2023, മാർച്ച് 31, വെള്ളിയാഴ്‌ച

ജീൻ 33: 3

 *

ഞാനിവിടെ മൂന്നു കേസുകളാണ് വിവരിച്ചത്: ജെയ്ൻ സ്റ്റെർലിങിന്റെ സ്തനാർബ്ബുദം, രാജേഷിന്റെ ഇരുധ്രുവവികാരരോഗം,  എറീക്കയുടെ സ്നായൂപേശീരോഗം. ഇതിന് രണ്ടു കാരണങ്ങളുണ്ട്: ഒന്ന്, അവ ജനിതകരോഗങ്ങളുടെ വിശാലമായ വർണ്ണരാജിയുടെ പരപ്പുൾക്കൊള്ളുന്നതാണ്. രണ്ട്, അവ    ജനിതകരോഗനിർണ്ണയപരിശോധനകളുടെ അതിതീക്ഷ്ണമായ മിക്ക ദുരൂഹതകളിലേക്കും വെളിച്ചം വീശുന്നവയാണ്.  ഒരു സാധാരണരോഗത്തിലേക്ക് നയിക്കുന്ന ഒരേക കുറ്റവാളിലെ ജീനിലെ (BRCA1) തിരിച്ചറിയാവുന്ന ഉൾപ്പരിവർത്തനമാണ് സ്റ്റെർലിങിൽ ഉള്ളത്. ഈ ഉൾപ്പരിവർത്തനത്തിന് ഉന്നതമായ പ്രവേശനക്ഷമതുണ്ട് - 70 മുതൽ 80 ശതമാനം വരെയുള്ള വാഹകരിൽ  ക്രമേണ സ്തനാർബ്ബുദം വളർന്നുവരും. പ്രവേശനക്ഷമത, പക്ഷേ, അപൂർണ്ണമാണ് (100 ശതമാനമല്ല). ഭാവിരോഗത്തിന്റെ കൃത്യമായ രൂപം, അതിന്റെ സമയവിവരം, അപായസാദ്ധ്യതയുടെ വ്യാപ്തി, എന്നിവ അജ്ഞാതമാണ്; ഒരു പക്ഷേ, അറിയാൻ പറ്റാത്തതുമാണ്. നിരോധചികത്സകൾ - മുലമുറിക്കൽ, ഹോർമോൺ ചികിത്സ - ശാരീരിക, മാനസിക വേദനകൾ നിറഞ്ഞതാണ്. അവ അവയുടേതായ രീതിയിൽ ഹാനികരവുമാണ്. 

ഇതിൽനിന്നു വിരുദ്ധമായി, സ്കിറ്റ്‌സഫ്രീനിയയും ബൈപോളാറും ഒന്നല്ല, ഒരുപാടു ജീനുകൾ മൂലമുണ്ടാകുന്നവയാണ്.  അവയുടെ പ്രവേശനക്ഷമതയാകട്ടേ, താരതമ്യേന കുറവുമാണ്. ഇവയ്ക്ക് നിരോധചികിത്സയില്ല; പരിഹാരചികിത്സയും. രണ്ടും മാറാരോഗങ്ങൾ; തൽക്കാലശമനമുണ്ടാകുന്നവ; മനസ്സുകളെ, കുടുംബങ്ങളെയും, ഛിന്നഭിന്നമാക്കുന്നവ. എന്നാൽ, ഈ രോഗങ്ങൾക്ക് ഹേതുവായ അതേ ജീനുകൾതന്നെ, അപൂർവ്വസാഹചര്യങ്ങളിലാണെങ്കിൽപ്പോലും, രോഗവുമായ് ആത്മബന്ധമുള്ള ഒരു തരം യോഗാത്മകമായ സർഗ്ഗവാസന ശക്തിമത്താക്കുകയും ചെയ്യും. 

