2016, മേയ് 30, തിങ്കളാഴ്‌ച

എലിനോര്‍ മാര്‍ക്സ്: 2: റ്റസ്സിയും റ്റസ്സിയും

എലിനോറിന്‍റെ അസ്തിത്വത്തിന്‍റെ വിത്തിരിക്കുന്നത് രണ്ടു വക്കീലന്മാരുടെ ചങ്ങാത്തത്തിലാണ്. അതിലൊരാള്‍, റോയല്‍ പ്രഷ്യന്‍ ലീഗല്‍ കൌണ്‍സിലര്‍. മറ്റെയാള്‍, ട്രയറിലെ ഫസ്റ്റ് കൌണ്‍സിലര്‍. എലിനോറിന്‍റെ അമ്മവഴിയുള്ള മുത്തശ്ശനായ ലുദ്‌വിഗ് വെസ്റ്റ്ഫാലന്‍ പ്രഭു പ്രഗത്ഭനായ ഒരു വക്കീലായിരുന്നു. അദ്ദേഹത്തിനു പ്രഭുത്വപദവി അച്ഛനായ ഫിലിപ്പില്‍നിന്നു പാരമ്പര്യമായി കിട്ടിയതാണ്. ഫിലിപ്പിനതു കിട്ടിയത്, സപ്തവത്സരയുദ്ധത്തില്‍ ഡ്യൂക്ക് ഓഫ് ബ്രണ്‍സ്വിക്കിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചതിനു പ്രതിഫലമായിട്ടാണ്. ഹനോവറിലെ ഒരു പോസ്റ്റുമാഷുടെ മകനായിരുന്ന ഫിലിപ്പിന് തക്ക സമയത്താണ് പദവി ലഭിച്ചത്. അതദ്ദേഹത്തെ, തന്‍റെ പാതിപ്രായമുള്ള, പ്രസരിപ്പുള്ള, ഒരു സ്ക്കോട്ടിഷ് പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനു സഹായിച്ചു. ആ പെണ്‍കുട്ടിയാണ് ജീനി വിഷ്ഹാര്‍ട്ട്.
റ്റസ്സിയുടെ അമ്മവഴിയുള്ള മുതുമുത്തശ്ശി ജീനി, ബ്രിട്ടീഷ് സേനയുടെ അധിപനായ, ജെനറല്‍ ബെക്ക്വിത്തിന്‍റെ സഹോദരീഭര്‍ത്താവായിരുന്നു. ഇരുപതു വയസ്സുള്ളപ്പോള്‍  അവര്‍, യുദ്ധകാലത്ത്, സഹോദരിയെക്കാണാന്‍ ജര്‍മ്മനിയിലേക്കു പോയി. അവിടെ, ഒരു വിരുന്നില്‍വെച്ച്, ജര്‍മ്മന്‍ സേനയുടെ പഴയ ചീഫ് ഓഫ് സ്റ്റാഫിനെ അവര്‍ കണ്ടുമുട്ടി. ജീനിയെ വിവാഹമാലോചിക്കാന്‍ ഫിലിപ്പ് എഡിന്‍ബര്‍ഗിലേക്കു പോയി. ആര്‍ഗില്‍ പ്രഭുവിന്‍റെയും ആന്‍ഗസ് പ്രഭുവിന്‍റെയും പരമ്പരയിയിലുള്ളവരാണ് തങ്ങളെന്നാണ് ജീനിയുടെ അച്ഛന്‍ അവകാശപ്പെട്ടത്. പുരാതന സ്ക്കോട്ടിഷ് പ്രഭുത്വപാരമ്പര്യമെന്ന ഈ അവകാശവാദത്തില്‍ കഴമ്പൊന്നുമില്ലായിരുന്നു. ഫിലിപ്പൊരു പെറ്റിബൂര്‍ഷ്വാ തപ്പാല്‍ക്കാരന്‍റെ മകനായിരുന്നുവെങ്കിലും, അദ്ദേഹത്തിന്‍റെ ഇളമുറപ്പ്രഭുപദവി പൊങ്ങച്ചക്കാരായ വിഷ്ഹാര്‍ട്ടുകള്‍ക്കു ബോധിച്ചു.
ജീനിക്കും ഫിലിപ്പിനും നാലു മക്കളുണ്ടായി. റ്റസ്സിയുടെ അമ്മവഴിയുള്ള മുത്തശ്ശനായ ജൊഹാന്‍ ലുദ്‌വിഗ് ആയിരുന്നു അവരിലേറ്റവും ഇളയത്. ഗോറ്റിംഗൻ സര്‍വ്വകലാശാലയില്‍ നിയമം പഠിക്കാന്‍ അയക്കപ്പെട്ട ലുദ്‌വിഗിനു നിയമത്തെക്കാള്‍ ഷേക്സ്പിയറെയും, ദാന്തെയെയും, ഫ്രഞ്ച് തത്ത്വചിന്തകരെയും വായിക്കുന്നതിലായിരുന്നു താല്‍പ്പര്യം.  വിദ്യാര്‍ത്ഥിയായിരിക്കെ, അച്ഛന്‍ മരിച്ചതിനാല്‍ അദ്ദേഹത്തിനു സിവില്‍ സര്‍വ്വീസില്‍ ഒരു ജോലിയില്‍ ചേരേണ്ടി വന്നു. അഭിജാതവര്‍ഗ്ഗത്തിലെ ഒരു വമ്പന്‍ ഭൂവുടമയുടെ മകളായ ലിസറ്റ് വെല്‍തൈമിനെ 1797ല്‍ അദ്ദേഹം വിവാഹം കഴിച്ചപ്പോള്‍ കുറച്ചുകാലം ഒരു  കുലീനകര്‍ഷകനായി; കൃഷി നഷ്ടത്തിലാക്കി.
ലുദ്‌വിഗിനും ആദ്യഭാര്യ ലിസറ്റിനും നാലു കുട്ടികളാണുണ്ടായത്. രണ്ടാണ്മക്കളും, രണ്ടു പെണ്മക്കളും. അവരില്‍ മൂത്തവനായിരുന്നു ഗൌരവക്കാരനായ ഫെര്‍ഡിനാന്‍‌ഡ്. ലിസറ്റ് 1807ല്‍ മരിച്ചു. ലുദ്‌വിഗ് 1810ല്‍ വീണ്ടും വിവാഹിതനായി. ജര്‍മ്മന്‍ മദ്ധ്യവര്‍ഗ്ഗത്തില്‍പ്പെട്ട, പ്രായോഗികമതിയായ, മുപ്പത്തിയഞ്ചുകാരി കരോളിന്‍ ഹ്യൂബലായിരുന്നു പുതിയ ഭാര്യ. ചുറുചുറുക്കും, നല്ല മന:സാക്ഷിയുമുണ്ടായിരുന്ന ആ സ്ത്രീ കുട്ടികള്‍ക്ക് നല്ലൊരു രണ്ടാനമ്മയായിരുന്നു. നവദമ്പതികള്‍ വടക്കന്‍ ജര്‍മ്മനിയിലെ ഒരു കൊച്ചു പട്ടണമായ സാല്‍സ്വേദലില്‍ താമസിക്കുമ്പോഴാണ്, 1814 ഫെബ്രുവരി 14നു, അവരുടെ ആദ്യത്തെ കുട്ടിയായ ജൊഹാന ബെര്‍ത്താ ജൂലി ജെന്നി വോണ്‍ വെസ്റ്റ്‌ഫാലന്‍ ജനിച്ചത്.
റൈന്‍ലാണ്ടിലെ ഫ്രഞ്ചതിര്‍ത്തിക്കടുത്തുള്ള, പ്രഷ്യന്‍ നിയമപരിധിയില്‍ വരുന്ന, ട്രയര്‍ ഭരണകൂടത്തിലെ ഫസ്റ്റ് കൌണ്‍സിലറായി 1816ല്‍ ലുദ്‌വിഗ് നിയമിക്കപ്പെട്ടു. ഒരു പ്രൊട്ടസ്റ്റന്‍റുകാരനായതിനാലും, ജനം വെറുക്കുന്ന പിന്തിരിപ്പന്‍ പ്രഷ്യന്‍ സര്‍ക്കാരിന്‍റെ ശമ്പളക്കാരനായതിനാലും, കത്തോലിക്കാക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ആ പട്ടണത്തില്‍ ലുദ്‌വിഗും കുടുംബവും തുടക്കത്തില്‍ അന്യരായി. പക്ഷെ, കത്തോലിക്കാസഭക്കും, ഫ്രഞ്ചു വാഴ്ച്ചക്കും ട്രയര്‍ ജനത നടത്തിയ ഉപരിപ്ലവമായ അധരസേവനത്തിനു പിറകില്‍, പരമരാജധികാരത്തെക്കുറിച്ചും, ജനാധിപത്യരാഹിത്യത്തെക്കുറിച്ചും അവര്‍ക്കുള്ള ആശയക്കുഴപ്പത്തോളം  തന്നെ, അവര്‍ക്കിടയില്‍ വിയോജിപ്പുകളുണ്ടെന്നു വെസ്റ്റ്ഫാലന്‍ കുടുംബം താമസിയാതെ കണ്ടെത്തി. “ഞങ്ങള്‍ ജീവിക്കുന്ന കാലഘട്ടം,” എലിനോറിന്‍റെ അമ്മ ശിശുവായിരിക്കെ, അവരുടെ മുത്തശ്ശന്‍ ഒരു ചങ്ങാതിക്കെഴുതി, “നിര്‍ണ്ണായകമാണ്. രണ്ടു വിരുദ്ധ മൂല്യങ്ങള്‍ - രാജാക്കന്മാരുടെ ദൈവീകാധികാരവും, എല്ലാ അധികാരവും ജനങ്ങളുടേതാണെന്ന വിശ്വാസവും – തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ കാലം.” തമ്മിലടിക്കുന്ന ഈ രണ്ടു മൂല്യവ്യവസ്ഥകളെ അനുരഞ്ജിപ്പിക്കാന്‍ വോണ്‍ വെസ്റ്റ്ഫാലന്‍ ജീവിതം മുഴുവന്‍ കഷ്ടപ്പെട്ടു. ഒരു പ്രഷ്യനുദ്യോഗസ്ഥനെന്ന നിലയില്‍, അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതവും, കുടുംബ ജീവിതവും രാജാവിന്‍റെ ദൈവികാധികാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനെ ആശ്രയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ശരിയായ ഇഷ്ടമാകട്ടെ, ഫ്രഞ്ചു വിപ്ലവത്തിന്‍റെ നൂതനാശയങ്ങളും, സ്വതന്ത്രചിന്തയും, കലയും, സംഗീതവും, സാഹിത്യവും – വിശേഷിച്ച് – നാടകവുമായിരുന്നു. 
ഏകദേശം പന്തീരായിരമാളുകളുള്ള ഒരു ചെറുപട്ടണമായിരുന്നു ട്രയറെങ്കിലും, അതിനൊരു ത്രസിക്കുന്ന സാസ്കാരികജീവിതമുണ്ടായിരുന്നു. മോസാര്‍ട്ടിനു മാത്രമുള്ള ഓപ്പെറ ഹൌസിലും, ലസ്സിംഗിന്‍റെയും, ഗെഥെയുടെയും, റസീനിന്‍റെയും കോര്‍ണെയിലിന്‍റെയും, മാര്‍ലോവിന്‍റെയും, ഷേക്സ്പിയറുടെയും നാടകങ്ങള്‍ എന്നും അരങ്ങേറാറുള്ള ഒന്നാന്തരം സിറ്റി തിയേറ്ററിലും വോണ്‍ വെസ്റ്റ്ഫാലന്മാര്‍ക്ക് പ്രയാസമില്ലാതെ പ്രവേശിക്കാമായിരുന്നു. സ്വതന്ത്രചിന്ത പരിപോഷിപ്പിക്കുന്ന ഒരു സാഹിത്യ, സാമൂഹിക ക്ലബ്ബായിരുന്ന കസീനോ സൊസൈറ്റിയില്‍ ലുദ്‌വിഗും ഭാര്യയും സജീവപങ്കാളികളായിരുന്നു.
