2020, ഡിസംബർ 7, തിങ്കളാഴ്‌ച

dunno 29 cont'd

 നൂറുകണക്കിന് വർണ്ണറാന്തലുകൾ തെളിഞ്ഞു. മരങ്ങളിലും പന്തലുകളിലും അവ തിളങ്ങി വിളങ്ങി. മരങ്ങൾക്കു കീഴെയുള്ള പുല്ലുകളിലും അവിടെയുമിവിടെയുമായ് അവ ഒളിച്ചിരിപ്പുണ്ടായിരുന്നു. പുല്ലുകൾ ഏതോ നിഗൂഢമായ പ്രകാശത്താൽ പരിവേഷിതമായതുപോലെ തോന്നി. വാദ്യോപകരണത്തട്ടിൻ്റെ കീഴ്ഭാഗം മനോഹരമായ ഒരു നീലത്തിരശ്ശീല കൊണ്ടു മറച്ചിരുന്നു.  പൊടുന്നനെ ആ തിരശ്ശീല നീങ്ങി; ഒരു രംഗവേദി പ്രത്യക്ഷമായി. 

ബ്ലോസം എന്ന കവയിത്രി വേദിയിൽ വന്നു വിളിച്ചു പറഞ്ഞു: "എല്ലാവരും ഒന്ന് മിണ്ടാതിരിക്കൂ. കച്ചേരി ആരംഭിക്കുകയായി. ഒന്നു മൗനമായിരിക്കൂ."

മൈറ്റുകൾ വേദിക്ക് മുമ്പിലെ ബെഞ്ചുകളിൽ ഇരുന്നു; കച്ചേരിക്കായി കാത്തുനിന്നു. 

"മിണ്ടാതെ," ബ്ലോസം വീണ്ടും വിളിച്ചു കൂവി. "പരിപാടിയിലെ ആദ്യത്തെ ഇനം എൻ്റേതാണ്. ഞാനെൻ്റെ ഏറ്റവും പുതിയ കവിത വായിക്കുന്നതാണ്. സൗഹൃദത്തെക്കുറിച്ചാണ് കവിത."

മൈറ്റുകൾ കരഘോഷം മുഴക്കി. കയ്യടി നിലച്ചപ്പോൾ ട്രിൽസ് തൻ്റെ കുറുവടി ഉയർത്തി. സംഗീതോപകരണങ്ങൾ ഉണർന്നു. സംഗീതത്തിനൊപ്പം ബ്ലോസം തൻ്റെ കവിത ആലപിച്ചു. അവളെഴുതിയ മറ്റു കവിതകളെപ്പോലെതന്നെ നന്നായിരുന്ന ആ കവിത ഇങ്ങനെ അവസാനിച്ചു: "സൗഹൃദമാണ് സന്തോഷത്തിനാസ്പദം. നാമെന്നും നല്ല സുഹൃത്തുക്കളായിരിക്കണം." എല്ലാവർക്കും കവിത ഇഷ്ടമായി. 

അതു കഴിഞ്ഞ് ചില നൃത്തങ്ങൾ അരങ്ങേറി. നാടകൾ കൊണ്ടലങ്കരിച്ച വിവിധ നിറങ്ങളിലുള്ള നേരിയ ഫ്രോക്കുകളിട്ട പന്ത്രണ്ടു പെൺകുട്ടികൾ നിരവധി നൃത്തങ്ങൾ അവതരിപ്പിച്ചു. അതിലേറ്റവും ജനപ്രീതി നേടിയത് 'മധുരമുള്ളങ്കി' നൃത്തമായിരുന്നു. കരഘോഷം മുഴക്കിയ പ്രേക്ഷകർ അതു 'വീണ്ടും' വേണമെന്നാവശ്യപ്പെട്ടതിനാൽ, അതു രണ്ടുവട്ടം കൂടി  അരങ്ങേറി. അതു കഴിഞ്ഞ്, പട്ടം പട്ടണത്തിലെ ആൺമൈറ്റുകളുടെ ഒരു ഗായകസംഘം ചില പാട്ടുകൾ പാടി. അവരുടെ പാട്ടുകൾ തീർന്നയുടനെ ട്രിൽസ് വേദിയിലേക്ക് കയറി വിളിച്ചു പറഞ്ഞു: "വരിക, വരിക ചങ്ങാതിമാരേ, വേദിയിലേക്കു വരിക."

