2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

DUNNO 23

 ഡോ. പിൽമനും ഗ്രംപ്‌സും തടവു ചാടുന്നു 

ജോലിയിപ്പോൾ വേഗതയാർന്നു. വിവിധ നിലവറകളിലേക്കുള്ള പഴങ്ങളുമായ്  കാറുകൾ  അവിടെയുമിവിടെയുമായ്  പാറി നടന്നു. ആപ്പിളും പേരക്കയും ഒരു നേരം ഒന്നു വീതവും, മുന്തിരികൾ ഒരു നേരം അഞ്ചെന്ന തോതിലുമാണ് അവർ ഏറ്റിക്കൊണ്ടു പോയത്. യന്ത്രവൽക്കരണം പല മൈറ്റുകൾക്കും                   പണിയില്ലതാക്കി. എങ്കിലും, കയ്യും കെട്ടി കുത്തിയിരിക്കാതെ അവർ തെരുവിൽ രണ്ടു പെട്ടിക്കടകൾ തുറന്നു. അവയിലൊന്നിൽ സോഡയും സിറപ്പും കിട്ടും; മറ്റേ കടയിലാകട്ടെ അപ്പവും, അടയും, ബിസ്ക്കറ്റും, മിഠായിയും. ഒരു മിനിറ്റൊഴിവു കിട്ടുമ്പോൾ പഴം പെറുക്കുന്നവർക്ക് ലഘുഭക്ഷണത്തിനുള്ള സൗകര്യമായി. 

റോളിപോളി അപ്പക്കടയെ പൊറുതി മുട്ടിച്ചു; ട്രീക്ലിസ്വീറ്റർ                                സോഡാക്കടയെയും. അവരെ പിടിച്ചു മാറ്റുക വല്ലാത്ത പാടു തന്നെയായിരുന്നു. 

പൊടുന്നനെ, അപ്രതീക്ഷിതമായ ഒരു കാര്യമുണ്ടായി.

ദൂരത്തു നിന്നൊരു ബഹളം കേട്ട് മൈറ്റുകളെല്ലാം തലതിരിച്ചു നോക്കി. ഡോ. പിൽമൻ ഓടിപ്പോകുന്നതാണ് അവർ കണ്ടത്. അയാൾക്കു പിന്നാലെ തേന്മൊഴിയും ആസ്പത്രി ജീവനക്കാരും ഓടുന്നുണ്ടായിരുന്നു. ഡോ. പിൽമൻ നഗ്നനായിരുന്നുവെന്നു തന്നെ പറയാം; ദേഹത്ത് അടിവസ്ത്രവും, കണ്ണടയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു മരം അടുത്തു കണ്ടപ്പോൾ അയാൾ അതിൽ വലിഞ്ഞു കയറി. 

"ചാടിപ്പോയി എന്തുചെയ്യാനാടോ, രോഗീ?" തേന്മൊഴി അയാളോട് ബഹളം വെച്ചു.          

"ഇനി ഞാൻ നിങ്ങളുടെ രോഗിയല്ല," ആകാവുന്നത്ര  ഉയരത്തിലേക്ക് കയറാൻ ശ്രമിക്കേ, ഡോ. പിൽമൻ താഴേക്ക് വിളിച്ചു കൂവി. 

"ആണ്.നിങ്ങൾക്കിപ്പോഴും ആശുപത്രിയിൽ നിന്ന് വിടുതൽ കിട്ടിയിട്ടില്ല," തേന്മൊഴി പറഞ്ഞു.

"എനിക്ക് വിടുതൽ കിട്ടിയല്ലോ," ഡോ. പിൽമൻ പൊട്ടിച്ചിരിച്ചു. "ഞാനെനിക്ക് സ്വയം വിടുതൽ നൽകി," അതും പറഞ്ഞ് അയാൾ അവർക്കു നേരെ നാക്കു നീട്ടി.