ആദര്‍ശങ്ങളും അതിജീവനവും തമ്മിലുള്ള സംഘര്‍ഷത്തിനു അധീനരായ മനുഷ്യരുടെ പ്രയാസങ്ങളോട് അനുതപിക്കാന്‍ ലുദ്‌വിഗിനെ, സ്വന്തം വികാരവൈരുദ്ധ്യം, പ്രേരിപ്പിച്ചു. ഈയൊരു സന്ദര്‍ഭത്തിലാണ് അദ്ദേഹം എലിനോറിന്‍റെ അച്ഛന്‍വഴിയുള്ള മുത്തശ്ശനും, പട്ടണത്തിലെ ഏറ്റവും പ്രഗല്‍ഭരും ജനസമ്മതിയുമുള്ള അഭിഭാഷകരിലൊരാളുമായ, ഹെയ്ൻറിച് മാര്‍ക്സിനെ കാണുന്നതും, താമസിയാതെ, അദേഹത്തിന്‍റെ ഉറ്റ സുഹൃത്താകുന്നതും. കുടുംബവുമായി ലുദ്‌വിഗ് ട്രയറിലേക്കു താമസം മാറ്റിയ അതേ കൊല്ലം, 1817ല്‍, അതുവരെ ഹെര്‍ഷല്‍ ഹ-ലെവി മാര്‍ക്സ് എന്നറിയപ്പെട്ടിരുന്നയാള്‍ ഒരു ലൂഥറന്‍ പ്രൊട്ടസ്റ്റന്‍റുകാരനായി. യഹൂദന്മാര്‍ സര്‍ക്കാര്‍പ്പദവികളിലിരിക്കാനോ, ഉദ്യോഗത്തിലിരിക്കാനോ പാടില്ലെന്ന റൈന്‍ലാന്‍ഡ് സുപ്രീംകോടതിയുടെ വിളംബരമനുസരിക്കാനായിരുന്നു ഇത്. ഉദ്യോഗവും, കുടുംബവും, വ്യാപാരവും സംരക്ഷിക്കാനായി, ഹെയ്ൻറിച് മാര്‍ക്സ് (അങ്ങിനെയാണ് അദ്ദേഹം സ്വയം വിളിച്ചത്) പേരിനു മതം മാറി.
ജര്‍മ്മനിയിലെ സാര്‍ലാന്‍ഡിലെ സാര്‍ലൂയി എന്ന പട്ടണത്തില്‍, 1782ലാണ് ഹെര്‍ഷല്‍ ഹ-ലെവി മാര്‍ക്സ് ജനിച്ചത്. അദ്ദേഹത്തിന്‍റെ അച്ഛന്‍, മീയര്‍ ഹ-ലെവി മാര്‍ക്സ്, ട്രയറിലെ മുഖ്യറബ്ബി (പുരോഹിതന്‍) ആയപ്പോഴാണ് അദ്ദേഹത്തിന്‍റെ കുടുംബം അങ്ങോട്ടു മാറിയത്. ട്രയറിലെ യഹൂദശ്മശാനത്തിലെ മീയര്‍ ഹ-ലെവി മാര്‍ക്സിന്‍റെ സ്മാരകശിലയില്‍ അദ്ദേഹത്തിന്‍റെ ജന്മനാടായി രേഖപ്പെടുത്തിയിരിക്കുന്നത് ബോഹീമിയയിലെ, ഇന്നത്തെ ചെക്കു റിപ്പബ്ലിക്കിലെ, പോസ്റ്റലൊപ്റ്റിയാണ്. ഹെയ്ൻറിചിന്‍റെ അമ്മ, ഈവാ ലൊവ്, മോസസ് ലൊവിന്‍റെ മകളായിരുന്നു. അദ്ദേഹവും ട്രയറിലെ ഒരു പുരോഹിതനായിരുന്നു. ഭര്‍ത്താവിനെപ്പോലെ ഈവയും റൈന്‍ലാന്‍ഡ് ആഷ്ക്കെനാസികളെന്ന പുരോഹിത പരമ്പരയില്‍പ്പെട്ടവരാണ്. ഹെയ്ൻറിചിന്‍റെ സഹോദരനായ സാമുവേല്‍, കുടുബത്തിന്‍റെ കണ്ണിലുണ്ണിയായ ബുദ്ധിമാനായ ആണ്‍കുട്ടി, അവരുടെ അച്ഛനെ പിന്തുടര്‍ന്ന്‍ ട്രയറിലെ മുഖ്യ യഹൂദപുരോചിതനായി. ഹെയ്ൻറിച് നിയമത്തില്‍ ശോഭിച്ചു. ആചാരങ്ങള്‍ ദീക്ഷിക്കുന്നതിനപ്പുറത്ത് അദ്ദേത്തിനു മതത്തില്‍ താല്‍പ്പര്യമില്ലായിരുന്നു.
 നെതര്‍ലാന്‍ഡ്സിലെ നിജ്മെഗനില്‍വെച്ച്, 1780ലാണ് റ്റസ്സിയുടെ അച്ഛന്‍വഴിയുള്ള മുത്തശ്ശിയായ ഹെൻറീത്തെ പ്രെസ്സ്ബര്‍ഗിനെ ഹെയ്ൻറിച് വിവാഹം ചെയ്തത്. പ്രെസ്സ്ബര്‍ഗെന്നത് ബ്രാടിസ്ലാവയെന്നതിന്‍റെ ജര്‍മ്മന്‍ പേരാണ് - 1747ല്‍, ഹെൻറീത്തെയുടെ അച്ഛന്‍, ഇസാക്ക് ഹെയ്മന്‍ റബ്ബി ജനിച്ച സ്ഥലത്തിന്‍റെ പേര്. ക്രാക്കോയില്‍നിന്നുമുള്ളതാണ് അദ്ദേഹത്തിന്‍റെ തറവാട്. നിരവധി വിദ്വാന്മാരും, പാദ്വയിലെ ഒരു മുഖ്യപാതിരിയും ഈ പരമ്പരയിലുള്‍പ്പെടും. ഒരു കച്ചവടക്കാരനായിരുന്ന ഇസാക്ക് പ്രെസ്സ്ബര്‍ഗ് ബ്രാടിസ്ലാവയില്‍നിന്ന് നെതെര്‍ലാന്‍ഡ്സിലേക്കു നീങ്ങി; അവിടെവെച്ചു കണ്ടുമുട്ടിയ നാനെറ്റ് കോഹനെ കല്യാണം കഴിച്ചു. നെതെര്‍ലാന്‍ഡ്സില്‍ ആഴത്തില്‍ വേരോടിയ ഒരു കുടുംബമായിരുന്നു നാനെറ്റിന്‍റേത്. അങ്ങിനെ, ജര്‍മ്മനും, ഡച്ചും, ഹീബ്രുവും മാറി മാറി സംസാരിക്കുന്ന ഒരു കുടുംബത്തിലാണ് ഹെൻറീത്തെ വളര്‍ന്നു വന്നത്.
ഹെയ്ൻറിചിനെ വിവാഹം കഴിക്കുമ്പോള്‍ റ്റസ്സിയുടെ മുത്തശ്ശി ഹെൻറീത്തെ  പാതിസാക്ഷരയായിരുന്നു. ഒരു സാമ്പ്രദായികകുടുംബത്തിന്‍റെ പരിമിതിക്കുള്ളില്‍ വളര്‍ന്ന അവര്‍ക്കു വിദ്യാഭ്യാസമില്ലായിരുന്നു. ഒരു നല്ല ഭാര്യയായും, പാചകക്കാരിയായുമിരിക്കാനായിരുന്നു അവര്‍ക്കു കിട്ടിയ പരിശീലനം. ദമ്പതിമാരില്‍, അവരായിരുന്നു കൂടുതല്‍ മതനിഷ്ഠയുള്ളവളും, യാഥാസ്ഥിതികയും. അവരുടെ എഴുത്തും വായനയും മെച്ചപ്പെട്ടത് ഭര്‍ത്താവിന്‍റെ പ്രോത്സാഹനം കൊണ്ടാണ്. അവര്‍ വളര്‍ന്നുവന്ന സാഹചര്യത്തിന്‍റെ പരിമിതി മനസ്സിലാക്കിയും, റൂസ്സോ വായിച്ച അറിവുകൊണ്ടും, ഹെയ്ൻറിച് തന്‍റെ ഭാര്യയുടെ വിദ്യാഭ്യാസക്കുറവിനു കാരണം ലൈംഗികവിവേചനമുള്ള മതത്തിലും സമൂഹത്തിലും അവരൊരു പെണ്ണായി ജനിച്ചതുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞു. പുസ്തകപ്പുഴുവല്ലെങ്കിലും, ഹെൻറീത്തെക്ക് കണക്കറിയാമായിരുന്നു. വീട്ടിലെ സാമ്പത്തികസ്ഥിതിയെപ്പറ്റിയും, വരവുചിലവു തുലനപ്പെടുത്തേണ്ടതിനെപ്പറ്റിയും അവര്‍ക്കു നല്ല ഗ്രാഹ്യമുണ്ടായിരുന്നു. അവര്‍ വീട്ടിലെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് മൂത്തമകന്‍ കാള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടാകണം. ഹെയ്ൻറിച് മാര്‍ക്സിനും ഹെൻറീത്തെ മാര്‍ക്സിനും ഒമ്പതു കുട്ടികളുണ്ടായിരുന്നു. അവരില്‍ നാലുപേര്‍ ഇരുപത്തിമൂന്നു വയസ്സിനപ്പുറം ജീവിച്ചില്ല. ബാല്യകാലം കടന്നുകിട്ടിയവര്‍ ക്ഷയം പിടിച്ചു മരിച്ചു. അവരുടെ ആദ്യജാതനായ മകന്‍ മരിച്ചതിനു ശേഷം, 1816ല്‍, രണ്ടാമത്തെ കുട്ടി, സോഫി, ജനിച്ചു. തുടര്‍ന്ന്, 1818 മെയ് 5ന് പുലര്‍ച്ചെ 1.30ന്, മറ്റൊരു മകന്‍ പിറന്നു: ഹെയ്ൻറിച് കാള്‍. കാള്‍ അടക്കമുള്ള ഹെയ്ൻറിച് മാര്‍ക്സിന്‍റെ എല്ലാ മക്കളും, 1824 ആഗസ്തില്‍ ദേശീയ ഇവാന്‍ജെലിക്കല്‍ സഭയിലേക്ക് സ്വീകരിക്കപ്പെട്ടു. തന്‍റെ ഒരേയൊരു മകന്‍ ബാര്‍ മിത് സ് വാ ഏല്‍ക്കുന്നതിനുപകരം മാമോദീസ മുങ്ങിയതില്‍ ഹെൻറീത്തെ സങ്കടപ്പെട്ടു. അന്ധവിശ്വാസമുള്ള ഒരു മനസ്സിനു ഇതു ഭാവിയിലേക്കുള്ള ഒരു ദു:ശ്ശകുനമായിട്ടേ കാണാന്‍പറ്റൂ.
