2020, ഡിസംബർ 9, ബുധനാഴ്‌ച

dunno 30

  സ്വദേശത്ത് 

ഡുനോയും കൂട്ടുകാരും ദിവസങ്ങളോളം മൈതാനങ്ങളിലൂടെയും കാടുകളിലൂടയും നടന്ന്, ഒടുവിൽ തങ്ങൾക്ക് പരിചിതമായ ദേശത്തെത്തി. ഒരു നാൾ അവരൊരു കുന്നിൻ മുകളിൽ കയറിനിന്നപ്പോൾ, അവർക്കു താഴെ പൂമ്പട്ടണം അതിൻ്റെ എല്ലാ വശ്യതയോടെയും നീണ്ടു നിവർന്നു കിടക്കുന്നതു കാണായി. 

ഗ്രീഷമം അവസാനിക്കുന്ന കാലമായിരുന്നു. എല്ലാത്തരത്തിലുമുള്ള പൂക്കൾ വിടർന്നു നിൽപ്പുണ്ടായിരുന്നു ... ക്രിസാന്തിമങ്ങൾ, ചുകപ്പു ദാലിയകൾ, വിവിധ വർണ്ണങ്ങളിലുള്ള മുക്കുറ്റിപ്പൂക്കൾ. തിളക്കമാർന്ന ഈയ്യാംപാറ്റകളെപ്പോലെ പഞ്ഞിപ്പൂക്കൾ തത്തിക്കളിക്കുന്നുണ്ടായിരുന്നു. തീജ്വാലകൾ പോലുള്ള വള്ളികൾ വേലികളിലും, മതിലുകളിലും, വീടുകളുടെ മേൽക്കൂരകളിൽപ്പോലും പടർന്നു കയറുന്നുണ്ടായിരുന്നു. കാറ്റാകട്ടെ, വാസനപ്പൂക്കളുടെ മധുരഗന്ധം കൊണ്ട് നിറഞ്ഞിരുന്നു. 

ഡുനോയും കൂട്ടുകാരും ആനന്ദത്താൽ കൈ ചുഴറ്റി. താമസം വിനാ അവർ സ്വദേശത്തെ തെരുവകളിലൂടെ നടക്കാൻ തുടങ്ങി. പര്യവേക്ഷകരെ ഒന്നു കാണാൻ എല്ലാ വീടുകളിൽനിന്നും മൈറ്റുകൾ പുറത്തേക്കിറങ്ങി. വെയിലുകൊണ്ട് ആകെ കറുത്തിരുന്നതിനാൽ ഡുനോയെയും കൂട്ടുകാരെയും ആദ്യമാരും തിരിച്ചറിഞ്ഞില്ല. ഒടുവിലൊരാൾ വിളിച്ചു കൂവി: "ഇതു നമ്മുടെ ഡുനോയല്ലേ, ചങാതികളേ! നോക്കൂ, മുമ്പിൽ നടക്കുന്നതവനല്ലേ!"

അതിനു പിറകേ, നാനാവശത്തുനിന്നും വിളിച്ചു പറയുന്നത് കേൾക്കായി: "അതാ, ഡോ. പിൽമൻ! കൂടെ ഷോട്ടും, സ്കാറ്റർബ്രെയിനും, റോളിപോളിയും!" "ബലേഭേഷ്!" പൂമ്പട്ടണത്തിലെ മൈറ്റുകൾ ആനന്ദം കൊണ്ട് ആക്രോശിച്ചു. 

ഡുനോയും കൂട്ടരും നീലമണിത്തെരുവിലെത്തിയപ്പോഴാണ് ആവേശം അതിൻ്റെ അതിരു ഭേദിച്ചത്. അവിടെ എല്ലാവർക്കും അവരെ അറിയാം; ഒന്നുകിൽ ഒരു സുഹൃത്തായി, അതല്ലെങ്കിൽ ഒരു അയൽക്കാരനായി. ആൾക്കൂട്ടത്തെ ഒഴിവാക്കി തെരുവിലൂടെ കടന്നുപോവുക അസാദ്ധ്യമായി. ധീരപര്യവേക്ഷകരെ ആൺമൈറ്റുകൾ കെട്ടിപ്പിടിച്ചുമ്മവച്ചു. പെൺമൈറ്റുകൾ വീഥിയിൽ പൂവിതളുകൾ വിതറി. പൊടുന്നനെ, ഒരു കുഞ്ഞുനായ ഓടിയെത്തി, ഷോട്ടിനു ചുറ്റും തുള്ളിയും കുരച്ചും അയാളുടെ കൈകൾ നക്കി.

