2020, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

Dunno 19

 ജീവനുള്ള ഒരെഴുത്തുകാരനുമായുള്ള സമാഗമം. 

കൈകൾ പരസ്പരം പിണച്ച്, വിദൂരതയിലേക്ക് കണ്ണു നട്ട് തൻ്റെ പഠനമുറിയുടെ തുറന്ന ജാലകത്തിനു സമീപം നിൽക്കുകയായിരുന്നൂ സ്ലിക്. അദ്ദേഹത്തിൻ്റെ തലമുടി പിറകോട്ട് ചീകി പറ്റിച്ചു വെച്ചിരുന്നു. അദ്ദേഹത്തിൻ്റെ തടിച്ചു കറുത്ത കൺപുരികങ്ങൾ മൂക്കിനു മീതെ കൂട്ടിമുട്ടിയിരുന്നു. അത് അദ്ദേഹത്തിൻ്റെ മുഖത്തിന് ആഴമേറിയ ഏകാഗ്രതയുടെ ഒരു ഭാവം സമ്മാനിച്ചു. നമ്മുടെ മൂന്നു ചങ്ങാതിമാരും കൂടി മുറിയിലേക്ക് കയറിയപ്പോൾ അദ്ദേഹത്തിൽ നേരിയൊരു ചലനം പോലുമുണ്ടായില്ല. ഉയർന്ന ശബ്ദത്തിലാണ് പ്രെറ്റ്സൽ അദ്ദേഹത്തെ അഭിവാദ്യം ചെയ്‍തത്. അവൻ ബെൻഡമിനെയും ട്വിസ്റ്റത്തെയും പരിചയപ്പെട്ടുത്തി; വിളക്കിച്ചേർക്കാനുള്ള ഉപകാരണത്തിനാണ് അവർ വന്നതെന്ന് വിശദീകരിച്ചു. എന്നിട്ടും, തലയിലൂടെ പരക്കം പായുന്ന വേഗമാർന്നതും സമർത്ഥവുമായ ഏതോ ചിന്തയെ  വാലോടെ പിടിച്ചെടുക്കാനെന്ന പോലെ, സ്ലിക് ജനലിലൂടെ തുറിച്ചു നോക്കിത്തന്നെ നിന്നു.  പ്രെറ്റ്സൽ ചുമലൊന്ന് കുലുക്കി, 'ഞാൻ നിങ്ങളോടപ്പോഴേ പറഞ്ഞതല്ലേ' എന്ന ഭാവത്തിൽ  ബെൻഡമിനെയും ട്വിസ്റ്റ‌മിനെയും നോക്കി. ഒടുവിൽ, അപ്പോൾ ഉറക്കം വിട്ടവനെപ്പോലെ സ്ലിക് സ്വയമൊന്ന് ഇളകി, പിറകിലേക്ക് തിരിഞ്ഞു.  

"എന്തു പറയുന്നൂ?" മൃദുവായതും വലിഞ്ഞതുമായ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. "ക്ഷമിക്കണം, സുഹൃത്തുക്കളേ. ഒരു തരത്തിൽ പറഞ്ഞാൽ, .. ങ് .. ഞാൻ ഇവിടെ അല്ലായിരുന്നു. ഭാവന എന്നെ ഉന്നത മേഖലകളിലേക്ക് വഹിച്ചു കൊണ്ടു പോയി.... സ്ലിക്," പരിചയപ്പെടുത്തലിൻ്റെ ഭാഗമായ്                ബെൻഡമിന് നേരെ കൈ നീട്ടി അദ്ദേഹം പറഞ്ഞു. ബെൻഡം കൈ സ്വീകരിച്ചു. അയാൾക്കാ കൈ തണുത്തു വിറങ്ങലിച്ചതായാണ് അനുഭവപ്പെട്ടത്. ബെൻഡം തൻ്റെ പേരു പറഞ്ഞു.