 അക്കാലത്തെ മിക്ക സ്ത്രീപുരുഷന്മാരെയുംപോലെ, ഹെയ്ൻറിച്ചും വയസ്സാകുംതോറും പുരോഗമനവാദിയായി. ഹെയ്ൻറിച്ചിന്‍റെ മിതപരമായ ദേശീയരാഷ്ട്രീയത്തിലുള്ള താല്‍പ്പര്യം മോഹഭംഗമാണുണ്ടാക്കിയത്. പരമാധികാരമുള്ള പ്രഷ്യന്‍ ഭരണകൂടത്തിന്‍റെ കഴിവില്ലായ്മയെയും, മുന്‍വിധികളെയും, അതു പീഡനമുപയോഗിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഭര്‍ത്താവിന്‍റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനിന്ന വീട്ടുകാരി ഹെൻറീത്തെക്ക് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ മാറ്റങ്ങള്‍ക്കൊത്ത് ചുവടുവെക്കാനുള്ള അവസരം കിട്ടിയില്ല.
ഉത്തരങ്ങളും, പുതിയ ആശയങ്ങളും തേടി, കസീനോ സൊസൈറ്റിയിലെ ആവേശം നിറഞ്ഞ ഒരംഗമായി ഹെയ്ൻറിച് മാറി. അദ്ദേഹം ഒരു പാടു വായിച്ചു. സ്വതന്ത്ര ഫ്രഞ്ചു ചിന്തയും, നവോത്ഥാനതത്ത്വശാസ്ത്രവും  പഠിച്ചു. ക്ലബ്ബു സമ്മേളനങ്ങളില്‍ പാടാറുള്ള മാഴ്സേയ്സും മറ്റു വിപ്ലവ സംഘഗാനങ്ങളും ഏറ്റുപാടി. യഹൂദന്മാര്‍ സര്‍ക്കാര്‍ പദവികള്‍ കയ്യാളുന്നതും, ഉദ്യോഗം ഭരിക്കുന്നതും വിലക്കുന്ന പ്രഷ്യക്കാരുടെ പ്രഖ്യാപനമുണ്ടായപ്പോള്‍, ആ യഹൂദവിരുദ്ധ നിരോധനം പിന്‍വലിക്കണമെന്ന്, ട്രയറിലുള്ള തന്‍റെ “കൂട്ടു വിശാസികളുടെ” സമുദായത്തിന്‍റെ പേരില്‍, അദ്ദേഹം ഗവണ്മെന്‍റിനോട്‌ അപേക്ഷിച്ചു. അതിനവര്‍ വിസമ്മതിച്ചപ്പോള്‍, ഹെയ്ൻറിച്ചിന് തന്ത്രപരമായി കുടുംബത്തെ പ്രൊട്ടസ്റ്റന്‍റ്മതത്തിലേക്കു മാറ്റേണ്ടി വന്നു. തന്‍റെ സാംസ്‌കാരികമൂല്യങ്ങളോടുള്ള ഒരു ആക്രമണമെന്നതു പോലെ, അത്ര രൂക്ഷമായാണ്, ഹെൻറീത്തെക്കു മതംമാറ്റം അനുഭവപ്പെട്ടത്.
മതംമാറ്റം കഴിഞ്ഞു താമസിയാതെ, റ്റസ്സിയുടെ മുത്തശ്ശന്‍ ജസ്റ്റിസ് ഹെന്‍റിച് മാര്‍ക്സിനു റോയല്‍ പ്രഷ്യന്‍ ലീഗല്‍ കൌണ്‍സിലറെന്ന സമാദരണീയമായ പട്ടം കിട്ടി. മതംമാറ്റംമൂലം “യൂറോപ്യന്‍ സംസ്കാരത്തിനകത്തു കടക്കാനുള്ള ശീട്ട്” അദ്ദേഹം ഏറെക്കുറെ വാങ്ങിയതുപോലെയായി എന്നാണു അമ്മാവന്‍ ഹെയ്ന്‍ തമാശയായി പറഞ്ഞത്.  ഹെൻറീത്തെയുടെ മൂന്നാമത്തെ മച്ചുനിയനായിരുന്നു ഹെയ്ന്‍; ഒരുറ്റ ചങ്ങാതിയും, ട്രയറിലെ മാര്‍ക്സുവീട്ടിലെ നിത്യസന്ദര്‍ശകന്‍ കൂടിയായിരുന്നു. ഇക്കാലത്താണ് റ്റസ്സിയുടെ മുത്തശ്ശന്മാര്‍, പുതിയ റോയല്‍ പ്രഷ്യന്‍ ലീഗല്‍ കൌണ്‍സിലറും ട്രയറിലെ ഫസ്റ്റ് കൌണ്‍സിലറും, കണ്ടുമുട്ടുന്നതും ഉറ്റ ചങ്ങാതിമാരാകുന്നതും.
പിതാക്കന്മാരുടെ സൗഹൃദം ഒന്നിച്ചുകൂട്ടിയ വോണ്‍ വെസ്റ്റ്ഫാലന്‍ കുട്ടികളും, മാര്‍ക്സ് കുട്ടികളും ശൈശവത്തിലേ ചങ്ങാതിമാരായി എന്നുതന്നെ പറയാം. ജിജ്ഞാസയും, ചുറുചുറുക്കുമുള്ള, പിടിച്ചുനിര്‍ത്തുന്ന ലാവണ്യമുള്ള ഒരേഴുവയസ്സുകാരിയായിരുന്നൂ, കാള്‍ മാര്‍ക്സിനെ ആദ്യം കണ്ടുമുട്ടുമ്പോള്‍, ജെന്നി വോണ്‍ വെസ്റ്റ്ഫാലന്‍; അദ്ദേഹമപ്പോഴും മുലകുടിക്കുന്ന കുട്ടിയും. തന്നത്താന്‍ അറിയുന്നതിനു മുമ്പാണ്, ഭാവിയിലെ മഹാവിപ്ലവകാരികളായ കമിതാക്കള്‍ പരസ്പരം കണ്ടതും അറിഞ്ഞതും.
വീട്ടില്‍ മാര്‍ക്സിനു ഏറ്റവും അടുപ്പമുള്ള ചേട്ടത്തി സോഫിയും, ജെന്നിയും ഒരേ പ്രായക്കാരായിരുന്നു. ആ കൊച്ചുപെണ്‍കുട്ടികള്‍ കളിക്കൂട്ടുകാരായി; പിന്നീട് എല്ലാ രഹസ്യങ്ങളും കൈമാറുന്ന ചങ്ങാതികളായി. 1830വരെ വീട്ടിലിരുന്നാണ് കാള്‍ പഠിച്ചത്. അതിനുശേഷം ട്രയര്‍ ഹൈസ്കൂളില്‍ ചേര്‍ന്നു. ജെന്നിയുടെ അനിയന്‍ എഡ്ഗാറും അതേ സ്കൂളിലായിരുന്നു. അവര്‍ രണ്ടുപേരും അവിടെവെച്ചു കൂട്ടുകാരായി. അച്ഛനമ്മമാര്‍ തന്നെ അച്ഛനെപ്പോലെ ഒരു വക്കീലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും, പക്ഷെ, ഒരു കവിയാകുക എന്ന തന്‍റെയിഷ്ടം സഫലമാക്കാനാണ് തന്‍റെ ഉദ്ദേശ്യമെന്നും എഡ്ഗാറിനോട് കാള്‍ സ്വകാര്യമായി പറഞ്ഞു.
അതേസമയത്ത്, ട്രയറിന് 250 നാഴിക വടക്കുള്ള ബാര്‍മനില്‍, മറ്റൊരു ചെറുപ്പക്കാരനും കവിയാകണമെന്നു സ്വപ്നം കാണുന്നുണ്ടായിരുന്നു.
റൈന്‍ലാന്‍ഡിലെ ധനികനായൊരു വ്യവസായസംരഭകന്‍റെ,  സുന്ദരനും, കായികഭ്യാസിയുമായ ആദ്യപുത്രന്‍ ഫ്രെഡ്രിക് ഏംഗല്‍സ് നല്ല ഭൌതിക സുഖത്തില്‍ വളര്‍ന്നു വരികയായിരുന്നു. പക്ഷെ, ആത്മീയമായി അദ്ദേഹം അസ്വസ്ഥനായിരുന്നു. 
അച്ഛന്‍റെ പേരു കിട്ടിയ ഏംഗല്‍സ്, ഒരു വസ്ത്രവ്യാപാരസാമ്രാജ്യത്തിന്‍റെ പിന്തുടര്‍ച്ചാവകാശിയായി, ജനിച്ചത്‌ 1820 നവംബര്‍ 28 ചൊവ്വാഴ്ച്ചയാണ്. ആദ്യം ലിനന്‍ നൂലുകള്‍ ബ്ലീച്ചു ചെയ്യുകവഴിയും, പിന്നീട്, യന്ത്രങ്ങള്‍കൊണ്ട് ലെയ്സുകളും പട്ടു നാടകളുമുണ്ടാക്കിയുമാണ് ഈ വസ്ത്രവ്യവസായികള്‍ വരുമാനമുണ്ടാക്കിയത്. ഫ്രെഡ്രിക്കിന്‍റെ അമ്മ എത്സീ വോണ്‍ ഹാര്‍ ബുദ്ധിജീവികളുടെയും, അദ്ധ്യാപകരുടെയും കുടുംബത്തില്‍നിന്നായിരുന്നു. അവരുടെ കുടുംബപശ്ചാത്തലം, വ്യാപാരീശ്രേഷ്ഠരുടെ കുടുംബത്തിലെ വധുവെന്ന നിലയുമായും, വുപ്പര്‍ വാലിയിലെ കടുത്ത പ്യൂരിറ്റന്‍ അന്തരീക്ഷത്തില്‍ ജീവിക്കുന്നവളെന്ന നിലയുമായും തട്ടിച്ചു നോക്കുമ്പോള്‍, ഒരല്‍പ്പം അപരിഷ്കൃതമായിരുന്നുവെന്നു വേണം കരുതാന്‍.
ഫ്രെഡ്രിക്കിന്‍റെ അച്ഛന്‍ പരുത്തിനൂല്‍നൂൽപ്പിലേക്ക് വ്യവസായം വികസിപ്പിക്കുകയും, ഗോട്ട്ഫ്രീഡ് എര്‍മന്‍, പീറ്റര്‍ എര്‍മന്‍ എന്ന രണ്ടു ഡച്ചു സഹോദരന്മാരുമൊത്തു പുതിയൊരു കമ്പനി തുടങ്ങുകയും ചെയ്തു. ബാര്‍മനിലും, എംഗല്‍സ്കേര്‍ചനിലും, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും തുന്നല്‍നൂലുകളുല്‍പ്പാദിപ്പിക്കുന്ന ഫാക്റ്ററികളുടെ ഒരു ശൃംഖല എര്‍മന്‍ ഏന്‍ഡ് എംഗല്‍സ്‌ ആരംഭിച്ചു. മൂത്ത മകനും യുവാവുമായ ഏംഗല്‍സ് ഈ വ്യാപരത്തിലേക്ക് അച്ഛനെ കണ്ണുമടച്ച് പിന്തുടരുമെന്നായിരുന്നു പ്രതീക്ഷ.  
