2016, മേയ് 11, ബുധനാഴ്‌ച

അഞ്ചു വിലക്ഷണ ദിവസങ്ങൾ: ഒരു നോവൽ






ഗര്‍ഭിണിയാകുന്ന റൂസേന കൊല്ലപ്പെടുന്നു.

അവള്‍ക്കു മൂന്നു കാമുകന്മാര്‍:
ഫ്രാന്‍റിസെക്
ക്ലീമ,
ബെര്‍റ്റ് ലേഫ്

ആരാണവളുടെ കൊലയാളി?

കൊല്ലാന്‍ പ്രേരണയുള്ള മറ്റു ചിലര്‍ കൂടിയുണ്ട്:
കമീല
ജേക്കബ്ബ്
ഓള്‍ഗ
ഡോ. സ്ക്രേറ്റ


ദുരന്തങ്ങള്‍ പോലും ഹാസ്യനാടകങ്ങളായി മാറുന്ന ആധുനികകാലത്തെ, വിലക്ഷണമായ അഞ്ചുദിവസങ്ങളിലായി അരങ്ങേറുന്ന, മിലാന്‍ കുന്ദേരയുടെ  ഒരു നോവൽ:

അഞ്ചു വിലക്ഷണ ദിവസങ്ങൾ





ഒന്നാം ദിവസം


1. റൂസേന 

ശരൽക്കാലമായിരിക്കുന്നു.  മഞ്ഞയും ചുവപ്പും തവിട്ടും നിറങ്ങളില്‍ മരങ്ങള്‍ക്കു വേഷപ്പകര്‍ച്ച വരികയായിരുന്നു. ആ കൊച്ചു സുഖചികിത്സാനഗരം അഗ്നിശിഖകളാല്‍ ആവൃതമാണെന്നു തോന്നും.
സ്തംഭാവലികള്‍ക്കു കീഴെ സ്ത്രീകള്‍, അനപത്യകളായ അബലകള്‍, ധാതുജലപ്രവാഹങ്ങളുടെ ആലംബനം തേടി വന്നും പോയുമിരുന്നു.  ഊഷ്മളമായ ഈ ഉറവകളില്‍നിന്നും ഉര്‍വ്വരത ലഭിക്കുമെന്ന് അവരാശിക്കുന്നു.
ജലചികിത്സ തേടി വരുന്നവരില്‍ ആണുങ്ങള്‍ തീരെച്ചുരുക്കം. എങ്കിലും അവിടെയുമിവിടെയുമായി അല്‍പ്പം ചിലരെ കാണാം. സ്ത്രീരോഗങ്ങള്‍ക്കു മാത്രമല്ല, ഹൃദ്രോഗത്തിനും ഈ ജലപ്രവാഹങ്ങള്‍ പ്രയോജനപ്പെടും. എന്നിരുന്നാലും, ഒരു പുരുഷരോഗിക്ക് അനുപാതമായി ഒമ്പതു പെണ്‍രോഗികളുണ്ട്.
അനപത്യചികിത്സക്കെത്തിയ സ്ത്രീകള്‍ക്കുള്ള പൊയ്കയുടെ ചുമതല വഹിക്കുന്ന അവിവാഹിത യുവതിയായ നഴ്സിനെ ഇക്കാര്യം ക്രോധവതിയാക്കി. 
റൂസേന പിറന്നത് ഈ കൊച്ചു പട്ടണത്തിലായിരുന്നു. അവളുടെ അച്ഛനുമമ്മയും ഇപ്പോഴും ഇവിടെത്തന്നെയാണ് പൊറുതി. എന്നാണ് അവള്‍ക്കിവിടെനിന്ന്‍, ഈ ഭീകരമായ പെണ്‍പടകളില്‍ നിന്നൊരു മുക്തി?
ഇതു തിങ്കളാഴ്ച്ച. അവളുടെ ജോലി സമയം അവസാനിക്കാറായിരിക്കുന്നു. ജമുക്കാളങ്ങളില്‍ പൊതിഞ്ഞ്, ശയ്യകളിലാക്കി, മുഖം തുടച്ചുണക്കി, ഇളിച്ചു കാട്ടാന്‍ ഇനി ഏറെച്ചുരുക്കം പൊണ്ണത്തടിച്ചികളേ ബാക്കിയുള്ളൂ. 
“നീ ഫോണ്‍ വിളിക്കുന്നുണ്ടോ, ഇല്ലയോ?”
അവളുടെ കൂട്ടുജോലിക്കാരികളില്‍ രണ്ടു പേര്‍ അവളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. അവരിലൊരുവള്‍ നാല്‍പ്പതു പിന്നിട്ട ഒരു മാംസളാംഗി. മറ്റവള്‍ അല്‍പ്പം പ്രായക്കുറവുള്ള ഒരു കൃശഗാത്രി.
“ഞാന്‍ എന്തിനു വിളിക്കാതിരിക്കണം?”
റൂസേന തിരിച്ചടിച്ചു.
“എന്നാ വിളിക്ക്. പേടിക്കാതെടി.”
തുണി മാറുവാനുള്ള അറകളുടെ പിറകിലേക്ക് അവളെ നയിച്ചുകൊണ്ട് നാല്‍പ്പതുകാരി പ്രതിവചിച്ചു. അവിടെയാണ് നഴ്സുമാര്‍ക്കുള്ള അലമാരയും മേശയും ടെലഫോണുമെല്ലാം.
“നീ അവന്‍റെ വീട്ടിലേക്കാണ് വിളിക്കേണ്ടത്.”
കൃശഗാത്രി കുസൃതിയോടെ അഭിപ്രായപ്പെട്ടപ്പോള്‍ മൂവരും അടക്കിച്ചിരിച്ചു.
“തിയേറ്ററിലെ നമ്പര്‍ മാത്രമാണ് എനിക്കറിയാവുന്നത്.”
ചിരി ശമിച്ചപ്പോള്‍ റൂസേന പറഞ്ഞു.

2. ക്ലീമ 

സംഭ്രമാത്മകമായിരുന്നൂ സംഭാഷണം. റൂസേനയുടെ സ്വരം ഫോണിലൂടെ കേട്ടമാത്ര അവന്‍ വിരണ്ടു പോയി.
പെൺവര്‍ഗ്ഗത്തെ അവനെന്നും പേടിയായിരുന്നു. പെണ്ണുങ്ങളോടതവന്‍ പറഞ്ഞപ്പോഴൊന്നും അവര്‍ അവനെ വിശ്വസിച്ചില്ല. ശൃംഗാരലിപ്തമായ വെടിപറയലാണതെന്നേ അവര്‍ കരുതിയുള്ളൂ.
“സുഖമല്ലേ?” അവനാരാഞ്ഞു.
“അത്ര വലിയ സുഖം പോരാ.” അവള്‍ മറുവചിച്ചു.
“എന്താ കാര്യം?”
“എനിക്കു സംസാരിക്കണം.” അവളുടെ മറുപടിയില്‍ ശോകച്ഛവി.
ശോകസ്വരം തന്നെയായിരുന്നു അവനെ വര്‍ഷങ്ങളായി അലോസരപ്പെടുത്തിക്കൊണ്ടിരുന്നതും.
“എന്താ?” അവന്‍റെ സ്വരം തൊണ്ടയില്‍ കുരുങ്ങിപ്പോയി.
“എനിക്കു നിന്നോടു സംസാരിച്ചേ പറ്റൂ.” അവള്‍ ആവര്‍ത്തിച്ചു.
“എന്താ കാര്യം?”
“നമ്മളെ രണ്ടുപേരെയും ബാധിക്കുന്നതു തന്നെ.”
അവന്‍റെ നാവനങ്ങിയില്ല. ഒരു മാത്ര കഴിഞ്ഞവന്‍ ആവര്‍ത്തിച്ചു: “എന്താ കാര്യം?”
“എനിക്കു തെറ്റിയിട്ട് ആറാഴ്ച്ചയായി.”
സ്വയം നിയന്ത്രിക്കാന്‍ പാടുപെട്ടുകൊണ്ടവന്‍ പറഞ്ഞു: “ഒന്നുമുണ്ടാവില്ല. ചിലപ്പോഴൊക്കെ അങ്ങിനെയുണ്ടാകാറുണ്ടല്ലോ. അതില്‍ വലിയ കാര്യമൊന്നുമില്ല.”
“അങ്ങിനെയല്ല. ഇത്തവണ ഉറപ്പാണ്.”
“അതിനു വഴിയില്ല. തീരെ വഴിയില്ല. എന്തായാലും, അതെന്‍റെ തെറ്റല്ല.”
അവള്‍ക്കു ചൊടി വന്നു: “എന്നെക്കുറിച്ച് നീ എന്താ ധരിച്ചു വെച്ചിരിക്കുന്നത്?”
അവളെ വ്രണപ്പെടുത്താന്‍ അവനു ധൈര്യമുണ്ടായില്ല. എന്തുമേതും അവനില്‍ പൊടുന്നനെ ഭയമുണ്ടാക്കാന്‍ തുടങ്ങിയിരുന്നു: “അതല്ല. നിന്നെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല. അങ്ങിനെ വിചാരിക്കുന്നതേ മണ്ടത്തരം. ഞാനെന്തിനു നിന്നെ നിന്ദിക്കണം! നീ വേവലാതിപ്പെടേണ്ടെന്നു പറയുകയായിരുന്നു. എന്‍റെ കയ്യില്‍നിന്ന് അങ്ങിനെ പറ്റില്ല. തീരെ പറ്റില്ല. ശരീരശാസ്ത്രപ്രകാരം തീരെ നടക്കില്ല.”
“അപ്പോള്‍പ്പിന്നെ സംസാരിച്ചിട്ടെന്തു കാര്യം?” അവള്‍ കാലുഷ്യമേറിപ്പറഞ്ഞു. “ശല്യപ്പെടുത്തിയതിനു മാപ്പ്.”
അവള്‍ വിളി വിച്ഛേദിക്കുമെന്നവന്‍ ഭയപ്പെട്ടു. “ശല്യമായിട്ടല്ല. നീ എന്നെ വിളിച്ചത് തീര്‍ത്തും ന്യായം. നിന്നെ സഹായിക്കാന്‍ എനിക്കു സന്തോഷമേയുള്ളൂ. ഉറപ്പ്. ഞാന്‍ എല്ലാം തീര്‍ച്ചയായും ഏര്‍പ്പാടാക്കാം.”
“ഏര്‍പ്പാടാക്കാമെന്നു പറഞ്ഞാല്‍?”
അവന്‍ സംഭ്രമിച്ചു പോയിരുന്നു. കാര്യം അതിന്‍റെ ശരിയായ പേരില്‍ ഉച്ചരിക്കാന്‍ അവനു ധൈര്യമില്ലായിരുന്നു: “അറിയാലോ...എല്ലാ ഒരുക്കങ്ങളും.”
“പറഞ്ഞു വരുന്നതു മനസ്സിലായി. അതിനെന്നെക്കിട്ടില്ല. കുത്തുപാളയെടുക്കേണ്ടിവന്നാലും ഞാനതു ചെയ്യില്ല.”
പേടി അവനെ വേണ്ടും മരവിപ്പിച്ചു. പക്ഷെ, ഈയൊരു തവണ, മടിച്ചുമടിച്ചാണെങ്കിലും, അവന്‍ കുറ്റപ്പെടുത്തി: “എന്നോടു സംസരിക്കേണ്ടെങ്കില്‍ പിന്നെന്തിനു വിളിച്ചു? എന്നോടു കൂടിയാലോചിക്കണോ, അതോ, നീ തന്നെ തീരുമാനിച്ചോ?”
“എനിക്കു നിന്നോടാലോചിക്കണം.”
“ഞാന്‍ കാണാന്‍ വരാം.”
“എപ്പോ?”
“ഞാനറിയിക്കാം.”
“ശരി.”
“ശരി. ഉടനെ കാണാം.”
“അങ്ങിനെയാകട്ടെ.”
അവന്‍ ഫോണ്‍ താഴെ വെച്ചു. ആഡിറ്റോറിയത്തിലെ സംഗീതസംഘത്തിലേക്കു തിരിച്ചുചെന്നു.
“സുഹൃത്തുക്കളെ, റിഹേഴ്സല്‍ മതിയാക്കാം. ഇനിയെന്നെക്കൊണ്ടൊന്നിനും കഴിയില്ല.”

3. റൂസേനയും കൂട്ടുകാരികളും 

ഫോണ്‍ താഴെ വെച്ചപ്പോഴേക്കും അവളുടെ മുഖം കോപം കൊണ്ടു തുടുത്തുപോയിരുന്നു. ക്ലീമ വിവരം സ്വീകരിച്ച രീതിയാണ് അവളെ കോപിഷ്ഠയാക്കിയത്. നേരു പറഞ്ഞാല്‍, കുറച്ചു കാലമായി അവള്‍ കോപിച്ചിരിക്കുകയായിരുന്നു.
രണ്ടു മാസം മുമ്പായിരുന്നു അവര്‍ തമ്മില്‍ കണ്ടുമുട്ടിയത്. പ്രശസ്തനായ കുഴലൂത്തുകാരന്‍ തന്‍റെ സംഗീതസംഘവുമായി ചികിത്സാലയത്തിലെത്തിയ ഒരു സായാഹ്നം. കച്ചേരിക്കു ശേഷമുള്ള സല്‍ക്കാരത്തിലേക്ക് അവള്‍ക്കുമുണ്ടായിരുന്നു ക്ഷണം. ആള്‍ക്കൂട്ടത്തില്‍ കുഴലൂത്തുകാരന് ഇഷ്ടമായത് അവളെ. അന്നു രാത്രി അവര്‍ ഒരുമിച്ചുറങ്ങി.
അതിനുശേഷം അവന്‍റെ യാതൊരു വിവരുമില്ലായിരുന്നു. ജീവിച്ചിരിപ്പുണ്ടോയെന്നു പോലും അറിയില്ലായിരുന്നു. ശുഭാശംസകള്‍ അറിയിച്ചുകൊണ്ടുള്ള രണ്ടു തപ്പാല്‍ക്കാര്‍ഡുകള്‍ അവള്‍ അവനയച്ചു. അവയ്ക്ക് മറുപടി ഉണ്ടായില്ല. ഒരിക്കല്‍ അവള്‍ക്കു തലസ്ഥാന നഗരിയില്‍ പോകേണ്ടിവന്നു. അവന്‍ തന്‍റെ മേളക്കാരൊപ്പം പരിശീലിക്കുന്ന ഒരു തിയേറ്റര്‍ അവിടെയുണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു. അവിടേക്കവള്‍ ഫോണ്‍ ചെയ്തു. ഫോണെടുത്ത വിദ്വാന്‍ അവളുടെ പേരു ചോദിച്ചു. പിന്നീട്, ക്ലീമ അവിടെയെങ്ങാനുമോണ്ടോയെന്നു നോക്കിവരാമെന്നു പറഞ്ഞു. അല്‍പ്പം കഴിഞ്ഞവന്‍ തിരിച്ചു വന്നപ്പോള്‍, കുഴലൂത്തുകാരന്‍ പരിശീലനം കഴിഞ്ഞു മടങ്ങിപ്പോയെന്ന്‍ അറിയിച്ചു. തന്നെ ഒഴിവാക്കാനുള്ള വിദ്യയല്ലേയതെന്ന്‍ അവള്‍ ശങ്കിച്ചു. കടുത്ത നീരസമുണ്ടായി. താന്‍ ഗര്‍ഭിണിയാണെന്ന്‍ അവള്‍ക്കപ്പോഴേ സംശയമുണ്ടായിരുന്നു.
“ശാരീരികശാസ്ത്രപ്രകാരം അങ്ങിനെയുണ്ടാവില്ലെന്നാണവന്‍റെ വാദം! ഗംഭീരം! ശാരീരികശാസ്ത്രപ്രകാരം അസംഭവ്യംപോലും! കുട്ടിപ്പിശാചുപുറത്തുവരുമ്പോള്‍‍ അവനെന്തു പറയുമെന്നു കാണണം!”
അവളുടെ കൂട്ടുജോലിക്കാരികള്‍ രണ്ടുപേരും ആവേശത്തോടെ അനുകൂലിച്ചു. കുഴലൂത്തുകാരനുമായി ചിലവഴിച്ച അവാച്യമായ ആ രാത്രിയെക്കുറിച്ച് പിറ്റേന്നു രാവിലെ നീരാവി മൂടിയ പരിചരണമുറിയില്‍ വെച്ച് അവള്‍ അവരോടു പറഞ്ഞിരുന്നു. ആ നിമിഷം മുതല്‍ കുഴലൂത്തുകാരന്‍ അവളുടെ കൂട്ടുജോലിക്കാരികളുടെ മുഴുവന്‍ പൊതുമുതലായിത്തീര്‍ന്നിരുന്നു. നഴ്സുമാരുടെ മുറികളില്‍ അവന്‍റെ മായാരൂപം അവരെ അനുഗമിച്ചു. അവന്‍റെ പേരുച്ചരിക്കപ്പെട്ടപ്പോഴൊക്കെ, അവനുമായി  പ്രഗാഢമായ ബന്ധമുള്ളതുപോലെ, അവര്‍ ആരും കാണാതെ അടക്കിച്ചിരിച്ചു . റൂസേന ഗര്‍ഭവതിയാണെന്ന് അറിഞ്ഞപ്പോഴാകട്ടെ, വിചിത്രമായ ഒരു ആനന്ദമാണവര്‍ക്കനുഭവപ്പെട്ടത്. ഇപ്പോഴവന്‍ അവരുടെ കൂടെ റൂസേനയുടെ ഗര്‍ഭാശയത്തിന്‍റെ ആഴത്തില്‍ കായരൂപംപൂണ്ടു കിടപ്പാണല്ലോ.
നാൽപ്പതുകാരി നഴ്സ് അവളുടെ ചുമലില്‍ തലോടി: “ഒന്നു സമാധാനപ്പെടെന്‍റെ പൊന്നേ! ഞാന്‍ നിനക്കൊരു സംഗതി കാട്ടിത്തരാം.” പൊടിയും ചെളിയും പുരണ്ട ഒരു സചിത്രമാസികയുടെ താളുകള്‍ അവള്‍ തുറന്നു. “ഇതു നോക്ക്!”
മൂവരും ഒരു ഫോട്ടോയിലേക്ക്‌ കണ്ണു നാട്ടി.
അധരങ്ങള്‍ക്കരികില്‍ ഒരു സൂക്ഷ്മഭാഷിണിയുമായി രംഗവേദിയില്‍ നില്‍ക്കുന്ന, ലാവണ്യവതിയായ ഒരു ഇരുള്‍മുടിക്കാരിയുടെ ഫോട്ടോ. ആ സമചതുരക്കളത്തില്‍നിന്നും തന്‍റെ ഭാഗധേയം വായിച്ചെടുക്കാന്‍ റൂസേന ശ്രമിച്ചു.
“അവളിത്ര ചെറുപ്പമാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.”
ഭയാശങ്കകളോടെ അവള്‍ പറഞ്ഞു.
നാല്‍പ്പതുകാരി നഴ്സ് ചിരിച്ചു: “വിട്ടുകള. ഈ ഫോട്ടോക്ക് പത്തുകൊല്ലം പഴക്കം കാണും. അവര്‍ക്കു രണ്ടുപേര്‍ക്കും ഒരേ പ്രായമാണെടീ. അവള്‍ക്കു നിന്നോടു കിടപിടിക്കാന്‍ പറ്റില്ല മോളെ.” 

4. ക്ലീമയുടെ ഭയം 

ഭീഷണമായ ഇത്തരമൊരു വാര്‍ത്ത വരാനുണ്ടെന്ന്‍ ഒരു പാടു കാലമായി താന്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന്, റൂസേനയുമായുള്ള ഫോൺസംഭാഷണത്തിനിടക്ക്, ക്ലീമ ഓര്‍ത്തു. റൂസേനയെ താന്‍ ഗര്‍ഭിണിയാക്കിയെന്നു വിചാരിക്കാന്‍ ന്യായമായ കാരണങ്ങളൊന്നുമില്ലെന്നത് ശരിതന്നെ. മറിച്ച്, ഈ ദോഷാരോപണം അന്യായമാണെന്ന് അവനുറപ്പുണ്ടുതാനും. പക്ഷെ, റൂസേനയെ കണ്ടുമുട്ടുന്നതിനുമെത്രയോമുമ്പ്, കുറേവര്‍ഷങ്ങളോളം, ഇത്തരമൊരു വാര്‍ത്ത വരുമെന്ന മുന്‍വിചാരം  അവനുണ്ടായിരുന്നു.
തന്നെ വൈവാഹികബന്ധനത്തിലാക്കാന്‍ ഇളക്കക്കാരിയായ ഒരു സ്വര്‍ണ്ണകേശിനി ഗര്‍ഭം നടിച്ചത് അവന്‍റെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ്. ചിത്രവധത്തിന്‍റെ ആ നാളുകളില്‍ അവന്‍റെ വയര്‍ കോച്ചിവലിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അവന്‍ രോഗഗ്രസ്തനായി. എവിടെയും ഏതുനേരത്തും വന്നുവീഴാവുന്ന ഒരു അശനിപാതമാണ് ഗര്‍ഭമെന്ന്‌ അക്കാലംമുതല്‍ക്കേ അവനറിയാമായിരുന്നു. അതിനെതിരെ ഒരു രക്ഷാചാലകവും ഫലിക്കില്ല. ഫോണിലൂടെ ശോകമയസ്വരത്തില്‍ അതു സ്വയം വെളിപ്പെടും. ഉവ്വ്; സ്വര്‍ണ്ണകേശിനിയും  ആ ദുരന്തവാര്‍ത്ത ആദ്യമറിയിച്ചത് ഫോണിലൂടെയായിരുന്നു. യൌവ്വനത്തിലെ ഈ സംഭവത്തിനുശേഷം, സ്ത്രീകളെ സമീപിക്കുമ്പോഴൊക്കെ (അത്യഭിനിവേശമുണ്ടെങ്കിലും) അവനില്‍ വ്യഗ്രത നിറയുമായിരുന്നു. ഓരോ ശൃംഗാരസംഗമത്തിനുശേഷവും അതിന്‍റെ അനന്തരഫലങ്ങളോര്‍ത്ത് അവന്‍ ആകുലപ്പെടാറുണ്ടായിരുന്നു.  തന്‍റെ രോഗാതുരമായ ഈ ജാഗ്രത ദുരന്തമുണ്ടാകാനുള്ള സാദ്ധ്യത ലക്ഷത്തിലൊരുശതമാനത്തിലേക്കു കുറച്ചു കൊണ്ടുവരുന്നുവെന്നു  അവന്‍ കാര്യവിവേചനംചെയ്തു. പക്ഷെ, ആ ലക്ഷത്തിലൊരുശതമാനവും അവനെ അവനെ വല്ലാതെ വിരട്ടി.
ഒരിക്കലൊരു ഒഴിവുസായാഹ്നത്തിന്‍റെ പ്രലോഭനത്തില്‍ അവനൊരു യുവതിയെ ഫോണ്‍ ചെയ്തു. രണ്ടുമാസമായി അവര്‍ പരസ്പരം കണ്ടിരുന്നില്ല. അവന്‍റെ ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ ഒച്ചവെച്ചു: “കര്‍ത്താവേ! നീയോ! നീ വിളിക്കും വിളിക്കുമെന്നു വിചാരിച്ചു കാത്തിരിക്കുകയായിരുന്നു ഞാന്‍. നീ വിളിക്കാന്‍വേണ്ടി ഞാന്‍ ആശിച്ചിരിക്കുകയായിരുന്നു.
അവളിങ്ങനെ ദീനദീനമായി കൂടെക്കൂടെ പറഞ്ഞപ്പോള്‍ ആ പഴയ വ്യഗ്രത അവന്‍റെ ഹൃദയത്തെപ്പിടികൂടി. ഭയപ്പെട്ട ആ നിമിഷം വന്നിരിക്കുന്നുവെന്ന് അവനു ആത്മാവിലാകെ അനുഭവപ്പെട്ടു. എത്രപെട്ടെന്നെങ്കിലത്രപെട്ടെന്ന് സത്യത്തെ നേരിട്ടുകളയാമെന്നുറച്ച് അവന്‍ തിരിച്ചടിച്ചു: “നീ എന്തിനാ ഇതിത്ര സങ്കടത്തോടെ പറയുന്നത്?” “ഇന്നലെ അമ്മച്ചി മരിച്ചു.” യുവതി മറുപടി പറഞ്ഞു. അവനു ആശ്വാസമായി. എങ്കിലും, ഭീകരമായ ദുര്‍ഭാഗ്യത്തില്‍നിന്നും രക്ഷപ്പെടാനാകാത്ത ഒരു ദിവസം വരുമെന്ന് അവനറിയാമായിരുന്നു.