"വൃത്തികെട്ടവൻ!" തേന്മൊഴി ഉച്ചത്തിൽ പറഞ്ഞു. "നിങ്ങൾക്ക് നിങ്ങളുടെ തുണി തിരിച്ചു തരുമെന്ന് വിചാരിക്കണ്ട."

"തിരിച്ചു തരാൻ ഞാൻ ആവശ്യപ്പെട്ടില്ലല്ലോ," ഡോ. പിൽമൻ പറഞ്ഞു.

"ജലദോഷം പിടിക്കുമെടോ."

"പിടിച്ചാലും ഞാൻ നിങ്ങളുടെ ആശുപത്രിയിലേക്കില്ല."

"നാണം കെട്ടവൻ!" തേന്മൊഴി ഒച്ചവെച്ചു. "ചികിൽസയെ ബഹുമാനിക്കാനറിയാത്ത ഒരു ഡോക്റ്റർ!"

ഉപ്പൂറ്റിയിലൊന്നു തിരിഞ്ഞ് അവൾ തലയുയർത്തിപ്പിടിച്ച് നടന്നു നീങ്ങി. ആസ്പത്രിജീവനക്കാരെല്ലാം അവളെ പിന്തുടർന്നു. 

അപകടം അകന്നയുടൻ ഡോ. പിൽമൻ താഴേക്കിറങ്ങി. 

ഇറങ്ങേണ്ട താമസം, പെൺമൈറ്റുകൾ അയാളെപ്പൊതിഞ്ഞ് തങ്ങളുടെ കരുതൽ വെളിപ്പെടുത്തി.

"തണുക്കുന്നില്ലേ?"അവർ ചോദിച്ചു. "ജലദോഷം പിടിക്കും. ഞങ്ങൾ കുറച്ച് ഉടുപ്പുകൾ കൊണ്ടുവന്നു തരട്ടെ?"

"തന്നോളൂ," ഡോ.പിൽമൻ പറഞ്ഞു.

ഫ്ലഫ്‌ വീട്ടിലേക്കോടി, വെള്ളയിൽ പച്ച വരകളുള്ള ഒരുടുപ്പുമായ് തിരിച്ചെത്തി. 

"എന്തായിത്?" കണ്ണു തുറിപ്പിച്ചു ഡോ. പിൽമൻ ചോദിച്ചു. "ഞാനീ ഉടുപ്പിടുമെന്ന് കരുതുന്നുണ്ടോ? എല്ലാവരും ഞാനൊരു പെൺകുട്ടിയാണെന്ന് വിചാരിക്കും."

"അതിനിപ്പോ എന്താ? പെണ്ണാകുന്നത് അത്ര മോശാ?"

"ഉവ്വല്ലോ."

"അതെന്താ അങ്ങനെ? അപ്പൊ, പെൺകുട്ടികൾ മോശമാണെന്നാണ് നിങ്ങളുടെ തോന്നൽ, അല്ലേ?"

"ഏ ,അതല്ല! നിങ്ങളൊക്കെ നല്ലവർ തന്നെ. പക്ഷേ ... ങും... ആൺകുട്ടികൾ മെച്ചപ്പെട്ടവരാണ്." ഡോ. പിൽമൻ വിക്കിപ്പറഞ്ഞു.

"എന്താണവർക്കിത്ര മെച്ചം. മനസ്സുണ്ടെങ്കിൽ ഒന്നു പറഞ്ഞു താ."

"മെച്ചം എന്നു പറഞ്ഞാൽ, ഇതാ, ഇപ്പൊ, ട്രിൽസിൻ്റെ  കാര്യമെടുക്കൂ. അവനൊരുഗ്രൻ സംഗീതകാരനാണ്. അവൻ ഓടക്കുഴൽ വായിക്കുന്നതൊന്ന് കേൾക്കണം."

"ഞങ്ങൾ കേട്ടിട്ടുണ്ട്. ഞങ്ങളിലൊരു പാടു പെൺകുട്ടികൾ വയലിൻ വായിക്കും."