"ഡോട്ട്!" ആനന്ദതുന്ദിലനായ നായാട്ടുകാരൻ വിളിച്ചു കൂവി. "നോക്കൂ, ചങ്ങാതിമാരേ, എൻ്റെ ഡോട്ട്!"

ബലൂൺ യാത്രയായതിനു ശേഷം ചില ദിവസങ്ങൾ കഴിഞ്ഞ് ഡോട്ട് വീട്ടിലേക്കു മടങ്ങി വന്നെന്ന് ചില അയൽക്കാർ പറഞ്ഞു. അതുകൊണ്ട് പര്യവേക്ഷകരെല്ലാം മരിച്ചിരിക്കുമെന്ന് അനുമാനിക്കപ്പെട്ടു.   ഇനിയൊരിക്കലും അവരെ വീണ്ടും കാണാൻ കഴിയുമെന്ന് അവർ വിചാരിച്ചിരുന്നില്ല.

"എൻ്റെ അനുഗൃഹീതനായ ശുനകക്കുട്ടീ!" അയാൾ പറഞ്ഞു. "നിന്നെ ഞാൻ എത്രയെത്ര ഓർത്തെന്ന് നിയറിഞ്ഞിരുന്നെങ്കിൽ!"

തെരുവിൻ്റെ മറ്റൊരറ്റത്ത് കവി പോസിയുടെ നേതൃത്വത്തിൽ മറ്റൊരു കൂട്ടം മൈറ്റുകൾ പ്രത്യക്ഷപ്പെട്ടു: "കവിത!"എല്ലാവരും ഉച്ചത്തിലാവശ്യപ്പെട്ടു. "ഇപ്പൊ നമുക്കൊരു കവിത കേൾക്കണം!"                                                                           പെൺമൈറ്റുകൾ കയ്യടിച്ചു. ആൺമൈറ്റുകൾ ഒരു കാലിവീപ്പക്കു വേണ്ടി ഓടി നടന്നു. അവരത്‌ തെരുവിനു നടുവിൽ കുത്തനെ നിർത്തി.                        "വീപ്പമേൽ കയറിയൊരു കവിത ചൊല്ലുക പോസി," ആരോ വിളിച്ചു പറഞ്ഞു. ആരൊക്കെയോ കൂടി പോസിയെ വീപ്പക്കുമുകളിൽ കൈപിടിച്ച് കയറ്റി. ഒരു നിമിഷം അയാൾ ചിന്തയിലാണ്ടു; പിന്നീട് മുരടനക്കി, ഡുനോയ്ക്കും കൂട്ടുകാർക്കും നേരെ കൈകൾ നീട്ടി, വികാരഭരിതമായ സ്വരത്തിൽ ആ നിമിഷം കെട്ടിയ കവിത ചൊല്ലി:

"അവരൊരു ബലൂണിലേറിപ്പോയി/ ചന്ദ്രനുമുയരെപ്പോയി/ എന്നാലവരോ താമസിയാതെ/ ബലൂണില്ലാതെ തിരികെ വന്നു."

"ബലേഭേഷ്!" എല്ലാവരും ആനന്ദം കൊണ്ട് ആർത്തു വിളിച്ചു. ഉടൻതന്നെ ആൺമൈറ്റുകൾ പോസിയെ വീപ്പയിൽനിന്ന് പിടിച്ചിറക്കി, തങ്ങളുടെ ചുമലിലേറ്റി അയാളുടെ വീട്ടിലെത്തിച്ചു. പെൺമൈറ്റുകളാകട്ടെ, അയാൾക്കു നേരെ പൂവിതളുകൾ വാരിവിതറിക്കൊണ്ട് പിന്നാലെയോടി. 

ആ മഹത്തായ പര്യവേക്ഷണത്തിലെ ഒരംഗത്തിന് എത്ര ഖ്യാതിയുണ്ടായോ അത്രയും പ്രശസ്തി പോസി തൻ്റെ കവിത കൊണ്ട് നേടി.

