2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

Dunno 18

 പട്ടം പട്ടണത്തിൽ  

പട്ടം പട്ടണം സ്ഥിതിചെയ്യുന്നത്, നിങ്ങളൊക്കെ കേട്ടതുപോലെ, ഒരു നദീതീരത്താണ്. അവിടെ മരങ്ങളൊന്നുമില്ലാത്തതുകൊണ്ട്, അവിടുത്തെ വീഥികൾ ഗ്രീൻവില്ലിലെപ്പോലെ മനോഹരമായിരുന്നില്ല. എന്നാൽ, അവിടെ പൂമ്പട്ടണത്തിലുള്ളത്രതന്നെ പൂക്കളുണ്ടായിരുന്നു. വീടുകളും കാണാൻ ഭംഗിയുള്ളവയായിരുന്നു. മേൽക്കൂരകളിൽ കാറ്റടിക്കുമ്പോൾ കറങ്ങിത്തിരിയുന്ന, കാലാവസ്ഥയറിയാനുള്ള ദണ്ഡുകളോ, കാറ്റാടിക്കളിപ്പാട്ടങ്ങളോ ഉള്ള സ്തൂപികകൾ കാണാമായിരുന്നു. കാറ്റാടിക്കൈകൾ തിരിയുമ്പോൾ വലിയ ഒച്ചയുണ്ടാക്കാനായി മിക്ക കാറ്റാടികളിലും കിലുക്കാംപെട്ടികൾ കെട്ടിയിട്ടിരുന്നു. പട്ടണത്തിനു മീതെയുള്ള ആകാശം കടലാസു പട്ടങ്ങൾകൊണ്ട് നിറഞ്ഞിരുന്നു.  പട്ടം പട്ടണത്തിൽ താമസിക്കുന്നവരുടെ ഇഷ്ടവിനോദം പട്ടം പറത്തലാണല്ലോ.  അതുകൊണ്ടാണല്ലോ ആ പട്ടണത്തെ പട്ടം പട്ടണം എന്ന് വിളിച്ചു പോന്നത്. ഓരോ പട്ടത്തിനൊപ്പവും ഒച്ചയുണ്ടാക്കുന്ന ലളിത സാമഗ്രികൾ കെട്ടിയിട്ടിരുന്നു. അവ മറ്റൊന്നുമല്ല, പട്ടത്തിൻ്റെ വാലിൽ ചേർത്ത നീളൻ കടലാസു ചീളുകളായിരുന്നു. കാറ്റടിക്കുമ്പോൾ ഈ കടലാസുചീളുകൾ തമ്മിലുരസുകയും, കീറുകയും, പടപടാ അടിക്കുകയും ചെയ്ത് അങ്ങേയറ്റം അലോസരമുണ്ടാക്കുന്ന ഒച്ചയുണ്ടാക്കും. എന്തിനധികം, കാറ്റാടികളിലെ കിലുക്കാംപെട്ടികളും, പട്ടങ്ങളിലെ കടലാസുകളും കൊണ്ട് പട്ടണം സദാ ശബ്ദമുഖരിതമായിരുന്നു.  

എല്ലാ വീടുകളുടെയും ജനലുകൾക്ക് തടികൊണ്ടുള്ള വാതിലുകളാണുണ്ടായിരുന്നത്. ആൺകുട്ടികൾ വീഥികളിൽ ഫുട്ബാൾ കളിക്കുമ്പോൾ അവ അടച്ചിട്ടിരിക്കും. ഫുട്ബാൾ അവരുടെ മറ്റൊരു ഇഷ്ടവിനോദമാണ്. തട്ടികൾകൊണ്ട് മെച്ചപ്പെടുത്തിയ ഈ ജാലകങ്ങൾ വെളിച്ചത്തെ കടത്തിവിടുകയും, ഫുട്ബാളിനെ അകറ്റിനിർത്തുകയും ചെയ്തു. ഏതോ വിചിത്ര കാരണത്താൽ, ഫുട്ബാൾ പോകേണ്ടിടത്ത് പോകാതെ, ജാലകങ്ങളിലേക്ക് പറന്നു വരുമായിരുന്നു. 