5. ക്ലീമയും കൂട്ടുകാരും 

“അതിരിക്കട്ടെ. കാര്യമെന്തെന്നു പറ.” ഡ്രം വായനക്കാരന്‍റെ ചോദ്യമാണ് ക്ലീമയില്‍ ഒടുവില്‍ സ്ഥലകാലബോധമുണ്ടാക്കിയത്. അവന്‍ തന്‍റെ മേളക്കാരുടെ വ്യാകുലമുഖങ്ങളിലേക്കു നോക്കി. നടന്നതുമുഴുവന്‍ പറഞ്ഞു. അവരെല്ലാവരും വാദ്യോപകരണങ്ങള്‍ താഴെ വെച്ചു. അവനെ ഉപദേശരൂപേണ സഹായിക്കാന്‍ ശ്രമിച്ചു.
ഗിറ്റാര്‍ വായിക്കുന്ന പതിനെട്ടുകാരന്‍ പയ്യന്‍റേതായിരുന്നു ആദ്യത്തെ സദുപദിഷ്ടം. വിപ്ലവാത്മകം. തങ്ങളുടെ നേതാവായ കുഴലൂത്തുകാരനു ഫോണ്‍ ചെയ്തതരം സ്ത്രീകളെ തീര്‍ത്തും അവഗണിക്കുകയാണുവേണ്ടതെന്ന്‍ അവന്‍ പ്രഖ്യാപിച്ചു.            “അവളോടെന്തുവേണമെങ്കിലും ചെയ്തോളാന്‍ പറ. കുട്ടിപ്പിശാച് നിന്‍റേതല്ല. നിനക്കതുമായൊരു  ബന്ധവുമില്ല. അവള്‍ വാശിപിടിച്ചാല്‍ രക്തപരിശോധന നടത്തണം. തന്തയാരാണെന്ന് അപ്പോള്‍ മനസ്സിലാകുമല്ലോ.”
രക്തപരിശോധനകള്‍ മിക്കതും ഒന്നും തെളിയിക്കാറില്ലെന്ന് ക്ലീമ ചൂണ്ടിക്കാട്ടി. പെണ്ണിന്‍റെ ആരോപണം അപ്പോഴും അതുപോലെതന്നെ നിലനില്‍ക്കും.
രക്തപരിശോധന വേണ്ടിവരില്ലെന്ന് ഗിറ്റാര്‍വായനക്കാരന്‍ മറുപടി പറഞ്ഞു. അവഗണിക്കപ്പെട്ടുകഴിഞ്ഞാല്‍പ്പിന്നെ ഒരു ചെറുപ്പക്കാരിയും പ്രയോജനമില്ലാത്ത നടപടികള്‍ക്കു തുനിയാന്‍ മടിക്കും. ആരോപണത്തിനു വിധേയനായവന്‍ മണ്ണുണ്ണിയല്ലെന്നറിയുമ്പോള്‍ അവള്‍ സ്വന്തം ചിലവില്‍ കുഞ്ഞിനെ നശിപ്പിച്ചോളും. “ഇനി അവള്‍ പെറ്റാല്‍ത്തന്നെ, നമ്മള്‍, ബാന്‍ഡിലുള്ള നമ്മളെല്ലാവരുംകൂടെ കോടതിയില്‍ പോകും. നമ്മളെല്ലാവരും അവളുടെ കൂടെ കിടന്നിട്ടുണ്ടെന്നു മൊഴികൊടുക്കും. നമ്മളിലാരാണ് കുഞ്ഞിന്‍റെ തന്തയെന്ന്‍ അവര്‍ കണ്ടുപിടിക്കട്ടെ.
ക്ലീമ, പക്ഷെ, പ്രതികരിച്ചു: “ഇതും ഇതിനപ്പുറവും നിങ്ങളെനിക്കുവേണ്ടിച്ചെയ്യുമെന്നെനിക്കറിയാം.പക്ഷെ, അപ്പോഴേക്കും ഒരെത്തുംപിടിയുമില്ലാതെ പേടിച്ച് ഭ്രാന്തനായിപ്പോയിട്ടുണ്ടാകും ഞാന്‍. ഇത്തരം കാര്യങ്ങളില്‍ ഏറ്റവും വലിയ പേടിത്തൊണ്ടനാണ് ഞാന്‍. എല്ലാറ്റിലുമുപരി എനിക്കുവേണ്ടത്‌ ഉറപ്പാണ്.”
അവരെല്ലാവരും അതു ശരിവെച്ചു.  ഗിറ്റാര്‍വായനക്കാരന്‍റെ നിര്‍ദ്ദേശം തത്ത്വത്തില്‍ നല്ലതു തന്നെ. പക്ഷെ, അതെല്ലാവര്‍ക്കും പറ്റില്ല. പ്രത്യേകിച്ച്, ഞരമ്പുകള്‍ക്കുറപ്പില്ലാത്ത ഒരാള്‍ക്ക്. തന്നെപ്പോലെ പേരുംപെരുമയുമുള്ള ഒരു പണക്കാരന് അതു പറഞ്ഞതല്ല. അത്തരം ആണുങ്ങളെ കണ്ണുകാട്ടി കുഴിയില്‍ച്ചാടിക്കുന്നതില്‍ നേട്ടം കാണുന്നവരാണ് പെണ്ണുങ്ങള്‍. അതുകൊണ്ട് മേളക്കാര്‍ അഭിപ്രായം മാറ്റി. അവളെ അവഗണിക്കേണ്ട കാര്യമില്ല. പകരം ഗര്‍ഭം ഛിദ്രിപ്പിച്ചുകളയാന്‍ പ്രേരിപ്പിക്കുക. പക്ഷെ, അവന്‍ എന്തു വാദമുഖങ്ങളാണ് ഉന്നയിക്കുക? അവര്‍ മൂന്നു വഴികള്‍ ആലോചിച്ചു.
പെണ്ണുങ്ങളുടെ അലിവൂറുന്ന  കരളിനെ സ്വാധീനിക്കുകയാണ് ആദ്യത്തെ വഴി. ക്ലീമ അവളോടൊരു ഉറ്റചങ്ങാതിയോടെന്നപോലെ സംസാരിക്കണം. അവള്‍ വിശ്വസ്തയാണെന്ന്‍ ആര്‍ജ്ജവത്തോടെ ബോദ്ധ്യപ്പെടുത്തണം. തന്‍റെ ഭാര്യ ഗുരുതരമായ രോഗത്തിലാണെന്നു പറയുക. ഭര്‍ത്താവിനു മറ്റൊരുത്തിയില്‍ കുഞ്ഞുണ്ടെന്നറിയുന്ന നിമിഷം അവള്‍ ചത്തുപോകും. ധാര്‍മ്മികമായി നോക്കിയാലും, തന്‍റെ ആത്മബലം കണക്കിലെടുത്തും, അങ്ങിനെയൊരവസ്ഥ തനിക്കു താങ്ങാനാവില്ല. ഈ വിധം അവന്‍ നഴ്സിന്‍റെ അലിവിനുവേണ്ടി കേഴട്ടെ. 
ഈ രീതിക്കെതിരെ താത്ത്വികമായി ഒരു തടസ്സമുണ്ടായിരുന്നു.നഴ്സിന്‍റെ സംശയാസ്പദവും, ഉറപ്പിക്കാനാകാത്തതുമായ കരുണയെ മാത്രം ആശ്രയിച്ചു മാത്രം ഒരു തന്ത്രം മെനയുക സാദ്ധ്യമല്ല. ശരിക്കും ദയാര്‍ദ്രമായ ഒരു ഹൃദയം അവള്‍ക്കില്ലെങ്കില്‍ സൂത്രം തിരിഞ്ഞടിക്കും. തന്‍റെ കുഞ്ഞിന്‍റെ നിയോജിക്കപ്പെട്ട അച്ഛന്‍ മറ്റൊരു പെണ്ണിനോട് അമിതമായ കൂറുകാണിക്കുന്നവെന്നോര്‍ത്ത് അവള്‍ വ്രണപ്പെടും. അക്രമാസക്തയാകും.
രണ്ടാമതൊരു മാര്‍ഗ്ഗം പെണ്ണിന്‍റെ നല്ല ബുദ്ധിയെ സ്വാധീനിക്കുകയാണ്. കുഞ്ഞു തന്‍റേതല്ലെന്ന്‍ തനിക്കുറപ്പില്ലെന്നും, ഒരിക്കലും ഉറപ്പിക്കാന്‍ കഴിയില്ലെന്നും,അവളോടു വിശദീകരിക്കാന്‍ ശ്രമിക്കുക. ആ ഒറ്റത്തവണയല്ലേ അവന്‍ അവളെ കണ്ടിട്ടുള്ളൂ? അപ്പോള്‍ അവനു അവളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. മറ്റേതൊക്കെ ആണുങ്ങളുമായി അവള്‍ക്കു സമ്പര്‍ക്കമുണ്ടോയെന്ന്‍ അവനെങ്ങിനെ അറിയാം? തെറ്റിദ്ധരിക്കാന്‍ പറയുന്നതല്ല. മറ്റൊരാണൊരുത്തനെയും അവള്‍ കാണാറില്ലെന്നവള്‍ക്ക്  തീര്‍ത്തുപറയാന്‍ പറ്റുമോ? ഇനി, അഥവാ, അങ്ങിനെ പറഞ്ഞാല്‍ത്തന്നെ നേരാണ് പറയുന്നതെന്ന്‍ ക്ലീമക്കെങ്ങിനെ അറിയാം? ഏതു കുഞ്ഞിന്‍റെ പിതൃത്വത്തെക്കുറിച്ചാണോ അതിന്‍റെ അച്ഛന്‍ സംശയാലുവായിരിക്കുന്നത്, അത്തരമൊരു കുഞ്ഞിനെ ഈ ലോകത്തിലേക്കു വലിച്ചിഴക്കുന്നത് വിവരക്കേടല്ലേ? അച്ഛനാരെന്നറിയാത്ത ഒരു കുഞ്ഞിനുവേണ്ടി ക്ലീമക്കെങ്ങിനെ തന്‍റെ ഭാര്യയെ ഉപേക്ഷിക്കാനാകും? അച്ഛനാരെന്നൊരിക്കലുമറിയാന്‍കഴിയാത്ത ഒരു കുഞ്ഞു വേണമെന്ന് റൂസേനക്ക് ആഗ്രഹമുണ്ടാകുമോ?
ഈ മാര്‍ഗ്ഗവും സംശയകലുഷിതമായി ഭവിച്ചു. നഴ്സിന്‍റെ അലിവിനെ ആശ്രയിക്കുന്നതിനെക്കാള്‍ പരിഹാസ്യമായിരിക്കും അവളുടെ നല്ലബുദ്ധിയെ നണ്ണുന്നതെന്ന്‍ സംഘത്തിലെ ബാസ്സുവായിക്കുന്ന, ഏറ്റവും പ്രായമുള്ളയാള്‍ പറഞ്ഞു.  വാദത്തില്‍ യുക്തിതീരെയില്ലെന്നുമാത്രമല്ല, തന്‍റെ പ്രിയതമനു തന്നില്‍ തീരെ വിശ്വാസമില്ലെന്നറിഞ്ഞ് ആ യുവതിയുടെ കരള്‍ പിളർന്നുപോകും. അവള്‍ പ്രകോപിതയാകും.   കണ്ണീര്‍നനവുള്ള ദാര്‍ഢ്യത്തോടെ അവള്‍ തന്‍റെ അവകാശവാദങ്ങളിലും തീരുമാനങ്ങളിലും കൂടുതല്‍ പിടിവാശിയോടെ ഉറച്ചുനില്‍ക്കും.
പിന്നെയവശേഷിച്ചത് മൂന്നാമത്തെ വഴി: അവളെ താന്‍ സ്നേഹിച്ചിരുന്നുവെന്നും  ഇപ്പോഴും സ്നേഹിക്കുന്നുവെന്നും ക്ലീമ ഗര്‍ഭിണിയോടു ആണയിട്ടു പറയണം. കുഞ്ഞു മറ്റൊരാളുടെതാണെന്ന സാദ്ധ്യതയെക്കുറിച്ച് ഒരു വിദൂര സൂചനപോലുമരുത്. അവളെ ആർദ്രതയിലും വിശ്വാസത്തിലും സ്നേഹത്തിലും നിമജ്ജനം ചെയ്യണം. തന്‍റെ ഭാര്യയില്‍നിന്നുള്ള വിടുതലടക്കം എല്ലാം അവള്‍ക്കു വാഗ്ദാനം ചെയ്യണം. അവരൊന്നിച്ചുള്ള ഉജ്ജ്വലമായ ഭാവിജീവിതം ചിത്രീകരിച്ചുകൊണ്ടിരിക്കുക. എന്നിട്ട്, അവരുടെ ആ ഭാവിക്കുവേണ്ടി ഗര്‍ഭം ഛിദ്രിപ്പിക്കുവാനവളെ പ്രേരിപ്പിക്കുക. ഒരു കുഞ്ഞുണ്ടാകാനുള്ള സമയം ഇതല്ലെന്ന് അവന്‍ അവളോടു വിശദീകരിക്കണം. കുട്ടിയുടെ വരവ് അവരുടെ പ്രേമത്തിന്‍റെ അതിമനോഹരമായ ആദ്യനാളുകള്‍ നശിപ്പിച്ചുകളയും.
മുമ്പത്തെ വാദഗതികളില്‍ ധാരാളമുണ്ടായിരുന്ന ഒരു കാര്യം ഈ വാദത്തിലില്ലായിരുന്നു: യുക്തി. നഴ്സിനോട് അത്രക്കു ഗാഢമായ  പ്രേമം ക്ലീമക്കുണ്ടായിരുന്നുവെങ്കില്‍, കഴിഞ്ഞ രണ്ടുമാസങ്ങളോളം അവളെ അവഗണിച്ചതെന്തേ? പക്ഷെ, പ്രേമികള്‍ പലപ്പോഴും അയുക്തികമായാണ് പെരുമാറുകയെന്നു ബാസ്സു വായനക്കാരന്‍ ശാഠ്യം പിടിച്ചു. ഒരു വഴിക്കല്ലെങ്കില്‍, മറ്റൊരു വഴിക്ക് പെണ്ണിനെ ഈ കാര്യം പറഞ്ഞുമനസ്സിലാക്കുന്നത്ര എളുപ്പമായ കാര്യം വേറൊന്നില്ല.                   മൂന്നാമത്തേതുതന്നെ ഏറ്റവും പര്യാപ്തമായ മാര്‍ഗ്ഗമെന്ന് ഒടുവിലെല്ലാവരും സമ്മതിച്ചു. എന്തെന്നാല്‍, അതാ ചെറുപ്പക്കാരിയുടെ പ്രേമവികാരത്തെയാണല്ലോ സ്വാധീനിക്കുക. ഇത്തരമൊരവസ്ഥയില്‍ അവളുടെ പ്രേമം മാത്രമാണല്ലോ, ആപേക്ഷികമായെങ്കിലും, ഉറപ്പുള്ള ഒരേയൊരു കാര്യം.

6. ക്ലീമയുടെ അഭ്യുദയകാംക്ഷി 

അവര്‍ തിയേറ്റര്‍ വിട്ടു. തെരുവിന്‍റെ അവസാനമായപ്പോള്‍ എല്ലാവരും നാലുവഴി പിരിഞ്ഞു. പക്ഷെ, ഗിറ്റാര്‍വായനക്കാരന്‍ ക്ലീമയുടെ വീട്ടുവാതില്‍വരെ അവനെ അനുഗമിച്ചു. നിര്‍ദ്ദിഷ്ടപദ്ധതിയെ പ്രതികൂലിച്ചത് അവന്‍ മാത്രമായിരുന്നു. താന്‍ ആരാധിക്കുന്ന സംഘനായകനു ചേര്‍ന്നതല്ല ഈ പദ്ധതിയെന്ന് അവനു തോന്നി: “യോഷകളെ സമീപിക്കുമ്പോള്‍ കയ്യിലൊരു ചമ്മട്ടി കരുതണം.” നീത്ചേയുടെ സമാഹൃതകൃതികളില്‍നിന്ന്‍ അവനറിയാവുന്ന ഒരു വാചകം അവന്‍ ഉദ്ധരിച്ചു.
“അവളുടെ കയ്യിലാണു കുട്ടാ, ചാട്ട.” ക്ലീമ വിലപിച്ചു.
സുഖചികിത്സാകേന്ദ്രംവരെ ക്ലീമയുടെകൂടെ വരട്ടെയെന്ന്‍ ഗിറ്റാര്‍വായനക്കാരന്‍ ചോദിച്ചു. ആ ചെറുപ്പക്കാരിയെ  വശീകരിച്ചു റോഡിലെത്തിച്ച് വണ്ടികയറ്റിക്കൊല്ലാമെന്നവന്‍ വാഗ്ദാനം ചെയ്തു: “എന്‍റെ ചക്രങ്ങള്‍ക്കടിയിലേക്ക് അവള്‍ ചാടിയതല്ലായെന്ന്‍ ഒരുത്തനും തെളിയിക്കാനാവില്ല.”
ബാന്‍ഡില്‍ ഏറ്റവും ഇളയവനായ ഗിറ്റാര്‍വായനക്കാരന് ക്ലീമയോടു കടുത്ത സ്നേഹമായിരുന്നു. ക്ലീമയെ അതു വല്ലാതെ സ്പര്‍ശിച്ചു:  “നീ സ്നേഹമുള്ളവനാണ്.” അവന്‍ പറഞ്ഞു. പൊള്ളുന്ന കവിളുകളോടെ ഗിറ്റാര്‍വായനക്കാരന്‍ പദ്ധതി വിശദമായി വരച്ചുകാട്ടി.
“ഒക്കെ നല്ലതു തന്നെ. പക്ഷെ, നടക്കില്ല.” ക്ലീമ പറഞ്ഞു.
“നിനക്കെന്താണൊരു മടി? അവള്‍ വെറും കൂത്തിച്ചിയാണ്.”
“നിന്‍റെ വ്യഗ്രത എനിക്കു മനസ്സിലാകും. പക്ഷെ, നടക്കില്ല.” ഗിറ്റാര്‍വായനക്കാരനോട് വിടവാങ്ങവേ ക്ലീമ പറഞ്ഞു.

7. ക്ലീമയുടെ പ്രതീക്ഷ 

ഒറ്റക്കയാപ്പോള്‍ അവന്‍ ആ യുവാവിന്‍റെ നിര്‍ദ്ദേശത്തെക്കുറിച്ചാലോചിച്ചു; അതു നിരാകരിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചും. ഗിറ്റാര്‍വായനക്കാരനെക്കാള്‍ നല്ലവനായതുകൊണ്ടല്ല അവനതു വേണ്ടെന്നുവെച്ചത്. മറിച്ച്, പേടി കൂടിയതുകൊണ്ടായിരുന്നു. ഒരു തന്തയായി അവരോധിക്കപ്പെടുന്നതിനേക്കാള്‍ ഭീകരത കുറഞ്ഞ കാര്യമല്ലല്ലോ കൊലപാതകത്തിനു കൂട്ടുനില്‍ക്കുന്നത്. റൂസേനയുടെമേല്‍ കാര്‍ കയറുന്നത് അവന്‍ കണ്ടു; അവള്‍ ചോരത്തളത്തില്‍ കിടക്കുന്നതും. അല്‍പ്പനേരത്തേക്ക് ആനന്ദംനിറഞ്ഞ ഒരാശ്വാസം അവനനുഭവപ്പെട്ടു. പക്ഷെ, വ്യാമോഹങ്ങളില്‍ വ്യാപരിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നവനറിയാമായിരുന്നു. ഇപ്പോഴാകട്ടെ, അവനു മറ്റൊരു ഗുരുതരമായ കാര്യം കൂടി ആലോചിക്കേണ്ടതായുണ്ട്. അവന്‍റെ ഭാര്യ. കര്‍ത്താവേ! നാളെയാണല്ലോ അവളുടെ പിറന്നാള്‍!
ആറാകാനിനി ഏതാനും മിനിട്ടുകളെയുള്ളൂ. കടകളാണെങ്കില്‍ കൃത്യം ആറിനുതന്നെ അടക്കും. അവനൊരു പൂക്കടയിലേക്കോടി. പനിനീര്‍പ്പൂക്കളുടെ ഒരു കൂറ്റന്‍ ബുക്കെ വാങ്ങി. ക്ലേശകരമായ ഒരാഘോഷമാണ് അവനെ കാത്തിരിക്കുന്നത്. ഹൃദയത്തിലും മനസ്സിലും അവള്‍ക്കരികെത്തന്നെ ഇരിക്കേണ്ടിവരും. അവള്‍ക്കു തീര്‍ത്തും കീഴടങ്ങിയിരിക്കേണ്ടിവരും. അവളോടു ആര്‍ദ്രത കാട്ടണം. അവളെ വിനോദിപ്പിക്കണം. കൂടെച്ചിരിക്കണം. അതേസമയം, വിദൂരത്തുള്ള ഒരു വയറിനെക്കുറിച്ച് നിരന്തരമായി വേവലാതിപ്പെടണം. സ്നേഹമയമായ വാക്കുകള്‍ പറയാന്‍ അവന്‍ പരിശ്രമിക്കും. പക്ഷെ, അവന്‍റെ മനസ്സ് അങ്ങകലെയായിരിക്കും. ഒരപരിചിതയുടെ ഗര്‍ഭാശയത്തിന്‍റെ ഇരുളാര്‍ന്ന തുറുങ്കറയിൽ.
ഈ പിറന്നാള്‍ വീട്ടില്‍വെച്ച് ആഘോഷിക്കുക ദുഷ്ക്കരമാണെന്ന്‍ അവനു മനസ്സിലായി. റൂസേനയെക്കാണാന്‍ ഇനിയും വൈകിക്കരുതെന്നും അവന്‍ തീരുമാനിച്ചു.
എന്നാല്‍, അതത്ര സുഖകരമായ ഒരേര്‍പ്പാടല്ല താനും. മലയിലെ ആ സുഖചികിത്സാലയം ഒരു മരുഭൂമിയായി അവനനുഭവപ്പെട്ടു. അവിടെ അവനു ആരെയുമറിയില്ല; ഒരു പക്ഷെ, ജലചികിത്സക്കെത്തിയ ആ അമേരിക്കക്കാരനെയൊഴിച്ച്. കച്ചേരിക്കുശേഷം ഹോട്ടല്‍സ്വീറ്റിലേക്കു, പഴയകാലത്തെ ഒരു പണക്കാരന്‍ബൂര്‍ഷ്വയെപ്പോലെ, മേളക്കാരെ മുഴുവന്‍ ക്ഷണിച്ചത് അയാളായിരുന്നു. അയാള്‍ തങ്ങള്‍ക്കു മുന്തിയ മദ്യം തന്നു. ചികിത്സാലയത്തില്‍നിന്നു തിരഞ്ഞെടുത്ത സ്ത്രീകളെ നല്‍കി. അങ്ങിനെനോക്കുമ്പോള്‍, ക്ലീമക്കും റൂസേനക്കുമിടയില്‍ സംഭവിച്ച കാര്യത്തിന്, പരോക്ഷമായി, അയാളാണ് ഉത്തരവാദി. കലവറയില്ലാത്ത സ്നേഹം പ്രകടിപ്പിച്ച ആ മനുഷ്യന്‍ ഇപ്പോഴും ചികിത്സാലയത്തിലുണ്ടെങ്കില്‍! അവസാനത്തെ പ്രതീക്ഷയെന്നതുപോലെ ക്ലീമ അയാളുടെ രൂപത്തെ മുറുകെപ്പിടിച്ചു. താനനുഭവിക്കാന്‍പോകുന്നതരം സന്ദര്‍ഭങ്ങളില്‍, ഒരാണിനു മറ്റെന്തിനേക്കാളുമാവശ്യം മറ്റൊരാണിന്‍റെ സൗഹൃദം നിറഞ്ഞ ധാരണയാണ്.
അവന്‍ തിയറ്ററിലേക്കു തിരിച്ചുവന്നു. പാറാവുകാരന്‍റെ മുറിയില്‍ കയറി. ഫോണെടുത്ത് ദൂരത്തേക്കൊരു വിളി സംവരണം ചെയ്തു. താമസിയാതെ, റൂസേനയുടെ സ്വരം അവനു കേള്‍ക്കാറായി. നാളെത്തന്നെ അവളെക്കാണാന്‍ വരുന്നുണ്ടെന്നു അവന്‍ പറഞ്ഞു. കുറച്ചു നാഴികകള്‍ക്കുമുമ്പ് അവളറിയിച്ച കാര്യം അവന്‍ സ്പര്‍ശിച്ചതേയില്ല. സ്വച്ഛന്ദരായ കമിതാക്കളെപ്പോലെയാണ് അവര്‍ സംസാരിച്ചത്.
കൂട്ടത്തില്‍ അവന്‍ ചോദിച്ചു:  “ആ അമേരിക്കക്കാരന്‍ ഇപ്പോഴുമവിടെയുണ്ടോ?”
“ഉവ്വല്ലോ!” റൂസേന പറഞ്ഞു.
ആശ്വാസത്തോടെ, മുമ്പത്തെക്കാളേറെ സ്വസ്ഥതയോടെ, അവളെക്കാണാന്‍ തിടുക്കമായിരിക്കുന്നുവെന്ന്‍ അവനാവര്‍ത്തിച്ചു. “നീയെന്താ ഇട്ടിരിക്കുന്നത്?” അനന്തരം അവന്‍ ചോദിച്ചു.
“എന്തിനാ?”
ഫോണിലൂടെയുള്ള കൊച്ചുവര്‍ത്തമാനത്തില്‍, വര്‍ഷങ്ങളായി, വിജയകരമായി അവനുപയോഗിച്ചു വരുന്ന ഒരു തന്ത്രമായിരുന്നു അത്: “നീ ഇപ്പോഴെന്താണുടുത്തിരിക്കുന്നതെന്ന് എനിക്കറിയണം. നിന്നെയങ്ങിനെ മനസ്സില്‍ക്കാണാന്‍.”
“ചുകന്ന ഒരുടുപ്പാണ്.”
“ചുകപ്പ് നിനക്കു നന്നായിച്ചേരും.”
“ആയിരിക്കാം.”
“അടിയിലോ?”
അവള്‍ ചിരിച്ചു. ഉവ്വ്, എല്ലാ പെണ്ണുങ്ങളും ഇതു ചോദിക്കുമ്പോഴോക്കെ ചിരിക്കുമായിരുന്നു.
“അടിവസ്ത്രത്തിന്‍റെ നിറമോ?”
“അതും ചുകപ്പാണ്.”
“അതിട്ടുനില്‍ക്കുന്ന നിന്നെക്കാണാന്‍ എനിക്കു തിടുക്കമായി,” ഫോണ്‍ താഴെ വെക്കുമ്പോള്‍ അവന്‍ പറഞ്ഞു. ഒരുനിമിഷം അവന്‍ ഉന്മേഷിതനായി. പക്ഷെ, ഒരുനിമിഷംമാത്രം. റൂസേനയെക്കുറിച്ചല്ലാതെ മറ്റൊന്നുമാലോചിക്കുവാന്‍ തനിക്കാവുന്നില്ലെന്നവന്‍ തിരിച്ചറിഞ്ഞു. ഈ വൈകുന്നേരം ഭാര്യയോടുള്ള സംസാരം വളരെച്ചുരുക്കേണ്ടിവരും.  ഒരു അമേരിക്കന്‍കൌബോയ് ചിത്രമോടുന്ന സിനിമാതിയറ്ററില്‍ കയറി അവന്‍ രണ്ടു ടിക്കറ്റുകള്‍ വാങ്ങി.

8. കമീല  

അനാരോഗ്യമുണ്ടെങ്കിലും, അതിനേക്കാള്‍, സൌന്ദര്യമുള്ളവളാണ് കമീലാക്ലീമ. എങ്കിലും അവള്‍ രോഗിയാണല്ലോ. ആരോഗ്യം തളർന്നതോടെ അവള്‍ക്കു തന്‍റെ പാട്ടുപാടുന്നപണി നിര്‍ത്തേണ്ടിവന്നു. ഇന്നവളുടെ ഭര്‍ത്താവായിരിക്കുന്നവന്‍റെ കൈകളിലേക്ക് അവളെ ആനയിച്ചത് അവളുടെ ആലാപനചര്യയായിരുന്നു.
ആരാധിക്കപ്പെടുന്നത് ശീലമായിപ്പോയ ഈ യുവസുന്ദരിയുടെ ശിരസ്സാകെ പെട്ടന്നാണ് ആശുപത്രിയിലെ അണുനാശിനികളുടെ മണം നിറഞ്ഞത്. തന്‍റെയും തന്‍റെ ഭര്‍ത്താവിന്‍റെയും ലോകങ്ങള്‍ക്കു നടുവിലൊരു മലനിര പൊങ്ങിവന്നതായി അവള്‍ക്കു തോന്നി.
അവളുടെ വിഷാദവദനം കാണുമ്പോഴൊക്കെ, അക്കാലത്ത്, അവന്‍റെ ഹൃദയം നുറുങ്ങിപ്പോകുമായിരുന്നു. സാങ്കല്‍പ്പികമായ ആ പര്‍വ്വതനിരക്കപ്പുറത്തുനിന്നും അവന്‍ അവള്‍ക്കുനേരെ പ്രേമലിപ്തമായ കൈകള്‍ നീട്ടുമായിരുന്നു. തന്‍റെ വിഷാദത്തിന് തനിക്കിന്നേവരെയറിയാത്ത ഒരു ശക്തിയുണ്ടെന്ന് കമീല തിരിച്ചറിഞ്ഞു. ക്ലീമയെ ആകര്‍ഷിക്കാനും ആര്‍ദ്രമാക്കാനും കണ്ണീര്‍പൊഴിപ്പിക്കാനും കഴിയുന്നൊരു ശക്തി. അപ്രതീക്ഷിതമായി കൈവന്ന ഈ ആയുധം (ഒരു പക്ഷെ, അബോധപൂര്‍വ്വം, എന്നാലും മിക്ക സന്ദര്‍ഭങ്ങളിലും) അവളുപയോഗിക്കാന്‍ തുടങ്ങിയെന്നതില്‍ ആശ്ചര്യമില്ല.  അവളുടെ ശോകമയമായ മുഖത്തേക്ക് ക്ലീമയങ്ങിനെ കണ്ണുംനട്ടിരിക്കുമ്പോഴാണ്, മറ്റൊരുപെണ്ണും അവന്‍റെ മനസ്സിലില്ലായെന്ന്‍ അവള്‍ക്കേറെക്കുറെ ഉറപ്പുണ്ടാകുന്നത്.
ഈ സുന്ദരിപ്പെണ്ണിനാകട്ടെ, മറ്റുപെണ്ണുങ്ങളെ പേടിയായിരുന്നു. നോക്കുന്നിടത്തൊക്കെ, മറ്റുപെണ്ണുങ്ങളെ മാത്രമേ അവള്‍ കണ്ടിരുന്നുള്ളൂ. അവളുടെ ദൃഷ്ടിയില്‍നിന്ന്‍ അവര്‍ക്കൊരിക്കലും രക്ഷയുണ്ടായിരുന്നില്ല. വീട്ടില്‍ തിരിച്ചുവരുമ്പോള്‍ ക്ലീമ അവളെ അഭിവാദനംചെയ്യുന്ന സ്വരത്തില്‍ അവരെ കണ്ടുപിടിക്കാന്‍ അവള്‍ പഠിച്ചു. അവന്‍റെ വസ്ത്രത്തിലെ ഗന്ധത്തിലും അവള്‍ അവരെ കണ്ടെത്താന്‍ പഠിച്ചു. ഈയിടെ അവള്‍ക്കൊരു പത്രക്കടലാസിന്‍റെ തുണ്ടു കിട്ടി. അതിലൊരു തീയ്യതി അവള്‍ കണ്ടു; ക്ലീമയുടെ കയ്യക്ഷരത്തില്‍. ഒരു കച്ചേരിയുടെയൊ, ഒരു ഗായകസംവിധായകനെ കാണാനുള്ളതൊ, അങ്ങിനെയേതെങ്കിലുമൊരു കാര്യത്തിന്‍റെ തീയ്യതിയായിരുന്നിരിക്കണം. പക്ഷെ, ഏതു പെണ്ണിനെയാണ് ക്ലീമ ആ ദിവസം കാണുന്നതെന്നുമാത്രം ആലോചിച്ചു അവള്‍ ഒരു മുഴുവന്‍ മാസവും  വേവലാതിപ്പെട്ടു. ഒരു മാസം മുഴുവന്‍ അവളുടെ ഉറക്കം അലങ്കോലമായി.
സ്ത്രീകളുടെ കപടലോകം അവളെ ഇത്രമാത്രം കാര്‍ന്നുതിന്നുവെങ്കില്‍, അവള്‍ക്കു പുരുഷന്മാരുടെ ലോകത്ത് സാന്ത്വനം തേടാമായിരുന്നില്ലേ?പക്ഷെ, അതു നടപ്പില്ല. ഒരു പുരുഷാരത്തെമുഴുവന്‍ ഇരുട്ടിലാക്കി ഒരൊറ്റയാളെമാത്രം പ്രകാശത്തില്‍ ദീപ്തമാക്കിനിര്‍ത്താനുള്ള അപാരമായ കഴിവുണ്ട് അസൂയക്ക്. വേദനാജനകമായ ആ പ്രകാശത്തിന്‍റെ ദിശയിലേക്കു മാത്രമേ ശ്രീമതി ക്ലീമയുടെ ചിന്തകള്‍ സഞ്ചരിക്കുകയുള്ളൂ. ലോകത്തിലെ ഏകപുരുഷന്‍ അവളുടെ ഭര്‍ത്താവുമാത്രമാണ്.
പൂട്ടില്‍ താക്കോലുവീഴുന്ന ശബ്ദം അവള്‍ കേട്ടു. അല്‍പ്പംകഴിഞ്ഞ് പനിനീര്‍പ്പൂക്കളുടെ ബുക്കെയുമായി നില്‍ക്കുന്ന കുഴലൂത്തുകാരന്‍ ദൃഷ്ടിയില്‍പ്പെട്ടു.
അവള്‍ ആദ്യം ആഹ്ലാദിച്ചു. പക്ഷെ, ഉടനെ സംശയങ്ങള്‍ തലപൊക്കി. പിറന്നാള്‍ നാളെയായിരിക്കെ, ഇന്നു വൈകുന്നേരം പൂക്കളുമായി വരുന്നതെന്തിന്? എന്താണതിന്‍റെ പൊരുള്‍?
അവനെ സ്വീകരിച്ചുകൊണ്ടവള്‍ ചോദിച്ചു: “നാളെ നീ ഇവിടെയുണ്ടാകില്ലേ?”