1837ല്‍ ഏംഗല്‍സ് എല്‍ബര്‍ഫീല്‍ഡ് റീഫോംഡ് ഇവാന്‍ജെലിക്കല്‍ ചര്‍ച്ചില്‍ അംഗമാക്കപ്പെട്ടു. ഇവാന്‍ജെലിക്കല്‍ സഭയുടെ പ്രമാണങ്ങളുടെ തീയിലും ഗന്ധകത്തിലും നേരിട്ടു വളര്‍ത്തിയെടുക്കപ്പെട്ടവനായിരുന്നു ബാലനായ ഏംഗല്‍സ്. രക്ഷിക്കപ്പെടേണ്ടവരെയും ശപിക്കപ്പെടേണ്ടവരെയും മുന്‍‌കൂര്‍ തീരുമാനിക്കുന്നതിനുള്ള ദൈവത്തിന്‍റെ കൃത്യമായ മാനദണ്ഡം അനുകൂലിക്കുന്നത് സമൂഹത്തിലെ ഉന്നതരെയും, വിജയികളെയും, പണക്കാരെയുമാണെന്നു വിശ്വസിക്കുന്ന, വിധിയെക്കുറിച്ചുള്ള,  കാല്‍വിനിസ്റ്റ് സിദ്ധാന്തങ്ങളെ അദ്ദേഹത്തെ നിര്‍ബന്ധിച്ചു പഠിപ്പിച്ചു.  എന്നാല്‍, അദ്ദേഹത്തിന്‍റെ അമ്മയും, അവരുടെ സംസ്കാരപ്രിയനും, പ്രസന്നതയുള്ള, പരിഷ്കരിക്കപ്പെടാത്ത പുരോഹിതനുമായ അച്ഛന്‍ ജെറാര്‍ഡ് വോണ്‍ ഹാറും അദ്ദേഹത്തിനു പുരാണങ്ങളും, കാവ്യങ്ങളും, നോവലുകളും പരിചയപ്പെടുത്തിക്കൊടുത്ത്, ഈ ശിക്ഷണത്തിന്‍റെ കാഠിന്യം കുറച്ചു. ബാര്‍മനിലെ ജിംനാസിയത്തില്‍ അദ്ദേഹം പഠനമാരംഭിച്ചപ്പോള്‍, ഭാഷകളോടും, ചരിത്രത്തോടും, ക്ലാസ്സിക്കുകളോടും പ്രതിപത്തി കാട്ടി.
ജര്‍മ്മന്‍കാല്‍പ്പനികത ഇഷ്ടപ്പെട്ട അദ്ദേഹം ജര്‍മ്മന്‍ ദേശീയതയുടെ സാഹിത്യനവോത്ഥാനത്തില്‍ ആകൃഷ്ടനായി. സ്കൂള്‍ക്കുട്ടിയായിരിക്കെ അദ്ദേഹമെഴുതിയ കവിതകളിലെ പ്രമേയം ദേശീയ, കാല്‍പ്പനിക, ഇതിഹാസകഥാപാത്രങ്ങളായിരുന്നു. അവയിലൊന്ന്, നീബലൂംഗ് ഗാനത്തിലെ വിശ്വസ്തനും ധീരനുമായ കുട്ടിച്ചാത്തന്‍ ആല്‍ബറിക്റ്റിന്‍റെ പ്രഭുവും യജമാനനുമായ, “സീഗ്ഫ്രീഡി”ന്‍റെ പേരിലായിരുന്നു. തന്‍റെ യൌവ്വനകാലത്തെ ഭാവനാമണ്ഡലങ്ങള്‍ ചമച്ച ക്ലാസ്സിക്കല്‍ സാഹിത്യത്തിന്‍റെയും, പുരാവൃത്തങ്ങളുടെയും കാവ്യചാരുത, പിന്നീടു തന്‍റെ മകളായി മാറിയ, എലിനോറിനു അദ്ദേഹം കരുതലോടെ കൈമാറി.

പ്രായപൂര്‍ത്തിയായതോടെ, ഏംഗല്‍സ് ഒരു കവിയും പത്രപ്രവര്‍ത്തകനുമായി ജീവിക്കാന്‍ ആഗ്രഹിച്ചു. ഒരു വക്കീലോ, സിവില്‍ ജീവനക്കാരനോ ആയി രചയിതാവായുള്ള തന്‍റെ ജീവിതത്തെ സംരക്ഷിക്കാമെന്നു കരുതി. പക്ഷെ, അന്തരാവകാശിയായ മൂത്തമകന്‍റെ പ്രയോജനമില്ലാത്ത ഈ അലസസ്വപ്നങ്ങള്‍ക്കു അദ്ദേഹത്തിന്‍റെ അച്ഛന്‍ പുല്ലുവിലപോലും കൊടുത്തില്ല. അച്ഛന്‍ ഫ്രെഡ്രിക് മകന്‍ ഫ്രെഡ്രികിനെ സ്കൂളില്‍നിന്നും അടര്‍ത്തിമാറ്റി. പതിനേഴാമത്തെ വയസ്സില്‍ അദ്ദേഹത്തെ വ്യാപാരം പരിശീലിപ്പിക്കാനാക്കി. യൂണിവേഴ്സിറ്റിയില്‍ ചേര്‍ക്കുന്ന പ്രശ്നമേ ഇല്ലായിരുന്നു. കുടുംബവ്യാപരമായിരുന്നു അദ്ദേഹത്തിനു പറഞ്ഞ പഠനം.                                                       
അടുത്ത കൊല്ലം,1837ല്‍, അച്ഛനുമൊത്ത് ഏംഗല്‍സിനു ആദ്യമായി ഇംഗ്ലണ്ടിലേക്കു പോകേണ്ടിവന്നു. അവിടെവെച്ചു പട്ടുതുണി വാങ്ങുകയും വില്‍ക്കുകയും ചെയ്യേണ്ടതെങ്ങിനെയെന്നു പഠിച്ചു. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍, ലണ്ടന്‍ എന്നീ മഹാനഗരങ്ങള്‍ കണ്ടു. ദൃഢനിശ്ചയക്കാരനായ അച്ഛന്‍ ഈ യുവകാല്‍പ്പനികനു വേണ്ടി ഒരുക്കിയ പരുക്കന്‍ വിദ്യാഭ്യാസത്തിന്‍റെ അടുത്ത ഘട്ടം കടലോര നഗരമായ ബ്രമനിലെ ഒരു ലിനന്‍ കയറ്റുമതിക്കാരന്‍റെ കീഴിലുള്ള പരിശീലനമായിരുന്നു. അവിടെ ഏംഗല്‍സ് ഒരു ഗുമസ്തനായി വേലയെടുത്തു. വേല വിരസമായിരുന്നു. പക്ഷെ, തിക്കുംതിരക്കുമുള്ള തുറമുഖത്തിലെ ജീവിതവും, വാടകക്കു താമസിക്കുന്ന വീട്ടിലെ ഉദാരമായ സ്വാതന്ത്ര്യവും അദ്ദേഹം ആസ്വദിച്ചു.
ജര്‍മ്മന്‍ ഐഡിയോളജി (1845 - 46ല്‍ എഴുതി, 1932ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്) യില്‍ മാര്‍ക്സും ഏംഗല്‍സും അരാജകവാദിയായ മാക്സ് സ്റ്റേണറെ, രാഷ്ടീയ സമ്പദ് വ്യവസ്ഥയെന്ന പൊങ്ങച്ചപീഠത്തിലിരുന്ന്‍, റൊട്ടിയുടെ ഉല്‍പ്പാദനത്തിന്‍റെയും വിതരണത്തിന്‍റെയും പ്രശ്നത്തെപ്പറ്റി, ഡ്യൂക്കിനോട്‌ പ്രമാണിത്തത്തോടെ സംസാരിക്കുന്ന ഒരു സാഞ്ചോ പൻസയായി ചിത്രീകരിച്ചുകൊണ്ടു കളിയാക്കുന്നുണ്ട്. ബ്രിട്ടനിലെ തൊഴിലാളികളുടെ സാമ്പത്തിക, സാമൂഹിക സ്ഥിതിയെപ്പറ്റിയുള്ള തന്‍റെ ആദ്യകാലരചനകളിലൊന്നില്‍, ജനങ്ങളെ സേവിക്കുന്നതിലും, തൃപ്തിപ്പെടുത്തുന്നതിലും റൊട്ടിക്കടക്കാര്‍ക്കുള്ള അത്യന്താപേക്ഷിതമായ പങ്കിനെപ്പറ്റി ഏംഗല്‍സ് പരാമര്‍ശിക്കുന്നുണ്ട്. പിന്നീട്, പ്രഗല്‍ഭമായ സ്പഷ്ടതയോടെ അദ്ദേഹം വിശേഷിപ്പിച്ച, ഉല്‍പ്പാദനശക്തികളുടെ പ്രത്യുല്‍പ്പാദനത്തില്‍, തൊഴിലിലെ ലിംഗപരമായ വിഭജനത്തിനുള്ള പങ്കിനെപ്പറ്റിയുള്ള തന്‍റെ പഠനത്തില്‍, ഏംഗല്‍സ് ദേശീയ ധനവ്യവസ്ഥകളെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ താങ്ങിനിര്‍ത്തുന്നതില്‍ സ്ത്രീകളുടെ വീട്ടുവേലക്കുള്ള പ്രസ്കതിയെപ്പറ്റി അന്വേഷിക്കുവാന്‍ കച്ചകെട്ടിയിറങ്ങുന്നുണ്ട്.
റ്റസ്സിയുടെ ബാല്യകാലലോകത്തിന്‍റെ ചരിത്രമെടുത്താല്‍, റൊട്ടിക്കടക്കാരുടെ കുടുംബത്തില്‍ നിന്നുള്ള ഹെലെന്‍ ദിമത്ത് തന്‍റെ കുടുംബത്തില്‍ വളരെ പ്രാധാന്യമുള്ള ഒരംഗമായിരുന്നു. സോഹോയില്‍ റ്റസ്സി പിറന്നു വീഴുമ്പോള്‍  അവരവിടെ സന്നിഹിതയായിരുന്നു. റ്റസ്സിയുടെ ജീവിതത്തില്‍ അവര്‍ക്കുള്ള പങ്ക് ഏംഗല്‍സിന്‍റേതു പോലെ പ്രാധാന്യമുള്ളതാണ്. റൊട്ടി – അതിന്‍റെ വിലയും, അഭാവവും – പലപ്പോഴും ജനകീയവിപ്ലവത്തിനുള്ള പ്രകോപനമായിരുന്നു. ഹെലെന്‍ ദിമത്തിന്‍റെ അസാധാരണമായ ജീവിതത്തിലും വ്യക്തിത്വത്തിലുംസമ്മേളിച്ചത് റൊട്ടിയും, വിപ്ലവവും, വീട്ടുവേലയുടെ സാര്‍വ്വത്രിക രാഷ്ട്രീയവുമാണ്. ഏംഗല്‍സ് പിറന്ന അതേ വര്‍ഷം, 1820ല്‍, പുതുവര്‍ഷത്തലേന്നാള്‍, സെന്‍റ് വെന്‍ഡല്‍ എന്ന റൈന്‍ലാന്‍ഡ് ഗ്രാമത്തിലാണ് അവര്‍ ജനിച്ചത്. ഏംഗല്‍സിന്‍റെ കുടുംബപശ്ചാത്തലം എത്ര ഗംഭീരമോ, അത്രയും എളിമയുള്ളതായിരുന്നൂ ഹെലെന്‍ ദിമത്തിന്‍റെ കുടുംബപശ്ചാത്തലം. അവരുടെ അച്ഛന്‍ ഗ്രാമത്തിലെ ഒരു റൊട്ടികടക്കാരന്‍. വളരെ ഹ്രസ്വമായിരുന്നുവെന്നല്ലാതെ, അവരുടെ ബാല്യത്തെപ്പറ്റി ഒരറിവുമില്ല. സുമാറൊരു എട്ടു വയസ്സുള്ളപ്പോള്‍, അവര്‍ ട്രയറില്‍ ഒരു വീട്ടുവേലക്കാരിയായി ജോലിയില്‍ ചേര്‍ന്നു. അവരുടെ ആദ്യകാല യജമാനന്മാര്‍ മൃഗീയരായിരുന്നു. അവരെ വീട്ടിനകത്ത് അവര്‍ ബാലവേലക്കുള്ള ഒരു ഉപകരണമാക്കി. കായികാദ്ധ്വാനത്തിന്‍റെ കാഠിന്യവും, തന്‍റെ യജമാനത്തിയെയും ഹെലെന്‍ പിന്നീടുള്ള കാലം മുഴുവന്‍ ഓര്‍ത്തു. വെറും കുട്ടിയായിരിക്കുമ്പോള്‍ തന്നെ നോക്കാനേല്‍പ്പിച്ച ആദ്യത്തെ ഭീമന്‍ശിശുവിന്‍റെ കൃത്യമായ ഭാരവും ഹെലെന്‍ ശിഷ്ടജീവിതമുടനീളം ഓര്‍മ്മിച്ചു. 