ഡുനോയും, സ്വിഫ്റ്റിയും, ഡോ. പിൽമനും, ഡുനോയുടെ മറ്റു മിത്രങ്ങളും വേദിയിലേക്കു കുതിച്ചു. 

"എല്ലാവരുമൊന്ന് ശ്രദ്ധിക്കുക!" ട്രിൽസ് വിളിച്ചു പറഞ്ഞു. "ഇനി നിങ്ങൾ കേൾക്കാൻ പോകുന്നത് പൂമ്പട്ടണത്തിലെ ഗായകസംഘത്തെയാണ്."

അവൻ തൻ്റെ പുല്ലാങ്കുഴൽ വായിക്കാൻ തുടങ്ങി. പൂമ്പട്ടണത്തിലെ ആൺ കുട്ടികളെല്ലാം പോസി എഴുതിയ പച്ചത്തുള്ളനെക്കുറിച്ചുള്ള ഒരു പാട്ടു പാടി:

"നീലച്ചിറകുള്ള, മഞ്ഞക്കണ്ണുള്ള പച്ചത്തുള്ളൻ                                                                   ഒരു പുൽക്കൊടിമേലെ  പാറി വീണു.                                                                     അവനോ ആ പുൽക്കൊടിതിന്നില്ല;                                                                               സ്വന്തം ചങ്ങാതി വണ്ടിനെ തടഞ്ഞില്ല;                                                                      ശലഭത്തെയൊന്നിനേം തൊട്ടില്ല;                                                                                                ഒരു ശലഭത്തെയും തൊട്ടില്ല.  

അപ്പോഴതായൊരു മരത്തവള                                                                                അവിടേക്കു തുള്ളിത്തുള്ളി വന്നു.                                                                              ആർത്തിപിടിച്ചൊരാ ജന്തു തിന്നു                                                                                                വണ്ടിൻ്റെ സ്വന്തം ചങ്ങാതിയെ;                                                                                        വണ്ടിൻ്റെ പൊന്നു ചങ്ങാതിയെ. 

നല്ല പെരുമാറ്റമുള്ളൊരാൾക്ക്                                                                                                   ഇത്തരമന്ത്യമുചിതമാണോ?                                                                                 ഇത്തരമന്ത്യമുചിതമാണോ?" 

പാടിയവർ തന്നെ വല്ലാതെ കരഞ്ഞുപോകുന്നത്ര സങ്കടമുള്ള പാട്ടായിരുന്നൂ അത്. ആർത്തി പിടിച്ച മരത്തവള തിന്ന പാവം പച്ചത്തുള്ളനെയോർത്ത് അവർ ഖേദിച്ചു. എല്ലാ കവിളുകളിലൂടെയും കണ്ണീർ ധാരയായ് ഒഴുകി. 

"എത്ര നല്ലൊരു പച്ചത്തുള്ളനായിരുന്നു!" സ്കാറ്റർബ്രെയിനിന് തൊണ്ടയിടറി. 

"ഒരീച്ചയെപ്പോലും തൊട്ടിരുന്നില്ല; വണ്ടിൻ്റെ ചങ്ങാതിയുമായിരുന്നു!" സ്വിഫ്റ്റി വിതുമ്പി.

"എന്നിട്ടൊടുവിലോ, ഒരു മരത്തവളക്കിരയായി," ബെൻഡം തേങ്ങി. 

സംഗതി സ്പർശിക്കാതിരുന്ന ഒരേയൊരാൾ ഡുനോ ആയിരുന്നു.

"കരയാതെ, കൂട്ടുകാരേ," അവൻ സമാശ്വസിപ്പിച്ചു. "മരത്തവള ശരിക്കും തിന്നത് പച്ചത്തുള്ളനെയല്ല, ഈച്ചയെയാണ്. സത്യമായിട്ടും."

"അങ്ങനെയെങ്കിൽ ഈച്ചയെയോർത്ത് ഞാൻ ഖേദിക്കുന്നു," ബെൻഡം കരഞ്ഞു.