9. ക്ലീമയും കമീലയും 

അവള്‍ക്കുള്ള പൂക്കളുമായി അന്നു വൈകുന്നേരം വന്നതിന്‍റെ അര്‍ത്ഥം അവന്‍ പിറ്റേന്നവിടെ ഉണ്ടാവില്ലെന്നാകണമെന്നില്ല. പക്ഷെ, അവളുടെ സദാജാഗരൂകവും, അസൂയാഭാരിതവും, സംശയകലുഷിതവുമായ സ്പര്‍ശിനികള്‍ക്ക് അവളുടെ ഭര്‍ത്താവിന്‍റെ ഏറെച്ചെറിയ രഹസ്യോദ്ദേശ്യങ്ങള്‍പോലും മുന്‍കൂട്ടി അറിയാന്‍ കഴിയും. അവളുടെ ഭീഷണമായ ആ സ്പര്‍ശിനികള്‍ ഒറ്റുകണ്ണുകള്‍കൊണ്ടവനെ നഗ്നനാക്കുമ്പോഴൊക്കെ ആശയറ്റവന്‍ തളര്‍ന്നുപോകും. ആ സ്പര്‍ശിനികളെ അവന്‍ വെറുത്തു. തന്‍റെ വിവാഹജീവിതത്തിനുള്ള ഏകഭീഷണി അവയാണെന്നവനുറപ്പായിരുന്നു. അവനുറപ്പായിരുന്നൂ, (ഇക്കാര്യത്തില്‍ അവന്‍റെ മന:സാക്ഷി ഗര്‍വ്വര്‍ഹിക്കുംവിധം സ്വച്ഛമായിരുന്നു) അവനവളെ വഞ്ചിക്കുന്നുണ്ടെങ്കില്‍ അതവളെ ബുദ്ധിമുട്ടിക്കാതിരിക്കാനാണെന്ന്; അവളെ എതുല്‍ക്കണ്ഠയില്‍നിന്നും രക്ഷിക്കുവാനാണെന്ന്‍; അവള്‍ക്കു വിഷമവും വേദനയുമുണ്ടാക്കുന്നത് അവളുടെ തന്നെ സംശയങ്ങളാണെന്ന്.
അവനവളുടെ മുഖത്തേക്കു ദൃഷ്ടിയൂന്നി. അവിടെയവന്‍ സംശയവും സന്താപവും കോപവും കണ്ടു. അവനു പൂക്കള്‍ തറയിലേക്കു വലിച്ചെറിയുവാന്‍ തോന്നി. എങ്കിലുമവന്‍ സ്വയം നിയന്ത്രിച്ചു. ആത്മനിയന്ത്രണംവേണ്ടിവരുന്ന ഇതിനേക്കാള്‍ദുഷ്ക്കരമായ നിമിഷങ്ങള്‍ തുടര്‍ന്നുള്ള കുറച്ചുദിവസങ്ങളിലുണ്ടാകുമെന്നവനറിയാം.
“ഇന്നുവൈകുന്നേരംതന്നെ പൂക്കള്‍ കൊണ്ടുവന്നത് നിനക്കു വിഷമമായോ?” അവന്‍ ചോദിച്ചു. അവന്‍റെ സ്വരത്തിലെ നീരസം തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ നന്ദിപറഞ്ഞു. പിന്നെ, ഒരു പൂപ്പാത്രത്തില്‍ വെള്ളം നിറച്ചു.
“നശിച്ച സോഷ്യലിസം!” ക്ലീമ തുടര്‍ന്നുപറഞ്ഞു.
“ഇപ്പോഴെന്തായി?”
“നോക്കൂ, ഇവന്മാര്‍ക്കെപ്പോഴും കാശില്ലാതെ കച്ചേരി നടത്തണം. ഒരു തവണ സാമ്രാജ്യത്വത്തിനെതിരെയെങ്കിൽ‍, മറ്റൊരുതവണ വിപ്ലവസ്മരണക്കു വേണ്ടി. ഇനിയുമൊരുതവണ വലിയൊരുത്തന്‍റെ  പിറന്നാളിന്. ബാന്‍ഡ് നിലനിര്‍ത്താനായി എനിക്കിതെല്ലാം സഹിച്ചേപറ്റൂ. നിനക്കറിയില്ല എന്നെയവന്മാരിന്നെത്ര ക്ഷോഭിപ്പിച്ചുവെന്ന്.”
“എന്തുണ്ടായി?”
“റിഹേഴ്സല്‍ നടക്കുന്നിടത്ത് മുന്‍സിപ്പല്‍കൌണ്‍സിലിന്‍റെ പ്രസിഡണ്ടു വന്നു. അതു വായിക്കരുത്, ഇതു വായിക്കരുതെന്നൊക്കെ ആവശ്യപ്പെട്ടു. ഒടുവില്‍ യൂത്ത് ലീഗിനു വേണ്ടി ഒരു സൌജന്യക്കച്ചേരി നടത്താന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. അതൊക്കെപ്പോകട്ടെ, ഒരു വഷളന്‍ കോണ്‍ഫറന്‍സിനുവേണ്ടി നാളെമുഴുവന്‍ എനിക്കു ചിലവഴിക്കണം. സോഷ്യലിസനിര്‍മ്മാണത്തില്‍ സംഗീതത്തിനുള്ള പങ്കു ചര്‍ച്ചചെയ്യാന്‍. ഒരു ദിവസംകൂടി നാശമാക്കി. മുഴുവന്‍ നാശമാക്കി. അതും നിന്‍റെ പിറന്നാളായിട്ട്.”
“വൈകുന്നേരം മുഴുവന്‍ അവര്‍ നിന്നെ അവിടെ പിടിച്ചിരുത്തില്ല.”
“ഇല്ലായിരിക്കാം. പക്ഷെ, വീട്ടിലേക്കു വരുമ്പോ എന്‍റെ സ്ഥിതി എന്തായിരിക്കുമെന്ന് നീയൊന്നോര്‍ത്തുനോക്കൂ. അതുകൊണ്ടിന്നുവൈകുന്നേരം നമുക്കൊരുമിച്ചൊരല്‍പ്പനേരം സ്വസ്ഥമായി ചിലവഴിക്കാമെന്നു കരുതി.” ഭാര്യയുടെ കരം ഗ്രഹിച്ചുകൊണ്ടവന്‍ പറഞ്ഞു.
“നന്നായി.” ശ്രീമതി ക്ലീമ പറഞ്ഞു.            കോണ്‍ഫറന്‍സിനെക്കുറിച്ചുപറഞ്ഞ ഒരൊറ്റവാക്കുപോലും അവള്‍ വിശ്വസിച്ചിട്ടില്ലെന്നു അവളുടെ സ്വരത്തില്‍നിന്ന്‍ ക്ലീമക്കു മനസ്സിലായി. അവള്‍ക്കവനെ വിശ്വാസമായില്ലായെന്നതു പുറത്തുകാണിക്കാനവള്‍ ധൈര്യപ്പെട്ടില്ല എന്നതു നേരുതന്നെ. അവളുടെ അവിശ്വാസം അവനെ ക്ഷോഭിപ്പിക്കുമെന്നവള്‍ക്കറിയാം. പക്ഷെ, അവളുടെ വിശ്വാസ്യതയില്‍ അവനു വിശ്വാസമില്ലാതായിട്ടു കാലം കുറേയായല്ലോ. അവന്‍ നേരുപറഞ്ഞാലും അവളവനെ സംശയിക്കുമെന്ന് അവനെപ്പോഴും സംശയിച്ചു. എന്തായാലും, ഇനി പിന്‍വാങ്ങുക പ്രയാസം. അവളവനെ വിശ്വസിക്കുന്നുവെന്നു അവന്‍ വിശ്വസിക്കുന്നതായി അവനഭിനയിച്ചേപറ്റൂ. അവള്‍ക്കവനെ വിശ്വാസമാണെന്നു കാണിക്കാന്‍ വിഷാദഭരിതവും വിചിത്രവുമായ മുഖത്തോടെ അവള്‍ കോണ്‍ഫറന്‍സിനെക്കുറിച്ചു ചോദിച്ചുകൊണ്ടേയിരുന്നു.
പിന്നീട്, അത്താഴമൊരുക്കാന്‍ അവളടുക്കളയിലേക്കുപോയി. ഭക്ഷണത്തില്‍ അവളൊരുപാടുപ്പുചേര്‍ത്തു. പാചകം അവള്‍ക്കിഷ്ടമാണ്. അതിലവള്‍ നിപുണയുമാണ്. വീടുനടത്താനുള്ള അവളുടെ ശീലം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. അത്താഴം മോശമാകാന്‍ അവളുടെ അസ്വസ്ഥത മാത്രമാണ് കാരണമെന്നു ക്ലീമ മനസ്സിലാക്കി. ഭക്ഷണത്തിലേക്കു വേദനയോടെ, അക്രമാസക്തിയോടെ, അവളുപ്പൊഴിക്കുന്നതവന്‍ മനസ്സില്‍ക്കണ്ടു. അതവന്‍റെ ഹൃദയത്തെ നൂറുനൂറായ്നുറുക്കി. സ്പൂണ്‍നിറച്ചെടുത്തു കഴിക്കുമ്പോഴെല്ലാം അവളുടെ കണ്ണീരു കഴിക്കുകയാണെന്നവനു തോന്നി. സ്വന്തം കുറ്റബോധമാണ് അവന്‍ തിന്നുതീര്‍ക്കുന്നത്. അസൂയ കലീമയെ പീഡിപ്പിക്കുന്നുണ്ടെന്നവനറിയാം; ഈ രാത്രി അവള്‍ക്കുറക്കമുണ്ടാകില്ലെന്നും. അവളെ തലോടി, ആലിംഗനംചെയ്ത്, ആശ്വസിപ്പിക്കാന്‍ അവനാഗ്രഹിച്ചു.                        അതുകൊണ്ടൊരുകാര്യവുമില്ലെന്ന്‍ ഉടന്‍ മനസ്സിലാക്കുകയും ചെയ്തു. അത്തരം ആര്‍ദ്രതയില്‍നിന്ന്‍ അവന്‍റെ ഭാര്യയുടെ സ്പര്‍ശിനികള്‍ പിടിച്ചെടുക്കുക അവന്‍റെ മനസ്സു നന്നല്ലെന്നതിന്‍റെ തെളിവുമാത്രമായിരിക്കും.
ഒടുവിലവര്‍ സിനിമാതിയറ്ററിലെത്തി. സംക്രമണാത്മകമായ ആത്മധൈര്യത്തോടെ ചതിക്കുഴിയില്‍നിന്നു രക്ഷപ്പെടുന്ന തിരശ്ശീലയിലെ നായകനില്‍ ക്ലീമ അല്‍പ്പം ആശ്വാസംകൊണ്ടു. അവനാ നായകനായി മാറി. തന്‍റെ വശ്യതകൊണ്ടും, ഭാഗ്യനക്ഷത്രത്തിന്‍റെ സഹായത്താലും റൂസേനയേ ഗര്‍ഭച്ഛിദ്രത്തിനു സമ്മതിപ്പിക്കുന്ന കാര്യം നിസ്സാരമാണെന്ന് അവനപ്പോള്‍ തോന്നി.
പിന്നീട്, വിശാലമായ മെത്തയില്‍ അടുത്തടുത്ത് കിടക്കുമ്പോള്‍ അവനവളെ നോക്കി . അവള്‍ മലര്‍ന്നു കിടക്കുകയായിരുന്നു; തല കിടക്കയില്‍ പൂഴ്ത്തിയും, താടി തെല്ലൊന്നുയര്‍ത്തിയും, നോട്ടം മച്ചിലുറപ്പിച്ചും. അവളുടെ ദേഹമാകട്ടെ, വലിഞ്ഞുമുറുകിക്കിടന്നു. (അതു കാണുമ്പോഴൊക്കെ അവനൊരു വയലിന്‍ ഓര്‍മ്മയില്‍ വരും.മുറുകിയിരിക്കുന്ന ഒരു വയലിന്‍കമ്പിയാണ് അവളുടെ ആത്മാവെന്ന്‍ അപ്പോഴൊക്കെ അവന്‍ അവളോടു പറയും.) തീവ്രമായ ആ വലിഞ്ഞുമുറുകലില്‍ അവളുടെ മുഴുവന്‍ ഉണ്മയും, ഒരൊറ്റമാത്രയില്‍, പൊടുന്നനെ, അവനനുഭവിച്ചു. ഉവ്വ്. ചിലപ്പോഴൊക്കെ അങ്ങിനെ സംഭവിക്കാറുണ്ടായിരുന്നു; ഇത്തരം ആശ്ചര്യകരമായ നിമിഷങ്ങള്‍. അവളുടെ ഒരാംഗ്യത്തിലോ, ഒരു ചലനത്തിലോ, അവളുടെ ശരീരത്തിന്‍റെയും ആത്മാവിന്‍റെയും സമഗ്രചരിത്രവും അവനു പെട്ടെന്നു ഗ്രഹിക്കാന്‍ കഴിയുമായിരുന്നു. പരമമായ അതീന്ദ്രിയദര്‍ശനത്തിന്‍റെ മാത്രമല്ല, പരമമായ വികാരത്തിന്‍റെയും നിമിഷങ്ങളായിരുന്നു ഇവ. താനാരുമല്ലാതിരുന്നകാലത്ത് തന്നെ സ്നേഹിച്ച സ്ത്രീയോടുള്ള വികാരം. തനിക്കുവേണ്ടി എല്ലാം ത്യജിക്കാന്‍ തയ്യാറായവളാണവള്‍. തന്‍റെ വിചാരവ്യാപാരങ്ങള്‍ നന്നായറിയുന്നവള്‍. സ്ട്രാവിന്‍സ്കിയെക്കുറിച്ചും ആംസ്ട്രോംഗിനെക്കുറിച്ചും അവളോടു സംസാരിക്കാം. ഗൌരവമുള്ളതും നിസ്സരവുമായ കാര്യങ്ങള്‍ ഒരുപോലെ സംസാരിക്കാം. മറ്റാരേക്കാളും തനിക്കുറ്റ  ബന്ധമുള്ളവള്‍... പക്ഷെ, ഈ കോമളവദനം, ഈ കോമളമുഖം,  മരിച്ചുമരവിച്ചതാണെന്ന് ഇപ്പോഴവന്‍ വിചാരിച്ചു. ഒരൊറ്റദിവസംപോലും അവളുമൊത്തുകഴിയുവാന്‍ തനിക്കാവില്ലെന്നവനു തോന്നി.  
തന്‍റെ അവസാനശ്വാസംവരെ തനിക്കവളെ സംരക്ഷിക്കാന്‍ പ്രാപ്തിയുണ്ടെന്ന് അവനറിയാം. അവള്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കാന്‍വരെ അവനു കഴിയും. പക്ഷെ, വീര്‍പ്പുമുട്ടിക്കുന്ന ഈ പ്രേമവികാരം ദുര്‍ബ്ബലവും ക്ഷണികവുമായിരുന്നു. കാരണം, അവന്‍റെ മനം നിറയെ ഭയാശങ്കകളായിരുന്നു. കമീലക്കരികില്‍ അവനങ്ങിനെ കിടന്നു. അവളെ താന്‍ അതിരറ്റു സ്നേഹിക്കുന്നുണ്ടെന്നവനറിയാം.  പക്ഷെ, അവന്‍റെ മനമിപ്പോള്‍ അവിടെയല്ല. അളക്കാന്‍കഴിയാത്തത്രദൂരത്തുനിന്ന്‍, ഒരു നൂറായിരം നാഴികകള്‍ക്കലെനിന്നെന്നപോലെ അവനവളുടെ മുഖം തലോടി.


രണ്ടാം ദിവസം


1. ബെർറ്റ് ലേഫ് 

സുഖചികിത്സാനഗരത്തില്‍ രാവിലെ ഏകദേശം ഒമ്പതുമണിയായിരുന്നിരിക്കണം. അപ്പോഴാണ്‌, ശരിക്കുമുള്ള പരിചരണാലയത്തിന്‍റെ ഓരത്തുള്ള പാര്‍ക്കിംഗ് സ്ഥലത്ത്( അതിനപ്പുറം പോകാന്‍ വാഹനങ്ങള്‍ക്ക് അനുമതിയില്ല) വെളുത്തു സുഭഗമായൊരു സെഡാന്‍ വന്നു നിന്നത്.  ക്ലീമ അതില്‍നിന്നുമിറങ്ങി.
     നീണ്ടിടുങ്ങിയ ഒരു പാര്‍ക്കുണ്ടായിരുന്നു സുഖചികിത്സാകേന്ദ്രത്തിനു ചുറ്റും. അവിടവിടെയായി മരക്കൂട്ടങ്ങളും, മണല്‍പ്പാതകളും, പുല്‍ത്തകിടിയില്‍ ചായമിട്ട ബെഞ്ചുകളുമുള്ള ഒരു പാര്‍ക്ക്. പാര്‍ക്കിനിരുവശത്തുമാണ് ഉഷ്ണാലയത്തിന്‍റെ കെട്ടിടങ്ങള്‍. കാള്‍മാര്‍ക്സ്ഹൌസ് അവയിലൊന്നാണ്. കുഴലൂത്തുകാരന്‍ ഒരു രാത്രി നിര്‍ണ്ണായകമായ രണ്ടു  മണിക്കൂറുകള്‍  ചെലവഴിച്ച നഴ്സ് റൂസേനയുടെ കൊച്ചു മുറി ഈ കെട്ടിടത്തിലായിരുന്നു. കാള്‍മാര്‍ക്സ്ഹൌസിനഭിമുഖമായി പാര്‍ക്കിന്‍റെ മറുവശത്താണ് സുഖചികിത്സാകേന്ദ്രത്തിലെ ഏറ്റവും മനോഹരമായ കെട്ടിടം. നൂറ്റാണ്ടിനൊടുവിലെ  പുത്തന്‍കലാശൈലിയില്‍, വെണ്‍കളികൊണ്ടുള്ള അലങ്കാരവേലകളും, പ്രവേശനകവാടത്തിലേക്കു നയിക്കുന്ന വീതിയുള്ള പടികളോടും കൂടിയ ഈ കെട്ടിടത്തിനു മാത്രമാണ് അതിന്‍റെ പഴയ പേരുപയോഗിക്കാനുള്ള അവകാശം നല്‍കപ്പെട്ടിരുന്നത്: റിച്ച്മണ്ട് ഹോട്ടല്.

            “ശ്രീമാന്‍ ബെര്‍ട് ലേഫ് ഇപ്പോഴും ഇവിടെ താമസമുണ്ടോ?” ക്ലീമ ഡെസ്കിലുള്ളയാളോടു ചോദിച്ചു. അനുകൂലമായ മറുപടികിട്ടിയപ്പോള്‍, അവന്‍ ചുവപ്പുപരവതാനിവിരിച്ച  കോണിപ്പടിഓടിക്കയറി രണ്ടാംനിലയിലെത്തി ഒരു വാതിലില്‍ മുട്ടി.

            തന്നെ സ്വീകരിക്കാന്‍ വരുന്ന  പൈജാമ ധരിച്ച ബെര്‍ട് ലേഫിനെയാണ്, അകത്തു കടന്നപ്പോള്‍, അവന്‍ കണ്ടത്. അപ്രതീക്ഷിതമായ തന്‍റെ സന്ദര്‍ശനത്തിന്‍റെ പേരില്‍, ജാള്യതയോടെ, ക്ലീമ ക്ഷമചോദിക്കാനാരംഭിച്ചു. പക്ഷെ, ബെര്‍ട് ലേഫ് തടഞ്ഞു: “എന്‍റെ സുഹൃത്തേ! ക്ഷമചോദിക്കാതെ! എനിക്കിവിടെ ഇന്നേവരെ കിട്ടിയിട്ടില്ലാത്ത അത്യാനന്ദമാണ് പകലിത്രയും നേരത്തേ നിങ്ങളെനിക്കു നല്‍കുന്നത്.”

അയാള്‍ ക്ലീമയുടെ കൈപിടിച്ചുകൊണ്ടു തുടര്‍ന്നു: “ഈ നാട്ടിലാളുകള്‍ പ്രഭാതത്തെ ബഹുമാനിക്കുന്നില്ല. അലാറമുള്ള ഒരു ഘടികാരം അവരെ അക്രമാത്മകമായുണര്‍ത്തുന്നു, ഒരു മഴുവിനെപ്പോലെ അവരുടെ ഉറക്കത്തെ വെട്ടിമാറ്റുന്നു. ഉടനെയവര്‍ മാരകമായ തിടുക്കത്തിനു വഴങ്ങുന്നു. അത്തരം അക്രമാത്മകമായ തുടക്കത്തിനു ശേഷം ഏതു തരം ദിവസമാണുണ്ടാകുകയെന്ന്‍ പറയാമോ? ദിവസവും അലാറമുള്ള ഘടികാരത്തിന്‍റെ കൊച്ചുകൊച്ചു വൈദ്യുതാഘാതമേല്‍ക്കുന്ന മനുഷ്യര്‍ക്കെന്തു സംഭവിക്കും? ഓരോ ദിവസവും അവര്‍ക്കു ഹിംസ്രവാസന കൂടുതല്‍ക്കൂടുതല്‍ ശീലമാകും. സന്തോഷിക്കുവാനുള്ള ശീലം കുറഞ്ഞുകുറഞ്ഞുവരും. ഒരാളുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് പുലരികളാണെന്ന് ഞാന്‍ പറയുന്നതു വിശ്വസിച്ചാലും.”
            ബെര്‍ട് ലേഫ് ക്ലീമയുടെ ചുമലില്‍ മൃദുവായ് പിടിച്ചു; ഒരു ചാരുകസേരയിലെക്കു നയിച്ചു. അയാള്‍ തുടര്‍ന്നു: “പ്രതിമകളാല്‍ അലങ്കരിക്കപ്പെട്ട ഒരു പാലത്തിലൂടെയെന്നപോലെ, ഞാന്‍ മെല്ലെ രാത്രിയില്‍നിന്നു പകലിലേക്ക്, സുഷുപ്തിയില്‍നിന്ന്‍ ജാഗ്രത്തിലേക്ക് കടക്കുന്ന ഈ പുലര്‍വേളയിലെ  അലസത എനിക്കെത്രമാത്രം പ്രിയമാണെന്നോര്‍ക്കുമ്പോള്‍...ഒരു കൊച്ചു വിസ്മയം, നിശാവേളയിലെ എന്‍റെ സ്വപനങ്ങള്‍ തുടരുകയാണെന്നും സുഷുപ്തിയിലെ ആകസ്മിതകള്‍ക്കും പകലത്തെ  ആകസ്മിതകള്‍ക്കുമിടയില്‍ വലിയ വിടവൊന്നുമില്ലെന്ന്‍  എന്നെ ബോദ്ധ്യപ്പെടുത്തുന്ന   അപ്രതീക്ഷിതമായൊരു സന്ദര്‍ശനം,  എന്നെ  അത്യന്തം നന്ദിയുള്ളവനാക്കുന്ന മുഹൂര്‍ത്തമാണ് ദിവസത്തിലെ ഈ വേള.”
            പൈജാമയിട്ട ബെര്‍ട് ലേഫ് മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നതും, നരച്ച മുടി കൈകൊണ്ടൊതുക്കുന്നതും കുഴലൂത്തുകാരന്‍ നോക്കിയിരുന്നു. അയാളുടെ മുഴങ്ങുന്ന സ്വരത്തിലെ അമേരിക്കന്‍ ഉച്ചാരണരീതിയും, പദാവലിയിലെ മനോജ്ഞമായ കാലഹരണപ്പെട്ട എന്തോ ഒന്നും അവനു കേള്‍ക്കാറായി. ബെര്‍ട് ലേഫ് തന്‍റെ കുടുംബത്തിന്‍റെ സ്വദേശത്തു ഒരിക്കലും താമസിച്ചിരുന്നില്ലാ എന്നതാണിതിനു  കാരണം. അയാള്‍ ഭാഷ സ്വായത്തമാക്കിയത് മാതാപിതാക്കളില്‍നിന്നായിരുന്നു.
            “സുഹൃത്തേ, ആരും,” പരസ്പരവിശ്വാസത്തിന്‍റെ ഒരു പുഞ്ചിരിയോടെ, ക്ലീമക്കുനേരെ ചാഞ്ഞുകൊണ്ട് അയാള്‍ വിശദീകരിച്ചു, “ഈ സുഖചികിത്സാകേന്ദ്രത്തിലെ ആരും എന്നെ മനസ്സിലാക്കുന്നില്ല. നഴ്സുമാര്‍പോലും. മറ്റുതരത്തില്‍ അവര്‍ അനുസരണയുള്ളവരാണ്. പക്ഷെ, പ്രാതലിനു എന്നോടൊപ്പം സന്തോഷകരമായ ഒരല്‍പ്പം സമയം പങ്കുവെക്കാന്‍ ക്ഷണിക്കുമ്പോള്‍ അവര്‍ കുപിതരാകുന്നു. അത്തരം കൂടിക്കാഴ്ച്ചകള്‍, അതിനാല്‍, വൈകുന്നേരത്തേക്ക്,  ഞാനല്‍പ്പം ക്ഷീണിച്ചിരിക്കുന്ന നേരത്തേക്ക് മാറ്റിവെക്കേണ്ടതായി വരുന്നു.”
            അതിനുശേഷം അയാള്‍ ടെലഫോണ്‍ വെച്ച കൊച്ചു മേശക്കരികിലേക്ക് പോയി; അവനോടു ചോദിച്ചു: “നിങ്ങളെപ്പോഴെത്തി?”
“രാവിലെ,” ക്ലീമ പറഞ്ഞു. “കാറോടിച്ചാണ് വന്നത്.”
            “നിങ്ങള്‍ക്കു തീര്‍ച്ചയായും വിശക്കുന്നുണ്ടാകും,”  അതും പറഞ്ഞ് ബെര്‍ട് ലേഫ് ഫോണെടുത്തു. രണ്ടു പ്രാതലിനാവശ്യപ്പെട്ടു. “ നാലു പൊരിച്ച മുട്ട, പാല്‍ക്കട്ടി, വെണ്ണ, റൊട്ടി, പാല്, പന്നിയിറച്ചി, പിന്നെ ചായ.”
            ഇതിനിടയില്‍ ക്ലീമ മുറി അവലോകനം ചെയ്തു. വലിയൊരു വട്ടമേശ, കസേരകള്‍, ഒരു ചാരുകസേര, ഒരു കണ്ണാടി, രണ്ടു സോഫകള്‍. പിന്നെ വാതിലുകള്‍. ഒന്ന്‍ കുളിമുറിയിലേക്കുള്ളത്.  മറ്റേത് ബെര്‍ട് ലേഫിന്‍റെ കൊച്ചു ശയനമുറിയിലേക്കുള്ളതാണെന്ന് അവനോര്‍ത്തു. എല്ലാറ്റിനും തുടക്കം ഇവിടെ, ഈ ആര്‍ഭാടമാര്‍ന്ന സ്വീറ്റിലായിരുന്നു.   ആരുടെ സുഖത്തിനുവേണ്ടിയാണോ ധനികനായ ഈ അമേരിക്കക്കാരന്‍ കുറച്ചു നഴ്സുമാരെ ക്ഷണിച്ചത്, തന്‍റെ ബാന്‍ഡിലെ  ലഹരികയറിയ ആ മേളക്കാര്‍ ഇവിടെയാണിരുന്നിരുന്നത്.
            “അതെ,” ബെര്‍ട് ലേഫ് പറഞ്ഞു, “നിങ്ങള്‍ നോക്കുന്ന ചിത്രം മുമ്പ് ഇവിടെ ഇല്ലായിരുന്നു.”
അപ്പോള്‍മാത്രമാണ് ആ ക്യാന്‍വാസ് കുഴലൂത്തുകാരന്‍ കണ്ടത്. കയ്യില്‍ ചായത്തളികയും, ചിത്രമെഴുതാനുള്ള ബ്രഷും പിടിച്ചു നില്‍ക്കുന്ന, തലക്കുപിറകില്‍ ഒരിളംനീല ചക്രമുള്ള ഒരു താടിക്കാരന്‍റെ ചിത്രം. ബാലിശമായൊരു ചിത്രം. പക്ഷെ, ബാലിശമെന്നുതോന്നിക്കുന്ന പല ചിത്രങ്ങളും മഹത്തായ കലാരൂപങ്ങളാണെന്നു കുഴലൂത്തുകാരനറിയാമായിരുന്നു.
            “ആരു വരച്ചതാണിത്?”
            “ഞാന്‍തന്നെ,” ബെര്‍ട് ലേഫ് ഉത്തരം നല്‍കി.
            “നിങ്ങള്‍ വരക്കുമെന്ന്‍ എനിക്കറിയില്ലായിരുന്നു.”
            “ചിത്രരചന എനിക്കിഷ്ടമാണ്.”
            “ആരാണിത്?” കുഴലൂത്തുകാരനു ചോദിക്കാനുള്ള തന്‍റേടമുണ്ടായി.
            “ലസാറസ് പുണ്യവാളന്‍.”
            “എന്ത്? ലസാറസ് ചിത്രകാരനായിരുന്നുവോ?”
            “ഇതു ബൈബിളിലെ ലസാറസല്ല. ലസാറസ് പുണ്യവാളന്‍. ഒമ്പതാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ ജീവിച്ചിരുന്ന ഒരു സംന്യാസി. അദ്ദേഹമാണെന്‍റെ രക്ഷകപുണ്യവാളന്‍.”
            “നേര്!” കുഴലൂത്തുകാരന്‍ പറഞ്ഞു.
            “അദ്ദേഹം ഒരു വിചിത്ര പുണ്യവാളനായിരുന്നു. ക്രിസ്തുവില്‍ വിശ്വസിച്ചതുകൊണ്ട് ബിംബാരാധകര്‍ രക്തസാക്ഷിയാക്കിയതല്ല അദ്ദേഹത്തെ. ചിത്രരചനയെ അമിതമായി സ്നേഹിച്ചതിനാല്‍ ദുഷ്ടരായ ക്രിസ്ത്യാനികളാണ് അതു ചെയ്തത്. ഗ്രീക്കു യാഥാസ്ഥിതിക സഭ, എട്ടും ഒമ്പതും നൂറ്റാണ്ടുകളില്‍, എല്ലാ ലൌകികാനന്ദത്തിനുമെതിരായ കഠിനമായ ഒരു വൈരാഗ്യാചരണത്തിന്‍റെ ഇരയായി മാറി. ചിത്രങ്ങളും പ്രതിമകളുംപോലും പാപപങ്കിലമായ സന്തോഷത്തിന്‍റെ  ഉപകരങ്ങളായി കണക്കാക്കപ്പെട്ടു. തിയോഫിലസ് ചക്രവര്‍ത്തി ആയിരക്കണക്കിനു മനോഹരമായ ചിത്രങ്ങള്‍നശിപ്പിച്ചു. എന്‍റെ പ്രിയപ്പെട്ട ലസാറസിനെ ചിത്രംവരക്കുന്നതില്‍നിന്നും വിലക്കി. പക്ഷെ, ലസാറസിന് തന്‍റെ ചിത്രങ്ങള്‍ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നവയാണെന്നറിയാമായിരുന്നു. അദ്ദേഹം അനുസരിക്കാന്‍ കൂട്ടാക്കിയില്ല. തിയോഫിലസ് അദ്ദേഹത്തെ തടവിലാക്കി. പീഡിപ്പിച്ചു. ചിത്രമെഴുത്ത്‌ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ, ദൈവം അലിവുള്ളവനായിരുന്നു. ക്രൂരമായ അഗ്നിപരീക്ഷകള്‍ താങ്ങാനുള്ള ശക്തി അവന്‍ അദ്ദേഹത്തിനു നല്‍കി.”
            “സുന്ദരമായ കഥ,” കുഴലൂത്തുകാരന്‍ വിനയത്തോടെ പറഞ്ഞു.
            “ഉജ്ജ്വലമായ കഥ. പക്ഷെ, എന്‍റെ ചിത്രങ്ങള്‍ നോക്കാനല്ല, തീര്‍ച്ചയായും, നിങ്ങളിവിടേക്ക് വന്നത്.”
            കൃത്യം ആ സമയത്ത് വാതിലിലൊരു മുട്ടുണ്ടായി. ഒരു വെയ്റ്റര്‍ വലിയൊരു താലവുമായി  അകത്തേക്കു വന്നു. അയാളത് മേശപ്പുറത്തു വെച്ചു. രണ്ടുപേര്‍ക്കും പ്രാതല്‍ വിളമ്പി.
            ബെര്‍ട് ലേഫ് ക്ലീമയോടു മേശക്കരികിലിരിക്കാന്‍ പറഞ്ഞു. പിന്നെ, തുടര്‍ന്നു: “നമ്മുടെ വര്‍ത്തമാനം നിര്‍ത്താന്‍മാത്രം കേമമൊന്നുമല്ല ഈ പ്രാതല്‍. പറയൂ, എന്താണു നിങ്ങളുടെ മനസ്സില്‍?”
            അങ്ങിനെ, കുഴലൂത്തുകാരന്‍, ചവക്കുന്നതിനിടയില്‍, തന്‍റെ ദുര്‍വ്വിധിയെക്കുറിച്ചു പറഞ്ഞു. ബെര്‍ട് ലേഫിനെ, ഇടക്കിടെ,  ഉള്ളുചൂഴുന്ന ചോദ്യങ്ങളുന്നയിക്കാന്‍ പ്രേരിപ്പിച്ച കഥ.

