ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാബലിച്ചിന്ത

മാബലിച്ചിന്ത ഹ, ഓണം! ഉള്ളുപൊള്ളായ സുവർണ്ണ പ്രതീകം; പ്രേതം. അർത്ഥം അനാഥമാക്കിയ വചനം; ജഡം. പ്രാണൻ കൈവിട്ട ദേഹം; മൃതം. വർഷംപ്രതി (സ്)മൃതിപേടകത്തിൽനിന്നുയിർക്കും മമ്മി; ഈ ഞാൻ. മൃതമായത് സ്‌മൃതിയാൽ അമൃതമാകുമെന്ന മൂഢവിശ്വാസത്തിൻ്റെ ശ്ലീലഹീനോത്സവത്തിലെ അതിഥി. പ്രണയവും പ്രേമവും നാടുനീങ്ങിയ പ്രചണ്ഡമാരിയുടെ മഹാദേശത്തിലെ പ്രളയപ്രദേശിലെ വിരുന്നുകാരൻ. വിരുന്ന് വിമോഹനം തന്നെ. മറുനാടനരിയും കായ്കറികളും പൂക്കളും പുടവകളും. സ്വന്തം വിയർപ്പിൻ്റെ ലവണരസമില്ലാത്ത വ്യാജലാവണ്യങ്ങളുടെ പളപളപ്പ്. പാട്ടും കൂത്തും ഒട്ടും കുറവില്ലാതെ തന്നെ. ആഘോഷം ആഭാസസമ്പന്നം. മാലോകരെല്ലാം ഒന്നുപോലെ തന്നെ. വൈജാത്യമില്ലാത്ത, എല്ലാം ഒന്നെന്ന, അദ്വൈതോത്സവം. പാണനും പറയനും തച്ചനും നായർക്കും എല്ലാർക്കും ഒരേയോണം. ഏകത്വത്തിൻ്റെ ഉന്മാദോത്സവം ഓ, ഒന്നു മറന്നുപോയ്! ഇതിപ്പോൾ God's Own Country ആണല്ലോ. സാക്ഷരരുടെ ദൈവരാജ്യം. ഒരസുരപ്പരിഷക്കിവിടെയെന്ത് കാര്യം? So, bye! P: S: ബായ്ക്ക് മുമ്പ്. . . എങ്കിലും ചന്ദ്രികേ, നിങ്ങൾ കാണും സങ്കൽപ്പലോകത്തിൽ നിന്നീ മമ്മിയെ കത്തിച്ചുകളഞ്ഞേക്ക്. അല്ലെങ്കിൽ, പടിയടച്ചു പി...

ശ്രീ നാരായണയാ:ശ്രീ എം കെ ഹരികുമാറിൻ്റെ Mystic നോവലിനെക്കുറിച്ച് :