കാർ പ്രധാനവീഥിയുടെ അവസാനമെത്തിയപ്പോൾ, അത് ഒരിടവഴിയിലേക്ക് തിരിഞ്ഞ്, മരംകൊണ്ടുള്ള ഒരു ഗേറ്റിനരികിൽ വന്നുനിന്നു. ആ കവാടത്തിനു മുകളിൽ ഒരു സ്ഫടിക ഗോളമുണ്ടായിരുന്നു. അതിൽ എല്ലാ വീടുകളുടെയും, വേലികളുടെയും, അവിടെ അപ്പോൾ വന്നുനിന്ന കാറിൻ്റെയും തലകീഴായ മനോഹരമായ പ്രതിബിംബങ്ങൾ കാണാറായി.    

കാറുടമ (അവൻ്റെ പേര് പ്രെറ്റ്സൽ എന്നാണെന്ന് ഇടയിൽ പറഞ്ഞോട്ടെ) കാറിൽനിന്നിറങ്ങി കവാടത്തിനരികിലേക്ക് പോയി. ചുമരിലെ ഒരു ബട്ടൺ ഞെക്കിയപ്പോൾ കവാടം ഒച്ചയുണ്ടാക്കാതെ തുറന്നു. 

"അകത്തേക്ക് കയറി ടാപ്‌സിനെ കണ്ടാലും," പ്രെറ്റ്സൽ ബെൻഡമോടും ട്വിസ്റ്റമോടും പറഞ്ഞു. "നിങ്ങൾക്കവനെ ഇഷ്ടമാകുമെന്നാണ് എൻ്റെ വിചാരം."

മൂന്നു കൂട്ടുകാരും കൂടി പറമ്പിലേക്ക് കയറി, കവാടത്തിന് ഇടതുവശത്തുള്ള വീട്ടിലേക്ക് നടന്നു.  അവർ ഏതാനും കൽപ്പടവുകൾ കയറിക്കഴിഞ്ഞപ്പോൾ പ്രെറ്റ്സൽ വീണ്ടുമൊരു ബട്ടൺ ഞെക്കി. കവാടം തുറന്നതുപോലെ വീട്ടുവാതിലും ഒച്ചയില്ലാതെ തുറന്നു. നമ്മുടെ സുഹൃത്തുക്കൾ കയറിയത് അസാധാരണമായ ഒരു മുറിക്കുള്ളിലേക്കായിരുന്നു. അതിനകത്ത് ഒരൊറ്റ സാമഗ്രിയില്ലായിരുന്നു; അങ്ങേയറ്റത്തെ ചുമരിലാടിക്കൊണ്ടിരുന്ന ഒരു തൂക്കുമഞ്ചമൊഴികെ. അതിലാകട്ടെ, നീലനിറത്തിലുള്ള പുറംകുപ്പായമിട്ട ഒരു ആൺമൈറ്റ്, കീശകളിൽ കൈ തിരുകി, കാലുകൾ പിണച്ചുവച്ച്, കിടപ്പുണ്ടായിരുന്നു. 

"ഇപ്പോഴും ഉറക്കമാണോ, ടാപ്‌സ്?" പ്രെറ്റ്സൽ ചോദിച്ചു. "നേരമെത്ര വൈകിയെന്നറിയുമോ? എഴുന്നേൽക്ക്."

"ഞാൻ ഉറക്കത്തിലല്ല; ചിന്തയിലാണ്," സന്ദർശകർക്ക് നേരെ തിരിഞ്ഞു നോക്കിക്കൊണ്ട് ടാപ്‌സ് പറഞ്ഞു. 

"എൻ്റെ ചങ്ങാതിമാരായ ബെൻഡമിനെയും ട്വിസ്റ്റമിനെയും പരിചയപ്പെട്ടാലും. ലോഹപ്പണിക്കാരാണ് ഇരുവരും. അവർക്ക് വിളക്കിച്ചേർക്കാനുള്ള ഒരുപകരണം വേണം. 

"കണ്ടതിൽ സന്തോഷം. ഇരുന്നാട്ടെ," ടാപ്‌സ് പറഞ്ഞു.

അപ്പറഞ്ഞത് ഒരത്ഭുതമായി. ഇരിക്കാൻ അവിടെ യാതൊന്നുമുണ്ടായിരുന്നില്ലല്ലോ. ആ നിമിഷം ടാപ്‌സ് ചുമരിലെ ഒരു ബട്ടൺ അമർത്തി. പൊടുന്നനെ, എതിർവശത്തെ ചുമരിൽനിന്ന് രണ്ടു മടക്കുകസേരകൾ താഴേക്കു വന്നു. 