2. ക്ലീമയുടെ കുമ്പസാരം 

നഴ്സിന്‍റെ രണ്ടു തപ്പാല്‍ക്കാർഡുകള്‍ക്ക് ക്ലീമ എന്തുകൊണ്ടു മറുപടി അയച്ചില്ല? അവളുടെ ടെലഫോണ്‍ വിളികള്‍ നിരസിച്ചതെന്തിന്? നിശ്ശബ്ദവും ശാന്തവുമായ ഒരു പ്രതിദ്ധ്വനിയോടുകൂടി തങ്ങളുടെ പ്രേമനിശ ദീർഘിപ്പിക്കാമായിരുന്ന ഒരൊറ്റ സൌഹൃദചേഷ്ടപോലും അവനെന്തുകൊണ്ടു കാണിച്ചില്ല?   എല്ലാറ്റിലുമുപരി അയാള്‍ക്കറിയേണ്ടത് ഇവക്കുള്ള ഉത്തരങ്ങളായിരുന്നു.
       തന്‍റെ പെരുമാറ്റം മര്യാദയും യുക്തിയുമില്ലാത്തതായിരുന്നുവെന്നു ക്ലീമ അംഗീകരിച്ചു. പക്ഷെ, എല്ലാം തനിക്കു താങ്ങാവുന്നതിലധിമായിരുന്നുവെന്നാണ് അവന്‍ പറഞ്ഞത്. ആ യുവതിയുമായി ഇനിയും സമ്പര്‍ക്കമുണ്ടാകുന്നത് അവന്‍ ഭയപ്പെടുന്നു.
            “സ്ത്രീകളെ വശീകരിക്കാന്‍ ഏതു മണ്ടനും കഴിയും,” ബെര്‍ട് ലേഫ് അസഹ്യതയോടെ പറഞ്ഞു. “പക്ഷെ, അതെങ്ങിനെ അവസാനിപ്പിക്കണമെന്നറിയേണ്ടതുണ്ട്. അതാണ്‌ പക്വതുടെ ലക്ഷണം.”
            “അറിയാം,” കുഴലൂത്തുകാരന്‍ ദീനതയോടെ സമ്മതിച്ചു, “പക്ഷെ, എന്‍റെ വെറുപ്പ്, എന്‍റെ പരിപൂര്‍ണ്ണമായ നീരസം, എന്‍റെ എല്ലാ സദുദ്ദേശ്യങ്ങളെക്കാളും ശക്തിയുള്ളതാണ്.”
            “പറയൂ,” ബെര്‍ട് ലേഫ് വിസ്മയത്തോടെ പറഞ്ഞു, “ നിങ്ങളൊരു  സ്ത്രീവിരോധിയാണോ?”
            “അങ്ങിനെയാണവര്‍ പറയുന്നത്.”
            “പക്ഷെ, അതെങ്ങിനെയാകും? നിങ്ങള്‍ ഷണ്ഡനോ, സ്വവര്‍ഗ്ഗസ്നേഹിയോ ആണെന്നു തോന്നുന്നില്ല.”
            “ശരിയാണ്. ഞാന്‍ അതൊന്നുമല്ല. അതിനേക്കാള്‍ വഷളായ മറ്റൊന്നാണ്,” കുഴലൂത്തുകാരന്‍ ഖേദത്തോടെ സമ്മതിച്ചു. “ഞാന്‍ എന്‍റെ ഭാര്യയെ സ്നേഹിക്കുന്നു. അതാണെന്‍റെ രതിരഹസ്യം. പലര്‍ക്കും അതൊട്ടും മനസ്സിലാകാറില്ല.”
         ഈ കുമ്പസാരം ഏറെ ഹൃദയസ്പർശിയായിരുന്നതിനാല്‍ രണ്ടുപേരും അല്‍പ്പനേരം മൂകരായി. പിന്നെ, കുഴലൂത്തുകാരന്‍ തുടർന്നു: “ആരും ഇതു മനസ്സിലാക്കുന്നില്ല. എന്‍റെ ഭാര്യ പ്രത്യേകിച്ചും. മഹത്തായ ഒരു പ്രേമം മറ്റു ബന്ധങ്ങളുണ്ടാക്കുന്നതില്‍നിന്നു ഞങ്ങളെ തടയുന്നുവെന്നാണ് അവളുടെ വിചാരം. പക്ഷെ, അതു തെറ്റാണ്. എന്തോ ഒന്നു എന്നെ എല്ലായ്പ്പോഴും മറ്റൊരു സ്ത്രീയുടെ അരികിലേക്ക് തള്ളിവിടുന്നു. എന്നാല്‍, ഒരിക്കല്‍ അവളെ പ്രാപിച്ചു കഴിഞ്ഞാല്‍, ശക്തിയുള്ള ഒരു സ്പ്രിംഗ് എന്നെ കമീലയിലേക്ക് തിരിച്ചു വിക്ഷേപിക്കും. ആ സ്പ്രിംഗ് കാരണമാണ്, ആ വേഗത്തിനുവേണ്ടിയാണ്, ഞാന്‍ മറ്റു സ്ത്രീകളിലേക്കു തിരിയുന്നതെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഓരോ പുതിയ വഞ്ചനക്കും ശേഷം  കൂടുതല്‍ക്കൂടുതല്‍ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ ഭാര്യയിലേക്കെന്നെ തിരിച്ചെത്തിക്കുന്ന, ആര്‍ദ്രതയും, കാമനയും, എളിമയും നിറഞ്ഞ,  ആശ്ചര്യകരമായ ആ പറക്കലിന് വേണ്ടി.”
            “അപ്പോള്‍, നിങ്ങളുടെ ഏകപത്നീസ്നേഹത്തെ സ്ഥിരീകരിക്കാനുള്ള ഒരു വഴി മാത്രമാണ് റൂസേനാ നഴ്സ്?”
            “അതെ,” കുഴലൂത്തുകാരന്‍ പറഞ്ഞു. “അതും അങ്ങേയറ്റം സുഖദമായൊരു സ്ഥിരീകരണം. ആദ്യനോട്ടത്തില്‍, വളരെ ലാവണ്യമുള്ളവളാണ് റൂസേന. അതേസമയം, രണ്ടു മണിക്കൂറില്‍ അവളുടെ ലാവണ്യം പൂര്‍ണ്ണമായും മാഞ്ഞുപോകുമെന്നത് ഒരു ഭാഗ്യമാണ്. അതായത്, കാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്ന യാതൊന്നുമില്ലെന്നു സാരം. അപ്പോള്‍ ആ സ്പ്രിംഗ് എന്നെ വിസ്മയമാര്‍ന്ന ആ മടക്കപ്പറക്കലിനു സജ്ജമാക്കും.”
            “പ്രിയസുഹൃത്തെ, അമിതപ്രേമം കുറ്റകരമായ പ്രേമമാണ്. നിങ്ങള്‍ അതിനുള്ള ഏറ്റവും നല്ല പ്രമാണമാണ്‌.”
            “ഭാര്യയോടുള്ള സ്നേഹമാണ് എന്നിലുള്ള ഏകനന്മയെന്നാണ് ഞാന്‍ കരുതിയത്.”
            “നിങ്ങള്‍ക്കു തെറ്റുപറ്റി. ഭാര്യയോടുള്ള നിങ്ങളുടെ അതിപ്രേമം നിങ്ങളുടെ നിര്‍വ്വികരതയുടെ എതിര്‍ ധ്രുവമല്ല. അതതിന്‍റെ സ്രോതസ്സാണ്. നിങ്ങള്‍ക്കു ഭാര്യ എല്ലാമായതിനാല്‍ മറ്റെല്ലാസ്ത്രീകളും ഒന്നുമല്ല; അതായത്, നിങ്ങള്‍ക്കവരെല്ലാം അഭിസാരികകളാണ്. പക്ഷെ, ഇതൊരു വന്‍ദൂഷണമാണ്. ദൈവസൃഷ്ടികളോടുള്ള വലിയൊരനാദരവാണ്. എന്‍റെ പ്രിയ സുഹൃത്തേ, ഇത്തരം സ്നേഹം ദൈവനിന്ദയാണ്.”

3. ബെർറ്റ് ലേഫിന്‍റെ സഹായഹസ്തം 

         ബെര്‍ട് ലേഫ് തന്‍റെ കാലിക്കോപ്പ ഒരു വശത്തേക്കു നീക്കി. മേശക്കരികില്‍നിന്ന്‍ എഴുന്നേറ്റു. കുളിമുറിയിലേക്ക് പോയി. ക്ലീമ വെള്ളമൊഴുകിവീഴുന്നതിന്‍റെ ശബ്ദം കേട്ടു. പിന്നെ, ഒരു നിമിഷം കഴിഞ്ഞ്, ബെര്‍ട് ലേഫിന്‍റെ സ്വരവും: “ഇനിയും സൂര്യപ്രകാശം കണ്ടിട്ടില്ലാത്ത ഒരു ശിശുവിനെ കൊല്ലാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” ഒരല്‍പ്പംമുമ്പ്, പ്രഭാവലയിതനായ താടിക്കാരന്‍റെ ഛായാപടം അവനെ അസ്വസ്ഥനാക്കിയിരുന്നു. ഉല്ലാസവാനായ ഒരു സുഖഭോഗവാദിയായിട്ടാണ് ബെര്‍ട് ലേഫ് അവന്‍റെ ഓര്‍മ്മയിലുണ്ടായിരുന്നത്. അയാള്‍ ഒരു വിശ്വാസിയായിരിക്കുമെന്ന് അവനൊരിക്കലും തോന്നിയിരുന്നില്ല. തനിക്കിപ്പോഴൊരു സദാചാരസന്ദേശം ലഭിക്കുമെന്ന ചിന്ത അവനില്‍ ഉല്‍ക്കണ്ഠയുളവാക്കി. സുഖചികിത്സാകേന്ദ്രമെന്ന ഈ മരുഭൂമിയിലെ ഏകമാത്ര മരുപ്പച്ച മണലുകൊണ്ടു മൂടപ്പെടുമെന്ന്‍ അവനു തോന്നി. അടഞ്ഞുപോയശബ്ദത്തില്‍ അവന്‍ ചോദിച്ചു: “അതിനെ കൊലപാതകമെന്നു വിളിക്കുന്നവരില്‍ നിങ്ങളും പെടുമോ?”
    ബെര്‍ട് ലേഫിന്‍റെ ഉത്തരം വൈകി. കുളിമുറിയില്‍നിന്ന് ഒടുവിലയാള്‍ പുറത്തുവന്നപ്പോള്‍, പുറത്തേക്കു പോകാനുള്ള വസ്ത്രത്തിലായിരുന്നു. മുടി ഭംഗിയായി ചീകിവെച്ചിരുന്നു.
            “ ‘കൊലപാതകം’ എന്ന വാക്കിനു വൈദ്യുതക്കസേരയുടെ വല്ലാത്ത ചുവയുണ്ട്,” അയാള്‍ പറഞ്ഞു. “അതല്ല ഞാനുദ്ദേശിച്ചത്. ജീവന്‍ നമുക്കെങ്ങിനെ ലഭിക്കുന്നോ, അതതേപോലെ  സ്വീകരിക്കേണ്ടതാണെന്നാണ് എന്‍റെ വിശ്വാസം. അതാണ്‌ ശരിയായ ആദ്യകല്‍പ്പന. മറ്റു പത്തിനും മുമ്പുള്ളത്. എല്ലാ സംഭവങ്ങളും ദൈവത്തിന്‍റെ കയ്യിലാണ്. അവയുടെ പരിണാമത്തെക്കുറിച്ച് നമുക്കൊന്നുമറിയില്ല. ജീവിതം നമുക്കെങ്ങിനെ ലഭിക്കുന്നുവോ, അതങ്ങിനെതന്നെ സ്വീകരിക്കുകയെന്നു പറഞ്ഞാല്‍, അജ്ഞേയമായതിനെ സ്വീകരിക്കുക എന്നര്‍ത്ഥം. അതാണ്‌ ഞാന്‍ പറയാനുദ്ദേശിച്ചത്. ഒരു ശിശു അജ്ഞേയമായതിന്‍റെ സാരസര്‍വ്വസ്വമാണ്. അജ്ഞേയതതന്നെയാണ് ഒരു ശിശു. അതെന്താകുമെന്നൊ, അതെന്തു കൊണ്ടുവരുമെന്നൊ നിങ്ങള്‍ക്കറിയില്ല. അതുകൊണ്ടുതന്നെയാണ് നിങ്ങളതിനെ സ്വീകരിക്കണമെന്നു പറയുന്നത്. അല്ലാഞ്ഞാല്‍, നിങ്ങള്‍ക്കു പകുതിജീവനേയുണ്ടാകുള്ളൂ. തീരത്തു കാലിട്ടടിക്കുന്ന നീന്താനറിയാത്തവന്‍റേതു പോലെയാകും നിങ്ങളുടെ ജീവിതം. ആഴക്കടലിലേക്കിറങ്ങാത്തിടത്തോളം കടല്‍ കടലല്ല.”
            കുട്ടി തന്‍റേതല്ലെന്ന്‍  കുഴലൂത്തുകാരന്‍ ചൂണ്ടിക്കാട്ടി.
            “അതങ്ങനെയാണെന്നിരിക്കട്ടെ,” ബെര്‍ട് ലേഫ് പറഞ്ഞു. “പക്ഷെ, കുട്ടി നിങ്ങളുടെതായാല്‍പ്പോലും ഗര്‍ഭമലസിപ്പിക്കാന്‍  റൂസേനയെ നിങ്ങള്‍ ഇതേ പിടിവാശിയോടെ നിര്‍ബന്ധിക്കുമായിരുന്നുവെന്ന് തുറന്നു സമ്മതിച്ചേ പറ്റൂ. ഭാര്യയുടെയും അവളോടുള്ള കുറ്റകരമായ പ്രേമത്തിന്‍റെ പേരിലും നിങ്ങളതു ചെയ്യുമായിരുന്നു.”
            “ഉവ്വ്, ഞാന്‍ സമ്മതിക്കുന്നു,” കുഴലൂത്തുകാരന്‍ പറഞ്ഞു. “ഏതു സാഹചര്യത്തിലായാലും  ഗര്‍ഭമലസിപ്പിക്കുവാന്‍ ഞാന്‍ വാശിപിടിക്കുമായിരുന്നു.”
            കുളിമുറിയുടെ വാതിലില്‍ അപ്പോഴും ചാരിനില്‍ക്കുകയായിരുന്ന ബെര്‍ട് ലേഫ് പുഞ്ചിരിച്ചു: “എനിക്കു നിങ്ങളെ മനസ്സിലാകും. നിങ്ങളുടെ മനസ്സുമാറ്റാന്‍ ഞാന്‍ ശ്രമിക്കില്ല. ലോകത്തെ നന്നാക്കാനുള്ള പ്രായം എനിക്കു കഴിഞ്ഞുപോയി. എനിക്കു തോന്നിയതു ഞാന്‍ പറഞ്ഞു. അത്രയേയൂള്ളൂ. എന്‍റെ വിശ്വാസത്തിനു വിരുദ്ധമായി നിങ്ങളെന്തു ചെയ്താലും, ഞാന്‍ നിങ്ങളുടെ സുഹൃത്തുതന്നെയായിരിക്കും. നിങ്ങളോടു വിയോജിച്ചാലും ഞാന്‍ നിങ്ങളെ സഹായിക്കും.” 
            വിവേകിയായ ഒരുപദേശിയുടെ മസൃണസ്വരത്തില്‍ ഈ വാക്കുകളുരുവിട്ട ബെര്‍ട് ലേഫിനെ കുഴലൂത്തുകാരന്‍ സൂക്ഷ്മമായൊന്നു നോക്കി. ആരാധ്യനാണ് അയാളെന്നു അവനു തോന്നി. ബെര്‍ട് ലേഫ് പറഞ്ഞതെല്ലാം ഒരാധുനിക സുവിശേഷത്തില്‍നിന്നുള്ള ഒരന്യാപദേശകഥയോ, ദൃഷ്ടാന്തമോ, ഒരദ്ധ്യായമോ ആകാമെന്ന് അവനനുഭവപ്പെട്ടു.  അയാള്‍ക്കു മുമ്പില്‍ കുമ്പിടാന്‍ അവനാഗ്രഹിച്ചു (നാടകീയ ഭാവപ്രകനങ്ങള്‍ അവനെ സ്പര്‍ശിക്കാറുണ്ടെന്നും, ആകര്‍ഷിക്കാറുണ്ടെന്നും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്).
            “നിങ്ങളെ സഹായിക്കാന്‍ എന്നാലാവുന്നതൊക്കെ ഞാന്‍ ചെയ്യാം,” ബെര്‍ട് ലേഫ് തുടര്‍ന്നു. “അല്‍പ്പനേരത്തിനുള്ളില്‍ നാം എന്‍റെ സുഹൃത്ത് ഡോ. സ്ക്രേറ്റയെ കാണും. അദ്ദേഹം ഇതിന്‍റെ മെഡിക്കല്‍ വശം പരിഹരിക്കും. പക്ഷെ, റൂസേന ഇഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്യാന്‍ നിങ്ങളവളെ എങ്ങിനെ പ്രേരിപ്പിക്കുമെന്നു പറയൂ?”

4.ബെർറ്റ് ലേഫിന്‍റെ പഴയൊരു കഥ 

കുഴലൂത്തുകാരന്‍ തന്‍റെ പ്ലാന്‍ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍, ബെര്‍ട് ലേഫ് പറഞ്ഞു: “ഇതെന്നെ ഓര്‍മ്മിപ്പിക്കുന്നത് ഞാന്‍ കപ്പലുകളില്‍ ചരക്കു കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയിലായിരുന്നപ്പോഴുണ്ടായ ഒരു സംഭവത്തെയാണ്. ഞങ്ങള്‍ക്കു ഉച്ചഭക്ഷണമെത്തിച്ചിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അസാധാരണമാംവിധം ആര്‍ദ്രതയുള്ള ഒരു ഹൃദയമായിരുന്നു അവള്‍ക്ക്. ആര്‍ക്കുമൊന്നും നിരസിക്കാന്‍ അവള്‍ക്കറിയില്ലായിരുന്നു. പക്ഷെ, കഷ്ടം, അത്തരം അലിവുള്ള ഹൃദയം----പിന്നെ ശരീരവും----മനുഷ്യരെ കൃതജ്ഞതയുള്ളവരല്ല, പ്രാകൃതരാക്കുകയാണ് ചെയ്യുക. അവളോടു മര്യാദയോടെ പെരുമാറിയ ഒരേയൊരാള്‍ ഞാന്‍ മാത്രമായിരുന്നു; ഞാന്‍ മാത്രമായിരുന്നു അവള്‍ക്കൊപ്പം ശയിക്കാതിരുന്ന ഒരേയൊരാളെങ്കിലും. എന്‍റെ മര്യാദ മൂലം അവള്‍ ഞാനുമായി പ്രേമത്തിലായി. ഞാനവളെ പ്രാപിച്ചില്ലെങ്കില്‍, അതവളെ വ്രണപ്പെടുത്തുമായിരുന്നു. അവള്‍ക്കപമാനമാകുമായിരുന്നു. പക്ഷെ, ഒരിക്കലേ അങ്ങിനെ സംഭവിച്ചുള്ളൂ. ഞാനവളെ ആത്മീയമായി പ്രേമിച്ചുകൊണ്ടേയിരിക്കുമെന്നും, കമിതാക്കളായി ഞങ്ങള്‍ക്കു തുടരാന്‍ പറ്റില്ലെന്നും, താമസിയാതെ, ഞാനവളെ പറഞ്ഞുമനസ്സിലാക്കി. അവളില്‍ കണ്ണീരുപൊട്ടി. അവളോടിപ്പോയി. എന്നോടു സംസാരിക്കുന്നതവസാനിപ്പിച്ചു. കൂടുതല്‍ പരസ്യമായി മറ്റെല്ലാവര്‍ക്കുമവള്‍ സ്വയം സമര്‍പ്പിച്ചു. രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഞാന്‍മൂലം താന്‍ ഗര്‍ഭിണിയാണെന്ന് അവളെന്നെ അറിയിച്ചു.
     “അപ്പോള്‍ നിങ്ങളും എന്‍റെ അതേ അവസ്ഥയില്‍പ്പെട്ടിരുന്നു!” കുഴലൂത്തുകാരന്‍ ആശ്ചര്യത്തോടെ പറഞ്ഞു.
     “എന്‍റെ സുഹൃത്തേ,” ബെര്‍ട് ലേഫ് പറഞ്ഞു, “നിങ്ങള്‍ക്കു സംഭവിച്ചത് ഏതു പുരുഷനും സംഭവിക്കുന്നതാണെന്നറിയില്ലേ?”
     “എന്നിട്ട് നിങ്ങളെന്തു ചെയ്തു?”
     “നിങ്ങളിപ്പോള്‍ ചെയ്യുന്നതുപോലെതന്നെയാണ് ഞാനും പെരുമാറിയത്. പക്ഷെ, ഒരു വ്യത്യാസമുണ്ടായിരുന്നു. നിങ്ങള്‍ റൂസേനയെ സ്നേഹിക്കുന്നുവെന്ന്‍ നടിക്കാനാണ് ശ്രമിക്കുന്നത്. ഞാനോ, ആ പെണ്‍കുട്ടിയെ ശരിക്കും സ്നേഹിച്ചിരുന്നു. ഏവരാലും അപമാനിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന ഒരു പാവത്താനെയാണ് ഞാനെന്‍റെ മുന്നില്‍ കണ്ടത്. ലോകത്തിലൊരേയൊരാള്‍മാത്രം പരിഗണന നല്‍കിയ ഒരു പാവം. അവള്‍ക്കാ അനുതാപം നഷ്ടപ്പെടുന്നത് ഇഷ്ടമല്ലായിരുന്നു. അവളെന്നെ സ്നേഹിക്കുന്നുവെന്ന്‍ ഞാന്‍ തിരിച്ചറിഞ്ഞു. അതു അവള്‍ക്കറിയാവുന്ന രീതിയില്‍, അവളുടെ നിഷ്കളങ്കമായ നീചമനസ്സ് അവളോടുപദേശിച്ച രീതിയില്‍, അവളെന്നോടു പ്രകടിപ്പിച്ചതിന്‍റെ പേരില്‍ അവളോടെനിക്ക് വിരോധം തോന്നിയില്ല. ഞാനവളോടു പറഞ്ഞതെന്താണെന്നു കേള്‍ക്കൂ: ‘നിന്‍റെ ഗര്‍ഭം മറ്റൊരാളുടെതാണെന്ന് എനിക്കു നന്നായറിയാം. പക്ഷെ, സ്നേഹംകൊണ്ടാണ് നീ ഈ തന്ത്രമുപയോഗിക്കുന്നതെന്നും എനിക്കറിയാം. നിന്‍റെ സ്നേഹത്തിനു പകരം ഞാന്‍ എന്‍റെ സ്നേഹം തരാന്‍ ആഗ്രഹിക്കുന്നു. ആരുടെ കുട്ടിയാണതെന്നത് എനിക്കു പ്രശ്നമല്ല. നിനക്കിഷ്ടമാണെങ്കില്‍, ഞാന്‍ നിന്നെ വിവാഹം ചെയ്യും.’”
     “പക്ഷെ, അതു കിറുക്കായിപ്പോയി!”
     “എങ്കിലും കരുതലോടെ സജ്ജമാക്കിയ നിങ്ങളുടെ തന്ത്രത്തെക്കാള്‍, ഒരു പക്ഷെ, കൂടുതല്‍ ഫലപ്രദം. അവളെ ഞാന്‍ സ്നേഹിക്കുന്നുവെന്നും, വിവാഹം ചെയ്യാമെന്നും, കുട്ടിയെ നോക്കിക്കൊള്ളാമെന്നും, ആ കൊച്ചു അഭിസാരികയോട്‌ ഞാന്‍ പലവട്ടം പറഞ്ഞുകഴിഞ്ഞപ്പോള്‍, അവള്‍ കണ്ണീരില്‍ അലിഞ്ഞുപോയി. എന്നോടു നുണപറഞ്ഞതാണെന്നു തുറന്നു സമ്മതിച്ചു. അവള്‍ എന്നെ അര്‍ഹിക്കുന്നവളല്ലെന്നു എന്‍റെ കാരുണ്യം അവളെ ബോദ്ധ്യപ്പെടുത്തിയതായി പറഞ്ഞു.”
     കുഴലൂത്തുകാരന്‍ മൂകനും വിഷാദവാനുമായി നിലകൊണ്ടപ്പോള്‍  ബെര്‍ട് ലേഫ് കൂട്ടിച്ചേര്‍ത്തു: “നിങ്ങള്‍ക്കീ സംഭവം ഒരന്യാപദേശകഥയായി മാറുമെങ്കില്‍ എനിക്കു സന്തോഷമാകും. നിങ്ങള്‍ റൂസേനയെ സ്നേഹിക്കുന്നുണ്ടെന്ന് അവളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം, അവളെ ശരിക്കും സ്നേഹിക്കുന്നതിനു പരിശ്രമിക്കൂ. അവളോടു അലിവു തോന്നുന്നതിനു ശ്രമിക്കു. അവള്‍ നിന്നെ തെറ്റിദ്ധരിപ്പിക്കുകയാണെങ്കിൽക്കൂടി, അവളുടെ സ്നേഹത്തിന്‍റെ ഒരു തരത്തിലുള്ള രൂപമാണ് ആ നുണയിലുള്ളതെന്ന്‍ കാണാന്‍ ശ്രമിക്കൂ. അങ്ങിനെയെങ്കില്‍, നിങ്ങളുടെ ദയയുടെ ശക്തി താങ്ങുന്നതിനു അവള്‍ അശക്തയായിത്തീരും. മാത്രമല്ല, നിങ്ങളോടു തെറ്റുചെയ്യുന്നതൊഴിവാക്കുന്നതിനാവാശ്യമായതെല്ലാം അവള്‍ സ്വയം ഒരുക്കിക്കൊള്ളും.
     ബെര്‍ട് ലേഫിന്‍റെ വാക്കുകള്‍ കുഴലൂത്തുകാരനില്‍ വല്ലാത്ത മതിപ്പുണ്ടാക്കി. പക്ഷെ, കൂടുതല്‍ ദീപ്തമായ പ്രകാശത്തില്‍ റൂസേന മനസ്സിലേക്കു വന്നപ്പോള്‍, ബെര്‍ട് ലേഫ് നിര്‍ദ്ദേശിച്ച പ്രേമത്തിന്‍റെ പാത തനിക്കുള്ളതല്ലെന്നു അവന്‍ തിരിച്ചറിഞ്ഞു. അതു പുണ്യവാളന്മാരുടെ പാതയാണ്; സാധാരണമനുഷ്യരുടേതല്ല.

5. റൂസേന 

ഉഷ്ണാലയത്തിലെ വലിയ മുറിയില്‍ ഒരു ചെറിയ മേശക്കരികില്‍ ഇരിക്കുകയായിരുന്നു റൂസേന. ചുമരുകകള്‍ക്കെതിരെ വരിവരിയായിട്ടിരുന്ന കട്ടിലുകളില്‍, പരിചരണാനന്തരം, സ്ത്രീകള്‍ വിശ്രമിക്കുകയായിരുന്നു. പുതിയ രണ്ടു രോഗികളുടെ ചാര്‍ട്ട് റൂസേനക്ക് അപ്പോള്‍ കിട്ടിയിരുന്നതേയുള്ളൂ. അവള്‍ തീയ്യതി രേഖപ്പെടുത്തി; സ്ത്രീകള്‍ക്കു തോര്‍ത്തുകളും, വലിയ വെള്ളപ്പുതപ്പുകളും, തുണിമാറുവാനുള്ള അറയുടെ താക്കോലുകളും കൊടുത്തു. പിന്നെ, അവള്‍ തന്‍റെ വാച്ചിലേക്കു നോക്കി. അടുത്ത മുറിയിലെ നീന്തല്‍ക്കുളത്തിലേക്കു പോയി (ടൈലിട്ട മുറികളിൽ ചൂടു നീരാവി നിറഞ്ഞിരുന്നതിനാല്‍, നഗ്നമായ തന്‍റെ ശരീരത്തില്‍ അവളൊരു അയഞ്ഞ കുപ്പായം മാത്രമേ  ഇട്ടിരുന്നുള്ളൂ). അവിടെ നഗ്നകളായ ഒരിരുപതു പെണ്ണുങ്ങള്‍ അത്ഭുതസിദ്ധിയുള്ള ധാതുജലത്തില്‍ കൈകാലിട്ടടിക്കുകയായിരുന്നു. അവരില്‍ മൂന്നുപേരെ അവള്‍ പേരെടുത്തു വിളിച്ചു. അവരുടെ സമയം കഴിഞ്ഞെന്നു പറഞ്ഞു. നീരിറ്റുന്ന വലിയ മുലകളിളക്കി ആ സ്ത്രീകള്‍ അനുസരണയോടെ പൊയ്ക വിട്ടു. റൂസേനയെ അനുഗമിച്ചുകൊണ്ട് പരിചരണമുറിയിലെ ഒഴിഞ്ഞ കട്ടിലുകളിലേക്കു മടങ്ങി. അവരെ ഓരോരുത്തരെയായി അവള്‍ പുതപ്പിച്ചു. പുതപ്പിന്‍റെ തലപ്പുകൊണ്ട് അവരുടെ കണ്ണുകള്‍ തുടച്ചുകൊടുത്തു. ചൂടുകമ്പിളികൊണ്ടു മൂടി. സ്ത്രീകള്‍ അവളോടു പുഞ്ചിരിച്ചു. പക്ഷെ, റൂസേന തിരിച്ചു പുഞ്ചിരിച്ചില്ല. ഓരോ വര്‍ഷവും പതിനായിരം സ്ത്രീകള്‍ കടന്നുപോകുന്ന, എന്നാല്‍ പറയത്തക്ക പുരുഷന്മാര്‍ കടന്നുപോകാത്ത, ഒരു കൊച്ചു പട്ടണത്തില്‍ ജനിച്ചുപോയത് തീര്‍ച്ചയായും സുഖമുള്ള ഒരു കാര്യമല്ല. മറ്റൊരിടത്തേക്ക് മാറിയില്ലെങ്കില്‍, പതിനഞ്ചു വയസ്സോടെതന്നെ, ഒരു ജീവിതകാലത്തിനു നല്‍കാവുന്ന എല്ലാ രതിസാദ്ധ്യതകളെയും കുറിച്ചുള്ള കൃത്യമായ ഒരു സങ്കല്‍പ്പം ഒരു സ്ത്രീക്കുണ്ടായിക്കഴിഞ്ഞിരിക്കും. പക്ഷെ, അവള്‍ക്കെങ്ങിനെ മറ്റൊരിടത്തേക്ക് പോകാനാകും? അവളുടെ മുതലാളിമാര്‍ തൊഴിലാളികളെ എളുപ്പം പറഞ്ഞയക്കുന്നവരല്ല. റൂസേനയുടെ മാതാപിതാക്കളാകട്ടെ, സ്ഥലം മാറിപ്പോകുന്നതു സൂചിപ്പിച്ചാലുടന്‍, രൂക്ഷമായി പ്രതിഷേധിക്കും.
     ഇല്ല, അതീവശ്രദ്ധയോടെ തനിക്കാകാവുന്നത്ര മികച്ച രീതിയില്‍, കര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന ഈ യുവതിക്ക് ജലചികിത്സക്കെത്തിയ പെണ്ണുങ്ങളോട് അത്ര വലിയ സ്നേഹമൊന്നുമില്ല. ഇതിനു മൂന്നു കാരണം പറയാവുന്നതാണ്:
     ഒന്ന്‍, അസൂയ: കാമുകന്മാരില്‍നിന്നും ഭര്‍ത്താക്കന്മാരില്‍നിന്നും നേരിട്ടു വന്നവരാണീ സ്ത്രീകള്‍; തനിക്കപ്രാപ്യമായ (അവള്‍ക്ക് ലാവണ്യമേറിയ മുലകളും നീണ്ട കാലുകളും, ഒത്ത മറ്റു ലക്ഷണങ്ങളുമുണ്ടായിട്ടുകൂടി) ഒരായിരം സാദ്ധ്യതകള്‍ നിറഞ്ഞതെന്ന്‍ അവള്‍ സങ്കല്‍പ്പിക്കുന്ന ഒരു ലോകത്തുനിന്നും.
     അസൂയയെക്കൂടാതെ, രണ്ടാമതായി, ക്ഷമയില്ലായ്മ: തങ്ങളുടെ ഭാഗധേയം വളരെയകലെയാക്കിയിട്ടാണ് ഈ സ്ത്രീകള്‍ ഇവിടെ വന്നിരിക്കുന്നത്. അവള്‍ക്കാകട്ടെ ഒരു ഭാഗധേയമേയില്ല. ഓരോ വര്‍ഷവും അതിനുമുമ്പുള്ളതുപോലെ ഒരു മാറ്റവുമില്ലാതെ. ഈ കൊച്ചു പട്ടണത്തില്‍ സംഭവശൂന്യമായ ഒരു കാലയളവു ജീവിച്ചു തീര്‍ക്കുകയാണ് താനെന്ന ചിന്ത അവളെ ഭയപ്പെടുത്തുന്നു. ചെറുപ്പമാണെങ്കിലും, ജീവിക്കുന്നതിനുമുമ്പേ, ജീവിതം തന്നെ കടന്നു പോവുകയാണെന്ന്‍ അവള്‍ നിരന്തരം വിചാരപ്പെടുന്നു.
     മൂന്നാമതായി, ഈ സ്ത്രീകളുടെ, വ്യക്തികളെന്ന നിലയില്‍ ഒരു സ്ത്രീയുടെ മൂല്യമില്ലാതാക്കുന്ന, എണ്ണമൊന്നുമാത്രം അവളിലുളവാക്കുന്ന സഹജമായ വിദ്വേഷം. മാറിടങ്ങളുടെ ശോകമയമായ ഒരതിപ്രസരമാണ് അവളെ ചൂഴ്‌ന്നുനില്‍ക്കുന്നത്. അവക്കിടയില്‍ തന്‍റേതുപോലെ രമണീയമായ മാറിടത്തിന്‍റെപോലും മൂല്യം നഷ്ടമാകുന്നു.
     മൂവരില്‍ അവസാനത്തെ സ്ത്രീയെയും അവള്‍, ഒന്നു പുഞ്ചിരിക്കുകപോലും ചെയ്യാതെ, പുതപ്പിച്ചു കഴിഞ്ഞയുടനെയാണ് അവളുടെ കൃശഗാത്രിയായ കൂട്ടുതൊഴിലാളി മുറിയിലേക്കു തലനീട്ടി ഒച്ചവെച്ചത്: “റൂസേനാ! ടെലഫോണ്‍!”
     കൂട്ടുകാരിയുടെ മുഖത്തെ ആദരഭാവം കണ്ടപ്പോള്‍ ആരാണ് ഫോണ്‍ചെയ്തതെന്ന്‍ റൂസേനക്കുടനെ മനസ്സിലായി. ഒന്നു തുടുത്ത്, അവള്‍ അറകള്‍ക്കു പിറകിലേക്കു പോയി. ഫോണെടുത്തു. അവളുടെ പേരു പറഞ്ഞു.
     ക്ലീമ തന്‍റെ പേരു പറഞ്ഞു. ഒന്നു കാണാന്‍  അവള്‍ക്കെപ്പോള്‍ ഒഴിവുണ്ടാകുമെന്നു ചോദിച്ചു.
     “എന്‍റെ ജോലി മൂന്നിനു കഴിയും. നാലിനു നമുക്കു കാണാം.”
     എവിടെ സന്ധിക്കണമെന്നുകൂടി തീരുമാനിക്കേണ്ടതുണ്ടായിരുന്നു. സുഖചികിത്സാകേന്ദ്രത്തിലെ വലിയ വീഞ്ഞുശാലയാണ് റൂസേന നിര്‍ദ്ദേശിച്ചത്. പകല്‍മുഴുവന്‍ അതു തുറന്നിരിക്കും. റൂസേനക്കരികില്‍ നില്‍പ്പുണ്ടായിരുന്ന, അവളുടെ ചുണ്ടുകളില്‍ത്തന്നെ കണ്ണു നട്ടിരുന്ന, മെലിഞ്ഞ നഴ്സ് അനുകൂലമായി തലയാട്ടി. അവര്‍ രണ്ടുപേരും ഒറ്റക്കാവുന്ന ഒരിടമാണ് തനിക്കിഷ്ടമെന്നാണ് കുഴലൂത്തുകാരന്‍ മറുപടി പറഞ്ഞത്. തന്‍റെ കാറില്‍ നാട്ടിന്‍പുറത്തേക്കൊരു സവാരിയാകാമെന്ന്‌ അവന്‍ സൂചിപ്പിച്ചു.
     “എന്തിന്? നമ്മളെങ്ങോട്ടുപോകും?”
     “നമ്മളൊറ്റക്കായിരിക്കും.”
     “ഞാന്‍ നിനക്കു നാണക്കേടാണെങ്കില്‍, ഇവിടേക്കു വരാന്‍ കഷ്ടപ്പെടേണ്ടായിരുന്നു,” റൂസേന പറഞ്ഞു. കൂട്ടുകാരി തലയാട്ടി.
     “അതല്ല ഞാനുദ്ദേശിച്ചത്,” ക്ലീമ പറഞ്ഞു. “നാലിനു വീഞ്ഞുശാലക്കുമുമ്പില്‍ ഞാന്‍ നിന്നെ കാണാന്‍ വരാം.”
     “ഭംഗിയായി,” റൂസേന ഫോണ്‍വെച്ചപ്പോള്‍ മെലിഞ്ഞ നഴ്സ് പറഞ്ഞു. “ഏതെങ്കിലും ഒളിത്താവളത്തില്‍ നിന്നെ സന്ധിക്കുകയാണ് അവനു വേണ്ടത്. പക്ഷെ, ആകാവുന്നത്ര ആളുകള്‍ നിങ്ങളെ ഒരുമിച്ചുകാണുന്നത് നീ ഉറപ്പാക്കണം.”
     റൂസേനയുടെ മനസ്സ് അപ്പോഴും കലങ്ങിയിരിക്കുകയായിരുന്നു.
 കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചിന്ത അവളെ അസ്വസ്ഥയാക്കി. അവള്‍ക്കിപ്പോള്‍ ക്ലീമയെ വിഭാവനംചെയ്യാന്‍ പറ്റുന്നില്ല. എങ്ങിനെയാണ്
അവന്‍റെ മുഖം? അവന്‍റെ ചിരി? അവന്‍റെ നില്‍പ്പ്? ഏകമാത്രമായ അവരുടെ സംഗമം അവളില്‍ അവ്യക്തമായ ഒരോര്‍മ്മമാത്രമേ 
അവശേഷിപ്പിച്ചിട്ടുള്ളൂ. അന്ന്‍ അവളുടെ കൂട്ടുകാരികള്‍ ചോദ്യങ്ങള്‍കൊണ്ട് അവളെവീര്‍പ്പുമുട്ടിച്ചിരുന്നു. അവന്‍ കാണാനെങ്ങിനെ? അവനെന്തു പറഞ്ഞു? തുണിയില്ലാതെ അവന്‍ എങ്ങിനെയിരുന്നു? അവന്‍റെ സംഭോഗമെങ്ങിനെയായിരുന്നു? പക്ഷെ, 
അവള്‍ക്കൊന്നും അവരോടു പറയാന്‍ കഴിഞ്ഞില്ല.
 “ഒരു സ്വപ്നം പോലെ” എന്ന്‍ വെറുതെ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്.
     ഇതു വെറുമൊരു ക്ലീഷേ ആയിരുന്നില്ല: രണ്ടു മണിക്കൂര്‍ അവൾക്കൊപ്പം ശയ്യ പങ്കിട്ട പുരുഷന്‍ അവളെക്കാണാന്‍ പോസ്റ്ററുകളില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നു. ഒരു നിമിഷം അവന്‍റെ ഫോട്ടോ ഒരു ത്രിമാന യാഥാര്‍ത്ഥ്യം, ഒരൂഷ്മളത, ഒരു ഭാരം, കൈക്കൊണ്ടു. പിന്നെ, വീണ്ടും, ആയിരമായിരം പകര്‍പ്പുകളായി പെരുകുന്ന ദുര്‍ഗ്രാഹ്യമായ നിര്‍വര്‍ണ്ണമായ ചിത്രമായി. പതിവിലും കൂടുതല്‍ അമൂര്‍ത്തവും അയഥാര്‍ത്ഥവുമായി.
     തന്‍റെ ചിത്രരൂപത്തിലേക്കു, തന്‍റെ ബിംബത്തിലേക്കു, അന്നവന്‍ എത്രയും പെട്ടെന്ന്‍ രക്ഷപ്പെട്ടുപോയതിനാല്‍, അവന്‍റെ പൂര്‍ണ്ണതയെക്കുറിച്ചുള്ള അസുഖകരമായ ഒരു ബോധം അവളില്‍ അവശേഷിച്ചിരുന്നു. അവനെ ഭൂമിയിലേക്കു കൊണ്ടുവരാന്‍, അല്‍പ്പംകൂടെ അരികിലെത്തിക്കാന്‍ കഴിയുന്ന, യാതൊന്നിലും അള്ളിപ്പിടിക്കുവാന്‍  അവള്‍ക്കു കഴിഞ്ഞിരുന്നില്ല. അവനകലെയായിരുന്നപ്പോള്‍ അവളില്‍ നിറയെ ശക്തമായ ഒരു മാത്സര്യവീര്യമുണ്ടായിരുന്നു. പക്ഷെ, ഇപ്പോള്‍, അവന്‍റെ സാന്നിദ്ധ്യമനുഭവപ്പെട്ടപ്പോള്‍, അവളുടെ ധൈര്യം ചോര്‍ന്നുപോയി.
     “പിടി വിടരുത്,” മെലിഞ്ഞ നഴ്സ് പറഞ്ഞു. “നിന്‍റെ നല്ലതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും.”

