2020, ഡിസംബർ 5, ശനിയാഴ്‌ച

dunno 29

നൃത്തവിരുന്ന്  

ഈ നേരത്ത് സംഗീതകാരന്മാർ ഉന്മേഷമാർന്ന ഒരു സ്വരമുയർത്തി; എല്ലാവരും നൃത്തം തുടങ്ങുകയും ചെയ്തു. ഇരുണ്ട മുടിയുള്ള മിന്നിക്കൊപ്പം സ്വിഫ്റ്റി കറങ്ങിക്കറങ്ങി നീങ്ങി. ഡുനോ ചുവടു വച്ചത് ഹിമബിന്ദുവിനൊപ്പമാണ്; ഗ്രംപ്സ് ബേഡിക്കൊപ്പവും.  എലാറ്റിലും വച്ച് അത്ഭുതകരമായത്, ഡോ. പിൽമൻ തേന്മൊഴിക്കൊപ്പം ചുവടു വെച്ചതാണ്. നേരായിട്ടും! സത്യമായിട്ടും! നൃത്തവിരുന്നിന് തേന്മൊഴിയെത്തിയത് വിചിത്രമെന്നേ പറയാവൂ. തൻ്റെ പതിവു വെള്ള ളോഹക്കു പകരം അവർ ധരിച്ചിരുന്നത് പൂക്കളുള്ള മനോഹരമായ ഒരുടുപ്പായിരുന്നു. ആശുപത്രിയിൽ വച്ച് എല്ലാവരോടും പരുഷമായ് കൽപ്പിക്കാറുള്ള അതേ തേന്മൊഴിയാണ് ഇതെന്ന് ആർക്കും മനസ്സിലാകില്ലായിരുന്നു. മുഖത്തൊരു മന്ദസ്മിതവും, ഡോ . പിൽമൻ്റെ ചുമലിലൊരു കയ്യും വച്ച് അവർ വട്ടം കറങ്ങി ചുവടു വെച്ചു.
"ഞങ്ങളുടെ ചികിത്സയാണ് നിങ്ങളുടേതിനേക്കാൾ മെച്ചമെന്ന് നിങ്ങൾ സമ്മതിച്ചേ പറ്റൂ," അവർ അദ്ദേഹത്തിൻ്റെ കാതുകളിൽ മന്ത്രിച്ചു. "ഏതു മുറിവിനും, ചതവിനും, പോറലിനും, പൊള്ളലിനും, എന്തിന് പഴുപ്പിനു പോലും തേനാണ് ഏറ്റവും നല്ലത്. തേനൊരു നല്ല അണുനാശിനിയാണ്. അത്‌ വ്രണം പഴുക്കുന്നത് തടയും."
"എനിക്ക് താങ്കളോട് വിയോജിക്കേണ്ടി വരും," ഡോ. പിൽമൻ പറഞ്ഞു. "മുറിവുകളും, പോറലുകളും, പൊള്ളലുകളുമെല്ലാം ചികിത്സിക്കേണ്ടത് അയഡിൻ കൊണ്ടാണ്. അയഡിനും വീര്യമുള്ളൊരു അണുനാശിനിയാണ്. അതും പഴുപ്പിനെ തടയുന്നതാണ്."
"പക്ഷേ, നിങ്ങളുടെയീ അയഡിൻ ചർമ്മത്തെ പൊള്ളിക്കുന്നതാണെന്ന് നിങ്ങൾക്ക് നിഷേധിക്കാനാകുമോ? എന്നാൽ, ഞങ്ങുടെ തേനോ, ഒട്ടും വേദനയുണ്ടാക്കുന്നതല്ല."
"താങ്കളുടെ തേൻ പെൺമൈറ്റുകളെ ചികിത്സിക്കുന്നതിന് കൊള്ളാമെന്ന് ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ, അത് ആൺമൈറ്റുകളെ ചികിത്സിക്കുന്നതിന് പറ്റിയേക്കില്ല."  
"അതെന്താ, അങ്ങനെ?" തേന്മൊഴി ചോദിച്ചു.
"തേൻകൊണ്ടുള്ള ചികിത്സ വേദനയില്ലാത്തതാണെന്നല്ലേ താങ്കൾ തന്നെ ഇപ്പോൾ പറഞ്ഞത്?"
"ചികിത്സ വേദനയുള്ളതാകണമെന്നാണോ നിങ്ങളുടെ അഭിപ്രായം?"