ബെൻഡമും ട്വിസ്റ്റമും ഇരുന്നു.

ഞാനെല്ലാം ചെയ്യുന്നത് ബട്ടണുകൾ കൊണ്ടാണെന്ന് നിങ്ങൾ കണ്ടില്ലേ?" ടാപ്‌സ് ചോദിച്ചു. "വാതിൽ തുറക്കാൻ ഒരു ബട്ടൺ. ഇരിപ്പിടമിറക്കാൻ മറ്റൊന്ന്. ഇനി നിങ്ങൾക്കൊരു മേശ വേണമെന്നുണ്ടെങ്കിൽ, ഇതാ ..."

അവൻ മറ്റൊരു ബട്ടൺ ഞെക്കി. ഒരു മേശ താഴേക്ക് പതിച്ചു. അത് ബെൻഡമിൻ്റെ തലക്കിടിച്ചില്ലായെന്നേയുള്ളൂ. 

"എന്തൊരു സൗകര്യമാണ്, അല്ലേ?" ടാപ്‌സ് പറഞ്ഞു.

"ഗംഭീരം!" തൻ്റെ മേലെ മറ്റൊന്നും ഇനി വന്നുവീഴില്ലെന്ന് കരുതലോടെ ചുറ്റും നോക്കിക്കൊണ്ട്, ബെൻഡം പറഞ്ഞു. 

"എല്ലാം യന്ത്രവൽകൃതം," ടാപ്‌സ് മേനി നടിച്ചു. 

"ഇരിപ്പിടങ്ങൾ ചുമരിനഭിമുഖമാണെന്ന ഒരു കുറവേയുള്ളൂ," പ്രെറ്റ്സൽ പറഞ്ഞു. 

"തീർത്തും ശരി തന്നെ," കണ്ടുപിടുത്തക്കാരൻ പറഞ്ഞു. "കസേരകൾ അങ്ങുമിങ്ങും നീക്കാനുള്ള ഒരു വഴിയാലോചിച്ച് ഞാൻ തല പുകക്കുകയാണ്."

"സാധാരണ കസേരകൾ ഉപയോഗിക്കുന്നതാവില്ലേ ഏറ്റവും പറ്റിയ വഴി?" ട്വിസ്റ്റം നിർദ്ദേശിച്ചു. 

"അതാണ്! ഉഗ്രനാശയം!" ടാപ്‌സ് സന്തോഷത്തോടെ ഉറക്കെ പറഞ്ഞു. "ലളിതവും സാധാരണവുമായ കുറച്ചു കസേരകൾ എനിക്കു നിർമ്മിക്കേണ്ടതുണ്ട്. ഏറ്റവും ഉജ്ജ്വലമായ ആശയങ്ങൾ എപ്പോഴും ഏറ്റവും ലളിതമായിരിക്കും. യന്ത്രവിദ്യയിൽ നിങ്ങൾക്കും താൽപ്പര്യമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്താ, അങ്ങനെയല്ലേ?"

"ഞങ്ങൾ രണ്ടുപേർക്കും അങ്ങനെയാണ്," ട്വിസ്റ്റം പറഞ്ഞു. 

"അപ്പൊ, നിങ്ങൾക്ക് വിളക്കിച്ചേർക്കാനുള്ള ഉപകരണം വേണം, അല്ലെ?"

ടാപ്‌സ് ധൃതിയിൽ മറ്റൊരു ബട്ടൺ അമർത്തി. എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് തൂക്കുമഞ്ചം താഴേക്ക് പതുക്കെ ഊർന്നൂർന്നിറങ്ങി. ടാപ്‌സ് താഴെ വന്നുകിടക്കുന്നതുവരെ അത് താഴോട്ടുതാഴോട്ട് വന്നു. 