കൊച്ചുലെന്‍ കുടുംബത്തില്‍ വന്നു ചേരുമ്പോള്‍ ജെന്നിക്കു വയസ്സ് ഇരുപത്തിരണ്ട്. അമ്മയെപ്പോലെ അവരും കൊച്ചുലെന്നിനോട് ആദരപൂര്‍വ്വം, നാട്യങ്ങളൊന്നുമില്ലാതെയാണ് പെരുമാറിയത്. “അവളെപ്പോലെ സമഭാവനയുള്ളവരില്ല,” എന്നാണ് ഒരു ബന്ധു അഭിപ്രായപ്പെട്ടത്. “അവളെസംബന്ധിച്ചിടത്തോളം സാമൂഹികവൈജാത്യങ്ങളും, വര്‍ഗ്ഗീകരണങ്ങളുമില്ലായിരുന്നു.” സാമൂഹികവര്‍ഗ്ഗങ്ങളോടുള്ള ജെന്നിയുടെ നിഷ്പക്ഷത, വളരെ ചെറുപ്പത്തിലേ, അവരുടെ സ്വഭാവത്തെ രൂപപ്പെടുത്തി. സൌഹൃദസ്വഭാവികളും, പരസ്പരം ഇഷ്ടപ്പെട്ടവരുമായ ജെന്നിക്കും കൊച്ചുലെന്നിനുമിടയില്‍ ഒരു ചങ്ങാത്തം വളര്‍ന്നുവന്നു.
ജെന്നിയും കൊച്ചുലെന്നും പരസ്പരം മനസ്സിലാക്കുന്ന വേളയില്‍, ജെന്നിയുടെ അച്ഛനായ ലുദ്‌വിഗ് തന്‍റെ സുഹൃത്തായ ഹെയിന്‍ റിച്ചിന്‍റെ അസാമാന്യബുദ്ധിയുള്ള മകനില്‍ ഒരു പ്രത്യേക താല്‍പ്പര്യമെടുത്തു. കാള്‍ ജിജ്ഞാസുവും, തര്‍ക്കിക്കുന്നവനും, ശ്രദ്ധാലുവും, വിവരമുള്ളവനുമായിരുന്നു. കായികബലമുള്ളവനും, കായികവിനോദതല്‍പ്പരനുമായിരുന്നു. തന്‍റെ മനോഹരനെങ്കിലും, അലസനായ മകന്‍ എഡ്ഗാറിനേക്കാള്‍ ലുദ്‌വിഗ് ആശിച്ചിരുന്നതരം ഒരു മകന്‍. ട്രയറിനു ചുറ്റുമുള്ള വനങ്ങളിലും ഉപവനങ്ങളിലുമുള്ള കുടുംബസവാരികളില്‍ പങ്കു ചേരാന്‍ ലുദ്‌വിഗ് കാളിനെ ക്ഷണിച്ചു.
ഈ സവാരികള്‍ക്കിടയില്‍, ലുദ്‌വിഗ് ദത്തശ്രദ്ധരായിരുന്ന ഈ കൌമാരപ്രായക്കാര്‍ക്ക് അരിസ്റ്റോട്ടിലിന്‍റെയും, ഈസ്കിലസ്സിന്‍റെയും, ഹോമറുടെയും, ദാന്തെയുടെയും, ഷേക്സ്പിയറുടെയും, ഗെഥേയുടെയും, റൂസ്സോയുടെയും, ഷെല്ലിയുടെയും പ്രപഞ്ചങ്ങളെ പരിചയപ്പെടുത്തി. ചോദ്യങ്ങള്‍ ഉന്നയിച്ചും, അച്ഛനോടു തര്‍ക്കിച്ചും, ജെന്നി സൂക്ഷ്മമായി അവയെല്ലാം അനുധാവനം ചെയ്തു. കാളും പങ്കുചേര്‍ന്നു. സൌന്ദര്യശാസ്ത്രവും സദാചാരശാസ്ത്രവുമായിരുന്നു ലുദ്‌വിഗ് ചര്‍ച്ച ചെയ്തത്.
മാര്‍ക്സ്കുടുംബത്തിനും വോണ്‍ വെസ്റ്റ്‌ഫാലന്‍ കുടുംബത്തിനുമിടയില്‍ വ്യവഹരിക്കപ്പെട്ടത് അഞ്ചു പ്രാഥമിക ഭാഷകളായിരുന്നു. കാളിന്‍റെ വീട്ടില്‍ ജര്‍മ്മനും, ഡച്ചും, യിദ്ദിഷും; ജെന്നിയുടെ വീട്ടില്‍ ജര്‍മ്മനും, ഫ്രഞ്ചും, ഇംഗ്ലീഷും. തായ് വഴി വന്ന പാരമ്പര്യപ്രകാരം, ലുദ്‌വിഗിനു ഇംഗ്ലീഷ് രണ്ടാം ഭാഷയായിരുന്നു. മാതൃഭാഷയായി അതു തെരഞ്ഞെടുക്കുന്നതിന് ഇക്കാര്യം ജെന്നിയെ സഹായിച്ചു. നാട്ടുമ്പുറത്തെ നടത്തത്തിനിടയില്‍, ഇംഗ്ലീഷും ഫ്രഞ്ചും വശമില്ലാത്ത കാളിനെ വിമോഹിപ്പിക്കും വിധം, ഷേക്സ്പിയറെയും വോള്‍ട്ടയറെയും ജെന്നി മൂലഭാഷയില്‍ത്തന്നെ ഉദ്ധരിക്കുമായിരുന്നു. തന്‍റെ ചേട്ടത്തി സോഫിയുടെ ചങ്ങാതിയായിട്ടാണ്, കൊച്ചുകുട്ടിയായിരുന്നപ്പോള്‍, കാള്‍ ജെന്നിയെ അറിഞ്ഞിരുന്നത്. ഇപ്പോള്‍ അവനവളെ വേറൊരു കോണിലൂടെ കണ്ടുതുടങ്ങി. കഠിനാദ്ധ്വാനിയും കലഹപ്രിയനുമായ ഒരു സ്കൂള്‍ക്കുട്ടിയായിരുന്നു അവന്‍. ജെന്നിയോ ട്രയറിലെ സംസാരവിഷയവും. വശ്യശക്തിയുള്ളവളും, അഭിലഷണീയയും, കാളിനെക്കാള്‍ കലഹപ്രിയയും, കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യവും, അത്രതന്നെ ബുദ്ധിയും നര്‍മ്മബോധമുള്ളവളുമായ ഒരു സ്ത്രീ.
എങ്ങിനെനോക്കിയാലും, ജെന്നി കണ്ണഞ്ചിപ്പിക്കുന്ന ലാവണ്യമുള്ളവളായിരുന്നു. അവളുടെ സൌന്ദര്യത്തിനു ഇരയാകാത്തവര്‍ ഇല്ലായിരുന്നുവെന്നു തോന്നും. അവളുടെ പുഷ്കലതയാണ് കാളിന്‍റെ കൌമാരശ്രദ്ധയെ ആകര്‍ഷിച്ചതെങ്കില്‍, അതു നിലനിര്‍ത്തുകയും, തന്‍റെ ഹൃദയത്തെ പിന്തുടരാന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്തത് അവളുടെ ധിഷണയായിരുന്നു. അവള്‍ സംസാരിക്കുന്നതു കേള്‍ക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടു. ജെന്നിയുടെ ചുണ്ടുകളില്‍നിന്നാണ് അവന്‍ ആദ്യമായി ഷേക്സ്പിയറുടെയും ഷെല്ലിയുടെയും വാക്കുകള്‍ കേള്‍ക്കുന്നത്. തനിക്കു ചുറ്റുമുള്ളവരോടു അവള്‍ പ്രശ്നങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളി ഉയര്‍ത്തുകയും, വാദിക്കുകയും ചെയ്യുമ്പോള്‍, അവന്‍ അവളുടെ അന്വേഷണോന്മുഖമായ മനസ്സിന്‍റെ ചലനങ്ങളെ പിന്തുടരുകയും സ്വാംശീകരിക്കുകയുമായിരുന്നു.
ഈ ചെറുപ്പക്കാരുമൊത്ത് ലുദ്‌വിഗ് രാഷ്ട്രീയം ചര്‍ച്ച ചെയ്തു; ഫ്രഞ്ചു വിപ്ലവത്തിന്‍റെ പ്രേരണകളെയും പരാജയങ്ങളെയും കുറിച്ച് വിശദീകരിച്ചു. രാജവാഴ്ചയും, അഭിജാതവര്‍ഗ്ഗവും, ധനപ്രഭുത്വവും ദൈവദത്തമെന്ന്‌ അവകാശപ്പെട്ട അധികാരത്തിനെതിരെയുള്ള ഫ്രാഞ്ചു ജനതയുടെ കലാപം നീതിയുള്ളതായിരുന്നുവെന്ന് ലുദ്‌വിഗ് വ്യാഖ്യാനിച്ചു; പക്ഷെ, ഭീകരവാഴ്ചയും (Terror) നെപ്പോളിയന്‍റെ സൈനിക സ്വേച്ഛാധിപത്യവും വിപ്ലവത്തിന്‍റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. അസമത്വത്തിന്‍റെയും, അതിസമ്പത്തിന്‍റെയും, രക്ഷയില്ലാത്ത ദാരിദ്ര്യത്തിന്‍റെയും കാരണങ്ങള്‍ക്ക് അടിസ്ഥാനപരമായ സാമ്പത്തിക പരിഹാരം ആരാഞ്ഞ, ഫ്രഞ്ചു സോഷ്യലിസത്തിന്‍റെ ഉപജ്ഞാതാവായ, സെയ്ന്‍റ്-സിമോങിന്‍റെ ആശയങ്ങള്‍ പഠിക്കാന്‍ അദ്ദേഹം അവരെ പ്രേരിപ്പിച്ചു.  
