ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രഹേളിക

പ്രഹേളിക രാത്രിയേകാന്ത, മാകാശം ഘനശ്യാമം; നേർത്ത തേങ്ങൽപോലൊരു തെന്നലിടക്കിടെ മൂർത്ത ദു:ഖങ്ങളാം മരങ്ങളെയിളക്കുന്നൂ, പിന്നെ വീണ്ടും നിശ്ചലയായീടുന്നു. തപ്ത ഗാത്രിയാം ഭൂമി ജ്വരഗ്രസ്തയെപ്പോലെ ദുഷ്ടസ്വപ്നങ്ങള്‍ കണ്ടു ഞെട്ടിത്തരിക്കുന്നൂ. നീരവസമുദ്രമാമന്തരീക്ഷമേതോ ഭീകരവിപത്തിനെക്കാത്തിരിക്കുന്നതുപോലെ. ശീര്‍ഷമില്ലത്തൊരു തെങ്ങില്‍ പൊടുന്നനെയിടിമിന്നല്‍. ഒട്ടിടകഴിഞ്ഞൊരു മഴ- യശ്രുപോല്‍പ്പൊഴിയുന്നൂ. . . ഉത്തരമില്ലാത്ത പ്രശ്നമോയീ വിശ്വമെ- ന്നെത്രയും വിസ്മയചകിതനായ്‌പ്പോകുന്നു പാവം മര്‍ത്ത്യന്‍!     

മന്ത്രി പ്രവരൻ പ്രസംഗിക്കുമ്പോൾ

മന്ത്രി പ്രവരൻ പ്രസംഗിക്കുമ്പോൾ എന്തൊരിന്ദ്രജാലം! വേദേതിഹാസപുരാണങ്ങളൊക്കെയും ചരിത്രവും ശാസ്ത്രവുമാകുന്നു ഭാവനകൾ വസ്തുതകളാകുന്നു വസ്തുതകൾ വിലയില്ലാത്തവയാകുന്നു മന്ത്രി പ്രവീണൻ പ്രസംഗിക്കുമ്പോൾ മഹേന്ദ്രജാലം! വ്യാസനും വാൽമീകിയും ചരിത്രകാരന്മാരാകുന്നു കവികളല്ലാതാകുന്നു വൈശ്രവണൻ റൈറ്റ് ബ്രദറാകുന്നു. ചരിത്രത്തിൻ്റെ ശവപ്പെട്ടിയിൽ പുത്തനാണി കേറുന്നു നെഹ്രു കോമാളിയാകുന്നു. മന്ത്രി പ്രമാണി പ്രസംഗിക്കുമ്പോൾ പ്രമാണങ്ങൾ നുണകളാകുന്നു നുണയുടെ നിലാവ് നേരിൻ്റെ വെയിലാകുന്നു. ഇന്നത്തെ ഇന്ത്യ അന്നത്തെ ഭാരതമാകുന്നു ആർഷഭാരതം മന്ത്രി പ്രസംഗിക്കുമ്പോൾ കടൽ കടലാടിയുടെ ബന്ധുവാകുന്നു അഞ്ജനം മഞ്ഞളുപോലെ വെളുക്കുന്നു പഞ്ചപാണ്ഡവർ കട്ടിൽക്കാലുപോലെ മൂന്നാകുന്നു ലോക്കൽ വണ്ടിപോലും ബുള്ളറ്റ് ട്രെയിനാകുന്നു മന്ത്രിപുംഗവൻ  വാ തുറക്കുമ്പോൾ എന്തൊരിന്ദ്രജാലം! നരേന്ദ്രജാലം!!
കണ്ണൂരിൽ രണ്ടു പേരെ വെട്ടിക്കൊന്നെന്നു കേട്ടു. കൊല്ലപ്പെട്ടവരാരാ? ഓ, ഒരുത്തൻ കൊമ്മി മറ്റവൻ സംഘി. മനുഷ്യരാരുമല്ല മരിച്ചതല്ലേ? ഓ, ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ മരിക്കാൻ മനുഷ്യരെവിടെ? ജീവിച്ചിരിപ്പുള്ള ചെകുത്താന്മാരതിനു സമ്മതിക്കേണ്ടേ!

