം. അതു സംഭവിച്ചത്, സ്വന്തം പ്രതിച്ഛായ കണ്ണാടിയില്‍ കാട്ടിത്തരാന്‍ വേണ്ടി മാത്രമായിരുന്നു: അയല്‍ക്കാരനു വിഷം നല്‍കുന്ന ഒരുവന്‍റെ പ്രതിച്ഛായ. പക്ഷെ, തന്നെ പരീക്ഷിക്കുന്നവന്‍ (ആരില്‍ താന്‍ വിശ്വസിക്കുന്നില്ലയോ, ആ ദൈവം) ഒരു നിണബലി, നിഷ്കളങ്കരുടെ നിണം, ആവശ്യപ്പെടുന്നില്ല. ഈ പരീക്ഷയുടെ കലാശം ഒരു മരണത്തിലല്ല; അനുചിതമായ തന്‍റെ ധാര്‍മ്മിക ഗര്‍വ്വിനെ കയ്യടക്കിയേക്കാവുന്ന തന്‍റെ സ്വയം വെളിപ്പെടുത്തലിലായിരിക്കും. ഈ അവസാന നിമിഷം ആ നഴ്സ് തന്‍റെ അതേ നിരയിലിരിക്കുന്നത് അവളുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടിയാകുന്നു. അതിനാല്‍ത്തന്നെയാണ് തലേന്നു തന്‍റെ സുഹൃത്തായി മാറിയ മനുഷ്യനരികില്‍ അവളിരിക്കുന്നത്. ആ മനുഷ്യന്‍ തനിക്കു സഹായിയാകും.
അതെ, ആദ്യം കിട്ടാവുന്ന അവസരവും കാത്തു താനിരിക്കും. ഒരു പക്ഷെ, ആദ്യത്തെ ഇടവേള വരുമ്പോള്‍. അപ്പോള്‍, ഒരു നിമിഷം തനിക്കൊപ്പം പുറത്തേക്കു വരാന്‍ ബെര്‍ട് ലേഫിനോടും ആ യുവതിയോടും അപേക്ഷിക്കാം. ഒരിക്കല്‍ പുറത്തുവന്നാല്‍ താനെല്ലാം വിശദമായി പറയും. അതോടെ അവിശ്വസനീയമായ ഈ ഭ്രാന്ത് അവസാനിക്കും.
സംഗീതജ്ഞര്‍ ആദ്യത്തെ ശകലം പൂര്‍ത്തിയാക്കി. കരഘോഷമുണ്ടായി. നഴ്സ് “ഇക്സ്ക്യൂസ് മീ” എന്നു പറഞ്ഞ് ബെര്‍ട് ലേഫിനൊപ്പം ഇരിപ്പിടം വിട്ടു. ജേക്കബ്ബ് എഴുന്നേറ്റ് അവരെ പിന്തുടരാന്‍ തുനിഞ്ഞു. പക്ഷെ, ഓള്‍ഗ അയാളുടെ കൈ പിടിച്ചു വലിച്ചു നിര്‍ത്തി: “വേണ്ട, ഇപ്പഴല്ല. ഇടവേളയ്ക്കു ശേഷം!”
എല്ലാം അയാള്‍ എന്താണു നടക്കുന്നതെന്നറിയുന്നതിനുമുമ്പായിരുന്നു. മേളക്കാര്‍ അടുത്ത ശകലം വായിക്കുന്നതു തുടങ്ങി. തന്നെ പരീക്ഷിക്കുന്നവന്‍ റൂസേനയെ തനിക്കടുത്തിരുത്തിയത് തന്നെ മോചിപ്പിക്കാനല്ല, തന്‍റെ തോല്‍വിയെയും, ശാപത്തെയും നിസ്സംശയം സ്ഥിരീകരിക്കാനാണെന്നു ജേക്കബ്ബിനു  ബോദ്ധ്യമായി.
കുഴലൂത്തുകാരന്‍ ഊതുകയായിരുന്നു. ഗാംഭീര്യമാര്‍ന്ന ഒരു ബുദ്ധനെപ്പോലെ സ്ക്രേറ്റ ഡ്രമ്മുകള്‍ക്കു പിറകില്‍ ഉത്തുംഗമായി ഇരിക്കുകയായിരുന്നു. ജേക്കബ്ബോ, ഇരിപ്പിടത്തില്‍ അനങ്ങാതെയും. അയാള്‍ കുഴലൂത്തുകാരനെ കണ്ടില്ല. ഡോ. സ്ക്രേറ്റയെ കണ്ടില്ല. കണ്ടത് തന്നെത്തന്നെ ആയിരുന്നു. അയാള്‍ താന്‍ അനങ്ങാതിരിക്കുന്നത് കണ്ടു. ഭീകരമായ ആ  കാഴ്ച്ചയില്‍നിന്നും സ്വന്തം കണ്ണുകള്‍ പറിച്ചെടുക്കാന്‍ അയാള്‍ക്കായില്ല. 

21. കമീലയുടെ വരവ്


തന്‍റെ കുഴലിന്‍റെ സ്പഷ്ടമായ ശബ്ദം കാതുകളില്‍ പ്രതിപ്പ്രകമ്പനമുണ്ടാക്കിയപ്പോള്‍, അങ്ങിനെ പ്രകമ്പനം കൊള്ളുന്നത് താന്‍തന്നെയാണെന്ന് ക്ലീമ ധരിച്ചു. ഹാള്‍ മുഴുവന്‍ നിറയുന്നത് താന്‍ മത്രമാണ്. അവനു താന്‍ ശക്തിമാനും അജയ്യനുമാണെന്നു അനുഭവപ്പെട്ടു. സമ്മാനടിക്കറ്റുകാര്‍ക്ക് ഒഴിച്ചിട്ടിരുന്ന നിരയിലെ ഒരിരിപ്പിടത്തില്‍ റൂസേന ഇരിപ്പുണ്ടായിരുന്നു. അരികെ, ബെര്‍ട് ലേഫും (അതൊരു ശുഭ ശകുനമാണ്). സായന്ഹാന്തരീക്ഷം സുഖദമായിരുന്നു. ശ്രോതാക്കള്‍ കാതുകൂര്‍പ്പിച്ചു കേള്‍ക്കുകയാണ്. അതും, വളരെ നല്ല മനസ്സോടെ. എല്ലാം ശുഭപര്യവസായിയാകുമെന്ന കരുതലുള്ള ഒരു പ്രതീക്ഷ ക്ലീമക്കതു നല്‍കി. ആദ്യ ശകലത്തിനുള്ള കയ്യടി ഉണ്ടായപ്പോള്‍, ആ വൈകുന്നേരം ഏതോ കാരണത്താല്‍ തനിക്കിഷ്ടവും അടുപ്പവും തോന്നിപ്പോയ, ഡോ സ്ക്രേറ്റയെ അവന്‍ ഭംഗിയാര്‍ന്ന ഒരാംഗ്യത്തോടെ ചൂണ്ടിക്കാട്ടി. ഡോക്റ്റര്‍ ഡ്രമ്മുകള്‍ക്കു പിറകില്‍ എഴുന്നേറ്റുനിന്നു തല വണങ്ങി.
പക്ഷെ, രണ്ടാമത്തെ സംഗീത ശകലത്തിനു ശേഷം അവന്‍ ശ്രോതാക്കളിലേക്കു നോക്കിയപ്പോള്‍ റൂസേനയുടെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുന്നതു കണ്ടു. അതവനെ ഭയപ്പെടുത്തി. അപ്പോള്‍ മുതലവന്‍ കുഴലൂതിയത് സംഘര്‍ഷത്തോടെ ആയിരുന്നു. ഹാള്‍ മുഴുവന്‍, ഓരോ സീറ്റു തോറും, അവന്‍റെ കണ്ണുകള്‍ പാഞ്ഞു നടന്നു. ഓരോ സീറ്റായി പരിശോധിച്ചിട്ടും അവളെ കണ്ടില്ല. അബോര്‍ഷന്‍ കമ്മറ്റിക്കു മുമ്പില്‍ ഹാജരാവില്ലെന്നു തീരുമാനിച്ചതുകൊണ്ട്, തന്‍റെ വാദങ്ങള്‍ക്കു കാതു തരാതിരിക്കാനായി, അവള്‍ മന:പൂര്‍വ്വം സ്ഥലം വിട്ടതാണെന്ന് അവന്‍ വിചാരിച്ചു. കച്ചേരിക്കു ശേഷം താനവളെ എവിടെ തിരയും? തനിക്കവളെ കണ്ടെത്താന്‍ പറ്റിയില്ലെങ്കില്‍ എന്തുണ്ടാകും? മോശമായി, യാന്ത്രികമായി, അശ്ശ്രദ്ധമായാണ് താന്‍ കുഴലു വായിക്കുന്നതെന്ന് അവനു തോന്നി. പക്ഷെ, കുഴലൂത്തുകാരന്‍റെ ഇരുണ്ട മാനസികാവസ്ഥ അറിയാന്‍ കഴിയാത്ത സദസ്സ് സംതൃപ്തമായിരുന്നു. ഓരോ സംഗീത ശകലത്തിനു ശേഷവും കരഘോഷത്തിന്‍റെ തീവ്രത വര്‍ദ്ധിച്ചു വന്നു. അവള്‍ റ്റോയ് ലെറ്റിലേക്കു പോയതാകാമെന്ന് അവന്‍ സ്വയം സമാധാനപ്പെടുത്തി. ഗര്‍ഭിണികള്‍ക്കു പൊതുവെ അത്തരം അസുഖമുണ്ടാകുമല്ലോ. അവളെന്തെങ്കിലുമെടുക്കാന്‍ വീട്ടിലേക്കു പോയതാകാമെന്നു, അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍, അവന്‍ കരുതി. താമസിയാതെ അവള്‍ ഇരിപ്പിടത്തില്‍ പ്രത്യക്ഷപ്പെടും. പക്ഷെ, ഇടവേളയും കഴിഞ്ഞ്, കച്ചേരി അവസാനിക്കാറായിട്ടും, ഇരിപ്പിടം ശൂന്യമായിത്തന്നെയിരുന്നു. ഒരു പക്ഷെ, കച്ചേരിക്കിടയില്‍ ഹാളിലേക്കു കടന്നു വരാന്‍ അവള്‍ മടിച്ചതായിരിക്കാം. അവസാനത്തെ കയ്യടിയുടെ സമയത്ത് അവള്‍ തിരിച്ചു വരും.
പക്ഷെ, ഇപ്പോള്‍ അവന്‍ അവസാനത്തെ കരഘോഷം കേള്‍ക്കുകയാണ്. റൂസേന വന്നിട്ടില്ല. ക്ലീമക്ക് എന്തു ചെയ്യണമെന്ന്‍ അറിയാതായി. സദസ്സ് എഴുന്നേറ്റു. മേളം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ക്ലീമ ഡോ. സ്ക്രേറ്റക്കു നേരെ തിരിഞ്ഞു. ഇനിയും വായിക്കാനില്ലെന്നു സൂചിപ്പിച്ചു. പക്ഷെ, അവന്‍ കണ്ടുമുട്ടിയ പ്രസരിപ്പാര്‍ന്ന കണ്ണുകളില്‍ ഡ്രം വായിക്കാന്‍, രാത്രി മുഴുവന്‍ ഡ്രം വായിക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു.
ഒരു താരത്തിന്‍റെ ലജ്ജ മാത്രമായാണ് സദസ്സ് ക്ലീമയുടെ തലകുലുക്കല്‍ വായിച്ചെടുത്തത്. അവര്‍ കയ്യടിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ്‌, വേദിയുടെ ചുവട്ടിലേക്ക്‌ സുന്ദരിയായ ഒരു യുവതി നീങ്ങി വന്നത്. അവളെ കണ്ടപ്പോള്‍ താന്‍ കുഴഞ്ഞു വീഴുമെന്നും, ബോധം നശിച്ച് ഒരിക്കലും ഉണരാതെ കിടക്കുമെന്നും, ക്ലീമക്കു തോന്നി. അവള്‍ അവനോട് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു (അവനവളുടെ വാക്കുകള്‍ കേട്ടില്ല; പക്ഷെ, അവളുടെ ചുണ്ടുകളില്‍നിന്നും അവ വായിച്ചെടുത്തു): “പ്ലീസ്,വായിക്കൂ! പ്ലീസ്! പ്ലീസ്!”
താന്‍ വായിക്കാന്‍ പോവുകയാണെന്ന് കാണിച്ചുകൊണ്ട് ക്ലീമ കുഴലുയര്‍ത്തി. ആ നിമിഷം സദസ്സ് നിശ്ശബ്ദമായി.
അവന്‍റെ രണ്ടു പങ്കാളികള്‍ക്കും സന്തോഷമായി. അവര്‍ അവസാനത്തെ സംഗീതശകലം വീണ്ടും തുടങ്ങി. സ്വന്തം ശവമഞ്ചത്തിനു പിറകെ അടിവെച്ചു നീങ്ങുന്ന മരണഗായകസംഘത്തില്‍ സ്വയം കുഴലൂതുന്നതു പോലെയാണ് ക്ലീമക്കു തോന്നിയത്. അവന്‍ കുഴലൂതി. എല്ലാം നഷ്ടമായെന്നു മനസ്സിലാക്കി. ഇനിയൊന്നും ചെയ്യാനില്ല. കണ്ണടച്ച്, രാജിയായി, വിധിയുടെ ചക്രങ്ങള്‍ക്കടിയില്‍ ചതഞ്ഞരയാന്‍ സ്വയം ഒരുങ്ങിയാല്‍ മാത്രം മതി.  