"സ്ലിക്," ട്വിസ്റ്റമിനു നേരെ കൈ നീട്ടി എഴുത്തുകാരൻ വീണ്ടും പറഞ്ഞു. 

"ട്വിസ്റ്റം," തണുത്തു മരവിച്ച കൈകുലുക്കി ട്വിസ്റ്റം പറഞ്ഞു.

"സ്ലിക്," പ്രെസ്റ്റലിനു നേരെ കൈ നീട്ടി മൂന്നാമതൊരു തവണ കൂടി എഴുത്തുകാരൻ പറഞ്ഞു.

"പക്ഷേ, നമ്മൾ പരിചയക്കാരല്ലേ?" പ്രെസ്റ്റൽ പറഞ്ഞു.

"ആഹാ!  ഇത് പ്രെസ്റ്റലാണല്ലോ," സ്ലിക് പറഞ്ഞു. "കണ്ടതിൽ സന്തോഷം. ശരിക്കും വലിയ സന്തോഷം.ഇരുന്നാട്ടെ, സുഹൃത്തുക്കളേ."

ഏവരും ഇരുന്നു. 

"അപ്പോൾ, നിങ്ങൾ നമ്മുടെ ടാപ്‌സിനെ കണ്ടിട്ടാണ് വരുന്നത്, അല്ലേ?" സ്ലിക് ചോദിച്ചു. താൻ വഹിക്കപ്പെട്ടുപോയത് ഏതു മേഖലയിലേക്കാണെങ്കിലും, പ്രെസ്റ്റലിൻ്റെ വാക്കുകൾ അദ്ദേഹം കേട്ടിരുന്നുവെന്ന് ഈ ചോദ്യം വെളിപ്പെടുത്തി. "അവൻ നിങ്ങളെ തൻ്റെ മടക്കു കസേരകളും മേശകളും കാണിച്ചുവെന്ന് വിചാരിക്കുന്നു," അടക്കിച്ചിരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

ബെൻഡം തലയാട്ടി. സ്ലിക്കിൻ്റെ വായയുടെ കോണുകളിൽ ഒരു പരിഹാസപ്പുഞ്ചിരി തങ്ങിനിന്നു. അതു തനിക്ക് സുഖം നൽകിയെന്ന് തോന്നിപ്പിക്കുംപോലെ, അദ്ദേഹം തൻ്റെ കാൽമുട്ടുകൾ തിരുമ്മി. 

"വിചിത്രജീവികൾ, ഈ കണ്ടുപിടുത്തക്കാർ," അദ്ദേഹം പറഞ്ഞു. "ഈ മടക്കു കസേരകളും, മേശകളും, രഹസ്യ അലമാരകളും, ഊർന്നുവീഴുന്ന തൂക്കു മഞ്ചവും കൊണ്ട് ആൾക്കാർ എന്തു ചെയ്യാനാണ്? എഴുന്നേൽക്കുന്ന നേരം തുള്ളിപ്പോകാത്ത, സാധാരണ കസേരയിലിരിക്കാനാണ് എനിക്കിഷ്ടം. കയറിക്കിടക്കുമ്പോൾത്തന്നെ താഴോട്ടും മേൽപ്പോട്ടും പോകാത്ത കിടക്കയിൽ ഉറങ്ങാനാണ് എനിക്കിഷ്ടം. അങ്ങനെയൊരു കിടക്കയിൽ ആർക്കും എന്നെ കിടത്താനാകില്ല. എനിക്കതിഷ്ടമല്ലെങ്കിൽ എന്നെക്കൊണ്ടത് ചെയ്യിക്കാൻ ആർക്കു കഴിയും?"

"ആർക്കുമാവില്ല," പ്രെസ്റ്റൽ പറഞ്ഞു. "കാര്യമെന്താണെന്ന് വച്ചാൽ, ടാപ്‌സ് ഒരു കണ്ടുപിടുത്തക്കാരനാണ്. അവനെപ്പോഴും വിജയിക്കാറില്ല. പക്ഷേ, അവൻ്റെ കണ്ടുപിടുത്തങ്ങൾ ഉപയോഗപ്രദമാണ്. അവൻ സമർത്ഥനായ ഒരു പണിക്കാരനാണ്."

