2020, ഓഗസ്റ്റ് 12, ബുധനാഴ്‌ച

dunno 17

 ബെൻഡമും ട്വിസ്റ്റമും പട്ടം പട്ടണത്തിലേക്ക് 

"ഇരു വരിയായ് നാൽ വരിയായ് 
വേഗം വേഗം പുറത്തു വരൂ 
ആൺമൈറ്റുകളേ പെൺമൈറ്റുകളേ 
വ്യായാമം ചെയ്‌താകട്ടേ 
നമ്മുടെ പകലിന്നാരംഭം"  

കവി പോസി എഴുതിയ ഈ ഗാനത്തോടെയാണ് ബെൻഡമും ട്വിസ്റ്റമും അവരുടെ ദിവസം തുടങ്ങിയത്. ഈ രണ്ടു ലോഹപ്പണിക്കാരും പാട്ടും  പാടി, ഒന്നുഷാറാകാനുള്ള വ്യായാമവും ചെയ്തുകൊണ്ട് തെരുവിലൂടെ നടന്നു നീങ്ങുന്ന നേരത്ത് ഗ്രീൻവില്ലിലെ നിവാസികൾ ഉറക്കത്തിലായിരുന്നു. 

ഒരു പെൺമൈറ്റിന്റെ കാർ നന്നാക്കാനായി അവരെ അശുപത്രിയിൽനിന്ന് വിടുതൽ ചെയ്യുമെന്ന് തലേന്ന് വൈകുന്നേരം അവർ കേട്ടിരുന്നതാണ്. ആയതിനാൽ, ഉദിച്ചുയരാൻ സൂര്യന് തോന്നുന്നതിന് എത്രയോ മുമ്പു തന്നെ അവർ തങ്ങളുടെ വസ്ത്രങ്ങൾ തിരിച്ചു കിട്ടുന്നതിനുവേണ്ടി വാശി പിടിച്ചു. ഒരു രംഗം സൃഷ്ടിക്കുന്നതിനെ ഭയപ്പെട്ടിരുന്ന തേൻമൊഴിക്ക്, കഴിയുന്നതും വേഗം അവരെ പറഞ്ഞയക്കുന്നതാണ് നല്ലതെന്ന് തോന്നി. 

ഇപ്പോഴിതാ, അവർ, പാട്ടുപാടി ഗ്രീൻവിൽ നിവാസികളെ ഉണർത്തിക്കൊണ്ട്,  തെരുവിലൂടെ പ്രഗമനം ചെയ്യുകയാണ്. എന്താണ് സംഭവിക്കുന്നതെന്നറിയാൻ ചില പെൺകുട്ടികൾ ജനലുകൾക്കരികിലേക്ക് വന്നു. മറ്റു ചിലർ വാതിലുകൾ കടന്നു വന്നു.

"എവിടെയാ നിങ്ങളുടെ വണ്ടിപ്പുര, കുട്ടികളേ?" ബെൻഡം ഉറക്കെ ചോദിച്ചു.
"വരൂ, ഞാൻ കാണിച്ചു തരാം," തലയിൽ ഒരു ചുവന്ന മേലാപ്പും, പതുപതുത്ത വെള്ളിക്കമ്പിളിപ്പുഴുവിന്റേതുപോലുള്ള കോളറുള്ള നീലക്കോട്ടുമിട്ട ഒരു പെൺകുട്ടി പറഞ്ഞു.
"ഇടത്തോട്ടാണോ, വലത്തോട്ടാണോ തിരിയേണ്ടത്?" ബെൻഡം ചോദിച്ചു.
"വലത്തോട്ട്," അവരുടെ തുകൽ ജാക്കറ്റിനെ ഒളികണ്ണിട്ട് നോക്കി, വഴികാട്ടി പറഞ്ഞു. 
"റൈറ്റ് ടേൺ! ക്വിക് മാർച്ച്!" ബെൻഡം ആജ്ഞാപിച്ചു."ലെഫ്റ്റ്! റൈറ്റ്! ലെഫ്റ്റ്! റൈറ്റ്!"