"അതെ," ഡോ. പിൽമൻ പറഞ്ഞു. "ഒരാൺമൈറ്റ് വേലി ചാടി കാലു 
പോറിയാൽ, ആ കാലിൽ അയഡിൻ പുരട്ടണം. വേലി ചാടുന്നത് അപകടമാണെന്ന് അതു വഴി അവനറിയണം. പിന്നീടൊരിക്കലും അവനങ്ങനെ ചെയ്യില്ല."
"അപ്പോഴവൻ മേൽക്കൂരയിൽക്കയറി താഴെ വീണ് തല പൊളിക്കും," തേന്മൊഴി പറഞ്ഞു. 
"അപ്പൊ അവൻ്റെ തലയിൽ അയഡിൻ പുരട്ടണം. മേൽക്കൂരയിൽ കയറുന്നതും അപകടകരമാണെന്ന് അപ്പൊ അവന് മനസ്സിലാകും . വലിയ വിദ്യാഭ്യാസപ്രാധാന്യമുള്ളതാണ് അയഡിൻ."
"ഒരു ഡോക്റ്റർക്ക് മുഖ്യം യാതന ലഘൂകരിക്കലാണ്; അല്ലാതെ,  
വിദ്യാഭ്യാസമല്ല," തേന്മൊഴി പറഞ്ഞു. "നിങ്ങളുടെ അയഡിൻ യാതന കൂട്ടുക മാത്രമാണ് ചെയ്യുന്നത്." 
"ഒരു ഡോക്റ്റർ എല്ലാ കാര്യങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്," ഡോ. പിൽമൻ പറഞ്ഞു. "പെൺകുട്ടികളെ മാത്രമാണ് ചികിത്സിക്കുന്നതെങ്കിൽ ചിന്തിക്കാനൊന്നുമില്ലെന്നത് ശരിയാണ്. എന്നാൽ, ആൺകുട്ടികളെയാണെങ്കിൽ ---"
"നമുക്കീ വിഷയം മാറ്റാം," തേന്മൊഴി പറഞ്ഞു. "നിങ്ങൾക്കൊപ്പം നൃത്തം ചെയ്യാൻ തീരെ പറ്റില്ല."
"താങ്കൾക്കൊപ്പമാണ് നൃത്തം ചെയ്യാൻ തീരെ പറ്റാത്തത്."
"കുറച്ചുകൂടി മര്യാദയാകാം."
"അറിവില്ലായ്മക്കടുത്ത് മര്യാദ പാലിക്കാൻ പ്രയാസമാണ്."
"നിങ്ങളാണ് അറിവില്ലാത്തവൻ. നിങ്ങളൊരു ഡോക്റ്ററേയല്ല. വെറും മുറിവൈദ്യൻ." 
"താങ്കളൊരു ... താങ്കളൊരു ...," ഡോ. പിൽമന് ദേഷ്യം കൊണ്ട് ഒന്നും പറയാൻ വയ്യാതായി. കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ വായ അടച്ചും തുറന്നും അദ്ദേഹം വേദിയുടെ നടുക്കങ്ങനെ നിന്നു. മറ്റു ജോഡികൾ അവരിൽ വന്നിടിക്കാൻ തുടങ്ങി. തേന്മൊഴി കാലു തെന്നി വീണുവീണില്ലാ എന്നായി. 
"എന്തു കുന്തത്തിനാണ് നിങ്ങളിവിടെയിങ്ങനെ നിൽക്കുന്നത്?" തേന്മൊഴി അദ്ദേഹത്തിൻ്റെ കുപ്പായക്കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. "നൃത്തമാടൂ. നാം മറ്റുള്ളവരുടെ വഴി മുടക്കുകയാണ്."
ആശയറ്റ രീതിയിൽ കൈവീശി, ഡോ. പിൽമൻ വേദിക്കു താഴേക്ക് ചുവട് വച്ചു കറങ്ങി. ആദ്യമൊക്കെ അവർ മിണ്ടാതെ നൃത്തം ചെയ്തു. പക്ഷേ, താമസം വിനാ അവർ വീണ്ടും വഴക്കടിച്ചു. 

