2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

DUNNO 21

ബെൻഡമും ട്വിസ്റ്റമും തിരിച്ചെത്തുന്നു. 

തൻ്റെ ഛായാപടം അരുമയോടെ മാറോടു ചേർത്തുപിടിച്ച് ബ്ലോസം താഴത്തെ നിലയിലേക്ക് പോയി. അവൾ പ്രത്യക്ഷപ്പെടേണ്ട താമസം, കൂട്ടുകാരികൾ അവളെ വളഞ്ഞു. സാദൃശ്യം കുറവാണെങ്കിലും, ആ ഛായാപടം ഹിമബിന്ദുന്റേതിനേക്കാളും, ധാന്യമണിയുടേതിനേക്കാളും ഏറെ ഭംഗിയുള്ളതാണെന്ന് അവരെല്ലാവരും പറഞ്ഞു.

"മണ്ടികൾ!" ബ്ലോസം പറഞ്ഞു. "സാദൃശ്യത്തേക്കാൾ ഒരു ഛായാചിത്രത്തിനു പ്രധാനം ഭംഗിയാണ്."

"അതതേ," എല്ലാവരും അംഗീകരിച്ചു.

കൃത്യം ആ സമയത്ത് ബേഡിയും കിറ്റിയും ശ്വാസം കിട്ടാത്തവണ്ണം മുറിയിലേക്ക് ഓടിക്കയറി. 

"പൊന്നേ!" അവർ ശ്വാസത്തിനു വേണ്ടി ബുദ്ധിമുട്ടി."എൻ്റെ പൊന്നേ! ഞങ്ങൾക്കിപ്പോ ബോധം പോകും."

"എന്തേ, എന്തു പറ്റി?" പേടിച്ചുപോയ കൂട്ടുകാർ ചോദിച്ചു.

"ഞങ്ങളിന്ന് ആസ്പത്രിയിൽ പോയല്ലോ  . . ." ബേഡി തുടങ്ങി വെച്ചു.

"അവിടെനിന്ന് വിടുന്നവരെ വീട്ടിലെത്തിക്കാൻ," കിറ്റി തുടർന്നു.

"അപ്പൊ, തേന്മൊഴി അവരൊക്കെ സ്ഥലം വിട്ടുവെന്ന് പറഞ്ഞു." ബേഡി കൂട്ടിച്ചേർത്തു.

"അപ്പൊ മറ്റു കുറച്ചാളുകളെ വിടാൻ ഞങ്ങൾ യാചിച്ചു," ബേഡിക്ക് ഇടയിൽ കയറി പറയാൻ പറ്റാത്ത വിധം വേഗതയിൽ കിറ്റി പറഞ്ഞു. "അപ്പൊ, തേന്മൊഴി ഞങ്ങൾക്ക് പ്രാപ്‍സിനെയും സ്വിഫ്റ്റിയെയും വിട്ടു തന്നു. ഞങ്ങൾ അവരുമൊത്ത് വഴിയിറങ്ങി വരുന്നതിനിടയിൽ അവരോടി ഒരു മരത്തിൽ കയറി."

"നമ്മളവരെ പെരുമാറ്റം പഠിപ്പിക്കുമെന്നാണ് അവരുടെ പേടി," ബേഡി ചിരിച്ചു. 

"നമുക്ക് വേറൊരു പണിയുമില്ലാത്തതു പോലെ!" കിറ്റി പരിഹാസത്തോടെ പറഞ്ഞു.

"അവരിപ്പോഴെവിടെയാ?"

"മരത്തിൽത്തന്നെ. അവർ ആപ്പിൾ പൊട്ടിക്കാൻ തുടങ്ങിക്കാണുമെന്നുറപ്പാണ്."

"വാ, പോയി നോക്കാം," ഹിമബിന്ദു പറഞ്ഞു.

പറഞ്ഞതുപോലെ, പ്രാപ്‌സും സ്വിഫ്റ്റിയും ആപ്പിൾ മരക്കൊമ്പിലിരുന്ന് ആപ്പിളുകളിലൊന്ന് പറിക്കാൻ പരമാവധി പ്രയത്നിക്കുകയായിരുന്നു. ആപ്പിൾ മൂട്ടിൽനിന്ന് പറിച്ചെടുക്കാനായ് അവരതിനെ വലിക്കുകയും തിരിക്കുകയുമായിരുന്നു.

പൊടുന്നനെ, സുരക്ഷതിമായ ദൂരത്തു നിന്ന് തങ്ങളെ വീക്ഷിക്കുകയായിരുന്ന പെൺകുട്ടികൾ അവരുടെ കണ്ണിൽപ്പെട്ടു. ആപ്പിൾ പറിക്കാനുള്ള അവരുടെ ശ്രമത്തെ അത് കൂടുതൽ ഊർജ്ജിതമാക്കി. പ്രാപ്‌സ് പല്ലുകൊണ്ട് തണ്ടു കടിച്ചുമുറിച്ചു മാറ്റാൻ പോലും ശ്രമിച്ചു.