താന്‍ ആരാധിക്കുന്ന പ്രായമേറിയ ജെന്നിയുമൊത്തു കഴിയാനുള്ള പ്രിയങ്കരമായ അവസരങ്ങള്‍ കുമാരനായ കാളിന് ഈ കാല്‍നടസവാരികള്‍ നല്‍കി. പക്ഷെ, അവള്‍ അപ്രാപ്യയായിരുന്നു. വിരുന്നുകളിലും, വിനോദയാത്രകളിലും, നൃത്തവേദിയിലും, നാടകശാലയിലും, വിപ്ലവ യുവസംഘടനകളുടെ സമ്മേളനങ്ങളിലും ജാഥകളിലും പൊതുജനത്തിന്‍റെ കണ്ണിലുണ്ണിയായ, മുതിര്‍ന്ന, ഒരു പതിനേഴുകാരി. തന്നേക്കാള്‍ രണ്ടിരട്ടി പ്രായമുള്ള സമ്പന്നരായ ഉദ്യോഗസ്ഥരുടെ പ്രണയസ്വപ്നമായിരുന്ന ജെന്നി അപ്പൊഴേ വിവാഹയോഗ്യയായിരുന്നു. കാള്‍ സ്കൂള്‍ പൂര്‍ത്തിയാക്കും മുമ്പു തന്നെ അവളുടെ വിവാഹം കഴിഞ്ഞേക്കും.
ആളുകളുമായി ഇടപഴകുന്നത് ജെന്നിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍, അടിസ്ഥാനപരമായി, അവളൊരു പ്രവര്‍ത്തകയും, ധൈഷണിക ജീവിയുമായിരുന്നു. തന്‍റെ പ്രായത്തിലും വര്‍ഗ്ഗത്തിലും പെടുന്ന പെണ്‍കുട്ടികള്‍ സാമൂഹിക മര്യാദകള്‍ പരിശീലിക്കുകയും, നാടകളുടെ നിറഭേദങ്ങളെച്ചൊല്ലിയും കയ്യുറകളുടെ നീളത്തെച്ചൊല്ലിയും ചഞ്ചലപ്പെടുമ്പോള്‍, ജെന്നി തന്‍റെ മുടിയില്‍ ത്രിവര്‍ണ്ണപതാക തിരുകി; ജെനിസ് ഗിസപ്പെ മസീനിയുടെ പുസ്തകങ്ങള്‍ വായിച്ചു. യുവജന പ്രസ്ഥാനമായ ‘യുവജര്‍മ്മനി’യിലെ പ്രചാരണങ്ങളില്‍ മുഴുകി. ആ പ്രസ്ഥാനത്തിന്‍റെ ട്രയറില്‍നിന്നുള്ള പ്രതിനിധി അവളായിരുന്നു.1
ലണ്ടനില്‍ മസീനി സ്ഥാപിച്ച അന്തര്‍ദ്ദേശീയ സംഘടനയായ ‘യുവയൂറോപ്പി’ന്‍റെ ഭാഗമായിരുന്നു ‘യുവജര്‍മ്മനി’. ക്രിസ്തീയമൌലികവാദത്തെയും, ജര്‍മ്മന്‍ കാല്‍പ്പനികതയുടെ അരാഷ്ട്രീയ സൌന്ദര്യശാസ്ത്രത്തെയും എതിര്‍ത്തിരുന്ന സൈദ്ധാന്തികരും, പത്രപ്രവര്‍ത്തകരും, കവികളും, എഴുത്തുകാരുമാണ് ആ സംഘടനയെ നയിച്ചിരുന്നത്. പള്ളിയും ഭരണകൂടവും വേറിട്ടു നില്‍ക്കണമെന്ന് അതു വാദിച്ചു; യഹൂദരുടെ വിമോചനത്തിനു വേണ്ടിയും, സ്ത്രീകളുടെ സമത്വത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയും വാദിച്ചു. സാമൂഹികമായ അസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നവയും ഭരണഘടനയെ അട്ടിമറിക്കുന്നവയുമായിട്ടാണ് അതിന്‍റെ ജനാധിപത്യപരവും, സാമൂഹികസമത്വപരവും, യുക്തിവാദപരവുമായ ആദര്‍ശങ്ങളെ പ്രഷ്യന്‍ ഭരണകൂടം കണ്ടത്. അതു പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി പ്രസിദ്ധീകരണങ്ങളെയും എഴുത്തുകാരെയും സംശോധനക്കു വിധേയമാക്കി. ഹെയിന്‍റിച് ഹെയിനിന്‍റെ സൃഷ്ടികളും അക്കൂട്ടത്തില്‍ പെടും.
ജെന്നി വോണ്‍ വെസ്റ്റ്‌ഫാലന്‍റെ ‘യുവജര്‍മ്മനി’യിലെ പങ്ക് വിവാദപരമായിരുന്നു. അവളുടെ യാഥാസ്ഥിതികനായ പാതിസഹോദരന്‍ ഫെര്‍ഡിനാന്‍‌ഡിന് ഖിന്നതയുണ്ടായതില്‍ അത്ഭുതമില്ല. വീര്‍പ്പടപ്പിക്കുംവിധം പുരോഗമന വീക്ഷണമുള്ളവളും, തീവ്രവാദത്തിന്‍റെ അതിരിലെത്തി നില്‍ക്കുന്നവളുമായിരുന്നു, ട്രയര്‍ സമുദായത്തിന്‍റെ മാനദണ്ഡമനുസരിച്ച്,  ജെന്നി. റൂസോയുടെ ആരാധകനും, സ്ത്രീവിദ്യാഭ്യാസത്തില്‍ ഉറച്ചു വിശ്വസിക്കുന്നവനും, തന്‍റെ പ്രിയപ്പെട്ട മകളോടുള്ള ആരാധനയില്‍ പാതി അന്ധനുമായിരുന്ന ലുദ്‌വിഗ് അവള്‍ക്കു പരിപൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു; അവള്‍ക്കെതെരിയുള്ള വിമര്‍ശനങ്ങളില്‍നിന്നും അവളെ രക്ഷിച്ചു. അവളുടെ രാഷ്ട്രീയവും ധൈഷണികവുമായ ഭീഷണപ്രവണതകള്‍ക്ക് പരിഹാരമായി, അവളുടെ നിരവധി വിവാഹാര്‍ത്ഥികള്, അവളുടെ ലാവണ്യത്തെയും, അച്ഛന്‍റെ ധനശേഷിയെയും സ്വാധീനശേഷിയെയും കണ്ടു. വിവാഹത്തിന്‍റെ നുകവും ഉണ്ണികളുണ്ടാക്കലും അത്തരം പ്രവണതകള്‍ക്ക് തടയിടുമെന്നും അവര്‍ നിസ്സംശയം വിശ്വസിച്ചു.
എന്നാല്‍, മറ്റുള്ള ആരാധകര്‍ ജെന്നിയുടെ തീവ്രവാദ പ്രകൃതത്തെ എന്തുകൊണ്ടാണോ ഭയപ്പെട്ടത്, അതേ കാരണത്താലാണ് ട്രയറിലെ പ്രായം കുറഞ്ഞ, അയോഗ്യനായ, ഒരാള്‍ക്കു അവള്‍ പ്രലോഭനമായത്. അവളുടെ അപഗ്രഥനശീലമുള്ള മനസ്സും, രാഷ്ട്രീയാവേശവും, സാമൂഹിക മര്യാദകളോടുള്ള അലംഭാവവും കാള്‍ മാര്‍ക്സിന്‍റെ കാര്യത്തില്‍ ജെന്നിയെ ആയിരത്തിലൊരുവളാക്കി.
കുമാരനായ കാളിന് അവളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള വഴികളൊന്നും ഉണ്ടായിരുന്നില്ല. അവളുടെ കൂട്ടുകുടുംബത്തില്‍ താന്‍ സുപരിചിതനായാതു തന്നെയാണ് അവനെ അദൃശ്യനാക്കിയത്. 1835 ഒക്ടോബറില്‍, പതിനേഴാം വയസ്സില്‍, അവന്‍ ബോണ്‍ യൂണിവേഴ്സിറ്റിയില്‍ ചേരാന്‍ ട്രയര്‍ വിട്ടു. പറയപ്പെടാത്ത വികാരങ്ങളും, തന്‍റെ സ്വകാര്യ പ്രണയപാത്രത്തിനു സമര്‍പ്പിക്കപ്പെട്ട നിരവധി പൊട്ട പ്രേമ കവിതകളുമായിരുന്നു കൂട്ട്. കാള്‍ നന്നായി പഠിച്ചു; കളിച്ചു. യുവമാര്‍ക്സിന്‍റെ വിദ്യാഭ്യാസത്തിലുള്ള ‘ഒന്നാന്തരം ശുഷ്ക്കാന്തിയെയും ശ്രദ്ധയെയും’ കുറിച്ചുള്ള വിവരങ്ങള്‍ വന്നു ചേര്‍ന്നു. ഒപ്പം, ഒന്നാം വര്‍ഷത്തെ മികച്ച പാഠ്യേതരപ്രവര്‍ത്തികളെക്കുറിച്ചുള്ള വിവരങ്ങളും; പ്രത്യേകിച്ച്, ‘കവികളുടെ ക്ലബ്ബി’ലെ വൃത്തികളെക്കുറിച്ചുള്ളവയും, ‘മെന്‍ ഓഫ് ട്രയര്‍ സൊസൈറ്റി’ (കള്ളുകുടിയന്മാരുടെ ക്ലബ്ബിനുള്ള ചെല്ലപ്പേര്)യുടെ സഹാദ്ധ്യക്ഷനെന്ന നിലയിലുള്ളവയും. ദ്വന്ദ്വയുദ്ധത്തിനായുള്ള ഒരു പിസ്റ്റള്‍ വാങ്ങിയതിനെ തുടര്‍ന്ന്‍ അവനുണ്ടാക്കിയ കുരുത്തംകെട്ട അപകടങ്ങളെപ്പറ്റി കേട്ടു ശുണ്ഠി കയറിയ അവന്‍റെ അച്ഛന്‍ ചോദിച്ചു: “ അപ്പൊ, ദ്വന്ദ്വയുദ്ധം തത്ത്വശാസ്ത്രവുമായി അത്ര ഇഴുകിച്ചേര്‍ന്നതാണല്ലേ?”
അത്യുല്‍ക്കണ്ഠക്കാരിയായ അമ്മയുടെ സ്വമനസ്സാലുള്ള സഹകരണത്തോടെ, പതിനെട്ടാമത്തെ വയസ്സില്‍, നെഞ്ചു ദുര്‍ബ്ബലമാണെന്ന മുടന്തന്‍ ന്യായത്തിന്‍റെ ബലത്തില്‍, കാളിനു നിര്‍ബ്ബന്ധ സൈനിക സേവനത്തില്‍നിന്ന്‍ ഒഴിവാകാന്‍ പറ്റി. യൂണിവേഴ്സിറ്റിയിലുള്ള മകന് ഹെന്‍റീറ്റ ഒരു പാടു കത്തുകളയച്ചു യാചിച്ചു: “അധികം ചൂടു കൊള്ളരുത്; കാപ്പിയോ, കള്ളോ അധികമാകരുത്‌; എരിവുള്ളതൊന്നും, കുരുമുളകും, മസാലയും, അധികം കഴിക്കരുത്; പുക വലിക്കരുത്; രാത്രി ഏറെ നേരം ഉറക്കമിളക്കരുത്; നേരത്തേ എഴുന്നേല്‍ക്കണം; ജലദോഷം പിടിക്കാതിരിക്കാന്‍ നോക്കണം; എന്‍റെ പൊന്നു കാളെ, തീര്‍ത്തും ഭേദമാകുന്നതുവരെ നീ നൃത്തവും ചെയ്യരുത്.” അമ്മയുടെ ഈ മുന്നറിയിപ്പുകള്‍ വെളിവാക്കിയത്, നിസ്സംശയം, അവന്‍റെ നിത്യവൃത്തികളുടെ ഒരു സമ്പൂര്‍ണ്ണ പട്ടികയാണ്.