ഫ്ലഫിൻ്റെ കൂടെയാണ് റോളിപോളി ചുവടു വച്ചത്. അവരുടെ വർത്തമാനം തീർത്തും വ്യത്യസ്തമായിരുന്നു.  
"നിനക്ക് ബോൺ-ബോൺ ഇഷ്ടമാണോ?" റോളിപോളി ചോദിച്ചു.
"ഒരു പാട്," ഫ്ലഫി പറഞ്ഞു.  "നിനക്കോ?"
"ഉവ്വല്ലോ. പക്ഷേ, എനിക്ക് ഫ്രഞ്ച് കേക്കാണ് കൂടുതൽ പഥ്യം."
"എനിക്കെല്ലാറ്റിലും വച്ച് ഐസ്‌ക്രീമാണ് ഇഷ്ടം."

ചിപ്പിക്കൊപ്പമായിരുന്നു ബെൻഡമിൻ്റെ നൃത്തം. 
"എനിക്ക് കാറൊന്നോടിക്കാൻ പഠിച്ചാൽ കൊള്ളാമായിരുന്നു," ചിപ്പി പറഞ്ഞു. "എൻ്റെ കൂട്ടുകാരിൽ പലർക്കും ഓടിക്കാനറിയാം. അതുകൊണ്ട് എനിക്കുമത് പഠിക്കാൻ പറ്റുമെന്നാണെൻ്റെ വിചാരം. 
"സംഗതി വളരെ എളുപ്പമാണ്," ബെൻഡം പറഞ്ഞു. "ഇഗ്നീഷ്യൻ തിരിച്ച്, ഗിയറിട്ടശേഷം, ആക്സിലറേറ്ററിൽ കാലമർത്തുകയേ വേണ്ടൂ ..."