"അല്ലെന്ന് ഞാൻ പറയില്ല," സ്ലിക് കൂട്ടിച്ചേർത്തു. "മറിച്ച്, ആണെന്നേ പറയൂ. ഉദാഹരണത്തിന്, അവൻ എനിക്ക് നല്ലൊരു ചിലക്കുംപെട്ടി ഉണ്ടാക്കി തന്നിട്ടുണ്ട്."

"ചിലക്കുംപെട്ടിയോ?"

"സംസാരിക്കുന്ന ഒരു യന്ത്രം. ദാ, ഇവിടെ നോക്കൂ."

അങ്ങനെ, സ്ലിക് സന്ദർശകരെ ഒരു മേശക്കടുത്തേക്ക് കൊണ്ടുപോയി. അതിനു മീതേ ഒരു കൊച്ചുപകരണം സ്ഥിതിചെയ്തിരുന്നു.

"ആ കൊച്ചു പെട്ടിയുടെ  അഥവാ, സഞ്ചിയുടെ (എന്തണെന്നു വച്ചാ നിങ്ങൾ വിളിച്ചോളൂ) ഒരു വശത്തൊരു തുളയുണ്ട്. ആ തുളയിലേക്ക് നിങ്ങളെന്തെങ്കിലും പറഞ്ഞ ശേഷം ഈ ബട്ടൺ അമർത്തിയാൽ, ഈ ചിലക്കുംപെട്ടി നിങ്ങൾ പറഞ്ഞതതേപടി ആവർത്തിക്കും. ശ്രമിച്ചു നോക്കൂ," ബെൻഡത്തോട് സ്ലിക് പറഞ്ഞു. 

ബെൻഡം കുനിഞ്ഞിരുന്ന് ആ കൊച്ചുപെട്ടിയിലേക്ക് പറഞ്ഞു:

"ബെൻഡം, ബെൻഡം, ട്വിസ്റ്റം, ട്വിസ്റ്റം."

"പ്രെസ്റ്റലും," പ്രെസ്റ്റൽ പറഞ്ഞു.

സ്ലിക് ഒരു ബട്ടൺ അമത്തിയപ്പോൾ, യന്ത്രം പരുപരുത്ത സ്വരത്തിൽ ആവർത്തിച്ചു:

"ബെൻഡം, ബെൻഡം, ട്വിസ്റ്റം, ട്വിസ്റ്റം. പ്രെസ്റ്റലും."

"നിങ്ങൾക്കെന്തിനാണ് സംസാരിക്കുന്ന ഒരു യന്ത്രം?" ട്വിസ്റ്റം ചോദിച്ചു.  

"അതോ, ഇത്തരമൊരു യന്ത്രമില്ലെങ്കിൽ, ഒരെഴുത്തുകാരൻ ശരിക്കും നിസ്സഹായനാകും," സ്ലിക് പറഞ്ഞു. "ഞാനിത് വീടുകളിൽ വെക്കും. ആൾക്കാർ പറയുന്നതൊക്കെ ഇത് രേഖപ്പെടുത്തും. വാക്കുകൾ പകർത്തിയെടുക്കുക മാത്രമാണ് എൻ്റെ ജോലി. അതോടെ, അച്ചടിക്കാൻ പാകത്തിൽ ഒരു ചെറുകഥ, എന്തിന് ഒരു നോവൽ വരെ തയ്യാറാകും."

"എന്തെളുപ്പം!" ട്വിസ്റ്റം പറഞ്ഞു. "എഴുതാൻ ആദ്യമായ് ഒരിതിവൃത്തം വേണമെന്നാണ് ചിലരൊക്കെ പറയാറ്."