"ഒരീച്ചയെയോർത്ത് നീയെന്തിന് ഖേദിക്കണം? പൊതുവേ ശല്യക്കാരനും വ്യാധി പരത്തുന്നവനുമാണ് ഈച്ച. ഒരീച്ചയെ ഓർത്ത് കരയുക മണ്ടത്തരം തന്നെ."

"ഈച്ചയെ ഓർത്തല്ല ഞാൻ കരയുന്നത്," ഗ്രംപ്സ് പറഞ്ഞു. "നാട്ടിൽ നമ്മൾ പാടിനടന്നത് ആ പാട്ടോർമ്മിപ്പിച്ചതുകൊണ്ടാണ്."

തീരെ പ്രതീക്ഷിക്കാതെ ഡന്നോ ഉച്ചത്തിൽ തേങ്ങിക്കരഞ്ഞു. മറ്റെല്ലാവരും കരച്ചിൽ നിർത്തി അവനെ ആശ്വസിപ്പിക്കാൻ തുനിഞ്ഞു. പ്രശ്നമെന്തെന്ന് പറയാൻ അവരെല്ലാവരും അവനോട് യാചിച്ചു. ഒടുവിലവൻ വിക്കി വിക്കി പറഞ്ഞു:

"എനിക്ക് ... എനിക്ക് ... ഗങ്കിയെ കാണണം."

"എങ്ങനെയിരിക്കുന്നൂ?" എല്ലാവരും അത്ഭുതപ്പെട്ടു. "ഗങ്കിയെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതിരുന്ന ഇവനിപ്പോ അവനു വേണ്ടി കരയുന്നു."

"എനിക്കൊരു ചിന്തയുമില്ല, അല്ലെ?" ഡന്നോ പരിഭവിച്ചു. "ഞാനിവിടെയും ഗങ്കിയവിടെയുമായിരിക്കുന്നത്  ഭംഗിയാണെന്നാണോ കരുതുന്നത്?"

"നീയില്ലാതെ ഗങ്കി ചാകത്തൊന്നുമില്ല," സ്വിഫ്റ്റി പറഞ്ഞു. 

"എനിക്കവനില്ലാതെ എത്ര വിഷമമുണ്ടോ അത്ര വിഷമം അവനുമുണ്ട്. എൻ്റെ ഉറ്റ ചങ്ങാതിയാണവൻ. ഞാൻ പോന്നപ്പോൾ എനിക്കവനോട് യാത്രപറയാൻ പോലും  പറ്റിയിരുന്നില്ല."

"എന്തേ യാത്ര പറഞ്ഞില്ലാ?"

"ഞാനവനോട് വഴിക്കിട്ടിരുന്നു. അതു കൊണ്ട് യാത്ര പറഞ്ഞില്ല. നമ്മൾ യാത്രയപ്പോൾ അവൻ എന്നെത്തന്നെ നോക്കികൈവീശിക്കൊണ്ടിരുന്നു.  ഞാനോ, കരുതിക്കൂട്ടി തലതിരിച്ചു. അവനു നേരെ നോക്കിയതേയില്ല. ബലൂണിൽ പോകുന്നതിലുള്ള അഹങ്കാരമായിരുന്നൂ എനിക്ക്. ഇപ്പൊ എന്നെ എൻ്റെ അത് , എന്താ അത്, വേദനിപ്പിക്കുന്നു."

"മന:സാക്ഷി?" ഡോ. പിൽമൻ അവൻ്റെ സഹായത്തിനെത്തി. 

"അതന്നെ --- മന:സാക്ഷി. അവനോട് യാത്ര പറഞ്ഞിരുന്നെങ്കിൽ, എനിക്കു സമാധാനമായിരുന്നേനെ. നമുക്ക് വീട്ടിലേക്ക് മടങ്ങാം. ഗങ്കിയോടെല്ലാം പറഞ്ഞു തീർത്ത് അവനോട് ഗുഡ് ബൈ പറയാം."

"വീട്ടിലേക്കു മടങ്ങിയാൽ അവനോട് ഗുഡ് ബൈയല്ല,  ഹലോയാണ് പറയേണ്ടി വരിക," ഡുനോ പറഞ്ഞു. 