നമ്മുടെ ധീരരായ പര്യവേക്ഷകർ ഗേയ്റ്റ് തുറന്ന് അവരവരുടെ അത്രയും കാലം കാലിയായിരുന്ന വീടുകളിലേക്ക് പ്രവേശിച്ചു. ഡന്നോ അവർക്കൊപ്പം ചേർന്നില്ല. അവൻ തെരുവിൽത്തന്നെ നിലയുറപ്പിച്ചു. അപ്രത്യക്ഷമാകുന്ന ആൾക്കൂട്ടത്തെ സങ്കടത്തോടെ നോക്കിക്കൊണ്ട് അവൻ ആർക്കോവേണ്ടി തിരഞ്ഞു. കണ്ണെത്തുന്നിടത്തൊന്നും ആരുമുണ്ടായിരുന്നില്ല. എല്ലാവരെയും കാറ്റ് അടിച്ചുകൊണ്ടുപോയതുപോലെ തോന്നി. 

ഡന്നോയുടെ കണ്ണുകളിൽ കൂടുതൽ സങ്കടകരമായൊരു ഭാവം കലർന്നു. അപ്പോഴാണവൻ വേലിയുടെ നിഴലിൽ, ചുണ്ടുകൾ പിളർത്തി, വിടർന്നകണ്ണുകളോടെ ആരോ നിൽക്കുന്നതായി കണ്ടത്.

"ഗങ്കീ!" ഡന്നോ കൈകൾ നീട്ടിക്കൊണ്ട് ആർത്തു വിളിച്ചു.  ഗങ്കി ആനന്ദത്താൽ ചൂളം വിളിച്ചു; അവനെക്കാണാൻ ഓടിവന്ന ഡന്നോയെ ചെന്നിടിച്ചു. അവരുടെ നെറ്റികൾ തമ്മിൽ കൂട്ടിമുട്ടിയില്ലാ എന്നേയുള്ളൂ. ഇപ്പോൾ പ്രശസ്തനായ പര്യവേക്ഷകനായിരിക്കുന്ന തൻ്റെ ചങ്ങാതിയെ നോക്കിയപ്പോൾ ഗങ്കിയുടെ കണ്ണുകളിൽ സ്നേഹവും അഭിമാനവുമായിരുന്നു. ഡന്നോ കുറ്റബോധം നിറഞ്ഞ ഒരു ചെറു  പുഞ്ചിരിയേകി. കുറച്ചു നേരം രണ്ടുപേരും വികാരാധീനപ്പെട്ട് ഒന്നും മിണ്ടാതെ അങ്ങനെ നിന്നു. പിന്നീടവർ വീണ്ടും പരസ്പരം ആലിംഗനം ചെയ്തു; ആനന്ദക്കണ്ണീരൊഴുക്കി. 

അങ്ങനെ ഡന്നോയുടെയും കൂട്ടുകാരുടെയും അസാധാരണ സാഹസകൃത്യത്തിന് അന്ത്യമായി. പൂമ്പട്ടണത്തിലെ ജീവിതം പഴയ പടിയായി ... എങ്കിലും ശരിക്കും പഴയപടിയെന്ന് പറഞ്ഞുകൂടാ. 

അക്കാലം മുതൽ പൂമ്പട്ടണത്തിലെ മൈറ്റുകൾക്ക് ബലൂൺ യാത്രയെക്കുറിച്ചു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ആൺമൈറ്റുകളും പെൺമൈറ്റുകളും എന്നും വൈകുന്നേരം ഗ്രീൻവില്ലിലെ കഥകളറിയാൻ ഡുനോയുടെ വീട്ടിൽ വരുമായിരുന്നു. 

