പൂമ്പട്ടണത്തിലെ മൈറ്റുകൾ പണ്ടു പണ്ടൊരുകാലം, മായാലോകത്തിലെ ഒരു പട്ടണത്തിൽ, മൈറ്റുകൾ എന്നു പേരായ ഒരു പറ്റം ആളുകൾ പൊറുത്തിരുന്നു. തീരെ കുഞ്ഞായിരുന്നതിനാലാണ് അവരെ മൈറ്റുകളെന്നു വിളിച്ചത്. അവരിൽ ഏറ്റവും വലിയവർക്കു പോലും ഒരു കശുവണ്ടിയുടെ വലുപ്പം പോലുമുണ്ടായിരുന്നില്ല. അവരുടെ പട്ടണമോ, വളരെ മനോഹരമായിരുന്നു. ഓരോ വീടിനു ചുറ്റും ചെമ്പരത്തികളും, പനിനീർച്ചെടികളും, മുല്ലവള്ളികളും വളർന്നു നിന്നിരുന്നു. അവരുടെ തെരുവുകൾക്കെല്ലാം പൂക്കളുടെ പേരായിരുന്നു: നീലമണിത്തെരുവ്; മുക്കുറ്റിപ്പാത; പനിനീർനടപ്പാത... അതുകൊണ്ടെന്തായീ, അവരുടെ പട്ടണത്തിന് പൂമ്പട്ടണമെന്ന പേരായി. ഒരു കുഞ്ഞരുവിയുടെ കരയിലാണീ പൂമ്പട്ടണം. മൈറ്റുകളതിനെ വെള്ളരിപ്പുഴയെന്ന് വിളിച്ചു. അതിൻ്റെ കരയിൽ ധാരാളം വെള്ളരി വളർന്നിരുന്നേ. അരുവിക്കങ്ങേക്കരയിൽ ഒരു കാടായിരുന്നു. മൈറ്റുകൾ മരപ്പട്ട കൊണ്ട് തോണിയുണ്ടാക്കി അരുവി കടക്കും; കാട്ടിൽപ്പോയി കായും, കനിയും, കൂണും ശേഖരിക്കാൻ. മൈറ്റുകൾ കുഞ്ഞല്ലേ. അതുകൊണ്ട്, കനികൾ പറിക്കാൻ അവർക്ക് വല്ലാത്ത പ്രയാസമുണ്ടായി. കായ പറിക്കാൻ മരത്തിൽക്കയറി അറക്കവാളുകൊണ്ട് അവർക്കവ തണ്ടോടെ അരിഞ്ഞെടുക...