ഇനിയുള്ളത് എറീക്കയുടെ സ്നായൂപേശീരോഗമാണ്. ജനോമിലെ ഒന്നോ, രണ്ടോ ജീനുകളിലെ മാറ്റം ഹേതുവായ ഒരപൂർവ്വ ജനിതകരോഗം. ഇത് പ്രവേശനക്ഷമത വളരെക്കൂടുതലുള്ളതാണ്; അങ്ങേയറ്റം ശക്തിചോർത്തുന്നതാണ്; ഭേദമാകാത്തതാണ്. വൈദ്യചികിത്സ ആലോചിച്ചുകൂടെന്നില്ല; പക്ഷേ, അതെന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്ല. ജീൻശ്രേണീകരണത്തെ ഗർഭച്ഛിദ്രവുമായ് ബന്ധപ്പെടുത്തിയാൽ (അല്ലെങ്കിലീ ഉൾപ്പരിവർത്തനങ്ങളുണ്ടോയെന്ന് പരിശോധിച്ച് ഭ്രൂണങ്ങളെ ഉചിതമായി നിവേശിപ്പിച്ചാൽ) ഇത്തരം ജനിതകരോഗങ്ങളെ കണ്ടെത്തി, മാനവജീൻശേഖരത്തിൽനിന്ന് ഉന്മൂലനം ചെയ്യാൻ സാധിക്കുന്നതാണ്. ചുരുക്കം ചില കേസുകളിൽ, വൈദ്യചികിത്സയോട്, അല്ലെങ്കിൽ ഭാവിയിലെ ജീൻ ചികിത്സയോട്,  പ്രതികരിക്കാൻ സാദ്ധ്യതയുള്ള ഒരു രോഗത്തെ ജീൻശ്രേണീകരണത്തിന് തിരിച്ചറിയാൻ കഴിഞ്ഞേക്കാം (2015ലെ ശരൽക്കാലത്ത്, ശക്തിക്ഷയവും, വിറയലും, കൂടിക്കൂടി വരുന്ന അന്ധതയും, ഉമിനീരൊലിപ്പുമുള്ള,, പതിനഞ്ചു മാസം പ്രായമുളള ഒരു ശിശുവിന് "അനിച്ഛാപൂർവ്വമായ പ്രതിരോധാക്രമണ"രോഗമുണ്ടെന്ന് തെറ്റായി വിലയിരുത്തപ്പെട്ടു; കുട്ടിയെ കൊളംബിയായൂണിവേഴ്‌സിറ്റിയിലെ ജനിതകചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി; കുട്ടി ജീൻശ്രേണീകരണത്തിന് വിധേയമായി; വിറ്റാമിൻഉപാപചയവുമായ് ബന്ധമുള്ള ജീനിൽ ഉൾപ്പരിവർത്തനമുണ്ടെന്ന് കണ്ടു. വിറ്റാമിൻB2 വളരെക്കുറവായിരുന്ന കുട്ടിക്ക് അതു കുറിച്ചുകൊടുത്തു; അവളുടെ മിക്ക നാഡീധർമ്മങ്ങളും പൂർവ്വസ്ഥിതിയിലായി).        

സ്റ്റെർലിങ്, രാജേഷ്, എറീക്ക - ഇവരെല്ലാവരും "പ്രിവൈവേഴ്സ്" ആണ് - രോഗം വരുംമുമ്പേ രോഗത്തെ അതിജീവിക്കുന്നവർ.  അവരുടെ ഭാവിവിധി അവരുടെ ജനോമിൽ ലീനമായിരിപ്പാണ്. എന്നാൽ, അവരുടെ യഥാർത്ഥ കഥകളും തീരുമാനങ്ങളും തുലോം വ്യത്യസ്തമാണ്. ഈ വിവരങ്ങൾകൊണ്ട് നാമെന്താണ് ചെയ്യേണ്ടത്? GATTACAA എന്ന ശാസ്ത്രസാങ്കൽപ്പികസിനിമയിലെ യുവനായകൻ, ജെറോം പറയുന്നു: "എൻ്റെ ശരിയായ ജീവിതസാരാംശം എന്റെ കോശങ്ങളിലാണ്." പക്ഷേ, നമുക്കൊരാളുടെ ജനിതകസാരാംശം എത്രത്തോളം വായിച്ചു മനസ്സിലാക്കാൻ പറ്റും? ഒരു ജനോമിൽ കോഡിലാക്കപ്പെട്ടിട്ടുള്ള ഭാഗധേയം, ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിൽ, നമുക്ക് വായിച്ചെടുക്കാൻ കഴിയുമോ? ഏതു സാഹചര്യത്തിലാണ് നമുക്ക് ഇടപെടാൻ കഴിയുക, അല്ലെങ്കിൽ നാം ഇടപെടേണ്ടത്?