അപ്പോഴും അവന്‍ അപ്രാപ്യയായ ജെന്നിയെ സ്വപ്നം കണ്ടു. മാര്‍ക്സിന്‍റെ എടുത്തുചാട്ടത്തെപ്പറ്റിയും, അഹമ്മതിയെപ്പറ്റിയും, പിടിവാശിയെപ്പറ്റിയും എന്തു വേണമെങ്കിലും പറയാം. പക്ഷെ, ജെന്നിയുടെ കാര്യത്തില്‍ മാര്‍ക്സിനു തന്‍റെ ഹൃദയത്തെ അറിയാമായിരുന്നു. അതു വെറും പ്രേമ ചാപല്യമായിരുന്നില്ല. ഇരുപ്പത്തിയേഴു കൊല്ലങ്ങള്‍ക്കു ശേഷവും അദ്ദേഹം അവരെ “ട്രയറിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി”യെന്നും “നൃത്തവിരുന്നിലെ റാണി”യെന്നും വിശേഷിപ്പിക്കും.
നിര്‍ബ്ബന്ധ സൈനിക സേവനത്തില്‍നിന്നും ഒഴിവായപ്പോള്‍, മാര്‍ക്സ് നിയമപഠനത്തിനായി, പൂര്‍വ്വ വിദ്യാര്‍ത്ഥി ലുദ്‌വിഗ് ഫ്യൂയര്‍ബാക്ക് ‘വിദ്യാക്ഷേത്ര’മെന്നു വിശേഷിപ്പിച്ച ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയിലേക്ക് മാറി. നിയമം പഠിക്കാന്‍ പറ്റിയ സ്ഥലം ബെര്‍ലിനാണെന്ന് അവന്‍ അച്ഛനെ പറഞ്ഞു വിശ്വസിപ്പിച്ചു. സത്യത്തില്‍ അതൊരു സൂത്രമായിരുന്നു;  ജര്‍മ്മനിയിലെ ഏറ്റവും വലിയ വിവാദ ദാര്‍ശനികരിലൊരാളായ, തത്ത്വചിന്തനത്തിനു താങ്ങായി ആ യൂണിവേഴ്സിറ്റിയില്‍ പ്രഫസറായി ഉപജീവനം തേടിയ, ജോര്‍ജ്ജ് ഹെഗലിന്‍റെ കീഴില്‍ പഠിക്കാനുള്ള സൂത്രം. ബെര്‍ലിനില്‍ വെച്ചാണ് സഹോദരി സോഫിയില്‍നിന്നും കാളിനു ഹൃദയം പിളര്‍ക്കുന്ന ആ വാര്‍ത്ത കിട്ടുന്നത്: ലഫ്റ്റനന്‍റ് കാള്‍ വോണ്‍ പാന്‍വിറ്റ്സുമായി ജെന്നിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു.
അതു യാദൃച്ഛികമായി സംഭവിച്ച ഒരു വിവാഹ നിശ്ചയമായിരുന്നു. രാത്രി മുഴുവന്‍ നൃത്തം ചെയ്തതിനു ശേഷം, ഒരുപാടു ഷാമ്പെയിന്‍ മോന്തിയതിനു ശേഷമാണ് പാന്‍വിറ്റ്സിന്‍റെ അഭ്യര്‍ത്ഥന ജെന്നി സ്വീകരിച്ചത്. അയാള്‍ക്കു ശ്രേഷ്ഠമായ ഒരു കുടുംബ പാരമ്പര്യമുണ്ടായിരുന്നു. പക്ഷെ, ജെന്നിയുടെ അച്ഛന്‍ ശങ്കാലുവായിരുന്നു. അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മ പാന്‍വിറ്റ്സു കുടുംബത്തില്‍നിന്നായിരുന്നു. അത്ര സുഖമുള്ള ഒരോര്‍മ്മയായിരുന്നില്ല അത്. പക്ഷെ, അദ്ദേഹത്തിന്‍റെ ശങ്ക അസ്ഥാനത്തായിരുന്നു. പാന്‍വിറ്റ്സിന്‍റെ സംഭാഷണം രസഹീനവും, രാഷ്ട്രീയം നവയാഥാസ്ഥിതികവും, നര്‍മ്മബോധം വിരസവും ആണെന്നു ജെന്നി മനസ്സിലാക്കി. വാച്ചു താഴ്വരയിലെ കള്ളിന്‍റെ കെട്ടു വിട്ടുപോകുന്നത്ര വേഗത്തില്‍ ആ യുവ സൈനികന്‍റെ ഭംഗിയുള്ള യൂണിഫോറത്തിന്‍റെ പ്രഭാവം ഇറങ്ങിപ്പോയി. അല്‍പ്പ മാസങ്ങള്‍ക്കുള്ളില്‍ ആ സംഭവം കഴിഞ്ഞു കിട്ടി. ജെന്നി വിവാഹ ഉടമ്പടി അസാധുവാക്കി. തലനാരിഴക്കു രക്ഷപ്പെട്ട കാള്‍ അവസരം പാഴാക്കിയില്ല. ബെര്‍ലിനിലേക്ക് പോകുന്നതിനു മുമ്പ് ബോണില്‍ നിന്ന്‍ അവധിക്കു വീട്ടിലെത്തിയ അവന്‍ അവളോടു തന്‍റെ പ്രേമം പ്രഖ്യാപിച്ചു.  
ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും അവനു പുതിയൊരു ആത്മവിശ്വാസം കൈവന്നു. മുടിയും താടിയും നീട്ടി പരിഷ്ക്കാരിയായി. പഠനത്താലും യുവസാഹസികതകളാലും ഓജസ്സുണ്ടായി. സഹോദരിമാര്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറാന്‍ നിരവധി പുതിയ കഥകളുണ്ടായി.  കാളിന്‍റെ വ്യക്തിപ്രഭാവവും, പുതുതായി വിടര്‍ന്ന ചുമലുകളും ജെന്നിയെ പിടിച്ചു നിര്‍ത്തുന്ന വിധം പുതിയ രീതിയില്‍ അവളുടെ ശ്രദ്ധയിലെത്തി. അവന്‍റെ പക്വമായി വരുന്ന പൌരുഷമുള്ള വ്യക്തിത്വം അവളുടെ ഹൃദയത്തില്‍ ഇളക്കമുണ്ടാക്കി. കുഞ്ഞുന്നാളിലേ അറിയാമായിരുന്ന ഈ ആണ്‍കുട്ടിയുടെ മുമ്പില്‍ തനിക്കു നാണം വരുന്നതായി അവള്‍ തിരിച്ചറിഞ്ഞു.
കാളിന്‍റെ കാര്യങ്ങള്‍ അറിയാന്‍ ജെന്നി സോഫിയോടു കുത്തിക്കുത്തി ചോദിക്കും. തന്‍റെ ഉറ്റ ചങ്ങാതിയോടുള്ള സഹോദരന്‍റെ അഭിനിവേശം പണ്ടേ അറിയുമായിരുന്ന സോഫി അവര്‍ക്കിടയില്‍ ഹംസമായി. സ്വകാര്യ സന്ദേശങ്ങള്‍ക്കും രഹസ്യ സമാഗമങ്ങള്‍ക്കും സാക്ഷിയായ കൊച്ചുലെന്‍, താമസിയാതെ ജെന്നിയുടെ സ്വകാര്യങ്ങളുടെ സൂക്ഷിപ്പുകാരിയായി. തന്‍റെ ഇരുണ്ട പ്രതി നായകനു അവള്‍ തിരഞ്ഞെടുത്ത പേര് “എന്‍റെ പ്രിയപ്പെട്ട കൊച്ചു കാട്ടു പന്നി” എന്നതായിരുന്നു. “schwarzwildchen” എന്നാണ് അവള്‍ തന്‍റെ പ്രേമസന്ദേശങ്ങളില്‍ അവനെ വിളിച്ചത്. കാളും ജെന്നിയും 1836ല്‍ രഹസ്യമായി മോതിരം കൈമാറി. അതാദ്യം സ്വകാര്യമായി അറിയിച്ചത് സോഫിയെയും, എഡ്ഗാറിനെയും, കൊച്ചുലെന്നിനെയും മാത്രമായിരുന്നു. അവര്‍ക്കിടയില്‍ സന്ദേശങ്ങള്‍ ഇടതടവില്ലാതെ പറന്നു നടന്നു. കാളാകട്ടെ, ജെന്നിക്കു സമര്‍പ്പിച്ച പ്രേമകവിതകള്‍ മൂന്നു വാല്യങ്ങളിലായി കുത്തി നിറച്ചു:
വരും തലമുറകള്‍ക്കു കാണാന്‍                                  നേരായുംഞാനതൊരുപല്ലവിയായെഴുതും-                                     
പ്രേമം ജെന്നിയാണ്, പ്രേമത്തിന്‍റെ പേരാണ് ജെന്നി.
പ്രതിശ്രുത വരന്‍ ജെന്നിയെക്കാള്‍ നാലു വയസ്സിനു മൂത്തതാണെന്നതു, അവരുടെ സമുദായത്തിന്‍റെ രീതിയനുസരിച്ച്, വിവാഹം ആചാരവിരുദ്ധമാക്കി. കാള്‍ യഹൂദനാണെന്നത് കൂടുതല്‍ കുഴപ്പമുണ്ടാക്കി. മതം മാറിയെങ്കിലും, സാമൂഹികമായും, പ്രായോഗികമായും മാര്‍ക്സുമാര്‍ അപ്പോഴും യഹൂദ സംസ്കാരമുള്ളവരായിരുന്നു. ജെന്നി ഉള്‍പ്പെടുന്ന ട്രയര്‍ സമൂഹം അവരെ സമുദായപരമായും, വംശീയമായും അപരന്മാരായിട്ടാണ് കണ്ടത്.
ജെന്നിയുടെ അമ്മ കരോളിനു കാളിനെ ഏറെ ഇഷ്ടമായിരുന്നു. മകള്‍ അവളുടെ ഹൃദയത്തെ അനുസരിക്കണമെന്നാണ് അവര്‍ ആഗ്രഹിച്ചത്. കൂറും പിന്തുണയും കൊടുത്തെങ്കിലും, അവര്‍ക്ക് ജെന്നിയുടെ സാമ്പത്തിക സുരക്ഷയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. ജെന്നി യഹൂദി അല്ലാത്തതില്‍ കാളിന്‍റെ അമ്മ ഹെന്‍റീറ്റക്ക് പരവശതയുണ്ടാക്കുന്നത്ര സങ്കടവും വേവലാതിയുമുണ്ടായി. കുഴപ്പക്കാരനായ ഒരു യഹൂദ ബുദ്ധിജീവിയെ ജെന്നി കല്യാണം കഴിക്കുന്നതില്‍ അവളുടെ അഭിജാതനായ പാതിസോദരന്‍ ഫെര്‍ഡിനാന്‍‌ഡ് കുപിതനായി. അതു തടയാന്‍ കഴിയുന്നതെല്ലാം അയാള്‍ ചെയ്തു. അച്ഛനെ ഭീഷണിപ്പെടുത്താന്‍ പോലും തുനിഞ്ഞു. കുടുംബങ്ങള്‍ തമ്മിലെന്നതിലുപരി കുടുംബങ്ങള്‍ക്കകത്തുണ്ടായ നിരവധി വര്‍ഷങ്ങളിലെ ആഭ്യന്തര കലഹങ്ങള്‍ക്കു ശേഷം പിതാക്കന്മാര്‍ക്കിടയിലുള്ള ചങ്ങാത്തത്തിനു വിജയമുണ്ടായി. വിവാഹനിശ്ചയം ഔപചാരികമായി ഘോഷിക്കപ്പെട്ടു. ഫെര്‍ഡിനാന്‍‌ഡ് രണ്ടു പേര്‍ക്കും ഒരിക്കലും മാപ്പു കൊടുത്തില്ല.