"ശുദ്ധ അസംബന്ധം!" സ്ലിക് പുച്ഛത്തോടെ പറഞ്ഞു. "അങ്ങനെയാണ് പുസ്തകങ്ങളിൽ പറഞ്ഞു വച്ചിരിക്കുന്നത്. ആലോചിക്കപ്പെട്ട ഇതിവൃത്തങ്ങളെല്ലാം മാറ്റിവച്ച് ഒരിതിവൃത്തം ആലോചിക്കാൻ ശ്രമിച്ചാട്ടെ. മറ്റൊരാളുടെ തലയിലുദിച്ചിട്ടില്ലാത്ത  ഒരിതിവൃത്തവും നമ്മുടെ തലയിലുദിക്കില്ല. അതേ, ഇതാണ് ആധുനിക രീതി--- പ്രമേയം പ്രകൃതിയിൽനിന്ന് നേരിട്ടെടുക്കൽ --- ഒരു തരത്തിൽ പറഞ്ഞാൽ, അസംസ്കൃതമായ്. അങ്ങനെ ചെയുമ്പോൾ, ആർക്കറിയാം, ഒരു പക്ഷേ, ഇതു വരെ ഒരെഴുത്തുകാരനും ചിന്തിച്ചിട്ടില്ലാത്ത ഒന്നിൽ നാം ചെന്നു തട്ടിയേക്കും."

"പക്ഷേ, എല്ലാവരും നിങ്ങളുടെ ചിലക്കുംപെട്ടി  അവരുടെ വീടുകളിൽ വെക്കുന്നതിന് തയ്യാറായെന്ന് വരില്ല," ബെൻഡം പറഞ്ഞു.

"ഞാൻ അവരെ പറ്റിക്കും," സ്ലിക് പറഞ്ഞു. "ഇതൊരു സാധാരണ സഞ്ചി പോലെയല്ലേ ഇരിക്കുന്നത്. സുഹൃത്തുക്കളെ സന്ദർശിക്കുമ്പോൾ ഞാനിത് കയ്യിൽ കരുതും. ഞാൻ വീട്ടിലേക്ക്‌ മടങ്ങുമ്പോൾ, 'യാദൃച്ഛികമായ്' ഇത് മേശക്കടിയിലോ കസേരക്ക്‌ കീഴിലോ മറന്നു വെക്കും. പിന്നീട്, എൻ്റെ ചങ്ങാതിമാർ പറഞ്ഞതു മുഴുവൻ കേൾക്കാനുള്ള സുഖം ഞാൻ അനുഭവിക്കും."

"അവരെന്താ പറയാറുള്ളത്?" ട്വിസ്റ്റം ചോദിച്ചു. "അത് നല്ല രസമുള്ളതായിരിക്കണമല്ലോ."

"ഉവ്വ്. അതിത്ര രസകരമായിരിക്കുമെന്ന് എനിക്കും നിശ്ചയമില്ലായിരുന്നു. അവരൊന്നും സംസാരിക്കാറില്ലെന്നാണ് ഒടുവിൽ തെളിഞ്ഞത്. പ്രത്യക്ഷത്തിൽ യാതൊരു കാരണവുമില്ലാതെ അവർ അട്ടഹസിക്കും; കോഴിയെപ്പോലെ കൂവും; പട്ടിയെപ്പോലെ കുരയ്ക്കും; പന്നിയെപ്പോലെ മുരളും; പശുവെപ്പോലെ അമറും; പൂച്ചയെപ്പോലെ കരയും. പക്ഷേ, സംസാരിക്കുകയേയില്ല."

"എത്ര വിചിത്രം!" ബെൻഡം പറഞ്ഞു.

"അല്ലേ?" സ്ലിക് ചോദിച്ചു. "ഞാൻ അവരുടെ കൂടെയുള്ളപ്പോൾ അവർ സാധാരണ മൈറ്റുകളെപ്പോലെ സംസാരിക്കും. എന്നാൽ, ഞാൻ പോകേണ്ട താമസം, അവരീ അസാധാരണ ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും. ഇതാ, ഇന്നലെ രാത്രി രേഖപ്പെടുത്തിയത് കേട്ടു നോക്കൂ."