6. ഡോ.സ്ക്രേറ്റ 

റൂസേനയുമായുള്ള ഫോണ്‍സംഭാഷണം ക്ലീമ അവസാനിപ്പിച്ചപ്പോള്‍, ബെര്‍ട് ലേഫ് അവന്‍റെ കൈപിടിച്ചു പാര്‍ക്കിനപ്പുറത്തുള്ള കാള്‍ മാര്‍ക്സ് ഹൌസിലേക്കു കൊണ്ടുപോയി. അവിടെയാണ് ഡോ. സ്ക്രേറ്റയുടെ ആപ്പീസ്സും വാസസ്ഥലവും. കാത്തിരിപ്പുമുറിയില്‍ ധാരാളം സ്ത്രീകളിരിപ്പുണ്ടായിരുന്നു. എങ്കിലും, ബെര്‍ട് ലേഫ് ഒട്ടും മടിക്കാതെ ആപ്പീസ്സു വാതിലില്‍ ശക്തിയായി മുട്ടി. നാലു തവണ. ക്ഷണത്തില്‍, വെള്ളക്കോട്ടും, വലിയ മൂക്കിനുമുകളില്‍ കണ്ണടയും ധരിച്ച ഉയരമുള്ള ഒരു മനുഷ്യന്‍ പ്രത്യക്ഷനായി. “ഒരു നിമിഷം, പ്ലീസ്,” മുറിയിലിരിക്കുന്ന സ്ത്രീകളോട് അയാള്‍ പറഞ്ഞു. പിന്നെ, രണ്ടുപേരെയും ഇടനാഴിയിലൂടെ, കോണിപ്പടിക്കു മുകളിലൂടെ, മുകള്‍നിലയിലെ തന്‍റെ അപ്പാര്‍ട്ടുമെന്‍റിലേക്കു നയിച്ചു.
     “സുഖമല്ലേ, ഗുരോ?” മൂവരും ഇരുന്നുകഴിഞ്ഞപ്പോള്‍, അയാള്‍ കുഴലൂത്തുകാരനെ സംബോധനചെയ്തുകൊണ്ടു പറഞ്ഞു. “ഇനിയെന്നാണ് ഇവിടെ നിങ്ങളുടെ കച്ചേരി?”
     “എന്‍റെ ആയുസ്സില്‍ ഇനിയൊരിക്കലുമില്ല,” ക്ലീമ ഉത്തരം നല്‍കി. “ഈ സ്പാ എനിക്കു ചതുര്‍ത്ഥിയായിപ്പോയി.”
     കുഴലൂത്തുകാരന് പറ്റിയതെന്താണെന്ന് ഡോ. സ്ക്രേറ്റയോടു ബെര്‍ട് ലേഫ് വിശദീകരിച്ചു. അതിനുശേഷം ക്ലീമ കൂട്ടിച്ചേര്‍ത്തു: “നിങ്ങളുടെ സഹായം അഭ്യര്‍ഥിക്കാനാണ് ഞാന്‍ വന്നത്. അവള്‍ ശരിക്കും ഗര്‍ഭിണിയാണോ എന്നാണ് എനിക്കാദ്യമറിയേണ്ടത്. ഒരു പക്ഷെ, സംഗതി വൈകിപ്പോയതാകാം. അല്ലെങ്കില്‍ വെറും നാട്യവുമാകാം. ഒരിക്കല്‍ എനിക്കിതുപോലെ പറ്റിയിട്ടുള്ളതാണ്. അതും ഒരു സ്വര്‍ണ്ണമുടിക്കാരിയായിരുന്നു.
     “സുവര്‍ണ്ണകേശിനികളുമായി കളിക്കരുത്,” ഡോ. സ്ക്രേറ്റ പറഞ്ഞു.
     “ശരിയാണ്,” ക്ലീമ യോജിച്ചു, “ എന്‍റെ വീഴ്ച്ചക്കു കാരണം സ്വര്‍ണ്ണമുടിക്കാരികളാണ്. അന്നത് ഭീകരമായിരുന്നൂ, ഡോക്ടര്‍. ഞാനവളെ ഒരു വൈദ്യനെക്കൊണ്ടു പരിശോധിപ്പിച്ചിരുന്നു. പക്ഷെ, ഗര്‍ഭത്തിന്‍റെ തുടക്കത്തില്‍ ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല. അതിനാല്‍ ഞാന്‍ മൌസ് ടെസ്റ്റ്‌ നടത്താന്‍ ആവശ്യപ്പെട്ടു. ചുണ്ടെലിയില്‍ മൂത്രം കുത്തിവെക്കുന്ന പരിപാടി. എലിയുടെ അണ്ഡാശയം വീര്‍ത്തുവരികയാണെങ്കില്‍...”
     “...സ്ത്രീ ഗർഭിണിയായിരിക്കും,” ഡോ. സ്ക്രേറ്റ പൂര്‍ത്തിയാക്കി.
     “പുലരിയിലെ മൂത്രം അവളൊരു കൊച്ചുകുപ്പിയിലെടുത്തിട്ടുണ്ടാ യിരുന്നു. ഞാനും അവളുടെ കൂടെയുണ്ടായിരുന്നു. ക്ലിനിക്കിനു നേരെ മുമ്പില്‍വെച്ച് അവളതു നടപ്പാതയിലിട്ടു. ഞാന്‍ കുപ്പിക്കഷണങ്ങള്‍ക്കുനേരെ ചാടിവീണു. കുറച്ചു തുള്ളികളെങ്കിലും കളയാതെ കിട്ടാന്‍! എന്നെ അപ്പോള്‍ കണ്ടിരുന്നെങ്കില്‍, ഞാന്‍ ക്രിസ്തുവിന്‍റെ പാനപാത്രമാണ് താഴെയിട്ടതെന്ന്‍ നിങ്ങള്‍ക്കു തീര്‍ച്ചയായും തോന്നിയേനെ. അവള്‍ കരുതിക്കൂട്ടി കുപ്പി പൊട്ടിച്ചതാണ്. അവള്‍ ഗര്‍ഭിണിയല്ലെന്ന് അവള്‍ക്കറിയാമായിരുന്നു. എന്‍റെ അഗ്നിപരീക്ഷ ആകാവുന്നത്ര ദീര്‍ഘിപ്പിക്കുകയായിരുന്നു അവള്‍ക്കു വേണ്ടിയിരുന്നത്.
     “സുവര്‍ണ്ണകേശിനികളുടെ സഹജ സ്വഭാവം,” ഡോ. സ്ക്രേറ്റ, ആശ്ചര്യമൊന്നുമില്ലാതെ, പറഞ്ഞു. 
     "സുവര്‍ണ്ണകേശിനികളും ശ്യാമകേശിനികളും തമ്മില്‍ വ്യത്യാസമുണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?” ഡോ. സ്ക്രേറ്റക്കു സ്ത്രീകളുമായുള്ള അനുഭവത്തെക്കുറിച്ചു വ്യക്തമായും സംശയാലുവായ ബെര്‍ട് ലേഫ് ചോദിച്ചു.
     “എന്താ സംശയം!” ഡോ. സ്ക്രേറ്റ പറഞ്ഞു. സ്വര്‍ണ്ണമുടിയും ഇരുള്‍മുടിയും മനുഷ്യപ്രകൃതത്തിന്‍റെ രണ്ടു ധ്രുവങ്ങളാണ്. ശ്യാമകേശം വീര്യവും, ധൈര്യവും, ആര്‍ജ്ജവവും, സക്രിയതയും ദ്യോതിപ്പിക്കുന്നു. എന്നാല്‍, സുവര്‍ണ്ണകേശമാകട്ടെ, സ്ത്രീത്വവും, മൃദുത്വവും, ദൌര്‍ബ്ബല്യവും, നിഷ്ക്രിയതയുമാണ് സൂചിപ്പിക്കുന്നത്. അതിനാല്‍, ഒരു സുവര്‍ണ്ണകേശിനി ഇരുവട്ടം സ്ത്രീയാണ്. ഒരു രാജകുമാരി എപ്പോഴും സ്വര്‍ണ്ണമുടിയുള്ളവളായിരിക്കും. അതുകൊണ്ടുതന്നെയാണ്, ആകാവുന്നത്ര സ്ത്രൈണമാകാന്‍, സ്ത്രീകള്‍ തങ്ങളുടെ മുടിക്ക് മഞ്ഞച്ചായമടിക്കുന്നത്. അവര്‍ ഒരിക്കലും കറുപ്പുപയോഗിക്കില്ല.”
     “ചര്‍മ്മവര്‍ണ്ണങ്ങള്‍ എങ്ങിനെയാണ് മനുഷ്യാത്മാവിനെ സ്വാധീനിക്കുന്നതെന്നറിയാന്‍ എനിക്കു ജിജ്ഞാസയുണ്ട്,” ബെര്‍ട് ലേഫ് ശങ്കയോടെ പറഞ്ഞു.
     “ചര്‍മ്മവര്‍ണ്ണത്തിന് ഇതില്‍ കാര്യമില്ല. ഒരു സ്വര്‍ണ്ണമുടിക്കാരി തന്‍റെ മുടിയുമായി അവളറിയാതെ പൊരുത്തപ്പെടുകയാണ്. പ്രത്യേകിച്ച്, മുടിയില്‍  മഞ്ഞച്ചായമടിച്ച് സുവര്‍ണ്ണമാക്കുന്ന ഒരു ഇരുള്‍മുടിക്കാരി. അവള്‍ തന്‍റെ മുടിയുടെ നിറത്തോടു വിശ്വസ്തത പുലര്‍ത്താന്‍ ശ്രമിക്കും. തരളമായ ഒരു ജീവിയെപ്പോലെ, കാതലില്ലാത്ത ഒരു പാവയെപ്പോലെ, അവള്‍ പെരുമാറും. അവള്‍ ആര്‍ദ്രതയും, സേവയും, മര്യാദയും, വിവാഹമോചനശുല്‍ക്കവും അവകാശപ്പെടും. തനിക്കുവേണ്ടി ഒന്നും ചെയ്യാന്‍ അവള്‍ പ്രാപ്തയല്ല. പുറത്തു മുഴുവന്‍ പരിഷ്ക്കാരവും, അകമേ അപരിഷ്കൃതത്വവും. ഇരുള്‍മുടി സാര്‍വ്വത്രിക ഫാഷനാവുകയാണെങ്കില്‍, ഈ ലോകത്തിലെ ജീവിതം മെച്ചപ്പെട്ടേനെ. ഇന്നേവരെനേടിയിട്ടുള്ള ഏറ്റവും ഉപയുക്തമായ സാമൂഹികപരിഷ്കരണമാകും അത്.”
     “അപ്പോള്‍, റൂസേനയുടേത് നാട്യമാകാനാണ് ഏറെ സാദ്ധ്യത,”  ഡോ. സ്ക്രേറ്റയുടെ വാക്കുകളില്‍ പ്രതീക്ഷ തിരഞ്ഞുകൊണ്ട് ക്ലീമ ഇടക്കു പറഞ്ഞു.
     “അല്ല. ഞാന്‍ ഇന്നലെ അവളെ പരിശോധിച്ചിരുന്നു. അവള്‍ ഗര്‍ഭിണിയാണ്,” വൈദ്യന്‍ പറഞ്ഞു.
     കുഴലൂത്തുകാരന്‍ വിളര്‍ത്തുപോയത് ബെര്‍ട് ലേഫ് ശ്രദ്ധിച്ചു. അയാള്‍ പറഞ്ഞു: “നിങ്ങളിവിടത്തെ അബോര്‍ഷന്‍കമ്മറ്റിയുടെ ചെയര്‍മാനല്ലേ, ഡോക്ടര്‍?”
     “ആണല്ലോ,” ഡോ. സ്ക്രേറ്റ പറഞ്ഞു. “വെള്ളിയാഴ്ച്ച ഞങ്ങള്‍ യോഗം കൂടുന്നുണ്ട്.”
     “നന്നായി,” ബെര്‍ട് ലേഫ് പറഞ്ഞു. “കളയാന്‍ സമയമില്ല. കാരണം, നമ്മുടെ സുഹൃത്ത് തളരുകയാണ്. നിങ്ങളുടെ നാട്ടില്‍ അബോര്‍ഷന് അത്ര പെട്ടെന്ന്‍ അനുമതി കിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.”
     “അത്ര പെട്ടെന്ന് എന്തായാലും കിട്ടില്ല,” ഡോ. സ്ക്രേറ്റ പറഞ്ഞു. “കമ്മിറ്റിയില്‍ എനിക്കൊപ്പം ജനങ്ങളുടെ അധികാരത്തിന്‍റെ പ്രതിനിധികളായി രണ്ടു സ്ത്രീകളുണ്ട്. ജുഗുപ്സയുളവാക്കുംവിധം കുരൂപികള്‍. ഞങ്ങള്‍ക്കു മുമ്പില്‍ വരുന്ന എല്ലാ പെണ്ണുങ്ങളോടും അവര്‍ക്കു വെറുപ്പാണ്. ലോകത്തിലെ ഏറ്റവും രൂക്ഷതയുള്ള സ്ത്രീവിരോധികളാരാണെന്ന് അറിയുമോ? സ്ത്രീകള്‍തന്നെ. ഒരു പുരുഷനും, ഒരു മാന്യദേഹവും, എന്തിന്, രണ്ടുപേര്‍ തങ്ങളുടെ ഗര്‍ഭത്തിനു ഉത്തരവാദിയാക്കാന്‍ ശ്രമിച്ച മിസ്റ്റര്‍ ക്ലീമക്കു പോലും സ്വവര്‍ഗ്ഗത്തോടു സ്ത്രീകള്‍ക്കു തോന്നുന്നത്ര വെറുപ്പു സ്ത്രീകളോടു തോന്നിയിട്ടുണ്ടാവില്ല. നമ്മെ വശീകരിക്കാന്‍ അവര്‍ ശ്രമിക്കുന്നതെന്തിനാണെന്നാണ് നിങ്ങളുടെ വിചാരം? മറ്റു പെണ്ണുങ്ങളെ വെല്ലുവിളിക്കാനും അപമാനിക്കാനുംവേണ്ടി മാത്രം. മനുഷ്യവംശം പെരുകുന്നതിനുവേണ്ടിയാണ് ദൈവം സ്ത്രീകളുടെ ഹൃദയത്തില്‍ മറ്റു സ്ത്രീകളോടുള്ള വിദ്വേഷം കുത്തിവെച്ചത്.”
     “ഈ അഭിപ്രായത്തിനു ഞാന്‍ നിങ്ങള്‍ക്കു മാപ്പു തരാം,” ബെര്‍ട് ലേഫ് പറഞ്ഞു, “കാരണം, എനിക്കെന്‍റെ ചങ്ങാതിയുടെ പ്രശ്നത്തിലേക്ക് മടങ്ങിവരേണ്ടതുണ്ട്. ആ കമ്മറ്റിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ശരിക്കും നിങ്ങളല്ലേ? ബീഭത്സരായ ആ സ്ത്രീകള്‍ നിങ്ങള്‍ പറയുന്നതെന്തും അനുസരിക്കില്ലേ?”
     “തീരുമാനമെടുക്കുക തീര്‍ച്ചയായും ഞാന്‍ തന്നെ. പക്ഷെ, അതിനര്‍ത്ഥം എനിക്കതു തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹമുണ്ടെന്നല്ല. അതില്‍ പണമൊന്നുമില്ല. ഗുരുവേ, നിങ്ങള്‍ക്ക്, ഉദാഹരണത്തിന്, ഒരു കച്ചേരിക്കെന്തു കിട്ടും?”
     ക്ലീമ പറഞ്ഞ തുക ഡോ. സ്ക്രേറ്റയില്‍ താല്‍പ്പര്യം ജനിപ്പിച്ചു: “സംഗീതത്തിലൂടെ എന്‍റെ വരുമാനമൊന്നു കൂട്ടാമെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. ഞാനത്ര മോശം ഡ്രമ്മറൊന്നുമല്ല.”
     “നിങ്ങള്‍ ഡ്രം വായിക്കുമോ?” ഉത്സാഹം നടിച്ചുകൊണ്ട് ക്ലീമ ചോദിച്ചു.
         “വായിക്കും.” ഡോ. സ്ക്രേറ്റ പറഞ്ഞു. “ ‘ജനതയുടെ ഹാളില്‍’ ഞങ്ങള്‍ക്കൊരു പിയാനോയും ഒരു കൂട്ടം ഡ്രമ്മുകളുമുണ്ട്. ഒഴിവുനേരങ്ങളില്‍ ഞാന്‍ ഡ്രം വായിക്കും.”
     “അതു ഗംഭീരം തന്നെ!”  വൈദ്യനെ പുകഴ്ത്താന്‍ ഒരവസരം കിട്ടിയതില്‍ സന്തോഷിച്ചുകൊണ്ട് കുഴലൂത്തുകാരന്‍ ഘോഷിച്ചു.
     “പക്ഷെ, എനിക്കു ശരിക്കുമൊരു ബാന്‍ഡുണ്ടാക്കാനുള്ള പങ്കാളികളില്ല. പിയാനോ ഏറെക്കുറെ നന്നായി വായിക്കുന്ന ഒരു ഫാര്‍മസിസ്റ്റ് മാത്രമേയുള്ളൂ. ഞങ്ങള്‍ രണ്ടുപേരുംകൂടി ഒന്നുരണ്ടുതവണ ചിലതൊക്കെ ശ്രമിച്ചുനോക്കിയിട്ടുണ്ട്.” അയാള്‍ പറയുന്നതു നിര്‍ത്തി എന്തോ ചിന്തിക്കുകയാണെന്നു തോന്നി. “നോക്കൂ! കമ്മറ്റിക്കുമുമ്പില്‍ റൂസേന വരുമ്പോള്‍...”
     ക്ലീമ ആഴത്തില്‍ നിശ്വസിച്ചു. “അവള്‍ വന്നാലല്ലേ...”
     ഡോ. സ്ക്രേറ്റ അക്ഷമയോടെ കയ്യാംഗ്യം കാട്ടി. “അവള്‍ സന്തോഷത്തോടെ വരും. മറ്റുള്ളവര്‍ വന്നതുപോലെ. പക്ഷെ, അച്ഛനും കൂടെ വരാന്‍ കമ്മറ്റി ആവശ്യപ്പെടും. നിങ്ങളും അവളുടെ കൂടെയുണ്ടാകണം. ഇവിടേക്കുള്ള യാത്ര ഫലപ്രദമാക്കാന്‍ നിങ്ങള്‍ ഒരു ദിവസം മുമ്പേ വരണം. അന്നു വൈകുന്നേരം ഒരു കച്ചേരി നടത്തണം. കുഴലും, പിയാനോയും, ഡ്രമ്മും. ഒരു ത്രൈവാദ്യമേളം. നിങ്ങളുടെ പേരുള്ള പോസ്റ്ററുകള്‍ കൊണ്ടു ഹാളു നിറക്കാം. എന്തു പറയുന്നൂ?”
       കച്ചേരിയുടെ സാങ്കേതികവശങ്ങളെക്കുറിച്ചു ക്ലീമ വല്ലാത്ത കണിശക്കാരനായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ വൈദ്യരുടെ നിര്‍ദ്ദേശം അവനു ഭ്രാന്താണെന്നു തോന്നുമായിരുന്നു. പക്ഷെ, ഇപ്പോള്‍, അവന്‍റെ ഏക താല്‍പ്പര്യം ഒരു പ്രത്യേക നഴ്സിന്‍റെ ഗര്‍ഭപാത്രം മാത്രമായിരുന്നു. വൈദ്യന്‍റെ ചോദ്യത്തിന് വിനയമാര്‍ന്ന ഉത്സാഹത്തോടെ അവന്‍ മറുപടിയേകി: “അതു ഗഭീരമാകും!”
     “ശരിക്കും? നിങ്ങളതിനു ഒരുക്കമാണോ?”
     “നിസ്സംശയം.”
     “അപ്പോള്‍ നിങ്ങള്‍, നിങ്ങളെന്തു പറയുന്നു?” ബെര്‍ട് ലേഫിനോടു  സ്ക്രേറ്റ ചോദിച്ചു.
     “അതൊരു ഉത്കൃഷ്ടകാര്യമായിട്ടാണ്‌ എനിക്കു തോന്നുന്നത്. പക്ഷെ, രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഒരുക്കങ്ങളൊക്കെ നടത്താനാകുമോ എന്നെനിക്കറിയില്ല.”
     അതിനു പ്രതികരണമായി, സ്ക്രേറ്റ എഴുന്നേറ്റു ഫോണിനടുത്തേക്കുപോയി. അയാള്‍ ഒരു നമ്പര്‍ കറക്കി. എന്നാല്‍, അതിനു മറുപടിയുണ്ടായില്ല. “ഉടനെ പോസ്റ്ററിനു ഓഡര്‍ കൊടുക്കുകയാണ് ഏറ്റവും മുഖ്യമായ കാര്യം. നിര്‍ഭാഗ്യവശാല്‍, സെക്രട്ടറി ഉണ്ണാന്‍ പോയിട്ടുണ്ടാകണം,” അയാള്‍ പറഞ്ഞു. “കച്ചേരിക്ക് ഹാളു കിട്ടാന്‍ ഒരു പ്രയാസവുമില്ല. പൊതുജന വിദ്യാഭ്യാസ സംഘടന വ്യാഴാഴ്ച്ച ഒരു മദ്യവിരുദ്ധ സമ്മേളനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവിടെ പ്രസംഗിക്കുന്നത് എന്‍റെയൊരു സഹപ്രവര്‍ത്തകനാണ്. രോഗകാരണം പറഞ്ഞ് അതു റദ്ദു ചെയ്യാന്‍ ഞാനാവശ്യപ്പെട്ടാല്‍ അവന്‍ സന്തോഷിക്കുകയേയുള്ളൂ.  പക്ഷെ, നിങ്ങള്‍ വ്യാഴാഴ്ച്ച രാവിലെ തന്നെ ഇവിടെ എത്തേണ്ടി വരും. അല്ലെങ്കില്‍ നമുക്കു മൂന്നുപേര്‍ക്കും റിഹേര്‍സല്‍ ചെയ്യാനാകില്ല. റിഹേര്‍സല്‍ വേണമെന്നുണ്ടെങ്കില്‍.”
     “വേണം, വേണം,” ക്ലീമ പറഞ്ഞു. “അതത്യാവശ്യമാണ്. മുന്‍കൂട്ടി ഒരുങ്ങേണ്ടതുണ്ട്.”
     “അതു തന്നെയാണ് എന്‍റെയും അഭിപ്രായം,” സ്ക്രേറ്റ പറഞ്ഞു. “നമുക്കൊരു തകര്‍പ്പന്‍ പരിപാടി തന്നെ അവതരിപ്പിക്കണം. പിന്നണി തരാന്‍ ഞാന്‍ കേമനാണ്. ‘സെന്‍റ് ലൂയി ബ്ലൂസും’ ‘വെന്‍ ദ സെയ്ന്‍റ്സ് ഗൊ മാര്‍ച്ചിങ്ങ് ഇന്നും’. ചില സോളോകള് ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. അവയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമറിയാന്‍ എനിക്കു കൌതുകമുണ്ട്. അല്ല, ഇന്നുച്ചക്ക് നിങ്ങള്‍ ഫ്രീയാണോ? നമുക്കതൊന്നു നോക്കിയാലോ?”
     “നിര്‍ഭാഗ്യവശാല്‍, ഇന്നുച്ചക്ക് റൂസേനയെ അബോര്‍ഷനു പറഞ്ഞുസമ്മതിപ്പിക്കേണ്ടതുണ്ട്.
     സ്ക്രേറ്റ കൈവീശിക്കൊണ്ടു പറഞ്ഞു: “അതു വിട്ടേക്ക്. പ്രീണനമൊന്നുമില്ലാതെതന്നെ അവളതിനു തയ്യാറാകും.”
     “ഡോ.” ക്ലീമ യാചിച്ചു. “വ്യാഴാഴ്ച്ചയാണ് ഭേദം.”
     ബെര്‍ട് ലേഫ് ഇടപെട്ടു: “വ്യാഴാഴ്ച്ചവരെ കാത്തിരിക്കുന്നതാണ് നല്ലെതെന്നാണ് എന്‍റെയും പക്ഷം. ഇന്നെന്‍റെ സുഹൃത്തിനു ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. എന്തായാലും, അദ്ദേഹം തന്‍റെ ട്രംപെറ്റ് കൊണ്ടുവന്നിട്ടുണ്ടെന്നു എനിക്കു തോന്നുന്നില്ല.”
     “അതൊരു നല്ല കാരണമാണ്!” സ്ക്രേറ്റ സമ്മതിച്ചു. എന്നിട്ട്, പാര്‍ക്കിനപ്പുറത്തെ ഭോജനശാലയിലേക്ക് സുഹൃത്തുക്കള്‍ രണ്ടുപേരെയും നയിച്ചു. പക്ഷെ, സ്ക്രേറ്റയുടെ നഴ്സ് അവര്‍ക്കൊപ്പമെത്തി, അയാളോടു ആപ്പീസ്സിലേക്കു തിരിച്ചുവരാന്‍ കെഞ്ചി. ഡോക്ടര്‍, ക്ഷമചോദിച്ചുകൊണ്ട്, അനപത്യരോഗികള്‍ക്കരികിലേക്ക് തന്നെ നയിക്കാന്‍ നഴ്സിനെ അനുവദിച്ചു.