22. ബെര്‍റ്റ് ലേഫും റൂസേനയും


ബെര്‍റ്റ് ലേഫിന്‍റെ സ്വീറ്റ്. ഒരു കൊച്ചു മേശ മേല്‍ വിചിത്രമായ പേരുകളെഴുതിയ ലേബലുകളൊട്ടിച്ച കുപ്പികള്‍. വിലകൂടിയ മദ്യങ്ങളെക്കുറിച്ച് റൂസേനക്കൊന്നുമറിയില്ല. പ്രത്യേകിച്ചൊന്നിന്‍റെ പേരെടുത്തു ചോദിക്കാന്‍ കഴിയാത്തതിനാല്‍ അവള്‍ വിസ്കി ചോദിച്ചു.
അവളുടെ മണം, ഇതിനിടയില്‍, ഉന്മത്തതയുടെ മൂടല്‍ തുരന്നു സ്ഥിതിഗതി മനസ്സിലാക്കാന്‍ തുനിയുകയായിരുന്നു. തന്നെയെന്തിനാണ്, പ്രത്യേകിച്ച് ഇന്ന്, ബെര്‍റ്റ് ലേഫ് തിരഞ്ഞതെന്ന്‍ അവളയാളോടു പല വട്ടം ചോദിച്ചു. അവളെ അയാള്‍ക്കത്ര പരിചയമില്ലല്ലോ. “എനിക്കറിയണം,” അവള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു, “എന്നെക്കുറിച്ച് നിങ്ങളെന്തിനാണു ആലോചിച്ചതെന്ന് എനിക്കറിയണം.”
“കുറേ നാളായി ഞാന്‍ കാത്തിരിക്കുകയായിരുന്നു,” അവളുടെ കണ്ണുകളില്‍ നോട്ടമുറപ്പിച്ചുകൊണ്ട് ബെര്‍റ്റ് ലേഫ് പറഞ്ഞു.
“പക്ഷെ, എന്തിനിന്ന്? മറ്റൊരു ദിവസമല്ലാതെ?”
“എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ. നമ്മുടെ സമയം ഇപ്പൊഴാണ്.”
അമ്പരപ്പിക്കുന്ന വാക്കുകള്‍. പക്ഷെ, അവ ആത്മാര്‍ത്ഥമാണെന്നു റൂസേനക്കു തോന്നി. എന്തെങ്കിലുമൊന്നു സംഭവിപ്പിക്കാന്‍മാത്രം അസഹനീയമായിരുന്നു അവളുടെ അവസ്ഥയുടെ അപരിഹാര്യത.
“ഉവ്വ്,” അവള്‍ ഖേദത്തോടെ പറഞ്ഞു. “ഇന്നു വല്ലാത്തൊരു ദിവസമായിരുന്നു.”
“ഞാന്‍ വന്നത് ശരിയായ സമയത്തായിരുന്നുവെന്നു നിനക്കുമറിയാം,” ബെര്‍റ്റ് ലേഫ് പട്ടുപോലുള്ള സ്വരത്തില്‍ പറഞ്ഞു.
മനസ്സിലാകാത്ത, എന്നാല്‍ ആനന്ദകരമായ ഒരാശ്വാസം റൂസേനയെ കീഴടക്കി: കൃത്യമായും ഇന്നു തന്നെ ബെര്‍റ്റ് ലേഫ് വന്നത്, സംഭവിച്ചതെല്ലാം മുന്‍കൂട്ടി എവിടെയോ വെച്ചു കല്‍പ്പിക്കപ്പെട്ടതാണെന്നാണ് അര്‍ത്ഥമാക്കുന്നത്. അതിനാലിനി, ആ മഹാശക്തിയുടെ കയ്യില്‍ തന്നെയര്‍പ്പിച്ച്, തനിക്കു സമാധാനിക്കാം.
“ഉവ്വ്, നേരാണ്, നിങ്ങള്‍ വന്നത് ശരിയായ സമയത്താണ്,” അവള്‍ പറഞ്ഞു.
“അറിയാം.”
എങ്കിലും എന്തോ ഒന്നു അവള്‍ക്കു പിടികിട്ടാതെ നില്‍പ്പുണ്ടായിരുന്നു. “പക്ഷെ, എന്തിന്? നിങ്ങളെന്നെയെന്തിനു തിരയണം?”
“എനിക്കു നിന്നോടു സ്നേഹമുള്ളതു കൊണ്ട്.”
“സ്നേഹം” എന്നാ വാക്കുച്ചരിക്കപ്പെട്ടത് മൃദുവയാണ്. പക്ഷെ, പൊടുന്നനെ, അതാ മുറി മുഴുവന്‍ നിറഞ്ഞു.
റൂസേന സ്വരം താഴ്ത്തി: “നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നോ?”
“ഉവ്വ്, നിന്നെ ഞാന്‍ സ്നേഹിക്കുന്നു.”
ഫ്രാന്‍റിസെക്കും ക്ലീമയും മുമ്പേ അവളോടീ വാക്കുരിയാടിയതാണ്. പക്ഷെ, ഇപ്പോഴാണ് അതിനെ അവള്‍ ശരിക്കും മനസ്സിലാക്കിയത്; ആവശ്യപ്പെടാതെ, പ്രതീക്ഷിക്കാതെ, പച്ചയായി, അതു വന്നപ്പോള്‍. ഒരു വിസ്മയം പോലെയാണ് അതു മുറിയില്‍ കയറിയത്. അവര്‍ണ്ണനീയമായിരുന്നൂ അത്. എന്നാല്‍, റൂസേനക്കാത ഏറെ യഥാര്‍ത്ഥമായി. കാരണം, ലോകത്തിലെ പ്രാഥമികമായ ഏതു സംഗതിയും, കാരണമോ പ്രേരണയോ ഇല്ലാതെ, ഉള്‍പ്രേരണയൊന്നുകൊണ്ടുമാത്രം നിലനില്‍ക്കുന്നതാണല്ലോ.
“നേരോ?” പൊതുവെ ഒച്ച കൂടുതുലുള്ള അവളുടെ സ്വരം ഒരു മര്‍മ്മരം മാത്രമായി.
“നേര്.”
“പക്ഷെ, ഞാന്‍ വെറുമൊരു സാധാരണപെണ്ണാണ്.”
“അല്ലേയല്ല.”
“അതെ.”
“നീ സുന്ദരിയാണ്.’
“അല്ല.’
“നീ അലിവുള്ളവളാണ്.”
“അല്ല,” അവള്‍ തല കുലുക്കിപ്പറഞ്ഞു.
“നീ അലിവും നന്മയും പ്രസരിപ്പിക്കുന്നു.”
അവള്‍ തലയാട്ടി: “ഇല്ല, ഇല്ല, ഇല്ലാ.”
“നീയെന്താണെന്ന്‍ എനിക്കറിയാം. നിന്നേക്കാള്‍ നന്നായി.”
“അതേക്കുറിച്ച് നിങ്ങള്‍ക്കൊന്നുമറിയില്ല.”
“അറിയാം.”
മായികമായ ഒരു സ്നാനം പോലെയായിരുന്നു ബെര്‍റ്റ് ലേഫിന്‍റെ കണ്ണുകളില്‍ നിന്നു പ്രസരിച്ച അവളെക്കുറിച്ചുള്ള വിശ്വാസം. തന്നെ പുതഞ്ഞു തഴുകുന്ന ആ നോട്ടം കഴിയുന്നത്ര നീണ്ടുപോകട്ടെ എന്നവളാശിച്ചു.
“നേരോ, ഞാന്‍ അങ്ങിനെയാണോ?”
“അതെ. എനിക്കതറിയാം.”
അതൊരു തലകറക്കം പോലെ മനോഹരമായിരുന്നു: ബെര്‍റ്റ് ലേഫിന്‍റെ നോട്ടത്തില്‍ അവള്‍ ആര്‍ദ്രയും, വിമലയും, സൌമ്യയുമായി. താനൊരു റാണിയെപ്പോലെ കുലീനയാണെന്നു അവള്‍ക്കു തോന്നി. തേനും സുഗന്ധവര്‍ഗ്ഗങ്ങളും കഴിച്ചു, പൊടുന്നനെ, മത്തുപിടിച്ചതു പോലെയായിരുന്നു അത്. താന്‍ ആരാദ്ധ്യയാണെന്ന് അവള്‍ സ്വയം കണ്ടു. (എന്‍റെ ദൈവമേ! താനിത്ര ആരാദ്ധ്യയാണെന്ന് താനിതു വരെ മനസ്സിലാക്കിയിരുന്നില്ലല്ലോ!)
അവള്‍ പ്രതിഷേധം തുടര്‍ന്നു: “പക്ഷെ, നിങ്ങള്‍ക്കെന്നെ ഒട്ടുമറിയല്ല.”
“ഒരു പാടു കാലമായി നിന്നെയെനിക്കറിയാം. ഒരു പാടു കാലമായി നിന്നെ ഞാന്‍ നിരീക്ഷിക്കുന്നു. നീയാകട്ടെ, സംശയിച്ചതു പോലുമില്ല. നീ എനിക്കു ഹൃദിസ്ഥമാണ്,” അവളുടെ മുഖത്താകെ വിരലുകളോടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. “നിന്‍റെ നാസിക, പതിയെ വിടരുന്ന പുഞ്ചിരി, നിന്‍റെ തലമുടി...”
പിന്നെയയാല്‍ അവളുടെ ഉടുപ്പിന്‍റെ കുടുക്കുകളൂരാന്‍ തുടങ്ങി. അവള്‍ എതിര്‍ത്തതേയില്ല. അവളയാളുടെ കണ്ണുകളിലേക്ക് ആഴത്തിലേക്കു നോക്കി; ജലം പോലെ, പട്ടുപോലുള്ള വെള്ളം പോലെയുള്ള, ആ നോട്ടത്തിലേക്ക്. അവള്‍ അയാള്‍ക്കഭിമുഖമായി ഇരിക്കുകയായിരുന്നു. അവളുടെ മുലകള്‍ അയാളുടെ നോട്ടത്തിനു മുമ്പില്‍ ഉയര്‍ന്നുവന്നു; കാണപ്പെടാനും പുകഴ്ത്തപ്പെടാനുമുള്ള കാമനയോടെ. സൂര്യനു നേരെ സൂര്യകാന്തിപ്പൂവെന്നപോലെ അവളുടെ ശരീരം മുഴുവന്‍ അയാള്‍ക്കു നേരെ തിരിഞ്ഞു.       