ഉപകരണത്തിനകത്ത് ഒരു ഡിസ്ക് തിരുകിയ ശേഷം, സ്ലിക് ഒരു ബട്ടണമർത്തി. സന്ദർശകർ ആദ്യം എന്തോ ചുരണ്ടുന്ന ശബ്ദം കേട്ടു; വാതിൽ കൊട്ടിയടയുന്നതു പോലുള്ളൊരു ശബ്ദവും. അതിനു ശേഷം ഒരു നിമിഷം          ശബ്‌ദശൂന്യമായി. തുടർന്ന് പൊട്ടിച്ചിരിയുടെ ഒരലർച്ച. പിന്നെ, ആരോ  "മേശക്കടിയിൽ" എന്നു പറയുന്നത് കേൾക്കായി. വീണ്ടും പൊട്ടിച്ചിരിയുടെ ഒരു പൊട്ടിത്തെറി. കുരയും, കൂവലും, അമറലും. ഒരാടിൻ്റെ കരച്ചിൽ. ആരോ പറയുകയാണ്, "ദാ, ഞാൻ ഒരു കഴുതയെപ്പോലെ കരയാം; ഹീഹോ! ഹീ ഹോ!ഹീ ഹോ!" പിന്നെ, ഒരു കുതിരക്കരച്ചിൽ. കൂടുതൽ പൊട്ടിച്ചിരി.

"കണ്ടില്ലേ... അതായത്, കേട്ടില്ലേ?" ഒരു ചുമൽ ഉയർത്തിക്കൊണ്ട് സ്ലിക് ചോദിച്ചു.    

"ഇതിൽനിന്ന് ഒരു നോവലുണ്ടാക്കുക ഏറെ കഠിനമാണ്," ബെൻഡം പറഞ്ഞു. 

"ഇതിലൊരു രഹസ്യവുമില്ല,"സ്ലിക്കിനോട് പ്രെസ്റ്റൽ പറഞ്ഞു. "നിങ്ങളുടെ പക്കൽ ഇത്തരമൊരു യന്ത്രമുണ്ടെന്ന് ഇക്കാലമായപ്പോഴേക്കും പട്ടണത്തിലെ എല്ലാവർക്കുമറിയാം. അതിനാൽ, നിങ്ങൾ പോകുന്ന നിമിഷം, അവർ അതിനകത്തേക്ക് എല്ലാ തരത്തിലുമുള്ള തോന്ന്യാസങ്ങൾ വിളിച്ചു പറയുകയാണ് ."

"പക്ഷേ,എന്തിന്?"

"നിങ്ങൾ അവരെ പറ്റിക്കാൻ നോക്കി. അതിനു ബദലായി, അവർ നിങ്ങളെ പറ്റിച്ചു. അവരുടെയൊരു കൊച്ചു തമാശ."

സ്ലിക് പുരികം ചുളിച്ചു. 

"അപ്പൊ, അതാണ് സംഭവം! നിക്ക്, ഞാനവർക്ക് കാണിച്ചു കൊടുക്കാനിരിക്കുന്നതേയുള്ളൂ. ഞാനീ ചിലക്കുംപെട്ടി അവരുടെ ജനലുകൾക്കടിയിൽ നിക്ഷേപിക്കും. ഈ കൊച്ചു സഞ്ചി അതിൻ്റെ വില മനസ്സിലാക്കിക്കും. പക്ഷേ, ഇതാ, ഇതു നോക്കൂ --- ഇതെന്താണെന്നാ നിങ്ങൾ കരുതുന്നത്? --- വലുപ്പമുള്ള ഒരു കുട പോലെയോ, മടക്കിയ ഒരു കൂടാരം പോലെയോ ഉള്ള വീർത്തൊരു പൊതിക്കെട്ടിലേക്ക് അദ്ദേഹം കൈ ചൂണ്ടി. 