ധാന്യമണിക്കൊപ്പമാണ് ഡന്നോ നൃത്തം ചെയ്തത്. സത്യത്തിൽ അവനല്ല, അവളാണ് നൃത്തമാടിയത്. അവനൊരു കൊറ്റനാടിനെപ്പോലെ തുള്ളുകയും, അവളുടെ കാൽവിരലുകളിൽ ചവിട്ടുകയും, മറ്റുള്ളവരുമായ് കൂട്ടിമുട്ടുകയുമാണുണ്ടായത്. അവൾക്കത് തീരെ സഹിക്കാൻ പറ്റാതായപ്പോൾ ധാന്യമണി അവനോട് പറഞ്ഞു:
"ഈയൊരു ചുവട് നൃത്തം വിട്ടുകളഞ്ഞ് നമുക്കെവിടെയെങ്കിലുമിരിക്കാം."
അവരൊരു ബെഞ്ചിൽപ്പോയിരുന്നു. 
"എനിക്ക് നൃത്തനംചെയ്യാനേ അറിയില്ല, " ഡന്നോ സമ്മതിച്ചു. 
"നീ അത് പറഞ്ഞു കേട്ടതിൽ സന്തോഷം," ധാന്യമണി പറഞ്ഞു. "മറ്റൊരു ആൺകുട്ടിയാണെങ്കിൽ വല്ല ഒഴിവുകഴിവും പറഞ്ഞേനെ --- തലവേദനയെന്നോ, കാൽകഴക്കുന്നെന്നോ മറ്റോ. നീ നിനക്ക് നൃത്തം ചെയ്യാനറിയില്ലെന്ന് സത്യസന്ധമായ് പറഞ്ഞു. നിന്നോടെനിക്ക് കൂട്ട് കൂടാൻ പറ്റുമെന്ന് തോന്നുന്നു."
"തീർച്ചയായും പറ്റും."
"എനിക്ക് ആൺചങ്ങാതിമാർ വേണമെന്നുണ്ട്," ധാന്യമണി പറഞ്ഞു. "പെൺകുട്ടികളെ എനിക്കിഷ്ടമല്ല. അവർ എപ്പൊ നോക്കിയാലും കണ്ണാടിയുടെ മുമ്പിലാണ്. തങ്ങൾ കാണാനെങ്ങനെയിരിക്കുന്നുവെന്നതിനെക്കുറിച്ചു മാത്രമേ അവർക്ക് ചിന്തയുള്ളൂ."
"കണ്ണാടിക്കു മുമ്പിൽ നിൽക്കാൻ ചില ആൺകുട്ടികൾക്കും ഇഷ്ടമാണ്," ഡന്നോ  പറഞ്ഞു. 
"നീയങ്ങനെയല്ല, ഉവ്വോ?"
"ഹേയ് , അല്ലല്ല!" ഡന്നോ പറഞ്ഞു. (അത് തീർത്തും നേരായിരുന്നില്ല. ആരും കാണാത്തപ്പോൾ, അവനും സ്വയം കണ്ണാടിയിൽ നോക്കാറുണ്ട്. താൻ കാണാനെങ്ങനെ ഇരിക്കുന്നുവെന്നതിനെക്കുറിച്ച് അവനും ഒരു പാട് ചിന്തിക്കാറുണ്ട്. പക്ഷേ, നേര് പറഞ്ഞാൽ, എല്ലാ ആൺകുട്ടികളും അങ്ങനെത്തന്നെയാണ്.)
"നീ അങ്ങനെയല്ലാത്തതിൽ എനിക്ക് സന്തോഷമുണ്ട്," ധാന്യമണി പറഞ്ഞു. "നമുക്ക് രണ്ടാൾക്കും അപ്പൊ ചങ്ങാതിമാരാകാം, അല്ലേ? നമുക്ക് പരസ്പരം കത്തുകളെഴുതാം. ആദ്യം നീ എനിക്കെഴുതണം. പിന്നെ ഞാൻ നിനക്കെഴുതാം." 
"കുടുങ്ങി," ഡന്നോ സ്വയം വിചാരിച്ചു. അവന് എഴുതാനറിയില്ലല്ലോ. അത് ധാന്യമണി കണ്ടുപിടിക്കുന്നത് അവന് വല്ലാത്ത കുറച്ചിലാണ് താനും. 
"നമ്മളെന്തിന് കത്തുകളെഴുതണം?" അവൻ അസ്വസ്ഥനായ് പിറുപിറുത്തു. "നമ്മളത്ര ദൂരത്തൊന്നുമല്ലല്ലോ താമസം? നമുക്ക് വർത്താനം പറയാലോ."
"എന്തൊരു അരസികനാണ് നീ, ഡന്നോ!" ധാന്യമണി പറഞ്ഞു. "ഞാൻ പറയുന്നതൊന്നും ചെയ്യാൻ നിനക്ക് താൽപ്പര്യമില്ല. കത്തുകിട്ടുകയെന്നത് എത്ര രസകരമാണെന്ന് നിനക്കറിയില്ല!"
"എന്നാ, ശരി," ഡന്നോ  പറഞ്ഞു. "ഞാൻ നിനക്കെഴുതാം."

താമസിയാതെ ഇരുട്ട് പടർന്നു. 
(29 തുടരും)

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...