"ഒരൊറ്റ ആപ്പിളുപോലും പറിക്കാൻ അവർക്കായിട്ടില്ല," ആരോ പറയുന്നത് അവർ കേട്ടു.

പ്രാപ്‌സും സ്വിഫ്റ്റിയും താഴേക്ക് നോക്കിയപ്പോൾ കണ്ടത് ധാന്യമണിയുടെ പരിഹാസം തുളുമ്പുന്ന നീലക്കണ്ണുകളാണ്.

"നാവടക്കിക്കോ, നീലക്കണ്ണീ!" പ്രാപ്‌സ് ഒച്ചവെച്ചു. "ആപ്പിളു പറിക്കാൻ എളുപ്പമാണെന്നാ നിൻ്റെയൊക്കെ ധാരണ?"

"ഒരീർച്ചവാളുണ്ടെങ്കിൽ എളുപ്പമായേനെ, അല്ലേ?"

"പിന്നല്ലാതെ! ഈർച്ചവാൾ തന്നുനോക്ക്; അതുകൊണ്ടെത്ര ആപ്പിളുകൾ ഞങ്ങൾ പറിക്കുമെന്ന് കാണിച്ചു തരാം."

ധാന്യമണി തൊട്ടടുത്തുള്ള വീട്ടിലേക്കോടി; ഒരറക്കവാളുമായ് തിരിച്ചു വന്ന് അത് സ്വിഫ്റ്റിക്ക് കൈമാറി. കണ്ണുചിമ്മിത്തുറക്കും മുമ്പ് ഛേദിക്കപ്പെട്ട ആപ്പിൾ തറയിലേക്ക് വീണു. 

"ഭേഷ്! വാ, നമുക്കീ ആപ്പിൾ വിളവ് ശേഖരിക്കാം," ധാന്യമണി കൂട്ടുകാരികളോട് പറഞ്ഞു. "ഈ ആൺപിള്ളേർ നമ്മെ സഹായിക്കാൻ വന്നവരാ."

അവളുടെ ചില കൂട്ടുകാരികൾ ഓടിവന്ന് ആപ്പിൾ തൊട്ടടുത്ത വീട്ടിൻ്റെ ഉമ്മറത്തേക്ക് ഉരുട്ടിക്കൊണ്ട് പോയി. പഴങ്ങളും പച്ചക്കറികളും ശൈത്യകാലത്തേക്കു വേണ്ടി ശേഖരിച്ചു സൂക്ഷിക്കുന്നതിലേക്കായി ഗ്രീൻവില്ലിലെ ഓരോ വീട്ടിലും ഒരു നിലവറയണ്ടായിരുന്നു. കാലവറയിലേക്കു തുറക്കുന്ന വാതിൽ വരെ നയിക്കുന്ന വിശാലമായ ഒരു നടപ്പാതയിലൂടെ പെൺകുട്ടികൾ ആപ്പിൾ ഉരുട്ടിക്കൊണ്ടു പോയി. വാതിൽക്കലെത്തിയപ്പോൾ ആപ്പിൾ സ്വയമുരുണ്ട് ഉള്ളിലേക്കു നീങ്ങി. കൂടുതൽ ആപ്പിളുകൾ കൊണ്ടുവരാനായ് അവർ മടങ്ങിയപ്പോൾ, മറ്റ് ആപ്പിളുകളുമുരുട്ടി വേറെ ചില പെൺകുട്ടികൾ വരുന്നത് അവർ കണ്ടു. 

ജോലി തകൃതിയായ് നടന്നു. കയ്യിൽ മറ്റൊരറക്കവാളുമായി ഫ്ലിറ്റി ഓടിയെത്തി. പാവടക്കു മുകളിൽ അവൾ ഒരു വോളീബോൾ കുപ്പായം വലിച്ചു കയറിയിരുന്നു. ആൺമൈറ്റുകൾക്കൊപ്പം ചേരാൻ അവൾ ചടുലതയോടെ മരം കേറി. 

"എടീ! ആ അറക്കവാൾ ഇങ്ങട്ട് താ!" പ്രാപ്സ് വിളിച്ചു പറഞ്ഞു. "നിനക്കൊന്നും അതെങ്ങനെ കൈകാര്യം ചെയ്യണമെന്നറിഞ്ഞൂടാ."

"ഓ, നിനക്ക് നല്ലോണമറിയാലോ," അവൾ തിരിച്ചടിച്ചു. അവളൊരു കൊമ്പിൽ കാലു കവച്ചിരുന്ന് ഒരാപ്പിൾ ഈരാനുള്ള ശ്രമത്തിലായി. പ്രാപ്‌സ് അവളെ അസൂയയോടെ നോക്കിയിരുന്നു.