ജെന്നിയുടെ പ്രതിശ്രുത വരനു പഠനം പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ബൈബിളിലെ സൂചനകള്‍ ഉപയോഗിച്ച് എലിനോര്‍ തന്‍റെ മാതാപിതാക്കളുടെ ദീര്‍ഘമായ വിവാഹനിശ്ചയ വേളയെക്കുറിച്ച് ചുരുക്കിപ്പറയുന്നുണ്ട്: “അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. യാക്കോബ് റാഹേലിനെയെന്നപോലെ, വിവാഹം കഴിയുന്നതുവരെ, ഏഴു കൊല്ലത്തോളം അദ്ദേഹം അവരെ സേവിച്ചു.” റാഹേലിനു വേണ്ടി സ്ത്രീധനമുണ്ടാക്കാനാണ് യാക്കോബ് അദ്ധ്വാനിച്ചതെങ്കില്‍, സംഭവബഹുലമായ ഏഴു സംവത്സരങ്ങള്‍ മാര്‍ക്സ്‌ ബെര്‍ലിനില്‍ ചിലവഴിച്ചത് ധൈഷണിക മൂലധനം സ്വരൂപിക്കാനും, സ്വന്തമായി സമ്പാദിക്കാതെ, അച്ഛന്‍റെ പണം ധൂര്‍ത്തടിക്കാനുമാണ്.
ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍ വെച്ച് മകന്‍ തത്ത്വശാസ്ത്രം പഠിക്കുന്നതിനു വേണ്ടി നിയമ പഠനം വേണ്ടെന്നു വെക്കുന്നതിനെ സങ്കടത്തോടെയെങ്കിലും ഹെയ്ന്‍റിച് അനുകൂലിച്ചു. ഹെന്‍റീറ്റയാകട്ടെ കാളിനെ ഗുണദോഷിച്ചു. നല്ലൊരു ഭര്‍ത്താവും അച്ഛനുമാകാനുള്ള യോഗ്യതകള്‍ അവന്‍ സ്വയം നിഷേധിക്കുകയാണ്. സ്വന്തം അച്ഛന്‍ മരിക്കുമ്പോള്‍, കുടുംബത്തലവനായി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍നിന്ന്‍ ഒഴിഞ്ഞുമാറുകയാണ്.
റാഖേലിന്‍റെ കാര്യത്തില്‍ യാക്കോബ് എന്നതു പോലെ, ജെന്നിയെയും കാത്തുള്ള മാര്‍ക്സിന്‍റെ ഏഴു വര്‍ഷങ്ങള്‍, ആവേശമാര്‍ന്ന പ്രേമലേഖനങ്ങളാലും, തീവ്രമായ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകളാലും, യൂണിവേര്‍‌സിറ്റി അവധിക്കാലത്ത് വല്ലപ്പോഴും ഒന്നിച്ചു കൂടാന്‍ കിട്ടുന്ന സമയത്താലും പരിപോഷിപ്പിക്കപ്പെട്ട, “അദ്ദേഹത്തിന് അവരോടുള്ള പ്രേമം മൂലം വെറും ദിവസങ്ങളായാണ് അദ്ദേഹത്തിനു തോന്നിയത്”.  1841ല്‍, ബോണില്‍ കാളിനെ കാണാന്‍ അകമ്പടിയില്ലാതെ പോയ ഒരവസരത്തില്‍, ജെന്നി ഉല്ലാസപൂര്‍വ്വം അവനു തന്‍റെ കന്യകാത്വം നഷ്ടപ്പെടുത്തി. വിവാഹപൂര്‍വ്വരതി നല്‍കുന്ന കുറ്റബോധമില്ലാത്ത ആഹ്ലാദത്തെക്കുറിച്ച് തിളക്കമുള്ള ഒരു തുറന്ന കത്തെഴുതാന്‍ ഈ സംഭവം പ്രേരണയായി. “എനിക്കൊരു പശ്ചാത്താപവും തോന്നുന്നില്ല...ഞാന്‍ ചെയ്തതെന്താണെന്ന്‍ എനിക്കു നന്നായറിയാം. ലോകം എന്നെ എങ്ങിനെ അപമാനിക്കുമെന്നുമറിയാം. എനിക്കറിയാം, എനിക്കറിയാം- എങ്കിലും ഞാന്‍ മതിമറയുന്നത്ര ആനന്ദത്തിലാണ്. ലോകത്തിലെ ഒരു നിധിക്കു മുമ്പിലും ആ മുഹൂര്‍ത്തത്തിന്‍റെ സ്മരണ ഞാന്‍ അടിയറ വെക്കില്ല.”
സപ്തവത്സര വിരഹം ജെന്നിക്ക് ഒരു പാടു കഷ്ടപ്പാടും സമ്മര്‍ദ്ദവും സമ്മാനിച്ചു. കാള്‍ ഒരു സ്വതന്ത്ര യുവാവായിരുന്നു. അവളുടെ ലോകത്തേക്കാള്‍ അതിവേഗത്തില്‍ വികസിക്കുന്ന അവന്‍റെ ലോകത്ത്, അവന്‍ ഏറെ തിരക്കുള്ളവനും, മാനസികമായി ഏറെ ഉത്തേജിതനുമായിരുന്നു. തുടര്‍ന്നു പഠിക്കാനും, ഒരു ജോലി നേടാനും അവള്‍ വല്ലാതെ കൊതിച്ചു. ചങ്ങാതിമാരുടെ വിവാഹങ്ങളില്‍ പങ്കെടുത്തും, അവരുടെ കന്നിശിശുക്കളുടെ പിറവിയില്‍ അനുമോടിച്ചും മടുത്തു, മുപ്പതോടടുക്കുന്ന, അവള്‍ അകലെയുള്ള തന്‍റെ കമിതാവിനു വേണ്ടി വിശ്വസ്തതയോടെ കാത്തിരുന്നു.
ഈ കാലഘട്ടത്തിലാണ്, 1842നവംബറില്‍, കാള്‍ മാര്‍ക്സും ഫ്രെഡ്രിക് ഏംഗല്‍സും ആദ്യമായി കണ്ടുമുട്ടുന്നത്. ബ്രസ്സല്‍സിലെ Rheinische Zeitung ന്‍റെ ആഫീസിലാണ് അവരുടെ ആദ്യ അഭിമുഖം നടന്നത്. അച്ഛനെ ധിക്കരിച്ച് ഏംഗല്‍സ് ബാര്‍മനിലെ ജോലി ഉപേക്ഷിച്ചതിനാല്‍ ഒരു പത്രപ്രവര്‍ത്തകനായി ഉപജീവനം നേടാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യത്തെ കൂടിക്കാഴ്ചയില്‍ രണ്ടു പേര്‍ക്കും പരസ്പരം മതിപ്പൊന്നും തോന്നിയില്ല. പക്ഷെ, തുടര്‍ന്നുള്ള മാസങ്ങളില്‍, സാമൂഹ്യ ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലുമുള്ള ഏംഗല്‍സിന്‍റെ പത്ര ലേഖനങ്ങളില്‍ കാളിനു താല്‍പ്പര്യവും മതിപ്പും വര്‍ദ്ധിച്ചു വന്നു. അവര്‍ക്കിടയില്‍ ഉടനുണ്ടാക്കാന്‍ പോകുന്ന തീവ്ര സൗഹൃദം മാര്‍ക്സിന്‍റെ ഏറ്റവുമിളയ മകളുടെ വളര്‍ച്ച രൂപപ്പെടുത്തുന്ന ഒരു ഘടകമാകുമെന്നു രണ്ടുപേര്‍ക്കും ഊഹിക്കാനേ കഴിയുമായിരുന്നില്ല. 

_______________________________________________________________

1.
‘ഇറ്റലിയുടെ ആത്മാവ്’ എന്നു വിളിക്കപ്പെട്ടിരുന്ന മസ്സീനി ഇറ്റലിയുടെ ഏകീകരണത്തിനും, സാമാന്യ ജനാധിപത്യത്തിനുമുള്ള വിപ്ലവ പ്രസ്ഥാനമായിരുന്ന Risorgimentoയുടെ റിപ്പബ്ലിക്കന്‍ നേതാവായിരുന്നു. ആദ്യം ജെനീവയിലേക്കും, പിന്നീട് മാഴ്സേയ്സിലേക്കും നാടുകടത്തപ്പെട്ട  മസ്സീനി 1831ല്‍ ‘യുവഇറ്റലി’ സ്ഥാപിച്ചു. ഇറ്റലിയെ ഏകീകരിക്കാനുദ്ദേശിച്ചുള്ള ജനകീയ കലാപങ്ങളുടെ പ്രചാരത്തിനായി സമര്‍പ്പിതമായ ഈ രഹസ്യ സംഘടന യൂറോപ്പാകമാനം  ഒരു റിപ്പബ്ലിക്കന്‍ വിപ്ലവ പ്രസ്ഥാനത്തിനുള്ള ഒരു തീപ്പൊരിയായി മാറി. 1834ല്‍ മസ്സീനിയും കിഴക്കും പടിഞ്ഞാറുമുള്ള യൂറോപ്പില്‍നിന്നുള്ള അഭയാര്‍ഥികളുടെ ഒരു സംഘവും ചേര്‍ന്ന്‍ ‘യുവയൂറോപ്പെ’ന്ന പുതിയൊരു അന്തര്‍ദ്ദേശീയ സംഘടനയുണ്ടാക്കി. 1830കളുടെ ഒടുവില്‍ മസ്സീനി ലണ്ടനിലായിരുന്നു. അവിടെ വെച്ച് അദ്ദേഹം, മറ്റു രാജ്യങ്ങളുടെ ഏകീകരണത്തിനും ജനായത്തവല്‍ക്കരണത്തിനുമായി, ‘യുവയൂറോപ്പി’ന് നിരവധി പോഷക സംഘടനകളുണ്ടാക്കി: ‘യുവ സ്വിറ്റ്സര്‍ലന്‍ഡ്’, ‘യുവപോളണ്ട്’, ‘യുവജര്‍മ്മനി’. ‘യുവതുര്‍ക്കികള്‍’ എന്ന പേരില്‍ സംഘടിച്ച തുര്‍ക്കി വിദ്യാര്‍ത്ഥികളുടെയും, സൈനിക വിദ്യാര്‍ത്ഥികളുടെയും ഒരു കൂട്ടായ്മക്ക് ഈ സംഘടന പില്‍ക്കാലത്ത് ഒരു മാതൃകയായി. മദ്ധ്യവര്‍ഗ്ഗ റിപ്പബ്ലിക്കനിസവും, പ്രബുദ്ധമായ രാഷ്ട്രനിര്‍മ്മാണവും, രാഷ്ട്രങ്ങളുടെ ഒരു ‘വിശ്വമൈത്രി’യും പൊക്കിപ്പിടിച്ച മസ്സീനി, ഇറ്റലിയുടെ വിമോചനത്തിന്‍റെയും ഏകീകരണത്തിന്‍റെയും യുക്ത്യനുസൃതമായ പൂരകമായി, യൂറോപ്പിലെ വിപ്ലവം ഒരു യൂറോപ്യന്‍ ഐക്യനാടായി പരിണമിക്കുമെന്ന് മുന്‍കൂട്ടി കണ്ടു.

                                                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...