7. റൂസേനയുടെ അച്ഛൻ 

സുമാര്‍ ആറു മാസങ്ങള്‍ക്കുമുമ്പ്, മാതാപിതാക്കളുടെ സമീപഗ്രാമത്തിലെ വീടുവിട്ട്‌, റൂസേന കാള്‍മാര്‍ക്സ് ഹൌസിലെ ചെറിയൊരു മുറിയിലേക്കു മാറിയിരുന്നു. ഈ മുറിയുടെ സ്വാതന്ത്ര്യത്തില്‍നിന്ന് അവളെന്തു പ്രതീക്ഷിച്ചുവെന്നു ദൈവത്തിനു മാത്രമേ അറിയൂ. പക്ഷെ, അവള്‍ സ്വപ്നം കണ്ടിരുന്നതുപോലെ അത്ര സുഖകരമോ തീവ്രമോ അല്ലാ അവളുടെ മുറിയും സ്വാതന്ത്ര്യവും നല്‍കിയ നേട്ടങ്ങളെന്നു റൂസേന വേഗം തിരിച്ചറിഞ്ഞു.
     ഇന്നുച്ചക്കുശേഷം, മൂന്നുമണികഴിഞ്ഞ് അല്‍പ്പനേരത്തിനുശേഷം, ഉഷ്ണാലയത്തില്‍നിന്നു മുറിയിലേക്കു മടങ്ങി വന്നപ്പോള്‍ അവള്‍ക്കു അസന്തുഷ്ടകരമായ ഒരു അത്ഭുതമുണ്ടായി. പകലുറങ്ങുന്ന കിടക്കയില്‍ അവളുടെ അച്ഛന്‍ കാല്‍നീര്‍ത്തിയങ്ങിനെ കിടക്കുന്നു. അതൊരു അസൌകര്യമായി. കാരണം, അവള്‍ക്കു തന്‍റെ സമയം മുഴുവന്‍ രൂപഭംഗിക്കുവേണ്ടി ചിലവഴിക്കേണ്ടതുണ്ടായിരുന്നു. മുടിയൊരുക്കി വെക്കണം; ശ്രദ്ധയോടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണം.
     “നിങ്ങള്‍ക്കിവിടെ എന്തു കാര്യം?” അവള്‍ അസഹ്യതയോടെ ചോദിച്ചു. വാതില്‍കാക്കുന്നവന്‍ അച്ഛന്‍റെ പരിചയക്കാരനാണെന്നതും, അവളില്ലാത്തപ്പോള്‍ അദ്ദേഹത്തെ മുറിയിലേക്കു കടത്തിവിടാന്‍ തയ്യാറാകുന്നതും, അവള്‍ക്കു അയാളോടു നീരസമുണ്ടാക്കുന്ന കാര്യമായിരുന്നു.
     “എനിക്കല്‍പ്പം ഒഴിവുനേരം കിട്ടി,” അച്ഛന്‍ പറഞ്ഞു. “പട്ടണത്തില്‍ ഞങ്ങള്‍ക്കിന്നൊരു പരിപാടിയുള്ളതാണല്ലോ.”
     പബ്ലിക് ഓര്‍ഡര്‍ ഓഫ് വൊളന്‍റിയേര്‍സിലെ അംഗമാണ് അവളുടെ അച്ഛന്‍. തങ്ങളെന്തോ വലിയ കാര്യം ചെയ്യുന്നുവെന്ന മട്ടില്‍, ഒരു നാടയും കയ്യില്‍ക്കെട്ടി, തെരുവുകളില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന വയസ്സന്മാരെ സുഖചികിത്സാകേന്ദ്രത്തിലെ ആശുപത്രി ജീവനക്കാര്‍ കളിയാക്കുന്നതു മൂലം, അച്ഛന്‍റെ പ്രവൃത്തി റൂസേനക്കു നാണക്കേടാണ്.
     “നിങ്ങള്‍ക്കത് രസമാണെങ്കില്!” അവള്‍ പിറുപിറുത്തു.
     “ആലസിയല്ലാത്ത, ഒരിക്കലും അലസനായിരിക്കാന്‍ സാദ്ധ്യതയില്ലാത്ത, ഒരു അച്ഛനാണ് നിനക്കുള്ളതെന്നതില്‍ നീ സന്തോഷിക്കുകയാണ് വേണ്ടത്. ഞങ്ങള്‍ അടുത്തൂണ്‍പറ്റിയവരാണ്. പക്ഷെ, കാര്യങ്ങള്‍ എങ്ങിനെ നടപ്പാക്കണമെന്ന് ഞങ്ങള്‍ക്കിപ്പോഴും അറിയാമെന്ന്‍ നിങ്ങള്‍ ചെറുപ്പക്കാര്‍ക്ക് ഞങ്ങള്‍ കാണിച്ചു തരും!” 
     വസ്ത്രങ്ങള്‍ തിരഞ്ഞെടുകുന്നതില്‍ താന്‍ ശ്രദ്ധിക്കുമ്പോള്‍, അദ്ദേഹത്തെ സംസാരിക്കാന്‍ വിടുന്നതിനു റൂസേന തീരുമാനിച്ചു. അവള്‍ വസ്ത്രങ്ങള്‍ വെച്ച അലമാര തുറന്നു.
     “നിങ്ങളെന്താണ് ചെയ്യുന്നതെന്നറിയാന്‍ ശരിക്കും എനിക്കു താല്‍പ്പര്യമുണ്ട്,” അവള്‍ പറഞ്ഞു.
     “ഒരു പാടു കാര്യങ്ങള്‍. എന്‍റെ കുട്ടീ, ലോകമെങ്ങും അറിയപ്പെടുന്ന  ഒരു സ്പായാണ് ഈ കൊച്ചുപട്ടണം. എന്നിട്ടിവിടെ കാണുന്നതെന്താ? കുട്ടികളെല്ലാം പുല്‍ത്തകിടിയിലൂടെ പാഞ്ഞുനടക്കുന്നു!”
     “അതിനെന്താ?” വസ്ത്രങ്ങള്‍ ചികഞ്ഞുകൊണ്ട് റൂസേന ചോദിച്ചു. അവള്‍ക്കൊന്നും ഇഷ്ടമായില്ല.
     “കുട്ടികള്‍ മാത്രമോ, പട്ടികളും! പുറത്തുകൊണ്ടുപോകുമ്പോള്‍ പട്ടികള്‍ക്കു മൂക്കുകയറും ചങ്ങലയുമിടണമെന്ന് മുനിസിപ്പല്‍ കൌണ്‍സില്‍ പണ്ടേ ഉത്തരവു പുറപ്പെടുവിച്ചതാണ്. പക്ഷെ, ഇവിടെയാരും അതനുസരിക്കുന്നില്ല. എല്ലവാരും അവര്‍ക്കു തോന്നിയതുപോലെ ചെയ്യുന്നു. പാര്‍ക്കിലെ കാര്യം മാത്രം നോക്കിയാല്‍ മതി!”
     റൂസേന ഒരു വസ്ത്രം പുറത്തെടുത്തു. അലമാരയുടെ തുറന്ന വാതിലിനു പിറകില്‍നിന്നു വസ്ത്രം മാറാന്‍ തുടങ്ങി.
     “അവറ്റ കണ്ടിടത്തെല്ലാം മൂത്രമൊഴിക്കും. കളിസ്ഥലത്തെ മണല്‍പ്പെട്ടിയില്‍പ്പോലും! ഒരു കുട്ടിയുടെ കയ്യില്‍നിന്നു  മണലിലേക്കു റൊട്ടിയും ജാമും വീഴുന്നത് ഓര്‍ത്തുനോക്കൂ! എന്നിട്ടാണ്, നാട്ടുകാര്‍ ഇത്രയും രോഗമുണ്ടാകുന്നതില്‍ അത്ഭുതപ്പെടുന്നത്! ഇവിടെ, വെറുതേഒന്നു നോക്കുകയേ വേണ്ടൂ,” ജനലിനരികിലേക്ക് നടന്നുകൊണ്ട് അവളുടെ അച്ഛന്‍ പറഞ്ഞു. “ഇപ്പോള്‍ത്തന്നെ നാലു പട്ടികള്‍ സ്വതന്ത്രമായ് വിഹരിക്കുകയാണവിടെ.”
     റൂസേന വീണ്ടും പ്രത്യക്ഷയായി. ചുമരിലെ കണ്ണാടിയില്‍ തന്‍റെ  പ്രതിരൂപം നോക്കി. ആ കൊച്ചുകണ്ണാടിയേ അവള്‍ക്കുള്ളൂ. അതിലാകട്ടെ അരവരെപോലും കാണാനാവില്ല.
     “നിനക്കു  താല്‍പ്പര്യമില്ല, അല്ലെ?” അവളുടെ അച്ഛന്‍ ചോദിച്ചു.
     “പിന്നേ, എനിക്കു നല്ല താല്‍പ്പര്യമുണ്ട്,” ഉടുപ്പിനുള്ളില്‍ തന്‍റെ കാലുകള്‍ എങ്ങിനെയിരിക്കുമെന്ന്‍ തിട്ടപ്പെടുത്താന്‍ കണ്ണാടിയില്‍നിന്ന് അല്‍പ്പം മാറി കാല്‍വിരലുകളില്‍ നിന്നുകൊണ്ട് റൂസേന പറഞ്ഞു. “ദേഷ്യപ്പെടരുത്‌. എനിക്കൊരാളെ കാണാനുണ്ട്. എനിക്കു തിരക്കുണ്ട്.”
     “പോലീസുപട്ടികളും വേട്ടപ്പട്ടികളും മാത്രമാണ് എനിക്കു സഹിക്കാന്‍പറ്റുന്ന പട്ടികൾ,” അവളുടെ അച്ഛന്‍ പറഞ്ഞു. “വീട്ടില്‍ പട്ടികളെ വളര്‍ത്തുന്നവരെ എനിക്കു മനസ്സിലാകില്ല. താമസിയാതെ പെണ്ണുങ്ങള്‍ പെറുന്നത് നിര്‍ത്തും. തൊട്ടിലുകളില്‍ പട്ടികളെ നിറയ്ക്കും!”
     കണ്ണാടിയിലെ പ്രതിബിംബം റൂസേനയെ അതൃപ്തയാക്കി. കൂടുതല്‍ അനുയോജ്യമായ ഒരു വസ്ത്രത്തിനായി അവള്‍ അലമാരയിലേക്ക് തിരിഞ്ഞു.
     “താമസക്കാരുടെ യോഗത്തില്‍വെച്ച് കെട്ടിടത്തിലെ എല്ലാവരും അംഗീകരിച്ചാലേ പട്ടികളെ വീട്ടില്‍ വളര്‍ത്താന്‍ അനുവദിക്കൂ എന്നു ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. പട്ടിലൈസന്‍സിന്‍റെ ഫീസു കൂട്ടാനും തീരുമാനിക്കുന്നുണ്ട്.”
     “നിങ്ങള്‍ക്ക് ഒരുപാടു ഗൌരവമേറിയ പ്രശ്നങ്ങളുണ്ടെന്നു മനസ്സിലായി,” അപ്പനമ്മമാരുടെ കൂടെയല്ലല്ലോ തന്‍റെ താമസമെന്ന സന്തോഷത്തില്‍ റൂസേന പറഞ്ഞു. കുട്ടിക്കാലം മുതല്‍ക്കേ അച്ഛന്‍റെ സാരോപദേശങ്ങളും കല്‍പ്പനകളും അവളില്‍ ജുഗുപ്സയുണ്ടാക്കിയിരുന്നു. അദ്ദേഹത്തിന്‍റേതല്ലാത്ത ഒരു ഭാഷ സംസാരിക്കുന്ന ആളുകളുള്ള ഒരു ലോകമാണ് അവള്‍ മോഹിച്ചത്.
     “കളിയാക്കേണ്ട കാര്യമല്ല ഇത്. പട്ടികള്‍ ശരിക്കുമൊരു ഗുരുതരമായ പ്രശ്നമാണ്. ഞാന്‍ മാത്രമല്ല, ഉന്നതാധികാരികള്‍പോലും അങ്ങിനെയാണ് ചിന്തിക്കുന്നത്. പ്രാധാന്യമുള്ളതെന്തെന്നും ഇല്ലാത്തതെന്തെന്നും നിന്നോടൊരു പക്ഷെ ആരും ചോദിച്ചിട്ടുണ്ടാവില്ല. ലോകത്തില്‍ നിനക്കു ഗൌരവമുള്ള വിഷയം വസ്ത്രങ്ങളാണെന്നേ നീ പറയൂ,” മകള്‍ വീണ്ടും വസ്ത്രം മാറാന്‍ അലമാരവാതിലിനു പിറകിലേക്കു പോയതു ശ്രദ്ധിച്ച അദ്ദേഹം പറഞ്ഞു.
     “എന്തായാലും നിങ്ങളുടെ പട്ടികളെക്കാള്‍ പ്രാധാന്യമുള്ളവ തന്നെ,” കണ്ണാടിക്കു മുമ്പില്‍ വീണ്ടും കാല്‍വിരലുകളില്‍നിന്നുകൊണ്ടു അവള്‍ മറുപടി പറഞ്ഞു. വീണ്ടും അവള്‍ക്കു അതൃപ്തിയാണുണ്ടായത്. പക്ഷെ, അവനവനോടുള്ള അതൃപ്തി മെല്ലെ നിഷേധമായി മാറി: താന്‍ ഏതുപോലെയോ അതുപോലെതന്നെ, വിലകുറഞ്ഞ ഈ വസ്ത്രത്തില്‍പ്പോലും, കുഴലൂത്തുകാരന്‍ തന്നെ അംഗീകരിക്കണമെന്ന് അമര്‍ഷത്തോടെ അവള്‍ വിചാരിച്ചു. അതവള്‍ക്ക് വിചിത്രമായൊരു സംതൃപ്തിയേകി.
     “ഇതൊരു ആരോഗ്യപ്രശ്നമാണ്,” അവളുടെ അച്ഛന്‍ പറഞ്ഞുകൊണ്ടേയിരുന്നു. “പട്ടികള്‍ വഴിവക്കില്‍ വിസര്‍ജ്ജിക്കുന്നിടത്തോളം കാലം  നമ്മുടെ പട്ടണം ഒരിക്കലും ശുദ്ധമാവില്ല. സദാചാരപ്രശ്നം കൂടിയാണിത്. ആള്‍ക്കാര്‍ക്കുവേണ്ടി കെട്ടിയ വീടുകളില്‍ പട്ടികള്‍ ലാളിക്കപ്പെടുന്നത് അസഹനീയമാണ്.”
     റൂസേനക്കു ശങ്ക തോന്നാത്തവിധം എന്തോ ഒന്നു സംഭവിക്കുകയായിരുന്നു: അദൃശ്യമായി, രഹസ്യമായി, അവളുടെ നിഷേധം അച്ഛന്‍റെ കോപവുമായി ലയിക്കുകയായിരുന്നു. അല്‍പ്പംമുമ്പ് അവള്‍ക്കദ്ദേഹത്തോടു തോന്നിയ ജുഗുപ്സ അവളിലില്ലാതായി. മറിച്ച്, അവള്‍ അബോധമായി അദ്ദേഹത്തിന്‍റെ രൂക്ഷവചനങ്ങളില്‍നിന്ന്‍ ഊര്‍ജ്ജം വലിച്ചെടുക്കുകയായി.
     “നമ്മുടെ വീട്ടിലൊരിക്കലും പട്ടികളുണ്ടായിരുന്നില്ല. അതു കൊണ്ടു നമുക്കു വല്ല നഷ്ടവുമുണ്ടായില്ലല്ലോ,” അച്ഛന്‍ പറഞ്ഞു.
            അവള്‍ കണ്ണാടിയില്‍ തന്നെ നോക്കുന്നത് തുടര്‍ന്നു. ഗര്‍ഭം തനിക്കൊരു പുതിയ നേട്ടമുണ്ടാക്കിയതായി അവള്‍ക്കു തോന്നി. തനിക്കു സ്വയം സുന്ദരിയായിത്തോന്നിയാലും ഇല്ലെങ്കിലും, കുഴലൂത്തുകാരന്‍ തന്നെ അടിയന്തിരമായി കാണാന്‍ ഓടിയെത്തിയിരിക്കുന്നു; വീഞ്ഞുശാലയിലേക്ക് ഒരു കൂടിക്കാഴ്ച്ചക്കായി തന്നെ മാന്യമായി ക്ഷണിച്ചിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ (അവള്‍ വാച്ചു നോക്കി), ഈ നേരത്ത് അവനവിടെ ഇപ്പോഴേ അവളെയും കാത്തിരിപ്പുണ്ടാകും. 
     “ഞങ്ങള്‍ വിജയം തൂത്തുവാരും, കുട്ടീ, നീ നോക്കിക്കോ!” പൊട്ടിച്ചിരിച്ചുകൊണ്ട് അവളുടെ അച്ഛന്‍ പറഞ്ഞു. ഇത്തവണ അവള്‍ മൃദുവായാണ് പ്രതികരിച്ചത്; പുഞ്ചിരിയോടെയെന്നുതന്നെ പറയാം: “എനിക്കു സന്തോഷമായി, പപ്പാ. പക്ഷെ, എനിക്കു പോകാന്‍ സമയമായി.”
     “എനിക്കും. വ്യായാമം ഏതു നിമിഷവും വീണ്ടും തുടങ്ങാം.”
അവരൊന്നിച്ച് കാള്‍മാര്‍ക്സ്ഹൌസ് വിട്ടു. പിന്നീട് അവരവരുടെ വഴിക്കു പോയി. റൂസേന വീഞ്ഞുശാലയിലേക്ക് മെല്ലെ നീങ്ങി.