"അതൊരു കുടയല്ലേ?" ട്വിസ്റ്റം ചോദിച്ചു. 

"അല്ലേയല്ല," സ്ലിക് പറഞ്ഞു. "അത് എഴുത്തുകാർക്കുള്ള കൊണ്ടു നടക്കാൻ പറ്റുന്ന മേശയും കസേരയുമാണ്. ഒരെഴുത്തുകാരന് കാടിനെക്കുറിച്ച്  വർണ്ണിക്കണമെന്നിരിക്കട്ടെ. അയാൾ കാട്ടിലേക്ക് പോകുന്നു; മേശ നിവർത്തുന്നു; സുഖകരമായ കസേരയിലിരിക്കുന്നു; കാണുന്നതെല്ലാം എഴുതിയിടുന്നു. ദാ, ഈ കസേരയൊന്ന് പരീക്ഷിച്ചു നോക്കൂ," അദ്ദേഹം ട്വിസ്റ്റത്തോട് പറഞ്ഞു. 

കുടയുടെ പിടിയെന്ന് തോന്നിപ്പിച്ച ബട്ടണിൽ സ്ലിക് ഒന്നമർത്തി. അക്ഷണം, അതൊരു കൊച്ചു മേശയും കസേരയുമായ് മാറി. കസേരയിലിരിക്കാൻ ട്വിസ്റ്റമിന് സ്വയം കെട്ടുപിണയേണ്ടി വന്നു. 

"നിങ്ങളിപ്പോൾ സുഖമായിരുന്നിരിക്കയാൽ, ഇനി തീർച്ചയായും നിങ്ങൾക്ക് പ്രചോദനമുണ്ടാകും," സ്ലിക് പറഞ്ഞു. "പുല്ലിലോ തറയിലോ ഇരുന്ന് എഴുതുന്നതിനേക്കാൾ ആയിരം വട്ടം സുഖകരമാണ് കസേരയിലിരുന്ന് എഴുതുന്നതെന്ന് നിങ്ങൾ അമ്മതിക്കും."

ട്വിസ്റ്റമിന് സുഖമൊന്നും തോന്നിയില്ല; പ്രചോദനവുമുണ്ടായില്ല. അയാൾക്ക് കാലു കോച്ചിവലിക്കുന്നതായി തോന്നിയതുകൊണ്ട് ഉടൻ തന്നെ അയാൾ വിഷയം മാറ്റുകയാണുണ്ടായത്.

"എന്തൊക്കെ പുസ്തകങ്ങളാണ് അങ്ങെഴുതിട്ടുള്ളത്?" കസേരയിൽനിന്ന് തന്നെ പറിച്ചെടുത്തുകൊണ്ട് അയാൾ ചോദിച്ചു.