ശ്രീ എം കെ ഹരികുമാറിൻ്റെ  'ശ്രീനാരായണായ' എന്ന മിസ്റ്റിക് നോവലിനെ ക്കുറിച്ചൊരു കുറിപ്പ്  എന്താണ് ജീവിതം? ശ്രീ ഹരികുമാർ അതിനുത്തരമായ് പറയുക ഇങ്ങനെയായിരിക്കും: ക്ഷണം പ്രതിയുള്ള നിരാസവും നിർമ്മിതിയുമാണ് ഏതു ജീവിതവും. നിരാസവും നിർമ്മാണവും ബോധപൂർവം ആകണമെന്ന അർത്ഥത്തോടെ മാത്രമല്ല; ഇല്ലാതാവുകയും, ആയിത്തീരുകയും എന്ന അർത്ഥത്തോടും കൂടിയാണ് . കല്ലില്ലാതായി വെള്ളമായ് തീരുകയും, ജലമില്ലാതായ് അഗ്നിയാവുകയും, അഗ്നി ആകാശമാവുകയും, അങ്ങനെയങ്ങനെ . . . Life is a flux, you cannot step into the same river twice എന്ന് ഹെരാക്ലിറ്റസ്‌ പറഞ്ഞതോർക്കുന്നു. . . നിരാസനിർമ്മിതികളുടെ കേളീഗൃഹമാകുന്നൂ പ്രപഞ്ചം. 'നേതി, നേതി' എന്ന നിഷേധത്തിലൂടെ ഉണ്മയെ സാക്ഷാൽക്കരിച്ച്, ആ ഉണ്മയും ഒരില്ലായ്മ ആണെന്ന് കണ്ടെത്തി, ഉണ്മയ്ക്കും  ഇല്ലായ്മയ്ക്കും മീതെയാണ് പരമസത്യമെന്ന് ഉപനിഷത്തുകൾ കണ്ടെത്തിയതു അനുഭവിച്ചറിഞ്ഞ ഗുരുവിൻ്റെ ആത്മപ്രപഞ്ചമാണ് ശ്രീ ഹരികുമാറിൻ്റെ 'ശ്രീനാരായണായ'  എന്ന നോവലിൻ്റെ വിഷയം. ഇതിവൃത്തം. "നീയല്ലോ മായയും മായാ- വിയും മായാവിനോദനും നീയല്ലോ മായയേ നീക്കി- സായൂജ്യം നൽകുമാര്യനും" എന്...

ഉപാസകീയം

ഉപാസകീയം നാമരൂപധാരി നരൻ ഞാൻ നാമരൂപങ്ങളില്ലാത്ത നിന്നെയെങ്ങനെ ആരാധിക്കാൻ! കാണാൻ വേണമൊരു രൂപം; വിളിക്കാനൊരു പേരും. രാമനെന്നോ, കൃഷ്‌ണനെന്നോ, രമയെന്നോ, ഉമയെന്നോ, രാധയെന്നോ, മീരയെന്നോ, മഹേശ്വരനെന്നോ. വെളിയിൽ നിന്നെയാരാധിക്കും വെളിവില്ലാത്തയിവനുള്ളിൽ നീ കളിയായ് ചിരിപ്പതു കേൾക്കാതെയല്ല. കാണുന്നത് നിൻ രൂപമല്ലെന്നറിയാം; വിളിക്കുന്നത് നിൻ പേരല്ലെന്നും; എല്ലാം മായാലീലയല്ലേ! ലീല, നടക്കട്ടെ; നാമരൂപങ്ങളില്ലാതെ ഞാൻ നരനും നാരിയും നരിയുമല്ലാതാകും വരെ.

ഈ നാൾ, പിറന്ന നാൾ;

ഈ  നാൾ, പിറന്ന നാൾ; മറ്റുള്ളവർ പറഞ്ഞറിഞ്ഞു. ഇതച്ഛൻ, അതമ്മ; അതും മറ്റുള്ളവർ പറഞ്ഞറിഞ്ഞു. ഇതു ബന്ധു, അതു ശത്രു: അതു പറഞ്ഞു തന്നതും മറ്റുള്ളവർ. ഇതു നിൻ ദൈവം, ,മതം, ജാതി, പാർട്ടി ദേശം, ഭാഷ,  സംസ്...കാരം . .. ഒക്കെയും മറ്റുള്ളവർ പകർന്നു തന്നയറിവ്. ഉള്ളിൽ പിന്നീടങ്ങോട്ടു നിറഞ്ഞതൊക്കെയും മറ്റുള്ളവർ പകർന്നയറിവ്. അറിവുകളെല്ലാം തിരസ്കരിച്ച് അറിവേയില്ലാത്തൊരജ്ഞനായി രണ്ടാമതും ജനിക്കണം. അഞ്ജനവും മഞ്ഞളും വെള്ളിയായാലും, ഞായറായാലും എനിക്കെന്തെന്ന് പറയുന്ന ഒരു ദ്വിജനായ്.     