"സാധാരണതൂക്കുമഞ്ചത്തിൽ നിന്ന് താഴേക്കിറങ്ങുമ്പോൾ, അതിൽ കാലുടക്കി മൂക്കുകുത്തി താഴേക്ക് വീഴാനുള്ള സാദ്ധ്യതയുണ്ട്," എഴുന്നേറ്റുകൊണ്ട് ടാപ്‌സ് വ്യക്തമാക്കി. "അത്തരം അപകടം എൻ്റെ യന്ത്രമഞ്ചത്തിനില്ല. അത് നിങ്ങളെ മൃദുവായി തറയിലേക്കിറക്കും. അവിടെനിന്ന് നിങ്ങൾക്ക് സ്വന്തം കാലിൽ എഴുന്നേറ്റ് നിൽക്കാം. അതേ പോലെ, മാഞ്ചമേറാൻ നിങ്ങൾക്ക് തോന്നുമ്പോൾ, ആദ്യം നിങ്ങൾ തറയിൽ കിടക്കുക. പിന്നെ, ബട്ടൺ അമർത്തുക. നിങ്ങളാഗ്രഹിക്കുന്ന ഉയരത്തിൽ അതു വന്നു നിൽക്കും."  

സംസാരിക്കുന്ന നേരത്തോക്കെ ടാപ്‌സ് അങ്ങോട്ടുമിങ്ങോട്ടും നടന്ന് ബട്ടണുകൾ അമർത്തുന്നുണ്ടായിരുന്നു. അവ മേശകളെയും കസേരകളെയും  താഴേക്കിറക്കി; അലമാരകളും, ഷെൽഫുകളും തുറന്നു. അവൻ അമർത്തിയ അവസാനത്തെ ബട്ടൺ തറയിലുള്ള ഒരു രഹസ്യ വാതിൽ തുറന്നു. അവൻ അതിലൂടെ ഒരുള്ളറയിലേക്ക് പോയി. ഒരു മിനിട്ടു കഴിഞ്ഞപ്പോൾ പറമ്പിൽനിന്നും അവൻ്റെ ശബ്ദം കേൾക്കാറായി. 

"ഇവിടെ വരൂ, ചങ്ങാതിമാരെ!"

മൂന്നു പേരും പുറത്തിറങ്ങി. 

"ഇതാണെൻ്റെവണ്ടിപ്പുര," ബെൻഡമിനെയും ട്വിസ്റ്റമിനെയും ലോഹവാതിലുള്ള ഒരു ശിലാഗൃഹത്തിലേക്ക് നയിച്ചു കൊണ്ട് അവൻ പറഞ്ഞു. 

അവനൊരു ബട്ടണമർത്തിയപ്പോൾ രംഗവേദിയുടെ തിരശ്ശീലപോലെ വാതിലുയർന്നു. പുരക്കുള്ളിൽ അവർ വിചിത്രമായൊരു കാറാണ് കണ്ടത്. അതിലപ്പാടെ ചക്രങ്ങളായിരുന്നു. 

"അണ്ടിപ്പരിപ്പുകൊണ്ട് തണുപ്പിക്കുന്ന, എൻ്റെ എട്ടുചക്രങ്ങളുള്ള കാറാണിത്," ടാപ്‌സ് വിശദീകരിച്ചു. "മുകളിൽ നാലു ചക്രം; കീഴേയും നാല്. താഴത്തെ ചക്രങ്ങളിലാണ് ഇത് പൊതുവേ ഓടാറ്. മറിഞ്ഞു വീണാൽ ഉപയോഗിക്കാനാണ് മുകളിലുള്ള ചക്രങ്ങൾ. എട്ടുചക്രങ്ങളും ഘടിപ്പിച്ചിരിക്കുന്നത് ഒരു കോണിലൂടെയാണ്. അതിനാൽ, നേരെയും തലകീഴായും മാത്രമല്ല, വശങ്ങളിലൂടെയും ഈ കാറിനോടാൻ കഴിയും. അതിനാൽ, അപകടങ്ങൾ വളരെക്കുറയും."

ടാപ്‌സ് കാറിൽക്കയറി നേരെയും, തലകീഴായും, വശങ്ങളിലൂടെയും കാറോടിച്ചുകാണിച്ചു. 