അവിടത്തെ പെൺകുട്ടികൾ തന്നെ തീറ്റിയ സ്വാദിഷ്ടമായ അപ്പങ്ങളുടെയും, അടകളുടെയും കഥകളാണ് റോളിപോളിക്ക് പറയാനുണ്ടായിരുന്നത്. ട്രീക്ലി സ്വീറ്ററാകട്ടെ താൻ കുടിച്ച സോഡയേയും സിറപ്പിനേയും പറ്റി വീമ്പിളക്കി. ഡുനോ ജലധാരകളെയും, വെള്ളം കൊണ്ടുപോകുന്ന മുളങ്കുഴലുകളെയും, പുഴക്ക് കുറുകേയുള്ള പാലത്തെയും, ഭീമൻ തണ്ണിമത്തങ്ങകളെയും പറ്റി വിവരിച്ചു. അവൻ തണ്ണിമത്തനെക്കുറിച്ച് പറഞ്ഞപ്പോൾ ട്രീക്ലി സ്വീറ്റർ കീശയിൽനിന്നൊരു വിത്തെടുത്തു കാട്ടിപ്പറഞ്ഞു: "ഇത്തിരി വലുപ്പമുള്ള ഈ കുരുവിൽനിന്ന് വീപ്പകണക്കിന് പഴച്ചാറുണ്ടാക്കാൻ കഴിയുമെന്ന് ആരു വിശ്വസിക്കും?"

ആപ്പിൾ വിളവെടുക്കാൻ സഹായിച്ചതിനെക്കുറിച്ചു സംസാരിക്കാനാണ് പ്രാപ്‌സും സ്വിഫ്റ്റിയും ഇഷ്ടപ്പെട്ടത്. പഴം പെറുക്കുന്നത് യന്ത്രവത്ക്കരിച്ചതിനെപ്പറ്റിയാണ് ബെൻഡമും ട്വിസ്റ്റമും പറഞ്ഞത്. തങ്ങളുടെ സുഹൃത്തായ പ്രെറ്റ്‌സലിനെക്കുറിച്ചും, എല്ലാറ്റിനും ബട്ടൺ ഉപയോഗിക്കുന്ന കണ്ടുപിടുത്തക്കാരനായ പ്ലംബർ ടാപ്‌സിനെക്കുറിച്ചും അവർ സംസാരിച്ചു. തൻ്റെ ആസ്പത്രിവാസത്തെക്കുറിച്ച് സംസാരിക്കാനാണ് ഷോട്ട് ഇഷ്ടപ്പെട്ടത്; അവിടത്തെ മികച്ച ഡോക്റ്ററായ തേന്മൊഴിയെക്കുറിച്ചും. ആ ഡോക്റ്റർ തൻ്റെ ഉളുക്കിയ കണങ്കാൽ നടക്കാനും ചാടാനും കഴിയും വിധം ചികിത്സിച്ചു ഭേദമാക്കി. തെളിവായി അയാൾ തൻ്റെ മുറിവേറ്റ കാലിൽ തുള്ളി നടന്നു കാണിച്ചു. 

എല്ലാവരും തങ്ങൾ എത്ര സ്നേഹമായാണ് പെൺമൈറ്റുകളോട് പെരുമാറിയതെന്ന് പറഞ്ഞു. വായ വിരളമായ്‌ മാത്രം തുറക്കാറുള്ള മംമ്സു പോലും പറയുകയുണ്ടായി: "ആൺകുട്ടികളോടൊപ്പമെന്നപോലെ പെൺ കുട്ടികൾക്കൊപ്പവും രസകരമായ് സമയം ചിലവഴിക്കാമെന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുമായിരുന്നില്ല."