23. ഓള്‍ഗയുടെ ആഗ്രഹം


അവര്‍ ജേക്കബ്ബിന്‍റെ മുറിയിലായിരുന്നു. ഓള്‍ഗ സംസാരിക്കുകയായിരുന്നു. ജേക്കബ്ബാകട്ടെ, ഇനിയും സമയമുണ്ടെന്നു സ്വയം പറയുകയായിരുന്നു. തനിക്കു കാള്‍മാര്‍ക്സ് ഹൌസിലേക്കു തിരിച്ചു പോകാം. അവളവിടെ ഇല്ലെങ്കില്‍ അടുത്ത സ്വീറ്റിലുള്ള ബെര്‍റ്റ് ലേഫിനെ ശല്യപ്പെടുത്താം. ആ യുവതി എവിടെപ്പോയെന്ന്‍ അറിയുമോയെന്നു അയാളോടു ചോദിക്കാം.
ഓള്‍ഗ ചിലച്ചുകൊണ്ടേയിരുന്നു. അയാളാകട്ടെ, നഴ്സിനെ കണ്ടെത്തി അവളോടു അതുമിതും വിക്കിവിക്കിപ്പറയുന്നതും, ഒഴിവുകഴിവും മാപ്പും പറയുന്നതും, ഗുളികകളുള്ള റ്റ്യൂബ് അവളില്‍നിന്നു വാങ്ങാന്‍ ശ്രമിക്കുന്നതുമായ, വേദനാകരമായ, രംഗം വിഭാവനം ചെയ്യുകയായിരുന്നു. പിന്നെ, പൊടുന്നനെ, നിരവധി മണിക്കൂറുകളായി താന്‍ നേരിടുകയായിരുന്ന ഈ ഭാവനാദൃശ്യങ്ങളാല്‍ പരിക്ഷീണിതനായതുകൊണ്ടെന്നപോലെ, തീവ്രമായ ഒരുപേക്ഷാഭാവം തന്നെ പിടികൂടുന്നതായി അയാള്‍ക്കനുഭവപ്പെട്ടു.
മടുപ്പുകൊണ്ടുണ്ടായ ഒരു വൈരാഗ്യം മാത്രമായിരുന്നില്ല അത്. ചിന്തിച്ചുറപ്പിച്ച, ആക്രമാല്‍ക്കമായ വൈരാഗ്യമായിരുന്നു. മഞ്ഞമുടിക്കാരി മരിച്ചാലും ജീവിച്ചാലും തനിക്കതു തീര്‍ത്തും ഒരുപോലെയാണെന്നും, അവളെ രക്ഷിക്കാന്‍ നോക്കുന്നത് കാപട്യവും നാണംകെട്ട നാടകവുമാകുമെന്നും ജേക്കബ്ബ് തിരിച്ചറിയാനിടയായി. അങ്ങിനെ ചെയ്‌താല്‍, അതു തന്നെ പരീക്ഷിക്കുന്ന ആ ഒരുവനെ ശരിക്കും ചതിക്കുകയാവും. കാരണം, ജേക്കബ്ബ് ശരിക്കുമെന്താണോ അതറിയുവാനാണ് തന്നെ പരീക്ഷിക്കുന്നവന്‍ (ഇല്ലാത്ത ദൈവം) ആഗ്രഹിക്കുന്നത്. അല്ലാതെ, താന്‍ ആരായി നടിക്കുന്നുവെന്നതല്ല.
ചാരുകസേരകളില്‍ അഭിമുഖമായി ഇരിക്കുകയായിരുന്നൂ അവര്‍. ഇടയിലൊരു കൊച്ചു മേശ ഉണ്ടായിരുന്നു. ആ മേശയിലേക്ക്‌ ഓള്‍ഗ ചായുന്നത് ജേക്കബ്ബ് കണ്ടു. അയാള്‍ അവളുടെ സ്വരം ശ്രവിച്ചു: “എനിക്കു നിങ്ങളെ ചുംബിക്കണം. ഇത്ര കാലമായി നമ്മള്‍ പരസ്പരമറിഞ്ഞിട്ടും, നമ്മളിതുവരെ ചുംബിക്കാതിരുന്നതെങ്ങിനെ?”    