ട്വിസ്റ്റം അയാളെ അനുഗമിച്ചു. വഴികാട്ടി അവർക്കൊപ്പമെത്താൻ പാടുപെട്ടു. അതിവേഗതയിലായിരുന്നൂ അവരുടെ ഗമനമെന്നതിനാൽ, അവർ നിൽക്കേണ്ടിയിരുന്ന ഗേറ്റും കടന്ന് മുമ്പോട്ടു പോവുകയാണുണ്ടായത്. 

"ഒന്ന് നിന്നേ!" വഴികാട്ടി അവരെ വിളിച്ചു. "നിങ്ങൾ ദൂരേക്ക് പോയിരിക്കുന്നൂ ."

"എബൌട്ട് ടേൺ!" ബെൻഡം കൽപ്പിച്ചു. വഴികാട്ടി തങ്ങൾക്കായ് തുറന്നു പിടിച്ച ഗേറ്റിലൂടെ അവർ മടങ്ങി വന്നു. അവരെത്തിച്ചേർന്നത്,  അങ്ങേയറ്റത്ത് ഓടുമേഞ്ഞൊരു ഷെഡ്ഡുള്ള  ഒരങ്കണത്തിലായിരുന്നു.

"ഇതാണോ വണ്ടിപ്പുര? ഇത്‌ പഴയൊരു പൊട്ടിപ്പൊളിഞ്ഞ ഷെഡ്ഡല്ലേ!" 
ഷെഡ്‌ഡി ന്റെ ഇരട്ട വാതിൽ  തുറന്നുകൊണ്ട് ട്വിസ്റ്റം പറഞ്ഞു. അകത്തൊരു കാർ ഇരിപ്പുണ്ടായിരുന്നു. 

ഈ നേരമായപ്പോഴേക്കും കുറച്ചു പെൺകുട്ടികൾ മുറ്റത്തെത്തിക്കഴിഞ്ഞിരുന്നു.  
  
"ഇവിടമാകെ ഇരുട്ടാണല്ലോ, " ബെൻഡം പറഞ്ഞു. "കാറ് പുറത്തേക്കെടുക്കാം."
"പക്ഷേ, അതോടില്ല. അത് തകരാറായതാണ്," പെൺകുട്ടികൾ പറഞ്ഞു. 

"അത് സാരമില്ല. നമുക്ക് തള്ളിപ്പുറത്തെടുക്കാം. വാ, വന്നൊന്ന് കൈവെക്ക്. വൺ, ടു --- പുഷ്! വൺ, ടു --- പുഷ്!"
മുക്കിയും മൂളിയും കാർ പുറത്തേക്കുരുണ്ടു.

ഞൊടിയിടയിൽ ബെൻഡമും ട്വിസ്റ്റമും കാറിനടിയിൽ കയറിപ്പറ്റി. അത്ഭുതം പൂണ്ട പെൺകുട്ടികൾ അവരെ ആദരവോടെ നോക്കിനിന്നു.