ഹത്യ

ഹത്യ തീൻമേശക്കു മുകളിലാണവൾ തൂങ്ങിച്ചത്തത്. കത്തിയും മുള്ളും കൊണ്ട് തീറ്റ വായിലേക്ക് തള്ളുമ്പോഴാണ് ഒരാശ്ചര്യ ചിഹ്നം ചോദ്യചിഹ്നമായ് മോളിൽ തൂങ്ങിയാടുന്നത് കണ്ടത്. ആട്ടത്തിനു പിന്നിൽ പശ്ചാത്തലമായ് പാട്ടുണ്ടായിരുന്നു. "കൊല്ല് . . . തിന്ന് . . . എന്നെ കൊന്നത് ഞാനെങ്കിലും തൂക്കിലേറ്റിയത് നീയാ കള്ള ബടുവാ. "കൊന്നില്ലേ... ഇനി പാപം തീരാൻ തിന്നു തീർക്ക്. "ആഹാരം ചാരമായും ഉടുപുടവ ചാക്കു തുണിയായും വീട് ശ്മശാനമായും   മാറ്റിയതാര്?" തൂങ്ങിയാടി ഒരൊറ്റ വിരലായ് ചൂണ്ടി അവൾ, മൃത, പറയുന്നു: "നീ. "എൻ്റെ ഉറഞ്ഞു പോയ ചോര വിറങ്ങലിച്ച മാംസം നിൻ്റെ അത്താഴമാകട്ടെ . ഭർർർത്താവേ ഇതാ അത്താഴം. ഇതെൻ്റെ രക്തം ഇതെൻ്റെ മാംസം. ഇത് നിൻ്റെ അവസാനത്തെ അത്താഴം. ഇതിനു ശേഷം ഞാൻ ഉയിർത്തു വരും നിന്നെ അത്താഴമാക്കാൻ. അതുവരെ സ്വസ്തി," ****

യാചകർ

യാചകർ അമ്പലമുറ്റത്തെ ആൽത്തറയിലിരുന്ന് നീ എൻ്റെ നേരെ കൈ നീട്ടി. നീട്ടിയ കയ്യിൽ 'ഒരു യാചകനെ'ന്നു നിന്നെ ഇനം തിരിച്ച് ഞാനൊരു നാണയത്തുട്ടെറിഞ്ഞു. പിന്നെ, ഞാനമ്പലമകമേറി. തൃപ്തി, ശാന്തിയിത്യാദികൾക്കായ് യാചിച്ചു.   ആരെടോ പെരിയ യാചകൻ? നീയോ, അവനവനോ? നിൻ്റെ യാചന ഹീനവും എൻ്റെ യാചന മാന്യവുമാക്കിയതാര്! അമ്പലപ്പടിയിറങ്ങവേ കണ്ടേൻ പൊയ്ച്ചിരിയിൽപ്പൂത്ത ഒരു കുട്ടി നേതാവ് നിന്നോടു വോട്ടു തെണ്ടുന്നു. ബോദ്ധ്യമായൊരു കാര്യം; ലോകത്തൊരു വർഗ്ഗമേയുള്ളൂ; യാചകർ. ഏവരും സമന്മാർ. പക്ഷേ, ചിലർ അതിസമന്മാർ; അതിയാചകർ. ***

വിരോധാഭാസം

വിരോധാഭാസം ശാന്തിതാനഭികാമ്യ,മഹിംസാ പരമോ ധർമ്മം. പ്രേമമാണഖില സാരവും ശക്തിയു, മെന്നാൽ ഹേതുവൊന്നുമേയില്ലാതെയിടനെഞ്ചിൽക്കേറിയൊരുവ- നാസുരനൃത്തംചെയ്തലറി വിളിക്കുമ്പോൾ വൈരാഗ്യമേ സ്നേഹം,യുദ്ധമേ പ്രശാന്തി ഹിംസ താനഹിംസാചാരം. വെട്ടും പോത്തിൻ കാതിൽ വേദമോതുന്നതേ മൗഢ്യ, മവിവേകം.    