24. ക്ലീമയുടെ തലവേദന


വെച്ചുപിടിപ്പിച്ച പുഞ്ചിരിയും, ഉള്ളിലാഴത്തില്‍ ആകുലതയുമായി, ശ്രീമതി ക്ലീമ ഭര്‍ത്താവിനു പിറകെ കലാകാരന്മാരുടെ മുറിയിലേക്കു കടന്നു. ക്ലീമയുടെ വെപ്പാട്ടിയുടെ ശരിക്കുള്ള മുഖം കാണാന്‍ അവള്‍ക്കു പേടിയായിരുന്നു. പക്ഷെ, അവിടെയൊരു വെപ്പാട്ടിയുമുണ്ടായിരുന്നില്ല. ആട്ടോഗ്രാഫാവശ്യപ്പെട്ടുകൊണ്ടു  ക്ലീമക്കു ചുറ്റും വട്ടമിട്ടു നില്‍ക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ടായിരുന്നു. ആര്‍ക്കും അവനെ വ്യക്തിപരമായി അറിയില്ലെന്നവള്‍ വിവേചിച്ചു (അവള്‍ക്കു പരുന്തിന്‍റെ കണ്ണുണ്ടല്ലോ) തിരിച്ചറിഞ്ഞു.
അതേസമയം, വെപ്പാട്ടി അരികിലെവിടെയോ ഉണ്ടെന്ന് അവള്‍ക്കുറപ്പായിരുന്നു. ക്ലീമയുടെ വിളറിയ, ശ്രദ്ധയെങ്ങോ നഷ്ടപ്പെട്ട, മുഖത്ത് അവള്‍ക്കതു കാണാന്‍ കഴിഞ്ഞു. അവളെത്ര കപടമായാണോ അവനോടു പുഞ്ചിരിച്ചത്, അത്രയും കപടമായി അവനവളോടു പുഞ്ചിരിച്ചു.
ഡോ. സ്ക്രേറ്റയും മറ്റു ചിലരും (ഡോക്റ്റര്‍മാരും അവരുടെ ഭാര്യമാരുമാകണം) ശ്രീമതി ക്ലീമയുടെ നേരെ തലയാട്ടി സ്വയം പരിചയപ്പെടുത്തി. ക്ലീമയാകട്ടെ, ക്ഷീണമാണെന്നു ഒഴിവുകഴിവുണ്ടാക്കി. വെപ്പാട്ടി ബാറിലുണ്ടായിരിക്കണമെന്ന് ശ്രീമതി ക്ലീമ അനുമാനിച്ചു. അതുകൊണ്ടായിരിക്കണം ക്ലീമ അവിടേക്കു പോകാത്തത്. ദുരന്തമൊരു കാന്തം പോലെ അവളെ ആകര്‍ഷിക്കുകയാല്‍, ക്ഷീണം മറന്നു തന്നെ സന്തോഷിപ്പിക്കാന്‍ അവളവനോടാവശ്യപ്പെട്ടു.
എന്നാല്‍, ക്ലീമയുമായി ബന്ധമുണ്ടെന്ന് അവള്‍ സംശയിക്കുന്ന ഒരു സ്ത്രീയും ബാറിലുമില്ലായിരുന്നു. അവര്‍ വലിയൊരു മേശക്കു ചുറ്റുമിരുന്നു. ഡോ. സ്ക്രേറ്റ വാചാലമായി കുഴലൂത്തുകാരനെ സ്തുതിച്ചു. പ്രകടിപ്പിക്കാന്‍പറ്റാത്ത, ലജ്ജയാര്‍ന്ന, സന്തോഷത്തിലായിരുന്നൂ ഫാര്‍മസിസ്റ്റ്. ശ്രീമതി ക്ലീമ സൌമ്യമായിരിക്കാനും പ്രസന്നതയോടെ സംസാരിക്കാനും പരിശ്രമിച്ചു: “ഡോകറ്റര്‍, നിങ്ങള്‍ ഗംഭീരമായിരുന്നു,” അവള്‍ സ്ക്രേറ്റയോടു പറഞ്ഞു. “നിങ്ങളും, എന്‍റെ പൊന്നു ഫാര്‍മസിസ്റ്റേ. ആര്‍ജ്ജവമുള്ളതും, പ്രസന്നവും, സ്വച്ഛന്ദവുമായിരുന്നു അന്തരീക്ഷം. തലസ്ഥാനത്തെ കച്ചേരികളെക്കാള്‍ ആയിരംമടങ്ങു ഭേദം.”
ക്ലീമയെ നേരെ നോക്കിയില്ലെങ്കിലും, അവളൊരു നിമിഷംപോലും അവനെ നിരീക്ഷിക്കുന്നത് നിര്‍ത്തിയില്ല. വളരെ പണിപ്പെട്ടാണ് അവനവന്‍റെ അസ്വസ്ഥത മറക്കുന്നതെന്ന് അവള്‍ക്കു തോന്നി. തന്‍റെ മനസ്സെവിടെയോ ആണെന്നു കാണിക്കാതിരിക്കാനാണ് ഇടക്കിടെ അവന്‍ ഒന്നോ രണ്ടോ വാക്കുരിയാടുന്നത്. അവന്‍റെ എന്തോ ഒരു കാര്യം താന്‍ അവതാളത്തിലാക്കിയിരിക്കുന്നുവെന്നത് സ്പഷ്ടം. അതു സാധാരണമായൊരു സാഹസമായിരുന്നുവെങ്കില്‍ (മറ്റൊരു പെണ്ണിനെ പ്രേമിക്കാന്‍ തനിക്കാവില്ലെന്ന് ക്ലീമ എപ്പോഴും തലങ്ങും വിലങ്ങും ആണയിട്ടു പറയുമായിരുന്നു) ഇത്ര അഗാധമായ അവസാദത്തിലേക്കവന്‍ താഴുമായിരുന്നില്ല. വെപ്പാട്ടിയെ താന്‍ കണ്ടിട്ടില്ലെന്നതു നേരു തന്നെ. പക്ഷെ, ആ പ്രേമം താന്‍ കാണുന്നുണ്ട്; അവന്‍റെ മുഖത്തെയാ പ്രേമം (ആ യാതന, ആ ഗതികെട്ട പ്രേമം). ആ കാഴ്ച്ചയാണ്, ഒരു പക്ഷെ, കൂടുതല്‍ വേദനയുണ്ടാക്കുന്നത്.
“എന്തു പറ്റി, മിസ്റ്റര്‍ ക്ലീമാ?” മിണ്ടാതിരുന്നതുകൊണ്ട് കാര്യങ്ങള്‍ പെട്ടെന്നു ഗ്രഹിക്കാന്‍ പറ്റിയ, കൂടുതല്‍ അടുപ്പം കാട്ടിയ, ഫാര്‍മസിസ്റ്റ് ചോദിച്ചു.
“ഹേയ്, ഒന്നുമില്ല!” പേടിച്ച ക്ലീമ പറഞ്ഞു. “ചെറിയൊരു തലവേദന.”
“ഒരാസ്പിരിന്‍ തരട്ടെ?” ഫാര്‍മസിസ്റ്റ് ചോദിച്ചു.
“വേണ്ട, വേണ്ട,” കുഴലൂത്തുകാരന്‍ തലകുലുക്കിപ്പറഞ്ഞു. “പക്ഷെ, ഞങ്ങളല്‍പ്പം നേരെത്തെ പോയേക്കും. അതിനു ക്ഷമ ചോദിക്കുന്നു. എനിക്കു ശരിക്കും നല്ല ക്ഷീണമുണ്ട്.”  


25. ഓള്‍ഗയുടെ തന്‍റേടം


ഒടുവില്‍ തനിക്കതു ചെയ്യാനുള്ള ധൈര്യമെങ്ങിനെ ഉണ്ടായി?
വീഞ്ഞുശാലയില്‍ ജേക്കബ്ബിനൊപ്പം കൂടിയതു മുതല്‍, അയാള്‍ അയാളല്ലായെന്നു താന്‍ കണ്ടതാണ്. അയാള്‍ മൌനിയായിരുന്നെങ്കിലും, പ്രസന്നനായിരുന്നു. ശ്രദ്ധ പതറിയിരുന്നെങ്കിലും, അനുസരണകാണിച്ചിരുന്നു. മനസ്സു വേറെവിടയോ ആയിരുന്നെങ്കിലും, താനാശിച്ചതു ചെയ്തിരുന്നു. ശ്രദ്ധ പാളുന്നത് (അടുത്തുതന്നെ നാടുവിടേണ്ടതുകൊണ്ടാകണം അതങ്ങിനെയെന്നു അവള്‍ കരുതി) തനിക്കു സന്തോഷമാണുണ്ടാക്കിയത്. അസന്നിഹിതമായ ഒരു മുഖത്തോടാണ് താന്‍ സംസാരിച്ചു കൊണ്ടിരുന്നത്. കേള്‍ക്കാന്‍ പാടില്ലാത്തത്ര ദൂരങ്ങളിലേക്കാണ് താന്‍ സംസാരിക്കുന്നതെന്ന് അവള്‍ക്കു തോന്നി. അതുകൊണ്ട്, മുമ്പു പറയാതിരുന്ന കാര്യങ്ങളെല്ലാം അവള്‍ക്കയാളോടു പറയാറായി.
ഇപ്പോള്‍, അയാളോടൊരു ചുംബനം ആവശ്യപ്പെട്ടപ്പോള്‍, താന്‍ അയാളെ അസ്വസ്ഥനാക്കിയെന്ന്‍, ശല്യപ്പെടുത്തിയെന്ന്‍, അവള്‍ക്കു തോന്നി. പക്ഷെ, അതവളെ നിരുത്സാഹപ്പെടുത്തിയതേയില്ല. മറിച്ച്, അതവളെ സന്തുഷ്ടയാക്കി. താനെന്നുമാകാനാശിച്ചിരുന്ന തന്‍റേടിയും, പ്രകോപിപ്പിക്കുന്നവളുമായ സ്ത്രീയായി താനൊടുവില്‍ മാറിയെന്ന് അവള്‍ക്കനുഭവപ്പെട്ടു. സംഭവങ്ങളെ ഭരിക്കുന്ന, അവയെ പ്രവര്‍ത്തനനിരതമാക്കുന്ന, പങ്കാളിയെ കൌതുകത്തോടെ നിരീക്ഷിക്കുന്ന, അവനെ ധര്‍മ്മസങ്കടത്തിലാക്കുന്ന സ്ത്രീ.
അവളയാളുടെ കണ്ണുകളിലേക്കു ചുഴിഞ്ഞു നോക്കുന്നതു തുടര്‍ന്നു. പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: “ഇവിടെവെച്ചു വേണ്ട. മേശക്കു മേലെ ചാഞ്ഞുകൊണ്ട് ചുംബിക്കുക പരിഹാസ്യമല്ലേ. വരൂ.”
അവളയാളുടെ കൈ പിടിച്ചു. തന്‍റെ മേന്മയും, ലാവണ്യവും, ശാന്തമായ ശക്തിയും നുണഞ്ഞുകൊണ്ട്, പകലുറങ്ങുന്ന കിടക്കയിലേക്കു അയാളെ നയിച്ചു. പിന്നീടവള്‍ അയാളെ ചുംബിച്ചു. മുമ്പൊരിക്കലുമറിഞ്ഞിട്ടില്ലാത്ത ഒരു വികാരം അവളിലിളകി. പക്ഷെ, അതു നിയന്ത്രിക്കാനകാത്ത ഒരു ശരീരത്തിന്‍റെ സഹജമായ വികാരമായിരുന്നില്ല. അതു പ്രജ്ഞയുടെ വികാരമായിരുന്നു. ബോധപൂര്‍വ്വമായ, ആലോചനാപൂര്‍വ്വമായ വികാരം. ജേക്കബ്ബില്‍നിന്നും അയാളുടെ പിതാവിന്‍റെ വേഷം അവള്‍ക്കു ചീന്തിക്കളയേണ്ടിയിരുന്നു. അയാളില്‍ ആഘാതമേല്‍പ്പിക്കേണ്ടിയിരുന്നു. അയാളുടെ അമ്പരപ്പുകണ്ട് തനിക്കു  ഉത്തേജനമുണ്ടാകണം. അയാളെ ബലാല്‍ക്കാരം ചെയ്യണം. അയാള്‍ തന്നെ ബലാല്‍ക്കാരം ചെയ്യുന്നതു സ്വയം കാണണം. അയാളുടെ നാവിന്‍റെ രുചി അറിയണം. ആ പിതാവിന്‍റേതു പോലുള്ള കൈകള്‍ക്കു മെല്ലെമെല്ലെ തന്‍റേടം വെക്കുന്നതും, അവ തന്നെ തലോടലുകളാല്‍ മൂടുന്നതും അനുഭവിക്കണം.
അവളയാളുടെ ജാക്കറ്റ് കുടുക്കുകളൂരി അഴിച്ചു മാറ്റി.           