*

ഇവയിൽ ആദ്യചോദ്യത്തിലേക്ക് മടങ്ങാം. മാനവജനോമിനെ, ഉപയുക്തമാക്കാൻ, അല്ലെങ്കിൽ പ്രവചിക്കാൻ, പറ്റുന്ന  രീതിയിൽ  നമുക്ക് എത്രത്തോളം "വായിക്കാനാ"കും? മനുഷ്യജനോമിൽനിന്ന് വിധിപ്രവചിക്കുവാനുള്ള സാമർത്ഥ്യം, ഈയടുത്തകാലംവരെ, രണ്ടു അടിസ്ഥാനകാരണങ്ങളാൽ പരിമിതപ്പെട്ടിരുന്നു. ഒന്ന്, മിക്ക ജീനുകളും , റിച്ചാർഡ് ഡോക്കിൻസ് പറയുമ്പോലെ, "പ്രാഥമിക മാതൃക"കളല്ല, "ചേരുവ"കളാണ്. അവ (രൂപ)ഭാഗങ്ങളെയല്ലാ   അഭിവ്യക്തമാക്കുന്നത്, പ്രക്രിയകളെയാണ്.  അവ രൂപങ്ങൾക്കുള്ള സൂത്രവാക്യങ്ങളാണ്. പൊതുവേ, മാതൃക മാറ്റിയാൽ, നാം പ്രതീക്ഷിക്കുന്ന രീതിയിൽത്തന്നെ,  അവസാന സാമഗ്രിയും മാറും: ഒരു (യന്ത്രത്തിനുള്ള) മാതൃകയിലെ ഒരു സൂത്രം മാറ്റിനോക്കൂ; ആ സൂത്രമില്ലാത്ത യന്ത്രമായിരിക്കും അവസാനം ലഭിക്കുക. എന്നാൽ, ഒരു ചേരുവയിലെ, അല്ലെങ്കിൽ സൂത്രവാക്യത്തിലെ, മാറ്റം നാം വിചാരിക്കുന്നതുപോലെ അന്ത്യ ഉൽപ്പന്നത്തെ മാറ്റില്ല. ഒരു കേക്കിലെ വെണ്ണയുടെ അളവ് നാലിരട്ടിയാക്കിയാൽ, നാലിരട്ടി വെണ്ണയുള്ള കേക്കല്ല, അതിനേക്കാൾ കൂടുതൽ കുഴപ്പമുള്ള ഒന്നായിരിക്കും ഫലം (ഇതൊന്നു പരീക്ഷിച്ചു നോക്കൂ; മുഴുവൻ സംഗതിയും കൊഴുപ്പിൽക്കുതിർന്ന ഒരലങ്കോലമായിരിക്കും).  ഇതേ യുക്തിയനുസരിച്ച്, മിക്ക ജീൻ വകഭേദങ്ങളെയും ഒറ്റയ്ക്ക് പരിശോധിച്ച് അവയ്ക്ക് രൂപത്തിന്മേലും വിധിക്കുമേലുമുള്ള സ്വാധീനം വായിച്ചെടുക്കാൻ നമുക്കു കഴിയില്ല. MECP2ജീനിലെ (DNAയിലുണ്ടാകുന്ന രാസപരിവർത്തനത്തെ തിരിച്ചറിയുകയാണ് ഈ ജീനിന്റെ സാധാരണ ധർമ്മം) ഉൾപ്പരിവർത്തനം ഒരു തരത്തിലുള്ള ഓട്ടിസമുണ്ടാക്കുമെന്നത് സ്വയംസ്പഷ്ടമല്ല (മസ്തിഷ്കം നിർമ്മിക്കുന്ന നാഡീവികാസപ്രക്രിയകളെ ജീനുകൾ നിയന്ത്രിക്കുന്നതെങ്ങനെയെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടില്ലെങ്കിൽ). 