തെയ്യം കാണുമ്പോൾ

മനമാകെ നീ മധുരത്തീ. ഒരു തീത്തെയ്യമായി കമ്രകരുണകാന്തിമയീ നീ നാലുദിക്കും നിറഞ്ഞു വരുന്നേരം ചിത്തമൊരു തിറയാട്ടത്തറ. വിണ്ടലം രാഗപൂരം മൺമണ്ഡലം വെള്ളിച്ചിലമ്പൊലിമയം രജതഖഡ്‌ഗരവഭരം എണ്ണക്കരിമണം കാറ്റിൽ തെങ്ങിൻപൂക്കുലകുളിരും ഉലകാകെ നിൻ പൊന്നോലത്തിരുമുടി നിൻനൃത്തവേഗത്തിൽ ചടുലതാളത്തിൽ നൂറായ് നുറുങ്ങുന്നു ഹൃത്തടം എൻ്റെ ജീവൻ്റെ കോഴി നിൻ കയ്യി - ലതിലൂറുന്ന ചോരയിൽ പ്രേമം കൊന്നാലടങ്ങാത്ത ദാഹം മധുരമാം തീയായി ദിക്കാകെ നിറയുന്ന നീ മാത്രമാകുന്നു വിശ്വം ചാമുണ്ഡി, ചണ്ഡികേ നീയായുദിക്കുന്നു സൂര്യൻ നീയായ്‌ച്ചിരിക്കുന്നു ചന്ദ്രൻ നീ തന്നെ പാടും പുഴയും നീ തന്നെ വീശുന്ന കാറ്റും നീ തന്നെ ചണ്ഡിയീ വിശ്വം ചാമുണ്ഡിയാകുന്നു വിശ്വം       

വേഗവിസ്മയം

വേഗവിസ്മയം പ്രകാശവേഗത്തിൽക്കറങ്ങും മാനവഭൂവിൽ പ്രേമത്തിനും റ്റാക്കിയോൺ വേഗം. അതു വെറുമൊരാവേഗം.   കണ്ണുടക്കലും കരൾകൊരുക്കലും പരിരംഭണവുമധരപാനവുമെല്ലാം സൂക്ഷ്മക്ഷണം. ക്ഷണപ്രഭാവേഗം. ആദ്യനോട്ടത്തിൻ്റെ ആദ്യപകുതിയിലേ തീരും കാണലും കീഴടക്കലും കൊടികുത്തലും. കരിമ്പെടുത്തു വളച്ചു വില്ലാക്കി കരിവണ്ടുകളുടെ ഞാൺകെട്ടി മൂഢകാമൻ മുല്ലപ്പൂ തൊടുക്കും മുമ്പ് രതിനിർവ്വേദിതരായ്, വിഷം വിസർജ്ജിച്ച് ലാപ്റ്റോപ്പിലേക്കും പാംറ്റോപ്പിലേക്കും മടങ്ങി ചെത്തു തുടങ്ങിയിരിക്കും പ്രതികൾ. പയ്യെത്തിന്നാൽ പനയും തിന്നാം; മെല്ലെത്തിന്നാൽ മുള്ളും തിന്നാം; അതു പഴമൊഴി. ഒരു നിമിഷത്തിൽ ഒരു പയ്യെയെങ്കിലും തിന്നണം; ഇതു പുതു ട്വിറ്റർ മൊഴി, കണ്മണീ. വാ കാണുംമുമ്പ് വയറ്റിലാക്കുന്ന വേഗവിസ്മയഭൂവിൽ നേരമ്പോക്കിനെവിടെ നേരം? ഭോഗപൂർവ്വക്ക്രീഡകൾക്കെവിടെ സമയം? സൗകര്യം? [വേണമെങ്കിൽ സിനിമാസ്‌ക്രീനിലാകാം] മനക്കടൽ മഥിച്ചമൃതെടുക്കാൻ മന്മഥനു കിട്ടുമോ തെല്ലും സാവകാശം! [പല്ലുതേപ്പു തന്നെ കഷ്ടി, പിന്നല്ലേ . . .]     