രണ്ടു ദോഹ[കൾ] {ഖത്തർ പിന്നെപ്പോഴെങ്കിലും}

ദോഹ[കൾ] {ഖത്തർ പിന്നെപ്പോഴെങ്കിലും}  ഒന്നല്ല ചന്ദ്രനൊരായിരമുണ്ടെന്നീ ചഞ്ചലനദീജലം കളിയായ്കാണിക്കുന്നു. * സത്യമൊന്നെങ്കിലും പലപലതരമെന്നീ മിഥ്യയാം ഭുവനത്തിലെ മാനുഷരോതും പോലെ. *  ശൂന്യമാണെങ്കിലും ശൂന്യമേയല്ലെന്നപോൽ ശീതളവായുവിലാകാശം ചിരിക്കുന്നു. * വിരിയും പൂവിനെക്കണ്ടാനന്ദിപ്പിതുപോലെ കൊഴിയും പൂവിനെക്കണ്ടു കരയുന്നവൻ മർത്ത്യൻ. * രാവിലെയുണരാനും രാത്രയിലുറങ്ങാനും യാതൊരുപ്രയാസവുമില്ലെങ്കിൽ നീ ഭാഗ്യവാൻ. 
നാട്ടുജാതികൾ മുക്കാലും മുടിച്ച കാട്ടിൽനിന്നും കാട്ടുജാതികളെയടിച്ചോടിക്കുമ്പോൾ കരയാൻ കടപുഴകിയ കാടു മാത്രം. നിലവിളിക്കാനാകാശം മാത്രം. കാട്ടുകോഴിക്കെന്ത് ശനിയും സംക്രാന്തിയുമെന്നപോലെ  കാട്ടുജാതികൾക്കെന്ത് നീതി! ഏതു നിയമം! അതൊക്കെ നാട്ടുജാതികൾക്കല്ലേ! കാടും നാടുമില്ലാത്ത കാട്ടുജാതികൾക്കിനി വായുവേ ശരണം. തല്ലിയാൽ കരയാൻപോലും ത്രാണിയില്ലാത്ത മധുവേപ്പോലുള്ളവരെത്തല്ലാൻ നാട്ടുകോട[ത]ികൾക്കെന്തു സുഖം! ഡാം മാൻ! ദീസ് ആർ ബ്ലഡി ട്രൈബൽ നക്സൽസ് ലൈക് ദയാബായി.
നെരൂദയല്ല ഞാൻ; ലോർക്കയും. പൂയിഷുമല്ല, ഫ്യൂവെൻ്റിസും. ദസ്തേയേവിസ്കിയോ, കസന്ദ്സാക്കീസുമോയല്ല. രജനീഷല്ലാ. ജെ കെയുമല്ല  ഗുരുമാപോലുമല്ല. ക്രിസ്തുവോ യൂദാസുവോ പോലുമല്ല. ആരുമല്ല  ഞാൻ; എന്നാൽ അവെരെല്ലാരുമാണ്. ചരിത്രം തീർത്ത് വീർപ്പിച്ച താൾകച്ചോറുമായ പ്രേതമായ്  വിഹരിക്കുന്നൊരു അവ്യക്ത വ്യകതിത്വം. 
നിശ്ചലം പൊയ്കാ ജലം സൂര്യരൂപത്തെയാവാഹിച്ചു നിശ്ചിന്തചിത്തം പോലെ മലർന്നു കിടക്കുന്നു. * ഒന്നല്ല ചന്ദ്രനൊരായിരമുണ്ടെന്നീ ചഞ്ചലനദീജലം കളിയായ്കാണിക്കുന്നൂ. * ശൂന്യമാണെങ്കിലും ശൂന്യമേയല്ലെന്നപോൽ ശീതളവായുവിലാകാശം ചിരിക്കുന്നൂ. * മീതേ, മാങ്കൊമ്പിലാടിയുലയും പൂങ്കുലകളിൽ മോഹനമകരന്ദം തിരയും തേനിച്ചകൾ; താഴേ,  ചെമ്മണ്ണിൽച്ചത്ത പെരുച്ചാഴിയിൽ ആർത്തിയോടാർത്താഹാരം തിരയും പൊന്നീച്ചകൾ. *