ചാൻസറി ലെയ്‌നിലെ തൻ്റെ മുഷിഞ്ഞ ഫ്ലാറ്റ് മിനുക്കിയെടുക്കുന്നതിൽ ആ അവധിക്കാലത്ത് അവൾ വ്യാപൃതയായി. "വീടു ചായമടിക്കുന്നതിൽ എനിക്കു നല്ല പ്രതിഭയുണ്ടെന്നാണ് എൻ്റെ വിശ്വാസം," അവൾ ചേച്ചിയോട് തമാശയായി പറഞ്ഞു. "ഇവിടിപ്പോ ഏറ്റവും ഉജ്ജ്വലമായ ഇനാമലുണ്ട്. . .അതെനിക്ക് അമൂല്യമായിട്ടാണ് തോന്നുന്നത്. കസേരകൾക്കും, മേശകൾക്കും, തറകളിലും, എല്ലാറ്റിലും ഞാൻ ഇനാമലടിച്ചു. അന്തരീക്ഷസ്ഥിതി അനുകൂലമായിരുന്നെങ്കിൽ, ഞാൻ എന്നെത്തന്നെ ഇനാമൽ പൂശിയേനെ." തനിക്കും എഡ്വാർഡിനുമെതിരെ "ബ്ലാങ്ക് വാറണ്ടുകൾ" പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവൾ ലോറയെ ധരിപ്പിച്ചു. "പോലീസിനു തോന്നുമ്പോൾ ഞങ്ങളുടെ മേക്കിട്ടു കയറാൻ വേണ്ടി." പക്ഷേ, പോലീസിൻ്റെ നിരുപാധികമായ വാറണ്ടിനെക്കാൾ അവളുടെ മനസ്സിനെ ഭരിച്ചത് ആധുനികമായ ഇനാമൽ കൊണ്ട് സ്വന്തം പ്രണയജീവിതത്തിലെ വിള്ളലുകളെ ചായമടിച്ചു മറക്കുന്നതെങ്ങിനെയെന്ന കാര്യമാണ്. 1888ൻ്റെ തുടക്കത്തിൽ എലിനോർ ഒരു ആത്മഹത്യാശ്രമം നടത്തിയെന്ന് ഹാവ്‌ലക് എല്ലിസ് അവകാശപ്പെടുന്നുണ്ട്. അവൾ വലിയ തോതിൽ കറുപ്പു കഴിച്ചുവെന്നാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. കടുപ്പം കൂടിയ കാപ്പി കൊടുത്ത് അ...