8. ക്ലീമയും റൂസേനയും 

പ്രശസ്തനും ജനപ്രിയനുമായ ഒരു കലാകാരനെന്ന തന്‍റെ വേഷം കയ്യാളാന്‍ ക്ലീമക്കു പൂര്‍ണ്ണമായും കഴിഞ്ഞിരുന്നില്ല; പ്രത്യേകിച്ച് ഇപ്പോള്‍, സ്വകാര്യമായ വ്യാകുലതകളുള്ളപ്പോള്‍. അതൊരു കുറവായും വൈകല്യമായുമാണ് അവനു അനുഭവപ്പെട്ടത്. റൂസേനയുമൊത്ത് അവന്‍ വീഞ്ഞുശാലയില്‍ പ്രവേശിച്ചപ്പോള്‍, ചെക്‍റൂമിനെതിരെ, കഴിഞ്ഞ കച്ചേരി അവശേഷിപ്പിച്ച പോസ്റ്ററിലെ തന്‍റെ വലുതാക്കിയ ഫോട്ടോ അവന്‍ കണ്ടു. അതവനില്‍ ആകുലതയുണ്ടാക്കി. അവിടെയുള്ള പതിവുകാരില്‍ ആരൊക്കെ തന്നെ തിരിച്ചറിയുമെന്ന് യാന്ത്രികമായി ഊഹിച്ചുകൊണ്ട് അവന്‍ യുവതിയുമൊത്ത് മുറി മുറിച്ചു കടന്നു. അവരുടെ നോട്ടത്തെ അവന്‍ ഭയപ്പെട്ടു. തന്‍റെ ഭാവങ്ങളെയും പെരുമാറ്റത്തെയും നിയന്ത്രിച്ചുകൊണ്ട്, എല്ലായിടത്തും തന്നെ രഹസ്യമായ് നിരീക്ഷിക്കുന്ന കണ്ണുകളുണ്ടെന്ന് അവന്‍ വിചാരിച്ചു. ജിജ്ഞാസനിറഞ്ഞ നിരവധി കണ്ണുകള്‍ തന്‍റെമേല്‍ ഉറപ്പിച്ചുവെച്ചതായി അവനനുഭവപ്പെട്ടു. അവയെ അവഗണിക്കാന്‍  ശ്രമിച്ചുകൊണ്ടു, പിറകിലുള്ള ഒരു കൊച്ചു മേശക്കരികിലേക്ക് അവന്‍ നീങ്ങി. പാര്‍ക്കിലെ മരത്തലപ്പുകളെ കാണാന്‍പറ്റുന്ന ഒരു ജാലകം അവിടെ ഉണ്ടായിരുന്നു.
     അവരിരുന്നുകഴിഞ്ഞപ്പോള്‍, അവന്‍ റൂസേനയെ നോക്കിച്ചിരിച്ചു. അവളുടെ കൈ തലോടി. അവളുടെ വസ്ത്രം അവള്‍ക്കു നന്നായി യോജിക്കുന്നുണ്ടെന്നു പറഞ്ഞു. അവള്‍ ലജ്ജയോടെ എതിര്‍ത്തു. പക്ഷെ, അവന്‍ വിട്ടുകൊടുത്തില്ല. അല്‍പ്പനേരം ആ നഴ്സിന്‍റെ ലാവണ്യത്തെക്കുറിച്ചു സംസാരിക്കാന്‍തന്നെ അവന്‍ ശ്രമിച്ചു. അവളുടെ രൂപസൌകുമാര്യം തന്നെ അത്ഭുതപ്പെടുത്തുവെന്നവന്‍ പറഞ്ഞു. രണ്ടുമാസങ്ങളായി അവളെക്കുറിച്ചു താന്‍ എത്രമാത്രമാണ് ഓര്‍മ്മിച്ചത്! ഓര്‍മ്മയില്‍ അവളുടെ ചിത്രം കൊണ്ടുവരാനുള്ള പ്രയത്നം ഒരു രൂപമുണ്ടാക്കിയിരുന്നു. പക്ഷെ, ആ രൂപം യാഥാര്‍ത്ഥ്യത്തില്‍നിന്നും ഏറെയേറെ അകലെയാണ്. അതിലെന്താണെന്നോ ഇത്ര അസാധാരണമായിട്ടുള്ളത്, അവന്‍ പറഞ്ഞു, അവളുടെ യഥാര്‍ത്ഥ രൂപം, അവളെക്കുറിച്ചോര്‍ത്തപ്പോഴൊക്കെ അവനതാശിച്ചുവെങ്കിലും, സാങ്കല്‍പ്പികരൂപത്തെ കവച്ചുവെക്കുന്നതാണ്.
     രണ്ടു മാസങ്ങളായി കുഴലൂത്തുകാരനില്‍നിന്ന്‍ അവള്‍ക്കൊരു വാര്‍ത്തയുമില്ലായിരുന്നുവെന്ന്‍ റൂസേന ചൂണ്ടിക്കാട്ടി. അവന്‍ പരിക്ഷീണമായ ഒരു നിശ്വാസമുതിര്‍ത്തു. താന്‍ കഴിച്ചുകൂട്ടിയ ഭീകരമായ ആ രണ്ടു മാസങ്ങളെപ്പറ്റി അവള്‍ക്കു ചിന്തിക്കാന്‍പോലും കഴിയില്ലെന്നവന്‍ ആ യുവതിയോടു പറഞ്ഞു. എന്താണുണ്ടായതെന്ന്‍ റൂസേന അവനോടു ചോദിച്ചു. പക്ഷെ, വിശദാംശങ്ങളിലേക്കു കടക്കാന്‍ കുഴലൂത്തുകാരന്‍ തയ്യാറായില്ല. വലിയൊരു നന്ദികേടിന്‍റെ ഇരയായി താനെന്നു മാത്രം പറഞ്ഞു; സുഹൃത്തുക്കളോ, മറ്റാരുമോ ഇല്ലാതെ, പൊടുന്നനെ, താന്‍ ലോകത്തില്‍ എകാകിയായിപ്പോയെന്നും.
               തന്‍റെ വേവലാതികളെക്കുറിച്ച് റൂസേന വിശദമായി ചോദിച്ചേക്കുമെന്നും, അതു തന്നെ നുണകളില്‍ കുരുക്കുമെന്നും അവന്‍ ചെറുതായി ആശങ്കപ്പെട്ടു. അനാവശ്യമായിരുന്നു അവന്‍റെ ഭയം. കുഴലൂത്തുകാരന്‍ ഒരു വിഷമസന്ധിയിലൂടെ കടന്നുപോയതില്‍ റൂസേനക്കു താല്‍പ്പര്യമുണ്ടായി എന്നതു ശരി തന്നെ. അവന്‍റെ രണ്ടുമാസത്തെ നിശ്ശബ്ദതക്കുള്ള ഒഴിവുകഴിവായി അവള്‍ അതു സ്വീകരിച്ചുവെന്നതും ശരിയാണ്. എന്നാല്‍, അവന്‍റെ വിഷമത്തിന്‍റെ ശരിയായ സ്വഭാവം അറിയുന്നതില്‍ അവള്‍ തെല്ലും തല്‍പ്പരയായിരുന്നില്ല. അവനനുഭവിച്ച ഖേദകരമായ രണ്ടുമാസങ്ങളിലെ ഖേദം മാത്രമായിരുന്നു അവളില്‍ താല്‍പ്പര്യമുണ്ടാക്കിയത്.
        “നിന്നെക്കുറിച്ചു ഞാന്‍ ഒരുപാടാലോചിച്ചു. നിന്നെ സഹായിക്കുന്നതില്‍ എനിക്കു സന്തോഷമേ ഉണ്ടാകുമായിരുന്നുള്ളൂ. ആളുകളെ കാണാതിരക്കാന്‍ മാത്രമുള്ള മടുപ്പായിരുന്നു എനിക്ക്. സങ്കടമുള്ളവരുടെ കൂട്ടുകെട്ട് മോശം കൂട്ടുകെട്ടാണല്ലോ.”
     “എനിക്കും സങ്കടമായിരുന്നു.”
     “അറിയാം,” അവളുടെ കൈ തലോടിക്കൊണ്ട് അവന്‍ പറഞ്ഞു.
     “നിന്‍റെ കുഞ്ഞിനെ ഞാന്‍ ഗര്‍ഭം ധരിച്ചിരിക്കുവെന്നു കുറച്ചു നാളായി എനിക്കറിയാമായിരുന്നു. നീയോ, ജീവിച്ചിരിക്കുന്നുവന്നതിന്‍റെ യാതൊരു ലക്ഷണവും കാണിച്ചില്ല. പക്ഷെ, എന്നെ നീ ഇനി കാണില്ലെന്നു തീരുമാനിച്ചിട്ടുണ്ടെങ്കില്‍പ്പോലും, ഞാന്‍ കുട്ടിയെ കളയില്ലായിരുന്നു. ഞാനാകെ ഒറ്റക്കായാല്‍പ്പോലും, നിന്‍റെ കുട്ടിയെങ്കിലും എനിക്കു സ്വന്തമായുണ്ടാകുമെന്നു ഞാന്‍ എന്നോടുതന്നെ പറഞ്ഞു. ഒരിക്കലും ഞാനതിനെ കളയില്ല. ഇല്ല, ഒരിക്കലും...”
     ക്ലീമയുടെ നാവു നിശ്ചലമായിപ്പോയി; ഒച്ചയില്ലാത്ത ഒരു ഭയം അവന്‍റെ മനസ്സിനെ കീഴടക്കി.
     ഭാഗ്യവശാല്‍, ഇടപാടുകാര്‍ക്ക് സേവനം നല്‍കുന്നതില്‍ അത്ര ശ്രദ്ധയൊന്നുമില്ലാത്ത വെയ്റ്റര്‍ കല്‍പ്പനയും കാത്ത് അവരുടെ മേശക്കരികില്‍ വന്നുനിന്നു.
     “ഒരു ബ്രാണ്ടി,” കുഴലൂത്തുകാരന്‍ പറഞ്ഞു. പിന്നെ, ഉടന്‍, സ്വയം തിരുത്തി: “രണ്ടു ബ്രാണ്ടി.”
     വീണ്ടും മൌനം. പിന്നെ, റൂസേന അടക്കിയ സ്വരത്തില്‍ ആവര്‍ത്തിച്ചു: “ഇല്ല, ഈ ലോകത്തിലെ ഒരു കാര്യത്തിനുവേണ്ടിയും ഞാനതിനെ കളയില്ല.”
     “അങ്ങനെ പറയല്ലേ,” മനസ്സാന്നിദ്ധ്യം വീണ്ടെടെത്തുകൊണ്ടു ക്ലീമ മറുപടി പറഞ്ഞു. “ഇതു നിന്‍റെ മാത്രം കാര്യമല്ലല്ലോ. പെണ്ണുങ്ങളുടെ മാത്രം കാര്യമല്ല കുട്ടികള്‍. അതു ദമ്പതികളുടെ കാര്യമാണ്. രണ്ടുപേരും യോജിപ്പിലെത്തിയാലെ കാര്യങ്ങള്‍ ശരിയാകൂ. അതല്ലെങ്കിലതു വഷളായേ കലാശിക്കൂ.”
     പറഞ്ഞവസാനിപ്പിച്ചപ്പോഴാണ്, താനാണു കുഞ്ഞിന്‍റെ അച്ഛനെന്നു പരോക്ഷമായി താന്‍ സമ്മതിച്ചിരിക്കുന്നുവെന്നു ക്ലീമ മനസ്സിലാക്കിയത്. ഈയൊരു കുറ്റസമ്മതത്തിനു മീതെയായിരിക്കും ഇനി റൂസേനയുമായുണ്ടാകുന്ന ഏതു സംഭാഷണവും. ഒരു തന്ത്രമനുസരിച്ചാണ് താന്‍ നീങ്ങുന്നതെന്ന്‍ അവനു ബോധമുണ്ടായിരുന്നു; ഈ സമ്മതം അതിന്‍റെ ഭാഗമാണെന്നും. എന്നിട്ടും അവന്‍ തന്‍റെ വാക്കുകളെ ഭയപ്പെട്ടു.
     വെയ്റ്റര്‍ അവരുടെ ബ്രാണ്ടി കൊണ്ടുവന്നു: “നിങ്ങള്‍ ശരിക്കും ശ്രീമാന്‍ ക്ലീമയാണോ, കുഴലൂതുന്നയാള്‍?”
     “അതെ,” ക്ലീമ സമ്മതിച്ചു.
     “അടുക്കളയിലെ പെണ്ണുങ്ങള്‍ക്കു നിങ്ങളെ മനസ്സിലായി. ആ പോസ്റ്ററിലുള്ളത് ശരിക്കും നിങ്ങളാണോ?”
     “അതെ,” ക്ലീമ പറഞ്ഞു.
     “പന്ത്രണ്ടിനും എഴുപതിനുമിടക്കുള്ള എല്ലാ പെണ്ണുങ്ങളുടെയും ആരാധാനാപാത്രമാണ് നിങ്ങളെന്നു തോന്നുന്നു!” വെയ്റ്റര്‍ പറഞ്ഞു. പിന്നെ, റൂസേനക്കു വേണ്ടി കൂട്ടിച്ചേര്‍ത്തു: “നിങ്ങളുടെ കണ്ണുകുത്തിപ്പൊട്ടിക്കാനുള്ള അസൂയയുണ്ട് എല്ലാ പെണ്ണുങ്ങള്‍ക്കും.” മേശവിട്ടുപോകുമ്പോള്‍ അയാള്‍ പലതവണ തിരിഞ്ഞു നോക്കി. മര്യാദകെട്ട ഒരു പരിചയഭാവത്തോടെ പുഞ്ചിരിച്ചു.
     “ഇല്ല, അതു കളയാന്‍ ഞാനൊരിക്കലും സമ്മതിക്കില്ല,” റൂസേന ആവര്‍ത്തിച്ചു. “നീയും, ഒരു ദിവസം, അതിന്‍റെ പേരില്‍ സന്തോഷിക്കും. കാരണം, ഞാന്‍ നിന്നോടൊന്നും ആവശ്യപ്പെടുന്നില്ലെന്ന്‍ നീ മനസ്സിലാക്കണം. നിന്നില്‍നിന്ന്‍ എനിക്കെന്തെങ്കിലും വേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നതായി നീ  വിചാരിക്കുന്നില്ലെന്നു ഞാന്‍ ആശിച്ചോട്ടെ. അതോര്‍ത്തു നീയൊട്ടും വിഷമിക്കേണ്ട. ഇതെന്നെമാത്രം ബാധിക്കുന്ന കാര്യമാണ്. ഇതിന്‍റെ ഒരു കാര്യത്തിലും, നിനാക്കാഗ്രഹമില്ലെങ്കില്‍, നീ ഇടപെടേണ്ട കാര്യമില്ല.”
     ഇത്തരം ഉറപ്പുകളാണ്, മറ്റെന്തിനെക്കാളും, ഒരു പുരുഷനെ ഉല്‍ക്കണ്ഠാഭരിതനാക്കുക. എന്തെങ്കിലും ശരിയാക്കിയെടുക്കാനുള്ള യാതൊരു ശക്തിയും തനിക്കില്ലെന്നു ക്ലീമക്കു, പൊടുന്നനെ, തോന്നി; കളിമതിയാക്കുന്നതാണ് ഭംഗിയെന്നും. അവന്‍ മൂകനായി; റൂസേനയും. തൊട്ടുമുമ്പ് അവള്‍ പറഞ്ഞ വാക്കുകള്‍ ആ മൌനത്തില്‍ വല്ലാതെ വേരുറപ്പിച്ചു. അവയുടെ സാന്നിദ്ധ്യത്തില്‍ കുഴലൂത്തുകാരന്‍ കൂടുതല്‍ക്കൂടുതല്‍ അശരണനും പീഡിതനുമായി.
     പെട്ടെന്ന്, അയാളുടെ മനസ്സിലേക്കു ഭാര്യയുടെ ചിത്രം കയറിവന്നു. കാര്യം വിട്ടുകളയാന്‍പാടില്ലെന്ന്‍ അവന്‍ തിരിച്ചറിഞ്ഞു. മേശയുടെ വെണ്ണക്കല്ലുപരിതലത്തിലൂടെ കൈ നീക്കി, അവന്‍ റൂസേനയുടെ വിരലുകളില്‍ തൊട്ടു. അവ മുറുക്കിപ്പിടിച്ചുകൊണ്ട് അവന്‍ പറഞ്ഞു: “കുട്ടിയുടെ കാര്യം ഒരു നിമിഷം മറക്കൂ. കുട്ടിയല്ലല്ലോ ഏറ്റവും പ്രധാനപ്പെട്ട സംഗതി. നമ്മെക്കുറിച്ചു നമുക്കൊന്നും പറയാനില്ലെന്നാണോ നീ വിചാരിക്കുന്നത്? കുട്ടിയുടെ കാര്യത്തിനു മാത്രമായാണ് ഞാന്‍ വന്നതെന്നാണോ നിന്‍റെ വിചാരം?”
     റൂസേന ചുമല്‍ കുലുക്കി.
     “നീയില്ലാതിരിക്കുമ്പോള്‍ എനിക്കു സങ്കടമനുഭവപ്പെടുന്നുവെന്നതാണ് ഏറ്റവും പ്രധാനമായ സംഗതി. അല്‍പ്പനിമിഷങ്ങള്‍ മാത്രമാണ് നാം പരസ്പരം കണ്ടിട്ടുള്ളത്. എന്നിട്ടും, ഞാന്‍ നിന്നെക്കുറിച്ചു ചിന്തിക്കാത്ത ഒരൊറ്റ ദിവസംപോലും ഉണ്ടായിട്ടില്ല.”
     അവന്‍ നിര്‍ത്തി. അപ്പോള്‍, റൂസേന പറഞ്ഞു: “രണ്ടുമാസം എനിക്കു നിന്‍റെ ഒരു വിവരവുമില്ലായിരുന്നു. രണ്ടുതവണ ഞാന്‍ നിനക്കെഴുതിയിരുന്നല്ലോ.”
     “അതിനെന്നെ കുറ്റപ്പെടുത്തരുത്,” കുഴലൂത്തുകാരന്‍ പറഞ്ഞു. “ഞാന്‍ നിനക്കെഴുതാതിരുന്നത് കരുതിക്കൂട്ടിയാണ്. നീയുമായ് ബന്ധപ്പെടാതിരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്‍റെയുള്ളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് എനിക്കു പേടിയായിരുന്നു. പ്രേമത്തെ ഞാന്‍ തടുക്കുകയായിരുന്നു. നീണ്ട ഒരു കത്ത് നിനക്കെഴുതണമെന്നുണ്ടായിരുന്നു. ശരിക്കും നിരവധി പേജുകള്‍ എഴുതിനിറച്ചതായിരുന്നു. പക്ഷെ, ഒടുവില്‍ ഞാനതെല്ലാം വലിച്ചെറിഞ്ഞു. ഒരിക്കലും ഞാന്‍ ഇത്ര പ്രേമത്തിലായിരുന്നില്ല. അതെന്നെ ഭയപ്പെടുത്തി. തുറന്നുപറയാന്‍ ഞാനെന്തിനു മടിക്കണം? എന്‍റെ വികാരം വെറുമൊരു ഭ്രമമല്ലെന്നു എനിക്കുറപ്പിക്കേണ്ടിയുമിരുന്നു. ഞാന്‍ എന്നോടുതന്നെ പറഞ്ഞു: ഒരു മാസം കൂടി ഞാന്‍ ഇതേ അവസ്ഥയിലാണെങ്കില്‍, എനിക്കവളോടുള്ള വികാരം മായയല്ല, യാഥാര്‍ത്ഥ്യം തന്നെയാണ്.”
     റൂസേന മൃദുവായി പറഞ്ഞു: “ഇപ്പോഴെന്തു തോന്നുന്നു, വെറും മായയെന്നോ?”
        അവളതു പറഞ്ഞപ്പോള്‍, തന്ത്രം ഫലിക്കുന്നുണ്ടെന്നു കുഴലൂത്തുകാരനു മനസ്സിലായി. അവന്‍ അവളുടെ കൈപിടിക്കുന്നതു നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. വാക്കുകളിപ്പോള്‍ ആയാസമില്ലാതെ വന്നുകൊണ്ടിരുന്നു: ഇപ്പോള്‍, അവന്‍ പറഞ്ഞു, അവളെ നോക്കിയിരിക്കുമ്പോള്‍, തന്‍റെ വികാരങ്ങളെ ഇനിയും പരീക്ഷിക്കേണ്ടതില്ലെന്ന് തനിക്കു മനസ്സിലായിരിക്കുന്നു. കാരണം, ഇപ്പോള്‍, എല്ലാം വ്യക്തമാണ്. കുട്ടിയെക്കുറിച്ച് താന്‍ സംസാരിക്കാതിരിക്കുന്നത്, കുട്ടിയല്ല, റൂസേനയാണ് തനിക്കു പരമപ്രധാനമെന്നുള്ളതിനാലാണ്. തന്നെ, ക്ലീമയെ, റൂസേനക്കടുത്തേക്കു വിളിച്ചെത്തിച്ചുവെന്നതിലാണ് കുഞ്ഞിന്‍റെ പ്രാധാന്യമിരിക്കുന്നത്. അതെ, അവളുടെ ഉദരത്തിലുള്ള കുട്ടി ഈ കൊച്ചു സുഖചികിത്സാകേന്ദ്രത്തിലേക്കു തന്നെ വിളിച്ചുവരുത്തി, താന്‍ റൂസേനയേ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു തന്നെ ബോദ്ധ്യപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ് നാമിപ്പോള്‍ (ഇവിടെയവന്‍ തന്‍റെ ബ്രാണ്ടിഗ്ലാസ്സുയര്‍ത്തി) കുട്ടിയുടെ ആരോഗ്യത്തിനുവേണ്ടി കുടിക്കുന്നത്.
     പറഞ്ഞുപറഞ്ഞുവന്ന ആവേശത്തില്‍ അവനെത്തിച്ചേര്‍ന്ന ആ പാനോപചാരവചനം, ഉടന്‍തന്നെ, അവനെ ഭയത്തിലാക്കി. പക്ഷെ, വാക്കുകള്‍ പറഞ്ഞുകഴിഞ്ഞുപോയി. ഗ്ലാസ്സുയര്‍ത്തി റൂസേനയും മന്ത്രിച്ചു: “അതെ, നമ്മുടെ കുട്ടിക്കു വേണ്ടി.” അതിനുശേഷം അവള്‍, ഒറ്റയിറക്കിനു, തന്‍റെ ബ്രാണ്ടി കാലിയാക്കി.
               ബാലിശമായ ഈ പാനോപചാരം അവള്‍ മറക്കട്ടെ എന്നു കരുതി കുഴലൂത്തുകാരന്‍ വിഷയം മാറ്റി. ഓരോ ദിവസവും ഓരോ നാഴികയും താന്‍ റൂസേനയെ ഓര്‍ക്കുകയായിരുന്നുവെന്നു ഘോഷിച്ചു.
     തലസ്ഥാനനഗരത്തില്‍ അവനു ചുറ്റും തന്നെക്കാള്‍ ഹരംപിടിപ്പിക്കുന്നവര്‍ ഉണ്ടായിരിക്കണമെന്ന് അവളും പറഞ്ഞു.
     അവരുടെയൊക്കെ പരിഷ്ക്കാരവും നാട്യവും തനിക്കു മടുത്തിരിക്കുന്നുവെന്നാണ് അവന്‍ പ്രതികരിച്ചത്. മറ്റാരേക്കാളും തനിക്കിഷ്ടം റൂസേനയെയാണ്. തന്നില്‍നിന്നും ദൂരത്താണ് അവള്‍ താമസമെന്നതാണ് ഖേദകരം. അവള്‍ക്കു തലസ്ഥാനത്തു ജോലിയെടുത്താലെന്താ?
     തലസ്ഥാനത്തു താമസിക്കാന്‍ തനിക്കിഷ്ടമാണെന്നവള്‍ മറുപടിപറഞ്ഞു. പക്ഷെ, അവിടെ ജോലി കിട്ടുക പ്രയാസമാണ്. അവന്‍ ദാക്ഷിണ്യനാട്യത്തോടെ പുഞ്ചിരിച്ചു. അവിടത്തെ ആശുപത്രികളില്‍ അവനൊരുപാടു ബന്ധങ്ങളുണ്ടെന്നു പറഞ്ഞു. അവള്‍ക്കൊരു ജോലി നേടിക്കൊടുക്കുക എളുപ്പമാണ്.
     അവളുടെ കൈവിടാതെ, ഇതുപോലെ അവനവളോട് കുറേനേരം സംസാരിച്ചു. അതിനാല്‍, ഒരു പെണ്‍കുട്ടി അവനെ സമീപിച്ചത് അവന്‍ ശ്രദ്ധിച്ചില്ല. ഇടയില്‍ക്കയറുന്നതിനു മടിയില്ലാതെ, അവള്‍ ഉത്സാഹത്തോടെ പറഞ്ഞു: “മിസ്റ്റര്‍ ക്ലീമയല്ലേ നിങ്ങള്‍! എനിക്കു നിങ്ങളെ ഉടന്‍ മനസ്സിലായി!  എനിക്കു നിങ്ങളുടെ കയ്യൊപ്പൊന്നു കിട്ടിയാല്‍ മതി!”
     ക്ലീമ തുടുത്തു ചുവന്നു. അവന്‍ റൂസേനയുടെ കരം ഗ്രഹിച്ചിരിക്കുകയായിരുന്നു. പൊതുസ്ഥലത്തുവെച്ച്, ഏവരുടെയും സാന്നിദ്ധ്യത്തില്‍, അവളോടുള്ള പ്രേമം അവന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. താനേതോ പുരാതനമായ അരങ്ങിലാണെന്നും, ലോകം മുഴുവന്‍ തന്‍റെ ജീവിതസംഘര്‍ഷത്തെ ക്രൂരമായ ചിരിയോടെ നിരീക്ഷിക്കുന്ന രസം പിടിച്ച കാഴ്ച്ചക്കാരായി മാറിയിരിക്കുന്നുവെന്നും അവനു അനുഭവപ്പെട്ടു.
     പെണ്‍കുട്ടി അവനു നേരെ ഒരു കടലാസുതുണ്ടു നീട്ടി. കഴിയുന്നതും വേഗം ഒപ്പിടണമെന്നു ക്ലീമക്കു തോന്നി. പക്ഷെ, അവന്‍റെ കയ്യില്‍ പേനയില്ലായിരുന്നു; പെണ്‍കുട്ടിയുടെ കയ്യിലും.
     “നിന്‍റെ കയ്യില്‍ പേനയുണ്ടോ?” അവന്‍ റൂസേനയോടു ചോദിച്ചു. പരിചിതമായ രീതിയില്‍ അവളെ സംബോധന ചെയ്യുന്നത് പെണ്‍കുട്ടി കേള്‍ക്കുമെന്ന ഭയത്താല്‍, സ്വരം താഴ്ത്തിയാണ് അവന്‍ സംസാരിച്ചത്. പക്ഷെ, അതിനേക്കാള്‍ അടുപ്പം കാണിക്കുന്നതാണ് റൂസേനയുടെ കയ്യിലിരിക്കുന്ന തന്‍റെ കയ്യെന്നവന്‍ ഉടനെ മനസ്സിലാക്കി. അതിനാല്‍ സ്വരമുയര്‍ത്തി അവന്‍ ആവര്‍ത്തിച്ചു: “നിന്‍റെ കയ്യില്‍ പേനയുണ്ടോ?”
     റൂസേന നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. പെണ്‍കുട്ടി അവളുടെ മേശക്കടുത്തേക്കു മടങ്ങി. അവിടെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവസരം മുതലെടുത്ത്‌ അവളോടൊപ്പം ക്ലീമക്കരികിലേക്ക് തിരിച്ചുവന്നു. അവര്‍ അവനൊരു പേനയും, ഒപ്പിടാന്‍ നോട്ടുപാഡില്‍നിന്നു കീറിയെടുത്ത കടലാസുകളും നല്‍കി.
     തന്ത്രമനുസരിച്ച്, ഇതെല്ലാം നല്ലതിനായിരുന്നു. തങ്ങളുടെ അടുപ്പത്തിനു സാക്ഷികളായി നിരവധി പേരുണ്ടാകുന്നത്, താന്‍ റൂസേനയെ സ്നേഹിക്കുന്നുവെന്ന്‍ അവളെ ബോധ്യപ്പെടുത്തുന്നതു കൂടുതല്‍ എളുപ്പമാക്കും. പക്ഷെ, എത്ര യുക്തിമാനാണെങ്കിലും, കുഴലൂത്തുകാരനെ ആശങ്കയുടെ യുക്തിയില്ലായ്മ ഭയത്തിലേക്കു തള്ളിയിട്ടു. റൂസേന ഈ ആള്‍ക്കാരുമായി ഗൂഢാലോചന ചെയ്യുകയാണെന്ന ചിന്ത അവനിലുണ്ടായി. ഒരു പിതൃത്വക്കേസില്‍ അവരെല്ലാം തനിക്കെതിരെ മൊഴി നല്‍കുന്നത് അവന്‍ വിഭാവനം ചെയ്തു: “ഉവ്വ്, ഞങ്ങളെല്ലാവരും കണ്ടതാണ്; കമിതാക്കളെപ്പോലെ അവര്‍ മുഖത്തോടു മുഖം നോക്കിയിരിക്കുകയായിരുന്നു. അയാള്‍ അവളുടെ കൈ തലോടുന്നുണ്ടായിരുന്നു; പ്രേമത്തോടെ അവളുടെ കണ്ണിലേക്കു നോക്കുന്നുണ്ടായിരുന്നു. . .”
     കുഴലൂത്തുകാരന്‍റെ ആശങ്കയെ ദുരഭിമാനം കൂടുതല്‍ വഷളാക്കി. പൊതുസ്ഥലത്തുവെച്ചു കൈപിടിക്കാൻ മാത്രം സുന്ദരിയല്ല റൂസേനയെന്നാണ് അവന്‍ ശരിക്കും ധരിച്ചിരുന്നത്. അതു റൂസേനയോടുള്ള അനീതിയായിരുന്നു. ആ നിമിഷം അവനു തോന്നിയിരുന്നതിനെക്കാള്‍ സുന്ദരിയായിരുന്നു അവള്‍. പ്രേമം തന്‍റെ പ്രിയകാമുകിയെ ഏറെ സുന്ദരിയാക്കുന്നതുപോലെ തന്നെയാണ്, താന്‍ ഭയക്കുന്ന ഒരു സ്ത്രീയുളവാക്കുന്ന ആശങ്ക അവളിലെ ഏറ്റവും ചെറിയ കുറവുപോലും വലുതാക്കിക്കാണിക്കുന്നത്.
     “എനിക്കീ സ്ഥലം തീരെ പിടിക്കുന്നില്ല,” ഒടുവില്‍ അവര്‍ വീണ്ടും ഒറ്റക്കായപ്പോള്‍ ക്ലീമ പറഞ്ഞു. “ഒരു സവാരിയായാലോ?”
     അവന്‍റെ കാറു കാണാന്‍ അവള്‍ക്കുത്സാഹമുണ്ടായിരുന്നു. അതിനാലവള്‍ സമ്മതിച്ചു. ക്ലീമ കാശു കൊടുത്തു. പിന്നീടവര്‍ മധുശാല വിട്ടു. അവര്‍ക്കെതിരെ മഞ്ഞമണലുള്ള വിശാലമായ ഒരു പാതയുണ്ടായിരുന്നു. അവിടെ, മധുശാലക്ക് അഭിമുഖമായി ഒരു പത്തുപേര്‍ നിരയായി നില്‍പ്പുണ്ടായിരുന്നു. മിക്കവരും വയസ്സന്മാര്‍. ചുളുങ്ങിയ ജാക്കറ്റുകളില്‍ ചുവപ്പുനാട കെട്ടിയവര്‍. അവരുടെ കൈകളില്‍ നീണ്ട വടികളുണ്ടായിരുന്നു.
     ക്ലീമ സ്തബ്ധനായി: “എന്താണിത്?”
     റൂസേന പ്രതികരിച്ചു: “ഒന്നുമില്ല. എവിടെ നിന്‍റെ കാറ്?” അവള്‍ അവനെ ധൃതിയില്‍ വലിച്ചു കൊണ്ടുപോയി.
 പക്ഷെ, ക്ലീമക്കാ മനുഷ്യരില്‍നിന്നു കണ്ണെടുക്കാനായില്ല. അറ്റത്ത് വയറുകൊണ്ടുള്ള വലയമുള്ള വടികളുടെ പൊരുള്‍ അവനു പിടികിട്ടിയില്ല. വിളക്കുതെളിക്കുന്നവരെപ്പോലെയിരുന്നു ആ മനുഷ്യര്‍; പറക്കും മീനുകളെ തേടുന്ന മുക്കുവരെപ്പോലെ; രഹസ്യായുധമേന്തുന്ന പട്ടാളക്കാരെപ്പോലെ.
     അവനവരെ നോക്കിനില്‍ക്കുമ്പോള്‍, അവരിലൊരാള്‍ അവനെനോക്കി പുഞ്ചിരിച്ചുവെന്നു അവനു തോന്നി. താന്‍ ഭ്രമാത്മകതയിലാണെന്നും, തന്നെ എല്ലാവരും പിന്തുടരുകയാണെന്ന് തനിക്കു കാണപ്പെടുകയാണെന്നും അവന്‍ ഭയപ്പെട്ടു. അവനു തന്നെത്തന്നെ ഭയമായി. പാര്‍ക്കിംഗ് സ്ഥലത്തേക്കു തന്നെ വലിച്ചുകൊണ്ടുപോകാന്‍ അവന്‍ റൂസേനയെ അനുവദിച്ചു.

