ഇനി, ഇരുനൂറു പെണ്ണുങ്ങളുള്ള ഒരു പുരാതന ഗോത്രത്തെ സങ്കൽപ്പിക്കുക; അവരിൽ ഓരോരാൾക്കും ഒരു കുഞ്ഞു വീതം ഉണ്ടെന്നും. അതൊരു പെൺകുഞ്ഞാണെങ്കിൽ, അതിൻ്റെ അമ്മ കർത്തവ്യപൂർവ്വം അവരുടെ മൈറ്റോകോൺഡ്രിയയെ അടുത്ത തലമുറയിലേക്ക് പകരും; പിന്നെ, മകളുടെ മകളിലൂടെ മൂന്നാം തലമുറയിലേക്കും. എന്നാൽ, ഈ അമ്മയ്ക്ക് മകൾക്കു പകരം ഒരു മകൻ മാത്രമാണുള്ളതെങ്കിൽ, അവരുടെ മൈറ്റോകോൺഡ്രിയാ പാരമ്പര്യം ഒരടഞ്ഞ അദ്ധ്യായമാകും. അതു സമ്പൂർണ്ണ വിനാശത്തിൽ അവസാനിക്കും (ബീജത്തിന് മൈറ്റോകോൺഡ്രിയയെ ഭ്രൂണത്തിലേക്ക് പകരാൻ കഴിയാത്തതു മൂലം, ആൺമക്കൾക്ക് അവരുടെ കുട്ടികൾക്ക് മൈറ്റോകോൺഡ്രിയാജനോം പകർന്നു കൊടുക്കാൻ കഴിയില്ല). ആ ഗോത്രത്തിൻ്റെ പരിണാമ മാർഗ്ഗത്തിൽ എവിടെയോ വച്ച് പതിനായിരക്കണക്കിന് അത്തരം മൈറ്റോകോൺഡ്രിയാ പൈ(മാ)തൃകങ്ങൾ, യദൃച്ഛയാ, ഇങ്ങനെ പാരമ്പര്യപരമായ ഒരു പ്രതിസന്ധിയിൽ എത്തിച്ചേരുകയും, അവസാനിക്കുകയും ചെയ്യും. ഇവിടെയാണ് സംഗതിയുടെ മർമ്മം കിടക്കുന്നത്: ഒരു വംശത്തിൻ്റെ സ്ഥാപക ജനസംഖ്യ തീരെ ചെറുതെന്നിരിക്കട്ടെ; കാലം കുറേ കഴിഞ്ഞെന്നുമിരിക്കട്ടെ. അങ്ങനെ വരുമ്പോൾ, അതിജീവിക്കുന്ന മാതൃ പാരമ്പര്യം ചുരുങ്ങിച്ചുരുങ്ങി വരികയും വളരെ കുറച്ചു മാത്രമായ് ...