"പിന്നെ, ആ ബ്ലോബ്സ്. അവൻ ഛായാപടങ്ങൾ വരക്കുന്നത് നിങ്ങളൊന്ന് കണ്ടു നോക്കൂ!"  

"കണ്ടിട്ടുണ്ട്. ബ്ലോബ്സ് മാത്രമാണ് നിങ്ങളുടെ കൂട്ടത്തിലെ ഏക കലാകാരൻ. ഞങ്ങളിലെല്ലാവർക്കും വരക്കാനും, വർണ്ണനൂലുകൊണ്ട് ചിത്രത്തുന്നൽ ചെയ്യാനും കഴിയും. എൻ്റെ മുന്നുടുപ്പിൽ കാണുന്ന ചുവന്ന              അണ്ണാനെപ്പോലൊന്ന് നിങ്ങൾക്ക് തുന്നിത്തരാമോ?"

"പറ്റില്ലെന്നേ പറയാൻ പറ്റൂ," ഡോ. പിൽമൻ കീഴടങ്ങി. 

"കണ്ടില്ലേ? ഞങ്ങളിലാർക്കും അണ്ണാനെയെന്നല്ല, മുയലിനെയും പൂമ്പാറ്റയെയും, എന്നുവേണ്ട, എന്തിനെയും തുന്നാനാകും."

"ശരി, നിങ്ങൾ പറഞ്ഞതു പോലെ ചെയ്തേക്കാം," കീഴടങ്ങിക്കൊണ്ട് ഡോ. പിൽമൻ  ഉടുപ്പ് കാലിനുമുകളിലൂടെ വലിച്ചുകേറ്റി.

ഉടുപ്പിട്ട ശേഷം എങ്ങനെയുണ്ടെന്ന് അറിയാൻ പിൽമൻ മുന്നിലേക്കും പിന്നിലേക്കും തിരിഞ്ഞും മറിഞ്ഞും നോക്കി. ഡന്നോ അട്ടഹാസം പോലെ പൊട്ടിച്ചിരിച്ചു. മറ്റുള്ള ആൺകുട്ടികളും പൊട്ടിച്ചിരിയിൽ പങ്കു ചേർന്നു.

"നാണമില്ലേ നിങ്ങൾക്ക്!" കിറ്റി ദേഷ്യപ്പെട്ട് പറഞ്ഞു. "ഇത്ര ചിരിക്കാൻ മാത്രം ഒന്നുമില്ലല്ലോ."

പക്ഷേ, അവർ ചിരി നിർത്തിയില്ല. അതു കണ്ട് പിൽമൻ ഉടുപ്പൂരിക്കളഞ്ഞു.

"അയ്യോ, ഊരാൻ പാടില്ല," പെൺകുട്ടികൾ ഉച്ചത്തിൽ പറഞ്ഞു.

"പാടുണ്ട്," പിൽമൻ തറപ്പിച്ചു പറഞ്ഞു. "വൈകാതെ എനിക്കെൻ്റെ സ്വന്തം ഉടുപ്പു കിട്ടും."

"തേന്മൊഴി നിങ്ങൾക്കവ തിരിച്ചുതരില്ല. അവർ കർക്കശക്കാരിയാണ്, അറിയാലോ."

പിൽമൻ നിഗൂഢമായ് ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു.

