മാവേലി വാഴുന്ന ദേശമല്ലെങ്കിലും മാനുഷര്‍ക്കൊന്നെന്ന ബോധമില്ലെങ്കിലും ഓണം വരുമ്പോള്‍ മൃദുവായ് മനസ്സിലൊ- രീണം മുഴങ്ങുമിപ്പോഴും. തുമ്പി തന്‍ വര്‍ണങ്ങള്‍; തുമ്പ തന്‍ പാല്‍ച്ചിരി; ആകെച്ചിരിച്ചുകുഴഞ്ഞു കണ്ണീര്‍വന്നു നാണിച്ചുനില്ക്കുന്ന താമരത്താരുകള്‍; ഒച്ച വെച്ചെങ്ങും പറക്കുന്ന പക്ഷികള്‍; ഒച്ചയില്ലാതെ പൊഴിയുന്ന തൂമഴ- യപ്പൊഴും പൊന്‍കാന്തി പോകാതിളംവെയില്‍. ആമ്പല്‍ച്ചിരിയുള്ള തണ്ണീര്‍ത്തടങ്ങളും പച്ചക്കരയുള്ള തോടും കുളങ്ങളും ചാണക മുറ്റത്തെ വര്‍ണക്കളങ്ങളും സ്വര്‍ണഭാരത്താല്‍ത്തളര്‍ന്ന നെല്‍പ്പാടവും പുത്തനുടുപ്പിന്റെ ഹൃദ്യമാം ഗന്ധവും കൂട്ടുകാരൊത്തു കളിച്ചുചിരിച്ചതു- മോണക്കളികളില്‍ മത്സരിച്ചാര്‍ത്തതും ഉച്ചയ്ക്കു വയറുനിറയെക്കഴിച്ചതും അങ്ങകലത്തുള്ള കൊട്ടകയില്‍പ്പോയി പ്രേംനസീര്‍ച്ചിത്രങ്ങള്‍ കണ്ടുരസിച്ചതും രാത്രിയിലോണനിലാവുണ്ട് തൃപ്തിയായ് നീര്‍ത്തിയ പായയില്‍ നീണ്ടുകിടന്നതും ഓണംവരുമ്പോള്‍ മനസ്സിലൊരായിരം ഓര്‍മകള്‍ ഓണമായെത്തു,മന്നൊക്കെ- യോണം സമൃദ്ധി...