"ആദ്യം ഗുഡ് ബൈ. പിന്നെ. ഹലോ. അപ്പൊ കാര്യങ്ങളൊക്കെ ശരിയാകും." 

"വീട്ടിലേക്കു മടങ്ങേണ്ടി വരുമെന്നാണ് തോന്നുന്നത്, കൂട്ടുകാരേ," ട്രിൽസ് പറഞ്ഞു. "ഡന്നോയ്ക്ക് ഗൃഹാതുരത്വം പിടിപെട്ടിരിക്കുന്നു."

"ഞാനും നാട്ടിലേക്ക് മടങ്ങാൻ ഏറെ വൈകിയിരിക്കുന്നു," ഡോ. പിൽമൻ പറഞ്ഞു. "ഞാനില്ലാതിരിക്കേ പൂമ്പട്ടണത്തിൽ ആർക്കെങ്കിലും രോഗമുണ്ടായാലോ?"

"ഏതു ശുഭകാര്യവും ഒരിക്കലവസാനിക്കണമല്ലൊ ," ഡുനോ പറഞ്ഞു. "എപ്പോഴായാലും വീട്ടിലേക്ക് പോയല്ലേ പറ്റൂ. അപ്പൊ, അതു നാളെത്തന്നെയാകട്ടെ."

നൃത്തവിരുന്നിനൊടുവിൽ ധാന്യമണി ഡന്നോയെ സമീപിച്ചു. 

"അപ്പൊ നിങ്ങൾ പോവുകയാണല്ലേ?" അവൾ സങ്കടത്തോടെ ചോദിച്ചു. 

"ഉവ്വ്. പോകാൻ കാലമായി."

"നിങ്ങൾ വന്നിട്ട് അധികനാളായില്ല."

"എനിക്കും കൂടുതൽ നാളുകൾ ഇവിടെ നിൽക്കണമെന്നുണ്ട്. പക്ഷേ, എനിക്കും വീട്ടിൽ പോകണമെന്നുണ്ട്," അവൻ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു. 

ഒരു നിമിഷം ധാന്യമണി ഒന്നും പറഞ്ഞില്ല. 

"നിങ്ങൾക്ക് വീട്ടിൽപ്പോകാൻ കാലമായെന്നത് ശരി തന്നെ, " അവൾ ഒടുവിലൊരു നിശ്വാസമുതിർത്തു. "നിങ്ങളുടെ ചങ്ങാതിമാർക്ക് നിങ്ങളെക്കുറിച്ച് ആധിയുണ്ടാകും. നിങ്ങൾ നിങ്ങളുടെ ചങ്ങാതിമാരെ മറക്കാതിരിക്കുന്നത് ഒരു നല്ല കാര്യം തന്നെ."

രണ്ടുപേരും പിന്നെ മിണ്ടാതായി. ഡന്നോവിന് ചിലത് പറയാനുണ്ടായിരുന്നു. പക്ഷേ, വാക്കുകൾ അവൻ്റെ തൊണ്ടയിൽ കുരുങ്ങി. അവൻ മടമ്പു കൊണ്ട് മണ്ണിൽ കുഴിച്ചു; ധാന്യമണിയെ നോക്കാൻ കെൽപ്പില്ലാതെ കണ്ണുകൾ നിലത്തുറപ്പിച്ചു. അവൻ്റെ കണ്ണുകളിലെ കണ്ണുനീർ അവൾ കാണുമെന്ന് അവൻ ഭയന്നു. ഒടുവിൽ അവൻ തലയുയർത്തി. അവരുടെ കണ്ണുകൾ പരസ്പരം സന്ധിച്ചു. 

"നിനക്ക് ഞാനൊരു സഞ്ചിയുണ്ടാക്കി തന്നാലോ?" അവൾ ചോദിച്ചു.

"ഉണ്ടാക്കൂ."