"നീ നാവടക്കുന്നതാണ് നല്ലത്," ഡന്നോ പറഞ്ഞു. "നീ പ്രത്യേകിച്ചാരെങ്കിലുമായ് ചങ്ങാത്തമുണ്ടാക്കുന്നത് ഞാൻ കണ്ടിരുന്നില്ല."        "നീയോ?" അവനോട് തിരിച്ചൊരു ചോദ്യമുണ്ടായി.                                                     "ഞാൻ ധാന്യമണിയുമായ് ചങ്ങാത്തമുണ്ടാക്കിയല്ലോ."                                         "എനിക്കത് വിശ്വസിക്കാൻ വയ്യ," പീവീ പറഞ്ഞു. "പെൺകുട്ടികളുമായ് കളിച്ചതിന് നീ നിൻ്റെ ഉറ്റചങ്ങാതി ഗങ്കിയുമായ് പോലും വഴക്കടിച്ചവനല്ലേ?" "അങ്ങനെയൊന്നുമുണ്ടായില്ല!" ഡന്നോ പറഞ്ഞു. "ഗങ്കിയും ഞാനും ഇണങ്ങിയല്ലോ. ഇനിമുതൽ ഞാനും ഗങ്കിയും പെൺകുട്ടികൾക്കൊപ്പം ഇഷ്ടം പോലെ കളിക്കും."                                                                                                               "അപ്പോപ്പിന്നെ നീ മുമ്പെന്ത് കൊണ്ട് അവർക്കൊപ്പം കളിച്ചില്ലാ?" ഡെയ്‌സിയാണ് അത് ചോദിച്ചത്.                                                                                            "മുമ്പെനിക്ക് അത്ര ബുദ്ധിയില്ലായിരുന്നു. ആൾക്കാരെന്നെ കളിയാക്കുമെന്ന പേടിയുണ്ടായിരുന്നു."                                                                                                                   "ഇപ്പോഴും നിനക്ക് പേടിയാണ്," പീവി പറഞ്ഞു.                                                           "ഇല്ല! നിനക്ക് വിശ്വാസമില്ലെങ്കിൽ ഇപ്പൊ ഞാൻ നിൻ്റെ കൂടെ കളിക്കാം; വേണോ? ആരെങ്കിലും നമ്മളെ കളിയാക്കിയാൽ ഞാനവൻ്റെ മൂക്കിടിച്ച് പരത്തും."                                                                                                                                           "നല്ല കാര്യായി!" പീവീ പറഞ്ഞു. "എനിക്കു വേണ്ടി ആരെങ്കിലും കലഹിക്കണമെന്ന് എനിക്കുള്ളതുപോലെ."                                                                     "എന്നാ ശരി, വേണ്ട. ആരു കളിയാക്കിയാലും ഞാൻ ശ്രദ്ധിക്കാൻ പോകുന്നില്ല."

അപ്പോൾ മുതൽ അവൻ പീവിയുമായ് നല്ല ചങ്ങാത്തത്തിലായി. ആരെങ്കിലും ഒരു പെൺകുട്ടിയെ കളിയാക്കുന്നതു കണ്ടാൽ അവൻ അയാൾക്കടുത്തു പോകും: "എന്തിനാ നീ അവളെ കളിയാക്കുന്നത്? ഇനിയൊരു തവണ ഞാനിത് കാണാനിടവരരുത്! നമ്മുടെ പട്ടണത്തിൽ  ആൺകുട്ടികൾ  പെൺകുട്ടികളെ കളിയാക്കരുത്!" 

ഇത് അവനു പെൺകുട്ടികളുടെ ആദരം പിടിച്ചുപറ്റുന്നതിന് സഹായിച്ചു. അവനൊരു ഒന്നാന്തരം മൈറ്റാണെന്ന് അവർ പറയാൻ തുടങ്ങി. പെൺകുട്ടികൾ അവനെ പുകഴ്ത്തുന്നത്  മറ്റു ആൺകുട്ടികളിൽ അവനോട് അസൂയയുണ്ടാക്കി. അതിനാൽ അവരും പെൺകുട്ടികൾക്കുവേണ്ടി നിലകൊണ്ടു. അങ്ങനെ. പെൺകുട്ടികളെ കളിയാക്കുന്നതിന് ഒരറുതിയായി. പൂമ്പട്ടണത്തിൽ അത്തരമൊരു കാര്യമേ ഇല്ലെന്നായി. യദൃച്ഛയാ, ആരെങ്കിലും ഒരു പെൺകുട്ടിയുടെ മുടിപിടിച്ചു വലിച്ചാലോ, അവളോടെന്തെങ്കിലും വൃത്തികേട് പറഞ്ഞാലോ, അവനെയെല്ലാവരുംകൂടി കളിയാക്കും .... അവനൊരു മണ്ണാങ്കട്ടയാണെന്നും, പെരുമാറാൻ അറിയാത്തവനാണെന്നും പറയും. തങ്ങളുടെ കൂടെ കളിക്കാനെത്തുന്ന പെൺകുട്ടികളെ ആൺകുട്ടികൾ ആട്ടിയോടിക്കാതായി. നേരെ മറിച്ച്, അവരുടെ കളികളിൽ പങ്കു ചേരാൻ അവരെ ക്ഷണിക്കുകയുണ്ടായി. 