"ഉം! ടാങ്കിന് ചോർച്ചയുണ്ട്," കാറിനടിയിൽനിന്ന് ശബ്ദമുയർന്നു. "ടോക്, ടോക്, ടോക്! ഒരു ബോൾട്ട് ഇളകിയിരിക്കുന്നു. ഹും! സിറപ്പിന്റെ പൈപ്പും പൊട്ടിയി രിക്കുന്നു!"
അൽപ്പസമയം കഴിഞ്ഞ് അവർ പുറത്തേക്കിഴഞ്ഞു വന്നു. 
"ഒരു ചുറ്റികയും, കുറച്ചു കൊടിലുകളും, ചവണയും, വിളക്കിച്ചേർക്കാനുള്ള  ഉപകരണവും കൊണ്ട് വാ," ബെൻഡം പറഞ്ഞു.
"അതൊന്നും ഞങ്ങളുടെ പക്കലില്ല."    
"ഇല്ലേ? പിന്നെന്തുണ്ട്?"
"മഴുവും ഈർച്ചവാളുമുണ്ട്."
"മഴുകൊണ്ട് കാറു പണിയാൻ പറ്റില്ല. ഇവിടെ ആൺകുട്ടികളാരുമില്ലേ?"
"എല്ലാ ആൺകുട്ടികളും പട്ടം പട്ടണത്തിലാണ്."
"അതത്ര ദൂരെയാണോ?"
"നടന്നാൽ ഒരു മണിക്കൂറെടുക്കും."
"നിങ്ങൾക്ക് ഒരു മണിക്കൂറാണെങ്കിൽ, ഞങ്ങൾക്ക് അതിൽ കുറവ് മതിയാകും. എങ്ങനെയാ അവിടെയൊന്നെത്തുക?"
"ഈ തെരുവു കഴിഞ്ഞാൽ വലത്തോട്ടു തിരിയണം. പിന്നെ, നേരെ പോയാൽ, പാടങ്ങളെ മുറിച്ചുപോകുന്ന റോഡിലെത്തും. ആ റോഡിലൂടെ പോയാൽ പട്ടം പട്ടണത്തിലെത്തും."
"വ്യക്തമായി," ബെൻഡം പറഞ്ഞു. "ക്വിക് മാർച്ച്! നിക്ക്, നിക്ക് --- ഞങ്ങൾ പോയ്ക്കഴിയുമ്പോൾ, കുറച്ച് പഴന്തുണിയെടുത്ത് ആ കാറൊന്ന് തുടക്കൂ. മോട്ടോർ കാറുകളെ നന്നായി നോക്കുന്നത് അവർക്കിഷ്ടമാണ്."
"ഞങ്ങൾ നോക്കിക്കോളാം," പെൺകുട്ടികൾ പറഞ്ഞു. 
"ഗുഡ് ബൈ! ക്വിക് മാർച്ച്!"

അങ്ങനെ അവർ യാത്രയായി. തെരുവ് അവസാനിക്കാറായപ്പോൾ ബെൻഡം പാടാനുള്ള കൽപ്പനയിട്ടു. അവർ രണ്ടു പേരും ഉച്ചത്തിൽ പാടിത്തുടങ്ങി. 

"മഞ്ഞപ്പൂക്കൾ വെളിച്ചം വിതറും 
കുന്നും താണ്ടി, താഴ്വര താണ്ടി,
മിന്നി വിളങ്ങും ആകാശത്താൽ 
ആമോദിതരാമവനും ഞാനും,
ചങ്ങാതികളാം ഞങ്ങൾ നടന്നൂ 
മുമ്പോട്ടങ്ങനെ മുമ്പോട്ട്. 
വീഥിയിലപ്പോൾ ഞങ്ങടെ നേരെ 
എടുപിടിയെന്നൊരു ചൊറിയൻ തവള 
ചാടിച്ചാടിവരുന്നതു കണ്ടേൻ.
ഝടുതിയിലപ്പോൾ ഞങ്ങളുമോടി;
ആദ്യം ഞാനും, പിന്നീടവനും    
ഓടി പുരക്കേക്കസ്ത്രം പോലെ."

ആ ഒരു പാട്ടു തീർന്നപ്പോൾ അവർ വേറൊന്നു പാടി; പിന്നെ വേറൊന്നു കൂടി. താമസിയാതെ അവർ പട്ടണം വിട്ട്, വയലുകളിലെത്തി. ഏകദേശം ഒരു മണിക്കൂർ നടന്നു കഴിഞ്ഞപ്പോൾ, പട്ടം പട്ടണം അവരുടെ കണ്ണിൽപ്പെട്ടപ്പോൾ, അവർ റോഡിനു നടുവിൽ ഒരു കാർ കിടക്കുന്നതു കണ്ടു. കാറിനകത്ത് ആരുമുണ്ടായിരുന്നില്ല. എന്നാൽ, അതിനടിയിൽനിന്ന് എണ്ണപുരണ്ട കറുത്ത ട്രൗസറുകളിട്ട രണ്ടു കാലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് അവർ കണ്ടു. 