"നമുക്കൊന്നിച്ച് പണിയെടുക്കാം," അൽപ്പം കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു."ആദ്യം നീ ഈർന്നോ; അപ്പൊ, ഞാൻ വിശ്രമിക്കാം. പിന്നെ, ഞാനീരാം; നിനക്ക് വിശ്രമിക്കാം."

"എനിക്കെതിർപ്പില്ല," ഫ്ലിറ്റി സമ്മതിച്ചു.

ഇതിനിടയിൽ, വണ്ടിപ്പുരക്കരികിൽ താമസിക്കുന്ന ചില പെൺമൈറ്റുകൾ ഓടി വന്ന് ബെൻഡമും ട്വിസ്റ്റമും ചാടിപ്പോയെന്ന് അറിയിച്ചു . ലോഹപ്പണിക്കാർ പട്ടംപട്ടണത്തിലേക്ക് രാവിലെ പോയതാണ്; ഇതുവരെയായിട്ടും മടങ്ങിയെത്തിയിട്ടില്ല.

"ഞാൻ പറഞ്ഞതല്ലേ?" ബേഡി പറഞ്ഞു. "താമസിയാതെ എല്ലാ ആൺകുട്ടികളും പട്ടം പട്ടണത്തിലേക്ക് ചാടിപ്പോകും. ഇവിടെ നമ്മുടെ കൂടെ അവരിരിക്കില്ല. "

"പോട്ടെന്നേ," ധാന്യമണി പറഞ്ഞു."നമ്മളവരെ പിടിച്ചു വെക്കുകയൊന്നും വേണ്ട."

ആ ദിവസം മുഴുവൻ ബെൻഡമിൻ്റെയും ട്വിസ്റ്റമിൻ്റെയും വിശാസവഞ്ചനയെക്കുറിച്ചല്ലാതെ വേറൊന്നും അവർ സംസാരിച്ചില്ല. അവർ പോയിക്കിട്ടിയതിൽ സന്തോഷമായെന്ന് ബേഡിയും കിറ്റിയും നടിച്ചു; അവരെ പല തരത്തിൽ കളിയാക്കുകയും ചെയ്തു.

അവർ തിരിച്ചു വരുമെന്ന പ്രതീക്ഷ തീർത്തും നശിച്ചപ്പോൾ, തെരുവിനറ്റത്ത് ഒരു കാർ ചീറ്റിയും  കുരച്ചും വേഗത്തിൽ വരുന്നത് കാണായി. പെൺകുട്ടികൾ ജോലി മതിയാക്കി അതിനു പിന്നാലെ പാഞ്ഞു. ബേഡിയും കിറ്റിയുമാണ് ആദ്യമോടിയത്.

"ബെൻഡമും ട്വിസ്റ്റമും തിരിച്ചുവന്നിരിക്കുന്നൂ," അവരാർത്തു വിളിച്ചു. "ബെൻഡമും ട്വിസ്റ്റമും തിരിച്ചു വന്നിരിക്കുന്നൂ. പൊടുന്നനെ അവർ പ്രതിമപോലെ നിന്നു. "നമ്മൾ അവരുടെ പിന്നാലെ ഓടരുത്," അവർ പറഞ്ഞു."അവർ വന്നതിൽ നമുക്ക് നല്ല സന്തോഷമുണ്ടന്ന് തോന്നിപ്പോകും."

വണ്ടിപ്പുരക്കടുത്തെത്തിയപ്പോൾ പ്രെറ്റ്സലും കൂടെയുള്ളതായ് അവർ കണ്ടു.

"ഇവനിതാരപ്പാ?" കിറ്റി അരിശത്തോടെ ചോദിച്ചു. "ഇനിയത് പട്ടംപട്ടണത്തിൽ താമസിക്കുന്ന പ്രെറ്റ്സലാണാവോ? ഇവനിതെന്തിന് വന്നു? നമ്മളാരും അവനെ ക്ഷണിച്ചില്ലല്ലോ."

"ഹും!" പ്രെറ്റ്സൽ ചീറ്റി. "എന്നെ ക്ഷണിച്ചാലല്ലേ എനിക്കു വരാൻ പറ്റൂ!"

"പോടാ," ബേഡി പറഞ്ഞു. "നിന്നെ കാണാൻ ഞങ്ങളങ്ങ് വന്നില്ലല്ലോ; ഞങ്ങളെക്കാണാൻ ഇങ്ങോട്ട് നീയും വരണ്ട."