തേന്മൊഴിയും സഹായികളും ആശുപത്രിയിൽ തിരിച്ചെത്തിയപ്പോൾ ഗ്രംപ്‌സും സ്ഥലം വിട്ടതായിക്കണ്ടു; ധൃതിയിൽ അലമാര പരിശോധിച്ചപ്പോൾ രണ്ടു സെറ്റ് ഉടുപ്പുകളും കാണാതായിരിക്കുന്നുവെന്ന് കണ്ടു. അവിടെ ഷോട്ടിൻ്റെ ഉടുപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിൽമനിൻ്റെയും, ഗ്രംപ്സിൻ്റെയും ചാടിപ്പോകൽ ശ്രദ്ധാപൂർവ്വം ആസൂത്രിതമായിരുന്നുവെന്ന് അപ്പോഴാണ് വ്യക്തമായത്. ആസൂത്രണമനുസരിച്ച്, പിൽമൻ  തുണിയില്ലാതെ ജനലിലൂടെ ചാടണം. തേന്മൊഴിയും ആസ്പത്രിയിലെ സർവ്വ ജീവനക്കാരും പിൽമനു പിറകെ വച്ചുപിടിക്കുമെന്ന് ഗൂഢാലോചനക്കാർ ഊഹിച്ചിരുന്നു.  ആ അവസരം മുതലെടുത്ത് ഗ്രംപ്സിന് അലമാരയിൽനിന്ന് തൻ്റേയും പിൽമനിൻ്റേയും വസ്ത്രങ്ങളെടുത്ത്, ആരും തടുക്കുമെന്ന് പേടിക്കാതെ മുൻവശത്തുകൂടെ പുറത്തിറങ്ങാം. വള്ളിപുള്ളി തെറ്റാതെ ഈ ആസൂത്രണം നിർവ്വഹിക്കപ്പെട്ടു. 

പുറത്തെത്തിയപ്പോൾ, ഗ്രംപ്സ് ചില മുൾച്ചെടിയിലകൾക്കിടയിൽ  ഒളിച്ചിരുന്നു. തേന്മൊഴി അവനുവേണ്ടിയും ഉടുപ്പുകൾക്കു വേണ്ടിയും കുറേനേരം അന്വേഷിച്ചലഞ്ഞു. പക്ഷേ, അതു നിഷ്ഫലമായി.

മുൾച്ചെടിയിലകൾക്കിടയിൽ ഒളിച്ചിരിക്കുന്നത് അത്ര സുഖകരമായ കാര്യമായിരുന്നില്ലെങ്കിലും, സ്വതന്ത്രനായതിൽ ഗ്രംപ്സ് സന്തോഷംകൊണ്ട് മതിമറന്നു. സ്വച്ഛമായ നീലാകാശവും, പുതുപുത്തൻ പച്ചപ്പുല്ലും കണ്ട് അവനു മതിയായില്ല. അവൻ്റെ ചുണ്ടിൽ ഒരു പൂപ്പുഞ്ചിരി പരന്നു.  ആ ആശുപത്രിയിലേക്ക് തനിക്കിനിയും  പോകേണ്ടി വരില്ലെങ്കിൽ, താനിനിയൊരിക്കലും മുറുമുറുക്കില്ലെന്ന് അവൻ ആണയിട്ടു. 

തേന്മൊഴി ഒടുവിൽ അന്വേഷണം കയ്യൊഴിയുന്നത് അവൻ കണ്ടു. അവർക്കു പിറകിൽ ആശുപത്രി വാതിലുകൾ അടഞ്ഞയുടൻ, അവൻ തൻ്റെ മാളത്തിൽനിന്ന് പുറത്തേക്കിഴഞ്ഞിറങ്ങി, പിൽമനെ കണ്ടുപിടിക്കാൻ പുറപ്പെട്ടു.

അദ്ദേഹത്തെ കണ്ടപ്പോൾ അവൻ അദ്ദേഹത്തിൻ്റെ വസ്ത്രങ്ങൾ ഏൽപ്പിച്ചു. 

"ഇതാ, തുണികൾ, സഹനത്തിലെ സഹയാത്രികാ!" വസ്ത്രങ്ങൾ കൈമാറുമ്പോൾ അവൻ പറഞ്ഞു.