"വെയിലുകായുകയാണോ, കുട്ടാ?" ട്വിസ്റ്റം വിളിച്ചു ചോദിച്ചു. ചക്രങ്ങൾക്കിടയിൽനിന്ന് ഇരുണ്ടചുരുൾമുടിയുള്ള ഒരു തല തള്ളി വന്നു. "ഉവ്വേ. കാറിനടിയിൽ വെയിലുകൊള്ളുകയാണ്," അതായിരുന്നൂ മറുപടി. 
"എന്തു പറ്റി?"
"ഒന്നുകിൽ വേണ്ടത്ര സിറപ്പില്ലായിരിക്കണം; അതല്ലെങ്കിൽ സോഡ കൂടിപ്പോയിരിക്കണം--- എന്താണെന്ന് എനിക്കൊരു പിടിയുമില്ല, നാശം പിടിക്കാൻ!"  

അവൻ പുറത്തേക്കിഴഞ്ഞിറങ്ങിവന്ന് ചക്രത്തിനൊരു ചവിട്ടു വച്ചുകൊടുത്തു. അവൻ്റെ ട്രൗസറിനെപ്പോലെതന്നെ അവൻ്റെ ജാക്കറ്റും കറുത്തിരുന്നു. അവ കടഞ്ഞെടുത്ത തുകൽപോലെ തിളങ്ങി നിന്നു. മറ്റ് സോഡാക്കാറുകളുടെ ഉടമകളെപ്പോലെ , ഈ പാവത്താനും കാറിനുള്ളിലെന്നതിനേക്കാൾ കാറിനടിയിലാണ് അധികസമയവുമെന്ന കാര്യം വ്യക്തമായി. യന്ത്രത്തെ പഠിച്ചുകൊണ്ട് ബെൻഡം കാറിനെ ചുറ്റിപ്പറ്റി നടന്നു. പുറമേക്കൊന്നും കാണാത്തതിനാൽ അയാൾ അതിനടിയിലേക്ക് ഊളിയിട്ടു. അവിടെ അയാൾ കുറച്ചു സമയം എന്തൊക്കെയോ തട്ടിയും മുട്ടിയും നോക്കി; അതു കഴിഞ്ഞ് പുറത്തേക്കിഴഞ്ഞുവന്ന്, തലയും ചൊറിഞ്ഞു നിന്നു.

ഒടുവിൽ ബെൻഡമിന്  കുഴപ്പമെന്തെന്ന് മനസ്സിലായി. ഒട്ടും താമസിയാതെ, എഞ്ചിൻ സന്തോഷത്തോടെ മൂളാൻ തുടങ്ങി. സന്തുഷ്ടനായ കാറുടമ ബെൻഡമിന്റേയും  ട്വിസ്റ്റമിന്റേയും കൈപിടിച്ചു  കുലുക്കി. 
"നന്ദിയുണ്ട്," അവൻ പറഞ്ഞു. "നിങ്ങൾ വരാൻ ഇടയായിരുന്നില്ലെങ്കിൽ, ദിവസം മുഴുവൻ ഞാൻ കാറിനടിയിൽ വെയിലു കാഞ്ഞ് കിടക്കേണ്ടി വന്നേനെ. ആട്ടെ, നിങ്ങളെവിടേക്കാ? കാറിൽ കയറിയാട്ടെ. ഞാൻ കൊണ്ടു വിടാം."
 ബെൻഡമും ട്വിസ്റ്റമും തങ്ങൾ വന്നതെന്തിനാണെന്ന് പറഞ്ഞു. 

"ചുറ്റികയും, സ്പാനറും, കൊടിലും, ചവണയുമൊക്കെ എനിക്കു തരാനാകും. പക്ഷേ, വിളക്കിച്ചേർക്കാനുള്ള ഉപകരണം എൻ്റെ കയ്യിലില്ല," കാറുടമ പറഞ്ഞു.
"പട്ടം പട്ടണത്തിൽനിന്ന് ഒരെണ്ണം സംഘടിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലേ?"
"എന്താ സംശയം! ഞങ്ങളുടെ പ്ലംബർ ടാപ്‌സിൻ്റെ കയ്യിലെന്തായാലും ഒരെണ്ണമുണ്ടാകും. നമുക്ക് പോയി ചോദിക്കാം."

അങ്ങനെ മൂന്നുപേരും കാറിൽ കയറി. അൽപ്പനിമിഷങ്ങൾക്കുള്ളിൽ, അവർ പട്ടം പട്ടണത്തിലെ രാജവീഥിയിലെത്തി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...