26. ഫ്രാന്‍റിസെക്കിന്‍റെ ജാഗ്രത


കച്ചേരിനടക്കുന്ന സമയം മുഴുവന്‍ അവന്‍ കണ്ണുകള്‍ അവനില്‍നിന്നു പറിച്ചെടുത്തിരുന്നില്ല. കച്ചേരി കഴിഞ്ഞപ്പോള്‍, അവന്‍ ആട്ടോഗ്രാഫുകള്‍ക്കു വേണ്ടി കലാകാരന്മാരെത്തേടി വേദിക്കു പിറകിലേക്കു കുതിച്ച ആരാധകര്‍ക്കിടയില്‍ കലര്‍ന്നു. റൂസേന, പക്ഷെ, അവിടെ ഉണ്ടായിരുന്നില്ല. സുഖചികിത്സാനഗരത്തിലെ ബാറിലേക്ക് കുഴലൂത്തുകാരനെ നയിക്കുന്ന ഒരു പറ്റം ആള്‍ക്കാരെ അവന്‍ പിന്തുടര്‍ന്നു. അവര്‍ക്കു പിറകെ അവനും അകത്തുകയറി. കുഴലൂത്തുകാരനെക്കാത്ത് റൂസേന അവിടെ ഇരിപ്പുണ്ടാകുമെന്ന് അവനുറപ്പായിരുന്നു. എന്നാല്‍, അവനു തെറ്റി. അവന്‍ പുറത്തിറങ്ങി. ഏറെ നേരം വാതിലില്‍ത്തന്നെ ദൃഷ്ടിയുറപ്പിച്ചു.
പെട്ടന്നവനിലൊരു വേദനയുളവായി. സ്വന്തം ശരീരത്തോടൊരു സ്ത്രീരൂപത്തെ അടക്കിപ്പിടിച്ച്, കുഴലൂത്തുകാരന്‍ ബാറിനു പുറത്തു വന്നിരിക്കുന്നു. അതു റൂസേനയാണെന്ന് അവനാദ്യം കരുതി. പക്ഷെ, അതവളല്ലായിരുന്നു.
അവന്‍ വേഗത്തില്‍ പാര്‍ക്കു കടന്ന്‍ കാള്‍മാര്‍ക്സ് ഹൌസിലേക്കു പോയി. വാതില്‍ അപ്പോഴും പൂട്ടിയിട്ടിരിക്കുകയായിരുന്നു. റൂസേന വീട്ടിലുണ്ടോയെന്നു അയാള്‍ കാവല്‍ക്കാരനോടു ചോദിച്ചു. അവളവിടെ ഇല്ലായിരുന്നു.
അവന്‍ റിച്മണ്ടിലേക്കു തിരിച്ചോടി. ഇതിനിടയില്‍ റൂസേന ക്ലീമക്കൊപ്പം ചേര്‍ന്നിരിക്കുമെന്ന് അവന്‍ ആശങ്കിച്ചു. വാതിലില്‍ നോട്ടമുറപ്പിച്ച് അവന്‍ പാര്‍ക്കിലെ വഴിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. എന്താണു നടക്കുന്നതെന്ന് അവനു പിടികിട്ടിയില്ല. ഒരു പാടു സാദ്ധ്യതകള്‍ അവന്‍റെ മനസ്സിലേക്കു വന്നു. പക്ഷെ, അവയൊന്നും കാര്യമുള്ളതല്ല. താനിവിടെയുണ്ടെന്നതും, താന്‍ നിരീക്ഷിക്കുകയാണെന്നതും, അവരെ കാണുംവരെ നിരീക്ഷിക്കുമെന്നതുമാണ് കാര്യം.
എന്തിന്? അതുകൊണ്ടെന്തു മേന്മ? വീട്ടില്‍പ്പോയി കിടന്നുറങ്ങുന്നതല്ലേ കാമ്യം?
സത്യമൊടുവില്‍ കണ്ടുപിടിച്ചേ പറ്റൂ എന്നവന്‍ തന്നോടുതന്നെ ആവര്‍ത്തിച്ചു.
പക്ഷെ, സത്യം തനിക്കു ശരിക്കുമറിയണമെന്നുണ്ടോ? റൂസേന ക്ലീമയുമായി ശയിക്കുന്നുണ്ടെന്നതുറപ്പാക്കാന്‍ താനത്ര ശക്തമായ് ആഗ്രഹിക്കുന്നുണ്ടോ? റൂസേനയുടെ നിഷ്കളങ്കതക്കുള്ള ചില തെളിവല്ലേ താന്‍ തേടുന്നത്? എങ്കിലും, സംശയാലുവായ താന്‍ ആ തെളിവുകള്‍ക്കു വില കൊടുക്കുമോ?
എന്തിനാണു താന്‍ കാത്തിരിക്കുന്നതെന്ന്‍ അവനറിയില്ലായിരുന്നു. ഒരു പാടു നേരം കാത്തിരിക്കുമെന്നേ അവനറിയൂ. വേണ്ടിവന്നാല്‍ രാവുമുഴുവന്‍. അസൂയയാല്‍ പ്രേരിതമായ സമയം വിസ്മയിപ്പിക്കുന്ന വേഗത്തിലാണ് കടന്നു പോവുക. തീവ്രമായ ബൌദ്ധികവൃത്തിയെക്കാള്‍ പൂര്‍ണ്ണമായാണ് അസൂയ മനസ്സിനെ അടക്കിഭരിക്കുക. അത്തരമൊരു മനസ്സിനു ഒരു നിമിഷം പോലും വിശ്രമമില്ല. അസൂയക്കിരയാകുന്നവര്‍, ഒരിക്കലും, മടുപ്പറിയില്ല.
ഫ്രാന്‍റിസെക് ഒരു നൂറു മീറ്റര്‍ മാത്രം നീളമുള്ള ആ ചെറിയ വഴിയില്‍ ഉലാത്തിക്കൊണ്ടേയിരുന്നു. അവിടെനിന്നു നോക്കിയാല്‍ റിച്മണ്ടിന്‍റെ കവാടം കാണാം. അവനീ രാത്രി മുഴുവന്‍ അവിടെ ഇങ്ങിനെ ഉലാത്തും. മറ്റെല്ലാവരും ഉറങ്ങുന്നതു വരെ. അവനിങ്ങനെ നാളെ വരെ ഉലാത്തും; ഈ പുസ്തകത്തിന്‍റെ അവസാന ഭാഗം വരെ.
പക്ഷെ, എന്തുകൊണ്ടവനിരിക്കുന്നില്ലാ? റിച്മണ്ടിന് അഭിമുഖമായി കസേരകളുണ്ടല്ലോ.
ഇരിക്കാനവനാവില്ല. ആളിപ്പടരുന്ന പല്ലുവേദനപോലെയാണ് അസൂയ. അസൂയയുണ്ടായാല്‍ ഒന്നു ചെയ്യാനാവില്ല. ഇരിക്കാന്‍പോലും. വരാനും പോകാനുമേ പറ്റൂ. മുമ്പോട്ടും, പിന്നെ, പിറകോട്ടും.   