സ്നേഹിതനെ കഴുത്തിലൂടെ കൈ ചുറ്റി, പിൽമൻ ആലിംഗനം ചെയ്തു. ആശുപത്രിയിൽ വച്ച് അവർക്കു പരസ്പരം വല്ലാതെ ഇഷ്ടമായിക്കഴിഞ്ഞിരുന്നു. ഡോ. പിൽമൻ എടുപിടീന്ന് ഉടുപ്പണിഞ്ഞു. 

സ്കാറ്റർബ്രെയിനും, പ്രാപ്‌സും, ബെൻഡമും മറ്റു ആൺപിള്ളേരും ഗ്രംപ്സിനെ രക്ഷപ്പെട്ടതിൻ്റെ പേരിൽ അഭിനന്ദിച്ചു. അവനേറെ ഉല്ലാസവാനായിരിക്കുന്നതു കണ്ട് അവർ അത്ഭുതപ്പെട്ടു.

"ഇതാദ്യമായിട്ടാണ് ഗ്രംപ്സ് ഒന്നു ചിരിച്ചുകാണുന്നത്," റോളിപോളി പറഞ്ഞു.

പെൺകുട്ടികളും അവനെ വളയുകയുണ്ടായി.

"എന്താ നിൻ്റെ പേര്?" ഫ്ലഫ് ചോദിച്ചു.

"ഗ്രംപ്സ് "

"ഹേ, അതാവാൻ വഴിയില്ല. നീ ഞങ്ങളെ കളിപ്പിക്കുയല്ലേ!."  

"അല്ലല്ലോ. അങ്ങനെ തോന്നാൻ എന്താ കാര്യം."

"നിന്നെ കണ്ടാ മനുഷ്യപ്പറ്റുള്ളവനും മര്യാദക്കാരനുമെന്ന് തോന്നുന്നല്ലോ. ഇതു നിനക്കു പറ്റിയ പേരേയല്ല ."

ഗ്രംപ്സിൻ്റെ വായ ചെവിമുതൽ ചെവിവരെ നീണ്ടു.

"ആ പറ്റാത്ത പേരുള്ളവൻ ഞാൻ തന്നെയാണ്," അവൻ പറഞ്ഞു.

"മരത്തിൽക്കയറാൻ താൽപ്പര്യമുണ്ടോ?" 

"കയറുന്നത് സമ്മതമാണോ?"

"സമ്മതമല്ലാതെ, പിന്നെ ? ഞങ്ങളൊരു അറക്കവാൾ കൊണ്ടുത്തരാം. അപ്പൊ, നിനക്ക് ഞങ്ങളെ ജോലിയിൽ സഹായിക്കാൻ പറ്റും."

"ഒന്നെനിക്കും താ," ഡോ. പിൽമൻ പറഞ്ഞു.

"പെൺകുട്ടികളെക്കുറിച്ച് നിങ്ങൾക്ക് ചീത്ത അഭിപ്രായമല്ലേ; അതുകൊണ്ട് നിങ്ങൾക്കതിന് അർഹതയില്ല," കിറ്റി പറഞ്ഞു. "പക്ഷേ, ഞങ്ങൾ നിങ്ങളോടു പൊറുത്തേക്കാം. "

രണ്ട് അറക്കവാളുകൾ കൂടി വന്നുചേർന്നു. മറ്റുള്ളവർക്കൊപ്പം ഗ്രംപ്സും ഡോക്റ്ററും പണി തുടങ്ങി. 

ആശുപത്രിയിൽ അടച്ചുപൂട്ടിയിരിക്കുന്നതിനേക്കാൾ രസകരമാണ് മരം കയറാനെന്ന് ഗ്രംപ്സ് പറഞ്ഞു.

"കൂടുതൽ ആരോഗ്യകരവുമാണ്," ഡോ. പിൽമൻ കൂട്ടിച്ചർത്തു.

ഉയരം കൂടുന്തോറും വായു കൂടുതൽ ശുദ്ധമായിരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. അതിനാൽ, ഗ്രംപ്സ് മരത്തിൻ്റെ ഉച്ചി വരെ കയറി.

*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...