അടുത്ത ദിവസം ഡുനോയും ചങ്ങാതിമാരും യാത്രയായി. നടന്നുപോകാനാണ് അവർ തീരുമാനിച്ചത്. ബലൂൺ പൊട്ടിപ്പോയിരുന്നല്ലോ. അതു നേരെയാക്കുക കഠിനമായിരുന്നേനെ. പോരാത്തതിന്, കാറ്റും അവർക്കെതിരായിരുന്നു. വടക്കുനോക്കി യന്ത്രവുമായി ഡുനോ മുന്നിൽ നടന്നു. അവനു പിറകിൽ ഡോ. പിൽമൻ. അദ്ദേഹത്തിനു പിറകിൽ ബെൻഡമും, ട്വിസ്റ്റമും മറ്റുള്ളവരും. ഏറ്റവുമൊടുവിൽ ഡന്നോ. 

അവരുടെയെല്ലാം ചുമലുകളിൽ ഗ്രീൻവില്ലിലെ പെൺകുട്ടികൾ ഉണ്ടാക്കിയ സഞ്ചികളുണ്ടായിരുന്നു. അവയിൽ പാഥേയമായി ബണ്ണുകൾ ഉണ്ടായിരുന്നു; ഒപ്പം, പൂമ്പട്ടണത്തിൽ  കിട്ടാത്ത പൂക്കളുടെയും, പച്ചക്കറികളുടെയും, പഴങ്ങളുടെയും  വിത്തുകളും. ട്രീക്ലി സ്വീറ്റർ തൻ്റെ ഓരോ കീശയിലും ഓരോ തണ്ണിമത്തൻ വിത്തു വീതം കരുതിയിരുന്നു. 

ഗ്രീൻവില്ലിലെ എല്ലാ പെൺകുട്ടികളും അവരെ യാത്രയയക്കാനെത്തിയിരുന്നു. അവരിൽ പലരും കരയുകയായിരുന്നു. 

"കരയരുത്," ഡുനോ പറഞ്ഞു. "ഇനിയൊരു ദിവസം ഞങ്ങൾ മറ്റൊരു ബലൂണുണ്ടാക്കി നിങ്ങളെ കാണാൻ തിരികെ വരും."

"വസന്തത്തിൽ വരണം; ആപ്പിൾ മരങ്ങൾ പൂക്കുമ്പോൾ," പെൺകുട്ടികൾ വിളിച്ചു പറഞ്ഞു. "വസന്തത്തിൽ ഇവിടം മനോഹരമാണ്."

പട്ടണത്തിൻ്റെ അതിരിലെത്തിയപ്പോൾ പെൺകുട്ടികൾ നിന്നു. ഉയരമുള്ള          പുല്ലുകളുടെയും കാട്ടുപൂക്കളുടെയും ഇടയിലൂടെ വളഞ്ഞു പോകുന്ന വഴിയിലൂടെ ആൺകുട്ടികൾ യാത്ര തുടർന്നു. 

"ഗുഡ് ബൈ, ഗുഡ് ബൈ!" പെൺമൈറ്റുകൾ കൈവീശി വിളിച്ചു പറഞ്ഞു. 

"ഗുഡ് ബൈ!" ആൺമൈറ്റുകൾ തിരിച്ചു പറഞ്ഞു. 

ധാന്യമണിയാകട്ടെ ഒച്ചയില്ലാതെ കൈവീശുകയായിരുന്നു. താമസിയാതെ ആൺമൈറ്റുകൾ അതിദൂരത്തായി. ഗ്രീൻവില്ലിലെ തങ്ങളുടെ ചങ്ങാതിമാരുടെ സ്വരം അവർക്ക് കേൾക്കാതായി. 

"ഡന്നോ! ഡന്നോ!" പൊടുന്നനെ ധാന്യമണി വിളിച്ചു. 

ഡന്നോ തിരിഞ്ഞു നിന്നു. 

"എഴുതാൻ മറക്കല്ലേ!"

ഡന്നോ തലകുലുക്കി; തൻ്റെ തൊപ്പി വീശി.

"ഓ, അവനെന്നെ കേട്ടിരിക്കുന്നൂ ," ധാന്യമണി സന്തോഷത്തോടെ വിളിച്ചുപറഞ്ഞു. 

വിളംബം വിനാ യാത്രികർ ഭൂപ്രദേശത്ത് വെറും പൊട്ടുകളായ് മാറി. പിന്നീടവർ റോഡിലെ ഒരു വളവു തിരിഞ്ഞ് അപ്രത്യക്ഷരായി. എല്ലാവർക്കും വലിയ സങ്കടമായി. 

*****

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...