27. പ്രേമനാടകം


ബെര്‍റ്റ് ലേഫും റൂസേനയും, ജേക്കബ്ബും ഓള്‍ഗയും പോയ അതേ വഴിയിലൂടെയാണ് അവരും പോയത്. പടികള്‍ കയറി രണ്ടാം നിലയിലെത്തി, പതുപതുത്ത ചുകന്ന പരവതാനിയിലൂടെ, ഇടനാഴിയുടെ അറ്റത്തുള്ള ബെര്‍റ്റ് ലേഫിന്‍റെ സ്വീറ്റിന്‍റെ വലിയ വാതിലു വരെ അവര്‍ നടന്നു. സ്വീറ്റിനു വലതുവശം ജേക്കബ്ബിന്‍റെ മുറി. ഇടതുവശത്തെ മുറി ഡോ. സ്ക്രേറ്റ ക്ലീമക്കു നല്‍കിയിരുന്നു.
വാതില്‍ തുറന്നു വെളിച്ചം തെളിയിക്കുമ്പോള്‍, മുറിയാകെ കമീലയുടെ കണ്ണുകള്‍ തിടുക്കത്തില്‍ പരതുന്നത് ക്ലീമ ശ്രദ്ധിച്ചു. ഒരു പെണ്ണിന്‍റെ അടയാളങ്ങളാണ് അവള്‍ തിരയുന്നതെന്ന് അവനു മനസ്സിലായി. ആ നോട്ടം അവനു പരിചിതമാണല്ലോ. അവളെക്കുറിച്ചെല്ലാം അവനറിയുന്നതാണല്ലോ. അവളുടെ കാരുണ്യത്തില്‍ ആര്‍ജ്ജവമില്ലെന്നു അവനറിയാം. തന്നെ നിരീക്ഷിക്കാനാണ് അവള്‍ വന്നതെന്നും അറിയാം. തന്നെ സന്തോഷിപ്പിക്കാനാണ് വന്നതെന്ന് അവള്‍ നടിക്കുമെന്നും അവനറിയാം. തന്‍റെ ചമ്മല്‍ അവള്‍ സ്പഷ്ടമായും മനസ്സിലാക്കിയിരിക്കുന്നുവെന്നും, തന്‍റെ പ്രേമസാഹസങ്ങളിലൊന്ന് അവള്‍ നശിപ്പിച്ചിരിക്കുന്നുവെന്നു അവള്‍ക്കുറപ്പുണ്ടെന്നും അവന്‍ മനസ്സിലാക്കി.
“ഞാന്‍ വന്നത് നിന്നെ ശരിക്കും വിഷമിപ്പിച്ചില്ലല്ലോ, പൊന്നേ?” അവള്‍ ചോദിച്ചു.
“എന്തിന്?”
“നിനക്കിവിടെ സുഖം തോന്നില്ലെന്നായിരുന്നു എന്‍റെ ആശങ്ക.”
“നേര്. നീയില്ലാതെ എനിക്കു സുഖമുണ്ടാവില്ല. വേദിക്കുമുമ്പിലിരുന്നു നീ കയ്യടിക്കുന്നത് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.”
“നിനക്ക് ക്ഷീണമുണ്ടെന്നു തോന്നുന്നു. അതോ, നിന്നെയെന്തോ വിഷമിപ്പിക്കുന്നുണ്ടോ?”
“ഇല്ല, ഇല്ല, എന്നെയൊന്നും വിഷമിപ്പിക്കുന്നില്ല. ക്ഷീണമാണ്. അത്രമാത്രം.”
“ഇവിടെ നിനക്കു ചുറ്റും എപ്പോഴും പുരുഷന്മാരാണ്. അതാണു നിന്നെ സങ്കടപ്പെടുത്തുന്നത്. പക്ഷെ, ഇപ്പോള്‍ നിനക്കൊപ്പമുള്ളത് സുന്ദരിയായ ഒരു സ്ത്രീയാണ്. എന്താ, ഞാന്‍ സുന്ദരിയല്ലേ?”
“ആണ്. നീ സുന്ദരിയായൊരു പെണ്ണു തന്നെ,” ക്ലീമ മറുപടി പറഞ്ഞു. ആ ദിവസം അവനവളോടു പറഞ്ഞ ആര്‍ജ്ജവമുള്ള ആദ്യത്തെ വാക്കുകള്‍. മഹത്തരമാംവിധം സുന്ദരിയാണ് കമീല. ഈ സൌന്ദര്യം മരണത്തിനു വിധേയമാണല്ലോ എന്നാലോചിച്ചപ്പോള്‍ അവനു മരണവേദനയുണ്ടായി. പക്ഷെ, ആ സുന്ദരി ഇപ്പോള്‍ അവനെ നോക്കി പുഞ്ചിരിക്കുകയാണ്. അവന്‍റെ കണ്ണുകള്‍ക്കു മുമ്പില്‍ വെച്ച്, ഉടയാട ഉരിയാന്‍ തുടങ്ങുകയാണ്.. അവളുടെ ദേഹം അനാവൃതമാകുന്നത് അവന്‍ നോക്കിനിന്നു. താന്‍ അതിനോടു വിട പറയുകയാണെന്നാണവനു തോന്നിയത്. മുലകള്‍, അവളുടെ മനോഹരമായ, കുറ്റമറ്റ മുലകള്‍, അവളുടെ ഇടുങ്ങിയ അരക്കെട്ട്, അടിവസ്ത്രം വഴുതി മാറിയ അടിവയര്‍... അവനവളെ അഭിനിവേശത്തോടെ നോക്കി. അവളൊരു ഓര്‍മ്മയാണെന്നതു പോലെ. ഒരു ജാലകത്തിലൂടെയെന്ന പോലെ. വിദൂരത്തില്‍നിന്നെന്നപോലെ. അവനെ ഉണര്‍ത്താതിരിക്കാന്‍ മാത്രം വിദൂരത്തായിരുന്നു അവളുടെ നഗ്നത. എന്നിട്ടും, അവനവളെ ആര്‍ത്തിയുള്ള കണ്ണുകളോടെയാണ് നോക്കിയത്. വധശിക്ഷക്കു വിധിക്കപ്പെട്ടവന്‍ അവസാനത്തെ ഗ്ലാസ്സു കുടിച്ചു തീര്‍ക്കുന്നതു പോലെയാണ് അവനവളുടെ നഗ്നത കുടിച്ചത്. നഷ്ടപ്പെട്ട ജീവിതം കുടിക്കുന്ന ഒരുവനെപ്പോലെ. നഷ്ടമായ ഭൂതകാലം കുടിക്കുന്ന ഒരുവനെപ്പോലെ.
കമീല അവനെ സമീപിച്ചു: “എന്താ കാര്യം? നീ വസ്ത്രമഴിക്കുന്നില്ലേ?”
വസ്ത്രമഴിക്കാനേ അവനു കഴിയുമായിരുന്നുള്ളൂ. അവനാകെ സങ്കടമായിരുന്നു.
“നിനക്കൊപ്പം ചേരാന്‍ ഇത്ര ദൂരം താണ്ടി ഞാന്‍ വന്നു. അതുകൊണ്ട് ക്ഷീണമാണെന്നു പറയാന്‍ നിനക്കവകാശമില്ല. എനിക്കു നിന്നെ വേണം.”
അതു ശരിയല്ലെന്ന് അവനറിയാം. സംഭോഗത്തിനു കമീലക്കു തീരെ താല്‍പ്പര്യമില്ലെന്ന് അവനറിയാം. തന്‍റെ സങ്കടം കണ്ടതുകൊണ്ടും, അതു മറ്റൊരു സ്ത്രീയോടുള്ള പ്രേമത്തിന്‍റെ പേരിലാണെന്നു അവള്‍ ധരിച്ചതുകൊണ്ടും, പ്രകോപനപരമായി പെരുമാറാന്‍ അവള്‍ സ്വയം നിര്‍ബന്ധിക്കുകയാണ്. പ്രേമത്തിന്‍റെ ഈ വെല്ലുവിളിയിലൂടെ അവളവനെ പരീക്ഷിക്കുകയാണെന്ന് അവനറിയാം (ദൈവമേ, തനിക്കവളെ എത്ര നന്നായറിയാം!). തന്‍റെ മനസ്സ് മറ്റൊരു സ്ത്രീയില്‍ ഏതളവു വരെ മുഴുകിയിട്ടുണ്ടെന്നു പരീക്ഷിക്കാനാണ് അവളുടെ ശ്രമം. തന്‍റെ സങ്കടം കൊണ്ടു അവള്‍ക്കു സ്വയം മുറിവേല്‍പ്പിക്കേണ്ടതുണ്ടെന്നു അവനറിയാം.
“എനിക്കു ശരിക്കും ക്ഷീണമുണ്ട്,” അവന്‍ പറഞ്ഞു.
അവളവനെ കയ്യിലെടുത്തു. പിന്നെ, ശയ്യയിലേക്കു നയിച്ചു: “ഞാന്‍ നിന്‍റെ ക്ഷീണം മാറ്റുന്നതു കണ്ടോളൂ!” അവളവന്‍റെ നഗ്നദേഹം കൊണ്ടു കളിക്കാന്‍ തുടങ്ങി.
ഒരു ആപ്പറേഷന്‍ മേശക്കു മുകളിലെന്നപോലെയാണ് അവന്‍ കിടന്നത്. തന്‍റെ ഭാര്യയുടെ ശ്രമങ്ങളെല്ലാം വിഫലമാകുമെന്നവനറിയാം. അവന്‍റെ ദേഹം അതിലേക്കുതന്നെ ചുരുങ്ങി. വിടര്‍ന്നുവികസിക്കാന്‍ അതിനൊട്ടും ശക്തിയില്ലാതായി. അവന്‍റെ ദേഹമാകെ കമീലയുടെ നനഞ്ഞ ചുണ്ടുകളോടി നടന്നു. തന്നെയും അവളെത്തന്നെയും വേദനിപ്പിക്കുകയാണ് അവള്‍ക്കു വേണ്ടതെന്ന്‍ അവനറിഞ്ഞു. അതിനാല്‍, അവനവളെ വെറുത്തു. തന്‍റെ സ്നേഹത്തിന്‍റെ എല്ലാ തീവ്രതയോടും കൂടി വെറുത്തു. അവള്‍, അവള്‍ മാത്രമാണ്, അസൂയകൊണ്ടും, സംശയംകൊണ്ടും, അവിശ്വാസം കൊണ്ടും, അവള്‍, അവള്‍ മാത്രമാണ്, ഇന്നിവിടെ വരിക വഴി എല്ലാം നശിപ്പിച്ചത്. മറ്റൊരു സ്ത്രീയുടെ ഉദരത്തില്‍ നിക്ഷേപിച്ച, എഴുമാസങ്ങളുടെ അവസാനം എല്ലാം പൊട്ടിത്തറിപ്പിച്ചു നശിപ്പിക്കാന്‍ ഒരുക്കിവെച്ചിരിക്കുന്ന, ബോംബിന്‍റെ ഭീഷണി തങ്ങളുടെ വിവാഹജീവിതത്തിനുണ്ടായിരിക്കുന്നത് അവള്‍ കാരണമാണ്. തങ്ങളുടെ സ്നേഹത്തെക്കുറിച്ചുള്ള ഭ്രാന്തമായ ഭയം മൂലം എല്ലാം നശിപ്പിച്ചതവള്‍, അവള്‍ മാത്രമാണ്.
അവളവളുടെ വായ അവന്‍റെ വയറോടു ചേര്‍ത്തു. അവളുടെ സ്പര്‍ശത്തില്‍ അവന്‍റെ ജനനേന്ദ്രിയം ചുരുങ്ങുന്നതു അവളറിഞ്ഞു. അതുള്ളിലേക്കു വലിയുന്നു. അവളില്‍നിന്നകലുന്നു. കൂടുതല്‍ കൂടുതല്‍ വ്യാകുലമായി ചുരുങ്ങിച്ചുരുങ്ങിപ്പോകുന്നു. മറ്റൊരു പെണ്ണിനോടുള്ള പ്രേമത്തിന്‍റെ വ്യാപ്തിയായി കമീല അവളുടെ ദേഹത്തിന്‍റെ തിരസ്കാരത്തെ മനസ്സിലാക്കുമെന്ന് അവന്‍ മനസ്സിലാക്കി. അവള്‍ പീഡയനുഭവിക്കുന്നുണ്ടെന്നു അവനറിയാം. അവളെത്ര വേദനിക്കുന്നുവോ, അത്രയും അവള്‍ തന്നെ വേദനിപ്പിക്കും. പ്രാപ്തിയില്ലാത്ത തന്‍റെ ദേഹത്തെ നനഞ്ഞ ചുണ്ടുകള്‍കൊണ്ട് ചുംബിച്ചുകൊണ്ടേയിരിക്കും.       