"നിങ്ങൾക്ക് ഞങ്ങളെക്കാണാൻ  വന്നാലെന്താ? ഞങ്ങൾ നിങ്ങളെ ആട്ടിയോടിക്കുകയൊന്നുമില്ലല്ലോ?" പ്രെറ്റ്സൽ ചോദിച്ചു.

"ഒരിക്കലങ്ങനെ ചെയ്തതല്ലേ? പുതുവർഷപ്പാർട്ടിക്ക് ക്ഷണിച്ചിട്ട് ഞങ്ങൾ വന്നപ്പോൾ, മഞ്ഞുകട്ടകൊണ്ടെറിഞ്ഞില്ലേ?"

"അതിനെന്താ? ഞങ്ങൾക്ക് നിങ്ങളൊത്ത് കളിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. നിങ്ങളും മഞ്ഞുകട്ടകൊണ്ട് ഞങ്ങളെ തിരിച്ചെറിയണമായിരുന്നു."

"കൈകൊണ്ട് മഞ്ഞു തൊടുന്നത് പെൺമൈറ്റുകൾക്ക് ഇഷ്ടമല്ലെന്ന് നിങ്ങൾക്കറിയേണ്ടതായിരുന്നു."

"ഞങ്ങൾക്കറിയില്ലായിരുന്നു," പ്രെറ്റ്സൽ  ചുമലൊന്നു മെല്ലെ കുലുക്കി പറഞ്ഞു. "നിങ്ങൾ ദേഷ്യം വന്ന് വാലിനു തീപ്പിടിച്ചമാതിരി ജീവിതശേഷം മുഴുവൻ നടക്കുമെന്ന് ഞങ്ങൾ നിനച്ചതേയില്ല."

"നിങ്ങളാണ് വാലിനു തീപ്പിടിച്ചമാതിരി നടക്കുന്നത്. ആ നെയിൽസിനെ ഞങ്ങളുടെയടുത്തേക്ക് വിട്ടതെന്തിനാണ്? അവനുണ്ടാക്കിയ ശല്യം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ."

"നെയിൽസിന് ഞങ്ങൾ ഉത്തരവാദികളല്ല," പ്രെറ്റ്സൽ പറഞ്ഞു. "ഞങ്ങൾക്കും അവൻ അത്ര തന്നെ ശല്യമുണ്ടാക്കാറുണ്ട്. അവനെ ഞങ്ങൾ അയച്ചതല്ല. അവൻ സ്വന്തം ജോലി നോക്കിസ്വമേധയാ വന്നതാണ്." 

"ജോലി?" കിറ്റിക്ക് ശാസം നിലച്ചു പോയി. "നിങ്ങളതിനെ ജോലിയെന്നാ പറയുന്നത്? നിങ്ങളെയും നിങ്ങളുടെ നെയിൽസിനേയും ഞങ്ങൾക്ക് മതിയായേ. നിങ്ങളുമായ് ഞങ്ങൾക്കിനി ഒരു ബന്ധവുമില്ല. ഞങ്ങൾക്കിനി നിങ്ങളുടെ ആവശ്യമേയില്ല. ഞങ്ങൾക്കിപ്പോ സ്വന്തമായ് കുറച്ച് ആൺപിള്ളേരുണ്ട്."

"ശരി. ഒരു ബന്ധവും വേണ്ട! ഞങ്ങൾക്കൊരു ചുക്കുമില്ല. ഞാനെൻ്റെ കാറിൽ ബെൻഡമിനെയും ട്വിസ്റ്റമിനെയും കൊണ്ടുവന്നുവെന്നേയുള്ളൂ. ഞാൻ നേരെ മടങ്ങിപ്പോയേക്കാം." 

പ്രെറ്റ്സൽ നീരസമറിയിച്ച് നടന്നു. എന്നാലും, അവൻ നേരെ തിരിച്ചുപോവുകയുണ്ടായില്ല. മറ്റേ കാർ നന്നാക്കാൻ അവൻ ബെൻഡമിനെയും ട്വിസ്റ്റമിനെയും സഹായിച്ചു. മിക്ക ഡ്രൈവർമാരും അങ്ങനെയാണ്. ഒരാളൊരു കാറു നന്നാക്കുന്നത് കണ്ടാൽ അവർക്കതിൽ പങ്കാളികളാകാതിരിക്കാൻ കഴിയില്ല ... ഒരു ബോൾട്ടോ സ്ക്രൂവോ മുറുക്കാൻ, അല്ലെങ്കിൽ എന്തെങ്കിലുമൊരു നിർദ്ദേശം കൊടുക്കാൻ.

മൂന്നു പേരും രാത്രി വൈകും വരെ പണിതു. എന്നിട്ടും, കാർ ഓടാറായില്ല. അത്രയ്ക്ക് കാര്യങ്ങൾ നന്നാക്കാനുണ്ടായിരുന്നു.

*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...