ഇനി രണ്ടാമത്തെ കാരണം - ഒരുപക്ഷേ, സാരമായ പ്രാധന്യമുള്ളത് - ചില ജീനുകളുടെ സഹജമായ പ്രവചനാതീതമായ സ്വഭാവമാണ്. ഒരു ജീവിയുടെ രൂപഭാവങ്ങളും,  അതിന്റെ ഭാവിക്കുമേലുള്ള അവയുടെ പ്രഭാവവും നിർണ്ണയിക്കുന്നതിന്  മിക്ക ജീനുകളും മറ്റു നിമിത്തങ്ങളുമായ് (പരിതസ്ഥിതി, ആകസ്മികത, പെരുമാറ്റങ്ങൾ, എന്തിന്, ജനയിതാക്കളുടെ സ്വാധീനവും, ജന്മപൂർവ്വസ്വാധീനവും) സന്ധിക്കുന്നവയാണ്. ഈ പ്രതിപ്രവർത്തനങ്ങൾ, നാം മുമ്പ് കണ്ടതുപോലെ, വ്യവസ്ഥാബദ്ധമല്ല. ഇവ സംഭവിക്കുന്നത് ആകസ്മികമായാണ്. അവ പ്രവചിക്കുവാനോ, അവയുടെ മാതൃകയുണ്ടാക്കാനോ സുനിശ്ചിതമായ മാർഗ്ഗമൊന്നുമില്ല. ഈ പ്രതിപ്രവർത്തനങ്ങൾ ജനിതകപരമായ പൂർവ്വനിർണ്ണയവാദത്തിനുമേൽ പ്രബലമായ പരിമിതി ചുമത്തുന്നവയാണ്. ജനിതകശാസ്ത്രത്തിനു മാത്രമായി ജീൻ-പരിതസ്ഥിതി സന്ധിയുടെ അന്തിമഫലങ്ങൾ ഒരിക്കലും മുൻകൂട്ടിക്കാണുക സാദ്ധ്യമല്ല. ഒരിരട്ടയിലെ രോഗത്തെ ഉപയോഗിച്ച് മറ്റേ ഇരട്ടയിലെ രോഗം പ്രവചിക്കുവാനുള്ള ഈയടുത്തകാലത്തെ ശ്രമങ്ങൾ, സത്യത്തിൽ, മിതമായേ വിജയിച്ചിട്ടുള്ളൂ.      

ഇത്രയൊക്കെ അനിശ്ചിതത്വങ്ങളുണ്ടെങ്കിലും, മനുഷ്യജനോമിലെ  പ്രവചനക്ഷമതയുള്ള  നിരവധി നിർണ്ണായകകാരണങ്ങൾ താമസിയാതെ അറിയപ്പെടും. ജീനുകളെയും ജനോമുകളെയും നാം കുശലതയോടെ, കൂടുതൽ സമ്പൂർണ്ണമായി, ഗവേഷണം ചെയ്യുന്നതോടെ, ജനോമുകളെ, സാദ്ധ്യതയുടെ സിദ്ധാന്തരൂപത്തിലെങ്കിലും, നമുക്ക്  കൂടുതൽ ആഴത്തിൽ "വായിക്കാ"നാകും. ഇപ്പോൾ, ഏറെ ഉയർന്ന പ്രവേശനക്ഷമതയുള്ള ഒറ്റ ജീൻ  ഉൾപ്പരിവർത്തനങ്ങളും (ടേ-സാക്സ് രോഗം, സിസ്റ്റിക് ഫൈബ്രോസിസ്, അരിവാൾ അനീമിയ), അല്ലെങ്കിൽ, മുഴുവൻ ക്രോമസോമിലുള്ള പരിവർത്തനങ്ങളും (ഡൌൺ സിൻഡ്രോം) മാത്രമാണ് ചികിത്സാരംഗത്ത് ജീൻ രോഗനിർണ്ണയത്തിൽ ഉപയോഗിക്കപ്പെടുന്നത്.   ജനിതകരോഗനിർണ്ണയപരിശോധന ഒറ്റ ജീനുകളിലോ, ക്രോമസോമുകളിലോ ഉള്ള പരിവർത്തനം മൂലമുണ്ടാകുന്ന രോഗങ്ങളിലേക്ക്  ചുരുങ്ങി നിൽക്കാനുള്ള കാരണങ്ങളൊന്നും കാണുന്നില്ല(6). അതുപോലെ,  "രോഗനിർണ്ണയപരിശോധന" രോഗത്തിൽമാത്രമൊതുങ്ങുമെന്നും വിചാരിക്കാൻ വയ്യ.  കഴിവുകൂടിയ  ഒരു കമ്പ്യൂട്ടറിന് ഒരു ചേരുവ മനസ്സിലാക്കാൻ പറ്റും: ചേരുവയിലൊരു പരിവർത്തനം ചേർത്താൽ, അന്ത്യ ഉൽപ്പന്നത്തിൽ എന്തു ഫലമുണ്ടാകുമെന്ന്  ഗണിക്കാൻ പറ്റും. 