A Nursery Rhyme

A NURSERY RHYME. For Adults Only. [Once underneath a time - sorry, Thomas Dylan - at a railway station in a Maconda-like countryside called Chandera ... reminiscing about commuting to and fro everyday] രാവിലെ സൂര്യനുദിക്കുന്നൂ രാവിൽ ചന്ദ്രനുദിക്കുന്നൂ ഭൂമി നിരന്തരമുരുളുന്നൂ ജീവിതമങ്ങിനെ നീങ്ങുന്നു കാഴ്ച്ചകളനവധിയുണ്ടുലകില്‍ ഓർക്കുകിൽ വിസ്മയമോരോന്നും തെല്ലിടനിന്നൊന്നവ കാണ്മാൻ ഇല്ലാ സമയമൊരുത്തന്നും രാവിലെനേരം പുലരുമ്പോൾ ഓടിപ്പോകണമാപ്പീസിൽ വൈകുന്നേരത്തെത്തുമ്പോൾ വയ്യാ, ദേഹം തളരുന്നൂ എന്തൊരു ജീവിതമെന്നോർക്കും മുമ്പേ കണ്ണുകളടയുന്നൂ പിന്നെയുറങ്ങിയെണീക്കുമ്പോൾ പിന്നെയുമോടാനായ് നേരം കൂകിപ്പായും തീവണ്ടീ ആരുടെനേർക്കീ പരിഹാസം! ഞാനും നീയുമൊരേപോലെ പാളം തെറ്റാതോടുന്നു. രാവിലെ സ്റ്റേഷനിലെത്തുമ്പോ കൂവിനീയെന്നെക്കളിയാക്കും വൈകീട്ടിങ്ങു വരുമ്പോഴും കളിയായെന്നെ നീ കൂവുന്നു. ഒട്ടിടപോലും നിൽക്കാതെ നിത്യവുമിങ്ങനെയോടീട്ടും പാളംതെറ്റാതെങ്ങനെ നാം ജീവിതമിങ്ങനെ നീക്കുന്നു! ഓർത്താലത്തുമൊരു വിസ്മയമേ! പാർത്തലമിതിലെജ്ജീവിതമേ!! C M R

നെരൂദാ!

നെരൂദാ! വഴികളിൽ മഴപോലെ ചോര.  വരിക  വരികെൻ്റെ  സ്നേഹിതാാാ കാണുകീ -  ത്തെരുവിലാർത്തൊഴുകുന്ന ചോരപ്പുഴ. വരിക  വരിക നീീീ കാണുകീത്തെരുവിലെ  നരപിശാചിൻ്റെയാഭാസതാണ്ഡവം!   

Statue of Buddha, Husain Sagar Lake, Hyderabad

An Evening at the Statue of Buddha, Husain Sagar Lake, Hyderabad രക്തരൂക്ഷിതം വാനം, താഴെത്തടാകത്തിൽ നിശ്ചലം നിൽപ്പൂ ഭീമകായൻ മഹാബുദ്ധൻ. ഇത്ര ഭീമനോ ബുദ്ധൻ? മർത്ത്യബുദ്ധികൾക്കെന്തും രാക്ഷസാകാരം പൂണ്ടാൽ മാത്രമേ മതി വരൂ? ചുറ്റിലും നഗരത്തിൻ്റെ കണ്ണീരുപോൽ ജലം അസ്തമയത്തിൻ ചോരച്ചുകപ്പിൽ ത്രസിക്കുന്നൂ. ഇപ്പൊഴീക്കാഴ്ച ഹൃദ്രമം, ബുദ്ധൻ തൻ്റെ ചുറ്റിലു - മിളകുന്നോരലകളിൽ  കുലുങ്ങാതെ ചിത്തശാന്തിതൻ മൂർത്തരൂപമായ് സംസാരത്തിൻ നിത്യചാഞ്ചല്യത്തെ കരുണയാലീക്ഷിക്കുന്നൂ. രാവണയുമ്പോൾ ബുദ്ധൻ കണ്ണുകളടയ്ക്കുന്നൂ കേവലമൊരുകല്ലായ് കടുക്കുന്നൂ നിത്യവുമിരുട്ടിലീത്തടാകം കയ്യേൽക്കുന്ന ദു:സഹകദനം കണ്ടാലേതു ബുദ്ധനും കല്ലായ്ത്തീരും. ഇത്ര പാപിയോ ബുദ്ധൻ, ദൈവമേ, യിരുട്ടിലീത്തടാകത്തിൽ നിത്യവുമരങ്ങേറും കാഴ്ചകൾ കാണാൻ മാത്രം!

പ്രാർത്ഥന

പ്രാർത്ഥന  ദൈവമേ നൽകുന്നു ഞാൻ നിനക്കെൻ ഹൃദയം നൽകുക നീയെനിക്കാത്മബുദ്ധി നീ സർവ്വശക്തൻ സഹിക്കുമെല്ലാ- മതിനാൽത്തരുന്നു ഞാനീ ഹൃദയം. കൊതിയിൽ കുതിർത്തതാണീ ഹൃദയം പകയിൽ ഞാൻ പിന്നെ പൊരിച്ചെടുത്തു അതു കഴിഞ്ഞൽപ്പമസൂയ ചേർത്തു. പിന്നീടഹങ്കാര മധുവിൽ മുക്കി അഹിത കാമത്തിൻ്റെയെരിവു കൂട്ടി പുകയിലും തീയിലുമേറെ നേരം എരിപൊരികൊണ്ടു കറുത്തു പോയി. പണ്ടു പാലാഴിയിൽ കാളകൂടം പൊങ്ങിയ നേരം കുടിച്ചവനേ ഇതു ഞാൻ നിനക്കു തരുന്നു മോദാൽ ഇതു സ്വീകരിച്ചെന്നെ മുക്തനാക്കൂ ഇതു നീ പിഴിഞ്ഞു കുടിച്ചു കൊൾക പകരമെനിക്കാത്മ ബുദ്ധി നൽക. ഇതു ഭക്തിയല്ലെന്നെനിക്കറിയാം ഇതു സ്വാർത്ഥലാഭമാണെന്നറിയാം ഇതുമെൻ്റെ ഹൃദയത്തിലുള്ളതല്ലോ ഇതു കൂടി നീയങ്ങെടുത്തുകൊൾക സകലതും കണ്ടു സഹിച്ചവനേ ഇവനെയുമൊന്നു സഹിച്ചു കൊൾക!      

