ശ്രീ എം കെ ഹരികുമാറിൻ്റെ 'ശ്രീനാരായണായ' എന്ന മിസ്റ്റിക് നോവലിനെ ക്കുറിച്ചൊരു കുറിപ്പ് എന്താണ് ജീവിതം? ശ്രീ ഹരികുമാർ അതിനുത്തരമായ് പറയുക ഇങ്ങനെയായിരിക്കും: ക്ഷണം പ്രതിയുള്ള നിരാസവും നിർമ്മിതിയുമാണ് ഏതു ജീവിതവും. നിരാസവും നിർമ്മാണവും ബോധപൂർവം ആകണമെന്ന അർത്ഥത്തോടെ മാത്രമല്ല; ഇല്ലാതാവുകയും, ആയിത്തീരുകയും എന്ന അർത്ഥത്തോടും കൂടിയാണ് . കല്ലില്ലാതായി വെള്ളമായ് തീരുകയും, ജലമില്ലാതായ് അഗ്നിയാവുകയും, അഗ്നി ആകാശമാവുകയും, അങ്ങനെയങ്ങനെ . . . Life is a flux, you cannot step into the same river twice എന്ന് ഹെരാക്ലിറ്റസ് പറഞ്ഞതോർക്കുന്നു. . . നിരാസനിർമ്മിതികളുടെ കേളീഗൃഹമാകുന്നൂ പ്രപഞ്ചം. 'നേതി, നേതി' എന്ന നിഷേധത്തിലൂടെ ഉണ്മയെ സാക്ഷാൽക്കരിച്ച്, ആ ഉണ്മയും ഒരില്ലായ്മ ആണെന്ന് കണ്ടെത്തി, ഉണ്മയ്ക്കും ഇല്ലായ്മയ്ക്കും മീതെയാണ് പരമസത്യമെന്ന് ഉപനിഷത്തുകൾ കണ്ടെത്തിയതു അനുഭവിച്ചറിഞ്ഞ ഗുരുവിൻ്റെ ആത്മപ്രപഞ്ചമാണ് ശ്രീ ഹരികുമാറിൻ്റെ 'ശ്രീനാരായണായ' എന്ന നോവലിൻ്റെ വിഷയം. ഇതിവൃത്തം. "നീയല്ലോ മായയും മായാ- വിയും മായാവിനോദനും നീയല്ലോ മായയേ നീക്കി- സായൂജ്യം നൽകുമാര്യനും" എന്...