പൂമ്പട്ടണത്തിൽ മുളങ്കുഴലുകൾ പ്രചാരത്തിൽ വരുത്താൻ ഡുനോ തീരുമാനിച്ചു; കുറച്ചു ജലധാരകൾ ഉണ്ടാക്കാനും ... തുടക്കത്തിൽ ഓരോ തെരുവിലും ഒരെണ്ണം വീതം. കാട്ടിലേക്ക് നടന്നുപോകാൻ വെള്ളരിപ്പുഴക്കു കുറുകേ ഒരു പാലമിടാമെന്നും അവൻ നിർദ്ദേശിച്ചു. ഈ എല്ലാ ജോലികളും പെൺമൈറ്റുകളും ആൺമൈറ്റുകളും ഒന്നിച്ചാണ് ഏറ്റെടുത്തത്. രാവിലെ മുതൽ ഉച്ചവരെ അവർ പാലം പണിഞ്ഞു; വെള്ളത്തിനുള്ള പൈപ്പുകളിട്ടു;ജലധാരകൾ നിർമ്മിച്ചു. ഉച്ചതിരിഞ്ഞ് അവർ പല  കളിലുമേർപ്പെട്ടു ...  ഒളിച്ചുകളി, ഫുട്ബാൾ, വോളിബാൾ.

എന്നാൽ, ഡന്നോ ഈ കളികളിലൊന്നും ഏർപ്പെട്ടില്ല. "എനിക്ക് കളിക്കാനൊന്നും നേരമില്ല," അവൻ പറഞ്ഞു. "എനിക്ക് വായിക്കാനറിയില്ല. അച്ചടിച്ചവ മാത്രമേ എനിക്കെഴുതാനറിയൂ. എനിക്ക് വൃത്തിയായി കൈകൊണ്ടെഴുതണം. അതിനൊരു നല്ല കാരണമുണ്ട്."

അതുകൊണ്ട് ഫുട്ബാളൊന്നും കളിക്കാതെ അവൻ മേശക്കരികിലിരുന്ന് വായിച്ചു. ഒരു ദിവസം അവന് ഒരു പേജേ വായിക്കാനായുള്ളൂവെങ്കിലും, അത് തന്നെ അവനൊരു നല്ല പരിശീലനമായിരുന്നു. ചിലപ്പോൾ അവൻ രണ്ടു പേജുകൾ വായിച്ചു; ഒന്ന് അന്നേക്കും, മറ്റൊന്ന് പിറ്റേന്നേക്കും. 

വായന തീർന്നപ്പോൾ അവൻ നോട്ടുപുസ്തകമെടുത്ത് എഴുതാൻ തുടങ്ങി. അച്ചടിച്ച അക്ഷരങ്ങൾ എടുത്തുവെക്കുന്നതിനു പകരം അവൻ കൈകൊണ്ട് കൂട്ടിയെഴുതി. ആദ്യമൊക്കെ അവൻ കഷ്ടപ്പെട്ടു; കടലാസു നിറയെ ഭീകരമായ കുത്തും വരയും കോറിയിട്ടു. പക്ഷേ, താമസിയാതെ, അവന് കാര്യങ്ങൾ പിടികിട്ടി; അവനു വൃത്തിയായി വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും എഴുതാനായി. അവനെ ഏറെ വിഷമിപ്പിച്ചത് പുള്ളികളായിരുന്നു. 

ഡന്നോ നോട്ടുപുസ്തകത്തിൽ എപ്പോഴും പുള്ളികൾ വരച്ചു. ഒരു പുള്ളിയുണ്ടാക്കിക്കഴിഞ്ഞാൽ അവനത് നക്കും. അപ്പോളാ പുള്ളികൾക്ക് വാലുണ്ടാകും. അതിനാൽ അവൻ അവയെ 'ധൂമകേതുക്കൾ' എന്നു വിളിച്ചു.  ധൂമകേതുക്കളില്ലാത്ത ഒരൊറ്റ താളും അവൻ്റെ നോട്ടുപുസ്തകത്തിലുണ്ടായിരുന്നില്ല. എങ്കിലും, അവൻ പ്രതീക്ഷ  കൈവിട്ടില്ല. ക്ഷമയും കഠിനാദ്ധ്വാനവും ധൂമകേതുക്കളെപ്പോലും ഒഴിവാക്കാൻ സഹായിക്കുമെന്ന് അവന് അറിയാമായിരുന്നു. 

****

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...