പെസഹാ വിചാരം

പെസഹാ വിചാരം യേശു ഒരു പാഠമാകുന്നു. കുരുടനു കണ്ണു കൊടുത്താലും മൂകനു നാവേകിയാലും മുടന്തനെ നേരെ നടത്തിയാലും ചത്തവനുയിരുകൊടുത്താലും വെള്ളം വിസ്കിയാക്കിയാലും കല്ല് അപ്പമാക്കിയാലും നിന്നെയവർ കണ്ടം വഴിയോടിച്ച് മരം കേറ്റി ആണി തറച്ചു തളക്കും. മരിച്ചു മരംപോലെ മരവിച്ചാൽ വെള്ളിയിലും പൊന്നിലും നിൻ്റെ ആൾരൂപം തീർക്കും. തൊഴും കേഴും. ജീവിച്ചിരിക്കുന്ന ദൈവത്തെയാർക്കു വേണം? [ഒരു മറിയത്തിനല്ലാതെ] ചത്തദൈവത്തോടെന്തുമാകാമല്ലോ! People are bloody arrogant ignorant asses  . Keep the bastards at arm's length.

എലിനോർ 17:4

ചാൻസറി ലെയ്‌നിലെ തൻ്റെ മുഷിഞ്ഞ ഫ്ലാറ്റ് മിനുക്കിയെടുക്കുന്നതിൽ ആ  അവധിക്കാലത്ത്  അവൾ   വ്യാപൃതയായി.  "വീടു ചായമടിക്കുന്നതിൽ എനിക്കു നല്ല പ്രതിഭയുണ്ടെന്നാണ് എൻ്റെ വിശ്വാസം," അവൾ ചേച്ചിയോട് തമാശയായി പറഞ്ഞു. "ഇവിടിപ്പോ ഏറ്റവും ഉജ്ജ്വലമായ ഇനാമലുണ്ട്. . .അതെനിക്ക് അമൂല്യമായിട്ടാണ് തോന്നുന്നത്. കസേരകൾക്കും, മേശകൾക്കും, തറകളിലും, എല്ലാറ്റിലും ഞാൻ ഇനാമലടിച്ചു. അന്തരീക്ഷസ്ഥിതി അനുകൂലമായിരുന്നെങ്കിൽ, ഞാൻ  എന്നെത്തന്നെ ഇനാമൽ പൂശിയേനെ." തനിക്കും എഡ്വാർഡിനുമെതിരെ "ബ്ലാങ്ക് വാറണ്ടുകൾ" പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവൾ ലോറയെ ധരിപ്പിച്ചു. "പോലീസിനു തോന്നുമ്പോൾ  ഞങ്ങളുടെ മേക്കിട്ടു കയറാൻ വേണ്ടി." പക്ഷേ, പോലീസിൻ്റെ നിരുപാധികമായ വാറണ്ടിനെക്കാൾ അവളുടെ മനസ്സിനെ ഭരിച്ചത് ആധുനികമായ ഇനാമൽ കൊണ്ട് സ്വന്തം പ്രണയജീവിതത്തിലെ വിള്ളലുകളെ ചായമടിച്ചു മറക്കുന്നതെങ്ങിനെയെന്ന കാര്യമാണ്. 1888ൻ്റെ തുടക്കത്തിൽ എലിനോർ ഒരു ആത്മഹത്യാശ്രമം നടത്തിയെന്ന് ഹാവ്‌ലക് എല്ലിസ് അവകാശപ്പെടുന്നുണ്ട്. അവൾ വലിയ തോതിൽ കറുപ്പു കഴിച്ചുവെന്നാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. കടുപ്പം കൂടിയ കാപ്പി കൊടുത്ത് അ...