"ഇതിലുള്ളത് സാധാരണ ടാങ്കല്ല," പ്രദർശനത്തിനു ശേഷം അവൻ തുടർന്നു. "അതിനു പകരം, സോഡാവെള്ളം ചൂടാക്കുന്ന ഒരു ബോയ്‌ലർ ആണുള്ളത്. ബോയ്‌ലറിൽനിന്നുള്ള ആവി പിസ്റ്റണുകളിൽ സമ്മർദ്ദം കൂട്ടും. അതിനാൽ സാധാരണ കാറുകളുട ചക്രങ്ങളേക്കാൾ വേഗത്തിൽ ഇതിൻ്റെ ചക്രങ്ങൾ തിരിയും. ബോയ്‌ലറിനു പിറകിലൊരു ഫ്രീസറുണ്ട്; സിലിണ്ടറുകളെ തണുപ്പിക്കാനുള്ള അണ്ടിപ്പരിപ്പൈസ്ക്രീം ഉണ്ടാക്കാൻ. എൻജിനുള്ള എണ്ണയായി ഉരുകിയ ഐസ്ക്രീം ഒരു പൈപ്പിലൂടെ ടാങ്കിലേക്കു പോകും. നാലു കൂട്ടം സ്പീഡാണ് കാറിന്: ഫസ്റ്റ്, സെക്കൻഡ്, തേർഡ്, ഫോർത്ത്. അതുകൂടാതെ, അതിന് വശത്തോട്ടും പിറകോട്ടും ഓടാനാകും. കാറിനു പിറകിൽ തുണികൾ അലക്കാനുള്ള ഒരു യന്ത്രമുണ്ട്. നാലു സ്പീഡുകളിൽ ഏതു സ്പീഡിലോടുമ്പോഴും അലക്ക് നടക്കും. ഓടാതിരിക്കുമ്പോൾ അത് മരം കീറും, കളിമണ്ണു കുഴയ്ക്കും, ഇഷ്ടികയുണ്ടാക്കും, ഉരുളക്കിഴങ്ങു തൊലിക്കും."

കൂട്ടുകാർക്ക് നോക്കി മതിയായപ്പോൾ, അവർ ടാപ്‌സിൻ്റെ പണിപ്പുരയിലേക്ക് കയറി. അവിടെ സൂര്യന് കീഴിലുള്ള സർവ്വസാമഗ്രികളും ചിതറിക്കിടപ്പുണ്ടായിരുന്നു: പഴയൊരു സൈക്കിൾ, പൊട്ടിയ മുച്ചക്ര സൈക്കിളുകൾ, സ്‌കൂട്ടറുകളുടെ ഭാഗങ്ങൾ, വണ്ടികൾ, പമ്പരങ്ങൾ, മറ്റനേകം സാധനങ്ങൾ. വിളക്കിച്ചേർക്കാനുള്ള ഉപകാരണത്തിനായ് ടാപ്‌സ് ഏറെ നേരം തിരഞ്ഞെങ്കിലും, കണ്ടെത്താനായില്ല. പൊടുന്നനെ, അവൻ തലയിൽ കൈവെച്ച് ആശ്ചര്യപ്പെട്ടു:

"ദൈവമേ! ഞാനെന്തൊരു വിഡ്ഢിയാണ്! വിളക്കാനുള്ള ഉപകരണം സ്ലിക്കിൻ്റെ അടുത്താണ്. അതു കിട്ടണമെങ്കിൽ നിങ്ങൾ അവിടെപ്പോകണം."

"അതു സാരമില്ല. ഞാനിവരെ കാറിൽ കൊണ്ടുപോകാം," പ്രെറ്റ്സൽ പറഞ്ഞു.

"ആരാണീസ്ലിക്?" ടാപ്‌സിനോട് വിട പറഞ്ഞ് മൂന്നു കൂട്ടുകാരും കൂടി കവാടം കടക്കുമ്പോൾ, ബെൻഡം ചോദിച്ചു.

"ഒരെഴുത്തുകാരൻ," പ്രെറ്റ്സൽ പറഞ്ഞു.

"ശരിക്കും!" ട്വിസ്റ്റമിന് ആശ്ചര്യമായി."എന്തൊരു ഭാഗ്യം! ജീവനുള്ള ഒരെഴുത്തുകാരനെക്കാണാൻ  ഞാനെന്നും ആഗ്രഹിച്ചിരുന്നു."

"ഇതാണാ അവസരം. ശരിക്കും ആകർഷകമായ ഒരു കഥാപാത്രമാണ് അദ്ദേഹം," കാറിൽ കയറവേ പ്രെറ്റ്സൽ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...