28. ഒരു വിചിത്ര സംഭോഗം


ഈ പെണ്‍കുട്ടിയുമൊത്ത് ശയ്യ പങ്കിടാന്‍ അയാള്‍ ഒരിക്കലും ആശിച്ചിരുന്നില്ല. അവളെ സന്തുഷ്ടയാക്കാനാണ് അയാള്‍ ആഗ്രഹിച്ചത്; അവളില്‍ നന്മ ചൊരിയാനും. ഈ നന്മയ്ക്ക് ഇന്ദ്രിയലോലുപതയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഒന്നുകൂടി നന്നായിപ്പറഞ്ഞാല്‍, അതു അത്തരം ആഗ്രഹങ്ങള്‍ക്കു പുറത്തായിരുന്നു. പരിശുദ്ധവും, വൈരാഗ്യമാര്‍ന്നതും, എല്ലാ സുഖങ്ങളില്‍നിന്നും വേറിട്ടുനിന്നതുമായ നന്മ.
പക്ഷെ, അയാള്‍ക്കിപ്പോഴെന്തു ചെയ്യാന്‍ കഴിയും? തന്‍റെ നന്മയെ കളങ്കപ്പെടുത്താതിരിക്കാന്‍, ഓള്‍ഗയെ നിരസിക്കണോ? അതൊരിക്കലും തനിക്കാവില്ലെന്ന് അയാള്‍ക്കറിയാം. തന്‍റെ തിരസ്കാരം ഓള്‍ഗയെ വ്രണപ്പെടുത്തും. അതിന്‍റെ പാടുകള്‍ ഒരു പാടു കാലം അവളിലുണ്ടാകും. നന്മയുടെ കയ്പ്പു നിറഞ്ഞ പാനപാത്രം അവസാനത്തെ തുള്ളിവരെ കുടിച്ചേപറ്റൂവെന്നു അയാള്‍ തിരിച്ചറിഞ്ഞു.
അങ്ങിനെയിരിക്കേ, പൊടുന്നനെ, അവളയാള്‍ക്കു മുമ്പില്‍ നഗ്നയായ് അവതരിച്ചു. അവളുടെ മുഖം കുലീനവും ആകര്‍ഷകവുമാണെന്ന് അയാള്‍ സ്വയം പറഞ്ഞു. പക്ഷെ, അവളുടെ മുഖത്തോടൊപ്പം ദേഹവും കണ്ടപ്പോള്‍, അതു തുച്ഛമായ ഒരാശ്വാസം മാത്രമായി. നീണ്ടനാരുകളുള്ള വലിയൊരു പൂവിനെ താങ്ങുന്ന തണ്ടു പോലിരുന്നു അവളുടെ ദേഹം.
അവള്‍ സുന്ദരിയായാലുമല്ലെങ്കിലും, തനിക്കു രക്ഷയില്ലെന്നു ജേക്കബ്ബ് മനസ്സിലാക്കി. മാത്രമല്ല, തന്‍റെ ശരീരം (അടിമയായ ആ ശരീരം) ഒരിക്കല്‍ കൂടി അതിന്‍റെ വേലുയര്‍ത്താന്‍ തയ്യാറാകുന്നത് അയാള്‍ക്കനുഭവപ്പെട്ടു. എങ്കിലും, തന്‍റെ ഉത്തേജനം, ദൂരെയെങ്ങോ ഉള്ള ഒരാള്‍ക്കുണ്ടാകുന്നതായാണ് അയാള്‍ക്കു തോന്നിയത്; തന്‍റെ ആത്മാവിനു വെളിയിലുള്ള ആര്‍ക്കോ. തന്‍റെ പങ്കാളിത്തമില്ലാതെയാണ് താനുണരുന്നതെന്നാണ് അയാള്‍ക്കു തോന്നിയത്; ആരോ അതിനെ രഹസ്യമായ് കളിയാക്കുന്നതു പോലെയും. ശരീരത്തില്‍നിന്നും ബഹുദൂരത്തിലായിരുന്നു അയാളുടെ ആത്മാവ്. ആ സ്ത്രീയുടെ കൈസഞ്ചിയിലുള്ള വിഷത്തെക്കുറിച്ചു മാത്രമാണ് അതോര്‍ത്തുകൊണ്ടിരുന്നത്. അങ്ങേയറ്റം, ശരീരം അന്ധമായും ക്രൂരമായും തന്‍റെ  നിസ്സാരസുഖത്തെ പിന്തുടരുന്നത് ഖേദത്തോടെ അതു നിരീക്ഷിക്കുക മാത്രം ചെയ്തു.
അസ്ഥിരമായൊരു ചിന്ത അയാളുടെ മനസ്സിലൂടെ കടന്നുപോയി: കുട്ടികള്‍ ലോകത്തിലേക്കു വരുന്നതെങ്ങിനെയെന്നു പത്തുവയസ്സുള്ളപ്പോഴാണ് താന്‍ അറിഞ്ഞത്. അന്നു മുതല്‍ ആ ചിന്ത തന്നെ വേട്ടയാടിയിരുന്നു. വര്‍ഷങ്ങളിലൂടെ, സ്ത്രീകളുടെ അവയവങ്ങളെക്കുറിച്ച് ശരിയായ ധാരണയുണ്ടായതോടെ, അതു ബലപ്പെട്ടു. അന്നു മുതല്‍, പലപ്പോഴും, താന്‍ തന്‍റെ ജനനത്തെ കല്‍പ്പനയില്‍ കണ്ടിരുന്നു. ഇടുങ്ങിയ, നനഞ്ഞ, ഒരു തുരങ്കത്തിലൂടെ തന്‍റെ കുഞ്ഞുദേഹം വഴുതി വരുന്നതു താന്‍ ഭാവനയില്‍ക്കണ്ടു. തന്നെയാകെ അഭിഷേകിക്കുകയും അടയാളപ്പെടുത്തുകയും  ചെയ്ത വിചിത്ര സ്രവങ്ങളാല്‍ മൂക്കും വായും നിറയുന്നത് ഭാവന ചെയ്തിട്ടുണ്ട്. അതെ, സ്ത്രീസ്രവം, ഏതു നിമിഷവും അതിലേക്കു തന്നെ വിളിച്ചു വരുത്താനും, തന്‍റെ ദേഹത്തിന്‍റെ വിചിത്രമായ അനിച്ഛാപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുവാനുമുള്ള അതിന്‍റെ നിഗൂഢമായശക്തികൊണ്ട്, ജീവിതം മുഴുവന്‍ തന്നെ സ്വാധീനിച്ചിരുന്നു. അതെന്നും തന്നില്‍ ജുഗുപ്സയുളവാക്കിയിരുന്നു. സ്ത്രീകള്‍ക്കു തന്‍റെ ആത്മാവ് അടിയറവെക്കാന്‍ വിസമ്മതിച്ചുകൊണ്ട്, തന്‍റെ സ്വാതന്ത്ര്യവും ഏകാന്തതയും സംരക്ഷിച്ചുകൊണ്ട്, സ്ത്രീസ്രവങ്ങളുടെ ശക്തി കുറച്ചു മുഹൂര്‍ത്തങ്ങളിലേക്കു മാത്രം ഒതുക്കിക്കൊണ്ട്, ചുരുങ്ങിയപക്ഷം, താനതിനെ എതിര്‍ത്തിരുന്നു. ലൈംഗികമായി ഓള്‍ഗ തനിക്കു ബാഹ്യമാണെന്നതു കൊണ്ടാവണം, ഒരു പക്ഷെ, തനിക്കവളോടു മമത തോന്നാന്‍ കാരണം. ആ ഒരുറപ്പുള്ളതുകൊണ്ടാണ്, താനീ ലോകത്തേക്കുവന്ന  ലജ്ജാവാഹമായ വഴിയെപ്പറ്റി അവളുടെ ദേഹം തന്നെ ഒരിക്കലും ഓര്‍മ്മിപ്പിക്കാത്തത്.
അയാളീ ചിന്തകളെ ഒരു വശത്തേക്കു തള്ളി. കാരണം, പകല്‍ക്കിടക്കയിലെ സ്ഥിതി അതിവേഗം പുരോഗമിക്കുകയായിരുന്നു. ഒന്നോ രണ്ടോ നിമിഷങ്ങള്‍ക്കകം അയാള്‍ക്കവളുടെ ദേഹത്തില്‍ പ്രവേശിക്കേണ്ടതുണ്ട്. വിദ്വേഷവികാരത്തോടെ അതു ചെയ്യാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. തനിക്കായ് സ്വയം തുറന്നു തരുന്ന ഈ സ്ത്രീയോടു മാത്രമേ പരിശുദ്ധവും, രാഗഹീനവുമായ സ്നേഹത്താല്‍ താന്‍ ബന്ധിക്കപ്പെട്ടിട്ടുള്ളൂവെന്ന്‍ അയാള്‍ തന്നോടുതന്നെ പറഞ്ഞു. അവളെ സന്തോഷിപ്പിക്കാന്‍, തൃപ്തിപ്പെടുത്താന്‍, അവളെ പ്രസന്നയും, ആത്മവിശ്വാസമുള്ളവളുമാക്കാന്‍ വേണ്ടി മാത്രമാണ് താനിപ്പോളവളെ ഭോഗിക്കുന്നത്.        
പക്ഷെ, ഇപ്പോഴയാള്‍ അയാളെത്തന്നെ അത്ഭുതപ്പെടുത്തി: നന്മയുടെ അലകളില്‍ ചാഞ്ചാടുന്നുവെന്നപോലെ അയാള്‍ അവള്‍ക്കു മീതെ ചലിക്കുകയാണ്. അയാള്‍ക്കു സന്തോഷമുണ്ടായി; സുഖവും. ശരീരത്തിന്‍റെ ചലനങ്ങളുമായി അയാളുടെ ആത്മാവ് എളിമയോടെ താദാത്മ്യം പ്രാപിച്ചു. സംഭോഗം ആര്‍ദ്രതയുടെ വെറുമൊരു ശാരീരിക അഭിവ്യക്തി മാത്രമാണെന്നതു പോലെ. അയല്‍ക്കാരനോടുള്ള ഒരാളുടെ ശുദ്ധമായ വികാരത്തിന്‍റെ അഭിവ്യക്തി. എങ്ങും ഒരു തടസ്സമില്ല, ഒരു അപസ്വരമില്ല. 
നീണ്ട, ചാരുതയാര്‍ന്ന നിമിഷങ്ങളായിരുന്നൂ അവ. അപ്പോഴാണ് ഓള്‍ഗ അയാളുടെ കാതിലൊരു അശ്ലീലപദം മന്ത്രിച്ചത്. അവളതൊരിക്കലല്ല, വീണ്ടും വീണ്ടും അതു മന്ത്രിച്ചു. ആ വാക്കു കൊണ്ടു സ്വയം ഉത്തേജിപ്പിച്ചു.
നന്മയുടെ തിരകള്‍, പൊടുന്നനെ, അടങ്ങി. ജേക്കബ്ബും ആ യുവതിയും ഒരു മരുഭൂമിയിലാണെന്നു സ്വയം കണ്ടെത്തി.
ഇല്ല, സംഭോഗസമയത്ത് അശ്ലീലവാക്കുകളുച്ചരിക്കുന്നതിനോട് ജേക്കബ്ബിനു വിരോധമൊന്നുമില്ല. അതയാളുടെ ഇന്ദ്രിയലോലുപതയെയും, തീക്ഷ്ണതയെയും ഉത്തേജിപ്പിക്കുന്നതാണ്. അതു സ്ത്രീകളെ അയാളുടെ ആത്മാവിനു സുഖപ്രദമാംവിധം അന്യരാക്കുന്നതാണ്; അയാളുടെ ശരീരത്തിനവരെ ആകര്‍ഷകമാംവിധം അഭികാമ്യമാക്കുന്നതാണ്.
പക്ഷെ, ഓള്‍ഗയുടെ വായില്‍നിന്നുവന്ന സഭ്യമല്ലാത്ത വാക്കുകള്‍ മുഴുവന്‍ മധുരവ്യാമോഹത്തെയും മൃഗീയമായി തകര്‍ത്തു കളഞ്ഞു. അതയാളെ ഒരു സ്വപ്നത്തില്‍നിന്നും ഉണര്‍ത്തി. നന്മയുടെ മൂടല്‍മഞ്ഞു പൊങ്ങിപ്പോയി. പൊടുന്നനെ, തന്‍റെ കരവലയത്തിലെ ഓള്‍ഗയെ, അല്‍പ്പംമുമ്പ് അയാളവളെ  എങ്ങിനെ കണ്ടുവോ, അങ്ങിനെ കാണാനിടയായി: ഉലഞ്ഞാടുന്ന ശരീരത്തിന്‍റെ ഒരു തണ്ടും അതിനു മുകളിലുള്ള ശിരസ്സിന്‍റെ വലിയ ഒരു പൂവും. ആര്‍ദ്രതയുളവാക്കുന്ന ഈ ജീവി, ആ ആര്‍ദ്രത നഷ്ടപ്പെടാതെ തന്നെ, ഒരഭിസാരികയുടെ പെരുമാറ്റമുള്ളവളാണ്. അതുകൊണ്ടുതന്നെ, ആ അസഭ്യവാക്കുകള്‍ പരിഹാസ്യവും ഖേദകരവുമായിപ്പോയി.
പക്ഷെ, ഒന്നും പുറത്തു കാണിക്കരുതെന്നു ജേക്കബ്ബിനറിയാമായിരുന്നു. സ്വയം നിയന്ത്രിച്ചേ പറ്റൂ. നന്മയുടെ കയ്പ്പു ചഷകം വീണ്ടും വീണ്ടും മോന്തിയേ മതിയാകൂ. കാരണം, അബദ്ധമായ ഈ ആലിംഗനമാണ് തന്‍റെ ഒരേയൊരു സദ്‌പ്രവൃത്തി; തന്‍റെ ഒരേയൊരു മുക്തി (ആ പെണ്ണിന്‍റെ സഞ്ചിയിലെ വിഷം ഒരു നിമിഷം പോലും അയാള്‍ മറന്നില്ല); തന്‍റെ ഒരേയൊരു രക്ഷ.          