"ഇതുവരെ ഒന്നും എഴുതിയിട്ടില്ല," സ്ലിക് പറഞ്ഞു. "ഒരെഴുത്തുകാരനാവുകയെന്നത് നിങ്ങൾ കരുതുമ്പോലെ അത്ര എളുപ്പമല്ല. ഒരെഴുത്തുകാരൻ ആകുന്നതിന് മുമ്പ്, കഠിനമായ കുറേ സംഗതികൾ എനിക്കു ശേഖരിക്കേണ്ടി വന്നു. ആദ്യമായി, മടക്കുമേശയും കസേരയും തയ്യാറാകുന്നതുവരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു. അതു കിട്ടാൻ വർഷങ്ങളോളമെടുത്തു. അതിനുശേഷം, ചിലക്കുംപെട്ടിക്കുവേണ്ടി കാക്കേണ്ടി വന്നു. തൊഴിലാളികൾ കാര്യങ്ങൾ എങ്ങനെ വലിച്ചു നീട്ടുമെന്നത് നിങ്ങൾക്കറിവുള്ളതാണല്ലോ. പ്രത്യേകിച്ച് ടാപ്‌സ്. ചിലക്കുംപെട്ടി എങ്ങനെ ഉണ്ടാക്കണമെന്ന് ആലോചിക്കാൻ തന്നെ അവനെടുത്തത് രണ്ടര വർഷമാണ്. ഞാൻ കാത്തിരിപ്പാണെന്ന ഒരു വിചാരവും അവനുണ്ടായില്ല. സർഗ്ഗശ്രമത്തിൻ്റെ  വിങ്ങും വേദനയുണ്ടോ അവനറിയുന്നൂ! ചിലക്കുംപെട്ടി സങ്കീർണ്ണമായ ഒരുപകരണമാണെന്ന് എനിക്കറിയാം. പക്ഷേ, അവനത് കൂടുതൽ സങ്കീർണ്ണമാക്കിയത് എന്തിനാണെന്ന്  എനിക്ക് മനസ്സിലാകുന്നില്ല."

"അവനങ്ങനെ ചെയ്തോ?" ബെൻഡം ചോദിച്ചു.

"പിന്നല്ലാതെ! വെറുമൊരു ചിലക്കുംപെട്ടിയുണ്ടാക്കുന്നതിനു പകരം, അവനതിനൊപ്പം ഒരു തൂപ്പുയന്ത്രവും കൂടി ഘടിപ്പിച്ചു. തൂപ്പുയന്ത്രം കൊണ്ട് ഞാനെന്ത് മല മറിക്കാനാണ്? അതിൻ്റെ പേരിൽ മറ്റൊരൊന്നരക്കൊല്ലം എനിക്ക് പോയിക്കിട്ടി. പോട്ടെ, അതൊക്കെ കഴിഞ്ഞ കഥ," കൈ  ഒന്നു വീശിക്കൊണ്ട് സ്ലിക് പറഞ്ഞു.  "എൻ്റടുത്തിപ്പോ ചിലക്കുംപെട്ടിയുണ്ട്. എഴുതാൻ തുടങ്ങും മുമ്പ്, ഇനിയൊന്നു രണ്ട് അപ്രധാന കാര്യങ്ങൾ കൂടിയേ ശേഖരിക്കാനുള്ളൂ."

"എഴുത്തുകാർക്കു വേണ്ടി ചിന്തിക്കുന്ന ഒരു യന്ത്രം ആരെങ്കിലുമുണ്ടാക്കിയാൽ അത് നന്നായിരിക്കില്ലേ?" ട്വിസ്റ്റം ചോദിച്ചു.

"വളരെ നല്ല കാര്യമായിരിക്കും," സ്ലിക് യോജിച്ചു.

ഈ സമയമായപ്പോഴേക്കും സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു. തിരിച്ചു പോകാൻ സമയമായെന്ന് സന്ദർശകർക്ക് തോന്നി. വിളക്കാനുള്ള ഉപകരണ വുമെടുത്ത്, ഗുഡ് ബൈയും പറഞ്ഞ് അവർ ഇറങ്ങി. 

"ഇരുട്ടുംമുമ്പ് ഗ്രീൻവില്ലിൽ എത്തണമെങ്കിൽ, വേഗത്തിൽ വേണം പോകാൻ," ബെൻഡം പറഞ്ഞു. 

"ശങ്ക വേണ്ട. ഒറ്റ ശ്വാസത്തിന് ഞാൻ നിങ്ങളെ അവിടെയെത്തിക്കും," പ്രെറ്റ്സൽ പറഞ്ഞു. "പക്ഷേ, അതിനു മുമ്പ്, ആദ്യമായ്, വല്ലതും കഴിക്കുന്നതാണ് നല്ലത്."

അവൻ അവരെ അത്താഴത്തിന് വീട്ടിലേക്ക് കൊണ്ടു പോയി.

*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...