9. ഒരു  അപരിചിതൻ 

“നിന്നെയുംകൊണ്ട് ദൂരെ എവിടേക്കെങ്കിലും എനിക്കു പോകണം,” അവന്‍ പറഞ്ഞു. അവന്‍റെ വലതുകൈ റൂസേനയുടെ ചുമലുകളെ വലയം ചെയ്തിരുന്നു; ഇടതുകൈ സ്റ്റിയറിംഗ് ചക്രത്തിലും. “തെക്ക് എവിടെയെങ്കിലും. അവിടെ കടല്‍ത്തീരത്തിലൂടെ മണിക്കൂറുകളോളം ഓടിക്കാം. നീ ഇറ്റലിയില്‍ പോയിട്ടുണ്ടോ?”
“ഇല്ല.”
“എന്നാല്‍, വാക്കു തരൂ, നീ എനിക്കൊപ്പം വരുമെന്ന്.”
“ഇതല്‍പ്പം കൂടിപ്പോകുന്നുണ്ടെന്നു നിനക്കു തോന്നുന്നില്ലേ?”
എളിമകൊണ്ടാണ് റൂസേന ഇതു പറഞ്ഞത്. പക്ഷെ, കുഴലൂത്തുകാരന്‍, തല്‍ക്ഷണം, ജാഗരൂകനായി; “കൂടിപ്പോകുന്നു”വെന്നത് തന്‍റെ വാചാടോപത്തിനു മുഴുവന്‍ ബാധകമാണെന്നതുപോലെ; അതവള്‍ മനസ്സിലാക്കിയിരിക്കുന്നുവെന്നതുപോലെ. പക്ഷെ, അവനിനി പിന്തിരിയാനാകില്ലല്ലോ: “ഉവ്വ്, കൂടിപ്പോകുന്നുണ്ട്. എനിക്കെപ്പോഴും കിറുക്കന്‍ ചിന്തകള്‍ വരും. അങ്ങിനെയാണ് ഞാന്‍. എന്നാല്‍, മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായി, ഞാന്‍ ആ കിറുക്കനാശയങ്ങള്‍ നടപ്പിലാക്കും. കിറുക്കന്‍ ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ കൂടുതല്‍ മനോഹരമായൊന്നും തന്നെയില്ല. എന്‍റെ മുഴുവന്‍ ജീവിതവും ഒരൊറ്റ കിറുക്കനാശായമയാല്‍ക്കൊള്ളാമെന്നുണ്ടെനിക്ക്. സ്പായിലേക്കു നാം തിരിച്ചു പോകാതിരിക്കുന്നതാണ് എനിക്കിഷ്ടം. കടലെത്തുംവരെ ഇങ്ങിനെ നിര്‍ത്താതെ വണ്ടിയോടിച്ചുപോകാന്‍. അവിടെയെത്തിയാല്‍, ഏതെങ്കിലും ഒരു ബാന്‍ഡില്‍ ഞാനൊരു ജോലി നേടും. തീരത്തിലുള്ള റിസോര്‍ട്ടുകളില്‍ നാം മാറിമാറിപ്പോകും.”
മനോഹരമായ പ്രകൃതിദൃശ്യമുള്ള ഒരിടത്ത് അവന്‍ സെഡാന്‍ നിര്‍ത്തി. അവര്‍ പുറത്തിറങ്ങി. കാടിലൂടെ ഒരു നടത്തമാകാം എന്നവന്‍ നിര്‍ദ്ദേശിച്ചു. അവരല്‍പ്പനിമിഷം നടന്നു. പിന്നെ, ഒരു മരബെഞ്ചിലിരുന്നു. ആളുകള്‍ കാറുകള്‍ കുറച്ചുപയോഗിക്കുകയും, കാട്ടിലെ സവാരി കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന കാലത്തുള്ളതായിരുന്നു ആ ബെഞ്ച്‌. അവന്‍റെ കൈ റൂസേനയുടെ ചുമലുകളെ ചുറ്റിയിരുന്നു. പൊടുന്നനെ, സങ്കടസ്വരത്തില്‍ അവന്‍ പറഞ്ഞു: “സന്തോഷകരമാണ് എന്‍റെ ജിവിതം എന്നാണ് എല്ലാവരുടെയും വിചാരം. വലിയ തെറ്റാണത്. ഞാന്‍ ശരിക്കും വളരെ അസന്തുഷ്ടനാണ്. ഈ കുറച്ചു മാസങ്ങളല്ല, നിരവധി വര്‍ഷങ്ങളായിട്ട്‌.”
ഇറ്റലിയിലേക്കുള്ള യാത്രയെന്ന ചിന്ത അധികപ്പറ്റാണെന്നു റൂസേന കരുതിയെങ്കില്‍, അതേക്കുറിച്ച് അവള്‍ക്കു അവ്യക്തമായ സംശയമുണ്ടായെങ്കില്‍ (സ്വന്തം നാട്ടുകാരില്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രമേ വിദേശയാത്രക്കുള്ള അനുമതി കിട്ടിയിരുന്നുള്ളൂ), ക്ലീമയുടെ ഈ വാക്കുകളില്‍നിന്നു വമിച്ച സങ്കടത്തിനു സുഖദായകമായ ഒരു ഗന്ധമുണ്ടായിരുന്നു. അവളതു പൊരിച്ച പന്നിയിറച്ചി മണക്കുംപോലെ ആസ്വദിച്ചു.
“നിനക്കെങ്ങിനെ സങ്കടമുണ്ടാകും?”
“എനിക്കെങ്ങിനെ സങ്കടമുണ്ടാകാന്‍. . .” ഒരു നിശ്വാസത്തോടെ കുഴലൂത്തുകാരന്‍ പറഞ്ഞു.
“ നിനക്കു പ്രശസ്തിയുണ്ട്; സുന്ദരമായൊരു കാറുണ്ട്; പണമുണ്ട്; മനോഹരിയായ ഭാര്യയുണ്ട്. . .”
“ഉവ്വ്, മനോഹരിയായിരിക്കാം. . .” കുഴലൂത്തുകാരന്‍ കയ്പ്പോടെ പറഞ്ഞു.
“എനിക്കറിയാം,” റൂസേന പറഞ്ഞു. “അവളിപ്പോള്‍ ചെറുപ്പമല്ല. അവള്‍ക്കു നിന്‍റെയതേ പ്രായമാണല്ലേ?”
തന്‍റെ ഭാര്യയുടെ വിഷയത്തെക്കുറിച്ച് റൂസേനക്കെല്ലാ വിവരവുമുണ്ടെന്നു കുഴലൂത്തുകാരന്‍ കണ്ടു. അതവനെ കുപിതനാക്കി. പക്ഷെ, അവന്‍ തുടര്‍ന്നു: “ഉവ്വ്, അവള്‍ക്കെന്‍റെ പ്രായമാണ്.”
“നിനക്ക് വയസ്സൊന്നുമായിട്ടില്ല. കണ്ടാല്‍ കുട്ടിയെപ്പോലിരിക്കുന്നു.”
“പക്ഷെ, ഒരു പുരുഷനു വേണ്ടത് അവനെക്കാള്‍ പ്രായം കുറഞ്ഞ ഒരു സ്ത്രീയാണ്,” ക്ലീമ പറഞ്ഞു. “പ്രത്യേകിച്ച്, മറ്റാരെക്കാളും ഒരു കലാകാരന്. യൌവ്വനമാണ് എനിക്കാവശ്യം. നിനക്കറിയില്ല റൂസേനാ, എത്രമാത്രം ഞാന്‍ നിന്‍റെ യുവത്വത്തെ ആദരിക്കുന്നുവെന്ന്. ഇങ്ങിനെ മുമ്പോട്ടു നീങ്ങാന്‍ ഇനിയുമെനിക്കു പറ്റില്ലെന്ന് ഞാന്‍ പലപ്പോഴുമാലോചിക്കും. സ്വയം സ്വതന്ത്രനാകാനുള്ള ഭ്രാന്തമായ ഒരു ത്വര എനിക്കു അനുഭവപ്പെടാറുണ്ട്. എല്ലാം വീണ്ടുമൊന്നു തുടങ്ങാന്‍. മറ്റൊരു രീതിയില്‍ തുടങ്ങാന്‍. റൂസേനാ, നിന്‍റെ ഫോണ്‍ വിളി. . . വിധിയയച്ച ഒരു സന്ദേശമാണതെന്ന്‍ എനിക്കു പെട്ടെന്നു തന്നെ ഉറപ്പായി.”
 “ശരിക്കും?” അവള്‍ മൃദുവായി ചോദിച്ചു.
“ഞാന്‍ ഉടന്‍തന്നെ തിരിച്ചു വിളിച്ചത് എന്തിനാണെന്നാണ് നീ വിചാരിക്കുന്നത്? ഇനിയും സമയം കളയാനില്ലെന്ന്‍ അപ്പോള്‍ത്തന്നെ എനിക്കു മനസ്സിലായി. നിന്നെ അപ്പോള്‍ത്തന്നെ കണ്ടേ മതിയാകുമെന്ന്. ആ നിമിഷം, ആനിമിഷം. . .” അവന്‍ മൂകനായി. അവളുടെ കണ്ണുകളിലേക്കു ഏറെനേരം നോക്കി: “നീ എന്നെ സ്നേഹിക്കുന്നുണ്ടോ?”
“ഉവ്വ്. നീയോ?”
“ഞാന്‍ നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നു,” അവന്‍ പറഞ്ഞു.
“ഞാനും.”
അവന്‍ അവള്‍ക്കുനേരെ ചാഞ്ഞു. തന്‍റെ വായ അവളുടേതിനോടു ചേര്‍ത്തു. അതൊരു ആരോഗ്യമുള്ള വായയായിരുന്നു. യുവത്വമുള്ള വായ. മനോഹരമായ വായ. മനോഹരമായ ആകൃതിയുള്ള, മൃദുലമായ ചുണ്ടുകളോടും, കരുതലോടെ തേച്ച പല്ലുകളോടും കൂടിയ വായ. എല്ലാം പൊരുത്തപ്പെട്ടിരിക്കുന്ന വായ. ഈ ചുണ്ടുകളെ ചുംബിക്കുവാനുള്ള  പ്രലോഭനത്തിനു രണ്ടുമാസം മുമ്പ് അവന്‍ വഴങ്ങിയിരുന്നുവെന്നതാണ്‌ വസ്തുത. ആ വായ അവനെ മോഹിതനാക്കിയതു കൊണ്ടുതന്നെയാണ്, അന്നവനതിനെ കാമനയുടെ മൂടല്‍മഞ്ഞിലൂടെ കണ്ടത്; അതിന്‍റെ യാഥാര്‍ത്ഥ്യത്തെ കാണാതെ പോയതും. നാവൊരു തീനാളം പോലെയിരുന്നുഉമിനീര് ലഹരിപിടിപ്പിക്കുന്ന ഒരു പാനീയവും. ഇപ്പോള്‍ മാത്രമാണ്, അതിന്‍റെ വശ്യത നഷ്ടപ്പെട്ടപ്പോഴാണ്, പൊടുന്നെ, ആ വായ യഥാര്‍ഥത്തിലെന്തോ അതായത്. ശരിയായ ഒരു വായ. ആ യുവതി ധാരാളം അപ്പവും, ഉരുളക്കിഴങ്ങും, സൂപ്പും ആഹരിക്കാനുപയോഗിക്കുന്ന  സജീവദ്വാരം. കുഴികള്‍ കുത്തിനിറച്ച പല്ലുകളുള്ള വായ. ലഹരിദ്രാവകമല്ലാത്ത, വെറും തുപ്പലായ, ഉമിനീരുള്ള വായ. കുഴലൂത്തുകാരന്‍റെ വായിലെ നാവകാട്ടെ, ആഹരിക്കാന്‍ അസാദ്ധ്യമാക്കുന്നത്ര അരുചിയുള്ളതും, എന്നാല്‍ തുപ്പിക്കളയാന്‍പറ്റാത്തതുമായ ഒന്നായി.
ചുംബനത്തിനൊടുവില്‍ അവര്‍ എഴുന്നേറ്റു. വീണ്ടും സവാരിയായി. റൂസേന ഒട്ടുമിക്കവാറും സന്തുഷ്ടയായിരുന്നു. എന്നാല്‍, കുഴലൂത്തുകാരനെ ഫോണ്‍ ചെയ്തു നിര്‍ബന്ധിച്ചു വരുത്തിയതിന്‍റെ കാരണം, വിചിത്രമാം വിധം, സംഭാഷണത്തില്‍നിന്ന്‌ ഒഴിവാക്കപ്പെടുകയാണെന്ന കാര്യം അവള്‍ക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നു. വിശദമായി അതു ചര്‍ച്ചചെയ്യാന്‍ അവളാഗ്രഹിച്ചില്ല. മറിച്ച്, അവര്‍ ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരുന്നതാണ്   കൂടുതല്‍ സുഖപ്രദവും പ്രധാനവുമെന്ന്‍ അവള്‍ക്കു തോന്നി. എങ്കിലും, ആ കാരണം, മൌനത്താല്‍മൂടിയ ആ കാരണം, അല്‍പ്പം നയചാതുരിയോടെയെങ്കിലും സന്നിഹിതമായെങ്കിലെന്ന്‍ അവളാശിച്ചു. അതിനാല്‍, റൂസേനയുമൊത്തു ജീവിക്കുന്നതിനു വേണ്ടി താന്‍ എന്തും ചെയ്യുമെന്ന്‍ ക്ലീമ, നിരവധി പ്രണയപ്രസ്താവങ്ങള്‍ക്കുശേഷം, പ്രഖ്യാപിച്ചപ്പോള്‍ അവള്‍ ഓര്‍മ്മിപ്പിച്ചു: “നല്ലവന്‍തന്നെ നീ. പക്ഷെ, ഞാനിപ്പോള്‍ ഒറ്റക്കല്ലായെന്നു ഓര്‍ക്കേണ്ടതുണ്ട്.”
     “അതെ,” ക്ലീമ പറഞ്ഞു. തുടക്കം മുതലേ താന്‍ പേടിച്ച നിമിഷമാണിതെന്ന് അവനു മനസ്സിലായി. അവന്‍റെ വാചാടോപത്തിലെ ഏറ്റവും ദുര്‍ബ്ബലമായ കണ്ണി.
     “അതെ, ശരിയാണ്,” അവന്‍ പറഞ്ഞു. “നീ ഒറ്റക്കല്ല. പക്ഷെ, അതല്ല ശരിക്കും മുഖ്യമായ കാര്യം. ഞാന്‍ നിനക്കൊപ്പം കഴിയാനാഗ്രഹിക്കുന്നത് നീ ഗര്‍ഭിണിയായതുകൊണ്ടല്ല, നിന്നെ സ്നേഹിക്കുന്നതുകൊണ്ടാണ്.”
     “ഉവ്വ്,” റൂസേന പറഞ്ഞു.
     “അബദ്ധത്തിലൊരു കുട്ടിയുണ്ടായതുകൊണ്ടു മാത്രം ഒരു വിവാഹജീവിതം നയിക്കുകയെന്നതിനെക്കാള്‍ ഭീകരമായി മറ്റൊന്നുമില്ല. ശരിക്കും, എന്‍റെ പൊന്നേ, ഞാന്‍ വെട്ടിത്തുറന്നു പറയട്ടെ, എനിക്കിഷ്ടം നീ പഴയതുപോലെയാകുന്നതാണ്. നമുക്കിടയില്‍ മറ്റാരുമില്ലാതെ, നമ്മള്‍ രണ്ടുപേര്‍മാത്രമായി. ഞാന്‍ പറയുന്നതു നിനക്കു മനസ്സിലാകുന്നുണ്ടോ?”
     “അയ്യോ, അതു പറ്റില്ല. എനിക്കതിനോടു യോജിക്കാനാവില്ല. ഒരിക്കലുമാവില്ല,” റൂസേന പ്രതിഷേധിച്ചു.
     ഉള്ളില്‍ അതേക്കുറിച്ച് ബോദ്ധ്യമുണ്ടായിട്ടല്ല അവളിതു പറഞ്ഞത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഡോ. സ്ക്രേറ്റയില്‍നിന്ന് അവള്‍ക്കുകിട്ടിയ അവിതര്‍ക്കമായ വചനം അവളിലിപ്പോഴും പുതുമ മായാതെ നില്‍പ്പുണ്ടായിരുന്നു. അതവളെ ഇപ്പോഴും സംഭ്രമിപ്പിക്കുന്നുണ്ടായിരുന്നു. വിശദമായി കണക്കുകൂട്ടിയ ഒരു തീരുമാനമനുസരിച്ചല്ല അവള്‍ നീങ്ങുന്നത്‌. തന്‍റെ ഗര്‍ഭത്തെക്കുറിച്ചുള്ള ചിന്തയില്‍ അവള്‍ ആമഗ്നയായിരുന്നു. അതൊരു മഹാസംഭവമായി അവള്‍ അനുഭവിക്കുകയാണ്. അതിനെക്കാളുപരി, അതൊരു ഭാഗ്യമായും, ഇനിയൊരിക്കലും ലഭിക്കാത്ത അവസരമായും അവള്‍ ആസ്വദിക്കുകയായിരുന്നു. ചെസ്സു പലകയുടെ അറ്റത്തെത്തിയ ശേഷം രാജാവാകാന്‍പോകുന്ന കാലാളിന്‍റെ അവസ്ഥയായിരുന്നു അവളുടേത്‌. അപ്രതീക്ഷിതവും അഭൂതപൂര്‍വ്വവുമായ തന്‍റെ അധികാരത്തെക്കുറിച്ചുള്ള ചിന്ത അവളെ ആനന്ദിപ്പിച്ചു. തന്‍റെ വിരല്‍ഞൊടിക്കലിലൂടെ കാര്യങ്ങള്‍ പുരോഗമിച്ചുവെന്ന് അവള്‍ മനസ്സിലാക്കി. പ്രശസ്തനായ കുഴലൂത്തുകാരന്‍ അവളെക്കാണാന്‍ തലസ്ഥാനത്തുനിന്നു വന്നു. ഗംഭീരമായ ഒരു കാറില്‍ തന്നെ സവാരിക്കു കൊണ്ടുപോയി. തന്നോട് പ്രേമപ്രഖ്യാപനങ്ങള്‍ നടത്തി. ആകസ്മികമായ ഈ അധികാരത്തിനും തന്‍റെ ഗര്‍ഭത്തിനും തമ്മില്‍ നല്ല ബന്ധമുണ്ട്. ഈ അധികാരം കൈവിടാതിരിക്കണമെങ്കില്‍, ഗര്‍ഭവും കൈവിടാന്‍ പറ്റില്ല.
     അതിനാല്‍, കുഴലൂത്തുകാരനു തന്‍റെ ഭാരമേറിയ കല്ല്‌ മലമുകളിലേക്ക് ഉരുട്ടിക്കൊണ്ടേയിരിക്കേണ്ടിവന്നു. “പൊന്നേ, എനിക്കു വേണ്ടതു കുടുംബമല്ല, പ്രേമമാണ്. എനിക്കു നീ പ്രേമമാണ്. ഒരു കുട്ടിയുണ്ടായാല്‍ പ്രേമം കുടുംബത്തിനു വഴി മാറും. മടുപ്പിനും, ആകുലതകള്‍ക്കും, ഏകാതാനതക്കും വഴി മാറും. കാമുകി അമ്മയാകും. എനിക്കു നീ അമ്മയല്ല, കാമുകിയാണ്. ആരുമായും, ഒരു കുട്ടിയുമായിപ്പോലും, നിന്നെ പങ്കുവെക്കുന്നത് എനിക്കിഷ്ടമല്ല.”
     ഭംഗിയുള്ള വാക്കുകള്‍. റൂസേന അവ കേട്ടു സുഖിച്ചു. പിന്നെ, തലയാട്ടി: “ഇല്ല, എനിക്കു പറ്റില്ല. ഇതു നിന്‍റെയുംകൂടി കുട്ടിയാണ്. നിന്‍റെ കുട്ടിയെ കളയാന്‍ എനിക്കാവില്ല.”
     പുതിയ വാദങ്ങള്‍ കണ്ടെത്താനാകാതെ, അവന്‍ പഴയ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഒടുവിലവള്‍ അവയിലെ കാപട്യം തിരിച്ചറിയുമോയെന്നു ഭയന്നു.
     “നിനക്കു മുപ്പതു കഴിഞ്ഞു. നിനക്കൊരിക്കലും ഒരു കുട്ടി വേണമെന്ന്‍ തോന്നിയിട്ടില്ലേ?”
     സത്യം; അവനൊരിക്കലും ഒരു കുട്ടി വേണമെന്ന്‍ തോന്നിയിട്ടില്ല. ഒരു കുട്ടിയുടെ സാന്നിദ്ധ്യം തടസ്സമാകാത്തത്ര ഗാഢമായാണ് അവന്‍ കമീലയെ സ്നേഹിച്ചത്. അവന്‍ റൂസേനയോടു പറഞ്ഞത് നുണയായിരുന്നില്ല. ഇതേ വാക്കുകള്‍ വര്‍ഷങ്ങളായി അവന്‍ തന്‍റെ ഭാര്യയോടു ആര്‍ജ്ജവത്തോടെ, കാപട്യമില്ലാതെ, പറയുന്നതാണ്. 
     “നീ വിവാഹിതനായിട്ട് ആറു കൊല്ലമായി. എന്നിട്ടും നിനക്കൊരു കുഞ്ഞില്ല. നിനക്കൊരു കുഞ്ഞിനെ തരുന്നത് എനിക്ക് ആവേശമുണ്ടാക്കുന്നു.”
     എല്ലാം തനിക്കെതിരെ തിരിയുന്നുവെന്നവന്‍ കണ്ടു. കമീലയോടുള്ള അവന്‍റെ പ്രണയത്തിന്‍റെ അസാധാരണത, അവളുടെ അനപത്യതയായിട്ടാണ് റൂസേന മനസ്സിലാക്കിയത്. അതാ നഴ്സില്‍ അനവസരത്തിലുള്ള തന്‍റേടമുളവാക്കി.
          തണുപ്പു കടിക്കാന്‍ തുടങ്ങി. സൂര്യന്‍ ചക്രവാളത്തില്‍ താഴാന്‍ തുടങ്ങി. സമയം കടന്നുപോവുകയായിരുന്നു. ക്ലീമ പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടിരുന്നു. റൂസേന അവളുടെ, “ഇല്ല, പറ്റില്ല,” ആവര്‍ത്തിച്ചുമിരുന്നു. വഴിമുട്ടി നില്‍ക്കുകയാണ് താനെന്ന്‍ അവനു തോന്നി. ഇനിയും എന്തു ചെയ്യണമെന്നു അവനൊരു പിടിയും കിട്ടിയില്ല. എല്ലാം നഷ്ടമാവുകയാണെന്നാണ് അവനു തോന്നിയത്. അസ്വസ്ഥത മൂലം അവന്‍ അവളുടെ കൈപിടിക്കാന്‍ മറന്നു. ചുംബിക്കാന്‍ മറന്നു. സ്വരം മസൃണമാക്കാന്‍ മറന്നു. പേടിയോടെയാണ് അവനിതു തിരിച്ചറിഞ്ഞത്. ഉടന്‍ സമനില വീണ്ടെടുക്കാന്‍ അവന്‍ കഠിനമായി പരിശ്രമിച്ചു. അവന്‍ നിന്നു. അവളെ നോക്കി പുഞ്ചിരിച്ചു. അവളെ കൈകളിലെടുത്തു. പരിക്ഷീണമായൊരു ആലിംഗനമായിരുന്നു അത്. അവനവളെ തന്നോട് ചേര്‍ത്തുനിര്‍ത്തി. തല അവളുടെ മുഖത്തമര്‍ത്തി. അതു ശരിക്കും അവളെ ആശ്രയിക്കുന്നതു പോലെയായിരുന്നു; ഒരു തരം വിശ്രമിക്കല്‍; ശ്വാസം വീണ്ടെടുക്കല്‍; മുന്നില്‍ നീണ്ടുകിടക്കുന്ന വഴി താണ്ടാന്‍ തനിക്കു ശക്തിയില്ലാത്തതുപോലെ.  
     പക്ഷെ, റൂസേനയും ഗതിമുട്ടി നില്‍ക്കുകയായിരുന്നു. അവള്‍ക്കും, അവനെപ്പോലെ, തുടര്‍ന്നു തര്‍ക്കിക്കാനില്ലായിരുന്നു. താന്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന പുരുഷനോട് “ഇല്ല” എന്നാവര്‍ത്തിക്കുന്നത് തുടരാന്‍ അധികനേരമാവില്ലെന്ന്  അവള്‍ക്കും തോന്നി.
     ആലിംഗനം കുറച്ചുനേരം നീണ്ടു. ക്ലീമ കയ്യില്‍നിന്നു റൂസേനയെ വഴുതിപ്പോകാന്‍ അനുവദിച്ചപ്പോള്‍, അവള്‍, തല താഴ്ത്തി, കീഴടങ്ങുന്ന സ്വരത്തില്‍ ചോദിച്ചു: “ശരി, പറയൂ, ഞാനെന്തു ചെയ്യണം?”
ക്ലീമക്കു തന്‍റെ കാതുകളെ വിശ്വസിക്കാനായില്ല. ആ വാക്കുകള്‍ ആകസ്മികവും അപ്രതീക്ഷിതവുമായിരുന്നു. വല്ലാത്ത ആശ്വാസമുളവാക്കിയ വാക്കുകള്‍. സ്വയം നിയന്ത്രിക്കാന്‍ അവനു വളരെ പാടുപെടേണ്ടി വരുന്നത്ര,  ആശ്വാസമുണ്ടാക്കിയ വാക്കുകള്‍. അവന്‍ അവളുടെ കവിളു തലോടി. ഡോ. സ്ക്രേറ്റ തന്‍റെ സ്നേഹിതനാണെന്നു പറഞ്ഞു; മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ റൂസേന കമ്മറ്റിക്കു മുമ്പാകെ ഹാജരായാല്‍ മാത്രം മതിയെന്നും. അവളുടെ കൂടെ താനുമുണ്ടാകും. അവള്‍ക്കു പേടിയുണ്ടാകേണ്ട കാര്യമില്ല.
     റൂസേന പ്രതിഷേധിച്ചില്ല. തന്‍റെ വേഷം അഭിനയിക്കാനുള്ള ആഗ്രഹം അവനു വീണ്ടുകിട്ടി. അവനവളുടെ ചുമലുകളില്‍ കൈ ചുറ്റി. അവളെ ചുംബിക്കുന്നതിനുവേണ്ടി സംസാരം ഇടക്കിടെ നിര്‍ത്തി. (ചുംബനങ്ങള്‍ ഒരിക്കല്‍ക്കൂടി മൂടല്‍മഞ്ഞിന്‍റെ പര്‍ദ്ദയാല്‍ മറക്കപ്പെട്ടു.) റൂസേന തലസ്ഥാനത്തേക്ക് മാറണമെന്ന്‌ അവന്‍ ആവര്‍ത്തിച്ചു. കടല്‍ത്തീരത്തേക്കുള്ള  യാത്രയെക്കുറിച്ചുള്ള സംസാരവും അവന്‍ ആവര്‍ത്തിക്കുകയുണ്ടായി.
     സൂര്യന്‍ ചക്രവാളത്തിനു കീഴെ മറഞ്ഞു. കാറ്റില്‍ ഇരുട്ടു ഗഹനമായി. ഫെര്‍മരങ്ങള്‍ക്കു മുകളില്‍ ചന്ദ്രന്‍ വൃത്താകൃതിയില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ കാറിനടുത്തേക്കു മടങ്ങി. റോഡിനെ സമീപിക്കുമ്പോള്‍ അവര്‍ ഒരു പ്രകാശ വലയത്തിനകത്തായി. കടന്നുപോകുന്ന ഒരു കാറിന്‍റെ വെളിച്ചമായിരിക്കും അതെന്നു അവര്‍ ആദ്യം കരുതി. പക്ഷെ, അതവരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ഉടനെ അവര്‍ തിരിച്ചറിഞ്ഞു. റോഡിനു മറുവശത്തു പാര്‍ക്കു ചെയ്തിരുന്ന ഒരു മോട്ടോര്‍ബൈക്കില്‍ നിന്നായിരുന്നു വെളിച്ചം. അവരെ നിരീക്ഷിച്ചുകൊണ്ട് ഒരാള്‍ അതിനുമുകളിലുണ്ടായിരുന്നു.  
     “ഒന്നു വേഗമാകട്ടെ, നമുക്കു പോകാം. പ്ലീസ്!” റൂസേന പറഞ്ഞു.
     അവര്‍ കാറിനരികിലെത്തിയപ്പോള്‍, മോട്ടോര്‍സൈക്കിളില്‍നിന്നും ആ മനുഷ്യനിറങ്ങി; അവരെ സമീപിച്ചു. ക്ലീമ ഒരിരുണ്ട രൂപം മാത്രമേ കണ്ടുള്ളൂ. കാരണം, പാര്‍ക്കു ചെയ്ത മോട്ടോര്‍സൈക്കിളിന്‍റെ വെളിച്ചം അയാള്‍ക്കു പിറകിലായിരുന്നു. കുഴലൂത്തുകാരന്‍റെ കണ്ണിലേക്കാണ് വെളിച്ചം  വീണുകൊണ്ടിരുന്നത്.
     “ഇവിടെ വരാന്‍!” റൂസേനക്കു നേരെ കുതിച്ചുകൊണ്ട് അയാള്‍ അലറി. “എനിക്കു നിന്നോടു സംസാരിക്കണം. നമുക്കൊരുപാടു സംസാരിക്കാനുണ്ട്! ഒരുപാട്!” അയാളുടെ സ്വരം സമ്മര്‍ദ്ദംനിറഞ്ഞ് അവ്യക്തമായിരുന്നു.
     കുഴലൂത്തുകാരനും സംഘര്‍ഷത്തിലായിരുന്നു. ആശയക്കുഴപ്പത്തിലായിരുന്നു. ഈ അനാദരവ് അവനിലുണ്ടാക്കിയ അരിശം മാത്രമാണ് അവനാകെ അനുഭവപ്പെട്ടത്: “ഈ യുവതി എന്‍റെ കൂടെയാണുള്ളത്, നിന്‍റെ കൂടെയല്ല,” അവന്‍ പ്രഖ്യാപിച്ചു.
     “നിന്നോടും, എനിക്കു നിന്നോടും പറയാനുണ്ട്, ഓര്‍ത്തോ!” അപരിചിതന്‍ ക്ലീമയോട് അലറി. “പ്രശസ്തനായതുകൊണ്ട് എന്തുമാകാം എന്നാണു നിന്‍റെ വിചാരം! അവളെ കളിപ്പിക്കാമെന്നാണ് നീ ധരിച്ചു വെച്ചിരിക്കുന്നത്! അവളുടെ തല കറക്കാമെന്ന്‌! നിനക്കത് എളുപ്പമല്ലേ! നിന്‍റെ സ്ഥാനത്താണ് ഞാനെങ്കില്‍, എനിക്കും അതു ചെയ്യാന്‍ പറ്റും.”
     മോട്ടോര്‍സൈക്കിളുകാരന്‍റെ ശ്രദ്ധ കുഴലൂത്തുകാരനിലായതു മുതലെടുത്ത്‌ റൂസേന കാറില്‍ക്കയറി. മോട്ടോര്‍സൈക്കിളുകാരന്‍ വാതിലിനരികിലേക്ക് ചാടിവന്നു. പക്ഷെ, ജാലകം അടഞ്ഞിരുന്നു. യുവതി റേഡിയോ ഓണ്‍ ചെയ്തു. കാറിനകത്ത് ഉച്ചത്തില്‍ സംഗീതമുയര്‍ന്നു. കുഴലൂത്തുകാരനും പതുങ്ങി കാറില്‍ക്കയറി. വാതില്‍ വലിച്ചടച്ചു. ചെവിയടപ്പിക്കുന്നതായിരുന്നു സംഗീതം. ജാലകത്തിലൂടെ അലറിവിളിക്കുന്ന ഒരു മനുഷ്യന്‍റെ രൂപവും ഭാവഹാവാദികളും മാത്രമേ അവര്‍ക്കു മനസ്സിലാക്കാന്‍ പറ്റിയുള്ളൂ.
“എന്നെ എപ്പോഴും പിന്തുടരുന്ന ഒരു ഭ്രാന്തനാണത്,” റൂസേന പറഞ്ഞു. “വേഗം, പ്ലീസ്, നമുക്കു പോകാം.”

10. ക്ലീമയും ബെർറ്റ് ലേഫും 

അവന്‍ കാര്‍ പാര്‍ക്കു ചെയ്തു. റൂസേനയേ കാള്‍മാര്‍ക്സ്ഹൌസിലേക്കു കൊണ്ടു പോയി. അവള്‍ക്കൊരു ചുംബനം കൊടുത്തു. പിന്നീടവള്‍ വാതിലിനു പിറകില്‍ മാഞ്ഞപ്പോള്‍, ഒരു പാടു രാത്രികളായി ഉറങ്ങാത്തതു പോലെ, അവനു ക്ഷീണമനുഭവപ്പെട്ടു. നേരം വൈകുകയായിരുന്നു. ക്ലീമക്കു വിശപ്പുണ്ടായിരുന്നു. കാറില്‍ക്കയറി ഓടിച്ചുപോകുവാനുള്ള ശക്തിപോലുമില്ലെന്നു അവനു തോന്നി. ബെര്‍ട് ലേഫിന്‍റെ സ്വാന്തനവാക്കുകള്‍ കേള്‍ക്കാന്‍ വല്ലാതെ ആഗ്രഹിച്ചുകൊണ്ടു, അവന്‍ പാര്‍ക്കു മുറിച്ചുകടന്നു റിച്മണ്ട് ഹോട്ടലിലേക്കു പോയി.
പ്രവേശനദ്വാരത്തിലെത്തിയപ്പോള്‍, തെരുവുവിളക്കിന്‍റെ വെളിച്ചത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന വലിയ ഒരു പോസ്റ്റര്‍ കണ്ട് അവന്‍ അന്തംവിട്ടു. അതില്‍ ഭംഗിയില്ലാത്ത വലിയ അക്ഷരങ്ങളില്‍ അവന്‍റെ പേരു കണ്ടു; അതിനു താഴെ, ചെറിയ അക്ഷരങ്ങളില്‍, ഡോ. സ്ക്രേറ്റയുടെയും, പിയാനോ വായനക്കാരന്‍ ഫാര്‍മസിസ്റ്റിന്‍റെയും പേരുകളും. കൈകൊണ്ടുണ്ടാക്കിയതായിരുന്നു പോസ്റ്റര്‍. ഒരു സ്വര്‍ണ്ണ ട്രംപറ്റിന്‍റെ അത്ര അഴകില്ലത്തൊരു ചിത്രവും അതിലുണ്ടായിരുന്നു.
ഡോ. സ്ക്രേറ്റ കച്ചേരി ഇത്ര വേഗം പരസ്യപ്പെടുത്തിയതു കുഴലൂത്തുകാരന്‍ ഒരു ശുഭശകുനമായിക്കണ്ടു. കാരണം, ഈ വേഗത ഡോ. സ്ക്രേറ്റ തനിക്കു നമ്പാന്‍പറ്റുന്ന  ഒരാളാണെന്നാണല്ലോ സൂചിപ്പിക്കുന്നത്. അവന്‍ വേഗം മുകളിലേക്കു പോയി. ബെര്‍ട് ലേഫിന്‍റെ കതകില്‍ മുട്ടി.
ഉത്തരമുണ്ടായില്ല.
അവന്‍ വീണ്ടും മുട്ടി. വീണ്ടും. എന്നിട്ടും മറുപടിയുണ്ടായില്ല.
സമയം തെറ്റിയാണോ താന്‍ വന്നതെന്നു (അമേരിക്കക്കാരനു പല പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നത് പ്രസിദ്ധമാണ്) ചിന്തിക്കാന്‍ കഴിയുന്നതിനു മുമ്പ്, അവന്‍ വാതില്‍പ്പിടി താഴോട്ടു തിരിച്ചു. വാതില്‍ പൂട്ടിയിരുന്നില്ല. കുഴലൂത്തുകാരന്‍ അകത്തേക്കു കയറി. പിന്നെ നിന്നു. അവനൊന്നും കാണാന്‍ കഴിഞ്ഞില്ല. മുറിയിലെ ചുമരിലൊരിടത്തുനിന്നു വരുന്ന ഒരു തിളക്കം മാത്രമേ കണ്ടുള്ളൂ. അതു വിചിത്രമായൊരു തിളക്കമായിരുന്നു. റ്റ്യൂബ് ലൈറ്റിന്‍റെ ധവളപ്രകാശമല്ല. വൈദ്യുതബള്‍ബിന്‍റെ മഞ്ഞ വെളിച്ചവുമല്ല. ഒരു നീല വെളിച്ചം. അതാകട്ടെ, മുറി നിറഞ്ഞിരിക്കുന്നു.
അപ്പോള്‍, അവന്‍റെ കരുതലില്ലാത്ത വിരലുകളിലേക്കു വൈകിയ ഒരു വിചാരമെത്തി. ഒട്ടും ക്ഷണിക്കപ്പെടാതെ, വൈകിയ ഈ വേളയില്‍ താന്‍ അതിക്രമിച്ചു കടക്കുകയെന്ന അവിവേകം ചെയ്യുകയാണ്. മര്യാദകേടാണെന്ന് ആശങ്കിച്ച് അവന്‍ ഇടനാഴിയിലേക്കു മടങ്ങി. വേഗം വാതിലടച്ചു.
പക്ഷെ, തിരിച്ചുപോകുന്നതിനുപകരം, ആ വിചിത്രവെളിച്ചം എന്താണെന്നു മനസ്സിലാക്കാന്‍ പണിപ്പെട്ടുകൊണ്ട്, അവന്‍ അവിടെത്തന്നെ നില്‍ക്കുകയാണ് ചെയ്തത്. അത്രയും അവന്‍റെ മനസ്സു കുഴഞ്ഞിരിക്കുകയായിരുന്നു. അമേരിക്കക്കാരന്‍ മുറിയില്‍ തുണിയൊന്നുമില്ലാതെ ഒരു അള്‍ട്രാവയലറ്റു വിളക്കിനുകീഴില്‍ സൂര്യസ്നാനം ചെയ്യുകയാണോ എന്നവന്‍ അത്ഭുതപ്പെട്ടു. അപ്പോള്‍, വാതില്‍തുറന്ന്, ബെര്‍ട് ലേഫ് പ്രത്യക്ഷപ്പെട്ടു. അയാള്‍ നഗ്നായിരുന്നില്ല. രാവിലെകണ്ട അതേ വസ്ത്രത്തിലായിരുന്നു. അയാള്‍ കുഴലൂത്തുകാരനെ നോക്കി പുഞ്ചിരിച്ചു: “എന്നെക്കാണാന്‍ വന്നതില്‍ സന്തോഷം. അകത്തേക്കു വരൂ.”
കൌതുകത്തോടെ കുഴലൂത്തുകാരന്‍ ഉള്ളില്‍ക്കയറി. ഇപ്പോള്‍, മുറിയില്‍ ഒരു സാധാരണ മച്ചുവിളക്കിന്‍റെ പ്രകാശമായിരുന്നു.
“ഞാന്‍ നിങ്ങളെ ശല്യപ്പെടുത്തിയെന്ന്‍ ശങ്കിച്ചു,” കുഴലൂത്തുകാരന്‍ പറഞ്ഞു.
“തീരെ ശല്യമായില്ല.!” കുഴലൂത്തുകാരന്‍ നീലവെളിച്ചം പുറപ്പെടുന്നതായിക്കണ്ട ജനലിലേക്കു ചൂണ്ടി ബെര്‍ട് ലേഫ് പ്രതികരിച്ചു. “ഞാനവിടെ ആലോചിച്ചുകൊണ്ടു ഇരിക്കുകയായിരുന്നുവെന്നു മാത്രം.”
     “ഞാന്‍ അല്‍പ്പംമുമ്പു കയറിവന്നപ്പോള്‍. . . അങ്ങിനെ ഇടിച്ചു കയറിയതിനു ക്ഷമിക്കണം. . . തീര്‍ത്തും അസാധാരണമായൊരു വെളിച്ചം കണ്ടു.”
“വെളിച്ചം?” ബെര്‍ട് ലേഫ് പറഞ്ഞു. പിന്നെ ചിരിച്ചു. “നിങ്ങളാ ഗര്‍ഭം ഇത്ര ഗൌരവമുള്ളതായി കാണേണ്ട. അതു നിനക്കു മതിഭ്രമമുണ്ടാക്കുന്നുണ്ട്.”
“അല്ലെങ്കില്‍, ഇരുണ്ട ഇടനാഴിയില്‍നിന്ന്‍ കയറിവന്നതു കൊണ്ടാവാം.”
“ആകാം,” ബെര്‍ട് ലേഫ് പറഞ്ഞു. “അതുപോട്ടെ, കാര്യങ്ങളെങ്ങിനെയായി?”
കുഴലൂത്തുകാരന്‍ തന്‍റെ കഥ തുടങ്ങി. അല്‍പ്പം കഴിഞ്ഞ് ബെര്‍ട് ലേഫ് ഇടക്കുകയറി: “നിങ്ങള്‍ക്കു വിശക്കുന്നുണ്ടോ?”
കുഴലൂത്തുകാരന്‍ തലയാട്ടി. ബെര്‍ട് ലേഫ് ഒരു കൊട്ട ബിസ്കറ്റും, ഒരു ടിന്നു ഇറച്ചിയും അലമാരയില്‍നിന്നെടുത്തു; താമസിയാതെ അവ രണ്ടും തുറന്നു.
അത്താഴം ആര്‍ത്തിയോടെ അകത്താക്കിക്കൊണ്ട്  ക്ലീമ പറഞ്ഞുകൊണ്ടേയിരുന്നു. ബെര്‍ട് ലേഫിനെ ചോദ്യരൂപേണ നോക്കിക്കൊണ്ടുമിരുന്നു.
“എല്ലാം ശരിയാകും,” ബെര്‍ട് ലേഫ് അവനെ ആശ്വസിപ്പിച്ചു.
“കാറിനടുത്ത് ഞങ്ങളെ കാത്തിരുന്നവനെക്കുറിച്ച് നിങ്ങള്‍ക്കെന്തു തോന്നുന്നു?”
ബെര്‍ട് ലേഫ് ചുമലു കുലുക്കി: “അറിയില്ല. എന്തായാലും, അതിനിനി ഗൌരവമൊന്നുമില്ല.”
“അതെ. കോണ്‍ഫറന്‍സ് ഇത്രയും വൈകിയതെന്തുകൊണ്ടാണെന്നു കമീലയോടു എങ്ങിനെ വിശദീകരിക്കുമെന്നാണ് എനിക്കാലോചിക്കാനുള്ളത്.”
നേരം അപ്പോഴേ വല്ലാതെ വൈകിയിരുന്നു. ആശ്വസിക്കപ്പെട്ടും, സംശയങ്ങള്‍ ദൂരീകരിക്കപ്പെട്ടും, കുഴലൂത്തുകാരന്‍ കാറിലേറി തലസ്ഥാനത്തേക്കു വെച്ചുപിടിച്ചു. വഴിമുഴുവന്‍ അവനു കൂട്ടായി ഒരു വലിയ പൂര്‍ണ്ണചന്ദ്രനുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...