29. റൂസേനയുടെ നീലവെളിച്ചം


ബെര്‍റ്റ് ലേഫിന്‍റെ, ഇരട്ടച്ചിപ്പിയിലെ മുത്തുപോലിരിക്കുന്ന ആഡംബരസ്വീറ്റ്, ജേക്കബ്ബും ക്ലീമയും താമസിക്കുന്ന ആഡംബരം കുറഞ്ഞ മുറികളാല്‍ വലയിതമായിരുന്നു. ബെര്‍റ്റ് ലേഫിന്‍റെ കയ്യില്‍ക്കിടന്നു റൂസേന രതിമൂര്‍ച്ഛയുടെ അന്ത്യനിശ്വാസങ്ങളുതിര്‍ക്കുമ്പോള്‍, അയല്‍മുറികളില്‍ മൌനവും ശാന്തതയും കളിയാടുകയായിരുന്നു.
അല്‍പ്പം കഴിഞ്ഞ്, അവള്‍ അയാള്‍ക്കരികില്‍ ശാന്തയായി നീണ്ടു നിവര്‍ന്നു കിടന്നു. അയാള്‍ അവളുടെ മുഖം തലോടി. താമസിയാതെ, അവളില്‍ കണ്ണീരു പൊട്ടി. അയാളുടെ നെഞ്ചില്‍ തലയൊളിപ്പിച്ച്, അവള്‍ ഏറെ നേരം കരഞ്ഞു.
ഒരു കൊച്ചുകുട്ടിയെ എന്നപോലെ, ബെര്‍റ്റ് ലേഫ് അവളെ തലോടുന്നു. അവള്‍ക്കു താന്‍ ശരിക്കുമൊരു കൊച്ചുകുഞ്ഞാണെന്നു തോന്നുന്നു. മുമ്പൊരിക്കലും അനുഭവപ്പെടാത്തതുപോലെ ചെറുതാണെന്നു തോന്നുന്നു (ആരുടേയും നെഞ്ചില്‍ ഇതിനു മുമ്പവളിങ്ങനെ തലയൊളിപ്പിച്ചിട്ടില്ല); അതേസമയം, മുമ്പില്ലാത്തപോലെ വലുതായതായും തോന്നുന്നു (ഇത്രയും സുഖം മുമ്പൊന്നും അവള്‍ അനുഭവിച്ചിട്ടില്ല). അതുപോലെതന്നെ അവളിതുവരെയറിയാത്ത ആനന്ദത്തിന്‍റെ അനുഭവത്തിലേക്ക് അവളുടെ ഓരോ തേങ്ങലും അവളെ വഹിച്ചു കൊണ്ടുപോകുന്നു.
ഈ നേരം എവിടെയാണ് ക്ലീമ? എവിടെ ഫ്രാന്‍റിസെക്? അവരേതോ വിദൂരമായ മൂടല്‍മഞ്ഞിലാണ്. ചക്രവാളത്തിലേക്കു അകന്നകന്നുപോകുന്ന ഭാരഹീനമായ തൂവലുകള്‍. ഒരുവനെ മുറുകെ വാരിപ്പിടിച്ച്, മറ്റവനെ ഒഴിവാക്കാനുള്ള റൂസേനയുടെ വാശിയേറിയ ആശയെവിടെ? അവളുടെ ക്രോധത്തിനെന്തു പറ്റി? രാവിലെമുതല്‍ അവള്‍ തന്നിലടക്കിനിര്‍ത്തിയ വ്രണിതമായ മൌനമെവിടെ?
അവള്‍ കിടക്കുകയാണ്. കരയുകയാണ്. അയാള്‍ അവളുടെ മുഖം തലോടുകയാണ്. അവളോടുറങ്ങാന്‍ പറയുകയാണയാള്‍; അടുത്ത മുറിയില്‍ കിടക്കയുണ്ടെന്നും. റൂസേന കണ്ണു തുറക്കുന്നു. അയാളെ നോക്കുന്നു: നഗ്നനായി, ബെര്‍റ്റ് ലേഫ് കുളിമുറിയിലേക്കു പോകുന്നു (വെള്ളമൊഴുകുന്ന ശബ്ദം കേള്‍ക്കാം), പിന്നെ, മടങ്ങി വരുന്നു, തുണിയലമാര തുറക്കുന്നു, ഒരു കമ്പിളി പുറത്തെടുക്കുന്നു, പതിയെ അതു റൂസേനയുടെ ദേഹത്തിനു മീതെ നീര്‍ത്തുന്നു.
അയാളുടെ കാല്‍വണ്ണയിലെ പൊണ്ണന്‍ ഞരമ്പുകള്‍ റൂസേന കാണുന്നു. അയാള്‍ കുനിയുമ്പോള്‍ അയാളുടെ തലമുടി നരച്ചിരിക്കുന്നതും, തലയോട്ടി പുറത്തു കാണുംവിധം നേര്‍ത്തിരിക്കുന്നതും ശ്രദ്ധിക്കുന്നു. അറുപതോ, അറുപത്തിയഞ്ചോ ആയിക്കാണണം ബെര്‍റ്റ് ലേഫിന്. അതു റൂസേനക്കു സാരമല്ല. മറിച്ച്, അയാളുടെ പ്രായം അവള്‍ക്കു സമാധാനമാണേകുന്നത്. അവളുടെ നിശ്ചലവും, വിരസവും, അപ്രകാശിതവുമായ യൌവ്വനത്തിനു മേല്‍ തിളങ്ങുന്ന പ്രകാശം ചൊരിയുകയാണ് അയാളുടെ പ്രായം. അവള്‍ക്കു തന്നില്‍ ഓജസ്സു നിറയുന്നതായി അനുഭവപ്പെടുന്നു. തന്‍റെ യാത്രയുടെ തുടക്കത്തില്‍ താനൊടുവിലെത്തപ്പെട്ടതായി തോന്നുന്നു. ഇവിടെ, അയാളുടെ സാന്നിദ്ധ്യത്തിലാണ്, താനിപ്പോഴും ചെറുപ്പമാണെന്നും, ധൃതിപിടിക്കേണ്ട കാര്യമില്ലെന്നും അവള്‍ കണ്ടെത്തുന്നത്. ബെര്‍റ്റ് ലേഫ് വീണ്ടും അവളുടെ സമീപമിരിക്കുന്നു. അവളെ തലോടുന്നു. അയാളുടെ വിരലുകളുടെ ആശ്വാസമരുളുന്ന സ്പര്‍ശത്തില്‍ മാത്രമല്ല, അയാളുടെ ആശങ്കകളകറ്റുന്ന പ്രായത്തിന്‍റെ ആലിംഗനത്തിലും അഭയം കണ്ടെത്തിയതായി അവള്‍ക്കനുഭവപ്പെടുന്നു.
പിന്നീട്, ശിരസ്സിലൂടെ സുഷുപ്തിയുടെ വരവറിയിക്കുന്ന  കുഴഞ്ഞുമറിഞ്ഞ ദൃശ്യങ്ങള്‍ കടന്നുപോകവേ, അവള്‍ക്കു ബോധമില്ലാതാകുന്നു. അവള്‍ ഉണരുമ്പോള്‍, മുറി മുഴുവന്‍ ഒരു നീലവെളിച്ചം നിറഞ്ഞതായി അവള്‍ക്കു തോന്നുന്നു. താനിതേവരെ കാണാത്ത ഈ നീലവെളിച്ചം എന്താണ്? നീലമൂടുപടമിട്ട് ചന്ദ്രന്‍ ഇവിടേക്കിറങ്ങി വന്നതാണോ? അതോ താന്‍ കണ്ണു തുറന്നു സ്വപ്നം കാണുകയാണോ?
ബെര്‍റ്റ് ലേഫ് അവളെ നോക്കി പുഞ്ചിരിക്കുന്നു. അവളുടെ മുഖം തലോടിക്കൊണ്ടേയിരിക്കുന്നു.
ഇപ്പോള്‍, ഒരു സ്വപ്നത്തിലേറിക്കൊണ്ട്, ഈ രാത്രിയിലേക്ക് അവള്‍ കണ്ണുകളടക്കുകയാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...