മനുഷ്യപ്രതിഭാസരൂപങ്ങളിലെ വ്യതിയാനവും, രോഗങ്ങളും, ഭാവിയും പ്രവചിക്കാൻ, ഈ ദശകത്തിന്റെ അവസാനത്തോടെ, ജനിതകവ്യതിയാനങ്ങളുടെ  ക്രമമാറ്റങ്ങളും സംയോജനങ്ങളും ഉപയോഗിക്കപ്പെടും. ഇത്തരം ജനിതകപരീക്ഷണങ്ങൾക്ക് ചില രോഗങ്ങൾ ഒരിക്കലും വഴങ്ങില്ലായിരിക്കാം. പക്ഷേ, സ്ക്റിസ്സഫ്രീനിയയുടെ തീവ്രവകഭേദങ്ങലോ, അല്ലെങ്കിൽ ഹൃദ്രോഗമോ, അതുമല്ലെങ്കിൽ, അത്യന്തം പ്രവേശനക്ഷമതയുള്ള കുടുംബപരമായ ക്യാൻസറോ, ഏതാനും ചില ഉ.ൾപ്പരിവർത്തനങ്ങളുടെ സംയോജനം കൊണ്ട് പ്രവചിക്കാൻ കഴിയും. പ്രവചിക്കാൻകഴിവുള്ള ആൽഗറിഥത്തിൽ "പ്രക്രിയകളെ"ക്കുറിച്ചുള്ള അറിവു സന്നിവേശിപ്പിച്ചുകഴിഞ്ഞാൽ, രോഗത്തിനുമപ്പുറത്തുള്ള നിരവധി ശാരീരിക, മാനസിക ലക്ഷണങ്ങൾക്കു മേലുള്ള സ്വാധീനങ്ങൾ ഗണിച്ചെടുക്കാൻ വേണ്ടി വ്യത്യസ്ത ജീൻവ്യതിയാനങ്ങളുടെ പ്രതിപ്രവർത്തനങ്ങളെ ഉപയുക്തമാക്കാൻ പറ്റും. ഹൃദ്രോഗം, ആസ്തമ, ലൈംഗിക അഭിവിന്യാസം എന്നിവയുടെ  വികാസസാദ്ധ്യത നിർണ്ണയിക്കാൻ കമ്പ്യൂട്ടർ  ആൽഗറിഥങ്ങൾക്ക് കഴിയും; ഓരോ ജനോമിനും വ്യത്യസ്തമായവിധിക്കുള്ള ആപേക്ഷിക സാദ്ധ്യതയുടെ ഒരു തോതു തീരുമാനിക്കാനുമാകും. ജനോം, അങ്ങനെ, കേവലമായ് വായിക്കപ്പെടില്ല; സാദ്ധ്യതകളായാണ് വായിക്കപ്പെടുക - ഗ്രെയ്‌ഡുകൾ ഇല്ലാത്ത, സാദ്ധ്യതകൾ മാത്രമുള്ള ഒരു റിപ്പോർട്ടുകാർഡിനെപ്പോലെ, ഭൂതകാലാനുഭവങ്ങളില്ലാത്ത, ഭാവിപ്രവണതകൾ മാത്രമുള്ള ഒരു ജീവിതസാരാംശം (റെസ്യുമെ) പോലെ.     





(6) രോഗസാദ്ധ്യതയുമായ് ബന്ധമുള്ള പരിവർത്തനം പ്രോട്ടീൻ കോഡിലാക്കുന്ന ജീൻമേഖലയിൽത്തന്നെ വേണമെന്നില്ല. അത് ജീനിന്റെ നിയന്ത്രകമേഖലയിലുമാകാം; അല്ലെങ്കിൽ, പ്രോട്ടീൻ കോഡിലാക്കാത്ത ജീനിലുമാകാം. വാസ്തവത്തിൽ, ഒരു സവിശേഷരോഗത്തേയോ, പ്രതിഭാസരൂപത്തേയോ ബാധിക്കുന്നതായി ഇന്നറിയപ്പെടുന്ന മിക്ക ജനിതകവ്യതിയാനങ്ങളുമിരിക്കുന്നത് ജനോമിലെ നിയന്ത്രകമേഖലകളിലോ, കോഡുണ്ടാക്കാത്ത മേഖലകളിലോ ആണ്. 





























 












































   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...